2022, ഓഗസ്റ്റ് 12, വെള്ളിയാഴ്‌ച

പരാജിതൻ - സിബി പയ്യാവൂർ



"അവൻ അങ്ങനെയാ ഒരു ബന്ധങ്ങളും നിലനിർത്താൻ അറിയില്ല" വർക്കിച്ചേട്ടൻ നാരായണേട്ടനോട് ഉച്ചത്തിൽ സംസാരിക്കുന്നത് കേട്ടാണ് ഞാൻ ശ്രദ്ധിച്ചത്. രണ്ടാൾക്കും കേഴ് വി അൽപം കുറവായതിനാൽ ഉച്ചത്തിലാണ് സംസാരം. അടുത്ത സുഹൃത്തുക്കളായ അവർ വൈകുന്നേരങ്ങളിൽ പതിവുള്ള ഒരു സൗഹൃദ സംഭാഷണത്തിലാണ്.വർക്കിച്ചേട്ടൻ്റെ മകനേക്കുറിച്ചാണ് സംസാരിക്കുന്നത്. അവർ സംസാരം തുടർന്നു "ഇത്രകാലമായിട്ടും അവന് സ്വന്തം കാര്യം നോക്കാനറിയില്ല എന്തുണ്ടായാലും അത് മറ്റുള്ളവർക്കായി വീതം വെക്കും ഇങ്ങനെ പോയാൽ എവിടെ എത്തിച്ചേരൂന്ന് എനിക്കറിയില്ല. അവനവനായി ഒന്നും കരുതാതെ ഇങ്ങനെ ഇരുന്നാ അവസാനം ആരും തിരിഞ്ഞു നോക്കാൻ ഉണ്ടാവില്ല. ഞാനെത്ര തവണ പറഞ്ഞൂന്നറിയോ.. പറച്ചിലു മാത്രം മിച്ചം അവൻ പിന്നേം അങ്ങനെ തന്നെ. ഇനി അവൻ്റെ ഇഷ്ടം പോലാവട്ടെ , കൊച്ചു കുട്ടി യൊന്നും അല്ലല്ലോ വയസു പത്തു നാപ്പത്തഞ്ചായില്ലേ."  


 വർക്കിച്ചേട്ടൻ്റെ മൂത്ത മകനാണ് സൈമൺ.. ഞങ്ങൾ അടുത്ത സുഹൃത്തുക്കളാണ് സമയം കിട്ടുന്ന ചില വാരാന്ത്യങ്ങളിൽ പരസ്പര സംവാദത്തിനായി ഞങ്ങൾ കുറച്ചു സമയം കണ്ടെത്താറുണ്ട്. അവൻ മനസ്സു തുറക്കുന്ന ചുരുക്കം സുഹൃത്തുക്കളിൽ ഒരാളാണ് ഞാൻ. ആള് ശുദ്ധനാ പക്ഷേ ജീവിതത്തിൽ പലപ്പോഴും അവൻ പരാജയപ്പെട്ടു പോകുന്നതായി തോന്നിയിട്ടുണ്ട്. എത്ര സ്നേഹത്തിൽ കഴിയുന്നവരോടാണെങ്കിലും അവൻ ഒത്തിരി നാൾ ചേർന്നു പോകില്ല. എന്തെങ്കിലും ചെറിയ കാര്യത്തിന് അവരുമായി പിണങ്ങും... എന്തെങ്കിലും കാര്യമുണ്ടായിട്ടാണെങ്കിൽ വേണ്ടില്ല. ഇതു വെറുതെ കൊച്ചു കാര്യങ്ങൾ വലുതാക്കി ബന്ധങ്ങളിൽ വിള്ളലുണ്ടാക്കുന്ന ഒരു രീതി. അവൻ ബന്ധങ്ങളിൽ തികച്ചും സത്യസന്ധത പുലത്തുന്നവനായതിനാൽ കൊച്ചു കാര്യങ്ങളിൽ എളുപ്പത്തിൽ പ്രകോപിതനാവും മറ്റുള്ളവർ അത് ആ രീതിയിൽ കാണണമെന്നില്ലല്ലോ അങ്ങനെ വരുമ്പോൾ അതൊരു പ്രശ്നമായി മാറും. വിശാലമായ സൗഹൃദവലയമില്ലായിരുന്ന അവൻ്റെ ഉള്ള ബന്ധങ്ങൾ സുദൃഢമായിരുന്നു. ആഴമുള്ള ആ  ബന്ധങ്ങളിൽ പലപ്പോഴും അവനൽപം പൊസസീവ് ആയിരുന്നോ എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. ഒരു പക്ഷേ അതുകൊണ്ടാവാം അവൻ്റ മനസ് വേഗത്തിൽ മുറിവേൽക്കുന്നത്.

