ഞാൻ'ഇന്ദു'
ഇന്ദു ഹരിദാസ്
എന്നെ അറിയാത്തവരായി ആരുമുണ്ടാവില്ല
വെറും ഇന്ദുവല്ല ഞാൻ
കൊലയാളി ഇന്ദു !
മനസാക്ഷിയില്ലാത്തവൾ
ചുടല യക്ഷി, രക്തദാഹി
അങ്ങനെ കുറെയെറെ വിളിപ്പേരുകൾ സ്വന്തമാക്കിയവൾ. ആറു പേരെ കൊന്ന
കുറ്റത്തിന് വധശിക്ഷ കാത്തു കിടക്കുന്ന കുറ്റവാളിയാണ് ഞാൻ. ഇന്നേയ്ക്കക്കഞ്ചാം ദിവസം ആ ശിക്ഷ നടപ്പാകും. അങ്ങനെ ഞാനീ ലോകത്തു നിന്നും യാത്രയാകും ,എൻ്റെ പ്രാണനായിരുന്ന എൻ്റെ ഹരിയേട്ടനരികിലേക്ക് ,എൻ്റെ ഹൃദയസ്പന്ദനങ്ങളായിരുന്ന ,എൻ്റെ പ്രിയ മക്കളുടെയരികിലേക്ക്
ജഡ്ജിയമ്മയുടെ പ്രത്യേക പരിഗണന മൂലം എനിക്ക് കിട്ടിയതാണ് എഴുതാനുള്ള സാമഗ്രികൾ. എൻ്റെ മുൻപിൽ ഒരുപാട് സമയം ബാക്കിയുണ്ട്. നാല് ദിവസങ്ങൾ ,96 മണിക്കൂറുകൾ .ഓരോ മണിക്കൂറും ഓരോ യുഗങ്ങൾ പോലെയാണ് തോന്നുന്നത്. തിട്ടപ്പെടുത്തി വച്ചിരിക്കുന്ന ആ തീയതി അടുക്കുന്തോറും മനസ്സ് ആഹ്ലാദത്തിൻ്റെ ഉൻമത്താവസ്ഥയിലേക്ക് എന്നെ കൊണ്ടെത്തിക്കുന്നു. ഓരോ പുലർച്ചയും കാത്തിരിപ്പിൻ്റെ ദൈർഘ്യം കുറയ്ക്കുന്നു. ചതിയുടെയും കാപട്യത്തിൻ്റെയും ഈ ലോകത്തു നിന്നും എൻ്റെ പ്രിയപ്പെട്ടവരുടെയടുത്തേക്ക് പോകാനുള്ള ആ ദിവസവും കാത്ത് ഞാനിവിടെ ഈ തമോമണ്ഡലത്തിൽ മരണത്തിനായുള്ള തൃഷ്ണയോടെ കാത്തിരിക്കുകയാണ്.
''കിളിക്കൂട് " എന്നാണ് എൻ്റെ വീടിൻ്റെ പേര്.ഹരിയേട്ടനും ഞാനും എൻ്റെ രണ്ട് പൊന്നോമനകളും താമസിച്ചിരുന്ന വീട്. ശരിക്കുമതൊരു കിളിക്കൂട് തന്നെയായിരുന്നു. ഒരു വലിയ കോൺക്രീറ്റ് മാളിക പണിത് അതിൽ താമസിക്കാൻ ഞങ്ങൾക്കിഷ്ടമില്ലായിരുന്നു. ഓരോന്നും എൻ്റെ ഇഷ്ടപ്രകാരമാണ് ഹരിയേട്ടൻ ചെയ്തത്.നാല് വശത്തും വരാന്തകളുള്ള ,ഉള്ളിൽ സൂര്യപ്രകാശവും വായുവും യഥേഷ്ടം സഞ്ചരിക്കുന്ന ,ഓട് പാകിയ മനോഹരമായ വീട്. മുറ്റത്ത് പൂന്തോട്ടവും ആമ്പൽക്കുളവും ചെറിയ ചെറിയ മരങ്ങളുമൊക്കെയുണ്ടായിരുന്നു.30 സെൻ്റിൽ യഥേഷ്ടം മാവും പേരയും പനിനീർ ചാമ്പയും മാതള നാരകവുമൊക്കെ ഉണ്ടായിരുന്നു. ഏത് ചൂടുള്ള കാലത്തും ഞങ്ങളുടെ വീട്ടിൽ തണുപ്പ് നിറഞ്ഞിരുന്നു. സ്നേഹത്തിൻ്റെ നനുത്ത തണുപ്പ് ആവോളം നിറഞ്ഞു നിന്നിരുന്ന ആ വിട്ടിൽ പിണക്കങ്ങളോ ആക്രോശങ്ങളോ ഒന്നുമുണ്ടായിരുന്നില്ല.
