2020, ഓഗസ്റ്റ് 17, തിങ്കളാഴ്‌ച

അറുപത്തിയഞ്ചാമത്തെയാൾ - സജി ജോസഫ്



" ജയിലിൽ പ്രസവിച്ച കുഞ്ഞിന്റെ അച്ഛൻ ആര്"!!!!!!

ചോദ്യം കേട്ട് ശ്വേതാ നായർ അന്വേഷണ കമ്മീഷന് മുൻപിൽ പൊട്ടിക്കരഞ്ഞു.... മൂക്കിൽ നിന്നും രക്തം കിനിഞ്ഞു.... തളർച്ച തോന്നി....

" തികച്ചും വ്യകതിപരമാണ്... ഈ സന്ദർഭത്തിൽ വെളിപ്പെടുത്താൻ പ്രയാസമുണ്ട്".... ഇടറുന്ന ശബ്ദത്തിൽ ശ്വേതയുടെ വാക്കുകൾ പുറത്തേയ്ക് വന്നു .

പോലീസും, മാധ്യമ പ്രവർത്തകരും ഒക്കെ ചോദ്യം ചെയ്യലിൽ എത്രയോ അവർത്തി ശരശയ്യ തീർത്തിരിക്കുന്നു.... അന്നൊന്നും പതറാതെ നിന്നു മറുചോദ്യങ്ങൾക്കൊണ്ട് പ്രതിരോധം തീർത്ത താൻ ഈ ചോദ്യത്തിന് മുൻപിൽ അടി തെറ്റിയോ!!!!!

തന്റെ കുഞ്ഞിന്റെ അച്ഛൻ ആരാണെന്ന് ഉറക്കെ വിളിച്ചു പറയണമെന്നുണ്ടായിരുന്നു... പക്ഷേ....

കപട ജനസേവനത്തിന്റെ തിരുവസ്ത്രമണിഞ്ഞ പ്രമുഖരിൽ പലരും ഞെട്ടി.... തന്റെ പേരാകുമോ വിളിച്ചു പറയുക!!!!!

ശ്വേത നിശബ്ദയായി ഒഴിഞ്ഞു മാറി.

" കുറിയേടത്ത് താത്രി" യുമായി കിടക്കറ പങ്കുവച്ച അറുപത്തിയഞ്ചു പങ്കാളികളിൽ അറുപത്തി നാലു പേരുകളും ഓരോന്നോരോന്നായി.... 
'പെരുമ്പടപ്പ് സ്വരൂപം' നിയോഗിച്ച 'സ്മാർത്തവിചാരണ'യ്ക്ക് മുൻപിൽ വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു താത്രി. മുപ്പത് നമ്പൂതിരിമാർ... പത്ത് അയ്യർ... പതിമൂന്ന് അമ്പലവാസികൾ... നായൻമാർ... പേരു കേട്ട കഥകളി കലാകാരൻമാർ... സംഗീതജ്ഞർ... പണ്ഡിതൻമാർ.... തന്റെ അച്ഛൻ 'കൽപ്പകശ്ശേരി അഷ്ടമൂർത്തി നമ്പൂതിരിയടക്കം.....

" അറുപത്തിയഞ്ചാമൻ ആര്"?... സ്മാർത്തൻ ജാതവേദൻ നമ്പൂതിരി ആക്രോശിച്ചു...

ശ്വേതാ നായർ.....

കേരള രാഷ്ടീയ സാമൂഹ്യ മണ്ഡലത്തിൽ പ്രചണ്ഡ വാതമായി രൂപം പ്രാപിച്ച് സംഹാരതാണ്ഡവമാടിയ പെൺ പ്രതിഭാസം.... ഭരണ സിരാ കേന്ദ്രങ്ങളിൽ സ്ഫോടനങ്ങൾ സൃഷ്ടിച്ച്... അഴിച്ചുവിട്ട അശ്വമേധമായി ആരാലും പിടിച്ചു കെട്ടാൻ കഴിയാതെ അധികാര പഥങ്ങളിൽ തേരോട്ടം നടത്തിയവൾ.... സർവ്വ ഐശ്യര്യമൂർത്തിയായ ലക്ഷ്മി ദേവിയിൽ നിന്നും... സംഹാരമൂർത്തിയായ മഹാകാളിയിലേയ്ക്കുള്ള വേഷപ്പകർച്ച...... ആ ഉഗ്ര താണ്ഡവത്തിൽ വെട്ടേറ്റ് വീണവർ... മധുകൈ ഭടൻമാർ..... ചണ്ഡമുണ്ഡൻമാർ..... രക്തബീജൻ.... ദാരികൻ.... രുരൂ....

കൽപ്പകശ്ശേരി ഇല്ലത്തെ 'സാവിത്രി' അന്തർജനം " കുറിയേടത്ത് താത്രി" യായി പകർന്നാടി..... ഇവൾ ഇല്ലത്തിന്റെ ശാപമായി മാറും എന്ന ജോത്സ്യപ്രവചനം കേട്ട നാൾ മുതൽ, മാതാപിതാക്കളാലും സന്ധു ബന്ധുക്കളാലും പരിത്യകതയായവൾ സാവിത്രി.... ബാല്യം മുതൽ തന്നെ കടഞ്ഞെടുത്ത മേനിയഴകും അംഗലാവണ്യവും മുഖശ്രീയും സമുന്വയിക്കപ്പെട്ടപ്പോൾ..... കാമവെറി പൂണ്ട സ്വന്തം അച്ഛൻ നമ്പൂതിരി മുതൽ ഇല്ലത്തെ അസ്മാദികളുടെവരെ രതിക്രീഡകളിൽ ചതഞ്ഞരഞ്ഞ ബാല്ല്യം.... ഇളം മാംസത്തിന്റെ രുചി തേടിയെത്തിയ വേതാളങ്ങൾ... ഇല്ലക്കെട്ടിനുള്ളിൽ വച്ച് ഒൻപത് വയസ്സു മുതൽ ബലാൽക്കാരം ചെയ്യപ്പെട്ടവൾ... രതി സുഖത്തിന്റെ ബാലപാഠങ്ങൾ അറിഞ്ഞോ അറിയാതയോ ഒരു കൗമാരക്കാരിയുടെ മൂല്ല്യ ബോധത്തെ എപ്രകാരം സ്വാധീനിച്ചിരിയ്ക്കും!!!!!

താത്രി ഒരു വേശ്യയായിരുന്നില്ല..... പണത്തിന് വേണ്ടി അവൾ ശരീരം വിറ്റിട്ടില്ല ...അവളെ പ്രാപിച്ചവർ സമ്മാനമായി കൊടുത്തത് അവളോ അവളെ വിറ്റവരോ വാങ്ങിയിരിക്കാം ... ഒന്നും കൊടുക്കാതെ കടം പറഞ്ഞവരും ഉണ്ടാകാം.... ബാലിക സഹജമായി കൗതുകം തോന്നിയ ചിലതൊക്കെ.... ചിലരോടൊക്കെ... ചോദിച്ചു വാങ്ങിയിരിക്കാം.... ഒരു മുത്തുമാല... പനിനീര്.... ഒരു താഴമ്പൂ ... ഉടയാടകൾ.... അവൾ അത്രെയൊ ക്കയെ അറിഞ്ഞിരുന്നുള്ളൂ.... കൂലി കിട്ടാതെയിരുന്ന ഇല്ലത്തെ വാല്ല്യക്കാരനും കൂലി ഈടാക്കിയതും നഷ്ടം പരിഹരിച്ചതും താത്രിയുടെ മേനിയഴകിലായിരുന്നു.

തന്നെ താത്രിയോട് ഉപമിക്കുന്നവരുമുണ്ട്.... മറ്റൊരു മാധ്യമ ഭാഷ്യം!!!! ശ്വേത ഓർമ്മിച്ചു.
പൂക്കളോടും...പൂത്തുമ്പികളോടും... പട്ടുടയാടകളോടും കമ്പം തോന്നിയ ബാല്ല്യം.... കാറ്റിനോടും കിളികളോടും കഥ പറഞ്ഞിരുന്ന കാലം.... സ്വപ്നങ്ങൾക്ക് നിറം വെച്ച കൗമാരം... കണ്ണും കാതും തുറന്ന് വെച്ച് പ്രപഞ്ചത്തെ ഉള്ളിലേയ്ക്കു് ആവഹിച്ചെടുത്ത് കാൽപ്പനീകതകളിൽ നീന്തിത്തുടിച്ച മധുര കൗമാരം..... ഹോർമോൺ വ്യതിയാനങ്ങളാൽ ശാരീരികവും മാനസീകവുമായ ഉദ്ദ്വീപനങ്ങളിലൂടെ സ്വപ്നാടനം നടത്തുന്ന കാലം... പ്രണയ പാരവശ്യത്താൽ തന്നെ നോക്കിനിന്ന പൂവാലൻമാരുടെ കടാക്ഷം കണ്ടിട്ടും കണ്ടില്ലെന്ന് നടിച്ച് കണ്ണുകൾക്കൊണ്ട് അമ്പെയ്ത കൗമാരം.

ഗുരുക്കൻമാർക്കും സഹപാഠികൾക്കും ശ്വേത പ്രീയപ്പെട്ട വളായിരുന്നു. 'മിടുക്കിക്കുട്ടിയെന്ന്' അഭിനന്ദനങ്ങൾ കേട്ട് മനം തുടുത്ത സ്ക്കൂൾ ദിനങ്ങൾ. പാഠ്യപാഠ്യേതര വിഷയങ്ങളിൽ വിദ്യാലയത്തിന് അഭിമാനമായി മാറിയവൾ... ഏറ്റവും ഉയർന്ന മാർക്കോടെ പത്താം ക്ലാസ്സ് ജയിച്ചപ്പോൾ ഡോക്ടർ ആകണമെന്ന മോഹം.... തന്നിൽ പ്രതീക്ഷയർപ്പിച്ച് മകളുടെ ഭാവി സ്വപ്നം കണ്ട തന്റെ അമ്മ.

" ഒരു വസന്തത്തിന്റെ ദൈർഘ്യമേ കൗമാരത്തിനുള്ളൂ... അത് മുള്ളിൽ ചവിട്ടാതെ കടന്നുപോകണം"..... അമ്മ തന്നെ കൂടെ കൂടെ ഓർമ്മിപ്പിച്ചിരുന്നു.

കൗമാരം മുള്ളിൽ ചവിട്ടാതെ കടന്നുപോയെങ്കിലും.... യൗവ്വനം മുൾപ്പടർപ്പിലായിപ്പോയി.... പൂത്തുലഞ്ഞ നിറയൗവ്വനം കടഞ്ഞെടുത്ത ശരീരത്തിന്റെ അംഗലാവണ്യം കൊണ്ട് പ്രായം കവിതയെഴുതി.... ചെല്ലുന്നിടത്തെല്ലാം കാണികളുടെ കണ്ണിന് വിരുന്നൊരുക്കിയ അംഗവടിവുകൾ.... മാദകത്വം ശാപമായി മാറിയപ്പോൾ കാലിടറിയ യൗവ്വനം.... വിവാഹത്തിൽ കലാശിച്ച ആദ്യ പ്രണയം അക്ഷരത്തെറ്റുകളാൽ വികൃതമാക്കപ്പെട്ട കവിത പോലെ.... കല്ലുകടിച്ച ദാമ്പത്യ ജീവിതത്തോട് വിട പറഞ്ഞ്... വീണ്ടും സ്വപ്നങ്ങളുടെ ചിറകിലേറി പറന്നുയർന്നു ശ്വേത.

പാട്ടു പഠിക്കുന്നതിന് ബന്ധു ഗ്രഹമായ കുറിയേടത്ത് ചെന്ന പത്തു വയസ്സ് തികയാത്ത കുഞ്ഞു താത്രിയെ മൂസ്സാമ്പൂരിയായിരുന്ന നമ്പ്യത്താൻ ഇല്ലത്തെ കുളപ്പുരയിൽ വച്ച് ദിവസങ്ങളോളം പീഡിപ്പിച്ചു. ഇതൊക്കെ വേണ്ടപ്പെട്ടവർ അറിഞ്ഞിട്ടും എന്തുകൊണ്ട് ആരും താത്രിയെ സംരക്ഷിച്ചില്ല? ഇല്ലത്തുള്ളവർ അറിഞ്ഞു കൊണ്ട് കണ്ണടച്ചത് എന്തുകൊണ്ട്? ഉത്തരങ്ങൾ പിന്നീട് താത്രീ മൊഴികളായിത്തന്നെ പുറത്തുവന്നിരുന്നു.

താത്രി വഴി ഇല്ലത്തേയ്ക്ക് വന്നു ചേർന്നിരുന്ന ധനാഗമനങ്ങൾ... തന്റെ ഇളം മാംസം വിറ്റ് പൊന്നും പണവും സമ്പാദിച്ചവരോടും... തന്നെ പിച്ചിച്ചീന്തിയ കാമവെറിയൻമാരോടുമുള്ള പ്രതികാരമായിരുന്നു... പിന്നിടുള്ള കുറിയേടത്ത് താത്രിയിലേയ്ക്കുള്ള വേഷപ്പകർച്ച.

പതിമൂന്നാം വയസ്സിൽ കുറിയേടത്ത് രാമൻ നമ്പൂതിരിയെന്ന വൃദ്ധനെ വേളി കഴിച്ച് കൽപ്പകശ്ശേരി ഇല്ലം വിടുമ്പോൾ താത്രിയും മാദക സൗന്ദര്യത്തിന്റെ മത്തുപിടിപ്പിക്കുന്ന ലഹരിയായി മാറിക്കഴിഞ്ഞിരുന്നു.

"ടീം വിൻഡ് എനർജി പ്രൈവറ്റ് ലിമിറ്റഡ്".... എന്ന സ്വപ്ന സംരംഭം രൂപപ്പെടുമ്പോൾ ശ്വേതാ നായർ അതിന്റെ അമരക്കാരിയായി... ഉയർന്ന നേതൃത്വപാടവവും.... വിപണനതന്ത്രങ്ങളിലെ വശ്യമായ സൂത്രധാരകത്വവും.... നിക്ഷേപകരെ ആകർഷിക്കാൻ പോന്ന എക്സീ ക്യൂട്ടീവിസവും....എല്ലാം ഒത്തുചേർന്നപ്പോൾ ..... ശ്വേതാ നായർ,  ടീം വിൻഡ് എനർജിയുടെ അവസാന വാക്കായി മാറി.