കുടുംബ ബന്ധങ്ങളും സുഹൃത്ബന്ധങ്ങളും നിലനിർത്താൻ അവൻ്റെയത്രയും ശ്രമിക്കുന്ന ആരേയും തന്നെ ഈ അടുത്ത കാലത്തൊന്നും കണ്ടുമുട്ടിയിട്ടില്ല. പക്ഷേ എന്തു പറയാൻ അവൻ്റെ വിധി മറ്റൊന്നാണ് എല്ലാവരേയും യോജിപ്പിച്ചു കൊണ്ടുപോകാൻ ശ്രമിക്കുന്ന അവൻ ഒടുവിൽ ഒറ്റപ്പെടും മറ്റുള്ളവർ യോജിപ്പിലാവുകയും ചെയ്യും.


ഒരിക്കലവനുമായി സംസാരിച്ചിരുന്നപ്പോൾ അവൻ പറഞ്ഞ ചില കാര്യങ്ങൾ എനിക്ക് വളരെ യുക്തിസഹമായി തോന്നി.

"ഏകാന്തത ഭയാനകമാണു ജോസഫേ, അത് അനുഭവിച്ചവർക്കേ അതിൻ്റെ ഭീകരത അറിയൂ... നാം കാണുന്നതു പോലല്ല പല മനുഷ്യരുടേയും അകം, പുറമേ വളരെ കരുത്തരായി തോന്നുമെങ്കിലും അവരായിരിക്കാം ഏറ്റവും ദുർബല ചിത്തർ.  അവരുടെ ഉള്ളിലെ ആകുലതകൾ ഒന്നു പങ്കു വെക്കുവാൻ പോലുമാവാതെ നീറി നീറി കഴിയുന്നവരാവും അവരിൽ പലരും. ഏറ്റവും അടുത്തവർ പോലും അവരെ മനസ്സിലാക്കുന്നില്ലെന്നതാണ് വളരെ സങ്കടകരം. സ്നേഹം ആർക്കും പിടിച്ചു വാങ്ങാനാവില്ലല്ലോ. അറിഞ്ഞു നൽകുമ്പോഴല്ലേ അത് യഥാർത്ഥ സ്നേഹമാവൂ. ജീവിതത്തിൻ്റെ ആ ഏകാന്തതയിൽ ചുരുക്കം സുഹൃത്തുക്കൾ അവർക്ക് ആശ്വാസമായെന്നു വരാം എങ്കിലും അതു കൂടി നഷ്ടമാകുന്ന സാഹചര്യം ഒന്നാലോചിച്ചു നോക്കൂ. തകർന്നു പോകില്ലേ അവർ പിടിച്ചു നിൽക്കാൻ ഒരു താങ്ങില്ലാതെ .. പിടിച്ചുയർത്താൻ ഒരു കൈത്താങ്ങില്ലാതെ... ആകുലതകളും ആശങ്കകളും  പങ്കുവെക്കാൻ അതു മനസ്സിലാക്കാനാവുന്ന ഒരു ഹൃദയമില്ലാതെ വരുന്ന അവസ്ഥ ആലോചിക്കാൻ കൂടിയാവില്ല." ഒരു നിമിഷത്തെ നിശബ്ദതക്കു ശേഷം അവൻ തുടർന്നു "ചില താങ്ങുകൾ കിട്ടിയാൽ അവർ ഉയിർത്തെഴുന്നേറ്റു വന്നേക്കാം. പക്ഷേ ഭൂരിഭാഗവും അതോടെ തകർന്നു പോകും.. ഒന്നുകിൽ മനസ്സു കൈവിട്ട് ഉൻമാദത്തിൻ്റെ ലോകത്തിലേക്ക് അല്ലെങ്കിൽ ജീവിതത്തേക്കുറിച്ചുള്ള എല്ലാ പ്രതീക്ഷയും നഷ്ടമായി വിഷാദത്തിൻ്റെ ഉൾവലിവുകളിലേക്ക് രണ്ടായാലും ഒടുക്കം മരണത്തിൻ്റെ നിഴൽ വീണ ഇടനാഴികളിലാവും." ഇത്രയും പറഞ്ഞിട്ട് അവനെന്നെ നോക്കി പറഞ്ഞു

"ഞാൻ വെറുതെ ജോസഫിനെ ബോറടിപ്പിക്കുന്നു ഇല്ലേ പലപ്പോഴും തന്നോടു സംസാരിച്ചിരിക്കുമ്പോൾ ഒരു പോസിറ്റിവിറ്റിയുണ്ട്  അതാ ഇത്ര തുറന്ന് സംസാരിക്കാനാവുന്നത്. വേറേ വല്ലവരോടും പറഞ്ഞാൽ വട്ടാണെന്നു പറയും,  തിരസ്കൃത രാവുന്നവരുടെ വേദന വലുതാണ് ജോസഫേ, ഒന്നു മനസ്സു തുറന്നു സംസാരിക്കാൻ ആരുമില്ലാത്തവർ ...എല്ലാവരും ഉണ്ടായിട്ടും ആരുമില്ലാത്തവരേപ്പോലെ ജീവിക്കേണ്ടി വരുന്നവർ എത്ര സ്നേഹം കൊടുത്താലും അത് തിരിച്ചരിയപ്പെടാതെ പോകുന്നവർ... അങ്ങനെ ഒരു പാടു വേദനകൾ ഉള്ളിലടക്കി മറ്റുള്ളവരെ സന്തോഷിപ്പിക്കാനായി ജീവിക്കുന്ന ഒരു പാടു പേർ നമുക്കിടയിലുണ്ട്. എത്ര കാലം ഈ വേദനകൾ ഉള്ളിലടക്കി അവർക്ക് ജീവിക്കാനാവും താൻ ആർക്കും വേണ്ടാത്തവനാണെന്നു തിരിച്ചറിയുന്ന ഒരു നിമിഷത്തിൽ എന്തായിരിക്കും അവരുടെ മാനസികാവസ്ഥ ജോസഫു ചിന്തിച്ചിട്ടുണ്ടോ. അവൻ പറഞ്ഞു നിർത്തി. 

