2020, ഡിസംബർ 18, വെള്ളിയാഴ്‌ച

മിഴി - സജി ജോസഫ്



ഉറക്കത്തിന്റെ ആലസ്യം വിട്ടുമാറാതെ ഭാരമേറിയ കൺപോളകൾ ബദ്ധപ്പെട്ട് തുറക്കാൻ ശ്രമിക്കുന്തോറും, വീര്യം വിട്ടുമാറാതെ മസ്തിഷ്ക്കത്തിൽ ഊറിക്കൂടി സിരകളിൽ പടർന്നു കയറിയ ' ഉറക്ക' മരുന്നിന്റെ പിടിയലമർന്ന ശരീരം വീണ്ടും നിദ്രാസക്തമാകുന്നു.


ആരൊക്കയോ കട്ടിലിനു ചുറ്റും നിൽക്കുന്നുണ്ട്.. ഇരുട്ടും.. മങ്ങിയ വെളിച്ചവും ഇഴുകി ചേർന്ന വിളറിയ വെട്ടത്തിലേക്ക്.. കണ്ണുകൾ ചിമ്മി ചിമ്മി തുറക്കവേ... ഒന്നും വ്യക്തമല്ല.. കണ്ണുകൾ പൂർണ്ണമായും തുറക്കാൻ കഴിയുന്നില്ല ... നാഡീ ഞരമ്പുകൾ തളർത്തി.... തണുപ്പിച്ച്... നിനവിനും ഉണർവ്വിനുമിടയിലുള്ള ശൂന്യാവസ്ഥ.


വളരെ ശ്രമിച്ചതിനുശേഷം കണ്ണുകൾ മെല്ലെ മെല്ലെ തുറക്കാനായി... ചുറ്റും നോക്കി... ഒരു കൈ മെല്ലെ ഉയർന്ന് നെറ്റിയിൽ തൊട്ടു.


" രവി ഭായ്.. ആരോ തന്നെ വിളിക്കുകയാണ്... മെല്ലെ ശിരസ്സ് വെട്ടിച്ച് നോക്കാൻ ശ്രമിച്ചു.


" രവി ഭായ്... മേ.. ഇർഫാൻ ഹും "..


" ഇർഫാൻ  .... ഇർഫാൻ.."


" ജീ.... ആപ് ഹോസ്പ്പിറ്റൽ മേ ഹും ".. കൽ രാത് ... ആപ് തോഡാ ബിമാർ ത്ഥാ ".... അബ് ആരാം കരോ... ഭീർ ബാത് കരേഗാ "...


വീണ്ടും കണ്ണുകൾ അടഞ്ഞു പോകുന്നു... മരുന്നിന്റെ സെഡേഷൻ ശരീരത്തെയും... മനസ്സിനെയും പൂർണ്ണമായി ഗ്രസിക്കുകയാണ്.


ശരീരത്തിൽ നിന്നും വിഘടിക്കപ്പെട്ട ആത്മാവ്... നിലാവത്തെ ശൂന്യതയിൽ പാറി നടക്കുന്നതു പോലെ... ഒട്ടും ഭാരമില്ലാതെ.. ശുഷ്ക്കമായ ഒരു പേടകം പോലെ... തനിക്കെന്താണ് സംഭവിച്ചത്... ഓർത്തെടുക്കാൻ ശ്രമിക്കുകയാണ് ബോധ മനസ്സ്... ചിന്നിച്ചിതറിയ ഓർമ്മപ്പൊട്ടുകളെ കൊരുത്തെടുക്കുവാനുള്ള ശ്രമം... ഉണർവ്വിൽ നിന്നും മനസ്സ് വീണ്ടും മയക്കത്തിലേക്കു ആണ്ടു പോയി. ഉണർന്നിരിക്കുന്ന ഉപബോധ മനസ്സിന്റെ ക്യാൻവാസിൽ... പൂർണ്ണതയില്ലാത്ത ചിത്രങ്ങളുടെ നിഴൽക്കൂത്ത്.... ശബ്ദങ്ങളും... രൂപങ്ങളും... തരംഗങ്ങളായി മാത്രം സന്നിവേശിക്കപ്പെടുന്ന... അർദ്ധബോധാവസ്ഥയിൽ... ആരുടെയൊക്കയൊ കരച്ചിലുകൾ.... തളം കെട്ടി നിൽക്കുന്ന രക്തം. വെള്ളത്തുണിയിൽ പൊതിഞ്ഞ ശരീരങ്ങൾ......


" രവീ... രവീ.. ശരീരത്തിൽ തട്ടി ആരോ വിളിക്കുന്നു.....


" ട്രൈ ടു വേക്ക് അപ്പ് സ്ലോവ്‌ലീ "....


കണ്ണുകൾ വീണ്ടും വലിച്ചു തുറന്നു.


ഡോക്ടറാണ്....


" എഴുന്നേൽക്കാൻ ശ്രമിക്കൂ".... ഡോക്ടർ കൈയ്യിൽ പിടിച്ചു.


കാഴ്ച കൂടുതൽ വ്യക്തത പ്രാപിച്ചു... അടുത്ത് നിൽക്കുന്നവരെ തിരിച്ചറിഞ്ഞു .... ഡോക്ടർ.. നേഴ്സ്... ഇർഫാൻ.... സുൾഫിത്ത്... മോഹനേട്ടൻ.... സൈമൺ... സഫർ ഇക്ക....


സൈമണും, ഇർഫാനും ചേർന്ന് താങ്ങി എഴുന്നേൽപ്പിച്ചിരുത്തി.... സ്വാധീനമില്ലാത്ത ഇടത് കാൽ ഉയർത്തി പില്ലോയിൽ വച്ചു.


" ഒന്നൂല്ല... യു ആർ ആൾ റൈറ്റ് നൗ " ഡോക്ടർ ചിരിയോടെ പറഞ്ഞു.


" ഇന്ന് കൂടി ഇവിടെ കിടക്കട്ടെ... നാളെ പോകാം "... ഡോക്ടർ അവരോട് പറഞ്ഞു നടന്നു നീങ്ങി.


ഇപ്പോൾ എല്ലാം ഓർമ്മവരുന്നു... അബുദാബി സെയ്യിദ് മിലിട്ടറി ഹോസ്പ്പിറ്റലിലെ സൈക്യാട്രി വാർഡിലാണ് താൻ.... ഇത് ഇപ്പോൾ എത്രാമത്തെ തവണയാണ്.... താളം തെറ്റുന്ന മനസ്സിന്റെ ചാഞ്ചാട്ടങ്ങൾ... യാഥാർത്ഥ്യവുമായി പൊരുത്തപ്പെടാനുള്ള മനസ്സിന്റെ ചെറുത്ത് നിൽപ്പ് .... ചില കാര്യങ്ങളിൽ മനസ്സിന്റെ നിലപാടുകൾ അങ്ങിനെയാണ്. ഇല്ലാത്തതിനെ ഉണ്ടെന്ന് വിശ്വസിപ്പിക്കാനുള്ള മനസ്സിന്റെ വെമ്പൽ.....പ്രീയപ്പെട്ടതൊക്കെ പൂർണ്ണമായും നഷ്ടപ്പെട്ടുവെന്നറിഞ്ഞിട്ടും... ആ ശൂന്യതയും... മനസ്സുമായി പൊരുത്തപ്പെടാൻ കഴിയാതെ വരുമ്പോൾ ഉണ്ടാകുന്ന അസ്വസ്ഥതകൾ..


" രവി ഭായ്... മേം തോഡാ... ഓഫീസ് തക് ജാക്കർ ആയേഗാ... സുൾഫിത് ഇതർ രഹേഗാ "... ഇർഫാൻ കട്ടിലിനരികിൽ ഇരുന്നു കൊണ്ട് പറഞ്ഞു


" ആപ് ലോഗ് ജായിയേ... മേം അബ് തോ ഠീക് ഹേനാ ".. 


ഇർഫാനും.. സുൾഫിത്തും പാക്കിസ്ഥാനി ദമ്പതികളാണ്... അബുദാബിയിൽ വന്ന കാലം മുതൽ ഒരുമിച്ച് ഒരേ കമ്പനിയിൽ ജോലി ചെയ്യുകയും.. അടുത്ത് അടുത്ത ഫ്ലാറ്റുകളിൽ താമസിക്കുകയും ചെയ്യുന്നവർ. ഇർഫാൻ അഹമ്മദ് കമ്പനിയുടെ മിഡിൽ ഈസ്റ്റ് ഓപ്പറേഷൻ ചീഫായിരുന്നു. സുൾ ഫിത്ത് ' ഇത്തിഹാദ് ' എയർവെയ്സിൽ ജോലി ചെയ്യുന്നു.


താൻ ഇവർക്കൊക്കെ ഒരു ഭാരമായി മാറുകയാണ്... ഒരു വർഷം കഴിയുന്നു ഈ അവസ്ഥയിൽ.... കരകയറാനും... യാഥാർത്ഥ്യവുമായി സമരസപ്പെടാനും ശ്രമിക്കുന്നുണ്ടെങ്കിലും പരാജയപ്പെടുകയാണ്.


" ഭായി ജാൻ... പീനേ കോ കുച് ചാഹിയേ ".... സുൾഫിത്ത് തോളിൽ തട്ടി വിളിച്ചപ്പോൾ മയക്കം വിട്ട് വീണ്ടും ഉണർന്നു.


വയ്യാ... ഇനിയും ഇവരെയൊക്കെ ബുദ്ധിമുട്ടിക്കുവാൻ... മടങ്ങണം.. അനിവാര്യമാണത്...


വീണ്ടും ഡോക്ടർ വന്നു.


" രവീന്ദ്രനാഥ്.... യു ഹാവ് ടു ആക്സെപ്റ്റ് ദി റിയാലിറ്റി.... " ഫിലിപ്പ് ചെറിയാൻ യു എ ഇ യിലെ പ്രശസ്തനായ സൈക്യാട്രിസ്റ്റാണ്..

 തന്റെ ദാരുണമായ കഥകൾ എല്ലാം അറിയാവുന്നയാൾ.


" നൂർ ജഹാനിൽ താങ്കൾ ജാൻവിയെയാണ് കാണുന്നത്... ജാൻവിയുടെ കണ്ണുകൾ മാത്രമാണ് നൂർ ജഹാന് നൽകിയിട്ടുള്ളത്... ആൻ അബ്സല്യൂട്ട് കോർണിയൽ ട്രാൻസ്പ്ലാന്റേഷൻ... ആൻഡ് ആസ് യു നോ ജാൻവി ഈസ് നോ മോർ ".


" ഞാൻ ശ്രമിക്കാഞ്ഞിട്ടല്ല ഡോക്ടർ .. എനിക്കറിയാം.. എന്റെ മകൾ ജാൻവി ജീവിച്ചിരിപ്പില്ലെന്നും.. അവളുടെ കണ്ണുകളിലൂടെയാണ് നൂർജു കാണുന്നതുമെന്നും... എന്റെ ട്രീസയും... റൂബെനും... ജാൻവിയും എന്നോടൊപ്പം ഇല്ലെന്നും.... പക്ഷേ പലപ്പോഴും ഞാൻ ആ യാഥാർത്ഥ്യം മറന്നു പോകുന്നു. അപ്പോഴൊക്കെയാണ് ഞാൻ ഇർഫാന്റെ ഫ്ലാറ്റിൽ ചെല്ലുന്നതും.. നൂർജുവിനെ കാണാനും... കൂടെ കൊണ്ടുവരണമെന്ന നിർബന്ധം പിടിക്കുന്നതും.... കഴിയുന്നില്ല "...


നിറഞ്ഞു തുളുമ്പുന്ന അവളുടെ നീല നീർമിഴികൾ... അതിൽ നിന്ന് അടർന്നു വീഴുന്ന നീർമണികളുടെ തിളക്കത്തിൽ എന്റെ ജാൻവിയുടെ അവ്യക്തമായ മുഖം... അച്ഛനെ തനിച്ചാക്കി നീയും ... അമ്മയുടെയും... അനിയന്റെയും കൂടെ പൊയ്ക്കളഞ്ഞല്ലോ "...


" ഐ നോ രവീ... വി ക്യാൻ അണ്ടർസ്റ്റാൻഡ്... ദീസ് ഈസ് ആൻ ഒബ്സെഷൻ "... ബട്ട് യു ഹാവ് ടു റിക്കവർ... ഒരു വർഷം കഴിഞ്ഞില്ലേ... ഇനിയെങ്കിലും താൻ സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരണം "..


" ഒരു വർഷമല്ല... ഒരായിരം വർഷങ്ങൾ കഴിഞ്ഞാലും... കാലങ്ങൾക്ക് എന്റെ മുറിവുകളെ ഉണക്കാനാവുമോ.. ഡോക്ടർ..

പക്ഷേ.. ഞാൻ ചില തീരുമാനങ്ങൾ എടുത്തു കഴിഞ്ഞു ഡോക്ടർ... തിരികെ മടങ്ങണം "....


" താങ്കൾ ഇപ്പോൾ വിശ്രമിക്കൂ.. നമുക്ക് പിന്നെ സംസാരിക്കാം "... ഡോക്ടർ പോയി കഴിഞ്ഞപ്പോൾ വീണ്ടും ഞാൻ മയക്കത്തിലേക്ക് വഴുതിവീണു.


തഞ്ചാവൂരിലെ അഗ്രഹാരത്തെരുവിലെ... അഗ്രഹാരം... ഇരുൾ വീണ മുറികളിൽ ഭസ്മത്തിന്റേയും സാബ്രാണിയുടെയും മണം സദാ തങ്ങി നിന്നിരുന്നു. ചായം തേഞ്ഞ് മുഷിഞ്ഞ ഭിത്തികൾ... മുറ്റത്ത് അരിപ്പൊടിയിൽ കോറിയിട്ട കോലങ്ങൾ... കൂട്ടം കൂടി ഓടികളിക്കുന്ന കുട്ടികൾ.. കാലം മായ്ച്ച് കളഞ്ഞ അവ്യക്തമായ ഓർമ്മകളിലെവിടെയോ... അമ്മയുടെ മുഖം ഉണ്ടോ... ഇല്ല.... ഓർത്തെടുക്കാനാവുന്നില്ല.


നരച്ചു പിഞ്ചി കാക്കി നിറത്തിലുള്ള തുണിസഞ്ചിയിൽ.. സ്വന്തമായി ആകെ ഉണ്ടായിരുന്ന കീറിത്തുന്നിയ രണ്ടോ മൂന്നോ വള്ളിനിക്കർ കുത്തി തിരുകി... സഞ്ചി തോളിലിട്ട്... മണി മാമന്റെ പിറകെ ആഗ്രഹാരം വിട്ടിറങ്ങുമ്പോൾ എട്ടു വയസ്സായിരുന്നു പ്രായം.


" രവീ.... നമ്മ കേരളത്തില് പോറേ... ഇനി നീ അങ്കത്താൻ തങ്കണത്... സ്കൂളും... പഠിപ്പും ഒക്കെ അവിടെ താൻ കെടയ്ക്കും..". മണി മാമൻ പറഞ്ഞതൊന്നും എനിക്ക് മനസ്സിലായില്ലെങ്കിലും തലയാട്ടി...


മണി മാമൻ ആരായിരുന്നു?....


" നീ എന്നെ മണിമാമാ എന്ന് കൂപ്പിട്ടാ പോതും "...


അമ്മായെന്നും... അപ്പായെന്നും വിളിക്കുന്നതിന് പകരം ഞാൻ ആദ്യമായി വിളിച്ചത് മാമാ എന്നായിരുന്നു. മണി മാമനും.. മാമിയും പറഞ്ഞറിഞ്ഞ അറിവുകൾ മാത്രമെ തനിക്കുള്ളൂ... മണി മാമന്റെ അക്കയുടെ മകളുടെ മകനാണത്രെ ഞാൻ.. ദേശാന്തിരിയായി എവിടെ നിന്നോ വന്ന ഒരു ബ്രാഹ്മണൻ അമ്മയെ വിവാഹം കഴിക്കുകയും , ഞാൻ ജനിച്ച് ആറുമാസം കഴിഞ്ഞപ്പോൾ അഗ്രഹാരം വിട്ട് പോയതാണെന്നും, പിന്നീട് അയാൾ മടങ്ങിവന്നില്ലെന്നുമാണ് അറിഞ്ഞത്. എനിക്ക് ഒന്നര വയസ്സ് പ്രായം ഉള്ളപ്പോൾ അമ്മയക്ക് രക്തസ്രാവം വന്ന് മരിക്കുകയായിരുന്നു. അനാഥനായി പോയ എന്നെ മണി മാമൻ വീട്ടിലേക്ക് കൊണ്ടുവരികയും അവരുടെ മക്കളോടൊപ്പം വളർത്തുകയായിരുന്നു. മറ്റൊരു ബന്ധുക്കളയൊ.. സ്വന്തക്കാരയൊ ഞാൻ കണ്ടിട്ടുമില്ല..


അമ്മയുടെ സ്നേഹം കൊതിച്ച പ്രായത്തിൽ... ശാരദ മാമിയുടെ ശകാരവും... ദണ്ഡനങ്ങളും അനുഭവിച്ച് എട്ടു വയസ്സ് വരെ അവിടെ വളർന്നു... വിശന്നു വയറു കത്തിക്കാളുമ്പോൾ.. അകത്തെ ഇരുട്ട് നിറഞ്ഞ മുറിയിൽ തറയിൽ കമിഴ്ന്ന് കിടന്ന് കരഞ്ഞ് തളർന്നുറങ്ങിയിരുന്നു. അടുത്തുള്ള ചെറിയ ഒരു സ്ക്കൂളിൽ മണി മാമൻ തന്നെ ചേർത്തിരുന്നു. ഉച്ചയ്ക്ക് അവിടെ നിന്നും കിട്ടിയിരുന്ന' ഉപ്പുമാവായിരുന്നു ദിവസത്തിൽ കഴിച്ചിരുന്ന ഭക്ഷണം.. പകുതി വെന്ത ഉപ്പുമാവ് ഇലയിൽ വാങ്ങി ഏതെങ്കിലും ഒരു മൂലയിൽ ചെന്നിരുന്ന് തിന്നും... കിണറ്റിൽ നിന്ന് വെള്ളം കോരിക്കുടിച്ചും വിശപ്പടക്കിയിരുന്നു ... രാത്രി മാമിയുടെ മക്കൾ ശാപ്പാട് കഴിയ്ക്കുമ്പോൾ അവർ ശാപ്പിട്ട് കഴിഞ്ഞ് ചിലപ്പോൾ തനിക്ക് എന്തെങ്കിലും തന്നെങ്കിലായി... മണി മാമന് എന്നോട് സ്നേഹമുണ്ടായിരുന്നുവെങ്കിലും മാമിയെ പേടിച്ച് മാമൻ ഒന്നും ചെയ്യുകയില്ലായിരുന്നു. മാമിയാരുടെ എന്നോടുള്ള വെറുപ്പും... ശാപവർഷങ്ങളും അദ്ദേഹത്തെ വേദനിപ്പിച്ചെന്നിരിക്കാം....


അങ്ങിനെയാണ് മണി മാമൻ ആ തീരുമാനമെടുത്തത്....


മാമന്റെ അകന്ന ബന്ധത്തിലുള്ള ഒരു കുടുംബം... തഞ്ചാവൂരിൽ നിന്നും വർഷങ്ങൾക്ക് മുൻപ് കേരളത്തിലെ കൊച്ചിയിലേക്ക് ബിസിനസ്സിന് വേണ്ടി കുടിയേറിയിരുന്നു. തുണികളുടെ ഹോൾ സെയിൽ കച്ചവടക്കാരായിരുന്നു അവർ... എന്നെ അവരുടെ കടയിലും വീട്ടിലും സഹായത്തിന് നിർത്തുകയും സ്കൂളിൽ അയക്കുകയും ചെയ്യാമെന്ന് മാമനോട് പറഞ്ഞതനുസരിച്ചാണ് എന്നെ എറണാകുളത്തേക്ക് മാമൻ കൊണ്ടുപോയത്. എന്റെ വിശപ്പടക്കാനുള്ളതെങ്കിലും എനിക്ക് കിട്ടുമെന്നോർത്ത് മണി മാമൻ സമാധാനിച്ചിരിക്കാം..... എട്ടാമത്തെ വയസ്സിൽ എന്റെ ജീവിതം എറണാകുളത്തേക്ക് പറിച്ച് നടപ്പെട്ടു.


" രവീ... ഇവിടെ നിന്നോണം.. അവരെ അനുസരിച്ച്... യഥാവത് വേലയൊക്കെ പണ്ണീ... അവർകൾ ഉന്നൈ ഇസ്ക്കൂളിൽ സേർത്തിടും... നെറയെ ശാപ്പാടും കെടയ്ക്കും "... എന്റെ കണ്ണുകളിലേക്കു ദയനീയമായി നോക്കി... മണിമാമൻ യാത്ര പറഞ്ഞു പോയി... പിന്നീട് രണ്ടോ മൂന്നോ തവണ മാമൻ വന്നിരുന്നതായി ഓർക്കുന്നു... പിന്നെ മാമനെ കണ്ടിട്ടേയില്ല.... വർഷങ്ങൾക്ക് ശേഷം... മാമൻ മരിച്ചു പോയി എന്നും കേട്ടു.


ആ വീട്ടിൽ എനിക്ക് പിടിപ്പത് ജോലിയുണ്ടായിരുന്നു. ബ്രോഡ് വ്വേയിൽ രണ്ടു മൂന്ന് തുണി മൊത്ത വ്യാപാര കടകളും ഗോഡൗണുകളിലും... വീട്ടിലും ഒക്കെയായി അവർ എന്നെ പണിയെടുപ്പിച്ചു.. ഒരു കൊച്ചു ബാലന് താങ്ങാവുന്നതിലധികമായിരുന്നുവത്, പക്ഷേ വയർ നിറയെ ഭക്ഷണം തന്നിരുന്നു... സ്കൂളിൽ പോകുവാനും അനുവദിച്ചിരുന്നു. സ്കൂൾ സമയം കഴിഞ്ഞുള്ള സമയമത്രയും കടയിലും വീട്ടിലുമായി പണി ചെയ്യുമായിരുന്നു. രാത്രിയിൽ കിടക്കാൻ 'കുശിനി' യുടെ അടുത്തായി ഒരു കുടുസുമുറിയുണ്ടായിരുന്നു... ഒരു പഴയ പായും തലയിണയും പുതയ്ക്കാൻ ചാക്കു പോലുള്ള ഒരു ഷീറ്റും എനിക്ക് സ്വന്തമായിരുന്നു.


ആരോടും പരാതികൾ ഇല്ലായിരുന്നു. പണി ചെയ്തും വിശപ്പടക്കിയും സ്കൂളിൽ പോയും നേരം പോകുന്നതറിഞ്ഞിരുന്നില്ല. രാത്രിയുടെ ഏകാന്തതയിൽ ചെറിയ പ്രകാശം മാത്രമുള്ള മുറിയുടെ തറയിലിരുന്നു ഗ്രഹപാഠങ്ങൾ ചെയ്തും പഠിച്ചും ഉറങ്ങി... പുലർച്ചെ എഴുന്നേൽക്കും പണികൾ ഒക്കെ കഴിച്ച് സ്കൂളിലേക്കുള്ള ഓട്ടമാണ്... സ്കൂളിലും താൻ ഒറ്റയായിരുന്നു...   "പാണ്ടി ച്ചെക്കൻ " എന്ന് വിളിച്ച് കുട്ടികൾ കളിയാക്കുമ്പോഴും... ബട്ടൻസ് പൊട്ടിയ ഷർട്ട് ചൂണ്ടി പരിഹസിക്കുമ്പോഴും ഒരു പൊട്ടനെ പോലെ ചിരിച്ചു...


തന്റെ പ്രായത്തിലുള്ള കുട്ടികൾ മാതാപിതാക്കളോടൊപ്പം സഞ്ചരിക്കുന്നതും... പാർക്കിൽ കളിക്കുന്നതും ..... ഹോട്ടലിൽ ഭക്ഷണം കഴിക്കുന്നതുമൊക്കെ കാണുമ്പോൾ മനസ്സ് വിങ്ങിയിരുന്നില്ലേ.... അച്ഛനെന്നോ... അമ്മയെന്നോ വിളിക്കാൻ താൻ കൊതിച്ചിരുന്നില്ലേ... ഒരു ഉരുള വാരിത്തരാൻ... ഒന്നു ചേർത്തുപിടിക്കാൻ... കവിളിൽ മുത്തം തരാൻ... നഷ്ട ബാല്യങ്ങളിൽ വെന്തുനീറിയ നെഞ്ചകം.... പൊളളിക്കുന്ന ഓർമ്മകൾ... നിറമുള്ള ഉടുപ്പുകളും... പുസ്തക സഞ്ചിയും... ചെരുപ്പും.. കളിപ്പാട്ടങ്ങളും... താൻ കൊതിച്ചിരുന്നു. തൊട്ടടുത്ത ബ്രാഹ്മിൺസ് ഹോട്ടലിൽ നിന്നും അരിച്ചിറങ്ങുന്ന മൊരിഞ്ഞ മസാല ദോശയുടെയും... നെയ്യ് റോസ്റ്റിന്റേയും.. ഊത്തപ്പത്തിന്റേയും കൊതിപ്പിക്കുന്ന ഗന്ധം തന്റെ കുഞ്ഞു മനസ്സിന്റെ ആർത്തി വർദ്ധിപ്പിച്ചതല്ലാതെ... ആരും തനിക്ക് വാങ്ങി തരാനില്ലായിരുന്നു.


ഋതുക്കളുടെ കറങ്ങിത്തിരിച്ചിലുകളിൽ... താൻ ശാരീരികവും മാനസീകവുമായി വളരുന്നതൊന്നും ഞാൻ അറിഞ്ഞില്ല. നന്നായി പഠിച്ചിരുന്നുവെങ്കിലും സ്കൂളിൽ വലിയ പരിഗണനയൊന്നും ലഭിച്ചിരുന്നില്ല... ദരിദ്ര ബാലനോടുള്ള സമൂഹത്തിന്റെ അവഗണന അവിടെയും താൻ അനുഭവിച്ചിരുന്നു. തന്നോട് കൂട്ടുകൂടാൻ ആരും ഇല്ലായിരുന്നു. ഒറ്റപ്പെടുത്തലിന്റെ... അവഗണനയുടെ...... അദ്ധ്യാപകരുടെ പോലും നിരാകരണത്തിന്റെ... അകംപൊള്ളിച്ച അനുഭവങ്ങൾ... ഉണങ്ങാത്ത മുറിവുകൾ... ക്ലാസ്സു മുറിയിലെ ബെഞ്ചും ഡെസ്ക്കും മേശയുമെല്ലാം തന്നെക്കൊണ്ട് തുടപ്പിച്ചിരുന്നു.... എന്നിട്ടും താൻ പരിമിതിക്കുളിൽ നിന്നും വാശിയോടെ പഠിച്ചു.... ആരോ മനസ്സിലിരുന്ന് ധൈര്യം പകർന്ന് തന്നിരുന്നതു പോലെ,


" രവീ... നിന്റെ പഠിപ്പ് ഒക്കെ മുടിച്ചു... ഇനി ഫുൾ ടൈം ഷോപ്പില് വേല സെയ്യ വേണം... പഠിപ്പ് ജാസ്തി ആച്ച്"... പത്താം ക്ലാസ്സിലെ അവസാന പരീക്ഷ കഴിഞ്ഞപ്പോൾ മുത്തുസ്വാമി പറഞ്ഞു.


ശബ്ദം ഇല്ലാതെ താൻ കരഞ്ഞ നാളുകൾ... നല്ല മാർക്കോടെ പാസ്സാകുമെന്ന് തനിക്ക് ഉറപ്പുണ്ടായിരുന്നു.... പക്ഷേ... ഇനിയുള്ള കാലം ഒരു ചുമട്ടുകാരനെപ്പോലെ അവരുടെ ഗോഡൗണിനുള്ളിൽ തന്റെ ജീവിതം ഹോമിക്കപ്പെടും. തുടർന്ന് പഠിക്കണമെങ്കിൽ പണം വേണം... ഇതുവരെയുള്ള പഠിപ്പു പോലെയല്ല.. 


ഇരുൾ തിങ്ങിക്കൂടിയ മനസ്സിൽ ഒരു തരി വെട്ടം പോലും കാണാതെ തപ്പിത്തടഞ്ഞു.


പത്താം ക്ലാസ്സിലെ റിസൾട്ട് വന്നു... ഡിസ്റ്റിംഗ്ഷനിൽ പാസ്സായിരുന്നു. സന്തോഷം പങ്കു വയ്ക്കുവാൻ ആരുമില്ലായിരുന്നു.... ദുഃഖങ്ങളും സന്തോഷങ്ങളുമെല്ലാം തന്റേതു മാത്രമായിരുന്നു. ഈ ലോകത്തിൽ തതിക്കായി ആരും കാത്തിരിക്കാനില്ല.... തന്റെ സന്തോഷത്തിൽ കൂടെ സന്തോഷിക്കാനില്ല.... ദുഃഖത്തിൽ കൂടെ കരയാനില്ല...


ഡിസ്റ്റിംഗ്ഷനോടെ താൻ പാസ്സായ വിവരം മുത്തുസ്വാമിയോട് പറയുകയും തുടർന്ന് കോളേജിൽ ചേർന്ന് പഠിക്കാനുള്ള ആഗ്രഹവും അറിയിച്ചു.


" പഠിപ്പ് ഒക്കെ നിർത്തി... നീ കടയിൽ വേലയെ പാറ്... വെളയാടാതെ "... മുത്തുസ്വാമി കുപിതനായി.


കോളേജിൽ ചേരണമെങ്കിൽ പണം വേണം, നല്ല വസ്ത്രങ്ങൾ വേണം... ബുക്ക് പുസ്തകങ്ങൾ വേണം.. ഇതെല്ലാം തരാൻ തനിക്കാരുണ്ട്.. മുത്തുസ്വാമി തന്നെ കന്നിനെപ്പോലെ പണിയെടുപ്പിക്കും... വർഷത്തിൽ രണ്ടു ജോഡി വസ്ത്രങ്ങൾ തരും... ഭക്ഷണം തരും.. ഇതായിരുന്നു തന്റെ ഇതുവരെയുള്ള വേതനം, 


മുത്തുസ്വാമി അറിയാതെ താൻ പ്രീ ഡിഗ്രിക്ക് ചേരാനുള്ള ആപ്ലിക്കേഷൻ കൊടുത്തു.... അഡ്മിഷനെടുക്കാൻ അറിയിച്ചു കൊണ്ടുള്ള കാർഡ് വന്നു, ധരിച്ചു കൊണ്ട് പോകാൻ നല്ലൊരു വസ്ത്രം ഇല്ലായിരുന്നു. കീറി പലവട്ടം തുന്നി കൂട്ടിയ മുണ്ടും പഴകിയ ഷർട്ടും ധരിച്ചു കൊണ്ടാണ് പ്രിൻസിപ്പാളിന്റെ റൂമിലേക്ക് കടന്നുചെന്നത്. കൂടെ പേരന്റ്സ് ഇല്ലേ എന്ന പ്രിൻസിപ്പാളിന്റെ ചോദ്യത്തിനു മുൻപിൽ എന്തെങ്കിലും പറയുവാൻ കഴിയാതെ കുഴങ്ങുന്നത് കണ്ട് അടുത്തിരുന്ന മറ്റൊരു അദ്ധ്യാപകൻ വിവരങ്ങൾ ചോദിച്ചറിഞ്ഞു.. തന്റെ പൊട്ടിക്കരച്ചിലിനു മുൻപിൽ അവരും പതറിപ്പോയിരുന്നു. മുത്തുസ്വാമിയെക്കണ്ട് കാര്യങ്ങൾ ധരിപ്പിച്ച് എന്നെ പഠിപ്പിക്കാനനുവദിക്കണമെന്ന് പറയുവാനായി പ്രിൻസിപ്പാൾ ഒരു അദ്ധ്യാപകനെ ഏർപ്പാടാക്കി. അയാൾ മുത്തുസ്വാമിയെ നേരിൽക്കണ്ട് സംസാരിച്ചെങ്കിലും വിപരീതഫലമായിരുന്നു തനിക്ക് ലഭിച്ചത്. അയാൾ അറിയാതെ അഡ്മിഷന് ശ്രമിച്ചത് മുത്തുസ്വാമിയെ ചൊടിപ്പിക്കുകയും.. അന്ന് തന്നെ അയാൾ എന്നെ വീട്ടിൽ നിന്നു പുറത്താക്കുകയും ചെയ്തു.


അപ്രതീക്ഷിതമായ അയാളുടെ പ്രവൃത്തി എല്ലാ അർത്ഥത്തിലും തളർത്തിയിരുന്നു. കിടക്കാൻ ഒരിടമില്ല... ഭക്ഷണമില്ല.. എങ്ങോട്ട് പോകും... തികച്ചും പകച്ചു പോയി ഞാൻ... അടുത്ത ചില ദിവസങ്ങൾ ബ്രോഡ് വേയിലെ കടത്തിണ്ണകളിൽ രാത്രി കഴിച്ചു. പച്ചക്കറി മാർക്കറ്റിലെ പഴകിയ പച്ചക്കറികൾ കൂട്ടിയിടുന്ന സ്ഥലത്തു നിന്നു പഴകിയ തക്കാളിയും വെണ്ടക്കയും പെറുക്കിത്തിന്ന് വിശപ്പടക്കി... പിന്നീട് ഹോട്ടലുകളിൽ പണി ചോദിച്ചു. അടുക്കളയിൽ പാത്രം കഴുകുന്നതിനും.. മേശ തുടയ്ക്കുന്നതിനും പകരമായി ഭക്ഷണവും, ചെറിയ ശമ്പളവും, കിടക്കാൻ ഇടവും കിട്ടി. അവിടെ പണി ചെയ്തു കൊണ്ട് പ്രീ ഡിഗ്രിക്ക് പഠിച്ചു പാസ്സായി.


പ്രീ ഡിഗ്രി പാസ്സായ ഉടനെ ഓട്ടോ റിക്ഷാ ഓടിക്കാനുള്ള ലൈസൻസ് എടുത്തു.. രാത്രികാലങ്ങളിൽ കൂലിക്ക് ഓട്ടോ ഓടിച്ച് പൈസാ സമ്പാദിച്ചാണ് ഡിഗ്രി പാസ്സായത്. തന്റെ ധൈര്യവും ആത്മവിശ്വാസവും വർദ്ധിച്ചിരുന്നു... ജീവിതത്തെ സധൈര്യം നേരിടാനുള്ള ആത്മബലം ആർജ്ജിച്ചെടുത്തു.


ലോ കോളേജിൽ ചേരുമ്പോൾ ജീവിക്കാനുള്ള സ്വയം പര്യാപ്തത നേടിക്കഴിഞ്ഞിരുന്നു. ഏത് തൊഴിൽ ചെയ്തും ജീവിക്കാനുള്ള മനക്കരുത്ത്... തീയിൽ കുരുത്ത് വെയിലിൽ വാടാതെ ആത്മാഭിമാനത്തോടെയാണ് എൽ എൽ ബി പാസ്സായത്. സന്നത് എടുത്ത ഉടനെ ഹൈക്കോടതിയിലെ പ്രഗത്ഭനായ വക്കീൽ അഡ്വക്കേറ്റ് ജയശങ്കറിന്റെ ജൂനിയറായി പ്രാക്ടീസ് തുടങ്ങി.  ഞാൻ ആരാണെന്ന് അറിഞ്ഞിരുന്ന ജയശങ്കർ സാറിന്റെ പ്രീയ ശിക്ഷ നായി മാറാൻ അധിക സമയം വേണ്ടിയിരുന്നില്ല.


ജീവിതം ഒരു ചൂതാട്ടമാണ്... ഒന്നും ഇല്ലായ്മയിൽ നിന്നു കളിച്ച് നേടിയതെല്ലാം... വിധിയുടെ കള്ളക്കരു നീക്കത്തിലൂടെ ഓരോന്നോരോന്നായി നഷ്ടപ്പെടുമ്പോൾ.... താനും അങ്ങനെയല്ലേ.... ശൂന്യതയിൽ നിന്നും താൻ സൃഷ്ടി നടത്തി... ജീവിതവുമായി മല്ലു പിടിച്ചു.... പട വെട്ടി... പൊരുതി നേടിയതൊക്കെ ഒറ്റനിമിഷത്തിൽ... തകർന്നു പോയില്ലേ...


ജയശങ്കർ സാറിന്റെ കൂടെ മൂന്ന് വർഷമായി പ്രാക്ടീസ് തുടങ്ങിയിട്ട്.


" രവീ.. ഞാൻ നിനക്ക് നല്ലൊരു ഓപ്പർച്യൂണിറ്റി തരാം... നിനക്ക് സാമ്പത്തിക ഭദ്രതയാണാശ്യം... യു എ ഇ യിലെ വലിയ ഒരു കമ്പനിക്ക് മിടുക്കനായ ഒരു ലീഗൽ അഡ്വൈസറെ വേണം... ഞാൻ നിന്നെ സജസ്റ്റ് ചെയ്യട്ടെ... വളരെ ഉയർന്ന ശമ്പളവും മറ്റു ഫെസലിറ്റികളും ഉണ്ട്... നിനക്ക് താത്പര്യം ഉണ്ടെങ്കിൽ ഞാൻ സംസാരിക്കാം "... ജയശങ്കർ സാറിന്റെ നിർദ്ദേശം ഞാൻ സ്വീകരിച്ചു.


അങ്ങനെയായിരുന്നു അബുദാബിയിലെ പ്രശസ്തമായ കമ്പനിയുടെ ലീഗൽ അഡ്വൈസറായി താൻ ഇവിടെ എത്തുന്നത്. പിന്നീട് കയറ്റങ്ങളുടെ മാത്രം കാലമായിരുന്നു... താൻ വന്ന വർഷം തന്നെ ഒരു ഫ്രഞ്ചു കമ്പനിയുമായി ഉണ്ടായിരുന്ന വലിയ ഒരു ഡിസ്പ്യൂട്ടിന് താൻ പരിഹാരം കാണുകയായിരുന്നു.. അഞ്ച് മില്ല്യൻ ഡോളറാണ് കമ്പനിക്ക് തർക്കം പരിഹരിച്ച് നേടിക്കൊടുത്തത്. ധാരാളം പണം... ജീവിത സൗകര്യങ്ങൾ... പിറകോട്ട് തിരിഞ്ഞു നോക്കിയപ്പോൾ അഭിമാനം തോന്നി... " ക്വയറ്റ് എ സ്ലം ഡോഗ് സെൽഫ് മെയ്ഡ് മേൻ "...


ജീവിതം അങ്ങിനെയാണ്... പ്രതീക്ഷിക്കാത്ത സമയത്ത് പലതും വാരിക്കോരിത്തരും... ചിലപ്പോൾ പറയാതെ പോലും തട്ടിപ്പറിച്ചെടുക്കുകയും ചെയ്യും... താനും അങ്ങനെയായിരുന്നില്ലേ.... ജീവിതം തന്നെ ഒരു കോമാളിയാക്കി തീർത്തു.


ഒരു വെക്കേഷനായി നാട്ടിൽ ചെന്നതായിരുന്നു. നാട്ടിൽ തനിക്കായി ആരുമില്ലെങ്കിലും പഴയ സുഹ്രുത്തക്കളെയും മറ്റും കാണുവാനായി താനും ചിലപ്പോഴൊക്കെ നാട്ടിൽ പോയിരുന്നു. ഇതിനോടകം എറണാകുളത്ത് സ്വന്തമായി ഒരു ഫ്ലാറ്റും വാങ്ങിയിരുന്നു. അഡ്വക്കേറ്റ് ജയശങ്കർ സാറിനെ കാണുവാനായി ഓഫീസിൽ ചെന്നപ്പോഴാണ് ട്രീസയെ ആദ്യമായി കാണുന്നത്.


" രവീ... ട്രീസയെ പരിചയപ്പെട്ടോ?.. നീ തീർച്ചയായും പരിചയപ്പെടേണ്ട ഒരാളാണ് ആവൾ... നിന്റെ സെയിം പിഞ്ച്... നിന്നെപ്പോലെ തന്നെ മറ്റൊരാൾ... ആൻ അബ്സല്ല്യൂട്ട് ഓർഫൻ... ഇവിടുത്തെ സെന്റ് തെരേസാസ് ഓർഫനേജിലാണ് അവളും വളർന്നത്.... പഠിക്കാൻ മിടുക്കിയായിരുന്നതു കൊണ്ട് അവർ അവളെ പഠിപ്പിച്ചു, ആരുടെയോ സ്പോൺസർഷിപ്പിൽ... കഴിഞ്ഞ വർഷമാണ് എൽ എൽ ബി കഴിഞ്ഞ് എന്റെ കൂടെ പ്രാക്ടീസ് തുടങ്ങിയത്... ജയശങ്കർ സാർ എന്നെ അവൾക്ക് പരിചയപ്പെടുത്തി.


വെക്കേഷൻ കഴിഞ്ഞ് മടങ്ങുമ്പോൾ... എന്റെ മനസ്സിൽ ട്രീസയും ഒപ്പം കൂടി... വിളറി വെളുത്ത നീണ്ട മുഖവും.... ശോഭ കുറഞ്ഞ തവിട്ടു നിറത്തിലുള്ള കൃഷ്ണമണികളോടു കൂടിയ വിടർന്ന കണ്ണുകളും.... അൽപ്പം ചെമ്പിച്ച ക്രോപ്പ് ചെയ്തിട്ട മുടിയും... കൃശഗാത്രിയായ ഒരു പെൺകുട്ടി.. സദാ പ്രസരിപ്പുള്ള ആ മുഖത്ത് എവിടെ നിന്നോ നിഴൽ വീഴ്ത്തുന്ന ദൈന്യത, ഒരു ആംഗ്ലോ ഇൻഡ്യൻ പരിഛേദം...


ജയശങ്കർ സാർ തന്നെയായിരുന്നു പ്രൊപ്പോസ് ചെയ്തതു... മദറിനോട് സംസാരിക്കാനാണ് അവൾ പറഞ്ഞത്... സാറ് മദറിനോട് സംസാരിച്ചു....


