2020, ജൂൺ 21, ഞായറാഴ്‌ച

പാതി ജീവൻ്റെ നൊമ്പരം -സിബി പയ്യാവൂര്‍



ഓർമ്മിച്ചിടും നിന്നെയെന്നുമെൻ സോദരാ
ആപത്തിലന്നു താങ്ങായകരങ്ങൾക്കായ്
തൻ സോദരർ തൻ വിഷമകാലത്തിലന്നാ-
ശ്വാസമായ് വന്ന നിൻ സ്നേഹ സാന്ത്വനം


ആരുമില്ലാത്തവനെന്നു നിനച്ചു ഞാൻ
കേഴുന്ന നാളിലെനിക്കായ് പൊരുതി നീ
ആശ്രയമില്ലാത്തൊരായിരങ്ങൾക്കായി
ചോരയൂറ്റിത്തന്ന നിൻ ദയാവായ്പ്പുകൾ


കെട്ട കാലത്തിലും നന്മ വറ്റാത്തവരീ-
ഭൂവിലുണ്ടെന്നു കാണിച്ചു തന്നു നീ
ഇല്ല ഞങ്ങൾക്കില്ല തെല്ലുമിന്നർഹത
നിൻ നൻമകൾ തൻ ഫലമാസ്വദിക്കുവാൻ


ഈ ലോക മോഹങ്ങളിൽ പെട്ടു നിന്നിലേ
നൻമകൾ വറ്റാതെ കൂട്ടിയോ ദൈവങ്ങൾ
നൻമ നിറഞ്ഞൊരാ സദ്ജനങ്ങൾക്കായി -
ട്ടുണ്ടാവുമേറെയൊഴിവിന്നു സ്വർഗ്ഗത്തിൽ


എങ്കിലുമൊട്ടും മനസ്സലിവില്ലാത്ത
ദൈവങ്ങളോടെനിക്കുണ്ടു പരിഭവം
കാത്തിരുന്നോരാക്കുരുന്നിനേക്കാണുവാൻ
നൽകിയില്ലാ തെല്ലു നേരം അവന്നു നീ


ഇത്ര തിടുക്കമിതെന്തേ നിനക്കിന്നു
നഷ്ടമായോ നിൻ സഹിഷ്ണുതാ ഭാവവും
എങ്ങോ മറഞ്ഞുവോ നിന്നിലേ നൻമയും
മർത്യനോടൊത്തു നിൻ വാസമോ കാരണം


തൻ പ്രിയനായന്ത്യ ചുംബനമേകുവാ
നാവാതെ കേഴുമെൻ സോദരീ നിൻ മുഖം
ഇല്ല മറക്കുവാനാവില്ലെനിക്കെൻ്റെ
ജീവശ്വാസം വിട്ടകന്നിടും നാൾ വരേ....


നെഞ്ചു പിളർത്തുന്ന നൊമ്പരത്തോടെഞാ-
നേ കിടാമിന്നു നിനക്കു യാത്രാ മൊഴി
എങ്കിലും നീ ചെയ്ത നൻമകൾ തന്നിലൂ
ടുണ്ടാവുമെന്നിൽ ജ്വലിക്കുമൊരോർമ്മയായ്

2020, ജൂൺ 20, ശനിയാഴ്‌ച

തലൈക്കൂത്തൽ.....Thalaikoothal ( അവസാനത്തെ കുളി) -സജി ജോസഫ്

                              

