2021, ജൂൺ 15, ചൊവ്വാഴ്ച

ആത്മാക്കൾ - സജി ജോസഫ്

 



കറുപ്പ് കട്ട പിടിച്ച ഇരുട്ടിനെ വകഞ്ഞു മാറ്റിക്കൊണ്ട് അയാളുടെ കറുത്ത ജാവ മോട്ടോർ ബൈക്ക് മുന്നോട്ട് ഓടിക്കൊണ്ടിരുന്നു. മഴ കോരിച്ചൊരിഞ്ഞു കൊണ്ടിരിക്കുന്ന ആ തുലാവർഷ രാത്രിയിൽ റോഡ് തീർത്തും വിജനമാണ്. ഇരു വശവും ഇടതൂർന്ന് വളർന്നു നിൽക്കുന്ന കൂറ്റൻ മരങ്ങൾക്ക് നടുവിലൂടെ കടന്നുപോകുന്ന നാട്ടു വഴിയിൽ ബൈക്കിന്റെ ഹെഡ് ലൈറ്റിൽ നിന്നും ചിതറി വീഴുന്ന മഞ്ഞ വെളിച്ചം മാത്രം.. ആകാശത്തിന്റെ ഉറവകൾ തുറന്ന് ഭൂമിയിലേക്ക് ഹുങ്കാര ശബ്ദത്തോടെ ജലപാതം ആഞ്ഞു പതിക്കുന്നു...  ഇടിയും മിന്നലും കാറ്റും മഴയ്ക്ക് അകമ്പടി സേവിക്കുന്നതു പോലെ തോന്നി.


മഴ ഒന്നു തോർന്നു നിന്നപ്പോഴാണ് സുധാകരന്റെ വീട്ടിൽ നിന്നും ഇറങ്ങിയത്. ," ഈ രാത്രിയിൽ നീ പോകേണ്ടാ… മണി ഇപ്പോൾ തന്നെ പന്ത്രണ്ടര കഴിഞ്ഞു.. രാത്രിയിൽ ഇനിയും മഴ കനക്കും.. ഇന്ന് ഇനി ഇവിടെ കിടക്കാം.. രാവിലെ പോയാൽ പോരേ" സുധാകരനും അവന്റെ അമ്മയും ഭാര്യയും ഒക്കെ വളരെ നിർബ്ബന്ധിച്ചെങ്കിലും താൻ ഇറങ്ങുകയായിരുന്നു. വീട്ടിൽ അമ്മ തന്നെയും നോക്കിയിരുന്ന് വിഷമിക്കുന്നുണ്ടാകും... താൻ ചെന്നിട്ടേ അമ്മ ഉറങ്ങുകയുള്ളൂ.


" പോയിട്ട് നേരത്തും കാലത്തും വീട് പറ്റണം ട്ടോ... ത്‌ലാവർഷം തിമിർത്തു പെയ്യുന്ന സമയാ.. നീ സുധാകരന്റെ അടുത്ത് പോയാൽ സംസാരിച്ച് അവിടെ ഇരുന്ന് പോകും സമയോം നേരോം ഒന്നും പോണതറിയില്ല്യാ" വീട്ടിൽ നിന്നിറങ്ങാൻ നേരം അമ്മ ഓർമ്മിപ്പിച്ചിരുന്നു. മൂന്നു നാല് പറമ്പ് അകലെയുള്ള ഒരു വീട്ടിൽ മാത്രമെ ഫോൺ ഉള്ളൂ.. ഒരു പി.പി. നമ്പർ, ജോലി സ്ഥലത്ത് ആയിരിക്കുമ്പോഴും അമ്മയെ ആ നമ്പറിലാണ് വല്ലപ്പോഴും വിളിക്കാറ്. മാസത്തിൽ രണ്ടോ മൂന്നോ കത്തെഴുതും.


" ഇടയ്ക്ക് നിന്റെ ശബ്ദം ഒന്നു കേട്ടില്ലാന്ന് വെച്ചാൽ ഒരു വെഷമാ... എപ്പഴും തോക്കും വെടീം.. യുദ്ധോം ഒക്കെയല്ലേ കേക്കണെ... നിക്ക് ഒരു സമാധാനോല്ല്യ... പട്ടാളത്തിൽ ചേരേണ്ടന്ന് ഞാൻ എത്ര കണ്ട് പറഞ്ഞതാ... കേക്കണ്ടേ"... അമ്മ പതം പറയാറുണ്ട്.


ഇത്തവണ രണ്ടു വർഷം കൂടിയാണ് ലീവ് കിട്ടിയത്, കഴിഞ്ഞ വർഷം വരാൻ കഴിഞ്ഞില്ല... അതിർത്തിയിൽ സംഘർഷം ശക്തമായതിനെ തുടർന്ന് ആർക്കും ലീവ് കിട്ടിയില്ല  

നാട്ടിൽ അവധിക്ക് വരുമ്പോൾ കൂടുതൽ സമയവും സുധാകരന്റെ കൂടെയായിരിക്കും തന്റെ ബാല്യകാല ചങ്ങാതി. തൊട്ട് അയൽ വക്കമായിരുന്നു.. സുധാകരന്റെ അച്ഛൻ മരിച്ചപ്പോൾ അവർ സ്ഥലം വിറ്റ് അമ്മാവന്റെ അടുത്തേക്ക് താമസം മാറി. സുധാകരന് നേരേ ഇളയ ഒരു പെങ്ങൾ ഉണ്ടായിരുന്നു സുധാമണി.. തന്റെ ഹ്രദയത്തിൽ ആദ്യമായി അനുരാഗം മൊട്ടിട്ടത് അവളിലായിരുന്നല്ലോ .... പ്രീഡിഗ്രി പഠനം കഴിഞ്ഞ് നേഴ്സിങ്ങിന് ചേരാനായി അവൾ ജയ്പ്പൂർക്ക് പോയി .... തനിക്ക് പട്ടാളത്തിൽ സെലക്ഷനായി പഞ്ചാബിലേക്കും പോയി… തനിക്ക് അവളെയും അവൾക്ക് തന്നെയും ഇഷ്ടമായിരുന്നുവെങ്കിലും തുറന്ന് പറയാൻ ഒരിക്കലും കഴിഞ്ഞിരുന്നില്ല .... രണ്ടാം വർഷ നേഴ്സിങ് വിദ്ധ്യാർത്ഥിനി ആയിരിക്കെ അവൾ രാജസ്ഥാനിൽ വെച്ച് ക്രൂരമായി കൊല ചെയ്യപ്പെടുകയായിരുന്നു. സുഭഗമായ ആകാരവടിവും മാംസളമായ ശരീരവും  തുടുത്ത കവിളണകളും നിതംബം കവിഞ്ഞ് താഴോട്ടൊഴുകിക്കിടക്കുന്ന കാർ കൂന്തലും എല്ലാം കൂടി സുധ പൂത്തുലഞ്ഞു നിന്ന പ്രായത്തിലാണ് അവൾ രാജസ്ഥാനിലെ ജയ്പ്പൂരിലെത്തിയത്. ഒരു അവധി ദിനത്തിൽ കൂട്ടുകാരിയുമൊത്ത് പുറത്ത് സാധനങ്ങൾ വാങ്ങാൻ പോയ ഇരുവരും ഹോസ്റ്റലിൽ മടങ്ങിയെത്തിയില്ല... അഞ്ച് ദിവസങ്ങൾക്ക് ശേഷം അവിടെ നിന്നും കിലോമീറ്ററുകൾ അകലെ മരുഭൂമിയോട് ചേർന്ന വിജനമായ ഒരിടത്ത് നിന്ന് രണ്ടു പേരുടെയും ചീഞ്ഞളിഞ്ഞ ശരീരം കണ്ടു കിട്ടി. ക്രൂരമായി ബലാത്സംഘത്തിനിരയായി കൊല്ലപ്പെട്ടിരുന്നു. 