അധികം വൈകാതെ തന്നെ വീണ്ടും നാട്ടിലെത്തി.... ജയശങ്കർ സാറിനൊപ്പം ഓർഫനേജിലെത്തി മദറിനെ കണ്ടു.


" ട്രീസയെ ഈ പള്ളി മുറ്റത്തു നിന്നാണ് ഞങ്ങൾക്ക് കിട്ടിയത്... ഒരു ഡിസംബർ മാസത്തിലെ തണുപ്പുള്ള രാത്രിയിൽ... കുഞ്ഞിന്റെ ഉറക്കെയുറക്കെയുള്ള കരച്ചിൽ കേട്ടാണ് ഞങ്ങൾ ചെന്നത്... കട്ടിയുള്ള വെളുത്ത തുണിയിൽ പൊതിഞ്ഞ ചോരക്കുഞ്ഞ്... ഈ കൈകൾ കൊണ്ടാണ് ഞാനിവളെ എടുത്തത്.... എന്റെ മടിയിലാണ് ഇവൾ വളർന്നത്....  മദർ ട്രീസയെ ചേർത്ത് നിർത്തിക്കൊണ്ട് അവളുടെ മൂർദ്ധാവിൽ ചുംബിച്ചു.


" ഇവൾ.... നിനക്ക് ഒരു നിധിയായിരിക്കും "... മദർ എന്നെ നോക്കി പറഞ്ഞു.


" നിങ്ങൾ തമ്മിൽ സംസാരിച്ചോളൂ ".. മദർ അകത്തേക്ക് പോയി.


" ട്രീസാ..... മൃദുസ്വരത്തിലുള്ള വിളി കേട്ട്... അവൾ എന്റെ നേരെ മുഖം ഉയർത്തി. ഭയചകിതയായ ഒരു മാൻ പേടയുടെ കണ്ണുകളായിരുന്നു അവൾക്കപ്പോൾ... നിഷ്ക്കളങ്കമായ ആ മുഖത്തെ നിസ്സഹായത.... പൊള്ളി പ്പോയി എന്റെ ഹ്രദയം....


" ഞാൻ... ഞാൻ... എനിക്ക്... എന്തൊക്കയോ പറയാനും ചോദിക്കാനും അവൾ ആഗ്രഹിക്കുന്നതു പോലെ...


" പേടിക്കേണ്ട... നമ്മൾ രണ്ടാളും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളാണ്... ഞാൻ അവളോട് കുറച്ചു കൂടി അടുത്തു നിന്നു...." എനിക്ക് ആരുമില്ല... നിനക്കും... പിന്നെന്താ '".. ഞാൻ അവളെ ധൈര്യപ്പെടുത്തി.


" ഞാനിങ്ങനെയൊന്നും മോഹിച്ചിരുന്നില്ല.... ഞാൻ എന്താ പറയ്കാ... എന്നെക്കുറിച്ച് മദർ എല്ലാം പറഞ്ഞല്ലോ... മദറാണ് എന്റെ എല്ലാം... പിന്നെ ഇവിടുത്തെ കുട്ടികളും "... അവൾ ഒന്നു വിതുമ്പിയോ...


" ട്രീസയ്ക്ക് മദർ എങ്കിലും ഇല്ലേ... എനിക്ക് ആരും ഇല്ല "...


"ജീവിതത്തിന്റെ വഴിത്താരകളിൽ മാർഗ്ഗമധ്യേ ഒറ്റപ്പെടുന്നവരുണ്ട്... ഇവിടെ ഞാനും ട്രീസയും അങ്ങനെ തന്നെ ജീവിതം തുടങ്ങിയവരാണ്.... എങ്കിൽപ്പിന്നെ നമുക്ക് ഒരുമിച്ച് യാത്ര ചെയ്തു കൂടെ "...


" എല്ലാം മദറുമായി സംസാരിച്ച് തീരുമാനിച്ചോളൂ "... അവളുടെ മുഖത്തെ പ്രതീക്ഷയുടെ തിരയിളക്കം ഞാൻ കണ്ടു.


ജയശങ്കർ സാറ് തന്നെ എല്ലാറ്റിനും മുൻ കൈ എടുത്തു... തീർത്തും ലളിതമായ ചടങ്ങുകളോടെ ഞങ്ങളുടെ വിവാഹം നടന്നു. ഭൂമിയിൽ തനിച്ചായിരുന്ന രണ്ടു പേർ ഒരുമിച്ചപ്പോൾ... പരസ്പരം താങ്ങായി... എനിക്ക് അവളും... അവൾക്ക് ഞാനും...


ഓർഫനേജിലെ കുട്ടികളെ പിരിയാനായിരുന്നു അവൾക്ക് ഏറെ ദുഃഖം... പിന്നെ മദറിനെയും... അവൾ അവർക്ക് എല്ലാവർക്കും ചേച്ചിയായിരുന്നു. അത്രമാത്രം അവൾ അവരെ സ്നേഹിച്ചിരുന്നു. ഞങ്ങളുടെ വിവാഹം കഴിഞ്ഞ ദിനങ്ങളിൽ ഒരു നാൾ... കുട്ടികളുമായി ഞങ്ങൾ രണ്ടു മൂന്ന് ദിവസത്തെ ടൂർ പോയി... ജന്മം കൊടുത്തവർ ആരാണെന്ന് പോലും അറിയാത്ത കുരുന്നുകൾ... തെരുവിലും... കുപ്പത്തൊട്ടിയിലും.. പള്ളി മുറ്റത്തും ആർക്കും വേണ്ടാതെ വലിച്ചെറിയപ്പെട്ടവർ...


ജീവിതത്തിൽ അത്രയും അധികം സന്തോഷം തോന്നിയ ദിനങ്ങളായിരുന്നു അത്...


" നിങ്ങൾക്ക് ഇത്രയും നാൾ ചേച്ചി മാത്രമല്ലേ ഉണ്ടായിരുന്നുള്ളൂ... ഇനി ചേട്ടനും ഉണ്ട്... ഈ ചേട്ടനും ചേച്ചിയും നിങ്ങളോടൊപ്പം ഇനി എന്നുമുണ്ടാകും..." ഞാനും ട്രീസയും ചേർന്ന് കൂട്ടികളെയെല്ലാം ചേർത്തുപിടിച്ചു അണച്ചുകൊണ്ടു പറയുമ്പോൾ... കണ്ണുകൾ നിറഞ്ഞു തൂവിയിരുന്നു.


അബുദാബിക്ക് മടങ്ങുന്നതിന്റെ തലേ രാത്രിയിൽ... ട്രീസ കരച്ചിലടക്കാൻ പാടുപെടുന്നുണ്ടായിരുന്നു... കുട്ടികളെ പിരിയുന്നതിൽ അത്രകണ്ട് അവൾ വേദനിക്കുന്നുണ്ടായിരുന്നു. എന്റെ സ്നേഹ സാന്ദ്രമായ തലോടലും... ആശ്വാസ വാക്കുകളും എന്റെ കരവലയത്തിലെ സുരക്ഷിതത്വവും... അവളെ ധൈര്യപ്പെടുത്തി.


" നോക്കു ട്രീസാ.... ഞാനും അവരിൽ ഒരുവനല്ലേ... നിനക്ക് അവരോട് എത്രമാത്രം സ്നേഹവും കരുതലുമുണ്ടോ... എനിക്കും അതുപോലെ തന്നെ അവരോടുണ്ട്... നമുക്ക് അവരെ എല്ലാവരെയും പഠിപ്പിക്കണം... വലിയവരാക്കണം "... അവളെ ചേർത്തുപിടിച്ചു ഇറുകെ പുണർന്നു.


ഇർഫാനും  സുൾഫിത്തും ഞങ്ങളെ സ്വീകരിക്കാൻ എയർപോർട്ടിൽ ഉണ്ടായിരുന്നു. അവർ എനിക്ക് സഹോദരങ്ങളായിരുന്നു. വളരെ സെലക്റ്റഡായ സൗഹ്രദങ്ങൾ സൂക്ഷിച്ചിരുന്ന എനിക്ക് ഏറ്റവും കൂടുതൽ ഞാൻ സ്നേഹിച്ചിരുന്നതും ആ പാക്കിസ്ഥാനി സഹോദരങ്ങളെയായിരുന്നു. ഇർഫാനും സുൾഫിത്തും... മകൻ റിയാനും അടങ്ങുന്ന കുടുംബം.


അബുദാബിയിലെ ഞങ്ങളുടെ ജീവിതം... സ്നേഹം കൊടുത്തും.. വാങ്ങിയും... പിരിഞ്ഞിരിക്കുവാൻ ആവുമായിരുന്നില്ല... താണ്ടി വന്ന ജീവിതത്തിന്റെ കനൽ വഴികളിൽ... കാൽ പാദങ്ങൾ ഏറെ പൊളളി പോയിരുന്നുവെങ്കിലും... സ്നേഹത്തിന്റെ... ആശ്വാസത്തിന്റെ... സൗഭാഗ്യത്തിന്റെ മഞ്ഞു പൊഴിയുന്ന ഒരു പവിഴ ദ്വീപിൽ എത്തിയതുപോലെയായിരുന്നു ഞങ്ങൾ.


" ലോകത്തിലുള്ള മറ്റെല്ലാവരെക്കാളും ഭാഗ്യമുള്ളവർ നമ്മളാണ്... അല്ലേ രവിയേട്ടാ..." ട്രീസാ ആളാകെ മാറിയിരുന്നു. അടിമുടി പൂത്തുലഞ്ഞു നിൽക്കുന്ന ചെമ്പകം പോലെ.


ശരിയാണ്, സ്നേഹവും... വികാരങ്ങളും.. പങ്കു വയ്ക്കപ്പെടുമ്പോഴാണ് മൂല്യമുണ്ടാകുന്നത്... അനാഥത്വം എന്ന അവസ്ഥയുടെ നിർവ്വചനം എന്താണ്?.. ആത്മാവിന്റെ അണയാത്ത വിശപ്പല്ലേയത്... കണ്ടറിയാവുന്ന വികാരമല്ലത്... കൊണ്ടറിയേണ്ടതുതന്നെ.... തനിപ്പെട്ടു പോയ ജീവിതങ്ങളുടെ മനസ്സിന്റെ സ്നേഹത്തിനും... കരുതലിനും വേണ്ടിയുള്ള ദാഹം... പങ്കു വയ്ക്കാനും... പങ്കു വയ്ക്കപ്പെടാനുമുള്ള തുടിപ്പ്... 


മധുരമായ പരിലാളനങ്ങളുടെ പറുദീസയായിരുന്നു ഞങ്ങളുടെ ജീവിതം. മനുഷ്യചേതനയുടെ ഉദാത്തമായ വികാരം... കുടുംബം... ബന്ധങ്ങൾ... ആദ്യമായി അറിഞ്ഞ പെണ്ണ്... ഒരമ്മയുടെ വാത്സല്ല്യ ത്തോടെ... ഭാര്യയുടെ കരുതൽ... കാമുകിയുടെ പ്രണയ വായ്പുകൾ... അതായിരുന്നു എനിക്ക് ട്രീസാ...


എന്റെ ട്രീസ കഴിഞ്ഞാൽ , ഏറ്റവും കൂടുതൽ എന്റെ ഹൃദയത്തിൽ സ്ഥാനമുണ്ടായിരുന്നത്... ഇർഫാനും.. സുൾ ഫിത്തിനുമായിരുന്നു.

" ഒരു പാക്കിസ്ഥാനിയോട് നിനക്കിത്രയും അടുക്കാൻ കഴിയുന്നതെങ്ങിനെയാണെന്ന് ".. പലരും എന്നോട് ചോദിച്ചിട്ടുണ്ട്.

രക്ത ബന്ധങ്ങളുടെ സ്നേഹാദരങ്ങളോ... ഊഷ്മളതയോ... ഒന്നും അനുഭവിച്ചറിഞ്ഞിട്ടില്ലാത്ത എനിക്ക് സ്നേഹത്തിന്റെ അതിർവരമ്പുകളെക്കുറിച്ച് യാതൊരു ധാരണയുമില്ലായിരുന്നു. കേവലം.. മനുഷ്യ നിർമ്മിതവും.. ഭൂമിശാസ്ത്രപരവുമായി നിജപ്പെടുത്തിയ അതിർത്തിക്കുള്ളിൽ തടഞ്ഞു നിർത്താൻ കഴിയുന്നതാണോ യഥാർത്ഥ സ്നേഹമെന്ന വികാരം... അത് സഹജീവികളോട് തോന്നുന്ന നിർവ്വചിക്കാനാവാത്ത വികാരമല്ലേ... അത് കൊടുക്കുകയും... വാങ്ങുകയും ചെയ്യപ്പെടേണ്ടതല്ലേ... ഏത് വലിയ ശത്രുവിനെപ്പോലും കീഴ്പ്പെടുത്താൻ പോന്ന ശക്തിയുള്ള ആയുധമല്ലേ... തീർച്ചയായും, രാഷ്ട്രീയമായോ, ദേശീയമായോ മാത്രം പ്രകടിപ്പിക്കപ്പെടേണ്ട ഒന്നല്ല... ഒരിക്കലുമല്ല.. ഭാഷ.. വേഷ.. ദേശാന്തരങ്ങൾക്ക് അപ്പുറം നിർവ്വചിക്കപ്പെടേണ്ടതാണ് സ്നേഹം.. ഇർഫാന്റെ കുടുംബത്തോട് എനിക്കും... തിരിച്ച് എന്നോടവർക്കും ഉണ്ടായിരുന്നത് അതായിരുന്നു. 


ഇർഫാന്റെ കുടുംബവും ഇൻഡ്യക്കാരായിരുന്നു. സ്വാതന്ത്ര്യാനന്തര ഇൻഡ്യയുടെ വിഭാഗിയതയിൽ... ഇൻഡ്യയിൽ നിന്നും പാലായനം ചെയ്യേണ്ടി വന്ന വർ... പകുതി അവിടെയും... പകുതി ഇവിടെയുമായി... കുടുങ്ങിപ്പോയ കുടുംബം... അതിർത്തിക്കിപ്പുറവും അപ്പുറവുമായി.. ഒരേ കുടുംബം ഇൻഡ്യക്കാരനെന്നും... പാക്കിസ്ഥാനിയെന്നും..വിളിക്കപ്പെടേണ്ടി വന്നവർ.... അധികാര ദുർമോഹികളും... വർഗ്ഗീയ വാദികളുമായിരുന്ന.... രാഷ്ട്ര ശിൽപ്പി മാരുടെ ഇംഗിതത്തിന് അനുസരിച്ച്... ബ്രിട്ടീഷ് കാരൻ വെട്ടി പങ്കിട്ടുകൊടുത്തപ്പോൾ... ഇർഫാന്റെ കുടുംബം... പകുതി പാക്കിസ്ഥാനികളും.... പകുതി ഇൻഡ്യക്കാരുമായി മാറി. പഞ്ചാബിലും... രാജസ്ഥാനിലുമൊക്കെയായി ഇർഫാന്റെ അടുത്ത ബന്ധുക്കൾ ഇൻഡ്യയിൽ തുടരുന്നു.


" മനസ്സ് കൊണ്ട് ഞാനും ഇൻഡ്യക്കാരനാണ്... നൂറ്റാണ്ടുകളുടെ പൈതൃകം പേറുന്ന ഇൻഡ്യാ... മതേതരത്വവും... സാഹോദര്യത്തവും ഉയർത്തിപ്പിടിക്കുന്ന ഇൻഡ്യൻ സംസ്ക്കാരം... എത്ര ഉദാത്തമാണത്"...ഇർഫാൻ ഇൻഡ്യയെക്കുറിച്ച് വാചാലനാകാറുണ്ട്.


ജാൻവി... ഞങ്ങളുടെ ജീവിതത്തിലേക്ക് വന്നതോടൊപ്പം തന്നെയായിരുന്നു... ഇർഫാനും.. സുൾഫിത്തിനും.. നൂർജഹാനും പിറന്നത്. രണ്ടോ മൂന്നോ മാസത്തിന്റെ മൂപ്പിളപ്പ്...


ജാൻവി... ഞങ്ങളുടെ മകൾ... രണ്ട് അനാഥ ജന്മങ്ങളുടെ... ബീജാണ്ഡസങ്കലനത്തിൽ പിറന്ന സനാത.... എന്റെ ജീവന്റെ സത്ത... 


"രവിയേട്ടാ.... നമ്മുടെ നഷ്ട ബാല്ല്യങ്ങളിൽ.... അനുഭവിക്കാതെ പോയ മുഴുവൻ സന്തോഷങ്ങളും കൊടുത്ത് നമ്മുടെ മോളെ വളർത്തണം... ഇരുളിന്റെ മറവിൽ വയറൊഴിഞ്ഞ്..... അവിഹിത ഗർഭത്തിന്റെ ഭാരം ഒഴിഞ്ഞ ആശ്വാസത്തോടെ.... കീറ്റു ശീലയിൽ പൊതിഞ്ഞ ചോരക്കുഞ്ഞിനെ പള്ളി മുറ്റത്ത് ഉപേക്ഷിച്ച് ഓടി ഒളിച്ച എന്റെ അമ്മ...


" ട്രീസാ.... പൊട്ടിക്കരയുന്ന അവളെ ചേർത്ത് പിടിച്ച് ആശ്വസിപ്പിക്കുമ്പോൾ.... വേദനയും... അവഗണനകളും... വിശപ്പും അറിഞ്ഞ എന്റെ ബാല്യത്തെയും ഓർത്ത് പോയി.


" അതൊന്നും ഇനി ഓർക്കേണ്ട... നിനക്ക് ഞാനില്ലേ... ദാ... ഇപ്പോൾ നമ്മുടെ മോളും "....


ജാൻവിയെയും... നൂർജഹാനെയും ഒരുമിച്ചായിരുന്നു "കിന്റെർഗാർട്ടനിൽ" ചേർത്തത്. എത്ര പെട്ടെന്നാണ് വർഷങ്ങൾ കടന്നുപോകുന്നത്. നാട്ടിലേക്ക് വെക്കേഷനായി എല്ലാവർഷവും പോയിരുന്നു. ഓർഫനേജിലെ കുട്ടികൾ നോക്കിയിരിക്കും... ചേച്ചിയും... ചേട്ടനും... കൈനിറയെ സമ്മാനങ്ങളുമായി വരുന്നതും കാത്ത്... അവിടുത്തെ കുട്ടികളുടെ കാര്യങ്ങളെല്ലാം ഭംഗിയായി ട്രീസയും.. ഞാനും നോക്കിയിരുന്നു.


മറ്റു പല രാജ്യങ്ങളിലേക്കും ഞങ്ങൾ വെക്കേഷൻ ചിലവഴിക്കാനായി പോവുക പതിവായിരുന്നു. സിംഗപ്പൂർ, മലേഷ്യ, മൗറീഷ്യസ്, നേപ്പാൾ, യൂറോപ്പ്... ഇർഫാനും കുടുംബവും ഒപ്പം ഉണ്ടാകും... അവർ പാക്കിസ്ഥാനിലേക്ക് വളരെ ചുരുക്കമായി മാത്രമേ പോയിരുന്നുള്ളൂ. ചിലപ്പോൾ സൈമണും കുടുംബവും... മോഹനേട്ടനും ഫാമിലിയും... ഒക്കെ ഞങ്ങളോടൊപ്പം കൂടാറുണ്ടായിരുന്നു.


" ജീവിക്കുവാണേ... നിങ്ങളെപ്പോലെ ജീവിക്കണം... " ആളുകൾ ഞങ്ങളെക്കുറിച്ച് പറഞ്ഞിരുന്നത് അങ്ങനെയാണ് ,


" ഞങ്ങൾ ഇതുവരെ ജീവിച്ചിട്ടില്ലല്ലോ... ഇപ്പോഴല്ലേ ജീവിക്കുന്നത്"... ഞാൻ മറുപടി പറയും.


" ഞാൻ ഒരിക്കലും.... ഇങ്ങനെയൊന്നും പ്രതീക്ഷിച്ചിരുന്നില്ല രവിയേട്ടാ.... എനിക്ക് സ്വപ്നങ്ങളേ ഇല്ലായിരുന്നു.... എത്ര പെട്ടെന്നാണ് ജീവിതം മാറി മറിയുന്നത്.... ആരുടെയോ കൈകളാൽ ചലിപ്പിക്കപ്പെടുന്ന പാവകളെപ്പോലെ... നമ്മുടെ ഇഷ്ടാനിഷ്ടങ്ങൾക്കൊന്നും ഇവിടെ പ്രസക്തിയേയില്ല... ചിലർ പറയാറില്ലേ.... ഞാൻ എന്റെ ഇഷ്ടത്തിന് ജീവിക്കുമെന്ന്... വെറും പൊളി വാക്കല്ലേയത്...." ട്രീസയുടെ വാക്കുകൾ തത്വചിന്താപരമായിരുന്നു.


ശരിയാണ്, ഏഴു വർണ്ണങ്ങളിൽ പീലി നിവർത്തി ആടുകയായിരുന്നു ജീവിതം... പ്രചണ്ഡ വാതമായി ആഞ്ഞടിച്ച്... ആകെ ഉലച്ച്... കൂടണഞ്ഞ ശേഷം അനുഭവപ്പെടുന്ന പ്രകൃതിയുടെ ശാന്തത... നിഴൽ രൂപങ്ങളായി തിരശ്ശീലയിൽ ജീവിച്ച്... പിന്നീട് അസ്ഥിയും മാംസവും ത്വക്കും പൊതിഞ്ഞ് അസ്ഥിത്വത്തിന്റെ സാന്നിധ്യം അറിയിച്ച ഞങ്ങളുടെ ജീവിതം... ശാന്തമായി ഒഴുകുന്ന പുഴ പോലെ...


ആ പ്രവശ്യത്തെ വെക്കേഷൻ ഞങ്ങൾ പ്ലാൻ ചെയ്തത് ' സീ ഷെൽസി'ലേക്കായിരുന്നു... ഇർഫാനും കുടുംബവും... അഖിലേഷും ഫാമിലിയും കൂടെ ഉണ്ടായിരുന്നു.


കടൽ... എന്നും എനിക്ക് ഒരാവേശമായിരുന്നു... അതിന്റെ ഭയപ്പെടുത്തുന്ന അഗാധമായ നീലിമ... കലി തുള്ളിയാൽ ഒരു ഭ്രാന്തിയായും... ശാന്തമായാൽ ധ്യനത്തിലിരിക്കുന്ന തപസ്വനിയെപ്പോലെയും.. മാറുന്ന കടലിന്റെ അനിതരസാധാരണവും... അനിർവ്വചനീയവുമായ കടലിന്റെ ഭാവങ്ങൾ... ആർത്തലച്ച്... പതഞ്ഞുയർന്ന്... നാവ് നീട്ടിയെത്തുന്ന തിരമാലകളെ നോക്കി നിൽക്കുന്നത് ഒരു ലഹരിയായിരുന്നു.


'സി ഷെൽസിൽ ' എത്തിയതിന്റെ രണ്ടാമത്തെ ദിവസമായിരുന്നു. ജാൻ വിയും.. നൂർജുവും.. റിയാനും ബീച്ചിൽ കളിച്ചു രസിക്കുകയാണ്.. സുൾഫിത്തും... ട്രീസയും, കുട്ടികളോടൊപ്പമുണ്ട്. കളി നിർത്തി നൂർജു കടലിൽ നിന്നു കയറി മണലിൽ ഇരുന്നു. കുറേ നേരമായി അവൾ അങ്ങനെ അനങ്ങാതെയിരിക്കുന്നു. കൂടെ കൂടെ കണ്ണുകൾ തിരുമ്മുന്നുണ്ട്. ആരും പക്ഷേ കാര്യമാക്കിയില്ല... പെട്ടെന്ന് അവൾ കരയാൻ തുടങ്ങി... അവൾക്കൊന്നും കാണാൻ കഴിയുന്നില്ല... കണ്ണുകളിൽ ഇരുട്ട്... മങ്ങൽ.... ഇത്ര നേരം കടൽ വെള്ളത്തിൽ കളിച്ചിട്ടായിരിക്കും... അവളെ സമാധാനിപ്പിച്ചു ഞങ്ങൾ ഹോട്ടലിലേക്ക് മടങ്ങി.... 


പക്ഷേ.. പോക പോകെ... അവളുടെ കാഴ്ച കൂടുതൽ കൂടുതൽ ഇല്ലാതെയായ്ക്കൊണ്ടിരുന്നു. ഹോട്ടലിൽ നിന്നു തന്നെ ഡോക്ടറെ കാണിക്കുവാനുള്ള അപ്പോയിന്റ്മെന്റ് എടുത്തു..... 

കാഴ്ചശക്തി നഷ്ടപ്പെടുകയാണ്... അടിയന്തര ചികിത്സ ആവശ്യമാണെന്നറിഞ്ഞതിനാൽ ഞങ്ങൾ ' ട്രിപ്പ്' അവസാനിപ്പിച്ച് മടങ്ങി. പ്രഗത്ഭനായ ഐ സ്പെഷിലിസ്റ്റിനെ തന്നെയാണ് കണ്ടത്...


" കോർണിയൽ ഡാമേജാണ്.... ഇരു കണ്ണുകളും... കംപ്ലീറ്റ് ബ്ലൈൻഡ്നസ്സ് ഫോർ ബോത്ത് ഐസ്".... ഒന്നും ചെയ്യാനില്ല...  കോർണിയൽ ട്രാൻസ് പ്ലാന്റേഷൻ മാത്രമാണ് പ്രതിവിധി... കണ്ണുകൾ ദാനം ചെയ്യാൻ തയ്യാറുള്ള ആരോഗ്യമുള്ള ഡോണറെ കിട്ടണം"... ഡോക്ടറുടെ വാക്കുകൾക്കു മുൻപിൽ ഞങ്ങൾ പതറിപ്പോയി.


നൂർജുവിന്റെ കാഴ്ചശക്തി പൂർണ്ണമായും നഷ്ടമായിരുന്നു. സന്തോഷത്തിന്റെ പ്രകാശം പരത്തി നിന്ന കുടുംബം മുഴുവൻ ഇരുട്ടിലായി.. പതിനാലാമത്തെ വയസ്സിൽ... നിറങ്ങളുടെ ലോകം അവൾക്കെതിരെ കൊട്ടിയടക്കപ്പെട്ടു.. അക്ഷരങ്ങൾ അവൾക്ക് അന്യമായി... ഇരുട്ട്... കട്ടപിടിച്ച് ഇരുട്ട് മാത്രമായി നൂർജുവിന്റെ ലോകം..


എത്ര ക്ഷണത്തിലാണ്... ജീവിതം പ്രതിസന്ധിയിലാകുന്നത്... സന്തോഷം ദുഖമായും... ദുഃഖം .. ആനന്തമായും... വേനലും.. മഴയും... മഞ്ഞുകാലവും.. ചാക്രിക പരിണാമങ്ങൾ...


ജീവിതം ഇരുൾ വീഴ്ത്തിയ വഴികളിലൂടെ ഇർഫാനും കുടുംബവും കടന്നു പൊയ്ക്കൊണ്ടിരുന്നു. മൂന്ന് വർഷങ്ങൾ പിന്നെയും കടന്നുപോയി... നൂർജു... ഇരുട്ടുമായി സൗഹ്രദത്തിലായി.. പൊരുത്തപ്പെട്ടു .. അകക്കണ്ണിലൂടെ അവൾ ലോകത്തെ കണ്ടു... ഇരുളിനും... അതിന്റെ സൗന്ദര്യവും... നിറങ്ങളും ഉണ്ടെന്ന് അവൾ തിരിച്ചറിഞ്ഞു... കാഴ്ച ശക്തിക്ക് അപ്പുറത്തുള്ള അജ്‌ഞാതമായ വർണ്ണങ്ങളുടെ ലോകം...


റൂബെൻ ജനിച്ചതോടെ, ജാൻവി ഒരു ചേച്ചിയുടെ സ്ഥാനവും ഉത്തരവാദിത്വവുമേറ്റെടുത്തു... രണ്ടു മക്കളും.. ട്രീസയുമായിരുന്നു എന്റെ ലോകം... എന്റെ സന്തോഷം... എന്റെ നിർവൃതി...


" ചിലപ്പോൾ തോന്നും ഇതൊക്കെ സ്വപ്നമാണോയെന്ന്... ഒന്നുറങ്ങി ഉണർന്നതു പോലെ"... ട്രീസക്ക് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല.


" രവിയേട്ടാ.. കുട്ടികളുടെ സ്ക്കൂൾ അടയ്ക്കുമ്പോൾ നമുക്ക് നാട്ടിൽ പോകണം... മദർ തീർത്തും കിടപ്പല്ലേ.. എനിക്ക് കുറച്ച് ദിവസം മദറിന്റെ കൂടെ നിൽക്കണം.. ഇനി സാധിച്ചില്ലെങ്കിലോ..."


ഞങ്ങൾ അവധിക്ക് നാട്ടിലെത്തി... ഓർഫനേജിലെ കുട്ടികൾ കോളേജിലും.. ചിലർ ഉയർന്ന ക്ലാസ്സുകളിലുമൊക്കെ എത്തിയിരുന്നു.... ട്രീസാ മദറിനോടൊപ്പം രണ്ട് ആഴ്ച ചില വഴിച്ചു.... രണ്ടു പെൺകുട്ടികളുടെ വിവാഹം ആ പ്രാവശ്യം ഞങ്ങൾ നടത്തി...


വീണ്ടും ഞങ്ങൾ അബുദാബിയിൽ തിരിച്ചെത്തി.. തിരക്കുകൾക്കുള്ളിലേക്ക് ഊളിയിട്ടു. കമ്പനി കൂടുതൽ ഉത്തരവാദിത്വങ്ങളാണ് എന്നെ ഏൽപ്പിച്ചിരുന്നത് .. പതിനാലു വർഷങ്ങൾ പിന്നിട്ടപ്പോൾ... എന്റെ ജീവിതം കയറ്റങ്ങളുടെത് മാത്രമായിരുന്നു.


" രവിയേട്ടാ... നമ്മുടെ മദർ മരിച്ചു പോയി..." ട്രീസ വിളിച്ചു പറഞ്ഞപ്പോൾ... അവൾ കരയുന്നുണ്ടായിരുന്നു. അവളുടെ അമ്മ... സ്നേഹം കൊടുത്ത് അവളെ വളർത്തി വലുതാക്കി എന്നെ ഏൽപ്പിച്ചവർ... അമ്മയുടെ മുലകൾ അവൾക്ക് വേണ്ടി ചുരന്നില്ലെങ്കിലും... മാതൃ സ്നേഹത്തിന്റെ അമൃത് ഇറ്റിച്ച് മദർ അവളെ വളർത്തി.


കാശ്മീരിലെ ' കാർഗിൽ' മലനിരകളിൽ യുദ്ധകാഹളം മുഴങ്ങിയ നാളുകൾ........ നിയന്ത്രണ രേഖ ഭേദിച്ച് ഇൻഡ്യൻ മണ്ണിലേക്ക് പാക്കിസ്ഥാന്റെ അധിനിവേശം... മത മൗലീകവാദികളായ തീവ്രവാദികളെ ഉപയോഗിച്ച് ഇൻഡ്യയുടെ സമാധാനവും... സാമ്പത്തീക ഭദ്രതയും.. അഖണ്ഡതയും തകർക്കാനുള്ള പാക്കിസ്ഥാൻ അരക്ഷിത പട്ടാള മേധാവിത്വത്തിന്റെ നെറികെട്ട പടനീക്കം.... കാർഗിലിന് മുകളിൽ ആകാശം തീ തുപ്പി നിന്നു... ഭുമിയിലും... ആകാശത്തും സ്ഫോടന പരമ്പരകൾ തീർത്ത് ഇരു സൈന്യവും പോരാടി... യുദ്ധക്കൊതിയൻമാരായ തീവ്രവാദികൾ പട്ടാള രൂപത്തിൽ ഇൻഡ്യയോടടുത്തു... ഇരു പക്ഷത്തും കനത്ത ആൾ നാശമുണ്ടായി..


വിദേശത്ത്.. ഒരുമിച്ച്  ജോലി ചെയ്ത് സാഹോദര്യത്തോടെ കഴിയുന്ന ഇൻഡ്യക്കാരനും... പാക്കിസ്ഥാനിയും.. മുഖാമുഖം കണ്ടുമുട്ടുമ്പോൾ പരസ്പരം മുഖം താഴ്ത്തി കടന്നുപോകുന്നു...


യുദ്ധഭൂമിയിൽ പൊരുതി മരിച്ചു വീണ ഇൻഡ്യൻ ജവാൻമാരുടെ മൃതു ദേഹങ്ങളുടെ മുഖം വികൃതിമാക്കി.... കണ്ണു ചൂഴ്ന്നെടുത്ത്... പൈശാചികമായി പട്ടാളക്കാരന്റെ ശവശരീരത്തോട് അനാദരവ് കാട്ടിയ പാക്ക് സൈന്യത്തിന്റെ ക്രൂരത ലോകം അറിഞ്ഞപ്പോൾ... അന്നം തേടി വിദേശങ്ങളിൽ കഴിയുന്ന ഓരോ പാക്ക് പൗരനും ലോകത്തിന് മുൻപിൽ ലജ്ജിച്ച് തല താഴ്ത്തി നിന്നു.


"രവി ഭായ്.. താങ്കൾക്ക് എന്നോട് വെറുപ്പ് തോന്നുന്നുണ്ടല്ലേ"?... ഇർഫാൻ ആ ദിവസങ്ങളിൽ എന്നോട് ചോദിച്ചു.


" എന്തിന് എനിക്ക് നിന്നോട് വെറുപ്പ് തോന്നണം?... നീ എനിക്ക് സഹോദരനല്ലേ... എന്റെ നന്മ മാത്രം ആഗ്രഹിക്കുന്നവൻ"...


പാക്കിസ്ഥാനിലെ ഭൂരിപക്ഷം ജനങ്ങളും ഇൻഡ്യയുമായി സമാധാനം ആഗ്രഹിക്കുന്നവരാണ്... സൗഹ്രദം പങ്കിടാൻ കൊതിക്കുന്ന ജനങ്ങൾ... അവർ ആരും യുദ്ധം ആഗ്രഹിക്കുന്നില്ല... പക്ഷേ അന്താരാഷ്ട്ര സമൂഹത്തിന് മുൻപിൽ പാക്കിസ്ഥാൻ പൗരൻ വില കുറഞ്ഞവനാണ്... തീവ്രവാദിയുടെ മുഖമാണ് ഓരോ പാക്കിസ്ഥാൻ കാരനിലും ജനം കാണുന്നത്. അറപ്പോടും... വെറുപ്പോടും കൂടിയാണ് അവരെ നോക്കി കാണുന്നത്. പക്ഷേ... യാഥാർത്ഥ്യം അതാണോ?.. ഒരിക്കലുമല്ല... 


വാസ്ഥവത്തിൽ.... യുദ്ധം ചെയ്യുന്നതും... പിടിച്ചെടുക്കലും... സ്ഫോടന പരമ്പരകളും ഒക്കെ സാധാരണ ജനങ്ങൾക്ക് വേണ്ടിയാണോ?... മതം വളർത്താനും... മറ്റു മതവിഭാഗത്തിൽപ്പെട്ടവരെ ഇല്ലാതാക്കാനും... ആയുധക്കച്ചവടം നടത്താനും... അന്താരാഷ്ട്രീയ മുതലെടുപ്പിനും വേണ്ടിയുള്ള ഏകാധിപതികളുടെയും... മത ഭ്രാന്തൻമാരുടെയും കളികൾ മാത്രം.


കാർഗിൽ യുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന ദിവസങ്ങളായിരുന്നു അത്...


അൽ ഐനിലുള്ള ഞങ്ങളുടെ സ്നേഹിതൻ ജോണിന്റെ മകളുടെ ആദ്യത്തെ ബെർത്ത് ഡേ പാർട്ടിക്കായി ഒത്തുകൂടിയ ഒരു വ്യാഴാഴ്ച രാത്രി... എല്ലാവരും ക്ഷണിക്കപ്പെട്ടിരുന്നു. പാതി രാവ് വരെ നീണ്ട ആഘോഷങ്ങൾ അവസാനിച്ച് മടങ്ങാൻ തുടങ്ങുമ്പോൾ രണ്ട് മണി കഴിഞ്ഞിരുന്നു. 


" രവിയേട്ടാ.. ഞാൻ ഡ്രൈവ് ചെയ്യാം... രാത്രിയിൽ രവിയേട്ടന് ബുദ്ധിമുട്ടല്ലേ..." ട്രീസ കീ വാങ്ങി ഡ്രൈവിങ്ങ് സീറ്റിലിരുന്നു... കുട്ടികൾ രണ്ടു പേരും പിറകിലത്തെ സീറ്റിൽ ഉറക്കം പിടിച്ചിരുന്നു.


പാർട്ടിക്കിടയിലെ രസകരമായ മുഹൂർത്തങ്ങൾ ഓരോന്നായി പറഞ്ഞ് ചിരിച്ചു കൊണ്ട് ട്രീസ വണ്ടി ഓടിച്ചു കൊണ്ടിരുന്നു... അൽ ഐൻ അബുദാബി ഹൈവ്വേയിലെ വിജനമായ വളവ്.. കാർ വേഗത്തിലായിരുന്നു... പിറകേ ഹോ റൺ മുഴക്കി ഒരു ട്രക്ക് വരുന്നുണ്ട്... നൊടിയിടയിൽ ട്രക്ക്  കാറിനെ മറികടക്കാൻ ശ്രമിക്കവേ ട്രാക്ക് മാറുന്നതും മിന്നൽ വേഗം പ്രാപിക്കുന്നതും റിയർവ്യൂ മിററിലൂടെ കാണാമായിരുന്നു.  ഹുങ്കാര ശബ്ദത്തോടെയുള്ള ഇടിയിൽ കാർ വായുവിൽ ഉയർന്നുപൊങ്ങി... കണ്ണുകളിൽ മിന്നൽപ്പിണരുകൾ.. അന്തരിക്ഷത്തിൽ പലവുരു കരണം മറിയുന്നതും... തട്ടിത്തെറിക്കുന്നതും... ആർത്തനാദങ്ങളും....


മൂന്നാം നാളാണ് തനിക്ക് ബോധം വീണത്... ശരീരം മുഴുവൻ ചുറ്റിവരിയപ്പെട്ടിരിക്കുന്നു... പ്ലാസ്റ്ററിൽ പൊതിഞ്ഞ ശരീരം... കാലിന്റെ ഭാഗം ഉയർത്തി വച്ചിരിക്കുന്നു.. ആണികൾ ശരീരത്തിൽ തറച്ചു കയറുമ്പോഴുള്ള വേദന.... മരവിച്ച് തടിക്കഷണം കണക്കേ....


" രവി ഭായ്... മേ ഹും... ഇർഫാൻ"....


" ഇർഫാൻ.... ഇർഫാൻ... ഞാൻ എവിടെയാണ്... ടീസാ... എന്റെ മക്കൾ... "


കാഴ്ച കുറച്ചു കൂടി വ്യക്തത പ്രാപിച്ചു. ഓർക്കാൻ കഴിയുന്നു... ട്രാക്ക് മാറ്റി ഓവർ ടേക്ക് ചെയ്തു വരുന്ന കൂറ്റൻ ട്രക്ക്... വായുവിലേക്ക് ഉയർന്നുപൊങ്ങുന്ന കാർ... നിലവിളികൾ..… ” ട്രീസാ.......


" രവീ... നിനക്ക് ബോധം തെളിയാൻ കാത്തു നിൽക്കുകയായിരുന്നു... അഞ്ചു ദിവസമായി... ട്രീസയും... മോനും.... പറഞ്ഞു മുഴുമിപ്പിക്കാനാവാതെ മോഹനേട്ടൻ വിതുമ്പി....

" ജാൻവി ഇപ്പോഴും.... അബോധാവസ്ഥയിലാണ്"..


സ്ട്രെച്ചറിലേക്ക് തന്നെ എടുത്ത് കിടത്തി... മോർച്ചറിക്ക് സമീപത്തേക്ക്.... വെള്ളത്തുണിയിൽ പൊതിഞ്ഞ രണ്ടു ശരീരങ്ങൾ പുറത്തേക്കിറക്കി.... മുഖത്തിന്റെ ഭാഗത്തെ സിബ്ബ് നീക്കി.... കിടന്നകിടപ്പിൽ ഒരു വശത്തേക്ക് തല തിരിച്ചു കൊണ്ട് തന്നെ താൻ നോക്കിക്കണ്ടു.... എന്റെ ട്രീസയുടെ മുഖം.... എന്റെ മകന്റെ മുഖം... കരിവാളിച്ച്... നീര് മെത്തി... തണുത്ത്... മരവിച്ച്.... കൈ ഒന്ന് ഉയർത്തി ആ മുഖത്ത് ഒന്നു തൊടാൻ ആഗ്രഹിച്ചു... ഇല്ല.... കൈ ഉയരുന്നില്ല....


" മതി... എനിക്ക് കാണേണ്ട... കാണേണ്ട.... 


ഒരു തുള്ളി കണ്ണീര് പോലും പൊടിയുന്നില്ല... ഞാൻ കരഞ്ഞില്ല... മനസ്സ് ആർദ്രമാകുന്നില്ല... ഹ്രദയം തകരുന്നില്ല..... വികാരങ്ങളില്ല... മരവിപ്പ് മാത്രം... മുഖത്തെ മാംസപേശികൾ വലിഞ്ഞു മുറുകിയിരുന്നു...


" രവീ.. നിങ്ങൾ ഒന്നു പൊട്ടിക്കരയൂ... പ്ലീസ്... ദുഃഖം പിടിച്ച് വയ്ക്കരുത്... ഖരാവസ്ഥ പ്രാപിക്കുന്ന ദുഖം അപകടകാരിയാണ്.... അത് ഘനീഭവിക്കുക തന്നെ വേണം... പെയ്തൊഴിയണം".... ഡോക്ടറുടെ വാക്കുകൾ....