തികച്ചും സത്യസന്ധവും സുതാര്യവുമായിരുന്ന ഉദ്ദ്യേശ ലക്ഷ്യങ്ങളോടെ തുടക്കമിട്ട സംരംഭം.... ബിസ്സിനസ്സിൽ കൂട്ടാളിയായിരുന്ന മോഹന കൃഷണന്റെ ചുവടുകൾ അപഥ സഞ്ചാരം ആരംഭിച്ചപ്പോഴെ തടഞ്ഞതാണ്.... പക്ഷേ പിന്നീട് അത് ചെന്നെത്തിയത് 'ആട്ടിൻ തോലണിഞ്ഞ' രാഷ്ട്രീയ ചെന്നായ്ക്കളുടെ കൈകളിലായിരുന്നു.

ടീം വിൻഡ് എനർജിയുടെ മുഖ്യ വിപണന ഏജന്റായി ശ്വേതാ നായർ മാറുകയായിരുന്നു. മന്ത്രി മന്ദിരങ്ങളിലും ജനപ്രതിനിധികളുടെ താവളങ്ങളിലും പഞ്ചനക്ഷത്ര ഹോട്ടലുകളിലുമൊക്കെ കൂടിക്കാഴ്ചകൾക്കായി കാത്തിരുന്നു. വി.ഐ.പി.കൾക്ക് ഒപ്പമുള്ള മീറ്റിംഗുകൾ... വിദേശ യാത്രകൾ.... ഒരു മോഹപ്പക്ഷിയായി.... ശ്വേത പറന്നു നടന്നു... സ്ത്രീയെ എന്നും കച്ചവടക്കണ്ണോടെ മാത്രം കണ്ടിരുന്ന തന്റെ പ്രവൃത്തന മേഖലയിൽ തന്നെയും തന്റെ സ്വപ്ന പദ്ധതിയെയും ഉയർത്തിപ്പിടിച്ച് വിലപേശി. പ്രമുഖരും സമ്പന്നരും സന്നിഹിതരാകുന്ന വലിയ മീറ്റിംങ്ങുകളിൽ ശ്വേത നിറഞ്ഞാടി... വശ്യമായ സമീപനവും ചടുലമായ വാഗ്വൈഭവും.... ഉന്നതരുടെ ശ്രദ്ധയാകർഷിച്ചു.... വൃദ്ധനിൽ പോലും കാമമുണർത്താൻ പോന്ന തന്റെ മേനിക്കൊഴുപ്പിൽ.... അതിന്റെ അംഗ പ്രത്യംഗങ്ങളെ... 'ഖദറിട്ട ദൈവങ്ങളുടെ" കഴുകൻ കണ്ണുകൾ കൊത്തിവലിക്കുന്നുണ്ടെന്ന് താൻ അറിഞ്ഞു.... അതിന്റെ ചൂടും ചൂരും അറിയാൻ ഒളിഞ്ഞും തെളിഞ്ഞും അവർ വല വീശി.... എന്തും ചെയ്യാൻ അവർ തയ്യാറായിരുന്നു.

അധികാരത്തിന്റെ' എല്ലിൻ കഷണങ്ങൾ' കാട്ടി തന്നെയും തന്റെ സ്വപ്നങ്ങളെയും വിഷമ വൃത്തത്തിലാക്കി. തന്റെ രാപ്പകലുകൾക്ക് അവർ വില പറഞ്ഞു.

തന്റെ വ്യക്തിത്വത്തെ സൂക്ഷിക്കാനും നഷ്ടപ്പെടാതെ പിടിച്ചു നിൽക്കാനും ശ്രമിച്ചെങ്കിലും... പലപ്പോഴും മനമിടറി... മനസ്സിടറിയെങ്കിലും.... കാലിടറാതെ പണിപ്പെട്ടു.....

പക്ഷേ...... സ്ത്രീ എന്ന പരിമിതികൾക്കപ്പുറം..... എപ്പോഴാണ് ചുവടുകൾ പിഴച്ചത് ...... താൻ വീണിരിക്കുന്നു..... വീഴ്ത്തി എന്നു പറയുന്നതാണുചിതം. ചതുപ്പിൽ നിന്ന് ചതുപ്പിലേയ്ക്ക് തന്റെ കാലുകൾ ആഴ്ന്നു തുടങ്ങി.

തന്നെ ചതിച്ചതാരാണ്? അതിരുകളില്ലാത്ത തന്റെ സ്വപ്നങ്ങളോ? നിശ്‌ചയദാർഡ്യത്തോടെ താൻ വെച്ച ചുവടുകൾ പിഴച്ചതെങ്ങനെ!.... സൗന്ദര്യം സ്ത്രിയ്ക്ക് ശാപമായി മാറുന്നതെങ്ങനെ?..." പെണ്ണൊരുമ്പെട്ടാൽ" അവൾക്ക് മുൻപിൽ സാമ്രാജ്യങ്ങൾ തകർന്നടിഞ്ഞിട്ടുണ്ട്.... കിരീടവും ചെങ്കോലും നഷ്ടമായ ചക്രവർത്തിമാരുണ്ട്.

പക്ഷേ... താൻ അങ്ങിനെയായിരുന്നോ? ഒരിക്കലുമല്ല....തന്റെ ലക്ഷ്യത്തിനു വേണ്ടി സ്വീകരിച്ച മാർഗ്ഗം... നേരുള്ളതായിരുന്നു.... ഒരു പെൺകരുത്തിന്റെ പിൻബലത്തിൽ താൻ ഇറങ്ങിത്തിരിക്കുമ്പോൾ, കൈമുതലായി ഉണ്ടായിരുന്നത് തികഞ്ഞ ആത്മവിശ്വാസവും സത്യസന്ധതയും നിശ്ചയദാർഢ്യവുമായിരുന്നില്ലേ... എന്നിട്ടും......

ഏതു സിംഹാസനത്തിലിരിക്കുന്ന പുരുഷനും അവന്റെ ഔന്ന്യത്യത്തിന്റെ ഔപചാരികതകൾ മറന്ന് സ്ത്രീ സൗന്ദര്യത്തോടും അവളുടെ ശരീരത്തോടും അടിയറവുപറയുന്ന നിമിഷം. പണ്ഡിതനും പാമരനും എന്നില്ല.... ചണ്ഡാളനും ബ്രാഹ്മണനുമില്ല.... കുബേരനും കുചേലനുമെന്നുമില്ല.... താനത് അറിഞ്ഞതാണ്...

മന്ത്രിപുംഗവൻമാർ... ജനപ്രതിനിധികൾ.... നക്ഷത്ര ചിഹ്നങ്ങൾ ചുമലിൽ വഹിക്കുന്ന കാക്കിപ്പരിഷകൾ.... കലാകാരൻമാർ.... എന്തിനേറെ.... സാധരണക്കാരനായാലും.... സ്ത്രീയെ അടുത്ത് കണ്ടാൽ ധമിനികളിൽ രക്തസമ്മർദ്ധമുയരുന്നതെന്തുകൊണ്ടാണ്?.... അവൾക്ക് ചെയ്ത് കൊടുക്കുന്ന സേവനത്തിന് പ്രത്യുപകാരമായി അവളുടെ ശരീരം ആവശ്യപ്പെടുന്നത് എന്തുകൊണ്ടാണ്?.... വികാരത്തെ വിവേകം കൊണ്ട് കീഴ്പ്പെടുത്താൻ കഴിയാത്ത അധമൻമാർ.... തന്റെ സഞ്ചാരപഥങ്ങളിൽ കണ്ടുമുട്ടിയവരെല്ലാം  .... ആവശ്യപ്പെട്ടതും അതു തന്നെയായിരുന്നില്ലേ.....

രാമൻ നമ്പൂതിരിയുടെ വേളിയായി പതിമൂന്നാം വയസ്സിൽ കുറിയേടത്ത് ഇല്ലത്തെത്തിയ താത്രിയുടെ പ്രഥമരാത്രിയിലെ കിടപ്പറ പങ്കിടാൻ ഭർത്താവും... അയാളുടെ ജ്യേഷ്ഠനും തമ്മിൽ കടിപിടി കൂടി.

ആ ഇല്ലക്കെട്ടിലെ ഇരുൾ മൂടിയ ഉറക്കറയിൽ നിന്ന് പിന്നീട് കുറിയേടത്ത് താത്രി സഞ്ചരിച്ചത് തന്നിഷ്ട പ്രകാരവും.... തനിക്ക് ബോധിച്ചതു പോലെയുമായിരുന്നു.

തന്റെ ഇളം ശരീരം പിച്ചിച്ചീന്തി അനുഭവിച്ച സ്വന്തം അച്ഛനും സഹോദരനും ഉൾപ്പെടുന്ന കാമവെറിയൻമാരെ വെല്ലുവിളിച്ചു കൊണ്ടായിരുന്നു.

നമ്പൂതിരി പെൺകിടാവിന്റെ 'മറക്കുട' നീക്കി അവൾ വഴി തെളിച്ചു... ഒന്നും നഷ്ടപ്പെടാനില്ലായിരുന്നു താത്രിയ്ക്ക്. കവർന്നെടുക്കപ്പെട്ട തന്റെ പവിത്രമായ സ്ത്രീത്വത്തെക്കുറിച്ച് പിന്നീടവൾ ദു:ഖിച്ചില്ല....മറിച്ച് അവൾ ജീവിതം ആസ്വദിക്കുവാൻ തീരുമാനിച്ചു. കിടപ്പറയിൽ ഒരു വേശ്യയെപ്പോലെ... വാക്കിലും നോക്കിലും ഒരു കാമുകിയായി....

കാമാസക്തയായ ഒരു വേശ്യയായി താത്രിയെ തരം താഴ്ത്തിക്കണ്ടിരുന്നു സമൂഹത്തിലെ ചിലർ..… മനോരോഗിയായിരുന്നുവെന്ന് മറ്റു ചിലർ.... എന്നാൽ താത്രിയെ "ദേവീ" സങ്കൽപ്പമായി കാണുന്ന ചില ഉൽക്കൃഷ്ട മാനസരു മുണ്ട്.

വാശിയായിരുന്നു താത്രിയ്ക്ക്.... സമൂഹത്തോട്.... വ്യവസ്ഥിതികളോട്.... തന്നെ വെറും ഉപഭോഗ വസ്ഥുവായിക്കണ്ട് ഇല്ലക്കെട്ടിനുള്ളിൽ നരകിച്ച് തീരാൻ വിധി കൽപ്പിച്ച സ്വസമുദായത്തിലെ യാഥാസ്തിക ആചാര വ്യവസ്ഥിതികളോട്..... അവളുടെ മാദക സൗന്ദര്യത്തിന്‌മുൻപിൽ പുരുഷലോകം കീഴടങ്ങി.


അവൾ ക്ഷണിച്ചു...... തന്റെ കിടപ്പറയിലേക്ക്..... അക്കാലത്തെ പ്രസിദ്ധരായ പണ്ഡിതൻമാരെ.... സംഗീതജ്‌ഞരെ..... കഥകളി കലാകാരൻമാരെ..... ഊഴം വെച്ച് അവർ വന്നു..... നളനായും..... അർജ്ജുനനായും.... ഭീമനായും.... കീചകനായും.....അവളുടെ തളിർ മേനിയിൽ കഥ പറഞ്ഞ് ആടി.....

തന്നെയും ഒരു അപഥ സഞ്ചാരിണിയായി വരുത്തി തീർക്കാനുള്ള ചതുരംഗ കളിയിൽ രാഷ്ട്രീയക്കാരെയും മാധ്യമ ഷണ്ഡൻമാരെയും ശ്വേത സധൈര്യം നേരിട്ടു.

"ആസകലം നനഞ്ഞു, ഇനി കുളിച്ചു കയറുക"..... ശ്വേത കൂടുതൽ കരുത്ത് ആർജ്ജിച്ചു. ലക്ഷ്മി ദേവിയിൽ നിന്ന് ഭദ്രകാളിയിലേക്കുള്ള രൂപമാറ്റം.... തന്റെ സ്വപ്നങ്ങളുടെ ചിറകറ്റ് വീഴുന്നത് അവൾ അറിഞ്ഞു....

 " ടീം വിൻഡ് എനർജി പ്രൈവറ്റ് ലിമിറ്റഡിന്റെ മറവിൽ ശ്വേതാ നായർ കോടികൾ മുക്കി"....... വലിയ തലക്കെട്ടിൽ മാധ്യമങ്ങൾ ആഘോഷിച്ചു..... ചർച്ചകൾ.... അഭിമുഖങ്ങൾ.... അറസ്റ്റ്.... ലോക്കപ്പ്...

"ശ്വേതാ തരംഗത്തിൽ' കേരള രാഷ്ടിയം ആടിയുലഞ്ഞു.... മന്ത്രിമാരും.... എം.പിമാർ.... എം എൽ എ മാർ.... പോലീസ് ഓഫീസർമാർ... എന്തിനേറെ.... മന്ത്രി മുഖ്യനെപ്പോലും ശ്വേത അവരുടെ സാരിത്തുമ്പിൽ കെട്ടിയിട്ട് വട്ടം കറക്കി.... ശ്വേതയുടെ ഒരു വാക്കിന് വേണ്ടി മാധ്യമങ്ങൾ കണ്ണും കാതും തുറന്നു വച്ചു.... കസേരകൾ ഇളകിയാടി.... ഉന്നതൻമാരുടെ ഉറക്കം കെട്ടു.... പ്രതിപക്ഷം കൂക്കിവിളിച്ചു.... സർക്കാർ..... ശ്വേത അഴിച്ചു വിട്ട ചുഴലി കൊടുങ്കാറ്റിൽ കടപുഴകി നിന്നാടിയുലഞ്ഞു.... അവൾ പൊട്ടിച്ചിരിച്ചു..... ഭരണ ചക്രം തിരിക്കുന്നവരുടെ നെഞ്ചിൽ കയറി നിന്ന്‌ അവൾ ഉന്മാദ നൃത്തമാടി......
" ദയവു ചെയ്ത് എന്റെ പേര് പറയരുത്"..... 'അത്‌ഭുതക്കുട്ടി' എം.പി. കേണപേക്ഷിച്ചു....

ഒടുവിൽ എല്ലാം തകർത്തെറിഞ്ഞ്... ബിസിനസ്സ് ലോകം അറിയപ്പെടേണ്ട ഒരു വ്യക്തി പ്രഭാവമായി മാറേണ്ടിയിരുന്ന ശ്വേതാ നായർ എന്ന പെൺകുട്ടിയെ..... കേരളത്തിലെ മാംസദാഹികളായ കപട രാഷ്ടീയക്കാർ "കള്ള ചതുരംഗത്തിലൂടെ" തോൽപ്പിച്ച് ഇരുമ്പഴികൾക്കുള്ളിലാക്കി.