" സൈമാ നീ ഒരു പാട് ചിന്തിക്കാതെ,  ലോകം എല്ലാവരുടേതും കൂടെയല്ലേ അപ്പോൾ സന്തോഷവും സങ്കടങ്ങളും എല്ലാം ഇടകലർന്നതാണീ ജീവിതം. ജീവിതത്തിലെ സന്തോഷകരമായ ഓരോ മിഷങ്ങളും നമുക്കാസ്വദിക്കാം സങ്കടങ്ങളെ മറക്കാനും ശ്രമിക്കാം അതല്ലേ നല്ലത്" അവൻ ഒന്നു മൂളിയതേ ഉള്ളൂ എൻ്റെ ഉത്തരത്തിൽ അവൻ അത്രത്തോളം  സംതൃപ്തനല്ലായിരുന്നു എന്ന് എനിക്ക് തോന്നി. 


ഇവനെന്താ ഇങ്ങനെയൊക്കെ പറയുന്നതെന്ന് ഞാനന്ന് ചിന്തിച്ചു പക്ഷേ കുറച്ചു നാളുകൾക്കു ശേഷം അവൻ്റെ ജീവിതത്തിലെ താളപ്പിഴകളേക്കുറിച്ചറിഞ്ഞപ്പോൾ അവൻ ഞാനുമായി മനസ്സ് പങ്കുവെക്കുകയായിരുന്നെന്ന യാഥാർത്ഥ്യം ഞാൻ തിരിച്ചറിഞ്ഞു. പുറത്തേക്ക് ശാന്തമായൊഴുകുന്ന പുഴ പോലെയായിരുന്നു അവൻ്റെ ജീവിതം. ശാന്തതക്കുള്ളിൽ മറഞ്ഞിരിക്കുന്ന ചുഴികളാണല്ലോ ഏറ്റവും അപകടകരം.  വളരെ നല്ലൊരു കുടുംബമായിരുന്നു അവൻ്റേത്.. സ്നേഹ നമ്പന്നരായ ഭാര്യയും മക്കളും മക്കൾ നല്ല സ്കൂളുകളിൽ പഠിക്കുന്നു. അവൻ്റെ ജോലിയാണെങ്കിൽ സർക്കാരുദ്യോഗത്തേക്കാൾ മെച്ചവും. ആകെയുള്ള ഒരു വിഷമം ജോലി സ്ഥലം അൽപം  അകലെയായിരുന്നു എന്നതു മാത്രം. എങ്കിലും എല്ലാ വാരാന്ത്യത്തിലും അവൻ വീട്ടിലെത്തുമായിരുന്നു. ഭാര്യ ജെസിയാണെങ്കിൽ വളരെ കാര്യപ്രാപ്തിയോടെ കുടുംബം നോക്കി നടത്തുന്ന സ്ത്രീയും. എന്തുകൊണ്ടും ഒരു മാതൃകാ കുടുംബം മറ്റുള്ളവരുടെ കണ്ണിൽ വളരെ സന്തുഷ്ടമായ ജീവിതം. ഒരു പരിധി വരെ അതു തന്നെയാണ് സത്യവും. സൈമൻ്റെ ചില നിർബന്ധബുദ്ധികൾ കാരണം അവരുടെ ജീവിതത്തിലും അസ്വസ്ഥതകൾ ഉണ്ടായിട്ടുണ്ട് എന്നത് യാഥാർത്ഥ്യം പക്ഷേ ഇതൊക്കെ ഏതു കുടുംബത്തിലാണ് ഇല്ലാത്തത്. മുന്നോട്ടു പോകും തോറും സൈമൻ്റെ ഈ സ്വഭാവ സവിശേഷത കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിച്ചു. കുടുംബാംഗങ്ങൾ പ്രതികരിക്കുമ്പോൾ സൈമനും വിട്ടുകൊടുക്കാതായപ്പോൾ പലപ്പോഴും അവരുടെ ജീവിതതാളം തെറ്റുന്നതിലേക്ക് എത്തി.