"എന്റെ മകളെ ഒന്നു കാണിക്കുവോ"... ആ മുഖം ഒന്നും കാണാൻ"...


ഇർഫാനും... സുൾഫിത്തും... തന്റെ കട്ടിലിനരുകിൽ തന്നെയുണ്ട്...


" ഇർഫാൻ എന്റെ മോളെ ഒന്നു കാണണം"....


സ്ട്രെച്ചറിലേക്ക് വീണ്ടും നാല് പേര് ചേർന്ന് എടുത്ത് കിടത്തി... ജാൻവിയെ വെന്റിലേറ്ററിൽ ഇട്ടിരിക്കുന്ന റൂമിലേക്ക് എന്നെ കൊണ്ടുപോകവേ... മരവിച്ചിരുന്ന എന്റെ മനസ്സ് അയയാൻ തുടങ്ങി... മഞ്ഞുരുകുന്നതു പോലെ... എന്റെ മനമുരുകാൻ തുടങ്ങി...


ഞാൻ അവളെ കണ്ടു... വെന്റിലേറ്ററിനുള്ളിൽ.... ജീവന്റെ നേർത്ത ഒരു തുടിപ്പു മാത്രം.. ലോലമായ ജീവന്റെ ചലനം... വലതു കൈ മെല്ലെ ചലിപ്പിക്കുന്നത് കണ്ട സുൾഫിത്ത് എന്റെ വലതു കരം ഉയർത്തി ജാൻവിയുടെ മുഖത്ത് വച്ചു... സ്നിഗദ്ധമായ ആ കപോലങ്ങളിൽ തൊട്ടു...." മകളേ..... എന്റെ മകളേ.... വിളി അവൾ കേട്ടില്ല... സ്പർശനം അവൾ അറിഞ്ഞില്ല... കൃത്രിമ ശ്വാസ്വോഛ്വാസത്തിന്റെ ബന്ധം അറ്റാൽ ആ ശരീരം നിശ്ചലമാകും... മരണത്തിന്റെ പൂർണ്ണ അവളെ പുൽകും... ആ മനോഹരമായ കണ്ണുകളിൽ..... ഞാൻ നോക്കിക്കിടന്നു... എന്റെ പൗരുഷത്തിന്റെ ആദ്യ ഫലം... എന്റെ രക്തത്തിൽ ഊറിക്കൂടിയ ജീവന്റ അസ്ത്ഥിത്വം...


" പോകാം".....


സ്ട്രെച്ചർ തിരിഞ്ഞ് ഉരുണ്ടു... വീണ്ടും ബെഡ്ഡിലേക്ക്...


" ഡോക്ടർ... എന്റെ മോളേയും... എനിക്ക് നഷ്ടപ്പെട്ടു കഴിഞ്ഞുവല്ലേ"?...


" രവീ... വി ആർ ഹെൽപ്പ്ലസ്.. ഒന്നും ചെയ്യാനില്ല... താങ്കളെ കാണിക്കാൻ വേണ്ടിയാണ് വെയിറ്റ് ചെയ്തത്.. എ കംപ്ലീറ്റ് ബ്രെയിൻ ഡെത്ത്..."


വാക്കുകൾ പൂർത്തിയാക്കാനാവാതെ ഡോക്ടർ നിർത്തി.... എന്താണ് പറയാൻ ആഗ്രഹിക്കുന്നതെന്ന് എനിക്ക് മനസ്സിലായി.... വെന്റിലേറ്റർമാറ്റുക.


" ഡോക്ടർ.... എന്റെ മോളെയെങ്കിലും.... നിനിക്ക് തിരിച്ചു തരാൻ പറ്റ്വോ?...... ഇല്ലാ... അല്ലേ..."


" എനിക്ക് ഒരു ആഗ്രഹം ഉണ്ട് സാധിച്ചു തരുമോ"?


" ടെൽ മീ രവീ... എന്താണത് അത്?..


" എന്റെ... മോളുടെ... ജാൻവിയുടെ കണ്ണുകൾ.... എടുത്ത്... ഇർഫാന്റെ മകൾ നൂർജുവിന് കൊടുക്കുമോ?... ഒരു തേങ്ങലിൽ... സുൾഫിത്തിന്റെ മുഖം ഞാൻ കണ്ടു.


ഒരു നിമിഷം ഡോക്ടർ ജേക്കബ് തോമസ് നിശ്ചലമായി നോക്കി നിന്നു.


" അവളുടെ കണ്ണുകളിലൂടെ എനിക്ക് എന്റെ മോളെ കാണാല്ലോ.... നൂർ ജഹാൻ, അവളും എനിക്ക് മകളല്ലേ"...


" ഡോക്ടർ... അതിനുള്ള കൃമീകരണങ്ങൾ ചെയ്യുമോ?...


" തീർച്ചയായും... രവീ... വി വിൽ"...


ഇർഫാൻ എന്റെ കൈ പിടിച്ചു നിലവിളിച്ചു... " രവീ ഭായ്... ആപ്പ്... ഹമാരാ ജാൻവി"...


" ഇർഫാൻ... എന്റെ മകളുടെ കണ്ണിലൂടെ ഇനി നൂർജു കാണട്ടെ.. അത് കണ്ട് എന്റെ ടീസയും മോളും സന്തോഷിക്കും"...


ഗൾഫിലെയും.. നാട്ടിലെയും... പത്രങ്ങളിലും.. ചാനലുകളിലും ഒരു വാർത്തയായിരുന്നു... ഒരു ഇൻഡ്യൻ പെൺകുട്ടിയുടെ കണ്ണുകൾ... പാക്കിസ്ഥാനി പെൺകുട്ടിക്ക് കാഴ്ചയേകി... രാജ്യ അതിർത്തിൽ വൈരം തിളയ്ക്കുമ്പോഴും... കൂടെപ്പിറപ്പിനെപ്പോലെ കൂടെ നിൽക്കുകയും... സ്നേഹ സൗഹ്രദങളിൽ വിടരുന്ന സന്താനപ്പൂക്കൾ...


ട്രീസയുടെയും... റൂബെന്റെയും... ജാൻവിയുടെയും... ശവസംസ്ക്കാരം കഴിഞ്ഞ്... ഒരാഴ്ച കഴിഞ്ഞാണ് നൂർജുവിന്റെ കണ്ണിന്റെ കെട്ടഴിച്ചത്... ആദ്യമായി അവൾ എന്നെ കാണണമെന്നാണ് പറഞ്ഞത്...


" രവി അങ്കിൾ"... എന്റെ ജാൻവിയുടെ കണ്ണുകളിലൂടെ അവൾ എന്നെ നോക്കിക്കണ്ടു....


" എന്റെ മോളേ"..... ആ കണ്ണുകൾ എന്നെ ഡാഡീ എന്നു വിളിക്കുന്നത് പോലെ.... മരിച്ചിട്ടും ജീവിക്കുന്ന എന്റെ മകളുടെ കണ്ണുകൾ....


മൂന്നു മാസങ്ങൾ കഴിഞ്ഞു ഹോസ്പ്പിറ്റൽ വിടാൻ.... എന്റെ സഹപ്രവർത്തകരും... സുഹ്രത്തുക്കളും ചേർന്ന് എന്നെ ഫ്ലാറ്റിലേക്ക് മാറ്റി... തൊട്ടടുത്ത് ഇർഫാനും സുൾഫിത്തും നൂർജുവുമുണ്ട്. ഇടതുകാൽ മുട്ടിന് കീഴെ വച്ച് മുറിച്ച് മാറ്റിയിരുന്നു. എഴുന്നേറ്റ് ഇരിക്കാനും... ക്രച്ചസിന്റെ സഹായത്തോടെ ബാത്ത്റൂമിൽ പോകാനും കഴിയുന്നുണ്ട്..... 


എന്റെ സെക്രട്ടറിയായിരുന്ന ജൂലിയൻ എന്ന ഫിലിപ്പിനി പെൺകുട്ടി.... എന്റെ കൂടെ നിൽക്കാൻ സ്വയം സന്നദ്ധയായി മുന്നോട്ട് വന്നു... കമ്പനി അതിന് സമ്മതിക്കുകയും ചെയ്തു.


ഇർഫാനും, സുൾഫിത്തും ചേർന്ന് എന്റെ എല്ലാ കാര്യങളും നോക്കി. നൂർജു എന്റെ അരികിൽ നിൽക്കുമ്പോൾ... പുത്രീ വാത്സല്യം ഉണർന്നു.... എന്റെ കണ്ണൂകളിൽ അവൾ ജാൻവിയായിരുന്നു... മനസ്സിനെ അങ്ങിനെ പറഞ്ഞു പഠിപ്പിച്ചു. അവളെ പിരിഞ്ഞിരിക്കാൻ എനിക്ക് കഴിയാതെയായി... മനസ്സിന്റെ തികച്ചും അപകടകരമായ ഒരു അവസ്ഥ ഞാൻ അറിയാതെ വളർന്നുകൊണ്ടിരുന്നു. ഒരു തരം മാനസീക  വിഭ്രാന്തിയിലേക്ക് എത്തുകയായിരുന്നു ഞാൻ... പല രാത്രികളിലും.. അവളെ കാണാനായി ഒരു കൊച്ചു കുട്ടിയെപ്പോലെ ഞാൻ വാശി പ്പിടിച്ചു.... ബഹളം വച്ചു.


" ഇർഫാൻ.. മേരാ ബേട്ടീ ഹേ... മേരാ ബച്ചി ഹേ... ദേ ദീജിയേ...  ഛോട് നഹി സക്താ ഹേ..." വാ വിട്ടു കരയുകയാണ്.


നിയന്ത്രണധീതമാം വിധം മാനസീക നില തെറ്റിയപ്പോൾ വീണ്ടും ഹോസ്പിറ്റലൈസ് ചെയ്തു... മനോരോഗ വിഭാഗത്തിൽ തുടർച്ചയായ ചികിത്സയും... കൗൺസിലിങ്ങും.. ജൂലിയൻ കൂടെ നിന്ന് എന്നെ പരിചരിച്ചു. സത്യത്തിൽ.. ഈ ലോകം എല്ലാം ഒരേ രാജ്യവും... ഒരേ ഭാഷയും... ആയിരുന്നെങ്കിൽ... മനുഷ്യൻ തീർക്കുന്ന അതിർവരമ്പുകൾ ഇല്ലാതെ.... തൊലിയുടെ നിറം നോക്കിയും... ഭാഷ വേഷ ഭൂഷാതികൾ നോക്കിയും... തരം തിരിവുകൾ ഇല്ലാതെ.... ഞരമ്പിലൂടെ ഒഴുകുന്ന രക്തത്തിന്റെ നിറം ഒന്നു തന്നെയല്ലേ.... ചുവപ്പ്... മനുഷ്യൻ തന്നെയല്ലേ... ഈ വേർതിരിവുകൾ സൃഷ്ടിച്ചത്.... എന്തിനു വേണ്ടി... 


സ്വന്തം കാര്യങ്ങൾ ചെയ്യാനുള്ള ആരോഗ്യസ്ഥിതിയായി... ഇടത് കാൽ മുറിച്ച് മാറ്റിയതും... ഇടത് കൈയ്യുടെ ബലക്ഷയവും... ക്രച്ചസിന്റെ സഹായത്തോടെ നിയന്ത്രിക്കാമെന്നായി. മനസ്സിൽ ചില കാര്യങ്ങളും തീരുമാനിച്ചുറപ്പിച്ചിരുന്നു. ഒരു വർഷം കഴിയുന്നു... എന്റെ ട്രീസയും... മക്കളും... എന്നെ തനിച്ചാക്കി പോയിട്ട്... ഇനി ഇവിടെ തുടരാൻ കഴിയില്ല... നിൽക്കുന്തോറും മനോനില തെറ്റും... വയ്യാ..


" ഇർഫാൻ ഞാൻ മടങ്ങാൻ തീരുമാനിച്ചു... ഇനി ഇവിടെ തുടരാനോ... ജോലി ചെയ്യാനോ എനിക്കാവതില്ല... നിൽക്കുന്തോറും എല്ലാവർക്കും ഭാരമാകുന്നു... ചിലപ്പോൾ സ്വയം നിയന്ത്രിക്കാനാവുന്നില്ല... അത് നൂർജുവിന്റെ ഭാവിയെയും ബാധിക്കും... ഇപ്പോൾ എനിക്ക് യാത്ര ചെയ്യാം..."


" രവീ ഭായ്... അവിടെച്ചെന്നാൽ ആരാണുള്ളത്.. ഒരു സഹായത്തിന്... ഇവിടെയാകുമ്പോൾ ഞങ്ങൾ എല്ലാവരുമുണ്ട്"... ഇർഫാൻ


" എത്ര നാൾ.?.. നമ്മൾ എല്ലാവരും ഈ രാജ്യം വിട്ട് ഇന്നല്ലെങ്കിൽ നാളെ മടങ്ങിപ്പോയെ തീരൂ"... എനിക്കും മടങ്ങണം.. ഇനി വൈകിക്കൂടാ... നാട്ടിൽ ഒരു ഫ്ലാറ്റുണ്ട്... അവിടെ താമസിക്കാമല്ലോ"..


" പോയാൽ പിന്നെ നമ്മൾ എങ്ങിനെയാണ് കാണുന്നത്... ഞങ്ങൾക്ക് ഒരിക്കലും അങ്ങോട്ട് വന്നു കാണാൻ കഴിയില്ലല്ലോ... നൂർജുവിനെ കാണാതിരിക്കാൻ കഴിയുമോ"... ഇർഫാൻ അടക്കാനാവാത്തവിധം വികാരാധീതനായിന്നു .


" നൂർജഹാൻ.... ജാൻവി അല്ലെന്നും.. എന്നും അവൾ എന്റെ കൂടെ കാണില്ലെന്നും ഞാൻ എന്റെ മനസ്സിനെ പറഞ്ഞ് മനസ്സിലാക്കി... ആ യാഥാർത്യം ഞാൻ ഉൾക്കൊണ്ടിരിക്കുന്നു"...


പിന്നീടുള്ള കാര്യങ്ങൾ എല്ലാം വേഗത്തിലായിരുന്നു... കമ്പനിയിൽ നിന്നും പിരിയുമ്പോഴുള്ള ആനുകൂല്യങ്ങൾ എല്ലാം ലഭിച്ചു... മടങ്ങാനുള്ള തീയതിയും നിശ്ചയിച്ചു.


" സർ... അറ്റ്ലാസ്റ്റ്... യു കൺഫേംഡ് ടു ഗോ ബാക്ക് നൗ?.... ഹൗ ക്യാൻ യു സർവ്വൈവ് ദെയർ വിത്ത് ഔട്ട് എ സോളിഡ് സപ്പോർട്ട്"... ജൂലിയാൻ ദയാവായ്പ്പോടെ ചോദിച്ചു.


" ഐ വിൽ... ജൂലിയൻ"...


മടക്ക യാത്രയുടെ രണ്ടു നാൾ മുൻപ്... ഇർഫാനെയും... ജൂലിയനെയും കൂട്ടി അബുദാബിയിലെ " ഉം അൽ നാർ ".. ക്രിസ്ത്യൻ സെമിത്തേരിയിലെത്തി... എന്റെ ട്രീസയും... ജാൻവിയും.. റൂബെനും ഉറങ്ങുന്ന സ്ഥലം അവർ എനിക്ക് കാണിച്ചു തന്നു... രണ്ടു മക്കളുടെയും നടുവിലായി അമ്മ... മൂന്നുപേരും നിതാന്ത നിദ്രയിലാണ്... മൂന്ന് ശവക്കൂനകൾ... ഒരടികൂടി മുന്നോട്ട് ആഞ്ഞു... ശരീരം വേച്ചു പോയി... ക്രച്ചസിൽ നിന്നും ശരീരം തെന്നിമാറി... ജൂലിയനും... ഇർഫാനും ചേർന്ന് താങ്ങി ആ ശവക്കൂനകൾക്ക് മുന്നിൽ ഇരുത്തി...


ഹ്രദയം നൊന്തു... ആ വേദനയിൽ പിടഞ്ഞു... പഴുത്ത പരുവിന്റെ വിങ്ങൽ പോലെ... വിങ്ങി... കിരീടവും... രാജ്യവും നഷ്ടപ്പെട്ട്.. ശത്രു സൈന്യത്തിന്റെ പിടിയിലായ രാജാവിനെ പോലെ....


" ട്രീസാ... നീയും മക്കളും ഉറങ്ങുന്ന ഈ മണ്ണു വിട്ട്... നാളെ ഞാൻ മടങ്ങുകയാണ്... കൂടെ കൂട്ടാൻ എനിക്ക് ആരുമില്ല... പതിനാല് വർഷത്തെ നിന്റെ ഓർമ്മകൾ അല്ലാതെ... ഒരു കാര്യത്തിൽ എനിക്ക് ആശ്വസിക്കാം... നീ തനിച്ചല്ലല്ലോ... നമ്മുടെ മക്കൾ രണ്ടു പേരും നിന്നോടൊപ്പം ഉണ്ട്... ഞാൻ.. ഞാൻ .. മാത്രം തനിച്ചായിപ്പോയല്ലോ മോളേ..... ആരും കൂട്ടിനില്ലാതെ... ഈ പകുതി ചത്ത ശരീരത്തിൽ മുഴുവൻ ചത്ത മനസ്സുമായി... എന്നെ തനിച്ചാക്കി പോയതെന്തേ...."


കണ്ണിൽ നിന്നും രണ്ടരുവികൾ പുറപ്പെട്ടു... മൂന്ന് ശവക്കൂനകളുടെ മുന്നിൽ വെറും മണ്ണിൽ ഇരുന്ന് പൊട്ടിപ്പൊട്ടിക്കരയുന്ന എന്നെ നോക്കി ജൂലിയൻ ഉറക്കെ കരഞ്ഞു...


കണ്ണിരിന്റെ ഒഴുക്ക് ഒന്നു നിലച്ചു... മനസ്സ് അൽപ്പം ശാന്തത കൈവരിക്കുന്നതു പോലെ...


എന്റെ സന്തോഷങ്ങളും... സ്വപ്നങ്ങളും... പൊലിഞ്ഞ ഈ മണ്ണിൽ ഇനി എനിക്ക് നിൽക്കാനാവില്ല... ഇവിടുടെ വായുവിന് പോലും മരണത്തിന്റെ ഗന്ധമാണ്...


ശ്മശാനത്തിന്റെ അങ്ങേ കോണിൽ നിന്ന് ഒരാൾ ധാന്യമണികൾ എറിയുന്നു... അത് പെറുക്കാൻ ഒരുപറ്റം പ്രാവുകൾ പറന്നിറങ്ങി.. അവയുടെ കൂട്ടമായ ചിറകടിയൊച്ചകൾ ... തളം കെട്ടിനിന്ന മൂകതയെ ഭംഞ്ജിച്ചു.


ഇർഫാനും ജൂലിയനും ചേർന്ന് ശരീരം താങ്ങി എഴുന്നേൽപ്പിച്ചു... വടിയിൽ ഊന്നി എഴുന്നേറ്റ് ഒരു നിമിഷം കൂടി മൗനമായി നോക്കി നിന്നു...


" ട്രീസാ... യാത്ര പറയുന്നില്ല.... മക്കളോടൊപ്പം വിശ്രമിച്ചോളൂ"...


" പോകാം...."


തിരിഞ്ഞു നടക്കുമ്പോൾ ഒന്നുകൂടി തിരിഞ്ഞു നോക്കി.... കണ്ണുകൾ വീണ്ടും നിറഞ്ഞു തുളുമ്പി താഴോട്ട് ഒഴുകി... കാഴ്ച മറച്ച കണ്ണീർ തുള്ളികളുടെ അവ്യക്തതയിൽ... ഞാൻ കണ്ടു... വെൺമയുടെ തേജസ്സ് വാരിയണിഞ്ഞ മൂന്ന് നിഴൽ രൂപങ്ങൾ ...


പെട്ടികൾ എല്ലാം അടുക്കിയത്... സുൾഫിത്തും... നൂർജുവും... ജൂലിയനും... രഹ്നയും ചേർന്നായിരുന്നു. ട്രീസയുടെയും.. മക്കളുടെയും വസ്ത്രങ്ങളും.. ഉപയോഗിച്ചിരുന്ന സാധനങ്ങളും.. എല്ലാം പെട്ടിയിൽ വയ്ക്കണമെന്നു പ്രത്യേകം പറഞ്ഞിട്ടുണ്ടായിരുന്നു.. അവരുടെ ഗന്ധം പേറുന്ന വസ്ത്രങ്ങളും... ഓർമ്മകളും മാത്രമെ ഇനി അവശേഷിക്കുന്നുള്ളൂ.


ഉച്ചക്ക് ഒരു മണിക്കുള്ള "ഇതിഹാത്" എയർവേയ്സിലായിരുന്നു യാത്ര.. രാവിലെ തന്നെ സുഹ്രത്തുക്കളും.. കുടുംബങ്ങളും എത്തി ച്ചേർന്നു. യാത്രയിൽ എന്റെ ഒപ്പം പോരുവാനായി സഫർ ഇക്കായും.. രഹ്‌നായും ഉണ്ട്. ഇറങ്ങുവാനുള്ള സമയമെത്തി... വടിയിൽ ഊന്നി നിൽക്കുന്ന ശരീരത്തിന് നേരിയ വിറയൽ അനുഭവപ്പെട്ടു...


" പ്രീയപ്പെട്ടവരെ..... നിങ്ങൾ എല്ലാവരും എനിക്ക് ഒരു പാട് സ്നേഹം തന്നവരാണ്.. പതിനഞ്ച് വർഷം മുൻപ് ഈ രാജ്യത്തേക്ക് വന്ന ഒരു അനാഥനായ ചെറുപ്പക്കാരന്റെ സ്വപ്നങ്ങൾക്കുമപ്പുറം ... സ്നേഹം പങ്കു വച്ചവരാണ് നമ്മൾ... ഈ രാജ്യം എനിക്ക് എല്ലാം തന്നു... ഉയർന്ന ജോലി... പണം... ജീവിത സൗകര്യങ്ങൾ ... സ്നേഹ നിധിയായ ഭാര്യ... മക്കൾ... നല്ല സുഹ്രത്തുക്കൾ... എല്ലാം... ഒടുവിൽ.. ഞാൻ നേടിയതും... സ്വന്തമാക്കിയതും എല്ലാം... വിധി ഒരു വില്ലനായി വന്ന് തട്ടിപ്പറിച്ചെടുത്തു... എന്റെ ട്രീസാ... എന്റെ മക്കൾ... എന്റെ സ്വപ്നങ്ങൾ... പകുതി ചത്ത ഈ ശരീരവും... അതിൽ പൂർണ്ണമായും മരിച്ചു കഴിഞ്ഞ മനസ്സും... എന്റെ ഓർമ്മകളുമായി ഞാൻ മടങ്ങുകയാണ്... പാതിവഴിയിൽ അവസാനിച്ച എന്റെ യാത്ര... നിങ്ങൾ എനിക്ക് തന്ന സ്നേഹം... കരുതൽ... എന്റെ ദുഃഖത്തിൽ എനിക്ക് തന്ന സാന്ത്വനം .. യാത്ര ചോദിക്കുന്നില്ല...."

ഉയർന്നുവന്ന ഗദ്ഗദം അടക്കാൻ പണിപ്പെട്ടു.... എല്ലാവരും പൊട്ടിക്കരയുകയാണ്...


മെല്ലെ... നൂർജുവിന്റെ അരികിലെത്തി... കെട്ടിപ്പിടിച്ചു... നെറുകയിൽ അമർത്തി മുത്തം കൊടുത്തു... പിന്നെ പിൻ തിരിഞ്ഞ് നടന്നു... കാറിനടുത്തേക്ക് വടിയിലൂന്നി....


ഒരിക്കൽക്കൂടി തിരിഞ്ഞു നിന്നു... നൂർജു അലറിക്കരഞ്ഞു കൊണ്ട് അരികിലേക്ക് ഓടിയെത്തി... കെട്ടിപ്പിടിച്ചു.


" രവി അങ്കിൾ.... മുചേ ഛോട് കർ മത് ജാവോ"....

" മോളേ... ഒരിക്കൽക്കൂടി ആ കണ്ണുകളിലേക്ക് നോക്കി... ആ മിഴികൾ നിറഞ്ഞൊഴുകുകയാണ്....


" എന്നെ ഡാഡീ എന്ന് ഒരു പ്രാവശ്യം വിളിക്കുമോ"....


" ഡാഡീ.... ഛോട് കർ മത് ജാവോ"...


പിന്നെ നിന്നില്ല... അനിവാര്യമായ മടക്ക യാത്ര..........


 സജി ജോോസഫ്

2020, നവംബർ 16, തിങ്കളാഴ്‌ച

ഹവ്വാ കടിച്ച ആപ്പിൾ - സജി ജോസഫ്


ഹവ്വാ കടിച്ച ആപ്പിൾ - സജി ജോസഫ്



" പാമ്പ് സ്ത്രീയോട്.... നിങ്ങൾ മരിക്കയില്ല നിശ്ചയം... ഇത് തിന്നുന്ന നാളിൽ നിങ്ങളുടെ കണ്ണു തുറക്കയും നന്മ തിന്മകളെ അറിയുന്നവരായി ദൈവത്തെപ്പോലെ ആകുകയും ചെയ്യും".....


ആ വൃക്ഷത്തിന്റെ ഫലം തിൻമാൻ നല്ലതും കാൺമാൻ ഭംഗിയുള്ളതും ജ്‌ഞാനം പ്രാപിപ്പാൻ കാമ്യവും എന്ന് സ്ത്രീ കണ്ടു ഫലം പറിച്ചു തിന്നു ഭർത്താവിനും കൊടുത്തു അവനും തിന്നു....


വെയിലാറിയപ്പോൾ യഹോവയായ ദൈവം തോട്ടത്തിൽ നടക്കുന്ന ഒച്ച അവർ കേട്ടു... മനുഷ്യനും ഭാര്യയും നഗ്നരാകകൊണ്ട് അവർ വൃക്ഷങ്ങളുടെ മറവിൽ ഒളിച്ചു...


യഹോവയായ ദൈവം മനുഷ്യനെ വിളിച്ചു, 


ആദം...... ആദം.... നീ എവിടെ?


"ഞാൻ നഗ്നനാകകൊണ്ട് ഭയപ്പെട്ട് ഒളിച്ചിരിക്കയാകുന്നു"...


" നീ നഗ്നനെന്ന് നിന്നോട് ആർ പറഞ്ഞു? തിന്നരുതെന്ന് ഞാൻ നിന്നോട് കൽപ്പിച്ച വൃക്ഷഫലം നീ തിന്നുവോ?..


അതിന് മനുഷ്യൻ....


" എന്നോട് കൂടെയിരിക്കാൻ നീ തന്ന സ്ത്രീ വൃക്ഷഫലം തന്നു, ഞാൻ തിന്നുകയും ചെയ്തു."


യഹോവയായ ദൈവം സ്ത്രീയോട്..." നീ ഈ ചെയ്തത് എന്ത്?!!!


അതിന് സ്ത്രീ ഉത്തരം പറഞ്ഞത്..


"പാമ്പ് എന്നെ വഞ്ചിച്ചു, ഞാൻ തിന്നു പോയി"....


പാമ്പിനെ ശപിച്ച ശേഷം ദൈവം സ്ത്രീയോട് കൽപ്പിച്ചത്...


" ഞാൻ നിനക്ക് കഷ്ടവും... ഗർഭധാരണവും ഏറ്റവും വർദ്ധിപ്പിക്കും... നീ വേദനയോടെ മക്കളെ പ്രസവിക്കും".....


പ്രശസ്ത പിന്നണി ഗായികയും... അഭിനേത്രിയും... അവതാരകയുമായ കൃഷ്ണേന്ദു വിവാഹ മോചിതയായി... വാർത്തകൾ പത്രങ്ങളും ചാനലുകളും തിമിർത്ത് ആഘോഷിച്ചു....


തികച്ചും അനിവാര്യമായിരുന്ന നിയോഗം.... സിനിമ ലോകത്ത് ഒട്ടും തന്നെ പുതുമയല്ലാത്ത വാർത്ത.


സുദേവ് നാരായണൻ.. എന്റെ പ്രീയപ്പെട്ട സുഹ്രത്തായിരുന്നു. അതുകൊണ്ട് തന്നെ വേദന തോന്നാതിരുന്നില്ല. ഏഴ് വർഷം നീണ്ടു നിന്ന " വ്യർത്ഥ ദാമ്പത്യത്തിന് " തിരശ്ശീല വീണപ്പോൾ .. ഏഴ് വർഷങ്ങൾ നഷ്ടമായിപ്പോയിരുന്നു. അതിനിടയിൽ എത്രയോ ആവർത്തി അവരുടെ ജീവിതത്തിൽ കാർമേഘങ്ങൾ ഉരുണ്ടു കൂടുകയും... മഴ പെയ്തു തോർന്ന നനഞ്ഞ പ്രഭാതങ്ങളിൽ...മരം പെയ്തു കൊണ്ടിരിക്കയും... മാനം തെളിഞ്ഞ നേരങ്ങളിൽ പ്രതീക്ഷയുടെ ചക്രവാളങ്ങളിൽ മഴവില്ലുദിക്കുകയും ചെയ്തിരുന്നുവെങ്കിലും... കാലം തെറ്റി പെയ്ത് വർഷം ഋതുക്കളെ വീണ്ടും കളങ്കപ്പെടുത്തിക്കൊണ്ടിരുന്നു.


നടുവിന് അടി കൊണ്ട പാമ്പിനെപ്പോലെ.... കശേരു തകർന്ന ദാമ്പത്യം ഇഴഞ്ഞ് നീങ്ങി ... ഏഴു വർഷങ്ങൾ.


ചായക്കൂട്ടുകൾ ചാലിച്ച ശൽക്ക ശകലങ്ങൾ പൊതിഞ്ഞ പുറംതോടിനുളളിൽ... ചീഞ്ഞഴുകുന്ന ജീവിതം... അതായിരുന്നു സുദേവും.. കൃഷ്ണേന്ദുവും .. അനുഭവിച്ചത്.


സുദേവ്... പ്രമുഖനായ ബിസിനസ്സുകാരന്റെ ഏക മകൻ..  "എലൈറ്റ് ക്ലാസ്സ്" കുടുംബത്തിലെ ആൾ... സമ്പന്നൻ... സുന്ദരൻ... വിദ്യാസമ്പന്നൻ... എന്നാൽ കലാകാരനോ, കലാപാരമ്പര്യമോ അവന് അവകാശപ്പെടാനില്ലായിരുന്നു.


കൃഷ്ണേന്ദുവിനോട് അവന് തോന്നിയത് വെറും ഒരു  "ഫാസിനേഷൻ മാത്രമായിരുന്നോ"? തീരെയല്ല... സുദേവ് അങ്ങനെ ഒരാളല്ലായിരുന്നു.


സുദേവ് പൂർണ്ണമായും ഒരു സൽഗുണ സമ്പന്നൻ ഒന്നും ആയിരുന്നില്ല.... അല്ലെങ്കിൽ തന്നെ ആരാണ് അങ്ങനെയുള്ളത്?... അയാളുടെ ഏറ്റവും അടുത്ത നിൽക്കുന്ന സതീർത്ഥ്യരിൽ ഒരുവനായിരുന്നു ഞാൻ. 


കോളേജ് ജീവിതത്തിന്റെ ആരംഭത്തിലായിരുന്നു അയാളെ പരിചയപ്പെട്ടത്, പിന്നീടുള്ള ഏഴു വർഷങ്ങൾ ഒരുമിച്ചായിരുന്നു. സ്വന്തം ബൈക്കിലും കാറിലും ഒക്കെ ആയിരുന്നു സുദേവ് കോളേജിൽ വന്നിരുന്നത്.. 100 cc ബൈക്കുകളുടെ പുഷ്ക്കലകാലം... ഈയുള്ളവനെ സംബന്ധിച്ച് അതെല്ലാം കൊതിയോടെ ദൂരെ നിന്നു കാണുവാൻ മാത്രമായിരുന്നു യോഗം . സുദേവ് കോളേജിൽ അറിയപ്പെടുന്നവനായിരുന്നു. മാറി മാറി ധരിക്കുന്ന വേഷഭൂഷാദികൾ... വാഹനങ്ങൾ... പണത്തിന്റെ ധാരാളിത്തം... പെൺകുട്ടികളുടെ സ്വപ്ന കാമുകൻ... നിമിഷ പ്രണയങ്ങൾ.... പൂവുകൾ തോറും മധു നുകർന്ന് പാറി നടക്കുന്ന കൗമാര... യൗവ്വനം.


സുദേവിന് എന്റെ അയൽക്കാരിയായ രാധികയോട് തോന്നിയ പ്രണയത്തിന് ഹംസമാക്കി കൊണ്ടാണ് അവൻ എന്റെ സുഹ്രത്താകുന്നത്... 


" ക്രിസ്റ്റി.... രാധികയും നീയും നല്ല കൂട്ടുകാരും അയൽക്കാരുമല്ലേ... എന്നെ ഒന്നു പരിചയപ്പെടുത്തടെ"...


സുദേവിന്.. അൽപ്പം തടിച്ച് ഇരുനിറത്തിൽ... നിതംബ സൗഭഗ സ്ഥൂലഗാത്രികളായ പെൺകുട്ടികളെയായിരുന്നിഷ്ടം.


ഒരു മഴ പെയ്ത് തോർന്ന ദൈർഘ്യമേ ആ പ്രണയത്തിനുണ്ടായിരുന്നുള്ളുവെങ്കിലും... സുദേവിന്റെ മനസ്സിൽ ഞാൻ വിശ്വസ്ഥനായ കൂട്ടുകാരനായി മാറുകയായിരുന്നു. അയാളുടെ  "കേയ്റോഫിൽ"  എനിക്കും കുറച്ചൊക്കെ " ഷൈൻ" ചെയ്യാൻ അവസരമുണ്ടായിരുന്നു.... ബൈക്കിലും കാറിലുമൊക്കെ യഥേഷ്ടം കാമ്പസിൽ ചുറ്റിത്തിരിയാനും മറ്റും കഴിഞ്ഞിരുന്നു. ചുരുക്കത്തിൽ സുദേവിന്റെ " എർത്ത് " എന്നുള്ള ഒരു അപവാദം പൊതുവെ ഉണ്ടായിരുന്ന തൊഴിച്ചാൽ ഞാൻ തൃപ്തനായിരുന്നു. എന്റെ  "വട്ടച്ചിലവുകൾ" എല്ലാം സുദേവിന്റെ അക്കൗണ്ടിൽ കഴിഞ്ഞിരുന്നു. എനിക്ക് വീട്ടിൽ നിന്നു കിട്ടിയിരുന്ന ക്വോട്ടാ ആഴ്ചയിൽ പത്തു രൂപയായിരുന്നു.


നഗരത്തിലെ ബഹുനില ടെക്സ്റ്റൈൽ സ് ഷോപ്പുകൾ, ജ്വല്ലറികൾ, സിനിമാ തീയറ്ററുകൾ, ബാർ ഹോട്ടലുകൾ, ഹൈറേഞ്ചിലും, കൂർഗ്ഗിലിലും ഏക്കറുകണക്കിനു വരുന്ന എസ്റ്റേറ്റുകൾ തുടങ്ങിയ വൻകിട ബിസ്സിനസ്സ് ഗ്രൂപ്പിന്റെ അധിപനായിരുന്നു സുദേവിന്റെ അച്ഛൻ " കൈലാസം നാരായണൻ "


വിദ്യാഭ്യാസ കാലഘട്ടം മുഴുവനും അവന്റെ നിഴലായി ഞാനുണ്ടായിരുന്നു. ഒരു സാധാരണക്കാരനെപ്പോലെ ചിന്തിക്കുകയും പ്രവൃത്തിക്കുകയും ചെയ്യുന്ന മനസ്സായിരുന്നു അവന്റേത്, എണ്ണമറ്റ സമ്പത്തിന്റെ അഹങ്കാരമോ നാട്യങ്ങളോ ഒന്നുമില്ലാത്ത മനുഷ്യൻ.. അതുകൊണ്ട് തന്നെ അവനുമായി ഇടപഴകുവാൻ ഒരു ബുദ്ധിമുട്ടും ഇല്ലായിരുന്നു. 


" ക്രിസ്റ്റീ നീ ഞങ്ങളുടെ ഏതെങ്കിലും ബിസിനസ്റ്റ് ഗ്രൂപ്പിൽ ജോയിൻ ചെയ്യ്.. വേറെ ജോലി അന്വേഷിക്കേണ്ട".. പഠനം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ സുദേവ് പറഞ്ഞു.


" അളിയാ.. എനിക്കേതെങ്കിലും കൊള്ളാവുന്ന ഒരു സർക്കാർ സർവ്വീസിൽ കയറണമെന്നാണ് എന്റെ ആഗ്രഹം.. ഞാൻ അതിന് ശ്രമിക്കട്ടെ... നമ്മുടെ സൗഹ്രദവും ബിസിനസ്സും തമ്മിൽ കൂട്ടി കുഴയ്ക്കണ്ടാ.. അത് ഇങ്ങനെ തന്നെ എന്നും നിലനിൽക്കണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്".. അവന്റെ നല്ല മനസ്സിന് ഞാൻ നന്ദി പറഞ്ഞു.


" നിന്റെ ഇഷ്ടം... പക്ഷേ എപ്പോൾ ആവശ്യം വന്നാലും എന്റെ അടുത്തു വരാൻ മടിക്കരുത്"... സുദേവ് പറഞ്ഞു.


ആഗ്രഹിച്ചതു പോലെ തന്നെ ഞാൻ സർക്കാർ ജോലിയിൽ പ്രവേശിച്ചു.


സുബിയെ പെണ്ണുകാണാൻ പോയത് ഞാനും സുദേവും കൂടിയായിരുന്നു. എന്റെ ആദ്യത്തെയും അവസാനത്തെയും പെണ്ണുകാണൽ.


" നല്ല കുട്ടിയ കെട്ടിക്കോ... സുന്ദരി.. സാധാരണ കുടുംബം... ജോലി... അളിയാ.. ഫിക്സ്ഡ്".... തിരിച്ചു പോരുമ്പോൾ സുദേവ് പറഞ്ഞു.


വായിൽ സ്വർണ്ണക്കരണ്ടിയുമായി പിറന്നവനാണെങ്കിലും സുദേവിന് സാധാരണക്കാരെയായിരുന്നു ഇഷടം. 


" എന്റെ മനസ്സിലും ഇങ്ങനെയുള്ള ഒരു കുട്ടിയാണുള്ളത്... പൊങ്ങച്ചത്തിന്റെ പരിവേഷങ്ങൾ ഒന്നുമില്ലാത്ത.. ഒലിച്ചു പോകുന്ന കൃത്രിമ സൗന്ദര്യത്തിന്റെ വെച്ചുകെട്ടലുകൾ അല്ല... ശരീരത്തിൽ മാത്രമല്ല മനസ്സിനും സൗന്ദര്യമുള്ള ഒരു നാടൻ പെൺകുട്ടി.... പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം അത് വിഷമമാണ്..കാരണം വീട്ടുകാരുടെ നിലയ്ക്കും വിലയ്ക്കും ചേരുന്ന ബന്ധങ്ങൾ മാത്രമെ അവർ അനുവദിക്കൂ... ഞാൻ ഒറ്റ മകനായിപ്പോയില്ലേ... അച്ഛനെയും അമ്മയെയും ധിക്കരിക്കാൻ വയ്യാ"... സുദേവിന്റെ ഇഷ്ടങ്ങൾ അങ്ങനെ ഒക്കെയായിരുന്നു....


എന്റെ വിവാഹത്തിന് ശേഷം.. സുദേവിന് വേണ്ടി ഞങ്ങൾ ഒരുമിച്ച് പലസ്ഥലങ്ങളിലും പെണ്ണുകാണാൻ പോയിരുന്നു. എല്ലാം സമൂഹത്തിലെ ഉന്നത ശ്രേണിയിലുള്ള സമ്പന്ന കുടുംബങ്ങൾ... കണ്ടതെല്ലാം  "അഴകളവുകളിൽ " കോറിയിട്ട സൂഷ്മ ശരീരികളായ സൗന്ദര്യ ധാമങ്ങൾ... വാച്യവും... വ്യംഗ്യവുമായ മായക്കാഴ്ചകൾ.... സുദേവിന്റെ മനസ്സിലുള്ള രൂപങ്ങളുമായി അവയിലൊന്നു പോലും ചേർന്നു വന്നില്ല.


സുദേവിന്റെ ഇഷ്ടാനിഷ്ടങ്ങൾക്കനുസരിച്ച് കാര്യങ്ങൾ നടക്കാതെ വരികയും, കുടുബക്കാരുടെ പിടിവാശി മുറുകി വരികയും ചെയ്യവെ.. വിവാഹ ആലോചനകൾ വഴിമുട്ടി നിന്നു.


ആയിടയ്ക്കാണ് ജ്വല്ലറിയിൽ സുന്ദരിയായ ഒരു സെയിൽസ് ഗേൾ ജോയിൻ ചെയ്തത്... ശാലിനിയിൽ ആദ്യ ദർശനേ അനുരാഗ വിവശനായ സുദേവ് കാര്യങ്ങൾ എന്നോട് പറഞ്ഞു. ശാലിനിയെ ഞാനും കണ്ടിരുന്നു, അവനെ തെറ്റുപറയാൻ പറ്റില്ല....  ഭ്രമിച്ചു പോവുക തന്നെ ചെയ്യും... തർക്കമില്ല...അവന്റെ ഹ്രദയ പാളികളിൽ മുദ്രണം ചെയ്തിരുന്ന സ്ത്രീ സങ്കൽപ്പത്തിന്റെ ഫോട്ടോ കോപ്പി...


ഇന്ദുലേഖയെ കണ്ടു ഭ്രമിച്ച് പരവശനായ സൂരി നമ്പൂതിരിയെ വെല്ലുന്ന പ്രണയ പാരവശ്യമായിരുന്നു സുദവിന് ശാലിനിയുടെ മേൽ.


