2020, ഒക്‌ടോബർ 16, വെള്ളിയാഴ്‌ച

"ഔത കൊച്ചപ്പനും... എന്റെ ജീവിതവും"...സജി ജോസഫ്




രാതി വളർന്നുകൊണ്ടിരുന്നു, പുറത്ത് ഇരുട്ടിനു കനം വെച്ചും.....

നിദ്ര അനുഗ്രഹിക്കാതെ മെത്തയിൽ തിരിഞ്ഞും മറിഞ്ഞും കിടക്കുന്നത് കണ്ട്.. മേഴ്സി ചോദിച്ചു

" എന്താ ഫിലിപ്പ്.. ഉറങ്ങുന്നില്ലേ "...

ങ്ങ്ഹും...

ഓർമ്മകളുടെ വേലിയേറ്റത്തിൽ മുങ്ങിയും പൊങ്ങിയും മനസ്സ് ചാഞ്ചാടി ഉലയുകയാണ്...


മെല്ലെ എഴുന്നേറ്റ് ജ്യൂവൽ കിടക്കുന്ന മുറിയിലേക്ക് ചെന്ന്... ചാരിയിട്ട വാതിൽ ഒച്ചയുണ്ടാക്കാതെ തുറന്നു... അവൾ സുഖമായി ഉറങ്ങുകയാണ്... നാളെ അവളുടെ പതിനഞ്ചാമത്തെ ജന്മദിനം.... ജ്യൂവലിന്റെ ജന്മദിനവും.. എലിസബത്തിന്റെ ഓർമ്മദിവസവും!! അവൾ പോയിട്ട് പതിനഞ്ചു വർഷങ്ങൾ കടന്നുപോയി.

കട്ടിലിൽ ഇരുന്ന് പതുക്കെ അവളുടെ നെറ്റിയിൽ തലോടി.... ഉതിർന്നു വീണ കുറുനിരകൾ മുകളിലേക്ക് ഉയർത്തിവച്ചു. എലിസബത്തിന്റെ അതേ ഛായ... പാൽനിലാവ് പോലെ വഴിഞ്ഞൊഴുകുന്ന സൗമ്യമായ സൗന്ദര്യം.... അതേ മുഖശ്രീ....


മേശപ്പുറത്തിരിക്കുന്ന റൈറ്റിംഗ് പാഡിൽ കുത്തിക്കുറിച്ചിരുന്ന അവളുടെ പുതിയ കവിത... എടുത്ത് നോക്കി... " മൈ അൺ സീൻ മദർ " തന്റെ കാഴ്ചക്കപ്പുറത്തേക്ക് ചിറകടിച്ചു പറന്നകന്ന അവൾ കണ്ടിട്ടില്ലാത്ത അവളുടെ അമ്മയെക്കുറിച്ച്......


           My unseen mother


Living in the shadows of ambiguity

I probed for my white light

Which was confined years back

for the reason I was born


She shouldn't have been ample for me

For I was unseen for 9 months

She never squandered me in her hardships

She never blamed me in her strains


She still lives for me among the stars

As an unseen Angel gaurding me from the heavens

I realise that sadness can coexist with the certainty that the sacrifice was the best way for her  to be my mom forever


She carried me for 9 months 

And now I am carrying her in my heart for the rest of mine

For the space of motherhood goes beyond subjects and any societal labels


life doesn't come with the whole written manual it comes with an Angel of our own

To the unseen,but glorious To the unheard,but harmonious.


           Jewel Mary Philip


എലിസബത്തിന്റെ രൂപവും ഭാവവും മാത്രമല്ല... അവളിലെ വാസനകളും അതേപടി പകർന്നു കൊടുത്തിട്ടുണ്ട്. പിറന്നുവീണ അതേ നിമിഷത്തിൽ.. ജന്മം കൊടുത്തവളെ മരണം തന്റെ തണുത്ത കരങ്ങളാൽ പുണർന്നപ്പോൾ... അവൾ അറിഞ്ഞില്ല അവളുടെ നഷ്ടം.


എലിസബത്ത് ഓർമ്മയായിട്ട് നാളെ പതിനഞ്ച് വർഷം....എല്ലാ വർഷവും.. ഈയൊരു ദിവസത്തിൽ... ഞങ്ങൾ അമേരിക്കയിൽ നിന്നിവിടെയെത്തും... ജ്യൂവലും മേഴ്സിയും ഞാനും.... അവളുടെ ഓർമ്മകൾക്കു മുൻപിൽ കണ്ണീർപ്പൂക്കൾ അർപ്പിച്ച് മടങ്ങിപ്പോകും....


ഈ കിടന്നുറങ്ങുന്നത് എലിസബത്താണ് പതിനഞ്ച് വയസ്സുള്ള എലിസബത്ത് .. ഒരു ആൾമാറാട്ടത്തിലൂടെ അവൾ തന്റെ മുഴുവൻ ചേതനയും ഇവളിൽ സന്നിവേശിപ്പിച്ചു... എനിക്ക് വേണ്ടി..


ഫ്രിഡ്‌ജ് തുറന്നു ഒരു കുപ്പി തണുത്ത വെള്ളമെടുത്ത് മടുമടാ കുടിച്ചു, തണുത്ത ജലം ഗളനാളത്തിലൂടെ താഴെയ്ക്കിറങ്ങുമ്പോൾ പൊരി വെയിലിൽ നനുത്ത കാറ്റു പോലെ... സ്മൃതിയുടെ തിരശീലയിലേക്ക് പുനരാനയിക്കപ്പെടുന്ന പഴകി മാഞ്ഞ രൂപങ്ങൾ ഓരോന്നോരോന്നായി നിഴൽച്ചിത്രങ്ങളായി മാറിമറിയുന്നു...


പൂമുഖ വാതിൽ മെല്ലെത്തുറന്ന് പുറത്തിറങ്ങി..... കട്ടപിടിച്ച ഇരുട്ടിൽ മിന്നാമിന്നികളുടെ പ്രളയം... ആകാശം മൂടിക്കെട്ടി നിന്നു...  മനസ്സിന്റെ കടിഞ്ഞാൺ അഴിച്ചു വിട്ടു കൊണ്ട് ചാരു കസേരയിൽ അമർന്നിരുന്നു.....


ഈ നാട് വിട്ട് അമേരിക്കയിലെ ഇല്യ നോയിസിലെ ഷിക്കാഗോയിലേക്ക് ജീവിതം പറിച്ചു നട്ടിട്ട് ഇരുപത്തിരണ്ടു വർഷങ്ങൾ കടന്നുപോയിരിക്കുന്നു. എല്ലാം ഇന്നലെ കണ്ട സ്വപ്നം പോലെ... വിധി തന്നെക്കൊണ്ട് എത്രയെത്ര കോമാളി വേഷങ്ങൾ കെട്ടിയാടിച്ചു... തന്റെ ഇച്ഛാശക്തിയെ പൂർണ്ണമായും ബന്ധിച്ചിട്ട്... ഏതോ പാവകളിക്കാരന്റെ ഭാവനയ്ക്കനുസരിച്ച് നടിക്കുന്ന കളിപ്പാവയല്ലേ ഞാൻ... ജീവിതം തികച്ചും ഒരു നാടകം തന്നെ.... അതിൽ ഫിലിപ്പും.. മേഴ്സിയും... എലിസബത്തും... ഔതക്കൊച്ചപ്പനും അഭിനേതാക്കൾ മാത്രം.


" മേലേടത്ത് ഫിലിപ്പ് " എന്ന താൻ തന്നെയാണ് ഈ നാടകത്തിലെ നായകൻ.. പ്രതിനായക സ്ഥാനത്ത് വിധിയും... ഏതു കഥയിലുമെന്നപോലെ ആത്യന്തികമായ ജയം നായകനും പരാജയപ്പെടുന്നത് വില്ലനുമാണെങ്കിൽ... ഇതിൽ ജയം എന്റേതായിരുന്നോ...


ആയിരത്തിതൊള്ളായിരത്തി തൊണ്ണൂറുകളുടെ ബാല്യം... ഗ്രാമത്തിന്റെ ഹ്രദയ ഭാഗത്തുള്ള മൈതാനം, അതിന്റെ തെക്കേ മൂലയിൽ നിൽക്കുന്ന ഇലഞ്ഞിച്ചു വട്ടിൽ... സ്ഥലത്തെ വയസ്സൻമാരും, തൊഴിൽ രഹിതരായ അഭ്യസ്ഥവിദ്യരായ ചെറുപ്പക്കാരും.. മറ്റു ചില സാമൂഹ്യ വിരുദ്ധരും വെടി പറയാനും... നേരമ്പോക്കിന് വേണ്ടി ചീട്ടു കളിക്കാനും പതിവായി ഒത്തുകൂടാറുണ്ട് അവിടെ. അവിടുത്തെ സ്ഥിരം സന്ദർശകരിൽ ഞാനും ഉണ്ടാകാറുണ്ട്, വെറുതെ നാട്ടു വർത്തമാനം പറഞ്ഞ് നേരം കൊല്ലാൻ..


ചൂടേറിയ മീന മാസത്തിലെ ഒരു മധ്യാഹ്നം.. ഇലഞ്ഞിച്ചുവട്ടിൽ വട്ടമിട്ടിരുന്നു ചീട്ടുകളി നടന്നുകൊണ്ടിരിക്കുന്നു. കുറെ വയസ്സൻമാരുടെ കൂട്ടത്തിൽ ഞാനും.. തികച്ചും നിരുപദ്രവകരമായ ഒരു നേരമ്പോക്ക്..


പെട്ടെന്ന് പതിവില്ലാതെ ഒരു പോലീസ് ജീപ്പ് വരികയും ഞങ്ങളെ പിടിച്ച് ജീപ്പിൽ കയറ്റി സ്റ്റേഷനിലേക്ക് കൊണ്ടുപോയി... ഷർട്ടിടാത്ത വയസ്സൻമാരായിരുന്നു കൂടുതലും... ചിലരുടെ തോളിൽ തോർത്തു മുണ്ടുണ്ടായിരുന്നു.


ഓരോരുത്തരേയും എസ്.ഐ പരിചയപ്പെടുകയാണ്.. പീതാച്ചി എന്നു വിളിക്കുന്ന പീതൻ ചോവൻ...കന്നുകാലി ദല്ലാളായ ഇട്ടൻ പിള്ള... വില്ലൻ കുട്ടപ്പൻ... പോത്തു വെട്ടുകാരൻ ജോയിച്ചേട്ടൻ... അങ്ങനെ പലരും, അവസാനം എന്റെ ഊഴമെത്തി... കൂട്ടത്തിൽ പയ്യൻ.

" എന്താടാ കുനിഞ്ഞു നിൽക്കുന്നേ.. കൂട്ടത്തിൽ ശിശുവാണല്ലോ?.. ന്താ നിന്റെ പേര്?.. എസ്.ഐ ഒന്നു വിരട്ടി.

" ഫിലിപ്പ് "

" എത്ര വയസ്സുണ്ട്? " നിനക്കും പണിയൊന്നുമില്ലേ?.. എസ്.ഐ ചോദിച്ചു.

" ഇരുപത്തിയാറ് വയസ്സ്... പറയത്തക്ക പണിയൊന്നുമില്ല സാറേ.. പാരലൽ കോളേജുകളിൽ പഠിപ്പിക്കുന്നുണ്ട്.. ഇപ്പോ അവധിക്കാലമല്ലേ... ഇനി പത്താം ക്ലാസ്സുകാരുടെ റിസൾട്ട് വരണം എന്നാലെ പണിയുള്ളൂ"..

" അതു ശരി.. അപ്പോ നീ മാഷാണല്ലേ?".. എസ്. ഐ പരിഹാസച്ചിരിയോടെ എന്റെ അരികിലേക്ക് വന്നു.. 


 " നീ ഗ്രാജുവേറ്റാണോ?"


"പോസ്റ്റ് ഗ്രാജുവേറ്റാണ്".


" ഏതു സബ്ജക്ടിൽ?"...


" ഇംഗ്ലീഷ് സാഹിത്യം.. മലയാളം സാഹിത്യം... ഇക്കണോമിക്സ്"..


" ട്രിപ്പിൾ എം.എ.?"... 


വിശ്വാസം വരാത്തതു പോലെ അയാൾ എന്നെ തുറിച്ചു നോക്കി..


" യെസ് സാർ"..


" കോൺസ്റ്റബിൾ... ഇയാളെ ഒഴിച്ച് ബാക്കിയെല്ലാവരേയും പറഞ്ഞ് വിട്ടേക്കൂ... അവിടെ പണം വച്ച് ചീട്ടു കളിക്കുന്നുണ്ടെന്ന് ഒരു റോങ്ങ് ഇൻഫർമേഷൻ കിട്ടിയതു കൊണ്ടാണ് നിങ്ങളെ തേടി വന്നത്.."


എന്നെ മാത്രമായി എന്തു ചെയ്യാനാണ് പോലും... തെല്ലു ഭയത്തോടെ... അതിലേറെ ചളിപ്പോടെ ഞാൻ ഒരു മൂലയിലേക്ക് മാറി നിന്നു , ഇതുവരെ ഒരു പോലീസ് സ്റ്റേഷന്റേയും ഉൾവശം കണ്ടിട്ടില്ല.. ആദ്യമായിട്ടാണ്...


എസ്.ഐ തിരികെ വന്നു...


" വാടോ ചോദിക്കട്ടെ... തന്റെ മുഴുവൻ പേരെന്താ?"...


" ഫിലിപ്പ് കെ.ജോസഫ്"


" വീട്ടുപേരോ "?


" മേലേടത്ത് "..


" മേലേടം പെട്രോൾ പമ്പ് ഒക്കെയുള്ള...


" കസിനാണ് "


" നിന്റെ പേരന്റ്സ് ഒക്കെ?"


" ചാച്ചൻ മരിച്ചു പോയി... അമ്മയും.. എന്റെ താഴെ മൂന്ന് പെങ്ങൻമാരും.. ഒരു അനിയനും "...


" അതു ശരി..കൊള്ളാവുന്ന കുടുംബക്കാരനാണല്ലോ... തനിക്ക് നാണമില്ലേടോ.. ഈ കണ്ട പോത്തു വെട്ടുകാരന്റേം... കന്നാലി കച്ചവടക്കാരന്റേം ഒക്കെ കൂടെയിരുന്ന് ചീട്ടുകളിക്കാനും ചളുവാ പറയാനും,. ".. അയാൾ ശകാരിക്കും പോലെ പറഞ്ഞു.


" സാറേ .. അവരെല്ലാം ഈ ചുറ്റുവട്ടത്തിൽ ഉള്ളവരാണ്... എന്റെ ബാല്യം മുതൽ അറിയുന്നവർ.. ഗ്രാമീണരായ നാട്ടുകാർ.. നിരുപദ്രവകാരികൾ"...


" താൻ നല്ല ജോലിക്കൊന്നും ശ്രമിക്കുന്നില്ലേ?".. ഇത്രയും ക്വാളിഫൈഡായ താൻ ഇങ്ങനെയൊന്നും നടന്ന് സമയം കളയരുത്"..


" ജോലിക്ക് ഒക്കെ ശ്രമിക്കുന്നുണ്ട് സാർ... കിട്ടണ്ടേ?.. എല്ലായിടത്തും പിൻവാതിൽ നിയമനങ്ങളല്ലേ.. ലക്ഷങ്ങൾ കൊടുക്കണം..എന്റെ കയ്യിൽ അതില്ല... കുടുംബ പേര് മാത്രമേ ഇപ്പോള്ളൂ.. അമ്മയും നാല് സഹോദരങ്ങളും അടങ്ങുന്ന ഒരു വലിയ കുടുംബത്തിന്റെ മുഴുവൻ ഉത്തരവാദിത്തങ്ങളും എനിക്കുണ്ട്... എല്ലാവരും പഠിക്കുന്നു... വിവാഹ പ്രായമായി ക്കൊണ്ടിരിക്കുന്ന സഹോദരിമാർ... കട ബാധ്യതകൾ... എല്ലാവരുടെയും പ്രതീക്ഷ എന്നിലാണ്. ഈ വക സമ്മർദ്ധങ്ങളിൽ നിന്ന് അൽപ്പം മോചനത്തിന് വേണ്ടിയാണ് ഞാൻ ഇവരുടെ കൂടെയൊക്കെ കൂടുന്നത് ".


നിസ്സഹായത നിഴലിടുന്ന എന്റെ മുഖത്തേക്ക് അയാൾ ഒരു പോലീസുകാരന്റെ ഭാവാദികളൊന്നുമില്ലാതെ ദയനീയമായി നോക്കി...


പോലീസ് സ്റ്റേഷനിൽ നിന്നുമിറങ്ങി വീട്ടിലേക്ക് നടക്കുമ്പോൾ.... ഉത്തരം കിട്ടാത്ത ഒരു പിടി ചോദ്യങ്ങൾ, ശിശിരകാലത്തിൽ വൃക്ഷങ്ങൾ ഇല പൊഴിക്കുമ്പോലെ... എന്റെ ഉൾപ്പൂവുകളിൽ പൊഴിഞ്ഞു വീണു. മരങ്ങൾ ശിശിരത്തിൽ ഇല പൊഴിക്കുന്നത് പ്രകൃതി നിയമം... പക്ഷേ തന്റെ മനസ്സിലെ സ്വപ്നങ്ങൾ കൊഴിയുന്നതിന് ഋതുക്കളില്ല... അതു കൊഴിഞ്ഞു കൊണ്ടേയിരുന്നു.


