വെള്ളം' തേകലും തിരിയ്ക്കലും' ഒക്കെ തനിയെയാണ്. കൃഷി തനിക്കൊരു ജീവനോപാധി മാത്രമല്ല, അത് തരുന്ന സംതൃപ്തിയും.. മണ്ണിനോടും ചെളിയോടുമുള്ള ഒരു തരം വൈകാരികബന്ധം, ചെളിക്കട്ടകൾ ഉടഞ്ഞ് ഉഴുതു മറിയുമ്പോഴുള്ള ആ മണം ഒരു ലഹരിയാണ്... മണ്ണിനോടുള്ള അടങ്ങാത്ത ഉന്മാദം.
യന്ത്രവൽകൃത നിലം ഉഴൽ സമ്പ്രദായങ്ങൾ ഒക്കെ നിലവിൽ വന്നെങ്കിലും, താനിപ്പോഴും കാളയും കലപ്പയും ഉപയോഗിക്കുന്നു, 'ത്ലാക്കൊട്ട' ഉപയോഗിച്ച് വെള്ളം തേകി കണ്ടങ്ങളിലേയ്ക്കൊഴുക്കുന്നു... അത് ഒരു ശരീര വ്യായാമം കൂടിയാണ് തനിക്ക്. ആ പഴമയെ വാരിപ്പുണരുമ്പോഴുള്ള സുഖം... അനുഭൂതി... നിർവൃതി... അത് മറ്റാർക്കും മനസ്സിലാവില്ല.
" കാളപൂട്ടലും ഞവുരി അടിയും തേക്കു കൊട്ടയും ഒന്നും തനിയ്ക്ക് ഉപേക്ഷിയ്ക്കാറായില്ലേ?... കാലം മാറി എന്നിട്ടും തനിക്കും തന്റെ കൃഷി രീതിയ്ക്കും ഒരു മാറ്റവും ഇല്ലല്ലോ... ഇങ്ങനെ ഒരു പഴഞ്ചൻ... പഴയ എം എ ക്കാരനാ... ചെളിയിൽ നിന്നുകയറാൻ നേരമില്ല".... ആളുകൾ തന്നെ കളിയാക്കിപ്പറയും.
അതെ, താൻ ഒരു പഴഞ്ചൻ തന്നെയാണ്, വലിയ മോഹങ്ങൾ ഒന്നുമില്ലാത്ത ഒരു സാധാരണക്കാരൻ... അപ്പനിൽ നിന്ന് പകർന്നു കിട്ടിയ മണ്ണിനോടുള്ള പ്രണയം, അതുകൊണ്ടാണല്ലോ വിദ്യാഭ്യാസം നേടിയിട്ടും ഉപജീവനമാർഗ്ഗമായി കാർഷികവൃത്തി തിരഞ്ഞെടുത്തത്.
പാടത്തു നിന്ന് കയറുമ്പോൾ എട്ടു മണി കഴിഞ്ഞിരിക്കണു, വല്ലാത്ത വിശപ്പും പരവേശവും.
" തേക്കലും വെള്ളം തിരീം ഒക്കെ കഴിഞ്ഞോ റോയിയെ"! എതിരെ വന്ന വർക്കിച്ചേട്ടൻ ചോദിച്ചു.
" ഓ എന്നാ പറയാനാ വർക്കിച്ചേട്ടാ... പാതിരാ കഴിയുമ്പോ പോയാലെ ഈ നേരത്തെങ്കിലും കയറാൻ പറ്റൂ"... ഇനി ഇന്ന് കപ്പയ്ക്ക് ഇട കൊത്തുണ്ട്...
" റോയിയേ... വീട്ടിൽ കോഴിമുട്ടയിരിപ്പുണ്ടോടാ... പത്തിരുപത് എണ്ണം എടുക്കാൻ"
" എന്തിനാ ജാനകിയമ്മേ?....
" അതോ അടുത്തയാഴ്ച ഉഷേടെ മകളുടെ " വയറു കാണാൻ" പോകുവാ... പലഹാരം ഉണ്ടാക്കിക്കൊണ്ടുപോകാനാ"...
" പിന്നെ മുട്ട കാണും... ആനിയോട് ചോദിക്കട്ടെ, അതൊക്കെ അവളുടെ വകുപ്പാ.... ഉണ്ടെങ്കില് കൊടുത്തു വിടാം"
കാലുകൾ നീട്ടി വലിച്ചു നടന്നു.... രണ്ടു മൂന്നു ദിവസായി 'കോക്കാട്ടേയ്ക്ക്' ഒന്നു പോയിട്ട്, തേങ്ങാ ഇടീയ്ക്കുന്ന കാര്യം അപ്പച്ചൻ പറഞ്ഞിരുന്നു, പാവങ്ങൾ അതുങ്ങള് രണ്ടും തന്നെയല്ലേയുള്ളൂ... എട്ട് മക്കൾ ഉള്ള തന്തയും തള്ളയുമാ... വയസ്സാം കാലത്ത് തിരിഞ്ഞു നോക്കാൻ ആരും ഇല്ല... ..... എല്ലാരും അമേരിക്കേലും കാനഡായിലും ഇംഗ്ലണ്ടിലുമൊക്കെയായി.... അഞ്ചെട്ടേക്കറു സ്ഥലോം വലിയ തറവാടും ഒക്കെ ഇവിടെ വെറുതെ കെടക്കണ്... തന്നെ നോക്കാനും ഏൽപ്പിച്ചിട്ടുണ്ട്... താനാണ് അവർക്ക് ഏക ആശ്രയം, അകന്ന ബന്ധുക്കൾ അത്രയുള്ളൂ ബന്ധം എങ്കിലും സ്വന്തം മാതാപിതാക്കളെ പോലെ നോക്കുന്നുമുണ്ട്... .
വീടെത്തിയതറിഞ്ഞില്ല, പശുവും കിടാവും തൊഴുത്തിൽ തന്നെ നിൽക്കുന്നു!!!!
" എന്റെ ആനീ..... ഈ പശുവിനേം ക്ടാവിനേം കറവ കഴിഞ്ഞ് പുറത്തേയ്ക്ക് ഒന്ന് ഇറക്കിക്കെട്ടാൻ മേലാർന്നോ... നേരം ഇത്രേം പുലർന്നില്ലേ..."
" എനിയ്ക്ക് രണ്ട് കയ്യല്ലേയുള്ളൂ റോയിച്ചാ... പിള്ളേരെ സ്കൂളിൽ വിടാനുള്ള തിരക്കങ്ങനെ... അതിനിടെ അന്നയുടെ ടീച്ചർ വിളിച്ചു അവളെ പ്രസംഗ മത്സരത്തിന് പ്രാക്ടീസ് ചെയ്യിക്കണമെന്ന് പറഞ്ഞ്, ഉപജില്ലാ കോംപറ്റീഷൻ വരുവല്ലേ... റോയിച്ചനോട് പ്രത്യേകം പറയാൻ പറഞ്ഞു. രണ്ടു ദിവസായി നമ്മുടെ 'പുള്ളിപ്പെടയെ' കാണാനില്ലായിരുന്നു... മുട്ടയിട്ടു കൊണ്ട് നടന്നതാ.. കിഴക്കേ മൂലേലെ ഇല്ലിച്ചോട്ടിൽ ഒരു കോഴി ചത്തു കെടക്കണന്ന് അവിടെ കിളച്ചോണ്ടിരിക്കണ മത്തൻ വിളിച്ചു പറഞ്ഞു... അതു കേട്ടോണ്ട് ഞാൻ അങ്ങോട്ടു പോയി... പുള്ളിപ്പെടയെ പാക്കാൻ പിടിച്ചതാ.. എല്ലും തോലും അവിടെ കിടപ്പുണ്ട്".
കാലും കയ്യും കഴുകി വന്നപ്പോഴെക്കും ആനി ചായ കൊണ്ടുവന്നു....
" അമ്മച്ചി ചായ കുടിച്ചോ.... എഴുന്നേറ്റില്ലേ"....
പത്രം എടുത്ത് ഓടിച്ചു നോക്കി... ആദ്യം കണ്ണു പോകുന്നത് കമ്പോള നിലവാരം നോക്കാനാണ്... റബ്ബറിന് വില കൂടിയോ, ജാതിപത്രി എങ്ങിനെയുണ്ട്... കൊപ്രയുടെ നിലവാരം എന്താണ്....
" റോയിച്ചാ... ബേബിച്ചായൻ വിളിച്ചിരുന്നു, അമേരിക്കേന്ന്... എന്തോ അത്യാവശ്യ കാര്യം പറയാനുണ്ടെന്ന് പറഞ്ഞു... റോയിച്ചൻ വരുമ്പം വിളിക്കാന്നു പറഞ്ഞിട്ടുണ്ട്"......
" കുളിച്ചിട്ട് വാ... കഴിയ്ക്കാനെടുത്തു വയ്ക്കാം"...
" കുളിച്ചതാ... കുളത്തിൽ ഒന്നു മുങ്ങിക്കേറി"...