ഒന്നര വയസ്സിൻ്റെ വിത്യാസമേ എൻ്റെ മക്കൾ തമ്മിൽ ഉണ്ടായിരുന്നുള്ളു. ചന്ദ്രയായിരുന്നു മൂത്തവൾ ,ഇളയവൾ താരയും .ചന്ദ്രുവും താരുവുമായിരുന്നു അവർ. രണ്ടു പേരെയും കാണാൻ നല്ല ചന്തമായിരുന്നു. പഠിക്കാൻ സമർത്ഥരായിരുന്നു അവർ. ചന്ദ്രു പത്താം തരത്തിൽ പരീക്ഷയെഴുതി.താരു പത്തിലേക്കും .അടുത്തുള്ള സർക്കാർ സ്കൂളിലായിരുന്നു അവർ പഠച്ചി
രുന്നത്. പാട്ടിലും ഡാൻസിലുമെല്ലാം ഒന്നാമതായിരുന്നു എൻ്റെ കുട്ടികൾ .ചെറിയ തർക്കങ്ങൾ അവർ തമ്മിലുണ്ടായാൽ പോലും ഹരിയേട്ടനത് സഹിക്കാനാവുമായിരുന്നില്ല. അച്ഛനെ വിഷമിപ്പിക്കാതിരിക്കാൻ അവരും ശ്രദ്ധിച്ചിരുന്നു. ഞാനവർക്ക് അമ്മയായിരുന്നില്ല, ഒരു കളിക്കൂട്ടുകാരിയായിരുന്നു.എൻ്റെ ചില പേടികൾ അവർക്ക് തമാശയായിരുന്നു. ഇടിയും മിന്നുമുള്ള രാത്രികൾ എനിക്ക് പേടി സ്വപ്നങ്ങളായിരുന്നു. ആ അവസരങ്ങളിലൊക്കെ മൂന്നു പേരും കൂടി എന്നെ ഇറുകെ കെട്ടിപ്പിടിച്ചിരിക്കും. എൻ്റെ പേടികളിൽ ഏറ്റവും വലുത് ഇരുട്ടായിരുന്നു. കറൻ്റ് പോയാൽ ഞാൻ നിന്നിടത്തു നിന്ന് അനങ്ങില്ല ,ശ്വാസം നിലയ്ക്കുന്നതു പോലെയൊക്കെ തോന്നുമായിരുന്നു. കിട്ടാവുന്നതിൽ ഏറ്റവും നല്ല ഇൻവെർട്ടർ വാങ്ങി വീട്ടിൽ വച്ചാണ് ഹരിയേട്ടനതിന് പരിഹാരം കണ്ടത്. സത്യത്തിൽ ഞാൻ അവരെയല്ല ,അവർ മൂന്നു പേരും കൂടി സ്നേഹിച്ചും ലാളിച്ചും എന്നെ വഷളാക്കുകയായിരുന്നു.എല്ലാ വർഷവും കുട്ടികളുടെ അവധിക്ക് ഞങ്ങൾ എവിടെക്കെങ്കിലും യാത്ര പോകാറുണ്ട്. എല്ലാം പായ്ക്ക് ചെയ്യുന്നതാണ് എന്നെ സംബന്ധിച്ചിടത്തോളം ദുഷ്കരം. എത്ര എടുത്ത് വച്ചാലും പിന്നേയും പിന്നേയും പെട്ടി തുറന്ന് നോക്കുന്നത് എൻ്റെ ഒരു ശീലമായിരുന്നു.എൻ്റെ പരവേശം കാണുമ്പോൾ മൂന്നാളുമിരുന്ന് ചിരിക്കും'. ഹരിയേട്ടൻ ഓഫീസാവിശ്യത്തിനായി രണ്ടു ദിവസം മാറി നിൽക്കേണ്ടി വന്നാലും എനിക്ക് ഭയങ്കര പേടിയാണ്. ഹരിയേട്ടനുമതറിയാം. അങ്ങനെ പോകുന്ന സന്ദർഭത്തിൽ കുട്ടികളോട് പറയും അമ്മയെ നോക്കിക്കോണമെന്ന്. അതിന് താരു പറയും സാധാരണ കുട്ടികളെ നോക്കിക്കോണമെന്നാണ് എല്ലാ അച്ഛൻമാരും പറയുന്നത്. പക്ഷേ ഇവിടെ നേരെ തിരിച്ചാണ് എന്ന്. അപ്പോൾ ഹരിയേട്ടൻ എന്നെ നോക്കി വലംകണ്ണിറുക്കി ചിരിക്കും. എൻ്റെ ജീവിതത്തിലെ ഏറ്റവും നല്ല നിമിഷങ്ങളായിരുന്നു അതൊക്കെ.ആ സ്നേഹ കിളിക്കൂട് കണ്ട് ഏത് ദൈവത്തിനാണ് എന്നോടസൂയ തോന്നിയത് എന്നെനിക്കറിയില്ല. ആ അസൂയ ഒര ശനിപാതമായി ,തീ പിടിച്ച ഒരു ഉൽക്കയായി ഞങ്ങളുടെ ആ കിളിക്കൂടിന് മീതെ ആഞ്ഞു പതിക്കുകയായിരുന്നു.
വില്ലേജോഫീസറായിരുന്ന ഹരിയേട്ടന് ധാരാളം പ്രശ്നങ്ങളുണ്ടായിരുന്നു. പക്ഷേ അതൊന്നും ഞങ്ങളെ അറിയിച്ചിരുന്നില്ല. അന്ന് ഞങ്ങൾ യാത്ര പോകാനുദ്ദേശിച്ചിരുന്നതിനും രണ്ട് ദിവസം മുമ്പ് ഹരിയേട്ടൻ വല്ലാത്ത ടെൻഷനിൽ ആണ് എന്ന് എനിക്ക് തോന്നിയപ്പോൾ ഞാൻ കാരണം തിരക്കി.ആ നാട്ടിലെ പ്രമാണിയായ അപ്പു മേനോനും അവരുടെ മൂന്ന് ആൺമക്കളും കൂടി ഒരു പുറമ്പോക്ക് ഭൂമിയുടെ പേപ്പറിൽ ഒപ്പിട്ട് കൊടുക്കണമെന്ന് നിർബന്ധിക്കുന്നു എന്ന് മാത്രമേ എന്നോട് പറഞ്ഞുള്ളു. അപ്പു മേനോൻ ഭയങ്കര ദുഷ്ടനാണ് എന്നെനിക്കറിയാമായിരുന്നു. മൂന്ന് ആണും നാലു് പെണ്ണുമായിരുന്നു അയാൾക്ക് .