                      വടക്കൻ ഇറാഖിലെ കുർദധി സ്ഥാൻ പ്രവശ്യയിലെ ഇർ ബിലിൽ ജോലി ചെയ്യുന്ന കാലം. ജനുവരിയിലെ തണുത്തുറയുന്ന ദിനങ്ങൾ, മഞ്ഞു വീഴചയും മഴയും മാസങ്ങളോളം നീണ്ടു നിൽക്കും, മഞ്ഞണിഞ്ഞ പർവ്വത നിരകളാൽ ചുറ്റപ്പെട്ട ഒരു ചെറു പട്ടണത്തെ തണുപ്പ് വാരിച്ചുറ്റി നിൽക്കുന്ന പ്രഭാതങ്ങൾ.... വേഗത്തിൽ ഇരുൾ മൂടി കമ്പിളിക്കുള്ളിൽ ഒളിയ്ക്കുന്ന സായാഹ്നങ്ങൾ..... കാറും കോളും നിറഞ്ഞ തെങ്കിലും അത്രമേൽ രാഷ്ടീയ അരക്ഷിതാവസ്ഥ ഒന്നും ഇല്ലാതിരുന്ന കാലം. തണുപ്പിന്റെ മാസ്മര ലഹരി ഉന്മത്തമായ മനസ്സിന് ഊർജ്ജം പകർന്നു തന്നു.......
ഇത്തരമൊരു തണുത്ത വെളുപ്പാൻ കാലത്താണ്' ആ ദി ത്യ അമര ദേവൻ എന്ന തമിഴ് നാട്ടുകാരൻ എന്റെ സഹപ്രവൃത്തകനായി എത്തുന്നത്. വെളുപ്പിന് 5.30 ന് എത്തുന്ന ദുബായ് ഫ്ലൈറ്റിൽ അയാൾ ഇർ ബിലിൽ എത്തുമെന്ന് ദുബായി ഓഫീസിൽ നിന്നും വിവരം ലഭിച്ചിരുന്നതിനാൽ തലേ വൈകുന്നേരം തന്നെ ഡ്രൈവറെ ഏർപ്പാടാക്കിയിരുന്നു. പുതിയ വിസയിൽ ആയിരുന്നതിനാൽ എയർപ്പോർട്ടിലെ ഫോർമാലിറ്റികൾ എല്ലാം കഴിഞ്ഞ് പുറത്തിറങ്ങി ക്യാംപിലെത്തിയ പ്പോൾ 8 മണി കഴിഞ്ഞിരുന്നു.
കഴുത്തിൽ മഫ്ലർ ചുറ്റി ഒരറ്റം കൊണ്ട് പാതി മുഖം മറച്ച് ഇരു കൈകളും ജാക്കറ്റിന്റെ പോക്കറ്റിൽ തള്ളി തണുത്ത് മരച്ച് അയാൾ എത്തി. ഗുഡ് മോർണിംഗ്.... അയാം ആ ദി ത്യ അമര ദേവൻ, യു ക്യാൻ കോൾ മീ ആ ദി.... അയാൾ സ്വയം പരിചയപ്പെടുത്തി. ആംഗലേയത്തിൽ തന്നെ സംസാരം തുടർന്നു. കെമിക്കൽ എഞ്ചിനീയറായി ട്ടായിരുന്നു അയാൾ ജോയിൻ ചെയ്തത്. തമിഴ് നാട്ടിൽ മധുരയായിരുന്നു സ്വദേശം. തമിഴും ഹിന്ദിയും മലയാളവും അയാൾ സംസാരിച്ചിരുന്നു.
മൂന്നോ നാലോ ദിവസം കൊണ്ടു തന്നെ ആ ദി സ്ഥലവും ജോലിയും കാലാവസ്ഥയുമൊക്കെയായി പൊരുത്തപ്പെട്ടു. ഒത്തിരി സംസാരിക്കുകയും എല്ലാ വരോടും പെട്ടെന്ന് ഇണങ്ങുകയും സൗഹ്ര്യ ദം ഉണ്ടാക്കുകയും ചെയ്യുന്ന ഒരു പ്രകൃതമായിരുന്നു അയാൾക്ക്. ഒരിക്കൽ പോലും അയാൾ മൂകനോ അലസ നോ ആയിരിക്കുന്നത് കണ്ടിട്ടില്ല, ജോലിയിലും സമർത്ഥനായി കാണപ്പെട്ടു.
എന്നോട് ആദിയ്ക്ക് ഒരു പ്രാത്യേക അടുപ്പം ഉണ്ടായിരുന്നു, സ്നേഹത്തോടെ അയാൾ അണ്ണാ എന്നാണ് വിളിച്ചിരുന്നത്. വൈകുന്നേരങ്ങളിൽ ഞങ്ങൾ നടക്കാൻ പോവുകയും വളരെ നേരം സംസാരിച്ചിരിക്കുകയും ഒക്കെ ചെയ്യുമായിരുന്നു. ആ ദി വന്നതിനു ശേഷം ഓഫീസിലും ക്യാംപിലുമൊക്കെ ഒരു പുത്തൻ ഉണർവ്വ് ഉണ്ടായതു പോലെ അനുഭവപ്പെട്ടിരുന്നു. വൈകുന്നേരങ്ങളിൽ വീട്ടിലേക്ക് ഫോൺ ചെയ്യുന്നതും സംസാരിക്കുന്നതും ഒക്കെ പതിവായിരുന്നു, ഭാര്യക്കുറിച്ചും മക്കളെക്കുറിച്ചും അമ്മയെപ്പറ്റിയും ഒക്കെ അയാൾ എന്നോട് പറയുമായിരുന്നു. എപ്പോഴും ആ ദി എന്നോട് സ്നേഹത്തോടെ ഓർപ്പിച്ചിരുന്നു... നിങ്ങൾ എനിക്ക് സ്വന്തം അണ്ണൻ മാതിരി....
ഞങ്ങൾ എല്ലാ വരും 35 ദിവസത്തെ ഡ്യൂട്ടി കഴിയുമ്പോൾ ലീവ് ടേൺ വരികയും അടുത്ത 35 ദിവസത്തെ വെക്കേഷനായി നാട്ടിൽ പോവുകയും ചെയ്യുമായിരുന്നു. ചില മാസങ്ങൾ കടന്നുപോയി, ഇർ ബി ലിലെ മഞ്ഞുകാലം അവസാനിച്ചിരുന്നു. പർവ്വത നിരകൾ മഞ്ഞിന്റെ ധവള മേലങ്കി മാറ്റി വിവസ്ത്രയായി...... മഴയും തണുപ്പും കൂട് വിട്ട് കൂട് മാറി.... ആ കാശത്തെ വിടെയോ ഒളിച്ചിരുന്ന സൂര്യൻ കിളിവാതിലിലെ മറത്തുണി നീക്കി താഴേയ്ക്ക് എത്തിനോക്കി..... മറ്റൊരു ഉഷ്ണ കാലം കൂടി...... കാല പ്രവാഹിനിയുടെ ചാക്രിക ഗമനം......
ഇതിനോടകം ഞങ്ങൾ ഓരോരുത്തരും നാട്ടിൽ പോയും വന്നു കൊണ്ടു മിരുന്നു. മറ്റൊരു അവധി കഴിഞ്ഞ് ആ ദി യും മടങ്ങിവന്നു. ആ പ്രാവശ്യം അയാൾ നാട്ടിൽ നിന്നും എന്നെ വിളിച്ചിരുന്നു... ഒരു രാത്രിയിൽ ആയിരുന്നു... ഫോൺ തുടർച്ചയായി റിംഗ് ചെയ്യുന്നത് കേട്ടുണർന്നു... നാട്ടിൽ നിന്നും ആ ദിയായിരുന്നു, " അണ്ണാ ഒരു വിഷയം ഇറ്ക്ക് എന്നുടെ അമ്മാ മരിച്ചു പോയി.... രണ്ടു മണിക്കൂർ മുൻപ്.... അയാളുടെ ശബ്ദം നേർത്തിരുന്നു. എന്തുപറ്റി? പെട്ടെന്ന്... അസുഖം ഒന്നും ഉണ്ടായിരുന്ന തായി നീ പറഞ്ഞിരുന്നില്ലല്ലോ ഞാൻ ചോദിച്ചു. പെട്ടെന്ന് ഒരു ജ്വരം പിടിപ്പെട്ടു..... ഔപചാരികമായി ചില ആശ്വാസ വാക്കുകൾ പറഞ്ഞ് അനുശോചനം അറിയിച്ച് ഞാൻ ഫോൺ വച്ചു.