സൈമൺ പലപ്പോഴും ഉൾവലിഞ്ഞവനായി കാണപ്പെട്ടു. പഴയ പ്രസരിപ്പെല്ലാം നഷ്ടമായ അവൻ അവൻ്റേതായ ലോകത്തേക്ക് ചുരുങ്ങാൻ തുടങ്ങി. അവൻ്റെ മാറ്റം കുടുംബത്തേയും ബാധിച്ചു. അവരും ആകെ അസ്വസ്ഥരാവാൻ തുടങ്ങിയതോടെ വർക്കിച്ചേട്ടൻ വീണ്ടും സൈമനുമായി സംസാരിച്ചു.

അവനിൽ മാറ്റങ്ങളുണ്ടായെങ്കിലും അവനിന്ന് പഴയ സൈമൻ്റെ ഒരു നിഴൽ മാത്രം. 


വർക്കിച്ചേട്ടനും നാരാണേട്ടനും വർത്തമാനം കഴിഞ്ഞ് വീടുകളിലേക്കു കയറി. സമയം സന്ധ്യയാകാറായി   ഇനിയൊന്നു കുളിച്ച് ക്ലബിലേക്കു പോകണം, വർഷങ്ങളായുള്ള ശീലമാണ് ജോലി കഴിഞ്ഞെത്തി കുറച്ചു വിശ്രമത്തിനു ശേഷം ക്ലബിലെത്തി സുഹൃത്തുക്കളുമായി ഒരു മണിക്കൂർ സംവാദം. പഴയ പോലൊന്നും ആരും ക്ലബിലേക്കു വരാറില്ല എല്ലാവരും മൊബൈലുമായി അവരവരുടേതായ ലോകത്തിലേക്കു ചേക്കേറുമ്പോൾ ഇതിനൊക്കെ ആർക്കാണ് സമയം. ഇങ്ങനെ എത്രയോ നൻമകൾ നമുക്കു നഷ്ടമായിക്കൊണ്ടിരിക്കുന്നു. ലോകം ചുരുങ്ങും തോറും മനുഷ്യനും ചുരുങ്ങുന്ന പ്രതിഭാസം എല്ലായിടത്തും ഒരുപോലെ തന്നെയാവും ഇല്ലേ. മനുഷ്യർ പരസ്പരം സംസാരിക്കുന്നത് കുറച്ചതോടെയാണ് കുടുംബങ്ങളിലും സമൂഹത്തിലും പ്രശ്നങ്ങൾ കൂടിയതെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.


കുറച്ചു ദിവസങ്ങൾക്കു ശേഷം ക്ലബിലിരിക്കുമ്പോൾ നാരാണേട്ടൻ്റെ മകൻ വിജയൻ അവിടേക്കു വന്നു. അവനെന്നെ വിളിച്ച് മാറ്റി നിറുത്തിപ്പറഞ്ഞു "ജോസഫേട്ടാ നമ്മടെ സൈമൺ മരിച്ചു പോയി വണ്ടി ആക്സിഡൻ്റായിരുന്നു എന്നാ പറഞ്ഞത്. കഴിഞ്ഞാഴ്ച പതിവില്ലാതെ വണ്ടിയുമായിട്ടാ ജോലിക്കു പോയത്. ഏതോ ട്രക്കുമായി കൂട്ടിയിടിച്ചതാ... അപ്പോത്തന്നെ ആളു പോയീന്നാ പറഞ്ഞേ. ആശു പത്രീന്ന്  പോലീസുകാരാ വിളിച്ചു പറഞ്ഞത്. ശ്രദ്ധിക്കാതെ വണ്ടിയോടിച്ചതാന്നാ കേട്ടത്."

ഞാനാകെ മരവിച്ചു പോയി എന്തു പറയണമെന്നോ ചെയ്യണമെന്നോ ഒരു രൂപവും കിട്ടാത്ത ഒരവസ്ഥ. ഞാനാകെ അന്ധാളിച്ചു നിക്കണ കണ്ടപ്പോ വിജയനെന്നെ തട്ടി വിളിച്ചു   "ജോസഫേട്ടാ നമുക്ക് അവൻ്റെ വീട്ടിലേക്കു പോകണ്ടേ ...ആ പിള്ളേരൊക്കെ ഇതെങ്ങനെ സഹിക്കും എൻ്റീശ്വരാ"... "ശരി വിജയാ  നമുക്കു പോകാം" എന്നു പറഞ്ഞ് ഞാനും ഇറങ്ങി. പോകും വഴി എൻ്റെ മനസ്സ് ആകെ അസ്വസ്ഥമായിരുന്നു.  ഇവനെന്തു പറ്റി അശ്രദ്ധമായി വണ്ടിയോടിക്കാൻ. അവനോളം ശ്രദ്ധിച്ചു വണ്ടിയോടിക്കുന്നവർ ആ നാട്ടിൽ വളരെ വിരളമായിരുന്നു. ഇനി മനസ്സു കൈവിട്ടു പോയ ഒരു നിമിഷത്തിലെങ്ങാനും..... ഈശ്വരാ.... അങ്ങനെയൊന്നും ആവാതിരിക്കട്ടേ. 