വളരെ ചെറിയ പ്രായത്തിൽ തന്നെ പെൺകുട്ടികളെ അവരുടെ സമ്മതം കൂടാതെ തന്നെ കല്യാണം കഴിച്ച യച്ചു. മൂന്ന് ആൺമക്കൾക്കും വേറെ വേറെ വീടു് വച്ച് കൊടുത്തിരുന്നു. മൂന്ന് ആൺമക്കൾക്കും ഓരോരോ മക്കളാണുള്ളത്. ആൺമക്കൾ ദുഷ്ടൻമാരായിരുന്നുവെങ്കിലും അവരുടെ കുടുംബത്തെ ജീവനേപ്പോലെ സ്നേഹിച്ചിരുന്നുവത്രെ. പുറം പണിക്ക് വരുന്ന ദേവകിയമ്മയുടെ സ്റ്റഡീ ക്ലാസാണിതെല്ലാം. ഞാൻ ഹരിയേട്ടനെ എന്നാ ലാവും വിധം സമാധാനിപ്പിച്ചു. ഏതായാലും മറ്റന്നാളല്ലേ നമുക്ക് പോകണ്ടത് നാളെയും കൂടി ലീവെടുക്ക് ഹരിയേട്ടാ എന്ന് പറഞ്ഞപ്പോൾ അദ്ദേഹം സമ്മതിച്ചു. പിറ്റേന്ന് കുട്ടികൾ ഉത്സാഹതിമിർപ്പിൽ ആയിരുന്നു. നാളെ രാവിലെ തന്നെ പോകേണ്ടതാണ് വേഗം കിടന്നുറങ്ങാൻ കുട്ടികളോട് പറഞ്ഞിട്ട് ,ഒരു പ്രാവശ്യം കൂടി ബാഗെല്ലാം പരിശോധിക്കാൻ പോയി. രാത്രി പതിനൊന്ന് മണിയായിക്കാണും ഡോർബെല്ല് കേട്ട്, ഹരിയേട്ടൻ പൂമുഖത്തേക്ക് പോയി. എന്തോ എനിക്കും കിടക്കാൻ തോന്നിയില്ല. ഞാനും ഹരിയേട്ടൻ്റെ കൂടെ പോയി .ആരായെന്ന ഹരിയേട്ടൻ്റെ ചോദ്യത്തിന് ,ഞാനാടാ ഹരി വാതിലു തുറക്ക് എന്ന മറു ശബ്ദമാണ് കേട്ടത്. വേണ്ട ഹരിയേട്ടാ എന്ന് ഞാൻ പറഞ്ഞതും ഹരിയേട്ടൻ വാതിലു തുറന്നതും ഒരുമിച്ചായിരുന്നു. ആദ്യം കയറി വന്നത് അപ്പു മേനോൻ്റെ മൂത്ത മകൻശേഖരനായിരുന്നു. പിന്നീട് രാജനും ദേവനും. വീടിനുള്ളിൽ കയറി അവർ തന്നെ വാതിലടച്ചു. പേടിച്ചു വിറച്ച് ഞാൻ ഒന്ന് ചലിക്കാൻ പോലുമാവാതെ നിന്നു. മൂന്ന് പേരും നന്നായി കുടിച്ചിട്ടുണ്ടെന്ന് അവരെ കാണുമ്പോഴെ അറിയാമായിരുന്നു. അസഭ്യ വാക്കുകളുടെ അകമ്പടിയോടെ അവർ ഹരിയേട്ടനെ എന്തൊക്കെയോ പറഞ്ഞു. ഹരിയേട്ടൻ പറഞ്ഞതൊന്നും കേൾക്കാൻ നിക്കാതെ ഇളയവൻ രാജൻ ഹരിയേട്ടനെ അടിക്കുകയും ആഞ്ഞ് തള്ളുകയും ചെയ്തു.ഹരിയേട്ടാ....... എന്ന് അലറി വിളിച്ച് അടുത്തേക്കോടിച്ചെന്ന എന്നെ ദേവൻ പിടിച്ചു നിർത്തി. ശബ്ദം കേട്ട് ചന്ദ്രുവും താരുവും ഓടി വന്നു. ചന്ദ്രു കരഞ്ഞ് ബഹളമുണ്ടാക്കിയപ്പോൾ ,താരു വേഗം ഫോണിനടുത്തേക്കോടി. അതു കണ്ട രാജൻ ഓടിച്ചെന്ന് അവളെ പിടിച്ചുവലിച്ചു നിർത്തി രണ്ട് കവിളിനും മാറി മാറി അടിച്ചു. അടിയുടെ വേദനയിൽ പുളഞ്ഞ് എൻ്റെ പൊന്നുമകൾ ബോധം മറഞ്ഞ് താഴെ വീഴുന്നത് ഞാൻ കണ്ടു. പിന്നെ അവിടെ നടന്നതൊന്നും വിവരിക്കാൻ എനിക്ക് ശക്തിയില്ല .പക്ഷേ അതു പറഞ്ഞില്ലെങ്കിൽ ഈ ലോകമതറിയില്ല. ഇരുട്ടിനെ പേടിയുള്ള ,ഒരു ഉറുമ്പിനെ പോലും നോവിക്കാനറിയാത്ത ഇന്ദു ഹരിദാസ് എങ്ങനെ കൊലയാളി ഇന്ദുവായി എന്ന് എല്ലാരുമറിയണം .
ഹരിയേട്ടനെ അടിച്ചവശനാക്കി വായിൽ തുണിയും തിരുകി ഒരു തൂണിലവർ കെട്ടിയിട്ടു. എന്നിട്ട് എന്നെയും എൻ്റെ പിഞ്ചുമക്കളെയുമവർ എന്തൊക്കെ ചെയ്യാമോ അതെല്ലാം ചെയ്തു .കേവലം ഞങ്ങളുടെ മേൽ കാമം തീർക്കുകയല്ല അവർ ചെയ്തത് ,വളരെ മൃഗീയമായ രീതിയിൽ ,മൃഗങ്ങൾപോലും ചെയ്യാനറയ്ക്കുന്ന തരത്തിൽ ഞങ്ങളുടെ ശരീരത്തിലവർ പേക്കൂത്ത് ആടി തിമിർത്തു .പ്രാണൻ പോകുന്ന വേദനയിലും എൻ്റെ മക്കളെ വെറുതെ വിടു എന്ന് ഞാൻ കേണപേക്ഷിച്ചു കൊണ്ടിരുന്നു.കാമാന്ധരായ ആ രാക്ഷസൻമാർ അത് കേൾക്കുക കൂടി ചെയ്തില്ല. മെല്ലെ എൻ്റെ പ്രഞ്ജ എന്നിൽ നിന്നകന്നു പോയി.പിന്നീടെന്തു സംഭവിച്ചു എന്നറിയാതെ ഇരുപത് ദിവസത്തോളം ഞാൻ ഹോസ്പിറ്റലിൽ ആയിരുന്നു. മുറിഞ്ഞു തൂങ്ങിയ എൻ്റെ പാതി ചുണ്ടുകൾ ഡോക്ടർമാർ തുന്നിചേർത്തിരുന്നു. ബോധമില്ലാതെ കിടന്നിരുന്ന എൻ്റെ ഗർഭപാത്രവും ഡോകടർമാർ മുറിച്ചു മാറ്റിയിരുന്നു എന്ന സത്യവും പതിയെ ഞാൻ അറിഞ്ഞു. അബോധങ്ങളിൽ നിന്ന് ബോധത്തിലേക്ക് സഞ്ചരിച്ചുകൊണ്ടിരുന്ന എനിക്ക് എപ്പോഴോ അറിയാൻ കഴിഞ്ഞു. ഹരിയേട്ടനും എൻ്റെ പൊന്നുമക്കളും ഈ ഭൂമിയിൽ ഇല്ലെന്ന് .ഏതോ പാണ്ടികൾ മോഷണം നടത്താൻ വന്നപ്പോൾ തടഞ്ഞ ഹരിയേട്ടനെ അവർ കൊന്നു ,ഞങ്ങളെ മാനഭംഗപെടുത്തി.ഇതായിരുന്നു ലോകമറിഞ്ഞ കഥ .പോലീസ് വന്നു കുറെ പ്രാവശ്യം ...... ചോദ്യം ചെയ്യാൻ .......