കുറ്റം എല്ലാം അവളിൽ ചാർത്തപ്പെട്ടു,  അവളുടെ മാംസം തിന്നവരും.... രക്തം കുടിച്ചവരും... അലക്കിത്തേച്ച ഖദർ കുപ്പായത്തിനുള്ളിൽ സുരക്ഷിതരായി വിരാജിച്ചു.
നാലാം കിട രാഷ്ട്രീയ ചേരിപ്പോരിന് അവർ അവളെ ആയുധമാക്കി ഉപയോഗിച്ചു....

ജയിൽ മുറിയിലെ തണുത്ത് വിറങ്ങലിച്ച തറയിൽ വിരിച്ച പായിൽ ഉറങ്ങാൻ കഴിയാതെ അവൾ കിടന്നു. കൊടുംകുറ്റവാളികളും...കൊലപാതകികളും.... കവർച്ചക്കാരികളുമായ സ്ത്രീകൾ അവൾക്ക് ചുറ്റുമിരുന്ന് പരിഹസിച്ചു... ഉറക്കം നഷ്ടപ്പെട്ട രാത്രികളിൽ... പുറത്തേക്കുള്ള ഇരുട്ടിലേക്കവൾ നോക്കി നിന്നു.... അടി വയറിൽ കൈ വിരലുകൾ കൊണ്ട് മെല്ലെ തടവി... അവിടുത്തെ ചെറു ചലനങ്ങൾ അവൾ തിരിച്ചറിഞ്ഞു... പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകിയവനെ ഓർത്തു....

" എല്ലാവരുടെയും മുന്നിൽ വച്ച് പരസ്യമായി ഞാൻ നിന്നെ താലി ചാർത്തി സ്വന്തമാക്കും" പ്രണയ പാരവശ്യത്തിൽ അയാളുടെ വാക്കുകൾ.... രാഷ്ട്രീയ സാംസ്ക്കാരിക മണ്ഡലത്തിലെ ഉന്നതൻ.... യുവ നേതാവ്.... കലാകാരൻ.... അയാളുടെ ദാമ്പത്യം ആടിയുലഞ്ഞു.... രാധാഭായി തങ്കച്ചി വിവാഹ മോചനം ആവശ്യപ്പെട്ടു....തനിക്ക് വേണ്ടി അയാൾ എല്ലാം ത്യജിക്കുമെന്നവൾ കരുതി...

ശ്വേത അമ്മയെ ഓർത്തു.... ഏതു പ്രതിസന്ധിയിലും തനിക്ക് ധൈര്യം പകർന്ന് കൂടെ നിന്ന അമ്മ... മുത്തശ്ശി.... തന്റെ മകൻ... തകർന്നടിഞ്ഞ തന്റെ സ്വപ്നങ്ങളെക്കുറിച്ചോർത്തു.... തന്നെ ചതിച്ചവരെ ഓർത്തു,... ജയിലഴിക്കുള്ളിൽ ചുരുണ്ടു കൂടി കിടന്ന് അവൾ തേങ്ങി... എന്തൊക്കെ ആരോപണങ്ങളാണ് തനിക്കെതിരെ ഉയരുന്നത്.. 

പിതൃതുല്ല്യനായി താൻ കരുതിയിരുന്ന... രാജസിംഹാസനത്തിലിരുന്ന്..." നീ എനിക്ക് മകളെപ്പോലെയാണെന്ന് ആവർത്തിച്ച് പറഞ്ഞ് തന്നിലൂടെ സാമ്പത്തിക നേട്ടം ലാക്കാക്കി അധികാര ദുർവിനിയോഗത്തിന് പോലും അനുയായികൾക്ക് അനുവാദം നൽകി കോടികൾ സമ്പാദിച്ച വന്ദ്യ വയോധികനായ വ്യകതിപോലും തന്റെ ശരീരം കൊതിച്ച് തന്നെ അയാളുടെ കിടപ്പറയിലെത്തിച്ച്.... ഒരു വികൃതി കുട്ടിയെപ്പോലെ തന്റെ ശരീരത്തിൽ വികൃതി കാണിച്ചപ്പോൾ.... മൗനമായി സഹിക്കാനെ തനിക്ക് കഴിഞ്ഞുള്ളൂ....

ജയിലിലെ ദിന രാത്രങ്ങൾ ഇഴഞ്ഞു നീങ്ങിക്കൊണ്ടിരുന്നു.... ഒട്ടും ഓർമ്മിക്കാൻ ആഗ്രഹിക്കാത്ത കറുത്ത ദിനങ്ങൾ.... ഒരുപാട് മോഹങ്ങളുള്ള ഒരു സാധാരണ പെൺകുട്ടിയായിരുന്ന താൻ സ്വന്തം കാലിൽ നിന്ന് ഉയരുവാൻ കൊതിച്ച് ഇറങ്ങിത്തിരിക്കുമ്പോൾ.... ഇങ്ങനെയൊന്നുമാവുമെന്ന് വിചാരിച്ചില്ല..

ജയിലിൽ വച്ച് ശ്വേത തന്റെ രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകി. ആരോരുമില്ലാതെ ഒരു അനാഥയെപ്പോലെ... വെറുക്കപ്പെട്ടവളായി.... വേദനയ്ക്ക് ഒടുവിൽ അവൾ പിറന്നു....

" ആരുടേതാവുമോ ആവോ?.... സഹതടവുകാർ പരിഹസിച്ചു...

" എങ്ങിനെ പറയാൻ പറ്റും?.... മന്ത്രിയോ... എം.എൽ.എ യോ... കളക്ടറോ... സിനിമാ നടനോ.... അതോ പോലീസ് കാരനോ?.... ആർക്കറിയാം... കേരളം ചർച്ച ചെയ്തു.... ശ്വേതയുടെ കുട്ടിയുടെ അച്ഛൻ ആരായിരിക്കും!!!!!

തന്റെ കുഞ്ഞിന്റെ പിതൃത്വം താൻ എങ്ങിനെ വിളിച്ചു പറയും... ഇല്ല അത് താനാരോടും പറയില്ല.... താൻ കൊടുത്ത വാക്കാണ്.... താൻ പ്രാണനെപ്പോലെ സ്നേഹിച്ചയാൾ അപമാനിക്കപ്പെടാൻ പാടില്ല...അയാൾ ഏറ്റുപറയുന്നതു വരെ.... കലാകാരനായും... രാഷ്ട്രീയക്കാരനായുമുള്ള ആ ഇരട്ടമുഖങ്ങൾ ഹ്രദയ ദർപ്പണത്തിൽ മിന്നിമറഞ്ഞു.... മന്ത്രി കുമാരനായും... മന്ത്രിയായും... കേരളത്തിന്റെ കലാ സാംസ്ക്കാരിക രാഷ്ട്രീയ മണ്ഡലത്തിൽ ജ്വലിച്ചു നിൽക്കുന്ന പ്രതിഭ.... തന്റെ കുഞ്ഞിന്റെ പിതൃത്വം അയാൾക്ക് നേരേ ചൂണ്ടു വിരലുകൾ ഉയർത്തിക്കൊണ്ട് വാർത്ത കൊണ്ടാടുവാൻ ശത്രുക്കളും മിത്രങ്ങളും മാധ്യമ പാപ്പരാസികളും മത്സരിക്കുമ്പോഴും... താൻ മൗനമായിരുന്നു.

താത്രിയുടെ വിചാരണ ഒരു വട്ടം പൂർത്തിയായി.... താത്രിയുമായി സമ്പർക്കം പുലർത്തിയ പല പ്രമുഖരുടെയും പേരുകൾ അവർ വിളിച്ചു പറഞ്ഞു... പേര് വെളിപ്പെടുത്തിയ വർക്കെല്ലാം 'പെരുമ്പടപ്പിന്റെ വിചാരണ സഭാ മുൻപാകെ ഹാജരാകാൻ അറിയിപ്പുകൾ പോയി... ഹാജരായവരിൽ പലരും കുറ്റം നിഷേധിച്ചു. പക്ഷേ.... താത്രി ബുദ്ധിമതിയായിരുന്നു .... തന്നെ തകർത്തെറിഞ്ഞ നമ്പൂതിരി സമുദായത്തോടുളള പക അഗ്നിയായി അവളിൽ ആളിക്കത്തിയിരുന്നു. ഓരോ ജാരൻമാരുടെയും രഹസ്യ ഭാഗങ്ങളിലെ അടയാളങ്ങൾ കൃത്യമായി താത്രി കുറിച്ച് സൂക്ഷിച്ചിരുന്നു..... കുറ്റം നിഷേധിക്കുന്നവരുടെയെല്ലാം വായടപ്പിച്ചു കൊണ്ട് താത്രി തെളിവുകൾ നിരത്തി.....

താത്രിയ്ക്ക് വധഭീഷണി ഉണ്ടായതിനെ തുടർന്ന്, കുറിയേടത്തെ 'അഞ്ചാം പുരയിൽ' നിന്നും കൊച്ചീരാജാവിന്റെ ആസ്ഥാനമായ തൃപ്പൂണിത്തുറ 'കുന്നിൻമേൽ ബംഗ്ലാവിൽ' സുരക്ഷ സംവിധാനങ്ങൾ ഒരുക്കി മാറ്റി പാർപ്പിച്ചു 

'സ്മാർത്തവിചാരണ' രണ്ടാം ഘട്ടം ആരംഭിച്ചു, ഒട്ടും പതറാതെ താത്രി വിചാരണയെ സധൈര്യം നേരിട്ടു. ജാതവേദന്റെ ദാർഷ്ട്യത്തിന് മുൻപിൽ ലവലേശം കൂസാതെ വെല്ലുവിളികൾ ഉയർത്തി...


ഒരു വേള ശ്വേത ഒരുമ്പെട്ടിരുന്നെങ്കിൽ...മന്ത്രിക്കസേരകൾ ഇളകി വീഴുമായിരുന്നു. ഒരു ജന്മത്തിൽ അനുഭവിക്കേണ്ടത്തിന്റെ നാലിരട്ടി അനുഭവിച്ചു കഴിഞ്ഞിരിക്കുന്നു. കൂടെ നിന്നവർ എല്ലാം തന്നെ കൈ ഒഴിഞ്ഞു... തന്റെ അഭിഭാഷകനെ പോലും ശത്രു പക്ഷം വിലക്കെടുത്തു.... ഒടുവിൽ തന്റെ ജീവനുപോലും സുരക്ഷയില്ലാതെയായപ്പോഴും... ശ്വേത തളർന്നില്ല..... തീയിൽ കുരുത്തവൾ.....
ജീവിതം അങ്ങിനെയാണ്..... ചിലരെ ചിരിപ്പിക്കുമ്പോൾ.... മറ്റു ചിലരെ കരയിക്കും....

" ജയിലിൽ പിറന്ന കുട്ടിയുടെ അച്ഛൻ ആരാണ്"?...... അന്വേഷണ കമ്മീഷൻ ചോദ്യം ആവർത്തിച്ചു.

ഏതു കൊടുങ്കാറ്റിനേയും അതിജീവിച്ച ശ്വേത നായർ എന്ന വൻമരം.... ഈ ചോദ്യത്തിന് മുൻപിൽ തളർന്നതെന്തേ....

" ഇല്ല..അത് തികച്ചും വ്യക്തിപരമാണ്... പറയാൻ ബുദ്ധിമുട്ടുണ്ട്"... അത് ആരും അറിയേണ്ട..... തന്റെ ഹൃദയത്തിൽ താനത് സൂക്ഷിക്കും....

" ഗുൽമോഹറും..... ചെമ്പരത്തിയും... പൂക്കളല്ലേ.... രണ്ടിനും ഒരേ നിറമല്ലേ.... ചുവപ്പ്, എന്നിട്ടെന്തേ ഒരു വളെ പ്രണയമെന്നും.... ഒരുവളെ ഭ്രാന്തിയെന്നും വിളിച്ചു....

" അറുപത്തിയഞ്ചാമൻ ആര്"?!!!!

സ്മാർത്തൻ ചോദ്യം ആവർത്തിച്ചു...
" അറുപത്തി നാലു പേരുകൾ "സാധനം" പറഞ്ഞു കഴിഞ്ഞു.... അറുപത്തിയഞ്ചാമത്തെ പങ്കാളി ആരാണ്?

രാജാവും മീമാംസകരും കാതുകൂർപ്പിച്ചു .....

താത്രി ഉള്ളാലെ ചിരിച്ചു.. പരിഹാസത്തോടെ.... അറപ്പോടെ.... വെറുപ്പോടെ.....

വിരലിൽ കിടന്ന അടയാളമോതിരം ഊരി.... അറുപത്തിയഞ്ചാമൻ കിടക്ക പങ്കിട്ട് പോകാൻ നേരം സമ്മാനമായി കൊടുത്തതാണ്..... മോതിരം ദാസിയുടെ കൈയ്യിലൂടെ സ്മാർത്തന് കൊടുത്തു കൊണ്ട് താത്രി ചോദിച്ചു....

"ഈ പേരും ഞാൻ പറയണമോ"?.....

മോതിരം കണ്ട സ്മാർത്തനും രാജാവും ഞെട്ടി......

"വേണ്ടാ ..... വിചാരണ അവസാനിപ്പിക്കാം."..... രാജാവ് കൽപ്പിച്ചു!!!!

നാൽപ്പത് ദിവസം നീണ്ടു നിന്ന താത്രിയുടെ സ്മാർത്തവിചാരണ അവസാനിച്ചു.

മനുഷ്യമനസ്സാക്ഷിക്ക് നിരക്കാത്ത ഇരുതല മൂർച്ചയുള്ള കൊടിയ സ്ത്രീ ചൂഷണ വ്യവസ്ഥിതിതിയെയാണ് കുറിയേടത്ത് താത്രി തന്റെ സ്ത്രീ ശരീരം കൊണ്ട് തകർത്തെറിഞ്ഞത്.

തന്റെ ശരീരം പങ്കിട്ട അറുപത്തിനാല് പ്രമുഖരെ വിചാരണ വേളയിൽ വെളിപ്പെടുത്തുമ്പോഴും.... അവർക്കെല്ലാം തന്നോടൊപ്പം സാമുദായിക ഭ്രഷ്ട് ശിക്ഷയായി ലഭിച്ചപ്പോഴും .... സദാചാര വിചാരണ നടത്തുന്ന സ്മാർത്തനെയും.... മീമാംസകരെയും  .... രാജാവിനെപ്പോലും നിയന്ത്രിക്കാനുള്ള കടിഞ്ഞാൺ താത്രിക്കുട്ടിയുടെ കൈവശം ഉണ്ടായിരുന്നു. 

