2020 ജൂലൈ 3, വെള്ളിയാഴ്‌ച

"ചെണ്ട" - സജി ജോസഫ്

നിര്യാതയായി

"പ്രശസ്ത നര്‍ത്തകിയും ചെണ്ട കലാകാരിയും ആയിരുന്ന ശ്രീമതി ഊര്‍മ്മിള വര്‍മ്മ നിര്യാതയായി. ഒറ്റപ്പാലം ഇല്ലംപിള്ളി തെക്കേ കോവിലകം, പരേതനായ അനിരുദ്ധ വര്‍മ്മയുടെയും അരുന്ധതി തമ്പുരാട്ടിയുടെയും ഏക മകളായിരുന്നു, ശവദാഹം നടത്തി."

ട്രെയിനില്‍ ഇരുന്നു കൊണ്ട് വീണ്ടും പത്രം നിവര്‍ത്തി വാര്‍ത്തയില്‍ കണ്ണോടിച്ചു. വെറും നാലു വരികളില്‍ ഒരു ചെറിയ കോളത്തില്‍ ഒതുക്കി അവളെക്കുറിച്ചുള്ള വിവരണം, പതിനാലുവര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇന്‍ഡ്യയ്ക്ക് അകത്തും പുറത്തുമുള്ള പത്രങ്ങളുടെ മുഖ പേജുകളില്‍ വാര്‍ത്തയായി നിറഞ്ഞു നിന്നവള്‍.... മലയാളക്കരയുടെ യശ്ശസ് ഉയര്‍ത്തിയ കലാകാരി... സ്ത്രീ സാന്നിധ്യം അപൂര്‍വ്വമായി മാത്രം നിഴല്‍ വീഴ്ത്തിയിരുന്ന ചെണ്ടമേള കലാ രംഗത്ത് തായമ്പകയിലൂടെയും, പഞ്ചാരിമേളത്തിലൂടെയും മേള പെരുക്കങ്ങളിലൂടെ ലോക ശ്രദ്ധ ആകര്‍ഷിച്ച അതുല്ല്യ പ്രതിഭ.

ട്രെയിന്‍ ന്യൂ ഡല്‍ഹി സ്റ്റേഷന്‍ വിട്ടു... മുന്നോട്ട് നീങ്ങി... നാട്ടിലേയ്ക്കുള്ള മറ്റൊരു യാത്ര, കഴിഞ്ഞ പതിനാലു വര്‍ഷങ്ങള്‍ക്കു ള്ളില്‍ എത്രയോ തവണയാണ് താന്‍ ഒറ്റപ്പാലത്ത് പോയി വന്നത്, ഊര്‍മ്മിളയുടെ അടുത്തേയ്ക്കുള്ള അവസാന യാത്ര.

സീറ്റുകളിലും ബര്‍ത്തുകളിലുമായി ലഗ്ഗേജുകള്‍ ഒതുക്കി വച്ച് ആളുകള്‍ ശാന്തരായി, പലരും പലതിനും വേണ്ടി നാട്ടിലേക്ക് പോകുന്നവര്‍.... ലക്ഷ്യം ഒന്ന്.... ഉദ്ദേശങ്ങള്‍ പലത്.

' ബാത്ത് പുരാനി ഹേ... ഏക് കഹാനി ഹേ...

അബ് സോച്ചു തുമേം... യാദ് നഹീന്‍ ഹേ...

ട്രെയിനില്‍ പതിവായി പാടി ഭിക്ഷ യാചിക്കുന്ന രണ്ടു കുട്ടികള്‍ ഹൃദയം നൊന്തു പാടുകയാണ്.... എരിയുന്നവയറിന്റെ പശിയടക്കാന്‍.

തൻ്റെ  മനസ്സും ഒരു നെരിപ്പോടു പോലെ പുകയുകയാണ്. അകതാരില്‍ ആര്‍ദ്രമായി ഏതോ താളം തുടികൊട്ടി ഉണരുന്നു... ഇലത്താളത്തിന്റെ ച്ചിലും... ച്ചിലും .. ശബ്ദത്തോടെ ദൂരെയെവിടയോ തായമ്പക ഉയരുന്നു..... ചിലങ്ക ക ളു ടെ കിലുക്കം.... തൻ്റെ ചിത്തത്തില്‍ ആദ്യമായി ആഴത്തില്‍ പതിഞ്ഞ മുഖം.... അതിനെ ഉണര്‍ത്തി വിട്ട ചെണ്ടയുടെ ആത്മ താളം എന്നേയ്ക്കുമായി നിലച്ചു പോയി എന്നറിഞ്ഞു കൊണ്ടുള്ള ഈ യാത്ര....

അടുത്തിരുന്ന സഹയാത്രികന്‍ പരിചയപ്പെടുത്തി.... ഞാന്‍ സ്റ്റീഫന്‍, കോട്ടയത്തേയ്ക്കാണ്, ഡല്‍ഹിയില്‍ ബിസിനസ്സ് ചെയ്യുന്നു, ഭാര്യ നഴ്‌സാണ്, മക്കള്‍ പഠിക്കുന്നു.

ജോസഫ്.... ജോ എന്നു വിളിക്കും, പത്രപ്രവര്‍ത്തകനാണ്... പിന്നെ കുറച്ച് എഴുത്തും കാര്യങ്ങളുമൊക്കെയായി ഡല്‍ഹിയില്‍ തന്നെയാണ്... ഞാന്‍ ചെറുതായി പരിചയപ്പെടുത്തി.

കുടുംബം... ഭാര്യ.. മക്കള്‍? കോട്ടയം അച്ചായന്‍ വീണ്ടും ചോദിച്ചു.

അവിവാഹിതനാണ്... മ്ലാനമായി ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു.

ങ്ങ് ഹേ അതെന്താ.. കല്യാണം കഴിയ്ക്കാത്തേ? ക്രോണിക്ക് ബാച്ചിലര്‍?... അല്ലേലും ഈ കഥയെഴുത്തുകാര്‍ക്കും കലാകാരന്‍മാര്‍ക്കും ഒന്നും കുടുംബ ജീവിതത്തില്‍ അത്ര താത്പര്യമില്ല... കണ്ടേടത്തോളം... അച്ചായന്‍ വിടാനുള്ള ഭാവമില്ല.

വീണ്ടും ഒരു ചെറു ചിരിയില്‍ മറുപടി കൊടുത്തു.

അദ്ദേഹം പത്രം നിവര്‍ത്തിക്കൊണ്ട് അന്നത്തെ രാഷ്ട്രീയ വാര്‍ത്തകളിലേക്ക് നോക്കിക്കൊണ്ട് പറഞ്ഞു... നമ്മുടെ നാടിന്റെ പോക്ക് എങ്ങോട്ടാ? ഇവിടെ എന്തൊക്കയാ നടക്കുന്നത്... മത സൗഹാര്‍ദ്ധം തകരുന്നു.... MLA മാരെയുംMP മാരെയും ഒക്കെ കോടികള്‍ വില കൊടുത്തുവാങ്ങുന്നു... ഭരണം മറിച്ചിടുന്നു... പെട്രോളിനും ഡീസലിനും മറ്റു അവശ്യ സാധനങ്ങളുടെയും വില കുത്തനെ കയറുന്നു... വന്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ കോര്‍പ്പറേറ്റുകള്‍ക്ക് വില്‍ക്കുന്നു... എന്താ നിങ്ങളുടെ അഭിപ്രായം? നിങ്ങള്‍ ഏതു രാഷ്ട്രീയ പാര്‍ട്ടിയിലാ വിശ്വസിക്കുന്നേ? ഇടതോ വലതോ ബി ജെ പി യോ?

ഞാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടികളിലും വിശ്വസിക്കുന്നില്ല, ചില രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ ഉണ്ടെന്നു മാത്രം. ഞാന്‍ പറഞ്ഞൊഴിയാന്‍ ശ്രമിച്ചു. അല്ലെങ്കില്‍ തന്നെ സംസാരിക്കുവാനുള്ള ഒരു മാനസീകാവസ്ഥയില്‍ അല്ലല്ലോ താന്‍.

ജനാലയ്ക് അരികെയുള്ള സീറ്റില്‍ ഇരുന്നു കൊണ്ട് അലസമായി പുറത്തേക്ക് നോക്കിക്കൊണ്ടിരുന്നു. എതിരെയുള്ള സീറ്റില്‍ ഒരു പെണ്‍കുട്ടി ഇരിപ്പുണ്ടായിരുന്നു.... നോക്കി പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു.. സാറിനെ എനിക്കറിയാം... മിക്ക കഥകളും ലേഖനങ്ങളുമൊക്കെ ഞാന്‍ വായിക്കാറുണ്ട്...

എന്താ പേര്? ഡല്‍ഹിയില്‍ എന്തു ചെയ്യുന്നു?

റോസ് മേരി... ജെ എന്‍ യുവില്‍, എം ഫില്‍ ചെയ്യുന്നു, തിരുവല്ലയിലാണ് വീട്, അവള്‍ പറഞ്ഞു.

മനസ്സ് മുഴുവന്‍ കാര്‍മേഘ മുഖരിതമായിരുന്നു.

ഞാനൊന്നു കിടക്കട്ടെയെന്നു പറഞ്ഞു കൊണ്ട് മുകളിലത്തെ ബര്‍ത്തിലേയ്ക് കയറി. ദുഖം ഘനീഭവിച്ച തന്റെ ഹൃദയത്തില്‍ നിന്നും കണ്ണുനീരായി പുറത്തേക്ക് ഒഴുകാന്‍ തുടങ്ങി... ആരും കാണാതിരിക്കാന്‍ ബര്‍ത്തില്‍ മുഖം ചേര്‍ത്തു വച്ചു...

വണ്ടി നല്ല വേഗത പ്രാപിച്ചു.... ഉരുക്ക് ചക്രങ്ങള്‍ ഉരുക്ക് റെയിലില്‍ അമര്‍ന്നു രുളുമ്പോള്‍ സീല്‍ക്കാര ശബ്ദങ്ങള്‍ ഉയരുന്നു.... നീണ്ട ഹോറണ്‍ ഏതോ മുന്നറിയിപ്പുകള്‍ കൊടുക്കുന്നതു പോലെ.... താളം തെറ്റിയ താരാട്ടു പോലെ ആടിയുലഞ്ഞും കുലുങ്ങി തിമിര്‍ത്തും വണ്ടി ഓടിക്കൊണ്ടിരുന്നു.

കണ്ണുകള്‍ മെല്ലെ ഇമ പൂട്ടി... മനസ്സ് കടിഞ്ഞാണയഞ്ഞ അശ്വ മാ യി.... ഉരുകുന്ന ഹൃത്തിന്റെ ഉര്‍വ്വരത....