വീട്ടിലെത്തിയപ്പോഴേക്കും അവിടെ ഒത്തിരി ആളുകൾ എത്തിയിട്ടുണ്ട് വർക്കിച്ചേട്ടൻ ആകെ അസ്ഥനായി മുമ്പിലെ ചാരുകസേരയിൽ ഇരിപ്പുണ്ട് , ജെസിയേയും മക്കളേയും ആശ്വസിപ്പിക്കാൻ അയൽക്കാരും ബന്ധുക്കളും പെടാപ്പാട് പെടുന്നു. ജസിയുടെ ആങ്ങളയും സൈമൻ്റെ അനിയനും കൂടെ ആശുപത്രിയിലേക്ക് പോയിരുന്നു അപകട മരണ മായിരുന്നതിനാൽ പോസ്റ്റുമോർട്ടം ഒക്കെ കഴിഞ്ഞ് നാളെയേ ബോഡി കിട്ടൂ,. ആരും ആശുപത്രിയിലേക്ക് ചെല്ലേണ്ട കാര്യമില്ലെന്നു പറഞ്ഞതിനാൽ ഞങ്ങളാരും പോയില്ല വീട്ടിൽ ചെയ്യേണ്ട കാര്യങ്ങളെല്ലാം ഞങ്ങൾ തയ്യാറാക്കി.


പിറ്റേന്ന് 11 മണി ആയപ്പോഴേക്കാണ് ബോഡി വീട്ടിലെത്തിച്ചത്. വലിയ അപകടമായിരുന്നെങ്കിലും അവൻ്റെ മുഖത്തിന് കാര്യമായ പരിക്കുകൾ ഒന്നും ഇല്ലായിരുന്നു. മുഖത്തേക്കു നോക്കുമ്പോൾ  സ്വതസിദ്ധമായ ശാന്തതയോടെ അവൻ ഉറക്കത്തിലാണെന്നേ തോന്നൂ. ബോഡി വീട്ടിലെത്തിയപ്പോൾ ജസിയുടേയും  കുഞ്ഞുങ്ങളുടേയും എല്ലാ നിയന്ത്രണങ്ങളും നഷ്ടമായിരുന്നു അപ്രതീക്ഷിതമായ മരണങ്ങൾ എത്രത്തോളം മുറിവേൽപ്പിക്കുന്നവയാണെന്നു തെളിയിക്കുന്നതായിരുന്നു ആ നിമിഷങ്ങൾ. പതിയെ പതിയെ യാഥാർത്ഥ്യം ഉൾക്കൊണ്ടോ എന്തോ ഒരു നിസ്സംഗതയിലേക്ക് അവർ മാറി. 


അവൻ്റെ മുഖത്തേക്കു നോക്കി നിന്നപ്പോൾ ജീവിതത്തിൻ്റെ നിരർത്ഥകതയേക്കുറിച്ച് ഒരു നിമിഷം ഞാൻ ചിന്തിച്ചു. എത്ര സൗമ്യനായ ഒരു ചെറുപ്പക്കാരനായിരുന്നു അവൻ സ്നേഹിക്കാൻ മാത്രമറിയാമായിരുന്ന പച്ച മനുഷ്യനായ അവനെ ആരും തന്നെ ശരിയായി മനസ്സിലാക്കിയിരുന്നില്ല എന്നതായിരുന്നു യാഥാർത്ഥ്യം. തേൻ നിറച്ച വാക്കുകളിൽ പൊതിഞ്ഞു നൽകുന്ന കപട സ്നേഹമാണ് എല്ലാവർക്കും പ്രിയം. പൊള്ളുന്ന യാഥാർത്ഥ്യങ്ങളേക്കാൾ മധുരിക്കുന്ന നുണകൾ വിശ്വസിക്കാനാണല്ലോ നമുക്കിഷ്ടം. അവൻ്റെ മനസിൻ്റെ നൻമകൾ ഈ കാലത്തിനു യോജിച്ചവയല്ലായിരുന്നിരിക്കാം. ചെറിയ ചെറിയ വിട്ടു കൊടുക്കലുകൾ എല്ലാവരും ചെയ്തിരുന്നെങ്കിൽ .ആരെങ്കിലുമൊക്കെ അവൻ്റെ ആകുലതകൾ കേൾക്കാൻ അൽപം സമയം കണ്ടെത്തിയിരുന്നെങ്കിൽ ഒരു പക്ഷേ അവൻ ഇവിടെ ഇങ്ങനെ കിടക്കില്ലായിരുന്നിരിക്കാം. പക്ഷേ വിധിയെന്ന വില്ലൻ അവനേയും വെറുതേ വിടാൻ ഉദേശിച്ചിരുന്നില്ല എന്നു തോന്നുന്നു. ഒടുക്കം ഒരു പിടി മണ്ണു വാരിയിട്ട് അവൻ്റെ കുഴിമാടത്തിൽ നിന്നും തിരിച്ചു നടക്കുമ്പോൾ ശൂന്യമായിരുന്ന എൻ്റെ മനസ്സിൽ ഇനിയും സൈമൺ മാർ ഉണ്ടാവാതിരിക്കണമേ എന്ന പ്രാർത്ഥന മാത്രമായിരുന്നു ബാക്കി....