മറക്കുടയുടെ മറ നീക്കി ... യാഥാസ്ഥിക പുരുഷ മേധാവിത്വത്തിന് നേരേ തന്റെ ശരീരം പടവാളാക്കി ഒറ്റയാൾ പടനയിച്ച "കുറിയേടത്ത് താത്രി" ഒരു ഓർമ്മപ്പെടുത്തലാണ്....

സത്യമോ... മിഥ്യയോ.... ചരിത്രം പറയുന്നതു പോലെ... പ്രേതമായി തീർന്ന താത്രിയെ, കൽപ്പകശ്ശേരി ഇല്ലത്തെ കല്ലിൽ ആവാഹിച്ചിരുന്നിരിക്കണം..... ഒരു പക്ഷേ അതിന്റെ പുനർജന്മമായിരിക്കാം.... കാർത്യായനി ക്ഷേത്രത്തിലെ "മാധവി ലത" യെങ്കിൽ..... കുറിയേടത്ത് താത്രി നമുക്കിടയിൽ ഇപ്പോഴുമുണ്ട്....

കോയമ്പത്തൂരിലെ പുതിയ ഓഫിസിൽ....... ക്യാബിന്റെ വാതിൽ തുറന്ന് അകത്തേക്ക് കടക്കുമ്പോൾ.... നിറഞ്ഞ ചിരിയോടെ ശ്വേത അഭിവാദനം ചെയ്തു ..... നീലയിൽ വെളുത്ത ബോർഡർ തുന്നിച്ചേർത്ത സാരിയിൽ കറങ്ങുന്ന കസേരയിൽ ഇരിക്കുന്ന ശ്വേത പഴയതിലും സുന്ദരിയായിരുന്നു..... ഏറെ ആത്മവിശ്വാസവും .... നിശ്ചയദാർഡ്യവും സ്പുരിക്കുന്ന മുഖത്തോടെ..... തന്നെ തനിക്കല്ലാതെ മറ്റാർക്കും തോൽപ്പിക്കാനാവില്ല...... എന്ന് വിളിച്ചോതുന്ന വ്യക്തിത്വം.

   

2020, ഓഗസ്റ്റ് 4, ചൊവ്വാഴ്ച

ജനുവരിയിലെ പൂക്കൾ - സജി ജോസഫ്


കിഴക്ക് വെള്ള കീറുന്നതിന് മുൻപ് പാടത്തേയ്ക്കിറങ്ങിയതാണ്. പുലർക്കാലത്തെ കുളിർക്കാറ്റിന് കൈതപ്പൂവിന്റെ ഗന്ധം. മാനത്തെ നിലാവ് മാഞ്ഞു തുടങ്ങി, പാടവരമ്പത്തെ കറുകപ്പുൽക്കൊടികളിൽ മഞ്ഞിൻ കണങ്ങളുടെ തിളക്കം.... രാപ്പക്ഷികൾ കൂടണയാൻ തിരക്കു കൂട്ടിത്തുടങ്ങി.

വെള്ളം' തേകലും തിരിയ്ക്കലും' ഒക്കെ തനിയെയാണ്. കൃഷി തനിക്കൊരു ജീവനോപാധി മാത്രമല്ല, അത് തരുന്ന സംതൃപ്തിയും.. മണ്ണിനോടും ചെളിയോടുമുള്ള ഒരു തരം വൈകാരികബന്ധം, ചെളിക്കട്ടകൾ ഉടഞ്ഞ് ഉഴുതു മറിയുമ്പോഴുള്ള ആ മണം ഒരു ലഹരിയാണ്... മണ്ണിനോടുള്ള അടങ്ങാത്ത ഉന്മാദം.

യന്ത്രവൽകൃത നിലം ഉഴൽ സമ്പ്രദായങ്ങൾ ഒക്കെ നിലവിൽ വന്നെങ്കിലും, താനിപ്പോഴും കാളയും കലപ്പയും ഉപയോഗിക്കുന്നു,  'ത്ലാക്കൊട്ട' ഉപയോഗിച്ച് വെള്ളം തേകി കണ്ടങ്ങളിലേയ്ക്കൊഴുക്കുന്നു... അത് ഒരു ശരീര വ്യായാമം കൂടിയാണ് തനിക്ക്. ആ പഴമയെ വാരിപ്പുണരുമ്പോഴുള്ള സുഖം... അനുഭൂതി... നിർവൃതി... അത് മറ്റാർക്കും മനസ്സിലാവില്ല.

" കാളപൂട്ടലും ഞവുരി അടിയും തേക്കു കൊട്ടയും ഒന്നും തനിയ്ക്ക് ഉപേക്ഷിയ്ക്കാറായില്ലേ?... കാലം മാറി എന്നിട്ടും തനിക്കും തന്റെ കൃഷി രീതിയ്ക്കും ഒരു മാറ്റവും ഇല്ലല്ലോ... ഇങ്ങനെ ഒരു പഴഞ്ചൻ... പഴയ എം എ ക്കാരനാ... ചെളിയിൽ നിന്നുകയറാൻ നേരമില്ല".... ആളുകൾ തന്നെ കളിയാക്കിപ്പറയും.

അതെ, താൻ ഒരു പഴഞ്ചൻ തന്നെയാണ്, വലിയ മോഹങ്ങൾ ഒന്നുമില്ലാത്ത ഒരു സാധാരണക്കാരൻ... അപ്പനിൽ നിന്ന് പകർന്നു കിട്ടിയ മണ്ണിനോടുള്ള പ്രണയം, അതുകൊണ്ടാണല്ലോ വിദ്യാഭ്യാസം നേടിയിട്ടും ഉപജീവനമാർഗ്ഗമായി കാർഷികവൃത്തി തിരഞ്ഞെടുത്തത്.

പാടത്തു നിന്ന് കയറുമ്പോൾ എട്ടു മണി കഴിഞ്ഞിരിക്കണു, വല്ലാത്ത വിശപ്പും പരവേശവും.

" തേക്കലും വെള്ളം തിരീം ഒക്കെ കഴിഞ്ഞോ റോയിയെ"! എതിരെ വന്ന വർക്കിച്ചേട്ടൻ ചോദിച്ചു.

" ഓ എന്നാ പറയാനാ വർക്കിച്ചേട്ടാ... പാതിരാ കഴിയുമ്പോ പോയാലെ ഈ നേരത്തെങ്കിലും കയറാൻ പറ്റൂ"... ഇനി ഇന്ന് കപ്പയ്ക്ക് ഇട കൊത്തുണ്ട്...

" റോയിയേ... വീട്ടിൽ കോഴിമുട്ടയിരിപ്പുണ്ടോടാ... പത്തിരുപത് എണ്ണം എടുക്കാൻ"

" എന്തിനാ ജാനകിയമ്മേ?....

" അതോ അടുത്തയാഴ്ച ഉഷേടെ മകളുടെ " വയറു കാണാൻ" പോകുവാ... പലഹാരം ഉണ്ടാക്കിക്കൊണ്ടുപോകാനാ"...

" പിന്നെ മുട്ട കാണും... ആനിയോട് ചോദിക്കട്ടെ, അതൊക്കെ അവളുടെ വകുപ്പാ.... ഉണ്ടെങ്കില് കൊടുത്തു വിടാം"

കാലുകൾ നീട്ടി വലിച്ചു നടന്നു.... രണ്ടു മൂന്നു ദിവസായി  'കോക്കാട്ടേയ്ക്ക്' ഒന്നു പോയിട്ട്, തേങ്ങാ ഇടീയ്ക്കുന്ന കാര്യം അപ്പച്ചൻ പറഞ്ഞിരുന്നു, പാവങ്ങൾ അതുങ്ങള് രണ്ടും തന്നെയല്ലേയുള്ളൂ... എട്ട് മക്കൾ ഉള്ള തന്തയും തള്ളയുമാ... വയസ്സാം കാലത്ത് തിരിഞ്ഞു നോക്കാൻ ആരും ഇല്ല...  ..... എല്ലാരും അമേരിക്കേലും കാനഡായിലും ഇംഗ്ലണ്ടിലുമൊക്കെയായി.... അഞ്ചെട്ടേക്കറു സ്ഥലോം വലിയ തറവാടും ഒക്കെ ഇവിടെ വെറുതെ കെടക്കണ്... തന്നെ നോക്കാനും ഏൽപ്പിച്ചിട്ടുണ്ട്... താനാണ് അവർക്ക് ഏക ആശ്രയം, അകന്ന ബന്ധുക്കൾ അത്രയുള്ളൂ ബന്ധം എങ്കിലും സ്വന്തം മാതാപിതാക്കളെ പോലെ നോക്കുന്നുമുണ്ട്... .

വീടെത്തിയതറിഞ്ഞില്ല, പശുവും കിടാവും തൊഴുത്തിൽ തന്നെ നിൽക്കുന്നു!!!!

" എന്റെ ആനീ..... ഈ പശുവിനേം ക്ടാവിനേം കറവ കഴിഞ്ഞ് പുറത്തേയ്ക്ക് ഒന്ന് ഇറക്കിക്കെട്ടാൻ മേലാർന്നോ... നേരം ഇത്രേം പുലർന്നില്ലേ..."

" എനിയ്ക്ക് രണ്ട് കയ്യല്ലേയുള്ളൂ റോയിച്ചാ... പിള്ളേരെ സ്കൂളിൽ വിടാനുള്ള തിരക്കങ്ങനെ... അതിനിടെ അന്നയുടെ ടീച്ചർ വിളിച്ചു അവളെ പ്രസംഗ മത്സരത്തിന് പ്രാക്ടീസ് ചെയ്യിക്കണമെന്ന് പറഞ്ഞ്, ഉപജില്ലാ കോംപറ്റീഷൻ വരുവല്ലേ... റോയിച്ചനോട് പ്രത്യേകം പറയാൻ പറഞ്ഞു. രണ്ടു ദിവസായി നമ്മുടെ 'പുള്ളിപ്പെടയെ' കാണാനില്ലായിരുന്നു... മുട്ടയിട്ടു കൊണ്ട് നടന്നതാ.. കിഴക്കേ മൂലേലെ ഇല്ലിച്ചോട്ടിൽ ഒരു കോഴി ചത്തു കെടക്കണന്ന് അവിടെ കിളച്ചോണ്ടിരിക്കണ മത്തൻ വിളിച്ചു പറഞ്ഞു... അതു കേട്ടോണ്ട് ഞാൻ അങ്ങോട്ടു പോയി... പുള്ളിപ്പെടയെ പാക്കാൻ പിടിച്ചതാ.. എല്ലും തോലും അവിടെ കിടപ്പുണ്ട്".

കാലും കയ്യും കഴുകി വന്നപ്പോഴെക്കും ആനി ചായ കൊണ്ടുവന്നു....

" അമ്മച്ചി ചായ കുടിച്ചോ.... എഴുന്നേറ്റില്ലേ"....

പത്രം എടുത്ത് ഓടിച്ചു നോക്കി... ആദ്യം കണ്ണു പോകുന്നത് കമ്പോള നിലവാരം നോക്കാനാണ്... റബ്ബറിന് വില കൂടിയോ, ജാതിപത്രി എങ്ങിനെയുണ്ട്... കൊപ്രയുടെ നിലവാരം എന്താണ്....

" റോയിച്ചാ... ബേബിച്ചായൻ വിളിച്ചിരുന്നു, അമേരിക്കേന്ന്... എന്തോ അത്യാവശ്യ കാര്യം പറയാനുണ്ടെന്ന് പറഞ്ഞു... റോയിച്ചൻ വരുമ്പം വിളിക്കാന്നു പറഞ്ഞിട്ടുണ്ട്"......

" കുളിച്ചിട്ട് വാ... കഴിയ്ക്കാനെടുത്തു വയ്ക്കാം"...

" കുളിച്ചതാ... കുളത്തിൽ ഒന്നു മുങ്ങിക്കേറി"...

" അപ്പാ .. എന്റെ ബൂട്ട് എന്നാ വാങ്ങണെ"?..... ജോക്കുട്ടൻ ചോദിച്ചു.

" വാങ്ങാം... ശനിയാഴ്ച ആവട്ടെ"...

മോര് ഒഴിച്ചിട്ടിരുന്ന പഴയങ്കഞ്ഞിയിൽ പച്ചമുളക് ഉടച്ച്..... ചക്കപ്പുഴുക്ക് ഞവടി മൺചട്ടിയിൽ മോന്തുന്നത് കണ്ട് ആനി ചിരിച്ചു....

" എന്റെ റോയിച്ചാ... ആ മേശപ്പുറത്തിരുന്ന് കഴിച്ചുടെ... ഇങ്ങനെ ഒരു പഴമനുഷ്യൻ"....

" ആനീ... ഈ " കൊരണ്ടിപ്പലക" യിലിരുന്ന് പഴങ്കഞ്ഞിയും പുഴുക്കുമൊക്കെ കഴിക്കുമ്പോൾ അനുഭവിക്കുന്ന സുഖം ഡൈനിങ്ങ് ടേബിളിൽ കിട്ടിയേല"..... കുട്ടിക്കാലമാണ് ഓർമ്മ വരിക... ഞങ്ങൾ എല്ലാവരും... ചാച്ചനും, അമ്മച്ചിയും ഇങ്ങനെ നിലത്തിരുന്ന്... അമ്മ വാത്സല്യത്തോടെ വിളമ്പിത്തരുന്ന പുഴുക്കും ഉണക്ക മീൻ ചുട്ടതും... ഹോ.. അന്നത്തെ ഭക്ഷണത്തിനൊക്കെ എന്നാ രുചിയായിരുന്നു".....
കോക്കാട്ടെ മലയിലെ പറമ്പിലായിരുന്നു അന്ന് കൃഷി ചെയ്തോണ്ടിരുന്നത്, കപ്പയും, ഇഞ്ചിയും, മഞ്ഞളുമൊക്കെ.... കഷ്ടപ്പാടായിരുന്നുവെങ്കിലും എത്ര നല്ല കാലമായിരുന്നു അതൊക്കെ...

" വെറുതെയല്ലാ അപ്പേനെ  എല്ലാരും 'പഴഞ്ചൻ' റോയി എന്നു വിളിക്കണെ"... അന്ന.. അകത്തെ  മുറിയിൽ നിന്നു കളിയാക്കി പ്പറഞ്ഞു.

" അത് അപ്പയ്ക്ക് ഇഷ്ടാ മോളേ"...

അകത്തെ മുറിയിൽ ഫോൺ ബെല്ലടിക്കുന്നു...