രണ്ടു കാര്യങ്ങള്‍ക്ക് വേണ്ടി മാത്രമായിരു തൻ്റെ കേരളത്തിലേക്കുള്ള യാത്രകള്‍... ഊര്‍മ്മിളയുടെ അടുത്തേക്കും സ്‌നേഹ ഭവനിലേക്കും..... ചിന്തകള്‍ക്ക് ചിറക് വെച്ച് എതിര്‍ ദിശയില്‍ പറന്നു.... ഓര്‍ഫനേജിലെ ബാല്ല്യകൗമാരങ്ങള്‍... ഒറ്റപ്പെടലുകള്‍... സ്‌ക്കൂള്‍ പഠനം.. അനാഥത്വത്തിന്റെ ഉണങ്ങാത്ത മുറിവുകള്‍... ദയാവായ്പുകള്‍... പരിഹാസങ്ങള്‍... എല്ലാറ്റിനുമുപരിയായി സ്‌നേ ഹനിധിയായിരുന്ന പോറ്റമ്മ മദര്‍ ട്രീസാ മരിയാ... പിന്നീട് ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ വിദ്യാഭ്യാസം, പഠനത്തിനു വേണ്ട പണവും ഉപദേശങ്ങളും തന്ന് തന്നെ വലുതാക്കിയ ഫാദര്‍ ജോണ്‍ കോക്കാടന്‍... മനസ്സിൻ്റെ ഫ്രെയിമുകളില്‍ തെളിഞ്ഞു വരികയാണ് ഒന്നിനു പിറകെ മറ്റൊന്നായി.

ആംഗലേയ സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും ജേര്‍ണലിസവും കഴിഞ്ഞ് പുറത്തിറങ്ങുന്നതിന് മുന്‍പ് തന്നെ പ്രസിദ്ധീകരിക്കപ്പെട്ട കഥകളും പുസ്തകങ്ങളും ആത്മവിശ്വാസം പകര്‍ന്നു തന്നിരുന്നു. പല പ്രമുഖ പ്രസിദ്ധീകരണങ്ങള്‍ക്കു വേണ്ടിയും ജോലി ചെയ്തും ഡല്‍ഹിയിലെ കലാ സാംസ്‌ക്കാരിക പ്രവര്‍ത്തനങ്ങളില്‍ സജ്ജീവമായി സഹകരിച്ചും കരിയര്‍ ആരംഭിക്കുന്ന കാലം.

'വീക്കെന്‍ഡര്‍' എന്ന ഇംഗ്ലീഷ് മാഗസിന് വേണ്ടി ഫ്രീലാന്‍സിങ്ങ് ഫീച്ചറുകള്‍ ചെയ്യുന്ന സമയത്താണ് ഊര്‍മ്മിളയെ കുറിച്ചറിയുന്നത്, ഡല്‍ഹി കേന്ദ്രീകരിച്ച് ഊര്‍മ്മിള നടത്തുന്ന ഫൈന്‍ ആര്‍ട്ട്‌സ് സ്‌ക്കൂളിനെപ്പറ്റിയും, അവരുടെ നൃത്ത പരിപാടികളുടെയും, സ്ത്രീകള്‍ അപൂര്‍വ്വമായി മാത്രം കഴിവ് തെളിയിച്ച ചെണ്ട തായമ്പക പഞ്ചാരിമേളം തുടങ്ങിയവയിലുള്ള പ്രാവിണ്യത്തെപ്പറ്റിയും അറിഞ്ഞ ഞാന്‍ ഒരു ഫീച്ചറിന് വേണ്ടി അഭിമുഖത്തിന് അനുവാദം ചോദിച്ചു, അതിന് സമയം അനുവദിക്കുകയും ചെയ്തു.

പതിനാറ് വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ഒരു തിങ്കളാഴ്ച, ഊര്‍മ്മിളയെ ആദ്യമായി കണ്ട ദിവസം.... ഹൃദ്യമായ പുഞ്ചിരി സമ്മാനിച്ചു കൊണ്ട് അകത്തേയ്ക്ക് ക്ഷണിച്ചു .

ഹെല്ലോ.... അയാം ഊര്‍മ്മിള വര്‍മ്മ... കൈ തന്നുകൊണ്ട് പരിചയപ്പെടുത്തി.. അഭിമുഖത്തിന് വേണ്ടി എന്നെ വിളിച്ചപ്പോഴെ എനിക്ക് ആളെ മനസ്സിലായിരുന്നു... ജോസഫ്... എല്ലാവരും ജോ എന്നു വിളിക്കും അല്ലേ? അവള്‍ ചോദിച്ചു... ഞാന്‍ താങ്കളുടെ ചില കഥകള്‍ വായിച്ചിട്ടുണ്ട്... പലതും റിയലിസ്റ്റിക് ആണെന്നു തോന്നും.  നല്ല ഭാവിയുണ്ട്, തുടങ്ങിയിട്ടല്ലേ ഉള്ളൂ...

ഊര്‍മ്മിളയ്ക്ക് അഭിമുഖമായി ഞാനിരുന്നു, മുറി നിറയെ കേരളിയ കരകൗശല ശില്‍പ്പങ്ങള്‍ ക്കൊണ്ടലങ്കരിച്ചിരുന്നു.... മലയാണ്മയുടെ ഔന്നിത്യം തന്റെ ശരീരത്തോട് ചേര്‍ത്ത് പിടിക്കുന്ന രീതിയില്‍ സാരിയുടുത്ത്, കറുത്തിരുണ്ട് നീളത്തില്‍ അഴിച്ചിട്ടിരുന്ന കാര്‍ കൂന്തലില്‍ മുല്ലപ്പൂവ് ചൂടി.... പൊന്‍ കസവിന്റെ നിറത്തില്‍... നീണ്ട് മെലിഞ്ഞ്... വിടര്‍ന്ന വലിയ കണ്ണുകള്‍... ആ ഡ്യ ത്വം തുളുമ്പുന്ന ചെന്താമരപ്പൂവ് പോലെ ശോഭയുള്ള മുഖം..... എൻ്റെ മുന്‍പില്‍ ഇരിക്കുന്ന ആ സൗമ്യ സൗന്ദര്യത്തിന് മുന്‍പില്‍ ചില നിമിഷങ്ങള്‍ ഞാന്‍ നിശ്ചലനായിരുന്നു പോയി.

അടുത്ത മുറികളിലെവിടെയോ ചിലങ്കകളുടെ കൂട്ടക്കിലുക്കം... ഒരേ താളത്തില്‍ ചുവടുവയ്ക്കുന്ന നൃത്ത പാദ വിന്യാസം...

നൃത്ത പരിശീലന ക്ലാസ്സ് നടക്കുന്നുണ്ട്, ഊര്‍മ്മിള പറഞ്ഞു.

ഊര്‍മ്മിള വര്‍മ്മ... ഈ പേര് കേള്‍ക്കാന്‍ തുടങ്ങിയിട്ട് അധിക നാളൊന്നും ആയിട്ടില്ലെങ്കിലും... കേരളത്തിൻ്റെ കലാ സാംസ്‌ക്കാരിക വേദികളില്‍ ഊര്‍മ്മിള നിറഞ്ഞു നില്‍ക്കുന്നുആത്മഗദം എന്ന പോലെ ഞാന്‍ പറഞ്ഞു.

അത്രയൊന്നുമില്ല! ഒരു ശ്രമം... ഊര്‍മ്മിള ചിരിച്ചു, പൂനിലാവ് ഉദിച്ച

പോലെ.

നാട്ടില്‍ എവിടെയാണ്?

ഒറ്റപ്പാലം...

അച്ഛന്‍ ഇവിടെ റിസര്‍വ്വ് ബാങ്കിലായിരുന്നു, മരിച്ചുപോയി, അമ്മ കൂടെയുണ്ട്, ഒരേ ഒരു മകളാണ്. വിദ്യാഭ്യാസം ഡല്‍ഹിയിലും നാട്ടിലുമായിട്ടായിരുന്നു. പിന്നീട് കലാമണ്ഡലത്തില്‍ ചേര്‍ന്നു, നൃത്തവും ചെണ്ടയും ഒക്കെ അഭ്യസിച്ചു... പബ്ലിക് പെര്‍ഫോമന്‍സും, ക്ലാസ്സുകളുമായിട്ട് പോകുന്നു. നൂറ്റമ്പതോളം കുട്ടികള്‍ ഇവിടെ പഠിക്കുന്നുണ്ട്

' ജോ ചോദിച്ചോളൂ ... ഞാന്‍ പറയാം... ഒരു ഇംഗ്ലീഷ് മാഗസിന് ഞാന്‍ ആദ്യമായി കൊടുക്കുന്ന അഭിമുഖമാണിത്

എന്തു കുലീനമായ പെരുമാറ്റം

ഭരതനാട്യവും, മോഹിനിയാട്ടവും, കുച്ചിപ്പുടിയും, ഒഡിസ്സിയുമൊക്കെ ഇത്ര നന്നായി എങ്ങിനെ വഴങ്ങുന്നു? അത്ഭുതം തന്നെ! അര്‍പ്പണബോധത്തോടെ കഠിനാദ്ധ്വാനം ചെയ്താല്‍ എന്തും നേടാന്‍ കഴിയുമെന്നുള്ളതിന് ഊര്‍മ്മിള ഒരു ഉദാഹരണമാണ്, അഭിനന്ദനങ്ങള്‍.... ഞാന്‍ പറഞ്ഞു.

ഇതൊന്നുമല്ല എന്നെ അമ്പരിപ്പിക്കുന്നത്.... പെണ്‍കുട്ടികള്‍ ആരും തന്നെ ധൈര്യപ്പെടാത്ത ചെണ്ടയിലുള്ള പ്രകടനം! അത്ഭുതമാണിത്.

എന്തുകൊണ്ടാണ് ഊര്‍മ്മിള പെണ്‍കുട്ടികള്‍ക്ക് വഴങ്ങില്ല എന്നു കരുതിയിരുന്ന ചെണ്ട തിരഞ്ഞെടുത്തത്?

അവള്‍ ചിരിച്ചു... ആത്മവിശ്വാസത്തോടെ...

എന്റെ മുത്തച്ഛന്‍ ചെണ്ടയില്‍ നന്നായി കമ്പമുള്ള ഒരാളായിരുന്നു, കുട്ടിയായിരുന്നപ്പോള്‍ എന്നെയും പരിശീലിപ്പിച്ചിരുന്നു. അങ്ങനെയാണ് എനിക്കിതില്‍ താത്പര്യം തോന്നിയത്. പുളിമരത്തിന്റെ കമ്പ് വെട്ടി ചെത്തി യുണ്ടാക്കിയ കോല്‍ കൊണ്ട് കല്ലിലോ തടിയിലോ കൊട്ടിച്ചാണ് തുടക്കം... ഊര്‍മ്മിള വാചാലയായി. മറ്റാരും ചെയ്യാത്തത് ചെയ്യുമ്പോഴാണല്ലോ വ്യത്യസ്ഥത ഉണ്ടാകുന്നത്...

