2019, നവംബർ 22, വെള്ളിയാഴ്‌ച

നമുക്കുറങ്ങാം സ്വസ്ഥമായി....

വിടരും മുൻപേ കൊഴിഞ്ഞൊരു പൂവല്ല നീ,
വിടരാനനുവദിക്കാതെ....
തല്ലിക്കൊഴിക്കപ്പെടുകയായിരുന്നു നീ.
സംരക്ഷണം നൽകേണ്ടവരുടെ നിസ്സംഗതയിൽ.....
പൊലിയപ്പെടാനായിരുന്നു നിന്റെ വിധി.

വാർത്താ മൂല്യത്തിന്റെ കുറേ..
മണിക്കൂറുകൾക്കപ്പുറം,
നീയും ഒരു പഴങ്കഥയാവാം...
നമുക്കുറക്കം നടിച്ചു കഴിയാം...
വീണ്ടും ഷഹ്‌ലമാർ സൃഷ്ടിക്കപ്പെടും വരെ...
എന്റേതല്ലാത്തിടത്തോളം
എനിക്കെന്ത്....
നിന്റേതല്ലാത്തിടത്തോളം
നിനക്കെന്ത്.....

പ്രതീക്ഷ ഒന്നു മാത്രം...
ഉള്ളിൽ തീയെരിയുന്ന കുരുന്നുകളുടെ
ചെറു പ്രതികരണങ്ങൾ...
നമുക്കതും കണ്ടില്ലെന്നു നടിക്കാം...
പക്വതയില്ലാത്തവരുടെ ജൽപനങ്ങൾക്ക്..
നാമെന്തിനു ചെവികൊടുക്കണം.

നമുക്കുറങ്ങാം സ്വസ്ഥമായി....
ഈ കുരുന്നുകളാൽ ഒരു നാൾ
തെരുവിൽ വിചാരണ ചെയ്യപ്പെടും വരെ...
അന്നും നമുക്കവരെ വിധിക്കണം
ഗുരുത്വമില്ലാത്തവർ എന്ന്.

2019, സെപ്റ്റംബർ 30, തിങ്കളാഴ്‌ച

നരകത്തിലെ സംവരണം


                 നാട്ടില്‍ പ്രളയമായപ്പോള്‍ രക്ഷക്കായി മനുഷ്യന്‍ കാട്ടിലേക്കും മലയിലേക്കും കയറി. അവിടെയെത്തിയപ്പോഴാണ് മനസ്സിലായത് അവിടെ കാടും ,കനിയും മലയും ഒന്നും ബാക്കിയില്ലെന്ന്. നില്‍ക്കക്കള്ളിയില്ലാതെ തിരിച്ചെത്തി നോക്കുമ്പോള്‍ പ്രളയമുണ്ടായ പുഴയില്‍ വെള്ളവുമില്ല നാട്ടില്‍ വിളകളുമില്ല. ജീവിക്കാന്‍ മാര്‍ഗമില്ലാതെ വന്നപ്പോള്‍ മനുഷ്യന്‍  ദൈവത്തിന്‍റെ അടുത്തേക്കോടി . ആള്‍ക്കൂട്ടം ദൈവത്തെക്കാണാന്‍ അടികൂടിയപ്പോള്‍ കുറെപ്പേര്‍ക്ക് ദൈവം ദര്‍ശനം കൊടുത്തു . സങ്കടമുണര്‍ത്തിച്ചപ്പോള്‍ ദൈവവും കൈമലര്‍ത്തി . എന്‍റെ ജീവശ്വാസമൂതി നിങ്ങളെ സൃഷ്ടിച്ചതോടെ സൃഷ്ടിക്കാനുള്ള എന്‍റെ കഴിവ് നിങ്ങള്‍ക്കായി . നിങ്ങളുടെ സൃഷ്ടികള്‍ നശിച്ചെങ്കില്‍ അത് നിങ്ങളുടെ കര്‍മഫലം .ആദ്യം നിങ്ങള്‍ പോയി കാടും മലകളും പുഴകളും കായലും സൃഷ്ടിക്ക് മറ്റെല്ലാം താനേ വരും.

