2020 ജൂലൈ 17, വെള്ളിയാഴ്‌ച

ഒരു യാത്രയും കുറേ ഓർമ്മകളും - സിന്ധു കെ. എം



ഇതൊരു കഥയോ വായനക്കാരേ ത്രസിപ്പിക്കുന്ന സംഭവങ്ങളുള്ള ഒരു വിവരണമോ അല്ല. എൻ്റെ ജീവിതത്തിലുണ്ടായ ചെറുതെന്ന് തോന്നുമെങ്കിലും ഇന്നത്തെ സാഹചര്യത്തിൽ വളരെ പ്രസക്തമായ ഒരു സംഭവം പത്തു മുപ്പതാണ്ടുകൾക്കിപ്പുറം ഓർത്തെടുക്കാനുള്ള ഒരു ശ്രമമാണിവിടെ. മുപ്പതാണ്ടുകൾ... വ്യക്തിപരമായും സാമൂഹികമായും നാം ഒത്തിരി മാറിയിരിക്കുന്നു ... കാലത്തിനും സന്ദർഭത്തിനും അനുസരിച്ച് മനുഷ്യനോളം മാറ്റങ്ങളുൾക്കൊള്ളാൻ കഴിയുന്ന ഒരു ജീവിവർഗ്ഗവും ഈ ഭൂമുഖത്ത്  ഉണ്ടാവില്ല എന്നത് പച്ചയായ യാഥാർത്ഥ്യം.
മാറ്റങ്ങളെക്കുറിച്ചുള്ള പ്രബന്ധമെഴുത്തല്ല എൻ്റെ ലക്ഷ്യം, എൻ്റെ അനുഭവം നിങ്ങളുമായി പങ്കിടുക എന്ന പരിമിതമായ ലക്ഷ്യം മാത്രം...
ഒരു യാത്രയിലെ എൻ്റെ അനുഭവമാണ് ഞാൻ പങ്കുവെക്കുന്നത് ,ഞാൻ മാത്രമല്ല ആ യാത്രയിൽ  മറ്റു രണ്ടു പേർ കൂടി ഉണ്ടായിരുന്നു എൻ്റെ കൂടെ.
എൻ്റെ പ്രിയപ്പെട്ട രണ്ടു കൂട്ടുകാരികൾ. അവരുടെ അറിവോ സമ്മതമോ ഇല്ലാതെ എഴുതുന്നതിനാൽ ആരായിരുന്നു അവർ എന്ന് വെളിപ്പെടുത്താൻ നിർവാഹമില്ല . കാലങ്ങളേറെ കഴിഞ്ഞതിനാൽ ചില കാര്യങ്ങളിൽ വ്യക്തതക്കുറവുണ്ടായേക്കാം പ്രത്യേകിച്ച് അന്നത്തെ യാത്രാ ചിലവുകളേക്കുറിച്ച് വ്യക്തമായ ഓർമയില്ലാത്തതിനാൽ.

പ്രീഡിഗ്രി പൊട്ടി പിന്നെയും എഴുതാനുള്ള  രജിസ്ട്രേഷൻ അവശ്യത്തിനായി ഞങ്ങൾ മൂന്നാളും കൂടി ചന്ദനക്കാംപാറ നിന്നും  ശ്രീകണ്ഠാപുരം SES കോളേജിലേക്ക് പുറപ്പെട്ടു.. ഞങ്ങൾ മൂവരും ആദ്യമായാണ് ഇത്രയും ദൂരം തനിയേ പോകുന്നത്. കോളേജ് സ്റ്റോപ്പിൽ ബസ്സിറങ്ങി കോളേജിലേക്ക് റബർ മരങ്ങൾക്കിടയിലൂടെ ചെങ്കൽ പതിച്ച വഴിയിലൂടെ ഞങ്ങൾ നടന്നു.... റബർ മരങ്ങൾക്കു ശേഷം തെരുവക്കാടുകൾ നിറഞ്ഞ കശുമാവിൻ തോട്ടം കടന്ന് കുന്നിൻ മുകളിലെ ശാന്തസുന്ദരമായ കാമ്പസിൽ ഞങ്ങൾ എത്തി. ആദ്യമായാണ് ഞങ്ങൾ കേട്ടറിവുകൾ മാത്രമുള്ള SES കോളേജ് കാണുന്നത്. പൂത്തുലഞ്ഞ വാകമരങ്ങൾ തണൽ വിരിച്ച ഗ്രാമ്യഭംഗി വിളിച്ചോതുന്ന സുന്ദരമായ ആ കാമ്പസിൽ പഠിക്കുന്നവരോട് മനസ്സിൽ ചെറിയ അസൂയ തോന്നി. കോളേജിലെത്തി പ്രിൻസിപ്പലിനെ കണ്ടപ്പോഴാണ് പരീക്ഷ സെൻ്റർ അവിടെയല്ലെന്നും മട്ടന്നൂർ കോളേജിലാണെന്നും  അവിടെ ചെന്ന് രെജിസ്റ്റർ ചെയ്യാനുള്ള അവസാന ദിവസം ഇന്നാണെന്നും അറിയുന്നത്. മട്ടന്നൂർ എന്ന് കേട്ടിട്ടുണ്ടെന്നല്ലാതെ ആ സ്ഥലം എവിടെയാണെന്നോ എങ്ങിനെ അവിടെ എത്തിപ്പെടാം എന്നോ അറിയാതെ ആകെ അങ്കലാപ്പിലായി വിഷമിച്ചു നിൽക്കുന്ന ഞങ്ങളെ കണ്ട്  അലിവു തോന്നി അവിടുത്തെ ഒരു അധ്യാപകൻ മട്ടന്നൂർ കേളേജിലേക്ക്പോകാനുള്ള വഴി ഞങ്ങൾക്കു പറഞ്ഞു തന്നു.