" വേണ്ട സുദേവ്... വെറുതെ ആ പാവം കുട്ടിയ്ക്ക് മോഹം കൊണ്ടുക്കെണ്ടാ.... അതൊന്നും പ്രാക്ടിക്കലല്ല... അച്ഛൻ സമ്മതിക്കുമെന്ന് തോന്നുന്നുണ്ടോ?"... ഞാൻ നിരുത്സാഹപ്പെടുത്താൻ ശ്രമിച്ചു.


"ക്രിസ്‌റ്റീ നീ എനിക്ക് വേണ്ടി അച്ഛനോട് ഒന്ന് സംസാരിക്കണം... എനിക്ക് അവളെ അത്രകണ്ട് ഇഷ്ടാണ് ".. സുദേവ് നിർബന്ധിച്ചു.


" നമുക്ക് അവളുടെ ചുറ്റുപാടുകളെക്കുറിച്ച് രഹസ്യമായി ഒന്നു തിരക്കാം.. എന്നിട്ടാവാം അച്ഛനോട് സംസാരിക്കാൻ".. ഞാൻ പറഞ്ഞു.


അന്വേഷണത്തിന്റെ ഫലം തൃപ്തികരമല്ലായിരുന്നു.. സാമ്പത്തീകമായും കുടുംബപരമായും പിന്നോക്കം നിൽക്കുന്ന കുടുംബ പശ്ചാത്തലം... സുദേവിന്റെ അച്ഛൻ ഒരിക്കലും സമ്മതിക്കില്ലെന്ന് എനിക്കറിയാമായിരുന്നു.


" ഈ പ്രൊപ്പോസലുമയി നിന്റെ അച്ഛനെ കാണാൻ എനിക്ക് ധൈര്യം പോര സുദേവ്.. വിട്ടുകള... അല്ലെങ്കിൽ നീ സ്വയം ശക്തി ആർജ്ജിക്കണം"...


സുദേവിന്റെ നിർബന്ധത്തിന് വഴങ്ങി മനസ്സില്ലാ മനസ്സോടെ ഞാൻ അച്ഛനോട് സംസാരിച്ചു.


" എന്റെ ഒരു സ്ഥാപനത്തിലെ വെറും ഒരു സെയിൽസ് ഗേൾ... ഇനി അവൾ ഒരു അപ്സരസ്സാണെങ്കിൽ പോലും.. എന്റെ മകന്റെ ഭാര്യയായി... എന്റെ മരുമകളായി സ്വീകരിക്കാൻ ഞാൻ തയ്യാറല്ല ക്രിസ്‌റ്റീ.... ഞാൻ ഉണ്ടാക്കിയെടുത്ത ഈ ബിസിനസ്സ് സാമ്രാജ്യത്തിന്റെ മുഴുവൻ അവകാശിയാണ് സുദേവ്.... ഞാൻ പറയുന്ന എന്റെ കുടുംബത്തിന് ചേർന്ന ഒരു കുടുംബത്തിൽ നിന്നുള്ള പെൺകുട്ടിയെ അവൻ വിവാഹം കഴിക്കണം.... ഇനി മറിച്ചാണെങ്കിൽ... അവന്റെ ഇഷടം... പക്ഷേ".... 


വാക്കുകൾ പൂർത്തിയാക്കാതെ വ്യംഗ്യമായി അദ്ദേഹം പറഞ്ഞു നിർത്തി.. പറയാൻ ബാക്കി വെച്ചത് എന്താണെന്ന് ആ മുഖത്ത് നിന്നു ഞാൻ വായിച്ചെടുത്തു. പിന്നീട് ഒരു വാക്കു കൂടി ആ മുഖത്ത് നോക്കി പറയാൻ ഞാൻ ധൈര്യപ്പെട്ടില്ല.


ജീവിതത്തിൽ.... അത് എന്തു തന്നെ ആയാലും.. അധികമായാൽ ഒരു ഭാരം തന്നെയാണെന്ന് എനിക്ക് തോന്നി... പണം... സ്നേഹം.. പ്രശസ്തി.... മഴ... വെയിൽ... ഹിമം... എല്ലാം ആനുപാതികമായി പരിവർത്തിച്ചാൽ ജീവിതത്തിന് സുഖം ഉണ്ടാകൂ... മനസ്സമാധാനം ഉണ്ടാകൂ....


എന്റേയും സുബിയുടെയും ദാമ്പത്യവല്ലരിയിൽ ഒരു കുസുമമായി മകൾ പിറന്നു.


" നീ ഭാഗ്യവാനാണ് ക്രിസ്റ്റീ.... ഒരു സാധാരണക്കാരനായി ജനിച്ചതു കൊണ്ട്... നിന്റെ ഇഷ്ടങ്ങൾക്ക് അനുസരിച്ച് നിനക്ക് തീരുമാനങ്ങൾ എടുക്കാൻ കഴിഞ്ഞു... എനിക്ക് അതിന് കഴിയുന്നില്ല"... സുദേവിന്റെ വാക്കുകളിൽ ശോകം പടർന്നിരുന്നു.


മനുഷ്യൻ ധനവാനാകാൻ വേണ്ടി ഏത് ഹീന പ്രവൃത്തിക്കും തയ്യാറാകുന്നു.... കണക്കറ്റ സ്വത്തുക്കൾ വാരിക്കൂട്ടുമ്പോൾ അവൻ അറിയാതെ അവന്റെ ജീവിതത്തിലെ സമാധാനം നഷ്ടമാകുന്നു.... ഇവിടെ ധനവാൻ സാധാരണക്കാരനെപ്പോലെ ജീവിക്കാൻ കൊതിക്കുന്നു... എന്തെല്ലാം വൈരുദ്ധ്യങ്ങളാണ്...


" സുദേവ്... ഒന്നുകിൽ നീ കിരീടവും ചെങ്കോലും രാജ്യവുമൊക്കെ ഉപേക്ഷിക്കണം.. പക്ഷേ നിനക്ക് അതിന് കഴിയില്ല... ഈ സ്വർണ്ണ കിരീടം നീ വഹിക്കണം.. എന്നാലെ നിനക്ക് നിന്റെ അച്ഛന്റെ സാമ്രാജ്യം നിലനിർത്താൻ കഴിയു."


" ശരിയാണ് ... എനിക്ക് ഇത് നിലനിർത്തിക്കൊണ്ടുള്ള ജീവിതമേ സാധ്യമാകൂ"...


ശനിയാഴ്ച രാവിലെ സുദേവ് വിളിച്ചു.


" ക്രിസ്റ്റീ... നാളെ രാവിലെ നീ റെഡിയാകണം.. നമുക്ക് ഒരിടം വരെ പോകണം... ഒരു പെണ്ണുകാണാനാ"..


" ഇത് എത്രാമത്തെയാ... ഓർമ്മയുണ്ടോ?.... യാത്ര തിരിക്കുമ്പോൾ ഞാൻ ചോദിച്ചു.


" ഔദ്യോദികമായി പതിമൂന്നാമത്തെ.... അല്ലാതെ വേറെയും"... സുദേവ് ചിരിച്ചു.


" അളിയാ... എങ്ങോട്ടാ പോകുന്നതെന്ന് ഞാൻ പറയുന്നില്ല... നിനക്കൊരു സസ്പെൻസ് ആയിരിക്കട്ടെ... പെണ്ണിനെ നമ്മൾ രണ്ടാളും കണ്ടിട്ടുണ്ട്.. നേരിട്ടല്ലെന്നു മാത്രം.. അച്ഛൻ കൊണ്ടുവന്ന ആലോചനയാണ്.. നോക്കാം"... സുദേവ് പറഞ്ഞു കൊണ്ടിരുന്നു.


ചിലത് അങ്ങിനെയാണ്, അപ്രതീക്ഷിതമായി വന്നുചേരും.. നിമിത്തം പോലെ... ചിലപ്പോൾ നല്ലതിനായിരിക്കാം... മറിച്ചുമാകാം.. വരാനുള്ളത് വന്നു ചേരുക തന്നെ ചെയ്യും.. തടയനായില്ല... അതാണ് വിധി. അമാവാസി കഴിഞ്ഞാൽ പൗർണ്ണമിയുണ്ടാകും.... ഋതുക്കളുടെ വരത്തു പോക്കുകളും അങ്ങിനെ തന്നെ.


കാണാൻ പോകുന്ന പെൺകുട്ടിയെ സുദേവിന് ഇഷ്ടമാണെന്ന് അവന്റെ സംസാരത്തിൽ നിന്നു മനസ്സിലായി.


രണ്ടര മണിക്കൂർ എടുത്തു സ്ഥലം എത്താൻ.


" നിനക്കെന്തെങ്കിലും ഊഹം കിട്ടിയോ.. നമ്മൾ കാണാൻ പോകുന്ന പെണ്ണേതാണെന്ന്?" സുദേവ് എന്നെ നോക്കി ചോദിച്ചു.


" ഹേയ്… നീ പറയാതെങ്ങനാ... ഈ സ്ഥലത്ത് ഞാനും നീയും അറിയുന്ന ഏത് പെണ്ണ്? "ഞാൻ സംശയത്തോടെ ചോദിച്ചു... ങ്ങ്ഹാ... ഒരു സർപ്രൈസ് ആയിരിക്കട്ടെ.


കാർ ടൗൺ വിട്ട് ഇടവഴിയിലേക്ക് കടന്നു... കുറച്ച് കൂടി മുന്നോട്ട് ഓടി... ആധുനീക രീതിയിൽ പണികഴിപ്പിച്ച ഒരു കൂറ്റൻ ബംഗ്ലാവിന്റെ ഗേറ്റ് കടന്ന് വിശാലമായ മുറ്റത്ത് നിന്നു.


" നിനക്ക് വീട് ഒക്കെ കൃത്യമായി എങ്ങിനെ മനസ്സിലായി?.." ഞാൻ അതിശയത്തോടെ ചോദിച്ചു.


" ഞാൻ നേരത്തെ ഇതു വഴി ഒന്നു വന്നു പോയിരുന്നു" സുദേവ് കള്ളച്ചിരിയോടെ പറഞ്ഞു.


അകത്ത് നിന്നു രണ്ടു മൂന്ന് പേർ ഇറങ്ങി വന്നു ഞങ്ങളെ സ്വീകരിച്ച് ആനയിച്ചു.


പുതുപ്പണത്തിന്റെ ധാരാളിത്തം വിളിച്ചോദുന്ന വീടിനുൾവശം... ഇൻഡോർ പ്ലാന്റുകളും... ആന്റിക്സുകളുമെല്ലാം യഥാവിധം അലങ്കരിച്ചൊരുക്കിയിരിക്കുന്ന സ്വീകരണമുറിയുടെ ശീതളിമയിൽ... രാജകീയ ഇരിപ്പിടങ്ങളിൽ ഇരുന്നു കൊണ്ട്... ചുറ്റും പരതിയ എന്റെ കണ്ണുകളിൽ.... പഴമയുടെ ഇരുത്തം വന്ന പ്രതാപങ്ങൾ ഒന്നും അവിടെ കണ്ടില്ല...മറിച്ച്... ഒരു പുതുമഴയിൽ മുളച്ചുപൊന്തി... ചില്ലകൾ വീശി.. പൂത്തുലഞ്ഞ പൂമരത്തിന്റെ സൗരഭ്യം ആ വീടിനുള്ളിൽ നിറഞ്ഞു നിൽക്കുന്നതു പോലെ അനുഭവപ്പെട്ടു.


ചില്ലറ കുശലന്വോഷണങ്ങൾക്ക് ശേഷം... കാര്യത്തിലേക്ക് കടന്നു. സസ്പെൻസിന്റെ മറനീക്കിക്കൊണ്ട് അവൾ പുറത്തേക്കിറങ്ങി വന്നു സോഫയിൽ ഇരുന്നു.


സുദേവ് ചിരിയോടെ എന്റെ മുഖത്തേക്ക് നോക്കി.


" ഇവനോട് ആൾ ആരാണെന്ന് ഞാൻ പറഞ്ഞിരുന്നില്ല"... എല്ലാവരോടുമായി സുദേവ് പറഞ്ഞു.


മലയാള സിനിമാ രംഗത്തെ പ്രശസ്തയായ പിന്നണി ഗായികയും... അഭിനേത്രിയും... അവതാരകയും... അതിലെല്ലാറ്റിനുമുപരി.. സ്വതസിദ്ധമായ സംസാര ശൈലിയും.. സംവേദന മികവും കൊണ്ട് മലയാളികളുടെ മനസ്സിൽ സ്ഥിരപ്രതിഷ്ഠ നേടിക്കഴിഞ്ഞ സെലിബ്രറ്റിയുമായ കൃഷ്ണേന്ദു.. കുട്ടിത്തം തുളുമ്പുന്ന മുഖവും... കുസൃതി കലർന്ന സംസാര ശൈലി ല്ലും... ഭാവ പ്രകടനങ്ങളും... വേദിയിൽ കാണുന്ന തനിമയോടെ അവൾ ഞങ്ങളുടെ മുൻപിൽ ഇരുന്നു.


" അച്ഛനുമായി ഞങ്ങൾ എല്ലാം സംസാരിച്ച് കഴിഞ്ഞതാണ്.. ഇനി നിങ്ങൾ തമ്മിൽ നേരിട്ട് കണ്ട് സംസാരിച്ച് ഉറപ്പിക്കയെ വേണ്ടൂ"... കൃഷ്ണേന്ദുവിന്റെ അച്ഛൻ പറഞ്ഞു


സുദേവും, കൃഷ്ണേന്ദുവും സംസാരിക്കാനായി അകത്തേക്ക് പോയി.


ഞാനും മറ്റുള്ളവരുമായി ചെറിയ സംഭാഷണങ്ങളിൽ ഏർപ്പെട്ടുകൊണ്ടിരുന്നെങ്കിലും... എന്റെ മനസ്സിൽ ഒരു പുകമറ ഉയരുകയായിരുന്നു...ഒരായിരം കൂട്ടം ചിന്തകൾ മനസ്സിലൂടെ കടന്നുപോയ്ക്കൊണ്ടിരുന്നു. ഒരു സിനിമാക്കല്യാണം സുദേവിന് ...

ഇരുമ്പും കളിമണ്ണും ചേർത്ത് പണിയുന്നതെങ്ങനെ?... കൊതുമ്പു വള്ളത്തിന്റെ " തുഴ" കൊണ്ട് കെട്ടു വള്ളം നീയന്ത്രിക്കാനാവുമോ?..


സംതൃപ്തവും പ്രസന്നവുമായ മുഖത്തോടെയാണ് സുദേവ് ഇറങ്ങി വന്നത്.


" ഇനിയുള്ള കാര്യങ്ങൾ ഒക്കെ അച്ഛനുമായി സംസാരിച്ചോളൂ... അങ്ങോട്ട് വരാനുള്ള ഡേറ്റ് വിളിച്ചറിയിക്കാം"...


ഞങ്ങൾ യാത്ര പറഞ്ഞിറങ്ങി....


" നീയെന്താടാ മരവിച്ചിരിക്കുന്നത്?"..., ചിന്തയിലാണ്ടിരുന്ന എന്നെ സുദേവ് തട്ടിയുണർത്തിക്കൊണ്ട് ചോദിച്ചു.

" എന്താ നിന്റെ അഭിപ്രായം?"..


" നിന്റെ സന്തോഷവും താത്പര്യവുമല്ലേ മുഖ്യം... പിന്നെ വീട്ടുകാർക്കും ഇഷ്ടമാണ്... ഇനിയൊന്നും നോക്കാനില്ല"... ഞാൻ പറഞ്ഞു.


" പിന്നെ എനിക്ക് വ്യക്തിപരമായി ചിലത് പറയാനുണ്ട്...


കൃഷ്ണേന്ദു ഒരു സെലിബ്രറ്റിയാണ്... കലാകാരി... അവൾ ജീവിക്കുന്നത് ഒരു തരം മായിക ലോകത്താണ്.. കാൽപ്പനീകതകളുടെ മാന്ത്രിക സ്പർശമുള്ള ഒരു അന്യഗ്രഹം... പണത്തിന്റേയും... പ്രശസ്തിയുടെയും... ആരാധക വൃന്ധങ്ങളുടെയും ആധിക്യത്താൽ പുളച്ചു മദിക്കുന്ന ജീവിതങ്ങൾ.... പൊയ്മുഖങ്ങളാണ് ഏറെയും... കുടുംബ ബന്ധങ്ങളേയും... വ്യക്തി ബന്ധങ്ങളെയും മറികടക്കുന്ന ക്ഷിപ്ര പര്യവസാനികളായ ഗ്ലാമറിന്റെ ലോകം... കടും ചായക്കൂട്ടുകൾ ചാലിച്ചെടുത്ത് വർണ്ണങ്ങൾ തീർക്കുന്ന സ്വപ്നങ്ങളുടെ ലോകം... അവിടെ ജീവിക്കുന്ന ഓരോരുത്തരും സ്വപ്നാടകരാണ്... പുഷ്പങ്ങൾ മെത്ത വിരിച്ചൊരുക്കിയ പാതകളിലെ പഥികരാണ്.. അവരുടെ ഗതിവിഗതികൾ നമ്മളുടേതിൽ നിന്ന് വ്യത്യസ്ഥമാണ്... ആവാസ വ്യവസ്ഥകൾ വ്യത്യസ്ഥമാണ്... ആകാശ മണ്ഡലങ്ങളിൽ ഉദിച്ചുയർന്നു നിൽക്കുന്ന താരങ്ങൾ... ഭൂമിയിലേക്ക് ഇറങ്ങി വരാൻ അവർക്ക് കഴിയുകയില്ല... ഒന്നുകിൽ നീ അവൾക്കൊപ്പം ഉയരണം... അല്ലെങ്കിൽ അവൾ നിനക്കൊപ്പം താഴ്ന്ന് വരണം... നീയാണ് തീരുമാനിക്കേണ്ടത്... നീ മാത്രമാണ്...

എന്റെ മനസ്സിന്റെ കൂട് ഞാൻ തുറന്നു വിട്ടു... എന്റെ അഭിപ്രായം നീ തേടിയതുകൊണ്ടാണ് ഞാൻ ഇത്രയും പറഞ്ഞത്."....


" ക്രിസ്റ്റീ... നീ എന്തൊക്കയാണീ പറയുന്നത്.... അവരും മനുഷ്യർ തന്നെയല്ലേ... അവളെ നേരത്തേ തന്നെ എനിക്ക് ഇഷ്ടമായിരുന്നു.... കുട്ടിത്തം തുളുമ്പുന്ന മുഖവും... നാട്ടിൻപുറത്ത്കാരിയുടെ ഇസ്തിരിയിടാത്ത ചടുലമായ വർത്തമാനങ്ങളും... അഴകളവുകളിൽ ശുഷ്ക്കിച്ച് ദരിദ്രമായ മേനിയഴകിന് പകരം... നിറയൗവ്വനം തുള്ളി തുളുമ്പുന്ന സമ്പന്നമായ സുഭഗ സ്ഥൂല മാദക സൗന്ദര്യം... എന്റെ മനസ്സിലുണ്ടായിരുന്ന പെണ്ണ്".. സുദേവ് വാചാലനായിരുന്നു.


സുദേവിന് അവളെ പൂർണ്ണമായും ഇഷ്ടപ്പെട്ടിരുന്നു... എനിക്കും സന്തോഷമായി ഒടുവിൽ എല്ലാം ഒത്തു വന്നല്ലോ.


" ഞാൻ മറ്റൊന്നും നോക്കിയില്ല, പ്രശസ്തയായ കലാകാരിയല്ലേ... ഇഷ്ടം പോലെ സമ്പത്തും .. ആരാധകരും.. വീട്ടിൽ വന്ന് കേറുന്നത് ഒരു അഭിമാനമല്ലേ  .... തറവാട്ട് മഹിമ വെച്ചു നോക്കിയാൽ... പുതുപണക്കാരാണ്.. നമുക്കൊപ്പം ഇല്ല തന്നെ "... തിരികെ സുദേവിന്റെ വീട്ടിലെത്തിയപ്പോൾ അച്ഛൻ ഇങ്ങിനെയായിരുന്നു പറഞ്ഞത്.


മനസ്സിന്റെ സൗന്ദര്യമാണ് ബാഹ്യ സൗന്ദര്യത്തേക്കാൾ പ്രധാനം എന്നൊക്കെ പറയാമെങ്കിലും... സ്ത്രീക്കും പുരുഷനും അവരവരുടേതായ സൗന്ദര്യ സങ്കൽപ്പങ്ങൾ തീർച്ചയായും ഉണ്ട്. വിവാഹത്തിന്റെ ആദ്യ നാളുകളിൽ അതിന് തന്നെയാണ് പ്രാമുഖ്യം കൊടുക്കുന്നതും. പുതുമോടികളെല്ലാം കഴിഞ്ഞ് കുടുബ ജീവിതത്തിന്റെ പരുപരുത്ത തലങ്ങളിലേക്ക് പ്രവേശിക്കുമ്പോഴായിരിക്കും.... ആന്തരീക സൗന്ദര്യത്തിന്റെ വില പരസ്പരം മനസ്സിലാക്കുന്നതും മറ്റുള്ളവരെ ഉപദേശിക്കുന്നതും... ആദ്യ നാളുകളിലെ തേനൂറുന്ന വാക്കുകൾ... പിന്നീട് കാഞ്ഞിരംപോലെ കയ്പ്പുള്ളതായി മാറുന്നു... അതാണ് ജീവിതം.


" സുദേവ് ആ പെൺകുട്ടിയുമായി അഡ്ജസ്റ്റ് ചെയ്തു പോകുമോ.. അയാൾക്ക് ഒരു സാധാരണക്കാരന്റെ ചിന്തകളും പ്രവൃത്തികളുമല്ലേ"... എന്റെ ഭാര്യ സുബി സംശയം പ്രകടിപ്പിച്ചു.


അത്യാർഭാടപൂർണ്ണമായ വിവാഹം ആയിരുന്നു.... കലാ സാംസ്ക്കാരിക രാഷ്ട്രീയരംഗത്തുള്ള പ്രമുഖരുടെ നീണ്ട നിര തന്നെയുണ്ടായിരുന്നു... വിണ്ണിലെ താരങ്ങളെല്ലാം മണ്ണിലേക്കിറങ്ങിവന്നിരുന്നു. ആശംസകളും അനുമോദനങ്ങളും കോരി ചൊരിയപ്പെട്ടു... ധാരാളിത്ത ധനവ്യയയത്തിന്റെ കണ്ണഞ്ചിപ്പിക്കുന്ന ഒരു " സിനിമാ" കല്യാണം തന്നെയായിരുന്നു. സുദേവിന്റെ ആത്മ മിത്രമായതു കൊണ്ട് എനിക്കും കുടുംബ സമേതം അതിൽ ഭാഗവാക്കാകാൻ കഴിഞ്ഞതിൽ അഭിമാനം തോന്നി.


നാലഞ്ച് ദിവസങ്ങൾ കഴിഞ്ഞാണ് സുദേവിനെ വിളിച്ചത്.


" എങ്ങിനെയുണ്ട് ..നിന്റെ സ്ഥൂല സുഭഗ ഗാത്രി?..". 


" ഒന്നും പറയാനില്ല അളിയാ... റിയലി ഡെലീഷ്യസ്.... എരിവും.. പുളിയും വേണ്ടുവോളം".... പൊട്ടിച്ചിരിച്ചു കൊണ്ട് സുദേവ് പറഞ്ഞു.


" എരിയും പുളിയുമൊക്കെ നല്ലതു തന്നെ.. മധുരം ഉണ്ടോ... അതാണറിയേണ്ടത്"... ഞാൻ ചോദിച്ചു.


" അതറിയണമെങ്കിൽ സമയം എടുക്കും..... ബട്ട് ... സോഫാർ... സോ ഗുഡ്... അടുത്ത ആഴ്ച ഒരു ഹണിമൂൺ ട്രിപ്പ് പ്ലാൻ ചെയ്യുന്നുണ്ട്.. സീ ഷെൽസിലേക്ക്... അത് കഴിഞ്ഞ് വന്നിട്ട് കൃഷ്ണേന്ദുവിന് ഫോറിൻ ട്രിപ്പിന് പോകണം... വിദേശ പ്രോഗ്രാം... ഞാനും പോകുന്നുണ്ട്"... സുദേവ് ഉത്സാഹത്തിലായിരുന്നു.


പിന്നീട് സുദേവ് തിരക്കിലായി.. ഹണിമൂൺ ട്രിപ്പ് കഴിഞ്ഞു വന്ന ഉടൻ തന്നെ, കൃഷ്ണേന്ദു ഫോറിൻ ട്രിപ്പിനുള്ള റിഹേഴ്സൽ ക്യാമ്പിലേക്ക് പോയി. സുദേവും ഒപ്പം കൂടി... പുതുമോടിയല്ലേ...


ആറേഴ് മാസങ്ങൾക്ക് ശേഷമാണ് പിന്നെ സുദേവിനെ അടുത്ത് കാണാൻ കഴിഞ്ഞത്. ഇടയ്ക്കിടെ വിദേശത്ത് നിന്ന് വിളിച്ചിരുന്നു.


ഇടയ്ക്ക് സുദേവ് വീട്ടിൽ വന്നിരുന്നു എന്നെ കാണാൻ


" ഞങ്ങൾ നിങ്ങളെ രണ്ടുപേരെയും കൂടി ക്ഷണിക്കാനിരിക്കുകയായിരുന്നു... നിങ്ങളുടെ തിരക്ക് കഴിയട്ടെ എന്നു കരുതി കാത്തിരുന്ന് കാത്തിരുന്ന് മാസങ്ങൾ കടന്നുപോയി".... സുബി പറഞ്ഞു.


"ക്രിസ്‌റ്റീ... നമുക്ക് ഒന്ന് പുറത്ത് പോകാം... കുറെ നാളായില്ലേ നമ്മൾ സംസാരിചിട്ട്... കല്യാണവും അതിന് ശേഷമുള്ള കലാപരിപാടികളും... വല്ലാത്ത ഒരു മടുപ്പ് ".. സുദേവിന്റെ വാക്കുകളിൽ നേരിയ ഉദാസീനതയുണ്ടായിരുന്നു.


അവർ ഒരുമിച്ച് പോയ വിദേശ പ്രോഗ്രാം പര്യടനത്തെക്കുറിച്ചും... ചില ചില പൊരുത്തക്കേടുകളെക്കുറിച്ചുമൊക്കെ അവൻ വിശദമായി സംസാരിച്ചു.. ആദ്യത്തെ പ്രസരിപ്പും സന്തോഷവും അവനിൽ കുറഞ്ഞ് പോയിരുന്നു.


" സുദേവ്.... ആഫ്റ്റർ ഓൾ... ആർ യൂ ഹാപ്പി"?.. ഞാൻ തെല്ല് സംശയത്തോടെ തിരക്കി.


" നീ പറഞ്ഞത് ശരിയാ ... അവളുടെ മറ്റൊരു ലോകമാ.... വർണ്ണങ്ങളുടെ മായക്കാഴ്ച... ബന്ധങ്ങൾ ഒക്കെ അവിടെ ഒരു തരം ബന്ധനങ്ങളാണ്. സുഖ ഭോഗ സംസ്ക്കാരത്തിന്റെ കൃത്രിമത്വം നിഞ്ഞെ മനം മടുപ്പിക്കുന്ന ... എനിക്കൊട്ടും പരിചിതമല്ലാത്ത മറ്റേതോ ഗ്രഹത്തിൽ എത്തിപ്പെട്ടതുപോലെ "... സുദേവിന്റെ കണ്ണുകളിൽ വിഷാദത്തിന്റെ നേരിയ നിഴലാട്ടം.


" ആദ്യമായതു കൊണ്ട് നിനക്ക് തോന്നുന്നതാ.... ഇനി അത് ശീലമാകുമ്പോൾ ശരിയായിക്കൊള്ളും... ആ തലത്തിലേക്ക് നീ ഉയരണം... അതാണ് വേണ്ടത് "... എന്റെ വാക്കുകളിലെ ശുദ്ധത അറിഞ്ഞിട്ടാകണം... അവൻ എന്നെ നോക്കി അർത്ഥഗർഭമായി ചിരിച്ചു.


" ഭോഗസുഖങ്ങളുടെ അനന്തമായ വിഹായസ്സിക്ക് അവൾ എന്നെ കൂട്ടിക്കൊണ്ടുപോയി.... നിറഞ്ഞു തുളുമ്പുന്ന മധുര ചഷകം വീണ്ടും വീണ്ടും പകർന്ന് തന്ന് അവൾ എന്നെ ഉൻമത്തനാക്കുന്നു... മായികമായ കണ്ണാടിക്കടലിൽ ഒരു മത്സ്യകന്യകയെപ്പോലെ അവൾ നീന്തിത്തുടിക്കുന്നു... എന്നെയും കൈപിടിച്ച് അവൾ .. ആ അഗാധ നീലിമയിലേക്ക് ഊളിയിടാൻ ശ്രമിക്കുന്നു. പക്ഷേ..... എനിക്ക് കഴിയുന്നില്ല.... ക്രിസ്റ്റീ... ശ്വാസം മുട്ടുന്നതു പോലെ... കരയിൽ പിടിച്ചിട്ട മത്സ്യം ശ്വസിക്കാൻ കഴിയാതെ പിടയുന്നതു പോലെ... മനസ്സിന്റെ പിടച്ചിൽ "....  സുദേവ് കിതപ്പോടെയാണ് പറഞ്ഞു നിർത്തിയത്.


" ഞാൻ ആഗ്രഹിക്കുന്ന ഭാര്യയുടെ ഒരു ഉത്തരവാദിത്തങ്ങളും നിറവേറ്റാൻ അവൾക്ക് കഴിയുന്നില്ല.. അവളുടെ ലൈഫ് സ്റ്റൈൽ... രീതികൾ.. സൗഹ്രദങ്ങൾ ഒന്നും എനിക്ക് ഉൾക്കൊള്ളാൻ കഴിയുന്നില്ല... അന്ന് നമ്മൾ ഒരുമിച്ച് പെണ്ണുകാണാൻ പോയ ദിവസം നീ എന്നോട് പറഞ്ഞതെല്ലാം യാഥാർത്ഥ്യങ്ങളായിരുന്നു"...


" അവളെയും തെറ്റ് പറഞ്ഞിട്ട് കാര്യമില്ല സുദേവ്.... ഇതെല്ലാം അറിഞ്ഞു കൊണ്ട് തന്നെയല്ലേ നീ ഇതിന് തയ്യാറായത്... ഇനി നീ പൊരുത്തപ്പെടാൻ ശ്രമിക്കണം.... ഒരു ചെറിയ അശ്രദ്ധ മതി... പളുങ്ക് പാത്രം വീണുടയുന്ന പോലെ തകർന്നു പോകും ജീവിതം "...  ഉപദേശം പോലെയായിരുന്നു എന്റെ വാക്കുകൾ.


സുദേവ് ആകെ മാറിയിരിക്കുന്നു... കല്ലുകടികൾ നിറഞ്ഞ മൂന്ന് നാല് വർഷങ്ങൾ കണ്ണടച്ചു തുറക്കും പോലെ കടന്നുപോയി.... മദ്യപാനം കൂടി... ബിസിനസ്സിൽ ശ്രദ്ധയില്ലാതെയായി... കൃഷ്ണേന്ദു മിക്കവാറും ഒക്കെ ഷൂട്ടിങ്ങിന്റെ തിരക്കിലും പ്രോഗ്രാമുകളുമൊക്കെയായി അവളുടേതായ തിരക്കുകളിൽ ആയിരുന്നു. പല സന്ദർഭങ്ങളിലും ഞാൻ ഇടപെട്ടെങ്കിലും... അവരുടെ ജീവിതത്തിന് കയ്പ്പ് രസം കൂടി കൂടി വരികയായിരുന്നു.


" ഞാൻ എങ്ങിനെ അഡ്ജസ്റ്റ് ചെയ്യണമെന്നാ ക്രിസ്റ്റി നീ പറയണെ?.. നിന്റെ ഭാര്യ സ്ഥിരം മദ്യപിച്ചു കണ്ടാൽ നീ എങ്ങിനെ പ്രതികരിക്കും?  മറ്റൊരുവന്റെ തോളിൽ കൈയിട്ട് ആടിക്കുഴഞ്ഞാൽ നീ കണ്ടു നിൽക്കുമോ?.. ഞാൻ അത്രയൊന്നും ഫോർവേഡ് അല്ലെടാ..." സുദേവിന്റെ ഉളിൽ തിങ്ങിവിങ്ങിയിരുന്ന വിദ്വേഷങ്ങൾ ഒരോന്നായി പുറത്തേക്ക് വന്നു.


" അതൊക്കെ അവളുടെ കരിയറിന്റെ ഭാഗമല്ലേ സുദേവ്... കുറച്ചൊക്കെ കണ്ടില്ലെന്നു നടിക്കണം... ജീവിതം തന്നെ ഒരു കോംപ്രമൈസിങ് അല്ലേ... ഒരു കുട്ടിയുണ്ടായാൽ നിങ്ങളുടെ ജീവിതം മാറും സുദേവ്... എന്തേ ഇത് വരെ അതിന് ശ്രമിക്കാത്തേ"?...


" ങ്ങ്ഹും... ഞാൻ ആഗ്രഹിക്കാഞ്ഞിട്ടാണോ "....


" എന്താ നിങ്ങളിൽ ആർക്കെങ്കിലും പ്രശ്നം എന്തെങ്കിലും?.. എങ്കിൽ പിന്നെ ആവശ്യമെങ്കിൽ ട്രീറ്റ്മെന്റ് എടുക്കാത്തതെന്ത്?...


" ട്രീറ്റ്മെന്റ് മനസ്സിനാണ് വേണ്ടത്.. ക്രിസ്റ്റീ.. ശരീരത്തിനല്ല "...


" നീ പറയുന്നതൊന്നും എനിക്ക് മനസ്സിലാക്കുന്നില്ല സുദേവ് "...


" മനസ്സിലാകില്ല... നിനക്കെന്നല്ല... ആർക്കും മനസ്സിലാകില്ല"... സുദേവ് കരയുകയാണോ.


തുറന്ന് പറയാൻ ആഗ്രഹിച്ചിട്ടും.. ചിലതൊക്കെ അവൻ മൂടി വയ്ക്കാൻ ശ്രമിക്കുകയാണ്... ചില രഹസ്യങ്ങൾ പങ്കു വയ്ക്കാൻ കഴിയുകയില്ല... അർബ്ബുദം പോലെ അത് അങ്ങിനെ മെല്ലെ മെല്ലെ മനസ്സിൽ പടർന്നു കയറും.


ഞങ്ങളുടെ രണ്ടാമത്തെ മോളുടെ ബർത്ത്ഡേ ചെറുതായി ആഘോഷിക്കാമെന്ന് സുബി പറഞ്ഞപ്പോൾ ഞാനും സമ്മതിച്ചു. പൊതുവെ ഞങ്ങൾ ആഘോഷങ്ങളിൽ ഒന്നും അത്രകണ്ട് തത്പരർ അല്ലെങ്കിലും അവളുടെ ആഗ്രഹം പറഞ്ഞതല്ലേ... സുദേവിനേയും കൃഷ്ണേന്ദുവിനെയും പ്രത്യേകം ക്ഷണിച്ചിരുന്നു. കൃഷ്ണേന്ദു വന്നിട്ടുണ്ട് എന്നറിഞ്ഞ അയൽവാസികളും മറ്റും അവളെ കാണുവാനായി വന്നിരുന്നു.


" എന്താ മക്കളെ നിങ്ങൾക്ക് ഇതൊന്നും വേണ്ടേ?.. അഞ്ചാറ് വർഷമായല്ലോ കല്യാണം കഴിഞ്ഞിട്ട്..എന്തെങ്കിലും കുഴപ്പമുണ്ടോ?.. ചികിത്സ ഒന്നും നോക്കുന്നില്ല "?... ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ അമ്മ ചോദിച്ചു.


അപ്രതീക്ഷിതമായ അമ്മയുടെ ചോദ്യം കേട്ട് സുദേവും കൃഷ്ണേന്ദുവും വല്ലാതാകുന്നതും... കൃഷ്ണേന്ദുവിന്റെ മുഖത്ത് നീരസം പടരുന്നതും കണ്ടു.


" അമ്മ ഒന്ന് മിണ്ടാതിരിക്ക്... അതൊക്കെ അതിന്റെ സമയം ആകുമ്പോൾ നടന്നുകൊള്ളും "... സുബി ദേക്ഷ്യത്തോടെ അമ്മയോട് പറഞ്ഞു.


ഭക്ഷണം കഴിച്ചെന്ന് വരുത്തി ഇരുവരും എഴുന്നേറ്റ്….. അൽപ്പ സമയം കൂടി ചിലവഴിച്ച ശേഷം യാത്ര പറഞ്ഞിറങ്ങുമ്പോൾ ... കൃഷ്ണേന്ദുവിൽ അനിഷ്ടം പ്രകടമായിരുന്നു.


" അമ്മ എന്തിനാ അങ്ങിനെയൊക്കെ ചോദിച്ചത്... അവർക്ക് അത് ഇഷ്ടപ്പെട്ടില്ല.... എന്തെങ്കിലും അവരുടേതായ പ്രശ്നങ്ങൾ കാണുമായിരിക്കും "... ഞാൻ പറഞ്ഞു.


" അതിനിപ്പെ എന്താടാ കൊറവ് പറ്റിയേ... നാട്ടു നടപ്പല്ലേ... കല്യാണം കഴിഞ്ഞ് മൂന്ന് മാസം കഴിയുമ്പോഴെ ആളുകള് ചോദിച്ചു തുടങ്ങും... വിശേഷായില്ലേ.. വിശേഷായില്ലേന്ന്... അത് അല്ലേ അതിന്റെ ഒരു രീതി "... നാട്ടറിവുകളും.. കേട്ടറിവുകളും... അനുഭവ സമ്പത്തുമുള്ള അമ്മയുടെ ചോദ്യവും ന്യായമായിരുന്നു.


നാലഞ്ച് മാസങ്ങൾ കൂടി കടന്നുപോയി...


" അളിയാ.…. ഒരു ഗുഡ് ന്യൂസ് ഉണ്ട് ".. സുദേവ് ആണ്...  "കൃഷണ പ്രഗ്നന്റാണ്"... അവൻ വല്ലാത്ത സന്തോഷത്തിലായിരുന്നു.


" കൺഗ്രാറ്റ്സ്... സുദേവ്... ചിലവുണ്ട്.. എപ്പഴാ കാണുക"..


" കാണാമെഡാ... കൃഷ്ണേന്ദുവിന് അടുത്ത ആഴ്ച ചെന്നൈയിൽ ആണ് ഷൂട്ട്... ഓണമല്ലേ വരുന്നത്.. അവൾ തിരിച്ചെത്തിയിട്ട് കാണാം "..


പിന്നെയും രണ്ടു മൂന്നാഴ്ചകൾ കടന്നുപോയി... മോൾക്ക് പനിയായിരുന്നു, ഡോക്ടറെ കാണിച്ചപ്പോൾ അഡ്മിറ്റ് ചെയ്യാൻ പറഞ്ഞു. ഞാനും സുബിയും മോളുടെ കൂടെ ആശുപത്രിയിലായിരുന്ന ഒരു ദിവസം സുദേവ് വിളിച്ചു.


" ക്രിസ്റ്റീ.... ബാഡ് ലക്ക്.. കൃഷ്ണേന്ദുവിന് ചെന്നൈയിൽ വച്ച് അബോർഷനായി... ഹോസ്പ്പിറ്റലൈസ്ഡ് ആയിരുന്നു "


സുദേവിനെ കാണുമ്പോൾ അവൻ തീരെ തളർന്നിരുന്നു. വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം കിട്ടിയതാണ്.. എനിക്ക് എങ്ങിനെ അവനെ ആശ്വസിപ്പിക്കാനാകും.


കൃഷ്ണേന്ദു വീട്ടിൽ തിരിച്ചെത്തിയത് അറിഞ്ഞ് ഞാനും സുബിയും സുദേവിന്റെ വീട്ടിലെത്തി. കൃഷ്ണേന്ദുവും നന്നേ ഖിന്നയും പരിക്ഷീണതയായും കാണപ്പെട്ടു എങ്കിലും... സുദേവിനോളം തകർന്നിരുന്നില്ല. സുബി ദീർഘ നേരം കൃഷ്ണേന്ദുവിനോടൊപ്പം സമയം ചിലവഴിച്ചു.


സുദേവിന്റെ വീട്ടിൽ നിന്നു മടങ്ങുമ്പോൾ ഞാനും സുബിയും മൗനത്തിലായിരുന്നു.


" ഇച്ചായാ... ശരിക്കും സുദേവിനോ കൃഷ്ണേന്ദുവിനോ മെഡിക്കലി പ്രോബ്ലം ഉണ്ടായിരുന്നോ?".. മൗനം വെടിഞ്ഞ് സുബി ചോദിച്ചു.


" എനിക്ക് അത് വ്യക്തമായിട്ട് അറിയില്ല സുബി... ഒന്നു രണ്ടു വട്ടം അവനോട് ചോദിച്ചിരുന്നുവെങ്കിലും... അവൻ ഒഴിഞ്ഞു മാറിയിരുന്നു.. പിന്നീട് ഞാൻ ചോദിച്ചിട്ടുമില്ല "... അതിന് അതിന്റേതായ കാരണങ്ങൾ ഉണ്ടാകാം.. ചിലർക്ക് അതൊക്കെ തുറന്ന് പറയാൻ കഴിഞ്ഞെന്ന് വരികയില്ല.


" ഹ..ഹതു കൊള്ളാം... ആത്മ മിത്രമായിരുന്നിട്ടും.. ഒന്നും തുറന്ന് പറഞ്ഞിരുന്നില്ല അല്ലേ?.'..  സുബി


" ചിലർ അങ്ങിനെയുള്ള കാര്യങ്ങളിൽ രഹസ്യ സ്വഭാവമുള്ളവർ ആയിരിക്കും സുബി.. ഷെയർ ചെയ്യണമെന്നില്ല "..