എം.എസി കഴിഞ്ഞ നീനയും തന്നോടൊപ്പം പാരലൽ കോളേജുകളും ട്യൂഷൻ ക്ലാസ്സുകളും.. പി എസ്സി ടെസ്റ്റുമൊക്കെയായി നടക്കുന്നു... ടീനയെ ബി എസി നഴ്സിങ്ങിന് വിടാൻ വേണ്ടി വീടും സ്ഥലവും ബാങ്കിന് പണയപെടുത്തി.. ചാർട്ടേർഡ് അക്കൗണ്ടന്റ് ആകണമെന്നുള്ള മോഹത്തോടെ നീതു ബി.കോമിന് പഠിക്കുന്നു. ജോക്കുട്ടൻ പത്താം ക്ലാസ്സിലും...

നീനയെക്കുറിച്ച് അമ്മയ്ക്കും എനിക്കും ഉൽക്കണ്ടയുണ്ട്... അലക്സുമായുള്ള വിവാഹം അവൾ സ്വപ്നം കാണുന്നുണ്ട്.


" എടാ ... അലക്സിന്റെ അപ്പൻ രണ്ടു മൂന്ന് പ്രാവശ്യമായിട്ട് പള്ളിയിൽ വച്ച് കണ്ടപ്പോഴൊക്കെ എന്നോട് ചോദിക്കുന്നുണ്ട്.. എപ്പോഴാ.. എങ്ങിനെയാ.. എന്നൊക്കെ.. ഞാനെന്തു മറുപടി പറയാനാ " അമ്മ ഓർമ്മിപ്പിച്ചു.


സണ്ടേ സ്ക്കൂൾ ക്ലാസ്സ് മുതൽ തുടങ്ങിയ ഇഷ്ടമാണ് നീനയും അലക്സും തമ്മിൽ...


" മേലേടത്തെ പെണ്ണായതു കൊണ്ട് മാത്രമാ ഞാൻ സമ്മതിക്കുന്നെ... പഴയ പ്രതാപമൊന്നുമില്ലെങ്കിലും തറവാടികളാണല്ലോ.... എന്ന് വെച്ച് വെറുതെയൊന്നും എന്റെ ചെറുക്കൻ പെണ്ണിനെ കെട്ടുകേല കേട്ടോ... നാട്ടുനടപ്പ് അനുസരിച്ച് കാര്യങ്ങൾ മൊറ പോലെ തന്നെ നടക്കണം... സ്നേഹോം പ്രേമോം ഒക്കെ ശരി തന്നെ "... അവസാനം കണ്ടപ്പോൾ അലക്സിന്റെ അപ്പൻ പറഞ്ഞതാ ,


എന്തെങ്കിലും മറുപടി അയാൾക്ക് കൊടുക്കണം....അവളുടെ വിവാഹം നടത്തണം. രണ്ടു മനസ്സുകൾ തമ്മിൽ അടുത്താലും അത് ഒന്നിക്കണമെന്നില്ല, അതിനു നടുവിലും പണം വില്ലനായി എത്തുന്നു.


മഹാമേരു പോലെ മുന്നിൽ ഉയർന്നു നിൽക്കുന്ന ഈ പ്രശ്നങ്ങൾ ഒക്കെ പരിഹരിക്കണമെങ്കിൽ പണം വേണം, ഒരു ചെറിയ ജോലി കിട്ടിയതു കൊണ്ടൊന്നും ഒന്നിനും പരിഹാരമാവില്ല... പിന്നെന്ത്?..


" നമ്മുടെ ഭാവിയോ? അതേക്കുറിച്ച് ഇയാൾ ചിന്തിച്ചിട്ടുണ്ടോ? ഞാനും നീനയും ഒരു പ്രായമാ "... ചെവിയിൽ പിടിച്ച് ഒരു കിഴുക്ക് തന്നുകൊണ്ട് എബിസബത്ത് ഒരിക്കൽ പറഞ്ഞു.


" എലിസാ... നിന്റെ അപ്പൻ വർക്കി എനിക്ക് എന്ത് സ്ത്രീധനം തരും?.. ചിരിയോടെ ഞാൻ ചോദിച്ചു.


പെട്ടെന്നവളുടെ മുഖത്തെ പ്രകാശം മങ്ങുന്നതും കാറും കോളും നിറയുന്നതും കണ്ടു. വിദൂരതയിലേക്ക് നോട്ടമെറിഞ്ഞ അവളുടെ കൺകോണുകളിൽ ഉറവ പൊടിഞ്ഞ് നനവ് പടരുന്നതും... കൈലേസ്കൊണ്ട് അവൾ അത് മറയ്ക്കാൻ ശ്രമിച്ചു.


" അയ്യേ.. ഞാൻ വെറുതെ പറഞ്ഞതല്ലേ പെണ്ണേ... നീയത് കാര്യമാക്കിയോ?..


" ഉള്ളിൽ തിങ്ങി നിറയുന്ന വികാരങ്ങൾ ചിലപ്പോൾ നമ്മൾ അറിയാതെ തന്നെ വാക്കുകളായി പുറത്തേക്ക് വരും.. മനപ്പൂർവ്വമല്ലെങ്കിലും..അത് തെറ്റല്ല.. ഫിലിപ്പോച്ചാ.. പാട്ടത്തിന് ഭൂമിയെടുത്ത് കൃഷി നടത്തി ഉപജീവനം നടത്തിയും നാലു പെൺ മക്കളെ പഠിപ്പിച്ചും ജീവിതം ഉന്തിയും തള്ളിയും വിടുന്ന വർക്കിയുടെ ഇളയ മകൾക്ക് ഒരുപാട് മോഹങ്ങളൊന്നുമില്ല. പക്ഷേ... ശരീരത്തിന്റെ ഓരോ അണുവിലും . പ്രാണധാരയിരിക്കുന്നതു പോലെ... ജീവിതത്തിന്റെ ഓരോ അംശത്തിലും സമർപ്പിതമായി സൂക്ഷിക്കുന്ന ഒരൊറ്റ മോഹമേയുള്ളൂ... അത് നിങ്ങളാണ്"....


പറഞ്ഞവസാനിപ്പിച്ചപ്പോൾ അവൾ വിതുമ്പിപ്പോയി...


" പോയ വാരത്തെ വീക്ക്ലിയിൽ വന്ന നിന്റെ ആ കവിത ഒന്നു ചൊല്ലിക്കേ.. " ദർപ്പണം "... പ്രക്ഷുബ്ദമായിരുന്ന അവളുടെ മനസ്സിനെ ഒന്നു മയപ്പെടുത്താനെന്നോണം ഞാൻ പറഞ്ഞു... വിതുമ്പി നിന്ന അവളുടെ സ്നിഗ്ദ്ധമായ കപോലങ്ങളിൽ മെല്ലെ തട്ടിക്കൊണ്ട് ഞാൻ പറഞ്ഞു.


" എന്റെ ഭാരങ്ങൾ ഒന്ന് ഇറക്കി വയ്ക്കുന്നത് നിന്റെ സാമീപ്യം അനുഭവിക്കുമ്പോഴാണ് എലീസാ... നാളിതുവരെയും ഞാൻ മറിച്ചൊന്നും ചിന്തിച്ചിട്ടില്ല "..


ഒരു നിമിഷാർദ്ധത്തിലെ മൗനം ഭം ഞ്ജിച്ചു കൊണ്ട് എലിസബത്ത് എന്റെ കരം കവർന്നുകൊണ്ട് ചിരിക്കാൻ നടത്തിയ വിഫലശ്രമം പരാജയപ്പെട്ടു... കവിൾത്തടങ്ങളിലേക്ക് ഒലിച്ചിറങ്ങിയ കണ്ണീർ തുള്ളികളിൽ... പോക്കുവെയിലിന്റെ പൊൻ പ്രഭകൾ തട്ടി തലോടിയപ്പോൾ... നിഷ്ക്കളങ്കമായ ആ സൗന്ദര്യം കൗതുകത്തോടെ ഞാൻ നോക്കി നിന്നു. ഹ്രദയവീണയുടെ മൃദുലതന്ത്രികളിൽ... പ്രണയാതുരമാക്കുന്ന സപ്തസ്വരങ്ങളുടെ മാന്ത്രിക ധ്വനി ഉണർന്നു.


സാമ്പത്തീക തകർച്ചയ്ക്ക് ശേഷം ഒന്നുമില്ലാതായതോടെ... ബന്ധുമിത്രാദികളുടെ കാര്യമായ സഹകരണങ്ങളോ... വരത്തു പോക്കുകളോ ഇല്ല. അയിത്തം കൽപ്പിച്ച് മാറ്റി നിർത്തപ്പെട്ട ഒരു ഏകാന്തതയുടെ തുരുത്തിലായിരുന്നു.


വീട്ടിൽ വിരുന്നെത്തുന്ന ഏക ബന്ധു  " ഔത കൊച്ചപ്പനായിരുന്നു."..


' ചേട്ടത്തി അനിയത്തി മക്കളും ചേമ്പിലയിലെ വെള്ളവും ' എന്ന നാടൻ ചൊല്ലിന് അപവാദമായിരുന്നു ഔത കൊച്ചപ്പൻ...നല്ല കാലത്തും മോശം കാലത്തും ഒരു പോലെ വീട്ടിലെത്തിയിരുന്ന ഏക ബന്ധു.

കൂട്ടത്തിലും കുടുംബത്തിലും പാവപ്പെട്ടവനായിരുന്നതു കൊണ്ടായിരിക്കാം, മുഖം മൂടികൾ ഇല്ലാതിരുന്ന പാവം മനുഷ്യൻ... '... ദരിദ്രനുമായിരുന്നതു കൊണ്ട് മനുഷത്വം നഷ്ടപ്പെടാതിരുന്ന വീട്ടുകാരൻ... അന്നന്നത്തേക്ക് ചരതിച്ചുണ്ടാക്കുന്ന പച്ച മനുഷ്യൻ... ഏതു പണിയും ചെയ്യും... സൈഡ് ബിസ്സിനസ്സായി കല്യാണ ദല്ലാളുമാകാറുണ്ട്.


" തുമ്പും തുരാലും.. ഒന്നൂല്ല, ഒരു കഥയില്ലാത്തവൻ "... ഔതക്കൊച്ചപ്പനെക്കുറിച്ച് എന്റെ അപ്പൻ പറയുമായിരുന്നു.


" എടാ അവതേ.. ആ കിഴക്കേ മൂലയ്ക്ക് നിൽക്കണ വരിക്കപ്ലാവേന്ന് ഒരു ചക്കയിട്ടു കൊണ്ടുവാ... വൈകുന്നേരം പുഴുക്കിന് എടുക്കാം "...


ഔത കൊച്ചപ്പൻ വന്നാലുടൻ അമ്മ ഉടനെ എന്തെങ്കിലും പണി ഏൽപ്പിക്കും.


" ദേ.. റെഡിയല്ലേ... ഇപ്പ കൊണ്ടോ രാം"... തോട്ടിയിൽ അരിവാൾ വെച്ചുകെട്ടി ചക്കയിട്ട് മുറിച്ച് ഒരുക്കി കൊടുക്കും... തൊടിയിലുള്ള തേങ്ങായും മാങ്ങായുമൊക്കെയായി പുള്ളിക്കാരനവിടെ കൂടും. വർത്തമാനം പറഞ്ഞാലും പറഞ്ഞാലും അവസാനിക്കില്ല. കസേരയിൽ ഇരിക്കുകയാണെങ്കിൽ കാലുകൾ പഴയ ലൈലാന്റു വണ്ടിയുടെ ഗിയർ ലിവർ വിറയ്ക്കുന്നതു പോലെ വിറച്ചു കൊണ്ടിരിക്കും.... അല്ലെങ്കിൽ തുടയിൽ ചൊറിഞ്ഞു കൊണ്ടിരിക്കും..." ചേട്ത്തി അറിഞ്ഞോ മ്മടെ വക്കന്റെ മകൾടെ മകൾടെ കല്യാണാ... ചെറ്ക്കൻ ഇഞ്ചിനീർ ആണെന്നാ കേട്ടത് "...


ഔത കൊച്ചപ്പനെ ഞങ്ങൾക്ക് എല്ലാവർക്കും ഇഷ്ടായിരുന്നു.  വന്നാലുടൻ ഞങ്ങൾ വട്ടം കൂടുമായിരുന്നു കഥയില്ലാക്കഥ കേൾക്കാൻ...


" ചേട്ടൻ മരിച്ചേപ്പിന്നെ ഇവിടെ വരുമ്പം ഒരു വെഷമാ... ചേട്ടനുള്ളപ്പോൾ അവതേ... അവതേ.. ന്നും വിളിച്ച് ഓരോന്നു പറഞ്ഞു കൊണ്ടിരിക്കും ".. അപ്പനെ ഔത കൊച്ചപ്പന് വലിയ ബഹുമാനമായിരുന്നു.


പല കല്യാണ ഇടപാടുകളും ഔത കൊച്ചപ്പൻ നടത്തിയിട്ടുണ്ട്. കമ്മീഷൻ കാശ് കിട്ടുന്നതു കൊണ്ടും ശാരീരീക അദ്ധ്വാനമൊന്നും ഇല്ലാത്തതിനാലും... നാവ് കൊണ്ട് ചെയ്യുന്ന കസർത്ത്കളിൽ  താത്പര്യമുള്ളതിനാലും ദല്ലാള് പണിയിൽ ഔതക്കൊച്ചപ്പൻ കോൺസൻട്രേറ്റ് ചെയ്തു.


" എന്നതാടാ... ഇങ്ങനെ പലതിന്റേയും പിറകെ നടന്നാൽ വല്ലപ്പോഴും ഒരെണ്ണം കൊളുത്തിയാലായി... കൊളുത്തിക്കിട്ടിയാ കോളാ.. നല്ല പാർട്ടിയാണെങ്കി നല്ല തൊക ഒക്കും "

ചോദിച്ചാൽ ഔത കൊച്ചപ്പൻ പറയും.


" നിനക്ക് പണീം വേലേം ഒന്നും ആയില്ലേടാ പിലിപ്പേ .. ഈ അങ്ങേയറ്റത്തെ കോക്കിരി സായിപ്പിന്റെ പഠിപ്പിനൊന്നും പോകാതെ.. നിനക്ക് വല്ലോ പട്ടാളത്തിലോ പോലീസിലോ ചേർന്നാ മതിയാർന്നു... ഇപ്പോ ഒരു ജോലി ആയേനെ.. നിനക്ക് അതിനൊള്ള പേഷ്ണാലിറ്റി ഒക്കെ ഒണ്ടാർന്ന്... ഈ എളേത്തങ്ങള് പെൺപിള്ളേരുടെ കാര്യം ഓർക്കുമ്പഴാ വെഷമം.. ദേ എടുത്തോ പിടിച്ചോന്ന് പറഞ്ഞ് പെമ്പിള്ളേര് വളർന്നു കേറി വരിയേലെ... വെടിമരുന്ന് മടീൽ ക്കൊണ്ട് നടക്കുന്നത് പോലയാ ഇപ്പളത്തെക്കാലത്ത് പെമ്പിള്ളേര് വീട്ടിൽ നിന്നാ " .ഔത കൊച്ചപ്പൻ ഉള്ള കാര്യം പറഞ്ഞു.


ശരിയായിരുന്നുവെന്ന് ഞാനും ചിന്തിക്കാറുണ്ട്... പട്ടാളത്തിൽ ചേർന്നിരുന്നെങ്കിൽ നന്നായിരുന്നുവെന്ന്...


അൻമ്പത് നോമ്പ് വീടുന്നതിന്റെ തലേ മാസത്തിലായിരുന്നു ആ പ്രാവശ്യം ഔതക്കൊച്ചപ്പൻ വന്നത്.


അമ്മ കിടക്കുന്നതിന്റെ അടുത്ത കട്ടിലിൽ ഔത കൊച്ചപ്പൻ ഇരിപ്പുണ്ട്.. മറ്റുള്ളവരെല്ലാം ചുറ്റുമിരുന്ന് കൊച്ചപ്പന്റെ നാട്ടുവിശേഷങ്ങൾ കേട്ടുകൊണ്ടിരിക്കുന്നു.


" നീ എന്നാ വരാൻ താമസിച്ചേ.. വെശന്നിട്ടാണേ വയറു കത്തുവാ... നീ വന്നിട്ട് ആവട്ടെയെന്ന് ചേട്ത്തീം പെമ്പിള്ളേരും " ഔത കൊച്ചപ്പൻ നിഷ്ക്കളങ്കമായി പരിതപിച്ചു.


" ഔത കൊച്ചപ്പൻ എപ്പഴാ വന്നത്.. എന്തൊക്കയാ പുതിയ വിശേഷങ്ങൾ.. പുതിയ " കടി " വല്ലതും വീണോ? ഞാൻ കളിയാക്കി ചോദിച്ചു.


" ഓ..... എന്നാ പറയാ നാടാ.. തൊട്ഴ (തൊടുപുഴ) പുതിയ ബസ് സ്റ്റാൻഡിന്റെ പണി നടക്കുവല്ലേ . അതിനകത്ത് ഒരു മുറക്കാൻ കട തല്ലി കൂട്ടിയായിരുന്നു, അവിടെ പണിയുന്നവർക്ക്.. ബീഡിം.. മുറുക്കാനും.. ഷോഡായും... നാരങ്ങാ വെള്ളോം ഒക്കെയായി .. അരിക്കാശ് ഒക്കും..

