2020, ജൂലൈ 31, വെള്ളിയാഴ്‌ച

പ്രവാസി - സിബി പയ്യാവൂർ








സ്വപ്നങ്ങൾ
സ്വന്തമാക്കാനായ്
നാടും വീടും വിട്ട്
സുരക്ഷിതത്വമെന്ന
മരീചികയിൽ
പെട്ടു പോയവൻ
പ്രവാസി

കാലാന്തരത്തിൽ
വേരുകൾ സ്വയം
അറുക്കപ്പെട്ട്
പ്രവാസമെന്ന
പത്മവ്യൂഹത്തിൽ നിന്നും
മോചനമില്ലെന്ന സത്യം
തിരിച്ചറിയാൻ
വൈകിയവൻ
പ്രവാസി.

സ്വന്ത ബന്ധങ്ങൾ
എന്നും മനസ്സിൽ
കാത്തു സൂക്ഷിച്ചിട്ടും 
സ്വന്തബന്ധങ്ങളാൽ
തിരസ്കൃതനാവുന്നവൻ്റെ
പേരും പ്രവാസി

ഉത്തരവാദിത്തങ്ങളുടെ
തീച്ചൂളയിൽ സ്വയം
ഉരുകിത്തീരാൻ
വിധിക്കപ്പെട്ടവനെങ്കിലും
ഉത്തരവാദിത്തങ്ങളിൽ നിന്നും
ഒളിച്ചോടുന്നവനെന്ന
പഴി കേൾക്കേണ്ടി വരുന്നവൻ...
അവനും പ്രവാസിതന്നെ

തനിക്കായി ഒന്നും
കരുതാത്തവൻ,
കണ്ട കിനാവുകൾ
പാഴ്കിനാവായ് മാറുമ്പോൾ
പരാതി പരിഭവങ്ങളില്ലാതെ
എരിഞ്ഞടങ്ങുന്നവൻ,
കാലം കഴിയവേ 
സ്വന്തം മണ്ണിൽ
അലിഞ്ഞു ചേരാൻ
ആഗ്രഹിക്കാൻ പോലും 
അവകാശമില്ലാത്തവൻ,
അവർക്കെല്ലാം ഒരേ മുഖം
ഒരേ നാമം .. പ്രവാസി.

കൈവിട്ടു പോകുന്ന 
ജീവിതത്തെ
നിസ്സനായതയോടെ
നോക്കി നിൽക്കാൻ
മാത്രം കഴിയുന്നവൻ,
ഇനിയൊരു പറിച്ചു നടീൽ
അസാധ്യമെന്ന ഘട്ടത്തിൽ
പറിച്ചു നടപ്പെടാൻ
നിർബന്ധിതനാവുന്നവൻ
പ്രവാസി.

ഒടുവിൽ പ്രവാസത്തിൽ
കരിഞ്ഞു തീരാനോ
പറിച്ചു നടീലിൽ
വേരറ്റു പോകാനോ
വിധിക്കപ്പെട്ടവൻ 
പ്രവാസി

തുടർ കഥയാകുന്ന 
പ്രവാസത്തിൽ
ജീവിക്കാൻ മറന്നു പോയി
എരിഞ്ഞടങ്ങുന്ന 
ജീവിതങ്ങൾ.

കാലപ്രവാഹത്തിൽ
അടയാളപ്പെടുത്താൻ 
ഒന്നും അവശേഷിപ്പിക്കാതെ
മാഞ്ഞു പോകുന്ന ജന്മം
അവൻ പ്രവാസി..... 
വെറും പ്രവാസി മാത്രം.

