2020, ഡിസംബർ 18, വെള്ളിയാഴ്‌ച

മിഴി - സജി ജോസഫ്



ഉറക്കത്തിന്റെ ആലസ്യം വിട്ടുമാറാതെ ഭാരമേറിയ കൺപോളകൾ ബദ്ധപ്പെട്ട് തുറക്കാൻ ശ്രമിക്കുന്തോറും, വീര്യം വിട്ടുമാറാതെ മസ്തിഷ്ക്കത്തിൽ ഊറിക്കൂടി സിരകളിൽ പടർന്നു കയറിയ ' ഉറക്ക' മരുന്നിന്റെ പിടിയലമർന്ന ശരീരം വീണ്ടും നിദ്രാസക്തമാകുന്നു.


ആരൊക്കയോ കട്ടിലിനു ചുറ്റും നിൽക്കുന്നുണ്ട്.. ഇരുട്ടും.. മങ്ങിയ വെളിച്ചവും ഇഴുകി ചേർന്ന വിളറിയ വെട്ടത്തിലേക്ക്.. കണ്ണുകൾ ചിമ്മി ചിമ്മി തുറക്കവേ... ഒന്നും വ്യക്തമല്ല.. കണ്ണുകൾ പൂർണ്ണമായും തുറക്കാൻ കഴിയുന്നില്ല ... നാഡീ ഞരമ്പുകൾ തളർത്തി.... തണുപ്പിച്ച്... നിനവിനും ഉണർവ്വിനുമിടയിലുള്ള ശൂന്യാവസ്ഥ.


വളരെ ശ്രമിച്ചതിനുശേഷം കണ്ണുകൾ മെല്ലെ മെല്ലെ തുറക്കാനായി... ചുറ്റും നോക്കി... ഒരു കൈ മെല്ലെ ഉയർന്ന് നെറ്റിയിൽ തൊട്ടു.


" രവി ഭായ്.. ആരോ തന്നെ വിളിക്കുകയാണ്... മെല്ലെ ശിരസ്സ് വെട്ടിച്ച് നോക്കാൻ ശ്രമിച്ചു.


" രവി ഭായ്... മേ.. ഇർഫാൻ ഹും "..


" ഇർഫാൻ  .... ഇർഫാൻ.."


" ജീ.... ആപ് ഹോസ്പ്പിറ്റൽ മേ ഹും ".. കൽ രാത് ... ആപ് തോഡാ ബിമാർ ത്ഥാ ".... അബ് ആരാം കരോ... ഭീർ ബാത് കരേഗാ "...


വീണ്ടും കണ്ണുകൾ അടഞ്ഞു പോകുന്നു... മരുന്നിന്റെ സെഡേഷൻ ശരീരത്തെയും... മനസ്സിനെയും പൂർണ്ണമായി ഗ്രസിക്കുകയാണ്.


ശരീരത്തിൽ നിന്നും വിഘടിക്കപ്പെട്ട ആത്മാവ്... നിലാവത്തെ ശൂന്യതയിൽ പാറി നടക്കുന്നതു പോലെ... ഒട്ടും ഭാരമില്ലാതെ.. ശുഷ്ക്കമായ ഒരു പേടകം പോലെ... തനിക്കെന്താണ് സംഭവിച്ചത്... ഓർത്തെടുക്കാൻ ശ്രമിക്കുകയാണ് ബോധ മനസ്സ്... ചിന്നിച്ചിതറിയ ഓർമ്മപ്പൊട്ടുകളെ കൊരുത്തെടുക്കുവാനുള്ള ശ്രമം... ഉണർവ്വിൽ നിന്നും മനസ്സ് വീണ്ടും മയക്കത്തിലേക്കു ആണ്ടു പോയി. ഉണർന്നിരിക്കുന്ന ഉപബോധ മനസ്സിന്റെ ക്യാൻവാസിൽ... പൂർണ്ണതയില്ലാത്ത ചിത്രങ്ങളുടെ നിഴൽക്കൂത്ത്.... ശബ്ദങ്ങളും... രൂപങ്ങളും... തരംഗങ്ങളായി മാത്രം സന്നിവേശിക്കപ്പെടുന്ന... അർദ്ധബോധാവസ്ഥയിൽ... ആരുടെയൊക്കയൊ കരച്ചിലുകൾ.... തളം കെട്ടി നിൽക്കുന്ന രക്തം. വെള്ളത്തുണിയിൽ പൊതിഞ്ഞ ശരീരങ്ങൾ......


" രവീ... രവീ.. ശരീരത്തിൽ തട്ടി ആരോ വിളിക്കുന്നു.....


" ട്രൈ ടു വേക്ക് അപ്പ് സ്ലോവ്‌ലീ "....


കണ്ണുകൾ വീണ്ടും വലിച്ചു തുറന്നു.


ഡോക്ടറാണ്....


" എഴുന്നേൽക്കാൻ ശ്രമിക്കൂ".... ഡോക്ടർ കൈയ്യിൽ പിടിച്ചു.


കാഴ്ച കൂടുതൽ വ്യക്തത പ്രാപിച്ചു... അടുത്ത് നിൽക്കുന്നവരെ തിരിച്ചറിഞ്ഞു .... ഡോക്ടർ.. നേഴ്സ്... ഇർഫാൻ.... സുൾഫിത്ത്... മോഹനേട്ടൻ.... സൈമൺ... സഫർ ഇക്ക....


സൈമണും, ഇർഫാനും ചേർന്ന് താങ്ങി എഴുന്നേൽപ്പിച്ചിരുത്തി.... സ്വാധീനമില്ലാത്ത ഇടത് കാൽ ഉയർത്തി പില്ലോയിൽ വച്ചു.


" ഒന്നൂല്ല... യു ആർ ആൾ റൈറ്റ് നൗ " ഡോക്ടർ ചിരിയോടെ പറഞ്ഞു.


" ഇന്ന് കൂടി ഇവിടെ കിടക്കട്ടെ... നാളെ പോകാം "... ഡോക്ടർ അവരോട് പറഞ്ഞു നടന്നു നീങ്ങി.


ഇപ്പോൾ എല്ലാം ഓർമ്മവരുന്നു... അബുദാബി സെയ്യിദ് മിലിട്ടറി ഹോസ്പ്പിറ്റലിലെ സൈക്യാട്രി വാർഡിലാണ് താൻ.... ഇത് ഇപ്പോൾ എത്രാമത്തെ തവണയാണ്.... താളം തെറ്റുന്ന മനസ്സിന്റെ ചാഞ്ചാട്ടങ്ങൾ... യാഥാർത്ഥ്യവുമായി പൊരുത്തപ്പെടാനുള്ള മനസ്സിന്റെ ചെറുത്ത് നിൽപ്പ് .... ചില കാര്യങ്ങളിൽ മനസ്സിന്റെ നിലപാടുകൾ അങ്ങിനെയാണ്. ഇല്ലാത്തതിനെ ഉണ്ടെന്ന് വിശ്വസിപ്പിക്കാനുള്ള മനസ്സിന്റെ വെമ്പൽ.....പ്രീയപ്പെട്ടതൊക്കെ പൂർണ്ണമായും നഷ്ടപ്പെട്ടുവെന്നറിഞ്ഞിട്ടും... ആ ശൂന്യതയും... മനസ്സുമായി പൊരുത്തപ്പെടാൻ കഴിയാതെ വരുമ്പോൾ ഉണ്ടാകുന്ന അസ്വസ്ഥതകൾ..


" രവി ഭായ്... മേം തോഡാ... ഓഫീസ് തക് ജാക്കർ ആയേഗാ... സുൾഫിത് ഇതർ രഹേഗാ "... ഇർഫാൻ കട്ടിലിനരികിൽ ഇരുന്നു കൊണ്ട് പറഞ്ഞു


" ആപ് ലോഗ് ജായിയേ... മേം അബ് തോ ഠീക് ഹേനാ ".. 


ഇർഫാനും.. സുൾഫിത്തും പാക്കിസ്ഥാനി ദമ്പതികളാണ്... അബുദാബിയിൽ വന്ന കാലം മുതൽ ഒരുമിച്ച് ഒരേ കമ്പനിയിൽ ജോലി ചെയ്യുകയും.. അടുത്ത് അടുത്ത ഫ്ലാറ്റുകളിൽ താമസിക്കുകയും ചെയ്യുന്നവർ. ഇർഫാൻ അഹമ്മദ് കമ്പനിയുടെ മിഡിൽ ഈസ്റ്റ് ഓപ്പറേഷൻ ചീഫായിരുന്നു. സുൾ ഫിത്ത് ' ഇത്തിഹാദ് ' എയർവെയ്സിൽ ജോലി ചെയ്യുന്നു.


താൻ ഇവർക്കൊക്കെ ഒരു ഭാരമായി മാറുകയാണ്... ഒരു വർഷം കഴിയുന്നു ഈ അവസ്ഥയിൽ.... കരകയറാനും... യാഥാർത്ഥ്യവുമായി സമരസപ്പെടാനും ശ്രമിക്കുന്നുണ്ടെങ്കിലും പരാജയപ്പെടുകയാണ്.


" ഭായി ജാൻ... പീനേ കോ കുച് ചാഹിയേ ".... സുൾഫിത്ത് തോളിൽ തട്ടി വിളിച്ചപ്പോൾ മയക്കം വിട്ട് വീണ്ടും ഉണർന്നു.


വയ്യാ... ഇനിയും ഇവരെയൊക്കെ ബുദ്ധിമുട്ടിക്കുവാൻ... മടങ്ങണം.. അനിവാര്യമാണത്...


വീണ്ടും ഡോക്ടർ വന്നു.


" രവീന്ദ്രനാഥ്.... യു ഹാവ് ടു ആക്സെപ്റ്റ് ദി റിയാലിറ്റി.... " ഫിലിപ്പ് ചെറിയാൻ യു എ ഇ യിലെ പ്രശസ്തനായ സൈക്യാട്രിസ്റ്റാണ്..

 തന്റെ ദാരുണമായ കഥകൾ എല്ലാം അറിയാവുന്നയാൾ.


" നൂർ ജഹാനിൽ താങ്കൾ ജാൻവിയെയാണ് കാണുന്നത്... ജാൻവിയുടെ കണ്ണുകൾ മാത്രമാണ് നൂർ ജഹാന് നൽകിയിട്ടുള്ളത്... ആൻ അബ്സല്യൂട്ട് കോർണിയൽ ട്രാൻസ്പ്ലാന്റേഷൻ... ആൻഡ് ആസ് യു നോ ജാൻവി ഈസ് നോ മോർ ".


" ഞാൻ ശ്രമിക്കാഞ്ഞിട്ടല്ല ഡോക്ടർ .. എനിക്കറിയാം.. എന്റെ മകൾ ജാൻവി ജീവിച്ചിരിപ്പില്ലെന്നും.. അവളുടെ കണ്ണുകളിലൂടെയാണ് നൂർജു കാണുന്നതുമെന്നും... എന്റെ ട്രീസയും... റൂബെനും... ജാൻവിയും എന്നോടൊപ്പം ഇല്ലെന്നും.... പക്ഷേ പലപ്പോഴും ഞാൻ ആ യാഥാർത്ഥ്യം മറന്നു പോകുന്നു. അപ്പോഴൊക്കെയാണ് ഞാൻ ഇർഫാന്റെ ഫ്ലാറ്റിൽ ചെല്ലുന്നതും.. നൂർജുവിനെ കാണാനും... കൂടെ കൊണ്ടുവരണമെന്ന നിർബന്ധം പിടിക്കുന്നതും.... കഴിയുന്നില്ല "...


നിറഞ്ഞു തുളുമ്പുന്ന അവളുടെ നീല നീർമിഴികൾ... അതിൽ നിന്ന് അടർന്നു വീഴുന്ന നീർമണികളുടെ തിളക്കത്തിൽ എന്റെ ജാൻവിയുടെ അവ്യക്തമായ മുഖം... അച്ഛനെ തനിച്ചാക്കി നീയും ... അമ്മയുടെയും... അനിയന്റെയും കൂടെ പൊയ്ക്കളഞ്ഞല്ലോ "...


" ഐ നോ രവീ... വി ക്യാൻ അണ്ടർസ്റ്റാൻഡ്... ദീസ് ഈസ് ആൻ ഒബ്സെഷൻ "... ബട്ട് യു ഹാവ് ടു റിക്കവർ... ഒരു വർഷം കഴിഞ്ഞില്ലേ... ഇനിയെങ്കിലും താൻ സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരണം "..


" ഒരു വർഷമല്ല... ഒരായിരം വർഷങ്ങൾ കഴിഞ്ഞാലും... കാലങ്ങൾക്ക് എന്റെ മുറിവുകളെ ഉണക്കാനാവുമോ.. ഡോക്ടർ..

പക്ഷേ.. ഞാൻ ചില തീരുമാനങ്ങൾ എടുത്തു കഴിഞ്ഞു ഡോക്ടർ... തിരികെ മടങ്ങണം "....


" താങ്കൾ ഇപ്പോൾ വിശ്രമിക്കൂ.. നമുക്ക് പിന്നെ സംസാരിക്കാം "... ഡോക്ടർ പോയി കഴിഞ്ഞപ്പോൾ വീണ്ടും ഞാൻ മയക്കത്തിലേക്ക് വഴുതിവീണു.


തഞ്ചാവൂരിലെ അഗ്രഹാരത്തെരുവിലെ... അഗ്രഹാരം... ഇരുൾ വീണ മുറികളിൽ ഭസ്മത്തിന്റേയും സാബ്രാണിയുടെയും മണം സദാ തങ്ങി നിന്നിരുന്നു. ചായം തേഞ്ഞ് മുഷിഞ്ഞ ഭിത്തികൾ... മുറ്റത്ത് അരിപ്പൊടിയിൽ കോറിയിട്ട കോലങ്ങൾ... കൂട്ടം കൂടി ഓടികളിക്കുന്ന കുട്ടികൾ.. കാലം മായ്ച്ച് കളഞ്ഞ അവ്യക്തമായ ഓർമ്മകളിലെവിടെയോ... അമ്മയുടെ മുഖം ഉണ്ടോ... ഇല്ല.... ഓർത്തെടുക്കാനാവുന്നില്ല.