ശവദാഹവും പിന്നീടുള്ള മരണാനന്തര ചടങ്ങുകളും ഒക്കെ കഴിഞ്ഞാണ് അയാൾ മടങ്ങിവന്നത്. വളരെ ദു:ഖഭാരത്തോടെയാണ് ആ ദി എത്തിയത്. അമ്മയുടെ വേർപാടിന്റെ വേദനയിൽ ആയിരുന്നു അയാൾ.... മടങ്ങിവന്നു ദിവസങ്ങൾ കഴിഞ്ഞിട്ടും അയാളിൽ ദുഃഖം ഘനീഭവിച്ചു നിന്നു.... ചില നേരങ്ങളിൽ കണ്ണുകൾ താനേ ഈ റ ന ണി യു ന്നതും.... വിതു മ്പിപോകുന്നതും ഞാൻ ശ്രദ്ധിച്ചു... ഭക്ഷണം കഴിക്കുന്നതിൽപ്പോലും അയാൾ ശ്രദ്ധിച്ചിരുന്നില്ല. അമ്മയുടെ ഓർമ്മകളിൽ അയാൾ നീറുന്നുണ്ടായിരുന്നു. ഞാൻ പലതും പറഞ്ഞ് അയാളെ ആശ്വസിപ്പിക്കുവാൻ ശ്രമിച്ചെങ്കിലും.... നാൾക്ക് നാൾ അയാളുടെ അവസ്ഥ മോശമാവുകയായിരുന്നു.
അയാളുടെ റൂമിൽ നിറഞ്ഞ മദ്യക്കുപ്പി കൾ വരുന്നതും മുറയ്ക്ക് കാലിയാകുന്നതും ഞാൻ കണ്ടു. ജോലിയിൽ ശ്രദ്ധിക്കാൻ പോലും സാധിക്കാതെ വന്നപ്പോൾ... ഒരു ദിവസം ഞാൻ പറഞ്ഞു .. ആ ദി... ഇന്നു വൈകുന്നേരം നമുക്ക് അൽപ്പം നടക്കാൻ പോകാം .. വരാമെന്ന് അയാൾ തലയാട്ടി... നടക്കവേ ഞാൻ അയാളോട് പറഞ്ഞു ... ആ ദീ ... നിന്റെ ദു:ഖം ഞാൻ മനസ്സിലാക്കുന്നു.... പെറ്റമ്മയ്ക്ക് പകരം വയ്ക്കാൻ മറ്റൊന്നും ഇല്ല.... പക്ഷേ മറക്കാൻ ശ്രമിക്കണം... നീ ജീവിതത്തിലേക്ക് മടങ്ങിവരണം.... ജോലിയിൽ ശ്രദ്ധിയ്ക്കണം... നീ കേൾക്കുന്നുണ്ടോ ഞാൻ പറയുന്നത്? ങ്ങ് ഹാ... അണ്ണാ അയാൾ മെല്ലെ പ്രതി വചിച്ചു.... ഞാൻ വീണ്ടും പറഞ്ഞു... ആ ദീ ... മരണം ഒരു യാഥാർത്ഥ്യമാണ്... പക്ഷേ സമയം നിശ്ചയമില്ലാ.....
എന്റെ ആശ്വാസ വാക്കുക ൾ ക്കോ ഉപദേശങ്ങൾക്കോ അയാളിൽ ഒരു മാറ്റവും വരുത്താൻ കഴിഞ്ഞില്ല. അയാളുടെ ജോലിയിൽ പോലും വീഴ്ചകൾ സംഭവിക്കുവാൻ തുടങ്ങി.
അങ്ങനെയിരിക്കെ എന്റെ അടുത്ത വെക്കേഷൻ സമയമായി.... ആ ദീ എന്നോട് ചോദിച്ചു " അണ്ണാ എന്നേക്ക് നാട്ടിക്ക് പോവറേ? ഒരാഴ്ച കഴിഞ്ഞ്.... ഞാൻ പറഞ്ഞു.. അന്ന് രാത്രി വൈകി ഉറങ്ങാൻ കിടന്നു... നല്ല ഉറക്കത്തിലായിരുന്നു ഞാൻ... ആരോ കതകിൽ തട്ടുന്ന ശബ്ദം കേട്ട് ചാടി എഴുന്നേറ്റ് ലൈറ്റിട്ടു... വാതിൽ തുറന്നു.... സമയം രണ്ടു മണി... ക്യാംപ് ബോസ്സായിരുന്നു .. എന്തുപറ്റി ഞാൻ ചോദിച്ചു? ആ ദിയ്ക് സുഖമില്ല അയാൾ അലറിക്കരയുന്നു.... വേഗം ആ ദി യുടെ റൂമിലേയ്ക് ഓടി....
തല കട്ടിലിൽ തല്ലി കരയുകയാണ് അയാൾ .. തല പൊട്ടി രക്തമൊഴുകി കൊണ്ടിരുന്നു... പരസ്പര ബന്ധമില്ലാതെ എന്തൊക്കയോ പുലമ്പി ക്കൊണ്ടിരുന്നു .. എല്ലാവരും തന്നെ അവിടെ കൂടിയിട്ടുണ്ട്. ശക്തമായ നെഞ്ചുവേദന അനുഭവപ്പെടുന്നുണ്ടെന്ന് മനസസിലായി... കൂടാതെ തലയ്ക് ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. എന്തു ചെയ്യണമെന്നറിയാതെ ഞാനും പകച്ചു നിന്നു ... ഹോസ്പ്പിറ്റലിൽ കൊണ്ടുപോകാം....
ഇറാഖാണ് സ്ഥലം... അതും അസമയമാണ്. നല്ല ആശുപത്രി സൗകര്യങ്ങളോ ഡോക്ടർമാരോ ഒന്നും കാര്യമായി ലഭ്യമല്ല. എന്തായാലും ഇറാഖിയായ ഡ്രൈവറോട് വണ്ടി എടുക്കാൻ പറഞ്ഞു, തലയിലെ മുറിവ് ഒരു തുണി കൊണ്ട് കെട്ടി ഞങ്ങൾ നാല് പേർ ആ ദി ക്കൊപ്പം പോയി. ഒരു ആശുപത്രിയിൽ എത്തി എമർജൻസി റൂമിൽ ഡോക്ടർ കണ്ടു തലയിലെ മുറിവ് ഡ്രസ്സ് ചെയ്തു... ബ്ലഡ് പ്രഷർ വളരെ കൂടുതലായിരുന്നു കുറയാനു ള്ള മരുന്നും കൊടുത്തു... അപ്പോഴും അയാൾ കരയുകയും പുലമ്പുകയും ചെയ്തു കൊണ്ടിരുന്നു... ഉറങ്ങാനുള്ള ഇൻ ജ ക്ഷൻ കൊടുത്തു... അയാൾ മയങ്ങി .
നേരം പുലർന്ന് ഡോക്ടർ കാണണമെന്ന് പറഞ്ഞു, അയാൾ കടുത്ത മാനസീക സമ്മർദ്ധത്തിലാണെന്നും, ശാരീരിക മായി മറ്റൊരു കുഴപ്പവും ഇല്ലെന്നും ഒരു നല്ല സൈക്കാട്രിസ്റ്റിനെ കാണുകയാണുത്തമം.... പക്ഷേ അവിടെ അതിനുള്ള സൗകര്യം ഒന്നും ഉണ്ടായിരുന്നില്ല. നാട്ടിൽ കൊണ്ടുപോയി ട്രീറ്റ്മെന്റെടുക്കാൻ ഡോകടർ ഉപദേശിച്ചു. കുറച്ചു മരുന്നും തന്ന് ഞങ്ങൾ ക്യാംപിലേക്ക് മടങ്ങി. ആ ദി യുടെ മാനസീകാവസ്ഥയ്ക് ഒരു മാറ്റവും ഉണ്ടായില്ല... എമർജൻസി ലീവിൽ നാട്ടിൽ പോകാൻ ഞാൻ പറഞ്ഞു.
എനിക്ക് നാട്ടിൽ പോകാൻ പിന്നെ മൂന്ന് ദിവസ ങ്ങൾ മാത്രമെ ശേഷിച്ചിരുന്നുള്ളൂ.... എന്റെ റിലീവർ മടങ്ങിവരികയും ഞാൻ അയാൾക്ക് ഹാൻഡ് ഓവർ കൊടുക്കുകയും ചെയ്തു. അന്നു വൈകുന്നേരം ആ ദി എന്റെ അടുക്കൽ വന്നു. എങ്ങിനെയുണ്ട് ഇപ്പോൾ? ഞാൻ ചോദിച്ചു. ഒരു പൊട്ടിക്കരച്ചിൽ ആയിരുന്നു മറുപടി..... അണ്ണാ അണ്ണൻ രണ്ടു ദിവസം കഴിയുമ്പോൾനാട്ടിൽ പോകും.... ഞാൻ തനിച്ചാകും!!!!! എന്നെ തനിച്ചാക്കിയിട്ട് പോകരുത് അണ്ണാ.... പ്ലീസ്... അയാൾ തകർന്നു കരഞ്ഞു എന്തു ചെയ്യണമെന്നറിയാതെ ഞാൻ നിന്നു രു കി... '' ഞാൻ അണ്ണന്റെ റൂമിൽ കിടന്നോട്ടെ... എനിക്ക് ഭയം തോന്നുന്നു അയാൾ ചോദിച്ചു... ഞാൻ സമ്മതിച്ചു കിടന്നോളൂ....