           സമർപ്പണം 
സ്വന്തം മണ്ണിൽ അലിഞ്ഞു                             
ചേരാൻ പോലുമാവാതെ                                
പൊലിഞ്ഞു പോയ പ്രവാസ
ജീവിതങ്ങൾക്ക്.......,

2020, ജൂലൈ 27, തിങ്കളാഴ്‌ച

"കിളിക്കൂട് " - സിന്ധു .കെ.എം

                           

ഞാൻ'ഇന്ദു'
ഇന്ദു ഹരിദാസ്
എന്നെ അറിയാത്തവരായി ആരുമുണ്ടാവില്ല
വെറും ഇന്ദുവല്ല ഞാൻ
കൊലയാളി ഇന്ദു !
മനസാക്ഷിയില്ലാത്തവൾ
ചുടല യക്ഷി, രക്തദാഹി
അങ്ങനെ കുറെയെറെ വിളിപ്പേരുകൾ സ്വന്തമാക്കിയവൾ. ആറു പേരെ കൊന്ന
കുറ്റത്തിന് വധശിക്ഷ കാത്തു കിടക്കുന്ന കുറ്റവാളിയാണ് ഞാൻ. ഇന്നേയ്ക്കക്കഞ്ചാം ദിവസം ആ ശിക്ഷ നടപ്പാകും. അങ്ങനെ ഞാനീ ലോകത്തു നിന്നും യാത്രയാകും ,എൻ്റെ പ്രാണനായിരുന്ന എൻ്റെ ഹരിയേട്ടനരികിലേക്ക് ,എൻ്റെ ഹൃദയസ്പന്ദനങ്ങളായിരുന്ന ,എൻ്റെ പ്രിയ മക്കളുടെയരികിലേക്ക്
          ജഡ്ജിയമ്മയുടെ പ്രത്യേക പരിഗണന മൂലം എനിക്ക് കിട്ടിയതാണ് എഴുതാനുള്ള സാമഗ്രികൾ. എൻ്റെ മുൻപിൽ ഒരുപാട് സമയം ബാക്കിയുണ്ട്. നാല് ദിവസങ്ങൾ ,96 മണിക്കൂറുകൾ .ഓരോ മണിക്കൂറും ഓരോ യുഗങ്ങൾ പോലെയാണ് തോന്നുന്നത്. തിട്ടപ്പെടുത്തി വച്ചിരിക്കുന്ന ആ തീയതി അടുക്കുന്തോറും മനസ്സ് ആഹ്ലാദത്തിൻ്റെ ഉൻമത്താവസ്ഥയിലേക്ക് എന്നെ കൊണ്ടെത്തിക്കുന്നു. ഓരോ പുലർച്ചയും കാത്തിരിപ്പിൻ്റെ ദൈർഘ്യം കുറയ്ക്കുന്നു. ചതിയുടെയും കാപട്യത്തിൻ്റെയും ഈ ലോകത്തു നിന്നും എൻ്റെ പ്രിയപ്പെട്ടവരുടെയടുത്തേക്ക് പോകാനുള്ള ആ ദിവസവും കാത്ത് ഞാനിവിടെ ഈ തമോമണ്ഡലത്തിൽ മരണത്തിനായുള്ള തൃഷ്ണയോടെ കാത്തിരിക്കുകയാണ്.