" അപ്പാ .. എന്റെ ബൂട്ട് എന്നാ വാങ്ങണെ"?..... ജോക്കുട്ടൻ ചോദിച്ചു.
" വാങ്ങാം... ശനിയാഴ്ച ആവട്ടെ"...
മോര് ഒഴിച്ചിട്ടിരുന്ന പഴയങ്കഞ്ഞിയിൽ പച്ചമുളക് ഉടച്ച്..... ചക്കപ്പുഴുക്ക് ഞവടി മൺചട്ടിയിൽ മോന്തുന്നത് കണ്ട് ആനി ചിരിച്ചു....
" എന്റെ റോയിച്ചാ... ആ മേശപ്പുറത്തിരുന്ന് കഴിച്ചുടെ... ഇങ്ങനെ ഒരു പഴമനുഷ്യൻ"....
" ആനീ... ഈ " കൊരണ്ടിപ്പലക" യിലിരുന്ന് പഴങ്കഞ്ഞിയും പുഴുക്കുമൊക്കെ കഴിക്കുമ്പോൾ അനുഭവിക്കുന്ന സുഖം ഡൈനിങ്ങ് ടേബിളിൽ കിട്ടിയേല"..... കുട്ടിക്കാലമാണ് ഓർമ്മ വരിക... ഞങ്ങൾ എല്ലാവരും... ചാച്ചനും, അമ്മച്ചിയും ഇങ്ങനെ നിലത്തിരുന്ന്... അമ്മ വാത്സല്യത്തോടെ വിളമ്പിത്തരുന്ന പുഴുക്കും ഉണക്ക മീൻ ചുട്ടതും... ഹോ.. അന്നത്തെ ഭക്ഷണത്തിനൊക്കെ എന്നാ രുചിയായിരുന്നു".....
കോക്കാട്ടെ മലയിലെ പറമ്പിലായിരുന്നു അന്ന് കൃഷി ചെയ്തോണ്ടിരുന്നത്, കപ്പയും, ഇഞ്ചിയും, മഞ്ഞളുമൊക്കെ.... കഷ്ടപ്പാടായിരുന്നുവെങ്കിലും എത്ര നല്ല കാലമായിരുന്നു അതൊക്കെ...
" വെറുതെയല്ലാ അപ്പേനെ എല്ലാരും 'പഴഞ്ചൻ' റോയി എന്നു വിളിക്കണെ"... അന്ന.. അകത്തെ മുറിയിൽ നിന്നു കളിയാക്കി പ്പറഞ്ഞു.
" അത് അപ്പയ്ക്ക് ഇഷ്ടാ മോളേ"...
അകത്തെ മുറിയിൽ ഫോൺ ബെല്ലടിക്കുന്നു...
" ഹലോ... ങ്ങ്ഹാ... ഉണ്ട്.. കൊടുക്കാം"... " അപ്പേ... ബേബി യങ്കിളാ... അമേരിക്കേന്ന്...
" ഹലോ... ബേബിച്ചായോ... ഞാൻ പാടത്തായിരുന്നു... പാതിരാ കഴിഞ്ഞപ്പപ്പോയതാ... ദാ... ഇപ്പ വന്നു കേറി ഇത്തിരി കഞ്ഞി കുടിച്ചു"...
" ങ്ങ്ഹാ.. റോയിയെ... വേറെ എന്നാ വിശേഷങ്ങൾ... കൃഷീം കാര്യങ്ങളുമൊക്കെ എങ്ങിനെ പോകുന്നു... റബ്ബറിനൊന്നും തീരെ വിലയില്ലല്ലോടാ... എങ്ങിനെ പിടിച്ചു നിൽക്കുന്നു?... നീ വീട്ടിലേക്ക് എങ്ങാനും പോയിരുന്നാ?
" ഉവ്വ്.... എന്നും തന്നെ പോകാറുണ്ട്... അവിടെ വിശേഷം ഒന്നും ഇല്ല". അപ്പച്ചന്റെ മുട്ട് വേദന അൽപ്പം കൂടുന്നുണ്ട്, കഴിഞ്ഞയാഴ്ച വൈദ്യശാലയിൽപ്പോയി കഷായവും കുഴമ്പും വാങ്ങിക്കൊടുത്തിരുന്നു.
" ഞാൻ ഒരു പ്രധാന കാര്യം പറയാനാ ഇപ്പോ വിളിച്ചത്...
" എന്താ ബേബിച്ചായാ"....
റോയി... ഞങ്ങൾ ചില തീരുമാനങ്ങൾ എടുത്തിട്ടുണ്ട് .. ചാച്ചനേം.... അമ്മേനേം... അമേരിക്കയിലേക്ക് കൊണ്ടുവരാൻ, ഇനിയുള്ള കാലം ഇവിടെ കഴിയട്ടെ... അവർ ഒരു വട്ടം ഇവിടെ വരികയും ചെയ്തിട്ടുണ്ടല്ലോ ... വിസായും ഉണ്ട്. അവിടുത്തെ വീടും പറമ്പും മലയിലെ പറമ്പും ഒക്കെ ഒന്നിച്ചു വിൽക്കാനുള്ള ഏർപ്പാടുകൾ ചെയ്യുന്നുണ്ട്... നിന്നെ ഈ ദിവസങ്ങളിൽ ഒരാൾ വിളിക്കും, കോട്ടയത്തുനിന്ന്... സിറിയക് ഇവിടെയുള്ള എന്റെ സുഹൃത്താണ്. അയാൾ ആ സ്ഥലങ്ങളെല്ലാം കൂടി നല്ല വിലയ്ക് വാങ്ങാനാണ്... അവർക്ക് അവിടെ വില്ലാ പ്രോജക്ടിനു വേണ്ടിയാണ്.... നീ അയാൾക്ക് നമ്മുടെ തറവാടും സ്ഥലങ്ങൾ എല്ലാം കാണിച്ചു കൊടുക്കണം... ഞങ്ങൾ ഒരു ധാരണയിലെത്തിയിട്ടുണ്ട്. ചാച്ചനോടും അമ്മയോടും വിശദമായിട്ടൊന്നും ഇപ്പോൾ പറയേണ്ട"
" അല്ല ബേബിച്ചായാ... അപ്പച്ചനേം, അമ്മയേയും ഈ വയസ്സു കാലത്ത് അമേരിക്കയിലേയ്ക്ക് കൊണ്ടുപോകുക എന്നു പറഞ്ഞാൽ... അവർ അതിന് തയ്യാറാവുമോ?, പെട്ടന്ന് ഒരു പറിച്ചു നടീൽ... അവർക്ക് താങ്ങാൻ പറ്റ്വോ?
"അതിന് ഇപ്പോ... അവരുടെ അനുവാദത്തിന് കാത്തു നിൽക്കാൻ കഴിയ്യോ... അവരെ ഇനി അവിടെ നിർത്തീട്ട് എന്നാ ചെയ്യാനാ.... ഞങ്ങൾക്ക് ആർക്കും ഇനി അവിടെ വന്ന് നിന്ന് അവരെ നോക്കാനൊന്നും ഒക്കത്തില്ല... ഞാനും മോളികുട്ടീം പിള്ളേരും ഇവിടെ... മോളമ്മേം കുടുബവും ഡാളസില്.... ലൗലീം കുടുമ്പോം, സാലീം കുടുംബവും ന്യൂയോർക്കില്,... തമ്പി ച്ചേട്ടനും, മാത്തുക്കുട്ടീം ഒക്കെ ഫാമിലിയായിട്ട് ന്യൂജേഴ്സില്... മേരിക്കുഞ്ഞും, റോസ്ലീം ഒക്കെ കാനഡായിൽ... ജിമ്മിയാണേൽ ലണ്ടനില്.... എല്ലാവരും സെറ്റിൽഡാണ്, ആർക്കാ നാട്ടിൽ വന്ന് ആ ഓണംകേറാ മൂലേല് താമസിച്ച് അപ്പനേം അമ്മേം നോക്കാൻ നേരം?.. ഞങ്ങൾക്ക് ഞങ്ങളുടെ ജീവിതവും മക്കളുടെ ഭാവിയുമല്ലേ വലുത്!!!! മോളിക്കുട്ടിക്കും, പിള്ളേർക്കും നാട് എന്ന് കേൾക്കുമ്പോൾ ഓക്കാനം വരും!!!! അതു തന്നെയുമല്ല ഏക്കർ കണക്കിന് വരുന്ന ആ സ്ഥലം എല്ലാം അവിടെ കിടന്നിട്ട് എന്തോ ചെയ്യാനാ... ഇപ്പോഴാണെങ്കിൽ ഞങ്ങൾ മൂന്നാറിൽ പണിതു കൊണ്ടിരിക്കുന്ന റിസോർട്ടിന്റെ പൂർത്തീകരണത്തിന് ഇനിയും ധാരാളം പണം ആവശ്യമുണ്ട്, അതുകൊണ്ട് അതു മുഴുവൻ വിറ്റ് അപ്പനേയും അമ്മയേയും ഇങ്ങോട്ട് കൊണ്ടുവരാൻ തീരുമാനിച്ചു. അവർ ഇങ്ങോട്ട് വന്നാൽ ഓരോരുത്തരുടെയും വീട്ടിൽ മാറി മാറി നിർത്താം.... പിള്ളേരെ നോക്കുകയും ചെയ്യാം... ഇവിടാണെങ്കിൽ സേർവ്വന്റിന് ഞങ്ങൾ എത്ര പൈസയാ കൊടുക്കുന്നതെന്നറിയാമോ? മോളിക്കുട്ടിയാണേൽ നിർബ്ബന്ധം പിടിക്കുവാ.... ബേബിച്ചായൻ ശ്വാസം വിടാതെ പറഞ്ഞു കൊണ്ടിരുന്നു.