നരച്ചു പിഞ്ചി കാക്കി നിറത്തിലുള്ള തുണിസഞ്ചിയിൽ.. സ്വന്തമായി ആകെ ഉണ്ടായിരുന്ന കീറിത്തുന്നിയ രണ്ടോ മൂന്നോ വള്ളിനിക്കർ കുത്തി തിരുകി... സഞ്ചി തോളിലിട്ട്... മണി മാമന്റെ പിറകെ ആഗ്രഹാരം വിട്ടിറങ്ങുമ്പോൾ എട്ടു വയസ്സായിരുന്നു പ്രായം.


" രവീ.... നമ്മ കേരളത്തില് പോറേ... ഇനി നീ അങ്കത്താൻ തങ്കണത്... സ്കൂളും... പഠിപ്പും ഒക്കെ അവിടെ താൻ കെടയ്ക്കും..". മണി മാമൻ പറഞ്ഞതൊന്നും എനിക്ക് മനസ്സിലായില്ലെങ്കിലും തലയാട്ടി...


മണി മാമൻ ആരായിരുന്നു?....


" നീ എന്നെ മണിമാമാ എന്ന് കൂപ്പിട്ടാ പോതും "...


അമ്മായെന്നും... അപ്പായെന്നും വിളിക്കുന്നതിന് പകരം ഞാൻ ആദ്യമായി വിളിച്ചത് മാമാ എന്നായിരുന്നു. മണി മാമനും.. മാമിയും പറഞ്ഞറിഞ്ഞ അറിവുകൾ മാത്രമെ തനിക്കുള്ളൂ... മണി മാമന്റെ അക്കയുടെ മകളുടെ മകനാണത്രെ ഞാൻ.. ദേശാന്തിരിയായി എവിടെ നിന്നോ വന്ന ഒരു ബ്രാഹ്മണൻ അമ്മയെ വിവാഹം കഴിക്കുകയും , ഞാൻ ജനിച്ച് ആറുമാസം കഴിഞ്ഞപ്പോൾ അഗ്രഹാരം വിട്ട് പോയതാണെന്നും, പിന്നീട് അയാൾ മടങ്ങിവന്നില്ലെന്നുമാണ് അറിഞ്ഞത്. എനിക്ക് ഒന്നര വയസ്സ് പ്രായം ഉള്ളപ്പോൾ അമ്മയക്ക് രക്തസ്രാവം വന്ന് മരിക്കുകയായിരുന്നു. അനാഥനായി പോയ എന്നെ മണി മാമൻ വീട്ടിലേക്ക് കൊണ്ടുവരികയും അവരുടെ മക്കളോടൊപ്പം വളർത്തുകയായിരുന്നു. മറ്റൊരു ബന്ധുക്കളയൊ.. സ്വന്തക്കാരയൊ ഞാൻ കണ്ടിട്ടുമില്ല..


അമ്മയുടെ സ്നേഹം കൊതിച്ച പ്രായത്തിൽ... ശാരദ മാമിയുടെ ശകാരവും... ദണ്ഡനങ്ങളും അനുഭവിച്ച് എട്ടു വയസ്സ് വരെ അവിടെ വളർന്നു... വിശന്നു വയറു കത്തിക്കാളുമ്പോൾ.. അകത്തെ ഇരുട്ട് നിറഞ്ഞ മുറിയിൽ തറയിൽ കമിഴ്ന്ന് കിടന്ന് കരഞ്ഞ് തളർന്നുറങ്ങിയിരുന്നു. അടുത്തുള്ള ചെറിയ ഒരു സ്ക്കൂളിൽ മണി മാമൻ തന്നെ ചേർത്തിരുന്നു. ഉച്ചയ്ക്ക് അവിടെ നിന്നും കിട്ടിയിരുന്ന' ഉപ്പുമാവായിരുന്നു ദിവസത്തിൽ കഴിച്ചിരുന്ന ഭക്ഷണം.. പകുതി വെന്ത ഉപ്പുമാവ് ഇലയിൽ വാങ്ങി ഏതെങ്കിലും ഒരു മൂലയിൽ ചെന്നിരുന്ന് തിന്നും... കിണറ്റിൽ നിന്ന് വെള്ളം കോരിക്കുടിച്ചും വിശപ്പടക്കിയിരുന്നു ... രാത്രി മാമിയുടെ മക്കൾ ശാപ്പാട് കഴിയ്ക്കുമ്പോൾ അവർ ശാപ്പിട്ട് കഴിഞ്ഞ് ചിലപ്പോൾ തനിക്ക് എന്തെങ്കിലും തന്നെങ്കിലായി... മണി മാമന് എന്നോട് സ്നേഹമുണ്ടായിരുന്നുവെങ്കിലും മാമിയെ പേടിച്ച് മാമൻ ഒന്നും ചെയ്യുകയില്ലായിരുന്നു. മാമിയാരുടെ എന്നോടുള്ള വെറുപ്പും... ശാപവർഷങ്ങളും അദ്ദേഹത്തെ വേദനിപ്പിച്ചെന്നിരിക്കാം....


അങ്ങിനെയാണ് മണി മാമൻ ആ തീരുമാനമെടുത്തത്....


മാമന്റെ അകന്ന ബന്ധത്തിലുള്ള ഒരു കുടുംബം... തഞ്ചാവൂരിൽ നിന്നും വർഷങ്ങൾക്ക് മുൻപ് കേരളത്തിലെ കൊച്ചിയിലേക്ക് ബിസിനസ്സിന് വേണ്ടി കുടിയേറിയിരുന്നു. തുണികളുടെ ഹോൾ സെയിൽ കച്ചവടക്കാരായിരുന്നു അവർ... എന്നെ അവരുടെ കടയിലും വീട്ടിലും സഹായത്തിന് നിർത്തുകയും സ്കൂളിൽ അയക്കുകയും ചെയ്യാമെന്ന് മാമനോട് പറഞ്ഞതനുസരിച്ചാണ് എന്നെ എറണാകുളത്തേക്ക് മാമൻ കൊണ്ടുപോയത്. എന്റെ വിശപ്പടക്കാനുള്ളതെങ്കിലും എനിക്ക് കിട്ടുമെന്നോർത്ത് മണി മാമൻ സമാധാനിച്ചിരിക്കാം..... എട്ടാമത്തെ വയസ്സിൽ എന്റെ ജീവിതം എറണാകുളത്തേക്ക് പറിച്ച് നടപ്പെട്ടു.


" രവീ... ഇവിടെ നിന്നോണം.. അവരെ അനുസരിച്ച്... യഥാവത് വേലയൊക്കെ പണ്ണീ... അവർകൾ ഉന്നൈ ഇസ്ക്കൂളിൽ സേർത്തിടും... നെറയെ ശാപ്പാടും കെടയ്ക്കും "... എന്റെ കണ്ണുകളിലേക്കു ദയനീയമായി നോക്കി... മണിമാമൻ യാത്ര പറഞ്ഞു പോയി... പിന്നീട് രണ്ടോ മൂന്നോ തവണ മാമൻ വന്നിരുന്നതായി ഓർക്കുന്നു... പിന്നെ മാമനെ കണ്ടിട്ടേയില്ല.... വർഷങ്ങൾക്ക് ശേഷം... മാമൻ മരിച്ചു പോയി എന്നും കേട്ടു.


ആ വീട്ടിൽ എനിക്ക് പിടിപ്പത് ജോലിയുണ്ടായിരുന്നു. ബ്രോഡ് വ്വേയിൽ രണ്ടു മൂന്ന് തുണി മൊത്ത വ്യാപാര കടകളും ഗോഡൗണുകളിലും... വീട്ടിലും ഒക്കെയായി അവർ എന്നെ പണിയെടുപ്പിച്ചു.. ഒരു കൊച്ചു ബാലന് താങ്ങാവുന്നതിലധികമായിരുന്നുവത്, പക്ഷേ വയർ നിറയെ ഭക്ഷണം തന്നിരുന്നു... സ്കൂളിൽ പോകുവാനും അനുവദിച്ചിരുന്നു. സ്കൂൾ സമയം കഴിഞ്ഞുള്ള സമയമത്രയും കടയിലും വീട്ടിലുമായി പണി ചെയ്യുമായിരുന്നു. രാത്രിയിൽ കിടക്കാൻ 'കുശിനി' യുടെ അടുത്തായി ഒരു കുടുസുമുറിയുണ്ടായിരുന്നു... ഒരു പഴയ പായും തലയിണയും പുതയ്ക്കാൻ ചാക്കു പോലുള്ള ഒരു ഷീറ്റും എനിക്ക് സ്വന്തമായിരുന്നു.


ആരോടും പരാതികൾ ഇല്ലായിരുന്നു. പണി ചെയ്തും വിശപ്പടക്കിയും സ്കൂളിൽ പോയും നേരം പോകുന്നതറിഞ്ഞിരുന്നില്ല. രാത്രിയുടെ ഏകാന്തതയിൽ ചെറിയ പ്രകാശം മാത്രമുള്ള മുറിയുടെ തറയിലിരുന്നു ഗ്രഹപാഠങ്ങൾ ചെയ്തും പഠിച്ചും ഉറങ്ങി... പുലർച്ചെ എഴുന്നേൽക്കും പണികൾ ഒക്കെ കഴിച്ച് സ്കൂളിലേക്കുള്ള ഓട്ടമാണ്... സ്കൂളിലും താൻ ഒറ്റയായിരുന്നു...   "പാണ്ടി ച്ചെക്കൻ " എന്ന് വിളിച്ച് കുട്ടികൾ കളിയാക്കുമ്പോഴും... ബട്ടൻസ് പൊട്ടിയ ഷർട്ട് ചൂണ്ടി പരിഹസിക്കുമ്പോഴും ഒരു പൊട്ടനെ പോലെ ചിരിച്ചു...


തന്റെ പ്രായത്തിലുള്ള കുട്ടികൾ മാതാപിതാക്കളോടൊപ്പം സഞ്ചരിക്കുന്നതും... പാർക്കിൽ കളിക്കുന്നതും ..... ഹോട്ടലിൽ ഭക്ഷണം കഴിക്കുന്നതുമൊക്കെ കാണുമ്പോൾ മനസ്സ് വിങ്ങിയിരുന്നില്ലേ.... അച്ഛനെന്നോ... അമ്മയെന്നോ വിളിക്കാൻ താൻ കൊതിച്ചിരുന്നില്ലേ... ഒരു ഉരുള വാരിത്തരാൻ... ഒന്നു ചേർത്തുപിടിക്കാൻ... കവിളിൽ മുത്തം തരാൻ... നഷ്ട ബാല്യങ്ങളിൽ വെന്തുനീറിയ നെഞ്ചകം.... പൊളളിക്കുന്ന ഓർമ്മകൾ... നിറമുള്ള ഉടുപ്പുകളും... പുസ്തക സഞ്ചിയും... ചെരുപ്പും.. കളിപ്പാട്ടങ്ങളും... താൻ കൊതിച്ചിരുന്നു. തൊട്ടടുത്ത ബ്രാഹ്മിൺസ് ഹോട്ടലിൽ നിന്നും അരിച്ചിറങ്ങുന്ന മൊരിഞ്ഞ മസാല ദോശയുടെയും... നെയ്യ് റോസ്റ്റിന്റേയും.. ഊത്തപ്പത്തിന്റേയും കൊതിപ്പിക്കുന്ന ഗന്ധം തന്റെ കുഞ്ഞു മനസ്സിന്റെ ആർത്തി വർദ്ധിപ്പിച്ചതല്ലാതെ... ആരും തനിക്ക് വാങ്ങി തരാനില്ലായിരുന്നു.


ഋതുക്കളുടെ കറങ്ങിത്തിരിച്ചിലുകളിൽ... താൻ ശാരീരികവും മാനസീകവുമായി വളരുന്നതൊന്നും ഞാൻ അറിഞ്ഞില്ല. നന്നായി പഠിച്ചിരുന്നുവെങ്കിലും സ്കൂളിൽ വലിയ പരിഗണനയൊന്നും ലഭിച്ചിരുന്നില്ല... ദരിദ്ര ബാലനോടുള്ള സമൂഹത്തിന്റെ അവഗണന അവിടെയും താൻ അനുഭവിച്ചിരുന്നു. തന്നോട് കൂട്ടുകൂടാൻ ആരും ഇല്ലായിരുന്നു. ഒറ്റപ്പെടുത്തലിന്റെ... അവഗണനയുടെ...... അദ്ധ്യാപകരുടെ പോലും നിരാകരണത്തിന്റെ... അകംപൊള്ളിച്ച അനുഭവങ്ങൾ... ഉണങ്ങാത്ത മുറിവുകൾ... ക്ലാസ്സു മുറിയിലെ ബെഞ്ചും ഡെസ്ക്കും മേശയുമെല്ലാം തന്നെക്കൊണ്ട് തുടപ്പിച്ചിരുന്നു.... എന്നിട്ടും താൻ പരിമിതിക്കുളിൽ നിന്നും വാശിയോടെ പഠിച്ചു.... ആരോ മനസ്സിലിരുന്ന് ധൈര്യം പകർന്ന് തന്നിരുന്നതു പോലെ,


" രവീ... നിന്റെ പഠിപ്പ് ഒക്കെ മുടിച്ചു... ഇനി ഫുൾ ടൈം ഷോപ്പില് വേല സെയ്യ വേണം... പഠിപ്പ് ജാസ്തി ആച്ച്"... പത്താം ക്ലാസ്സിലെ അവസാന പരീക്ഷ കഴിഞ്ഞപ്പോൾ മുത്തുസ്വാമി പറഞ്ഞു.