പറയാൻ മറന്ന പ്രണയമായിരുന്നെങ്കിലും ഇരുവരും അത് മനസ്സിൽ സൂക്ഷിച്ചിരുന്നു... പിന്നെയാകട്ടെ.. കുറച്ചു കൂടി കഴിയട്ടെ.. സമയമാകട്ടെ എന്നൊക്കെ കരുതി... പക്ഷേ ഒടുവിൽ അവൾ...


ശക്തമായ മഴയിൽ കുതിർന്നലിഞ്ഞ അയാളെയും വഹിച്ചു കൊണ്ട് ബൈക്ക് മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നു. വീശിയടിക്കുന്ന കാറ്റിൽ റോഡിനിരുവശവും പന്തലിച്ചു നിന്ന കൂറ്റൻ മരങ്ങളുടെ തലപ്പുകൾ തമ്മിൽ കൂട്ടി ഉരസിയുണ്ടാകുന്ന മർമ്മരം ഒരു മൂളലായി കാതിൽ തുളച്ചുകയറുന്നു. തീക്കനൽ വാരിയെറിയുന്നതു പോലെ ഇടയ്ക്കിടെ മിന്നൽ ആകാശത്ത് ചിത്രങ്ങൾ വരച്ചു.... ആ മിന്നൽ വെളിച്ചത്തിൽ താൻ ഒരു പ്രേതഭൂമിയിലൂടെ കടന്നു പൊയ്ക്കൊണ്ടിരിക്കുന്നതായി അയാൾക്ക് തോന്നി.


കൊടും വളവ് തിരിഞ്ഞ് കയറ്റം കയറി ഇറങ്ങുന്നത് പാടത്തേക്കാണ്, വയലിന് നടുവിലൂടെ പോകുന്ന റോഡിനിരുവശവും പൊന്തക്കാടുകൾ നിറഞ്ഞ് നിന്നിരുന്നു.  ഇനി കുറച്ച് ദൂരമെയുള്ളൂ, വയൽ അവസാനിക്കുന്നിടം മലയുടെ ഇങ്ങേ ചരുവിലാണ്... പിന്നീട് കുത്തനെയുള്ള കയറ്റമാണ്... കുന്നിൻ മുകളിലെ ആട്ടിൻ കുന്ന് പള്ളിയുടെ റോഡിനോടു ചേർന്ന് കിടക്കുന്ന ഭാഗത്തെ സെമിത്തേരിയും അസ്ഥിക്കുഴിയും സദാ ഇരുൾ മൂടി കിടന്നിരുന്നു. കണ്ണെത്താ ദൂരത്തോളം പള്ളിപ്പറമ്പും ആൾ താമസവും ഇല്ലാത്ത സ്ഥലവുമാണ്.


കോരി ചൊരിയുന്ന മഴയും കുറ്റാകുറ്റിരുട്ടും, മീറ്റിൽ ഇളകി സഞ്ചാരയോഗ്യമല്ലാതെ കിടക്കുന്ന റോഡിലൂടെ ബൈക്ക് ഇളകി ച്ചാടി ഓടിക്കൊണ്ടിരുന്നു. 


വീശിയടിക്കുന്ന കാറ്റിന്റെ ശക്തിയാൽ മഴപ്പാളികൾ പരൽ കണ്ണാടി ചിന്നിച്ചിതറുന്നതുപോലെ   ബൈക്കിനു ചുറ്റും വലയം തീർത്തു.


പെട്ടെന്നാണ് ഏതാണ്ട് പത്തു വാരെ അകലെയായി സെമി ത്തേരിയുടെ മതിൽക്കെട്ട് തുടങ്ങുന്നതിന് മുൻപുള്ള കലിങ്കിന്റെ ഓരം ചേർന്ന് ആരോ ഒരാൾ നനഞ്ഞൊലിച്ച് നടന്നു പോകുന്നു... ബൈക്കിന്റെ ഹെഡ് ലൈറ്റ് വെട്ടത്തിൽ കാഴ്ച അവ്യക്തമെങ്കിലും ഉടുത്തിരിക്കുന്ന കള്ളിമുണ്ട് അഴിച്ച് തല മൂടിപ്പുതച്ചായിരുന്നു നടത്തം... ബൈക്ക് അയാളോടടു ക്കുന്തോറും കാഴ്ചയ്ക്ക് കുറച്ചു കൂടി വ്യക്ത കൈവന്നു. ബൈക്കിന്റെ ശബ്ദം കേട്ടിട്ടാകാം അയാൾ ഒന്നുരണ്ടു വട്ടം തിരിഞ്ഞ് നോക്കി പിന്നെയും മുന്നോട്ട് നടന്നു. 


"പേമാരി ചൊരിയുന്ന ഈ നട്ടപ്പാതിരായ്ക്ക് ഇത് ഏത് ഭ്രാന്തനാ നനഞ്ഞു കുതിർന്നു നടന്നു പോകുന്നത് " ആത്മഗതം എന്ന പോലെ അയാൾ പിറുപിറുത്തു.


നൊടിയിടയിൽ ബൈക്ക് അയാളുടെ സമീപേ എത്തിയതും അയാൾ തിരിഞ്ഞു നിന്നതും ഒരുമിച്ചായിരുന്നു. അറിയാതെ ബ്രേക്കിൽ കാലമർന്നു ഗിയർ ഡൗൺ ചെയ്യാതെ വണ്ടി എഞ്ചിനിടിച്ചു ഓഫായി നിന്നു.