" ബേബിച്ചായ.... പക്ഷേ അവർക്ക് അതിനോടെങ്ങനെ പൊരുത്തപ്പെടാൻ പറ്റും? ജനിച്ചു വളർന്ന നാടും വീടും ഒക്കെ വിട്ടിട്ട് ഈ പ്രായാധിക്യത്തിൽ..... എന്നാൽ ആവുംവിധം ഒക്കെ ഞാൻ നോക്കുന്നുണ്ട്... കൂടാതെ ഒരു സഹായിപ്പെണ്ണും ഉണ്ടല്ലോ".
" റോയി.. നീ അവരെ നോക്കുന്നുണ്ടെന്നെനിക്കറിയാം.... പക്ഷേ ഞങ്ങൾ സ്വന്തം മക്കളല്ലേ? അവരുടെ ജീവിതം ഒക്കെ കഴിയാറായി .... ഇനി ഇപ്പോ എവിടെ ആയാലെന്താ.... ഞാൻ ക്രിസ്തുമസ്സിന് അവിടെ എത്തും, അപ്പോഴേക്കും എല്ലാം റെഡിയാകണം.... ചാച്ചനോടും അമ്മയോടും ഞാൻ വന്നിട്ട് കാര്യങ്ങൾ പറഞ്ഞോളാം... നീ പറയേണ്ട, ഡിസംബറിൽ വരുമെന്ന കാര്യം മാത്രം പറഞ്ഞാൽ മതി.... ഞാൻ പിന്നെ വിളിക്കാം".
ഫോൺ സംഭാഷണം അവസാനിപ്പിച്ച് മുറി വിട്ട് പുറത്തേക്കിറങ്ങുമ്പോൾ മനസ്സ് മൂകമായി.
" എന്തുപറ്റി റോയിച്ചാ.... ബേബിച്ചായൻ എന്നാ ഇത്രേം നേരം പറഞ്ഞത്"? ആനി ചോദിച്ചു
മുറ്റത്തേക്കിറങ്ങി... ആനി മീൻ വെട്ടിക്കൊണ്ടിരുന്നു.... " എന്താ ബേബിച്ചായൻ പറഞ്ഞേ?"
" അവിടുത്തെ അപ്പച്ചനം അമ്മച്ചിയേം അവർ അമേരിക്കയിലേയ്ക്ക് കൊണ്ടുപോകുന്നു.... വീടും സ്ഥലവുമെല്ലാം വിൽക്കാൻ ഏർപ്പാടാക്കി". " കഷ്ടം അതു ങ്ങൾക്ക് എങ്ങിനെ പോകാനാകും!!!! ഇവിടം വിട്ട്....
" എന്താ മോനേ നീ വിഷമിച്ചിരിക്കണെ? അമ്മച്ചി മുറ്റത്തേക്കിറങ്ങി വന്നു..... നീ ആരോടോ ഫോണിൽ വർത്തമാനം പറയുന്നത് കേട്ടല്ലോ"
" അതേയ്... അമ്മച്ചി... നമ്മുടെ ബേബിച്ചായനായിരുന്നു, കോക്കാട്ടെ... അവർ എല്ലാം വിറ്റുപെറുക്കി പോകുവാ"
എല്ലാവരും മൗനമായ്.....
തന്റെ ഓർമ്മയിൽ " കോക്കാട്ടുകാർ" വലിയ പ്രതാപികളായിക്കഴിഞ്ഞിരുന്നു, കഠിനാദ്ധ്വാനികളായിരുന്നു അപ്പച്ചനും അമ്മച്ചിയും..... ആ കാണുന്നതെല്ലാം അവർ ഉണ്ടാക്കിയതാണ്.... ഭൂ ഉടമകൾ. മക്കളെയെല്ലാം പഠിപ്പിച്ചു... എഞ്ചിനിയർമാരും ഡോക്ടർമാരും... പെൺ മക്കളെല്ലാം നേഴ്സും മാരുമൊക്കെയായി.... ഏറ്റവും മൂത്ത പെണ്ണമ്മ ചേച്ചിയായിരുന്നു ആദ്യം അമേരിക്കയിൽ എത്തിയത്, പിന്നെ ഓരോരുത്തരായി പോയി... കണക്കില്ലാതെ പണം വാരിക്കൂട്ടി... മക്കളും മരുമക്കളും കൊച്ചുമക്കളും ഒക്കെയായി വലിയ കുടുംബം. ചിലർ ഒക്കെ' മദാമ്മ' മാരേയും...' കറമ്പൻ' മാരേയും ഒക്കെ' കെട്ടി' നാട്ടിൽ നിന്നകന്നു... കോക്കാട്ടെ തറവാട്ടിൽ ഒരു സങ്കരസംസ്ക്കാരം ഉടലെടുത്തു. ആരും തന്നെ അങ്ങിനെ നാട്ടിൽ വരാറില്ല.... ഓരോ ക്രിസ്തുമസ്സും ഈസ്റ്ററും വരുമ്പോൾ അപ്പച്ചനും അമ്മച്ചിയും പ്രതീക്ഷയോടെ കാത്തിരിക്കും.... ഏതെങ്കിലും മക്കൾ വരുമെന്ന പ്രതീക്ഷയിൽ..... ആരും വരാറില്ല... ബേബിച്ചായൻ മാത്രമാണ് വല്ലപ്പോഴുമെങ്കിലും ഒന്ന് വിളിക്കുന്നത്.
അമ്മച്ചി ഇപ്പോഴും പശുവിനെ വളർത്തുന്നുണ്ട്.... പാൽ വിറ്റും തേങ്ങായും, ജാതിക്കായും, റബ്ബറും ഒക്കെ വിറ്റ് പൈസാ ഉണ്ടാക്കി ബാങ്കിൽ ഇടുന്നു മക്കൾക്ക് വേണ്ടി.
എം.എ. പാസ്സായപ്പോൾ ബേബിച്ചായൻ പറഞ്ഞതാണ് ഒരു അമേരിക്കക്കാരി നേഴ്സിനെ ആലോചിക്കാമെന്ന്.... ആനി അന്നു മനസ്സിൽ ചേക്കേറിയിരുന്നു.... വലിയ ആഗ്രഹങ്ങളൊന്നും അന്നും ഉണ്ടായിരുന്നില്ല.... ആദ്യമൊക്കെ ജോലിക്ക് വേണ്ടി ശ്രമിച്ചിരുന്നു.... പിന്നെ സ്വന്തം ഭൂമിയിലേക്കിറങ്ങി... ഒരു കൃഷിക്കാരനായി.... തന്റേതായ ശൈലിയിൽ.
ബി.എ. മലയാളം ക്ലാസ്സിൽ വച്ചായിരുന്നു ആനിയെ ആദ്യമായി കണ്ടത്, തന്റെ ജൂനിയർ. ഗ്രാമത്തിന്റെ വിശുദ്ധിയും... ലാളിത്യത്തിന്റെ നൈർമല്യവുമുള്ള നാടൻ പെൺക്കുട്ടി... കായാമ്പൂ കണ്ണുകളും... താമരയിതളിനോടൊത്തു നിൽക്കുന്ന കവിൾത്തടങ്ങളിലെ കാക്കപ്പുള്ളിയും... ദാവണി ചുറ്റി മറയ്ക്കാൻ ശ്രമിച്ചിട്ടും തൂവി തുളുമ്പുന്ന നിറയൗവ്വന ഗാത്ര സൗഭഗതത്തിന്റെ നിമ്ന്നോന്നതങ്ങളിൽ കണ്ണുകളുടക്കി നിന്നു.... പതിവായി ശ്രദ്ധിച്ചു തുടങ്ങിയപ്പോൾ... കോളേജിലെ ഇടനാഴികളിലും... ലൈബ്രറി ഹാളിലും ഒക്കെ വച്ചു കണ്ണുകൾ കൂട്ടിമുട്ടി.... പിന്നീട് ഇഷ്ടമറിയിച്ചു.... കലാലയ പ്രണയത്തിന്റെ വർണ്ണാഭമായ അതിഭാവുകത്വങ്ങൾ ഒന്നും ഇല്ലാതെ... ഹൃദയം കൈമാറി... കടക്കണ്ണിൽ പ്രണയത്തിന്റെ തിരകൾ ഒളിപ്പിച്ചു വച്ച് ആനി കാത്തിരുന്നു... ചില വർഷങ്ങൾ.