എന്ത് നിശ്ചയദാര്‍ഡ്യ മാണാ മുഖത്ത്!

തുടര്‍ന്ന് ചെണ്ട എന്ന വാദ്യോപകരണത്തെ കുറിച്ചും അതുമായി ബന്ധപ്പെട്ട ക്ഷേത്ര കലകളെപ്പറ്റിയും വായ് തോരാതെ അവള്‍ സംസാ രിച്ചു, കൂടാതെ തായമ്പക, പഞ്ചാരിമേളം, പഞ്ചവാദ്യം, പാണ്ടി മേളം ആദിയായ വിവിധ താളമേളങ്ങളും, മേള പെരുക്കങ്ങളും... അതിലുള്ള അവഗാഹമായ അറിവും.... ഇതെന്തൊരു പ്രതിഭയാണ്!

തായമ്പകയുടെ വിശദാംശങ്ങളായ ഡബിള്‍ തായമ്പക, ട്രിപ്പിള്‍ തായമ്പക അതില്‍ സഹകരിക്കുന്നവര്‍.... പുതിയ പുതിയ അറിവുകളുടെ ഒരു വലിയ ലോകം തന്നെ എൻ്റെ മുന്നില്‍ തുറന്നിട്ടു.

എനിക്ക് വേണ്ടി തായമ്പക ഒന്നവതരിപ്പിക്കാമോ?

തീര്‍ച്ചയായും.....

അസാമാന്യമായ കൈ മെയ്യ് മിഴി വഴക്കത്തോടെ എൻ്റെ മുന്നില്‍ തായമ്പക അവതരിപ്പിച്ച് കാണിക്കുമ്പോള്‍ അവള്‍ സകലതും മറന്ന്..... അതില്‍ ലയിച്ചു ചേരുകയായിരുന്നു.... ഒറ്റപ്പെരുക്കത്തിലാരംഭിച്ച് മെല്ലെ  ... കൊട്ടിക്കയറി.... മധ്യമത്തിലൂടെ... മേള പെരുക്കങ്ങളുടെ കൊടുമുടി കയറിയിറങ്ങിയപ്പോഴും.... നിരന്തരമായ സാധനകളിലൂടെ ആര്‍ജ്ജിച്ചെടുത്ത ഊര്‍ജ്ജം ഒട്ടും തന്നെ ചോര്‍ന്ന് പോയിരുന്നില്ല. എന്തൊരു വഴക്കമാണ് ആ ഇളം കൈകള്‍ക്ക് സുന്ദരമായ ആ അംഗുലങ്ങള്‍ ' വീക്ക് ചെണ്ടയില്‍' കമ്പി നാദം ഉണര്‍ത്തി.... ആ സുന്ദര മുഹൂര്‍ത്തങ്ങള്‍ ഞാന്‍ ക്യാമറയില്‍ പകര്‍ത്തി.

യാത്ര പറഞ്ഞിറങ്ങുമ്പോള്‍.... മനസ്സ് നിറഞ്ഞു തുളുമ്പി, എന്തൊരു വിഷ്വല്‍ ട്രീറ്റ് ആയിരുന്നു അവള്‍ തന്നത്... വീണ്ടും കാണണമെന്ന് പറഞ്ഞ് യാത്രയാക്കി....

കണ്ണുകള്‍ നിറഞ്ഞൊഴുകുകയാണ്... അവളുടെ ഓര്‍മ്മകളില്‍ ഉരുകിത്തീരുകയാണ് ഹൃദയം... തേങ്ങലുകള്‍ പുറത്തേക്ക് വരാതിരിക്കാന്‍ ശ്രമിച്ചു ..... വിധിയുടെ കൈകളില്‍ നിന്ന് അറിയാതെ വീണുടഞ്ഞു പോയ പളുങ്കുപാത്രം.... കണങ്കാലില്‍ നിന്നൂര്‍ന്ന് പോയ ചിലങ്കകള്‍.... കരിന്തിരി കത്തി അണഞ്ഞണഞ്ഞ് കഴിഞ്ഞ പതിനാലു വര്‍ഷങ്ങള്‍.... ഒടുവില്‍ ഒരു പിടി ചാരമായി പഞ്ചഭൂതങ്ങളില്‍ ലയിച്ചവള്‍.....

' മാഷേ... ഭക്ഷണം കഴിയ്ക്കുന്നില്ലേ? രാത്രിയായി.... എഴുന്നേല്‍ക്ക്'.. കോട്ടയം അച്ചായന്‍ തട്ടി വിളിച്ചു...

താന്‍ ട്രെയിന്‍ യാത്രയിലാണെന്ന് പെട്ടെന്ന് തിരിച്ചറിഞ്ഞു... ഓര്‍മ്മകളില്‍ നിന്നും തിരികെയെത്തി....

വിശക്കുന്നില്ല! പതുക്കെ ബര്‍ത്തില്‍ നിന്ന് എഴുന്നേറ്റ് തല ഉയര്‍ത്തിക്കൊണ്ട് പറഞ്ഞു.... നിങ്ങള്‍ കഴിച്ചോളൂ....

വിശപ്പും ദാഹവും ഒന്നും തോന്നിയില്ല, നെഞ്ചില്‍ നെരിപ്പോടെരിയുമ്പോള്‍.... എങ്ങനെ ഭക്ഷണം കഴിക്കാനാവും...

ഡിന്നര്‍ കഴിച്ച് എല്ലാവരും ബര്‍ത്തു കള്‍ നിവര്‍ത്തിയിട്ട് ഷീറ്റുകള്‍ വിരിച്ച് ഉറങ്ങാന്‍ കിടന്നു, കംപാര്‍ട്ടുമെന്റുകളില്‍ ലൈറ്റുകള്‍ അണഞ്ഞു... മുനിഞ്ഞു കത്തുന്ന നീല വെളിച്ചം മാത്രം...

വിണ്ടും കണ്ണുകള്‍ അടഞ്ഞു....

' വീക്കെന്‍ഡറിലെ' ഊര്‍മ്മിളയെക്കുറിച്ചുള്ള ഫീച്ചര്‍ പുറത്തു വന്നു, വലിയ പ്രതികരണങ്ങളായിരുന്നു ലഭിച്ചത്. ലോകത്തിൻ്റെ തന്നെ വിവിധയിടങ്ങളില്‍ നിന്നും ഊര്‍മ്മിളയെത്തേടി വിളികള്‍ വന്നു. ധാരാളം പ്രോഗ്രാമുകള്‍ക്കുള്ള ഓഫറുകള്‍... സ്വദേശത്തും വിദേശത്തും നിരവധി സ്റ്റേ ജ് ഷോകള്‍.... ടെലിവിഷന്‍ പ്രോഗ്രാമുകള്‍.... ഊര്‍മ്മിള തിരക്കിലായി.

സൗഹൃദം വളര്‍ന്നു... ഇന്‍ഡ്യയ്ക് അകത്തുള്ള ഊര്‍മ്മിളയുടെ എല്ലാ പ്രോഗ്രാമുകള്‍ക്കും അവള്‍ ക്ഷണിക്കുമായിരുന്നു. ചില വിദേശ പരിപാടികള്‍ക്കും അവള്‍ എന്നെ കൊണ്ടു പോയിരുന്നു. കരോള്‍ ബാഗിലും... ചാന്ദ്‌നി ചൗക്കിലും തുടങ്ങിയുള്ള ഷോപ്പിങ്ങുകള്‍... ഒഴിവു ദിവസങ്ങളിലുള്ള ഔട്ടിംഗുകള്‍... ഏറ്റവും നല്ല സൗഹൃദം എന്നതിലുപരി മറ്റൊന്നും ഞങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നില്ല, എന്നെക്കുറിച്ച് അവള്‍ കൂടുതല്‍ അറിയുന്നത് ആ സമയങ്ങളിലായിരുന്നു. ഓര്‍ഫനേജിലെ എന്റെ ബാല്യകാലവും... ജീവിതവും... വളര്‍ച്ചയും... പഠനവും... എല്ലാം അവള്‍ ചോദിച്ചറിഞ്ഞു.

ജോ... നിന്റെ കഥകളില്‍ എല്ലാം സൂക്ഷിച്ചു നോക്കിയാല്‍ എവിടെയെങ്കിലുമൊക്കെ നിന്നെക്കാണാം അനാഥത്വത്തിന് ഇത്രയേറെ വിങ്ങലുകള്‍ ഉണ്ടല്ലേ....

എത്ര പെട്ടെന്നാണ് അവള്‍ എൻ്റെ ജീവിതത്തില്‍ ഇടം കണ്ടെത്തിയത്! നല്ലൊരു കൂട്ടുകാരി... എന്നെ വിമര്‍ശിക്കാനും... തെറ്റ് ചൂണ്ടിക്കാണിക്കാനും... അഭിനന്ദിക്കാനും ഒന്നിനും അവള്‍ മടിച്ചില്ല.

ഇതിനിടയില്‍ ഡല്‍ഹിയിലെ ഒരു തണുപ്പുകാലം..... ഡിസംബര്‍.... കമ്പിളി പുതപ്പും, റജായിയും ഇന്ദ്രപ്രസ്ഥത്തിന് ചൂടു പകരവേ... റോസ് ഗാര്‍ഡനില്‍ പുഷ്പമേളയും ഉത്സവങ്ങളും.... ഒരു പുലര്‍ച്ചെ ഊര്‍മ്മിള വിളിച്ചു,  ജോ.... മറ്റെന്നാള്‍ ഈവനിംങ്ങ് ഫ്രീയാണോ? സൂരജ് കുണ്ടില്‍ ഒരു മേള നടക്കുന്നുണ്ട്.... ഞാന്‍ തായമ്പക അവതരിപ്പിക്കുന്നുണ്ട്... വി ഐ പീസ് ഒക്കെയുള്ള പ്രോഗ്രാമാണ്... ഞാന്‍ പാസ്സ് റെഡിയാക്കുന്നുണ്ട് നീ വരണം ഞാന്‍ നേരത്തേ പോകും... നീ എത്തിയാല്‍ മതി....

നോക്കട്ടെ... ഞാന്‍ പറഞ്ഞു

പ്രോഗ്രാം ഗംഭീരമായിരുന്നു... ഊര്‍മ്മിളയുടെ പ്രകടനം.... കേരളത്തിന്റെ അഭിമാനമായി മാറി...