പെട്ടെന്നുണ്ടായ മിന്നലിന്റെ വെളിച്ചത്തിൽ തിരിഞ്ഞു നിന്ന ആളുടെ മുഖം അവ്യക്തമായി കണ്ടു.... ഇരുൾ പൊതിഞ്ഞ് മഴച്ചാറ്റൽ മറതീർത്ത ആവരണത്തിനുള്ളിൽ ചാക്കോയുടെ മുഖം...


"ചാക്കോയല്ലേ?.. നീ ഈ പെരുമഴയത്ത് അന്തിപ്പാതിരായ്ക്ക് ഇതെങ്ങോട്ടാ.... വെട്ടോം വെളിച്ചോ മൊന്നും ഇല്ലാതെ"..


" ഹല്ല രഘുവല്ലേയിത്... നനഞ്ഞ മുഖത്ത് നിന്ന് വെള്ളം വടിച്ചു കൊണ്ട് ചാക്കോ ബൈക്കിന്റെ ഹാൻഡിലിൽ പിടിച്ചു.. ബീഡിക്കറ പിടിച്ച പല്ലുകൾ കാണിച്ചു ചാക്കാ ചിരിച്ചു... 


" ഞാൻ സുധാകരന്റെ വീട്ടിൽ പോയി മടങ്ങും വഴിയാണ്... കുറെ താമസിച്ചു.. ഹെന്തൊരു മഴയാണിത്... നീ കയറിക്കോ"..


ചാക്കോ പെട്ടെന്ന് ഒരു കൈ ചുമലിൽ പിടിച്ചു കൊണ്ട് ബൈക്കിന്റെ പിൻസീറ്റിൽ കയറി .. വണ്ടി നീങ്ങി.


" നല്ല മഴയും കുറ്റാകുറ്റിരുട്ടുമല്ലേടാ... മീൻ കയറിയിട്ടുണ്ടോയെന്നു നോക്കാൻ ഇറങ്ങിയതാ... പക്ഷേ വെള്ളം കലക്കൽ അല്ല... ചാക്കോ പറഞ്ഞു.


" എത്ര നാളായിടാ കണ്ടിട്ട്.… നിനക്കു അവധി എത്ര നാളുണ്ട്? നീ എന്നാ കല്യാണം ഒന്നും കഴിക്കാത്തെ... എനിക്കാണേൽ പുള്ളേര് നാലായി... എന്റെ ക്ടാത്തി ഇത് അഞ്ചാമത് ഗർപ്പിണിയാ".. ചാക്കോ പറഞ്ഞു കൊണ്ടിരുന്നു.


" നിനക്ക് ഇപ്പോ എന്നാ പണി? പഴേ പണി തന്നെയാണോ?


"പിന്നല്ലാതെ... അപ്പന്റെ പണി ഞാനേറ്റെടുത്തു.. കുഴിവെട്ട്!! കൂടാതെ ഇപ്പോ ശവക്കോട്ട കാവലും... ശവം വെട്ടിക്കീറലും.. കത്തിയ്ക്കലുമൊക്കെയുണ്ട്... ചുരുക്കിപ്പറഞ്ഞാ ശവത്തിന്റെ കൂടെയാ വാസം!!!! ചാക്കോ പൊട്ടിച്ചിരിച്ചു...


എവിടെ നിന്നോ വന്ന ഒരു കാറ്റ് ഹുങ്കാര ശബ്ദത്തോടെ തങ്ങളെ തട്ടി കടന്നുപോയി.... കാറ്റിന്റെ ചിറകിലേറിവന്ന ചീഞ്ഞഴുകിയ ശവത്തിന്റെ നാറ്റം നാസാരന്ധ്രങ്ങളിൽ കുത്തി കയറിയതുപോലെ...


'' ദാ ആ ശവക്കോട്ടയുടെ മതില് തുടങ്ങണേടത്ത് നിറുത്തിക്കോ... ഞാൻ അതിലെ കുറുക്കിന് അങ്ങ് പൊക്കോളാം"... ചാക്കോ പറഞ്ഞിടത്ത് വണ്ടി നിർത്തി.… അവൻ ഇറങ്ങി...


" ന്നാ പോട്ടേ ഡാ….. പോണേന് മുൻപ് കാണാം"... വീണ്ടും വണ്ടി നീങ്ങി.


 പുറമ്പോക്കിൽ താമസിക്കുന്ന പള്ളിയിലെ കുഴി വെട്ടുകാരൻ അന്ത്രുവിന്റെ മകൻ... തന്റെയും സുധാകരന്റെയും ഒക്കെ ബാല്യകാല സുഹൃത്തും കളി കൂട്ടുകാരനും ഒക്കെയായിരുന്നു. ബാല്യകാലത്ത് തങ്ങൾ കുട്ടികൾ കൂട്ടം കൂടി കളിയ്ക്കുമ്പോൾ ചാക്കോയും അനിയൻ മത്തയും അവരുടെ പെങ്ങൾ ചിന്നയും ഒക്കെ ഒപ്പം കളിയ്ക്കാൻ വരുമായിരുന്നു. അപ്പോഴെല്ലാം വീട്ടിൽ അമ്മ വഴക്കു പറയുമായിരുന്നു " ആ വർഗ്ഗത്തോടൊപ്പം ഒന്നും കളിയ്ക്കണ്ട... താണ ജാതിയാണ്.. ശവം വലിയ്ക്കുന്ന ശുദ്ധിയില്ലാത്ത ജാതിയാണ് എന്നൊക്കെ... അന്നൊന്നും അതിന്റെ പൊരുൾ ഒന്നും മനസ്സിലായിരുന്നില്ല... ഇപ്പോ കാലമെത്ര കൂടിയാണ് ചാക്കോയെ കാണുന്നത്. 


 നനഞ്ഞ് കുതിർന്ന് വീടെത്തിയപ്പോൾ രണ്ടര കഴിഞ്ഞിരുന്നു, അമ്മ ഉറങ്ങിയിരുന്നില്ല... കണ്ടപാടെ അമ്മ വഴക്ക് പറയാൻ തുടങ്ങി..