                   ''കിളിക്കൂട് " എന്നാണ് എൻ്റെ വീടിൻ്റെ പേര്.ഹരിയേട്ടനും ഞാനും എൻ്റെ രണ്ട് പൊന്നോമനകളും താമസിച്ചിരുന്ന വീട്. ശരിക്കുമതൊരു കിളിക്കൂട് തന്നെയായിരുന്നു. ഒരു വലിയ കോൺക്രീറ്റ് മാളിക പണിത് അതിൽ താമസിക്കാൻ ഞങ്ങൾക്കിഷ്ടമില്ലായിരുന്നു. ഓരോന്നും എൻ്റെ ഇഷ്ടപ്രകാരമാണ് ഹരിയേട്ടൻ ചെയ്തത്.നാല് വശത്തും വരാന്തകളുള്ള ,ഉള്ളിൽ സൂര്യപ്രകാശവും വായുവും യഥേഷ്ടം സഞ്ചരിക്കുന്ന ,ഓട് പാകിയ മനോഹരമായ വീട്. മുറ്റത്ത് പൂന്തോട്ടവും ആമ്പൽക്കുളവും ചെറിയ ചെറിയ മരങ്ങളുമൊക്കെയുണ്ടായിരുന്നു.30 സെൻ്റിൽ യഥേഷ്ടം മാവും പേരയും പനിനീർ ചാമ്പയും മാതള നാരകവുമൊക്കെ ഉണ്ടായിരുന്നു. ഏത് ചൂടുള്ള കാലത്തും ഞങ്ങളുടെ വീട്ടിൽ തണുപ്പ് നിറഞ്ഞിരുന്നു. സ്നേഹത്തിൻ്റെ നനുത്ത തണുപ്പ് ആവോളം നിറഞ്ഞു നിന്നിരുന്ന ആ വിട്ടിൽ പിണക്കങ്ങളോ ആക്രോശങ്ങളോ ഒന്നുമുണ്ടായിരുന്നില്ല.
         ഒന്നര വയസ്സിൻ്റെ വിത്യാസമേ എൻ്റെ മക്കൾ തമ്മിൽ ഉണ്ടായിരുന്നുള്ളു. ചന്ദ്രയായിരുന്നു മൂത്തവൾ ,ഇളയവൾ താരയും .ചന്ദ്രുവും താരുവുമായിരുന്നു അവർ. രണ്ടു പേരെയും കാണാൻ നല്ല ചന്തമായിരുന്നു. പഠിക്കാൻ സമർത്ഥരായിരുന്നു അവർ. ചന്ദ്രു പത്താം തരത്തിൽ പരീക്ഷയെഴുതി.താരു പത്തിലേക്കും .അടുത്തുള്ള സർക്കാർ സ്കൂളിലായിരുന്നു അവർ പഠച്ചി
രുന്നത്. പാട്ടിലും ഡാൻസിലുമെല്ലാം ഒന്നാമതായിരുന്നു എൻ്റെ കുട്ടികൾ .ചെറിയ തർക്കങ്ങൾ അവർ തമ്മിലുണ്ടായാൽ പോലും ഹരിയേട്ടനത് സഹിക്കാനാവുമായിരുന്നില്ല. അച്ഛനെ വിഷമിപ്പിക്കാതിരിക്കാൻ അവരും ശ്രദ്ധിച്ചിരുന്നു. ഞാനവർക്ക് അമ്മയായിരുന്നില്ല, ഒരു കളിക്കൂട്ടുകാരിയായിരുന്നു.എൻ്റെ ചില പേടികൾ അവർക്ക് തമാശയായിരുന്നു. ഇടിയും മിന്നുമുള്ള രാത്രികൾ എനിക്ക് പേടി സ്വപ്നങ്ങളായിരുന്നു. ആ അവസരങ്ങളിലൊക്കെ മൂന്നു പേരും കൂടി എന്നെ ഇറുകെ കെട്ടിപ്പിടിച്ചിരിക്കും. എൻ്റെ പേടികളിൽ ഏറ്റവും വലുത് ഇരുട്ടായിരുന്നു. കറൻ്റ് പോയാൽ ഞാൻ നിന്നിടത്തു നിന്ന് അനങ്ങില്ല ,ശ്വാസം നിലയ്ക്കുന്നതു പോലെയൊക്കെ തോന്നുമായിരുന്നു. കിട്ടാവുന്നതിൽ ഏറ്റവും നല്ല ഇൻവെർട്ടർ വാങ്ങി വീട്ടിൽ വച്ചാണ് ഹരിയേട്ടനതിന് പരിഹാരം കണ്ടത്. സത്യത്തിൽ ഞാൻ അവരെയല്ല ,അവർ മൂന്നു പേരും കൂടി സ്നേഹിച്ചും ലാളിച്ചും എന്നെ വഷളാക്കുകയായിരുന്നു.