പിന്നെ ഒരു " മലങ്കോള് " വന്നുപെട്ടിട്ടുണ്ട് .. നടന്നെങ്കി കൊറച്ച് കാശ് തടഞ്ഞേനെ... ഒരു അമേരിക്കക്കാരി നഴ്സ്... രണ്ടാം കെട്ടാ... കെട്ടിയോൻ ചത്തുപോയി... രണ്ടു ചെറിയ പെൺകുട്ടികളും ഉണ്ട്... മുപ്പത്തിയഞ്ച് വയസ്സുണ്ട്.. ഇട്ടു മൂടാൻ സ്വത്തും പണോം ണ്ട്.. ചെറക്കനെ ഒടനെ തന്നെ അമേരിക്കേലേക്ക് കൊണ്ടുപോവേം ചെയ്യും.

കടുത്തുരുത്തീല് ഒരു രണ്ടാം കെട്ടുകാരൻ ചെറക്കൻ നിപ്പൊണ്ട്... അതൊന്ന് തപ്പാനിറങ്ങീതാ... ഔത ക്കൊച്ചപ്പൻ വിവരം തന്നു.


" ങ്ങ് ഹാ... എന്നിട്ട് ചെറുക്കനെ കണ്ടോ?..


" ഇല്ലെന്നേ.. നാളെ അങ്ങോട്ട് ഒന്നു പോണം... പെണ്ണ് തൊട്ഴെ പാലക്കുന്നേൽ വക്കച്ചന്റെ മകളാ... കൺട്രാക്ടറെ... സർക്കാര് കൺട്രാക്റ്... നീ കേട്ടു കാണും... പൂത്ത കാശ് കാരനാ... ഹൈറേഞ്ചിൽ ഏക്കറ് കണക്കിന് തോട്ടോം മറ്റുമുണ്ട്... രണ്ടു പെണ്ണും ഒരാണുമാ... ഇത് മൂത്തവളാ..."



" കാക്കകളെ നോക്കുവിൻ, അവ വിതയ്ക്കുന്നില്ല... കൊയ്യുന്നില്ലാ..., കളപ്പുരകളിൽ ശേഖരിക്കുന്നില്ലാ...എന്നിട്ടും ദൈവം അവയെ പോറ്റുന്നു... നിങ്ങൾ നാളയെക്കുറിച്ച് വിചാരപ്പെടരുത്... വിചാരപ്പെടുന്നത് കൊണ്ട് നിങ്ങളുടെ തലയിലെ ഒരു മുടി വെളുപ്പിക്കാനോ കറുപ്പിക്കാനോ നിങ്ങൾക്ക് കഴിയില്ല.. നിങ്ങൾ പാമ്പിനെ പ്പോലെ ബുദ്ധിയുള്ളവരും... പ്രാവിനെപ്പോലെ നിഷ്ക്കളങ്കരും ആയിരിപ്പിൻ ".. കഴിഞ്ഞ ഞായറാഴ്ച പള്ളിയിൽ കേട്ട പ്രസംഗം... ഉറങ്ങാൻ കിടന്ന എന്റെ സ്മൃതി മണ്ഡലത്തിൽ ഓടിയെത്തി.. ആകുല ചിന്തകളാൽ കനം തൂങ്ങുന്ന മനസ്സിനെ അലസമായി അഴിച്ച് വിട്ട്... കണ്ണുകളടച്ചു.


എന്റെ ഉപബോധ മനസ്സിന്റെ ദർപ്പണങ്ങളിൽ... അവ്യക്തമായ നിഴൽ രൂപങ്ങൾ മങ്ങിയും തെളിഞ്ഞും നിന്നു.


" അമേരിക്കക്കാരി നേഴ്സാ.. രണ്ടാം കെട്ടാ.. കാശുകാരാ... ചെറുക്കനേം കൊണ്ടുപോകും "... ഗാഢമായ എന്റെ നിദ്രയിൽ ഒരു അശ്ശിരീരി പോലെ... ഔത കൊച്ചപ്പന്റെ ശബ്ദം...


പുലർച്ചെ, അടുക്കളയിൽ നിന്ന് ഔത കൊച്ചപ്പന്റെ ഉറക്കെയുള്ള സംസാരം കേൾക്കുന്നുണ്ട്... അമ്മയോടാണ്... തനിയെ കട്ടൻ ചായ തിളപ്പിച്ച് കുടിച്ചു കൊണ്ട് എന്തൊക്കയൊ പറയുന്നുണ്ട്.


ഞാനും പതിയെ എഴുന്നേറ്റ് മുഖം കഴുകി അടുക്കളയിലേക്ക് ചെന്നു.


" ങ് ഹാ... നീ എണീറ്റോ.. ഞാൻ ഇറങ്ങാൻ തൊടങ്ങുവാർന്നു. രാവിലെ കടുത്തുരീത്തിച്ചെന്ന് ആ ചെറുക്കനെ കാണണം... കൊളുത്തിയ നല്ല ഒരു കോളാ "..

കത്രീനേടെ... മാല പണയം വച്ചത് എടുത്ത് കൊടുക്കാൻ പറഞ്ഞ് അവള് ചെവി തല തരണില്ല.. അതൊന്ന് എടുത്ത് കൊടുക്കണം" ഔത കൊച്ചപ്പൻ വിഷമങ്ങൾ ഓരോന്നായി പറഞ്ഞു.


" നീ വല്ലതും കഴിച്ചേച്ച് പോയാ മതീടാ അവതേ".. അമ്മ പറഞ്ഞു.


" ഹേയ് കഴിക്കാനൊന്നും നിക്കണില്ല ചേട്ത്തി... കടുത്തുരുത്തീ പോയി ചെറ്ക്കനേം കണ്ട്... പിടീന്ന് തൊട്ഴ (തൊടുപുഴ) എത്തണം "..


ഔത കൊച്ചപ്പൻപോയതു മുതൽ.. ഏതോ ചിന്തകളാൽ മനസ്സ്  ഉത്ക്കണ്ട നിറഞ്ഞതായി മാറി... ആകാശത്ത് ഒരു പുതിയ നക്ഷത്രം ഉദിച്ചതു കണ്ടെത്താൻ ശ്രമിക്കുന്നതു പോലെ..


ഔത കൊച്ചപ്പൻപറഞ്ഞ അമേരിക്കക്കാരി രണ്ടാം കെട്ടുകാരിയായ നേഴ്സിലേക്ക് എന്റെ ചിന്തകൾ ചെന്നെത്തി.... മുങ്ങിമരിക്കാൻ തുടങ്ങുന്നവൻ ഒരു കച്ചിത്തുരുമ്പ് കാണുന്നത് പോലെ.. ഛേയ്.. ന്താ ഇപ്പെ ഇങ്ങനെ തോന്നാൻ.... മനസ്സിൽ അനുവാദമില്ലാതെ കയറിക്കൂടിയ ചിന്തകളെ ഇറക്കിവിടാൻ ശ്രമിച്ചു കൊണ്ട് കുളിക്കാൻ കയറി...

" നിങ്ങൾ പാമ്പിനെപ്പോലെ ബുദ്ധിയുള്ളവരും... പ്രാവിനെപ്പോലെ നിഷ്ക്കളങ്കരും ആയിരിപ്പീൻ "...


ഹ്രദയത്തിൽ നിന്ന് ആരോ പറയുകയാണ്.. ആന്നേവരെ തോന്നാത്തതെന്തോ... ആരോ പറഞ്ഞു തരുന്നത് പോലെ.. മനസ്സിന്റെ ഏകാഗ്രത നഷ്ട്ടമാകുന്നു. പുതിയ അതുവരെ കാണാത്ത രൂപമില്ലാത്ത ചിത്രങ്ങൾ തെളിഞ്ഞു വരുന്നു....എന്തൊക്കയാണ് താൻ ചിന്തിക്കുന്നത്... ഒരിക്കലും നടക്കാത്ത കാര്യങ്ങൾ .. അന്തരാളങ്ങളിലെവിടെയോ സ്വാർത്ഥതയുടെ ഉറവ പൊട്ടുന്നു... സ്വപ്നങ്ങൾ മാറ്റി വെച്ച് ഉദ്ധതമായ മനസ്സ് അതിന്റെ പ്രായോഗിക തലങ്ങളിലേക്ക് കടന്നുകയറ്റം നടത്തുന്നു. തടയാൻ ശ്രമിക്കുന്നെങ്കിലും... സ്ഥൂലവും... തീവ്രവും.. ധൈഷണികവുമായ ചില തീരുമാനങ്ങൾ സ്വകീയത കൈവരിച്ചു കൊണ്ട്... ബുദ്ധി മണ്ഡലങ്ങളിൽ രാസ പ്രവൃത്തനം  നടത്തുന്നു....


"ഇച്ചായനെന്താ പറ്റിയേ?... വല്ലാതിരിക്കുന്നല്ലോ?.. നീനയും, നീതുവും ചോദിച്ചു.


ഒന്നുമില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറി.. അന്നത്തെ ദിവസം ഒരു വിധത്തിൽ തള്ളിനീക്കി.


അന്നു  ഞാൻ എന്റെ മനസ്സാക്ഷിയേയും.... എന്നിലെ മൃദുല വികാരങ്ങളേയും കശാപ്പ് ചെയ്ത രാത്രിയായിരുന്നു... ട്രീപ്പീസ് കളിക്കാരനായ ഒരു തെരുവ് അഭ്യാസിയെപ്പോലെ...  വിശപ്പടക്കാൻ…. എന്ന ലക്ഷ്യം മാത്രം.. "ആവശ്യക്കാരൻ ഔചിത്യബോധം വെടിയും"..


എന്നിലെ അകത്തെ മനുഷ്യൻ മരിച്ചു....


തൊടുപുഴ ബസ് സ്റ്റാൻഡിൽ ഇറങ്ങി, ഔത കൊച്ചപ്പന്റെ മുറുക്കാൻ കട കണ്ടുപിടിച്ചു. ബീഡിയും മുറുക്കാനും നാരങ്ങാ വെള്ളത്തിനുള്ള സാമിഗ്രികളായ മൺകുടത്തിൽ വെള്ളവും... നീല നിറത്തിലുള്ള ഒരു പ്ലാസ്റ്റിക്ക് ബെയ്സനിൽ മൂന്ന് നാല് കുപ്പി ഗ്ലാസ്സുകളും നാരങ്ങാ ഞെക്കിയും.. പഞ്ചസാരയും ഉപ്പും ഇട്ട് വച്ചിരിക്കുന്ന രണ്ട് പ്ലാസ്റ്റിക് കുപ്പികൾ.. പിന്നെ രണ്ടു മൂന്ന് മിഠായി ഭരണികൾ.. ഇത്രയൊക്കെയെ അതിനകത്ത് ഉണ്ടായിരുന്നുള്ളൂ..


" നീ എങ്ങോട്ടെങ്കിലും പോണ വഴിയാണോ?..അതോ ഇങ്ങോട്ടായിട്ട് തന്നെ വന്നതോ?.. എന്നെ കണ്ട അന്ധാളിപ്പോടെ ഔത കൊച്ചപ്പൻ തിരക്കി.


" ഞാൻ ഇങ്ങോട്ട് തന്നെ വന്നതാ "


" എന്നാ പറ്റീടാ... ഞാൻ ഇന്നലെയല്ലേ അവിടെ വന്നേച്ച് പോന്നത് "...


" ഷോഡാ ഒരെണ്ണം എടുക്കട്ടെ.. ഒരു വട്ട് സോഡായുടെ കുപ്പിയെടുത്ത് മുകളിലെ വട്ട്  തള്ളവിരൽ കൊണ്ട് താഴേയ്ക്ക് തള്ളി സോഡാ പൊട്ടിച്ചു... കുപ്പി ഭരണിയുടെ അടപ്പ് തുറന്ന് രണ്ടു മൂന്ന് കപ്പിലണ്ടി മിഠായിയും എടുത്ത് തന്നു. ഹ്രദയത്തിൽ ഒരു വിങ്ങൽ തോന്നി.. നിഷ്ക്കളങ്കനായ ആ പാവപ്പെട്ട മനുഷ്യന്റെ ആഥിത്യമര്യാദ കണ്ട്...


" എന്നാടാ പിലിപ്പേ നീ വന്ന കാര്യം?..


" ഒന്നൂല്ല.. വെറുതെ ഇവിടെ വരെ ഒന്നു വരണമെന്ന് തോന്നി" സോഡാ കുടിച്ചു കൊണ്ട് ഞാൻ പറഞ്ഞു.


" ഇന്നലെ കടുത്തുരുത്തിയിൽച്ചെന്ന് ചെറുക്കനെ കണ്ടോ?.. താത്പര്യത്തോടെ ഞാൻ ചോദിച്ചു.


" ഓ കണ്ടു കണ്ടു... അതു ശരിയാകിയേല... കാട്ടുമാക്കനെ പോലൊരുത്തൻ.. കണ്ടാ പേടിയാവും... കാര്യം അവനും രണ്ടാം കെട്ടാ... പക്ഷ ഇവർക്ക് പിടിക്കിയേല. കണ്ടാ.. ഒരു ഇതൊക്കെ വേണ്ടേ.."


" എന്നാ നിന്റെ കൈയ്യീ വല്ലോരുമുണ്ടോ?.. നടന്നാ.. കമ്മീഷനായി ഒരു തൊക തടയും"..


" ഞാൻ ആയാലോ!!!!!!


അപ്രതീക്ഷിതമായ എന്റെ ചോദ്യം കേട്ട് ഔത കൊച്ചപ്പൻ ഒന്നു പകച്ചു.. പല്ലു മുഴുവൻ പുറത്ത് കാണിച്ചു കൊണ്ട് പുള്ളിക്കാരൻ ചിരിച്ചു.


" ഞാൻ കാര്യമായിട്ട് പറഞ്ഞതാ... അതിന് വേണ്ടിയാ ഞാൻ വന്നത് തന്നെ"..


ബീഡിക്കെട്ടിൽനിന്ന് ഒരു തെറുപ്പ് ബീഡി വലിച്ചെടുത്ത് കടിച്ചു പിടിച്ചു.. തീപ്പെട്ടി ഉരച്ച് ബീഡി കത്തിച്ചു ഇരുത്തി ഒന്നു വലിച്ചു... ചുണ്ട് വക്രിപ്പിച്ച് ആദ്യ പുക ഊതി വിട്ടു കൊണ്ട്.. ഔത കൊച്ചപ്പൻ എന്നെ തുറിച്ച് നോക്കി...


" പറ്റ്വോ"?... ഞാൻ ഗൗരവത്തിൽ തന്നെ ചോദിച്ചു.


"നീ ഒള്ളതാ പറയണേ"?..


"കൊച്ചപ്പാ.. ഞാൻ ഒരു പാട് ആലോചിച്ചതിന് ശേഷമാണ് വന്നിരിക്കുന്നത്... ഔത കൊച്ചപ്പനറിയാല്ലോ എന്റെ പ്രാരാബ്ദങ്ങൾ.. മൂന്ന് പെങ്ങൻമാരും.. അനിയനും താഴേ.. കിടപ്പാടം ബാങ്കിന് പണയം.. വേറെയും ബാധ്യതകൾ... ഒരു ജോലി കിട്ടിയിട്ട് ഈ ഉത്തരവാദിത്തങ്ങൾ ഒക്കെ ഞാൻ എന്നു തീർക്കും?.. എന്റെ മുന്നിൽ ഒരു വഴിയും കാണുന്നില്ല.".. ശബ്ദം തൊണ്ടയിൽ ഇടറിയപ്പോൾ ഞാൻ നിർത്തി.


"എടാ.. അതിന് നിനക്ക് ഇരുപത്താറ് വയസ്സല്ലേയുള്ളൂ... ആ പെണ്ണിന് മുപ്പത്തിയഞ്ച് വയസ്സുണ്ട്.. കൂടാതെ പത്തും ഏഴും വയസ്സുള്ള രണ്ടു പെൺകുട്ടികളും.. അമ്മേം... മോനും പോലെയാവില്ലേ?... തന്നേയല്ല.. ഇനി പെണ്ണ് സമ്മതിച്ചെന്നിരിക്കട്ടെ.. വീട്ടിൽ ചേട്ത്തീം... പെമ്പിള്ളേരും സമ്മതിക്ക്വോ?... നാട്ടുകാരും വീട്ടുകാരും ഇടവകക്കാരും ഒക്കെ അറിഞ്ഞാൽ കൊറച്ചിലല്ലേ"? 


ഭയചകിതമായിരുന്നു ഔത കൊച്ചപ്പന്റെ മുഖം .



" അതൊന്നും ഔത കൊച്ചപ്പൻ കാര്യമാക്കേണ്ട.. ഞാൻ നോക്കിക്കൊള്ളാം... കൊച്ചപ്പൻ ഒരു കാര്യം ചെയ്താൽ മതി, ഈ കാര്യം പെണ്ണിന്റെ വീട്ടിൽ പറഞ്ഞ് നോക്ക്.. പ്രായവ്യത്യാസവും, നമ്മൾ തമ്മിലുള്ള ബന്ധവും സ്വന്തവും ഒന്നും പറയരുത്.. പെണ്ണിനെ കാണാനുള്ള ഒരു അവസരം എനിക്ക് ഉണ്ടാക്കിത്താ.. ബാക്കിയൊക്കെ ഞാൻ ചെയ്തോളാം"...


" അപ്പോ നീ തീരുമാനിച്ചുറപ്പിച്ചു തന്നയാ"...


സംഗതി കാര്യമാണെന്ന് ഔത കൊച്ചപ്പന് മനസ്സിലായി.