എൻ്റെ വായിൽ നിന്ന് ഒരു വാക്ക് പോലും വീണില്ല. ആരോടും ഒന്നും മിണ്ടാതെയായി.ഡോക്ടർ പറഞ്ഞു ഷോക്കാണെന്ന്. തറവാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാൻ ഏട്ടൻ വന്നു. വരില്ല എന്ന് തന്നെ ആംഗ്യം കാണിച്ചു.ഇനിയുള്ള കുറച്ച് ദിവസങ്ങൾ ആ നാട്ടിൽ ,ആ വീട്ടിൽ തന്നെ വേണമെന്ന് നിർബന്ധമായിരുന്നു.
ഏട്ടൻ്റെ കാറിൽ നിന്നും വീട്ടുമുറ്റത്ത
ക്കിറങ്ങിയപ്പോൾ ,ആ മണ്ണിലെൻ്റെ കാല് പതിഞ്ഞപ്പോൾ......... ഇല്ല അതിൻ്റെ തീവ്രത എഴുതാൻ ഈ പേപ്പറുകളോ ഈ പെന്നിലെ മഷിയോ മതിയാവില്ല.ഞാൻ വീട്ടിലേക്ക് കയറി വാതിലടച്ചു. പിന്നിൽ ഏട്ടൻ്റെ വിളിയും വാതിലിൽ തട്ടുന്ന ഒച്ചയുമൊന്നും കേൾക്കാത്ത പോലെ പതിയെ നടന്ന് ഹരിയേട്ടനെ കെട്ടിയിട്ട തൂണിൻ്റെ ചുവട്ടിൽ മറ്റൊരു തൂണായി ഞാനിരുന്നു.എൻ്റെ പ്രാണൻ പിടയുന്നത് ഞാനറിഞ്ഞു.കണ്ണിൽ കുടി കണ്ണുനീർ കുതിച്ചു പാഞ്ഞുകൊണ്ടിരുന്നു. അതൊരു മഹാപ്രളയമായി എന്നെയും വഹിച്ചുകൊണ്ടു പോയിരുന്നെങ്കിൽ എന്ന് ഞാനാശിച്ചു. എനിക്കൊന്നും കാണുന്നുണ്ടായിരുന്നില്ല. സർവ്വത്ര ഇരുട്ടായിരുന്നു. വെളിച്ചത്തിൻ്റെ നേരിയ ഒരു തിരി പോലും അങ്ങോട്ട് വരരുതേ എന്ന് ഞാനാഗ്രഹിച്ചു. ദിഗന്തം നടുങ്ങുന്നതു പോലെ ഒരു ഇടിയൊച്ച കാതിൽ മുഴങ്ങി .ഒരു മിന്നൽ പിന്നർ കണ്ണിലൂടെ പാഞ്ഞു പോകുന്നതു പോലെ ,വേദന കൊണ്ട് ഞാൻ പിടഞ്ഞു. എനിക്ക് ശ്വാസം നിലച്ചതു പോലെ................
പിറ്റേ ദിവസം ഉച്ചയായി കാണും നീണ്ട ഒരുറക്കത്തിൻ്റെ അല്പാശ്വാസത്തിൽ ഞാൻ കണ്ണുകൾ തുറന്നു.എഴുനേറ്റ് കുളിച്ചു. എനിക്ക് എൻ്റെ ജീവൻ ഇത്തിരി നാളത്തേക്ക് കൂടി ആവശ്യമുണ്ടായിരുന്നു. അതു കൊണ്ട് ഇത്തരി കഞ്ഞി വച്ചു, ഉപ്പും ഒരു ഉണക്കമുളകും കൂട്ടി കഴിച്ചു. സന്ധ്യയായി ,രാത്രിയായി ,ഞാൻ വിളക്ക് തെളിച്ചില്ല, ലെറ്റ് ഇട്ടില്ല ,ഇരുട്ടിന് കൂട്ടായി തൂണിൽ ചാരി ഞാനിരുന്നു. ഇരുട്ടിന് ഇത്തിരി കട്ടി കൂടിയപ്പോൾ ഞാനെഴുനേറ്റു. ഹരിയേട്ടൻ ഷേവുചെയാൻ വാങ്ങി വച്ചിരുന്ന ബ്ലേഡു പായ്ക്കറ്റിൽ നിന്നും ഒന്നെടുത്തു. വീടുപൂട്ടി വെളിയിലിറങ്ങി. ചുരുക്കം ചില വീടുകളിൽ മാത്രം വെളിച്ചമുണ്ട്. എൻ്റെ കാലുകൾ എന്നെ കൊണ്ടത്തിച്ചത് രാജൻ്റെ വിടിന് പിന്നിലായിരുന്നു. വേലക്കാരി പാത്രം കഴുകുന്നുണ്ടായിരുന്നു.അവർ കാണാതെ പിൻവാതിലിലൂടെ ഞാൻ അകത്തു കയറി. ബെഡ്റും എവിടെയായിരുക്കുമെന്ന ആശങ്കയിൽ തെല്ലു നിന്നപ്പോൾ രാജൻ്റെ ഭാര്യയുടെ ഒച്ച കേട്ടു ." രാജേട്ടാ മോനുറങ്ങി ഞാൻ കിടത്തിയിട്ടു വരാം '' .