ദുബായ് ഓഫീസിൽ റിപ്പോർട്ട് ചെയ്യാനും അയാളെ നാട്ടിൽ പറഞ്ഞ യക്കാനും എല്ലാ വരും പറഞ്ഞു. ഞാനും പറഞ്ഞു, ആദീ... നിനക്ക് ലീവിന് വേണ്ടി റിക്വസ്റ്റ ഇടാം.... നാട്ടിൽ പൊയ്ക്കോളൂ ..... അവിടെച്ചെന്ന് എല്ലാ വരെയും കണ്ട് കഴിയുമ്പോൾ നിന്റെ വിഷമം കുറയും....'' ഇല്ല അണ്ണാ എനിയ്ക്ക് നാട്ടിൽ പോവേണ്ട... ആ രേയും കാണേണ്ട... എനിയ്ക്ക് ഭയമാണ് ... അയാൾ കെഞ്ചി.... പിന്നെന്തു ചെയ്യും നിനക്കിപ്പോൾ നല്ല ചികിത്സ ആവശ്യമാണ്... ഞാൻ പറഞ്ഞു. അയാൾക്ക് നാട്ടിലേക്ക് പോവാൻ ഇഷ്ടമില്ലെന്ന് വ്യക്തമായി. ഞാൻ വല്ലാത്ത ഒരു അവസ്ഥയിലായിരുന്നു. ഞാൻ നിനക്ക് വേണ്ടി എന്താണ് ചെയ്യേണ്ടത് .. പറയൂ..... ഞാൻ ചോദിച്ചു. അയാൾ തല താഴത്തിയിരുന്നു.
അന്നു രാത്രി ആ ദി എന്റെ റൂമിൽ വന്ന് കിടന്നു. ഞാൻ പലതും ചോദിച്ചെങ്കിലും ഒന്നിനും വ്യക്തമായ ഒരു മറുപിടിയും അയാൾ തന്നില്ല... പക്ഷേ അയാൾക്ക് എന്തോ എന്നോട് പറയുവാനുള്ള തു പോലെ തോന്നീ .... ആരാത്രിയിൽ അയാൾ മദ്യപിച്ചിരുന്നില്ല, എന്റെ അടുത്ത കട്ടിലിൽ അയാൾ കിടന്നു.
വിങ്ങി വിങ്ങി കരയുന്ന ശബ്ദം കേട്ടാണ് ഞാൻ പെട്ടെന്നുണർന്നത്... എന്റെ കാൽക്കൽ തറയിലിരുന്ന് മുഖം എന്റെ കാൽ പാദങ്ങളിൽ ചേർത്ത് വച്ച് കരയുകയായിരുന്നു അയാൾ... ആ ദീ .... എന്തായിത്? കൊച്ചു കുട്ടികളെപ്പോലെ ... വീണ്ടും അയാൾ പൊട്ടിച്ചിന്നി ക്കരഞ്ഞു .. അണ്ണാ ....എനിക്ക് താങ്ങാൻ പറ്റുന്നില്ല ... അയാൾ തേങ്ങി.... അസാധാരണമായ തെന്തോ അയാളെ മദിക്കുന്നുണ്ടെന്ന് എനിക്ക് മനസ്സിലായി.
എന്റെ രണ്ടു കാലുകളിലും കെട്ടിപ്പിടിച്ച് അയാൾ തലയിട്ടടിക്കുകയാണ്... ഞാൻ മെല്ലെ എഴുന്നേറ്റ് അയാളുടെ തോളിൽ പിടിച്ച് എഴുന്നേൽപ്പിച്ചു.... സമയം വെളുപ്പിന് മൂന്ന് മണിയായിരുന്നു. കരഞ്ഞു കലങ്ങിയ കണ്ണുകളോടെ ആ ദി എന്നെ നോക്കി, ഉള്ളിൽ ഉറഞ്ഞു കൂടിയ ദു:ഖഭാരം അടക്കാനാവാതെ കണ്ണുകളിലൂടെ അണ പൊട്ടി ഒഴുകി. എന്റെ തോളിലേക്ക് ചാഞ്ഞു കൊണ്ട് അയാൾ പുലമ്പി.... അണ്ണാ... എന്റെ പാട്ടിയെ ഞാൻ കൊന്നു... എനിക്കൊന്നും മനസ്സിലായില്ല!!!! പാട്ടിയോ? ഞാൻ ചോദിച്ചു . അതെ എന്റെ പാട്ടിയമ്മ!!! ഞാൻ അവരെ തലൈ ക്കൂത്തൽ ചെയ്തു!!! എന്താ? എന്താ ത്? തലൈ ക്കൂത്തൽ!!!!
മരിച്ചെന്ന് ഞാൻ പറഞ്ഞത് എന്റെ അമ്മയല്ല ... എന്റെ പാട്ടിയമ്മയായിരുന്നു( അച്ഛന്റെ അമ്മ). ഞാൻ അവനെ തുറിച്ചു നോക്കി!!! അവന്റെ മനോനില പൂർണ്ണമായും തകർന്നെന്ന ഞാനുറച്ചു , നീ എന്തു ഭ്രാന്താണ് ഈ പറയുന്നത്!!! അതെ അണ്ണാ... എനിക്ക് ഇനി ഇത് മനസസിൽ അടക്കുവാൻ പറ്റില്ല... ഞാൻ എല്ലാം പറയാം...........
ഞാനും അയാളും ഒരു പുകമറയ്ക്കുള്ളിലാണെന്ന് തോന്നി.... നിർവികാരതയോടെ ഞാൻ നിന്നു . അയാൾ തുടർന്നു..... അച്ഛനും അമ്മയും ചെറുപ്പത്തിലെ മരിച്ചു പോയിരുന്ന എന്റെ നാലു സഹോദരങ്ങളും പല പല രോഗങ്ങൾ പിടിപെട്ട് മരിച്ചു പോയി ... ഏറ്റവും ഇളയവനായ എന്നെ എന്റെ പാട്ടിയമ്മയാണ് വളർത്തിയത്, പഠിപ്പിച്ച് വലുതാക്കി , കല്ല്യാണം കഴിച്ചു, രണ്ടു മക്കളും ഉണ്ടായി, എന്റെ പാട്ടി എനിക്ക് എല്ലാ മായിരുന്നു. ഞാൻ വരുന്നതും കാത്ത് അരി മുറുക്കും, പക്കാ വടയും, കപ്പലണ്ടി മിഠായിയും ഒക്കെ ഉണ്ടാക്കി കാത്തിരിക്കും.
എന്റെ ഭാര്യ പട്ടണത്തിൽ ജനിച്ച് വളർന്ന വിദ്യാസമ്പന്നയായ ഒരു പെൺകുട്ടിയായിരുന്നു.... വി വാ ഹ ശേഷം ഞങ്ങൾ എന്റെ ഗ്രാമത്തിലുള്ള വിട്ടിൽ പാട്ടിയോടാപ്പ മാണ് താമസിച്ചിരുന്നത്.. പാട്ടി ആ ഗ്രാമം വിട്ട് എങ്ങോട്ടും വരികയില്ലാത്തതു കൊണ്ട് പിന്നീട് സിറ്റിയിലേക്ക് താമസം മാറ്റാനോ അവൾക്ക് ജോലിക്കു പോകാനോ സാധിച്ചിരുന്നില്ല. മാത്രമല്ല പാട്ടിയെ തനിച്ചാക്കി ഭാര്യയെയും മക്കളെയും കൂടെ കൊണ്ടു വരാനും സാധിച്ചില്ല. ആ കാര്യങ്ങൾക്കൊണ്ടു തന്നെ അവൾ എപ്പോഴും അസ്വസ്ഥയായിരുന്നു. ഞാൻ അത് കാര്യമാക്കിയതുമില്ല. ഈ കാരണങ്ങളാൽ ഞാനും അവളുമായി അസ്വാരസ്യങ്ങളും ഉണ്ടാകാറുണ്ടായിരുന്നു
പാട്ടിയ്ക്ക് എന്റെ ഭാര്യയെയും മക്കളയും ജീവനായിരുന്നു, മക്കളെ അരികിലിരുത്തി കഥകൾ പറഞ്ഞു കൊടുക്കുകയും കോവിലിൽ കൊണ്ടുപോവുകയും ഒക്കെ ചെയ്യുമായിരുന്നു.