എല്ലാ വർഷവും കുട്ടികളുടെ അവധിക്ക് ഞങ്ങൾ എവിടെക്കെങ്കിലും യാത്ര പോകാറുണ്ട്. എല്ലാം പായ്ക്ക് ചെയ്യുന്നതാണ് എന്നെ സംബന്ധിച്ചിടത്തോളം ദുഷ്കരം. എത്ര എടുത്ത് വച്ചാലും പിന്നേയും പിന്നേയും പെട്ടി തുറന്ന് നോക്കുന്നത് എൻ്റെ ഒരു ശീലമായിരുന്നു.എൻ്റെ പരവേശം കാണുമ്പോൾ മൂന്നാളുമിരുന്ന് ചിരിക്കും'. ഹരിയേട്ടൻ ഓഫീസാവിശ്യത്തിനായി രണ്ടു ദിവസം മാറി നിൽക്കേണ്ടി വന്നാലും എനിക്ക് ഭയങ്കര പേടിയാണ്. ഹരിയേട്ടനുമതറിയാം. അങ്ങനെ പോകുന്ന സന്ദർഭത്തിൽ കുട്ടികളോട് പറയും അമ്മയെ നോക്കിക്കോണമെന്ന്. അതിന് താരു പറയും സാധാരണ കുട്ടികളെ നോക്കിക്കോണമെന്നാണ് എല്ലാ അച്ഛൻമാരും പറയുന്നത്. പക്ഷേ ഇവിടെ നേരെ തിരിച്ചാണ് എന്ന്. അപ്പോൾ ഹരിയേട്ടൻ എന്നെ നോക്കി വലംകണ്ണിറുക്കി ചിരിക്കും. എൻ്റെ ജീവിതത്തിലെ ഏറ്റവും നല്ല നിമിഷങ്ങളായിരുന്നു അതൊക്കെ.ആ സ്നേഹ കിളിക്കൂട് കണ്ട് ഏത് ദൈവത്തിനാണ് എന്നോടസൂയ തോന്നിയത് എന്നെനിക്കറിയില്ല. ആ അസൂയ ഒര ശനിപാതമായി ,തീ പിടിച്ച ഒരു ഉൽക്കയായി ഞങ്ങളുടെ ആ കിളിക്കൂടിന് മീതെ ആഞ്ഞു പതിക്കുകയായിരുന്നു.
            വില്ലേജോഫീസറായിരുന്ന ഹരിയേട്ടന് ധാരാളം പ്രശ്നങ്ങളുണ്ടായിരുന്നു. പക്ഷേ അതൊന്നും ഞങ്ങളെ അറിയിച്ചിരുന്നില്ല. അന്ന് ഞങ്ങൾ യാത്ര പോകാനുദ്ദേശിച്ചിരുന്നതിനും രണ്ട് ദിവസം മുമ്പ് ഹരിയേട്ടൻ വല്ലാത്ത ടെൻഷനിൽ ആണ് എന്ന് എനിക്ക് തോന്നിയപ്പോൾ ഞാൻ കാരണം തിരക്കി.ആ നാട്ടിലെ പ്രമാണിയായ അപ്പു  മേനോനും അവരുടെ മൂന്ന് ആൺമക്കളും കൂടി ഒരു പുറമ്പോക്ക് ഭൂമിയുടെ പേപ്പറിൽ ഒപ്പിട്ട് കൊടുക്കണമെന്ന് നിർബന്ധിക്കുന്നു എന്ന് മാത്രമേ എന്നോട് പറഞ്ഞുള്ളു. അപ്പു  മേനോൻ ഭയങ്കര ദുഷ്ടനാണ് എന്നെനിക്കറിയാമായിരുന്നു. മൂന്ന് ആണും നാലു് പെണ്ണുമായിരുന്നു അയാൾക്ക് .