2019, സെപ്റ്റംബർ 30, തിങ്കളാഴ്‌ച

നരകത്തിലെ സംവരണം


                 നാട്ടില്‍ പ്രളയമായപ്പോള്‍ രക്ഷക്കായി മനുഷ്യന്‍ കാട്ടിലേക്കും മലയിലേക്കും കയറി. അവിടെയെത്തിയപ്പോഴാണ് മനസ്സിലായത് അവിടെ കാടും ,കനിയും മലയും ഒന്നും ബാക്കിയില്ലെന്ന്. നില്‍ക്കക്കള്ളിയില്ലാതെ തിരിച്ചെത്തി നോക്കുമ്പോള്‍ പ്രളയമുണ്ടായ പുഴയില്‍ വെള്ളവുമില്ല നാട്ടില്‍ വിളകളുമില്ല. ജീവിക്കാന്‍ മാര്‍ഗമില്ലാതെ വന്നപ്പോള്‍ മനുഷ്യന്‍  ദൈവത്തിന്‍റെ അടുത്തേക്കോടി . ആള്‍ക്കൂട്ടം ദൈവത്തെക്കാണാന്‍ അടികൂടിയപ്പോള്‍ കുറെപ്പേര്‍ക്ക് ദൈവം ദര്‍ശനം കൊടുത്തു . സങ്കടമുണര്‍ത്തിച്ചപ്പോള്‍ ദൈവവും കൈമലര്‍ത്തി . എന്‍റെ ജീവശ്വാസമൂതി നിങ്ങളെ സൃഷ്ടിച്ചതോടെ സൃഷ്ടിക്കാനുള്ള എന്‍റെ കഴിവ് നിങ്ങള്‍ക്കായി . നിങ്ങളുടെ സൃഷ്ടികള്‍ നശിച്ചെങ്കില്‍ അത് നിങ്ങളുടെ കര്‍മഫലം .ആദ്യം നിങ്ങള്‍ പോയി കാടും മലകളും പുഴകളും കായലും സൃഷ്ടിക്ക് മറ്റെല്ലാം താനേ വരും.

                     മെനക്കെടാന്‍ വയ്യാത്ത ഞാന്‍ ദൈവത്തെ വിട്ടു വീണ്ടും നാട്ടിലേക്കിറങ്ങി . ദൈവം പോലും കൈവിട്ട നിരാശയില്‍ വഴിയരുകില്‍ തളര്‍ന്നു വീണ  എന്‍റെ അടുത്തേക്ക് ഞാന്‍ ഭൂമി തട്ടിപ്പറിച്ച് കാട്ടിലേക്കോടിച്ച കാട്ടുവാസി കുമ്പന്‍ ഒരു മുളംകുറ്റിയില്‍ വെള്ളവുമായി വന്ന്  ദാഹം ശമിപ്പിച്ചു. എന്‍റെ കാഴ്ചപ്പാടില്‍ വിവരവും വിദ്യഭ്യാസവും ഇല്ലാത്ത യഥാര്‍ഥത്തില്‍ മനസ്സലിവുള്ള അവന്‍ എന്‍റെ അവസ്ഥ കണ്ട് പറഞ്ഞു തമ്പ്രാ...ഏന്‍ കൂടെ വാ ...ഉള്‍ക്കാട്ടിലെ ഏന്‍റെ ഊരില്‍ കായ്കനികള്‍ നിറയെ ഉണ്ട്  കുമ്പന്‍റെ മുന്‍പില്‍ കൊച്ചായ ഞാന്‍ ജാള്യം മറച്ച് ജീവിക്കാനുള്ള കൊതികൊണ്ട് അവന്‍റെ കൂടെ പോയാലോ എന്ന് ഒരു നിമിഷം ആലോചിച്ചെങ്കിലും ദുരഭിമാനം വിടാന്‍ വയ്യാത്തകൊണ്ട്  അവനെ ആട്ടിപ്പായിച്ചു. ആട്ടുകിട്ടിയിട്ടും തമ്പ്രാ ..ഈ മുളംകുറ്റിയിലെ വെള്ളം വെച്ചോ എന്നുപറഞ്ഞ അവനോട് , നിന്‍റെ വൃത്തികെട്ട മുളംകുറ്റിയുമായി സ്ഥലം വിടാന്‍ പറഞ്ഞു ഞാന്‍ യാത്ര തുടര്‍ന്നു . അധികദൂരമെത്തുംമുമ്പ് ബോധമറ്റ് തളര്‍ന്നുവീണ എന്നെ വിവരവും വിദ്യാഭ്യാസവും ധാരാളമുള്ള ഒറ്റയെണ്ണം തിരിഞ്ഞുനോക്കിയില്ല. അവസാനം കാലനയച്ച ഒരു ട്രെയിനീടെ കൂടെ ഞാന്‍ മേലോട്ടുപോയി. എത്തിയപാടെ എന്നെക്കൂട്ടാന്‍ ട്രെയിനിയെ വിട്ട കാലനോട് പരാതി പറഞ്ഞെങ്കിലും നിന്നെയൊക്കെ കൂട്ടാന്‍ എന്‍റെ പട്ടിയെയാണ് വിടേണ്ടിയിരുന്നതെന്ന ആക്രോശമാണ് കിട്ടിയത്. 

