2020, ഏപ്രിൽ 3, വെള്ളിയാഴ്‌ച

കൊറോണയും ഞാനും



ഞാൻ മനുഷ്യൻ....
ലോകത്തിലെ ഏറ്റവും ശക്തൻ
ഞാൻ ഭൂമിയുടെ ഉടമ
എല്ലാ ജീവജാലങ്ങളും എൻ്റെ അടിമകൾ.
ബുദ്ധി കൊണ്ട് ഞാൻ എന്തിനേയും ജയിക്കും
ശക്തികൊണ്ട് ഞാൻ സർവ്വവും എൻ്റെ കാൽക്കീഴിൽ ആക്കും,
എൻ്റെ സുഖങ്ങൾക്കായി എന്തും ഞാൻ ചെയ്യും,
അധികാരത്തിനായി ഞാൻ അതിർത്തികൾ ഉണ്ടാക്കി,
വേലികൾ കെട്ടി, മതിലുകൾ ഉയർത്തി.
എൻ്റെ ബുദ്ധിയുടെ ഫലമായ ചക്രം,
എനിക്ക് എവിടെയും എത്താൻ സഹായമായി,
റെയിലിലൂടെ ഞാൻ വേഗം കൂട്ടി,
വിമാനച്ചിറകേറി ഞാൻ ആകാശത്തിൻ്റേയും അധിപനായി.
അന്തർവാഹിനികൾ നിർമ്മിച്ച് ഞാൻ കടലിൻ്റെ ആഴങ്ങളും കീഴടക്കി,
ആറ്റം ബോംബു കൊണ്ട് എൻ്റെ ശക്തി ഞാൻ ലോകത്തെ ബോധ്യപ്പെടുത്തി.
കമ്പ്യൂട്ടറിലൂടെ ഞാൻ ലോകത്തെ ചുരുക്കി,
ഇൻറർനെറ്റിലൂടെ ഞാൻ ലോകത്തെ എൻ്റെ വിരൽതുമ്പിലാക്കി.
ഒടുവിൽ എല്ലാം നേടി ശക്തിയുടെ പാരമ്യത്തിലെത്തിയ എൻ്റെ മുമ്പിലേക്ക്,
കണ്ണുകൊണ്ടു കാണാനാവാത്ത
കൊറോണയെന്ന നീ പറന്നിറങ്ങി,
എൻ്റെ ശക്തിയും ബുദ്ധിയും കൊണ്ടുണ്ടാക്കിയ എല്ലാം
നിനക്കു മുമ്പിൽ നിശ്ചലമായി,
വീട്ടിൽ നിന്നും പുറത്തിറങ്ങാൻ അനുവദിക്കാതെ
നീയെന്നെ വരിഞ്ഞു മുറുക്കി.
ഞാൻ നിർമ്മിച്ചുകൂട്ടിയ ആയുധങ്ങൾക്കോ,
ഞാൻ സ്വായത്തമാക്കിയ അറിവുകൾക്കോ,
ഒന്നും ചെയ്യാനാവാത്ത വിധം
അത്ര ചെറുതായിരുന്നു നീ.
ശക്തിയും അഹന്തയും തകർന്നടിഞ്ഞ ഞാനിതാ ,
നിസ്സഹായനായി ഈ പെരു വഴിയിൽ
അതിർത്തികൾ നിനക്കൊരു പ്രശ്നമേ ആയില്ല,
വലിപ്പച്ചെറുപ്പമോ സ്ഥാനമാനങ്ങളോ നീ വകവെച്ചില്ല .
എൻ്റെ ശക്തിയും ആയുധങ്ങളും വിഫലമായപ്പോൾ,
ആയുധങ്ങളില്ലാതെ കുറച്ചു വെള്ളക്കുപ്പായക്കാർ പോരിനിറങ്ങി.
സ്വജീവനേപ്പോലും വകവെക്കാതെ അവർ മുന്നേറിയപ്പോൾ,
നീ ചെറുതായൊന്നു പതറി.
നിൻ്റെ പ്രത്യാക്രമണത്തിൽ അവരിൽ പലർക്കും ജീവനറ്റു.
നിന്നിൽ നിന്നും മറഞ്ഞിരുന്നവർ മാത്രം സുരക്ഷിതരായി....
ഒരു ശക്തിക്കും തോൽപ്പിക്കാനാവില്ല എന്നഹങ്കരിച്ച ഞാൻ
കാണാൻ പോലുമാവാത്ത ഒരു ചെറു ശക്തിക്കു മുൻപിൽ
ഒന്നുമല്ലാതെ...ഒന്നിനുമാവാതെ...
പാഠമാകണം ആയാൽ നല്ലത്...
                                                  ***********