" ങ്ങ്ഹും.. ങ്ങ്ഹും... ഇതെന്താടാ ഒരു വല്ലാത്ത നാറ്റം നിന്നെ.. ചീഞ്ഞഴുകിയ മണം.. അമ്മ മണം പിടിച്ചു കൊണ്ട് പറഞ്ഞു... " വേഗം പോയി കുളിച്ച് തുണി മാറ്"


നേരം കുറെ പുലർന്നാണ് എഴുന്നേറ്റത്, രാവിലെ പ്രാതൽ കഴിക്കാനായി അമ്മ വിളിച്ചു. തനിക്കിഷ്ടമുള്ള പച്ചക്കപ്പ തുണ്ടം പുഴുങ്ങിയതും മുളകുടച്ചതും കഴിച്ചു കൊണ്ടിരിക്കെ തലേ രാത്രിയിലെ മഴയെക്കുറിച്ചും ചാക്കോയെ കണ്ട കാര്യവുമൊക്കെ അമ്മയോട് പറഞ്ഞു കൊണ്ടിരുന്നു.


" എത്ര കാലം കൂടിയാണ് ഞാൻ ചാക്കോയെ കണ്ടത്.. അവർ പുറംമ്പോക്കിൽ നിന്നും പള്ളിപ്പറമ്പിൽ പതിച്ചു കൊടുത്ത സ്ഥലത്തേക്ക് പോയേപ്പിന്നെ അവനെ കണ്ടിട്ടേയില്ല... അവന് ഇപ്പോ നാല് മക്കളായി ത്രേ... അഞ്ചാമത്തെ ഗർഭിണിയാന്ന്... അമ്മക്കറിയ്വോ?..


" ഏത് ചാക്കോന്റെ കാര്യാ നീ പറയണെ... നിക്ക് മനസ്സിലായില്ല" അമ്മ ചോദിച്ചു.


" ന്താമ്മേയിത്... നമ്മടെ പുറംമ്പോക്കിലെ അന്ത്രു മൂപ്പന്റെ മകൻ ചാക്കോയെ... ന്റെ കൂട്ടുകാരൻ"..


" എന്ത് അന്ത്രുന്റെ മകൻ ചാക്കോയെ കണ്ടൂന്നോ"!


" ങ്ങ്ഹാ... അവൻ നനഞ്ഞ് കുളിച്ച് മീൻ നോക്കാൻ പോയിട്ട് വര്വാ വർന്നു... പിന്നെ ഞാൻ ബൈക്കിൽ കയറ്റി പള്ളിപ്പറമ്പിൽ ഇറക്കി വിട്ടു"....


" നീ എന്തു ഭ്രാന്തായീപ്പറേണെ... നിനക്ക് ആളു തെറ്റിയതാകും".. 


" പിന്നേ ചാക്കോയെ എനിക്ക് മാറിപ്പോവ്വാല്ലേ... " തനിക്ക് ദേഷ്യം വന്നു.


" ഡാ രഘു... അന്ത്രു ന്റെ മകൻ ചാക്കോ മരിച്ചിട്ട് കൊല്ലം ഒന്നര കഴിഞ്ഞു... നീ രണ്ടു കൊല്ലം മുമ്പ് വന്നിട്ട് പോയി ആറ് മാസം കഴിഞ്ഞാണ് അവൻ തൂങ്ങിച്ചത്തത്... നീ പറഞ്ഞ ആ പാടത്തിന്റെ ഇറമ്പിൽ നിൽക്കുന്ന കാട്ടുമരത്തിന്റെ കൊമ്പിൽ തൂങ്ങി നിന്നു.... ആ ശവക്കോട്ടേ ലെ തെമ്മാടിക്കുഴിലല്ലേ അവനെ ഇട്ടിരിക്കണെ.... അവന്റെ കെട്ട്യോള് നാലാമത്തെ കൊച്ചിനെ പെഴച്ച് പെറ്റതാണത്രേ... അതെച്ചൊലി വഴക്കിലാണ് അവൻ ചത്തേ... അവൻ ചത്ത് നാല് മാസം കഴിഞ്ഞപ്പോ അവള് ആ ആശാരിച്ചെക്കന്റെ കൂടെ പൊറുതി തൊടങ്ങി... ഇപ്പോ അഞ്ചാമതും ഗർഭിണിയാ"... അമ്മ ഒറ്റ ശ്വാസത്തിലാണ് പറഞ്ഞത്.


കൈ ഞരമ്പിലൂടെ ഡ്രിപ്പ് കയറി കൊണ്ടിരുന്നു... വേഗത്തിൽ തുള്ളി തുള്ളിയായി ഇറ്റിറ്റ് വീഴുന്ന തുള്ളികളെ എണ്ണാൻ ഒരു വൃഥാ ശ്രമം നടത്തി ഒന്ന്... രണ്ട്... മൂന്ന്.. കഴിയുന്നില്ല...  സീലിങ്ങിൽ തൂങ്ങിക്കിടക്കുന്ന പഴകി തുരുമ്പിച്ച ഫാൻ കെട കെടാ ശബ്ദത്തോടെ കറങ്ങുന്ന ശബ്ദം മാത്രം. നാലാം നിലയിലുള്ള മൂന്നൂറ്റിപതിമൂന്നാം നമ്പർ മുറിയുടെ തുറന്നിട്ട ജാലകത്തിലൂടെ നോക്കിയാൽ ദൂരെ മോർച്ചറി കാണാം... പാതി ഉയർത്തി വച്ച കട്ടിലിൽ ചാരി ക്കിടന്നുകൊണ്ട് പുറത്തേക്ക് നോക്കിക്കിടന്നു.


ചാരിയിട്ടിരുന്ന വാതിൽ മെല്ലെ തുറന്നു കൊണ്ട് നഴ്സ് അകത്തേക്ക് കടന്നുവന്നു, നൈറ്റ് ഡ്യൂട്ടിക്ക് വന്ന സിസ്റ്റർ ആയിരിക്കും.


" എന്താ ഉറക്കമായോ.. വൈകിട്ടത്തെ മരുന്നു കഴിക്കാനുണ്ട്... ഭക്ഷണം കഴിച്ചോ"... കുശലാന്വേഷണം നടത്തിക്കൊണ്ട് സിസ്റ്റർ ഐ.വി. സ്റ്റാൻഡിലെ ബോട്ടിലിലെ നീഡിൽ ഒന്നുകൂടി ഊരിക്കുത്തി ഡ്രോപ്സിന്റെ മൂവ്മെന്റ് കുറച്ചു സ്ലോവാക്കിക്കൊണ്ട് തന്റെ മുഖത്തേക്ക് നോക്കി.


സുപരിചിതമായ മുഖം... കണ്ട് കണ്ട് എവിടെയോ മറന്ന പോലെ....


" രഘുവേട്ടനല്ലേ... കേസ് ഷീറ്റിൽ പേരും വീട്ടുപേരും ഒക്കെ കണ്ടപ്പഴെ എനിക്ക് ആളെ മനസ്സിലായിരുന്നു... രഘുവേട്ടന് ഒരു സർപ്രൈസ് ആകട്ടെ എന്നു കരുതിയാണ്... ഞാൻ ഇന്നലെ മുതലാണ് ഈ വാർഡിലേക്ക് വന്നത്.