അവിടെ വെച്ച് അവള്‍ എന്നെ മറ്റൊരാള്‍ക്ക് പരിചയപ്പെടുത്തി... മീറ്റ് മിസ്റ്റര്‍ ജോസഫ്.... ക്യാന്‍ കാള്‍ ഹിം ജോ.... എ ഫ്രീലാന്‍സ് ജേര്‍ണലിസ്റ്റ് ആന്‍ഡ് എ വെല്‍ നോന്‍ റൈറ്റര്‍ റ്റൂ.... ബെയിസ്ഡ് അറ്റ് ഡെല്ലീ...

ങ്ഹാ... ജോ.... ഇത് രോഹിത് വര്‍മ്മ... എൻ്റെ അമ്മാവൻ്റെ മകനാണ്... മുറച്ചെറുക്കന്‍ എന്നു വേണമെങ്കില്‍ പറയാം... ബിസിനസ്സ് മാന്‍... എക്‌സ്‌പോട്ടര്‍... എം ബി എ ഹോള്‍ഡര്‍ ഫ്രം യു എസ് എ...

ഹായ്.. ഹെല്ലോ... തമ്മില്‍ പരിചയപ്പെട്ടു.

പിറ്റേന്ന് രാവിലെ അവള്‍ വിളിച്ചു... ജോ... രോഹിത് പറഞ്ഞു.. നിന്നോട് കൂടുതല്‍ അടുപ്പം ഒന്നും വേണ്ടാന്ന്... അവള്‍ പൊട്ടിച്ചിരിച്ചു  .... ഇഡിയറ്റ്, ഗ്രീഡി.... പണം പണം എന്നുള്ള ചിന്ത മാത്രമേയുള്ളൂ... ദൈവദത്തമായ സര്‍ഗ്ഗാത്മകത എന്താണെന്ന് പോലും അവന് അറിയില്ല....

എന്ത് സര്‍ഗ്ഗാത്മകത! പണം ഇല്ലേ ഊര്‍മ്മിളെ.... അയാള്‍ നിന്നെ രാജകുമാരിയായി വാഴിക്കും! ഞാന്‍ പറഞ്ഞു.

പണത്തേക്കാള്‍ വലുതായി ഒന്നുമില്ലേ ജോ... ഈ ലോകത്തില്‍? പക്ഷേ നിന്നില്‍ ഞാന്‍ അതൊന്നും കാണുന്നില്ലല്ലോ? അവള്‍ ചോദിച്ചു.

ഞാന്‍ പണം ഉണ്ടാക്കി ആര്‍ക്ക് കൊടുക്കാനാണ് ഊര്‍മ്മിളേ..... ഒരു ചാണ്‍ വയറു കഴിയാന്‍ എത്ര പണം വേണം.... ഒരു പക്ഷേ എൻ്റെ അച്ഛന്‍ ഒരു പരമ സാത്വികനായിരുന്നിരിക്കണം.... ആവാം....

ആയിരിക്കാം ... ജോ....

ഞങ്ങള്‍ പരിചയപ്പെട്ടതിന് ശേഷം ഏകദേശം ഒരു വര്‍ഷം കഴിഞ്ഞിരിക്കണം... മൂന്ന് നാല് മാസത്തേക്ക് ഞാന്‍ മദ്രാസിലേയ്ക്ക് മാറി, ഊര്‍മ്മിളയും തിരക്കിലായിരുന്നു...

നീ പോയിട്ട് വാ ... എനിക്കും ജര്‍മ്മിനിയിലും ഫ്രാന്‍സിലുമായി ഒന്നുരണ്ടു പരിപാടികള്‍ ചെയ്യാനുണ്ട്... ഞാനും പോയിട്ട് വരാം.. എന്നിട്ട് നമുക്ക് ഒരുമിച്ച് നാട്ടില്‍ പോകാം... നീ എൻ്റെ നാടും വീടും ഒന്നും കണ്ടിട്ടില്ലല്ലോ... അമ്മ നിന്നെക്കുറിച്ച് തിരക്കാറുണ്ട്.

ഞാന്‍ മദ്രാസിനു പോയി ഒന്നുരണ്ട് ആഴ്ചകള്‍ കഴിഞ്ഞപ്പോള്‍ ഊര്‍മ്മിളയും സംഘവും ഫ്രാന്‍സിന് പോയി, പോകുന്നതിന് മുന്‍പ് വിളിച്ചിരുന്നു. മദ്രാസിലെ ജോലിയുടെ തിരക്കില്‍ ഞാനും പെട്ടു. ഊര്‍മ്മിള ഒന്നുരണ്ടു പ്രാവശ്യം എൻ്റെ മദ്രാസ് ഓഫീസില്‍ വിളിച്ചിരുന്നുവെങ്കിലും ഞങ്ങള്‍ക്ക് സംസാരിക്കുവാന്‍ കഴിഞ്ഞിരുന്നില്ല.

ഒന്നുരണ്ടു മാസങ്ങള്‍ക്ക് ശേഷം ഞാന്‍ അവളുടെ ഡല്‍ഹിയിലെ ഓഫീസില്‍ വിളിച്ചെങ്കിലും ആരും ഫോണ്‍ അറ്റന്‍ഡ് ചെയ്തിരുന്നില്ല, അഞ്ച് മാസങ്ങള്‍ കഴിഞ്ഞ് ഞാന്‍ ഡല്‍ഹിയില്‍ തിരിച്ചെത്തി, പിറ്റേന്ന് തന്നെ ഊര്‍മ്മിളയുടെ ഓഫീസില്‍ ചെന്നപ്പോഴായിരുന്നു വിവരങ്ങള്‍ അറിഞ്ഞത്.....

പാരീസിലെ ഒരു പ്രോഗ്രാമിനിടയില്‍ അവള്‍ കുഴഞ്ഞു വീണതും... ശരീരത്തിന്റെ പകുതി ഭാഗം പൂര്‍ണ്ണമായി തളര്‍ന്നു പോയെന്നും.. അവിടുത്തെ ചില ട്രീറ്റുമെന്റുകള്‍ക്ക് ശേഷം ഡല്‍ഹിയിലേയ്ക്ക് കൊണ്ടുവരികയും, ഓള്‍ ഇന്‍ഡ്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ പ്രവേശിപ്പിച്ചെങ്കിലും മാറ്റങ്ങള്‍ ഒന്നും കണ്ടില്ല, ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ട്യൂമറുകള്‍ ഉണ്ടാവുകയാണെന്ന് ഡയഗനോസില്‍ പറയുന്നു.... ഊര്‍മ്മിളയെ പിന്നീട് നാട്ടിലേക്ക് കൊണ്ടു പോയതായും അറിയാന്‍ കഴിഞ്ഞു.

നാട്ടിലെ ഫോണ്‍ നമ്പര്‍ വാങ്ങി.... വിളിച്ചു.... അമ്മയായിരുന്നു അങ്ങേ തലയ്ക്കല്‍....

' അമ്മേ ഞാന്‍ ജോയാണ്... ഡല്‍ഹിയില്‍ നിന്ന്', ഞാന്‍ ഇപ്പോഴാണ് അറിയുന്നത്. ഊര്‍മ്മിളയ്ക് ഇപ്പോള്‍ എങ്ങിനെയുണ്ട്?

അമ്മയുടെ ഒരു തേങ്ങല്‍ മാത്രമായിരുന്നു ഉത്തരം. രണ്ടു മൂന്ന് മിനിട്ടുകള്‍ നിശബ്ദമായി കടന്നുപോയി.....

' ങ്ങ്ഹാ... മോനേ.... അവള്‍ കിടപ്പിലാണ്.... അരയ്ക് കീഴ്‌പോട്ടുള്ള ഭാഗങ്ങള്‍ പൂര്‍ണ്ണമായും തളര്‍ന്നു പോയി.... അമ്മ സംസാരിക്കാന്‍ പാടുപെടുകയാണെന്ന് എനിക്ക് മനസ്സിലായി....

ചില ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ നാട്ടിലേയ്ക്ക് തിരിച്ചു...

ഒറ്റപ്പാലത്തിറങ്ങി... വീട്ടിലെത്തി. മനസ്സ് പതറിയിരുന്നു.... ഞാന്‍ എങ്ങനെ അവളെ അഭിമുഖീകരിക്കും.....

പൗരാണികത വിളിച്ചോതി... ഗതകാലത്തിന്റെ നിഴല്‍ പോലെ തല ഉയര്‍ത്തി നില്‍ക്കുന്ന' ഇല്ലംപിള്ളി തെക്കേ കോവിലകം'

തെല്ലു ഭയത്തോടെ പടിപ്പുര കടന്നു... ഇത്തരം കോവിലകങ്ങളെക്കുറിച്ചൊക്കെ കേവലം വായിച്ചറിവുകള്‍ മാത്രമേയുള്ളൂ.... അകത്ത് കടക്കാമോ... തെല്ലു ശങ്കിച്ചു.

വിശാലമായ മുറ്റം.... പൂമുഖം... മാവും പ്ലാവും മറ്റു ഫലവൃക്ഷങ്ങളും നിറഞ്ഞുനില്‍ക്കുന്ന തൊടി.... പശുക്കിടാവ് ഓടിക്കളിയ്ക്കുന്നു.... മുറ്റത്തിൻ്റെ കോണില്‍ പൂത്തു നില്‍ക്കുന്ന ചെമ്പക മരം... ഇപ്പുറത്ത് നീര്‍മാതളം....

അമ്മ ഇറങ്ങി വന്നു.... ഡല്‍ഹിയില്‍ വച്ച് എത്രയോ വട്ടം ഭക്ഷണം തന്നിട്ടുണ്ട്....

മോനേ.... കൈയ്യില്‍ പിടിച്ചു കൊണ്ട് പൂമുഖത്തേക്ക് കയറി അരഭിത്തിയില്‍ ഇരുന്നു... അമ്മ രോഗവിവരങ്ങള്‍ പറഞ്ഞു.... ആ കണ്ണുകളില്‍ വേദനയും നിരാശയും ഞാന്‍ കണ്ടു.

വരൂ.... അവളുടെ അടുത്തേക്ക് പോകാം... അമ്മ പറഞ്ഞു.

വാടിയ പൂക്കള്‍ കൂട്ടിക്കൊരുത്ത ഒരു പൂമാല പോലെ.... അവള്‍ ചെറു മയക്കത്തിലായിരുന്നു.

ഊര്‍മ്മി..... മോളേ..... ശബ്ദം താഴ്ത്തി അമ്മ വിളിച്ചു.... ഇതാരാ  വന്നിരിക്കുന്നതെന്ന് നോക്കിയേ.....

അവള്‍ പതിയെ കണ്ണുതുന്നു....