" നീ പറേണത് ഒക്കെ കാര്യാ.. നിന്നെ അവർക്ക് ഇഷ്ടപ്പെടുകേം ചെയ്യും.. പക്ഷേ... അതു വേണോടാ"?... കൊച്ചപ്പൻ അർദ്ധ ശങ്കയോടെ നോക്കി നിന്നു .


"വേണം" ഉറച്ചതായിരുന്നു എന്റെ ശബ്ദം...


" ഞാൻ എന്നാ ഇപ്പോ തന്നെ കട അടച്ചേച്ച് അവിടം വരെ ഒന്നു പോകാം... 


" ഔത കൊച്ചപ്പൻ പെണ്ണിനെ കണ്ടിട്ടുണ്ടോ?"..


" പെണ്ണിനെ ഞാൻ ഇതുവരെ കണ്ടിട്ടില്ല ... എടയ്ക്ക് നിക്കണ വേറൊരു ഇടക്കാരൻ കണ്ടിട്ടുണ്ട്... പാല് പോലത്തെ പെണ്ണാണന്നാ അവൻ പറഞ്ഞത്. അവക്കടെ അമ്മേനെ ഞാൻ കണ്ടിട്ടൊണ്ട്.. ബഹു സുന്ദരിയാ... അവരുടെയല്ലേ മകള്... മോശം വരില്ല... പിന്നെ രണ്ട് പെറ്റതല്ലേ…. അതിന്റെ ഒടവു കാണും.." എന്തായാലും ഞാൻ ചെല്ലട്ടെ... നീ ഇപ്പോ പൊയ്ക്കോ... ഞാൻ വൈകുന്നേരം അങ്ങോട്ട് വിളിക്കാം... ങ്ഹാ... പോകുമ്പം കുരിശ് പള്ളിക്കേറി മാതാവിന് ഒരു തിരി കത്തിച്ചേച്ചും പോകാം"...


ഔത കൊച്ചപ്പൻ പെട്ടിക്കട അടച്ചു.


തിരികെ വീട്ടിലേക്കുള്ള ബസ്സിലിരിക്കുമ്പോൾ... എന്തെന്നില്ലാത്ത മനസ്സാക്ഷിക്കുത്തും കുറ്റബോധവും മനസ്സിനെ തിക്കു മുട്ടിക്കുന്നു. ഇതെങ്ങാനും നടന്നാൽ... എലിസബത്ത് ജീവിച്ചിരിക്കുമോ.. അവൾക്കെന്തെങ്കിലും സംഭവിച്ചാൽ...


ഉൾത്തടത്തിൽ സമഗ്രമായ വ്യതിയാനങ്ങൾ സംഭവിക്കുന്നത് ഞാൻ അനുഭവിച്ചു.... വീട്ടിൽ തിരിച്ചെത്തിയിട്ടും മൗനിയായിരുന്നു, വാക്കുകൾ പുറത്തേക്ക് വരുന്നില്ല.. അകക്കണ്ണുകൾക്ക് തിമിരം ബാധിച്ചു കഴിഞ്ഞു... കഴിഞ്ഞതെല്ലാം ഓർമ്മയിൽ നിന്നു മാഞ്ഞു പോകുന്നു... ഇന്നലെ മുതൽ ഉള്ള കാര്യങ്ങളെ ഓർക്കുന്നുള്ളൂ... അല്ലെങ്കിൽ ഓർക്കാൻ ശ്രമിക്കുന്നുള്ളൂ...


അന്നു രാത്രിയിൽ ഔത കൊച്ചപ്പന്റെ ഫോൺ വിളികളൊന്നും വന്നില്ല... വിപരീത ഫലമായതു കൊണ്ടാണോ വിളിക്കാതിരുന്നത്....


പിറ്റേന്ന് രാവിലെ ഔത കൊച്ചപ്പന്റെ ഫോൺ വന്നു. എപ്പോഴാണ് നീ വരുന്നത്... അവർ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്..... നാളെ തന്നെ ആവാം എന്നു മറുപടി കൊടുക്കാൻ പറഞ്ഞു.


ഔപചാരികമായ ഒരു പെണ്ണുകാണലിന് വേണ്ടി മനസ്സുകൊണ്ട് തയ്യാറായി.. ആരും അറിയാതെ നടത്തുന്ന ജീവിതത്തിലെ ആദ്യ അനുഭവം...


അതിരാവിലെ ഉണർന്നു കുളി കഴിഞ്ഞു, തലേന്ന് ഇസ്തിരിയിട്ട് വെച്ചിരുന്ന പാന്റും ഷർട്ടും ധരിച്ചു കണ്ണാടിക്കു മുൻപിൽ തിരിഞ്ഞും മറിഞ്ഞും ചരിഞ്ഞും നിന്ന് നോക്കി തന്റെ യോഗ്യത ഉറപ്പ് വരുത്തി...


ഇത്ര രാവിലെ എങ്ങോട്ടാണെന്ന ചോദ്യത്തിന് , ഒരു ഇന്റെർവ്യൂ ഉണ്ടെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങി, പറഞ്ഞതിൽ തെറ്റൊന്നുമില്ല... ഇൻന്റെർവ്യൂ തന്നെ!!!


ഔത കൊച്ചപ്പൻ ബസ് സ്റ്റാൻഡിൽ കാത്തു നിൽപ്പുണ്ടായിരുന്നു.


" ഒരു കാലിച്ചായ കുടിച്ച് ഒന്ന് ഉഷാറാകാം" കൊച്ചപ്പൻ പറഞ്ഞു.


" എടാ... ഞാൻ കാര്യങ്ങളൊക്കെ തൊടും തൊടാതെയും അവതരിപ്പിച്ചിട്ടുണ്ട്..".. സമപ്രായമാണെന്നാ ഞാൻ തന്തയോട് പറഞ്ഞേക്കണത്.. രണ്ടാം കെട്ട് നിനക്ക് കൊഴപ്പം ഇല്ലെന്നും പറഞ്ഞിട്ടുണ്ട്.. പെണ്ണിന്റെ മുൻപിൽ നിന്നെയെത്തിക്കാം... പിന്നെ നിന്റെ മിടുക്ക് പോലിരിക്കും... എന്നെ തല്ലുകൊള്ളിക്കല്ല്... " ചായ ഊതിക്കുടിച്ചു കൊണ്ട് ഔത കൊച്ചപ്പൻ പറഞ്ഞു.


ബസ് സ്റ്റാൻഡിൽ നിന്നും ഒരു ഓട്ടോ പിടിച്ചു, പാലക്കുന്നേൽ വക്കച്ചൻ കോൺട്രാക്ടറുടെ വീട്ടിലേക്ക്... ഹ്രദയം പട പടാന്ന് മിടിക്കുന്നു... സംഭരിച്ചു വെച്ചിരുന്ന ധൈര്യം ചോർന്ന് പോകുന്നത് പോലെ.. തീരുമാനിച്ചുറപ്പിച്ച് കരുതി വച്ചിരുന്ന ചോദ്യോത്തരങ്ങൾ ഒക്കെ മറന്നു പോയതു പോലെ... പരീക്ഷ ഹാളിലേക്ക് കയറുന്നതിന് തൊട്ടു മുൻപുള്ള ബെൽ കേൾക്കുമ്പോൾ ഉണ്ടാകുന്ന അതേ വെപ്രാളം...


" നീ എന്നാ ഒരു മാതിരി ഇഞ്ചി തിന്ന കൊരങ്ങിനെപ്പോലെയിരിക്കുന്നത് ". എന്റെ മുഖഭാവം ശ്രദ്ധിച്ചിട്ടാകണം ഔത കൊച്ചപ്പൻ നീരസപ്പെട്ടു.


കൂറ്റൻ ഇരുമ്പ് ഗെയിറ്റിന് മുൻപിൽ ഓട്ടോ നിന്നു. രാജ കൊട്ടാരം പോലെ തോന്നിക്കുന്ന ബംഗ്ലാവ്.  മുൻപിൽ കരിങ്കല്ല് പാകിയ അതി വിശാലമായ മുറ്റം .. മുറ്റത്ത് തലങ്ങും വിലങ്ങുമായി കിടക്കുന്ന കോടികൾ വിലമതിക്കുന്ന പ്രീമിയം കാറുകൾ.. പല ബ്രാൻഡിൽ... ശ്രദ്ധയോടെ ഗെയിറ്റ് തുറന്ന് ഞങ്ങൾ അകത്ത് കയറി.. ഇരുമ്പ് കൂടുകൾക്ക് അകത്ത് കാളകൂറ്റൻമാരെ പോലെയുള്ള നാലഞ്ച് നായ്ക്കൾ.. ഞങ്ങളെ കണ്ട് ഭ്രാന്തമായി കുരച്ചു. മനസ്സിന്റെ ഭയവും ജാള്യതയും മറനീക്കി പുറത്തു വരുന്നു...


വിശാലമായ പൂമുഖം... പ്രധാന വാതിലിന് മുകളിലായി സ്‌റ്റഫ് ചെയ്ത് വെച്ചിരിക്കുന്ന കലമാന്റെ തലയും കൊമ്പുകളും.


ജുബ്ബയും മുണ്ടും ധരിച്ച പ്രൗഡ ഗാംഭീര്യമുള്ള അതികായനായ ഒരു മനുഷ്യൻ ചാരു കസേരയിൽ നിന്ന് എഴുന്നേറ്റ് മുന്നോട്ട് വരുന്നു.


" വക്കച്ചൻ മൊതലാളി.. നെന്റെ അമ്മായി അപ്പൻ".. ഔത കൊച്ചപ്പൻ ശബ്ദം താഴ്ത്തി പറഞ്ഞു .


" വരണം വരണം.". അയാൾ ഞങ്ങളെ സ്വീകരിച്ചു...


ഞാനും ഔത കൊച്ചപ്പനും പൂമുഖത്തേക്ക് കയറി... ഔത കൊച്ചപ്പൻ മുണ്ടഴിച്ചിട്ട് ഭവ്യതയോടെ കൈകൂപ്പി... വീടിനുള്ളിൽ നിന്നും ആരൊക്കയോ പിന്നെയും പുറത്തേക്കിറങ്ങി വന്നു. കണ്ണുകളിൽ ഇരുട്ടു കയറുന്നത് പോലെ... മൂത്രമൊഴിക്കാൻ തോന്നുന്നു...


" ഇരിക്കൂ... ഞങ്ങൾ രണ്ടാളും ഇരുന്നു.


" ഇത് പിലിപ്പ്... ചെറുക്കൻ..." ഔത കൊച്ചപ്പൻ പരിചയപ്പെടുത്തി.


" ഫിലിപ്പ് ...പിറവത്താ വീട് അല്ലേ?.. എനിക്കറിയാം... പിറവം ഒക്കെ.


" അവിടെ" മേലേടത്ത് "എന്നു പറയും വീട്ട് പേര്... നല്ല തറവാട്ടുകാരാ... പെട്രോൾ പമ്പും... ഓട്ട് കമ്പനീം... സിനിമാ കൊട്ട കേം ഒക്കെ ഇവരുടെ ആൾക്കാരടെയാ... ഇവർക്ക് ഇപ്പം കൊറച്ച് ക്ഷീണമാണെന്ന് മാത്രം... ഇവൻ അങ്ങേയറ്റം പഠിപ്പ് ഒക്കെ കഴിഞ്ഞു നിക്ക്വാ."..   ഔത ക്കൊച്ചപ്പൻ എന്നെ പുകഴ്ത്തിപ്പാടി.


വക്കച്ചൻ മുതലാളി എന്നെ അളന്ന് കുറിച്ച് നോക്കി കാണുകയാണ്... അയാളുടെ മുഖത്തേക്ക് നോക്കാൻ എനിക്ക് ഭയം തോന്നി... ചുണ്ടിന് മുകളിലെ കനത്ത നരച്ച മീശ... കഷണ്ടി തെളിഞ്ഞ നെറ്റിത്തടം.. ബലിഷ്ഠമായ രോമാവൃതമായ കൈത്തണ്ട... കുറുകിയ കണ്ണുകളും കൂട്ടു പുരികവും... ഒരു ദാർഷ്ട്യക്കാരനായ മുതലാളിയുടെ എല്ലാ ഭാവാദികളും ഒത്തിണങ്ങിയ മനുഷ്യൻ.. പക്ഷേ അയാളുടെ മാന്യമായ പെരുമാറ്റവും സംസാരവും എന്നിലെ പിരിമുറുക്കത്തിന് തെല്ല് അയവ് വരുത്തി .. വലിഞ്ഞ് മുറുകിയിരുന്ന മുഖത്തെ മാംസപേശികൾ... മെല്ലെ അയഞ്ഞു.


" വരൂ നമുക്ക് അകത്തോട്ടിരിക്കാം "..


സ്വീകരണ മുറിയിലെ പതുപതുത്ത സോഫായിൽ ഇരിക്കുമ്പോൾ ... ഒരു തരം അപകർഷതാ ബോധം തോന്നി.. ഒരു കച്ചവടം അതിന് വേണ്ടിയല്ലേ ഞാൻ വന്നിരിക്കുന്നത്... അതു മാത്രമല്ലേ തന്റെ ലക്ഷ്യം...


" ഔത ഏറെ ക്കുറെ കാര്യങ്ങൾ ഒക്കെ പറഞ്ഞിരുന്നു.. ഇത്രയും വിദ്യാഭ്യാസം നേടിയിട്ടും ഇതുവരെ കാര്യമായ ജോലിയൊന്നും ആയില്ല അല്ലേ?... നമ്മുടെ നാടിന്റെ ഒരു അവസ്ഥയെ..."


" ശ്രമിക്കുന്നുണ്ട്".. ഞാൻ പറഞ്ഞു.


" ഇവിടുത്തെ കാര്യങ്ങളെക്കുറിച്ച് ഒക്കെ അറിഞ്ഞിട്ടുണ്ടല്ലോ അല്ലേ?.. എന്നിട്ടും ഫിലിപ്പിനെ ഇതിന് പ്രേരിപ്പിക്കുന്ന ഘടകം എന്താണെന്ന് മനസ്സിലാകുന്നുണ്ട് ".. വക്കച്ചൻ മുതലാളി ചെറുതായിട്ട് ഒന്നു കുത്തി.


പ്രൗഡ യായ ഒരു സ്ത്രീ ട്രേയിൽ കുടിക്കുവാനുള്ള ചായയുമായി ഇറങ്ങി വന്നു.. ട്രേ ഞങ്ങളുടെ മുൻപിൽ വച്ച്... വക്കച്ചൻ മുതലാളിയുടെ അടുത്തായിട്ട് ഇരുന്നു.


" ഇത് മേരിയമ്മ.. എന്റെ ഭാര്യ.. മേഴ്സീടെ  അമ്മ" അവരെ പരിചയപ്പെടുത്തി. ചുവന്നുതുടുത്ത സുന്ദരിക്കുട്ടികളായ രണ്ടു ചെറിയ പെൺകുട്ടികൾ വന്ന് മേരിയമ്മയുടെ അരികിലായി നിന്നു.


" മേഴ്സീടെ മക്കളാ "...


" മോന്റെ വീട്ടിൽ ആരൊക്കയുണ്ട്?.. മേരിയമ്മ ചോദിച്ചു.

 മറുപടി വിശദമായി പറഞ്ഞു കഴിഞ്ഞപ്പോൾ.. വക്കച്ചൻ മുതലാളി ഇടയ്ക്ക് കയറി ചോദിച്ചു...


"ഫിലിപ്പിന് എത്ര വയസ്സുണ്ട്"?.. 


ഞാൻ ഒന്നു പരുങ്ങണത് കണ്ട്.. ഔത കൊച്ചപ്പൻ ഇടയ്ക്ക് കയറി..


" പ്രായം സമാ സമാ... ഞാൻ പറഞ്ഞാരുന്നല്ലോ "...


അത്ര വിശ്വാസം വരാത്തത് പോലെ  മുതലാളി എന്നെ നോക്കി.


" പക്ഷേ പറയില്ല.. തീരെ പയ്യൻ" മേരിയമ്മ ചിരിച്ചു.


" അത് ഇവര് പിന്നെ... പാരമ്പര്യമായിട്ടങ്ങനാ.. വയസ്സ് പറയില്ല" ഔത കൊച്ചപ്പൻ കൃത്യമായി ഗോളടിച്ചു.


" മേഴ്സി മോളേ .. ഇങ്ങോട്ട് വന്നേ.. മേരിയമ്മ അകത്തോട്ട് നോക്കി വിളിച്ചു.


മേഴ്സി പുറത്തേക്കിറങി വന്നു മേരിയമ്മയുടെയും കുട്ടികളുടെയും അടുത്തായി സോഫയിൽ ഇരുന്നു.. എന്നെ നോക്കി പുഞ്ചിരിച്ചു.