നോക്കുമ്പോൾ കുഞ്ഞിനെയുമെടുത്ത് മുകളിൽ ബെഡ് റൂമിൽ കിടത്തി അവൾ തിരിച്ചു വന്നു. തീർത്തും പരിചയമുള്ള ഒരു വീട്ടിൽ കയറുന്നതുപോല അതെൻ്റെ അവകാശമാണെന്ന് വിചാരിച്ച് അവരുടെ ബെഡ് റൂമിൽ കയറി വാതിൽ ചാരി കട്ടിലിനടിയിൽ ഇരുന്നു. കുറച്ച് സമയങ്ങൾക്കു ശേഷം രാജനും ഭാര്യയും റൂമിലേക്ക് വന്നു. ഭാര്യയുടെ കാതിലെന്തോ പറഞ്ഞ് ചിരിക്കുന്ന രാജൻ്റെ നെഞ്ചിലേക്ക് നാണത്തോടെ ചായുന്ന അവളെ ചേർത്തു പിടിച്ചു കൊണ്ട് മകൻ്റെ അരികിലേക്കിരുന്നു. നമ്മുടെ മകൻ ഉണ്ണിക്കണ്ണനെ പോലെയുണ്ടല്ലേ എന്ന് പറഞ്ഞ് അതിയായ വാത്സല്യത്തോടെ അവൻ്റെ നെറ്റിയിൽ ഉമ്മ വച്ചു. ബെഡ്റും ലാമ്പിൻ്റെ അരണ്ട വെളിച്ചത്തിൽ മൈഥുനം കഴിഞ്ഞ് കെട്ടി പുണർന്ന് കിടക്കുന്ന അവരെ കണ്ടപ്പോൾ കൊള്ളിയാൻ പോലെ ഒരു ചിന്ത മനസ്സിലൂടെ കടന്നു പോയി. ഇവനെ രാജനെ ഇല്ലാതാക്കിയാൽ ,പെട്ടെന്ന് അവനീ ഭൂമിയിൽ നിന്നും പോയാൽ ,ഒരു നല്ല മരണമായിരിക്കും ഞാനവന് കൊടുക്കുന്നത് .പക്ഷേ ഞാനനുഭവിച്ചതു പോലെ അവനുണ്ടാകണമെങ്കിൽ..........? അതേ ഞാനവന് ഒരു ശിക്ഷ കൊടുക്കണമെങ്കിൽ അവൻ മരിക്കാൻ പാടില്ല. ഉറങ്ങിക്കിടന്നിരുന്ന അവൻ്റെ അരുമ സന്താനത്തിൻ്റെയും അവൻ്റെ ഭാര്യയുടെയും കഴുത്തിലെ ഞരമ്പുകൾ ഒട്ടും ധൃതിപ്പെടാതെ മുറിച്ചു.ഒരു നേരിയ അനക്കം പോലും അവർക്കുണ്ടായില്ല. ഞാൻ വാതിൽ തുറന്ന് വീടിന് പുറത്തിറങ്ങി ,പിശാചുക്കൾ വരെ പേടിക്കുന്ന ആ കട്ടപിടിച്ച ഇരുട്ടിൽ വെളിച്ചത്തിൻ്റെ ഒരു തിരി പോലുമില്ലാതെ സാവകാശം നടന്നു. എൻ്റെ മനസ്സിൽ ഹരിയേട്ടൻ എപ്പോഴും മൂളി നടക്കുമായിരുന്ന ആ പാട്ടിൻ്റെ ശീലുകൾ ഒഴുകി നടക്കുന്നുണ്ടായിരുന്നു.
മാനസ സഞ്ചരരേ.......... ബ്രഹ്മണി മാനസ സഞ്ചരരേ............
പിറ്റേന്നവിടെ എന്തു നടന്നുവെന്നെനിക്കറിയില്ല ,ആരും പറയാൻ വന്നില്ല ,ഞാൻ പുറത്തിറങ്ങിയതുമില്ല.ഇടയ്ക്കൊരു ദിവസം ദേവകിയമ്മ വന്നു.രാജൻ്റെ ഭാര്യയെയും മകനേയും ആരോ കൊന്നുവെന്നും തറവാട്ടിൽ വച്ച് അവരുടെ ചടങ്ങുകൾ നടത്തുന്നുവെന്നും പറഞ്ഞു. ഞാൻ ഒന്നും പറയാത്ത കൊണ്ടും അധികം താല്പര്യം കാണിക്കാത്ത കൊണ്ടും അവർ വേഗം പോയി. എനിക്കു സന്തോഷമായി ,എന്നെ വിളിച്ചില്ലെങ്കിലും ഞാനും പോകണ്ടതല്ലേ. അങ്ങനെ ആ ദിവസവും വന്നെത്തി .രാത്രിയുടെ കനത്ത ഇരുട്ടിൽ മറ്റൊരു ഇരുട്ടായി ഞാൻ നടന്നു.വീടിനടുത്തെത്തിയപ്പോൾ തെല്ലൊരു പകപ്പിൽ ഞാൻ നിന്നു പോയി. എല്ലായിടത്തും ലൈറ്റുകൾ ,പ്രകാശത്തിൽ കുളിച്ചു നില്ക്കുന്ന ആ വലിയ വീട്ടിലേക്ക് എനിക്കെങ്ങനെ എത്താൻ കഴിയും. ദൈവത്തെ കൂട്ടുവിളിക്കാനിഷ്ടമില്ലാത്തതു കൊണ്ട് എൻ്റെ സമയം ആകാൻ വേണ്ടി ഞാൻ കാത്തിരുന്നു. ഏറെ നേരങ്ങൾക്കു ശേഷം കറണ്ടു പോയ ആ ഒറ്റനിമിഷം മതിയായിരുന്നു എനിക്ക്. ഒറ്റ ഓട്ടത്തിന് ഞാൻ വീടിനുള്ളിലെത്തി പടികൾ കയറി മേലെ മാളികയിലെത്തി. എല്ലാരുമിത്തിരി നേരമെങ്കിലും ഉറങ്ങാതിരിക്കില്ലല്ലോ .അവിടെ കാത്തിരുന്ന സമയത്തും എന്താണ് ഞാൻ ചെയ്യുക എന്നതിന് എനിക്കൊരൂഹവും ഉണ്ടായിരുന്നില്ല. കുറച്ച് സമയം കഴിഞ്ഞപ്പോൾ ശേഖരൻ്റെ ഭാര്യയും മകളും അവിടേക്കെത്തി.