എല്ലാവരുടേയും കയ്യിലുണ്ടായിരുന്ന പൈസ ആകെ 35 രൂപ പോലും തികച്ചില്ലായിരുന്നു എന്നാണ് എൻ്റെ ഓർമ. ഇന്നത്തേ പോലെ മൊബൈലോ ലാൻ്റ് ഫോണോ ഒന്നും സാധാരമല്ലാതിരുന്ന അക്കാലത്ത് വീട്ടിൽ ഒന്ന് അറിയിക്കാൻ പോലും ആവാത്ത അവസ്ഥ ഒന്നാലോചിച്ചു നോക്കൂ. അവിടേക്കുള്ള വണ്ടിക്കൂലി എത്രയാകുമെന്ന് ഒരു നിശ്ചയവും ഇല്ലാതിരുന്നിട്ടും വേറേ വഴിയില്ലാതിരുന്നതിനാൽ ഞങ്ങൾ പോകാൻ തന്നെ തീരുമാനിച്ചു. പിന്നീട് ഇതേക്കുറിച്ചാലോചിക്കുമ്പോഴൊക്കെ എത്ര വന്യമായ ഒരു തീരുമാനമാണ് അന്നു ഞങ്ങൾ എടുത്തതെന്ന് എനിക്ക് തോന്നാറുണ്ട്.
മട്ടന്നൂർക്കുള്ള വണ്ടി കയറി മട്ടന്നൂർ ബസ് സ്റ്റാൻഡിൽ എത്തിയപ്പോഴേക്കും ഞങ്ങൾ ആകെ തളർന്നിരുന്നു . ഒരു നാരങ്ങാവെള്ളമെങ്കിലും കുടിക്കണമെന്ന് അതിയായ ആഗ്രഹമുണ്ടായിരുന്നുവെങ്കിലും  കയ്യിൽ അവശേഷിച്ചത് വളരെ തുഛമായ പൈസയായിരുന്നതിനാൽ വേണ്ടെന്നു വെച്ചു.
പലരോടും വഴി ചോദിച്ച് നടന്ന് ഞങ്ങൾ പഴശ്ശിരാജയുടെ പേരിലുള്ള പ്രൗഢഗംഭീരമായ ആ ' കോളേജിലെത്തി. ദൈവാനുഗ്രഹത്താൻ അവിടത്തെ കാര്യങ്ങളെല്ലാം വേഗത്തിൽ പൂർത്തിയാക്കി തിരിച്ചു നടക്കുമ്പോൾ കാര്യം നടന്ന തിലുള്ള സന്തോഷവും ഉത്സാഹവും ഞങ്ങളിൽ ഉണ്ടായി.