" ഹലോ... ങ്ങ്ഹാ... ഉണ്ട്.. കൊടുക്കാം"... " അപ്പേ... ബേബി യങ്കിളാ... അമേരിക്കേന്ന്...


" ഹലോ... ബേബിച്ചായോ... ഞാൻ പാടത്തായിരുന്നു... പാതിരാ കഴിഞ്ഞപ്പപ്പോയതാ... ദാ... ഇപ്പ വന്നു കേറി ഇത്തിരി കഞ്ഞി കുടിച്ചു"...

" ങ്ങ്ഹാ.. റോയിയെ... വേറെ എന്നാ വിശേഷങ്ങൾ... കൃഷീം കാര്യങ്ങളുമൊക്കെ എങ്ങിനെ പോകുന്നു... റബ്ബറിനൊന്നും തീരെ വിലയില്ലല്ലോടാ... എങ്ങിനെ പിടിച്ചു നിൽക്കുന്നു?... നീ വീട്ടിലേക്ക് എങ്ങാനും പോയിരുന്നാ?

" ഉവ്വ്.... എന്നും തന്നെ പോകാറുണ്ട്... അവിടെ വിശേഷം ഒന്നും ഇല്ല". അപ്പച്ചന്റെ മുട്ട് വേദന അൽപ്പം കൂടുന്നുണ്ട്, കഴിഞ്ഞയാഴ്ച വൈദ്യശാലയിൽപ്പോയി കഷായവും കുഴമ്പും വാങ്ങിക്കൊടുത്തിരുന്നു.

" ഞാൻ ഒരു പ്രധാന കാര്യം പറയാനാ ഇപ്പോ വിളിച്ചത്...

" എന്താ ബേബിച്ചായാ"....

റോയി... ഞങ്ങൾ ചില തീരുമാനങ്ങൾ എടുത്തിട്ടുണ്ട് .. ചാച്ചനേം.... അമ്മേനേം... അമേരിക്കയിലേക്ക് കൊണ്ടുവരാൻ, ഇനിയുള്ള കാലം ഇവിടെ കഴിയട്ടെ... അവർ ഒരു വട്ടം ഇവിടെ വരികയും ചെയ്തിട്ടുണ്ടല്ലോ ... വിസായും ഉണ്ട്. അവിടുത്തെ വീടും പറമ്പും മലയിലെ പറമ്പും ഒക്കെ ഒന്നിച്ചു വിൽക്കാനുള്ള ഏർപ്പാടുകൾ ചെയ്യുന്നുണ്ട്... നിന്നെ ഈ ദിവസങ്ങളിൽ ഒരാൾ വിളിക്കും, കോട്ടയത്തുനിന്ന്... സിറിയക് ഇവിടെയുള്ള എന്റെ സുഹൃത്താണ്. അയാൾ ആ സ്ഥലങ്ങളെല്ലാം കൂടി നല്ല വിലയ്ക് വാങ്ങാനാണ്... അവർക്ക് അവിടെ വില്ലാ പ്രോജക്ടിനു വേണ്ടിയാണ്.... നീ അയാൾക്ക് നമ്മുടെ തറവാടും സ്ഥലങ്ങൾ എല്ലാം കാണിച്ചു കൊടുക്കണം... ഞങ്ങൾ ഒരു ധാരണയിലെത്തിയിട്ടുണ്ട്. ചാച്ചനോടും അമ്മയോടും വിശദമായിട്ടൊന്നും ഇപ്പോൾ പറയേണ്ട"

" അല്ല ബേബിച്ചായാ... അപ്പച്ചനേം, അമ്മയേയും ഈ വയസ്സു കാലത്ത് അമേരിക്കയിലേയ്ക്ക് കൊണ്ടുപോകുക എന്നു പറഞ്ഞാൽ... അവർ അതിന് തയ്യാറാവുമോ?, പെട്ടന്ന് ഒരു പറിച്ചു നടീൽ... അവർക്ക് താങ്ങാൻ പറ്റ്വോ?

"അതിന് ഇപ്പോ... അവരുടെ അനുവാദത്തിന് കാത്തു നിൽക്കാൻ കഴിയ്യോ... അവരെ ഇനി അവിടെ നിർത്തീട്ട് എന്നാ ചെയ്യാനാ.... ഞങ്ങൾക്ക് ആർക്കും ഇനി അവിടെ വന്ന് നിന്ന് അവരെ നോക്കാനൊന്നും ഒക്കത്തില്ല... ഞാനും മോളികുട്ടീം പിള്ളേരും ഇവിടെ... മോളമ്മേം കുടുബവും ഡാളസില്.... ലൗലീം കുടുമ്പോം,  സാലീം കുടുംബവും ന്യൂയോർക്കില്,... തമ്പി ച്ചേട്ടനും, മാത്തുക്കുട്ടീം ഒക്കെ ഫാമിലിയായിട്ട് ന്യൂജേഴ്സില്... മേരിക്കുഞ്ഞും, റോസ്ലീം ഒക്കെ കാനഡായിൽ... ജിമ്മിയാണേൽ ലണ്ടനില്.... എല്ലാവരും സെറ്റിൽഡാണ്, ആർക്കാ നാട്ടിൽ വന്ന് ആ ഓണംകേറാ മൂലേല് താമസിച്ച് അപ്പനേം അമ്മേം നോക്കാൻ നേരം?.. ഞങ്ങൾക്ക് ഞങ്ങളുടെ ജീവിതവും മക്കളുടെ ഭാവിയുമല്ലേ വലുത്!!!! മോളിക്കുട്ടിക്കും, പിള്ളേർക്കും നാട് എന്ന് കേൾക്കുമ്പോൾ ഓക്കാനം വരും!!!!   അതു തന്നെയുമല്ല ഏക്കർ കണക്കിന് വരുന്ന ആ സ്ഥലം എല്ലാം അവിടെ കിടന്നിട്ട് എന്തോ ചെയ്യാനാ... ഇപ്പോഴാണെങ്കിൽ ഞങ്ങൾ മൂന്നാറിൽ പണിതു കൊണ്ടിരിക്കുന്ന റിസോർട്ടിന്റെ പൂർത്തീകരണത്തിന് ഇനിയും ധാരാളം പണം ആവശ്യമുണ്ട്, അതുകൊണ്ട് അതു മുഴുവൻ വിറ്റ് അപ്പനേയും അമ്മയേയും ഇങ്ങോട്ട് കൊണ്ടുവരാൻ തീരുമാനിച്ചു. അവർ ഇങ്ങോട്ട് വന്നാൽ ഓരോരുത്തരുടെയും വീട്ടിൽ മാറി മാറി നിർത്താം.... പിള്ളേരെ നോക്കുകയും ചെയ്യാം... ഇവിടാണെങ്കിൽ സേർവ്വന്റിന് ഞങ്ങൾ എത്ര പൈസയാ കൊടുക്കുന്നതെന്നറിയാമോ? മോളിക്കുട്ടിയാണേൽ നിർബ്ബന്ധം പിടിക്കുവാ.... ബേബിച്ചായൻ ശ്വാസം വിടാതെ പറഞ്ഞു കൊണ്ടിരുന്നു.

" ബേബിച്ചായ.... പക്ഷേ അവർക്ക് അതിനോടെങ്ങനെ പൊരുത്തപ്പെടാൻ പറ്റും? ജനിച്ചു വളർന്ന നാടും വീടും ഒക്കെ വിട്ടിട്ട് ഈ പ്രായാധിക്യത്തിൽ..... എന്നാൽ ആവുംവിധം ഒക്കെ ഞാൻ നോക്കുന്നുണ്ട്... കൂടാതെ ഒരു സഹായിപ്പെണ്ണും ഉണ്ടല്ലോ".

" റോയി.. നീ അവരെ നോക്കുന്നുണ്ടെന്നെനിക്കറിയാം.... പക്ഷേ ഞങ്ങൾ സ്വന്തം മക്കളല്ലേ? അവരുടെ ജീവിതം ഒക്കെ കഴിയാറായി .... ഇനി ഇപ്പോ എവിടെ ആയാലെന്താ.... ഞാൻ ക്രിസ്തുമസ്സിന് അവിടെ എത്തും, അപ്പോഴേക്കും എല്ലാം റെഡിയാകണം.... ചാച്ചനോടും അമ്മയോടും ഞാൻ വന്നിട്ട് കാര്യങ്ങൾ പറഞ്ഞോളാം... നീ പറയേണ്ട, ഡിസംബറിൽ വരുമെന്ന കാര്യം മാത്രം പറഞ്ഞാൽ മതി.... ഞാൻ പിന്നെ വിളിക്കാം".

ഫോൺ സംഭാഷണം അവസാനിപ്പിച്ച് മുറി വിട്ട് പുറത്തേക്കിറങ്ങുമ്പോൾ മനസ്സ് മൂകമായി.

" എന്തുപറ്റി റോയിച്ചാ.... ബേബിച്ചായൻ എന്നാ ഇത്രേം നേരം പറഞ്ഞത്"? ആനി ചോദിച്ചു

മുറ്റത്തേക്കിറങ്ങി... ആനി മീൻ വെട്ടിക്കൊണ്ടിരുന്നു.... " എന്താ ബേബിച്ചായൻ പറഞ്ഞേ?"

" അവിടുത്തെ അപ്പച്ചനം അമ്മച്ചിയേം അവർ അമേരിക്കയിലേയ്ക്ക് കൊണ്ടുപോകുന്നു.... വീടും സ്ഥലവുമെല്ലാം വിൽക്കാൻ ഏർപ്പാടാക്കി". " കഷ്ടം അതു ങ്ങൾക്ക് എങ്ങിനെ പോകാനാകും!!!! ഇവിടം വിട്ട്....

" എന്താ മോനേ നീ വിഷമിച്ചിരിക്കണെ? അമ്മച്ചി മുറ്റത്തേക്കിറങ്ങി വന്നു..... നീ ആരോടോ ഫോണിൽ വർത്തമാനം പറയുന്നത് കേട്ടല്ലോ"

" അതേയ്... അമ്മച്ചി... നമ്മുടെ ബേബിച്ചായനായിരുന്നു, കോക്കാട്ടെ... അവർ എല്ലാം വിറ്റുപെറുക്കി പോകുവാ"

എല്ലാവരും മൗനമായ്.....

തന്റെ ഓർമ്മയിൽ " കോക്കാട്ടുകാർ" വലിയ പ്രതാപികളായിക്കഴിഞ്ഞിരുന്നു, കഠിനാദ്ധ്വാനികളായിരുന്നു അപ്പച്ചനും അമ്മച്ചിയും..... ആ കാണുന്നതെല്ലാം അവർ ഉണ്ടാക്കിയതാണ്.... ഭൂ ഉടമകൾ. മക്കളെയെല്ലാം പഠിപ്പിച്ചു... എഞ്ചിനിയർമാരും ഡോക്ടർമാരും... പെൺ മക്കളെല്ലാം നേഴ്സും മാരുമൊക്കെയായി.... ഏറ്റവും മൂത്ത പെണ്ണമ്മ ചേച്ചിയായിരുന്നു ആദ്യം അമേരിക്കയിൽ എത്തിയത്, പിന്നെ ഓരോരുത്തരായി പോയി... കണക്കില്ലാതെ പണം വാരിക്കൂട്ടി... മക്കളും മരുമക്കളും കൊച്ചുമക്കളും ഒക്കെയായി വലിയ കുടുംബം. ചിലർ ഒക്കെ' മദാമ്മ' മാരേയും...' കറമ്പൻ' മാരേയും ഒക്കെ' കെട്ടി' നാട്ടിൽ നിന്നകന്നു... കോക്കാട്ടെ തറവാട്ടിൽ ഒരു സങ്കരസംസ്ക്കാരം ഉടലെടുത്തു. ആരും തന്നെ അങ്ങിനെ നാട്ടിൽ വരാറില്ല.... ഓരോ ക്രിസ്തുമസ്സും ഈസ്റ്ററും വരുമ്പോൾ അപ്പച്ചനും അമ്മച്ചിയും പ്രതീക്ഷയോടെ കാത്തിരിക്കും.... ഏതെങ്കിലും മക്കൾ വരുമെന്ന പ്രതീക്ഷയിൽ..... ആരും വരാറില്ല... ബേബിച്ചായൻ മാത്രമാണ് വല്ലപ്പോഴുമെങ്കിലും ഒന്ന് വിളിക്കുന്നത്.

അമ്മച്ചി ഇപ്പോഴും പശുവിനെ വളർത്തുന്നുണ്ട്.... പാൽ വിറ്റും തേങ്ങായും, ജാതിക്കായും, റബ്ബറും ഒക്കെ വിറ്റ് പൈസാ ഉണ്ടാക്കി ബാങ്കിൽ ഇടുന്നു മക്കൾക്ക് വേണ്ടി.

എം.എ. പാസ്സായപ്പോൾ ബേബിച്ചായൻ പറഞ്ഞതാണ് ഒരു അമേരിക്കക്കാരി നേഴ്സിനെ ആലോചിക്കാമെന്ന്.... ആനി അന്നു മനസ്സിൽ ചേക്കേറിയിരുന്നു.... വലിയ ആഗ്രഹങ്ങളൊന്നും അന്നും ഉണ്ടായിരുന്നില്ല.... ആദ്യമൊക്കെ ജോലിക്ക് വേണ്ടി ശ്രമിച്ചിരുന്നു.... പിന്നെ സ്വന്തം ഭൂമിയിലേക്കിറങ്ങി... ഒരു കൃഷിക്കാരനായി.... തന്റേതായ ശൈലിയിൽ.

ബി.എ. മലയാളം ക്ലാസ്സിൽ വച്ചായിരുന്നു ആനിയെ ആദ്യമായി കണ്ടത്, തന്റെ ജൂനിയർ. ഗ്രാമത്തിന്റെ വിശുദ്ധിയും... ലാളിത്യത്തിന്റെ നൈർമല്യവുമുള്ള നാടൻ പെൺക്കുട്ടി... കായാമ്പൂ കണ്ണുകളും... താമരയിതളിനോടൊത്തു നിൽക്കുന്ന കവിൾത്തടങ്ങളിലെ കാക്കപ്പുള്ളിയും... ദാവണി ചുറ്റി മറയ്ക്കാൻ ശ്രമിച്ചിട്ടും തൂവി തുളുമ്പുന്ന നിറയൗവ്വന ഗാത്ര സൗഭഗതത്തിന്റെ നിമ്ന്നോന്നതങ്ങളിൽ കണ്ണുകളുടക്കി നിന്നു.... പതിവായി ശ്രദ്ധിച്ചു തുടങ്ങിയപ്പോൾ... കോളേജിലെ ഇടനാഴികളിലും... ലൈബ്രറി ഹാളിലും ഒക്കെ വച്ചു കണ്ണുകൾ കൂട്ടിമുട്ടി.... പിന്നീട് ഇഷ്ടമറിയിച്ചു....  കലാലയ പ്രണയത്തിന്റെ വർണ്ണാഭമായ അതിഭാവുകത്വങ്ങൾ ഒന്നും ഇല്ലാതെ... ഹൃദയം കൈമാറി... കടക്കണ്ണിൽ പ്രണയത്തിന്റെ തിരകൾ ഒളിപ്പിച്ചു വച്ച് ആനി കാത്തിരുന്നു... ചില വർഷങ്ങൾ.