" സുധ.... സുധാമണി.... യല്ലേ.. സുധാകരന്റെ പെങ്ങൾ!!!! നീ... നീ.. അപ്പോ രാജസ്ഥാനിൽ... വാക്കുകൾ തൊണ്ടയിൽ കുരുങ്ങി ഞെരങ്ങി...


" അതെ... സുധയാണ്.. രഘുവേട്ടന് എന്നെ മനസ്സിലാകുമോ എന്നറിയാനാണ് ഞാൻ മിണ്ടാതിരുന്നത്"..


" സുധാ... അപ്പോ നീ... രാജസ്ഥാനിൽ വച്ച്... പിന്നെ"...


" അതെയതെ… രാജസ്ഥാനിലായിരുന്നു ഞാൻ നഴ്സിങ്ങിന് പഠിച്ചത്.. കുറെ നാൾ അവിടെ ജോലി ചെയ്തു.. പിന്നെ നാട്ടിലേക്ക് പോന്നു... രഘുവേട്ടനെ കണ്ടിട്ട് എത്ര കാലമായി"... സുധ തുടർന്നു.


" അതല്ല... സുധാ..... നീ അവിടെ വച്ച്... വാക്കുകൾ മുഴുമിപ്പിക്കാൻ കഴിഞ്ഞില്ല.


" അതെ അതെ... എനിക്ക് അവിടെ വച്ച് ഒരപകടം പറ്റിയാ ർന്നു... ഭാഗ്യം കൊണ്ടാ രക്ഷപ്പെട്ടത്"


സുധയുടെ മുഖത്ത് നിന്നു കണ്ണെടുക്കാതെ നോക്കി നിൽക്കുകയാണ്... അവൾ ഒന്നുകൂടി സുന്ദരിയായിരിക്കുന്നു.. നാലു മിഴികളും പരസ്പരം കൊരുത്തുനിന്നു... അവളുടെ കൊത്തിവലിക്കുന്ന നോട്ടം... വൈരക്കല്ലുകൾ പോലെ പ്രകാശിക്കുന്ന കൃഷ്ണമണികൾ... 


" ഭക്ഷണം കഴിച്ചുല്ലോ അല്ലെ... നാളെ മുതൽ ഞാൻ കൊണ്ടുവന്നു തന്നോളാം... ദാ ഇതൂടെ കഴിച്ചിട്ട് ഉറങ്ങിക്കോളൂ.. "


ടാബ്ലറ്റ് ബോക്സിൽ നിന്നും അൺസ്ട്രിപ്പ് ചെയ്ത ഗുളികളും ഗ്ലാസ്സിൽ വെളളവും പകർന്നു തന്നുകൊണ്ട് അവൾ പറഞ്ഞു.


" നാളെ സംസാരിക്കാം... എന്റെ ഓഫാണ്... ഇപ്പോ രഘുവേട്ടൻ വിശ്രമിക്കൂ...


ചുമലിൽ തട്ടി ചിരിച്ചു കൊണ്ട് അവൾ മുറി വിട്ടു പോയി... മോർച്ചറിക്ക് അഭിമുഖമായി തുറന്നു കിടന്ന ജാലകത്തിലൂടെ ദുഷിച്ച ഗന്ധമുള്ള മരവിച്ച കാറ്റ് കയറി വന്നു...


സുധാമണിയെ വീണ്ടും കണ്ടപ്പോൾ മനസ്സ് പുളകിതമായ പോലെ... അപ്പോൾ പിന്നെ സുധാമണി മരിച്ചിട്ടില്ല... പതറിയ മനസ്സായിരുന്നുവെങ്കിലും ഭൂതകാലത്തിലെവിടെയോ കളഞ്ഞു പോയ നിശബ്ദ പ്രണയത്തിന്റെ തരളമായ ഓർമ്മകളിലേക്ക് മനസ്സ് ഊളിയിട്ടു.


വീണ്ടും വാതിൽ തുറക്കുന്ന ശബ്ദവും പദചലനവും... സുധയായിരിക്കും...


"എന്താ നേരത്തെ ഉറക്കമായോ?" മറ്റൊരു സിസ്റ്ററായിരുന്നു..

" രാത്രീലെ ഗുളികളും ഇൻജക്ഷനും ഉണ്ട് അതു കൂടി കഴിച്ചിട്ട് ഉറങ്ങിക്കോളൂ"..


ഇൻജക്ഷൻ സിറിഞ്ചിലേക്ക് ലോഡ് ചെയ്തു കൊണ്ട് സിസ്റ്റർ പറഞ്ഞു.


" ഇൻജക്ഷനും മരുന്നും തന്നല്ലോ!!


" ആര് തന്നു? 


" സുധ സിസ്റ്റർ...


" സുധ സിസ്റ്ററോ? അതാരാ?...


"സുധാമണി..  അവൾ എന്റെ നെയ്ബറായിരുന്നു... രാജസ്ഥാനിൽ നിന്നും ഇങ്ങോട്ട് വന്ന സുധ".... അവളുടെ ബ്രദർ സുധാകരൻ എന്റെ അടുത്ത കൂട്ടുകാരനാണ്... എത്രനാള് കൂടിയ ഞാനവളെ കാണുന്നെ.. അവൾ അല്ലെ ഇന്നു നൈറ്റ് ഡ്യൂട്ടീല്"...


" രഘു ഏത് സുധാമണിയെക്കുറിച്ചാ യീ പറേന്നെ.. എനിക്കൊന്നും മനസ്സിലാകുന്നില്ല".. സിസ്റ്റർ അമ്പരപ്പോടെ ചോദിച്ചു.


 " ഛെയ് .. നിങ്ങളെന്തായീ പറയുന്നേ... ഇപ്പോ ഇവിടെ നൈറ്റ് ഡ്യൂട്ടിയിലുള്ള സിസ്റ്റർ സുധ വന്ന് എനിക്ക് രാത്രിയിലുള്ള ഇൻജക്ഷനും മരുന്നും തന്നിട്ട് പോയിട്ട് ഒരു അര മണിക്കൂറായി കാണും... ദാ ആ മരുന്നിട്ട് വച്ചിരിക്കുന്ന ബോക്സ് നോക്കിയേ"...


സിസ്റ്റർ ആകാംക്ഷയോടെ മരുന്ന് ബോക്സ് പരിശോധിച്ചു..