"ങ്ങ്ഹും... ന്നാൽ കാര്യങ്ങൾ അങ്ങനെയൊന്നും ആയിരുന്നില്ല... അവർക്ക് രണ്ടാൾക്കും ഒരു കുഴപ്പവും ഇല്ല... ബോത്ത് ആർ മെഡിക്കലി വെൽ ഫിറ്റ്... കൃഷ്ണേന്ദു ഗർഭം ധരിക്കാതിരുന്നത് അതുകൊണ്ടൊന്നും ആയിരുന്നില്ല എന്നാണ് എന്റെ കണ്ടെത്തൽ ".. സുബി തൊട്ടും തൊടാതയും പറഞ്ഞു നിർത്തി.


" പിന്നെ ".. ആശ്ചര്യത്തോടെ ഞാൻ അവളെ നോക്കി,


"ഈ  അബോർഷൻ... ആക്സിഡന്റിലി  സംഭവിച്ചതല്ല... ഇറ്റ് വാസ് പ്രീ പ്ലാൻഡ് "... 


" സുബീ... നീ എന്തൊക്കയാ ഈ പറയുന്നത്?.. എനിക്കൊന്നും മനസ്സിലാകുന്നില്ല... കൃഷ്ണേന്ദു കാൽ വഴുതി നിലത്തുവീഴുകയും അതേ തുടർന്ന് അബോർഷനാകുകയുമല്ലേ ചെയ്തത് "...


" എന്നാര് പറഞ്ഞു? നിങ്ങള് കണ്ടോ?.. സുദേവ് കണ്ടോ?.. കൃഷ്ണേന്ദു ചെന്നെയിൽ നിന്ന് പറഞ്ഞ് കേട്ട അറിവല്ലേയുള്ളൂ..." സുബിയുടെ ചോദ്യങ്ങൾ തികച്ചും ന്യായമായിരുന്നു.


" അത് അങ്ങിനെയല്ലാന്ന് നമുക് എങ്ങിനെ ചിന്തിക്കാനാകും.. ?"


" ചിന്തിക്കണം... യാഥാർത്ഥ്യം കണ്ടെത്തണം.... ഇച്ചായാ.. ഒരു സ്ത്രീക്ക്  മറ്റൊരു സ്തീയെ മനസ്സിലാകുന്നതു പോലെ ഒരു പുരുഷന് അവളെ മനസ്സിലാകില്ല... ഒരു ജന്മം മുഴുവൻ ഒരുമിച്ച് ജീവിച്ചാലും... അവളുടെ മനസ്സിന്റെ ആഴവും പരപ്പും... ചെറിയ ശതമാനം പോലും പുരുഷന് കണ്ടെത്താനാവില്ല. അത്രമാത്രം രഹസ്യങ്ങൾ ഹ്രദയത്തിൽ ഒളുപ്പിച്ചു കൊണ്ട് ഒരു ഭാവ വ്യത്യാസവുമില്ലാതെ അവൾക്ക് കൂടെ ജീവിക്കാനാകും... വേദനകൾ കടിച്ചമർത്തി അവൾ ചിരിക്കും... വിദ്വേഷവും പകയും അതൃപ്തിയും മനസ്സിലൊതുക്കി സ്നേഹിക്കും.. ആഴിയുടെ ആഴം അളന്നറിയാം... പക്ഷേ ഒരു സ്ത്രീയുടെ ഹ്രദയത്തിന്റെ അടിത്തട്ട് കാണാൻ കഴിയുകയില്ല. സ്ത്രീ ഒരു ജാലവിദ്യക്കാരിയാണ്.... ഹ്രദയത്തിനുള്ളിലെ അനേകം രഹസ്യ അറകളിലും... കള്ള പോക്കറ്റുകളിലും... ഒളുപ്പിച്ച് വച്ചിരിക്കുന്ന വിദ്യകൾ സമയാസമയങ്ങളിൽ അവൾ പുറത്തെടുത്ത് പ്രയോഗിക്കും.. ഞാൻ അടക്കമുള്ള സ്ത്രീകളുടെ കാര്യമാണ് പറയുന്നത്.... ദൈവം അങ്ങിനെയാണ് അവളെ സൃഷ്ടിച്ചിരിക്കുന്നത്..." സുബി ഒരു തത്വജ്ഞാനിയെപ്പോലെ സംസാരിക്കുന്നത് കേട്ട് ഞാൻ അത്ഭുതപ്പെട്ടു.


" എനിക്ക് സംശയമുണ്ട് കൃഷ്ണേന്ദു വിനെ "... സുബി തുടർന്നു.


" വൈ... വാട്ട് ഡു യു മീൻ സുബീ?...


" അന്വേഷിച്ചു നോക്കൂ... കണ്ടെത്താൻ കഴിഞ്ഞേക്കും... അത്രയും അറിഞ്ഞാൽ മതി ".. അവൾ പറഞ്ഞു നിർത്തി.


" സുദേവും ഞാനും രഹസ്യമായാണ് ചെന്നൈയിൽ എത്തിയത്... അവിടുത്തെ നല്ല ചില സുഹ്രുത്തുക്കളുടെ സഹായത്തോടെ ഞങൾ അന്വേഷിച്ചു... ലഭിച്ച വിവരങ്ങൾ ഞങ്ങളെ ഞെട്ടിപ്പിച്ചു കളഞ്ഞു.


ബാറിനുളളിലെ അരണ്ട മഞ്ഞ വെളിച്ചത്തിൽ... ഞങ്ങൾ അഭിമുഖമായി ഇരുന്നു. സുദേവിന്റെ മുഖം ഭയാനകമാം വിധം രൗദ്രമായിരുന്നു.... മുന്നിലിരുന്ന ഗ്ലാസ്സിൽ മദ്യം നിറയുകയും കാലിയാക്കുകയും ചെയ്തു കൊണ്ടിരുന്നു.


" സുദേവ്... മതി... നിർത്ത്... ഒരു പാടായി... ഞാൻ പറഞ്ഞു.


" എന്റെ അകം പൊള്ളുകയാണ് ക്രിസ്റ്റീ... നീറ്റൽ കൂടി വരികയാണ്.. എന്നെ വെറും വിഢിയാക്കിക്കൊണ്ട് അവൾ ഇവിടെ വരെയെത്തി... ഇനി വയ്യാ.. നിനക്കറിയുമോ.. കഴിഞ്ഞ ആറേഷ് വർഷമായി ഞാൻ അനുഭവിക്കുന്ന വേദന... വിവാഹം കഴിഞ്ഞ ഒരു വർഷം പിന്നിട്ടപ്പോൾ മുതൽ ഒരു കുഞ്ഞിന് വേണ്ടി അവളോട് പറയുന്നതാണ്. നാളെയാകട്ടെ... മറ്റന്നാളാകട്ടെ... എന്നു പറഞ്ഞ് പറഞ്ഞ് കഴിഞ്ഞ ആറേഴ് വർഷങ്ങൾ അവർ എന്നെ കളിപ്പിച്ചു. പ്രോഗ്രാമിന്റെ തിരക്കിലാണെന്നും.... കുട്ടിയുണ്ടായാൽ അവസരങ്ങൾ നഷ്ടപ്പെടുമെന്നും അവൾ പറഞ്ഞിരുന്നു.... അമ്മയായാൽ  "മാർക്കറ്റ് " ഇടിയുമത്രേ... വീർത്ത വയറുമായി നടക്കുന്ന കാര്യം ചിന്തിക്കാൻ കഴിയുന്നില്ല... ഗർഭധാരണവും പ്രസവവും കരിയറിനെ ബാധിക്കും... പ്രസവിച്ചാൽ ശരീര സൗന്ദര്യം നിലനിർത്താനാവില്ല. സ്തന സൗന്ദര്യം കുറയുകയും വയർ ചാടി ശരീരത്തിന്റെ ഷെയ്പ്പ് പോകുമെന്ന് അവൾ ഭയപ്പെട്ടിരുന്നു. ഇതിനെച്ചൊല്ലി ഞങ്ങൾ തമ്മിൽ വാക്കേറ്റം പതിവായിരുന്നു.

" ഈ സൗന്ദര്യമാണ് എന്റെ ധനം... ഇത് തീർന്നാൽ പിന്നെ ഞാനില്ല.... പണവും പ്രശസ്തിയും ഉണ്ടാക്കാൻ പറ്റുന്ന സമയത്തെ അത് നേടാൻ കഴിയൂ... പിന്നീട് ചിന്തിച്ചിട്ട് കാര്യമില്ല... ഞാൻ പ്രസവിക്കാൻ പോകുന്ന സമയത്ത് എന്റെ സ്ഥാനം മറ്റൊരാൾ കൈയ്യടക്കും....അതാണ് സിനിമാ രംഗം.... നോക്കിയും കണ്ടും നിന്നില്ലെങ്കിൽ അപ്പോൾ കാലു വാരും.... ഇങ്ങനെയൊക്കെയായിരുന്നു അവളുടെ ന്യായീകരണങ്ങൾ.


വീട്ടുകാരുടെയും.… നാട്ടുകാരുടെയും.. ചോദ്യങ്ങൾക്ക് മുൻപിൽ ഞാൻ പതറുകയായിരുന്നു.... പരിഹസിക്കുന്നവർ അങ്ങിനെ... 


ഒടുവിൽ ഒരു ദിവസം.... അവൾ ഒരു ഷോ കഴിഞ്ഞ് ബ്ലാംഗ്ലൂർ നിന്ന് തിരികയെത്തിയ ദിവസം.. അവൾ നന്നായി മദ്യപിച്ചിരുന്നു... അന്ന് രാത്രി ഞാൻ അവളെ ബലാത്ക്കരം ചെയ്തു!!!!  മദ്യത്തിന്റെ ലഹരിയിലായിരുന്ന അവളെ ഞാൻ 

" ഉപാധികൾ " ഇല്ലാതെ വാശിയോടെ പ്രാപിക്കുമ്പോൾ.... ഒരച്ഛനാകാനുള ഉത്ക്കടമായ വാഞ്ചയല്ലാതെ... കാമത്തിന്റെ നേരിയ ലഹരി പോലും എന്റെ സിരകളിൽ പതഞ്ഞുയർന്നിരുന്നില്ല ... അവൾ അറിയാതെ ഞാൻ അവളിൽ നിക്ഷേപിച്ച ബീജവും..... മദ്യലഹരിയിയുടെ ആലസ്യത്തിലായിരിന്നിട്ടും .. സ്ത്രീ ശരീരത്തിന്റെ നൈസർഗ്ഗീകമായ ഉണർവ്വുകളുടെ നുര ഉയർന്നപ്പോൾ ഉത്ഭവിച്ച അണ്ഡവും ചേർന്ന് ഒരു ജീവന്റെ ഉത്പത്തി നടന്ന രാത്രി.... പക്ഷേ ... അവൾ അറിഞ്ഞിരുന്നില്ല ... ഒടുവിൽ... ദിവസങ്ങൾ കഴിഞ്ഞപ്പോൾ ... ആർത്തവ ചക്രത്തിന്റെ താളം തെറ്റിയത് അവൾ അറിഞ്ഞു.... അവളുടെ ഉദരത്തിലെ രാസമാറ്റം... സ്റ്റിക്കിലെ നിറം മാറ്റം കണ്ട് അവൾ ഒന്ന് അമ്പരന്നു...


" സുദേവ്... ഇതെങ്ങിനെ?... എപ്പോൾ?"....


പക്ഷേ... ബുദ്ധിമതിയായിരുന്നു അവൾ...


" സുദേവ്... ഞാൻ പറഞ്ഞില്ലേ... എല്ലാം അതിന്റെ സമയത്ത് നടക്കുമെന്ന്... ഇപ്പോൾ അമ്മയാകാൻ എനിക്ക് സമയമായി" 


ആ ദിനങ്ങൾ എല്ലാം സന്തോഷത്തിന്റേതായിരുന്നു. അൽപ്പം താമസിച്ചെങ്കിലും ഞാൻ ഒരച്ഛൻ ആകാൻ പോകുന്നു. വൈകിയെങ്കിലും ഞങ്ങളുടെ ആരാമത്തിലും വസന്തം വന്നു....


" സുദേവ്.... ഞാൻ കമ്മിറ്റ് ചെയ്ത ഒരു പ്രോജക്ട് തീർക്കാനുണ്ട്... ചെന്നൈയിൽ വച്ചാണ് ഷൂട്ട്.. അത് കഴിഞ്ഞാൽ പിന്നെ തൽക്കാലം ഒന്നും കമ്മിറ്റ് ചെയ്യുകയില്ല... സുദേവിനോട് ഒപ്പം ഉണ്ടാകും... " എന്റെ കവിളിൽ ചുണ്ടുകൾ ചേർത്ത് വച്ച് അവൾ മൊഴിഞ്ഞു.


ഒടുവിൽ ... എന്നെ ഒരു കോമാളിയാക്കി... ചതിക്കുകയായിരുന്നു അവൾ... ഷൂട്ടിനിടയിൽ കാൽ വഴുതി വീണ് അബോർഷനായതെന്നാണ് എന്നെ വിളിച്ചറിയിച്ചത്... അവൾ എല്ലാം പ്ലാൻ ചെയ്താണ് ഇവിടെ എത്തിയത്... മനപ്പൂർവ്വം എന്റെ കുഞ്ഞിനെ അവൾ നശിപ്പിച്ചു... രാക്ഷസി... എല്ലാറ്റിനും കൂട്ട് നിൽക്കുന്നത് അവളുടെ അമ്മയും... സഹോദരനുമാണ് ".. ... സുദേവ് പരിസരം മറന്ന് പൊട്ടിക്കരഞ്ഞു.


ദൈവമേ... ഇങ്ങനെയും സ്ത്രീകളോ... സ്വന്തം ഉദരത്തിൽ ഉത്പാദിതമായ കുഞ്ഞിനെ മനപ്പൂർവ്വം നശിപ്പിക്കുക... അച്ഛനാകാനുള്ള അദമ്യമായ ആഗ്രഹത്താൽ ഭാര്യയെ ബലമായി പ്രാപിച്ചു ഗർഭം ധരിപ്പിക്കേണ്ടി വന്ന ഒരു പുരുഷന്റെ നിസ്സഹായവസ്ഥ...


ചെന്നൈയിൽ നിന്ന് തിരിക എത്തിയ സുദേവ് കൃഷ്ണേന്ദുവിനെ ചോദ്യം ചെയ്തു... ആദ്യമൊക്കെ എതിർത്തുനിന്നെങ്കിലും... പിന്നിടവൾ സമ്മതിച്ചു.


" അതെ.. ഞാൻ ചെയ്തതാണ്.. എന്റെ പ്രൊഫഷനിൽ കത്തി നിൽക്കുകയാണ് ഞാൻ... തത്ക്കാലം അമ്മയാകാൻ എനിക്ക് താത്പര്യമില്ല... ആ ഭാരം ചുമന്ന് പെറാനും... കുട്ടിയെയും വലിച്ചു കൊണ്ട് നടക്കാനും ഒന്നും എനിക്ക് പറ്റില്ല .. എന്റെ ആരാധകർ... പ്രശസ്തി... അതിന്റെ ലഹരി.. അതൊന്നും നഷ്ടപ്പെടുത്താനാകില്ല എനിക്ക്... ഇങ്ങനെ ജീവിക്കാൻ തയ്യാറാണെങ്കിൽ മാത്രം നമുക്ക് മുന്നോട്ട് പോകാം... അല്ലെങ്കിൽ സുദേവിന്റെ ഇഷ്ടം... "  അവൾ കൂസലെന്യെ തീർത്തു പറഞ്ഞു.


" പിരിയാം "... 


മ്യൂച്ച്വൽ ഡിവോഴ്സ് ഫയൽ ചെയ്തു.. പരസ്പരം ചെളിവാരി എറിയുകയില്ല എന്ന നിബന്ധനയോടെ...


ഇന്നാണ്... ആ ദിവസം...


കൃഷ്ണേന്ദുവും.. അമ്മയും.. സഹോദരനും നേരത്തെ തന്നെ കോടതിയിൽ എത്തിയിരുന്നു.


ഞാനും സുദേവും കോടതിയിൽ എത്തി... ജഡ്ജി ഇരു കൂട്ടരെയും ചേമ്പറിലേക്ക് വിളിപ്പിച്ചു... ജഡ്ജ് ഒരു വട്ടം കൂടി ശ്രമം നടത്തിയെങ്കിലും.. ഇരുവരും തയ്യാറല്ലായിരുന്നു. എട്ടു വർഷം നീണ്ടു നിന്ന ദാമ്പത്യം അവിടെ അവസാനിക്കുകയായിരുന്നു. ഇരുവരും പരസ്പരം കൈ കൊടുത്ത് പിരിയുമ്പോൾ... സുദേവിന്റെ കൺകോണുകളിലെ നനവ് പ്രകടമായിരുന്നു... കൃഷ്ണേന്ദുവിന്റെ ചുണ്ടുകളിൽ തത്തിക്കളിച്ചിരുന്ന ഗൂഢമായ ചിരിയും ഞാൻ ശ്രദ്ധിച്ചു. 


പത്രക്കാരും ചാനലുകാരും ചോദ്യങ്ങൾ കൊണ്ട് പൊതിഞ്ഞപ്പോൾ സുദേവ് ഒന്നും പറയാനില്ല എന്നു പറഞ്ഞ് ഒഴിഞ്ഞ് മാറി... " ഒരുമിച്ച് മുന്നോട്ട് പോകാൻ കഴിയാത്തതു കൊണ്ട് പിരിയുന്നു.. അത്രേയുള്ളൂ ".. കൃഷ്ണേന്ദു ഒറ്റവാക്കിൽ മറുപടി ഒതുക്കി.


" സുദേവിന്റെ സുഹ്രത്ത് അല്ലേ?.. മീഡിയാക്കാർ എന്നെയും പിടികൂടി...


" അമേരിക്കയിൽ നിന്ന് ചില എഞ്ചിനിയർമാരും ഡോക്ടർമാരും.. സിനിമാ നടികളെ കെട്ടിക്കൊണ്ടുപോകാൻ മാത്രമായി വരികയും... രണ്ടോ മൂന്നോ വർഷങ്ങൾ ഒരുമിച്ച് താമസിച്ച് പുതി തീരുമ്പോൾ പിരിയുകയും ചെയ്യാറുണ്ട്..  ഇതും അതുപോലെയാണോ?"...


" ഞാൻ അമേരിക്കക്കാരൻ ഡോക്ടറുമല്ല.. എഞ്ചിനീയറുമല്ല... സിനിമാ നടിയെ വിവാഹം ചെയ്ത പരിചയവുമില്ല.. പിന്നെങ്ങിനെ ഞാൻ മറുപടി പറയും "...


കോടതി വരാന്തയിൽ കൂടി മുറ്റത്തേക്കിറങ്ങവേ... വളരെ പരിചയമുളള ഒരു മുഖം എതിർപെട്ടു വന്നു.... തന്റെ ഊഴം കാത്ത് അവളും നിൽക്കുകയായിരുന്നു.... ശാലിനി...

സുദേവ് വിവാഹം ചെയ്യാൻ ആഗ്രഹിച്ചിരുന്ന അവരുടെ ജ്വല്ലറിയിലെ സെയിൽസ് ഗേൾ... ഏഴ് വർഷം മുൻപ് ഞാൻ അവളെ കണ്ടതാണ്.. സുദേവിന് വേണ്ടി ഞാൻ അവളുടെ വീട്ടിൽ പോവുകയും സംസാരിക്കുകയും ചെയ്തിരുന്നു.... സുദേവിന്റെ അച്ഛൻ തടഞ്ഞത് കൊണ്ട് മാത്രമാണ് നടക്കാതെ പോയത്.


"എന്താ ശാലിനീ... ഇവിടെ ? തെല്ല് ആശ്ചര്യത്തോടെ ഞാൻ തിരക്കി.


" ഡിവോഴ്സിന് വന്നതാണ്... ഇന്നാണ് ".. സാർ എന്താ ഇവിടെ? അവൾ തിരക്കി...


" അതു തന്നെ... എന്റെയല്ല... ദാ.. അയാളുടെ.. സുദേവിന് നേരെ കൈ ചൂണ്ടിക്കൊണ്ട് ഞാൻ പറഞ്ഞു. സുദേവ് നടന്നു കാറിലേക്ക് കയറുകയായിരുന്നു.


ശാലിനിയോട് ഞാൻ കാര്യങ്ങൾ തിരക്കി .


" വിവാഹം കഴിഞ്ഞിട്ട് ആറു വർഷമായി... ഞാൻ ഒരു അമ്മയാകാൻ അദ്ദേഹം അനുവദിക്കില്ല..."


" അതെന്താ ?"... എന്നിലെ ആകാംക്ഷ വർദ്ധിച്ചു.


" അത്..... അത്... ഞാൻ പ്രസവിച്ചാൽ എന്റെ സൗന്ദര്യം പോകുമെന്ന് അയാൾ... എന്റെ ഭക്ഷണം... ഡയറ്റ്.. ദിവസേനയുള്ള വർക്ക് ഔട്ട്... അയാൾ തീരുമാനിക്കുന്നതായിരിക്കണം... 

36--24--36 ( ആഴക് അളവ്) ഈ മാന്ത്രീക സംഖ്യ ഒരു മന്ത്രം പോലെ ചൊല്ലിക്കൊണ്ട് എന്റെ സ്വൈരം കെടുത്തുന്നു... ഈ നിജപ്പെടുത്തിയ എന്റെ ശരീര അളവുകളിൽ നിന്ന് ഒരിഞ്ച് അങ്ങോട്ടോ ഇങ്ങോട്ടോ കൂടാനോ കുറയാനോ അയാൾ സമ്മതിക്കില്ല... 

" കുട്ടിയല്ല എന്റെ ആവശ്യം... നിന്നെയാണ്.. നിന്റെ ജ്വലിക്കുന്ന സൗന്ദര്യമാണ് എനിക്ക് വേണ്ടത്... വേണ്ടാ.... നീ പ്രസവിക്കേണ്ട... ഞാൻ സമ്മതിക്കില്ല... നിർബന്ധമാണെങ്കിൽ ഒരു കുട്ടിയെ അഡോപ്റ്റ് ചെയ്യാം... "


ശാലിനിയുടെ ഭർത്താവിന്റെ വിചിത്രമായ പിടിവാശിക്കു മുൻപിൽ കീഴടങ്ങാൻ അവൾ തയ്യാറല്ലായിരുന്നു.


" ഒരു അമ്മയാകാനുള്ള എന്റെ അവകാശം... ഏത് സ്ത്രീയുടെയും സ്വപ്നമല്ലേയത്... അമ്മയാകുമ്പോഴല്ലേ അവൾ പൂർണ്ണ യാകുന്നത്... ആറ് വർഷങ്ങൾ ഞാൻ ക്ഷമയോടെ സഹിച്ചു….. ശ്രമിച്ചു നോക്കി... മാറ്റിയെടുക്കാൻ ശ്രമിച്ചു.. നിരാശയായിരുന്നു ഫലം. ഇന്ന് പിരിയുകയാണ്... അതാ ആ നിൽക്കുന്ന ആളാണ് "..


ദൂരെ മാറി ഒരു മരച്ചുവട്ടിൽ നിൽക്കുന്ന സുമുഖനായ ചെറുപ്പക്കാരനെ ചൂണ്ടിക്കാണിച്ചു കൊണ്ട് ശാലിനി പറഞ്ഞു.


കോടതിയിൽ നിന്നും തിരിച്ചു പോകുമ്പോൾ ഞാനായിരുന്നു ഡ്രൈവ് ചെയ്തിരുന്നത്... സുദേവ് ചിന്താമഗ്നനായി പുറത്തേക്ക് നോക്കിയിരുന്നു. എട്ടു വർഷത്തെ ദാമ്പത്യത്തിൽ വ്രണിത ഹ്രദയനായ പാവം.. ചങ്ങാതി.. ഞാൻ അവനോട് എന്തെങ്കിലും ചോദിക്കാൻ മടിച്ചു.


ഏതെല്ലാം തരത്തിലുള്ള ആളുകളാണ് ഈ ഭൂമിയിൽ... ഗർഭം ധരിക്കാനും പ്രസവിക്കാനും അമ്മയാകാനും ആഗ്രഹിക്കാത്ത സ്ത്രീ.... സൗന്ദര്യം നിലനിർത്താൻ വേണ്ടി പ്രകൃതി നിയമങ്ങളെ തടയിട്ട് നിർത്തി സൗന്ദര്യം കാത്തു സൂക്ഷിക്കാൻ ശ്രമിക്കുന്ന ഭാര്യ...


ഗർഭം ധരിക്കാനും പ്രസവിച്ച് അമ്മയാകാനും ആഗ്രഹിച്ചിട്ടും... അതിന് അനുവദിക്കാത്ത ഭർത്താവ്.. അവളുടെ ശരീര വടിവുകൾ നഷ്ടമാകാതിരിക്കാൻ.... കുട്ടികൾ വേണ്ടന്ന് വയ്ക്കുന്ന പുരുഷൻ.... 


കഷ്ടം... എന്തുകൊണ്ടാണിങ്ങനെ..

എന്നെപ്പോലെ സാധാരണക്കാരനായ ഒരാൾക്ക് ഇതെല്ലാം പുതുമയുള്ള അറിവുകളായിരുന്നു.


ഒരു മാസത്തിന് ശേഷം......


ശാലിനിയുടെ വീടിന് മുൻപിൽ വണ്ടി നിർത്തി...


" നീ ഇവിടെയിരിക്ക് ഞാൻ പോയി സംസാരിച്ചിട്ട് വരാം "... സുദേവ് കാറിൽ തന്നെ ഇരുന്നു.


" ശാലിനി.. നീ വിവാഹ ബന്ധം വേർപെടുത്തിയത്... അമ്മയാകാനുള്ള ആഗ്രഹത്തെയും അവകാശത്തെയും ഭർത്താവ് അനുവദിച്ചില്ല.... ഇറ്റ് വാസ് ക്വയറ്റ് സ്ട്രേൻജ്.... സുദേവും ഇതേ കാരണത്താലാണ് പിരിയാൻ തീരുമാനിച്ചത്... സംതിങ്ങ് മോർ ബിറ്റർ ദാൻ യുവേഴ്സ്... അയാളുടെ അച്ഛനാകാനുള്ള അടങ്ങാത്ത ആഗ്രഹം സാധിച്ചു കൊടുക്കാൻ ഭാര്യ തയ്യാറല്ലായിരുന്നു. രണ്ടും ഒരേ തൂവൽ പക്ഷികൾ....


" എന്നാപ്പിന്നെ ഞാൻ സുദേവിനെ ഇങ്ങോട്ട് വിളിക്കട്ടെ... പുറത്ത് കാറിൽ ഇരിപ്പുണ്ട്"....


തീരുമാനങ്ങൾ പെട്ടെന്നായിരുന്നു...


രജിസ്ട്രാഫിസിൽ വച്ച് സുദേവും ശാലിനിയും വിവാഹിതരായി....


" വിഷ് യു എ ഹാപ്പി മാര്യേഡ് ലൈഫ്" 

സുദേവിന്റേയും ശാലിനിയുടെയും കൈ പിടിച്ചു കൊണ്ട് ഞാൻ പറഞ്ഞു.... പോടാ... പോയി... പെറ്റ് പെരുക്....



" സുദേവേട്ടാ.... കൃഷ്ണേന്ദുവിന്റെ കോൺടാക്ട് നമ്പർ ഒന്നു തരുമോ?... ശാലിനി ചോദിച്ചു.


" ങ്‌ഹേ.. എന്തിനാ?... ഞെട്ടലോടെ സുദേവും ഞാനും ശാലിനിയെ തുറിച്ചു നോക്കി...


" ഹരിക്ക് കൊടുക്കാനായിരുന്നു... എന്റെ മുൻ ഭർത്താവ്... അവർ തമ്മിലാകുമ്പോൾ ചേരും... ചെയ്യാൻ പറ്റുന്ന ഉപകാരം ആർക്കാണെങ്കിലും ചെയ്ത് കൊടുക്കണമെന്ന് അച്ഛൻ പറയാറുണ്ട് "....


നല്ല മഴയും തണുപ്പുമുള്ള രാത്രിയായിരുന്നു ... വൈകുന്നേരം ആരംഭിച്ച മഴ തോരാതെ പെയ്തു കൊണ്ടിരുന്നു.... സുബിയെ ചേർത്ത് പിടിച്ച് കിടക്കുമ്പോൾ ഞാൻ പറഞ്ഞു.... " മഴ പെയ്ത് ഭൂമി നന്നായി തണുത്തിട്ടുണ്ട്... ഉഴുത് മറിച്ച് പാകപ്പെടുത്തിയ വയലിൽ ഇനി വിത്തെറിയാം..... സുദേവ് നൂറ് മേനി കൊയ്യാനായി.... ഇന്ന് വിത്ത് വിതയ്ക്കും ".....


" സുദേവ് എന്താ ഇനി കൃഷി ചെയ്യാൻ പോകുവാ "?.. നിങ്ങളെന്തായി പറേണെ... പുതപ്പിനുള്ളിൽ നിന്നും മുഖം ഉയർത്തിക്കൊണ്ട് സുബി ചോദിച്ചു....


"  ങ്‌ഹും ....ഒലക്ക... നീ കിടന്ന് ഉറങ്ങാൻ നോക്ക് "...


 അനന്തരം ദൈവം ആദമിനെയും ഹവ്വായേയും  തോട്ടത്തിൽ നിന്ന് പുറത്താക്കി.... പിന്നീട് അവൻ അവളെ പരിഗ്രഹിച്ചു.... അവൾ ഗർഭം ധരിച്ചു കായേനേ പ്രസവിച്ചു.


പുറത്ത് അപ്പോഴും മഴ തകർത്ത് പെയ്തു കൊണ്ടിരുന്നു........

     

2020, ഒക്‌ടോബർ 16, വെള്ളിയാഴ്‌ച

"ഔത കൊച്ചപ്പനും... എന്റെ ജീവിതവും"...സജി ജോസഫ്




രാതി വളർന്നുകൊണ്ടിരുന്നു, പുറത്ത് ഇരുട്ടിനു കനം വെച്ചും.....

നിദ്ര അനുഗ്രഹിക്കാതെ മെത്തയിൽ തിരിഞ്ഞും മറിഞ്ഞും കിടക്കുന്നത് കണ്ട്.. മേഴ്സി ചോദിച്ചു

" എന്താ ഫിലിപ്പ്.. ഉറങ്ങുന്നില്ലേ "...

ങ്ങ്ഹും...

ഓർമ്മകളുടെ വേലിയേറ്റത്തിൽ മുങ്ങിയും പൊങ്ങിയും മനസ്സ് ചാഞ്ചാടി ഉലയുകയാണ്...


മെല്ലെ എഴുന്നേറ്റ് ജ്യൂവൽ കിടക്കുന്ന മുറിയിലേക്ക് ചെന്ന്... ചാരിയിട്ട വാതിൽ ഒച്ചയുണ്ടാക്കാതെ തുറന്നു... അവൾ സുഖമായി ഉറങ്ങുകയാണ്... നാളെ അവളുടെ പതിനഞ്ചാമത്തെ ജന്മദിനം.... ജ്യൂവലിന്റെ ജന്മദിനവും.. എലിസബത്തിന്റെ ഓർമ്മദിവസവും!! അവൾ പോയിട്ട് പതിനഞ്ചു വർഷങ്ങൾ കടന്നുപോയി.

കട്ടിലിൽ ഇരുന്ന് പതുക്കെ അവളുടെ നെറ്റിയിൽ തലോടി.... ഉതിർന്നു വീണ കുറുനിരകൾ മുകളിലേക്ക് ഉയർത്തിവച്ചു. എലിസബത്തിന്റെ അതേ ഛായ... പാൽനിലാവ് പോലെ വഴിഞ്ഞൊഴുകുന്ന സൗമ്യമായ സൗന്ദര്യം.... അതേ മുഖശ്രീ....


മേശപ്പുറത്തിരിക്കുന്ന റൈറ്റിംഗ് പാഡിൽ കുത്തിക്കുറിച്ചിരുന്ന അവളുടെ പുതിയ കവിത... എടുത്ത് നോക്കി... " മൈ അൺ സീൻ മദർ " തന്റെ കാഴ്ചക്കപ്പുറത്തേക്ക് ചിറകടിച്ചു പറന്നകന്ന അവൾ കണ്ടിട്ടില്ലാത്ത അവളുടെ അമ്മയെക്കുറിച്ച്......


           My unseen mother


Living in the shadows of ambiguity

I probed for my white light

Which was confined years back

for the reason I was born


She shouldn't have been ample for me

For I was unseen for 9 months

She never squandered me in her hardships

She never blamed me in her strains


She still lives for me among the stars

As an unseen Angel gaurding me from the heavens

I realise that sadness can coexist with the certainty that the sacrifice was the best way for her  to be my mom forever


She carried me for 9 months 

And now I am carrying her in my heart for the rest of mine

For the space of motherhood goes beyond subjects and any societal labels


life doesn't come with the whole written manual it comes with an Angel of our own

To the unseen,but glorious To the unheard,but harmonious.


           Jewel Mary Philip


എലിസബത്തിന്റെ രൂപവും ഭാവവും മാത്രമല്ല... അവളിലെ വാസനകളും അതേപടി പകർന്നു കൊടുത്തിട്ടുണ്ട്. പിറന്നുവീണ അതേ നിമിഷത്തിൽ.. ജന്മം കൊടുത്തവളെ മരണം തന്റെ തണുത്ത കരങ്ങളാൽ പുണർന്നപ്പോൾ... അവൾ അറിഞ്ഞില്ല അവളുടെ നഷ്ടം.


എലിസബത്ത് ഓർമ്മയായിട്ട് നാളെ പതിനഞ്ച് വർഷം....എല്ലാ വർഷവും.. ഈയൊരു ദിവസത്തിൽ... ഞങ്ങൾ അമേരിക്കയിൽ നിന്നിവിടെയെത്തും... ജ്യൂവലും മേഴ്സിയും ഞാനും.... അവളുടെ ഓർമ്മകൾക്കു മുൻപിൽ കണ്ണീർപ്പൂക്കൾ അർപ്പിച്ച് മടങ്ങിപ്പോകും....


ഈ കിടന്നുറങ്ങുന്നത് എലിസബത്താണ് പതിനഞ്ച് വയസ്സുള്ള എലിസബത്ത് .. ഒരു ആൾമാറാട്ടത്തിലൂടെ അവൾ തന്റെ മുഴുവൻ ചേതനയും ഇവളിൽ സന്നിവേശിപ്പിച്ചു... എനിക്ക് വേണ്ടി..


ഫ്രിഡ്‌ജ് തുറന്നു ഒരു കുപ്പി തണുത്ത വെള്ളമെടുത്ത് മടുമടാ കുടിച്ചു, തണുത്ത ജലം ഗളനാളത്തിലൂടെ താഴെയ്ക്കിറങ്ങുമ്പോൾ പൊരി വെയിലിൽ നനുത്ത കാറ്റു പോലെ... സ്മൃതിയുടെ തിരശീലയിലേക്ക് പുനരാനയിക്കപ്പെടുന്ന പഴകി മാഞ്ഞ രൂപങ്ങൾ ഓരോന്നോരോന്നായി നിഴൽച്ചിത്രങ്ങളായി മാറിമറിയുന്നു...


പൂമുഖ വാതിൽ മെല്ലെത്തുറന്ന് പുറത്തിറങ്ങി..... കട്ടപിടിച്ച ഇരുട്ടിൽ മിന്നാമിന്നികളുടെ പ്രളയം... ആകാശം മൂടിക്കെട്ടി നിന്നു...  മനസ്സിന്റെ കടിഞ്ഞാൺ അഴിച്ചു വിട്ടു കൊണ്ട് ചാരു കസേരയിൽ അമർന്നിരുന്നു.....


ഈ നാട് വിട്ട് അമേരിക്കയിലെ ഇല്യ നോയിസിലെ ഷിക്കാഗോയിലേക്ക് ജീവിതം പറിച്ചു നട്ടിട്ട് ഇരുപത്തിരണ്ടു വർഷങ്ങൾ കടന്നുപോയിരിക്കുന്നു. എല്ലാം ഇന്നലെ കണ്ട സ്വപ്നം പോലെ... വിധി തന്നെക്കൊണ്ട് എത്രയെത്ര കോമാളി വേഷങ്ങൾ കെട്ടിയാടിച്ചു... തന്റെ ഇച്ഛാശക്തിയെ പൂർണ്ണമായും ബന്ധിച്ചിട്ട്... ഏതോ പാവകളിക്കാരന്റെ ഭാവനയ്ക്കനുസരിച്ച് നടിക്കുന്ന കളിപ്പാവയല്ലേ ഞാൻ... ജീവിതം തികച്ചും ഒരു നാടകം തന്നെ.... അതിൽ ഫിലിപ്പും.. മേഴ്സിയും... എലിസബത്തും... ഔതക്കൊച്ചപ്പനും അഭിനേതാക്കൾ മാത്രം.


" മേലേടത്ത് ഫിലിപ്പ് " എന്ന താൻ തന്നെയാണ് ഈ നാടകത്തിലെ നായകൻ.. പ്രതിനായക സ്ഥാനത്ത് വിധിയും... ഏതു കഥയിലുമെന്നപോലെ ആത്യന്തികമായ ജയം നായകനും പരാജയപ്പെടുന്നത് വില്ലനുമാണെങ്കിൽ... ഇതിൽ ജയം എന്റേതായിരുന്നോ...


ആയിരത്തിതൊള്ളായിരത്തി തൊണ്ണൂറുകളുടെ ബാല്യം... ഗ്രാമത്തിന്റെ ഹ്രദയ ഭാഗത്തുള്ള മൈതാനം, അതിന്റെ തെക്കേ മൂലയിൽ നിൽക്കുന്ന ഇലഞ്ഞിച്ചു വട്ടിൽ... സ്ഥലത്തെ വയസ്സൻമാരും, തൊഴിൽ രഹിതരായ അഭ്യസ്ഥവിദ്യരായ ചെറുപ്പക്കാരും.. മറ്റു ചില സാമൂഹ്യ വിരുദ്ധരും വെടി പറയാനും... നേരമ്പോക്കിന് വേണ്ടി ചീട്ടു കളിക്കാനും പതിവായി ഒത്തുകൂടാറുണ്ട് അവിടെ. അവിടുത്തെ സ്ഥിരം സന്ദർശകരിൽ ഞാനും ഉണ്ടാകാറുണ്ട്, വെറുതെ നാട്ടു വർത്തമാനം പറഞ്ഞ് നേരം കൊല്ലാൻ..


ചൂടേറിയ മീന മാസത്തിലെ ഒരു മധ്യാഹ്നം.. ഇലഞ്ഞിച്ചുവട്ടിൽ വട്ടമിട്ടിരുന്നു ചീട്ടുകളി നടന്നുകൊണ്ടിരിക്കുന്നു. കുറെ വയസ്സൻമാരുടെ കൂട്ടത്തിൽ ഞാനും.. തികച്ചും നിരുപദ്രവകരമായ ഒരു നേരമ്പോക്ക്..


പെട്ടെന്ന് പതിവില്ലാതെ ഒരു പോലീസ് ജീപ്പ് വരികയും ഞങ്ങളെ പിടിച്ച് ജീപ്പിൽ കയറ്റി സ്റ്റേഷനിലേക്ക് കൊണ്ടുപോയി... ഷർട്ടിടാത്ത വയസ്സൻമാരായിരുന്നു കൂടുതലും... ചിലരുടെ തോളിൽ തോർത്തു മുണ്ടുണ്ടായിരുന്നു.


ഓരോരുത്തരേയും എസ്.ഐ പരിചയപ്പെടുകയാണ്.. പീതാച്ചി എന്നു വിളിക്കുന്ന പീതൻ ചോവൻ...കന്നുകാലി ദല്ലാളായ ഇട്ടൻ പിള്ള... വില്ലൻ കുട്ടപ്പൻ... പോത്തു വെട്ടുകാരൻ ജോയിച്ചേട്ടൻ... അങ്ങനെ പലരും, അവസാനം എന്റെ ഊഴമെത്തി... കൂട്ടത്തിൽ പയ്യൻ.

" എന്താടാ കുനിഞ്ഞു നിൽക്കുന്നേ.. കൂട്ടത്തിൽ ശിശുവാണല്ലോ?.. ന്താ നിന്റെ പേര്?.. എസ്.ഐ ഒന്നു വിരട്ടി.

" ഫിലിപ്പ് "

" എത്ര വയസ്സുണ്ട്? " നിനക്കും പണിയൊന്നുമില്ലേ?.. എസ്.ഐ ചോദിച്ചു.

" ഇരുപത്തിയാറ് വയസ്സ്... പറയത്തക്ക പണിയൊന്നുമില്ല സാറേ.. പാരലൽ കോളേജുകളിൽ പഠിപ്പിക്കുന്നുണ്ട്.. ഇപ്പോ അവധിക്കാലമല്ലേ... ഇനി പത്താം ക്ലാസ്സുകാരുടെ റിസൾട്ട് വരണം എന്നാലെ പണിയുള്ളൂ"..

" അതു ശരി.. അപ്പോ നീ മാഷാണല്ലേ?".. എസ്. ഐ പരിഹാസച്ചിരിയോടെ എന്റെ അരികിലേക്ക് വന്നു.. 


 " നീ ഗ്രാജുവേറ്റാണോ?"


"പോസ്റ്റ് ഗ്രാജുവേറ്റാണ്".


" ഏതു സബ്ജക്ടിൽ?"...


" ഇംഗ്ലീഷ് സാഹിത്യം.. മലയാളം സാഹിത്യം... ഇക്കണോമിക്സ്"..


" ട്രിപ്പിൾ എം.എ.?"... 


വിശ്വാസം വരാത്തതു പോലെ അയാൾ എന്നെ തുറിച്ചു നോക്കി..


" യെസ് സാർ"..


" കോൺസ്റ്റബിൾ... ഇയാളെ ഒഴിച്ച് ബാക്കിയെല്ലാവരേയും പറഞ്ഞ് വിട്ടേക്കൂ... അവിടെ പണം വച്ച് ചീട്ടു കളിക്കുന്നുണ്ടെന്ന് ഒരു റോങ്ങ് ഇൻഫർമേഷൻ കിട്ടിയതു കൊണ്ടാണ് നിങ്ങളെ തേടി വന്നത്.."