" കട്ടപ്പനേന്ന് ഒരു ആലോചന വന്നിട്ടുണ്ട് റോയിച്ചാ.... എല്ലാർക്കും ഇഷ്ടായി... എന്താ ചെയ്യെണ്ടേ?
" നിനക്കിഷ്ടായോ"?
" ന്റെ ഇഷ്ടം റോയിച്ചനറിയാലോ... ന്റെ കാത്തിരിപ്പ് വെറുതെ ആവ്വോ"....
കാത്തിരിപ്പ് വെറുതെയായില്ല... പത്തൊൻമ്പത് വർഷങ്ങൾ കഴിഞ്ഞിരിക്കണു... തന്റെ ഇഷ്ടങ്ങൾ എല്ലാം അറിയുന്നവൾ.. ചക്കുക്കുരുവും മാങ്ങായും.. മാങ്ങായും ചെമ്മീനും... മുരിങ്ങക്കാത്തോരനും... ഉണക്കമീൻ ചമ്മന്തീം ഒക്കെ യഥേഷ്ടം ഉണ്ടാക്കിത്തന്നും.. കോഴിയെ വളർത്തിയും പശുവിനെ വളർത്തിയും... ടി.വി സീരിയൽ കണ്ട് കരഞ്ഞും.. ഇണങ്ങിയും പിണങ്ങിയും തന്റെ ജീവന്റെ ഭാഗമായി ജീവിക്കുന്ന ആനി.
" വിഷമിച്ചിട്ട് എന്തു ചെയ്യാനാ റോയിച്ചാ... അവരുടെ അപ്പനും അമ്മയുമല്ലേ.. അവരുടെ ഇഷ്ടം പോലെയല്ലേ നടക്കൂ... നമുക്ക് എന്തു ചെയ്യാൻ പറ്റും".. ആനിയുടെ ശബ്ദം തന്നെ ചിന്തകളിൽ നിന്നുണർത്തി.
" റോയിയെ.... നിന്നെ രണ്ടു ദിവസായല്ലോ കണ്ടിട്ട്, തേങ്ങാ ഇടീക്കുന്ന കാര്യം ഞാൻ പറഞ്ഞിരുന്നില്ലേ? കോക്കാട്ട് ചെല്ലുമ്പോൾ അപ്പച്ചൻ ഇറയത്തിരുന്ന് ചക്കപ്പഴം തിന്നുന്നു... അമ്മച്ചി ചക്ക മുറിച്ച് ഇരിഞ്ഞ് മുറത്തിലേക്ക് ഇട്ടു കൊടുക്കുന്നു...
" നല്ല മധുരമുള്ള തേൻ തുള്ളി വരിയ്ക്കയാടാ റോയി... അടുക്കളപ്പുറത്തെ പ്ലാവിലയാ... തിന്നോ"... അമ്മച്ചി പറഞ്ഞു.
ഇവരുടെ ഈ സ്വാതന്ത്ര്യവും സന്തോഷവുമെല്ലാം തീരാൻ പോവുകയാണല്ലോ ദൈവമെ... ഈ പ്രായത്തിൽ ' സായിപ്പിന്റെ' നാട്ടിലേയ്ക്കുള്ള ' പറിച്ചു നടീൽ' ഇവരെങ്ങനെ സഹിയ്ക്കും...
" എന്നാടാ റോയി നിന്റെ മുഖം വല്ലാതിരിക്കണെ"? അമ്മച്ചി ചോദിച്ചു.
" ഒന്നുമില്ലമ്മിച്ചി.... രാവിലെ പാടത്തു നിന്ന് കയറിയതേയുള്ളൂ.. അതാ"
" എടാ എന്റെ കൊഴമ്പും കഷായവും തീർന്നു.. ഒന്നൂടെ പോണം, എപ്പഴാ നിനക്ക് ഒക്കുന്നത്"? ഇവളുടെ രണ്ടു ചട്ടയും തൈയ്യിക്കാൻ കൊടുക്കണം, നോമ്പു വീടലും ക്രിസ്തുമസ്സു മൊക്കെ വരുവല്ലേ".... അപ്പച്ചൻ പറഞ്ഞു.
" നാളെത്തന്നെ പോകാം അപ്പച്ചാ... ഞാൻ വണ്ടിയുമായി വരാം... തേങ്ങാ ഇടാൻ ഇട്ടനെ ഏർപ്പാടാക്കിയിട്ടുണ്ട്" ... ബേബിച്ചായൻ വിളിച്ചിരുന്നു, ക്രിസ്തുമസ്സിന് വരുന്നുണ്ടെന്ന് പറഞ്ഞു"
" ഉവ്വോ.... രണ്ടു പേരും ആഹ്ളാദത്തോടെ ഒരു പോലെ ചോദിച്ചു. നാലു വർഷം കഴിഞ്ഞു അവർ ആരെങ്കിലും വന്നിട്ട്... എത്ര മക്കളും പണവും ഉണ്ടെങ്കിലെന്താ... ഒന്നു കാണാൻ പോലും ആരും വരില്ല ... അമ്മച്ചിയുടെ കണ്ഠം ഇടറി...
" വരുമെന്ന് തന്നെയാണോ പറഞ്ഞത്? മോളിക്കുട്ടീം പിള്ളേരുമൊക്കെ കാണുമായിരിയ്ക്കും"... അമ്മച്ചി ആത്മഗതം പോലെ പറഞ്ഞു.
" മോളമ്മേടെ മോള് ചിന്നൂനെ ഒരു 'കറമ്പൻ കാപ്പിരി' കല്യാണം കഴിച്ചെന്നാ കേട്ടത്... ഒരു കൊച്ചുമക്കളുടെയും കല്യാണം കാണാൻ ഞങ്ങൾക്ക് ഭാഗ്യല്ല... കൊച്ചുമക്കളെപ്പോലും ഞങ്ങൾ കണ്ടിട്ടില്ല... അമ്മച്ചി സങ്കടത്തോടെ പറഞ്ഞു കൊണ്ടിരുന്നു... ഞങ്ങൾ ഇങ്ങനെ രണ്ടു പേര് ഇവിടെ ഉണ്ടെന്നു പോലും പലർക്കും അറിയില്ലായിരിയ്ക്കും.
" എന്റെ ഒറോതെ... സ്വന്തം മക്കൾ നമ്മളെ കാണാൻ വരാറില്ല... പിന്നല്ലേ കൊച്ചുമക്കളും.. പേരക്കുട്ട്യോളും"... അപ്പച്ചൻ നിസ്സംഗമായി ചിരിച്ചു.
" റോയിയെ ക്രിസ്തുമസ്സിന് ഇനി കഷ്ടി ഒരു മാസല്ലേയുള്ളൂ... ഇങ്ങടുത്തു... അങ്ങനേങ്കിൽ ഈ വീട് ഒന്ന് പൂശണല്ലോടാ... അവർ ഒക്കെ വരുന്നതല്ലേ... നീ അതൊന്ന് ഏർപ്പാടാക്ക്... അപ്പച്ചൻ തിടുക്കം കൂട്ടി... അകത്തെ ബാത്ത്റൂമുകൾ ഒക്കെ ഒന്ന് ശരിയാക്കണം, ടൈൽസ് ചിലതൊക്കെ മാറാനുണ്ട്.... കിഴക്കേ കോലായിലെ കൊറെ ഓടുകളും മാറ്റണം .... ഒക്കെ നീ തന്നെ ചെയ്യിക്കണം.
" റോയി... നീ ആ കശാപ്പ് കാരൻ കുഞ്ഞേപ്പിനോട് അഞ്ചാറ് കിലോ നല്ല പോത്തിറച്ചി വാങ്ങിക്കൊണ്ടു വരണം... ഉണക്കാനാ... ബേബിയ്ക്ക് ഉണക്കിറച്ചി ഇടിച്ചു വറക്കണത് ഒത്തിരി ഇഷ്ടാ".... അമ്മച്ചി പറഞ്ഞു.
അവരോട് എന്തു പറയണമെന്നോ ചെയ്യണമെന്നോ അറിയാതെ നിസ്സഹായനായി അവരെ നോക്കി നിന്നു, സംഭവിക്കാൻ പോകുന്നതെന്തെന്ന് അറിയാത്ത സാധുക്കൾ!!!! ഉണക്കിറച്ചിയും ചക്ക വറുത്തതും ചക്ക വിളയിച്ചതുമൊക്കെ കരുതി വെച്ച് മക്കളെ സൽക്കരിക്കാൻ വെമ്പുന്ന മാതൃ സ്നേഹത്തിന്റെ തിരതല്ലൽ... വീട് വർണ്ണാഭമാക്കി ബാത്ത്റൂമുകൾ നവീകരിച്ച് മക്കൾക്ക് ആതിഥ്യം ഒരുക്കാൻ തിടുക്കപ്പെടുന്ന പിതൃവാത്സല്ല്യത്തിന്റെ കളങ്കമില്ലാത്ത പ്രകടനങ്ങൾ....