ഒരു വെക്കേഷന് ഞാൻ നാട്ടിൽ ചെന്ന സമയം.... ഒരു ദിവസം ഭാര്യ പറഞ്ഞു, നമുക്ക് ഇന്ന് ഒന്ന് പുറത്തു പോകാം..... എനിക്ക് ഒരു കാര്യം സംസാരിക്കാനുണ്ട് .... കുട്ടികൾ സ്ക്കൂളിൽ പോയതിനു ശേഷം ഞങ്ങൾ കാറെടുത്ത് പുറത്ത് പോയി, ഞങ്ങൾ ടൗണിലേക്ക് യാത്ര ചെയ്യവെ പലതും സംസാരിച്ചു കൊണ്ടിരുന്നു, അതിലവളുടെ പരിഭവങ്ങളും, പരാതി കളും, മോഹഭംഗങ്ങളുമൊക്കെ ഉണ്ടായിരുന്നു. മറ്റൊരു കാര്യം കൂടി അവൾ പറഞ്ഞു... ഞാൻ കഴിഞ്ഞ തവണ അവധി കഴിഞ്ഞു പോയതിന്റെ നാലാം ദിവസം ഞങ്ങളുടെ ഗ്രാമത്തിൽ തന്നെ താമാസിക്കന്ന സെന്തിലിന്റെ അച്ഛനെ അവർ" തലൈ ക്കൂ തൽ കഴിച്ചു", സെന്തിലിന്റെ ഭാര്യ അഭിരാമി അവളുടെ കൂട്ടുകാരിയായിരുന്നു. ഞാൻ ഒരു കാര്യം പറഞ്ഞാൽ അനുസരിക്കുമോ? അവൾ എന്നോട് ചോദിച്ചു!!! തെല്ലു ഭയത്തോടെ ഞാൻ പറഞ്ഞു ... പറയൂ .. നമുക്കും .. നമുക്കും .. പാട്ടിയെ തലൈ ക്കൂ തൽ കഴിച്ചാലോ? അവർക്ക് ഇത്രയും പ്രായമായി ഇനി ജീവിച്ചിരുന്നിട്ടെന്തിനാ ?....
എന്റെ കാൽ പാദം ആക്സിലറേറ്ററിൽ താഴുന്നതും കാറിന്റെ വേഗത വർദ്ധിക്കുന്നതും ഞാൻ അറിഞ്ഞില്ല..... പെട്ടെന്ന് അവൾ എന്റെ തോളിൽ തട്ടി..... കാറ് സഡൻ ബ്രേക്കിട്ട് നിന്നു.... വലിയ അപകടം ഒഴിവായി.... ഞാൻ വല്ലാതെ കിതയ്ക്കന്നുണ്ടായിരുന്നു. ഞാൻ പകപ്പോടെ അവളുടെ കണ്ണുകളിലേക്ക് നോക്കി.... പ്രതീക്ഷയോടെ അവൾ എന്നെയും.....
മല്ലികാ .... നീ എന്താണീ പറയുന്നത്, പാട്ടിയെ!!! തിരിച്ചു വീട്ടിൽ വന്ന ഞാൻ പാട്ടിയുടെ മുഖത്തേക്ക് നോക്കാൻ ഭയപ്പെട്ടു. അതിനടുത്ത ദിവസങ്ങളിലൊന്നും ഞാൻ പാട്ടിയെ അഭിമുഖീകരിക്കാൻ പാടുപെട്ടു.... എന്നാ കണ്ണാ നീ ഇപ്പിടിക വലപ്പെട്ടി റിക്കത്? മുറുക്കാൻ ചെല്ലം തുറന്ന് ഒരു നുള്ള് പുകയില വായിൽ ഇട്ടു കൊണ്ട് ചോദിച്ചു..... ഒന്നുമില്ല പാട്ടി... തിരിച്ചു പോകാനുള്ള സമയമായതു കൊണ്ടുള്ള വിഷമമാണ് ഞാൻ പറഞ്ഞു....
ആ അവധി കഴിഞ്ഞ് മടങ്ങാൻ നേരം പാട്ടിയെ വണങ്ങി പടിക്കലേക്ക് ഇറങ്ങിയപ്പോൾ അവളും കൂടെ ഇറങ്ങി വന്നു .. അടുത്ത പ്രാവശ്യം വരുമ്പോൾ ഒരു തീരുമാനമെടുത്തു വേണം വരാൻ അവൾ പറഞ്ഞു .. ഞാൻ ഒന്നും പറയാതെ വണ്ടിയിൽ കയറി.
ഇത്രയും പറഞ്ഞപ്പോഴേക്കും അയാൾ കിതപ്പടക്കാൻ പ്രയാസപ്പെടുന്നുണ്ടായിരുന്നു. ഈ തവണ അവധിക്ക് പോയപ്പോൾ മല്ലിക പറഞ്ഞതു പോലെ ഒരു തീരുമാനം എടുത്താണ് ഞാൻ പോയത്.... അണ്ണാ ..... എന്റെ പാട്ടി അമ്മയെ ഞാൻ തലൈ ക്കൂ തൽ ചെയ്തു!!!!! അയാൾ പൊട്ടിപ്പിളർന്നു.....
ഒന്നും മനസസിലാകാത്ത ഒരു പൊട്ടനെപ്പോലെ ഞാൻ ആ ദിയെ നോക്കി, തലൈ ക്കൂ തൽ!!!!!! എന്താണത്.... ആകാംഷയോടെ ഞാൻ ചോദിച്ചു.
ഞാൻ പറയാം..... എല്ലാം പറയാം..... ആ ദി തുടർന്നു..... തമിഴ് നാടൻ ഗ്രാമങ്ങളിൽ നില നിൽക്കുന്ന പരമ്പരാഗതമായ ഒരു പ്രാകൃത ആചാരമാണത്. വീടുകളിലെ പ്രായമായ വരെ നിർബന്ധപൂർവ്വം മരണം വരിപ്പിക്കുന്ന ഒരു ചടങ്ങ്..... തികച്ചും നിയമപരമല്ലാത്ത കൊലപാതകം.... മുൻ കാലങ്ങളിൽ ആഘോഷ പൂർവ്വമാണത് ചെയ്തിരുന്നത്..... പ്രായം ചെന്ന വർ മറ്റുള്ളവർക്ക് ഒരു ബാധ്യതയായി മാറാതിരിക്കാനും.... അവർ കിടന്ന് കഷ്ടപ്പെടാതി രി ക്കാനുമുള്ള ദയാവധം!!!! ഞാൻ വല്ലാത്ത നെഞ്ചിടി പ്പോടെ ആ ദിയെ നോക്കിയിരുന്നു.
അയാളുടെ മുഖം വിവർണ്ണമാകുന്നതും ശോകച്ഛ വിപടരുന്നതും ഞാൻ കണ്ടു. അയാൾ തുടർന്നു..... ഇങ്ങനെ ചെയ്യുന്നതിൽ തെറ്റ് ഇല്ലെന്നാണ് അവരുടെ പക്ഷം....
ചടങ്ങുനടക്കുന്ന ദിവസം ... വൃദ്ധരെ പുലർച്ചെ തന്നെ എഴുന്നേൽപ്പിക്കുന്നു, പിന്നീട് പ്രത്യകം തയ്യാറാക്കിയ മറപ്പുരയിൽ പീഠത്തിൽ മേൽ ഇരുത്തി( വ ഴങ്ങാത്ത വരെ ബലം പ്രയോഗിച്ച് ഇരുത്തും).... തലയിൽക്കൂടി ധാര ധാരയായി എണ്ണ വീഴ്ത്തിക്കൊണ്ടിരിക്കും( ഓയിൽ ബാത്ത് എന്നാണിതിനെ പറയുന്നത്) ഈ എണ്ണ വീഴ്ത്തൽ തുടർന്നു കൊണ്ടേയിരിക്കും..... ശരീരമാസകലം എണ്ണയിൽ കുതിർക്കുന്ന ഒരു പ്രക്രീയയാണിത്. പിന്നീട് തലയിലൂടെ തണുത ജലം ഒഴിച്ചു കൊണ്ടിരിക്കും..... തണുത്ത് വിറയ്ക്കാൻ തുടങ്ങും ... ചുറ്റും നിൽക്കുന്നവർ ചില മന്ത്രാച്ചാരണങ്ങൾ ചെയ്തു കൊണ്ടേയിരിക്കും..... അതിനു ശേഷം നാടൻ കരിക്കിൻ വെള്ളം ( ഇളനീർ) കുടിക്കാൻ കൊടുക്കും ... തുടർന്ന് തുളസിയുടെ തണ്ടും ഇലയും ചേർത്തുണ്ടാക്കിയ ജ്യൂസും കുടിപ്പിക്കും.... താമസിയാതെ തന്നെ അവർ പനി ബാധിക്കുകയും.... വൃക്കകളുടെ പ്രവൃത്തനം പൂർണ്ണമായി നിലയ്ക്കു കയും ... അതിനടുത്ത ദിവസങ്ങളിൽ തന്നെ മരണപ്പെടുകയും ചെയ്യും......
ശ്വാസം അടക്കിപ്പിടിച്ചാണ് ആ ദി യുടെ വിശദീകരണം ഞാൻ കേട്ടുകൊണ്ടിരുന്നത്. ഫ്രിഡ്ജിൽ നിന്നും തണുത്ത വെള്ളമെടുത്ത് ഒരു കവിൾ കുടിച്ചു ഞാൻ...... എന്റെ കൈയ്യിൽ നിന്നും വെള്ളക്കുപ്പി തട്ടിപ്പറിച്ചെടുത്തതു പോലെ അയാൾ മടുമടാകുടിച്ചു.