ശബ്ദം ഇല്ലാതെ താൻ കരഞ്ഞ നാളുകൾ... നല്ല മാർക്കോടെ പാസ്സാകുമെന്ന് തനിക്ക് ഉറപ്പുണ്ടായിരുന്നു.... പക്ഷേ... ഇനിയുള്ള കാലം ഒരു ചുമട്ടുകാരനെപ്പോലെ അവരുടെ ഗോഡൗണിനുള്ളിൽ തന്റെ ജീവിതം ഹോമിക്കപ്പെടും. തുടർന്ന് പഠിക്കണമെങ്കിൽ പണം വേണം... ഇതുവരെയുള്ള പഠിപ്പു പോലെയല്ല.. 


ഇരുൾ തിങ്ങിക്കൂടിയ മനസ്സിൽ ഒരു തരി വെട്ടം പോലും കാണാതെ തപ്പിത്തടഞ്ഞു.


പത്താം ക്ലാസ്സിലെ റിസൾട്ട് വന്നു... ഡിസ്റ്റിംഗ്ഷനിൽ പാസ്സായിരുന്നു. സന്തോഷം പങ്കു വയ്ക്കുവാൻ ആരുമില്ലായിരുന്നു.... ദുഃഖങ്ങളും സന്തോഷങ്ങളുമെല്ലാം തന്റേതു മാത്രമായിരുന്നു. ഈ ലോകത്തിൽ തതിക്കായി ആരും കാത്തിരിക്കാനില്ല.... തന്റെ സന്തോഷത്തിൽ കൂടെ സന്തോഷിക്കാനില്ല.... ദുഃഖത്തിൽ കൂടെ കരയാനില്ല...


ഡിസ്റ്റിംഗ്ഷനോടെ താൻ പാസ്സായ വിവരം മുത്തുസ്വാമിയോട് പറയുകയും തുടർന്ന് കോളേജിൽ ചേർന്ന് പഠിക്കാനുള്ള ആഗ്രഹവും അറിയിച്ചു.


" പഠിപ്പ് ഒക്കെ നിർത്തി... നീ കടയിൽ വേലയെ പാറ്... വെളയാടാതെ "... മുത്തുസ്വാമി കുപിതനായി.


കോളേജിൽ ചേരണമെങ്കിൽ പണം വേണം, നല്ല വസ്ത്രങ്ങൾ വേണം... ബുക്ക് പുസ്തകങ്ങൾ വേണം.. ഇതെല്ലാം തരാൻ തനിക്കാരുണ്ട്.. മുത്തുസ്വാമി തന്നെ കന്നിനെപ്പോലെ പണിയെടുപ്പിക്കും... വർഷത്തിൽ രണ്ടു ജോഡി വസ്ത്രങ്ങൾ തരും... ഭക്ഷണം തരും.. ഇതായിരുന്നു തന്റെ ഇതുവരെയുള്ള വേതനം, 


മുത്തുസ്വാമി അറിയാതെ താൻ പ്രീ ഡിഗ്രിക്ക് ചേരാനുള്ള ആപ്ലിക്കേഷൻ കൊടുത്തു.... അഡ്മിഷനെടുക്കാൻ അറിയിച്ചു കൊണ്ടുള്ള കാർഡ് വന്നു, ധരിച്ചു കൊണ്ട് പോകാൻ നല്ലൊരു വസ്ത്രം ഇല്ലായിരുന്നു. കീറി പലവട്ടം തുന്നി കൂട്ടിയ മുണ്ടും പഴകിയ ഷർട്ടും ധരിച്ചു കൊണ്ടാണ് പ്രിൻസിപ്പാളിന്റെ റൂമിലേക്ക് കടന്നുചെന്നത്. കൂടെ പേരന്റ്സ് ഇല്ലേ എന്ന പ്രിൻസിപ്പാളിന്റെ ചോദ്യത്തിനു മുൻപിൽ എന്തെങ്കിലും പറയുവാൻ കഴിയാതെ കുഴങ്ങുന്നത് കണ്ട് അടുത്തിരുന്ന മറ്റൊരു അദ്ധ്യാപകൻ വിവരങ്ങൾ ചോദിച്ചറിഞ്ഞു.. തന്റെ പൊട്ടിക്കരച്ചിലിനു മുൻപിൽ അവരും പതറിപ്പോയിരുന്നു. മുത്തുസ്വാമിയെക്കണ്ട് കാര്യങ്ങൾ ധരിപ്പിച്ച് എന്നെ പഠിപ്പിക്കാനനുവദിക്കണമെന്ന് പറയുവാനായി പ്രിൻസിപ്പാൾ ഒരു അദ്ധ്യാപകനെ ഏർപ്പാടാക്കി. അയാൾ മുത്തുസ്വാമിയെ നേരിൽക്കണ്ട് സംസാരിച്ചെങ്കിലും വിപരീതഫലമായിരുന്നു തനിക്ക് ലഭിച്ചത്. അയാൾ അറിയാതെ അഡ്മിഷന് ശ്രമിച്ചത് മുത്തുസ്വാമിയെ ചൊടിപ്പിക്കുകയും.. അന്ന് തന്നെ അയാൾ എന്നെ വീട്ടിൽ നിന്നു പുറത്താക്കുകയും ചെയ്തു.


അപ്രതീക്ഷിതമായ അയാളുടെ പ്രവൃത്തി എല്ലാ അർത്ഥത്തിലും തളർത്തിയിരുന്നു. കിടക്കാൻ ഒരിടമില്ല... ഭക്ഷണമില്ല.. എങ്ങോട്ട് പോകും... തികച്ചും പകച്ചു പോയി ഞാൻ... അടുത്ത ചില ദിവസങ്ങൾ ബ്രോഡ് വേയിലെ കടത്തിണ്ണകളിൽ രാത്രി കഴിച്ചു. പച്ചക്കറി മാർക്കറ്റിലെ പഴകിയ പച്ചക്കറികൾ കൂട്ടിയിടുന്ന സ്ഥലത്തു നിന്നു പഴകിയ തക്കാളിയും വെണ്ടക്കയും പെറുക്കിത്തിന്ന് വിശപ്പടക്കി... പിന്നീട് ഹോട്ടലുകളിൽ പണി ചോദിച്ചു. അടുക്കളയിൽ പാത്രം കഴുകുന്നതിനും.. മേശ തുടയ്ക്കുന്നതിനും പകരമായി ഭക്ഷണവും, ചെറിയ ശമ്പളവും, കിടക്കാൻ ഇടവും കിട്ടി. അവിടെ പണി ചെയ്തു കൊണ്ട് പ്രീ ഡിഗ്രിക്ക് പഠിച്ചു പാസ്സായി.


പ്രീ ഡിഗ്രി പാസ്സായ ഉടനെ ഓട്ടോ റിക്ഷാ ഓടിക്കാനുള്ള ലൈസൻസ് എടുത്തു.. രാത്രികാലങ്ങളിൽ കൂലിക്ക് ഓട്ടോ ഓടിച്ച് പൈസാ സമ്പാദിച്ചാണ് ഡിഗ്രി പാസ്സായത്. തന്റെ ധൈര്യവും ആത്മവിശ്വാസവും വർദ്ധിച്ചിരുന്നു... ജീവിതത്തെ സധൈര്യം നേരിടാനുള്ള ആത്മബലം ആർജ്ജിച്ചെടുത്തു.


ലോ കോളേജിൽ ചേരുമ്പോൾ ജീവിക്കാനുള്ള സ്വയം പര്യാപ്തത നേടിക്കഴിഞ്ഞിരുന്നു. ഏത് തൊഴിൽ ചെയ്തും ജീവിക്കാനുള്ള മനക്കരുത്ത്... തീയിൽ കുരുത്ത് വെയിലിൽ വാടാതെ ആത്മാഭിമാനത്തോടെയാണ് എൽ എൽ ബി പാസ്സായത്. സന്നത് എടുത്ത ഉടനെ ഹൈക്കോടതിയിലെ പ്രഗത്ഭനായ വക്കീൽ അഡ്വക്കേറ്റ് ജയശങ്കറിന്റെ ജൂനിയറായി പ്രാക്ടീസ് തുടങ്ങി.  ഞാൻ ആരാണെന്ന് അറിഞ്ഞിരുന്ന ജയശങ്കർ സാറിന്റെ പ്രീയ ശിക്ഷ നായി മാറാൻ അധിക സമയം വേണ്ടിയിരുന്നില്ല.


ജീവിതം ഒരു ചൂതാട്ടമാണ്... ഒന്നും ഇല്ലായ്മയിൽ നിന്നു കളിച്ച് നേടിയതെല്ലാം... വിധിയുടെ കള്ളക്കരു നീക്കത്തിലൂടെ ഓരോന്നോരോന്നായി നഷ്ടപ്പെടുമ്പോൾ.... താനും അങ്ങനെയല്ലേ.... ശൂന്യതയിൽ നിന്നും താൻ സൃഷ്ടി നടത്തി... ജീവിതവുമായി മല്ലു പിടിച്ചു.... പട വെട്ടി... പൊരുതി നേടിയതൊക്കെ ഒറ്റനിമിഷത്തിൽ... തകർന്നു പോയില്ലേ...


ജയശങ്കർ സാറിന്റെ കൂടെ മൂന്ന് വർഷമായി പ്രാക്ടീസ് തുടങ്ങിയിട്ട്.


" രവീ.. ഞാൻ നിനക്ക് നല്ലൊരു ഓപ്പർച്യൂണിറ്റി തരാം... നിനക്ക് സാമ്പത്തിക ഭദ്രതയാണാശ്യം... യു എ ഇ യിലെ വലിയ ഒരു കമ്പനിക്ക് മിടുക്കനായ ഒരു ലീഗൽ അഡ്വൈസറെ വേണം... ഞാൻ നിന്നെ സജസ്റ്റ് ചെയ്യട്ടെ... വളരെ ഉയർന്ന ശമ്പളവും മറ്റു ഫെസലിറ്റികളും ഉണ്ട്... നിനക്ക് താത്പര്യം ഉണ്ടെങ്കിൽ ഞാൻ സംസാരിക്കാം "... ജയശങ്കർ സാറിന്റെ നിർദ്ദേശം ഞാൻ സ്വീകരിച്ചു.


അങ്ങനെയായിരുന്നു അബുദാബിയിലെ പ്രശസ്തമായ കമ്പനിയുടെ ലീഗൽ അഡ്വൈസറായി താൻ ഇവിടെ എത്തുന്നത്. പിന്നീട് കയറ്റങ്ങളുടെ മാത്രം കാലമായിരുന്നു... താൻ വന്ന വർഷം തന്നെ ഒരു ഫ്രഞ്ചു കമ്പനിയുമായി ഉണ്ടായിരുന്ന വലിയ ഒരു ഡിസ്പ്യൂട്ടിന് താൻ പരിഹാരം കാണുകയായിരുന്നു.. അഞ്ച് മില്ല്യൻ ഡോളറാണ് കമ്പനിക്ക് തർക്കം പരിഹരിച്ച് നേടിക്കൊടുത്തത്. ധാരാളം പണം... ജീവിത സൗകര്യങ്ങൾ... പിറകോട്ട് തിരിഞ്ഞു നോക്കിയപ്പോൾ അഭിമാനം തോന്നി... " ക്വയറ്റ് എ സ്ലം ഡോഗ് സെൽഫ് മെയ്ഡ് മേൻ "...


ജീവിതം അങ്ങിനെയാണ്... പ്രതീക്ഷിക്കാത്ത സമയത്ത് പലതും വാരിക്കോരിത്തരും... ചിലപ്പോൾ പറയാതെ പോലും തട്ടിപ്പറിച്ചെടുക്കുകയും ചെയ്യും... താനും അങ്ങനെയായിരുന്നില്ലേ.... ജീവിതം തന്നെ ഒരു കോമാളിയാക്കി തീർത്തു.


ഒരു വെക്കേഷനായി നാട്ടിൽ ചെന്നതായിരുന്നു. നാട്ടിൽ തനിക്കായി ആരുമില്ലെങ്കിലും പഴയ സുഹ്രുത്തക്കളെയും മറ്റും കാണുവാനായി താനും ചിലപ്പോഴൊക്കെ നാട്ടിൽ പോയിരുന്നു. ഇതിനോടകം എറണാകുളത്ത് സ്വന്തമായി ഒരു ഫ്ലാറ്റും വാങ്ങിയിരുന്നു. അഡ്വക്കേറ്റ് ജയശങ്കർ സാറിനെ കാണുവാനായി ഓഫീസിൽ ചെന്നപ്പോഴാണ് ട്രീസയെ ആദ്യമായി കാണുന്നത്.


" രവീ... ട്രീസയെ പരിചയപ്പെട്ടോ?.. നീ തീർച്ചയായും പരിചയപ്പെടേണ്ട ഒരാളാണ് ആവൾ... നിന്റെ സെയിം പിഞ്ച്... നിന്നെപ്പോലെ തന്നെ മറ്റൊരാൾ... ആൻ അബ്സല്ല്യൂട്ട് ഓർഫൻ... ഇവിടുത്തെ സെന്റ് തെരേസാസ് ഓർഫനേജിലാണ് അവളും വളർന്നത്.... പഠിക്കാൻ മിടുക്കിയായിരുന്നതു കൊണ്ട് അവർ അവളെ പഠിപ്പിച്ചു, ആരുടെയോ സ്പോൺസർഷിപ്പിൽ... കഴിഞ്ഞ വർഷമാണ് എൽ എൽ ബി കഴിഞ്ഞ് എന്റെ കൂടെ പ്രാക്ടീസ് തുടങ്ങിയത്... ജയശങ്കർ സാർ എന്നെ അവൾക്ക് പരിചയപ്പെടുത്തി.