2022, ജൂലൈ 19, ചൊവ്വാഴ്ച

മാളു -സിബി പയ്യാവൂർ




 മനസ്സിൻ്റെ ഓർമ്മച്ചെപ്പിലെ ചില്ലുജാലകങ്ങളിലൂടെ തെളിയുന്ന ഓർമ്മകൾക്ക് എന്നും സൂര്യതേജസാണ് . ഏറെ നാളുകൾക്കു ശേഷമാണ് തിരുവനന്തപുരം നഗരത്തിലേക്ക് ഞാൻ തിരിച്ചെത്തുന്നത് .നാളെ സെക്രട്ടേറിയറ്റിൽ ഒരു സുപ്രധാന യോഗത്തിൽ പങ്കെടുക്കാനുണ്ട് . തയ്യാറായി പോന്നതിനാൽ ഇന്നത്തെ സായാഹ്നം വിശ്രമത്തിനായി മാറ്റിവെച്ചു.

 മധുരമുള്ള ഒട്ടേറെ ഓർമ്മകൾ സമ്മാനിച്ചിട്ടുണ്ട് ഈ നഗരം. ഓർമ്മകളുടെ ആ ചില്ലകൾക്കിടയിലൂടെ കണ്ണോടിക്കുമ്പോൾ 

ഇലകളുടെ ഇളക്കത്തോടൊപ്പം മനസ്സിൽ തെളിയുന്ന ഒരു മുഖം മറക്കാനാവില്ല.... മാളവിക... അതാണവളുടെ പേര്.... 

 തികച്ചും അപ്രതീക്ഷിതമായാണ് ഞങ്ങൾ പരിചയപ്പെടുന്നത്.

പത്തു വർഷങ്ങൾക്കു മുമ്പ് വയനാട്ടിൽ നിന്നും തിരുവനന്തപുരത്തേക്ക് മാറ്റം കിട്ടി എത്തിയ ഞാൻ ഓഫീസിൽ എല്ലാവരുമായി പരിചയപ്പെട്ടു വരുന്നതേ ഉണ്ടായിരുന്നുള്ളൂ, അപ്പോഴാണ് പുതുതായി നിയമിതയായ ജൂനിയർ എഞ്ചിനീയർക്ക് പരിശീലനം നൽകാനുള്ള ചുമതല എന്നിലേക്കെത്തുന്നത്. ഇതുവരേയും അങ്ങനെ ഒരു ഉത്തരവാദിത്തം ഏറ്റെടുക്കാത്ത ഞാൻ തുടക്കത്തിൽ  തെല്ലൊരു വിമുഖത കാട്ടിയെങ്കിലും മേലുദ്യോഗസ്ഥൻ്റെ സ്നേഹപൂർവമായ നിർബന്ധത്തിനു വഴങ്ങി സമ്മതിച്ചു. മാളവികയായിരുന്നു ആ ജൂനിയർ എഞ്ചിനീയർ.

കോഴിക്കോട്ടെ ഒരു പ്രമുഖ നായർ തറവാട്ടിലെ ഇളമുറക്കാരി ,ഏക മകൾ.

അവളുടെ ചുറുചുറുക്കും പ്രസരിപ്പും ആരെയും ആകർഷിക്കുന്ന സംസാര രീതിയും ആദ്യ ദിനം തന്നെ ശ്രദ്ധിച്ചിരുന്നെങ്കിലും തുടക്കത്തിൽ ചെറിയൊരു അകലം നിലനിർത്തുവാൻ ഞാൻ ശ്രമിച്ചു. അവൾ പ്രസരിപ്പോടെ എല്ലാ കാര്യങ്ങളും ചെയ്തിരുന്നെങ്കിലും അവളുടെ കണ്ണുകളിലെ ചെറിയൊരു മ്ലാനത എൻ്റെ ശ്രദ്ധയിൽ പെട്ടിരുന്നു .

അവൾ ആദ്യമായാണ് ഇത്രകാലം വീടുവിട്ട് നിൽക്കുന്നത് എന്നറിഞ്ഞപ്പോൾ അവളോട് ഞാൻ കുറച്ചു കൂടി സംസാരിക്കുവാൻ തുടങ്ങി. അടുത്തടുത്ത ജില്ലക്കാരാണെന്നതും നായർ പശ്ചാത്തലവും ഞങ്ങളെ കുറച്ചു കൂടി അടുപ്പിച്ചു. നമ്മൾ മലയാളികൾ പൊതുവെ അങ്ങനെയാണല്ലോ മതേതരത്വം പ്രസംഗിക്കുമെങ്കിലും സ്വന്തം കാര്യം വരുമ്പോൾ നമുക്ക് മത ജാതി ബോധം കുറച്ചു കൂടുതലാണ്.