പിന്നീടുള്ള ദിവസങ്ങളിലെല്ലാം കോക്കാട്ടെ വീട്ടിൽ ആഹ്ളാദത്തിന്റെ ദിനങ്ങളായിരുന്നു. ഇറച്ചി ഉണക്കലും ഇടിയ്ക്കലും പൊടിയ്ക്കലും കായ് വറുക്കലുമൊക്കെയായി അമ്മച്ചി... വീടിന്റെ പെയിന്റിംങ്ങും അറ്റകുറ്റം തീർക്കലും ഒക്കെയായി അപ്പച്ചൻ... യാന്ത്രികമായി താനും അവരോട് ചേർന്നു... അല്ലാതെ വേറെ വഴിയില്ലായിരുന്നു..... കൊടുങ്കാറ്റിന് മുൻപുള്ള ശാന്തത പോലെ..
ഇതിനിടെ ബേബിച്ചായൻ പറഞ്ഞ കോട്ടയംകാരൻ സിറിയക്ക് വന്നു എല്ലാം കണ്ടു കേട്ട് തൃപ്തിയായി പോയി... അപ്പചനും അമ്മച്ചിം അതൊന്നും അറിഞ്ഞില്ല, വിൽപ്പന ഏതാണ്ട് ധാരണയായി.
വർഷങ്ങൾക്ക് ശേഷം മകനും കുടുംബവും ക്രിസ്തുമസ്സ് ആഘോഷിയ്ക്കാൻ വരികയാണ്.... പുതിയ ഉടുപ്പും കളിപ്പാട്ടങ്ങളും കിട്ടാൻ പോകുന്ന കുട്ടികളെപ്പോലെ.... പാവങ്ങൾ ദിവസങ്ങൾ എണ്ണി കാത്തിരിക്കുകയാണ്.
മനസ്സ് വിങ്ങുന്നുണ്ടായിരുന്നു, യാഥാർത്ഥ്യം മറച്ചുവെച്ച്….. അവരെ ചതിയ്ക്കുകയാണെന്നുള്ള കുറ്റബോധം വേട്ടയാടിക്കൊണ്ടിരുന്നു, താൻ നിസ്സഹായനാണ്, പല രാത്രികളും ഉറങ്ങാൻ കഴിയാതെ.... ആനിയെ ചേർത്തുപിടിച്ചു കിടക്കുമ്പോൾ.... നെഞ്ചിൽ മുഖം ചേർത്തു വച്ച് ആനി പറയും... " എന്റെ റോയിച്ചനെപ്പോലെ ഒരു മകൻ വേറെങ്ങും കാണില്ല".
ആ ദിവസം വന്നെത്തുകയാണ്... ഡിസംബർ പതിനെട്ടിന് ബേബിച്ചായനെത്തും.. ക്രിസ്തുമസ്സിന് ഒരാഴ്ച മുൻപ്.
വീടുകളെല്ലാം നക്ഷത്രാലംകൃതമായി... പുൽക്കൂടുകൾ സജ്ജമായി.... തിരുപ്പിറവിയുടെ മഹത്വം വിളിച്ചോതുന്ന കരോൾ ഗീതങ്ങൾ മഞ്ഞണിഞ്ഞ രാവുകളെ പുളകിതമാക്കി..... തന്റെ മനസ്സ് മാത്രം നിസ്സംഗമായിരുന്നു.
തലേന്ന് തന്നെ കോക്കാട്ട് വീട്ടിൽ സദ്യവട്ടങ്ങൾ ഒരുങ്ങിക്കഴിഞ്ഞു, അടുക്കളയിൽത്തന്നെ സഹായത്തിനായി രണ്ടു സ്ത്രീകളെത്തി. അതിരാവിലെ തന്നെ ചന്തയിൽ പോയി ' പുഴ മീൻ' വാങ്ങിക്കൊണ്ടുവന്നു.... " ബേബി യ്ക്കും മോളിക്കുട്ടിയ്ക്കും പുഴമീനാണിഷ്ടം" അമ്മച്ചി പറഞ്ഞു.
" റോയിയെ... നീ നേരത്തെ തന്നെ എയർപ്പോർട്ടിൽ എത്തണം... അവർ യാത്ര ചെയ്ത് ക്ഷീണിച്ചല്ലേ വരുന്നത്." അപ്പച്ചൻ നേരത്തേ തന്നെ ഓർമ്മിപ്പിച്ചു.
എയർപ്പോർട്ടിൽ നിന്നും ബേബിച്ചായനുമായി വീട്ടിലേയ്ക്ക് മടങ്ങുമ്പോൾ മനസ്സ് ശ്ലഥ ചിന്തകളാൽ മുഖരിതമായിരുന്നു.
" നിങ്ങൾ എല്ലാവരും കൂടിയാ വരുന്നതെന്നാ അപ്പച്ചനും അമ്മച്ചിം കരുതിയിരിക്കണെ"
" നല്ല കാര്യായി... നാടെന്ന് കേൾക്കണത് തന്നെ മോളിക്കുട്ടിയ്ക്ക് ദേഷ്യ... പിന്നെ പിള്ളേര്!!! " ദി കൺട്രി അൺ സിവിലൈസ്ഡ് ഫെല്ലോസ് ആൻഡ് ഡെർട്ടി കൾച്ചർ" എന്നാ നമ്മുടെ നാടിനെക്കുറിച്ചവർ പറയുന്നത്.... "ഗ്രാന്റ് പേരന്റ്സ് ആർ ഔട് ഡേറ്റഡ് ഓൾഡ് മോങ്ങ്സ്.... നോ മാനേർസ് അറ്റ് ഓൾ... വി ഡോൺഡ് ലൈക്ക് ദെം"... എന്റെ മക്കൾ അങ്ങനെയാണ് അഭിപ്രായപ്പെടുന്നത്. ബേബിച്ചായൻ കുലുങ്ങി ചിരിച്ചു കൊണ്ട് പറഞ്ഞു... ഒരു വഷളന്റെ ചിരി പോലെ....
ആത്മ നിന്ദ തോന്നി... മനസ്സൊന്നു പിടഞ്ഞോ... ബന്ധങ്ങളുടെ വേരറുക്കപ്പെടുന്ന സംസ്ക്കാരം... കുടുംബ ബന്ധങ്ങളുടെ ഊഷ്മളതകൾ അറിയാതെ ദിശാബോധം നഷ്ടപ്പെട്ട് മക്കളെ വളർത്തിയെടുക്കുന്നതിൽ പരാജയപ്പെട്ട് പിറന്ന മണ്ണിന്റെ സംസ്കൃതി ചേതനയറ്റ്... പണക്കൊഴുപ്പിന്റെ ജഡീക സുഖ ഭോഗങ്ങളിൽ അർമ്മാദിച്ച് പുളയ്ക്കുന്ന തലമുറ..... ജൻമം തന്ന മാതാവിന്റെ ഗർഭപാത്രത്തിന് മാനേഴ്സ് നോക്കി വിലയിടുന്ന അധമൻമാർ..... വിസ്സർജനം കഴിഞ്ഞ് കടലാസ് കൊണ്ട് ശൗചം കഴിയ്ക്കുന്ന " വെള്ളക്കാരന്റെ" അധോവായു പോലും ഭൂഷണമായി കാണുന്ന മലയാളിയുടെ " പൊങ്ങച്ച" സംസ്ക്കാരത്തോട് അറപ്പ് തോന്നി....
വണ്ടി വീട്ട് പടിക്കൽ എത്തിയതറിഞ്ഞില്ല.....
" ബേബിച്ചായ വീടെത്തി" വഴി നീളെ ഉറങ്ങുകയായിരുന്ന ബേബിച്ചായൻ ഉണർന്നു. കോക്കാട്ടെ തറവാടിന്റെ കൂറ്റൻ ഗേറ്റുകൾ മലർക്കെ തുറന്നിട്ടിരുന്നു... മനസ്സിൽ പട്ടു പരവതാനി വിരിച്ച്.... പൂക്കൾ വിതറി... മകനെ കുടുബ സമേതം വരവേൽക്കാൻ കാത്തിരിക്കുന്ന ആ വൃദ്ധമാതാപിതാക്കൾ മുറ്റത്തേക്കിറങ്ങി വന്നു... പോർച്ചിൽ കാർ നിന്നു... ബേബിച്ചായൻ ഇറങ്ങി, അപ്പച്ചനും അമ്മച്ചിയും കണ്ണിനു മുകളിൽ കൈപ്പത്തി മറ പോലെ വെച്ച് കാറിനുള്ളിലേയ്ക്ക് സാകൂതം നോക്കി... മോളിക്കുട്ടിയേയും പിള്ളേരയും കാണാഞ്ഞ് അന്ധാളിപ്പോടെ.... മകന്റെ കൈ പിടിച്ചു.... " ബേബിയെ... മക്കളെ.…. അവളും പിള്ളേരും എന്തിയേട"?... അമ്മച്ചി ചോദിച്ചു.