" കട്ടപ്പനേന്ന് ഒരു ആലോചന വന്നിട്ടുണ്ട് റോയിച്ചാ.... എല്ലാർക്കും ഇഷ്ടായി... എന്താ ചെയ്യെണ്ടേ?

" നിനക്കിഷ്ടായോ"?

" ന്റെ ഇഷ്ടം റോയിച്ചനറിയാലോ... ന്റെ കാത്തിരിപ്പ് വെറുതെ ആവ്വോ"....

കാത്തിരിപ്പ് വെറുതെയായില്ല... പത്തൊൻമ്പത് വർഷങ്ങൾ കഴിഞ്ഞിരിക്കണു... തന്റെ ഇഷ്ടങ്ങൾ എല്ലാം അറിയുന്നവൾ.. ചക്കുക്കുരുവും മാങ്ങായും.. മാങ്ങായും ചെമ്മീനും... മുരിങ്ങക്കാത്തോരനും... ഉണക്കമീൻ ചമ്മന്തീം ഒക്കെ യഥേഷ്ടം ഉണ്ടാക്കിത്തന്നും.. കോഴിയെ വളർത്തിയും പശുവിനെ വളർത്തിയും... ടി.വി സീരിയൽ കണ്ട് കരഞ്ഞും.. ഇണങ്ങിയും പിണങ്ങിയും തന്റെ ജീവന്റെ ഭാഗമായി ജീവിക്കുന്ന ആനി.

" വിഷമിച്ചിട്ട് എന്തു ചെയ്യാനാ റോയിച്ചാ... അവരുടെ അപ്പനും അമ്മയുമല്ലേ.. അവരുടെ ഇഷ്ടം പോലെയല്ലേ നടക്കൂ... നമുക്ക് എന്തു ചെയ്യാൻ പറ്റും".. ആനിയുടെ ശബ്ദം തന്നെ ചിന്തകളിൽ നിന്നുണർത്തി.

" റോയിയെ.... നിന്നെ രണ്ടു ദിവസായല്ലോ കണ്ടിട്ട്, തേങ്ങാ ഇടീക്കുന്ന കാര്യം ഞാൻ പറഞ്ഞിരുന്നില്ലേ? കോക്കാട്ട് ചെല്ലുമ്പോൾ അപ്പച്ചൻ ഇറയത്തിരുന്ന് ചക്കപ്പഴം തിന്നുന്നു... അമ്മച്ചി ചക്ക മുറിച്ച് ഇരിഞ്ഞ് മുറത്തിലേക്ക് ഇട്ടു കൊടുക്കുന്നു...

" നല്ല മധുരമുള്ള തേൻ തുള്ളി വരിയ്ക്കയാടാ റോയി... അടുക്കളപ്പുറത്തെ പ്ലാവിലയാ... തിന്നോ"... അമ്മച്ചി പറഞ്ഞു.

ഇവരുടെ ഈ സ്വാതന്ത്ര്യവും സന്തോഷവുമെല്ലാം തീരാൻ പോവുകയാണല്ലോ ദൈവമെ... ഈ പ്രായത്തിൽ ' സായിപ്പിന്റെ' നാട്ടിലേയ്ക്കുള്ള ' പറിച്ചു നടീൽ' ഇവരെങ്ങനെ സഹിയ്ക്കും...

" എന്നാടാ റോയി നിന്റെ മുഖം വല്ലാതിരിക്കണെ"? അമ്മച്ചി ചോദിച്ചു.

" ഒന്നുമില്ലമ്മിച്ചി.... രാവിലെ പാടത്തു നിന്ന് കയറിയതേയുള്ളൂ.. അതാ"

" എടാ എന്റെ കൊഴമ്പും കഷായവും തീർന്നു.. ഒന്നൂടെ പോണം, എപ്പഴാ നിനക്ക് ഒക്കുന്നത്"? ഇവളുടെ രണ്ടു ചട്ടയും തൈയ്യിക്കാൻ കൊടുക്കണം, നോമ്പു വീടലും ക്രിസ്തുമസ്സു മൊക്കെ വരുവല്ലേ".... അപ്പച്ചൻ പറഞ്ഞു.

" നാളെത്തന്നെ പോകാം അപ്പച്ചാ... ഞാൻ വണ്ടിയുമായി വരാം... തേങ്ങാ ഇടാൻ ഇട്ടനെ ഏർപ്പാടാക്കിയിട്ടുണ്ട്" ... ബേബിച്ചായൻ വിളിച്ചിരുന്നു, ക്രിസ്തുമസ്സിന് വരുന്നുണ്ടെന്ന് പറഞ്ഞു"

" ഉവ്വോ.... രണ്ടു പേരും ആഹ്ളാദത്തോടെ ഒരു പോലെ ചോദിച്ചു. നാലു വർഷം കഴിഞ്ഞു അവർ ആരെങ്കിലും വന്നിട്ട്... എത്ര മക്കളും പണവും ഉണ്ടെങ്കിലെന്താ... ഒന്നു കാണാൻ പോലും ആരും വരില്ല   ... അമ്മച്ചിയുടെ കണ്ഠം ഇടറി...

" വരുമെന്ന് തന്നെയാണോ പറഞ്ഞത്? മോളിക്കുട്ടീം പിള്ളേരുമൊക്കെ കാണുമായിരിയ്ക്കും"... അമ്മച്ചി ആത്മഗതം പോലെ പറഞ്ഞു.

" മോളമ്മേടെ മോള് ചിന്നൂനെ ഒരു 'കറമ്പൻ കാപ്പിരി' കല്യാണം കഴിച്ചെന്നാ കേട്ടത്... ഒരു കൊച്ചുമക്കളുടെയും കല്യാണം കാണാൻ ഞങ്ങൾക്ക് ഭാഗ്യല്ല... കൊച്ചുമക്കളെപ്പോലും ഞങ്ങൾ കണ്ടിട്ടില്ല... അമ്മച്ചി സങ്കടത്തോടെ പറഞ്ഞു കൊണ്ടിരുന്നു... ഞങ്ങൾ ഇങ്ങനെ രണ്ടു പേര് ഇവിടെ ഉണ്ടെന്നു പോലും പലർക്കും അറിയില്ലായിരിയ്ക്കും.

" എന്റെ ഒറോതെ... സ്വന്തം മക്കൾ നമ്മളെ കാണാൻ വരാറില്ല... പിന്നല്ലേ കൊച്ചുമക്കളും.. പേരക്കുട്ട്യോളും"... അപ്പച്ചൻ നിസ്സംഗമായി ചിരിച്ചു.

" റോയിയെ ക്രിസ്തുമസ്സിന് ഇനി കഷ്ടി ഒരു മാസല്ലേയുള്ളൂ... ഇങ്ങടുത്തു... അങ്ങനേങ്കിൽ ഈ വീട് ഒന്ന് പൂശണല്ലോടാ... അവർ ഒക്കെ വരുന്നതല്ലേ... നീ അതൊന്ന് ഏർപ്പാടാക്ക്... അപ്പച്ചൻ തിടുക്കം കൂട്ടി... അകത്തെ ബാത്ത്റൂമുകൾ ഒക്കെ ഒന്ന് ശരിയാക്കണം, ടൈൽസ് ചിലതൊക്കെ മാറാനുണ്ട്.... കിഴക്കേ കോലായിലെ കൊറെ ഓടുകളും മാറ്റണം .... ഒക്കെ നീ തന്നെ ചെയ്യിക്കണം.

" റോയി... നീ ആ കശാപ്പ് കാരൻ കുഞ്ഞേപ്പിനോട് അഞ്ചാറ് കിലോ നല്ല പോത്തിറച്ചി വാങ്ങിക്കൊണ്ടു വരണം... ഉണക്കാനാ... ബേബിയ്ക്ക് ഉണക്കിറച്ചി ഇടിച്ചു വറക്കണത് ഒത്തിരി ഇഷ്ടാ".... അമ്മച്ചി പറഞ്ഞു.

അവരോട് എന്തു പറയണമെന്നോ ചെയ്യണമെന്നോ അറിയാതെ നിസ്സഹായനായി അവരെ നോക്കി നിന്നു, സംഭവിക്കാൻ പോകുന്നതെന്തെന്ന് അറിയാത്ത സാധുക്കൾ!!!! ഉണക്കിറച്ചിയും ചക്ക വറുത്തതും ചക്ക വിളയിച്ചതുമൊക്കെ കരുതി വെച്ച് മക്കളെ സൽക്കരിക്കാൻ വെമ്പുന്ന മാതൃ സ്നേഹത്തിന്റെ തിരതല്ലൽ... വീട് വർണ്ണാഭമാക്കി ബാത്ത്റൂമുകൾ നവീകരിച്ച് മക്കൾക്ക് ആതിഥ്യം ഒരുക്കാൻ തിടുക്കപ്പെടുന്ന പിതൃവാത്സല്ല്യത്തിന്റെ കളങ്കമില്ലാത്ത പ്രകടനങ്ങൾ....

പിന്നീടുള്ള ദിവസങ്ങളിലെല്ലാം കോക്കാട്ടെ വീട്ടിൽ ആഹ്ളാദത്തിന്റെ ദിനങ്ങളായിരുന്നു. ഇറച്ചി ഉണക്കലും ഇടിയ്ക്കലും പൊടിയ്ക്കലും കായ് വറുക്കലുമൊക്കെയായി അമ്മച്ചി... വീടിന്റെ പെയിന്റിംങ്ങും അറ്റകുറ്റം തീർക്കലും ഒക്കെയായി അപ്പച്ചൻ... യാന്ത്രികമായി താനും അവരോട് ചേർന്നു... അല്ലാതെ വേറെ വഴിയില്ലായിരുന്നു..... കൊടുങ്കാറ്റിന് മുൻപുള്ള ശാന്തത പോലെ..

ഇതിനിടെ ബേബിച്ചായൻ പറഞ്ഞ കോട്ടയംകാരൻ സിറിയക്ക് വന്നു എല്ലാം കണ്ടു കേട്ട് തൃപ്തിയായി പോയി... അപ്പചനും അമ്മച്ചിം അതൊന്നും അറിഞ്ഞില്ല, വിൽപ്പന ഏതാണ്ട് ധാരണയായി.

വർഷങ്ങൾക്ക് ശേഷം മകനും കുടുംബവും ക്രിസ്തുമസ്സ് ആഘോഷിയ്ക്കാൻ വരികയാണ്.... പുതിയ ഉടുപ്പും കളിപ്പാട്ടങ്ങളും കിട്ടാൻ പോകുന്ന കുട്ടികളെപ്പോലെ.... പാവങ്ങൾ ദിവസങ്ങൾ എണ്ണി കാത്തിരിക്കുകയാണ്.

മനസ്സ് വിങ്ങുന്നുണ്ടായിരുന്നു, യാഥാർത്ഥ്യം മറച്ചുവെച്ച്….. അവരെ ചതിയ്ക്കുകയാണെന്നുള്ള കുറ്റബോധം വേട്ടയാടിക്കൊണ്ടിരുന്നു, താൻ നിസ്സഹായനാണ്, പല രാത്രികളും ഉറങ്ങാൻ കഴിയാതെ.... ആനിയെ ചേർത്തുപിടിച്ചു കിടക്കുമ്പോൾ.... നെഞ്ചിൽ മുഖം ചേർത്തു വച്ച് ആനി പറയും... " എന്റെ റോയിച്ചനെപ്പോലെ ഒരു മകൻ വേറെങ്ങും കാണില്ല".

ആ ദിവസം വന്നെത്തുകയാണ്... ഡിസംബർ പതിനെട്ടിന് ബേബിച്ചായനെത്തും.. ക്രിസ്തുമസ്സിന് ഒരാഴ്ച മുൻപ്.

വീടുകളെല്ലാം നക്ഷത്രാലംകൃതമായി... പുൽക്കൂടുകൾ സജ്ജമായി.... തിരുപ്പിറവിയുടെ മഹത്വം വിളിച്ചോതുന്ന കരോൾ ഗീതങ്ങൾ മഞ്ഞണിഞ്ഞ രാവുകളെ പുളകിതമാക്കി..... തന്റെ മനസ്സ് മാത്രം നിസ്സംഗമായിരുന്നു.

തലേന്ന് തന്നെ കോക്കാട്ട് വീട്ടിൽ സദ്യവട്ടങ്ങൾ ഒരുങ്ങിക്കഴിഞ്ഞു, അടുക്കളയിൽത്തന്നെ സഹായത്തിനായി രണ്ടു സ്ത്രീകളെത്തി. അതിരാവിലെ തന്നെ ചന്തയിൽ പോയി ' പുഴ മീൻ' വാങ്ങിക്കൊണ്ടുവന്നു.... " ബേബി യ്ക്കും മോളിക്കുട്ടിയ്ക്കും പുഴമീനാണിഷ്ടം" അമ്മച്ചി പറഞ്ഞു.

" റോയിയെ... നീ നേരത്തെ തന്നെ എയർപ്പോർട്ടിൽ എത്തണം... അവർ യാത്ര ചെയ്ത് ക്ഷീണിച്ചല്ലേ വരുന്നത്." അപ്പച്ചൻ നേരത്തേ തന്നെ ഓർമ്മിപ്പിച്ചു.

എയർപ്പോർട്ടിൽ നിന്നും ബേബിച്ചായനുമായി വീട്ടിലേയ്ക്ക് മടങ്ങുമ്പോൾ മനസ്സ് ശ്ലഥ ചിന്തകളാൽ മുഖരിതമായിരുന്നു.