അപ്പോൾ നിങ്ങൾ പാട്ടിയമ്മയെ?????? എനിക്ക് മുഴുമിക്കാൻ കഴിയുന്നതിന് മുൻപ് ആ ദി തുടർന്നു..... ഞങ്ങളും പാട്ടിയെ തലൈ ക്കൂ തൽ ചെയ്തു..... ചടങ്ങിന് വേണ്ടി പാട്ടിയെ ഒരുക്കിയപ്പോൾ .... യാതൊരു എതിർപ്പും പറയാതെ അവർ ഇരുന്നു.... മല്ലിക ഏർപ്പെടുത്തിയ പ്രത്യേകം ആളുകളാണ് ചടങ്ങുകൾ ചെയ്തത് ... കുളികഴിഞ്ഞ് കൊണ്ടു വന്ന് കട്ടിലിൽ കിടത്തിയ പാട്ടി അമ്മയെ കാണാതിരിക്കാൻ ഞാൻ ശ്രമിച്ചു.
അടുത്ത മുറിയിൽ നിന്നും പാട്ടിയുടെ വിറയാർന്ന ശബ്ദത്തിൽ എന്നെ വിളിക്കുന്നതു ഞാൻ കേട്ടു, കണ്ണാ.... കണ്ണാ.... എന്നെ കാണാനുള്ള അവസാനത്തെ ആഗ്രഹമാണ് ആ വിളി എന്നറിഞ്ഞ എനിക്ക് പിടിച്ചു നിൽക്കാനായില്ല.... ഞാൻ ആ മുറിയിലേക്ക് ഓടി.... പാട്ടിയുടെ അരികിൽ ഇരുന്നു, പനിയുടെ പൊള്ളുന്ന ചൂടിൽ ആ ശരീര രം വിറയ്ക്കുന്നുണ്ടായിരുന്നു..... പാതിയടഞ്ഞ പീളകെട്ടിയ കണ്ണുകൾ എന്നെ നോക്കി.... ആ നോട്ടത്തെ നേരിടാനാകാതെ ഞാൻ തല കുനിച്ചു. വിറയാർന്ന ആ എല്ലിച്ച കൈകൾ കൊണ്ട് എന്റെ കയ്യിൽ പിടിച്ചു.... സാരമില്ല ..... കണ്ണാ.... എട്ടു വയസ്സിൽ നിന്നെ എന്റെ കയ്യിൽ തന്നിട്ട് അപ്പാവും അമ്മവും പോയതാണ്..... പിന്നെ എനിക്ക് നീ ആയിരുന്നു എല്ലാം... നിനക്ക് ഞാനും....
ആ കൈകൾ തലയിണയ്ക്കടിയിൽ എന്തോ തിരയുന്നതു ഞാൻ കണ്ടു. ഒരു പൊതി എടുത്ത് എന്റെ കയ്യിൽ തന്നു, അരി മുറുക്കാണ്..... നിനക്ക് ഒത്തിരി ഇഷ്ടമല്ലേ ... ഇനി പാട്ടി നിനക്ക് അരി മുറുക്ക് തരില്ല..... ശാപ്പിട് കണ്ണാ...
വാർദ്ധിക്യം ബാധിച്ച് ശോഷിച്ച് വിറക് കമ്പുകൾ പോലുള്ള ആ കാലിൽ കെട്ടിപ്പിടിച്ച് ഞാൻ കരഞ്ഞു .... മെല്ലിച്ച കൈ വിരലുകൾക്കൊണ്ട് എന്റെ തലമുടി കളിൽ തെരുപ്പിടിച്ചു കൊണ്ടിരുന്നു.... ഒടുവിൽ ആ കൈകൾ നിശ്ചലമാകുന്നതും ഊർന്നു വീണതും ഞാൻ അറിഞ്ഞു!!!! അയാൾ വീണ്ടും അലറിക്കരഞ്ഞു!!!!
ഏതോ ഒരു സിനിമയിലെ വികാര നിർഭരമായ രംഗങ്ങൾ കാണുന്നതു പോലെ ഞാൻ മരവിച്ചിരുന്നു, അയാളോട് എന്തു പറയണമെന്നോ എങ്ങിനെ പ്രതികരിക്കണമെന്നോ എനിക്കറിയില്ലായിരുന്നു ,
ആ ദി യുടെ കരച്ചിലിന്റെ ശബ്ദം നേർത്തു നേർത്ത് വന്നതും .... അയാൾ ശാന്തനാകുന്നതും ഞാൻ കണ്ടു..... ഞാൻ അയാളെ മെല്ലെ കട്ടിലിൽ കിടത്തി .... ചുണ്ടുകൾ വിറയ്ക്കുന്നുണ്ടായിരുന്നു..... മെല്ലെ .... മെല്ലെ ശാന്തമായി അയാൾ ഉറങ്ങി...... ഒരു പെരുമഴ പെയ്ത് ഒഴിഞ്ഞ തു പോലെ.....
എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല..... മനസ്സ് പിടയുന്നതു പോലെ...... ഒരു മുറുക്കാൻ ചെല്ലം വീണുടയുന്ന ശബ്ദം..... പുറത്തു വീശിയടിക്കുന്ന കാറ്റിന്റെ മർമ്മരം.... കണ്ണാ.... എന്നാരോ വിളിക്കുന്നതു പോലെ..... അശാന്തമായിരുന്നു എന്റെ മനസ്സ് .
എന്റെ കൂടെത്തന്നെ ആ ദിക്കും ടിക്കറ്റ് അറേഞ്ച് ചെയ്തു ലീവും അനുവദിപ്പിച്ചു. എന്നോടൊപ്പം അയാളും നാട്ടിലേക്ക് പോന്നു. മധുരയിൽ എത്തി അയാളെ വീട്ടിൽ കൊണ്ടു ചെന്നാക്കാൻ ഒരു ടാക്സിയിൽ പട്ടണത്തിൽ നിന്നും അയാളുടെ ഗ്രാമത്തിലേക്കുള്ള യാത്രയിലുടനീളം അയാൾ തീർത്തും ശാന്തനായിരുന്നു.... പിന്നിലേയ്ക്ക് ഓടി മറയുന്ന ഗ്രാമക്കാഴ്ചകളിലേക്ക് നോക്കിയിരിക്കവേ.. കാല സമ്പൂർണ്ണത എത്താതെ ജീവിതത്തിൽ നിന്നു വിരമിയ്ക്കാൻ നിർബന്ധിതരായ വൃദ്ധരുടെ പ്രേതാത്മാക്കൾ അവിടവിടെ അലഞ്ഞുതിരിയുന്നത് പോലെ തോന്നി.
ആ ദി യുടെ വീട്ടുപടിക്കൽ വണ്ടി നിന്നു..... കാറിൽ നിന്നിറങ്ങുമ്പോൾ...... തലയിൽ മുഴുവൻ മുല്ലപ്പൂ ചൂടി, തീ മഞ്ഞ നിറത്തിലുള്ള ചുരിദാർ അണിഞ്ഞ് ഇരു നിറമുള്ള സുന്ദരിയായ ഒരു സ്ത്രീ പുറത്തേക്ക് ഇറങ്ങി വന്നു..... മല്ലിക...... ആ ദി യുടെ ഭാര്യ.... പാട്ടിയമ്മയെ തലൈ ക്കൂ തലിലൂടെ മോക്ഷത്തിലെത്തിച്ച ദേവി.... ബന്ധങ്ങളുടെ വിലയറിയാത്ത പുതുതലമുറയുടെ നേർക്കാഴ്ച...... വിദ്യാസമ്പന്നയായിരുന്നിട്ടും....... രാക്ഷസിയതയുടെ പരിഛേദം....... എന്റെ ഉള്ളിൽ പതഞ്ഞുയർന്ന വെറുപ്പും അറപ്പും മുഖത്ത് വരാതിരിക്കാൻ പാടുപെട്ടു ....
അവിടെ നിൽക്കുന്ന ഓരോ നിമിഷവും എന്നെ വീർപ്പുമുട്ടിച്ചു കൊണ്ടിരുന്നു..... ടാക്സിക്കാരനോട് ഒരു മണിക്കൂർ കാത്ത് നിൽക്കാൻ ഞാൻ ആവശ്യപ്പെട്ടിരുന്നു. പിറ്റേന്ന് പോകാമെന്ന് പറഞ്ഞ് അവർ എന്നെ വളരെ നിർബ്ബദ്ധിച്ചെങ്കിലും എനിക്ക് അതിന് കഴിയുമായിരുന്നില്ല .... എനിക്ക് എന്റെ അമ്മയെക്കാണാനുള്ള തിടുക്കമായിരുന്നു ..
യാത്ര പറഞ്ഞിറങ്ങുമ്പോൾ..... തൊട്ടടുത്ത കോവിലിന് മുൻപിൽ വടി കത്തി പിടിച്ചു നിൽക്കുന്ന മറൊരു പാട്ടി അമ്മയെ ഞാൻ കണ്ടു ........
                                                                          **************