" ഞാൻ തനിച്ചെയുള്ളൂ അമ്മച്ചി.. അവർ ആരും വന്നിട്ടില്ല"....
പൂനിലാവ് ഉദിച്ചു നിന്നിരുന്ന ആ വയോവൃദ്ധരുടെ മുഖങ്ങൾ നിർവ്വികാരമായി..... മഴ മേഘങ്ങൾ ഇരമ്പികയറുന്നതു പോലെ... ചുക്കിച്ചുളിഞ്ഞ ആ മുഖങ്ങൾ മേഘാവൃതമാകുന്നതും.... പ്രകാശം മാഞ്ഞു പോകുന്നതും കണ്ടു.
" ന്നാലും.... നിങ്ങൾക്കാർക്കും ഞങ്ങളെ ഒന്നു വന്ന് കാണാൻ പോലും പറ്റാത്ത വിധത്തിൽ തിരക്കാണോ മക്കളെ!!!! എത്ര വർഷങ്ങളായി കണ്ടിട്ട്.... എട്ട് മക്കളെ പെറ്റതല്ലേടാ ഞാൻ".... ഞാൻ ഇത്ര ഭാഗ്യം കെട്ടവളായിപ്പോയല്ലോ."..... അമ്മച്ചി കരയാൻ തുടങ്ങി.
" നീ അവനെ വിഷമിപ്പിക്കാതെ... ഇത്ര ദൂരം യാത്ര ചെയ്ത് ക്ഷീണിച്ചു വന്നതല്ലേ.... അവൻ വിശ്രമിക്കട്ടെ"... അപ്പച്ചൻ.
" നിങ്ങൾക്ക് അങ്ങനെയൊക്കെ പറയാം... ഞങ്ങൾ ജീവിക്കാൻ പാടുപെടുന്നത് എത്രയാണെന്നറിയുവ്വോ"?.... ബേബിച്ചായൻ പെട്ടി എടുത്ത് അകത്തേക്ക് പോയി.
കൂടുതൽ സമയം അവിടെ നിൽക്കാനുള്ള ധൈര്യം തനിക്കുണ്ടായിരുന്നില്ല, പിന്നെ വരാമെന്ന് പറഞ്ഞ് വീട്ടിലേക്ക് പോന്നു.
പിന്നീടുള്ള ഒന്നുരണ്ടു ദിവസത്തേയ്ക്ക് അങ്ങോട്ട് പോയില്ല, മൂന്നാമത്തെ ദിവസം ബേബിച്ചായൻ വിളിച്ചു... ഇതുവരെ തനിക്കൊരിക്കലും അനുഭവപ്പെടാത്ത മാനസീക സംഘർഷത്തോടെയാണ് കോക്കാട്ടെയ്ക്ക് ചെന്നത്.
വിശാലമായ മുറ്റത്തിന്റെ മൂലയിൽ നിൽക്കുന്ന മാവിൽ പടർന്നു കയറി പൂത്തുലഞ്ഞ് നിൽക്കുന്ന കുടമുല്ലവള്ളികളിൽ നിന്ന് പൂക്കളെല്ലാം ഉതിർന്ന് വാടി നിലത്ത് കിടന്നിരുന്നു. പുറത്ത് ആരേയും കണ്ടില്ല, അടുക്കളക്കാരിപ്പെണ്ണ് ഇറങ്ങി വന്ന് കറിവേപ്പിൽ നിന്ന് ഇല അടർത്തി... തന്റെ നേരെ ഒരു വിഷാദ നോട്ടമെറിഞ്ഞ് അകത്തേയ്ക്ക് പോയി.
വീട്ടിനകത്തേക്ക് കയറിച്ചെന്നു, അമ്മച്ചി കട്ടിലിൽ കിടപ്പുണ്ട്... താൻ ചെന്നത് അറിഞ്ഞിട്ടില്ല... വിളിക്കാനുള്ള ധൈര്യം തോന്നിയില്ല...അപ്പച്ചനെ അവിടെയെങ്ങും കണ്ടില്ല.
ബേബിച്ചായൻ കത്തിച്ച ഒരു സിഗററ്റുമായി പുറത്തേക്കിറങ്ങി വന്നു. " ങ്ങ്ഹാ... നി വന്നോ... വരു... പുറത്തിരിയ്ക്കാം"..
" കാര്യങ്ങൾ ഒക്കെ രണ്ടു പേരോടും പറഞ്ഞു... ആദ്യമൊന്നും വഴങ്ങിയില്ല... പിന്നെ പരുഷമായി പറയേണ്ടി വന്നു... ബേബിച്ചായൻ തുടർന്നു... അമ്മ അന്നേരം മുതൽ കിടന്നതാണ്.. രണ്ടാളും ഒന്നും കഴിയ്ക്കുന്നുമില്ല. നീ ഒന്ന് പറഞ്ഞ് മനസ്സിലാക്ക്... നീ പറഞ്ഞാൽ അനുസരിക്കും"!!!.
" ബേബിച്ചായ... ഞാൻ... എങ്ങിനാ... അത്.". ഒരു വിധത്തിൽ ഒഴിഞ്ഞു മാറി.
" റോയിയെ... നിന്നെ കരോളിന് ഒന്നും കാണുന്നില്ലല്ലോടാ.... പള്ളിലെ അച്ചൻ കണ്ടപ്പോൾ ചോദിച്ചു.
" അതേയ്... അച്ചാ... ഒന്നിനും ഒരു ഉത്സാഹം തോന്നുന്നില്ല"...
" എനിക്കറിയാം... കോക്കാട്ടെ അപ്പനേയും അമ്മയേയും ഓർത്തിട്ടല്ലേ... നിനക്ക് അവരോടുള്ള സ്നേഹം എനിക്കറിയാം... നമുക്ക് അക്കാര്യത്തിൽ എന്നാ ചെയ്യാൻ പറ്റും... അവർ മക്കൾ തീരുമാനിക്കുന്നതു പോലെയല്ലേ നടക്കൂ".....
അപ്പച്ചനേം അമ്മച്ചിയേയും അഭിമുഖീകരിയ്ക്കുവാനുള്ള വിഷമം കൊണ്ട് ഒഴിഞ്ഞ് മാറി നടന്നു... ക്രിസ്തുമസ്സിന്റെ തലേന്ന് അപ്പച്ചൻ വിളിച്ചു.…" നീ ഇങ്ങോട്ട് ഒന്നു വരണം'..
രണ്ടു പേരും ഇറയത്ത് ഇരിപ്പുണ്ടായിരുന്നു.... മുഖങ്ങൾ മ്ലാനമായിരുന്നു.
" ഞങ്ങളെ വിടാതിരിക്കാൻ പറ്റ്വോ"?... അതിന് മുൻപ് ഞങ്ങളെ ദൈവം വിളിച്ചിരുന്നെങ്കിൽ.... മോനേ... ഞങ്ങളുടെ മകനായി നീ പിറന്നിരുന്നുവെങ്കിൽ"!!!! അമ്മച്ചി തേങ്ങി...
എന്തു പറഞ്ഞ് സമാധാനിപ്പിയ്ക്കും!!!
" ചില കാര്യങ്ങൾ നിന്നോട് പറയാനുണ്ട്... ഞങ്ങളെ പള്ളി വരെ ഒന്നു കൊണ്ടുപോണം... കുമ്പസാരിച്ച് കുർബ്ബാന കൊള്ളണം... ഞങ്ങടെ അവസാനത്തെ ക്രിസ്തുമസ്സല്ലേ... ഇവിടുത്തെ.. സെമിത്തേരി പോയി കുടുംബക്കല്ലറയിൽ തിരി കത്തിയ്ക്കണം... എന്റെ കാർന്നോൻ മാർ ഉറങ്ങുന്ന മണ്ണു വിട്ട് ഞങ്ങൾ പോവ്വല്ലേ... ഈ പറമ്പിന്റെ അതിരോളം ഒന്ന് പോണം... തനിയെ നടക്കാൻ ഒരു ധൈര്യക്കുറവ്.. ഞങ്ങടെ വിയർപ്പ് വീണ മണ്ണല്ലേ... ഇവളുടെ ചട്ട തൈയ്യിക്കാൻ കൊടുത്തിരിക്കണത് വാങ്ങണം.. എനിക്ക് രണ്ട് തോർത്തു മുണ്ടും".. അപ്പച്ചൻ പറഞ്ഞു കൊണ്ടിരുന്നു.
രണ്ടുപേരെയും പള്ളിയിൽ കൊണ്ടുപോയി മടങ്ങും വഴി അപ്പച്ചൻ പറഞ്ഞു.. " റോയി... ഒരു കേക്ക് വാങ്ങണം.. തൊമ്മന്റെ വീട്ടിൽ ഒന്ന് കയറണം... എന്റെ ചങ്ങാതിയല്ലേ... ഒന്നിച്ച് എന്തോരം പണി ചെയ്തതാ... യാത്ര പറയണം... ഒരു അവസാന യാത്ര.... ഇനി ഒരു മടക്കം ഇല്ലല്ലോ"....