ഒരു 16 വയസുണ്ടാവും ശേഖരൻ്റെ മകൾക്ക് .പുറകിലായി ' ദേവൻ്റെ ഭാര്യയും മകളുമുണ്ടായിരുന്നു.ശേഖരൻ്റെ മകൾ അമ്മയോട് പരാതി പറയുന്നുണ്ടായിരുന്നു ,കിടക്കാൻ എവിടെയും സ്ഥലമില്ല എന്നൊക്കെ. നിങ്ങൾ' ഈ മുറിയിൽ കിടന്നോളു ,ഇങ്ങോട്ടാരും വരില്ല ,വാതിൽ കുറ്റിയിടണ്ട കുറച് കഴിയുമ്പോൾ ഞാനും വരാംമെന്ന് പറഞ്ഞ് ശേഖരൻ്റെ ഭാര്യ താഴേക്ക് പോയി. മുറിയിൽ നിന്നുള്ള സംസാരം തീരുന്നത് വരെ എനിക്ക് കാത്തിരിക്കേണ്ടി വന്നു. ഇരുട്ടിൽ നിന്ന് മെല്ലെ പുറത്തിറങ്ങിയ ഞാൻ വാതിൽ ശബ്ദമുണ്ടാക്കാതെ തുറന്ന് അകത്തു കയറി. ഒരു കട്ടിലിൽ തൻ്റെ കുഞ്ഞിനേയും കെട്ടിപ്പിടിച്ചു റ ങ്ങുന്ന ദേവൻ്റെ ഭാര്യ. ഏഴോ എട്ടോ വയസുള്ള ഒരു മിടുക്കി കുട്ടി. വളരെ പെട്ടെന്ന് തന്നെ അവരുടെ കാര്യം കഴിച്ച് ശേഖരൻ്റെ മോളുടെ അടുത്തേക്ക് വന്നു. അവളുടെ കഴുത്തിലേക്ക് കൈ പോയതും അവൾ തിരിഞ്ഞതും ഒരുമിച്ചായിരുന്നു. അവളുടെ വായ് അടച്ചു പിടിച്ചു കൊണ്ട് കണ്ണിലേക്ക് നോക്കിയപ്പോൾ തൻ്റെ മുഖത്തിനു നേരെ താഴ്ന്നു വരുന്ന ശേഖരൻ്റെ വ്യത്തികെട്ട കണ്ണുകളാണ് കണ്ടത്. ഞാൻ ഈ പ്രപഞ്ചത്തെ ആകെ മറന്നു പോയിരുന്നു. അവളുടെ മുഖം ഞാൻ വികൃതമാക്കിക്കൊണ്ടിരുന്നു. അതിനും എത്രയോ മുമ്പ് തന്നെ അവളുടെ ജീവൻ പോയിരുന്നു. ഇനിയൊന്നു കൂടി ആവണമല്ലോ എന്ന് കരുതി വാതിൽ ചാരി ഞാൻ ഒളിച്ചു നിന്നു. ഇത്തിരി കൂടി കഴിഞ്ഞപ്പോൾ ശേഖരൻ്റെ ഭാര്യ വന്നു. എനിക്ക് സമയമുണ്ടായിരുന്നു.അവർ വാതിലു തുറക്കുന്ന സമയം ധാരാളം മതിയായിരുന്നു എനിക്ക്. ബ്ലേഡുകൊണ്ട് അവരുടെ കഴുത്തിൽ ഞാൻ മെല്ലെ തലോടി.ഒറ്റ പിടച്ചിൽ. പക്ഷേ എനിക്ക് ഒട്ടും ഓർക്കാനിഷ്ടടപെടാത്ത ഒരു കാര്യം കൂടി സംഭവിച്ചു.എൻ്റെ മുഖത്തേക്കും അവരുടെ രക്തം തെറിച്ചു വീണു. പുറത്തിറങ്ങി അവരുടെ ബാത്ത് റൂമിൽ കയറി രക്തക്കറ കഴുകി കളഞ്ഞ് ഞാൻ എൻ്റെ തകർന്നു വീണ കിളിക്കൂട്ടിലേക്ക് നടന്നു. ചുറ്റിനും കട്ട പിടിച്ച ഇരുട്ട് പേടിയോടെ എന്നെ തുറിച്ചുനോക്കി കൊണ്ടിരുന്നു.ഞാൻ പക്ഷേ ശാന്തയായി മാനസസഞ്ചരരേ....... മൂളിക്കൊണ്ട് വളരെ പതുക്കെയാണ് നടന്നത്. പിറ്റേ ദിവസം ബെല്ലടിക്കുന്ന കേട്ടാണ് ഞാൻ വാതിലു തുറന്നത്. അയ്യോ കുഞ്ഞിപ്പോഴാണോ എഴുന്നേൽക്കുന്നത് ,എന്ന് ചോദിച്ചപ്പോൾ ഞാൻ തലവേദനയെന്ന് ആംഗ്യം കാട്ടി. പൊടിപ്പും തൊങ്ങലും വച്ച് ദേവകിയമ്മ പറഞ്ഞ കഥ കേൾക്കാൻ തീരെ താല്പര്യമില്ലാത്ത മട്ടിൽ ഇരുന്നു. "ഒത്തിരി പോലീസെല്ലാം വന്നിട്ടുണ്ട് കുഞ്ഞേ ,പോലീസ് നായ അവരുടെ ബാത്ത് റൂമിൻ്റെ മുമ്പീന്ന് കുരയോട് കുരയാ. എത്രയൊക്കെ പറഞ്ഞിട്ടും നിർവ്വികാരയായി ഇരിക്കുന്ന എന്നെ നോക്കി പിറുപിറുത്തു കൊണ്ട് ദേവകിയമ്മ യാത്രയായി.