പാതിവഴിയിൽ ഒടുങ്ങുന്ന പലായനം - വിനോദ്‌കുമാർ. സി


2020, ജൂൺ 11, വ്യാഴാഴ്‌ച

കേരളവും കൊറോണയും ഞാനും

കുറച്ചു കാലമായി നമ്മുടെ കൊറോണ ക്കെതിരായ പോരാട്ടങ്ങളെ വളരെ ശ്രദ്ധയോടെ വീക്ഷിക്കുന്ന ഒരാളെന്ന നിലയിൽ പലപ്പോഴും പറയണമെന്നു കരുതി മാറ്റി വെച്ച ചില കാര്യങ്ങൾ പങ്കുവെക്കാനാണ് ഈ കുറിപ്പ്.

ജനുവരിയിൽ ആദ്യമായി കൊറോണ റിപ്പോർട്ട് ചെയ്തതു മുതൽ കേരളത്തിൽ നമ്മൾ സ്വീകരിച്ച മുൻകരുതലുകളും തയ്യാറെടുപ്പുകളും മാത്രമാണ് ഒരു പരിധി വരെ കൊറോണയുടെ വ്യാപനം പിടിച്ചു നിറുത്താൻ നമ്മളെ സഹായിച്ചത്. അതിന് നമ്മുടെ ഭരണാധികാരികളും, ആരോഗ്യ പ്രവർത്തകരും, പോലീസ് ഉദ്യോഗസ്ഥർ, ജില്ലാ ഭരണാധികാരികൾ തുടങ്ങി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സന്നദ്ധ പ്രവർത്തകർ വരെ അഭിനന്ദനം അർഹിക്കുന്നു. ചില പാളിച്ചകൾ ഉണ്ടാവുന്നത് സ്വാഭാവികമാണ് അതും സമാനതകളില്ലാത്ത ഇത്തരം ഒരു അടിയന്തിര സാഹചര്യം നേരിടുമ്പോൾ. വീഴ്ചകൾ തിരുത്തി മുന്നോട്ടു പോകുമ്പോഴാണ് കീഴ് വഴക്കങ്ങൾ ഉണ്ടാവുന്നത് എന്ന് എല്ലാവരും മനസ്സിലാക്കുന്നത് നന്ന്.

എന്തിലും രാഷ്ട്രീയം കാണുക എന്നത് പൊതുവെ നമ്മൾ മലയാളികളുടെ ഒരു സ്വഭാവമാണല്ലോ ... പക്ഷേ ഇത്തരം ഒരു മഹാമാരിയെ നേരിടുമ്പോഴും ചിലരെങ്കിലും സങ്കുചിത രാഷ്ട്രീയ ലാഭത്തിനായി ഒത്തിരിപ്പേർ ചേർന്നു നടത്തുന്ന പ്രതിരോധ, നിയന്ത്രണ പ്രവർത്തനങ്ങളെ തകിടം മറിക്കാൻ ശ്രമിക്കുന്നു എന്നത് വേദനാജനകമാണ്. ഞാൻ രാഷ്ട്രീയം പറയാനല്ല ഇവിടെ വന്നത് എൻ്റെ കാഴ്ച്ചപ്പാടിലെ സത്യങ്ങൾ പറയുമ്പോൾ ആർക്കെങ്കിലും ചൊറിച്ചിലു വന്നാൽ എനിക്ക് ഒന്നും ചെയ്യാനില്ല.

ലോക്ക് ഡൗൺ ശരിയോ തെറ്റോ എന്ന വാദമുഖങ്ങൾ ഉണ്ടെങ്കിലും അത് തുടക്കത്തിൽ ചെയ്തത് ഒരു പരിധി വരെ 'രോഗ വ്യാപനം തടയുന്നതിന് ഉപകാരപ്പെട്ടു എന്നത് സത്യമാണ്. കേരളത്തേപ്പോലെ ശരിയായ രീതിയിൽ ലോക്ക് ഡൗൺ നടപ്പാക്കാത്ത സ്ഥലങ്ങളാണ് ഇന്ന് രോഗവ്യാപനം മൂലം ഏറെ കഷ്ടപ്പെടുന്നത് എന്നത് പച്ചയായ യാധാർത്ഥ്യം മാത്രം.

ആദ്യഘട്ടം വളരെ വിജയകരമായി പൂർത്തിയാക്കിയ നാം രണ്ടാം ഘട്ടത്തിലേക്കെത്തിയപ്പോഴാണ് വിവാദങ്ങളുടെ ഘോഷയാത്രയുണ്ടാകുന്നത്, അതും പ്രവാസികളുടെ ചിലവിൽ. പ്രവാസികൾ എന്നൊരു വർഗ്ഗം പിരിവിനു വേണ്ടി മാത്രം എന്നു കരുതിയിരുന്ന ഞാഞ്ഞൂലുകൾ പോലും പ്രവാസികളെ ഉദ്ധരിക്കാൻ ഇറങ്ങിപ്പുറപ്പെട്ട കാഴ്ച കണ്ട് മിക്കവാറും പ്രവാസികൾ ആനന്ദ പുളകിതരായിട്ടുണ്ടാവും.

അത്യാവശ്യമായി തിരിച്ചെത്തിക്കേണ്ട എല്ലാവരേയും തിരിച്ചെത്തിക്കണം എന്നതിൽ തർക്കമൊന്നും ഇല്ല പക്ഷേ എല്ലാവരേയും ഒറ്റയടിക്ക് അങ്ങ് എത്തിച്ചു കളയാം എന്ന് ആരെങ്കിലും കരുതുന്നുവെങ്കിൽ ഇപ്പോഴത്തേ സാഹചര്യങ്ങളേക്കുറിച്ച് ഒരു ധാരണയും ഇല്ലാത്തവരാണ് അവർ എന്ന് പറയേണ്ടി വരും. സർക്കാർ കണ്ടെത്തിയ രണ്ടു ലക്ഷം കിടക്കകളുടെ കണക്കും മറ്റും പറഞ്ഞു നടക്കുന്നവർ ഇത്രയും ആളുകൾ ഒന്നിച്ചെത്തിയാൽ നമ്മുടെ ആരോഗ്യ മേഖലക്കും മറ്റു നിയന്ത്രണ സംവിധാനങ്ങൾക്കും ഉണ്ടാകാനിടയുള്ള സമ്മർദ്ദം എത്രയാവും എന്ന് ചിന്തിച്ചിട്ടുണ്ടാവാൻ ഇടയില്ല.
അതിനോടൊപ്പം തന്നെ നാട്ടിലേക്കെത്തിപ്പെട്ടാൽ പിന്നെ തിണ്ണമിടുക്കു കാട്ടണം എന്നു കരുതുന്ന ചെറിയ ഒരു വിഭാഗം പ്രവാസികൾക്കൂടിയാവുമ്പോൾ പറയാനും ഇല്ല. ( കേരളത്തിനു പുറത്തുള്ള എല്ലാവരേയും ഉദ്ദേശിച്ചാണ് പ്രവാസികൾ എന്ന് പറയുന്നത്) ഇപ്പോൾ തന്നെ നമ്മൾ കാണുന്നുണ്ടല്ലോ നിരീക്ഷണ സംവിധാനങ്ങളെ പറ്റിച്ചു കൊണ്ട് കറങ്ങി നടക്കുന്ന പലരേയു. രണ്ടു ലക്ഷത്തിൽ 1% പേരെങ്കിലും ഇങ്ങനെ ചെയ്താൽ അതു തന്നെ 2000 പേർ ആകും. ഈ 2000 പേർ ഏതെങ്കിലും രീതിയിൽ രോഗ വാഹകരാണെങ്കിൽ എത്ര പേരിലേക്ക് രോഗം പരത്താം എന്ന് സാധാരണ ബുദ്ധിയിൽ ചിന്തിച്ചാൽ തന്നെ വിഷയത്തിൻ്റെ ഗൗരവം മനസ്സിലാക്കാവുന്നതേ ഉള്ളു. ഇതുവരെ മൊത്തം രോഗികൾ 2000 ആയിട്ടില്ല എന്നതു കൂടി കൂട്ടി വായിക്കുമ്പോൾ കുറച്ചു കൂടി വ്യക്തത വരും . പ്രവാസികളെ മൊത്തത്തിൽ ഉദ്ധരിക്കാൻ നടക്കുന്ന നേതാക്കളോ ചില പ്രവാസി സംഘടനകളോ പോലും ഒരാൾ രോഗിയാണെന്നു കണ്ടാൽ പിന്നെ ആ ഭാഗത്തേക്ക് തിരിഞ്ഞു നോക്കില്ല എന്നുകൂടി ഓർക്കുക. ( ചില നല്ല മാതൃകകൾ കണ്ടില്ലെന്നു നടിക്കുന്നില്ല).

ജൂണിൽ ഗൾഫിൽ നിന്നു മാത്രം 360 വിമാനങ്ങൾ അപ്പോൾ അതിൽ ഏകദേശം 72000 പേർ നാട്ടിലെത്തും അതിനു പുറമേയാണ് ചാർട്ടർ ചെയ്ത വിമാനങ്ങളിൽ വരുന്നവരും ഇന്ത്യയുടെ മറ്റു ഭാഗങ്ങളിൽ നിന്നും വരുന്നവരും. നിലവിൽ ഇപ്പോൾ 2 ലക്ഷത്തോളം പേർ നിരീക്ഷണത്തിൽ ഉണ്ട് എന്നതും മറക്കാൻ പാടില്ല. അതിനാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ ഒരു ഭരണ സംവിധാനത്തിനു ചെയ്യാനാവുന്നതിനും അപ്പുറം കേരളം ചെയ്യുന്നുണ്ട് എന്നത് നഗ്നമായ യാഥാർത്ഥ്യം .