വളരെ ചെറിയ പ്രായത്തിൽ തന്നെ പെൺകുട്ടികളെ അവരുടെ സമ്മതം കൂടാതെ തന്നെ കല്യാണം കഴിച്ച യച്ചു. മൂന്ന് ആൺമക്കൾക്കും വേറെ വേറെ വീടു് വച്ച് കൊടുത്തിരുന്നു. മൂന്ന് ആൺമക്കൾക്കും ഓരോരോ മക്കളാണുള്ളത്. ആൺമക്കൾ ദുഷ്ടൻമാരായിരുന്നുവെങ്കിലും അവരുടെ കുടുംബത്തെ ജീവനേപ്പോലെ സ്നേഹിച്ചിരുന്നുവത്രെ. പുറം പണിക്ക് വരുന്ന ദേവകിയമ്മയുടെ സ്റ്റഡീ ക്ലാസാണിതെല്ലാം. ഞാൻ ഹരിയേട്ടനെ എന്നാ ലാവും വിധം സമാധാനിപ്പിച്ചു. ഏതായാലും മറ്റന്നാളല്ലേ നമുക്ക് പോകണ്ടത് നാളെയും കൂടി ലീവെടുക്ക് ഹരിയേട്ടാ എന്ന് പറഞ്ഞപ്പോൾ അദ്ദേഹം സമ്മതിച്ചു. പിറ്റേന്ന് കുട്ടികൾ ഉത്സാഹതിമിർപ്പിൽ ആയിരുന്നു. നാളെ രാവിലെ തന്നെ പോകേണ്ടതാണ് വേഗം കിടന്നുറങ്ങാൻ കുട്ടികളോട് പറഞ്ഞിട്ട് ,ഒരു പ്രാവശ്യം കൂടി ബാഗെല്ലാം പരിശോധിക്കാൻ പോയി. രാത്രി പതിനൊന്ന് മണിയായിക്കാണും ഡോർബെല്ല് കേട്ട്, ഹരിയേട്ടൻ പൂമുഖത്തേക്ക് പോയി. എന്തോ എനിക്കും കിടക്കാൻ തോന്നിയില്ല. ഞാനും ഹരിയേട്ടൻ്റെ കൂടെ പോയി .ആരായെന്ന ഹരിയേട്ടൻ്റെ ചോദ്യത്തിന് ,ഞാനാടാ ഹരി വാതിലു തുറക്ക് എന്ന മറു ശബ്ദമാണ് കേട്ടത്. വേണ്ട ഹരിയേട്ടാ എന്ന് ഞാൻ പറഞ്ഞതും ഹരിയേട്ടൻ വാതിലു തുറന്നതും ഒരുമിച്ചായിരുന്നു. ആദ്യം കയറി വന്നത് അപ്പു  മേനോൻ്റെ മൂത്ത മകൻശേഖരനായിരുന്നു. പിന്നീട് രാജനും ദേവനും. വീടിനുള്ളിൽ കയറി അവർ തന്നെ വാതിലടച്ചു. പേടിച്ചു വിറച്ച് ഞാൻ ഒന്ന് ചലിക്കാൻ പോലുമാവാതെ നിന്നു. മൂന്ന് പേരും നന്നായി കുടിച്ചിട്ടുണ്ടെന്ന് അവരെ കാണുമ്പോഴെ അറിയാമായിരുന്നു. അസഭ്യ വാക്കുകളുടെ അകമ്പടിയോടെ അവർ ഹരിയേട്ടനെ എന്തൊക്കെയോ പറഞ്ഞു. ഹരിയേട്ടൻ പറഞ്ഞതൊന്നും കേൾക്കാൻ നിക്കാതെ ഇളയവൻ രാജൻ ഹരിയേട്ടനെ അടിക്കുകയും ആഞ്ഞ് തള്ളുകയും ചെയ്തു.