വെളുത്ത് തുടുത്ത് ചെറുതായി തടിച്ച് അത്ര ഉയരമില്ലാത്ത ഒരു പെൺകുട്ടി. തോളറ്റം വരെ ക്രോപ്പ് ചെയ്തിട്ടിരിക്കുന്ന സിൽക്ക് പോലത്തെ മുടി ഒരു ഹെയർ ബാൻഡ് വെച്ച് ഒതുക്കിയിട്ടുണ്ട്. കഴുത്തിൽ നൂൽ പോലത്തെ ഒരു ചെയിനും.. കാതിൽ ചെറിയ രണ്ടു കമ്മലുകളും... മുഖത്ത് പരിഭ്രമമോ.. ആകാംക്ഷയോ... ഒന്നും ഞാൻ കണ്ടില്ല.. തികച്ചും ശാന്തമായ മുഖം.. ചുണ്ടിൽ വിടർന്ന നേരിയ പുഞ്ചിരി മാത്രം.. ശരീരത്തോട് ഇറുകി ചേർന്ന് കിടന്ന ചുവന്ന ചുരിദാറിൽ കഴുത്തിലൂടെ വളച്ചിട്ടിരുന്ന ഷാൾ കൊണ്ട് മാറ് മറച്ചിരുന്നു. ഒറ്റ നോട്ടത്തിൽ ഒരു തരം മാദകത്വം മുത്തമിട്ടു നിൽക്കുന്ന  കുലീന ഭാവം. മുഖത്ത് തികഞ്ഞ പക്വത.. ഒരു പെണ്ണുകാണലിന്റെ യാതൊരു ഔപചാരികതയും ഇല്ലായിരുന്നു ആ മുഖത്ത്....


" അവർ തമ്മിൽ ആദ്യം സംസാരിക്കട്ടെ.. എന്നിട്ട് ആവാം.. പരസ്പരം ഇഷ്ട പ്പെട്ടെങ്കിൽ മതിയല്ലോ മുന്നോട്ട്".. വക്കച്ചൻ മുതലാളി അഭിപ്രായപ്പെട്ടു.


ഔത കൊച്ചപ്പൻ ഇരുകാലുകളും വിറപ്പിച്ചു കൊണ്ട് നിർവ്വികാരനായി ഇരിക്കുകയാണ്.


മേഴ്സി എഴുന്നേറ്റ് അകത്തേക്ക് പോയി.


" ഫിലിപ്പ് ചെല്ലൂ... സംസാരിക്ക് " മേരിയമ്മ പറഞ്ഞു.


മേഴ്സിയുടെ പിന്നാലെ ഞാൻ മുറിയ്ക്കുള്ളിലേക്ക് കടന്നു.


" ഇരിക്കൂ".. എന്നെ അടിമുടി നോക്കി കൊണ്ട് അവൾ പറഞ്ഞു. അവളും ഇരുന്നു.


" ഫിലിപ്പ് എന്നല്ലേ പേര്"? തുടക്കം അവൾ തന്നെയിട്ടു.


" അതേ.. മേഴ്സി അല്ലേ"?.. ഞാനും ഔപചാരികത വിടാതെ ചോദിച്ചു.


" ഐ ഹേർഡ്.. യു ആർ എ ടീച്ചർ ബൈ പ്രൊഫഷൻ?.. മേഴ്സി ചോദിച്ചു.


നോ.. ദാറ്റീസ് ഒൺലി ഫോർ ടൈം ബിയിങ്... ഞാൻ പറഞ്ഞു.


"ജോലി ഒന്നും ക്യത്യമായി ആയിട്ടില്ല"..


"സീ.. ജോലിയും വ്യക്തമായ ഇൻകം സോഴ്സും ഒന്നുമില്ലാതെ വിവാഹം ചെയ്താൽ എങ്ങനെ ജീവിക്കും"?


അങ്ങനെ ഒരു ചോദ്യം ഞാൻ പ്രതീക്ഷിച്ചതല്ല... ഞാൻ ചെറിയതായി പതറുന്നതവൾ അറിഞ്ഞിട്ടാവാം.. സിറ്റുവേഷൻ മയപ്പെടുത്തനായി അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു... ഒ.കെ... ലീവ് ഇറ്റ്...


പക്ഷേ... എന്റെ വ്യക്തിത്വം.. ചോദ്യം ചെയ്യപ്പെട്ടില്ലേ... അവളുടെ മുൻപിൽ എന്റെ അഭിമാനം തല കുനിച്ചില്ലേ... തീർച്ചയായും... "നീ... നിസ്സഹായനായ ഒരു അഭിമാനിയാണ്"... ഇവിടെ നീ തലകുനിച്ചേ മതിയാകൂ".. ഉള്ളിൽ നിന്നും ആരോ പറയുന്നത് പോലെ.


" സോറി വിഷമമായോ "?... അവൾ ചിരിച്ചു.


" യെസ്.. ഓഫ് കോഴ്സ്.... ഐ ഹർട്ട ട്.. ബട്ട് ഡസിൻറ്റ് മേറ്റർ ബിക്കോസ്... ഇങ്ങനെയൊരു പ്രൊപ്പോസലിന് ഞാൻ ഇൻട്രസ്റ്റഡ് ആകണമെങ്കിൽ അതിനു പിന്നിലുള്ള ഫാക്ടർ മേഴ്സി ക്ക് ചിന്തിക്കാവുന്നുതെയുള്ളൂ ".. ഞാൻ എന്റെ പതർച്ചയിൽ നിന്നു ശക്തമായി തിരിച്ചു വന്നുകൊണ്ട് മറുപടി കൊടുത്തു.


" വെൽ... യു സെഡ് ഇറ്റ്... അപ്രീഷിയേറ്റ് യുവർ ഫ്രാങ്ക്നസ്.. ആൻഡ് യു ആർ സോ ബോൾഡ് ".. മേഴ്സിക്ക് കാര്യം മനസ്സിലായി


" ഹസ്ബൻന്റ് എങ്ങിനെയായിരുന്നു മരിച്ചത്"?...


" ഇറ്റ് വാസ് ആൻ ആക്സിഡന്റ്... ഫിനീഷ്ഡ് ഓൺ ദി സ്പോട്ട്...നന്നായി മദ്യപിച്ചിട്ടുണ്ടായിരുന്നു... വൺ ആൻറ്റ് ഹാഫ് ഇയേർസ് ബാക്ക്... അയാം എ വിഡോ വിത്ത് റ്റു കിഡ്സ്".


ഇംഗ്ലീഷും മലയാളവും കൂട്ടിക്കലർത്തിയുള്ള മേഴ്സിയുടെ സംസാരം ഇരുത്തം വന്ന ഒരു സ്ത്രീയുടെ ശബ്ദമായിരുന്നു.


" അയാം ഇൻ തേർട്ടീ ഫൈവ്.. വാട്ട് എബൗട്ട് യു ഫിലിപ്പ്?..


" ഇരുപത്തിയേഴ് ".. ഒട്ടും പതറാതെ ഞാൻ പറഞ്ഞു.


" ക്വയറ്റ് ഫണ്ണീ... എയിറ്റ് ഇയേഴ്സ് യം ഗർ ദാൻ മി ".. മേഴ്സി ഉറക്കെ ചിരിച്ചു.


" അത് അറിഞ്ഞു കൊണ്ടാണ് ഞാൻ വന്നത് ".. ഞാൻ പറഞ്ഞു


" അപ്പോൾ എന്റെ പണവും.. അമേരിക്കയിലേക്കുള്ള ഒരു എൻട്രിയും മാത്രമാണ് ഫിലിപ്പിന്റെ ലക്ഷ്യം "..  അല്ലാതെ എന്നെയല്ല... എന്നെ ചുഴിഞ്ഞു നോക്കിക്കൊണ്ട് അവൾ ചോദിച്ചു.


" ബി ഫ്രാങ്ക്... പ്രഥമ ആവശ്യം തീർച്ചയായും അതു തന്നെയാണ് മേഴ്സി... മറച്ചു വയ്ക്കുന്നില്ല. പക്ഷേ... ഞാനും ഒരു മനുഷ്യനാണ്... സ്നേഹിക്കാനും... സ്നേഹിക്കപ്പെടാനും... പങ്കു വയ്ക്കാനും... ഒക്കെ മനസ്സുള്ള സാധാരണ ഒരു മനുഷ്യൻ... അല്ലാതെ വെറും ഒരു കച്ചവടക്കാരൻ മാത്രമല്ല.. മേഴ്സിയേയും കുട്ടികളേയും സ്നേഹിക്കാനും സംരക്ഷിക്കാനും എനിക്ക് കഴിയും "... ശക്തമായ എന്റെ വാക്കുകൾക്കു മുൻപിൽ അവൾ തെല്ലു നേരം നിശബ്ദയായിരുന്നു.


" ഒരു വലിയ കുടുംബത്തിന്റെ മുഴുവൻ ഭാരവും ഉത്തരവാദിത്തങ്ങളും പേറുന്ന ഒരു ചെറുപ്പക്കാരനാണ് ഞാൻ.. എന്നിലെ നിസ്സഹായനായ മനുഷ്യനാണ് എന്നെ മേഴ്സിയുടെ മുന്നിൽ എത്തിച്ചത്... നിസ്സഹായത... അതു മാത്രമാണ്... അല്ലാതെ... അത്യാഗ്രഹമല്ല."...


അപ്പോഴത്തെ അവളുടെ നോട്ടത്തിൽ സഹതാപത്തിന്റെ ബഹിർസ്ഫുരണങ്ങൾ ഉണ്ടായിരുന്നു.


" ഞാൻ നിങ്ങളുടെ സത്യസന്ധമായ തുറന്നു പറച്ചിലിനെ ബഹുമാനിക്കുന്നു.. ഫിലിപ്പ്.. നിസ്സഹായനായ ഒരു ചെറുപ്പക്കാരന്റെ മുഴുവൻ വ്യഥകളും ഞാൻ ആ വാക്കുകളിൽ കാണുന്നുണ്ട്.".. ഫിലിപ്പിന്റെ വീട്ടിൽ കാര്യങ്ങൾ പറഞ്ഞിട്ടുണ്ടോ?.."


" ഇതുവരെ പറഞ്ഞിട്ടില്ല... പ്രൊപ്പോസൽ മുന്നോട്ട് പോകുന്നെങ്കിൽ മാത്രം പറഞ്ഞാൽ മതിയല്ലോ".. മേഴ്സിയാണ് തീരുമാനിക്കേണ്ടത്"..


" അതേ... ഞാനാണ്.. ഞാൻ മാത്രമാണ് തീരുമാനം എടുക്കേണ്ടത്.. എന്റെ ഇഷ്ടമാണ് വീട്ടുകാർ അംഗീകരിക്കുന്നത്.. ബട്ട്.. ഫിലിപ്പിന്റെ വീട്ടുകാർ സമ്മതിച്ചില്ലെങ്കിലോ?.. വാട്ട് വിൽ യു ഡു "!... മേഴ്സി ചോദിച്ചു.


" ദാറ്റ് ഐ ക്യാൻ മാനേജ് "...


" ഫിലിപ്പ്... നിങ്ങൾ എന്നെക്കാൾ എട്ട് വയസ്സിന് ഇളപ്പമാണ്... ദാറ്റ് ഈസ് എ ബിഗ് ഡി ഫ്രൻസ് "...


" മേഴ്സി.. പ്രായം കേവലം.. ബാഹ്യവും.. ശാരീരികവുമായ ക്ഷമതയെ ബാധിക്കുന്നതാണ്... അതിന് പരസ്പരമുള്ള സ്നേഹത്തെ യോ.. മാനസീകമായ അടുപ്പത്തയോ ജീവിതത്തിന്റെ സന്തോഷത്തെയോ ബാധിക്കാനാവില്ല... നമ്മൾ രണ്ടാളും ജീവിക്കാൻ പോകുന്നത് സാമൂഹികമായി പക്വതയുളള ഒരു സമൂഹത്തിനൊപ്പമല്ലേ?.."


" ഫിലിപ്പ് നന്നായി സംസാരിക്കുന്നു.. ഒരു വാഗ്മിയെപ്പോലെ.. ശരിയാണ് പറഞ്ഞതത്രയും... ഒരു ചോദ്യം കൂടി... എന്റെ മക്കളെ നമ്മുടെ മക്കളായി അംഗീകരിക്കാനും.. സ്നേഹിക്കാനും താങ്കൾക്ക് കഴിയുമോ"?... ഹ്രദയത്തിൽ നിന്നുള്ള ഒരു ഉത്തരമാണ് ഞാൻ ആഗ്രഹിക്കുന്നത്.. ആലോചിച്ച് പറഞ്ഞാൽ മതി.. തിടുക്കം വേണ്ട".. മേഴ്സിയുടെ വാക്കുകൾ വികാരഭരിതമായിരുന്നു.


" ഈ ചോദ്യത്തിനുള്ള മറുപടി.. വാക്കുകളിലൂടെ സത്യസന്ധമാകില്ല മേഴ്സീ... അതു പ്രവൃത്തിയിലൂടെയെ മനസ്സിലാവുകയുള്ളൂ "...


" ഇനഫ്... അതു മതി... നിങ്ങൾക്ക് അതിന് കഴിയും... എനിക്കതറിയാം.. അയാം ക്വയറ്റ് സാറ്റിസ് ഫൈഡ്"... മേഴ്സി പൂത്തുലഞ്ഞു ചിരിച്ചു.


" വൺ മോർ തിംങ്ങ്... പ്രായവ്യത്യാസത്തിന്റെ കാര്യം... തൽക്കാലം നമ്മൾ രണ്ടാളും മാത്രം അറിഞ്ഞാൽ മതി "... എനിക്ക് താങ്കളെ ഒരുപാട് ഇഷ്ടായി.. ഈ രൂപവും ഭാവവും.. തുറന്ന സംസാരവും.. കുടുംബത്തോടുള്ള നിങ്ങളുടെ പ്രതി ബദ്ധതയും ഞാൻ അങ്ങേയറ്റം ബഹുമാനിക്കുന്നു....

പ്രൊസീഡ് ചെയ്തോളൂ "... മേഴ്സി സന്തോഷവതിയായിരുന്നു.


ഫോൺ നമ്പർ കൈമാറി.. പരസ്പരം കരം കവർന്ന് പുറത്തേക്കിറങ്ങി.. ഞങ്ങൾ രണ്ടാളും തൃപ്തരാണെന്നറിഞ്ഞ വക്കച്ചൻ മുതലാളി പിന്നിടുള്ള കാര്യങ്ങൾ സംസാരിക്കാൻ വീട്ടിലേക്ക് വരാൻ സമയം അറിയിക്കാമെന്ന് പറഞ്ഞ് ഞങ്ങൾ യാത്ര പറഞ്ഞിറങ്ങുമ്പോൾ.. മേഴ്സിയുടെ മുഖത്ത് നിറഞ്ഞ ചിരി പടർന്നിരുന്നു.


" ഇൻന്റെർവ്യൂ എങ്ങിനെയിരുന്നു ഇച്ചായാ?.. നീതുവും നീനയും ചോദിച്ചു.


" നന്നായിരുന്നു... പ്രതീക്ഷയുണ്ട് "


" ഔതേനെ എവിടുന്ന് കിട്ടി.. നീ എന്നാ പിന്നേം ചെറുക്കനെ തപ്പി ഇറങ്ങീതാണോ?.. അമ്മ


ഔത കൊച്ചപ്പനും കൂടെ പോന്നിരുന്നു.. വീട്ടിൽ ഇന്നുതന്നെ കാര്യങ്ങൾ പറയണം... ഞാനും കൂടെ വരാമെന്ന് പറഞ്ഞ് പുള്ളിക്കാരനും കൂടെ പോരുകയായിരുന്നു.


ഇനിയുള്ള കാര്യങ്ങൾ എങ്ങിനെ നീക്കണം എന്നതിനെക്കുറിച്ച് ഒരു വ്യക്തത കൈവരിച്ചിരുന്നു. എലിസബത്തിനെ എങ്ങിനെ നേരിടും , അതു മാത്രമായിരുന്നു വെല്ലുവിളി... ആ നിമിഷങ്ങൾ എങ്ങിനെ തരണം ചെയ്യും.. ഞാൻ എത്ര ക്രൂരനാണ്!!! സ്നേഹിച്ച പെണ്ണിനെ ഒരു നിമിഷം കൊണ്ട് മറന്നിട്ട് മറ്റൊരുവളെ സ്വന്തമാക്കുക... അവൾ എങ്ങിനെ പ്രതികരിക്കും.. അരുതാത്തത് എന്തെങ്കിലും!!! ഇല്ല ഒരിക്കലും അവൾ അത് ചെയ്യില്ല... ഈ ഭൂമിയിൽ അവൾ എന്നെ മനസ്സിലാക്കുന്നത് പോലെ മറ്റാർക്കും കഴിയില്ല...എന്റെ നിസ്സഹായത അവൾ മനസ്സിലാക്കും...


" ഈ ഇച്ചായന് എന്തുപറ്റി?... ഒരുമാതിരി പൊട്ടൻ കടിച്ച പോലെ..." രാത്രിയിൽ ഭക്ഷണം കഴിക്കാനിരുന്നപ്പോൾ പെൺകുട്ടികൾ വീണ്ടും ചോദ്യം ആവർത്തിച്ചു.


ഭക്ഷണമേശയിൽ ഇരുന്ന് തന്നെ ഔത കൊച്ചപ്പൻ  വള്ളിപുള്ളി വിടാതെ കാര്യങ്ങൾ എല്ലാവരോടുമായി പറഞ്ഞു.. ആരുമാരും ഒന്നും മിണ്ടുന്നില്ല... എല്ലാവരും പരസ്പരം നോക്കുന്നു. അമ്മ തലയ്ക്കു കൈ കൊടുത്തിരിക്കയാണ്...


" നിങ്ങൾ എന്നാ ആരും ഒന്നും മിണ്ടാത്തെ... സംഗതി സീരിസാ" ഔത ക്കൊച്ചപ്പൻ നിശബ്ദത ഭേദിച്ചു.


" രണ്ടാം കെട്ടും രണ്ടു കുട്ടികളും... തനിക്ക് മൂത്ത പെണ്ണ്... നാട്ടുകാരും വീട്ടുകാരും എന്തു പറയുമെടാ ".. അമ്മ ദയനീയമായി എന്നെ നോക്കി.