എന്നെ മാത്രമായി എന്തു ചെയ്യാനാണ് പോലും... തെല്ലു ഭയത്തോടെ... അതിലേറെ ചളിപ്പോടെ ഞാൻ ഒരു മൂലയിലേക്ക് മാറി നിന്നു , ഇതുവരെ ഒരു പോലീസ് സ്റ്റേഷന്റേയും ഉൾവശം കണ്ടിട്ടില്ല.. ആദ്യമായിട്ടാണ്...


എസ്.ഐ തിരികെ വന്നു...


" വാടോ ചോദിക്കട്ടെ... തന്റെ മുഴുവൻ പേരെന്താ?"...


" ഫിലിപ്പ് കെ.ജോസഫ്"


" വീട്ടുപേരോ "?


" മേലേടത്ത് "..


" മേലേടം പെട്രോൾ പമ്പ് ഒക്കെയുള്ള...


" കസിനാണ് "


" നിന്റെ പേരന്റ്സ് ഒക്കെ?"


" ചാച്ചൻ മരിച്ചു പോയി... അമ്മയും.. എന്റെ താഴെ മൂന്ന് പെങ്ങൻമാരും.. ഒരു അനിയനും "...


" അതു ശരി..കൊള്ളാവുന്ന കുടുംബക്കാരനാണല്ലോ... തനിക്ക് നാണമില്ലേടോ.. ഈ കണ്ട പോത്തു വെട്ടുകാരന്റേം... കന്നാലി കച്ചവടക്കാരന്റേം ഒക്കെ കൂടെയിരുന്ന് ചീട്ടുകളിക്കാനും ചളുവാ പറയാനും,. ".. അയാൾ ശകാരിക്കും പോലെ പറഞ്ഞു.


" സാറേ .. അവരെല്ലാം ഈ ചുറ്റുവട്ടത്തിൽ ഉള്ളവരാണ്... എന്റെ ബാല്യം മുതൽ അറിയുന്നവർ.. ഗ്രാമീണരായ നാട്ടുകാർ.. നിരുപദ്രവകാരികൾ"...


" താൻ നല്ല ജോലിക്കൊന്നും ശ്രമിക്കുന്നില്ലേ?".. ഇത്രയും ക്വാളിഫൈഡായ താൻ ഇങ്ങനെയൊന്നും നടന്ന് സമയം കളയരുത്"..


" ജോലിക്ക് ഒക്കെ ശ്രമിക്കുന്നുണ്ട് സാർ... കിട്ടണ്ടേ?.. എല്ലായിടത്തും പിൻവാതിൽ നിയമനങ്ങളല്ലേ.. ലക്ഷങ്ങൾ കൊടുക്കണം..എന്റെ കയ്യിൽ അതില്ല... കുടുംബ പേര് മാത്രമേ ഇപ്പോള്ളൂ.. അമ്മയും നാല് സഹോദരങ്ങളും അടങ്ങുന്ന ഒരു വലിയ കുടുംബത്തിന്റെ മുഴുവൻ ഉത്തരവാദിത്തങ്ങളും എനിക്കുണ്ട്... എല്ലാവരും പഠിക്കുന്നു... വിവാഹ പ്രായമായി ക്കൊണ്ടിരിക്കുന്ന സഹോദരിമാർ... കട ബാധ്യതകൾ... എല്ലാവരുടെയും പ്രതീക്ഷ എന്നിലാണ്. ഈ വക സമ്മർദ്ധങ്ങളിൽ നിന്ന് അൽപ്പം മോചനത്തിന് വേണ്ടിയാണ് ഞാൻ ഇവരുടെ കൂടെയൊക്കെ കൂടുന്നത് ".


നിസ്സഹായത നിഴലിടുന്ന എന്റെ മുഖത്തേക്ക് അയാൾ ഒരു പോലീസുകാരന്റെ ഭാവാദികളൊന്നുമില്ലാതെ ദയനീയമായി നോക്കി...


പോലീസ് സ്റ്റേഷനിൽ നിന്നുമിറങ്ങി വീട്ടിലേക്ക് നടക്കുമ്പോൾ.... ഉത്തരം കിട്ടാത്ത ഒരു പിടി ചോദ്യങ്ങൾ, ശിശിരകാലത്തിൽ വൃക്ഷങ്ങൾ ഇല പൊഴിക്കുമ്പോലെ... എന്റെ ഉൾപ്പൂവുകളിൽ പൊഴിഞ്ഞു വീണു. മരങ്ങൾ ശിശിരത്തിൽ ഇല പൊഴിക്കുന്നത് പ്രകൃതി നിയമം... പക്ഷേ തന്റെ മനസ്സിലെ സ്വപ്നങ്ങൾ കൊഴിയുന്നതിന് ഋതുക്കളില്ല... അതു കൊഴിഞ്ഞു കൊണ്ടേയിരുന്നു.


എം.എസി കഴിഞ്ഞ നീനയും തന്നോടൊപ്പം പാരലൽ കോളേജുകളും ട്യൂഷൻ ക്ലാസ്സുകളും.. പി എസ്സി ടെസ്റ്റുമൊക്കെയായി നടക്കുന്നു... ടീനയെ ബി എസി നഴ്സിങ്ങിന് വിടാൻ വേണ്ടി വീടും സ്ഥലവും ബാങ്കിന് പണയപെടുത്തി.. ചാർട്ടേർഡ് അക്കൗണ്ടന്റ് ആകണമെന്നുള്ള മോഹത്തോടെ നീതു ബി.കോമിന് പഠിക്കുന്നു. ജോക്കുട്ടൻ പത്താം ക്ലാസ്സിലും...

നീനയെക്കുറിച്ച് അമ്മയ്ക്കും എനിക്കും ഉൽക്കണ്ടയുണ്ട്... അലക്സുമായുള്ള വിവാഹം അവൾ സ്വപ്നം കാണുന്നുണ്ട്.


" എടാ ... അലക്സിന്റെ അപ്പൻ രണ്ടു മൂന്ന് പ്രാവശ്യമായിട്ട് പള്ളിയിൽ വച്ച് കണ്ടപ്പോഴൊക്കെ എന്നോട് ചോദിക്കുന്നുണ്ട്.. എപ്പോഴാ.. എങ്ങിനെയാ.. എന്നൊക്കെ.. ഞാനെന്തു മറുപടി പറയാനാ " അമ്മ ഓർമ്മിപ്പിച്ചു.


സണ്ടേ സ്ക്കൂൾ ക്ലാസ്സ് മുതൽ തുടങ്ങിയ ഇഷ്ടമാണ് നീനയും അലക്സും തമ്മിൽ...


" മേലേടത്തെ പെണ്ണായതു കൊണ്ട് മാത്രമാ ഞാൻ സമ്മതിക്കുന്നെ... പഴയ പ്രതാപമൊന്നുമില്ലെങ്കിലും തറവാടികളാണല്ലോ.... എന്ന് വെച്ച് വെറുതെയൊന്നും എന്റെ ചെറുക്കൻ പെണ്ണിനെ കെട്ടുകേല കേട്ടോ... നാട്ടുനടപ്പ് അനുസരിച്ച് കാര്യങ്ങൾ മൊറ പോലെ തന്നെ നടക്കണം... സ്നേഹോം പ്രേമോം ഒക്കെ ശരി തന്നെ "... അവസാനം കണ്ടപ്പോൾ അലക്സിന്റെ അപ്പൻ പറഞ്ഞതാ ,


എന്തെങ്കിലും മറുപടി അയാൾക്ക് കൊടുക്കണം....അവളുടെ വിവാഹം നടത്തണം. രണ്ടു മനസ്സുകൾ തമ്മിൽ അടുത്താലും അത് ഒന്നിക്കണമെന്നില്ല, അതിനു നടുവിലും പണം വില്ലനായി എത്തുന്നു.


മഹാമേരു പോലെ മുന്നിൽ ഉയർന്നു നിൽക്കുന്ന ഈ പ്രശ്നങ്ങൾ ഒക്കെ പരിഹരിക്കണമെങ്കിൽ പണം വേണം, ഒരു ചെറിയ ജോലി കിട്ടിയതു കൊണ്ടൊന്നും ഒന്നിനും പരിഹാരമാവില്ല... പിന്നെന്ത്?..


" നമ്മുടെ ഭാവിയോ? അതേക്കുറിച്ച് ഇയാൾ ചിന്തിച്ചിട്ടുണ്ടോ? ഞാനും നീനയും ഒരു പ്രായമാ "... ചെവിയിൽ പിടിച്ച് ഒരു കിഴുക്ക് തന്നുകൊണ്ട് എബിസബത്ത് ഒരിക്കൽ പറഞ്ഞു.


" എലിസാ... നിന്റെ അപ്പൻ വർക്കി എനിക്ക് എന്ത് സ്ത്രീധനം തരും?.. ചിരിയോടെ ഞാൻ ചോദിച്ചു.


പെട്ടെന്നവളുടെ മുഖത്തെ പ്രകാശം മങ്ങുന്നതും കാറും കോളും നിറയുന്നതും കണ്ടു. വിദൂരതയിലേക്ക് നോട്ടമെറിഞ്ഞ അവളുടെ കൺകോണുകളിൽ ഉറവ പൊടിഞ്ഞ് നനവ് പടരുന്നതും... കൈലേസ്കൊണ്ട് അവൾ അത് മറയ്ക്കാൻ ശ്രമിച്ചു.


" അയ്യേ.. ഞാൻ വെറുതെ പറഞ്ഞതല്ലേ പെണ്ണേ... നീയത് കാര്യമാക്കിയോ?..


" ഉള്ളിൽ തിങ്ങി നിറയുന്ന വികാരങ്ങൾ ചിലപ്പോൾ നമ്മൾ അറിയാതെ തന്നെ വാക്കുകളായി പുറത്തേക്ക് വരും.. മനപ്പൂർവ്വമല്ലെങ്കിലും..അത് തെറ്റല്ല.. ഫിലിപ്പോച്ചാ.. പാട്ടത്തിന് ഭൂമിയെടുത്ത് കൃഷി നടത്തി ഉപജീവനം നടത്തിയും നാലു പെൺ മക്കളെ പഠിപ്പിച്ചും ജീവിതം ഉന്തിയും തള്ളിയും വിടുന്ന വർക്കിയുടെ ഇളയ മകൾക്ക് ഒരുപാട് മോഹങ്ങളൊന്നുമില്ല. പക്ഷേ... ശരീരത്തിന്റെ ഓരോ അണുവിലും . പ്രാണധാരയിരിക്കുന്നതു പോലെ... ജീവിതത്തിന്റെ ഓരോ അംശത്തിലും സമർപ്പിതമായി സൂക്ഷിക്കുന്ന ഒരൊറ്റ മോഹമേയുള്ളൂ... അത് നിങ്ങളാണ്"....


പറഞ്ഞവസാനിപ്പിച്ചപ്പോൾ അവൾ വിതുമ്പിപ്പോയി...


" പോയ വാരത്തെ വീക്ക്ലിയിൽ വന്ന നിന്റെ ആ കവിത ഒന്നു ചൊല്ലിക്കേ.. " ദർപ്പണം "... പ്രക്ഷുബ്ദമായിരുന്ന അവളുടെ മനസ്സിനെ ഒന്നു മയപ്പെടുത്താനെന്നോണം ഞാൻ പറഞ്ഞു... വിതുമ്പി നിന്ന അവളുടെ സ്നിഗ്ദ്ധമായ കപോലങ്ങളിൽ മെല്ലെ തട്ടിക്കൊണ്ട് ഞാൻ പറഞ്ഞു.


" എന്റെ ഭാരങ്ങൾ ഒന്ന് ഇറക്കി വയ്ക്കുന്നത് നിന്റെ സാമീപ്യം അനുഭവിക്കുമ്പോഴാണ് എലീസാ... നാളിതുവരെയും ഞാൻ മറിച്ചൊന്നും ചിന്തിച്ചിട്ടില്ല "..


ഒരു നിമിഷാർദ്ധത്തിലെ മൗനം ഭം ഞ്ജിച്ചു കൊണ്ട് എലിസബത്ത് എന്റെ കരം കവർന്നുകൊണ്ട് ചിരിക്കാൻ നടത്തിയ വിഫലശ്രമം പരാജയപ്പെട്ടു... കവിൾത്തടങ്ങളിലേക്ക് ഒലിച്ചിറങ്ങിയ കണ്ണീർ തുള്ളികളിൽ... പോക്കുവെയിലിന്റെ പൊൻ പ്രഭകൾ തട്ടി തലോടിയപ്പോൾ... നിഷ്ക്കളങ്കമായ ആ സൗന്ദര്യം കൗതുകത്തോടെ ഞാൻ നോക്കി നിന്നു. ഹ്രദയവീണയുടെ മൃദുലതന്ത്രികളിൽ... പ്രണയാതുരമാക്കുന്ന സപ്തസ്വരങ്ങളുടെ മാന്ത്രിക ധ്വനി ഉണർന്നു.


സാമ്പത്തീക തകർച്ചയ്ക്ക് ശേഷം ഒന്നുമില്ലാതായതോടെ... ബന്ധുമിത്രാദികളുടെ കാര്യമായ സഹകരണങ്ങളോ... വരത്തു പോക്കുകളോ ഇല്ല. അയിത്തം കൽപ്പിച്ച് മാറ്റി നിർത്തപ്പെട്ട ഒരു ഏകാന്തതയുടെ തുരുത്തിലായിരുന്നു.


വീട്ടിൽ വിരുന്നെത്തുന്ന ഏക ബന്ധു  " ഔത കൊച്ചപ്പനായിരുന്നു."..


' ചേട്ടത്തി അനിയത്തി മക്കളും ചേമ്പിലയിലെ വെള്ളവും ' എന്ന നാടൻ ചൊല്ലിന് അപവാദമായിരുന്നു ഔത കൊച്ചപ്പൻ...നല്ല കാലത്തും മോശം കാലത്തും ഒരു പോലെ വീട്ടിലെത്തിയിരുന്ന ഏക ബന്ധു.

കൂട്ടത്തിലും കുടുംബത്തിലും പാവപ്പെട്ടവനായിരുന്നതു കൊണ്ടായിരിക്കാം, മുഖം മൂടികൾ ഇല്ലാതിരുന്ന പാവം മനുഷ്യൻ... '... ദരിദ്രനുമായിരുന്നതു കൊണ്ട് മനുഷത്വം നഷ്ടപ്പെടാതിരുന്ന വീട്ടുകാരൻ... അന്നന്നത്തേക്ക് ചരതിച്ചുണ്ടാക്കുന്ന പച്ച മനുഷ്യൻ... ഏതു പണിയും ചെയ്യും... സൈഡ് ബിസ്സിനസ്സായി കല്യാണ ദല്ലാളുമാകാറുണ്ട്.


" തുമ്പും തുരാലും.. ഒന്നൂല്ല, ഒരു കഥയില്ലാത്തവൻ "... ഔതക്കൊച്ചപ്പനെക്കുറിച്ച് എന്റെ അപ്പൻ പറയുമായിരുന്നു.


" എടാ അവതേ.. ആ കിഴക്കേ മൂലയ്ക്ക് നിൽക്കണ വരിക്കപ്ലാവേന്ന് ഒരു ചക്കയിട്ടു കൊണ്ടുവാ... വൈകുന്നേരം പുഴുക്കിന് എടുക്കാം "...


ഔത കൊച്ചപ്പൻ വന്നാലുടൻ അമ്മ ഉടനെ എന്തെങ്കിലും പണി ഏൽപ്പിക്കും.


" ദേ.. റെഡിയല്ലേ... ഇപ്പ കൊണ്ടോ രാം"... തോട്ടിയിൽ അരിവാൾ വെച്ചുകെട്ടി ചക്കയിട്ട് മുറിച്ച് ഒരുക്കി കൊടുക്കും... തൊടിയിലുള്ള തേങ്ങായും മാങ്ങായുമൊക്കെയായി പുള്ളിക്കാരനവിടെ കൂടും. വർത്തമാനം പറഞ്ഞാലും പറഞ്ഞാലും അവസാനിക്കില്ല. കസേരയിൽ ഇരിക്കുകയാണെങ്കിൽ കാലുകൾ പഴയ ലൈലാന്റു വണ്ടിയുടെ ഗിയർ ലിവർ വിറയ്ക്കുന്നതു പോലെ വിറച്ചു കൊണ്ടിരിക്കും.... അല്ലെങ്കിൽ തുടയിൽ ചൊറിഞ്ഞു കൊണ്ടിരിക്കും..." ചേട്ത്തി അറിഞ്ഞോ മ്മടെ വക്കന്റെ മകൾടെ മകൾടെ കല്യാണാ... ചെറ്ക്കൻ ഇഞ്ചിനീർ ആണെന്നാ കേട്ടത് "...


ഔത കൊച്ചപ്പനെ ഞങ്ങൾക്ക് എല്ലാവർക്കും ഇഷ്ടായിരുന്നു.  വന്നാലുടൻ ഞങ്ങൾ വട്ടം കൂടുമായിരുന്നു കഥയില്ലാക്കഥ കേൾക്കാൻ...


" ചേട്ടൻ മരിച്ചേപ്പിന്നെ ഇവിടെ വരുമ്പം ഒരു വെഷമാ... ചേട്ടനുള്ളപ്പോൾ അവതേ... അവതേ.. ന്നും വിളിച്ച് ഓരോന്നു പറഞ്ഞു കൊണ്ടിരിക്കും ".. അപ്പനെ ഔത കൊച്ചപ്പന് വലിയ ബഹുമാനമായിരുന്നു.


പല കല്യാണ ഇടപാടുകളും ഔത കൊച്ചപ്പൻ നടത്തിയിട്ടുണ്ട്. കമ്മീഷൻ കാശ് കിട്ടുന്നതു കൊണ്ടും ശാരീരീക അദ്ധ്വാനമൊന്നും ഇല്ലാത്തതിനാലും... നാവ് കൊണ്ട് ചെയ്യുന്ന കസർത്ത്കളിൽ  താത്പര്യമുള്ളതിനാലും ദല്ലാള് പണിയിൽ ഔതക്കൊച്ചപ്പൻ കോൺസൻട്രേറ്റ് ചെയ്തു.


" എന്നതാടാ... ഇങ്ങനെ പലതിന്റേയും പിറകെ നടന്നാൽ വല്ലപ്പോഴും ഒരെണ്ണം കൊളുത്തിയാലായി... കൊളുത്തിക്കിട്ടിയാ കോളാ.. നല്ല പാർട്ടിയാണെങ്കി നല്ല തൊക ഒക്കും "

ചോദിച്ചാൽ ഔത കൊച്ചപ്പൻ പറയും.


" നിനക്ക് പണീം വേലേം ഒന്നും ആയില്ലേടാ പിലിപ്പേ .. ഈ അങ്ങേയറ്റത്തെ കോക്കിരി സായിപ്പിന്റെ പഠിപ്പിനൊന്നും പോകാതെ.. നിനക്ക് വല്ലോ പട്ടാളത്തിലോ പോലീസിലോ ചേർന്നാ മതിയാർന്നു... ഇപ്പോ ഒരു ജോലി ആയേനെ.. നിനക്ക് അതിനൊള്ള പേഷ്ണാലിറ്റി ഒക്കെ ഒണ്ടാർന്ന്... ഈ എളേത്തങ്ങള് പെൺപിള്ളേരുടെ കാര്യം ഓർക്കുമ്പഴാ വെഷമം.. ദേ എടുത്തോ പിടിച്ചോന്ന് പറഞ്ഞ് പെമ്പിള്ളേര് വളർന്നു കേറി വരിയേലെ... വെടിമരുന്ന് മടീൽ ക്കൊണ്ട് നടക്കുന്നത് പോലയാ ഇപ്പളത്തെക്കാലത്ത് പെമ്പിള്ളേര് വീട്ടിൽ നിന്നാ " .ഔത കൊച്ചപ്പൻ ഉള്ള കാര്യം പറഞ്ഞു.


ശരിയായിരുന്നുവെന്ന് ഞാനും ചിന്തിക്കാറുണ്ട്... പട്ടാളത്തിൽ ചേർന്നിരുന്നെങ്കിൽ നന്നായിരുന്നുവെന്ന്...


അൻമ്പത് നോമ്പ് വീടുന്നതിന്റെ തലേ മാസത്തിലായിരുന്നു ആ പ്രാവശ്യം ഔതക്കൊച്ചപ്പൻ വന്നത്.


അമ്മ കിടക്കുന്നതിന്റെ അടുത്ത കട്ടിലിൽ ഔത കൊച്ചപ്പൻ ഇരിപ്പുണ്ട്.. മറ്റുള്ളവരെല്ലാം ചുറ്റുമിരുന്ന് കൊച്ചപ്പന്റെ നാട്ടുവിശേഷങ്ങൾ കേട്ടുകൊണ്ടിരിക്കുന്നു.


" നീ എന്നാ വരാൻ താമസിച്ചേ.. വെശന്നിട്ടാണേ വയറു കത്തുവാ... നീ വന്നിട്ട് ആവട്ടെയെന്ന് ചേട്ത്തീം പെമ്പിള്ളേരും " ഔത കൊച്ചപ്പൻ നിഷ്ക്കളങ്കമായി പരിതപിച്ചു.


" ഔത കൊച്ചപ്പൻ എപ്പഴാ വന്നത്.. എന്തൊക്കയാ പുതിയ വിശേഷങ്ങൾ.. പുതിയ " കടി " വല്ലതും വീണോ? ഞാൻ കളിയാക്കി ചോദിച്ചു.


" ഓ..... എന്നാ പറയാ നാടാ.. തൊട്ഴ (തൊടുപുഴ) പുതിയ ബസ് സ്റ്റാൻഡിന്റെ പണി നടക്കുവല്ലേ . അതിനകത്ത് ഒരു മുറക്കാൻ കട തല്ലി കൂട്ടിയായിരുന്നു, അവിടെ പണിയുന്നവർക്ക്.. ബീഡിം.. മുറുക്കാനും.. ഷോഡായും... നാരങ്ങാ വെള്ളോം ഒക്കെയായി .. അരിക്കാശ് ഒക്കും..

പിന്നെ ഒരു " മലങ്കോള് " വന്നുപെട്ടിട്ടുണ്ട് .. നടന്നെങ്കി കൊറച്ച് കാശ് തടഞ്ഞേനെ... ഒരു അമേരിക്കക്കാരി നഴ്സ്... രണ്ടാം കെട്ടാ... കെട്ടിയോൻ ചത്തുപോയി... രണ്ടു ചെറിയ പെൺകുട്ടികളും ഉണ്ട്... മുപ്പത്തിയഞ്ച് വയസ്സുണ്ട്.. ഇട്ടു മൂടാൻ സ്വത്തും പണോം ണ്ട്.. ചെറക്കനെ ഒടനെ തന്നെ അമേരിക്കേലേക്ക് കൊണ്ടുപോവേം ചെയ്യും.

കടുത്തുരുത്തീല് ഒരു രണ്ടാം കെട്ടുകാരൻ ചെറക്കൻ നിപ്പൊണ്ട്... അതൊന്ന് തപ്പാനിറങ്ങീതാ... ഔത ക്കൊച്ചപ്പൻ വിവരം തന്നു.


" ങ്ങ് ഹാ... എന്നിട്ട് ചെറുക്കനെ കണ്ടോ?..


" ഇല്ലെന്നേ.. നാളെ അങ്ങോട്ട് ഒന്നു പോണം... പെണ്ണ് തൊട്ഴെ പാലക്കുന്നേൽ വക്കച്ചന്റെ മകളാ... കൺട്രാക്ടറെ... സർക്കാര് കൺട്രാക്റ്... നീ കേട്ടു കാണും... പൂത്ത കാശ് കാരനാ... ഹൈറേഞ്ചിൽ ഏക്കറ് കണക്കിന് തോട്ടോം മറ്റുമുണ്ട്... രണ്ടു പെണ്ണും ഒരാണുമാ... ഇത് മൂത്തവളാ..."



" കാക്കകളെ നോക്കുവിൻ, അവ വിതയ്ക്കുന്നില്ല... കൊയ്യുന്നില്ലാ..., കളപ്പുരകളിൽ ശേഖരിക്കുന്നില്ലാ...എന്നിട്ടും ദൈവം അവയെ പോറ്റുന്നു... നിങ്ങൾ നാളയെക്കുറിച്ച് വിചാരപ്പെടരുത്... വിചാരപ്പെടുന്നത് കൊണ്ട് നിങ്ങളുടെ തലയിലെ ഒരു മുടി വെളുപ്പിക്കാനോ കറുപ്പിക്കാനോ നിങ്ങൾക്ക് കഴിയില്ല.. നിങ്ങൾ പാമ്പിനെ പ്പോലെ ബുദ്ധിയുള്ളവരും... പ്രാവിനെപ്പോലെ നിഷ്ക്കളങ്കരും ആയിരിപ്പിൻ ".. കഴിഞ്ഞ ഞായറാഴ്ച പള്ളിയിൽ കേട്ട പ്രസംഗം... ഉറങ്ങാൻ കിടന്ന എന്റെ സ്മൃതി മണ്ഡലത്തിൽ ഓടിയെത്തി.. ആകുല ചിന്തകളാൽ കനം തൂങ്ങുന്ന മനസ്സിനെ അലസമായി അഴിച്ച് വിട്ട്... കണ്ണുകളടച്ചു.


എന്റെ ഉപബോധ മനസ്സിന്റെ ദർപ്പണങ്ങളിൽ... അവ്യക്തമായ നിഴൽ രൂപങ്ങൾ മങ്ങിയും തെളിഞ്ഞും നിന്നു.


" അമേരിക്കക്കാരി നേഴ്സാ.. രണ്ടാം കെട്ടാ.. കാശുകാരാ... ചെറുക്കനേം കൊണ്ടുപോകും "... ഗാഢമായ എന്റെ നിദ്രയിൽ ഒരു അശ്ശിരീരി പോലെ... ഔത കൊച്ചപ്പന്റെ ശബ്ദം...


പുലർച്ചെ, അടുക്കളയിൽ നിന്ന് ഔത കൊച്ചപ്പന്റെ ഉറക്കെയുള്ള സംസാരം കേൾക്കുന്നുണ്ട്... അമ്മയോടാണ്... തനിയെ കട്ടൻ ചായ തിളപ്പിച്ച് കുടിച്ചു കൊണ്ട് എന്തൊക്കയൊ പറയുന്നുണ്ട്.


ഞാനും പതിയെ എഴുന്നേറ്റ് മുഖം കഴുകി അടുക്കളയിലേക്ക് ചെന്നു.


" ങ് ഹാ... നീ എണീറ്റോ.. ഞാൻ ഇറങ്ങാൻ തൊടങ്ങുവാർന്നു. രാവിലെ കടുത്തുരീത്തിച്ചെന്ന് ആ ചെറുക്കനെ കാണണം... കൊളുത്തിയ നല്ല ഒരു കോളാ "..

കത്രീനേടെ... മാല പണയം വച്ചത് എടുത്ത് കൊടുക്കാൻ പറഞ്ഞ് അവള് ചെവി തല തരണില്ല.. അതൊന്ന് എടുത്ത് കൊടുക്കണം" ഔത കൊച്ചപ്പൻ വിഷമങ്ങൾ ഓരോന്നായി പറഞ്ഞു.


" നീ വല്ലതും കഴിച്ചേച്ച് പോയാ മതീടാ അവതേ".. അമ്മ പറഞ്ഞു.


" ഹേയ് കഴിക്കാനൊന്നും നിക്കണില്ല ചേട്ത്തി... കടുത്തുരുത്തീ പോയി ചെറ്ക്കനേം കണ്ട്... പിടീന്ന് തൊട്ഴ (തൊടുപുഴ) എത്തണം "..


ഔത കൊച്ചപ്പൻപോയതു മുതൽ.. ഏതോ ചിന്തകളാൽ മനസ്സ്  ഉത്ക്കണ്ട നിറഞ്ഞതായി മാറി... ആകാശത്ത് ഒരു പുതിയ നക്ഷത്രം ഉദിച്ചതു കണ്ടെത്താൻ ശ്രമിക്കുന്നതു പോലെ..


ഔത കൊച്ചപ്പൻപറഞ്ഞ അമേരിക്കക്കാരി രണ്ടാം കെട്ടുകാരിയായ നേഴ്സിലേക്ക് എന്റെ ചിന്തകൾ ചെന്നെത്തി.... മുങ്ങിമരിക്കാൻ തുടങ്ങുന്നവൻ ഒരു കച്ചിത്തുരുമ്പ് കാണുന്നത് പോലെ.. ഛേയ്.. ന്താ ഇപ്പെ ഇങ്ങനെ തോന്നാൻ.... മനസ്സിൽ അനുവാദമില്ലാതെ കയറിക്കൂടിയ ചിന്തകളെ ഇറക്കിവിടാൻ ശ്രമിച്ചു കൊണ്ട് കുളിക്കാൻ കയറി...

" നിങ്ങൾ പാമ്പിനെപ്പോലെ ബുദ്ധിയുള്ളവരും... പ്രാവിനെപ്പോലെ നിഷ്ക്കളങ്കരും ആയിരിപ്പീൻ "...


ഹ്രദയത്തിൽ നിന്ന് ആരോ പറയുകയാണ്.. ആന്നേവരെ തോന്നാത്തതെന്തോ... ആരോ പറഞ്ഞു തരുന്നത് പോലെ.. മനസ്സിന്റെ ഏകാഗ്രത നഷ്ട്ടമാകുന്നു. പുതിയ അതുവരെ കാണാത്ത രൂപമില്ലാത്ത ചിത്രങ്ങൾ തെളിഞ്ഞു വരുന്നു....എന്തൊക്കയാണ് താൻ ചിന്തിക്കുന്നത്... ഒരിക്കലും നടക്കാത്ത കാര്യങ്ങൾ .. അന്തരാളങ്ങളിലെവിടെയോ സ്വാർത്ഥതയുടെ ഉറവ പൊട്ടുന്നു... സ്വപ്നങ്ങൾ മാറ്റി വെച്ച് ഉദ്ധതമായ മനസ്സ് അതിന്റെ പ്രായോഗിക തലങ്ങളിലേക്ക് കടന്നുകയറ്റം നടത്തുന്നു. തടയാൻ ശ്രമിക്കുന്നെങ്കിലും... സ്ഥൂലവും... തീവ്രവും.. ധൈഷണികവുമായ ചില തീരുമാനങ്ങൾ സ്വകീയത കൈവരിച്ചു കൊണ്ട്... ബുദ്ധി മണ്ഡലങ്ങളിൽ രാസ പ്രവൃത്തനം  നടത്തുന്നു....


"ഇച്ചായനെന്താ പറ്റിയേ?... വല്ലാതിരിക്കുന്നല്ലോ?.. നീനയും, നീതുവും ചോദിച്ചു.


ഒന്നുമില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറി.. അന്നത്തെ ദിവസം ഒരു വിധത്തിൽ തള്ളിനീക്കി.


അന്നു  ഞാൻ എന്റെ മനസ്സാക്ഷിയേയും.... എന്നിലെ മൃദുല വികാരങ്ങളേയും കശാപ്പ് ചെയ്ത രാത്രിയായിരുന്നു... ട്രീപ്പീസ് കളിക്കാരനായ ഒരു തെരുവ് അഭ്യാസിയെപ്പോലെ...  വിശപ്പടക്കാൻ…. എന്ന ലക്ഷ്യം മാത്രം.. "ആവശ്യക്കാരൻ ഔചിത്യബോധം വെടിയും"..


എന്നിലെ അകത്തെ മനുഷ്യൻ മരിച്ചു....


തൊടുപുഴ ബസ് സ്റ്റാൻഡിൽ ഇറങ്ങി, ഔത കൊച്ചപ്പന്റെ മുറുക്കാൻ കട കണ്ടുപിടിച്ചു. ബീഡിയും മുറുക്കാനും നാരങ്ങാ വെള്ളത്തിനുള്ള സാമിഗ്രികളായ മൺകുടത്തിൽ വെള്ളവും... നീല നിറത്തിലുള്ള ഒരു പ്ലാസ്റ്റിക്ക് ബെയ്സനിൽ മൂന്ന് നാല് കുപ്പി ഗ്ലാസ്സുകളും നാരങ്ങാ ഞെക്കിയും.. പഞ്ചസാരയും ഉപ്പും ഇട്ട് വച്ചിരിക്കുന്ന രണ്ട് പ്ലാസ്റ്റിക് കുപ്പികൾ.. പിന്നെ രണ്ടു മൂന്ന് മിഠായി ഭരണികൾ.. ഇത്രയൊക്കെയെ അതിനകത്ത് ഉണ്ടായിരുന്നുള്ളൂ..


" നീ എങ്ങോട്ടെങ്കിലും പോണ വഴിയാണോ?..അതോ ഇങ്ങോട്ടായിട്ട് തന്നെ വന്നതോ?.. എന്നെ കണ്ട അന്ധാളിപ്പോടെ ഔത കൊച്ചപ്പൻ തിരക്കി.


" ഞാൻ ഇങ്ങോട്ട് തന്നെ വന്നതാ "


" എന്നാ പറ്റീടാ... ഞാൻ ഇന്നലെയല്ലേ അവിടെ വന്നേച്ച് പോന്നത് "...


" ഷോഡാ ഒരെണ്ണം എടുക്കട്ടെ.. ഒരു വട്ട് സോഡായുടെ കുപ്പിയെടുത്ത് മുകളിലെ വട്ട്  തള്ളവിരൽ കൊണ്ട് താഴേയ്ക്ക് തള്ളി സോഡാ പൊട്ടിച്ചു... കുപ്പി ഭരണിയുടെ അടപ്പ് തുറന്ന് രണ്ടു മൂന്ന് കപ്പിലണ്ടി മിഠായിയും എടുത്ത് തന്നു. ഹ്രദയത്തിൽ ഒരു വിങ്ങൽ തോന്നി.. നിഷ്ക്കളങ്കനായ ആ പാവപ്പെട്ട മനുഷ്യന്റെ ആഥിത്യമര്യാദ കണ്ട്...


" എന്നാടാ പിലിപ്പേ നീ വന്ന കാര്യം?..


" ഒന്നൂല്ല.. വെറുതെ ഇവിടെ വരെ ഒന്നു വരണമെന്ന് തോന്നി" സോഡാ കുടിച്ചു കൊണ്ട് ഞാൻ പറഞ്ഞു.


" ഇന്നലെ കടുത്തുരുത്തിയിൽച്ചെന്ന് ചെറുക്കനെ കണ്ടോ?.. താത്പര്യത്തോടെ ഞാൻ ചോദിച്ചു.


" ഓ കണ്ടു കണ്ടു... അതു ശരിയാകിയേല... കാട്ടുമാക്കനെ പോലൊരുത്തൻ.. കണ്ടാ പേടിയാവും... കാര്യം അവനും രണ്ടാം കെട്ടാ... പക്ഷ ഇവർക്ക് പിടിക്കിയേല. കണ്ടാ.. ഒരു ഇതൊക്കെ വേണ്ടേ.."


" എന്നാ നിന്റെ കൈയ്യീ വല്ലോരുമുണ്ടോ?.. നടന്നാ.. കമ്മീഷനായി ഒരു തൊക തടയും"..


" ഞാൻ ആയാലോ!!!!!!


അപ്രതീക്ഷിതമായ എന്റെ ചോദ്യം കേട്ട് ഔത കൊച്ചപ്പൻ ഒന്നു പകച്ചു.. പല്ലു മുഴുവൻ പുറത്ത് കാണിച്ചു കൊണ്ട് പുള്ളിക്കാരൻ ചിരിച്ചു.


" ഞാൻ കാര്യമായിട്ട് പറഞ്ഞതാ... അതിന് വേണ്ടിയാ ഞാൻ വന്നത് തന്നെ"..


ബീഡിക്കെട്ടിൽനിന്ന് ഒരു തെറുപ്പ് ബീഡി വലിച്ചെടുത്ത് കടിച്ചു പിടിച്ചു.. തീപ്പെട്ടി ഉരച്ച് ബീഡി കത്തിച്ചു ഇരുത്തി ഒന്നു വലിച്ചു... ചുണ്ട് വക്രിപ്പിച്ച് ആദ്യ പുക ഊതി വിട്ടു കൊണ്ട്.. ഔത കൊച്ചപ്പൻ എന്നെ തുറിച്ച് നോക്കി...


" പറ്റ്വോ"?... ഞാൻ ഗൗരവത്തിൽ തന്നെ ചോദിച്ചു.


"നീ ഒള്ളതാ പറയണേ"?..


"കൊച്ചപ്പാ.. ഞാൻ ഒരു പാട് ആലോചിച്ചതിന് ശേഷമാണ് വന്നിരിക്കുന്നത്... ഔത കൊച്ചപ്പനറിയാല്ലോ എന്റെ പ്രാരാബ്ദങ്ങൾ.. മൂന്ന് പെങ്ങൻമാരും.. അനിയനും താഴേ.. കിടപ്പാടം ബാങ്കിന് പണയം.. വേറെയും ബാധ്യതകൾ... ഒരു ജോലി കിട്ടിയിട്ട് ഈ ഉത്തരവാദിത്തങ്ങൾ ഒക്കെ ഞാൻ എന്നു തീർക്കും?.. എന്റെ മുന്നിൽ ഒരു വഴിയും കാണുന്നില്ല.".. ശബ്ദം തൊണ്ടയിൽ ഇടറിയപ്പോൾ ഞാൻ നിർത്തി.


"എടാ.. അതിന് നിനക്ക് ഇരുപത്താറ് വയസ്സല്ലേയുള്ളൂ... ആ പെണ്ണിന് മുപ്പത്തിയഞ്ച് വയസ്സുണ്ട്.. കൂടാതെ പത്തും ഏഴും വയസ്സുള്ള രണ്ടു പെൺകുട്ടികളും.. അമ്മേം... മോനും പോലെയാവില്ലേ?... തന്നേയല്ല.. ഇനി പെണ്ണ് സമ്മതിച്ചെന്നിരിക്കട്ടെ.. വീട്ടിൽ ചേട്ത്തീം... പെമ്പിള്ളേരും സമ്മതിക്ക്വോ?... നാട്ടുകാരും വീട്ടുകാരും ഇടവകക്കാരും ഒക്കെ അറിഞ്ഞാൽ കൊറച്ചിലല്ലേ"? 


ഭയചകിതമായിരുന്നു ഔത കൊച്ചപ്പന്റെ മുഖം .



" അതൊന്നും ഔത കൊച്ചപ്പൻ കാര്യമാക്കേണ്ട.. ഞാൻ നോക്കിക്കൊള്ളാം... കൊച്ചപ്പൻ ഒരു കാര്യം ചെയ്താൽ മതി, ഈ കാര്യം പെണ്ണിന്റെ വീട്ടിൽ പറഞ്ഞ് നോക്ക്.. പ്രായവ്യത്യാസവും, നമ്മൾ തമ്മിലുള്ള ബന്ധവും സ്വന്തവും ഒന്നും പറയരുത്.. പെണ്ണിനെ കാണാനുള്ള ഒരു അവസരം എനിക്ക് ഉണ്ടാക്കിത്താ.. ബാക്കിയൊക്കെ ഞാൻ ചെയ്തോളാം"...


" അപ്പോ നീ തീരുമാനിച്ചുറപ്പിച്ചു തന്നയാ"...


സംഗതി കാര്യമാണെന്ന് ഔത കൊച്ചപ്പന് മനസ്സിലായി.


" നീ പറേണത് ഒക്കെ കാര്യാ.. നിന്നെ അവർക്ക് ഇഷ്ടപ്പെടുകേം ചെയ്യും.. പക്ഷേ... അതു വേണോടാ"?... കൊച്ചപ്പൻ അർദ്ധ ശങ്കയോടെ നോക്കി നിന്നു .


"വേണം" ഉറച്ചതായിരുന്നു എന്റെ ശബ്ദം...


" ഞാൻ എന്നാ ഇപ്പോ തന്നെ കട അടച്ചേച്ച് അവിടം വരെ ഒന്നു പോകാം... 


" ഔത കൊച്ചപ്പൻ പെണ്ണിനെ കണ്ടിട്ടുണ്ടോ?"..


" പെണ്ണിനെ ഞാൻ ഇതുവരെ കണ്ടിട്ടില്ല ... എടയ്ക്ക് നിക്കണ വേറൊരു ഇടക്കാരൻ കണ്ടിട്ടുണ്ട്... പാല് പോലത്തെ പെണ്ണാണന്നാ അവൻ പറഞ്ഞത്. അവക്കടെ അമ്മേനെ ഞാൻ കണ്ടിട്ടൊണ്ട്.. ബഹു സുന്ദരിയാ... അവരുടെയല്ലേ മകള്... മോശം വരില്ല... പിന്നെ രണ്ട് പെറ്റതല്ലേ…. അതിന്റെ ഒടവു കാണും.." എന്തായാലും ഞാൻ ചെല്ലട്ടെ... നീ ഇപ്പോ പൊയ്ക്കോ... ഞാൻ വൈകുന്നേരം അങ്ങോട്ട് വിളിക്കാം... ങ്ഹാ... പോകുമ്പം കുരിശ് പള്ളിക്കേറി മാതാവിന് ഒരു തിരി കത്തിച്ചേച്ചും പോകാം"...


ഔത കൊച്ചപ്പൻ പെട്ടിക്കട അടച്ചു.


തിരികെ വീട്ടിലേക്കുള്ള ബസ്സിലിരിക്കുമ്പോൾ... എന്തെന്നില്ലാത്ത മനസ്സാക്ഷിക്കുത്തും കുറ്റബോധവും മനസ്സിനെ തിക്കു മുട്ടിക്കുന്നു. ഇതെങ്ങാനും നടന്നാൽ... എലിസബത്ത് ജീവിച്ചിരിക്കുമോ.. അവൾക്കെന്തെങ്കിലും സംഭവിച്ചാൽ...