ഹരിയേട്ടാ....... എന്ന് അലറി വിളിച്ച് അടുത്തേക്കോടിച്ചെന്ന എന്നെ ദേവൻ പിടിച്ചു നിർത്തി. ശബ്ദം കേട്ട് ചന്ദ്രുവും താരുവും ഓടി വന്നു. ചന്ദ്രു കരഞ്ഞ് ബഹളമുണ്ടാക്കിയപ്പോൾ ,താരു വേഗം ഫോണിനടുത്തേക്കോടി. അതു കണ്ട രാജൻ ഓടിച്ചെന്ന് അവളെ പിടിച്ചുവലിച്ചു നിർത്തി രണ്ട് കവിളിനും മാറി മാറി അടിച്ചു. അടിയുടെ വേദനയിൽ പുളഞ്ഞ് എൻ്റെ പൊന്നുമകൾ ബോധം മറഞ്ഞ് താഴെ വീഴുന്നത് ഞാൻ കണ്ടു. പിന്നെ അവിടെ നടന്നതൊന്നും വിവരിക്കാൻ എനിക്ക് ശക്തിയില്ല .പക്ഷേ അതു പറഞ്ഞില്ലെങ്കിൽ ഈ ലോകമതറിയില്ല. ഇരുട്ടിനെ പേടിയുള്ള ,ഒരു ഉറുമ്പിനെ പോലും നോവിക്കാനറിയാത്ത ഇന്ദു ഹരിദാസ് എങ്ങനെ കൊലയാളി ഇന്ദുവായി എന്ന് എല്ലാരുമറിയണം .
            ഹരിയേട്ടനെ അടിച്ചവശനാക്കി വായിൽ തുണിയും തിരുകി ഒരു തൂണിലവർ കെട്ടിയിട്ടു. എന്നിട്ട് എന്നെയും എൻ്റെ പിഞ്ചുമക്കളെയുമവർ എന്തൊക്കെ ചെയ്യാമോ അതെല്ലാം ചെയ്തു .കേവലം ഞങ്ങളുടെ മേൽ കാമം തീർക്കുകയല്ല അവർ ചെയ്തത് ,വളരെ മൃഗീയമായ രീതിയിൽ ,മൃഗങ്ങൾപോലും ചെയ്യാനറയ്ക്കുന്ന തരത്തിൽ ഞങ്ങളുടെ ശരീരത്തിലവർ പേക്കൂത്ത് ആടി തിമിർത്തു .പ്രാണൻ പോകുന്ന വേദനയിലും എൻ്റെ മക്കളെ വെറുതെ വിടു എന്ന് ഞാൻ കേണപേക്ഷിച്ചു കൊണ്ടിരുന്നു.കാമാന്ധരായ ആ രാക്ഷസൻമാർ അത് കേൾക്കുക കൂടി ചെയ്തില്ല. മെല്ലെ എൻ്റെ പ്രഞ്ജ എന്നിൽ നിന്നകന്നു പോയി.പിന്നീടെന്തു സംഭവിച്ചു എന്നറിയാതെ ഇരുപത് ദിവസത്തോളം ഞാൻ ഹോസ്പിറ്റലിൽ ആയിരുന്നു. മുറിഞ്ഞു തൂങ്ങിയ എൻ്റെ പാതി ചുണ്ടുകൾ ഡോക്ടർമാർ തുന്നിചേർത്തിരുന്നു. ബോധമില്ലാതെ കിടന്നിരുന്ന എൻ്റെ  ഗർഭപാത്രവും ഡോകടർമാർ മുറിച്ചു മാറ്റിയിരുന്നു എന്ന സത്യവും  പതിയെ ഞാൻ അറിഞ്ഞു.  അബോധങ്ങളിൽ നിന്ന് ബോധത്തിലേക്ക് സഞ്ചരിച്ചുകൊണ്ടിരുന്ന എനിക്ക് എപ്പോഴോ അറിയാൻ കഴിഞ്ഞു. ഹരിയേട്ടനും എൻ്റെ പൊന്നുമക്കളും ഈ ഭൂമിയിൽ ഇല്ലെന്ന് .