ജോ......... വിറയാര്‍ന്ന ചുണ്ടുകള്‍.... നിറയുന്ന കണ്ണുകള്‍.... തുടിക്കുന്ന ഹൃദയം.... പ്രീയമുള്ളവരാരോ അടുത്തെത്തിയതിൻ്റെ  ഉള്‍ത്തരിപ്പ്....

മെല്ലെ അടുത്തേക്ക് ചെന്ന് ആ കൈകളില്‍ പിടിച്ചു .... അരികില്‍... ആ കട്ടിലില്‍ ഇരുന്നു.... ഊര്‍മ്മിളേ..... വിളിച്ചെങ്കിലും ശബ്ദം തൊണ്ടയില്‍ കുരുങ്ങി.

നിന്നെ അറിയിക്കാന്‍ കഴിഞ്ഞില്ല..... അവള്‍ വിതുമ്പി......

സാരമില്ല.... ഞാന്‍ വന്നില്ലേ....

അമ്മേ.... എന്നെ ഒന്ന് എഴുന്നേല്‍പ്പിച്ചിരുത്തു....

അമ്മ അവളെ വാരി എടുത്ത് ചാരി ഇരുത്തി....

വിടര്‍ന്ന ചെന്താമരയുടെ ശോഭയുള്ള ആ മുഖം തെല്ലൊന്നു മങ്ങിയോ എങ്കിലും ആ സൗമ്യ സൗന്ദര്യത്തിന് കുറവൊന്നും വന്നിട്ടില്ല....

എൻ്റെ കാലുകള്‍ ഇനി ചിലങ്കയണിയില്ല ജോ..... എൻ്റെ കൈകള്‍ ഇനി തായമ്പകയ്ക്കും പഞ്ചാരിമേളത്തിനും വഴങ്ങില്ല.... അവള്‍ പൊട്ടിപ്പൊട്ടിക്കരഞ്ഞു...

ഊര്‍മ്മിള തിരിച്ചു വരും! നീ ഇനിയും ചിലങ്ക കെട്ടും.... ഈ കൈകള്‍ ഇനിയും നാദവീചികള്‍ ഉണര്‍ത്തും.... ആ കൈകളില്‍ പിടിച്ചു കൊണ്ട് ഞാന്‍ പറഞ്ഞു..

ഒരാഴ്ച ഞാന്‍ കോവിലകത്തു താമസിച്ചു... അവളുടെ അടുത്തിരുന്നു.... ഒത്തിരി സംസാരിച്ചു.... തുടര്‍ ചികിത്സയെക്കുറിച്ച് പ്ലാനുകള്‍ ചെയ്തു, ' ഞാന്‍ നിന്നോടൊപ്പം ഉണ്ട്... താങ്ങായി... തണലായി... നീ പഴയ ജീവിതത്തിലേക്ക് തിരിച്ചു വരും... ഇനിയും വേദികളില്‍ നിറഞ്ഞാടും... ഒരു നല്ല കൂട്ടുകാരനായി ഞാന്‍ കൂടെയുണ്ടാകും....

തിരികെ യാത്രയായപ്പോള്‍.. അവള്‍ കരഞ്ഞു...

ജോ..... നീ പോവുകയാണല്ലേ! കഴിഞ്ഞ ഒരാഴ്ച പോയതറിഞ്ഞില്ല... നീ എൻ്റെ അടുത്തുണ്ടായിരുന്നപ്പോള്‍.... ഞാനറിയാതെ.... എന്നില്‍ എന്തൊക്കയോ മാറ്റങ്ങള്‍ ഉണ്ടായതു പോലെ..
അവളെ എഴുന്നേല്‍പ്പിച്ച് വീല്‍ ചെയറില്‍ ഇരുത്തി മുറ്റത്തു കൊണ്ടുവന്നു... മൂടിക്കെട്ടിയ അവളുടെ മനസ്സിലേക്ക് പ്രത്യാശയുടെ ചെറു വെളിച്ചം കടന്നുചെന്നതു പോലെ...

സ്‌നേഹ നിധിയായ ആ അമ്മ പറഞ്ഞു... മോനെ നി വന്നതിനു ശേഷം ഊര്‍മിയ്ക്ക് ഒത്തിരി ദേദം വന്നതു പോലെ!

സാരമില്ലമ്മേ... ഞാന്‍ പോയിട്ട് വേഗം വരാം...

യാത്ര പറഞ്ഞിറങ്ങുമ്പോള്‍ അവള്‍ ചോദിച്ചു... ജോ.... ഇനി എന്നാണ് വരുന്നത്! അതുപോലെ... എൻ്റെ സ്ഥാപനം നീ നോക്കി നടത്തണം... എന്റെ സ്വപ്നമായിരുന്നു അത്.

ഞാന്‍ ചെയ്യാം ഊര്‍മ്മിളേ.... സാധ്യമായതെല്ലാം ഞാന്‍ ചെയ്യാം....

പതിനാല് വര്‍ഷങ്ങളായി ഊര്‍മ്മിളയുടെ അടുത്തേയ്ക്കുള്ള യാത്രകള്‍.... നിരന്തരമായ... മാറി മാറിയുള്ള ചികത്സകള്‍... കീമോതെറാപ്പികള്‍... ഒന്നിനു പിറകെ മറ്റൊന്നായി ഉയര്‍ന്നുവരുന്ന ട്യൂമറുകള്‍.... ഒന്നും ഫലം കണ്ടില്ല.

ഇതിനോടകം  ഞാന്‍ ആ വീട്ടിലെ ഒരംഗമായി കഴിഞ്ഞിരുന്നു.

' എനിക്ക് പിറക്കാതെ പോയ എൻ്റെ മകനാണ് നീ' ഒരിക്കല്‍ അമ്മപറഞ്ഞു. ഇപ്പോള്‍ ആരും ഇങ്ങോട്ട് വരാറില്ല.... ബന്ധുക്കളില്ല... കൂട്ടുകാരില്ല... സഹപ്രവര്‍ത്തകരില്ല... നീ വരുന്നതാണ് ഞങ്ങളുടെ ആശ്വാസം'. മനുഷ്യന്റെ കാര്യം ഇത്രയെയുള്ളൂ.. പണവും പ്രശസ്തിയും ഒക്കെ ഉള്ളപ്പഴേ എല്ലാവരും ഉണ്ടാകൂ... എത്രയെത്ര ആളുകളായിരുന്നു ഊര്‍മ്മിയ്ക്ക് ചുറ്റും... കലാ സാംസ്‌ക്കാരിക രംഗത്തെ പ്രശസ്തര്‍  ... ബന്ധുക്കള്‍... സുഹൃത്തുക്കള്‍... ഇപ്പോള്‍ ആരും വരാതെയായി... ആത്മഗതമെന്നോണം അമ്മ പറഞ്ഞു കൊണ്ടിരുന്നു....

പകരം വയ്ക്കാന്‍ ഇല്ലാത്തതാണ് പെറ്റമ്മ! ഞാന്‍ ഓര്‍ത്തു .... അമ്മയുടെ സ്‌നേഹം... വാത്സല്യം .. കരവലയത്തിനുള്ളിലെ സുരക്ഷിതത്വം..... മാതൃ സ്‌നേഹത്തിന്റെ അഗാധതയിലേക്ക് ആണ്ടു പോകാന്‍..... മുങ്ങി നിവരുവാന്‍.... മാറോടൊട്ടിക്കിടക്കാന്‍.... അമ്മിഞ്ഞ നുകരുവാന്‍ കഴിഞ്ഞവരൊക്കെ എത്രയോ ഭാഗ്യവാന്‍മാരാണ്.... എൻ്റെ അമ്മ ആരായിരിക്കും.... അച്ഛനും .... അവര്‍ ജീവിച്ചിരിപ്പുണ്ടാകുമോ... എന്നെ ഓര്‍ക്കുന്നുണ്ടാവുമോ.... അവര്‍ എന്തിനായിരിക്കും എന്നെ തെരുവില്‍ ഉപേക്ഷിച്ചത്.... ഞാന്‍ എന്തു തെറ്റാണ് അവരോട് ചെയ്തത് നൂറായിരം ചോദ്യങ്ങള്‍ മനസ്സില്‍ ഉയര്‍ന്നുവന്നിട്ടുണ്ട്, ഇതെല്ലാം ഞാന്‍ ഊര്‍മ്മിളയോടും പലപ്പോഴും ചോദിച്ചിട്ടുണ്ട്. അപ്പോഴൊക്കെ അവള്‍ പറയും...

ജോ... ഈശ്വരനാണ് നിൻ്റെ അച്ഛനും അമ്മയും.... ആ നെഞ്ചിലാണ് നീ വിശ്രമിക്കുന്നത്

ഒരോ പ്രാവശ്യം വരുമ്പോഴും അവള്‍ ആവശ്യപ്പെടുന്ന പുസ്തകങ്ങള്‍ വാങ്ങിക്കൊണ്ടുവരുമായിരുന്നു.

ഞാന്‍ വീട്ടില്‍ എത്തുമ്പോഴൊക്കെ അവള്‍ ഉല്ലാസവതിയായിരുന്നു... ആ മുഖം ഒരിക്കലും വാടിയിരുന്നില്ല, ആ രോഗക്കിടക്കയിലും... വേദന കടിച്ചമര്‍ത്തി അവള്‍ ചിരിക്കുമായിരുന്നു. ' ഞാന്‍ പാതി ചത്തതല്ലേ... ജോ, അടുത്ത പാതി ഇനി എത്ര നാള്‍! മുഴുമിപ്പിക്കാന്‍ സമ്മതിക്കാതെ ഞാന്‍ വായ് പൊത്തി.

മിക്കവാറും ഞാന്‍ അവളെ പുറത്ത് കൊണ്ടുപോകുമായിരുന്നു. എടുത്ത് കാറില്‍ ഇരുത്തി.... വീല്‍ ചെയര്‍ ഡിക്കിയില്‍ വച്ച്... കാറില്‍ എന്നോടൊപ്പം തനിച്ചുള്ള യാത്രകള്‍ അവള്‍ക്കിഷ്ടമായിരുന്നു..... കടല്‍ത്തീരത്തെ തിരക്കൊഴിഞ്ഞ സ്ഥലങ്ങളിലും.... കുന്നിന്‍ ചരുവിലെ ശാന്തതയിലും ഞങ്ങള്‍ പോയി സംസാരിച്ചിക്കുമായിരുന്നു....