ബേബിച്ചായൻ മോളിയാന്റീടെ വീട്ടിലായിരുന്നു... ക്രിസ്തുമസ്സ് ആഘോഷിക്കാൻ. അയാളോട് പുച്ഛം തോന്നി... ഇയാൾ എത്ര പണം ഉണ്ടാക്കിയിട്ടെന്താ... മനുഷത്വം മരവിച്ചു പോയ ഷണ്ഡൻ...
ക്രിസ്തുമസ്സിന് കോക്കാട്ട് ഒന്നും ഉണ്ടാക്കിയിരുന്നില്ല... വീട്ടിൽ നിന്നും ചോറും കറികളും ഉണ്ടാക്കി ആനി തന്നു വിട്ടു.... നിർബ്ബന്ധിച്ചു അൽപ്പം കഴിപ്പിച്ചു...
" നിന്നേപ്പോലെ ഒരു മകൻ ഞങ്ങൾക്ക് ഇല്ലാതെ പോയല്ലോടാ"... തന്നെ കെട്ടിപ്പിടിച്ച് രണ്ടു പേരും കരഞ്ഞു.
പിറ്റേന്ന് ബേബിച്ചായൻ വന്നു. പോകാനുള്ള ഒരുക്കങ്ങൾ ഒക്കെ ഏതാണ്ട് പൂർത്തിയായി.
" പശുവിനെ നീ കൊണ്ടു പൊയ്ക്കോ... കറക്കുമ്പോൾ ഒന്ന് ശ്രദ്ധിച്ചോണം... പരിചയം ഇല്ലാത്തവർ കറന്നാൽ അവൾ ചെറുതായി തൊഴിയ്കും... ആനി യോട് പ്രത്യകം പറയണം"... അമ്മച്ചിയുടെ തിളക്കം കുറഞ്ഞ കണ്ണുകളിലെ നിഷ്ക്കളങ്കത...
വീട്ടുപകരണങ്ങളും മറ്റും വീട് വാങ്ങുന്നവർക്ക് തന്നെ കൊടുക്കാൻ ബേബിച്ചായൻ പറഞ്ഞിട്ടുണ്ടായിരുന്നു.
കേട്ടറിഞ്ഞ അയൽക്കാരും മറ്റും കാണാൻ വന്നും പോയുമിരുന്നു.
പെട്ടികൾ അടുക്കി... ഉണക്ക ഇറച്ചിയും ചിപ്സും മറ്റും പായ്ക്ക് ചെയ്തു... ചെറു മക്കൾക്ക് കൊടുക്കാൻ... അവർ ഓർത്തില്ലെങ്കിലും അവർക്ക് വേണ്ടി കരുതുന്ന.... നിസ്സീമമായ വാത്സല്ല്യം... ആര് കാണാൻ.... ആര് അറിയാൻ....
എല്ലാം താൻ തന്നെയാണ് ചെയ്തത്.
ആ ദിവസങ്ങളിൽ ഒരു നാൾ ബേബിച്ചായൻ വീട്ടിൽ വന്നിരുന്നു... അമ്മയെ കാണാൻ....
" പേരമ്മേ... എങ്ങിനെയുണ്ട്? സുഖമാണോ...
" കർത്താവിന്റെ കൃപയാൽ സന്തോഷായിരിക്കുന്നു ബേബിയെ"... അമ്മച്ചി പറഞ്ഞു.
" ഒറോതക്കൊച്ചമ്മയേയും... ഇച്ചാച്ചനേയും.... നിങ്ങൾ അങ്ങോട്ട് കൊണ്ടുപോവ്വാ അല്ലേ... അതു വേണായിരുന്നോ ബേബിയെ... ഈ പ്രായത്തില്.... ഞങ്ങളൊക്കെ ഇവിടെ ഇല്ലായോ"..... അമ്മച്ചി ചോദിച്ചു.
" ഓ... അതിനെന്നാ കുഴപ്പം... ഇവിടുത്തേപ്പോലെ തന്നെയല്ലേ അവിടേം.... ഇവിടെ ഈ പശുവിന്റേം കോഴിടേം ഒക്കെ പിറകെ നടക്കുവല്ലേ... കൊത്തീം കിളച്ചും... ഇവിടെ വന്നു നിന്ന് ആര് നോക്കാനാ, അല്ലേൽ തന്നെ വയസ്സായാൽ പിന്നെ എവിടെ ആയാലെന്താ?... വൈകുന്നേരമായാൽ പിന്നെ സന്‌ധ്യയാകാനെത്ര നേരം വേണം!!!! ബേബിച്ചായൻ ആരോടെന്നില്ലാതെ പറഞ്ഞു....
ജനുവരി ഒന്ന് പുതു വർഷപ്പുലരി... നാളെയാണ് യാത്ര......
" ബേബിച്ചായാ.... നാളെ എയർപ്പോർട്ടിലേയ്ക്ക് ഞാൻ ഡ്രൈവറെ വിടാം"....
" അതെന്താ... നീ വരില്ലേ"?...
" അത് .... എനിക്ക് അവിടെ വന്ന് അവരെ യാത്രയാക്കാൻ ബുദ്ധിമുട്ടുണ്ട്.... അതുകൊണ്ടാ"...
" അത് പറ്റില്ലാ.... നീ തന്നേ വരണം".... ബേബിച്ചായൻ നിർബ്ബന്ധം പിടിച്ചു.
താൻ നേരത്തെ ഇസ്തിരിയിട്ടു കൊടുത്തിരുന്ന മുണ്ടും ഷർട്ടും ധരിച്ച് അപ്പച്ചനും.... മുണ്ടും ചട്ടയും... നേര്യതും ഇട്ട് കൈയ്യിൽ കൊന്തയും പിടിച്ച്...അമ്മച്ചിയും നേരത്തേ തന്നെ ഒരുങ്ങി മുന്നിൽ വന്നിരുന്നു... ഇനി എന്തിന് താമസിയ്ക്കണം....
" ഞാൻ എന്റെ വീട് ഒന്നൂടി കണ്ടോട്ടെ... അമ്മച്ചി പിറക് വശത്തേക്ക് പോയി.... അടുക്കളപ്പുറത്ത് നിന്നിരുന്ന വരിയ്ക്ക പ്ലാവിൽ പിടിച്ചു നിന്നുകൊണ്ട് കരയുന്നത് കണ്ടു...
മുറ്റം നിറയെ ആളുകൾ കൂടിയിരുന്നു, യാത്ര അയയ്ക്കാൻ.... അയൽവാസികളൊക്കെ ഈറനണിഞ്ഞ കണ്ണുകളോടെ നിന്നു. തൊഴുത്തിൽ നിന്നിരുന്ന പുള്ളിപ്പശുവും കിടാവും... ദയനീയമായി... അമറി...
രണ്ടു പേരയും പിറകിലത്തെ സീറ്റിലേക്ക് കയറ്റി.... താൻ തന്നെ വീട് പൂട്ടി ഇറങ്ങി..... ആ വീടിന്റെ "ആത്മാവും" കൂടെയിറങ്ങിയോ... ജീവിത സായാഹ്നത്തിൽ... ചേക്കേറിയ തങ്ങളുടെ ചില്ല വിട്ട്.... അപചരിതമായ മറ്റൊരു കൊമ്പിലേയ്ക് അവർ പറക്കുവാൻ തയ്യാറായി....
വണ്ടി നീങ്ങി....... എല്ലാവരും മൂകമായിരുന്നു... ബേബിച്ചായൻ സിഗററ്റ് മാറി മാറി പുകച്ചു.... അപ്പച്ചനും അമ്മച്ചിയും.... മെല്ലെ ഉറക്കത്തിലായി.... വാടിയ ഹൃദയത്തോടെ....
ബേബിച്ചായൻ.... ചിന്താമഗ്നനായിരുന്നു..... എന്തൊക്കയൊ വികാരവിചാരങ്ങളാൽ അസ്വസ്ഥനായതു പോലെ.... ഒരു വാക്കും ചോദിച്ചു മില്ല.... പറഞ്ഞതുമില്ല...... ദീർഘ ദൂരം പിന്നിട്ട തു പോലും അറിഞ്ഞില്ല.
" റോയി..... വണ്ടി നിർത്ത്"!!!!!! ബേബിച്ചായന്റെ മുഖത്തെ നിർവ്വികാരത പേടിപ്പെടുത്തി.... അയാൾ കിതയ്ക്കുന്നുണ്ടായിരുന്നു.... റോഡിന്റെ ഓരം ചേർന്ന് കാറ് നിർത്തി. ബേബിച്ചായൻ ഡോർ തുറന്ന് പുറത്തേയ്ക്കിറങ്ങി.... പോക്കറ്റിൽ നിന്ന് സിഗററ്റ് എടുത്ത് കത്തിച്ച് ഒന്നുരണ്ടു പുക ആഞ്ഞു വലിച്ചു.... ദൂരേയ്ക്ക് തുറിച്ച് നോക്കിക്കൊണ്ട് നിന്നു.....