" ശരിയാണല്ലോ... ഗുളികകളും ഇൻജക്ക്ഷനും തന്നിട്ടുണ്ടല്ലോ.. പക്ഷേ ... താങ്കൾ പറയുന്നതുപോലെ സുധാമണിയെന്നു പേരുള്ള ഒരാളും ഇവിടെ ജോലി ചെയ്യുന്നില്ല... ഞാനാണ് ഇന്ന് നൈറ്റ് ഷിഫ്റ്റിൽ ഉള്ളതു്." അന്ധാളിപ്പോടെ അവർ പകച്ചു നിന്നു .


" അപ്പോൾ പിന്നെ... സുധ...!!!


"നീ ഹോസ്പിറ്റലിൽ അഡ്മിറ്റാണെന്ന കാര്യം സുധ പറഞ്ഞാണ് ഞാനറിഞ്ഞത്.. അന്നു രാത്രി നീ വീട്ടിൽ വന്ന് പോന്നതിനു ശേഷം  ജ്വരം വന്നു കിടപ്പായെന്നും പിന്നീട് ആശുപത്രിയിലായെന്നുമാണറിഞ്ഞത്." കിടക്കയിയിൽ അരികെ യിരുന്നു കൊണ്ട് സുധാകരൻ പറഞ്ഞു..


" നാളെ പോകാമെന്നാണ് ഡോക്ടർ പറഞ്ഞത്" പക്ഷേ സുധ!!!! രാജസ്ഥാനിൽ വച്ച്...."


" നിനക്കൊരു സർപ്രൈസ് ആയിക്കോട്ടെയെന്നു കരുതി"'.. തന്റെ വാക്കുകളെ മുഴുമിപ്പിക്കാനനുവദിക്കാതെ സുധാകരൻ ഇടയ്ക്കു കയറി പറഞ്ഞു. നാളെയല്ലേ ഡിസ്ചാർജ് ഞാനും സുധയും കൂടി വരാം നാളെ അവൾക്ക് ഓഫ് ഡേയാണ്".   പെട്ടെന്ന് ഒരു നഴ്സ് മുറിയിലേക്കു കയറിവന്നു നാളത്തെ ഡിസ്ചാർജിന്റെ കാര്യം ഓർമ്മിപ്പിച്ചു.


" സിസ്റ്ററെ ഇത് സുധാകരൻ എന്റെ അടുത്ത സുഹൃത്താണ്.. ഇവന്റെ പെങ്ങളാണ് സിസ്റ്റർ സുധ.. ഇന്നലെ നൈറ്റ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്നുവെന്ന് ഞാൻ പറഞ്ഞയാൾ".. സുധാകരനെ നഴ്സിന് പരിചയപ്പെടുത്താനായി തിരിഞ്ഞു... പക്ഷേ സുധാകരൻ അവിടെ ഉണ്ടായിരുന്നില്ല. 


" എവിടെ ഇവിടാരും ഇല്ലല്ലോ... ഞാൻ റൂമിലേക്ക് കയറി വരുമ്പോൾ അകത്താരും ഉണ്ടായിരുന്നില്ലല്ലോ"... നഴ്സ് ഒരു വല്ലായ്മയോടെ പറഞ്ഞു...


" ശ്ശെ ഇവനിതെവിടെപ്പോയി... അവൻ ഇവിടെ ദാ ആ കസേരയിൽ ഇരിപ്പുണ്ടായിരുന്നല്ലോ"... നഴ്സ് മുറിയിൽ ഒന്നു ചുറ്റിത്തിരിഞ്ഞ് നോക്കിയ ശേഷം പെട്ടെന്ന് മുറിവിട്ടു പോയി.


ശക്തിയോടെ വീശിയടിച്ച കാറ്റ് ജനാല കർട്ടൻ ഇളക്കിമറിച്ചു കൊണ്ട് അകത്തേക്ക് കടന്നുവന്നു.... കാറ്റിന് ഒരു വല്ലാത്ത ഗന്ധമുണ്ടായിരുന്നു. കണ്ണു ചിമ്മി മറഞ്ഞ നേരം... സുധാകരൻ കസേരയിൽ തന്നെ ഇരിപ്പുണ്ടായിരുന്നു.


" ശ്ശെടാ നീ ഇതെവിടെ പോയിരുന്നു... "


" ങ്ങ്ഹാ... ഞാൻ ദാ.. അപ്പുറത്തെ മുറിയിൽ ഒരു പരിചയക്കാരൻ കിടപ്പുണ്ട് അത്രടം വരെ ഒന്നും പോയി".. സുധാകരൻ ഉദാസീനമായി പറഞ്ഞു.


" എന്നാ പിന്നെ ഞാൻ പോയിട്ട് നാളെ വരാം.. നീ ഡിസ്ചാർജ് വാങ്ങി റെഡിയായിട്ട് ഇരുന്നോ.. നേരെ വീട്ടിലോട്ട് പോകാം... ഞാൻ കുറച്ച് ഇരുട്ടിയിട്ടേ വരൂ". സുധാകരൻ യാത്ര പറഞ്ഞിറങ്ങി.


അൽപ്പ സമയം കഴിഞ്ഞു അപ്പുറത്തെ മുറിയിൽ നിന്നും കൂട്ട നിലവിളി കേട്ടു.. സുഖമില്ലാതെ കിടന്നിരുന്ന ചെറുപ്പക്കാരൻ മരിച്ചു.


ബിൽ സെറ്റിലു ചെയ്ത് ഉച്ച മുതൽ കാത്തിരിപ്പാണ് സുധാകരൻ വരുന്നതും നോക്കി.


" ആരെങ്കിലും വരുമോ കൂട്ടാൻ, ഇല്ലെങ്കിൽ ടാക്സി അറൈഞ്ച് ചെയ്തു തരാം".. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന നേഴ്സ് പറഞ്ഞു.


" വേണ്ട ഫ്രണ്ട് വരും.. അൽപ്പം ലേറ്റാകും എന്നു പറഞ്ഞിട്ടുണ്ട്"..


സുധാകരൻ വന്നപ്പോൾ രാത്രി ശരിക്കും ഇരുട്ടിയിരുന്നു. 


" സുധ വന്നില്ലേ.. അവൾ വരുമെന്ന് പറഞ്ഞിട്ട്"!!!


" അവൾക്കു ഒരു തലവേദന"...


മാർക്ക് റ്റു കറുത്ത അംബാസിഡർ ടാക്സി കാറായിരുന്നു സുധാകരൻ കൊണ്ടുവന്നത്... കഷണ്ടിക്കാരനായ ഉപ്പന്റെ കണ്ണുള്ള ഒരു കെളവനായിരുന്നു ഡ്രൈവർ...