ഞാനെല്ലാം തീരുമാനിച്ചു വച്ചിട്ടുണ്ടായിരുന്നു. ജഡ്ജിയുടെ വീട്ടിൽ പോകാനായി ഞാൻ ഇറങ്ങി.ജഡ്ജി പ്രഭാവർമ്മയാണ്. സിംഹിണി എന്ന ഇരട്ട പേരുണ്ട് അവർക്ക്.വളരെ കർക്കശക്കാരിയായിരുന്നു അവർ. അവരെ സ്വാധീനിക്കാൻ ആർക്കും കഴിഞ്ഞിരുന്നില്ല. എല്ലാം ഹരിയേട്ടൻ പറഞ്ഞു തന്ന അറിവുകളാണ്. ഹരിയേട്ടൻ്റെ സീനിയറായിരുന്നു കോളേജിൽ .മൂന്നാല് തവണ അവരെ കണ്ടിട്ടുമുണ്ട്. ഹരിയുടെ ഷാഡോ എന്ന് ആണ് അവരെന്നെ വിളിച്ചിരുന്നത്. ജഡ്ജിക്ക് കൊടുക്കാനുള്ള പെർമിഷൻ ലെറ്ററുമായിപ്പോയ ഗൂർഖ അതിവേഗം മടങ്ങി വന്ന് എന്നോട് ഉള്ളിലേക്ക് പോകാൻ പറഞ്ഞു. മേഡം സെറ്റിയിൽ എന്നെയും കാത്തിരിക്കുന്നുണ്ടായിരുന്നു. "ഇന്ദു ഇരിക്കു എല്ലാം ഞാനറിഞ്ഞിരുന്നു ,ഹോസ്പിപിറ്റലിൽ വന്ന് തന്നെ കാണുകയും ചെയ്തിരുന്നു.ഷോക്കു കൊണ്ടാകാം തനിക്ക് സംസാരിക്കാൻ പറ്റില്ലായെന്നും ഡോക്ടർ പറഞ്ഞിരുന്നു. ഞാനിപ്പോൾ എന്താണ് തനിക്ക് ചെയ്തു തരേണ്ടത് ,ഒരു ജോലി ,അല്ലെങ്കിൽ കുറച്ച് പണം എന്താണെങ്കിലും ഇന്ദുവിന് തുറന്ന് പറയാം ,ഓ സോറി താനാ പേപ്പറിൽ എഴുതി തന്നാൽ മതി .ഹരിയേട്ടനെ കരുതി ഇവർ എന്നോട് ദയ കാണിക്കുകയാണ് ,എല്ലാമറിയുമ്പോൾ എങ്ങനെയായിരിക്കുമിവർ പ്രതികരിക്കുന്നത് എന്ന് ഞാൻ മനസ്സിലോർത്തു ,ഞാൻ മെല്ലെ അവരോട് പറഞ്ഞു. മാഡം എനിക്ക് നിങ്ങളോട് പേഴ്സണലായി സംസാരിക്കണം. വലിയൊരു അത്ഭുതം സംഭവിച്ച പോലെ ജഡ്ജ് പ്രഭാവർമ്മ ഒന്ന് പിടഞ്ഞുണർന്നു. എൻ്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി കൊണ്ടിരുന്ന അവരോട് ,ഞാൻ പറഞ്ഞു എൻ്റെ സംസാരശേഷി നഷ്ടപെട്ടിട്ടില്ലയെന്ന്. അവർ എന്നെ തന്നെ സൂക്ഷിച്ചു നോക്കിക്കൊണ്ട് ഓഫീസ് റൂമിലേയ്ക്ക് കൊണ്ടുപോയി. ഫുൾസ് റ്റോപ്പുകളിടാതെ, ഒട്ടും ഇടറാതെ ,തെല്ലും ഭയമില്ലാതെ ,അതിവേഗ മൊഴുകുന്ന ഒരു പുഴ പോലെ ഞാൻ എല്ലാം പറഞ്ഞു നിർത്തി. വളരെ നേരം ഒന്നും മിണ്ടാതെ അവർ ഇരുന്നു. അവരനുഭവിക്കുന്ന സംഘർഷം അവരുടെ മുഖത്തു നിന്നും ഞാൻ വായിച്ചെടുത്തു. ഞാൻ വീണ്ടും തുടർന്നു ,എനിക്ക് ആത്മഹത്യ ചെയ്യാമായിരുന്നു മേഡം പക്ഷേ ഇതൊന്നു മാരുമറിയാതെ പോകും .മറ്റുള്ളവരുടെ ജീവന് തെല്ലും വില കല്പിക്കാതെ ,അവരുടെ ജീവിതം കൊണ്ട് പന്താടുന്ന എല്ലാ പേക്കോലങ്ങൾക്കും ഇതൊരു മുന്നറിയിപ്പാകണം .ഒരു സ്ത്രീയെന്ന നിലയിൽ മേഡം എനിക്ക് ചെയ്തു തരണ്ട ഒരുപകാരം എത്രയും പെട്ടെന്ന് തന്നെ ഈ കേസ് കോടതിയിലെത്തണം. ആ മൂന്ന് പേരും അവിടെയുണ്ടാവണം. ചെയ്തതെല്ലാം ഞാൻ തുറന്ന് പറയാം. പക്ഷേ മാഡം എനിക്ക് തൂക്കുമരമല്ലാതെ വേറൊരു ശിക്ഷയും വിധിക്കരുത് .എൻ്റെ ഹരിയേട്ടൻ്റെയും മക്കളുടെയുമടുത്ത് എനിക്ക് എത്രയും പെട്ടെന്ന് എത്തണം. ദയവു ചെയ്ത് അതിഭയങ്കരിയായ ഒരു കൊലയാളിക്ക് കൊടുക്കാൻ പറ്റുന്ന ഏറ്റവും കൂടിയ ശിക്ഷ മരണശിക്ഷയാണ്.അത് തീർത്തും അനിവാര്യമായ ഒന്നാണ്. പ്രഭാവർമ്മയിലെ ജഡ്ജ് ഉണർന്നു പ്രവർത്തിച്ചു. ഉടൻ തന്നെ അവർ ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി സംസാരിച്ചു . പോലീസ് ജഡ്ജിയുടെ വസതിയിലെത്തി എൻ്റെ അറസ്റ്റു രേഖപ്പെടുത്തി .പിറ്റേ ദിവസം തന്നെ എന്നെ കോടതിയിൽ ഹാജരാക്കി.ഒത്തിരി ആളുകൾ ഉണ്ടായിരുന്നു. ആറ് കൊലപാതകങ്ങൾ ചെയ്ത ആ ഭയങ്കരിയായ കൊലയാളിയെ കാണാൻ ജനങ്ങൾ തടിച്ചുകൂടിയിരുന്നു.രണ്ട് വനിതാ പോലീസിൻ്റെ അകമ്പടിയോടെ ഞാനും എല്ലാരെയും നോക്കി കൊണ്ടിരുന്നു.എൻ്റെ കണ്ണുകൾക്ക് ആനന്ദം പകരുന്ന ഒരു കാഴ്ചയുമവിടെയുണ്ടായിരുന്നു.