2020 ജൂലൈ 31, വെള്ളിയാഴ്‌ച

പ്രവാസി - സിബി പയ്യാവൂർ








സ്വപ്നങ്ങൾ
സ്വന്തമാക്കാനായ്
നാടും വീടും വിട്ട്
സുരക്ഷിതത്വമെന്ന
മരീചികയിൽ
പെട്ടു പോയവൻ
പ്രവാസി

കാലാന്തരത്തിൽ
വേരുകൾ സ്വയം
അറുക്കപ്പെട്ട്
പ്രവാസമെന്ന
പത്മവ്യൂഹത്തിൽ നിന്നും
മോചനമില്ലെന്ന സത്യം
തിരിച്ചറിയാൻ
വൈകിയവൻ
പ്രവാസി.

സ്വന്ത ബന്ധങ്ങൾ
എന്നും മനസ്സിൽ
കാത്തു സൂക്ഷിച്ചിട്ടും 
സ്വന്തബന്ധങ്ങളാൽ
തിരസ്കൃതനാവുന്നവൻ്റെ
പേരും പ്രവാസി

ഉത്തരവാദിത്തങ്ങളുടെ
തീച്ചൂളയിൽ സ്വയം
ഉരുകിത്തീരാൻ
വിധിക്കപ്പെട്ടവനെങ്കിലും
ഉത്തരവാദിത്തങ്ങളിൽ നിന്നും
ഒളിച്ചോടുന്നവനെന്ന
പഴി കേൾക്കേണ്ടി വരുന്നവൻ...
അവനും പ്രവാസിതന്നെ

തനിക്കായി ഒന്നും
കരുതാത്തവൻ,
കണ്ട കിനാവുകൾ
പാഴ്കിനാവായ് മാറുമ്പോൾ
പരാതി പരിഭവങ്ങളില്ലാതെ
എരിഞ്ഞടങ്ങുന്നവൻ,
കാലം കഴിയവേ 
സ്വന്തം മണ്ണിൽ
അലിഞ്ഞു ചേരാൻ
ആഗ്രഹിക്കാൻ പോലും 
അവകാശമില്ലാത്തവൻ,
അവർക്കെല്ലാം ഒരേ മുഖം
ഒരേ നാമം .. പ്രവാസി.

കൈവിട്ടു പോകുന്ന 
ജീവിതത്തെ
നിസ്സനായതയോടെ
നോക്കി നിൽക്കാൻ
മാത്രം കഴിയുന്നവൻ,
ഇനിയൊരു പറിച്ചു നടീൽ
അസാധ്യമെന്ന ഘട്ടത്തിൽ
പറിച്ചു നടപ്പെടാൻ
നിർബന്ധിതനാവുന്നവൻ
പ്രവാസി.

ഒടുവിൽ പ്രവാസത്തിൽ
കരിഞ്ഞു തീരാനോ
പറിച്ചു നടീലിൽ
വേരറ്റു പോകാനോ
വിധിക്കപ്പെട്ടവൻ 
പ്രവാസി

തുടർ കഥയാകുന്ന 
പ്രവാസത്തിൽ
ജീവിക്കാൻ മറന്നു പോയി
എരിഞ്ഞടങ്ങുന്ന 
ജീവിതങ്ങൾ.

കാലപ്രവാഹത്തിൽ
അടയാളപ്പെടുത്താൻ 
ഒന്നും അവശേഷിപ്പിക്കാതെ
മാഞ്ഞു പോകുന്ന ജന്മം
അവൻ പ്രവാസി..... 
വെറും പ്രവാസി മാത്രം.

           സമർപ്പണം 
സ്വന്തം മണ്ണിൽ അലിഞ്ഞു                             
ചേരാൻ പോലുമാവാതെ                                
പൊലിഞ്ഞു പോയ പ്രവാസ
ജീവിതങ്ങൾക്ക്.......,

10 അഭിപ്രായങ്ങൾ:

  1. ഒരു യഥാർത്ഥ പ്രവാസിയുടെ ഉള്ളിൽ നിന്നും ഉരുത്തിരിഞ്ഞു വന്ന കാവ്യാത്മകമായ വരികൾ സിബി അഭിനന്ദനങ്ങൾ

    മറുപടിഇല്ലാതാക്കൂ
  2. മണൽ കൂന പോലെ സ്വപ്നം കാണുകയും മരീചിക പോലെ പ്രതീക്ഷകൾ വിഫല മാകുകയും ചെയ്യുന്നവന്റെ പേരാണ് പ്രവാസി..

    ഭാവുകങ്ങൾ

    മറുപടിഇല്ലാതാക്കൂ
  3. ആത്മാനുഭവങ്ങളിൽ നിന്നും അപരൻ്റെ അനുഭവങ്ങളിൽ നിന്നും പകർന്നെഴുതിയ കവിത.... കൂടുതൽ ഉയരങ്ങളിലെത്തട്ടെ... ആശംസകൾ

    മറുപടിഇല്ലാതാക്കൂ
  4. നല്ല വാക്കുകൾക്ക് ഒത്തിരി നന്ദി സുഹൃത്തേ...

    മറുപടിഇല്ലാതാക്കൂ
  5. ആർദ്രതയുള്ള രചന. പ്രവാസ ജീവിതത്തിൻ്റെ നേർക്കാഴ്ചകൾ തുറന്നു കാട്ടുന്ന കവിതാ ശകലം. അഭിനന്ദനങ്ങൾ.

    മറുപടിഇല്ലാതാക്കൂ