വഴി നീളെ ശകതമായ കാറ്റും മഴയും ഇടിമിന്നലും ആയിരുന്നു. അന്നത്തെ ദിവസം സുധാകരന്റെ വീട്ടിൽ നിന്നും മടങ്ങിയ രാത്രിയിലെ അതേ അന്തരീക്ഷം. 

വീടെത്തിയ ഉടനെ കാറും ഡ്രൈവറും മടങ്ങി.…. സുധ കാത്തിരിപ്പുണ്ടായിരുന്നു. തേങ്ങാ ചുട്ടരച്ച ചമ്മന്തിയും, ചെമ്മീൻ മാങ്ങായിട്ടു വച്ചതും പപ്പടു വുമൊക്കെയായി എല്ലാവരും ഒരു മിച്ചിരുന്നു ചൂടു കഞ്ഞി കുടിച്ചു. വടക്കുഭാഗത്തുള്ള ചായ്പ്പിലായിരുന്നു തനിക്ക് കിടക്കാനായി ഒരുക്കിയിരുന്നത്  ...

" ഇതാ ഇത് പുതച്ചോളൂ രഘുവേട്ടാ…. പുറത്ത് നല്ല മഴയും കാറ്റുമാണ്" ഒരു കരിമ്പടം നീട്ടി കൊണ്ട് സുധ പറഞ്ഞു.


ആ വീടും പരിസരവും സദാ ഇരുൾ മൂടി കിടന്നിരുന്നു.


മൂക്കിലേക്ക് ഇരച്ചുകയറുന്ന അസഹനീയമായ നാറ്റം.. ആ വീട്ടിൽ നിറഞ്ഞു നിന്നിരുന്നു.


" രഘുവേട്ടാ."... ആരോ ശബ്ദം താഴ്ത്തി വിളിക്കുന്നതു പോലെ.. കുറച്ചു ദിവസത്തെ ആശുപത്രിവാസവും ശരീരത്തിന്റെ ക്ഷീണവും കാരണം കിടന്ന പാടെ ഉറങ്ങിപ്പോയിരുന്നു. ഇരുട്ടിൽ വജ്രം പോലെ തിളങ്ങുന്ന രണ്ടു കണ്ണുകൾ തന്നെ തുറിച്ചു നോക്കുന്നതു കണ്ടാണ് ചാടി എഴുന്നേറ്റത്...


" പേടിച്ചു പോയോ"? ഞാനല്ലേ രഘുവേട്ടാ... സുധയായിരുന്നു.


" എന്താ സുധേ.."


" വെറുതെ"..


" വേണ്ട സുധേ... ഈ അസമയത്ത്... സുധാകരൻ എങ്ങാനും കണ്ടാൽ... നാളെയാകട്ടെ നമുക്ക് സംസാരിക്കാം"..


" ങ്ങ്ഹും ശരി".. സുധ മനസ്സില്ലാ മനസ്സോടെ മുറി വിട്ടു പോയി.


വീണ്ടും ഉറക്കത്തിലേക്ക് ആണ്ടുപോയി.


" എപ്പോഴായിരുന്നു അയാൾ ഡിസ്ചാർജായി പോയത്"? 


" ഇതാ സാർ.. ഇതാണ് അയാളുടെ ഫയൽ ... രണ്ടാഴ്ചകൾക്ക് മുൻപ് കടുത്ത ജ്വരവും പനിയുമായിട്ടാണ് അയാൾ ഇവിടെ അഡ്മിറ്റാകുന്നത്... പരസ്പര വിരുദ്ധമായിട്ട് സംസാരിച്ചു കൊണ്ടിരുന്നു.. മനോനില നഷ്ടപ്പെട്ട ഒരു അവസ്ഥയിലായിരുന്നു .. സുഖമായി നാല് ദിവസം മുൻപാണ് ഡിസ്ചാർജായി പോയത്. സുധാകരൻ എന്നു പേരുള്ള സുഹൃത്ത് വന്ന് കൂട്ടിക്കൊണ്ട് പോകുമെന്നാണ് അയാൾ പറഞ്ഞത്... പോകുന്ന സമയം ആരും കണ്ടുമില്ല. കൂടാതെ ഒരു സിസ്റ്റർ സുധാമണിയെക്കുറിച്ചു അയാൾ പറയുകയുണ്ടായി... ഈ ഹോസ്പ്പിറ്റലിൽ അങ്ങിനെ ഒരു സ്റ്റാഫ് വർക്ക് ചെയ്യുന്നില്ല." 


" ശരി  .... ഇപ്പോൾ അയാൾ വിശ്രമിക്കട്ടെ... ഹി ഈസ് റ്റു വീക്ക് ആൻഡ് കൺഫ്യൂസ്ഡ്... ഇറ്റ് വിൽ ടേക്ക് ടൈം ടു റിക്കവർ.. ലെറ്റ് ഹിം റിലാക്സ്"... ഡോക്ടർ ഫിലിപ്പ് പാരാ സൈക്കോളജിസ്റ്റ് രഘുവിന്റെ ഡീറ്റെയിൽസ് എടുത്തു മടങ്ങി.


ഒരാഴ്ചയ്ക്കു ശേഷം ഡോക്ടർ ഫിലിപ്പിന്റെ കൺസൾട്ടിംങ് റൂമിൽ അദ്ദേഹത്തിനഭിമുഖമായി ഇരിക്കുമ്പോൾ രഘുവിന്റെ മുഖം തികച്ചും നിർവ്വികാരമായിരുന്നു. ചിന്നഭിന്നമായ മനസ്സിന്റെ ചാഞ്ചല്ല്യങ്ങളും ഒരു സ്വപ്നാടകനെപ്പോലെ ചരിക്കുന്ന അപരിചിത വ്യക്തിത്വവും അയാളെ മറ്റേതോ ലോകത്തിലെത്തിച്ചിരിക്കാം...


" രഘൂ... ഹൗ ഡു യു ഫീൽ നൗ?.. ഡോക്ടർ സൗമ്യമായി ചോദിച്ചു


മൗനം മുറിക്കാൻ അയാൾക്കായില്ല.