" നാട്ടുകാരും വീട്ടുകാരുമാണോ അവന്റെ കാര്യം തീരുമാനിക്കുന്നെ.. എന്നട്ട്... ഇപ്പോ നിങ്ങടെ ഒരു വീട്ടുകാരേം ഞാൻ കാണുന്നില്ലല്ലോ..അവന് ഇഷ്ടം അതാണെങ്കി നടക്കട്ടെ ചേട്ത്തി... കുടുമ്പോം രക്ഷപെടും".. ഔത കൊച്ചപ്പൻ രോക്ഷത്തോടെ പറഞ്ഞു.


" അവന് ഇഷ്ടായിട്ട് ഒന്നും ചെയ്യുന്നതല്ല എന്ന് എനിക്കറിയാം.. ഈ കുടുംബത്തിനു വേണ്ടി അവൻ ത്യാഗം ചെയ്യണതാ... അവന്റെ ഇഷ്ടം എനിക്കറിയാത്തതല്ലല്ലോ... രണ്ടാം കല്യാണം പോട്ടേന്ന് വെയ്ക്കാം.. പക്ഷേ തകി തി കിന്ന് രണ്ടു പിള്ളേരുമില്ലേ... ഇവന് അത്രക്കൊള്ള പ്രായം വല്ലതുമായോ.. അവൻ കൊച്ചല്ലേടാ അവതേ"... അമ്മ ഉള്ളം കലങ്ങി പറഞ്ഞു.


" ഇച്ചായാ.. അപ്പോ എലിസബത്ത്?.. അർത്ഥഗർഭമായി നീന ചോദിക്കുന്നു.


അമ്മയേയും പെങ്ങൻ മാരെയും കാര്യം പറഞ്ഞ് മനസ്സിലാക്കി സമ്മതിപ്പിച്ചു ഔത കൊച്ചപ്പൻ.


" ഇതൊരു കച്ചിത്തുരുമ്പാ.. അവൻ ഒരു കര പറ്റെട്ടെ..."... കൊച്ചപ്പൻ കരുത്ത് പകർന്നു.


ഇനി എലിസബത്താണ്...


മനസ്സിന്റെ മൃദുല വികാരങ്ങളെ അകറ്റി നിർത്തിക്കൊണ്ട് കരുത്താർജ്ജിച്ചു കൊണ്ടിരുന്ന ദിനങ്ങൾ ഒന്നിൽ... മനസ്സിൽ എഴുതി ചിട്ടപ്പെടുത്തിയ വാക്കുകളുമായാണ് എലിസബത്തിന്റെ അരികിൽ എത്തിയത്.


വെയിൽ ചാഞ്ഞ ആ സായഹ്നത്തിൽ കടൽക്കരയിലെ പഞ്ചസാര മണലിൽ... അവളുടെ മൃദുലാംഗുലികൾ അവ്യക്തമായ ചിത്രങ്ങൾ വരയ്ക്കുകയും മായ്ക്കുകയും ചെയ്തു കൊണ്ടിരുന്നു. അകത്ത് തിങ്ങി നിറയുന്ന ഗദ്ഗദം പുറത്തേക്ക് വരാതെ വീർപ്പ് മുട്ടുന്ന ആ മുഖത്തേക്ക് ഒന്നുകൂടി നോക്കാൻ ഞാൻ ധൈര്യപ്പെട്ടില്ല... പെയ്യാൻ വെമ്പി നിൽക്കുന്ന മഴമേഘം പോലെ.. തരളമായ ആ ഹൃദയത്തിന്റെ വിങ്ങൽ... ഒരു വിതുമ്പലായി പൊട്ടി ഒഴുകി... അത് ഒരു പേമാരി പോലെ കണ്ണുകളിൽ ആർത്ത് പെയ്തു. എന്റെ ചുമലിലേക്ക് ചാഞ്ഞ് വന്ന അവളെ ഞാൻ കൈ കൊണ്ട് ചേർത്തണച്ചു. കണ്ണിർ... തുള്ളിക്ക് ഒരു കുടമായി പെയ്തിറങ്ങുകയായിരുന്നു. ഒടുവിൽ.... അണമുറിഞ്ഞൊഴുകിയ... സങ്കടക്കടൽ ശാന്തത കൈവരിച്ചു..

 പൂഴി മണ്ണിൽ വീണുടഞ്ഞ ആ കണ്ണീർമുത്തുകൾ.. രക്ത തുള്ളികൾ പോലെ കാണായ് വന്നു... ഒടുവിൽ മുഖം ഉയർത്തി അവൾ എന്നെ നോക്കി... കണ്ണീരിൽ നനഞ്ഞ ആ മുഖം.... എന്റെ ഹ്രദയത്തിൽ നീറ്റലായി മാറി....


" എന്നെ ശപിക്കരുത് എലിസാ... മറ്റൊരു വഴിയും ഞാൻ കണ്ടില്ല...ഞാൻ എന്നെ തന്നെ ബലി കൊടുക്കുകയാണ്... കുടുംബത്തിനു വേണ്ടി..."


" ഫിലിപ്പോച്ചാ... എനിക്ക് മനസ്സിലാകും നിങ്ങളെ മറ്റാരെക്കാളും ഉപരിയായി... പതിമൂന്ന് വയസ്സിൽ തോന്നിയ ഇഷ്ടം... ആ ഇഷ്ടത്തിന് അന്ന് എനിക്ക് നിർവ്വചനം അറിയില്ലായിരുന്നു... പോകെ.. പോകെ... അതിന് നിറം വച്ചു തുടങ്ങി.. ചിറകുകൾ മുളച്ചു... എന്റെ ആത്മാവിലേക്കത്.... ആവഹിച്ചെടുത്തു ഞാൻ... എന്റെ ഹ്രദയാഗ്നിയിൽ സ്ഫുടം ചെയ്തു.. ഒരു ചെറു ചിമിഴിനുള്ളിൽ ഇന്നുവരേ സൂക്ഷിക്കുകയായിരുന്നു.... അതാണിവിടെ ഈ കടൽക്കരയിൽ വീണുടഞ്ഞത്......,. സാരല്ല്യാ.... എനിക്ക് താങ്ങാൻ പറ്റും... നമുക്കിടയിൽ വില്ലനായ് വന്നത്.... പ്രാരാബ്ദങ്ങളും, ഉത്തരവാദിത്തങ്ങളുമാണ്... നാലു സഹോദരങ്ങളേയും അമ്മയേയും ഈ ചിറകിനടിയിൽ കാത്തു സൂക്ഷിക്കാൻ വെമ്പുന്ന ഈ മനസ്സുണ്ടല്ലോ... ഞാൻ അത് കാണുന്നുണ്ട്... ആ മനസ്സിൽ എനിക്ക് തന്ന സ്ഥാനവും ഞാൻ അറിയുന്നുണ്ട്... ഫിലിപ്പോച്ചന് തരാൻ... എന്റെ കൈയ്യിൽ ഒന്നുമില്ല... സ്നേഹമല്ലാതെ... എല്ലാ ഇഷ്ടങ്ങളും സാക്ഷാത്ക്കരിക്കപ്പെടണമെന്നില്ല...

ഞാൻ വഴി മാറിത്തരും... ഫിലിപ്പോച്ചന് വേണ്ടി... ആ കുടുംബത്തിന് വേണ്ടി... അതല്ലേ അങ്ങേയ്ക്കായി... എനിക്ക് തരാൻ കഴിയുന്ന വലിയ സ്നേഹം... എല്ലാം മറക്കണം... ഇന്നലെ കണ്ട അവ്യകതമായ ഒരു സ്വപ്നം പോലെ...


" എലിസാ.... വിതുമ്പി നിന്ന ഞാൻ കൊച്ചു കുട്ടിയെപ്പോലെ കരഞ്ഞു...


" കരയരുത്... ഇത് ജീവിതത്തിന്റെ തത്വ ശാസ്ത്രമാണ്... ഇവിടെ ലോല വികാരങ്ങൾക്ക് സ്ഥാനമില്ല... യുക്തിയാണ് പ്രധാനം.. എന്നെ ഒരാളെ ചേർത്ത് നിർത്താൻ ശ്രമിക്കുമ്പോൾ ... നാല് സഹോദരങ്ങളും അമ്മയും അവരുടെ ഭാവിയുമാണ് പൊലിയുന്നത്... ഈ ദു:ഖം നമുക്ക് രണ്ടാൾക്കും മാത്രം ഉള്ളതാണ്... ഇതല്ലേ യഥാർത്ഥ പ്രണയം?.. സ്നേഹം..? ആത്മാർത്ഥത?.. ഞാൻ വഴി മാറിത്തരുമ്പോൾ... അല്ലേ ഫിലിപ്പോച്ചനോടുള്ള എന്റെ യഥാർത്ഥ സ്നേഹം വെളിപ്പെടുന്നത്."...


ഒരു തത്വ ജ്‌ഞാനിയെ പോലെ അവൾ സംസാരിക്കുന്നു... ഇതാണ് യഥാർത്ഥ പെണ്ണ്... സമാനതകളില്ലാത്ത പ്രണയം... തനി തങ്കം...


ടൗണിൽ നിന്ന് ഓട്ടോയിൽ കയറ്റി അവളെ യാത്രയാക്കുമ്പോൾ... അവളുടെ കണ്ണുകൾ വീണ്ടും രണ്ട് അരുവികളായി മാറുന്നുണ്ടായിരുന്നു. കൊതിച്ചതൊരാളെ... വിധിച്ചത് മറ്റൊരാളെ... ഇതാണ് ജീവിതം.


വിവാഹം കഴിഞ്ഞതിന്റെ രണ്ടാമത്തെ ആഴ്ച മേഴ്സിയും കുട്ടികളും തിരിച്ചു പോയി.


" മൂന്ന് മാസം... അതിനുള്ളിൽ ഫിലിപ്പ് എന്റെ അരികിൽ എത്തും".. മേഴ്സി ഉറപ്പ് പറഞ്ഞു. പോകുന്നതിന് മുൻപുള്ള രണ്ടാഴ്ച... മധു വിധു നാളുകൾ.. മേഴ്സി അവളുടെ ആദ്യ വിവാഹമെന്ന പോലെ സന്തോഷവതിയായിരുന്നു.. ഒരു പാട് സ്നേഹം തന്നു... ഇരുണ്ട് കൂടുന്ന കാർമേഘങ്ങളുള്ള ആകാശം... നക്ഷത്രങ്ങളും നിലാവുമില്ലാതെ... കൊള്ളിയാനും... ഇടി മുഴക്കങ്ങളുമുള്ള ആ രാത്രിയിൽ.. പുറത്ത് മഴ പെയ്ത് തുടങ്ങി.... മഴച്ചാറ്റൽ കണ്ട് കൊണ്ട് ജനാലയുടെ വാതിലുകൾ ചേർത്തടച്ചു... മേഴ്സിയെ ചേർത്തു പിടിച്ചപ്പോൾ... മഴ തകർത്ത് പെയ്യാൻ തുടങ്ങി... ആ രാത്രിയിൽ എന്റെ മനസ്സിൽ എലിസബത്ത് ഉണ്ടായിരുന്നില്ല... എട്ട് വയസ്സിന്റെ ചെറുപ്പം ഉണ്ടെന്ന് തോന്നിയില്ല... ഞരമ്പുകളിൽ രക്തമോടി .. സിരകളിൽ അഗ്നി പടർന്നു... മജ്‌ജയിൽ ഊറിക്കൂടിയ കാമരസം... ഓരോ അണുവിലും പടർന്നു കയറി... തിമിർത്തു പെയ്ത മഴയിൽ ഭൂമി പുളകിതയായി....


ഇതാണ് പുരുഷൻ... വണ്ട് ഏത് പൂവിലും മധു നുകരും.... മധുവിന് രുചി ഭേദങ്ങൾ ഇല്ലല്ലോ......


മൂന്നാമത്തെ മാസത്തിൽ തന്നെ ഞാനും ഷിക്കാഗോയിലെത്തി... ഒരു പുതിയ സംസ്ക്കാരത്തിലേക്ക് പറിച്ച നടപ്പെട്ടതിന്റെ അസ്വസ്ഥതകൾ.. മേഴ്സിയുടെ കരുതലിലും സ്നേഹത്തിനും മുൻപിൽ അലിഞ്ഞു പോയി. കുട്ടികൾ ആദ്യമൊക്കെ തെല്ലകലം കാണിച്ചെങ്കിലും അവർ പെട്ടെന്ന് എന്നോടടുത്തു.


" ഗ്യാസ് സ്‌റ്റേഷനിലും... റെസ്റ്റോറന്റിലും ഒന്നും ഞാൻ ഫിലിപ്പിനെ ജോലിക്ക് വിടില്ല... യു വെയിറ്റ് എ വൈൽ... ഗുഡ് ഓപ്പർച്ച്യൂണിറ്റി വിൽ കം ഫോർ യു ".. മേഴ്സി ചെറിയ പണികൾക്ക് ഒന്നും പോവാൻ എന്നെ അനുവദിച്ചില്ല. എന്റെ വീട്ടിലെ പ്രാഥമീകമായ സാമ്പത്തിക പ്രതിസന്ധികൾ എല്ലാം തന്നെ മേഴ്സി തീർത്തിരുന്നു. 


" ഫിലിപ്പ് ഒന്നിനും പ്രയാസപ്പെടരുത്.. സഹോദരിമാരുടെയും അനിയൻ കുട്ടന്റേയും പഠിപ്പും കാര്യങ്ങളുമൊക്കെ നമ്മൾ ഒരുമിച്ച് ചെയ്യും.. ഞാൻ കൂടെയുണ്ട്,".. മേഴ്സിയുടെ സ്നേഹ സാന്ത്വനങ്ങൾ എനിക്ക് കരുത്തേകി.


എലിസബത്തിന്റെ ഓർമ്മകളും... ഒരു വേദനയായി തന്നെ തുടർന്നു. വന്നതിനു ശേഷം ഒന്നുരണ്ടു തവണ വിളിച്ചിരുന്നു...


" വേണ്ട ഫിലിപ്പോച്ചാ... ഞാൻ എല്ലാം മറക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്... തിരുവനന്തപുരത്തെ ഒരു കോൺവെന്റ് സ്ക്കൂളിൽ ജോലി ശരിയായിട്ടുണ്ട്... താമസം അങ്ങോട്ട് മാറുകയാണ്"... ഒരിക്കൽ വിളിച്ചപ്പോൾ അവൾ പറഞ്ഞു.


" ഫിലിപ്പിന് മനസ്സിന് എന്തോ നല്ല പ്രയാസമുണ്ടല്ലോ.. എന്താത്.. എന്നോട് പറയാത്തതായി എന്തെങ്കിലും?... മേഴ്സി എന്റെ മനസ്സ് വായിച്ചെട്ടന്ന പോലെ ഒരിക്കൽ ചോദിച്ചു.


ഞാൻ ഒഴിഞ്ഞു മാറി...


മൂന്ന് മാസങ്ങൾക്ക് ശേഷം, ഇല്ലിനോയിസ് യൂണിവേഴ്സിറ്റിയിൽ  "റിസേർച്ചി സ്റ്റുഡൻസ് കോർഡിനേറ്ററായി ഞാൻ ജോലിക്ക് കയറി .


" യൂ ആർ ലക്കി മൈ ഡിയർ.. ഗോട്ട് എ ഗുഡ് ജോബ്... കെട്ടിപ്പിടിച്ചു കൊണ്ട് മേഴ്സി പറഞ്ഞു.


ജോലിയിൽ ജോയിൻ ചെയ്തതിനു ശേഷം എലിസബത്തിനെ വിളിച്ചിരുന്നു... ഫോണിന്റെ അങ്ങേ തലയ്ക്കൽ നിശബ്ദമായ അവളുടെ തേങ്ങൽ എന്നെ തളർത്തി. മറക്കണമെന്നും... മറ്റൊരു വിവാഹത്തിന് തയ്യാറാകണമെന്നും പറഞ്ഞപ്പോൾ... അവൾ ഒഴിഞ്ഞു മാറുകയായിരുന്നു.


ഞങ്ങളുടെ ആദ്യത്തെ വിവാഹ വാർഷികം, മേഴ്സി നന്നായി പ്ലാൻ ചെയ്തു.


" ഇപ്പോഴാണ് ഞാൻ കുടുംബ ജീവിതത്തിന്റെ സുഖം അറിയുന്നത്, ബോറനും... മദ്യപാനിയുമായിരുന്ന ആദ്യ ഭർത്താവിന്റെ ഓർമ്മ പോലും എനിക്ക് സുഖമുള്ളതല്ല".... മേഴ്സിയുടെ വാക്കുകളിൽ ആനന്ദത്തിന്റെ തിരത്തല്ലലുകൾ ഉണ്ടായിരുന്നു.


ത്വരിതമായ ഋതുക്കളുടെ കുടമാറ്റം...


ഒരു കുട്ടി വേണമെന്നുള്ള എന്റെ ആഗ്രഹം പലപ്പോഴായി... ഞാൻ അവളെ അറിയിക്കുന്നുണ്ടായിരുന്നു...


" രണ്ടു കുട്ടികൾ എന്റേതല്ലേ?.. അല്ലേ ഫിലിപ്പ്?... അതു ഫിലിപ്പിന്റേത് ആകുന്നില്ലല്ലോ... മേഴ്സി അൽപ്പം മുഷിഞ്ഞ പോലെ....