കടലിൻ്റെ അഗാധനീലിമയിലേക്ക് നോക്കിയിരിക്കുമ്പോള്‍... അവള്‍ പറയും... ജോ.... ഈ കടല്‍ പോലെയാണ് എൻ്റെ മനസ്സും.... തിരയൊഴിയാതെ പതഞ്ഞുയരുന്ന ആ തിരയുടെ നാവുകള്‍.... എൻ്റെ സ്വപ്നങ്ങള്‍ ആയിരുന്നു ശക്തമായി കരയിലേക്ക് തള്ളിക്കയറി വന്ന ഒരു കൂറ്റന്‍ തിര വീല്‍ ചെയറില്‍ ഇരുന്ന ഊര്‍മ്മിളയെ വല്ലാതെ നനച്ചു മടങ്ങിപ്പോയി...

രോഹിത് നിന്നെ കാണാന്‍ വരാറില്ലേ? ഞാന്‍ ചോദിച്ചു....

എന്തിന്? അവന്‍ വിവാഹം കഴിഞ്ഞ് സുഖമായി ജീവിക്കുന്നു! അവന്‍ എൻ്റെ സൗന്ദര്യവും പ്രശസ്തിയുമൊക്കെയായിരുന്നു ആഗ്രഹിച്ചിരുന്നത്.... അത് നഷ്ടമായി എന്നറിഞ്ഞപ്പോള്‍ അവന്‍ എന്നെ മറന്നു.... അല്ലെങ്കിലും ഞാന്‍ അവനെ ഇഷ്ടപ്പെട്ടിരുന്നില്ല....

ജോ... ഞാന്‍ എത്ര വര്‍ഷമായി നിന്നെ നിര്‍ബന്ധിക്കുന്നു... നീ ഒരു വിവാഹം കഴിയ്ക്കാന്‍.... എന്തേ.. നീ അത് ചെയ്യുന്നില്ല?

വിവാഹം... അതൊക്കെയൊരു നിയോഗമല്ലേ ഊര്‍മ്മിളേ മേല്‍ വിലാസമില്ലാത്ത എനിയ്ക്ക്... ആരാണ് പെണ്ണു തരിക? നമുക്ക് മറ്റെന്തെങ്കിലും സംസാരിക്കാം...

ജോ... നീ എൻ്റെ അടുത്തുള്ളപ്പോള്‍ ഞാന്‍ ഞാനല്ലാതെയായി മാറുന്നു... എൻ്റെ ശരീരത്തിന്റെ ബലഹീനത മറക്കുന്നു... വൈകല്ല്യം ഞാന്‍ മറക്കുന്നു... നീ ഇത്രമാത്രം എനിക്ക് വേണ്ടി കഷ്ടപെടാന്‍... സ്‌നേഹിക്കാന്‍.... നീ ആരാണ് എനിക്ക്!

അവള്‍ കരഞ്ഞു....

ട്യൂമര്‍ അവളുടെ കിഡ്‌നിയെയും ബാധിച്ചു.... മറ്റൊരു സര്‍ജറിയിലൂടെ ഒരു കിഡ്‌നി റിമൂവ് ചെയ്തു....

പതിനാല് വര്‍ഷത്തിനിടയില്‍ പന്ത്രണ്ട് മേജര്‍ സര്‍ജറികള്‍ ആ പൂമേനിയില്‍ ഊടുംപാവും കത്തികള്‍ കൊണ്ട് ചിത്രങ്ങള്‍ വരച്ചു...

ഊര്‍മ്മിളേ............ പരിസരം മറന്ന് ഉറക്കെ വിളിച്ചു കൊണ്ട് ചാടിയെഴുന്നേറ്റു..... ചിലങ്കയുടെ കിലുക്കം..... തായമ്പകയുടെ സംഗീതം.... ട്രെയിനിലാണെന്ന് മറന്നിരിക്കുന്നു... പെട്ടെന്ന് പരിസരബോധം വീണ്ടെടുത്തു, അടുത്ത ബര്‍ത്തുകളില്‍ ഉറങ്ങിക്കിടന്നവര്‍ ഉണര്‍ന്നു നോക്കി... പിന്നെ ഉറങ്ങാന്‍ കഴിഞ്ഞില്ല.

പിറ്റേന്ന് രാവിലെ നേരത്തേ എഴുന്നേറ്റു, ട്രെയിനിലെ രണ്ടാമത്തെ ദിവസം....

ഇന്നലെ എന്തോ സ്വപ്നം കണ്ടു നിലവിളിച്ചല്ലോ... എന്തുപറ്റി? കോട്ടയം അച്ചായന്‍ ചോദിച്ചു.

ഒന്നുമില്ല!

അതല്ല... എന്തോ ഒന്ന് മനസ്സിനെ അലട്ടുന്നുണ്ട്. ഇന്നലെ മുതല്‍ ഞാന്‍ ശ്രദ്ധിച്ചിരുന്നു... അച്ചായന്‍ വിടാനുള്ള ഭാവമില്ല. ഒരു പിശുക്കിയ ചിരിയില്‍ മറുപടി ഒതുക്കി.

റോസ് മേരി വീണ്ടും സംസാരിച്ചു തുടങ്ങി, സാര്‍, ഇപ്പോള്‍ എഴുതുന്ന കഥകള്‍ക്കെല്ലാം ഒരു ശോകച്ഛവി കാണുന്നുണ്ടല്ലോ? അവള്‍ ചോദിച്ചു.

ഞാന്‍ വെറുതെ ചിരിച്ചു എന്നു വരുത്തി..

പുതിയത് എന്തെങ്കിലും എഴുതുന്നുണ്ടോ? റോസ് മേരി ചോദിച്ചു.

ങ്ഹും.... എഴുതിക്കൊണ്ടിരിക്കുകയാണ്... തീരാറായി... ക്ലൈമാക്‌സാണ്... രണ്ടു ദിവസം കൊണ്ട് തീരും..

എന്താ കഥയുടെ പേര്? അവള്‍ ചോദിച്ചു.

' ചെണ്ട'......

എനിക്ക് ഒരു കോപ്പി അയച്ചു തരണം, ഞാന്‍ അഡ്രസ്സ് തരാം...

ഓ അങ്ങനെയാകട്ടെ...

തുറന്നിട്ടിരുന്ന ജാലകപ്പഴുതിലൂടെ തണുത്ത കാറ്റ് അകത്തേക്ക് വന്നു.. തലോടി തിരിച്ചു പോയി.. പുറം കാഴ്ചകളിലേക്ക് അലസമായി നോക്കിക്കൊണ്ടിരുന്നു. പിന്നിലേക്ക് ഓടി മറയുന്ന കാഴ്ചകള്‍.... ഭൂമി മുഴുവന്‍ അകന്നകന്നു പോവുന്നതു പോലെ, വണ്ടിയുടെ വേഗതയേറുന്നു...

ഓരോ സര്‍ജറി നടക്കുമ്പോഴും ഊര്‍മ്മിളക്ക് ഒപ്പം ഉണ്ടായിരുന്നു. മനസ്സ് വീണ്ടും ശോകമൂകമായി... അവളുടെ ഓര്‍മ്മകളില്‍...

അവളോടൊപ്പം തനിച്ചിരിക്കുമ്പോള്‍... താനവളുടെ മുഖത്തേക്ക് നോക്കിക്കൊണ്ടിരിക്കും...

നീ എന്താ ഇങ്ങനെ നോക്കുന്നത്? ആദ്യം കാണുന്നതു പോലെ... അവള്‍ ചിരിച്ചു കൊണ്ട് ചോദിക്കുമായിരുന്നു.

ഊര്‍മ്മി.... നീ ഇപ്പോഴും എത്ര സുന്ദരിയാണ് ശരീരം മാത്രമല്ല നിൻ്റെ മനസ്സും എത്ര സുന്ദരമാണ്... പലപ്പോഴും ചോദിക്കണമെന്നുണ്ടായിരുന്നു... ഊര്‍മ്മി.... ഞാന്‍ നിന്നെ കല്യാണം കഴിയ്ക്കട്ടെ..... പക്ഷേ ഒരിക്കല്‍പ്പോലും അത് വാക്കുകളായി പുറത്തേക്ക് വന്നില്ല. ഒരു ദിവസമെങ്കില്‍ ഒരു ദിവസം... അവളെ ചേര്‍ത്തുപിടിച്ച്... നീ എൻ്റേത് മാത്രമാണെന്ന് പറയാന്‍.... നിനക്ക് ഞാനുണ്ടെന്ന് പറയാന്‍...

എൻ്റെ അന്തര്‍ഗതം അവള്‍ വായിച്ചറിഞ്ഞെട്ടെന്ന പോലെ... അവള്‍ ഉള്ളില്‍ തനിയെ മന്ത്രിച്ചത്... ഞാന്‍ എൻ്റെ ആത്മാവില്‍ അറിഞ്ഞിരുന്നു... എനിക്ക് അതു മതി.... അവളും മനസ്സുകൊണ്ടത് ആ ഗ്രഹിച്ചിരുന്നില്ലേ... എന്നെപ്പോലെ...

പറയാന്‍ പലതും ബാക്കി വച്ച്... യാത്ര പോലും ചോദിക്കാതെ അവള്‍ പോയി... കരയാതിരിക്കാന്‍ നന്നേ പാടുപെട്ടു.

ആറ് മാസങ്ങള്‍ക്ക് മുന്‍പാണ് അടുത്ത കിഡ്‌നിയിലും ട്യൂമര്‍ വ്യാപിച്ചു എന്നറിഞ്ഞത്, ഇനിയുമൊരു സര്‍ജറി സാധ്യമല്ലെന്നും... ക്രിട്ടിക്കല്‍ ആണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു... ഉള്ളില്‍ തളര്‍ന്നിരുന്നു എങ്കിലും.. പുറമെ ഭയത്തിൻ്റെയോ ദു:ഖത്തിന്റെ യോ ഒരു ലാഞ്ജന പോലും അവളുടെ വാക്കിലോ നോക്കിലോ കണ്ടില്ല.