 പരസ്പരം മനസ്സിലാക്കിയതോടെ അധികം താമസിയാതെ ഞങ്ങൾ കൂടുതൽ അടുത്തു. എൻ്റെ അനുജത്തിയിൽ നിന്നും ഏറെ പ്രായ വ്യത്യാസമില്ലാതിരുന്ന അവൾ എനിക്കെൻ്റെ കുഞ്ഞനുജത്തിയേപ്പോലെ തന്നെയായിരുന്നു , അവളുടെ ചെറിയ കുസൃതികളും കൊച്ചു തമാശകളും ഞാൻ ഏറെ ആസ്വദിച്ചു. അവളാണെങ്കിൽ എന്നെ ഒരു വല്യേട്ടനായി കണ്ട് അവളുടെ കൊച്ചു കൊച്ചു സങ്കടങ്ങളും സന്തോഷങ്ങളും ഞാനുമായി പങ്കിട്ടിരുന്നു. ചിലപ്പോൾ ഞങ്ങൾ പരസ്പരം വഴക്കടിച്ചു, ചിലപ്പോൾ  തർക്കിച്ചു . മനസ്സു തുറന്ന് സംസാരിക്കുവാൻ പറ്റുന്ന ഒരു സൗഹൃദം ഞങ്ങൾക്കിടയിൽ രൂപപ്പെട്ടു. ജോലിത്തിരക്കുകൾക്കിടയിൽ എനിക്കു നഷ്ടപ്പെട്ട എൻ്റെ പ്രിയപ്പെട്ട അനുജത്തിയുടെ സാമീപ്യവും അവളോടൊപ്പമുണ്ടാകേണ്ടിയിരുന്ന നിമിഷങ്ങളും മാളുവിലൂടെ ഞാൻ അനുഭവിക്കുകയായിരുന്നു.  ഞങ്ങളുടെ ഈ സൗഹൃദം അവളുടെ പരിശീലനത്തിൻ്റെ വിരസതകൾ ഒരു പരിധി വരെയെങ്കിലും കുറക്കുവാൻ സഹായിച്ചു. അങ്ങനെ പരിശീലന കാലാവധി കഴിയും മുൻപുതന്നെ അവൾ മിക്ക കാര്യങ്ങളും സ്വയം പര്യാപ്തയാകുകയും ചെയ്തു. നീണ്ട അവധി ദിവസങ്ങളിൽ നാട്ടിൽ പോകാത്ത സമയങ്ങളിൽ തിരുവനന്തപുരത്തിൻ്റെ സാംസ്കാരിക കേന്ദ്രങ്ങളിൽ ഞങ്ങൾ സ്ഥിര സന്ദർശകരായി മാറി. കലാ സാംസ്കാരിക വിഷയതാൽപര്യങ്ങളിലെ സാമ്യത പലപ്പോഴും ഞങ്ങളെ വി.ജെ.ടി ഹാളിലും, നിശാഗന്ധിയിലും കൊണ്ടുചെന്നെത്തിച്ചു. തീർത്തും സുതാര്യമായ ഞങ്ങളുടെ സൗഹൃദം പല വിഷമഘട്ടങ്ങളെയും ശാന്തമായി നേരിടാൻ ഏറെ  സഹായകമായി. മുൻ വിധികളില്ലാതെ എന്തിനേക്കുറിച്ചും പരസ്പരം അഭിപ്രായം ചോദിക്കാനുണ്ടായിരുന്ന സ്വാതന്ത്ര്യം പലപ്പോഴും ശരിയായ തീരുമാനങ്ങളെടുക്കാൻ ഏറെ സഹായകരമായിരുന്നു.

പ്രിയപ്പെട്ടവരെ വിട്ടകന്നു നിൽക്കുന്നതിൻ്റെ വിഷമം ഒരു പരിധി വരെ കുറക്കാൻ ഞങ്ങളുടെ സൗഹൃദം സഹായകരമായിരുന്നു എന്നതും നിസ്തർക്കമാണ്.