ഉൾത്തടത്തിൽ സമഗ്രമായ വ്യതിയാനങ്ങൾ സംഭവിക്കുന്നത് ഞാൻ അനുഭവിച്ചു.... വീട്ടിൽ തിരിച്ചെത്തിയിട്ടും മൗനിയായിരുന്നു, വാക്കുകൾ പുറത്തേക്ക് വരുന്നില്ല.. അകക്കണ്ണുകൾക്ക് തിമിരം ബാധിച്ചു കഴിഞ്ഞു... കഴിഞ്ഞതെല്ലാം ഓർമ്മയിൽ നിന്നു മാഞ്ഞു പോകുന്നു... ഇന്നലെ മുതൽ ഉള്ള കാര്യങ്ങളെ ഓർക്കുന്നുള്ളൂ... അല്ലെങ്കിൽ ഓർക്കാൻ ശ്രമിക്കുന്നുള്ളൂ...


അന്നു രാത്രിയിൽ ഔത കൊച്ചപ്പന്റെ ഫോൺ വിളികളൊന്നും വന്നില്ല... വിപരീത ഫലമായതു കൊണ്ടാണോ വിളിക്കാതിരുന്നത്....


പിറ്റേന്ന് രാവിലെ ഔത കൊച്ചപ്പന്റെ ഫോൺ വന്നു. എപ്പോഴാണ് നീ വരുന്നത്... അവർ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്..... നാളെ തന്നെ ആവാം എന്നു മറുപടി കൊടുക്കാൻ പറഞ്ഞു.


ഔപചാരികമായ ഒരു പെണ്ണുകാണലിന് വേണ്ടി മനസ്സുകൊണ്ട് തയ്യാറായി.. ആരും അറിയാതെ നടത്തുന്ന ജീവിതത്തിലെ ആദ്യ അനുഭവം...


അതിരാവിലെ ഉണർന്നു കുളി കഴിഞ്ഞു, തലേന്ന് ഇസ്തിരിയിട്ട് വെച്ചിരുന്ന പാന്റും ഷർട്ടും ധരിച്ചു കണ്ണാടിക്കു മുൻപിൽ തിരിഞ്ഞും മറിഞ്ഞും ചരിഞ്ഞും നിന്ന് നോക്കി തന്റെ യോഗ്യത ഉറപ്പ് വരുത്തി...


ഇത്ര രാവിലെ എങ്ങോട്ടാണെന്ന ചോദ്യത്തിന് , ഒരു ഇന്റെർവ്യൂ ഉണ്ടെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങി, പറഞ്ഞതിൽ തെറ്റൊന്നുമില്ല... ഇൻന്റെർവ്യൂ തന്നെ!!!


ഔത കൊച്ചപ്പൻ ബസ് സ്റ്റാൻഡിൽ കാത്തു നിൽപ്പുണ്ടായിരുന്നു.


" ഒരു കാലിച്ചായ കുടിച്ച് ഒന്ന് ഉഷാറാകാം" കൊച്ചപ്പൻ പറഞ്ഞു.


" എടാ... ഞാൻ കാര്യങ്ങളൊക്കെ തൊടും തൊടാതെയും അവതരിപ്പിച്ചിട്ടുണ്ട്..".. സമപ്രായമാണെന്നാ ഞാൻ തന്തയോട് പറഞ്ഞേക്കണത്.. രണ്ടാം കെട്ട് നിനക്ക് കൊഴപ്പം ഇല്ലെന്നും പറഞ്ഞിട്ടുണ്ട്.. പെണ്ണിന്റെ മുൻപിൽ നിന്നെയെത്തിക്കാം... പിന്നെ നിന്റെ മിടുക്ക് പോലിരിക്കും... എന്നെ തല്ലുകൊള്ളിക്കല്ല്... " ചായ ഊതിക്കുടിച്ചു കൊണ്ട് ഔത കൊച്ചപ്പൻ പറഞ്ഞു.


ബസ് സ്റ്റാൻഡിൽ നിന്നും ഒരു ഓട്ടോ പിടിച്ചു, പാലക്കുന്നേൽ വക്കച്ചൻ കോൺട്രാക്ടറുടെ വീട്ടിലേക്ക്... ഹ്രദയം പട പടാന്ന് മിടിക്കുന്നു... സംഭരിച്ചു വെച്ചിരുന്ന ധൈര്യം ചോർന്ന് പോകുന്നത് പോലെ.. തീരുമാനിച്ചുറപ്പിച്ച് കരുതി വച്ചിരുന്ന ചോദ്യോത്തരങ്ങൾ ഒക്കെ മറന്നു പോയതു പോലെ... പരീക്ഷ ഹാളിലേക്ക് കയറുന്നതിന് തൊട്ടു മുൻപുള്ള ബെൽ കേൾക്കുമ്പോൾ ഉണ്ടാകുന്ന അതേ വെപ്രാളം...


" നീ എന്നാ ഒരു മാതിരി ഇഞ്ചി തിന്ന കൊരങ്ങിനെപ്പോലെയിരിക്കുന്നത് ". എന്റെ മുഖഭാവം ശ്രദ്ധിച്ചിട്ടാകണം ഔത കൊച്ചപ്പൻ നീരസപ്പെട്ടു.


കൂറ്റൻ ഇരുമ്പ് ഗെയിറ്റിന് മുൻപിൽ ഓട്ടോ നിന്നു. രാജ കൊട്ടാരം പോലെ തോന്നിക്കുന്ന ബംഗ്ലാവ്.  മുൻപിൽ കരിങ്കല്ല് പാകിയ അതി വിശാലമായ മുറ്റം .. മുറ്റത്ത് തലങ്ങും വിലങ്ങുമായി കിടക്കുന്ന കോടികൾ വിലമതിക്കുന്ന പ്രീമിയം കാറുകൾ.. പല ബ്രാൻഡിൽ... ശ്രദ്ധയോടെ ഗെയിറ്റ് തുറന്ന് ഞങ്ങൾ അകത്ത് കയറി.. ഇരുമ്പ് കൂടുകൾക്ക് അകത്ത് കാളകൂറ്റൻമാരെ പോലെയുള്ള നാലഞ്ച് നായ്ക്കൾ.. ഞങ്ങളെ കണ്ട് ഭ്രാന്തമായി കുരച്ചു. മനസ്സിന്റെ ഭയവും ജാള്യതയും മറനീക്കി പുറത്തു വരുന്നു...


വിശാലമായ പൂമുഖം... പ്രധാന വാതിലിന് മുകളിലായി സ്‌റ്റഫ് ചെയ്ത് വെച്ചിരിക്കുന്ന കലമാന്റെ തലയും കൊമ്പുകളും.


ജുബ്ബയും മുണ്ടും ധരിച്ച പ്രൗഡ ഗാംഭീര്യമുള്ള അതികായനായ ഒരു മനുഷ്യൻ ചാരു കസേരയിൽ നിന്ന് എഴുന്നേറ്റ് മുന്നോട്ട് വരുന്നു.


" വക്കച്ചൻ മൊതലാളി.. നെന്റെ അമ്മായി അപ്പൻ".. ഔത കൊച്ചപ്പൻ ശബ്ദം താഴ്ത്തി പറഞ്ഞു .


" വരണം വരണം.". അയാൾ ഞങ്ങളെ സ്വീകരിച്ചു...


ഞാനും ഔത കൊച്ചപ്പനും പൂമുഖത്തേക്ക് കയറി... ഔത കൊച്ചപ്പൻ മുണ്ടഴിച്ചിട്ട് ഭവ്യതയോടെ കൈകൂപ്പി... വീടിനുള്ളിൽ നിന്നും ആരൊക്കയോ പിന്നെയും പുറത്തേക്കിറങ്ങി വന്നു. കണ്ണുകളിൽ ഇരുട്ടു കയറുന്നത് പോലെ... മൂത്രമൊഴിക്കാൻ തോന്നുന്നു...


" ഇരിക്കൂ... ഞങ്ങൾ രണ്ടാളും ഇരുന്നു.


" ഇത് പിലിപ്പ്... ചെറുക്കൻ..." ഔത കൊച്ചപ്പൻ പരിചയപ്പെടുത്തി.


" ഫിലിപ്പ് ...പിറവത്താ വീട് അല്ലേ?.. എനിക്കറിയാം... പിറവം ഒക്കെ.


" അവിടെ" മേലേടത്ത് "എന്നു പറയും വീട്ട് പേര്... നല്ല തറവാട്ടുകാരാ... പെട്രോൾ പമ്പും... ഓട്ട് കമ്പനീം... സിനിമാ കൊട്ട കേം ഒക്കെ ഇവരുടെ ആൾക്കാരടെയാ... ഇവർക്ക് ഇപ്പം കൊറച്ച് ക്ഷീണമാണെന്ന് മാത്രം... ഇവൻ അങ്ങേയറ്റം പഠിപ്പ് ഒക്കെ കഴിഞ്ഞു നിക്ക്വാ."..   ഔത ക്കൊച്ചപ്പൻ എന്നെ പുകഴ്ത്തിപ്പാടി.


വക്കച്ചൻ മുതലാളി എന്നെ അളന്ന് കുറിച്ച് നോക്കി കാണുകയാണ്... അയാളുടെ മുഖത്തേക്ക് നോക്കാൻ എനിക്ക് ഭയം തോന്നി... ചുണ്ടിന് മുകളിലെ കനത്ത നരച്ച മീശ... കഷണ്ടി തെളിഞ്ഞ നെറ്റിത്തടം.. ബലിഷ്ഠമായ രോമാവൃതമായ കൈത്തണ്ട... കുറുകിയ കണ്ണുകളും കൂട്ടു പുരികവും... ഒരു ദാർഷ്ട്യക്കാരനായ മുതലാളിയുടെ എല്ലാ ഭാവാദികളും ഒത്തിണങ്ങിയ മനുഷ്യൻ.. പക്ഷേ അയാളുടെ മാന്യമായ പെരുമാറ്റവും സംസാരവും എന്നിലെ പിരിമുറുക്കത്തിന് തെല്ല് അയവ് വരുത്തി .. വലിഞ്ഞ് മുറുകിയിരുന്ന മുഖത്തെ മാംസപേശികൾ... മെല്ലെ അയഞ്ഞു.


" വരൂ നമുക്ക് അകത്തോട്ടിരിക്കാം "..


സ്വീകരണ മുറിയിലെ പതുപതുത്ത സോഫായിൽ ഇരിക്കുമ്പോൾ ... ഒരു തരം അപകർഷതാ ബോധം തോന്നി.. ഒരു കച്ചവടം അതിന് വേണ്ടിയല്ലേ ഞാൻ വന്നിരിക്കുന്നത്... അതു മാത്രമല്ലേ തന്റെ ലക്ഷ്യം...


" ഔത ഏറെ ക്കുറെ കാര്യങ്ങൾ ഒക്കെ പറഞ്ഞിരുന്നു.. ഇത്രയും വിദ്യാഭ്യാസം നേടിയിട്ടും ഇതുവരെ കാര്യമായ ജോലിയൊന്നും ആയില്ല അല്ലേ?... നമ്മുടെ നാടിന്റെ ഒരു അവസ്ഥയെ..."


" ശ്രമിക്കുന്നുണ്ട്".. ഞാൻ പറഞ്ഞു.


" ഇവിടുത്തെ കാര്യങ്ങളെക്കുറിച്ച് ഒക്കെ അറിഞ്ഞിട്ടുണ്ടല്ലോ അല്ലേ?.. എന്നിട്ടും ഫിലിപ്പിനെ ഇതിന് പ്രേരിപ്പിക്കുന്ന ഘടകം എന്താണെന്ന് മനസ്സിലാകുന്നുണ്ട് ".. വക്കച്ചൻ മുതലാളി ചെറുതായിട്ട് ഒന്നു കുത്തി.


പ്രൗഡ യായ ഒരു സ്ത്രീ ട്രേയിൽ കുടിക്കുവാനുള്ള ചായയുമായി ഇറങ്ങി വന്നു.. ട്രേ ഞങ്ങളുടെ മുൻപിൽ വച്ച്... വക്കച്ചൻ മുതലാളിയുടെ അടുത്തായിട്ട് ഇരുന്നു.


" ഇത് മേരിയമ്മ.. എന്റെ ഭാര്യ.. മേഴ്സീടെ  അമ്മ" അവരെ പരിചയപ്പെടുത്തി. ചുവന്നുതുടുത്ത സുന്ദരിക്കുട്ടികളായ രണ്ടു ചെറിയ പെൺകുട്ടികൾ വന്ന് മേരിയമ്മയുടെ അരികിലായി നിന്നു.


" മേഴ്സീടെ മക്കളാ "...


" മോന്റെ വീട്ടിൽ ആരൊക്കയുണ്ട്?.. മേരിയമ്മ ചോദിച്ചു.

 മറുപടി വിശദമായി പറഞ്ഞു കഴിഞ്ഞപ്പോൾ.. വക്കച്ചൻ മുതലാളി ഇടയ്ക്ക് കയറി ചോദിച്ചു...


"ഫിലിപ്പിന് എത്ര വയസ്സുണ്ട്"?.. 


ഞാൻ ഒന്നു പരുങ്ങണത് കണ്ട്.. ഔത കൊച്ചപ്പൻ ഇടയ്ക്ക് കയറി..


" പ്രായം സമാ സമാ... ഞാൻ പറഞ്ഞാരുന്നല്ലോ "...


അത്ര വിശ്വാസം വരാത്തത് പോലെ  മുതലാളി എന്നെ നോക്കി.


" പക്ഷേ പറയില്ല.. തീരെ പയ്യൻ" മേരിയമ്മ ചിരിച്ചു.


" അത് ഇവര് പിന്നെ... പാരമ്പര്യമായിട്ടങ്ങനാ.. വയസ്സ് പറയില്ല" ഔത കൊച്ചപ്പൻ കൃത്യമായി ഗോളടിച്ചു.


" മേഴ്സി മോളേ .. ഇങ്ങോട്ട് വന്നേ.. മേരിയമ്മ അകത്തോട്ട് നോക്കി വിളിച്ചു.


മേഴ്സി പുറത്തേക്കിറങി വന്നു മേരിയമ്മയുടെയും കുട്ടികളുടെയും അടുത്തായി സോഫയിൽ ഇരുന്നു.. എന്നെ നോക്കി പുഞ്ചിരിച്ചു.


വെളുത്ത് തുടുത്ത് ചെറുതായി തടിച്ച് അത്ര ഉയരമില്ലാത്ത ഒരു പെൺകുട്ടി. തോളറ്റം വരെ ക്രോപ്പ് ചെയ്തിട്ടിരിക്കുന്ന സിൽക്ക് പോലത്തെ മുടി ഒരു ഹെയർ ബാൻഡ് വെച്ച് ഒതുക്കിയിട്ടുണ്ട്. കഴുത്തിൽ നൂൽ പോലത്തെ ഒരു ചെയിനും.. കാതിൽ ചെറിയ രണ്ടു കമ്മലുകളും... മുഖത്ത് പരിഭ്രമമോ.. ആകാംക്ഷയോ... ഒന്നും ഞാൻ കണ്ടില്ല.. തികച്ചും ശാന്തമായ മുഖം.. ചുണ്ടിൽ വിടർന്ന നേരിയ പുഞ്ചിരി മാത്രം.. ശരീരത്തോട് ഇറുകി ചേർന്ന് കിടന്ന ചുവന്ന ചുരിദാറിൽ കഴുത്തിലൂടെ വളച്ചിട്ടിരുന്ന ഷാൾ കൊണ്ട് മാറ് മറച്ചിരുന്നു. ഒറ്റ നോട്ടത്തിൽ ഒരു തരം മാദകത്വം മുത്തമിട്ടു നിൽക്കുന്ന  കുലീന ഭാവം. മുഖത്ത് തികഞ്ഞ പക്വത.. ഒരു പെണ്ണുകാണലിന്റെ യാതൊരു ഔപചാരികതയും ഇല്ലായിരുന്നു ആ മുഖത്ത്....


" അവർ തമ്മിൽ ആദ്യം സംസാരിക്കട്ടെ.. എന്നിട്ട് ആവാം.. പരസ്പരം ഇഷ്ട പ്പെട്ടെങ്കിൽ മതിയല്ലോ മുന്നോട്ട്".. വക്കച്ചൻ മുതലാളി അഭിപ്രായപ്പെട്ടു.


ഔത കൊച്ചപ്പൻ ഇരുകാലുകളും വിറപ്പിച്ചു കൊണ്ട് നിർവ്വികാരനായി ഇരിക്കുകയാണ്.


മേഴ്സി എഴുന്നേറ്റ് അകത്തേക്ക് പോയി.


" ഫിലിപ്പ് ചെല്ലൂ... സംസാരിക്ക് " മേരിയമ്മ പറഞ്ഞു.


മേഴ്സിയുടെ പിന്നാലെ ഞാൻ മുറിയ്ക്കുള്ളിലേക്ക് കടന്നു.


" ഇരിക്കൂ".. എന്നെ അടിമുടി നോക്കി കൊണ്ട് അവൾ പറഞ്ഞു. അവളും ഇരുന്നു.


" ഫിലിപ്പ് എന്നല്ലേ പേര്"? തുടക്കം അവൾ തന്നെയിട്ടു.


" അതേ.. മേഴ്സി അല്ലേ"?.. ഞാനും ഔപചാരികത വിടാതെ ചോദിച്ചു.


" ഐ ഹേർഡ്.. യു ആർ എ ടീച്ചർ ബൈ പ്രൊഫഷൻ?.. മേഴ്സി ചോദിച്ചു.


നോ.. ദാറ്റീസ് ഒൺലി ഫോർ ടൈം ബിയിങ്... ഞാൻ പറഞ്ഞു.


"ജോലി ഒന്നും ക്യത്യമായി ആയിട്ടില്ല"..


"സീ.. ജോലിയും വ്യക്തമായ ഇൻകം സോഴ്സും ഒന്നുമില്ലാതെ വിവാഹം ചെയ്താൽ എങ്ങനെ ജീവിക്കും"?


അങ്ങനെ ഒരു ചോദ്യം ഞാൻ പ്രതീക്ഷിച്ചതല്ല... ഞാൻ ചെറിയതായി പതറുന്നതവൾ അറിഞ്ഞിട്ടാവാം.. സിറ്റുവേഷൻ മയപ്പെടുത്തനായി അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു... ഒ.കെ... ലീവ് ഇറ്റ്...


പക്ഷേ... എന്റെ വ്യക്തിത്വം.. ചോദ്യം ചെയ്യപ്പെട്ടില്ലേ... അവളുടെ മുൻപിൽ എന്റെ അഭിമാനം തല കുനിച്ചില്ലേ... തീർച്ചയായും... "നീ... നിസ്സഹായനായ ഒരു അഭിമാനിയാണ്"... ഇവിടെ നീ തലകുനിച്ചേ മതിയാകൂ".. ഉള്ളിൽ നിന്നും ആരോ പറയുന്നത് പോലെ.


" സോറി വിഷമമായോ "?... അവൾ ചിരിച്ചു.


" യെസ്.. ഓഫ് കോഴ്സ്.... ഐ ഹർട്ട ട്.. ബട്ട് ഡസിൻറ്റ് മേറ്റർ ബിക്കോസ്... ഇങ്ങനെയൊരു പ്രൊപ്പോസലിന് ഞാൻ ഇൻട്രസ്റ്റഡ് ആകണമെങ്കിൽ അതിനു പിന്നിലുള്ള ഫാക്ടർ മേഴ്സി ക്ക് ചിന്തിക്കാവുന്നുതെയുള്ളൂ ".. ഞാൻ എന്റെ പതർച്ചയിൽ നിന്നു ശക്തമായി തിരിച്ചു വന്നുകൊണ്ട് മറുപടി കൊടുത്തു.


" വെൽ... യു സെഡ് ഇറ്റ്... അപ്രീഷിയേറ്റ് യുവർ ഫ്രാങ്ക്നസ്.. ആൻഡ് യു ആർ സോ ബോൾഡ് ".. മേഴ്സിക്ക് കാര്യം മനസ്സിലായി


" ഹസ്ബൻന്റ് എങ്ങിനെയായിരുന്നു മരിച്ചത്"?...


" ഇറ്റ് വാസ് ആൻ ആക്സിഡന്റ്... ഫിനീഷ്ഡ് ഓൺ ദി സ്പോട്ട്...നന്നായി മദ്യപിച്ചിട്ടുണ്ടായിരുന്നു... വൺ ആൻറ്റ് ഹാഫ് ഇയേർസ് ബാക്ക്... അയാം എ വിഡോ വിത്ത് റ്റു കിഡ്സ്".


ഇംഗ്ലീഷും മലയാളവും കൂട്ടിക്കലർത്തിയുള്ള മേഴ്സിയുടെ സംസാരം ഇരുത്തം വന്ന ഒരു സ്ത്രീയുടെ ശബ്ദമായിരുന്നു.


" അയാം ഇൻ തേർട്ടീ ഫൈവ്.. വാട്ട് എബൗട്ട് യു ഫിലിപ്പ്?..


" ഇരുപത്തിയേഴ് ".. ഒട്ടും പതറാതെ ഞാൻ പറഞ്ഞു.


" ക്വയറ്റ് ഫണ്ണീ... എയിറ്റ് ഇയേഴ്സ് യം ഗർ ദാൻ മി ".. മേഴ്സി ഉറക്കെ ചിരിച്ചു.


" അത് അറിഞ്ഞു കൊണ്ടാണ് ഞാൻ വന്നത് ".. ഞാൻ പറഞ്ഞു


" അപ്പോൾ എന്റെ പണവും.. അമേരിക്കയിലേക്കുള്ള ഒരു എൻട്രിയും മാത്രമാണ് ഫിലിപ്പിന്റെ ലക്ഷ്യം "..  അല്ലാതെ എന്നെയല്ല... എന്നെ ചുഴിഞ്ഞു നോക്കിക്കൊണ്ട് അവൾ ചോദിച്ചു.


" ബി ഫ്രാങ്ക്... പ്രഥമ ആവശ്യം തീർച്ചയായും അതു തന്നെയാണ് മേഴ്സി... മറച്ചു വയ്ക്കുന്നില്ല. പക്ഷേ... ഞാനും ഒരു മനുഷ്യനാണ്... സ്നേഹിക്കാനും... സ്നേഹിക്കപ്പെടാനും... പങ്കു വയ്ക്കാനും... ഒക്കെ മനസ്സുള്ള സാധാരണ ഒരു മനുഷ്യൻ... അല്ലാതെ വെറും ഒരു കച്ചവടക്കാരൻ മാത്രമല്ല.. മേഴ്സിയേയും കുട്ടികളേയും സ്നേഹിക്കാനും സംരക്ഷിക്കാനും എനിക്ക് കഴിയും "... ശക്തമായ എന്റെ വാക്കുകൾക്കു മുൻപിൽ അവൾ തെല്ലു നേരം നിശബ്ദയായിരുന്നു.


" ഒരു വലിയ കുടുംബത്തിന്റെ മുഴുവൻ ഭാരവും ഉത്തരവാദിത്തങ്ങളും പേറുന്ന ഒരു ചെറുപ്പക്കാരനാണ് ഞാൻ.. എന്നിലെ നിസ്സഹായനായ മനുഷ്യനാണ് എന്നെ മേഴ്സിയുടെ മുന്നിൽ എത്തിച്ചത്... നിസ്സഹായത... അതു മാത്രമാണ്... അല്ലാതെ... അത്യാഗ്രഹമല്ല."...


അപ്പോഴത്തെ അവളുടെ നോട്ടത്തിൽ സഹതാപത്തിന്റെ ബഹിർസ്ഫുരണങ്ങൾ ഉണ്ടായിരുന്നു.


" ഞാൻ നിങ്ങളുടെ സത്യസന്ധമായ തുറന്നു പറച്ചിലിനെ ബഹുമാനിക്കുന്നു.. ഫിലിപ്പ്.. നിസ്സഹായനായ ഒരു ചെറുപ്പക്കാരന്റെ മുഴുവൻ വ്യഥകളും ഞാൻ ആ വാക്കുകളിൽ കാണുന്നുണ്ട്.".. ഫിലിപ്പിന്റെ വീട്ടിൽ കാര്യങ്ങൾ പറഞ്ഞിട്ടുണ്ടോ?.."


" ഇതുവരെ പറഞ്ഞിട്ടില്ല... പ്രൊപ്പോസൽ മുന്നോട്ട് പോകുന്നെങ്കിൽ മാത്രം പറഞ്ഞാൽ മതിയല്ലോ".. മേഴ്സിയാണ് തീരുമാനിക്കേണ്ടത്"..


" അതേ... ഞാനാണ്.. ഞാൻ മാത്രമാണ് തീരുമാനം എടുക്കേണ്ടത്.. എന്റെ ഇഷ്ടമാണ് വീട്ടുകാർ അംഗീകരിക്കുന്നത്.. ബട്ട്.. ഫിലിപ്പിന്റെ വീട്ടുകാർ സമ്മതിച്ചില്ലെങ്കിലോ?.. വാട്ട് വിൽ യു ഡു "!... മേഴ്സി ചോദിച്ചു.


" ദാറ്റ് ഐ ക്യാൻ മാനേജ് "...


" ഫിലിപ്പ്... നിങ്ങൾ എന്നെക്കാൾ എട്ട് വയസ്സിന് ഇളപ്പമാണ്... ദാറ്റ് ഈസ് എ ബിഗ് ഡി ഫ്രൻസ് "...


" മേഴ്സി.. പ്രായം കേവലം.. ബാഹ്യവും.. ശാരീരികവുമായ ക്ഷമതയെ ബാധിക്കുന്നതാണ്... അതിന് പരസ്പരമുള്ള സ്നേഹത്തെ യോ.. മാനസീകമായ അടുപ്പത്തയോ ജീവിതത്തിന്റെ സന്തോഷത്തെയോ ബാധിക്കാനാവില്ല... നമ്മൾ രണ്ടാളും ജീവിക്കാൻ പോകുന്നത് സാമൂഹികമായി പക്വതയുളള ഒരു സമൂഹത്തിനൊപ്പമല്ലേ?.."


" ഫിലിപ്പ് നന്നായി സംസാരിക്കുന്നു.. ഒരു വാഗ്മിയെപ്പോലെ.. ശരിയാണ് പറഞ്ഞതത്രയും... ഒരു ചോദ്യം കൂടി... എന്റെ മക്കളെ നമ്മുടെ മക്കളായി അംഗീകരിക്കാനും.. സ്നേഹിക്കാനും താങ്കൾക്ക് കഴിയുമോ"?... ഹ്രദയത്തിൽ നിന്നുള്ള ഒരു ഉത്തരമാണ് ഞാൻ ആഗ്രഹിക്കുന്നത്.. ആലോചിച്ച് പറഞ്ഞാൽ മതി.. തിടുക്കം വേണ്ട".. മേഴ്സിയുടെ വാക്കുകൾ വികാരഭരിതമായിരുന്നു.


" ഈ ചോദ്യത്തിനുള്ള മറുപടി.. വാക്കുകളിലൂടെ സത്യസന്ധമാകില്ല മേഴ്സീ... അതു പ്രവൃത്തിയിലൂടെയെ മനസ്സിലാവുകയുള്ളൂ "...


" ഇനഫ്... അതു മതി... നിങ്ങൾക്ക് അതിന് കഴിയും... എനിക്കതറിയാം.. അയാം ക്വയറ്റ് സാറ്റിസ് ഫൈഡ്"... മേഴ്സി പൂത്തുലഞ്ഞു ചിരിച്ചു.


" വൺ മോർ തിംങ്ങ്... പ്രായവ്യത്യാസത്തിന്റെ കാര്യം... തൽക്കാലം നമ്മൾ രണ്ടാളും മാത്രം അറിഞ്ഞാൽ മതി "... എനിക്ക് താങ്കളെ ഒരുപാട് ഇഷ്ടായി.. ഈ രൂപവും ഭാവവും.. തുറന്ന സംസാരവും.. കുടുംബത്തോടുള്ള നിങ്ങളുടെ പ്രതി ബദ്ധതയും ഞാൻ അങ്ങേയറ്റം ബഹുമാനിക്കുന്നു....

പ്രൊസീഡ് ചെയ്തോളൂ "... മേഴ്സി സന്തോഷവതിയായിരുന്നു.


ഫോൺ നമ്പർ കൈമാറി.. പരസ്പരം കരം കവർന്ന് പുറത്തേക്കിറങ്ങി.. ഞങ്ങൾ രണ്ടാളും തൃപ്തരാണെന്നറിഞ്ഞ വക്കച്ചൻ മുതലാളി പിന്നിടുള്ള കാര്യങ്ങൾ സംസാരിക്കാൻ വീട്ടിലേക്ക് വരാൻ സമയം അറിയിക്കാമെന്ന് പറഞ്ഞ് ഞങ്ങൾ യാത്ര പറഞ്ഞിറങ്ങുമ്പോൾ.. മേഴ്സിയുടെ മുഖത്ത് നിറഞ്ഞ ചിരി പടർന്നിരുന്നു.


" ഇൻന്റെർവ്യൂ എങ്ങിനെയിരുന്നു ഇച്ചായാ?.. നീതുവും നീനയും ചോദിച്ചു.


" നന്നായിരുന്നു... പ്രതീക്ഷയുണ്ട് "


" ഔതേനെ എവിടുന്ന് കിട്ടി.. നീ എന്നാ പിന്നേം ചെറുക്കനെ തപ്പി ഇറങ്ങീതാണോ?.. അമ്മ


ഔത കൊച്ചപ്പനും കൂടെ പോന്നിരുന്നു.. വീട്ടിൽ ഇന്നുതന്നെ കാര്യങ്ങൾ പറയണം... ഞാനും കൂടെ വരാമെന്ന് പറഞ്ഞ് പുള്ളിക്കാരനും കൂടെ പോരുകയായിരുന്നു.


ഇനിയുള്ള കാര്യങ്ങൾ എങ്ങിനെ നീക്കണം എന്നതിനെക്കുറിച്ച് ഒരു വ്യക്തത കൈവരിച്ചിരുന്നു. എലിസബത്തിനെ എങ്ങിനെ നേരിടും , അതു മാത്രമായിരുന്നു വെല്ലുവിളി... ആ നിമിഷങ്ങൾ എങ്ങിനെ തരണം ചെയ്യും.. ഞാൻ എത്ര ക്രൂരനാണ്!!! സ്നേഹിച്ച പെണ്ണിനെ ഒരു നിമിഷം കൊണ്ട് മറന്നിട്ട് മറ്റൊരുവളെ സ്വന്തമാക്കുക... അവൾ എങ്ങിനെ പ്രതികരിക്കും.. അരുതാത്തത് എന്തെങ്കിലും!!! ഇല്ല ഒരിക്കലും അവൾ അത് ചെയ്യില്ല... ഈ ഭൂമിയിൽ അവൾ എന്നെ മനസ്സിലാക്കുന്നത് പോലെ മറ്റാർക്കും കഴിയില്ല...എന്റെ നിസ്സഹായത അവൾ മനസ്സിലാക്കും...


" ഈ ഇച്ചായന് എന്തുപറ്റി?... ഒരുമാതിരി പൊട്ടൻ കടിച്ച പോലെ..." രാത്രിയിൽ ഭക്ഷണം കഴിക്കാനിരുന്നപ്പോൾ പെൺകുട്ടികൾ വീണ്ടും ചോദ്യം ആവർത്തിച്ചു.


ഭക്ഷണമേശയിൽ ഇരുന്ന് തന്നെ ഔത കൊച്ചപ്പൻ  വള്ളിപുള്ളി വിടാതെ കാര്യങ്ങൾ എല്ലാവരോടുമായി പറഞ്ഞു.. ആരുമാരും ഒന്നും മിണ്ടുന്നില്ല... എല്ലാവരും പരസ്പരം നോക്കുന്നു. അമ്മ തലയ്ക്കു കൈ കൊടുത്തിരിക്കയാണ്...


" നിങ്ങൾ എന്നാ ആരും ഒന്നും മിണ്ടാത്തെ... സംഗതി സീരിസാ" ഔത ക്കൊച്ചപ്പൻ നിശബ്ദത ഭേദിച്ചു.


" രണ്ടാം കെട്ടും രണ്ടു കുട്ടികളും... തനിക്ക് മൂത്ത പെണ്ണ്... നാട്ടുകാരും വീട്ടുകാരും എന്തു പറയുമെടാ ".. അമ്മ ദയനീയമായി എന്നെ നോക്കി.


" നാട്ടുകാരും വീട്ടുകാരുമാണോ അവന്റെ കാര്യം തീരുമാനിക്കുന്നെ.. എന്നട്ട്... ഇപ്പോ നിങ്ങടെ ഒരു വീട്ടുകാരേം ഞാൻ കാണുന്നില്ലല്ലോ..അവന് ഇഷ്ടം അതാണെങ്കി നടക്കട്ടെ ചേട്ത്തി... കുടുമ്പോം രക്ഷപെടും".. ഔത കൊച്ചപ്പൻ രോക്ഷത്തോടെ പറഞ്ഞു.


" അവന് ഇഷ്ടായിട്ട് ഒന്നും ചെയ്യുന്നതല്ല എന്ന് എനിക്കറിയാം.. ഈ കുടുംബത്തിനു വേണ്ടി അവൻ ത്യാഗം ചെയ്യണതാ... അവന്റെ ഇഷ്ടം എനിക്കറിയാത്തതല്ലല്ലോ... രണ്ടാം കല്യാണം പോട്ടേന്ന് വെയ്ക്കാം.. പക്ഷേ തകി തി കിന്ന് രണ്ടു പിള്ളേരുമില്ലേ... ഇവന് അത്രക്കൊള്ള പ്രായം വല്ലതുമായോ.. അവൻ കൊച്ചല്ലേടാ അവതേ"... അമ്മ ഉള്ളം കലങ്ങി പറഞ്ഞു.


" ഇച്ചായാ.. അപ്പോ എലിസബത്ത്?.. അർത്ഥഗർഭമായി നീന ചോദിക്കുന്നു.


അമ്മയേയും പെങ്ങൻ മാരെയും കാര്യം പറഞ്ഞ് മനസ്സിലാക്കി സമ്മതിപ്പിച്ചു ഔത കൊച്ചപ്പൻ.


" ഇതൊരു കച്ചിത്തുരുമ്പാ.. അവൻ ഒരു കര പറ്റെട്ടെ..."... കൊച്ചപ്പൻ കരുത്ത് പകർന്നു.


ഇനി എലിസബത്താണ്...


മനസ്സിന്റെ മൃദുല വികാരങ്ങളെ അകറ്റി നിർത്തിക്കൊണ്ട് കരുത്താർജ്ജിച്ചു കൊണ്ടിരുന്ന ദിനങ്ങൾ ഒന്നിൽ... മനസ്സിൽ എഴുതി ചിട്ടപ്പെടുത്തിയ വാക്കുകളുമായാണ് എലിസബത്തിന്റെ അരികിൽ എത്തിയത്.


വെയിൽ ചാഞ്ഞ ആ സായഹ്നത്തിൽ കടൽക്കരയിലെ പഞ്ചസാര മണലിൽ... അവളുടെ മൃദുലാംഗുലികൾ അവ്യക്തമായ ചിത്രങ്ങൾ വരയ്ക്കുകയും മായ്ക്കുകയും ചെയ്തു കൊണ്ടിരുന്നു. അകത്ത് തിങ്ങി നിറയുന്ന ഗദ്ഗദം പുറത്തേക്ക് വരാതെ വീർപ്പ് മുട്ടുന്ന ആ മുഖത്തേക്ക് ഒന്നുകൂടി നോക്കാൻ ഞാൻ ധൈര്യപ്പെട്ടില്ല... പെയ്യാൻ വെമ്പി നിൽക്കുന്ന മഴമേഘം പോലെ.. തരളമായ ആ ഹൃദയത്തിന്റെ വിങ്ങൽ... ഒരു വിതുമ്പലായി പൊട്ടി ഒഴുകി... അത് ഒരു പേമാരി പോലെ കണ്ണുകളിൽ ആർത്ത് പെയ്തു. എന്റെ ചുമലിലേക്ക് ചാഞ്ഞ് വന്ന അവളെ ഞാൻ കൈ കൊണ്ട് ചേർത്തണച്ചു. കണ്ണിർ... തുള്ളിക്ക് ഒരു കുടമായി പെയ്തിറങ്ങുകയായിരുന്നു. ഒടുവിൽ.... അണമുറിഞ്ഞൊഴുകിയ... സങ്കടക്കടൽ ശാന്തത കൈവരിച്ചു..

 പൂഴി മണ്ണിൽ വീണുടഞ്ഞ ആ കണ്ണീർമുത്തുകൾ.. രക്ത തുള്ളികൾ പോലെ കാണായ് വന്നു... ഒടുവിൽ മുഖം ഉയർത്തി അവൾ എന്നെ നോക്കി... കണ്ണീരിൽ നനഞ്ഞ ആ മുഖം.... എന്റെ ഹ്രദയത്തിൽ നീറ്റലായി മാറി....


" എന്നെ ശപിക്കരുത് എലിസാ... മറ്റൊരു വഴിയും ഞാൻ കണ്ടില്ല...ഞാൻ എന്നെ തന്നെ ബലി കൊടുക്കുകയാണ്... കുടുംബത്തിനു വേണ്ടി..."


" ഫിലിപ്പോച്ചാ... എനിക്ക് മനസ്സിലാകും നിങ്ങളെ മറ്റാരെക്കാളും ഉപരിയായി... പതിമൂന്ന് വയസ്സിൽ തോന്നിയ ഇഷ്ടം... ആ ഇഷ്ടത്തിന് അന്ന് എനിക്ക് നിർവ്വചനം അറിയില്ലായിരുന്നു... പോകെ.. പോകെ... അതിന് നിറം വച്ചു തുടങ്ങി.. ചിറകുകൾ മുളച്ചു... എന്റെ ആത്മാവിലേക്കത്.... ആവഹിച്ചെടുത്തു ഞാൻ... എന്റെ ഹ്രദയാഗ്നിയിൽ സ്ഫുടം ചെയ്തു.. ഒരു ചെറു ചിമിഴിനുള്ളിൽ ഇന്നുവരേ സൂക്ഷിക്കുകയായിരുന്നു.... അതാണിവിടെ ഈ കടൽക്കരയിൽ വീണുടഞ്ഞത്......,. സാരല്ല്യാ.... എനിക്ക് താങ്ങാൻ പറ്റും... നമുക്കിടയിൽ വില്ലനായ് വന്നത്.... പ്രാരാബ്ദങ്ങളും, ഉത്തരവാദിത്തങ്ങളുമാണ്... നാലു സഹോദരങ്ങളേയും അമ്മയേയും ഈ ചിറകിനടിയിൽ കാത്തു സൂക്ഷിക്കാൻ വെമ്പുന്ന ഈ മനസ്സുണ്ടല്ലോ... ഞാൻ അത് കാണുന്നുണ്ട്... ആ മനസ്സിൽ എനിക്ക് തന്ന സ്ഥാനവും ഞാൻ അറിയുന്നുണ്ട്... ഫിലിപ്പോച്ചന് തരാൻ... എന്റെ കൈയ്യിൽ ഒന്നുമില്ല... സ്നേഹമല്ലാതെ... എല്ലാ ഇഷ്ടങ്ങളും സാക്ഷാത്ക്കരിക്കപ്പെടണമെന്നില്ല...

ഞാൻ വഴി മാറിത്തരും... ഫിലിപ്പോച്ചന് വേണ്ടി... ആ കുടുംബത്തിന് വേണ്ടി... അതല്ലേ അങ്ങേയ്ക്കായി... എനിക്ക് തരാൻ കഴിയുന്ന വലിയ സ്നേഹം... എല്ലാം മറക്കണം... ഇന്നലെ കണ്ട അവ്യകതമായ ഒരു സ്വപ്നം പോലെ...


" എലിസാ.... വിതുമ്പി നിന്ന ഞാൻ കൊച്ചു കുട്ടിയെപ്പോലെ കരഞ്ഞു...


" കരയരുത്... ഇത് ജീവിതത്തിന്റെ തത്വ ശാസ്ത്രമാണ്... ഇവിടെ ലോല വികാരങ്ങൾക്ക് സ്ഥാനമില്ല... യുക്തിയാണ് പ്രധാനം.. എന്നെ ഒരാളെ ചേർത്ത് നിർത്താൻ ശ്രമിക്കുമ്പോൾ ... നാല് സഹോദരങ്ങളും അമ്മയും അവരുടെ ഭാവിയുമാണ് പൊലിയുന്നത്... ഈ ദു:ഖം നമുക്ക് രണ്ടാൾക്കും മാത്രം ഉള്ളതാണ്... ഇതല്ലേ യഥാർത്ഥ പ്രണയം?.. സ്നേഹം..? ആത്മാർത്ഥത?.. ഞാൻ വഴി മാറിത്തരുമ്പോൾ... അല്ലേ ഫിലിപ്പോച്ചനോടുള്ള എന്റെ യഥാർത്ഥ സ്നേഹം വെളിപ്പെടുന്നത്."...


ഒരു തത്വ ജ്‌ഞാനിയെ പോലെ അവൾ സംസാരിക്കുന്നു... ഇതാണ് യഥാർത്ഥ പെണ്ണ്... സമാനതകളില്ലാത്ത പ്രണയം... തനി തങ്കം...


ടൗണിൽ നിന്ന് ഓട്ടോയിൽ കയറ്റി അവളെ യാത്രയാക്കുമ്പോൾ... അവളുടെ കണ്ണുകൾ വീണ്ടും രണ്ട് അരുവികളായി മാറുന്നുണ്ടായിരുന്നു. കൊതിച്ചതൊരാളെ... വിധിച്ചത് മറ്റൊരാളെ... ഇതാണ് ജീവിതം.


വിവാഹം കഴിഞ്ഞതിന്റെ രണ്ടാമത്തെ ആഴ്ച മേഴ്സിയും കുട്ടികളും തിരിച്ചു പോയി.