വെക്കേഷൻ കഴിഞ്ഞ് മടങ്ങുമ്പോൾ... എന്റെ മനസ്സിൽ ട്രീസയും ഒപ്പം കൂടി... വിളറി വെളുത്ത നീണ്ട മുഖവും.... ശോഭ കുറഞ്ഞ തവിട്ടു നിറത്തിലുള്ള കൃഷ്ണമണികളോടു കൂടിയ വിടർന്ന കണ്ണുകളും.... അൽപ്പം ചെമ്പിച്ച ക്രോപ്പ് ചെയ്തിട്ട മുടിയും... കൃശഗാത്രിയായ ഒരു പെൺകുട്ടി.. സദാ പ്രസരിപ്പുള്ള ആ മുഖത്ത് എവിടെ നിന്നോ നിഴൽ വീഴ്ത്തുന്ന ദൈന്യത, ഒരു ആംഗ്ലോ ഇൻഡ്യൻ പരിഛേദം...


ജയശങ്കർ സാർ തന്നെയായിരുന്നു പ്രൊപ്പോസ് ചെയ്തതു... മദറിനോട് സംസാരിക്കാനാണ് അവൾ പറഞ്ഞത്... സാറ് മദറിനോട് സംസാരിച്ചു....


അധികം വൈകാതെ തന്നെ വീണ്ടും നാട്ടിലെത്തി.... ജയശങ്കർ സാറിനൊപ്പം ഓർഫനേജിലെത്തി മദറിനെ കണ്ടു.


" ട്രീസയെ ഈ പള്ളി മുറ്റത്തു നിന്നാണ് ഞങ്ങൾക്ക് കിട്ടിയത്... ഒരു ഡിസംബർ മാസത്തിലെ തണുപ്പുള്ള രാത്രിയിൽ... കുഞ്ഞിന്റെ ഉറക്കെയുറക്കെയുള്ള കരച്ചിൽ കേട്ടാണ് ഞങ്ങൾ ചെന്നത്... കട്ടിയുള്ള വെളുത്ത തുണിയിൽ പൊതിഞ്ഞ ചോരക്കുഞ്ഞ്... ഈ കൈകൾ കൊണ്ടാണ് ഞാനിവളെ എടുത്തത്.... എന്റെ മടിയിലാണ് ഇവൾ വളർന്നത്....  മദർ ട്രീസയെ ചേർത്ത് നിർത്തിക്കൊണ്ട് അവളുടെ മൂർദ്ധാവിൽ ചുംബിച്ചു.


" ഇവൾ.... നിനക്ക് ഒരു നിധിയായിരിക്കും "... മദർ എന്നെ നോക്കി പറഞ്ഞു.


" നിങ്ങൾ തമ്മിൽ സംസാരിച്ചോളൂ ".. മദർ അകത്തേക്ക് പോയി.


" ട്രീസാ..... മൃദുസ്വരത്തിലുള്ള വിളി കേട്ട്... അവൾ എന്റെ നേരെ മുഖം ഉയർത്തി. ഭയചകിതയായ ഒരു മാൻ പേടയുടെ കണ്ണുകളായിരുന്നു അവൾക്കപ്പോൾ... നിഷ്ക്കളങ്കമായ ആ മുഖത്തെ നിസ്സഹായത.... പൊള്ളി പ്പോയി എന്റെ ഹ്രദയം....


" ഞാൻ... ഞാൻ... എനിക്ക്... എന്തൊക്കയോ പറയാനും ചോദിക്കാനും അവൾ ആഗ്രഹിക്കുന്നതു പോലെ...


" പേടിക്കേണ്ട... നമ്മൾ രണ്ടാളും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളാണ്... ഞാൻ അവളോട് കുറച്ചു കൂടി അടുത്തു നിന്നു...." എനിക്ക് ആരുമില്ല... നിനക്കും... പിന്നെന്താ '".. ഞാൻ അവളെ ധൈര്യപ്പെടുത്തി.


" ഞാനിങ്ങനെയൊന്നും മോഹിച്ചിരുന്നില്ല.... ഞാൻ എന്താ പറയ്കാ... എന്നെക്കുറിച്ച് മദർ എല്ലാം പറഞ്ഞല്ലോ... മദറാണ് എന്റെ എല്ലാം... പിന്നെ ഇവിടുത്തെ കുട്ടികളും "... അവൾ ഒന്നു വിതുമ്പിയോ...


" ട്രീസയ്ക്ക് മദർ എങ്കിലും ഇല്ലേ... എനിക്ക് ആരും ഇല്ല "...


"ജീവിതത്തിന്റെ വഴിത്താരകളിൽ മാർഗ്ഗമധ്യേ ഒറ്റപ്പെടുന്നവരുണ്ട്... ഇവിടെ ഞാനും ട്രീസയും അങ്ങനെ തന്നെ ജീവിതം തുടങ്ങിയവരാണ്.... എങ്കിൽപ്പിന്നെ നമുക്ക് ഒരുമിച്ച് യാത്ര ചെയ്തു കൂടെ "...


" എല്ലാം മദറുമായി സംസാരിച്ച് തീരുമാനിച്ചോളൂ "... അവളുടെ മുഖത്തെ പ്രതീക്ഷയുടെ തിരയിളക്കം ഞാൻ കണ്ടു.


ജയശങ്കർ സാറ് തന്നെ എല്ലാറ്റിനും മുൻ കൈ എടുത്തു... തീർത്തും ലളിതമായ ചടങ്ങുകളോടെ ഞങ്ങളുടെ വിവാഹം നടന്നു. ഭൂമിയിൽ തനിച്ചായിരുന്ന രണ്ടു പേർ ഒരുമിച്ചപ്പോൾ... പരസ്പരം താങ്ങായി... എനിക്ക് അവളും... അവൾക്ക് ഞാനും...


ഓർഫനേജിലെ കുട്ടികളെ പിരിയാനായിരുന്നു അവൾക്ക് ഏറെ ദുഃഖം... പിന്നെ മദറിനെയും... അവൾ അവർക്ക് എല്ലാവർക്കും ചേച്ചിയായിരുന്നു. അത്രമാത്രം അവൾ അവരെ സ്നേഹിച്ചിരുന്നു. ഞങ്ങളുടെ വിവാഹം കഴിഞ്ഞ ദിനങ്ങളിൽ ഒരു നാൾ... കുട്ടികളുമായി ഞങ്ങൾ രണ്ടു മൂന്ന് ദിവസത്തെ ടൂർ പോയി... ജന്മം കൊടുത്തവർ ആരാണെന്ന് പോലും അറിയാത്ത കുരുന്നുകൾ... തെരുവിലും... കുപ്പത്തൊട്ടിയിലും.. പള്ളി മുറ്റത്തും ആർക്കും വേണ്ടാതെ വലിച്ചെറിയപ്പെട്ടവർ...


ജീവിതത്തിൽ അത്രയും അധികം സന്തോഷം തോന്നിയ ദിനങ്ങളായിരുന്നു അത്...


" നിങ്ങൾക്ക് ഇത്രയും നാൾ ചേച്ചി മാത്രമല്ലേ ഉണ്ടായിരുന്നുള്ളൂ... ഇനി ചേട്ടനും ഉണ്ട്... ഈ ചേട്ടനും ചേച്ചിയും നിങ്ങളോടൊപ്പം ഇനി എന്നുമുണ്ടാകും..." ഞാനും ട്രീസയും ചേർന്ന് കൂട്ടികളെയെല്ലാം ചേർത്തുപിടിച്ചു അണച്ചുകൊണ്ടു പറയുമ്പോൾ... കണ്ണുകൾ നിറഞ്ഞു തൂവിയിരുന്നു.


അബുദാബിക്ക് മടങ്ങുന്നതിന്റെ തലേ രാത്രിയിൽ... ട്രീസ കരച്ചിലടക്കാൻ പാടുപെടുന്നുണ്ടായിരുന്നു... കുട്ടികളെ പിരിയുന്നതിൽ അത്രകണ്ട് അവൾ വേദനിക്കുന്നുണ്ടായിരുന്നു. എന്റെ സ്നേഹ സാന്ദ്രമായ തലോടലും... ആശ്വാസ വാക്കുകളും എന്റെ കരവലയത്തിലെ സുരക്ഷിതത്വവും... അവളെ ധൈര്യപ്പെടുത്തി.


" നോക്കു ട്രീസാ.... ഞാനും അവരിൽ ഒരുവനല്ലേ... നിനക്ക് അവരോട് എത്രമാത്രം സ്നേഹവും കരുതലുമുണ്ടോ... എനിക്കും അതുപോലെ തന്നെ അവരോടുണ്ട്... നമുക്ക് അവരെ എല്ലാവരെയും പഠിപ്പിക്കണം... വലിയവരാക്കണം "... അവളെ ചേർത്തുപിടിച്ചു ഇറുകെ പുണർന്നു.


ഇർഫാനും  സുൾഫിത്തും ഞങ്ങളെ സ്വീകരിക്കാൻ എയർപോർട്ടിൽ ഉണ്ടായിരുന്നു. അവർ എനിക്ക് സഹോദരങ്ങളായിരുന്നു. വളരെ സെലക്റ്റഡായ സൗഹ്രദങ്ങൾ സൂക്ഷിച്ചിരുന്ന എനിക്ക് ഏറ്റവും കൂടുതൽ ഞാൻ സ്നേഹിച്ചിരുന്നതും ആ പാക്കിസ്ഥാനി സഹോദരങ്ങളെയായിരുന്നു. ഇർഫാനും സുൾഫിത്തും... മകൻ റിയാനും അടങ്ങുന്ന കുടുംബം.


അബുദാബിയിലെ ഞങ്ങളുടെ ജീവിതം... സ്നേഹം കൊടുത്തും.. വാങ്ങിയും... പിരിഞ്ഞിരിക്കുവാൻ ആവുമായിരുന്നില്ല... താണ്ടി വന്ന ജീവിതത്തിന്റെ കനൽ വഴികളിൽ... കാൽ പാദങ്ങൾ ഏറെ പൊളളി പോയിരുന്നുവെങ്കിലും... സ്നേഹത്തിന്റെ... ആശ്വാസത്തിന്റെ... സൗഭാഗ്യത്തിന്റെ മഞ്ഞു പൊഴിയുന്ന ഒരു പവിഴ ദ്വീപിൽ എത്തിയതുപോലെയായിരുന്നു ഞങ്ങൾ.


" ലോകത്തിലുള്ള മറ്റെല്ലാവരെക്കാളും ഭാഗ്യമുള്ളവർ നമ്മളാണ്... അല്ലേ രവിയേട്ടാ..." ട്രീസാ ആളാകെ മാറിയിരുന്നു. അടിമുടി പൂത്തുലഞ്ഞു നിൽക്കുന്ന ചെമ്പകം പോലെ.


ശരിയാണ്, സ്നേഹവും... വികാരങ്ങളും.. പങ്കു വയ്ക്കപ്പെടുമ്പോഴാണ് മൂല്യമുണ്ടാകുന്നത്... അനാഥത്വം എന്ന അവസ്ഥയുടെ നിർവ്വചനം എന്താണ്?.. ആത്മാവിന്റെ അണയാത്ത വിശപ്പല്ലേയത്... കണ്ടറിയാവുന്ന വികാരമല്ലത്... കൊണ്ടറിയേണ്ടതുതന്നെ.... തനിപ്പെട്ടു പോയ ജീവിതങ്ങളുടെ മനസ്സിന്റെ സ്നേഹത്തിനും... കരുതലിനും വേണ്ടിയുള്ള ദാഹം... പങ്കു വയ്ക്കാനും... പങ്കു വയ്ക്കപ്പെടാനുമുള്ള തുടിപ്പ്... 


മധുരമായ പരിലാളനങ്ങളുടെ പറുദീസയായിരുന്നു ഞങ്ങളുടെ ജീവിതം. മനുഷ്യചേതനയുടെ ഉദാത്തമായ വികാരം... കുടുംബം... ബന്ധങ്ങൾ... ആദ്യമായി അറിഞ്ഞ പെണ്ണ്... ഒരമ്മയുടെ വാത്സല്ല്യ ത്തോടെ... ഭാര്യയുടെ കരുതൽ... കാമുകിയുടെ പ്രണയ വായ്പുകൾ... അതായിരുന്നു എനിക്ക് ട്രീസാ...


എന്റെ ട്രീസ കഴിഞ്ഞാൽ , ഏറ്റവും കൂടുതൽ എന്റെ ഹൃദയത്തിൽ സ്ഥാനമുണ്ടായിരുന്നത്... ഇർഫാനും.. സുൾ ഫിത്തിനുമായിരുന്നു.

" ഒരു പാക്കിസ്ഥാനിയോട് നിനക്കിത്രയും അടുക്കാൻ കഴിയുന്നതെങ്ങിനെയാണെന്ന് ".. പലരും എന്നോട് ചോദിച്ചിട്ടുണ്ട്.