                     മെനക്കെടാന്‍ വയ്യാത്ത ഞാന്‍ ദൈവത്തെ വിട്ടു വീണ്ടും നാട്ടിലേക്കിറങ്ങി . ദൈവം പോലും കൈവിട്ട നിരാശയില്‍ വഴിയരുകില്‍ തളര്‍ന്നു വീണ  എന്‍റെ അടുത്തേക്ക് ഞാന്‍ ഭൂമി തട്ടിപ്പറിച്ച് കാട്ടിലേക്കോടിച്ച കാട്ടുവാസി കുമ്പന്‍ ഒരു മുളംകുറ്റിയില്‍ വെള്ളവുമായി വന്ന്  ദാഹം ശമിപ്പിച്ചു. എന്‍റെ കാഴ്ചപ്പാടില്‍ വിവരവും വിദ്യഭ്യാസവും ഇല്ലാത്ത യഥാര്‍ഥത്തില്‍ മനസ്സലിവുള്ള അവന്‍ എന്‍റെ അവസ്ഥ കണ്ട് പറഞ്ഞു തമ്പ്രാ...ഏന്‍ കൂടെ വാ ...ഉള്‍ക്കാട്ടിലെ ഏന്‍റെ ഊരില്‍ കായ്കനികള്‍ നിറയെ ഉണ്ട്  കുമ്പന്‍റെ മുന്‍പില്‍ കൊച്ചായ ഞാന്‍ ജാള്യം മറച്ച് ജീവിക്കാനുള്ള കൊതികൊണ്ട് അവന്‍റെ കൂടെ പോയാലോ എന്ന് ഒരു നിമിഷം ആലോചിച്ചെങ്കിലും ദുരഭിമാനം വിടാന്‍ വയ്യാത്തകൊണ്ട്  അവനെ ആട്ടിപ്പായിച്ചു. ആട്ടുകിട്ടിയിട്ടും തമ്പ്രാ ..ഈ മുളംകുറ്റിയിലെ വെള്ളം വെച്ചോ എന്നുപറഞ്ഞ അവനോട് , നിന്‍റെ വൃത്തികെട്ട മുളംകുറ്റിയുമായി സ്ഥലം വിടാന്‍ പറഞ്ഞു ഞാന്‍ യാത്ര തുടര്‍ന്നു . അധികദൂരമെത്തുംമുമ്പ് ബോധമറ്റ് തളര്‍ന്നുവീണ എന്നെ വിവരവും വിദ്യാഭ്യാസവും ധാരാളമുള്ള ഒറ്റയെണ്ണം തിരിഞ്ഞുനോക്കിയില്ല. അവസാനം കാലനയച്ച ഒരു ട്രെയിനീടെ കൂടെ ഞാന്‍ മേലോട്ടുപോയി. എത്തിയപാടെ എന്നെക്കൂട്ടാന്‍ ട്രെയിനിയെ വിട്ട കാലനോട് പരാതി പറഞ്ഞെങ്കിലും നിന്നെയൊക്കെ കൂട്ടാന്‍ എന്‍റെ പട്ടിയെയാണ് വിടേണ്ടിയിരുന്നതെന്ന ആക്രോശമാണ് കിട്ടിയത്. 

