2018, ഓഗസ്റ്റ് 11, ശനിയാഴ്‌ച

തിരിച്ചറിവുകൾ

                           തിരിച്ചറിവുകൾ

മരങ്ങൾ വെട്ടി നിങ്ങളെന്നെ നഗ്നയാക്കി,
പുഴയിലെ മണൽ വാരി നിങ്ങളെന്നെ ദരിദ്രയാക്കി,
കുന്നുകൾ ഇടിച്ചു നിരത്തിയും,
ക്വാറികൾ കുഴിച്ച് പാറകൾ തകർത്തും
എന്നിലെ ശക്തിയെല്ലാം നിങ്ങൾ ചോർത്തി,
അതും പോരാഞ്ഞ് ചാലുകൾ നികത്തി
നിങ്ങൾ എന്നെ ശ്വാസം മുട്ടിച്ചു,
ഒടുവിൽ അതിവർഷം പെയ്തിറങ്ങിയപ്പോൾ
 കുറ്റം എന്റെ മേൽ ചാരി നിങ്ങൾ മാന്യൻമാരായി.
നിങ്ങളല്ലേ പറഞ്ഞത് ഇത് ദൈവത്തിന്റെ സ്വന്തം നാടാണെന്ന്,
എന്നിട്ടെന്തേ ദൈവവും നിങ്ങളെ കൈവിട്ടത്,
തിരിച്ചറിയുക നിങ്ങൾ നിങ്ങളെത്തന്നെ,
തീർത്തും സ്വാർത്ഥരായിരിക്കുന്നു നിങ്ങൾ,
അഹംഭാവവും, അഹങ്കാരവും നിങ്ങളുടെ തലക്കു പിടിച്ചിരിക്കുന്നു,
ഈ കഷ്ടതകൾ ഒരു മുന്നറിയിപ്പു മാത്രം,
വരാനിരിക്കുന്ന വഹാവിപത്തിനെ
ഒഴിവാക്കാൻ നിങ്ങൾക്ക് നൽകിയ ഒരു അവസരം,
നിങ്ങൾക്കു മുന്നിൽ രണ്ട് വഴികൾ മാതം,
ഒന്നുകിൽ എന്നിലേക്കു മടങ്ങുക,
തിരിച്ചറിവുകൾ പരാജയമല്ലെന്ന് മനസ്സിലാക്കുക
അല്ലെങ്കിൽ അനിവാര്യമായ സർവ്വനാശം
 ഏറ്റുവാങ്ങി ഒടുങ്ങുക....

2018, ജൂലൈ 28, ശനിയാഴ്‌ച


മനസൊന്നു  കുളിർക്കാൻ ,
ഓർമകളെ ഓമനിക്കാൻ, 
അരുവിയുടെ   സംഗീതമാസ്വദിക്കാൻ ,
സൊറപറയുന്ന കിളികളുടെ,
 മധുരസ്വരത്തിൽ അലിഞ്ഞുചേരാൻ .
ഇനിയും നശിക്കാത്ത അപൂർവം ചില കാഴ്ചകളിൽ ഒന്ന് .
നഗരജീവിതത്തിന്റെ തിരക്കിൽ ,
ഒന്നിനും സമയമില്ലാത്ത നമുക്കെന്തു ഗ്രാമം ,
ആർക്കുവേണം ഈ ഗ്രാമക്കാഴ്ചകൾ ......

2018, ജൂലൈ 27, വെള്ളിയാഴ്‌ച


പരാജിതൻ

നീ നിഷ്കളങ്കനായിരുന്നു 
നിനക്ക് തിരിച്ചറിവില്ലാതിരുന്നപ്പോൾ ,

തിരിച്ചറിവിൻറെ കാലത്ത് നിനക്ക് 

നിന്റെ നിഷ്കളങ്കത കൈമോശം വന്നിരിക്കുന്നു ,

പങ്കിടാനുള്ള മനസ് നിനക്ക് നഷ്ടമായിരിക്കുന്നു 

സഹജീവികളോടുള്ള സഹാനുഭൂതി നിന്നിൽ നിന്നും ,

അപ്രത്യക്ഷമായിരിക്കുന്നു ,

തിരിച്ചറിവിന്റെ കാലത്ത് 

നീ സ്വാർത്ഥനായിരിക്കുന്നു .....

നിന്റെ കാഴ്ച മറഞ്ഞിരിയ്ക്കുന്നു ,

നിന്റെ കേഴ്‌വി കുറഞ്ഞിരിക്കുന്നു ,

നിന്റെ വാക്കുകൾ ചുരുങ്ങി പോയതും ,

വാക്കുകൾക്ക് മൂർച്ച നഷ്ടമായതും ,

തിരിച്ചറിയാനാവാതെ നീ നീയല്ലാതായിരിക്കുന്നു ...