" മൂന്ന് മാസം... അതിനുള്ളിൽ ഫിലിപ്പ് എന്റെ അരികിൽ എത്തും".. മേഴ്സി ഉറപ്പ് പറഞ്ഞു. പോകുന്നതിന് മുൻപുള്ള രണ്ടാഴ്ച... മധു വിധു നാളുകൾ.. മേഴ്സി അവളുടെ ആദ്യ വിവാഹമെന്ന പോലെ സന്തോഷവതിയായിരുന്നു.. ഒരു പാട് സ്നേഹം തന്നു... ഇരുണ്ട് കൂടുന്ന കാർമേഘങ്ങളുള്ള ആകാശം... നക്ഷത്രങ്ങളും നിലാവുമില്ലാതെ... കൊള്ളിയാനും... ഇടി മുഴക്കങ്ങളുമുള്ള ആ രാത്രിയിൽ.. പുറത്ത് മഴ പെയ്ത് തുടങ്ങി.... മഴച്ചാറ്റൽ കണ്ട് കൊണ്ട് ജനാലയുടെ വാതിലുകൾ ചേർത്തടച്ചു... മേഴ്സിയെ ചേർത്തു പിടിച്ചപ്പോൾ... മഴ തകർത്ത് പെയ്യാൻ തുടങ്ങി... ആ രാത്രിയിൽ എന്റെ മനസ്സിൽ എലിസബത്ത് ഉണ്ടായിരുന്നില്ല... എട്ട് വയസ്സിന്റെ ചെറുപ്പം ഉണ്ടെന്ന് തോന്നിയില്ല... ഞരമ്പുകളിൽ രക്തമോടി .. സിരകളിൽ അഗ്നി പടർന്നു... മജ്‌ജയിൽ ഊറിക്കൂടിയ കാമരസം... ഓരോ അണുവിലും പടർന്നു കയറി... തിമിർത്തു പെയ്ത മഴയിൽ ഭൂമി പുളകിതയായി....


ഇതാണ് പുരുഷൻ... വണ്ട് ഏത് പൂവിലും മധു നുകരും.... മധുവിന് രുചി ഭേദങ്ങൾ ഇല്ലല്ലോ......


മൂന്നാമത്തെ മാസത്തിൽ തന്നെ ഞാനും ഷിക്കാഗോയിലെത്തി... ഒരു പുതിയ സംസ്ക്കാരത്തിലേക്ക് പറിച്ച നടപ്പെട്ടതിന്റെ അസ്വസ്ഥതകൾ.. മേഴ്സിയുടെ കരുതലിലും സ്നേഹത്തിനും മുൻപിൽ അലിഞ്ഞു പോയി. കുട്ടികൾ ആദ്യമൊക്കെ തെല്ലകലം കാണിച്ചെങ്കിലും അവർ പെട്ടെന്ന് എന്നോടടുത്തു.


" ഗ്യാസ് സ്‌റ്റേഷനിലും... റെസ്റ്റോറന്റിലും ഒന്നും ഞാൻ ഫിലിപ്പിനെ ജോലിക്ക് വിടില്ല... യു വെയിറ്റ് എ വൈൽ... ഗുഡ് ഓപ്പർച്ച്യൂണിറ്റി വിൽ കം ഫോർ യു ".. മേഴ്സി ചെറിയ പണികൾക്ക് ഒന്നും പോവാൻ എന്നെ അനുവദിച്ചില്ല. എന്റെ വീട്ടിലെ പ്രാഥമീകമായ സാമ്പത്തിക പ്രതിസന്ധികൾ എല്ലാം തന്നെ മേഴ്സി തീർത്തിരുന്നു. 


" ഫിലിപ്പ് ഒന്നിനും പ്രയാസപ്പെടരുത്.. സഹോദരിമാരുടെയും അനിയൻ കുട്ടന്റേയും പഠിപ്പും കാര്യങ്ങളുമൊക്കെ നമ്മൾ ഒരുമിച്ച് ചെയ്യും.. ഞാൻ കൂടെയുണ്ട്,".. മേഴ്സിയുടെ സ്നേഹ സാന്ത്വനങ്ങൾ എനിക്ക് കരുത്തേകി.


എലിസബത്തിന്റെ ഓർമ്മകളും... ഒരു വേദനയായി തന്നെ തുടർന്നു. വന്നതിനു ശേഷം ഒന്നുരണ്ടു തവണ വിളിച്ചിരുന്നു...


" വേണ്ട ഫിലിപ്പോച്ചാ... ഞാൻ എല്ലാം മറക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്... തിരുവനന്തപുരത്തെ ഒരു കോൺവെന്റ് സ്ക്കൂളിൽ ജോലി ശരിയായിട്ടുണ്ട്... താമസം അങ്ങോട്ട് മാറുകയാണ്"... ഒരിക്കൽ വിളിച്ചപ്പോൾ അവൾ പറഞ്ഞു.


" ഫിലിപ്പിന് മനസ്സിന് എന്തോ നല്ല പ്രയാസമുണ്ടല്ലോ.. എന്താത്.. എന്നോട് പറയാത്തതായി എന്തെങ്കിലും?... മേഴ്സി എന്റെ മനസ്സ് വായിച്ചെട്ടന്ന പോലെ ഒരിക്കൽ ചോദിച്ചു.


ഞാൻ ഒഴിഞ്ഞു മാറി...


മൂന്ന് മാസങ്ങൾക്ക് ശേഷം, ഇല്ലിനോയിസ് യൂണിവേഴ്സിറ്റിയിൽ  "റിസേർച്ചി സ്റ്റുഡൻസ് കോർഡിനേറ്ററായി ഞാൻ ജോലിക്ക് കയറി .


" യൂ ആർ ലക്കി മൈ ഡിയർ.. ഗോട്ട് എ ഗുഡ് ജോബ്... കെട്ടിപ്പിടിച്ചു കൊണ്ട് മേഴ്സി പറഞ്ഞു.


ജോലിയിൽ ജോയിൻ ചെയ്തതിനു ശേഷം എലിസബത്തിനെ വിളിച്ചിരുന്നു... ഫോണിന്റെ അങ്ങേ തലയ്ക്കൽ നിശബ്ദമായ അവളുടെ തേങ്ങൽ എന്നെ തളർത്തി. മറക്കണമെന്നും... മറ്റൊരു വിവാഹത്തിന് തയ്യാറാകണമെന്നും പറഞ്ഞപ്പോൾ... അവൾ ഒഴിഞ്ഞു മാറുകയായിരുന്നു.


ഞങ്ങളുടെ ആദ്യത്തെ വിവാഹ വാർഷികം, മേഴ്സി നന്നായി പ്ലാൻ ചെയ്തു.


" ഇപ്പോഴാണ് ഞാൻ കുടുംബ ജീവിതത്തിന്റെ സുഖം അറിയുന്നത്, ബോറനും... മദ്യപാനിയുമായിരുന്ന ആദ്യ ഭർത്താവിന്റെ ഓർമ്മ പോലും എനിക്ക് സുഖമുള്ളതല്ല".... മേഴ്സിയുടെ വാക്കുകളിൽ ആനന്ദത്തിന്റെ തിരത്തല്ലലുകൾ ഉണ്ടായിരുന്നു.


ത്വരിതമായ ഋതുക്കളുടെ കുടമാറ്റം...


ഒരു കുട്ടി വേണമെന്നുള്ള എന്റെ ആഗ്രഹം പലപ്പോഴായി... ഞാൻ അവളെ അറിയിക്കുന്നുണ്ടായിരുന്നു...


" രണ്ടു കുട്ടികൾ എന്റേതല്ലേ?.. അല്ലേ ഫിലിപ്പ്?... അതു ഫിലിപ്പിന്റേത് ആകുന്നില്ലല്ലോ... മേഴ്സി അൽപ്പം മുഷിഞ്ഞ പോലെ....


" ഞാൻ അങ്ങനെ കരുതിയിട്ടില്ല"...ന്നാലും എന്റെ ചോരയിൽ ഒരാൾ... ഏതൊരാളും അത് ആഗ്രഹിക്കുന്നതല്ലേ"....


ഞാൻ അത് പറഞ്ഞപ്പോൾ അവളുടെ മുഖത്തെ പ്രകാശം മങ്ങുന്നതും ചിരിമായുന്നതും വ്യക്തമായിരുന്നു.


" ഫിലിപ്പ് പോയിട്ട് വാ... ഞാനും പിള്ളേരും അടുത്ത പ്രാവശ്യം വരാം..."  വെക്കേഷന് പോകാൻ നേരം മേഴ്സി പറഞ്ഞു.. നാടിനോടുള്ള വൈകാരികത അവൾക്ക് അത്ര തീവ്രമൊന്നുമല്ലായിരുന്നു...


നാട്ടിലെത്തിയപ്പോൾ... മേഴ്സി വരാത്തതിന് അമ്മ പരിഭവിച്ചു. അവൾ അടുത്ത തവണ വരുമെന്ന് പറഞ്ഞ് അമ്മയെ ആശ്വസിപ്പിച്ചു.


" മേഴ്സിക്ക് എന്നാ " വിശേഷം ഒന്നുമായില്ലേ?... നാട്ടുകാരുടെ  "ക്ലീഷേ"... 


ഔത കൊച്ചപ്പന് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നു.... " നീ സന്തോഷായിരിക്കുന്നല്ലോ.. അതു മതി..."" നേരിൽ കണ്ടപ്പോൾ ഔത കൊച്ചപ്പൻ പറഞ്ഞു..  " ഞാൻ ഒരു കട ഇട്ടു തരാം കൊച്ചപ്പാ... പൈസാ ഞാൻ അയച്ചു തരാം".. 


എലിസബത്തിനെ തിരുവനന്തപുരത്ത് പോയി കണ്ടു.. മനസ്സിന്റെ അഗാധതയിലെവിടെയോ അണയാതെ ചാരം മൂടി കിടക്കുന്ന പ്രണയാഗ്നി അറിയാതെ നാവ് നീട്ടുന്നത് പലപ്പോഴും എനിക്ക് അനുഭവപെട്ടു.


" വേണ്ടാ ഫിലിപ്പോച്ചാ... അതിർ വരമ്പുകൾ ലംഘിച്ചുകൂടാ... സ്വയം നിയന്ത്രിക്കാനാവണം... ആ കനലുകൾ ജ്വലിക്കാൻ ഒരു ശ്വാസം മതി".. എലിസബത്ത് ഓർമ്മിപ്പിച്ചു.

" ഒരു കുഞ്ഞുണ്ടാവാത്തതു കൊണ്ടാ എന്നെ പൂർണ്ണമായും മറക്കാൻ കഴിയാത്തെ"..


അവധി കഴിഞ്ഞ് തിരികെയെത്തിട്ടും.. കുഞ്ഞിന്റെ കാര്യത്തിൽ മേഴ്സി പിന്നെയും അകന്നു മാറി..


" നമുക്ക് ഒരു ഡോക്ടറെ കൺസൾട്ട് ചെയ്താലോ?...  അതല്ല മേഴ്സി നാട്ടിൽ ചെന്നപ്പോൾ എല്ലാവരും ചോദിക്കുന്നു.. എനിക്ക് ഒന്നും പറയാനില്ല"...


നാലാമത്തെ ഞങ്ങളുടെ വിവാഹ വാർഷികത്തിന്റെ തലേനാൾ... വീട്ടിൽ വിളിച്ചപ്പോൾ ഔത കൊച്ചപ്പൻ മരിച്ചു പോയതറിഞ്ഞു... രണ്ടു മാസമായി കിടപ്പിലായിരുന്നു. എന്റെ മനസ്സൊന്നു പിടഞ്ഞു... എന്റെ വിധി മാറ്റിയെഴുതാൻ നിമിത്തമായിത്തീർന്ന എന്റെ ഔത കൊച്ചപ്പൻ.... സ്നേഹം മാത്രം മനസ്സിൽ സൂക്ഷിക്കുന്ന യഥാർത്ഥ മനുഷ്യൻ...


" മേഴ്സി... ഒഴിഞ്ഞു മാറുന്നതെന്താ?.. ഒരു കുഞ്ഞു കൂടി മേഴ്സിക്ക് ഇഷ്ടമല്ലേ?.. അതോ...


" പ്ലീസ് ഫിലിപ്പ്... ഒന്നു നിർത്തുമോ?.. അവളുടെ ശബ്ദം ഇടറിയിരുന്നു.


പിറ്റേന്ന് മേഴ്സിക്ക് മോർണിങ് ഡ്യൂട്ടിയായിരുന്നു. ഞാനും ഓഫീസിൽ പോകാനൊരുങ്ങവെ ഡ്രസ്സിംങ് ടേബിളിന് മുകളിൽ ഒരു ഫയൽ കിടക്കുന്നത് കണ്ട് വെറുതെ എടുത്ത് നോക്കി... വർഷങ്ങൾക്കു മുൻപുള്ള മേഴ്സിയുടെ ഹോസ്പിറ്റലിലെ ഒരു ഫയൽ.. അതുവരെ കാണാതിരുന്ന ഫയൽ തുറന്ന് വായിച്ചു നോക്കി... മേഴ്സി  "ഹിസ്ട്രക്റ്റമിക്ക് "വിധേയയായതും... ഗർഭപാത്രം നീക്കം ചെയ്യുന്നതിന് വേണ്ടിയുള്ള റിപ്പോർട്ടുകൾ അടങ്ങിയ വിവരങ്ങൾ...


മനസ്സിലെ സൂര്യൻ അസ്തമിച്ചു... ഇരുൾ പരക്കുന്നതും... മാനത്ത് നക്ഷത്രങ്ങൾ മിഴി ചിമ്മുകയും പെട്ടെന്ന് മറയുകയും ചെയ്തു.


മേഴ്സിക്ക് ഇനി ഒരിക്കലും ഒരമ്മയാവാൻ കഴിയില്ല... താൻ വഞ്ചിക്കപ്പെട്ടു... ദേഷ്യവും ദുഖവും എന്നെ തളർത്തി.. ഒരച്‌ഛനാകാനുള്ള എന്റെ മോഹങ്ങൾ പൊലിഞ്ഞു...


ഡ്യൂട്ടി കഴിഞ്ഞ് തിരികെ വന്ന മേഴ്സി മുഖം തരാതെ മാറി മാറി നിന്നു. പരസ്പരം കാണാതിരിക്കാൻ ശ്രമിച്ചു. ഒടുവിൽ കിടപ്പ് മുറിയിൽ നേർക്ക് നേർ... നാല് കണ്ണുകൾ പരസ്പരം കൊരുത്തുനിന്നു.


" യൂ ചീറ്റഡ് മീ.. എന്നോട് പറയാതെ ഇതുവരെ മറച്ചു പിടിച്ചു..." കരച്ചിലിന്റെ വക്കോളമെത്തിയ എന്റെ വാക്കുകൾ.. അവൾ കൈ കൊണ്ട് തടഞ്ഞു.


" യെസ് ഐ ഡിഡ്... ബിക്കാസ് ഓഫ് യൂ.. പറയണമെന്ന് പലവട്ടം ഞാൻ ശ്രമിച്ചതാണ്... പക്ഷേ... നീ എന്നെ വിട്ട് പോകുമോ എന്ന ഭയം.. ഞാനും സ്വാർത്ഥയായിരുന്നു...  എനിക്ക് നിന്നെ വേണമായിരുന്നു ഫിലിപ്പ്... ആദ്യ കാഴ്ചയിൽ തന്നെ ഞാൻ പറയാൻ ഒരുങ്ങിയതാണ്... നീ പിൻമാറിയാലോ എന്ന എന്റെ ഭയം... അതുകൊണ്ടാണ് ഞാൻ മറച്ചുവച്ചത്.. ഞാൻ നിന്നെ വില തന്നു വാങ്ങുകയായിരുന്നു.. ഒരു കുഞ്ഞിനെ ഒഴികെ എനിക്കുള്ളതെല്ലാം നിനക്കാണ്... എനിക്ക്.. എനിക്ക്.. നിന്നെ പിരിയാനാവില്ല... നീ കൂടാതെ ഇനി എനിക്ക് ജീവിക്കാനാവില്ല ഫിലിപ്പ്.".. മേഴ്സി അലറിക്കരഞ്ഞു.


ഒന്നു ശാന്തമായപ്പോൾ... അവൾ എന്നോട് ചോദിച്ചു...


" ഫിലിപ്പ്.. യു വാൺഡ് ഡിവോഴ്സ് മീ?"..


മറ്റൊരു വിവാഹം കഴിച്ചോളൂ.. ഒരു കുഞ്ഞിന് വേണ്ടി.. ഞാൻ തടസ്സമായി നിൽക്കില്ല"...


" ഇല്ല മേഴ്സി എനിക്ക് മേഴ്സിയെ പിരിയാനാവില്ല..."


ജോക്കുട്ടന്റെ മെഡിക്കൽ അഡ്മിഷന് വേണ്ടി വീണ്ടും ഞാൻ നാട്ടിലെത്തി.... സ്ഥിരം ചോദ്യങ്ങൾ ഭയന്ന് കഴിവതും.. ആരെയും കാണാൻ നിന്നില്ല...


തിരക്കൊഴിഞ്ഞപ്പോൾ എലിസബത്തിനെ കാണാണായി തിരുവനന്തപുരത്തെത്തി...

" നീ ഇങ്ങനെ നിൽക്കുന്നതാണ് എന്റെ ഏറ്റവും വലിയ വേദന".. ആ പ്രാവശ്യം കണ്ടപ്പോൾ ഞാൻ പറഞ്ഞു.


" ഒരു പുരുഷന് എല്ലാം വേഗത്തിൽ മറക്കാൻ കഴിയും... എന്നാൽ യഥാർത്ഥ ഒരു സ്ത്രീക്ക് അതിന് കഴിയല്ല ഫിലിപ്പോച്ചാ... ഞാൻ എന്റെ ഓർമ്മകളിൽ ജീവിച്ചോളാം"... അവളുടെ ദു:ഖത്തിന്റെ തീവ്രത ഒട്ടും കുറഞ്ഞിട്ടില്ല... ശരിയല്ലേ അവൾ പറഞ്ഞത്.. ഞാൻ എത്ര പെട്ടെന്നാണ് മേഴ്സിയിൽ അലിഞ്ഞു ചേർന്നത്... പക്ഷ.. എലിസബത്തോ?.


" ഞാൻ നിന്നെ വഞ്ചിക്കുകയായിരുന്നു, സ്വാർത്ഥമായി ചിന്തിച്ചു. പണക്കാരനാവാൻ കുറുക്കുവഴികൾ തേടി... ഞാൻ എന്നെക്കുറിച്ച് മാത്രമെ ചിന്തിച്ചുള്ളൂ... നിന്നെ ഞാൻ ബോധ പൂർവ്വം ഒഴിവാക്കുകയായിരുന്നില്ലേ... ഞാൻ കാരണമല്ലേ നീ ഇങ്ങനെയായത്... നിനക്ക് ജീവിതം ഇല്ലാതെ പോയത്... നി എന്നിക്ക് വേണ്ടി സ്വയം ത്യജിക്കുന്നു.. എനിക്ക് ഒരു അച്ഛനാവാൻ കഴിയാതെ പോയത് നിന്റെ കണ്ണുനീർ എന്നിൽ അറിയാതെ ശാപാക്‌ഗ്നിയായി പതിച്ചതല്ലേ.".. വികാര  വിക്ഷോഭങ്ങങ്ങളുടെ കെട്ടഴിഞ്ഞു എലിസബത്തിന് മുന്നിൽ ഞാൻ തേങ്ങി കരയുകയാണ്.


" അങ്ങനെ പറയരുത് ഫിലിപ്പോച്ചാ... സ്നേഹിക്കുന്ന ആൾക്ക്  അയാളുടെ ആവശ്യം അറിഞ്ഞ് കൊടുക്കുന്നതല്ലേ യഥാർത്ഥ സ്നേഹം... ഞാൻ അതല്ലേ ചെയ്തിട്ടുള്ളൂ... അത് കാരണം എത്ര ജീവിതങ്ങളാണ് കരപറ്റിയത്.. നീനയുടെയും അലക്സിന്റേയും വിവാഹം നടന്നില്ലേ... ടീന യു.കെ.യിൽ എത്തി... നീതു..

 സി.എ ചെയ്യുന്നു... ഇപ്പോൾ ജോക്കുട്ടൻ മെഡിസിന് ചേരുന്നു...

ചിലത് നേടുമ്പോൾ ചിലത് നഷ്ടമാകും... ഫിലിപ്പോച്ചനോടൊപ്പം .. ഒരു നിഴലായി... കാണാമറയത്ത് ഞാൻ എന്നും ഉണ്ടാകും. മേഴ്സി ചേച്ചിയെ ഒരിക്കലും വേദനിപ്പിക്കരുത്... അവർ കുട്ടികളുണ്ടാകില്ല എന്ന കാര്യം മറച്ചുവച്ചത് മനപ്പൂർവ്വമല്ല... അങ്ങനെയെങ്കിൽ നമ്മുടെ കാര്യം ഫിലിപ്പോച്ചൻ അവരോട് ഒളിച്ചില്ലേ... മനുഷ്യർ അങ്ങനെയാണ്.. ചില ചില കാര്യങ്ങളിൽ സ്വാർത്ഥരാണ്..".. എലിസബത്തിന്റെ വാക്കുകൾ സ്നേഹപൂർവ്വമുള്ള ഒരു ശാസനപോലെയായിരുന്നു


" എന്റെ ചോരയിൽ പിറന്ന ഒരു കുഞ്ഞ്.. ഈ ജന്മം എനിക്ക് വിധിച്ചിട്ടില്ലല്ലോ... എലിസബത്ത്'...


" നമുക്ക് ഒരു യാത്ര പോയാലോ?.. ഫിലിപ്പോച്ചന്റെ മനസ്സും ഒന്നു ശാന്തമാകട്ടെ"... എലിസബത്ത് പഴയതു പോലെ ചിരിച്ചു. " ഞാൻ രണ്ടു ദിവസം ലീവെടുക്കാം"..


" പോകാം"... രണ്ടു ദിവസത്തേക്ക് ഞാൻ മേഴ്സിയെ മറന്നു.... കഴിഞ്ഞ നാലു വർഷങ്ങളിൽ സംഭവിച്ചതെല്ലാം മറന്നു.... പഴയ ഫിലിപ്പും... അവൾ എലിസബത്തുമായി മാറി... ലോകത്തിന്റെ ഒരു ഒഴിഞ്ഞ കോണിൽ... എല്ലാവരിൽ നിന്നുമകന്ന്... പ്രകൃതിയുടെ സ്വച്ഛതയിൽ... എല്ലാ വേദനകളും മറന്ന്... ജന്മാന്തരങ്ങളിലൂടെ ഞങ്ങൾ വീണ്ടും പ്രണയിച്ചു... മനസ്സും ശരീരവും പങ്കു വയ്ക്കപ്പെട്ടു.. എന്റെ ശ്വാസങ്ങളിൽ അവളുടെ നിശ്വാസങ്ങൾ അലിഞ്ഞുചേർന്ന് ഇല്ലാതെയായി.....


" സോറി... എലിസാ... സംഭവിച്ചു പോയി... നിയന്ത്രിക്കാനായില്ല..". കുറ്റബോധത്തോടെ ഞാൻ പറഞ്ഞു


" സാരല്ല്യ... സാരല്ല്യ... ഫിലിപ്പോച്ചാ.. അവളുടെ മുഖത്ത് നിഗൂഡമായ ഒരു മന്ദഹാസം വിടർന്നുനിന്നു.


തിരിച്ച് ഷിക്കാഗോയിൽ എത്തി.. മേഴ്സിയെ അഭിമുഖീകരിക്കാൻ കുറ്റബോധം തോന്നി... ഞാൻ ഒരു നിമിഷത്തേക്ക് മേഴ്സിയെ മറന്നിട്ടല്ലേ... എലിസബത്തിനോടൊപ്പം...


" ഫിലിപ്പിന് എന്നോട് വെറുപ്പ് തോന്നുന്നുണ്ടോ?... മേഴ്സി ചോദിച്ചു.


" ഇല്ല മേഴ്സി... ഞാൻ യാഥാർത്ഥ്യവുമായി പൊരുത്തപ്പെട്ടു കഴിഞ്ഞു... എനിക്ക് മേഴ്സിയാണ് വലുത്... "


" എനിക്കും.. മറ്റെന്തിനേക്കാളും വലുതാണ് ഫിലിപ്പ്".. വികാരവായ്പ്പോടെയുള്ള മേഴ്സിയുടെ വാക്കുകൾ കണ്ണു നനയിച്ചു.


എലിസബത്തിനെ വിളിക്കാൻ മനസ്സ് നിർബന്ധിച്ചു കൊണ്ടിരുന്നതിൽ ഒരു ദിവസം... ഓഫീസിൽ നിന്നും അവളെ വിളിച്ചു..." ഫിലിപ്പോച്ചാ... ഞാൻ കോൾ പ്രതീക്ഷിച്ചിരുന്നു... എ ഗുഡ് ന്യൂസ് ഫോർ യൂ... ഐ കൺ സീവ്ഡ്..."


ഞാൻ ചില നിമിഷങ്ങൾ ചലനമറ്റു നിന്നു.. എന്താണി കേൾക്കുന്നത്..


" എലിസാ.. വാട്ട് ടു ഡു ദെൻ?.. എന്റെ ശബ്ദത്തിന്റെ പതർച്ച അറിഞ്ഞിട്ടാവണം അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു...


" ഡോൺഡ് വറീ... ഐ ക്യാൻ മാനേജ്"..


" എങ്ങിനെ?... നീ എങ്ങിനെ മാനേജ് ചെയ്യും?..


" ഞാൻ പ്രസവിക്കും.. ഫിലിപ്പോ ച്ചന്റെ കുഞ്ഞിനെ.. എന്നിട്ടു വളർത്തും"... തെല്ലും കൂസലില്ലാത്ത എലിസബത്തിന്റെ ശബ്ദം അങ്ങേ തലയ്ക്കൽ.


അവിവാഹിതയായ ഒരു പെൺകുട്ടി ഗർഭിണിയാകുകയും.. പ്രസവിക്കുകയും ചെയ്യുന്നത് സമൂഹം എങ്ങിനെ അംഗീകരിക്കും...


" ഞാൻ ചെയ്യാൻ പോകുന്ന കാര്യത്തെക്കുറിച്ച് എനിക്ക് വ്യക്തമായ ധാരണകൾ ഉണ്ട്.. ഫിലിപ്പോച്ചൻ സമാധാനമായിരിക്കണം".. എലിസബത്ത് സമാധാനിപ്പിച്ചു.


എന്റെ ആധി വ്യാധിയായി പരിണമിക്കുന്നു... എലിസബത്ത് എന്തു ചെയ്യും... ഞാൻ എങ്ങിനെ അവളെ സഹായിക്കും.. മേഴ്സി അറിഞ്ഞാൽ... വീട്ടുകാരും.. നാട്ടുകാരും അറിഞ്ഞാൽ... ഉള്ളു തുറന്ന് ആരോട് പറയും...


എലിസബത്തിന്റെ ഡ്യൂ ഡെയിറ്റിനോടടുത്ത് നാട്ടിൽ പോകാൻ തീരുമാനിച്ചു... മേഴ്സിയോട് എല്ലാം തുറന്ന് പറഞ്ഞാലോ എന്ന് ചിന്തിച്ചു... രണ്ടു മൂന്ന് പ്രവശ്യം ശ്രമിച്ചെങ്കിലും ധൈര്യം കിട്ടിയില്ല... എന്നിലെ മാറ്റം മേഴ്സിക്ക് മനസ്സിലാകാതിരിക്കാൻ നന്നേ വിഷമിച്ചു. പക്ഷേ അവൾ എന്നെ നിരീക്ഷിക്കുന്നതു പോലെ പലപ്പോഴും തോന്നിയിരുന്നു.


" മേഴ്സി.. അടുത്തയാഴ്ച എനിക്കൊന്ന് നാട്ടിൽ പോകണം... ബാങ്കിലെ പഴയ ഒരു ഇഷ്യൂ സെറ്റിൽ ചെയ്യാനുണ്ട്"...


" ബാങ്കിലെ ഇടപാടുകളെല്ലാം നമ്മൾ തീർത്തതല്ലേ ഫിലിപ്പേ?... പിന്നെ ഇത് ഏത് ഇഷ്യൂ?... ഞാൻ വരണോ?..


" വേണ്ടാ ഞാൻ പോയിട്ട് വരാം.. ജെസ്റ്റ് ഫോർ എ കപ്പിൾ ഓഫ് വീക്ക്"..


തിരുവനന്തപുരത്തേക്കാണ് പോയത്.. എത്തിയതിന്റെ നാലാം ദിവസം എലിസബത്തിനെ അഡ്മിറ്റ് ചെയ്തു.. മേഴ്സിയോടും വീട്ടിലും പല കഥകൾ മെനഞ്ഞാണ് എലിസബത്തിനോടൊപ്പം നിൽക്കുന്നത്... അവളോടൊപ്പം... എല്ലാം അറിയുന്ന രണ്ടു കൂട്ടുകാരികൾ എല്ലാറ്റിനും സഹായമായി ഒപ്പമുണ്ട്... തീയിൽ ഉരുകുന്നത് പോലെ മനസ്സു ഉരുകിത്തിരുകയാണ്... എങ്ങനെ ഇത് തരണം ചെയ്യും... എന്തൊക്കെ ഇനി സംഭവിക്കും... എലിസബത്തിൽ ഒരു ഭാവഭേദങ്ങളും ഇല്ലായിരു... ഓരോ ദിവസവും... കരുത്താർജ്ജിക്കുന്നതുപോലെ... എവിടെ നിന്നാണ് ഈ ധൈര്യം... 


ഒരു വശത്ത് മനസ്സ് കലങ്ങിമറിയുന്നുവെങ്കിലും... എവിടെയോ സന്തോഷത്തിന്റെ തിരയിളക്കം... ഒരു കുഞ്ഞ് ജനിക്കാൻ പോകുന്നതിന്റെ ഉന്മാദം.. ഏതു പുരുഷനും അഭിമാനം തോന്നുന്ന നിമിഷം....


തലേ രാത്രിയിൽ എലിസബത്തിനെ ലേബർ റൂമിലേക്ക് ഷിഫ്റ്റ് ചെയ്തു..   വീർത്ത വയറുമായി സ്ട്രെച്ചറിൽകിടന്ന് ലേബർ റൂമിലേക്ക് പുറപ്പെടുമ്പോൾ അവൾ എന്റെ കൈ പിടിച്ചു ചുംബിച്ചു..


" ഫിലിപ്പോച്ചന്റെ സങ്കടം മാറാൻ പോകുവാ... സ്വന്തം ചോരയിൽ ഒരു കുഞ്ഞ്... ചിരിക്ക് ഫിലിപ്പോച്ചാ... "


പിന്നെ നിതാന്തമായ കാത്തിരിപ്പായിരുന്നു... ലേബർ റൂമിന് മുന്നിൽ.. യാമങ്ങൾക്ക് നൂറ്റാണ്ടുകളുടെ ദൈർഘ്യം...


" ഒന്നും ആയിട്ടില്ല... സമയം എടുക്കും.. നേരം പുലർന്നേയുണ്ടാകൂ"... പുറത്തേക്കിറങ്ങി വന്ന നേഴ്സ് പറഞ്ഞു.


രാത്രി വിട പറഞ്ഞു... നേരം പുലരുന്നു... " ഫിലിപ്പ് പോയി ഫ്രഷ് ആയിട്ട് വന്നോളൂ.. ഞങ്ങൾ ഇവിടെയുണ്ടല്ലോ"... എലിസബത്തിന്റെ കൂട്ടുകാരികൾ പറഞ്ഞെങ്കിലും.. പോകാൻ മനസ്സായില്ല.


" അൽപ്പം കോംപ്ലിക്കേറ്റഡാണ് അതാ സമയം എടുക്കുന്നത്... " പുറത്തേക്ക് വന്ന സിസ്റ്റർ പറഞ്ഞു.


മനസ്സിന്റെ നിയന്ത്രണം വിടുകയാണ്.. സമയം വീണ്ടും മുന്നോട്ട് നീങ്ങി.. പെട്ടെന്ന് വാതിൽ തുറന്നു..


" എലിസബത്തിന്റെ കൂടെയുള്ള താരാ.. വെളുത്ത തുണിയിൽ പൊതിഞ്ഞ ചോരക്കുഞ്ഞുമായി ഒരു സിസ്റ്റർ വാതിൽക്കലെത്തി ചോദിച്ചു...


" എലിസബത്ത് പ്രസവിച്ചു... പെൺകുഞ്ഞാ... ഇതാ..." കുഞ്ഞിനെ കൈയ്യിലേക്ക് തന്നുകൊണ്ടവർ പറഞ്ഞു.


വെള്ളത്തുണിയിൽ പൊതിഞ്ഞ കുഞ്ഞു മാലാഖയെ  വാങ്ങുമ്പോൾ.. കൈകൾ വിറച്ചു... എന്റെ മകൾ.. സന്തോഷം കൊണ്ട് ഞാൻ എല്ലാം മറന്നു.. വരാൻ പോകുന്ന പ്രത്യാഘാതങ്ങൾ മറന്നു.


"നിങ്ങൾ ഇവിടെ തന്നെ കാണണം.. പോകരുത്".. കുഞ്ഞിനെയും കൊണ്ട് തിരികെ പോകുമ്പോൾ സിസ്റ്റർ പറഞ്ഞു.


സന്തോഷവും ഉത്ക്കണ്ടയും ചേർന്ന സമ്മിശ്ര ഭാവങ്ങൾ തിങ്ങി നിറഞ്ഞ് വൈകാരിക നിമിഷങ്ങൾ കന്നുപോയ്ക്കൊണ്ടിരുന്നു.


" എലിസബത്തിന്റെ ഭർത്താവ് എവിടെ?"... ഓടിക്കിതച്ചെത്തിയ നേഴ്സ് എന്നെ അകത്തേക്ക് വിളിച്ചു.. " കുറച്ച് ക്രിട്ടിക്കലാണ് ... ബ്ലീഡിംങ്ങ് നിൽക്കുന്നില്ല... ഡോക്ടർ കാണണമെന്ന് പറയുന്നു... '


അകത്തേക്ക് ഓടുകയായിരുന്നു... ഡോക്ടേഴ്സും... നേഴ്സുമാരും തലങ്ങും വിലങ്ങും പരിഭ്രാന്തരായി ഓടുന്നു... വെപ്രാളത്തോടെ ഞാൻ അവളുടെ അരികിലെത്തി... വേദനയിൽ പുളയുന്ന അവൾ ഉറക്കെ കരയുന്നുണ്ടായിരുന്നു...


" എലിസാ... എന്റെ ശബ്ദം ഒരു കരച്ചിലായി പുറത്തേക്ക് വന്നു...


" പിലിപ്പോച്ചാ... നമ്മുടെ മോളേ കണ്ടില്ലേ.... സന്തോഷായില്ലേ... " ആ വേദനയിലും അവൾ എന്നെ നോക്കി ചിരിച്ചു... ഇനി ദു:ഖിക്കരുത്... എടുത്തോളൂ... അവളെ കൊണ്ടു പൊയ്ക്കോ... അവൾക്ക് "ജ്യൂവൽ " എന്ന് പേരിടണം... ഞാൻ പിലിപ്പോച്ചന് വേണ്ടിയാണ് ജീവിച്ചത്... പിലിപ്പോച്ചന്റെ സന്തോഷം എന്റെ സന്തോഷമായിരുന്നു... ആ ദുഖം എന്റെയും ദുഖമായിരുന്നു... ഞാൻ കൂടെയുണ്ടാകും... ഇനി നമ്മുടെ മകളിൽ എന്നെ കാണാം ഫിലിപ്പോച്ചന്...".. എന്നെ മുറുകെ പിടിച്ചിരുന്ന ആ കൈകൾ മെല്ലെ അയയുന്നു... വാക്കുകൾ.. വിറയാർന്ന ചുണ്ടുകളിൽ... പുറത്തേക്ക് വരാതെ അവസാനിക്കുന്നതും... ആ കണ്ണുകൾ മെല്ലെ മെല്ലെ അടയുന്നതും... വേദനയോടെ ഞാൻ നോക്കി നിന്നു....


" സോറീ ഫിലിപ്പ്... വി ആർ ഹെൽപ്പ് ലെസ്സ്".. ഡോക്ടർ തോളിൽ തട്ടി..


ഞാൻ ആഗ്രഹിച്ചത് എനിക്ക് തന്ന് അവൾ പറന്നകന്നു... ആരൊക്കയോ താങ്ങിപ്പിടിച്ച് എന്നെ പുറത്ത് കൊണ്ടുവന്നിരുത്തിയത് ഓർമ്മയുണ്ട്...പിന്നെ മഞ്ഞു മൂടുന്നതും... വെളുത്ത പഞ്ഞിക്കെട്ടു കണക്കെ മേഘങ്ങൾ... പാറി പോകുന്നതും.. ആ വെള്ള മേഘങ്ങൾ ഒന്നിൽ... വെളുത്ത ഗൗണും തലയിൽ ക്രൗണും അണിഞ്ഞ് അവൾ ചിരിച്ചു കൊണ്ട് കൈകൾ വീശി ... ഉയർന്നുയർന്നു പോകുന്നതും ഞാൻ കണ്ടു..


" ഫിലിപ്പ് കുട്ടി... ഫിലിപ്പ് കുട്ടി... ചിര പരിചതമായ ശബ്ദം... കണ്ണുകൾ മെല്ലെ തുറന്നു.. ഞാൻ എവിടെയാണ്.. കണ്ണുകളെ മൂടിയിരുന്ന ഇരുൾ.. മെല്ലെ മായുന്നതും... കാഴ്ച കൂടുതൽ വ്യക്തമാകുന്നു...


" കണ്ണു തുറന്നേ... ഞാനാണ് .. മേഴ്സിയാ...."


മേഴ്സിയുടെ പുഞ്ചിരി തൂകുന്ന മുഖം... ആ കണ്ണുകളിൽ വാത്സല്യം.. കൈകളുടെ സ്നേഹ സ്പർശം...


" മേഴ്സി... എന്റെ മകൾ...


" ഇവിടെയുണ്ട്... ദാ... കണ്ടില്ലേ... നമ്മുടെ മകൾ"...


"മേഴ്സി എങ്ങിനെ ഇവിടെ എത്തി?.. ജാള്യതയോടെ ഞാൻ ചോദിച്ചു..


" അതൊക്കെ പിന്നെ പറയാം"...


ജ്യൂവലിനെയും കൊണ്ട് ഷിക്കാഗോയിൽ എത്തുമ്പോൾ.. ഞാൻ പഴയ ഫിലിപ്പായി മാറിയിരുന്നു.. ഞാൻ മേഴ്സിയിൽ നിന്നും മറച്ച് പിടിച്ച എലിസബത്തിനെ.. ഞാൻ അറിയാതെ അവർ പരസ്പരം അറിഞ്ഞിരുന്നു... എനിക്ക് വേണ്ടി... ഓരോ കാര്യങ്ങളും എലിസബത്ത് മേഴ്സിയെ അറിയിച്ചിരുന്നു...


" ഫിലിപ്പ്... നി എന്റേതാണ്... ഈ ജന്മത്തിൽ എന്റെതു മാത്രം... വിധിയെ തടുക്കാൻ നമുക്കാവില്ല.. ജ്യൂവൽ നമ്മുടെ മകളാണ്... ഫിലിപ്പിന്റെ ചോരയും... എലിസബത്തിന്റെ മാതൃത്വവും".. മേഴ്സി  ഒന്നുകൂടി എന്നോട് ചേർന്നിരുന്നു...


" ഫിലിപ്പേ... എന്തൊരു ഇരുപ്പാ ഇത്.. ഇന്നലെ രാത്രിയിൽ ബെഡ് റൂമിൽ നിന്നെഴുന്നേറ്റ് പോന്നതല്ലേ... രാത്രി മുഴുവനും.. ഈ തണുപ്പും കൊണ്ട് സിറ്റൗട്ടിൽ... ഒരേയിരുപ്പ്.. വേഗം ചെന്ന് കുളിച്ച് റെഡിയാക്... പള്ളിയിൽ പോകണം.. ഞാൻ മോളെ വിളിക്കട്ടെ...". മേഴ്സി വന്നു വിളിച്ചപ്പോൾ ഒരു സ്വപ്നത്തിൽ നിന്നുണരുകയായിരുന്നു.. 


ഇന്ന് ജ്യൂവലിന്റെ ജന്മദിനം... എലിസബത്തിന്റെ ഓർമ്മ ദിവസം.


വെളുത്തതും ചുവന്നതുമായ പൂക്കൾ നിറയെ പൂത്തുലഞ്ഞ ബൊഗയിൻ വില്ലകൾക്ക് കീഴെ എലിസബത്തിന്റെ കല്ലറയ്ക്ക് മുൻപിൽ... വെളുത്ത റോസാ പുഷ്പങ്ങൾ അർപ്പിച്ച്.. മിഴികൾ പൂട്ടി ശാന്തമായ ധ്യാനത്തിൽ.. ഞാൻ അവളോട് മന്ത്രിച്ചു...

                            " എലിസാ... ഞാൻ വന്നു.. നമ്മുടെ മോളുമുണ്ട്... കണ്ടില്ലേ നീ... ഇന്നവൾക്ക് പതിനഞ്ചു വയസ്സു തികഞ്ഞു... നിന്നേ പോലെ തന്നെ അതേ കണ്ണുകൾ.. മൂക്ക്.. ആ ചുണ്ട്.. പല്ലുകൾ... എല്ലാം.. നിന്നെപ്പോലെ നന്നായി കഥയും കവിതയുമെഴുതും.. സ്കൂളിൽ ഫസ്റ്റാ... നീ കേൾക്കുന്നുണ്ടോ....... നീ എനിക്ക് എല്ലാം തന്നൂ... നിനക്ക് ഞാൻ ഒന്നും തന്നില്ലല്ലോ എലിസാ.... കണ്ണുകൾ നീർച്ചാലുകളാകുന്നു... ഇരു കരങ്ങളും കൊണ്ട് മേഴ്സി മോളെയും എന്നെയും ചേർത്തു പിടിച്ച് തിരികെ നടക്കുമ്പോൾ... ബൊഗയിൻ വില്ലയുടെ ചില്ലകളിൽ ചേക്കേറിയിരുന്ന   കിളികൾ ആർത്തു ചിലച്ചു.......

                           സജി ജോസഫ്