                    അവിടെത്തിയപ്പോഴാണ് അറിയുന്നത് മേലോട്ട് ചെല്ലുന്ന എല്ലാരേയും ആദ്യം ദൈവം ഇന്‍റര്‍വ്യൂ ചെയ്യൂന്ന് . ദൈവത്തിന്‍റെ  വലിയ കൊട്ടാരത്തിന്‍റെ പടികള്‍ കയറി പകുതിയെത്തിയതേ ദൈവം താഴേക്ക് വരുന്നത് കണ്ട് എന്നെ സ്വീകരിച്ചു കൂട്ടിക്കൊണ്ടു പോകാനാരിക്കും എന്ന് കരുതി സന്തോഷിച്ച എന്‍റെ നെഞ്ചത്ത് ആഞ്ഞൊരു ചവിട്ടാണ് ദൈവം തന്നത് . ചവിട്ടുകൊണ്ട്  ഉരുണ്ടുപിടഞ്ഞു പടിയുടെ താഴെ ചുരുണ്ടുകിടന്ന ഞാന്‍ ദൈവത്തിനോട് തട്ടിക്കയറി...ഇതെന്തു പണിയാ ദൈവമേ കാണിച്ചത് ..ദൈവം സ്നേഹമാണെന്നൊക്കെ പറഞ്ഞിട്ട് കാണാന്‍ വരുന്ന ഒരാളെ ചവിട്ടി വീഴ്ത്തിയത് തീര്‍ത്തും ശരിയായില്ല. കലിപ്പുമോഡിലാരുന്ന ദൈവം നിനക്കൊക്കെ ഒരു ചവിട്ടേലും തന്നില്ലേല്‍ ഞാന്‍ ദൈവമെന്നും പറഞ്ഞ് എന്തിനാ ജീവിക്കുന്നേ  എന്നും പറഞ്ഞ് എന്‍റെമുമ്പില്‍ വാതില്‍ കൊട്ടിയടച്ച് സ്വര്‍ഗത്തിലേക്ക് പോയി. വിവരമറിഞ്ഞ കാലനും കിങ്കരന്മാരും ആര്‍ത്തു ചിരിച്ചു. വേറെ മാര്‍ഗ്ഗമൊന്നും ഇല്ലാത്തത്കൊണ്ട് ഞാന്‍ മിണ്ടാതിരുന്നു.ഇനി എന്‍റെ നരകത്തിലെ പോസ്റ്റിങ്ങ് ആണ് ,ഇപ്പോള്‍ അവിടെ രണ്ടു സെക്ഷന്‍ ഉണ്ടുപോലും ഒന്ന് നമുക്കെല്ലാം അറിയുന്നപോലെ ടിപ്പിക്കല്‍ നരകം തീ നിറഞ്ഞ ചൂട് എണ്ണയില്‍ വറക്കുന്ന നരകം . രണ്ടാമത്തേത് പുതിയതാ അടുത്തകാലത്തായി നമ്മുടെ നാട്ടീന്ന് ചെല്ലുന്നവര്‍ എണ്ണയിലും തീയിലും ഇട്ടിട്ടും ഒരു കൂസലും ഇല്ലാതെ നടക്കുന്ന കണ്ട ദൈവം അസിസ്റ്റന്‍റ് കാലന്‍റെ നേതൃത്വത്തില്‍ ഒരു അന്വോഷണ കമ്മീഷനെ നിയമിച്ചു. ഇവിടുന്നുവരുന്നവര്‍ക്ക് അപാര തൊലിക്കട്ടിയാന്നും എണ്ണയും തീയും ഒന്നും ഏല്‍ക്കില്ലെന്നും ഉള്ള കമ്മീഷന്‍ റിപ്പോര്‍ട്ട് അംഗീകരിച്ച ദൈവം ഒരേ ഒരു നിബന്ധനയോടെ നരകത്തില്‍ പുതുതായി ഒരു വനവല്‍ക്കരണ സെക്ഷന്‍ ആരംഭിച്ചു.  ദൈവം അടുത്ത കാലത്ത് സാത്താന് കൈമാറിയ  ദൈവത്തിന്റെ സ്വന്തം നാട്ടുകാർക്കായി സംവരണം ചെയ്തിരിക്കുന്നു എന്നതാണ് നിബന്ധന. അങ്ങനെ എന്നെയും അങ്ങോട്ട് അപ്പോയ്ന്‍ന്‍റ്   ചെയ്തു വെട്ടിമുറിച്ചതും വെട്ടിക്കുഴിച്ചതും ആയ ഓരോ മരത്തിനും ഓരോ മലകള്‍ക്കും പകരം പുതിയവ ഉണ്ടാക്കുകയാണ് ജോലി. പരാതി പറയാനോ അപ്പീലുകൊടുക്കാനോ ട്രിബ്യുണലുകളൊന്നും നരകത്തില്‍ ഇല്ലാത്തതിനാല്‍ ദൈവമേ ഇത് വല്ലാത്ത ചതിയായിപ്പോയി എന്ന് പിറുപിറുത്തുകൊണ്ട്  എനിക്ക് അനുവദിച്ചുകിട്ടിയ എന്നേക്കാള്‍ വലിയ തൂമ്പയുമായി ഞാനും പുതിയ നരകത്തില്‍ പണിക്കിറങ്ങി
                                                           ********