" ഞാൻ അങ്ങനെ കരുതിയിട്ടില്ല"...ന്നാലും എന്റെ ചോരയിൽ ഒരാൾ... ഏതൊരാളും അത് ആഗ്രഹിക്കുന്നതല്ലേ"....


ഞാൻ അത് പറഞ്ഞപ്പോൾ അവളുടെ മുഖത്തെ പ്രകാശം മങ്ങുന്നതും ചിരിമായുന്നതും വ്യക്തമായിരുന്നു.


" ഫിലിപ്പ് പോയിട്ട് വാ... ഞാനും പിള്ളേരും അടുത്ത പ്രാവശ്യം വരാം..."  വെക്കേഷന് പോകാൻ നേരം മേഴ്സി പറഞ്ഞു.. നാടിനോടുള്ള വൈകാരികത അവൾക്ക് അത്ര തീവ്രമൊന്നുമല്ലായിരുന്നു...


നാട്ടിലെത്തിയപ്പോൾ... മേഴ്സി വരാത്തതിന് അമ്മ പരിഭവിച്ചു. അവൾ അടുത്ത തവണ വരുമെന്ന് പറഞ്ഞ് അമ്മയെ ആശ്വസിപ്പിച്ചു.


" മേഴ്സിക്ക് എന്നാ " വിശേഷം ഒന്നുമായില്ലേ?... നാട്ടുകാരുടെ  "ക്ലീഷേ"... 


ഔത കൊച്ചപ്പന് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നു.... " നീ സന്തോഷായിരിക്കുന്നല്ലോ.. അതു മതി..."" നേരിൽ കണ്ടപ്പോൾ ഔത കൊച്ചപ്പൻ പറഞ്ഞു..  " ഞാൻ ഒരു കട ഇട്ടു തരാം കൊച്ചപ്പാ... പൈസാ ഞാൻ അയച്ചു തരാം".. 


എലിസബത്തിനെ തിരുവനന്തപുരത്ത് പോയി കണ്ടു.. മനസ്സിന്റെ അഗാധതയിലെവിടെയോ അണയാതെ ചാരം മൂടി കിടക്കുന്ന പ്രണയാഗ്നി അറിയാതെ നാവ് നീട്ടുന്നത് പലപ്പോഴും എനിക്ക് അനുഭവപെട്ടു.


" വേണ്ടാ ഫിലിപ്പോച്ചാ... അതിർ വരമ്പുകൾ ലംഘിച്ചുകൂടാ... സ്വയം നിയന്ത്രിക്കാനാവണം... ആ കനലുകൾ ജ്വലിക്കാൻ ഒരു ശ്വാസം മതി".. എലിസബത്ത് ഓർമ്മിപ്പിച്ചു.

" ഒരു കുഞ്ഞുണ്ടാവാത്തതു കൊണ്ടാ എന്നെ പൂർണ്ണമായും മറക്കാൻ കഴിയാത്തെ"..


അവധി കഴിഞ്ഞ് തിരികെയെത്തിട്ടും.. കുഞ്ഞിന്റെ കാര്യത്തിൽ മേഴ്സി പിന്നെയും അകന്നു മാറി..


" നമുക്ക് ഒരു ഡോക്ടറെ കൺസൾട്ട് ചെയ്താലോ?...  അതല്ല മേഴ്സി നാട്ടിൽ ചെന്നപ്പോൾ എല്ലാവരും ചോദിക്കുന്നു.. എനിക്ക് ഒന്നും പറയാനില്ല"...


നാലാമത്തെ ഞങ്ങളുടെ വിവാഹ വാർഷികത്തിന്റെ തലേനാൾ... വീട്ടിൽ വിളിച്ചപ്പോൾ ഔത കൊച്ചപ്പൻ മരിച്ചു പോയതറിഞ്ഞു... രണ്ടു മാസമായി കിടപ്പിലായിരുന്നു. എന്റെ മനസ്സൊന്നു പിടഞ്ഞു... എന്റെ വിധി മാറ്റിയെഴുതാൻ നിമിത്തമായിത്തീർന്ന എന്റെ ഔത കൊച്ചപ്പൻ.... സ്നേഹം മാത്രം മനസ്സിൽ സൂക്ഷിക്കുന്ന യഥാർത്ഥ മനുഷ്യൻ...


" മേഴ്സി... ഒഴിഞ്ഞു മാറുന്നതെന്താ?.. ഒരു കുഞ്ഞു കൂടി മേഴ്സിക്ക് ഇഷ്ടമല്ലേ?.. അതോ...


" പ്ലീസ് ഫിലിപ്പ്... ഒന്നു നിർത്തുമോ?.. അവളുടെ ശബ്ദം ഇടറിയിരുന്നു.


പിറ്റേന്ന് മേഴ്സിക്ക് മോർണിങ് ഡ്യൂട്ടിയായിരുന്നു. ഞാനും ഓഫീസിൽ പോകാനൊരുങ്ങവെ ഡ്രസ്സിംങ് ടേബിളിന് മുകളിൽ ഒരു ഫയൽ കിടക്കുന്നത് കണ്ട് വെറുതെ എടുത്ത് നോക്കി... വർഷങ്ങൾക്കു മുൻപുള്ള മേഴ്സിയുടെ ഹോസ്പിറ്റലിലെ ഒരു ഫയൽ.. അതുവരെ കാണാതിരുന്ന ഫയൽ തുറന്ന് വായിച്ചു നോക്കി... മേഴ്സി  "ഹിസ്ട്രക്റ്റമിക്ക് "വിധേയയായതും... ഗർഭപാത്രം നീക്കം ചെയ്യുന്നതിന് വേണ്ടിയുള്ള റിപ്പോർട്ടുകൾ അടങ്ങിയ വിവരങ്ങൾ...


മനസ്സിലെ സൂര്യൻ അസ്തമിച്ചു... ഇരുൾ പരക്കുന്നതും... മാനത്ത് നക്ഷത്രങ്ങൾ മിഴി ചിമ്മുകയും പെട്ടെന്ന് മറയുകയും ചെയ്തു.


മേഴ്സിക്ക് ഇനി ഒരിക്കലും ഒരമ്മയാവാൻ കഴിയില്ല... താൻ വഞ്ചിക്കപ്പെട്ടു... ദേഷ്യവും ദുഖവും എന്നെ തളർത്തി.. ഒരച്‌ഛനാകാനുള്ള എന്റെ മോഹങ്ങൾ പൊലിഞ്ഞു...


ഡ്യൂട്ടി കഴിഞ്ഞ് തിരികെ വന്ന മേഴ്സി മുഖം തരാതെ മാറി മാറി നിന്നു. പരസ്പരം കാണാതിരിക്കാൻ ശ്രമിച്ചു. ഒടുവിൽ കിടപ്പ് മുറിയിൽ നേർക്ക് നേർ... നാല് കണ്ണുകൾ പരസ്പരം കൊരുത്തുനിന്നു.


" യൂ ചീറ്റഡ് മീ.. എന്നോട് പറയാതെ ഇതുവരെ മറച്ചു പിടിച്ചു..." കരച്ചിലിന്റെ വക്കോളമെത്തിയ എന്റെ വാക്കുകൾ.. അവൾ കൈ കൊണ്ട് തടഞ്ഞു.


" യെസ് ഐ ഡിഡ്... ബിക്കാസ് ഓഫ് യൂ.. പറയണമെന്ന് പലവട്ടം ഞാൻ ശ്രമിച്ചതാണ്... പക്ഷേ... നീ എന്നെ വിട്ട് പോകുമോ എന്ന ഭയം.. ഞാനും സ്വാർത്ഥയായിരുന്നു...  എനിക്ക് നിന്നെ വേണമായിരുന്നു ഫിലിപ്പ്... ആദ്യ കാഴ്ചയിൽ തന്നെ ഞാൻ പറയാൻ ഒരുങ്ങിയതാണ്... നീ പിൻമാറിയാലോ എന്ന എന്റെ ഭയം... അതുകൊണ്ടാണ് ഞാൻ മറച്ചുവച്ചത്.. ഞാൻ നിന്നെ വില തന്നു വാങ്ങുകയായിരുന്നു.. ഒരു കുഞ്ഞിനെ ഒഴികെ എനിക്കുള്ളതെല്ലാം നിനക്കാണ്... എനിക്ക്.. എനിക്ക്.. നിന്നെ പിരിയാനാവില്ല... നീ കൂടാതെ ഇനി എനിക്ക് ജീവിക്കാനാവില്ല ഫിലിപ്പ്.".. മേഴ്സി അലറിക്കരഞ്ഞു.


ഒന്നു ശാന്തമായപ്പോൾ... അവൾ എന്നോട് ചോദിച്ചു...


" ഫിലിപ്പ്.. യു വാൺഡ് ഡിവോഴ്സ് മീ?"..


മറ്റൊരു വിവാഹം കഴിച്ചോളൂ.. ഒരു കുഞ്ഞിന് വേണ്ടി.. ഞാൻ തടസ്സമായി നിൽക്കില്ല"...


" ഇല്ല മേഴ്സി എനിക്ക് മേഴ്സിയെ പിരിയാനാവില്ല..."


ജോക്കുട്ടന്റെ മെഡിക്കൽ അഡ്മിഷന് വേണ്ടി വീണ്ടും ഞാൻ നാട്ടിലെത്തി.... സ്ഥിരം ചോദ്യങ്ങൾ ഭയന്ന് കഴിവതും.. ആരെയും കാണാൻ നിന്നില്ല...


തിരക്കൊഴിഞ്ഞപ്പോൾ എലിസബത്തിനെ കാണാണായി തിരുവനന്തപുരത്തെത്തി...

" നീ ഇങ്ങനെ നിൽക്കുന്നതാണ് എന്റെ ഏറ്റവും വലിയ വേദന".. ആ പ്രാവശ്യം കണ്ടപ്പോൾ ഞാൻ പറഞ്ഞു.


" ഒരു പുരുഷന് എല്ലാം വേഗത്തിൽ മറക്കാൻ കഴിയും... എന്നാൽ യഥാർത്ഥ ഒരു സ്ത്രീക്ക് അതിന് കഴിയല്ല ഫിലിപ്പോച്ചാ... ഞാൻ എന്റെ ഓർമ്മകളിൽ ജീവിച്ചോളാം"... അവളുടെ ദു:ഖത്തിന്റെ തീവ്രത ഒട്ടും കുറഞ്ഞിട്ടില്ല... ശരിയല്ലേ അവൾ പറഞ്ഞത്.. ഞാൻ എത്ര പെട്ടെന്നാണ് മേഴ്സിയിൽ അലിഞ്ഞു ചേർന്നത്... പക്ഷ.. എലിസബത്തോ?.


" ഞാൻ നിന്നെ വഞ്ചിക്കുകയായിരുന്നു, സ്വാർത്ഥമായി ചിന്തിച്ചു. പണക്കാരനാവാൻ കുറുക്കുവഴികൾ തേടി... ഞാൻ എന്നെക്കുറിച്ച് മാത്രമെ ചിന്തിച്ചുള്ളൂ... നിന്നെ ഞാൻ ബോധ പൂർവ്വം ഒഴിവാക്കുകയായിരുന്നില്ലേ... ഞാൻ കാരണമല്ലേ നീ ഇങ്ങനെയായത്... നിനക്ക് ജീവിതം ഇല്ലാതെ പോയത്... നി എന്നിക്ക് വേണ്ടി സ്വയം ത്യജിക്കുന്നു.. എനിക്ക് ഒരു അച്ഛനാവാൻ കഴിയാതെ പോയത് നിന്റെ കണ്ണുനീർ എന്നിൽ അറിയാതെ ശാപാക്‌ഗ്നിയായി പതിച്ചതല്ലേ.".. വികാര  വിക്ഷോഭങ്ങങ്ങളുടെ കെട്ടഴിഞ്ഞു എലിസബത്തിന് മുന്നിൽ ഞാൻ തേങ്ങി കരയുകയാണ്.


" അങ്ങനെ പറയരുത് ഫിലിപ്പോച്ചാ... സ്നേഹിക്കുന്ന ആൾക്ക്  അയാളുടെ ആവശ്യം അറിഞ്ഞ് കൊടുക്കുന്നതല്ലേ യഥാർത്ഥ സ്നേഹം... ഞാൻ അതല്ലേ ചെയ്തിട്ടുള്ളൂ... അത് കാരണം എത്ര ജീവിതങ്ങളാണ് കരപറ്റിയത്.. നീനയുടെയും അലക്സിന്റേയും വിവാഹം നടന്നില്ലേ... ടീന യു.കെ.യിൽ എത്തി... നീതു..

 സി.എ ചെയ്യുന്നു... ഇപ്പോൾ ജോക്കുട്ടൻ മെഡിസിന് ചേരുന്നു...

ചിലത് നേടുമ്പോൾ ചിലത് നഷ്ടമാകും... ഫിലിപ്പോച്ചനോടൊപ്പം .. ഒരു നിഴലായി... കാണാമറയത്ത് ഞാൻ എന്നും ഉണ്ടാകും. മേഴ്സി ചേച്ചിയെ ഒരിക്കലും വേദനിപ്പിക്കരുത്... അവർ കുട്ടികളുണ്ടാകില്ല എന്ന കാര്യം മറച്ചുവച്ചത് മനപ്പൂർവ്വമല്ല... അങ്ങനെയെങ്കിൽ നമ്മുടെ കാര്യം ഫിലിപ്പോച്ചൻ അവരോട് ഒളിച്ചില്ലേ... മനുഷ്യർ അങ്ങനെയാണ്.. ചില ചില കാര്യങ്ങളിൽ സ്വാർത്ഥരാണ്..".. എലിസബത്തിന്റെ വാക്കുകൾ സ്നേഹപൂർവ്വമുള്ള ഒരു ശാസനപോലെയായിരുന്നു


" എന്റെ ചോരയിൽ പിറന്ന ഒരു കുഞ്ഞ്.. ഈ ജന്മം എനിക്ക് വിധിച്ചിട്ടില്ലല്ലോ... എലിസബത്ത്'...


" നമുക്ക് ഒരു യാത്ര പോയാലോ?.. ഫിലിപ്പോച്ചന്റെ മനസ്സും ഒന്നു ശാന്തമാകട്ടെ"... എലിസബത്ത് പഴയതു പോലെ ചിരിച്ചു. " ഞാൻ രണ്ടു ദിവസം ലീവെടുക്കാം"..


" പോകാം"... രണ്ടു ദിവസത്തേക്ക് ഞാൻ മേഴ്സിയെ മറന്നു.... കഴിഞ്ഞ നാലു വർഷങ്ങളിൽ സംഭവിച്ചതെല്ലാം മറന്നു.... പഴയ ഫിലിപ്പും... അവൾ എലിസബത്തുമായി മാറി... ലോകത്തിന്റെ ഒരു ഒഴിഞ്ഞ കോണിൽ... എല്ലാവരിൽ നിന്നുമകന്ന്... പ്രകൃതിയുടെ സ്വച്ഛതയിൽ... എല്ലാ വേദനകളും മറന്ന്... ജന്മാന്തരങ്ങളിലൂടെ ഞങ്ങൾ വീണ്ടും പ്രണയിച്ചു... മനസ്സും ശരീരവും പങ്കു വയ്ക്കപ്പെട്ടു.. എന്റെ ശ്വാസങ്ങളിൽ അവളുടെ നിശ്വാസങ്ങൾ അലിഞ്ഞുചേർന്ന് ഇല്ലാതെയായി.....


" സോറി... എലിസാ... സംഭവിച്ചു പോയി... നിയന്ത്രിക്കാനായില്ല..". കുറ്റബോധത്തോടെ ഞാൻ പറഞ്ഞു


" സാരല്ല്യ... സാരല്ല്യ... ഫിലിപ്പോച്ചാ.. അവളുടെ മുഖത്ത് നിഗൂഡമായ ഒരു മന്ദഹാസം വിടർന്നുനിന്നു.


തിരിച്ച് ഷിക്കാഗോയിൽ എത്തി.. മേഴ്സിയെ അഭിമുഖീകരിക്കാൻ കുറ്റബോധം തോന്നി... ഞാൻ ഒരു നിമിഷത്തേക്ക് മേഴ്സിയെ മറന്നിട്ടല്ലേ... എലിസബത്തിനോടൊപ്പം...


" ഫിലിപ്പിന് എന്നോട് വെറുപ്പ് തോന്നുന്നുണ്ടോ?... മേഴ്സി ചോദിച്ചു.


" ഇല്ല മേഴ്സി... ഞാൻ യാഥാർത്ഥ്യവുമായി പൊരുത്തപ്പെട്ടു കഴിഞ്ഞു... എനിക്ക് മേഴ്സിയാണ് വലുത്... "


" എനിക്കും.. മറ്റെന്തിനേക്കാളും വലുതാണ് ഫിലിപ്പ്".. വികാരവായ്പ്പോടെയുള്ള മേഴ്സിയുടെ വാക്കുകൾ കണ്ണു നനയിച്ചു.


എലിസബത്തിനെ വിളിക്കാൻ മനസ്സ് നിർബന്ധിച്ചു കൊണ്ടിരുന്നതിൽ ഒരു ദിവസം... ഓഫീസിൽ നിന്നും അവളെ വിളിച്ചു..." ഫിലിപ്പോച്ചാ... ഞാൻ കോൾ പ്രതീക്ഷിച്ചിരുന്നു... എ ഗുഡ് ന്യൂസ് ഫോർ യൂ... ഐ കൺ സീവ്ഡ്..."


ഞാൻ ചില നിമിഷങ്ങൾ ചലനമറ്റു നിന്നു.. എന്താണി കേൾക്കുന്നത്..