ഗജപോക്കിരികളായ ആ മൂന്ന് നരാധമൻമാർ തീർത്തും അവശരായ പോലെ ,എല്ലാം നഷ്ടപെട്ടവരായി അവിടെ നില്ക്കുന്നുണ്ടായിരുന്നു. ജഡ്ജ് പ്രഭാവർമ്മ വന്ന് സീറ്റിലിരുന്നു. ക്ലർക്ക് എൻ്റെ പേര് വിളിച്ചപ്പോൾ ഞാൻ പ്രതിക്കൂട്ടിലേക്ക് കയറി. പെട്ടെന്ന് സീൽക്കാര ശബ്ദങ്ങൾക്കൊണ്ട് മുഖരിതമായി കോടതി. പകപ്പായിരുന്നു എല്ലാ മുഖങ്ങളിലും .അവർ മൂന്ന് പേരും തീഷ്ണമായ കണ്ണുകളോടെ എന്നെ നോക്കി നിന്നു.ഞാൻ അക്ഷോഭ്യയായി അവരേയും. വളരെ സൗമ്യമായി ജഡ്ജി പറഞ്ഞു ഇന്ദുഹരിദാസിന് പറയാനുള്ളതെല്ലാം പറയാമെന്ന്. ഒരു ദീർഘനിശ്വാസമെടുത്ത് ഉറച്ച ശബ്ദത്തോടെ ഞാൻ പറഞ്ഞ് തുടങ്ങി. ഇടയ്ക്കെപ്പോഴോ എടീ....... എന്ന അലർച്ചയോടെ രാജൻ എൻ്റെ നേരെ പാഞ്ഞടുത്തു.പോലീസ് അവനെ പിടിച്ചു മാറ്റി. അവജ്ഞ നിറഞ്ഞ നോട്ടത്തോടെ കൂടുതൽ ഉറച്ച ശബ്ദത്തോടെ ഞാൻ പറഞ്ഞു കൊണ്ടിരുന്നു. എല്ലാം പറഞ്ഞ് തീർത്ത് അവരെ മൂന്നു പേരെയും ഇമയനക്കാതെ ഞാൻ നോക്കി നിന്നു.പെട്ടെന്നാണ് ദേവൻ നിലത്തു വീണു കിടന്ന് പൊട്ടിക്കരയാൻ തുടങ്ങി... അയാൾ ഉച്ചത്തിൽ പുലമ്പികൊണ്ടിരുന്നു. ഞങ്ങളാണ് ഞങ്ങൾ കാരണമാണ് ,അവരെല്ലാം പോയത് അരുമയായ എൻ്റെ മകൾ എൻ്റെ പ്രിയ ഭാര്യ, അമ്മയെപ്പോലെ സ്നേഹിച്ച ഏട്ടത്തി എല്ലാരും കൊല്ലപെട്ടത് ഞങ്ങൾ കാരണമാണ് തൻ്റെ തലയ്ക്കടിച്ചു കൊണ്ട് ,അലറിക്കരഞ്ഞുകൊണ്ട് അയാൾ സമനില തെറ്റിയതു പോലെ പെരുമാറാൻ തുടങ്ങി. എൻ്റെ കണ്ണുകളിൽ കോപത്തിൻ്റെ അഗ്നിനാളങ്ങൾ ആളിക്കത്താൻ തുടങ്ങിയിരുന്നു.ശേഖരനും രാജനും മിണ്ടാനും ചലിക്കാനുമാവാതെ ,ദേവൻ്റെ അവസ്ഥ കണ്ട് ഭയന്നു നില്ക്കുകയായിരുന്നു.എന്നെ റിമാൻഡ് ചെയ്യാനും എൻ്റെ കുടുംബത്തിൻ്റെ മരണം പുനരന്വേഷിക്കാനും ജഡ്ജ് ഉത്തരവിട്ടു. എൻ്റെ മൊഴിയുടെ അടിസ്ഥാനത്തിൽ കുറ്റാരോപിതരായ മൂന്നു പേരെയും കോടതിയിൽ വെച്ച് തന്നെ പോലീസ് കസ്റ്റഡിയിൽ എടുത്തു. പിന്നീടുള്ള ദിവസങ്ങൾ കേസന്വേഷണവും വിചാരണയുമൊക്കെയായി പെട്ടെന്ന് തന്നെ കടന്നുപോയി, ദേവൻ കോടതിയിൽ വെച്ച് വിളിച്ചുപറഞ്ഞ കാര്യങ്ങൾ പോലീസിൻ്റെ അന്വേഷണം വേഗത്തിൽ പൂർത്തിയാക്കുന്നതിനു സഹായകരമായി . അധികം താമസിയാതെ തന്നെ എൻ്റെ വിധി ഞാനാഗ്രഹിച്ചതു പോലെ തന്നെ വന്നു. അപ്പോഴേക്കും പുനരന്വേഷണം പൂർത്തിയായ എൻ്റെ കുടുംബത്തിൻ്റെ കൊലക്കേസിൻ്റെ വിധിയും വന്നിരുന്നു ശേഖരനും രാജനും ഇരട്ട ജീവപര്യന്തം. ദേവൻ മുഴു ഭ്രാന്തനായി മാറിക്കഴിഞ്ഞിരുന്നതിനാൽ നീതിപീഠത്തിന് ശിക്ഷ നല്കാൻ ആവുമായിരുന്നില്ല .എൻ്റെ വിധി കേട്ട് തിരിച്ചു വരുമ്പോൾ ഒരു പത്രപ്രവർത്തക എന്നോട് ചോദിച്ചതോർക്കുന്നു. ആ കുരുന്നു മക്കളെ കൊല്ലുമ്പോൾ നിങ്ങടെ കൈവിറച്ചില്ലേയെന്ന്.മറുപടി പറഞ്ഞില്ലെങ്കിലും പിന്നീട് ഞാനുമതാലോചിച്ചിട്ടുണ്ട്. എൻ്റെ മനസ്സ് മരിച്ചു പോയിരുന്നു എന്നായിരിക്കണം എനിക്ക് അതിനുള്ള ഉത്തരം.

വളരെ ശക്തമായ എഴുത്ത്... നന്നായിരിക്കുന്നു. വർത്തമാനകാലത്തിൻ്റെ നേർകാഴ്ചകൾ ഒരാളെ എത്രമാത്രം മാറ്റാം എന്ന് വ്യക്തമാക്കുന്ന കഥ... കൈവിട്ടു പോകുന്ന മനസ്സുകളുടെ വന്യതയിൽ ഹോമിക്കപ്പെടുക കൂടുതലും നിരപരാധികളാവും എന്നത് നൊമ്പരപ്പെടുത്തുന്ന യാഥാർത്ഥ്യവും.
മറുപടിഇല്ലാതാക്കൂനന്ദി കൂട്ടുകാരാ
മറുപടിഇല്ലാതാക്കൂപ്രതികാരദാഹിയായി മാറിയ ഒരു പെൺകുട്ടിയുെടെ മാനസീക ക്ഷോഭങ്ങളുടെ നഗ്നമായ ആവിഷ്ക്കരം.... തികച്ചും തുറെന്നെഴുത്ത്... അഭിനന്ദനങ്ങൾ സിന്ധു..
മറുപടിഇല്ലാതാക്കൂ