" നിങ്ങൾ എല്ലാവരും കൂടിയാ വരുന്നതെന്നാ അപ്പച്ചനും അമ്മച്ചിം കരുതിയിരിക്കണെ"

" നല്ല കാര്യായി... നാടെന്ന് കേൾക്കണത് തന്നെ മോളിക്കുട്ടിയ്ക്ക് ദേഷ്യ... പിന്നെ പിള്ളേര്!!! " ദി കൺട്രി അൺ സിവിലൈസ്ഡ് ഫെല്ലോസ് ആൻഡ് ഡെർട്ടി കൾച്ചർ" എന്നാ നമ്മുടെ നാടിനെക്കുറിച്ചവർ പറയുന്നത്....  "ഗ്രാന്റ് പേരന്റ്സ് ആർ ഔട് ഡേറ്റഡ് ഓൾഡ്‌ മോങ്ങ്സ്.... നോ മാനേർസ് അറ്റ് ഓൾ... വി ഡോൺഡ് ലൈക്ക് ദെം"... എന്റെ മക്കൾ അങ്ങനെയാണ് അഭിപ്രായപ്പെടുന്നത്. ബേബിച്ചായൻ   കുലുങ്ങി ചിരിച്ചു കൊണ്ട് പറഞ്ഞു... ഒരു വഷളന്റെ ചിരി പോലെ....

ആത്മ നിന്ദ തോന്നി... മനസ്സൊന്നു പിടഞ്ഞോ... ബന്ധങ്ങളുടെ വേരറുക്കപ്പെടുന്ന സംസ്ക്കാരം... കുടുംബ ബന്ധങ്ങളുടെ ഊഷ്മളതകൾ അറിയാതെ ദിശാബോധം നഷ്ടപ്പെട്ട് മക്കളെ വളർത്തിയെടുക്കുന്നതിൽ പരാജയപ്പെട്ട് പിറന്ന മണ്ണിന്റെ സംസ്കൃതി ചേതനയറ്റ്... പണക്കൊഴുപ്പിന്റെ ജഡീക സുഖ ഭോഗങ്ങളിൽ അർമ്മാദിച്ച് പുളയ്ക്കുന്ന തലമുറ..... ജൻമം തന്ന മാതാവിന്റെ ഗർഭപാത്രത്തിന് മാനേഴ്സ് നോക്കി വിലയിടുന്ന അധമൻമാർ..... വിസ്സർജനം കഴിഞ്ഞ് കടലാസ് കൊണ്ട് ശൗചം കഴിയ്ക്കുന്ന " വെള്ളക്കാരന്റെ" അധോവായു പോലും ഭൂഷണമായി കാണുന്ന മലയാളിയുടെ " പൊങ്ങച്ച" സംസ്ക്കാരത്തോട് അറപ്പ് തോന്നി....

വണ്ടി വീട്ട് പടിക്കൽ എത്തിയതറിഞ്ഞില്ല.....

" ബേബിച്ചായ വീടെത്തി" വഴി നീളെ ഉറങ്ങുകയായിരുന്ന ബേബിച്ചായൻ ഉണർന്നു. കോക്കാട്ടെ തറവാടിന്റെ കൂറ്റൻ ഗേറ്റുകൾ മലർക്കെ തുറന്നിട്ടിരുന്നു... മനസ്സിൽ പട്ടു പരവതാനി വിരിച്ച്.... പൂക്കൾ വിതറി... മകനെ കുടുബ സമേതം വരവേൽക്കാൻ കാത്തിരിക്കുന്ന ആ വൃദ്ധമാതാപിതാക്കൾ മുറ്റത്തേക്കിറങ്ങി വന്നു... പോർച്ചിൽ കാർ നിന്നു... ബേബിച്ചായൻ ഇറങ്ങി, അപ്പച്ചനും അമ്മച്ചിയും കണ്ണിനു മുകളിൽ കൈപ്പത്തി മറ പോലെ വെച്ച് കാറിനുള്ളിലേയ്ക്ക് സാകൂതം നോക്കി... മോളിക്കുട്ടിയേയും പിള്ളേരയും കാണാഞ്ഞ് അന്ധാളിപ്പോടെ.... മകന്റെ കൈ പിടിച്ചു.... " ബേബിയെ... മക്കളെ.…. അവളും പിള്ളേരും എന്തിയേട"?... അമ്മച്ചി ചോദിച്ചു.

" ഞാൻ തനിച്ചെയുള്ളൂ അമ്മച്ചി.. അവർ ആരും വന്നിട്ടില്ല"....

പൂനിലാവ് ഉദിച്ചു നിന്നിരുന്ന ആ വയോവൃദ്ധരുടെ മുഖങ്ങൾ നിർവ്വികാരമായി..... മഴ മേഘങ്ങൾ ഇരമ്പികയറുന്നതു പോലെ... ചുക്കിച്ചുളിഞ്ഞ ആ മുഖങ്ങൾ മേഘാവൃതമാകുന്നതും.... പ്രകാശം മാഞ്ഞു പോകുന്നതും കണ്ടു.

" ന്നാലും.... നിങ്ങൾക്കാർക്കും ഞങ്ങളെ ഒന്നു വന്ന് കാണാൻ പോലും പറ്റാത്ത വിധത്തിൽ തിരക്കാണോ മക്കളെ!!!! എത്ര വർഷങ്ങളായി കണ്ടിട്ട്.... എട്ട് മക്കളെ പെറ്റതല്ലേടാ ഞാൻ".... ഞാൻ ഇത്ര ഭാഗ്യം കെട്ടവളായിപ്പോയല്ലോ."..... അമ്മച്ചി കരയാൻ തുടങ്ങി.

" നീ അവനെ വിഷമിപ്പിക്കാതെ... ഇത്ര ദൂരം യാത്ര ചെയ്ത് ക്ഷീണിച്ചു വന്നതല്ലേ.... അവൻ വിശ്രമിക്കട്ടെ"... അപ്പച്ചൻ.

" നിങ്ങൾക്ക് അങ്ങനെയൊക്കെ പറയാം... ഞങ്ങൾ ജീവിക്കാൻ പാടുപെടുന്നത് എത്രയാണെന്നറിയുവ്വോ"?.... ബേബിച്ചായൻ പെട്ടി എടുത്ത് അകത്തേക്ക് പോയി.

കൂടുതൽ സമയം അവിടെ നിൽക്കാനുള്ള ധൈര്യം തനിക്കുണ്ടായിരുന്നില്ല, പിന്നെ വരാമെന്ന് പറഞ്ഞ് വീട്ടിലേക്ക് പോന്നു.

പിന്നീടുള്ള ഒന്നുരണ്ടു ദിവസത്തേയ്ക്ക് അങ്ങോട്ട് പോയില്ല, മൂന്നാമത്തെ ദിവസം ബേബിച്ചായൻ വിളിച്ചു... ഇതുവരെ തനിക്കൊരിക്കലും അനുഭവപ്പെടാത്ത മാനസീക സംഘർഷത്തോടെയാണ് കോക്കാട്ടെയ്ക്ക് ചെന്നത്.

വിശാലമായ മുറ്റത്തിന്റെ മൂലയിൽ നിൽക്കുന്ന മാവിൽ പടർന്നു കയറി പൂത്തുലഞ്ഞ് നിൽക്കുന്ന കുടമുല്ലവള്ളികളിൽ നിന്ന് പൂക്കളെല്ലാം ഉതിർന്ന് വാടി നിലത്ത് കിടന്നിരുന്നു. പുറത്ത് ആരേയും കണ്ടില്ല, അടുക്കളക്കാരിപ്പെണ്ണ് ഇറങ്ങി വന്ന് കറിവേപ്പിൽ നിന്ന് ഇല അടർത്തി... തന്റെ നേരെ ഒരു വിഷാദ നോട്ടമെറിഞ്ഞ് അകത്തേയ്ക്ക് പോയി.

വീട്ടിനകത്തേക്ക് കയറിച്ചെന്നു, അമ്മച്ചി കട്ടിലിൽ കിടപ്പുണ്ട്... താൻ ചെന്നത് അറിഞ്ഞിട്ടില്ല...  വിളിക്കാനുള്ള ധൈര്യം തോന്നിയില്ല...അപ്പച്ചനെ അവിടെയെങ്ങും കണ്ടില്ല.

ബേബിച്ചായൻ കത്തിച്ച ഒരു സിഗററ്റുമായി പുറത്തേക്കിറങ്ങി വന്നു. " ങ്ങ്ഹാ... നി വന്നോ... വരു... പുറത്തിരിയ്ക്കാം"..

" കാര്യങ്ങൾ ഒക്കെ രണ്ടു പേരോടും പറഞ്ഞു... ആദ്യമൊന്നും വഴങ്ങിയില്ല... പിന്നെ പരുഷമായി പറയേണ്ടി വന്നു... ബേബിച്ചായൻ തുടർന്നു... അമ്മ അന്നേരം മുതൽ കിടന്നതാണ്.. രണ്ടാളും ഒന്നും കഴിയ്ക്കുന്നുമില്ല. നീ ഒന്ന് പറഞ്ഞ് മനസ്സിലാക്ക്... നീ പറഞ്ഞാൽ അനുസരിക്കും"!!!.

" ബേബിച്ചായ... ഞാൻ... എങ്ങിനാ... അത്.". ഒരു വിധത്തിൽ ഒഴിഞ്ഞു മാറി.

" റോയിയെ... നിന്നെ കരോളിന് ഒന്നും കാണുന്നില്ലല്ലോടാ.... പള്ളിലെ അച്ചൻ കണ്ടപ്പോൾ ചോദിച്ചു.

" അതേയ്... അച്ചാ... ഒന്നിനും ഒരു ഉത്സാഹം തോന്നുന്നില്ല"...

" എനിക്കറിയാം... കോക്കാട്ടെ അപ്പനേയും അമ്മയേയും ഓർത്തിട്ടല്ലേ... നിനക്ക് അവരോടുള്ള സ്നേഹം എനിക്കറിയാം... നമുക്ക് അക്കാര്യത്തിൽ എന്നാ ചെയ്യാൻ പറ്റും... അവർ മക്കൾ തീരുമാനിക്കുന്നതു പോലെയല്ലേ നടക്കൂ".....

അപ്പച്ചനേം അമ്മച്ചിയേയും അഭിമുഖീകരിയ്ക്കുവാനുള്ള വിഷമം കൊണ്ട് ഒഴിഞ്ഞ് മാറി നടന്നു... ക്രിസ്തുമസ്സിന്റെ തലേന്ന് അപ്പച്ചൻ വിളിച്ചു.…" നീ ഇങ്ങോട്ട് ഒന്നു വരണം'..

രണ്ടു പേരും ഇറയത്ത് ഇരിപ്പുണ്ടായിരുന്നു.... മുഖങ്ങൾ മ്ലാനമായിരുന്നു.

" ഞങ്ങളെ വിടാതിരിക്കാൻ പറ്റ്വോ"?... അതിന് മുൻപ് ഞങ്ങളെ ദൈവം വിളിച്ചിരുന്നെങ്കിൽ.... മോനേ... ഞങ്ങളുടെ മകനായി നീ പിറന്നിരുന്നുവെങ്കിൽ"!!!! അമ്മച്ചി തേങ്ങി...

 എന്തു പറഞ്ഞ് സമാധാനിപ്പിയ്ക്കും!!!

" ചില കാര്യങ്ങൾ നിന്നോട് പറയാനുണ്ട്... ഞങ്ങളെ പള്ളി വരെ ഒന്നു കൊണ്ടുപോണം... കുമ്പസാരിച്ച് കുർബ്ബാന കൊള്ളണം... ഞങ്ങടെ അവസാനത്തെ ക്രിസ്തുമസ്സല്ലേ... ഇവിടുത്തെ.. സെമിത്തേരി പോയി കുടുംബക്കല്ലറയിൽ തിരി കത്തിയ്ക്കണം... എന്റെ കാർന്നോൻ മാർ ഉറങ്ങുന്ന മണ്ണു വിട്ട് ഞങ്ങൾ പോവ്വല്ലേ...  ഈ പറമ്പിന്റെ അതിരോളം ഒന്ന് പോണം... തനിയെ നടക്കാൻ ഒരു ധൈര്യക്കുറവ്.. ഞങ്ങടെ വിയർപ്പ് വീണ മണ്ണല്ലേ... ഇവളുടെ ചട്ട തൈയ്യിക്കാൻ കൊടുത്തിരിക്കണത് വാങ്ങണം.. എനിക്ക് രണ്ട് തോർത്തു മുണ്ടും".. അപ്പച്ചൻ പറഞ്ഞു കൊണ്ടിരുന്നു.

രണ്ടുപേരെയും പള്ളിയിൽ കൊണ്ടുപോയി മടങ്ങും വഴി അപ്പച്ചൻ പറഞ്ഞു.. " റോയി... ഒരു കേക്ക് വാങ്ങണം.. തൊമ്മന്റെ വീട്ടിൽ ഒന്ന് കയറണം... എന്റെ ചങ്ങാതിയല്ലേ... ഒന്നിച്ച് എന്തോരം പണി ചെയ്തതാ... യാത്ര പറയണം... ഒരു അവസാന യാത്ര.... ഇനി ഒരു മടക്കം ഇല്ലല്ലോ"....

ബേബിച്ചായൻ മോളിയാന്റീടെ വീട്ടിലായിരുന്നു... ക്രിസ്തുമസ്സ് ആഘോഷിക്കാൻ. അയാളോട് പുച്ഛം തോന്നി... ഇയാൾ എത്ര പണം ഉണ്ടാക്കിയിട്ടെന്താ... മനുഷത്വം മരവിച്ചു പോയ ഷണ്ഡൻ...

ക്രിസ്തുമസ്സിന് കോക്കാട്ട് ഒന്നും ഉണ്ടാക്കിയിരുന്നില്ല... വീട്ടിൽ നിന്നും ചോറും കറികളും ഉണ്ടാക്കി ആനി തന്നു വിട്ടു.... നിർബ്ബന്ധിച്ചു അൽപ്പം കഴിപ്പിച്ചു...

" നിന്നേപ്പോലെ ഒരു മകൻ ഞങ്ങൾക്ക് ഇല്ലാതെ പോയല്ലോടാ"... തന്നെ കെട്ടിപ്പിടിച്ച് രണ്ടു പേരും കരഞ്ഞു.

പിറ്റേന്ന് ബേബിച്ചായൻ വന്നു. പോകാനുള്ള ഒരുക്കങ്ങൾ ഒക്കെ ഏതാണ്ട് പൂർത്തിയായി.

" പശുവിനെ നീ കൊണ്ടു പൊയ്ക്കോ... കറക്കുമ്പോൾ ഒന്ന് ശ്രദ്ധിച്ചോണം... പരിചയം ഇല്ലാത്തവർ കറന്നാൽ അവൾ ചെറുതായി തൊഴിയ്കും... ആനി യോട് പ്രത്യകം പറയണം"... അമ്മച്ചിയുടെ തിളക്കം കുറഞ്ഞ കണ്ണുകളിലെ നിഷ്ക്കളങ്കത...