ഡോറ് തുറന്ന് താനും പുറത്തിറങ്ങി.
ഒരു പുക കൂടി ആഞ്ഞ് വലിച്ചിരുത്തി... പാതി കത്തിയ സിഗററ്റ് താഴേയ്ക്കിട്ട് ഷൂ കൊണ്ട് ചവിട്ടി അണച്ചു ബേബിച്ചായൻ.
" റോയി... നമുക്ക് തിരിച്ച് പോണം... വീട്ടിലേയ്ക്ക്."... അയാൾ ശബ്ദം താഴ്ത്തി പറഞ്ഞു.
" എന്തുപറ്റി ബേബിച്ചായാ!!!!! അമ്പരപ്പോടെ ചോദിച്ചു.... എന്തെങ്കിലും എടുക്കാൻ മറന്നോ?... ഇനി അഞ്ച് കിലോമീറ്ററേ എയർപ്പോർട്ടിലേയ്ക്കുള്ളൂ....
" എടുക്കാൻ മറന്നതല്ല.... വിലപ്പെട്ട ഒരു വസ്ഥു അവിടെ കളഞ്ഞു പോയിട്ടുണ്ട്... അത് തിരിച്ചെടുക്കണം!!! ബേബിച്ചായൻ പറഞ്ഞു.
" ഇനി ഇവരെയും കൊണ്ട് തിരിച്ചങ്ങോട്ട് ചെല്ലാൻ പ്രയാസമാവില്ലേ?... സംശയത്തോടെ അയാളെ നോക്കി, തന്നെയുമല്ല ഇനി തിരികെപ്പോയി വരുമ്പോഴേയ്ക്ക് ഫ്ലൈറ്റും മിസ്സ് ആകും".....
" എന്തായാലും ഇന്നത്തെ യാത്ര മുടങ്ങും.... അടുത്ത ദിവസത്തേയ്ക്ക് മാറ്റാം"...
" ഒന്നുകൂടി ആലോചിച്ചിട്ട് പോരെ ബേബിച്ചായാ.... നഷ്ടപ്പെട്ടത് എന്താണന്ന് പറഞ്ഞാൽ ഞാൻ തിരികെ ചെന്നതിന് ശേഷം എടുത്തിട്ട് കൊറിയർ ചെയ്ത് തരാം"..
" പോരാ... വണ്ടി തിരിയ്ക്ക്...
ഒന്നും മനസ്സിലായില്ല... വണ്ടി തിരിച്ചു, പിൻസീറ്റിൽ ഇതൊന്നും അറിയാതെ ആ സാധുക്കൾ ഉറക്കത്തിലായിരുന്നു.
വീട്ടിലേയ്ക്കുള്ള മടക്ക യാത്രയിൽ പലപ്പോഴും ഡ്രൈവിങ്ങിൽ ഏകാഗ്രത നഷ്ടമായി... ബേബിച്ചായൻ തികച്ചും നിശബ്ദനായിരുന്നു. എന്തെങ്കിലും ചോദിക്കാനും ഭയന്നു.
തിരികെ കോക്കാട്ടെത്തി... ഗേറ്റ് തുറന്ന് തന്നെ കിടന്നിരുന്നു, മുറ്റത്ത് കയറി വണ്ടി നിന്നു, അപ്പോഴും അവർ ഉറക്കത്തിലായിരുന്നു.
ഡോറ് തുറന്ന് ബേബിച്ചായൻ തന്നെ ആദ്യം ഇറങ്ങി, പിന്നിലെ ഡോറും തുറന്നു..... "ചാച്ചാ..... അമ്മേ... തോളിൽ തട്ടി വിളിച്ചു... വാ... ഇറങ്ങ്... ആ പാവങ്ങൾ കണ്ണ് തിരുമ്മി തുറന്നു... എവിടെ എത്തിയെന്നറിയാതെ പകപ്പോടെ ചുറ്റും നോക്കി...." വാ.... ഇറങ്ങി വരൂ... നമ്മൾ എത്തി"...
ബേബിച്ചായൻ അവരെ കൈയ്ക്ക് പിടിച്ച് പുറത്തേയ്ക്കിറക്കി.....
എന്താണ് സംഭവിക്കുന്നതെന്നറിയാതെ... താനും സംശയത്തോടെ ബേബിച്ചായനെ നോക്കി നിന്നു.
പുറത്തേക്കിറങ്ങിയ അപ്പച്ചനും അമ്മച്ചിയും ഒന്നും മനസ്സിലാകാതെ നിന്നു.... ചുറ്റും നോക്കി...
" ഇത് നമ്മടെ വീടല്ലേ"!!!!!!!
" അതേ.... നമ്മടെ വീടാണ്.... ചാച്ചന്റേയും അമ്മയുടെയും വീട്.... നിങ്ങളില്ലാതെ ഈ വീടിന് ജീവനില്ല... നിങ്ങളുടെ സന്തോഷം ഇല്ലാതാക്കിയിട്ട് എനിക്ക് ഒന്നും നേടേണ്ട .. നിങ്ങളെ ഞാൻ കൊണ്ടു പോകുന്നില്ല!!! നിങ്ങളുടെ ജീവനും ആത്മാവും അസ്ഥിത്വവും നിലനിൽക്കുന്ന ഇവിടം വിട്ട്..... നിങ്ങൾ ഇനി എങ്ങോട്ടും പോവില്ല....
ഞാനും നാട്ടിലേയ്ക്ക് താമസം മാറ്റുകയാണ് .... നിങ്ങളോടൊപ്പം .... ഇനിയുള്ള കാലം....
അവർ രണ്ടു പേരും ഇറയത്തിരുന്നു.... കണ്ണുകളിൽ നിന്നും കണ്ണീർ ധാരധാരയായി ഒഴുകുന്നു ..... ആനന്ദക്കണ്ണീർ....
ബേബിച്ചായൻ അടുത്തേയ്ക് വന്നു.... കെട്ടിപ്പിടിച്ചു...
" റോയി.... അനിയാ.... നീയാണ് യഥാർത്ഥ മനുഷ്യൻ..... ധനവാൻ ... സമ്പന്നൻ.... ധനം കൊണ്ടല്ല ..... സ്നേഹം കൊണ്ട്....എന്റെ കണ്ണു തുറപ്പിച്ചവൻ..... പണത്തിന് തൃണവില നൽകി.... ബന്ധങ്ങൾക്ക് വില കൊടുക്കുന്നവൻ.... ഇനി നിന്റെ ഒപ്പം ഞാനുമുണ്ട്.... ഈ മണ്ണിൽ കൃഷി ചെയ്യാൻ.... ഇവിടുത്തെ കാറ്റും... മഴയും... വെയിലും കൊണ്ട്.... എന്റെ മാതാപിതാക്കളോടൊപ്പം......
ആ പുതു വർഷപ്പുലരിയിൽ വിടർന്ന പൂക്കൾക്ക്.... പൂജാ പുഷ്പങ്ങളുടെ വിശുദ്ധിയും... നൈർമല്യവും ഉണ്ടായിരുന്നു.......
" ബേബിച്ചായൻ. എന്തോ ഇവിടെ നഷ്ടപ്പെട്ടെന്ന് പറഞ്ഞത് എന്തായിരുന്നു?....
" അതോ.... അതെന്റെ മനസ്സാക്ഷിയായിരുന്നു..... ഇപ്പോൾ ഞാനത് വീണ്ടെടുത്തു"........ ഇനി ഒരിക്കലും കളഞ്ഞു പോകാതെ.....
സജി ജോസഫ്


പച്ചയായ ജീവിതത്തിൻ്റെ സത്യസന്ധമായ ആവിഷ്കാരം.... ഇന്നിൻ്റെ യഥാർത്ഥ്യങ്ങൾ അൽപം പോലും അതി ഭാവുകത്വമില്ലാതെ അവതരിപ്പിച്ചതിന് അഭിനന്ദനങ്ങൾ.... ആശംസകൾ...കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ.....
മറുപടിഇല്ലാതാക്കൂഇത് ജീവിത യാഥാർത്ഥ്യമാണ് .മക്കളെ പഠിപ്പിക്കുന്നതിനൊപ്പം തന്നെ ഏതെങ്കിലും വൃദ്ധസദനത്തിൽ ഒരു മുറി തങ്ങൾക്കായി മാറ്റി വയ്ക്കാൻ നമുക്ക് കഴിയണം. ഏതായാലും കഥാന്ത്യം വളരെ മനോഹരമായിരിക്കുന്നു. ഇനിയും നല്ല കഥ കൾക്കായി കാത്തിരിക്കുന്നു.
മറുപടിഇല്ലാതാക്കൂV good
മറുപടിഇല്ലാതാക്കൂപച്ചയായ ജീവിതം അതേപോലെ പകർത്തി,എന്തൊരു റിയാലിറ്റി,അഭിനന്ദനങ്ങൾ നിങ്ങളുടെ ഭാവനകൾ ഒരുപാട് അകലം ഇനിയും പറക്കട്ടെ...
മറുപടിഇല്ലാതാക്കൂ