2019, ജൂൺ 27, വ്യാഴാഴ്‌ച

നിറഭേദങ്ങൾ


എൻ രാഷ്ട്രമെന്നുമഭിമാനമെങ്കിലും,
എൻ മഹാ ദു:ഖമ തിന്നിന്റെ രാഷ്ട്രീയം.
രാഷ്ട്രീയമെന്നത് രാഷ്ട്ര നിർമ്മാണ മെ -
ന്നെന്നെ പറഞ്ഞു പഠിപ്പിച്ചൊരാനിങ്ങൾ,
രാഷ്ട്രീയധികാരമേറാൻ തെരുവുക ൾ,
രക്തക്കളങ്ങളായ് മാറ്റിയോരല്ലയോ.
എൻ പൂർവികർ കണ്ട സ്വപ്നങ്ങളൊക്കെയും ,
എപ്പഴേ ദൂരെയുപേക്ഷിച്ചൊരാ നിങ്ങൾ,
എൻ കിടാങ്ങൾ തൻ പ്രതീക്ഷകളേപ്പോലു,
മിന്നുമിതെന്തേ തകർത്തെറിഞ്ഞീടുന്നു.
ഓരോ കൊടി..കളുദിച്ചുയർന്നപ്പൊഴും
ഏറെ പ്രതീക്ഷിച്ചു കാത്തിരുന്നൂ ഞങ്ങൾ,
കാലം കഴിയേ തിരിച്ചറിഞ്ഞീടുന്നു,
സത്യമിതെല്ലാക്കൊടിക്കുമൊരേ നിറം.
എത്ര കുഞ്ഞുങ്ങളനാഥരായിന്നിവി -
ടെത്ര കുടുംബങ്ങളാശ്രയ മറ്റു പോയ്,
നിങ്ങൾക്കു നഷ്ടങ്ങളേതുമില്ല ...
കിട്ടി .. ലാഭമായ് രക്തസാക്ഷി - ബലിദാനികൾ.
രണ്ടറ്റവും കൂട്ടി ...മുട്ടിക്കുവാനായി -
നെട്ടോട്ടമോടുന്നു ഞാനെന്നു മെപ്പഴും,
ജോലിയും കൂലിയുമില്ലാത്ത നിങ്ങളി-
ന്നാസ്വദിക്കുന്നൂ... മടിശ്ശീല തൻ കനം.
കാലിത്തൊഴുത്തിൻ സമാനമാണിന്നുമെൻ -
പൊന്നു മക്കൾ... പഠിക്കുന്ന വിദ്യാലയം,
സ്വാധീനമുള്ളവർ നിങ്ങൾ തൻ മക്കളെ -
ചേർത്തിടാൻ ...പഞ്ചനക്ഷത്ര വിദ്യാലയം.
എന്നേറ്റവും പ്രിയമാമൊരീ രാജ്യത്തിൻ,
നേരധികാരി ഞാ... നാണെന്നിരിക്കവെ,
എന്നവകാശങ്ങളൊക്കെ ക്കവർന്നിന്നു -
മാറിയോ നിങ്ങളിന്നെന്നധികാരിയായ്.
ഇല്ല പ്രതീക്ഷകളില്ലിനി ഞങ്ങൾക്കി -
ന്നേതു കൊടിയിലു മേതു വാക്യത്തി ലും,
ഇല്ലാ പ്രതീക്ഷ തൻ ഒറ്റക്കിരണവും,
ഇന്നത്തെ  ചക്രവാളത്തിന്റെ സീമയിൽ.
കാത്തിരിക്കും ഞാൻ പുതിയൊരു നാളേക്കായ്‌,
എന്നോടു ചേർന്നെന്റെ രാജ്യം വളരുവാൻ....

2019, ജൂൺ 14, വെള്ളിയാഴ്‌ച

ഒറ്റയടിപ്പാത

വീണ്ടും പുലർകാല മെത്തുന്നതും കാത്ത്,
എന്തേ തനിച്ചു നിൽക്കുന്നൊരീ പാതയിൽ.
മുന്നോട്ടൊരൽപം നടന്നീടിലെത്തിടും,
രാജവീഥിക്കു സമാനമാം പാതയിൽ.
ഒറ്റക്കു പോയിടിൽ  ഒറ്റയടിപ്പാത-
യാത്രകൾ ദുഷ്കരമാകുമെന്നോർക്കുക.
നിൻ പ്രിയരൊത്തു വേണം നിൻ്റെ യാത്രകൾ,
ആസ്വദിക്കാമപ്പോഴോരോ നിമിഷവും.
ഒന്നിച്ചു പോകുന്ന നേരങ്ങളിൽ എത്ര,
ശുഷ്കമാം പാതയും വിസ്തൃതമായിടും.
പാതകളെത്രയിടുങ്ങിയതാവിലും,
ലക്ഷ്യബോധത്തോടെയാവണം യാത്രകൾ.
യാത്രയിൽ നിന്നോടു ചേരുന്നവരിലേ-
ക്കാത്മവിശ്വാസം പകർന്നു നീ നൽകണം
മായാത്തൊരു ചിരി നിൻ മുഖത്തുണ്ടെങ്കിൽ,
സംതൃപ്തരാക്കിടാമേറെ മുഖങ്ങളെ.
ഒരു പുഞ്ചിരിക്കു നാം കാരണമായിടിൽ,
സഫലമാണീ ജൻമമെന്നതു നിശ്ചയം.