 തിരിച്ചു പോകാൻ എന്തു ചെയ്യുമെന്നറിയാതെ ബസ്റ്റാൻ്റിൽ ഞങ്ങൾ കുറച്ചു നേരം നിന്നു. അക്കാലത്ത്  മനുഷ്യൻ മൃഗമായി മാറിയിട്ടില്ലാതിരുന്നതിനാൽ  ഇന്നത്തേ പോലെ പീഠന വാർത്തകൾ സർവ്വസാധാരണമല്ലായിരുന്നു. അതു കൊണ്ടുതന്നെയാണ് ധൈര്യപൂർവ്വം അവിടെ നിൽക്കാൻ ഞങ്ങൾക്ക് സാധിച്ചത്. നേരിട്ടുള്ള ബസ് ഇല്ലാതിരുന്നതിനാലും അതിനുള്ള കാശ് കയ്യിൽ ഇല്ലാതിരുന്നതിനാലും പാതിവഴിയായ ചാലോടേക്കുള്ള ബസ്സിൽ ഞങ്ങൾ കയറി. ചാലോട് എന്ന സ്ഥലപ്പേര് അന്നാണ് ഞാൻ ആദ്യമായി കേൾക്കുന്നത്.
സാമാന്യം നല്ല തിരക്കായിരുന്നതിനാൽ  കണ്ടക്ടർ പണിപെട്ടാണ് എല്ലാവർക്കും ടിക്കറ്റ് നൽകിയത് ഭാഗ്യമെന്നേ പറയേണ്ടൂ കണ്ടക്ടർ ഞങ്ങളെ നോക്കിയതേ ഇല്ല. അങ്ങനെ ജീവിതത്തിൽ ആദ്യമായി കള്ളവണ്ടി കയറി ഞങ്ങൾ ചാലോട്  വന്നിറങ്ങി. ഞാനാണെങ്കിൽ സ്റ്റാൻ്റിൽ വന്നിറങ്ങുന്നതു വരേ ദൈവനാമം മനസ്സിൽ ഉരുവിടുകയായിരുന്നു.
ആ കാലഘട്ടത്തിൽ വിശപ്പ് എന്നത് ഒരു പുതിയ അനുഭവം അല്ലായിരുന്നുവെങ്കിലും ഉണങ്ങി വരണ്ടുപോയ കുരൽ ഒരിറ്റു വെള്ളത്തിനായി ആഗ്രഹിച്ചു കൊണ്ടിരുന്നു.

ഇനി ശ്രീകണ്ഠപുരത്തേക്കുള്ള വണ്ടി എപ്പോൾ വരുമെന്നും വീടെത്താൻ എന്തു മെയ്യുമെന്നും ഉള്ള ആധിയിൽ വിശപ്പും ദാഹവും അടക്കി ഞങ്ങൾ മൂന്നു പെൺകുട്ടികൾ പരസ്പരം നോക്കി പെരുവഴിയിൽ ആശ്രയമില്ലാതെ തളർന്നു നിന്നു. ഭയവും സങ്കടം സഹിക്കാതെ വിങ്ങിപ്പൊട്ടി നിൽക്കുമ്പോഴാണ് എവിടെ നിന്നോ മറ്റൊരു ബസ് കൂടി സ്റ്റാൻ്റിൽ വന്നു നിന്നത്. ഞങ്ങൾ നോക്കുമ്പോൾ  അപ്പു മാഷ് ആ വണ്ടിയിൽ നിന്നും ഇറങ്ങി വരുന്നു...ഞങ്ങളുടെ ചന്ദനക്കാംപാറ സ്കൂളിലെ മലയാളം അധ്യാപകനായ മാഷിനെ കണ്ടതേ എനിക്ക് അൽപം ആശ്വാസമായി. എൻ്റെ കുടുംബവുമായി ബന്ധമുള്ള ആളാണ് അപ്പു മാഷ്.എൻ്റെ അമ്മയ്ക്ക് അപ്പു മാഷോടും അദ്ദേഹത്തിൻ്റെ കുടുംബത്തോടും നിറഞ്ഞ സ്നേഹമായിരുന്നു, അതുപോലെ അവർക്ക് തിരിച്ചിങ്ങോട്ടും.
ഞങ്ങളെ കണ്ടപാടെ മാഷ് ഞങ്ങളുടെ അടുത്തേക്കു വന്ന്  കാര്യങ്ങൾ തിരക്കി. എല്ലാം തുറന്നു പറയാൻ ദുരഭിമാനം അനുവദിച്ചില്ലെങ്കിലും ഞങ്ങളുടെ മുഖത്തെ ക്ഷീണവും തളർന്ന കണ്ണുകളും കണ്ടിട്ടാവണം മാഷ് അടുത്തു തന്നെയുണ്ടായിരുന്ന ചെറിയ ഹോട്ടലിലേക്ക് ഭക്ഷണം കഴിക്കാൻ ഞങ്ങളെ വിളിച്ചു. ദുരഭിമാനം വീണ്ടും തലപൊക്കിയപ്പോളുണ്ടായ വേണ്ട എന്ന ദുർബലമായ ഞങ്ങളുടെ പ്രതിരോധത്തെ സ്നേഹത്തിൻ്റെ ആധികാരികത കൊണ്ട് അദ്ദേഹം മറികടന്നു. ഊണിൻ്റെ സമയം കഴിഞ്ഞെങ്കിലും ഞങ്ങൾക്ക് കഴിക്കാനുള്ളത് അവിടെ ഉണ്ടായിരുന്നു. അതിന് മുമ്പോ പിമ്പോ ഇത്രയും സ്വാദോടെ  ഊണു കഴിച്ച ഓർമ്മ എനിക്കില്ല.
കത്തിക്കാളി കൊണ്ടിരിക്കുന്ന ജoരാഗ്നിയിലേക്ക് ഓരോ ഉരുള ചോറു പോകുമ്പോൾ കണ്ണുകളും നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. അപ്പു മാഷ് അത് കാണാതിരിക്കാൻ എനിക്ക് ഏറെ പരിശ്രമിക്കേണ്ടി വന്നു.  ആ പ്രായത്തിൽ മാഷിനോട് എന്താണ് പറയേണ്ടത് എന്നു പോലും ഞങ്ങൾക്കറിയില്ലായിരുന്നു.
ഭക്ഷണത്തിനു ശേഷം താമസിയാതെ തന്നെ ഞങ്ങൾക്ക് ശ്രീകണ്ഠാപുരത്തേക്ക്  ബസ് കിട്ടി. ബസിൽ ടിക്കറ്റെടുത്തും അപ്പു മാഷ്  ഞങ്ങളോട് ദയകാട്ടി.