രക്ത ബന്ധങ്ങളുടെ സ്നേഹാദരങ്ങളോ... ഊഷ്മളതയോ... ഒന്നും അനുഭവിച്ചറിഞ്ഞിട്ടില്ലാത്ത എനിക്ക് സ്നേഹത്തിന്റെ അതിർവരമ്പുകളെക്കുറിച്ച് യാതൊരു ധാരണയുമില്ലായിരുന്നു. കേവലം.. മനുഷ്യ നിർമ്മിതവും.. ഭൂമിശാസ്ത്രപരവുമായി നിജപ്പെടുത്തിയ അതിർത്തിക്കുള്ളിൽ തടഞ്ഞു നിർത്താൻ കഴിയുന്നതാണോ യഥാർത്ഥ സ്നേഹമെന്ന വികാരം... അത് സഹജീവികളോട് തോന്നുന്ന നിർവ്വചിക്കാനാവാത്ത വികാരമല്ലേ... അത് കൊടുക്കുകയും... വാങ്ങുകയും ചെയ്യപ്പെടേണ്ടതല്ലേ... ഏത് വലിയ ശത്രുവിനെപ്പോലും കീഴ്പ്പെടുത്താൻ പോന്ന ശക്തിയുള്ള ആയുധമല്ലേ... തീർച്ചയായും, രാഷ്ട്രീയമായോ, ദേശീയമായോ മാത്രം പ്രകടിപ്പിക്കപ്പെടേണ്ട ഒന്നല്ല... ഒരിക്കലുമല്ല.. ഭാഷ.. വേഷ.. ദേശാന്തരങ്ങൾക്ക് അപ്പുറം നിർവ്വചിക്കപ്പെടേണ്ടതാണ് സ്നേഹം.. ഇർഫാന്റെ കുടുംബത്തോട് എനിക്കും... തിരിച്ച് എന്നോടവർക്കും ഉണ്ടായിരുന്നത് അതായിരുന്നു. 


ഇർഫാന്റെ കുടുംബവും ഇൻഡ്യക്കാരായിരുന്നു. സ്വാതന്ത്ര്യാനന്തര ഇൻഡ്യയുടെ വിഭാഗിയതയിൽ... ഇൻഡ്യയിൽ നിന്നും പാലായനം ചെയ്യേണ്ടി വന്ന വർ... പകുതി അവിടെയും... പകുതി ഇവിടെയുമായി... കുടുങ്ങിപ്പോയ കുടുംബം... അതിർത്തിക്കിപ്പുറവും അപ്പുറവുമായി.. ഒരേ കുടുംബം ഇൻഡ്യക്കാരനെന്നും... പാക്കിസ്ഥാനിയെന്നും..വിളിക്കപ്പെടേണ്ടി വന്നവർ.... അധികാര ദുർമോഹികളും... വർഗ്ഗീയ വാദികളുമായിരുന്ന.... രാഷ്ട്ര ശിൽപ്പി മാരുടെ ഇംഗിതത്തിന് അനുസരിച്ച്... ബ്രിട്ടീഷ് കാരൻ വെട്ടി പങ്കിട്ടുകൊടുത്തപ്പോൾ... ഇർഫാന്റെ കുടുംബം... പകുതി പാക്കിസ്ഥാനികളും.... പകുതി ഇൻഡ്യക്കാരുമായി മാറി. പഞ്ചാബിലും... രാജസ്ഥാനിലുമൊക്കെയായി ഇർഫാന്റെ അടുത്ത ബന്ധുക്കൾ ഇൻഡ്യയിൽ തുടരുന്നു.


" മനസ്സ് കൊണ്ട് ഞാനും ഇൻഡ്യക്കാരനാണ്... നൂറ്റാണ്ടുകളുടെ പൈതൃകം പേറുന്ന ഇൻഡ്യാ... മതേതരത്വവും... സാഹോദര്യത്തവും ഉയർത്തിപ്പിടിക്കുന്ന ഇൻഡ്യൻ സംസ്ക്കാരം... എത്ര ഉദാത്തമാണത്"...ഇർഫാൻ ഇൻഡ്യയെക്കുറിച്ച് വാചാലനാകാറുണ്ട്.


ജാൻവി... ഞങ്ങളുടെ ജീവിതത്തിലേക്ക് വന്നതോടൊപ്പം തന്നെയായിരുന്നു... ഇർഫാനും.. സുൾഫിത്തിനും.. നൂർജഹാനും പിറന്നത്. രണ്ടോ മൂന്നോ മാസത്തിന്റെ മൂപ്പിളപ്പ്...


ജാൻവി... ഞങ്ങളുടെ മകൾ... രണ്ട് അനാഥ ജന്മങ്ങളുടെ... ബീജാണ്ഡസങ്കലനത്തിൽ പിറന്ന സനാത.... എന്റെ ജീവന്റെ സത്ത... 


"രവിയേട്ടാ.... നമ്മുടെ നഷ്ട ബാല്ല്യങ്ങളിൽ.... അനുഭവിക്കാതെ പോയ മുഴുവൻ സന്തോഷങ്ങളും കൊടുത്ത് നമ്മുടെ മോളെ വളർത്തണം... ഇരുളിന്റെ മറവിൽ വയറൊഴിഞ്ഞ്..... അവിഹിത ഗർഭത്തിന്റെ ഭാരം ഒഴിഞ്ഞ ആശ്വാസത്തോടെ.... കീറ്റു ശീലയിൽ പൊതിഞ്ഞ ചോരക്കുഞ്ഞിനെ പള്ളി മുറ്റത്ത് ഉപേക്ഷിച്ച് ഓടി ഒളിച്ച എന്റെ അമ്മ...


" ട്രീസാ.... പൊട്ടിക്കരയുന്ന അവളെ ചേർത്ത് പിടിച്ച് ആശ്വസിപ്പിക്കുമ്പോൾ.... വേദനയും... അവഗണനകളും... വിശപ്പും അറിഞ്ഞ എന്റെ ബാല്യത്തെയും ഓർത്ത് പോയി.


" അതൊന്നും ഇനി ഓർക്കേണ്ട... നിനക്ക് ഞാനില്ലേ... ദാ... ഇപ്പോൾ നമ്മുടെ മോളും "....


ജാൻവിയെയും... നൂർജഹാനെയും ഒരുമിച്ചായിരുന്നു "കിന്റെർഗാർട്ടനിൽ" ചേർത്തത്. എത്ര പെട്ടെന്നാണ് വർഷങ്ങൾ കടന്നുപോകുന്നത്. നാട്ടിലേക്ക് വെക്കേഷനായി എല്ലാവർഷവും പോയിരുന്നു. ഓർഫനേജിലെ കുട്ടികൾ നോക്കിയിരിക്കും... ചേച്ചിയും... ചേട്ടനും... കൈനിറയെ സമ്മാനങ്ങളുമായി വരുന്നതും കാത്ത്... അവിടുത്തെ കുട്ടികളുടെ കാര്യങ്ങളെല്ലാം ഭംഗിയായി ട്രീസയും.. ഞാനും നോക്കിയിരുന്നു.


മറ്റു പല രാജ്യങ്ങളിലേക്കും ഞങ്ങൾ വെക്കേഷൻ ചിലവഴിക്കാനായി പോവുക പതിവായിരുന്നു. സിംഗപ്പൂർ, മലേഷ്യ, മൗറീഷ്യസ്, നേപ്പാൾ, യൂറോപ്പ്... ഇർഫാനും കുടുംബവും ഒപ്പം ഉണ്ടാകും... അവർ പാക്കിസ്ഥാനിലേക്ക് വളരെ ചുരുക്കമായി മാത്രമേ പോയിരുന്നുള്ളൂ. ചിലപ്പോൾ സൈമണും കുടുംബവും... മോഹനേട്ടനും ഫാമിലിയും... ഒക്കെ ഞങ്ങളോടൊപ്പം കൂടാറുണ്ടായിരുന്നു.


" ജീവിക്കുവാണേ... നിങ്ങളെപ്പോലെ ജീവിക്കണം... " ആളുകൾ ഞങ്ങളെക്കുറിച്ച് പറഞ്ഞിരുന്നത് അങ്ങനെയാണ് ,


" ഞങ്ങൾ ഇതുവരെ ജീവിച്ചിട്ടില്ലല്ലോ... ഇപ്പോഴല്ലേ ജീവിക്കുന്നത്"... ഞാൻ മറുപടി പറയും.


" ഞാൻ ഒരിക്കലും.... ഇങ്ങനെയൊന്നും പ്രതീക്ഷിച്ചിരുന്നില്ല രവിയേട്ടാ.... എനിക്ക് സ്വപ്നങ്ങളേ ഇല്ലായിരുന്നു.... എത്ര പെട്ടെന്നാണ് ജീവിതം മാറി മറിയുന്നത്.... ആരുടെയോ കൈകളാൽ ചലിപ്പിക്കപ്പെടുന്ന പാവകളെപ്പോലെ... നമ്മുടെ ഇഷ്ടാനിഷ്ടങ്ങൾക്കൊന്നും ഇവിടെ പ്രസക്തിയേയില്ല... ചിലർ പറയാറില്ലേ.... ഞാൻ എന്റെ ഇഷ്ടത്തിന് ജീവിക്കുമെന്ന്... വെറും പൊളി വാക്കല്ലേയത്...." ട്രീസയുടെ വാക്കുകൾ തത്വചിന്താപരമായിരുന്നു.


ശരിയാണ്, ഏഴു വർണ്ണങ്ങളിൽ പീലി നിവർത്തി ആടുകയായിരുന്നു ജീവിതം... പ്രചണ്ഡ വാതമായി ആഞ്ഞടിച്ച്... ആകെ ഉലച്ച്... കൂടണഞ്ഞ ശേഷം അനുഭവപ്പെടുന്ന പ്രകൃതിയുടെ ശാന്തത... നിഴൽ രൂപങ്ങളായി തിരശ്ശീലയിൽ ജീവിച്ച്... പിന്നീട് അസ്ഥിയും മാംസവും ത്വക്കും പൊതിഞ്ഞ് അസ്ഥിത്വത്തിന്റെ സാന്നിധ്യം അറിയിച്ച ഞങ്ങളുടെ ജീവിതം... ശാന്തമായി ഒഴുകുന്ന പുഴ പോലെ...


ആ പ്രവശ്യത്തെ വെക്കേഷൻ ഞങ്ങൾ പ്ലാൻ ചെയ്തത് ' സീ ഷെൽസി'ലേക്കായിരുന്നു... ഇർഫാനും കുടുംബവും... അഖിലേഷും ഫാമിലിയും കൂടെ ഉണ്ടായിരുന്നു.


കടൽ... എന്നും എനിക്ക് ഒരാവേശമായിരുന്നു... അതിന്റെ ഭയപ്പെടുത്തുന്ന അഗാധമായ നീലിമ... കലി തുള്ളിയാൽ ഒരു ഭ്രാന്തിയായും... ശാന്തമായാൽ ധ്യനത്തിലിരിക്കുന്ന തപസ്വനിയെപ്പോലെയും.. മാറുന്ന കടലിന്റെ അനിതരസാധാരണവും... അനിർവ്വചനീയവുമായ കടലിന്റെ ഭാവങ്ങൾ... ആർത്തലച്ച്... പതഞ്ഞുയർന്ന്... നാവ് നീട്ടിയെത്തുന്ന തിരമാലകളെ നോക്കി നിൽക്കുന്നത് ഒരു ലഹരിയായിരുന്നു.


'സി ഷെൽസിൽ ' എത്തിയതിന്റെ രണ്ടാമത്തെ ദിവസമായിരുന്നു. ജാൻ വിയും.. നൂർജുവും.. റിയാനും ബീച്ചിൽ കളിച്ചു രസിക്കുകയാണ്.. സുൾഫിത്തും... ട്രീസയും, കുട്ടികളോടൊപ്പമുണ്ട്. കളി നിർത്തി നൂർജു കടലിൽ നിന്നു കയറി മണലിൽ ഇരുന്നു. കുറേ നേരമായി അവൾ അങ്ങനെ അനങ്ങാതെയിരിക്കുന്നു. കൂടെ കൂടെ കണ്ണുകൾ തിരുമ്മുന്നുണ്ട്. ആരും പക്ഷേ കാര്യമാക്കിയില്ല... പെട്ടെന്ന് അവൾ കരയാൻ തുടങ്ങി... അവൾക്കൊന്നും കാണാൻ കഴിയുന്നില്ല... കണ്ണുകളിൽ ഇരുട്ട്... മങ്ങൽ.... ഇത്ര നേരം കടൽ വെള്ളത്തിൽ കളിച്ചിട്ടായിരിക്കും... അവളെ സമാധാനിപ്പിച്ചു ഞങ്ങൾ ഹോട്ടലിലേക്ക് മടങ്ങി.... 


പക്ഷേ.. പോക പോകെ... അവളുടെ കാഴ്ച കൂടുതൽ കൂടുതൽ ഇല്ലാതെയായ്ക്കൊണ്ടിരുന്നു. ഹോട്ടലിൽ നിന്നു തന്നെ ഡോക്ടറെ കാണിക്കുവാനുള്ള അപ്പോയിന്റ്മെന്റ് എടുത്തു..... 

കാഴ്ചശക്തി നഷ്ടപ്പെടുകയാണ്... അടിയന്തര ചികിത്സ ആവശ്യമാണെന്നറിഞ്ഞതിനാൽ ഞങ്ങൾ ' ട്രിപ്പ്' അവസാനിപ്പിച്ച് മടങ്ങി. പ്രഗത്ഭനായ ഐ സ്പെഷിലിസ്റ്റിനെ തന്നെയാണ് കണ്ടത്...


" കോർണിയൽ ഡാമേജാണ്.... ഇരു കണ്ണുകളും... കംപ്ലീറ്റ് ബ്ലൈൻഡ്നസ്സ് ഫോർ ബോത്ത് ഐസ്".... ഒന്നും ചെയ്യാനില്ല...  കോർണിയൽ ട്രാൻസ് പ്ലാന്റേഷൻ മാത്രമാണ് പ്രതിവിധി... കണ്ണുകൾ ദാനം ചെയ്യാൻ തയ്യാറുള്ള ആരോഗ്യമുള്ള ഡോണറെ കിട്ടണം"... ഡോക്ടറുടെ വാക്കുകൾക്കു മുൻപിൽ ഞങ്ങൾ പതറിപ്പോയി.