                    അവിടെത്തിയപ്പോഴാണ് അറിയുന്നത് മേലോട്ട് ചെല്ലുന്ന എല്ലാരേയും ആദ്യം ദൈവം ഇന്‍റര്‍വ്യൂ ചെയ്യൂന്ന് . ദൈവത്തിന്‍റെ  വലിയ കൊട്ടാരത്തിന്‍റെ പടികള്‍ കയറി പകുതിയെത്തിയതേ ദൈവം താഴേക്ക് വരുന്നത് കണ്ട് എന്നെ സ്വീകരിച്ചു കൂട്ടിക്കൊണ്ടു പോകാനാരിക്കും എന്ന് കരുതി സന്തോഷിച്ച എന്‍റെ നെഞ്ചത്ത് ആഞ്ഞൊരു ചവിട്ടാണ് ദൈവം തന്നത് . ചവിട്ടുകൊണ്ട്  ഉരുണ്ടുപിടഞ്ഞു പടിയുടെ താഴെ ചുരുണ്ടുകിടന്ന ഞാന്‍ ദൈവത്തിനോട് തട്ടിക്കയറി...ഇതെന്തു പണിയാ ദൈവമേ കാണിച്ചത് ..ദൈവം സ്നേഹമാണെന്നൊക്കെ പറഞ്ഞിട്ട് കാണാന്‍ വരുന്ന ഒരാളെ ചവിട്ടി വീഴ്ത്തിയത് തീര്‍ത്തും ശരിയായില്ല. കലിപ്പുമോഡിലാരുന്ന ദൈവം നിനക്കൊക്കെ ഒരു ചവിട്ടേലും തന്നില്ലേല്‍ ഞാന്‍ ദൈവമെന്നും പറഞ്ഞ് എന്തിനാ ജീവിക്കുന്നേ  എന്നും പറഞ്ഞ് എന്‍റെമുമ്പില്‍ വാതില്‍ കൊട്ടിയടച്ച് സ്വര്‍ഗത്തിലേക്ക് പോയി. വിവരമറിഞ്ഞ കാലനും കിങ്കരന്മാരും ആര്‍ത്തു ചിരിച്ചു. വേറെ മാര്‍ഗ്ഗമൊന്നും ഇല്ലാത്തത്കൊണ്ട് ഞാന്‍ മിണ്ടാതിരുന്നു.ഇനി എന്‍റെ നരകത്തിലെ പോസ്റ്റിങ്ങ് ആണ് ,ഇപ്പോള്‍ അവിടെ രണ്ടു സെക്ഷന്‍ ഉണ്ടുപോലും ഒന്ന് നമുക്കെല്ലാം അറിയുന്നപോലെ ടിപ്പിക്കല്‍ നരകം തീ നിറഞ്ഞ ചൂട് എണ്ണയില്‍ വറക്കുന്ന നരകം . രണ്ടാമത്തേത് പുതിയതാ അടുത്തകാലത്തായി നമ്മുടെ നാട്ടീന്ന് ചെല്ലുന്നവര്‍ എണ്ണയിലും തീയിലും ഇട്ടിട്ടും ഒരു കൂസലും ഇല്ലാതെ നടക്കുന്ന കണ്ട ദൈവം അസിസ്റ്റന്‍റ് കാലന്‍റെ നേതൃത്വത്തില്‍ ഒരു അന്വോഷണ കമ്മീഷനെ നിയമിച്ചു. ഇവിടുന്നുവരുന്നവര്‍ക്ക് അപാര തൊലിക്കട്ടിയാന്നും എണ്ണയും തീയും ഒന്നും ഏല്‍ക്കില്ലെന്നും ഉള്ള കമ്മീഷന്‍ റിപ്പോര്‍ട്ട് അംഗീകരിച്ച ദൈവം ഒരേ ഒരു നിബന്ധനയോടെ നരകത്തില്‍ പുതുതായി ഒരു വനവല്‍ക്കരണ സെക്ഷന്‍ ആരംഭിച്ചു.  ദൈവം അടുത്ത കാലത്ത് സാത്താന് കൈമാറിയ  ദൈവത്തിന്റെ സ്വന്തം നാട്ടുകാർക്കായി സംവരണം ചെയ്തിരിക്കുന്നു എന്നതാണ് നിബന്ധന. അങ്ങനെ എന്നെയും അങ്ങോട്ട് അപ്പോയ്ന്‍ന്‍റ്   ചെയ്തു വെട്ടിമുറിച്ചതും വെട്ടിക്കുഴിച്ചതും ആയ ഓരോ മരത്തിനും ഓരോ മലകള്‍ക്കും പകരം പുതിയവ ഉണ്ടാക്കുകയാണ് ജോലി. പരാതി പറയാനോ അപ്പീലുകൊടുക്കാനോ ട്രിബ്യുണലുകളൊന്നും നരകത്തില്‍ ഇല്ലാത്തതിനാല്‍ ദൈവമേ ഇത് വല്ലാത്ത ചതിയായിപ്പോയി എന്ന് പിറുപിറുത്തുകൊണ്ട്  എനിക്ക് അനുവദിച്ചുകിട്ടിയ എന്നേക്കാള്‍ വലിയ തൂമ്പയുമായി ഞാനും പുതിയ നരകത്തില്‍ പണിക്കിറങ്ങി
                                                           ********