അവസാനമായി കണ്ടിട്ട് ഒരു മാസം കഴിഞ്ഞു , അന്ന് ഞങ്ങള്‍ ആ കുന്നില്‍ ചരുവിലുള്ള വയലിനടുത്താണ് പോയിരുന്നു സംസാരിച്ചത്, ഏറെ ഗ്രാമഭംഗി തുളുമ്പി നില്‍ക്കുന്ന തിരക്കൊഴിഞ്ഞ ഇടം... അവളെ എടുത്ത് വീല്‍ചെയറില്‍ ഇരുത്തി, ഞാന്‍ അരികിലുള്ള ഒരു പാറപ്പുറത്തിരുന്നു... തൂവെള്ള നിറത്തില്‍ ചുവന്ന ചെറിയ പൂക്കള്‍ നെയ്ത ഒരു ചുരിദാറിലായിരുന്നു അവള്‍.... നിഷ്‌ക്കളങ്കമായ അവളുടെ അഭൗമ സൗന്ദര്യം ഇരട്ടിച്ചതു പോലെ തോന്നി, മെല്ലെ വീശിയടിച്ച തണുത്ത കാറ്റ് അവളുടെ മുഖത്ത് തട്ടി കടന്നുപോയി..... മുടിയിഴകള്‍ അലസമായി മുഖത്തേക്ക് വീണു... പഴയ അവളുടെ നീണ്ട് ഇടതൂര്‍ന്ന മുടി മുറിച്ചു മാറ്റി ക്രോപ്പ് ചെയ്തിട്ടിരുന്നു... മുഖത്തേയ്ക്ക് വീണ മുടിയിഴകള്‍ ഇടതു കൈ കൊണ്ട് വകഞ്ഞെടുത്ത് മുകളിലേയ്ക്കിട്ടു. തികഞ്ഞ നിസ്സംഗതയോടെ അവള്‍ വിദൂരതയിലേക്ക് നോക്കിയിരുന്നു.... കുന്നിൻ്റെ അങ്ങേച്ചെരുവില്‍ സൂര്യന്‍ മറയാന്‍ തയ്യാറെടുക്കുകയായിരുന്നു, അസ്തമന സൂര്യബിംബത്തില്‍ അവളുടെ വിടര്‍ന്ന കണ്ണുകള്‍ ഉടക്കി നിന്നു...... മൗനം വെടിയുവാനായി ഞാന്‍ ആ മുഖത്തേയ്ക് പാളി നോക്കി.... അണയാന്‍ ഒരുങ്ങുന്ന സൂര്യന്റെ മങ്ങിയ ശോഭ അവളുടെ മുഖത്ത് നിഴലിടുന്നത് ഞാന്‍ കണ്ടു.... സൗമ്യമായ സൗന്ദര്യം.... പാല്‍നിലാവ് പോലെ ആ മുഖം ശോഭിച്ചിരുന്നു.....

പ്രശസ്തിയുടെ പരമ കോടിയില്‍ ആരാധനയുടെയും.... ആദരങ്ങളുടെയും കൊടുമുടികള്‍ കീഴടക്കി.... നാടിൻ്റെയും വീടിൻ്റെയും യശസ്സ് ഉയര്‍ത്തിയവള്‍.... തീഷ്ണമായ അനുരാഗം എന്നില്‍ അണപൊട്ടിയൊഴുകുവാന്‍ തുടങ്ങി... ഒരു നിമിഷം.. എന്റെ കൈ അവളുടെ താടിയില്‍ പിടിച്ച് മുഖം മെല്ലെ ഉയര്‍ത്തി.... അവള്‍ എന്നെ നോക്കി .. ... തരളിതമായ ഹൃദയത്തോടെ.... അവളും എന്നോട് എന്തോ ആവശ്യപ്പെടുന്നതു പോലെ...

അവള്‍ മെല്ലെ ഉണര്‍ന്നു...

ജോ.... ഒരാള്‍ക്ക് ഒരു ജന്മത്തില്‍ എത്ര പൂര്‍ണ്ണ ചന്ദ്രന്‍മാരെ കാണാന്‍ കഴിയും?.... അവള്‍ ചോദിച്ചു.

' ആയിരം' ഞാന്‍ അവളുടെ മുടിയിഴകളില്‍ വിരല്‍ ഓടിച്ചു കൊണ്ടു പറഞ്ഞു...

എനിയ്ക്കും കാണാന്‍ പറ്റുമോ... നമുക്ക് ഒരുമിച്ച്

എൻ്റെ മനസ്സ് പെട്ടെന്ന് മേഘാവൃതമായി..... കാര്‍മേഘങ്ങള്‍ ഇരുണ്ടു കൂടി..... അവളും അന്ന് കാര്യമായി ഒന്നും തന്നെ സംസാരിച്ചിരുന്നില്ല. തിരികെ വീട്ടില്‍ എത്തി... അവള്‍ പതിവിലും ക്ഷീണിതയായിരുന്നു.

രണ്ടാഴ്ച കഴിഞ്ഞ് വരാമെന്ന് പറഞ്ഞ് പിറ്റേന്നു തന്നെ ഞാന്‍ മടങ്ങി. നീ വരുമ്പോള്‍... ഗുലാബ് ജാമുനും... ജിലേബിയും... കാജു ബര്‍ഫി യും... ആ ഗ്രാ പേട്ടയും കൊണ്ടു വരണമെന്നവള്‍ പറഞ്ഞിരുന്നു... പക്ഷേ....

കഴിഞ്ഞയാഴ്ച മുഴുവനും തിരക്കിലായിരുന്നു... ഇടയ്ക്ക് രണ്ടു മൂന്ന് പ്രാവശ്യം വിളിച്ചിരുന്നുവെങ്കിലും കിട്ടിയില്ല... അവസാനമായി ഒരു വാക്ക് മിണ്ടാന്‍ പോലും.....

വണ്ടി ഒറ്റപ്പാലം എത്താറായി... എല്ലാവരോടും ബൈ പറഞ്ഞു....

' നമുക്ക് ഒന്നുകൂടാന്‍ പറ്റിയില്ല, നിങ്ങള്‍ വളരെ ഔട്ട് ഓഫ് മൂഡിലായിരുന്നു' കോട്ടയം അച്ചായന്‍ പറഞ്ഞു, ഡല്‍ഹിയില്‍ വച്ചു കാണാം.

സാര്‍ പുതിയ പുസ്തകത്തിന്റെ കോപ്പി അയച്ചു തരണം... റോസ് മേരി ഓര്‍മ്മിപ്പിച്ചു.

സ്റ്റേഷനില്‍ നിന്നും ടാക്‌സി എടുത്തു.. ഇല്ലംപിള്ളി തെക്കേല്‍ കോവിലകത്തിൻ്റെ മുന്‍പില്‍ ടാക്‌സി നിന്നു. മുറ്റത്തേക്ക് കയറുമ്പോള്‍ മനസ്സ് പതറി.... കാലുകള്‍ക്ക് വിറയല്‍.. തൊണ്ട വരളുന്നു...

ഉമ്മറത്ത് ആരും ഇല്ല, ശൂന്യത തളം കെട്ടി നില്‍ക്കുന്നു, കാറ്റു പോലും നിശബ്ദം... നീര്‍മാതളത്തിന്റെ കൊമ്പിലിരുന്നു ശോകാര്‍ദ്രമായി ഒരു കിളി ചിലച്ചു.

അമ്മേ... അമ്മേ.. പതിഞ്ഞ ശബ്ദത്തില്‍ വിളിച്ചു... വെള്ള ഒറ്റമുണ്ടും, റൗക്കയും മേല്‍മുണ്ടും ധരിച്ച ഒരു സ്ത്രീ ഇറങ്ങി വന്നു,

ആരാ?

അമ്മ... ഊര്‍മ്മിളയുടെ അമ്മ...

കിടക്കുവാണ്..... അവര്‍ ആകത്തേക്ക് പോയി...

അവളുടെ കുഞ്ഞിക്കാലുകള്‍ പിച്ചവെച്ച മുറ്റം.... കാറ്റിനോടും കിളികളോടും കിന്നാരം പറഞ്ഞ് ഓടിക്കളിച്ച തൊടി.... ആ കുഞ്ഞിക്കാലുകളില്‍ ചിലങ്കയണിഞ്ഞ് ആദ്യമായി നൃത്തച്ചുവടുകള്‍ വെച്ച പൂമുഖം.... ആദ്യമായി ഞാന്‍ അവളെ കണ്ട ദിവസം..... ഓര്‍മ്മകള്‍ എന്നെ തളര്‍ത്തുകയാണ്.

നിമിഷങ്ങള്‍ കടന്നുപോയതറിഞ്ഞില്ല... അതേ നില്‍പ്പ് തുടരുകയാണ്.....

മോനേ..... അമ്മയുടെ ശബ്ദം അരികിലേയ്ക്ക് ചെന്ന് കരം പിടിച്ചു. ആ കണ്ണുകള്‍ തോര്‍ന്നിട്ടില്ല... ഒരു കൊച്ചു കുട്ടിയെപ്പോലെ കരയുകയാണ്..... സമാധാനിപ്പിക്കാന്‍ വാക്കുകള്‍ക്ക് വേണ്ടി ഞാന്‍ പരതി.....

ഒന്നുരണ്ടു വട്ടം ഞാന്‍ നിന്നെ വിളിച്ചായിരുന്നു.... പക്ഷേ നിന്നെ കിട്ടിയില്ല, രണ്ടു മൂന്ന് ദിവസമായി അവള്‍ക്ക് ഒരു വല്ലായ്ക തോന്നിയിരുന്നു.... ക്ഷീണം കൂടി ക്കൂടി വന്നു. നിന്നെ വിളിക്കണമെന്നവള്‍ പറഞ്ഞിരുന്നു. എന്നാല്‍ പോകെ ... പോകെ... ഓര്‍മ്മ ഇല്ലാതായതു പോലെ... പുലര്‍ച്ചെ അബോധാവസ്ഥയിലായി... ചില മണിക്കൂറുകള്‍... ഡോക്ടര്‍ വന്നെങ്കിലും..... ശാന്തമായി കിടന്നുകൊള്ളെട്ടെ എന്നു പറഞ്ഞു,
ആ ഉറക്കത്തില്‍ നിന്നും പിന്നെ അവള്‍ ഉണര്‍ന്നില്ല! നിതാന്തമായ നിദ്ര....

ആ മാതൃഹൃദയത്തിൻ്റെ വേദന എങ്ങിനെ നിയന്ത്രിക്കാനാകും......

അമ്മയോടൊപ്പം മുറ്റത്തേക്കിറങ്ങി... അവളുടെ ചിതയൊരുക്കിയ സ്ഥലം... ഒരായിരം വര്‍ണ്ണത്തൂവലുകള്‍ക്കൊണ്ട്... ഊടുംപാവും നെയ്ത് ഇഴ ചേര്‍ത്തെടുത്ത സ്വപ്നങ്ങളുടെ ചിറകിലേറി പറന്നുയര്‍ന്ന്.... വിടരും മുന്‍പേ കൊഴിഞ്ഞ്.... ഒരു പിടി ചാരമായി പഞ്ചഭൂതങ്ങളില്‍ ലയിച്ച് ചേര്‍ന്ന എൻ്റെ കൂട്ടുകാരി........ എൻ്റെ കണ്ണീര്‍ പൂക്കള്‍...

പെട്ടെന്ന് തിരിഞ്ഞു നടന്നു......

മോന്‍ ഇരിക്ക്. ചായ എടുക്കട്ടെ...

മുറ്റത്തിട്ടിരുന്ന ഒരു കസേരയില്‍ ഇരുന്നു... വല്ലാത്ത ശൂന്യത....