നൂർജുവിന്റെ കാഴ്ചശക്തി പൂർണ്ണമായും നഷ്ടമായിരുന്നു. സന്തോഷത്തിന്റെ പ്രകാശം പരത്തി നിന്ന കുടുംബം മുഴുവൻ ഇരുട്ടിലായി.. പതിനാലാമത്തെ വയസ്സിൽ... നിറങ്ങളുടെ ലോകം അവൾക്കെതിരെ കൊട്ടിയടക്കപ്പെട്ടു.. അക്ഷരങ്ങൾ അവൾക്ക് അന്യമായി... ഇരുട്ട്... കട്ടപിടിച്ച് ഇരുട്ട് മാത്രമായി നൂർജുവിന്റെ ലോകം..


എത്ര ക്ഷണത്തിലാണ്... ജീവിതം പ്രതിസന്ധിയിലാകുന്നത്... സന്തോഷം ദുഖമായും... ദുഃഖം .. ആനന്തമായും... വേനലും.. മഴയും... മഞ്ഞുകാലവും.. ചാക്രിക പരിണാമങ്ങൾ...


ജീവിതം ഇരുൾ വീഴ്ത്തിയ വഴികളിലൂടെ ഇർഫാനും കുടുംബവും കടന്നു പൊയ്ക്കൊണ്ടിരുന്നു. മൂന്ന് വർഷങ്ങൾ പിന്നെയും കടന്നുപോയി... നൂർജു... ഇരുട്ടുമായി സൗഹ്രദത്തിലായി.. പൊരുത്തപ്പെട്ടു .. അകക്കണ്ണിലൂടെ അവൾ ലോകത്തെ കണ്ടു... ഇരുളിനും... അതിന്റെ സൗന്ദര്യവും... നിറങ്ങളും ഉണ്ടെന്ന് അവൾ തിരിച്ചറിഞ്ഞു... കാഴ്ച ശക്തിക്ക് അപ്പുറത്തുള്ള അജ്‌ഞാതമായ വർണ്ണങ്ങളുടെ ലോകം...


റൂബെൻ ജനിച്ചതോടെ, ജാൻവി ഒരു ചേച്ചിയുടെ സ്ഥാനവും ഉത്തരവാദിത്വവുമേറ്റെടുത്തു... രണ്ടു മക്കളും.. ട്രീസയുമായിരുന്നു എന്റെ ലോകം... എന്റെ സന്തോഷം... എന്റെ നിർവൃതി...


" ചിലപ്പോൾ തോന്നും ഇതൊക്കെ സ്വപ്നമാണോയെന്ന്... ഒന്നുറങ്ങി ഉണർന്നതു പോലെ"... ട്രീസക്ക് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല.


" രവിയേട്ടാ.. കുട്ടികളുടെ സ്ക്കൂൾ അടയ്ക്കുമ്പോൾ നമുക്ക് നാട്ടിൽ പോകണം... മദർ തീർത്തും കിടപ്പല്ലേ.. എനിക്ക് കുറച്ച് ദിവസം മദറിന്റെ കൂടെ നിൽക്കണം.. ഇനി സാധിച്ചില്ലെങ്കിലോ..."


ഞങ്ങൾ അവധിക്ക് നാട്ടിലെത്തി... ഓർഫനേജിലെ കുട്ടികൾ കോളേജിലും.. ചിലർ ഉയർന്ന ക്ലാസ്സുകളിലുമൊക്കെ എത്തിയിരുന്നു.... ട്രീസാ മദറിനോടൊപ്പം രണ്ട് ആഴ്ച ചില വഴിച്ചു.... രണ്ടു പെൺകുട്ടികളുടെ വിവാഹം ആ പ്രാവശ്യം ഞങ്ങൾ നടത്തി...


വീണ്ടും ഞങ്ങൾ അബുദാബിയിൽ തിരിച്ചെത്തി.. തിരക്കുകൾക്കുള്ളിലേക്ക് ഊളിയിട്ടു. കമ്പനി കൂടുതൽ ഉത്തരവാദിത്വങ്ങളാണ് എന്നെ ഏൽപ്പിച്ചിരുന്നത് .. പതിനാലു വർഷങ്ങൾ പിന്നിട്ടപ്പോൾ... എന്റെ ജീവിതം കയറ്റങ്ങളുടെത് മാത്രമായിരുന്നു.


" രവിയേട്ടാ... നമ്മുടെ മദർ മരിച്ചു പോയി..." ട്രീസ വിളിച്ചു പറഞ്ഞപ്പോൾ... അവൾ കരയുന്നുണ്ടായിരുന്നു. അവളുടെ അമ്മ... സ്നേഹം കൊടുത്ത് അവളെ വളർത്തി വലുതാക്കി എന്നെ ഏൽപ്പിച്ചവർ... അമ്മയുടെ മുലകൾ അവൾക്ക് വേണ്ടി ചുരന്നില്ലെങ്കിലും... മാതൃ സ്നേഹത്തിന്റെ അമൃത് ഇറ്റിച്ച് മദർ അവളെ വളർത്തി.


കാശ്മീരിലെ ' കാർഗിൽ' മലനിരകളിൽ യുദ്ധകാഹളം മുഴങ്ങിയ നാളുകൾ........ നിയന്ത്രണ രേഖ ഭേദിച്ച് ഇൻഡ്യൻ മണ്ണിലേക്ക് പാക്കിസ്ഥാന്റെ അധിനിവേശം... മത മൗലീകവാദികളായ തീവ്രവാദികളെ ഉപയോഗിച്ച് ഇൻഡ്യയുടെ സമാധാനവും... സാമ്പത്തീക ഭദ്രതയും.. അഖണ്ഡതയും തകർക്കാനുള്ള പാക്കിസ്ഥാൻ അരക്ഷിത പട്ടാള മേധാവിത്വത്തിന്റെ നെറികെട്ട പടനീക്കം.... കാർഗിലിന് മുകളിൽ ആകാശം തീ തുപ്പി നിന്നു... ഭുമിയിലും... ആകാശത്തും സ്ഫോടന പരമ്പരകൾ തീർത്ത് ഇരു സൈന്യവും പോരാടി... യുദ്ധക്കൊതിയൻമാരായ തീവ്രവാദികൾ പട്ടാള രൂപത്തിൽ ഇൻഡ്യയോടടുത്തു... ഇരു പക്ഷത്തും കനത്ത ആൾ നാശമുണ്ടായി..


വിദേശത്ത്.. ഒരുമിച്ച്  ജോലി ചെയ്ത് സാഹോദര്യത്തോടെ കഴിയുന്ന ഇൻഡ്യക്കാരനും... പാക്കിസ്ഥാനിയും.. മുഖാമുഖം കണ്ടുമുട്ടുമ്പോൾ പരസ്പരം മുഖം താഴ്ത്തി കടന്നുപോകുന്നു...


യുദ്ധഭൂമിയിൽ പൊരുതി മരിച്ചു വീണ ഇൻഡ്യൻ ജവാൻമാരുടെ മൃതു ദേഹങ്ങളുടെ മുഖം വികൃതിമാക്കി.... കണ്ണു ചൂഴ്ന്നെടുത്ത്... പൈശാചികമായി പട്ടാളക്കാരന്റെ ശവശരീരത്തോട് അനാദരവ് കാട്ടിയ പാക്ക് സൈന്യത്തിന്റെ ക്രൂരത ലോകം അറിഞ്ഞപ്പോൾ... അന്നം തേടി വിദേശങ്ങളിൽ കഴിയുന്ന ഓരോ പാക്ക് പൗരനും ലോകത്തിന് മുൻപിൽ ലജ്ജിച്ച് തല താഴ്ത്തി നിന്നു.


"രവി ഭായ്.. താങ്കൾക്ക് എന്നോട് വെറുപ്പ് തോന്നുന്നുണ്ടല്ലേ"?... ഇർഫാൻ ആ ദിവസങ്ങളിൽ എന്നോട് ചോദിച്ചു.


" എന്തിന് എനിക്ക് നിന്നോട് വെറുപ്പ് തോന്നണം?... നീ എനിക്ക് സഹോദരനല്ലേ... എന്റെ നന്മ മാത്രം ആഗ്രഹിക്കുന്നവൻ"...


പാക്കിസ്ഥാനിലെ ഭൂരിപക്ഷം ജനങ്ങളും ഇൻഡ്യയുമായി സമാധാനം ആഗ്രഹിക്കുന്നവരാണ്... സൗഹ്രദം പങ്കിടാൻ കൊതിക്കുന്ന ജനങ്ങൾ... അവർ ആരും യുദ്ധം ആഗ്രഹിക്കുന്നില്ല... പക്ഷേ അന്താരാഷ്ട്ര സമൂഹത്തിന് മുൻപിൽ പാക്കിസ്ഥാൻ പൗരൻ വില കുറഞ്ഞവനാണ്... തീവ്രവാദിയുടെ മുഖമാണ് ഓരോ പാക്കിസ്ഥാൻ കാരനിലും ജനം കാണുന്നത്. അറപ്പോടും... വെറുപ്പോടും കൂടിയാണ് അവരെ നോക്കി കാണുന്നത്. പക്ഷേ... യാഥാർത്ഥ്യം അതാണോ?.. ഒരിക്കലുമല്ല... 


വാസ്ഥവത്തിൽ.... യുദ്ധം ചെയ്യുന്നതും... പിടിച്ചെടുക്കലും... സ്ഫോടന പരമ്പരകളും ഒക്കെ സാധാരണ ജനങ്ങൾക്ക് വേണ്ടിയാണോ?... മതം വളർത്താനും... മറ്റു മതവിഭാഗത്തിൽപ്പെട്ടവരെ ഇല്ലാതാക്കാനും... ആയുധക്കച്ചവടം നടത്താനും... അന്താരാഷ്ട്രീയ മുതലെടുപ്പിനും വേണ്ടിയുള്ള ഏകാധിപതികളുടെയും... മത ഭ്രാന്തൻമാരുടെയും കളികൾ മാത്രം.


കാർഗിൽ യുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന ദിവസങ്ങളായിരുന്നു അത്...


അൽ ഐനിലുള്ള ഞങ്ങളുടെ സ്നേഹിതൻ ജോണിന്റെ മകളുടെ ആദ്യത്തെ ബെർത്ത് ഡേ പാർട്ടിക്കായി ഒത്തുകൂടിയ ഒരു വ്യാഴാഴ്ച രാത്രി... എല്ലാവരും ക്ഷണിക്കപ്പെട്ടിരുന്നു. പാതി രാവ് വരെ നീണ്ട ആഘോഷങ്ങൾ അവസാനിച്ച് മടങ്ങാൻ തുടങ്ങുമ്പോൾ രണ്ട് മണി കഴിഞ്ഞിരുന്നു. 


" രവിയേട്ടാ.. ഞാൻ ഡ്രൈവ് ചെയ്യാം... രാത്രിയിൽ രവിയേട്ടന് ബുദ്ധിമുട്ടല്ലേ..." ട്രീസ കീ വാങ്ങി ഡ്രൈവിങ്ങ് സീറ്റിലിരുന്നു... കുട്ടികൾ രണ്ടു പേരും പിറകിലത്തെ സീറ്റിൽ ഉറക്കം പിടിച്ചിരുന്നു.


പാർട്ടിക്കിടയിലെ രസകരമായ മുഹൂർത്തങ്ങൾ ഓരോന്നായി പറഞ്ഞ് ചിരിച്ചു കൊണ്ട് ട്രീസ വണ്ടി ഓടിച്ചു കൊണ്ടിരുന്നു... അൽ ഐൻ അബുദാബി ഹൈവ്വേയിലെ വിജനമായ വളവ്.. കാർ വേഗത്തിലായിരുന്നു... പിറകേ ഹോ റൺ മുഴക്കി ഒരു ട്രക്ക് വരുന്നുണ്ട്... നൊടിയിടയിൽ ട്രക്ക്  കാറിനെ മറികടക്കാൻ ശ്രമിക്കവേ ട്രാക്ക് മാറുന്നതും മിന്നൽ വേഗം പ്രാപിക്കുന്നതും റിയർവ്യൂ മിററിലൂടെ കാണാമായിരുന്നു.  ഹുങ്കാര ശബ്ദത്തോടെയുള്ള ഇടിയിൽ കാർ വായുവിൽ ഉയർന്നുപൊങ്ങി... കണ്ണുകളിൽ മിന്നൽപ്പിണരുകൾ.. അന്തരിക്ഷത്തിൽ പലവുരു കരണം മറിയുന്നതും... തട്ടിത്തെറിക്കുന്നതും... ആർത്തനാദങ്ങളും....


മൂന്നാം നാളാണ് തനിക്ക് ബോധം വീണത്... ശരീരം മുഴുവൻ ചുറ്റിവരിയപ്പെട്ടിരിക്കുന്നു... പ്ലാസ്റ്ററിൽ പൊതിഞ്ഞ ശരീരം... കാലിന്റെ ഭാഗം ഉയർത്തി വച്ചിരിക്കുന്നു.. ആണികൾ ശരീരത്തിൽ തറച്ചു കയറുമ്പോഴുള്ള വേദന.... മരവിച്ച് തടിക്കഷണം കണക്കേ....


" രവി ഭായ്... മേ ഹും... ഇർഫാൻ"....


" ഇർഫാൻ.... ഇർഫാൻ... ഞാൻ എവിടെയാണ്... ടീസാ... എന്റെ മക്കൾ... "


കാഴ്ച കുറച്ചു കൂടി വ്യക്തത പ്രാപിച്ചു. ഓർക്കാൻ കഴിയുന്നു... ട്രാക്ക് മാറ്റി ഓവർ ടേക്ക് ചെയ്തു വരുന്ന കൂറ്റൻ ട്രക്ക്... വായുവിലേക്ക് ഉയർന്നുപൊങ്ങുന്ന കാർ... നിലവിളികൾ..… ” ട്രീസാ.......