വീട്ടുപകരണങ്ങളും മറ്റും വീട് വാങ്ങുന്നവർക്ക് തന്നെ കൊടുക്കാൻ ബേബിച്ചായൻ പറഞ്ഞിട്ടുണ്ടായിരുന്നു.

കേട്ടറിഞ്ഞ അയൽക്കാരും മറ്റും കാണാൻ വന്നും പോയുമിരുന്നു.

പെട്ടികൾ അടുക്കി... ഉണക്ക ഇറച്ചിയും ചിപ്സും മറ്റും പായ്ക്ക് ചെയ്തു... ചെറു മക്കൾക്ക് കൊടുക്കാൻ... അവർ ഓർത്തില്ലെങ്കിലും അവർക്ക് വേണ്ടി കരുതുന്ന.... നിസ്സീമമായ വാത്സല്ല്യം... ആര് കാണാൻ.... ആര് അറിയാൻ....
എല്ലാം താൻ തന്നെയാണ് ചെയ്തത്.

ആ ദിവസങ്ങളിൽ ഒരു നാൾ ബേബിച്ചായൻ വീട്ടിൽ വന്നിരുന്നു... അമ്മയെ കാണാൻ....

" പേരമ്മേ... എങ്ങിനെയുണ്ട്? സുഖമാണോ...

" കർത്താവിന്റെ കൃപയാൽ സന്തോഷായിരിക്കുന്നു ബേബിയെ"... അമ്മച്ചി പറഞ്ഞു.

" ഒറോതക്കൊച്ചമ്മയേയും... ഇച്ചാച്ചനേയും.... നിങ്ങൾ അങ്ങോട്ട് കൊണ്ടുപോവ്വാ അല്ലേ... അതു വേണായിരുന്നോ ബേബിയെ... ഈ പ്രായത്തില്.... ഞങ്ങളൊക്കെ ഇവിടെ ഇല്ലായോ"..... അമ്മച്ചി ചോദിച്ചു.

" ഓ... അതിനെന്നാ കുഴപ്പം... ഇവിടുത്തേപ്പോലെ തന്നെയല്ലേ അവിടേം.... ഇവിടെ ഈ പശുവിന്റേം കോഴിടേം ഒക്കെ പിറകെ നടക്കുവല്ലേ... കൊത്തീം കിളച്ചും... ഇവിടെ വന്നു നിന്ന് ആര് നോക്കാനാ, അല്ലേൽ തന്നെ വയസ്സായാൽ പിന്നെ എവിടെ ആയാലെന്താ?... വൈകുന്നേരമായാൽ പിന്നെ സന്‌ധ്യയാകാനെത്ര നേരം വേണം!!!! ബേബിച്ചായൻ ആരോടെന്നില്ലാതെ പറഞ്ഞു....

ജനുവരി ഒന്ന് പുതു വർഷപ്പുലരി... നാളെയാണ് യാത്ര......

" ബേബിച്ചായാ.... നാളെ എയർപ്പോർട്ടിലേയ്ക്ക് ഞാൻ ഡ്രൈവറെ വിടാം"....

" അതെന്താ... നീ വരില്ലേ"?...

" അത് .... എനിക്ക് അവിടെ വന്ന് അവരെ യാത്രയാക്കാൻ ബുദ്ധിമുട്ടുണ്ട്.... അതുകൊണ്ടാ"...

" അത് പറ്റില്ലാ.... നീ തന്നേ വരണം".... ബേബിച്ചായൻ നിർബ്ബന്ധം പിടിച്ചു.

താൻ നേരത്തെ ഇസ്തിരിയിട്ടു കൊടുത്തിരുന്ന മുണ്ടും ഷർട്ടും ധരിച്ച് അപ്പച്ചനും.... മുണ്ടും ചട്ടയും... നേര്യതും ഇട്ട്  കൈയ്യിൽ കൊന്തയും പിടിച്ച്...അമ്മച്ചിയും നേരത്തേ തന്നെ ഒരുങ്ങി മുന്നിൽ വന്നിരുന്നു... ഇനി എന്തിന് താമസിയ്ക്കണം....

" ഞാൻ എന്റെ വീട് ഒന്നൂടി കണ്ടോട്ടെ... അമ്മച്ചി പിറക് വശത്തേക്ക് പോയി.... അടുക്കളപ്പുറത്ത് നിന്നിരുന്ന വരിയ്ക്ക പ്ലാവിൽ പിടിച്ചു നിന്നുകൊണ്ട് കരയുന്നത് കണ്ടു...

മുറ്റം നിറയെ ആളുകൾ കൂടിയിരുന്നു, യാത്ര അയയ്ക്കാൻ.... അയൽവാസികളൊക്കെ ഈറനണിഞ്ഞ കണ്ണുകളോടെ നിന്നു. തൊഴുത്തിൽ നിന്നിരുന്ന പുള്ളിപ്പശുവും കിടാവും... ദയനീയമായി... അമറി...

രണ്ടു പേരയും പിറകിലത്തെ സീറ്റിലേക്ക് കയറ്റി.... താൻ തന്നെ വീട് പൂട്ടി ഇറങ്ങി..... ആ വീടിന്റെ "ആത്മാവും" കൂടെയിറങ്ങിയോ... ജീവിത സായാഹ്നത്തിൽ... ചേക്കേറിയ തങ്ങളുടെ ചില്ല വിട്ട്.... അപചരിതമായ മറ്റൊരു കൊമ്പിലേയ്ക് അവർ പറക്കുവാൻ തയ്യാറായി....

വണ്ടി നീങ്ങി....... എല്ലാവരും മൂകമായിരുന്നു... ബേബിച്ചായൻ സിഗററ്റ് മാറി മാറി പുകച്ചു.... അപ്പച്ചനും അമ്മച്ചിയും.... മെല്ലെ ഉറക്കത്തിലായി.... വാടിയ ഹൃദയത്തോടെ....

ബേബിച്ചായൻ.... ചിന്താമഗ്നനായിരുന്നു..... എന്തൊക്കയൊ വികാരവിചാരങ്ങളാൽ അസ്വസ്ഥനായതു പോലെ.... ഒരു വാക്കും ചോദിച്ചു മില്ല.... പറഞ്ഞതുമില്ല...... ദീർഘ ദൂരം പിന്നിട്ട തു പോലും അറിഞ്ഞില്ല.

" റോയി..... വണ്ടി നിർത്ത്"!!!!!! ബേബിച്ചായന്റെ മുഖത്തെ നിർവ്വികാരത പേടിപ്പെടുത്തി.... അയാൾ കിതയ്ക്കുന്നുണ്ടായിരുന്നു.... റോഡിന്റെ ഓരം ചേർന്ന് കാറ് നിർത്തി. ബേബിച്ചായൻ ഡോർ തുറന്ന് പുറത്തേയ്ക്കിറങ്ങി.... പോക്കറ്റിൽ നിന്ന് സിഗററ്റ് എടുത്ത് കത്തിച്ച് ഒന്നുരണ്ടു പുക ആഞ്ഞു വലിച്ചു.... ദൂരേയ്ക്ക് തുറിച്ച് നോക്കിക്കൊണ്ട് നിന്നു.....

ഡോറ് തുറന്ന് താനും പുറത്തിറങ്ങി.

ഒരു പുക കൂടി ആഞ്ഞ് വലിച്ചിരുത്തി... പാതി കത്തിയ സിഗററ്റ് താഴേയ്ക്കിട്ട് ഷൂ കൊണ്ട് ചവിട്ടി അണച്ചു ബേബിച്ചായൻ.

" റോയി... നമുക്ക് തിരിച്ച് പോണം... വീട്ടിലേയ്ക്ക്."... അയാൾ ശബ്ദം താഴ്ത്തി പറഞ്ഞു.

" എന്തുപറ്റി ബേബിച്ചായാ!!!!! അമ്പരപ്പോടെ ചോദിച്ചു.... എന്തെങ്കിലും എടുക്കാൻ മറന്നോ?... ഇനി അഞ്ച് കിലോമീറ്ററേ എയർപ്പോർട്ടിലേയ്ക്കുള്ളൂ....

" എടുക്കാൻ മറന്നതല്ല.... വിലപ്പെട്ട ഒരു വസ്ഥു അവിടെ കളഞ്ഞു പോയിട്ടുണ്ട്... അത് തിരിച്ചെടുക്കണം!!! ബേബിച്ചായൻ പറഞ്ഞു.

" ഇനി ഇവരെയും കൊണ്ട് തിരിച്ചങ്ങോട്ട് ചെല്ലാൻ പ്രയാസമാവില്ലേ?... സംശയത്തോടെ അയാളെ നോക്കി, തന്നെയുമല്ല ഇനി തിരികെപ്പോയി വരുമ്പോഴേയ്ക്ക് ഫ്ലൈറ്റും മിസ്സ് ആകും".....

" എന്തായാലും ഇന്നത്തെ യാത്ര മുടങ്ങും.... അടുത്ത ദിവസത്തേയ്ക്ക് മാറ്റാം"...

" ഒന്നുകൂടി ആലോചിച്ചിട്ട് പോരെ ബേബിച്ചായാ.... നഷ്ടപ്പെട്ടത് എന്താണന്ന് പറഞ്ഞാൽ ഞാൻ തിരികെ ചെന്നതിന് ശേഷം എടുത്തിട്ട് കൊറിയർ ചെയ്ത് തരാം"..

" പോരാ... വണ്ടി തിരിയ്ക്ക്...

ഒന്നും മനസ്സിലായില്ല... വണ്ടി തിരിച്ചു, പിൻസീറ്റിൽ ഇതൊന്നും അറിയാതെ ആ സാധുക്കൾ ഉറക്കത്തിലായിരുന്നു.

വീട്ടിലേയ്ക്കുള്ള മടക്ക യാത്രയിൽ പലപ്പോഴും ഡ്രൈവിങ്ങിൽ ഏകാഗ്രത നഷ്ടമായി... ബേബിച്ചായൻ തികച്ചും നിശബ്ദനായിരുന്നു.  എന്തെങ്കിലും ചോദിക്കാനും ഭയന്നു.

തിരികെ കോക്കാട്ടെത്തി... ഗേറ്റ് തുറന്ന് തന്നെ കിടന്നിരുന്നു, മുറ്റത്ത് കയറി വണ്ടി നിന്നു, അപ്പോഴും അവർ ഉറക്കത്തിലായിരുന്നു.

ഡോറ് തുറന്ന് ബേബിച്ചായൻ തന്നെ ആദ്യം ഇറങ്ങി,  പിന്നിലെ ഡോറും തുറന്നു..... "ചാച്ചാ..... അമ്മേ... തോളിൽ തട്ടി വിളിച്ചു... വാ... ഇറങ്ങ്... ആ പാവങ്ങൾ കണ്ണ് തിരുമ്മി തുറന്നു... എവിടെ എത്തിയെന്നറിയാതെ പകപ്പോടെ ചുറ്റും നോക്കി...." വാ.... ഇറങ്ങി വരൂ... നമ്മൾ എത്തി"...

ബേബിച്ചായൻ അവരെ കൈയ്ക്ക് പിടിച്ച് പുറത്തേയ്ക്കിറക്കി.....

എന്താണ് സംഭവിക്കുന്നതെന്നറിയാതെ... താനും സംശയത്തോടെ ബേബിച്ചായനെ നോക്കി നിന്നു.

പുറത്തേക്കിറങ്ങിയ അപ്പച്ചനും അമ്മച്ചിയും ഒന്നും മനസ്സിലാകാതെ നിന്നു.... ചുറ്റും നോക്കി...

" ഇത് നമ്മടെ വീടല്ലേ"!!!!!!!

" അതേ.... നമ്മടെ വീടാണ്.... ചാച്ചന്റേയും അമ്മയുടെയും വീട്.... നിങ്ങളില്ലാതെ ഈ വീടിന് ജീവനില്ല... നിങ്ങളുടെ സന്തോഷം ഇല്ലാതാക്കിയിട്ട് എനിക്ക് ഒന്നും നേടേണ്ട .. നിങ്ങളെ ഞാൻ കൊണ്ടു പോകുന്നില്ല!!! നിങ്ങളുടെ ജീവനും ആത്മാവും അസ്ഥിത്വവും നിലനിൽക്കുന്ന ഇവിടം വിട്ട്..... നിങ്ങൾ ഇനി എങ്ങോട്ടും പോവില്ല....
ഞാനും നാട്ടിലേയ്ക്ക് താമസം മാറ്റുകയാണ് .... നിങ്ങളോടൊപ്പം .... ഇനിയുള്ള കാലം....

അവർ രണ്ടു പേരും ഇറയത്തിരുന്നു.... കണ്ണുകളിൽ നിന്നും കണ്ണീർ ധാരധാരയായി ഒഴുകുന്നു  ..... ആനന്ദക്കണ്ണീർ....

ബേബിച്ചായൻ അടുത്തേയ്ക് വന്നു.... കെട്ടിപ്പിടിച്ചു...

" റോയി.... അനിയാ.... നീയാണ് യഥാർത്ഥ മനുഷ്യൻ..... ധനവാൻ ... സമ്പന്നൻ....  ധനം കൊണ്ടല്ല ..... സ്നേഹം കൊണ്ട്....എന്റെ കണ്ണു തുറപ്പിച്ചവൻ..... പണത്തിന് തൃണവില നൽകി.... ബന്ധങ്ങൾക്ക് വില കൊടുക്കുന്നവൻ.... ഇനി നിന്റെ ഒപ്പം ഞാനുമുണ്ട്.... ഈ മണ്ണിൽ കൃഷി ചെയ്യാൻ.... ഇവിടുത്തെ കാറ്റും... മഴയും... വെയിലും കൊണ്ട്.... എന്റെ മാതാപിതാക്കളോടൊപ്പം......

ആ പുതു വർഷപ്പുലരിയിൽ വിടർന്ന പൂക്കൾക്ക്.... പൂജാ പുഷ്പങ്ങളുടെ വിശുദ്ധിയും... നൈർമല്യവും ഉണ്ടായിരുന്നു.......

" ബേബിച്ചായൻ. എന്തോ ഇവിടെ നഷ്ടപ്പെട്ടെന്ന് പറഞ്ഞത് എന്തായിരുന്നു?....

" അതോ.... അതെന്റെ മനസ്സാക്ഷിയായിരുന്നു..... ഇപ്പോൾ ഞാനത് വീണ്ടെടുത്തു"........ ഇനി ഒരിക്കലും കളഞ്ഞു പോകാതെ.....

                           സജി ജോസഫ്