" താങ്കളെ വനാതിർത്തിയിലുള്ള സുധാകരന്റെ നാളുകളായി അടഞ്ഞുകിടക്കുന്ന ആ വീടിന്റെ മുറ്റത്തു നിന്നും ബോധമറ്റ നിലയിലാണ് ചില ദിവസങ്ങൾക്ക് മുൻപ് കണ്ടു കിട്ടുന്നത്... ഇവിടെ നിന്നും ഡിസ്ചാർജ് ആയശേഷം താങ്കൾ ആരുടെ കൂടെ എങ്ങോട്ടാണ് പോയത്?.. ഡോക്ടർ വീണ്ടും ചോദിച്ചു


" സുധാകരന്റെ കൂടെ അവന്റെ വീട്ടിലേക്കാണ് പോയത് .... അയാൾ ഒരു ടാക്സിയിലായിരുന്നു വന്നത്, വീട്ടിൽ സുധാകരന്റെ പെങ്ങൾ സുധാമണിയുമുണ്ടായിരുന്നു. അന്ന് രാത്രി ഞങ്ങൾ ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുകയും ഏറെ നേരം സംസാരിച്ചിരുന്നതിനു ശേഷമാണ് ഉറങ്ങാൻ കിടന്നത്. പിന്നെ എങ്ങിനെയാണ് ഞാൻ ഈ ഹോസ്പിറ്റലിൽ എത്തിയത്"?


" സുധാകരന്റെ സഹോദരി സുധയുമായി താങ്കൾ ഇഷ്ടത്തിലായിരുന്നോ"?


" ഞങ്ങൾക്കു രണ്ടാൾക്കും ഇഷ്ടമായിരുന്നു പക്ഷേ ഒരുമിക്കാൻ ഇതുവരെ കഴിഞ്ഞില്ല. വളരെ നാളുകൾക്കു ശേഷമാണ് ഞാനവളെ വീണ്ടും കാണുന്നത്... അവളെ എനിക്ക് വിവാഹം കഴിച്ചു തരണമെന്ന് സുധാകരനോട് ഉടനെ പറയണമെന്നു വിചാരിക്കുന്നു"..


" രഘു എത്ര ദിവസമായി ലീവിന് നാട്ടിലെത്തിയിട്ട്"?

 " ഒരു മാസം കഴിഞ്ഞു"..


" ങ്ങ്ഹും"... ഡോക്ടർ തുറുപ്പിച്ച് അയാളുടെ കണ്ണുകളിലേക്ക് നോക്കി... നിഗൂഡമായ ഏതോ അതീന്ദ്രിയ ശക്തിയുടെ ശാന്തമായ തിരയിളക്കം അളന്നറിഞ്ഞ ഡോക്ടർ തന്റെ പുഷ്ബാക്ക് ചെയറിലേക്ക് ഒന്നുകൂടി അമർന്നിരുന്നു.


" സിസ്റ്റർ .... രഘുവിനെ റൂമിലേക്ക് കൊണ്ടു പൊയ്ക്കൊള്ളൂ".... ഡോക്ടർ നഴ്സിനോട് ആവശ്യപ്പെട്ടു.


" ഒരു കാര്യം കൂടി ചെയ്യു സിസ്റ്റർ... റിസപ്ഷനിൽ കേണൽ ശിവറാം വെയിറ്റ് ചെയ്യുന്നുണ്ട് അദ്ദേഹത്തോട് വരാൻ പറയു"


" ഇരിക്കണം കേണൽ.... ഇനി പറയൂ രഘു എത്ര നാളായി മിസ്സിങ്ങ് ആണ്?


" കഴിഞ്ഞ എട്ടു മാസങ്ങളായി രഘു യൂണീറ്റിൽ നിന്നും മിസ്സിങ്ങ് ആയിട്ട്.... നാട്ടിലുള്ള അയാളുടെ അഡ്രസ്സിൽ അന്വേഷിച്ചപ്പോൾ അയാളുടെ വീട് അടഞ്ഞു കിടക്കുന്നതായാണ് അറിഞ്ഞത്." കേണൽ വിശദീകരിച്ചു.


" ഞാൻ കഴിഞ്ഞ ചില ദിവസങ്ങളായി രഘുവിനെക്കുറിച്ചുള്ള അന്വേഷണത്തിലായിരുന്നു"... ഡോക്ടർ ഫിലിപ്പ് കേണലിനെ നോക്കി പറഞ്ഞു.


" അയാൾക്ക് അടുത്ത ബന്ധുക്കൾ എന്നു പറയാൻ ആരും തന്നെയില്ല... അമ്മയും സഹോദരിയും കുറെ വർഷങ്ങൾക്ക് മുൻപ് ഒരു തോണിയപകടത്തിൽ മരണപ്പെട്ടു." ഡോക്ടർ തുടർന്നു


" അപ്പോൾ അയാൾ ലീവിന് വന്നതാണെന്നും അമ്മയോടൊപ്പമാണ് താമസിക്കുന്നതെന്നും പറയുന്ന തോ?"


" ഇല്ല കേണൽ... അയാളുടെ അമ്മ മരിച്ചിട്ട് വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു!!!!  അതുപോലെ തന്നെ അയാൾ പറയുന്ന സുധാകരൻ എന്ന സുഹൃത്തും ജീവിച്ചിരിപ്പില്ല!! ബിസ്സിനസ്സിൽ കടം കയറി നശിച്ച സുധാകരനും ഭാര്യയും രണ്ടു കുട്ടികളും കൂട്ട ആത്മഹത്യ ചെയ്യുകയായിരുന്നു. ആ വീട്ടിലേക്കാണ് രഘു പലവട്ടം പോയതും... അവിടെ നിന്നാണ് ചില ദിവസങ്ങൾക്ക് മുൻപ് അർദ്ധബോധാവസ്ഥയിൽ അയാളെ കണ്ടെടുത്തതും. സുധാകരന്റെ സഹോദരി സുധാമണിയും ജീവിച്ചിരിപ്പില്ല.... നഴ്സിങ്ങ് വിദ്ധ്യാർത്ഥിനി ആയിരിക്കെ രാജസ്ഥാനിൽ വച്ച് ക്രൂരമായി ബലാത്സഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നു."


" അപ്പോൾ ആശുപത്രിയിൽ നിന്നും രഘുവിനെ ഡിസ്ചാർജ് ചെയ്ത് കൊണ്ടുപോയത് സുധാകരനല്ലേ?" കേണൽ ആശ്ചര്യത്തോടെ ചോദിച്ചു.


" അത് അയാൾക്ക് മാത്രം കാണാനും അറിയാനും കഴിയുന്ന കാര്യം മാത്രമാണ്...."


'" മനസ്സിലായില്ല!!! കേണൽ പരിഭ്രമത്തിലായി


" എനിക്കും മനസ്സിലായിട്ടില്ല!!!!!!! സുധാകരനും, സുധാമണിയും, രഘുവിന്റെ അമ്മയും, അന്ത്രുവിന്റെ മകൻ ചാക്കോയുമൊക്കെ... അയാളൊടൊപ്പം ഇപ്പോഴും ജീവിക്കുന്നു.... ആത്മാക്കളോടൊപ്പം അയാളും......



                                              സജി ജോസഫ്