ഇത്ര കാലങ്ങൾക്കു ശേഷവും ഓർക്കുമ്പോൾ  എനിക്ക് ഒരു നടുക്കമാണ് ആ യാത്ര.  ആ സമയത്ത് ഒരു ദൈവദൂതനെപ്പോലെ ഞങ്ങളുടെ മാഷ്   അവിടെ വന്നില്ലായിരുന്നുവെങ്കിൽ എന്താകുമായിരുന്നു ഞങ്ങടെ അവസ്ഥ. ചിന്തിക്കാർ പോലും ആവുന്നില്ല എനിക്ക് . എത്ര പറിച്ചെറിഞ്ഞാലും ആ അനുഭവം എൻ്റെ മനസ്സിൽ നിന്ന് ഒരിക്കലും മാഞ്ഞ് പോകില്ല. ഒരുൾക്കിടിലത്തോടെയല്ലാതെ ഇന്നും എനിക്കത് ഓർമ്മിക്കാനും ആവില്ല. ഇപ്പോഴും  കാലം ഏറെ മാറിയെങ്കിലും പെൺകുട്ടികൾ എന്തു കാര്യത്തിലും സ്വയം പര്യാപ്തരായെങ്കിലും എവിടെങ്കിലും പെൺകുട്ടികൾ തനിച്ച് നിൽക്കുന്നത് കണ്ടാൽ എൻ്റെ  മനസ്സിൽ ഒരാധിയാണ്. അവരോട് പോയി കാര്യങ്ങൾ ചോദിച്ചറിയാനും ഏതെങ്കിലും വിധത്തിൽ സഹായം ആവശ്യമുള്ളവരാണെങ്കിൽ അത് ചെയ്യാനും ഒരിക്കലും ഞാൻ മടി കാണിക്കാറില്ലാത്തതിൻ്റെ കാരണം ഈ ഒരു സംഭവമാണ്. എനിക്ക് ഇങ്ങനെ ഒരു മനസ്സുണ്ടാകാൻ കാരണം  അപ്പു മാഷാണ്, അദ്ദേഹം അന്ന് ഞങ്ങളോടു കാട്ടിയ കരുതലാണ് .അതിന് എപ്പോഴും എൻ്റെ ജീവിതാന്ത്യം വരേ, അദ്ദേഹത്തോട് ഞാൻ കടപ്പെട്ടിരിക്കുന്നു. നന്ദി മാഷേ അങ്ങയുടെ കരുതലിന് , കാട്ടിത്തന്ന നല്ല മാതൃകക്ക് ,ഒരു നല്ല മനുഷ്യനാകാനുള്ള എൻ്റെ പരിശ്രമങ്ങൾക്ക് പ്രചോദനമായതിന് ..ഒരായിരം നന്ദി.

3 അഭിപ്രായങ്ങൾ:

  1. കൊള്ളാം നന്നായിരിക്കുന്നു തികച്ചും സത്യസന്ധമായ വിവരണം

    മറുപടിഇല്ലാതാക്കൂ
  2. വളരെയധികം നന്ദി സുഹൃത്തേ

    മറുപടിഇല്ലാതാക്കൂ
  3. ഒരു സംഭവെത്തെ വൈകാരീകതയോടെ.. വാക്കുകളുടെ സംശുദ്ധമായ പ്രയോഗത്തിലൂടെ മനസ്സിലേയ്ക് ഇറങ്ങി നിന്നുകൊണ്ട് വിവരിച്ചിരിക്കുന്നു.... അഭിനന്ദനങ്ങൾ.. സിന്ധു...

    മറുപടിഇല്ലാതാക്കൂ