ഇതെല്ലാം കണ്ടില്ലെന്നു നടിച്ച് നടക്കുന്ന ദോഷൈക ദൃക്കുകൾ ഇനിയും കുരച്ചുകൊണ്ടേയിരിക്കും .അവരേ നമുക്ക് അവഗണിക്കാം. ഇനി ചെയ്യേണ്ടത് ഓരോരുത്തരും രോഗം വരാനുള്ള സാഹചര്യങ്ങളിൽ നിന്നും മാറി നിൽക്കുക എന്നതാണ്. അതോടൊപ്പം നമ്മുടെ അയൽവക്കക്കാർ ആരും നിയന്ത്രണങ്ങൾ ലംഘിക്കുന്നില്ലെന്ന് ഉറപ്പു വരുത്തേണ്ട ഉത്തരവാദിത്തം കൂടി സ്വയം ഏറ്റെടുക്കുക. അതാണ് നമുക്ക് നമ്മുടെ നാടിനോട് ചെയ്യാൻ പറ്റുന്ന ഏറ്റവും വലിയ കടമ,അതാണ് രാജ്യസ്നേഹം...

നാം ചെയ്യേണ്ട കടമ നാം ഇപ്പോൾ ചെയ്തില്ലെങ്കിൽ വരും ആഴ്ചകളിൽ തന്നെ കേരളം മറ്റൊരു മഹാരാഷ്ട്രയോ തമിഴ്നാടോ ആകും എന്നത് സുനിശ്ചിതം. ഇനിയും ഇതു മനസ്സിലാക്കാതെ അവകാശങ്ങളേക്കുറിച്ചു മാത്രം പ്രസംഗിച്ച് കടമ മറക്കുന്നവരേപ്പോലെയായാൽ ബാക്കി ഒന്നും ഉണ്ടാവില്ലെന്ന തിരിച്ചറിവുകൂടി ഉണ്ടായാൽ നല്ലത്. കൊറോണക്കെന്ത് അവകാശബോധം.... സ്വയം സുരക്ഷിതനാവുക എന്നത് മാത്രമാണ് പ്രതിവിധി...
                                                       മനസ്സിലാക്കിയാൽ നല്ലത്

2020, ജൂൺ 10, ബുധനാഴ്‌ച

പാതിവഴിയിലൊടുങ്ങുന്ന പാലായനം













* *പാതി വഴിയിലൊടുങ്ങുന്ന പാലായനം ** 

 *വിനോദ് കുമാർ സി (കതിരൂർ)* 

കുഞ്ഞേ മാപ്പ് മാപ്പ് 
നിൻ നിഷ്കളങ്കമാം മുഖം
എന്നിന്ത്യതൻ 
നേർ കാഴ്ച്ചയായ് 
മായാതെ മനസ്സിൽ 
പതിഞ്ഞു പോയ്
തല ഉയർത്തിപ്പിടച്ച
ഭരണവർഗ്ഗമെ
തല താഴത്തുക
പുറം തിരിഞ്ഞുനിന്ന
ഭരണകൂടമേ
നേരെ നിന്നു നോക്കി
കാണുക നിങ്ങൾതൻ
ഭരണ മാഹാത്മ്യം
ഇനിയും
പുലമ്പുമ്പോളോർക്കുക
പാലായനത്തിനിടയിൽ
പാതി വഴിയിൽ തളർന്ന്
തകർന്നൊടുങ്ങി
ജീവന്റെ ഉച്ചശ്വാസം
നിലച്ചതറിയാതെ
ഒപ്പം കിടന്നുറങ്ങിയ
അമ്മയിനി
ഉണരില്ലെന്നറിയാതെ
ഉണർത്തുവാൻ ശ്രമിച്ച
പിഞ്ചോമന തൻ മുഖം
മഹാ വ്യാധിയാണിവിടം
വീട്ടിലൊതുങ്ങി കൂടി
വീടുവിട്ടിറങ്ങാതിരിക്കുവാൻ
ഒറ്റ രാത്രിയിൽ
ഒറ്റ ശ്വാസത്തിൽ
മറു പുറം ചിന്തിച്ചിടാതെ
പറഞ്ഞു വച്ചവർ
ഓർത്തു കാണില്ല
കൂരയില്ലാതെ
എത്തുനിടം കൂര കൂട്ടി
ഒട്ടിയ അരവയറിൻ
വിശപ്പടക്കുവാൻ 
കൂടപിറപ്പുകളെ വിട്ട്
കൂലിവേല ചെയത്
അന്നം മുടങ്ങാതെ
അന്തിയുറങ്ങുവാൻ
പെടാപാട് പെടുന്നകൂട്ടരെ
കുത്തകക്കാരൻ
കാണാതിരിക്കുവാൻ
മതിൽ കെട്ടി മറച്ചാൽ 
മറിക്കുവാനാകതില്ലീ
എൻ ഇന്ത്യതൻ
നേർക്കാഴ്ച്ചകൾ
മറ നീക്കി പുറത്തു വന്നവർ
നിങ്ങളെ നോക്കി 
കൊഞ്ഞനം കുത്തിടുമ്പഴും സിംഹാസത്തിലാസനസ്ഥനായ്
ഗീർവാണവും വിട്ട്
കൽപ്പന ജല്പനമായ്
ഉരിയാടിടും
കരുണ തീണ്ടാത്ത
ഭരണവർഗ്ഗമെ
കാണുക ഒരു നോക്ക്
നോക്കുക പിന്നെ
മനസ്സിൽ മായാതെ
സൂക്ഷിക്കുക ഒപ്പം
പാoമാക്കുക
മനസ്സിരുത്തി പഠിക്കുക
പറയുന്നുണ്ടൊരുപാട് പാഠം
ഭരണകൂടവർഗ്ഗമേ
അധികാരമോഹവുമായ്
മാറി മാറി ഭരിച്ചതിൻ
ഗുണപാഠം പഠിപ്പിച്ചിടും
പാലായനത്തിനിടയിൽ
ചേതനയറ്റു പോയൊരാ
അമ്മ തന്നരികിൽ നിൽക്കുമാ
ആപിഞ്ചു പൈതൽ തൻ
നിഷ്കളങ്കാമാം
ചേഷ്ടകളൊരോന്നുമേ

2020, ജൂൺ 3, ബുധനാഴ്‌ച

ഒരു മഴക്കൊപ്പം

മഴയോടു ചേർന്നൊരാ പുലരിയേക്കാണുവാൻ

ഒരുപാടു നാളായ് ഞാൻ കാത്തിരിപ്പൂ
കനലുകളേറുമാ ദിനരാത്രമൊക്കെയും
ഒരു പാഴ്ക്കിനാവായ് മറഞ്ഞിടുന്നു
നനവാർന്ന മണ്ണിൻ പുതുമണമാസ്വദി-
ച്ചിവിടൽപ്പനേരമിരുന്നിടട്ടേ,
തരളിതരാമൊരാ തരുലതകൾ തൻ
മൃദുമന്ദ്രണങ്ങൾ ശ്രവിച്ചിടുമ്പോൾ
മനസ്സില്ലെരിയും നെരിപ്പോടിനുള്ളിലേ-
ക്കൊരു കൊച്ചു തെന്നലിൻ സാന്ത്വനവും
ഇനിയും കുളിർക്കാത്തൊരെൻ ഹൃത്തിനുളളിലേ-
ക്കൊരു ചാറ്റൽ മഴയെന്നു വന്നു ചേരും
പൊരിവേനലന്ത്യത്തിലെത്തിയോരീമഴ-
ത്തുള്ളികൾ പുത്തൻ പ്രതീക്ഷകളായ് .....
കാത്തിരിക്കുന്നു ഞാൻ പുത്തൻ പ്രതീക്ഷകൾ
പൂവണിയുന്ന സുദിനത്തിനായ്.