2019, ജൂൺ 8, ശനിയാഴ്‌ച

എന്റെ വിദ്യാലയം

എൻ ബാല്യകൗമാരകാലം ചിലവിട്ട
എന്റെ വിദ്യാലയം എത്ര മനോഹരം,
നാലു വശങ്ങളും മാമല കോട്ടയാൽ
സംരക്ഷിതം എന്നെ ഞാനാക്കിയോരിടം.

തഴ് വര തന്നിൽ തല പൊക്കി നിൽക്കുന്ന പ്രൗഡഗംഭീരമാം വിദ്യ തൻ ആലയം, എന്നുമെൻ ഓർമ്മയിലാദ്യം തെളിയുന്നു
നേർവഴി കാട്ടി യോരെൻഗുരുഭൂതരും,
എൻ സുഖദുഖങ്ങൾ പങ്കുവെച്ചീടുവാൻ,
എന്നോടു ചേർന്ന പ്രിയരാം സതീർത്ഥ്യരും.

കാലങ്ങളെത്ര കഴിഞ്ഞു പോയീടിലും ദൂരങ്ങളെത്രയോ താണ്ടിയെന്നാകിലും
ഇല്ല മറക്കാൻ കഴിയില്ലൊരിക്കലും
ഓരോ മുഖങ്ങളും ഓരോ ദിനങ്ങളും.

നൂറുനിറങ്ങൾ നിറഞ്ഞൊരാ നാളുകൾ,
എന്നിനി വീണ്ടും തിരിച്ചു കിട്ടീടിടും.
ആഗ്രഹമെന്നിലിന്നേറെയുണ്ടാകിലും,
കാലത്തെ പിന്നോട്ടടിക്കുവാനാവുമോ....?


2019, ഫെബ്രുവരി 17, ഞായറാഴ്‌ച

സ്വപ്നയാത്ര

ഒരു മൺ ചേരാതിലെരിയുന്നൊരീ ,
തിരിനാളമാകുമീ   ജീവിതത്തിൻ ,
തിരികെട്ടിടാതെ മിഴിവേകുവാൻ  ,
 പകർന്നിടാം നിത്യവും വിദ്യയാമിന്ധനം .

കണ്ടിടേണം ഏറെ സ്വപ്‌നങ്ങൾ  നിത്യവും  ,
ഉന്നതമാവണം കാണുന്ന സ്വപ്‌നങ്ങൾ ,
കണ്ട സ്വപ്നങ്ങളാം ലക്ഷ്യത്തിലെത്തുവാൻ  ,
  കരുതേണമുള്ളിൽ  ജ്വലിക്കും കനലുകൾ  .

നിത്യ പരിശ്രമമൊന്നുകൊണ്ടേ ,
ലക്ഷ്യത്തിലേക്കു നാമോടിയെത്തൂ ,
 ലക്ഷ്യത്തിലെത്തുന്ന നാൾവരേക്കും  ,
വിശ്രമിക്കാൻ തെല്ലുമില്ല നേരം

താണ്ടണം കാഠിന്യമേറിയ പാതകൾ  ,
ചരിക്കണം നേരായ പാതയതിൽ  മാത്രം    ,
വിഘ്‌നങ്ങളെത്രവന്നീടിലുമൊക്കെയും ,
പുഷ്പങ്ങളാക്കുന്ന മാന്ത്രികനാകണം .

ലക്ഷ്യത്തിലെത്തിക്കഴിയുന്ന നേരത്ത് ,
പിന്നിട്ട പാതകളുള്ളിൽ തെളിയണം ,
ഓരോ പ്രവൃത്തികൾ ചെയ്യുന്ന നേരത്തും ,
സ്വന്തം മനഃസാക്ഷിയോടു ചോദിക്കണം.

എന്തുപദവികൾ തേടിയെത്തീടിലും ,
എത്രയുയരത്തിൽ ചെന്നുചേർന്നീടിലും ,
വിനയം നിരന്തരം കാത്തുസൂക്ഷിക്കണം
ന്യായം നടത്തിക്കൊടുക്കണം നിർഭയം

***       ***        ***         ***       ***       ***      ***