" എലിസാ.. വാട്ട് ടു ഡു ദെൻ?.. എന്റെ ശബ്ദത്തിന്റെ പതർച്ച അറിഞ്ഞിട്ടാവണം അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു...


" ഡോൺഡ് വറീ... ഐ ക്യാൻ മാനേജ്"..


" എങ്ങിനെ?... നീ എങ്ങിനെ മാനേജ് ചെയ്യും?..


" ഞാൻ പ്രസവിക്കും.. ഫിലിപ്പോ ച്ചന്റെ കുഞ്ഞിനെ.. എന്നിട്ടു വളർത്തും"... തെല്ലും കൂസലില്ലാത്ത എലിസബത്തിന്റെ ശബ്ദം അങ്ങേ തലയ്ക്കൽ.


അവിവാഹിതയായ ഒരു പെൺകുട്ടി ഗർഭിണിയാകുകയും.. പ്രസവിക്കുകയും ചെയ്യുന്നത് സമൂഹം എങ്ങിനെ അംഗീകരിക്കും...


" ഞാൻ ചെയ്യാൻ പോകുന്ന കാര്യത്തെക്കുറിച്ച് എനിക്ക് വ്യക്തമായ ധാരണകൾ ഉണ്ട്.. ഫിലിപ്പോച്ചൻ സമാധാനമായിരിക്കണം".. എലിസബത്ത് സമാധാനിപ്പിച്ചു.


എന്റെ ആധി വ്യാധിയായി പരിണമിക്കുന്നു... എലിസബത്ത് എന്തു ചെയ്യും... ഞാൻ എങ്ങിനെ അവളെ സഹായിക്കും.. മേഴ്സി അറിഞ്ഞാൽ... വീട്ടുകാരും.. നാട്ടുകാരും അറിഞ്ഞാൽ... ഉള്ളു തുറന്ന് ആരോട് പറയും...


എലിസബത്തിന്റെ ഡ്യൂ ഡെയിറ്റിനോടടുത്ത് നാട്ടിൽ പോകാൻ തീരുമാനിച്ചു... മേഴ്സിയോട് എല്ലാം തുറന്ന് പറഞ്ഞാലോ എന്ന് ചിന്തിച്ചു... രണ്ടു മൂന്ന് പ്രവശ്യം ശ്രമിച്ചെങ്കിലും ധൈര്യം കിട്ടിയില്ല... എന്നിലെ മാറ്റം മേഴ്സിക്ക് മനസ്സിലാകാതിരിക്കാൻ നന്നേ വിഷമിച്ചു. പക്ഷേ അവൾ എന്നെ നിരീക്ഷിക്കുന്നതു പോലെ പലപ്പോഴും തോന്നിയിരുന്നു.


" മേഴ്സി.. അടുത്തയാഴ്ച എനിക്കൊന്ന് നാട്ടിൽ പോകണം... ബാങ്കിലെ പഴയ ഒരു ഇഷ്യൂ സെറ്റിൽ ചെയ്യാനുണ്ട്"...


" ബാങ്കിലെ ഇടപാടുകളെല്ലാം നമ്മൾ തീർത്തതല്ലേ ഫിലിപ്പേ?... പിന്നെ ഇത് ഏത് ഇഷ്യൂ?... ഞാൻ വരണോ?..


" വേണ്ടാ ഞാൻ പോയിട്ട് വരാം.. ജെസ്റ്റ് ഫോർ എ കപ്പിൾ ഓഫ് വീക്ക്"..


തിരുവനന്തപുരത്തേക്കാണ് പോയത്.. എത്തിയതിന്റെ നാലാം ദിവസം എലിസബത്തിനെ അഡ്മിറ്റ് ചെയ്തു.. മേഴ്സിയോടും വീട്ടിലും പല കഥകൾ മെനഞ്ഞാണ് എലിസബത്തിനോടൊപ്പം നിൽക്കുന്നത്... അവളോടൊപ്പം... എല്ലാം അറിയുന്ന രണ്ടു കൂട്ടുകാരികൾ എല്ലാറ്റിനും സഹായമായി ഒപ്പമുണ്ട്... തീയിൽ ഉരുകുന്നത് പോലെ മനസ്സു ഉരുകിത്തിരുകയാണ്... എങ്ങനെ ഇത് തരണം ചെയ്യും... എന്തൊക്കെ ഇനി സംഭവിക്കും... എലിസബത്തിൽ ഒരു ഭാവഭേദങ്ങളും ഇല്ലായിരു... ഓരോ ദിവസവും... കരുത്താർജ്ജിക്കുന്നതുപോലെ... എവിടെ നിന്നാണ് ഈ ധൈര്യം... 


ഒരു വശത്ത് മനസ്സ് കലങ്ങിമറിയുന്നുവെങ്കിലും... എവിടെയോ സന്തോഷത്തിന്റെ തിരയിളക്കം... ഒരു കുഞ്ഞ് ജനിക്കാൻ പോകുന്നതിന്റെ ഉന്മാദം.. ഏതു പുരുഷനും അഭിമാനം തോന്നുന്ന നിമിഷം....


തലേ രാത്രിയിൽ എലിസബത്തിനെ ലേബർ റൂമിലേക്ക് ഷിഫ്റ്റ് ചെയ്തു..   വീർത്ത വയറുമായി സ്ട്രെച്ചറിൽകിടന്ന് ലേബർ റൂമിലേക്ക് പുറപ്പെടുമ്പോൾ അവൾ എന്റെ കൈ പിടിച്ചു ചുംബിച്ചു..


" ഫിലിപ്പോച്ചന്റെ സങ്കടം മാറാൻ പോകുവാ... സ്വന്തം ചോരയിൽ ഒരു കുഞ്ഞ്... ചിരിക്ക് ഫിലിപ്പോച്ചാ... "


പിന്നെ നിതാന്തമായ കാത്തിരിപ്പായിരുന്നു... ലേബർ റൂമിന് മുന്നിൽ.. യാമങ്ങൾക്ക് നൂറ്റാണ്ടുകളുടെ ദൈർഘ്യം...


" ഒന്നും ആയിട്ടില്ല... സമയം എടുക്കും.. നേരം പുലർന്നേയുണ്ടാകൂ"... പുറത്തേക്കിറങ്ങി വന്ന നേഴ്സ് പറഞ്ഞു.


രാത്രി വിട പറഞ്ഞു... നേരം പുലരുന്നു... " ഫിലിപ്പ് പോയി ഫ്രഷ് ആയിട്ട് വന്നോളൂ.. ഞങ്ങൾ ഇവിടെയുണ്ടല്ലോ"... എലിസബത്തിന്റെ കൂട്ടുകാരികൾ പറഞ്ഞെങ്കിലും.. പോകാൻ മനസ്സായില്ല.


" അൽപ്പം കോംപ്ലിക്കേറ്റഡാണ് അതാ സമയം എടുക്കുന്നത്... " പുറത്തേക്ക് വന്ന സിസ്റ്റർ പറഞ്ഞു.


മനസ്സിന്റെ നിയന്ത്രണം വിടുകയാണ്.. സമയം വീണ്ടും മുന്നോട്ട് നീങ്ങി.. പെട്ടെന്ന് വാതിൽ തുറന്നു..


" എലിസബത്തിന്റെ കൂടെയുള്ള താരാ.. വെളുത്ത തുണിയിൽ പൊതിഞ്ഞ ചോരക്കുഞ്ഞുമായി ഒരു സിസ്റ്റർ വാതിൽക്കലെത്തി ചോദിച്ചു...


" എലിസബത്ത് പ്രസവിച്ചു... പെൺകുഞ്ഞാ... ഇതാ..." കുഞ്ഞിനെ കൈയ്യിലേക്ക് തന്നുകൊണ്ടവർ പറഞ്ഞു.


വെള്ളത്തുണിയിൽ പൊതിഞ്ഞ കുഞ്ഞു മാലാഖയെ  വാങ്ങുമ്പോൾ.. കൈകൾ വിറച്ചു... എന്റെ മകൾ.. സന്തോഷം കൊണ്ട് ഞാൻ എല്ലാം മറന്നു.. വരാൻ പോകുന്ന പ്രത്യാഘാതങ്ങൾ മറന്നു.


"നിങ്ങൾ ഇവിടെ തന്നെ കാണണം.. പോകരുത്".. കുഞ്ഞിനെയും കൊണ്ട് തിരികെ പോകുമ്പോൾ സിസ്റ്റർ പറഞ്ഞു.


സന്തോഷവും ഉത്ക്കണ്ടയും ചേർന്ന സമ്മിശ്ര ഭാവങ്ങൾ തിങ്ങി നിറഞ്ഞ് വൈകാരിക നിമിഷങ്ങൾ കന്നുപോയ്ക്കൊണ്ടിരുന്നു.


" എലിസബത്തിന്റെ ഭർത്താവ് എവിടെ?"... ഓടിക്കിതച്ചെത്തിയ നേഴ്സ് എന്നെ അകത്തേക്ക് വിളിച്ചു.. " കുറച്ച് ക്രിട്ടിക്കലാണ് ... ബ്ലീഡിംങ്ങ് നിൽക്കുന്നില്ല... ഡോക്ടർ കാണണമെന്ന് പറയുന്നു... '


അകത്തേക്ക് ഓടുകയായിരുന്നു... ഡോക്ടേഴ്സും... നേഴ്സുമാരും തലങ്ങും വിലങ്ങും പരിഭ്രാന്തരായി ഓടുന്നു... വെപ്രാളത്തോടെ ഞാൻ അവളുടെ അരികിലെത്തി... വേദനയിൽ പുളയുന്ന അവൾ ഉറക്കെ കരയുന്നുണ്ടായിരുന്നു...


" എലിസാ... എന്റെ ശബ്ദം ഒരു കരച്ചിലായി പുറത്തേക്ക് വന്നു...


" പിലിപ്പോച്ചാ... നമ്മുടെ മോളേ കണ്ടില്ലേ.... സന്തോഷായില്ലേ... " ആ വേദനയിലും അവൾ എന്നെ നോക്കി ചിരിച്ചു... ഇനി ദു:ഖിക്കരുത്... എടുത്തോളൂ... അവളെ കൊണ്ടു പൊയ്ക്കോ... അവൾക്ക് "ജ്യൂവൽ " എന്ന് പേരിടണം... ഞാൻ പിലിപ്പോച്ചന് വേണ്ടിയാണ് ജീവിച്ചത്... പിലിപ്പോച്ചന്റെ സന്തോഷം എന്റെ സന്തോഷമായിരുന്നു... ആ ദുഖം എന്റെയും ദുഖമായിരുന്നു... ഞാൻ കൂടെയുണ്ടാകും... ഇനി നമ്മുടെ മകളിൽ എന്നെ കാണാം ഫിലിപ്പോച്ചന്...".. എന്നെ മുറുകെ പിടിച്ചിരുന്ന ആ കൈകൾ മെല്ലെ അയയുന്നു... വാക്കുകൾ.. വിറയാർന്ന ചുണ്ടുകളിൽ... പുറത്തേക്ക് വരാതെ അവസാനിക്കുന്നതും... ആ കണ്ണുകൾ മെല്ലെ മെല്ലെ അടയുന്നതും... വേദനയോടെ ഞാൻ നോക്കി നിന്നു....


" സോറീ ഫിലിപ്പ്... വി ആർ ഹെൽപ്പ് ലെസ്സ്".. ഡോക്ടർ തോളിൽ തട്ടി..


ഞാൻ ആഗ്രഹിച്ചത് എനിക്ക് തന്ന് അവൾ പറന്നകന്നു... ആരൊക്കയോ താങ്ങിപ്പിടിച്ച് എന്നെ പുറത്ത് കൊണ്ടുവന്നിരുത്തിയത് ഓർമ്മയുണ്ട്...പിന്നെ മഞ്ഞു മൂടുന്നതും... വെളുത്ത പഞ്ഞിക്കെട്ടു കണക്കെ മേഘങ്ങൾ... പാറി പോകുന്നതും.. ആ വെള്ള മേഘങ്ങൾ ഒന്നിൽ... വെളുത്ത ഗൗണും തലയിൽ ക്രൗണും അണിഞ്ഞ് അവൾ ചിരിച്ചു കൊണ്ട് കൈകൾ വീശി ... ഉയർന്നുയർന്നു പോകുന്നതും ഞാൻ കണ്ടു..


" ഫിലിപ്പ് കുട്ടി... ഫിലിപ്പ് കുട്ടി... ചിര പരിചതമായ ശബ്ദം... കണ്ണുകൾ മെല്ലെ തുറന്നു.. ഞാൻ എവിടെയാണ്.. കണ്ണുകളെ മൂടിയിരുന്ന ഇരുൾ.. മെല്ലെ മായുന്നതും... കാഴ്ച കൂടുതൽ വ്യക്തമാകുന്നു...


" കണ്ണു തുറന്നേ... ഞാനാണ് .. മേഴ്സിയാ...."


മേഴ്സിയുടെ പുഞ്ചിരി തൂകുന്ന മുഖം... ആ കണ്ണുകളിൽ വാത്സല്യം.. കൈകളുടെ സ്നേഹ സ്പർശം...


" മേഴ്സി... എന്റെ മകൾ...


" ഇവിടെയുണ്ട്... ദാ... കണ്ടില്ലേ... നമ്മുടെ മകൾ"...


"മേഴ്സി എങ്ങിനെ ഇവിടെ എത്തി?.. ജാള്യതയോടെ ഞാൻ ചോദിച്ചു..


" അതൊക്കെ പിന്നെ പറയാം"...


ജ്യൂവലിനെയും കൊണ്ട് ഷിക്കാഗോയിൽ എത്തുമ്പോൾ.. ഞാൻ പഴയ ഫിലിപ്പായി മാറിയിരുന്നു.. ഞാൻ മേഴ്സിയിൽ നിന്നും മറച്ച് പിടിച്ച എലിസബത്തിനെ.. ഞാൻ അറിയാതെ അവർ പരസ്പരം അറിഞ്ഞിരുന്നു... എനിക്ക് വേണ്ടി... ഓരോ കാര്യങ്ങളും എലിസബത്ത് മേഴ്സിയെ അറിയിച്ചിരുന്നു...


" ഫിലിപ്പ്... നി എന്റേതാണ്... ഈ ജന്മത്തിൽ എന്റെതു മാത്രം... വിധിയെ തടുക്കാൻ നമുക്കാവില്ല.. ജ്യൂവൽ നമ്മുടെ മകളാണ്... ഫിലിപ്പിന്റെ ചോരയും... എലിസബത്തിന്റെ മാതൃത്വവും".. മേഴ്സി  ഒന്നുകൂടി എന്നോട് ചേർന്നിരുന്നു...


" ഫിലിപ്പേ... എന്തൊരു ഇരുപ്പാ ഇത്.. ഇന്നലെ രാത്രിയിൽ ബെഡ് റൂമിൽ നിന്നെഴുന്നേറ്റ് പോന്നതല്ലേ... രാത്രി മുഴുവനും.. ഈ തണുപ്പും കൊണ്ട് സിറ്റൗട്ടിൽ... ഒരേയിരുപ്പ്.. വേഗം ചെന്ന് കുളിച്ച് റെഡിയാക്... പള്ളിയിൽ പോകണം.. ഞാൻ മോളെ വിളിക്കട്ടെ...". മേഴ്സി വന്നു വിളിച്ചപ്പോൾ ഒരു സ്വപ്നത്തിൽ നിന്നുണരുകയായിരുന്നു.. 


ഇന്ന് ജ്യൂവലിന്റെ ജന്മദിനം... എലിസബത്തിന്റെ ഓർമ്മ ദിവസം.


വെളുത്തതും ചുവന്നതുമായ പൂക്കൾ നിറയെ പൂത്തുലഞ്ഞ ബൊഗയിൻ വില്ലകൾക്ക് കീഴെ എലിസബത്തിന്റെ കല്ലറയ്ക്ക് മുൻപിൽ... വെളുത്ത റോസാ പുഷ്പങ്ങൾ അർപ്പിച്ച്.. മിഴികൾ പൂട്ടി ശാന്തമായ ധ്യാനത്തിൽ.. ഞാൻ അവളോട് മന്ത്രിച്ചു...

                            " എലിസാ... ഞാൻ വന്നു.. നമ്മുടെ മോളുമുണ്ട്... കണ്ടില്ലേ നീ... ഇന്നവൾക്ക് പതിനഞ്ചു വയസ്സു തികഞ്ഞു... നിന്നേ പോലെ തന്നെ അതേ കണ്ണുകൾ.. മൂക്ക്.. ആ ചുണ്ട്.. പല്ലുകൾ... എല്ലാം.. നിന്നെപ്പോലെ നന്നായി കഥയും കവിതയുമെഴുതും.. സ്കൂളിൽ ഫസ്റ്റാ... നീ കേൾക്കുന്നുണ്ടോ....... നീ എനിക്ക് എല്ലാം തന്നൂ... നിനക്ക് ഞാൻ ഒന്നും തന്നില്ലല്ലോ എലിസാ.... കണ്ണുകൾ നീർച്ചാലുകളാകുന്നു... ഇരു കരങ്ങളും കൊണ്ട് മേഴ്സി മോളെയും എന്നെയും ചേർത്തു പിടിച്ച് തിരികെ നടക്കുമ്പോൾ... ബൊഗയിൻ വില്ലയുടെ ചില്ലകളിൽ ചേക്കേറിയിരുന്ന   കിളികൾ ആർത്തു ചിലച്ചു.......

                           സജി ജോസഫ്