" രവീ... നിനക്ക് ബോധം തെളിയാൻ കാത്തു നിൽക്കുകയായിരുന്നു... അഞ്ചു ദിവസമായി... ട്രീസയും... മോനും.... പറഞ്ഞു മുഴുമിപ്പിക്കാനാവാതെ മോഹനേട്ടൻ വിതുമ്പി....

" ജാൻവി ഇപ്പോഴും.... അബോധാവസ്ഥയിലാണ്"..


സ്ട്രെച്ചറിലേക്ക് തന്നെ എടുത്ത് കിടത്തി... മോർച്ചറിക്ക് സമീപത്തേക്ക്.... വെള്ളത്തുണിയിൽ പൊതിഞ്ഞ രണ്ടു ശരീരങ്ങൾ പുറത്തേക്കിറക്കി.... മുഖത്തിന്റെ ഭാഗത്തെ സിബ്ബ് നീക്കി.... കിടന്നകിടപ്പിൽ ഒരു വശത്തേക്ക് തല തിരിച്ചു കൊണ്ട് തന്നെ താൻ നോക്കിക്കണ്ടു.... എന്റെ ട്രീസയുടെ മുഖം.... എന്റെ മകന്റെ മുഖം... കരിവാളിച്ച്... നീര് മെത്തി... തണുത്ത്... മരവിച്ച്.... കൈ ഒന്ന് ഉയർത്തി ആ മുഖത്ത് ഒന്നു തൊടാൻ ആഗ്രഹിച്ചു... ഇല്ല.... കൈ ഉയരുന്നില്ല....


" മതി... എനിക്ക് കാണേണ്ട... കാണേണ്ട.... 


ഒരു തുള്ളി കണ്ണീര് പോലും പൊടിയുന്നില്ല... ഞാൻ കരഞ്ഞില്ല... മനസ്സ് ആർദ്രമാകുന്നില്ല... ഹ്രദയം തകരുന്നില്ല..... വികാരങ്ങളില്ല... മരവിപ്പ് മാത്രം... മുഖത്തെ മാംസപേശികൾ വലിഞ്ഞു മുറുകിയിരുന്നു...


" രവീ.. നിങ്ങൾ ഒന്നു പൊട്ടിക്കരയൂ... പ്ലീസ്... ദുഃഖം പിടിച്ച് വയ്ക്കരുത്... ഖരാവസ്ഥ പ്രാപിക്കുന്ന ദുഖം അപകടകാരിയാണ്.... അത് ഘനീഭവിക്കുക തന്നെ വേണം... പെയ്തൊഴിയണം".... ഡോക്ടറുടെ വാക്കുകൾ....


"എന്റെ മകളെ ഒന്നു കാണിക്കുവോ"... ആ മുഖം ഒന്നും കാണാൻ"...


ഇർഫാനും... സുൾഫിത്തും... തന്റെ കട്ടിലിനരുകിൽ തന്നെയുണ്ട്...


" ഇർഫാൻ എന്റെ മോളെ ഒന്നു കാണണം"....


സ്ട്രെച്ചറിലേക്ക് വീണ്ടും നാല് പേര് ചേർന്ന് എടുത്ത് കിടത്തി... ജാൻവിയെ വെന്റിലേറ്ററിൽ ഇട്ടിരിക്കുന്ന റൂമിലേക്ക് എന്നെ കൊണ്ടുപോകവേ... മരവിച്ചിരുന്ന എന്റെ മനസ്സ് അയയാൻ തുടങ്ങി... മഞ്ഞുരുകുന്നതു പോലെ... എന്റെ മനമുരുകാൻ തുടങ്ങി...


ഞാൻ അവളെ കണ്ടു... വെന്റിലേറ്ററിനുള്ളിൽ.... ജീവന്റെ നേർത്ത ഒരു തുടിപ്പു മാത്രം.. ലോലമായ ജീവന്റെ ചലനം... വലതു കൈ മെല്ലെ ചലിപ്പിക്കുന്നത് കണ്ട സുൾഫിത്ത് എന്റെ വലതു കരം ഉയർത്തി ജാൻവിയുടെ മുഖത്ത് വച്ചു... സ്നിഗദ്ധമായ ആ കപോലങ്ങളിൽ തൊട്ടു...." മകളേ..... എന്റെ മകളേ.... വിളി അവൾ കേട്ടില്ല... സ്പർശനം അവൾ അറിഞ്ഞില്ല... കൃത്രിമ ശ്വാസ്വോഛ്വാസത്തിന്റെ ബന്ധം അറ്റാൽ ആ ശരീരം നിശ്ചലമാകും... മരണത്തിന്റെ പൂർണ്ണ അവളെ പുൽകും... ആ മനോഹരമായ കണ്ണുകളിൽ..... ഞാൻ നോക്കിക്കിടന്നു... എന്റെ പൗരുഷത്തിന്റെ ആദ്യ ഫലം... എന്റെ രക്തത്തിൽ ഊറിക്കൂടിയ ജീവന്റ അസ്ത്ഥിത്വം...


" പോകാം".....


സ്ട്രെച്ചർ തിരിഞ്ഞ് ഉരുണ്ടു... വീണ്ടും ബെഡ്ഡിലേക്ക്...


" ഡോക്ടർ... എന്റെ മോളേയും... എനിക്ക് നഷ്ടപ്പെട്ടു കഴിഞ്ഞുവല്ലേ"?...


" രവീ... വി ആർ ഹെൽപ്പ്ലസ്.. ഒന്നും ചെയ്യാനില്ല... താങ്കളെ കാണിക്കാൻ വേണ്ടിയാണ് വെയിറ്റ് ചെയ്തത്.. എ കംപ്ലീറ്റ് ബ്രെയിൻ ഡെത്ത്..."


വാക്കുകൾ പൂർത്തിയാക്കാനാവാതെ ഡോക്ടർ നിർത്തി.... എന്താണ് പറയാൻ ആഗ്രഹിക്കുന്നതെന്ന് എനിക്ക് മനസ്സിലായി.... വെന്റിലേറ്റർമാറ്റുക.


" ഡോക്ടർ.... എന്റെ മോളെയെങ്കിലും.... നിനിക്ക് തിരിച്ചു തരാൻ പറ്റ്വോ?...... ഇല്ലാ... അല്ലേ..."


" എനിക്ക് ഒരു ആഗ്രഹം ഉണ്ട് സാധിച്ചു തരുമോ"?


" ടെൽ മീ രവീ... എന്താണത് അത്?..


" എന്റെ... മോളുടെ... ജാൻവിയുടെ കണ്ണുകൾ.... എടുത്ത്... ഇർഫാന്റെ മകൾ നൂർജുവിന് കൊടുക്കുമോ?... ഒരു തേങ്ങലിൽ... സുൾഫിത്തിന്റെ മുഖം ഞാൻ കണ്ടു.


ഒരു നിമിഷം ഡോക്ടർ ജേക്കബ് തോമസ് നിശ്ചലമായി നോക്കി നിന്നു.


" അവളുടെ കണ്ണുകളിലൂടെ എനിക്ക് എന്റെ മോളെ കാണാല്ലോ.... നൂർ ജഹാൻ, അവളും എനിക്ക് മകളല്ലേ"...


" ഡോക്ടർ... അതിനുള്ള കൃമീകരണങ്ങൾ ചെയ്യുമോ?...


" തീർച്ചയായും... രവീ... വി വിൽ"...


ഇർഫാൻ എന്റെ കൈ പിടിച്ചു നിലവിളിച്ചു... " രവീ ഭായ്... ആപ്പ്... ഹമാരാ ജാൻവി"...


" ഇർഫാൻ... എന്റെ മകളുടെ കണ്ണിലൂടെ ഇനി നൂർജു കാണട്ടെ.. അത് കണ്ട് എന്റെ ടീസയും മോളും സന്തോഷിക്കും"...


ഗൾഫിലെയും.. നാട്ടിലെയും... പത്രങ്ങളിലും.. ചാനലുകളിലും ഒരു വാർത്തയായിരുന്നു... ഒരു ഇൻഡ്യൻ പെൺകുട്ടിയുടെ കണ്ണുകൾ... പാക്കിസ്ഥാനി പെൺകുട്ടിക്ക് കാഴ്ചയേകി... രാജ്യ അതിർത്തിൽ വൈരം തിളയ്ക്കുമ്പോഴും... കൂടെപ്പിറപ്പിനെപ്പോലെ കൂടെ നിൽക്കുകയും... സ്നേഹ സൗഹ്രദങളിൽ വിടരുന്ന സന്താനപ്പൂക്കൾ...


ട്രീസയുടെയും... റൂബെന്റെയും... ജാൻവിയുടെയും... ശവസംസ്ക്കാരം കഴിഞ്ഞ്... ഒരാഴ്ച കഴിഞ്ഞാണ് നൂർജുവിന്റെ കണ്ണിന്റെ കെട്ടഴിച്ചത്... ആദ്യമായി അവൾ എന്നെ കാണണമെന്നാണ് പറഞ്ഞത്...


" രവി അങ്കിൾ"... എന്റെ ജാൻവിയുടെ കണ്ണുകളിലൂടെ അവൾ എന്നെ നോക്കിക്കണ്ടു....


" എന്റെ മോളേ"..... ആ കണ്ണുകൾ എന്നെ ഡാഡീ എന്നു വിളിക്കുന്നത് പോലെ.... മരിച്ചിട്ടും ജീവിക്കുന്ന എന്റെ മകളുടെ കണ്ണുകൾ....


മൂന്നു മാസങ്ങൾ കഴിഞ്ഞു ഹോസ്പ്പിറ്റൽ വിടാൻ.... എന്റെ സഹപ്രവർത്തകരും... സുഹ്രത്തുക്കളും ചേർന്ന് എന്നെ ഫ്ലാറ്റിലേക്ക് മാറ്റി... തൊട്ടടുത്ത് ഇർഫാനും സുൾഫിത്തും നൂർജുവുമുണ്ട്. ഇടതുകാൽ മുട്ടിന് കീഴെ വച്ച് മുറിച്ച് മാറ്റിയിരുന്നു. എഴുന്നേറ്റ് ഇരിക്കാനും... ക്രച്ചസിന്റെ സഹായത്തോടെ ബാത്ത്റൂമിൽ പോകാനും കഴിയുന്നുണ്ട്..... 


എന്റെ സെക്രട്ടറിയായിരുന്ന ജൂലിയൻ എന്ന ഫിലിപ്പിനി പെൺകുട്ടി.... എന്റെ കൂടെ നിൽക്കാൻ സ്വയം സന്നദ്ധയായി മുന്നോട്ട് വന്നു... കമ്പനി അതിന് സമ്മതിക്കുകയും ചെയ്തു.


ഇർഫാനും, സുൾഫിത്തും ചേർന്ന് എന്റെ എല്ലാ കാര്യങളും നോക്കി. നൂർജു എന്റെ അരികിൽ നിൽക്കുമ്പോൾ... പുത്രീ വാത്സല്യം ഉണർന്നു.... എന്റെ കണ്ണൂകളിൽ അവൾ ജാൻവിയായിരുന്നു... മനസ്സിനെ അങ്ങിനെ പറഞ്ഞു പഠിപ്പിച്ചു. അവളെ പിരിഞ്ഞിരിക്കാൻ എനിക്ക് കഴിയാതെയായി... മനസ്സിന്റെ തികച്ചും അപകടകരമായ ഒരു അവസ്ഥ ഞാൻ അറിയാതെ വളർന്നുകൊണ്ടിരുന്നു. ഒരു തരം മാനസീക  വിഭ്രാന്തിയിലേക്ക് എത്തുകയായിരുന്നു ഞാൻ... പല രാത്രികളിലും.. അവളെ കാണാനായി ഒരു കൊച്ചു കുട്ടിയെപ്പോലെ ഞാൻ വാശി പ്പിടിച്ചു.... ബഹളം വച്ചു.


" ഇർഫാൻ.. മേരാ ബേട്ടീ ഹേ... മേരാ ബച്ചി ഹേ... ദേ ദീജിയേ...  ഛോട് നഹി സക്താ ഹേ..." വാ വിട്ടു കരയുകയാണ്.


നിയന്ത്രണധീതമാം വിധം മാനസീക നില തെറ്റിയപ്പോൾ വീണ്ടും ഹോസ്പിറ്റലൈസ് ചെയ്തു... മനോരോഗ വിഭാഗത്തിൽ തുടർച്ചയായ ചികിത്സയും... കൗൺസിലിങ്ങും.. ജൂലിയൻ കൂടെ നിന്ന് എന്നെ പരിചരിച്ചു. സത്യത്തിൽ.. ഈ ലോകം എല്ലാം ഒരേ രാജ്യവും... ഒരേ ഭാഷയും... ആയിരുന്നെങ്കിൽ... മനുഷ്യൻ തീർക്കുന്ന അതിർവരമ്പുകൾ ഇല്ലാതെ.... തൊലിയുടെ നിറം നോക്കിയും... ഭാഷ വേഷ ഭൂഷാതികൾ നോക്കിയും... തരം തിരിവുകൾ ഇല്ലാതെ.... ഞരമ്പിലൂടെ ഒഴുകുന്ന രക്തത്തിന്റെ നിറം ഒന്നു തന്നെയല്ലേ.... ചുവപ്പ്... മനുഷ്യൻ തന്നെയല്ലേ... ഈ വേർതിരിവുകൾ സൃഷ്ടിച്ചത്.... എന്തിനു വേണ്ടി... 