രണ്ടു വർഷം കടന്നു പോയത് ഞങ്ങൾ അറിഞ്ഞതേ ഇല്ല. അടുത്ത മാസം മാളുവിൻ്റെ പരിശീലന കാലാവധി കഴിയുകയാണ്  പരിശീലനം പൂർത്തിയാക്കുന്നവർക്ക് ഒരു വർഷം ഗ്രാമീണ മേഖലയിൽ ജോലി ചെയ്യണമെന്ന നിബന്ധനയുള്ളതിനാൽ മാളുവിന് പോയേ പറ്റൂ ഇടുക്കിയിലാണ് അവൾക്ക് നിയമനം കിട്ടിയിരിക്കുന്നത് . രണ്ടു വർഷത്തോളം അടുത്തിടപഴകിയിട്ട് പെട്ടെന്ന് പിരിയണമല്ലോയെന്ന ചിന്ത ഞങ്ങളെ സങ്കടപ്പെടുത്തിയിരുന്നെങ്കിലും  യാഥാർത്ഥ്യബോധത്തോടെ അതിനെ തരണം ചെയ്യാൻ ഞങ്ങൾക്കായി . ഒരു മാസത്തിനുശേഷം മാളു ഇടുക്കിക്കു പോയി എങ്കിലും ഞങ്ങളുടെ സൗഹൃദം തുടർന്നു. അവളുടെ കൊച്ചു കൊച്ചു സന്തോഷങ്ങളും സങ്കടങ്ങളും ഞാനുമായും തിരിച്ചും പങ്കുവെക്കാൻ  ഞങ്ങൾ സമയം കണ്ടെത്തി. 

രണ്ടു വർഷങ്ങൾ കൂടി കഴിഞ്ഞപ്പോൾ എനിക്ക് വീണ്ടും വയനാട്ടിലേക്ക് മാറ്റം കിട്ടി. ഞാൻ വയനാട്ടിലെത്തി രണ്ടു മാസം കഴിഞ്ഞപ്പോഴായിരുന്നു മാളുവിൻ്റെ വിവാഹം. വളരെ മിടുക്കനായ ഒരു സോഫ്റ്റ് വെയർ എഞ്ചിനീയറായിരുന്നു വരൻ ഐ.ഐ. ടി ബിരുദധാരിയായ  തേജസ്  കോഴിക്കോട്ടെ അറിയപ്പെടുന്ന ഒരു കുടുംബത്തിൽ നിന്നായിരുന്നു. വളരെ സൗമ്യനായ ഒരു ചെറുപ്പക്കാരൻ, ഇന്നിൻ്റെ ജാഡകളില്ലാത്ത പരസ്പരം ബഹുമാനിക്കാൻ മനസ്സുള്ള ആ ചെറുപ്പക്കാരനെ മാളു ശരിക്കും അർഹിച്ചിരുന്നു. അവളുടെ നല്ല മനസ്സിന് സർവ്വേശ്വരൻ അറിഞ്ഞനുഗ്രഹിച്ച് നൽകിയതാണ് ആ ചെറുപ്പക്കാരനെ എന്നതാണ് യാഥാർത്ഥ്യം. 

 മാളുവിൻ്റെ വിവാഹത്തിനു ശേഷം വർഷം 5 കഴിഞ്ഞിരിക്കുന്നു. അവളിപ്പോൾ ഭർത്താവിനും കുഞ്ഞിനുമൊപ്പം ന്യൂയോർക്കിൽ സ്ഥിരതാമസമാണ്. വിവാഹത്തിനു ഒരു വർഷത്തിനു ശേഷം അവളുടെ ഭർത്താവിന് ന്യൂയോർക്കിലേക്ക് മാറ്റമായി അതോടെ അവളും ജോലി രാജി വെച്ച് അവിടേക്കു പോയി. രണ്ടു വർഷം മുമ്പാണ് അവർക്കൊരു പെൺകുഞ്ഞു പിറന്നത് അതിനു ശേഷം കഴിഞ്ഞ വർഷം അവർ നാട്ടിലെത്തിയപ്പോഴാണ് ഞങ്ങൾ അവസാനമായി കണ്ടത്. അവളുടെ കുഞ്ഞും അവളേപ്പോലെ തന്നെ... കുസൃതി നിറഞ്ഞ അതേ കണ്ണുകൾ അതേ മുഖം... നിഷ്കളങ്കമായ അതേ ചിരി.. ആ കുഞ്ഞിനെ കയ്യിലെടുത്തപ്പോൾ ഒരു നിമിഷം ഞാൻ വീണ്ടും മാളുവിനോടൊപ്പമുണ്ടായിരുന്ന നിമിഷങ്ങളിലേക്ക് തിരിച്ചു പോയി. ഞങ്ങൾക്കിടയിലെ സൗഹൃദം ഒരു കോട്ടവും തട്ടാതെ ഇന്നും തുടർന്നു പോകുന്നത് പരസ്പര വിശ്വാസവും  ബഹുമാനവും പുലർത്തുന്ന ബന്ധങ്ങൾ എന്നും പൂത്തുലഞ്ഞുതന്നെ നിൽക്കും എന്നതിൻ്റെ തെളിവാണ്. 

ഞാൻ ചിന്തകളിൽ നിന്നും ഉണർന്നു , സമയം സന്ധ്യയായിരിക്കുന്നു. ഓർമ്മകൾ അയവിറക്കുമ്പോൾ സമയം പോകുന്നതേ അറിയില്ല. ഇനിയൊന്ന് കുളിച്ച് കിടന്നുറങ്ങണം നാളത്തെ പ്രഭാതത്തെ കൂടുതൽ ഉൻമേഷത്തോടെ എതിരേൽക്കാൻ.