അമ്മ ചായ കൊണ്ടുവന്നു... ഒരു വെളുത്ത നീളമുള്ള ഒട്ടിച്ച കവറും കൈയ്യില്‍ തന്നു... അതിന് മുകളില്‍  'ജോയ്ക്ക്' എന്നെഴുതിയിരുന്നു...

നിനക്ക് തരുവാനായി അവള്‍ ഏല്‍പ്പിച്ചതാണ്! അമ്മ പറഞ്ഞു.


വിറയ്ക്കുന്ന കൈകളോടെ.... കവര്‍ തുറന്നു... കത്ത് പുറത്തെടുത്തു...

' എൻ്റെ ജോയ്ക്...
ഞാന്‍ അങ്ങനെ വിളിച്ചോട്ടേ ... കഴിഞ്ഞ പതിനാറ് വര്‍ഷമായി എൻ്റെ മനസ്സിൻ്റെ ചെപ്പിനുളളില്‍ ഒളിപ്പിച്ച്.... നീ പോലും അറിയാതെ... മൂകമായി സൂക്ഷിച്ചിരുന്ന നിന്നോടുള്ള എൻ്റെ പ്രണയം... തുറന്നു പറയാന്‍ എനിക്ക് കഴിയുമായിരുന്നില്ല.... കാരണം നിനക്ക് തരാനായി എൻ്റെ കൈയ്യില്‍ ഒന്നുമില്ലായിരുന്നു.... എന്നില്‍ നിന്നും നിനക്ക് ഒന്നും ലഭിക്കാനില്ലെന്നറിഞ്ഞിട്ടും.... എന്നെ നിൻ്റെ ഹൃദയത്തോട് നീ ചേര്‍ത്തു വച്ചു.... ഒന്നും ആഗ്രഹിക്കാതെ...

എൻ്റെ സ്വപ്നങ്ങള്‍ ഒക്കെ പാതി വഴിയില്‍ പൊലിഞ്ഞപ്പോഴും... പ്രത്യാശയുടെ തിരിനാളമായി.... നീ എനിക്ക് പ്രകാശമായി.... രോഗാതുരമായിരുന്ന... കഴിഞ്ഞ പതിനാലു വര്‍ഷങ്ങള്‍.... നീ ഒരുക്കിയ സ്‌നേഹത്തണലില്‍ ഞാന്‍ വിശ്രമിച്ചു.... എൻ്റെ ദു:ഖങ്ങളെല്ലാം നിൻ്റെതു  കൂടിയായിരുന്നു.... എന്നെ  സന്തോഷിപ്പിക്കാനായി... അല്ലെങ്കില്‍ എൻ്റെ സന്തോഷത്തിനായി... നീ ജീവിതം വേണ്ടന്നു വച്ചു... നിൻ്റെ കൂടെ ഒരു ജന്മം മുഴുവന്‍ നിൻ്റെ നിഴലായി ജീവിക്കാന്‍ ഞാന്‍ കൊതിച്ചിരുന്നു... പലപ്പോഴും നീ മനസ്സില്‍ മന്ത്രിച്ചതു ഞാനറിഞ്ഞു.... ഊര്‍മ്മി.... ഞാന്‍ നിന്നെ വിവാഹം ചെയ്യട്ടെ ..  പക്ഷേ നിൻ്റെ വാക്കുകള്‍ പുറത്തേക്ക് വന്നില്ല. എൻ്റെ മനസ്സും അതു കേള്‍ക്കാന്‍ കൊതിച്ചിരുന്നു... വെറുതെയെങ്കിലും..... ഒരു ദിവസമെങ്കിലും.... നിൻ്റെ ഒപ്പം ... നിൻ്റെ ഊര്‍മ്മിളയായി.... ജീവിക്കാന്‍ ഞാന്‍ കൊതിച്ചിരുന്നു  .... നീയും അത് ആഗ്രഹിച്ചിരുന്നില്ലേ? മൂകമായ.... പവിത്രമായ പ്രണയം.

നീ എൻ്റെ അരികില്‍ ഇരിക്കുമ്പോഴെല്ലാം.... എന്നെ തൊടുമ്പോഴെല്ലാം... ആ കൈകള്‍ക്കൊണ്ടെന്നെ ഒന്ന് വാരിയെടുത്ത് ഇറുകെ മുറുകെ.... പുണര്‍ന്നിരുന്നെങ്കില്‍എന്ന് എത്രയോ വട്ടം ഞാന്‍ കൊതിച്ചിരുന്നു...... ഇനി ഒരു ജന്മം ഉണ്ടെങ്കില്‍.... ഈ തീരത്ത്.....  നിൻ്റെ ഊര്‍മ്മിളയായി... നമ്മള്‍ ഒരുമിച്ച്.... ഒരു ഇരട്ടത്തായമ്പകയില്‍.... ജീവിതത്തിൻ്റെ മേളപ്പെരുക്കങ്ങള്‍ തീര്‍ക്കാന്‍ ഞാന്‍ വരും......

യാത്ര ചോദിക്കുന്നില്ല ഞാന്‍ .... നിനക്കത് താങ്ങാന്‍ കഴിയില്ല എന്നെനിക്കറിയാം... നിന്നോടൊരു അവസാന യാത്ര ചോദിക്കാന്‍ എനിക്കും കഴിയില്ല.... കരയരുതെന്ന് ഞാന്‍ പറയില്ല.... കരഞ്ഞോളൂ.... നിൻ്റെ മനസ്സിൻ്റെ ഭാരം അലിഞ്ഞലിഞ്ഞ് ഇല്ലാതെയാകും വരെ.....

ഒരാഗ്രഹം എനിക്കുണ്ട്.... അത് നീ സാധിപ്പിക്കണം.... എൻ്റെ അമ്മയ്ക്ക് ഇനി ആരും ഇല്ല.... നീയല്ലാതെ... നീ ഇനി കോവിലകം വിട്ട് പോകരുത്!
അമ്മയ്ക് ആശ്രയമായി നീ അവിടെ ഉണ്ടാവണം... ഞാന്‍ അമ്മയോട് എല്ലാം പറഞ്ഞിട്ടുണ്ട്....

എൻ്റെ റൂം നീ ഉപയോഗിക്കണം... ആ കട്ടിലും.... നിനക്ക് തരാന്‍ കഴിയാത പോയ എൻ്റെ സ്‌നേഹം മുഴുവന്‍ അതില്‍ ഒളിപ്പിച്ച് വച്ചിട്ടുണ്ട്..... പതിനാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അഴിച്ചു വെച്ച എൻ്റെ ചിലങ്കകളും... ചെണ്ടയും.... പുസ്തകങ്ങളും... എൻ്റെതായി ആ മുറിയില്‍ എന്തെല്ലാം ശേഷിക്കുന്നുവോ..... അതെല്ലാം നിൻ്റെതാണ്....

ഇനി ഞാന്‍ ഉറങ്ങട്ടെ......

നിൻ്റെ സ്വന്തം ഊര്‍മ്മിള......

                  ഞാന്‍ ആ കട്ടിലില്‍ കിടന്നു.... അവളുടെ പുതപ്പ് പുതച്ച്... ആ ഗന്ധം..നുകർന്ന്... നീ ഉറങ്ങുന്ന ഇവിടം വിട്ട് ഞാന്‍ എങ്ങോട്ടും പോവില്ല....  ഹൃദയത്തിലെവിടെയോ  കണ്ണീരിൻ്റെ ഉറവ പൊട്ടി.... ഗഗന സീമകള്‍ക്കപ്പുറത്ത് നിന്ന്.... ചിലങ്കയണിഞ്ഞ് ആരോ ആടിത്തിമിര്‍ക്കുന്നു.... ചെണ്ടയില്‍ കൈ വിരലുകള്‍ താളം പിടിക്കുന്നു....

മുറ്റത്തെ ചെമ്പക മരത്തിൻ്റെ ചില്ലയിലിരുന്ന് രാപ്പാടി ശോകാര്‍ദ്രമായി പാടുന്നു......



' യമുന വെറുതെ രാപ്പാടുന്നു'.........



സജി ജോസഫ്   

11 അഭിപ്രായങ്ങൾ:

  1. അഭിനന്ദനങ്ങൾ എഴുത്തുകാരാ .... പ്രണയം അമൂല്യമായ ഒരു വികാരമാണ്. ഇതിലും ഭംഗിയായി ഒരു പ്രണയത്തെ ചിത്രീകരിക്കാനാവില്ല .നന്ദി ഒരു നല്ല വായനയെ തന്നതിന്........

    മറുപടിഇല്ലാതാക്കൂ
  2. സുഹൃത്തേ
    മനസ്സിനെ എവിടൊക്കെയോ കീറിമുറിച്ച്
    ജീവിതത്തിൻ്റെ നിരർത്ഥകത മനസ്സിലാക്കിത്തന്ന് ഹൃദ്യമായ ഒരു വായനാനുഭവം സമ്മാനിച്ച് കഥയവസാനിക്കുമ്പോൾ മനസ്സിൽഎവിടൊക്കെയോ ചില നൊമ്പരങ്ങൾ അവശേഷിക്കുന്നു...
    നന്ദി... ആശംസകൾ

    മറുപടിഇല്ലാതാക്കൂ
  3. Actualy you have chosen a wrong carier,you would shine if u write.

    മറുപടിഇല്ലാതാക്കൂ
  4. ഒരു "പത്മരാജൻ പടം " പോലെ .......
    വായനക്കാരനെ witness ആക്കുന്ന ആഖ്യാനം
    I never expected this much,really a gifted ,inexplicable literary treat!

    മറുപടിഇല്ലാതാക്കൂ
  5. പ്രണയം എന്ന വികാരത്തിന് വാക്കുകളില്ല ; അതേ പോലെ ഈ ഭാവനയ്ക്കും വാക്കുകളില്ല. ഇത് വായിച്ചപ്പോൾ അറിയാതെ കരഞ്ഞു പോയി. ഇനിയും പ്രതീക്ഷിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  6. പ്രണയം എന്ന വികാരത്തിന് വാക്കുകളില്ല ; അതേ പോലെ ഈ ഭാവനയ്ക്കും വാക്കുകളില്ല. ഇത് വായിച്ചപ്പോൾ അറിയാതെ കരഞ്ഞു പോയി. ഇനിയും പ്രതീക്ഷിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  7. പ്രണയത്തിന്റെ സൗന്ദര്യം ഇത്രക്കുണ്ടെന്ന് മനസ്സിലായത് ഇത് വായിച്ചപ്പോഴാണ്,എന്തൊരു അനുഭൂതി ❤️❤️കരഞ്ഞുകൊണ്ട് ഒരു പ്രണയം ആസ്വദിച്ചു Thank you

    മറുപടിഇല്ലാതാക്കൂ