സ്വന്തം കാര്യങ്ങൾ ചെയ്യാനുള്ള ആരോഗ്യസ്ഥിതിയായി... ഇടത് കാൽ മുറിച്ച് മാറ്റിയതും... ഇടത് കൈയ്യുടെ ബലക്ഷയവും... ക്രച്ചസിന്റെ സഹായത്തോടെ നിയന്ത്രിക്കാമെന്നായി. മനസ്സിൽ ചില കാര്യങ്ങളും തീരുമാനിച്ചുറപ്പിച്ചിരുന്നു. ഒരു വർഷം കഴിയുന്നു... എന്റെ ട്രീസയും... മക്കളും... എന്നെ തനിച്ചാക്കി പോയിട്ട്... ഇനി ഇവിടെ തുടരാൻ കഴിയില്ല... നിൽക്കുന്തോറും മനോനില തെറ്റും... വയ്യാ..


" ഇർഫാൻ ഞാൻ മടങ്ങാൻ തീരുമാനിച്ചു... ഇനി ഇവിടെ തുടരാനോ... ജോലി ചെയ്യാനോ എനിക്കാവതില്ല... നിൽക്കുന്തോറും എല്ലാവർക്കും ഭാരമാകുന്നു... ചിലപ്പോൾ സ്വയം നിയന്ത്രിക്കാനാവുന്നില്ല... അത് നൂർജുവിന്റെ ഭാവിയെയും ബാധിക്കും... ഇപ്പോൾ എനിക്ക് യാത്ര ചെയ്യാം..."


" രവീ ഭായ്... അവിടെച്ചെന്നാൽ ആരാണുള്ളത്.. ഒരു സഹായത്തിന്... ഇവിടെയാകുമ്പോൾ ഞങ്ങൾ എല്ലാവരുമുണ്ട്"... ഇർഫാൻ


" എത്ര നാൾ.?.. നമ്മൾ എല്ലാവരും ഈ രാജ്യം വിട്ട് ഇന്നല്ലെങ്കിൽ നാളെ മടങ്ങിപ്പോയെ തീരൂ"... എനിക്കും മടങ്ങണം.. ഇനി വൈകിക്കൂടാ... നാട്ടിൽ ഒരു ഫ്ലാറ്റുണ്ട്... അവിടെ താമസിക്കാമല്ലോ"..


" പോയാൽ പിന്നെ നമ്മൾ എങ്ങിനെയാണ് കാണുന്നത്... ഞങ്ങൾക്ക് ഒരിക്കലും അങ്ങോട്ട് വന്നു കാണാൻ കഴിയില്ലല്ലോ... നൂർജുവിനെ കാണാതിരിക്കാൻ കഴിയുമോ"... ഇർഫാൻ അടക്കാനാവാത്തവിധം വികാരാധീതനായിന്നു .


" നൂർജഹാൻ.... ജാൻവി അല്ലെന്നും.. എന്നും അവൾ എന്റെ കൂടെ കാണില്ലെന്നും ഞാൻ എന്റെ മനസ്സിനെ പറഞ്ഞ് മനസ്സിലാക്കി... ആ യാഥാർത്യം ഞാൻ ഉൾക്കൊണ്ടിരിക്കുന്നു"...


പിന്നീടുള്ള കാര്യങ്ങൾ എല്ലാം വേഗത്തിലായിരുന്നു... കമ്പനിയിൽ നിന്നും പിരിയുമ്പോഴുള്ള ആനുകൂല്യങ്ങൾ എല്ലാം ലഭിച്ചു... മടങ്ങാനുള്ള തീയതിയും നിശ്ചയിച്ചു.


" സർ... അറ്റ്ലാസ്റ്റ്... യു കൺഫേംഡ് ടു ഗോ ബാക്ക് നൗ?.... ഹൗ ക്യാൻ യു സർവ്വൈവ് ദെയർ വിത്ത് ഔട്ട് എ സോളിഡ് സപ്പോർട്ട്"... ജൂലിയാൻ ദയാവായ്പ്പോടെ ചോദിച്ചു.


" ഐ വിൽ... ജൂലിയൻ"...


മടക്ക യാത്രയുടെ രണ്ടു നാൾ മുൻപ്... ഇർഫാനെയും... ജൂലിയനെയും കൂട്ടി അബുദാബിയിലെ " ഉം അൽ നാർ ".. ക്രിസ്ത്യൻ സെമിത്തേരിയിലെത്തി... എന്റെ ട്രീസയും... ജാൻവിയും.. റൂബെനും ഉറങ്ങുന്ന സ്ഥലം അവർ എനിക്ക് കാണിച്ചു തന്നു... രണ്ടു മക്കളുടെയും നടുവിലായി അമ്മ... മൂന്നുപേരും നിതാന്ത നിദ്രയിലാണ്... മൂന്ന് ശവക്കൂനകൾ... ഒരടികൂടി മുന്നോട്ട് ആഞ്ഞു... ശരീരം വേച്ചു പോയി... ക്രച്ചസിൽ നിന്നും ശരീരം തെന്നിമാറി... ജൂലിയനും... ഇർഫാനും ചേർന്ന് താങ്ങി ആ ശവക്കൂനകൾക്ക് മുന്നിൽ ഇരുത്തി...


ഹ്രദയം നൊന്തു... ആ വേദനയിൽ പിടഞ്ഞു... പഴുത്ത പരുവിന്റെ വിങ്ങൽ പോലെ... വിങ്ങി... കിരീടവും... രാജ്യവും നഷ്ടപ്പെട്ട്.. ശത്രു സൈന്യത്തിന്റെ പിടിയിലായ രാജാവിനെ പോലെ....


" ട്രീസാ... നീയും മക്കളും ഉറങ്ങുന്ന ഈ മണ്ണു വിട്ട്... നാളെ ഞാൻ മടങ്ങുകയാണ്... കൂടെ കൂട്ടാൻ എനിക്ക് ആരുമില്ല... പതിനാല് വർഷത്തെ നിന്റെ ഓർമ്മകൾ അല്ലാതെ... ഒരു കാര്യത്തിൽ എനിക്ക് ആശ്വസിക്കാം... നീ തനിച്ചല്ലല്ലോ... നമ്മുടെ മക്കൾ രണ്ടു പേരും നിന്നോടൊപ്പം ഉണ്ട്... ഞാൻ.. ഞാൻ .. മാത്രം തനിച്ചായിപ്പോയല്ലോ മോളേ..... ആരും കൂട്ടിനില്ലാതെ... ഈ പകുതി ചത്ത ശരീരത്തിൽ മുഴുവൻ ചത്ത മനസ്സുമായി... എന്നെ തനിച്ചാക്കി പോയതെന്തേ...."


കണ്ണിൽ നിന്നും രണ്ടരുവികൾ പുറപ്പെട്ടു... മൂന്ന് ശവക്കൂനകളുടെ മുന്നിൽ വെറും മണ്ണിൽ ഇരുന്ന് പൊട്ടിപ്പൊട്ടിക്കരയുന്ന എന്നെ നോക്കി ജൂലിയൻ ഉറക്കെ കരഞ്ഞു...


കണ്ണിരിന്റെ ഒഴുക്ക് ഒന്നു നിലച്ചു... മനസ്സ് അൽപ്പം ശാന്തത കൈവരിക്കുന്നതു പോലെ...


എന്റെ സന്തോഷങ്ങളും... സ്വപ്നങ്ങളും... പൊലിഞ്ഞ ഈ മണ്ണിൽ ഇനി എനിക്ക് നിൽക്കാനാവില്ല... ഇവിടുടെ വായുവിന് പോലും മരണത്തിന്റെ ഗന്ധമാണ്...


ശ്മശാനത്തിന്റെ അങ്ങേ കോണിൽ നിന്ന് ഒരാൾ ധാന്യമണികൾ എറിയുന്നു... അത് പെറുക്കാൻ ഒരുപറ്റം പ്രാവുകൾ പറന്നിറങ്ങി.. അവയുടെ കൂട്ടമായ ചിറകടിയൊച്ചകൾ ... തളം കെട്ടിനിന്ന മൂകതയെ ഭംഞ്ജിച്ചു.


ഇർഫാനും ജൂലിയനും ചേർന്ന് ശരീരം താങ്ങി എഴുന്നേൽപ്പിച്ചു... വടിയിൽ ഊന്നി എഴുന്നേറ്റ് ഒരു നിമിഷം കൂടി മൗനമായി നോക്കി നിന്നു...


" ട്രീസാ... യാത്ര പറയുന്നില്ല.... മക്കളോടൊപ്പം വിശ്രമിച്ചോളൂ"...


" പോകാം...."


തിരിഞ്ഞു നടക്കുമ്പോൾ ഒന്നുകൂടി തിരിഞ്ഞു നോക്കി.... കണ്ണുകൾ വീണ്ടും നിറഞ്ഞു തുളുമ്പി താഴോട്ട് ഒഴുകി... കാഴ്ച മറച്ച കണ്ണീർ തുള്ളികളുടെ അവ്യക്തതയിൽ... ഞാൻ കണ്ടു... വെൺമയുടെ തേജസ്സ് വാരിയണിഞ്ഞ മൂന്ന് നിഴൽ രൂപങ്ങൾ ...


പെട്ടികൾ എല്ലാം അടുക്കിയത്... സുൾഫിത്തും... നൂർജുവും... ജൂലിയനും... രഹ്നയും ചേർന്നായിരുന്നു. ട്രീസയുടെയും.. മക്കളുടെയും വസ്ത്രങ്ങളും.. ഉപയോഗിച്ചിരുന്ന സാധനങ്ങളും.. എല്ലാം പെട്ടിയിൽ വയ്ക്കണമെന്നു പ്രത്യേകം പറഞ്ഞിട്ടുണ്ടായിരുന്നു.. അവരുടെ ഗന്ധം പേറുന്ന വസ്ത്രങ്ങളും... ഓർമ്മകളും മാത്രമെ ഇനി അവശേഷിക്കുന്നുള്ളൂ.


ഉച്ചക്ക് ഒരു മണിക്കുള്ള "ഇതിഹാത്" എയർവേയ്സിലായിരുന്നു യാത്ര.. രാവിലെ തന്നെ സുഹ്രത്തുക്കളും.. കുടുംബങ്ങളും എത്തി ച്ചേർന്നു. യാത്രയിൽ എന്റെ ഒപ്പം പോരുവാനായി സഫർ ഇക്കായും.. രഹ്‌നായും ഉണ്ട്. ഇറങ്ങുവാനുള്ള സമയമെത്തി... വടിയിൽ ഊന്നി നിൽക്കുന്ന ശരീരത്തിന് നേരിയ വിറയൽ അനുഭവപ്പെട്ടു...


" പ്രീയപ്പെട്ടവരെ..... നിങ്ങൾ എല്ലാവരും എനിക്ക് ഒരു പാട് സ്നേഹം തന്നവരാണ്.. പതിനഞ്ച് വർഷം മുൻപ് ഈ രാജ്യത്തേക്ക് വന്ന ഒരു അനാഥനായ ചെറുപ്പക്കാരന്റെ സ്വപ്നങ്ങൾക്കുമപ്പുറം ... സ്നേഹം പങ്കു വച്ചവരാണ് നമ്മൾ... ഈ രാജ്യം എനിക്ക് എല്ലാം തന്നു... ഉയർന്ന ജോലി... പണം... ജീവിത സൗകര്യങ്ങൾ ... സ്നേഹ നിധിയായ ഭാര്യ... മക്കൾ... നല്ല സുഹ്രത്തുക്കൾ... എല്ലാം... ഒടുവിൽ.. ഞാൻ നേടിയതും... സ്വന്തമാക്കിയതും എല്ലാം... വിധി ഒരു വില്ലനായി വന്ന് തട്ടിപ്പറിച്ചെടുത്തു... എന്റെ ട്രീസാ... എന്റെ മക്കൾ... എന്റെ സ്വപ്നങ്ങൾ... പകുതി ചത്ത ഈ ശരീരവും... അതിൽ പൂർണ്ണമായും മരിച്ചു കഴിഞ്ഞ മനസ്സും... എന്റെ ഓർമ്മകളുമായി ഞാൻ മടങ്ങുകയാണ്... പാതിവഴിയിൽ അവസാനിച്ച എന്റെ യാത്ര... നിങ്ങൾ എനിക്ക് തന്ന സ്നേഹം... കരുതൽ... എന്റെ ദുഃഖത്തിൽ എനിക്ക് തന്ന സാന്ത്വനം .. യാത്ര ചോദിക്കുന്നില്ല...."

ഉയർന്നുവന്ന ഗദ്ഗദം അടക്കാൻ പണിപ്പെട്ടു.... എല്ലാവരും പൊട്ടിക്കരയുകയാണ്...


മെല്ലെ... നൂർജുവിന്റെ അരികിലെത്തി... കെട്ടിപ്പിടിച്ചു... നെറുകയിൽ അമർത്തി മുത്തം കൊടുത്തു... പിന്നെ പിൻ തിരിഞ്ഞ് നടന്നു... കാറിനടുത്തേക്ക് വടിയിലൂന്നി....


ഒരിക്കൽക്കൂടി തിരിഞ്ഞു നിന്നു... നൂർജു അലറിക്കരഞ്ഞു കൊണ്ട് അരികിലേക്ക് ഓടിയെത്തി... കെട്ടിപ്പിടിച്ചു.


" രവി അങ്കിൾ.... മുചേ ഛോട് കർ മത് ജാവോ"....

" മോളേ... ഒരിക്കൽക്കൂടി ആ കണ്ണുകളിലേക്ക് നോക്കി... ആ മിഴികൾ നിറഞ്ഞൊഴുകുകയാണ്....


" എന്നെ ഡാഡീ എന്ന് ഒരു പ്രാവശ്യം വിളിക്കുമോ"....


" ഡാഡീ.... ഛോട് കർ മത് ജാവോ"...


പിന്നെ നിന്നില്ല... അനിവാര്യമായ മടക്ക യാത്ര..........


 സജി ജോോസഫ്