ഏതോ പാണ്ടികൾ മോഷണം നടത്താൻ വന്നപ്പോൾ തടഞ്ഞ ഹരിയേട്ടനെ അവർ കൊന്നു ,ഞങ്ങളെ മാനഭംഗപെടുത്തി.ഇതായിരുന്നു ലോകമറിഞ്ഞ കഥ .പോലീസ് വന്നു കുറെ പ്രാവശ്യം ...... ചോദ്യം ചെയ്യാൻ .......
എൻ്റെ വായിൽ നിന്ന് ഒരു വാക്ക് പോലും വീണില്ല. ആരോടും ഒന്നും മിണ്ടാതെയായി.ഡോക്ടർ പറഞ്ഞു ഷോക്കാണെന്ന്. തറവാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാൻ ഏട്ടൻ വന്നു. വരില്ല എന്ന് തന്നെ ആംഗ്യം കാണിച്ചു.ഇനിയുള്ള കുറച്ച് ദിവസങ്ങൾ ആ നാട്ടിൽ ,ആ വീട്ടിൽ തന്നെ വേണമെന്ന് നിർബന്ധമായിരുന്നു.
ഏട്ടൻ്റെ കാറിൽ നിന്നും വീട്ടുമുറ്റത്ത
ക്കിറങ്ങിയപ്പോൾ ,ആ മണ്ണിലെൻ്റെ കാല് പതിഞ്ഞപ്പോൾ......... ഇല്ല അതിൻ്റെ തീവ്രത എഴുതാൻ ഈ പേപ്പറുകളോ ഈ പെന്നിലെ മഷിയോ മതിയാവില്ല.ഞാൻ വീട്ടിലേക്ക് കയറി വാതിലടച്ചു. പിന്നിൽ ഏട്ടൻ്റെ വിളിയും വാതിലിൽ തട്ടുന്ന ഒച്ചയുമൊന്നും കേൾക്കാത്ത പോലെ പതിയെ നടന്ന് ഹരിയേട്ടനെ കെട്ടിയിട്ട തൂണിൻ്റെ ചുവട്ടിൽ മറ്റൊരു തൂണായി ഞാനിരുന്നു.എൻ്റെ പ്രാണൻ പിടയുന്നത് ഞാനറിഞ്ഞു.കണ്ണിൽ കുടി കണ്ണുനീർ കുതിച്ചു പാഞ്ഞുകൊണ്ടിരുന്നു. അതൊരു മഹാപ്രളയമായി എന്നെയും വഹിച്ചുകൊണ്ടു പോയിരുന്നെങ്കിൽ എന്ന് ഞാനാശിച്ചു. എനിക്കൊന്നും കാണുന്നുണ്ടായിരുന്നില്ല. സർവ്വത്ര ഇരുട്ടായിരുന്നു. വെളിച്ചത്തിൻ്റെ നേരിയ ഒരു തിരി പോലും അങ്ങോട്ട് വരരുതേ എന്ന് ഞാനാഗ്രഹിച്ചു. ദിഗന്തം നടുങ്ങുന്നതു പോലെ ഒരു ഇടിയൊച്ച കാതിൽ മുഴങ്ങി .ഒരു മിന്നൽ പിന്നർ കണ്ണിലൂടെ പാഞ്ഞു പോകുന്നതു പോലെ ,വേദന കൊണ്ട് ഞാൻ പിടഞ്ഞു. എനിക്ക് ശ്വാസം നിലച്ചതു പോലെ................
പിറ്റേ ദിവസം  ഉച്ചയായി കാണും നീണ്ട ഒരുറക്കത്തിൻ്റെ അല്പാശ്വാസത്തിൽ ഞാൻ കണ്ണുകൾ തുറന്നു.എഴുനേറ്റ് കുളിച്ചു. എനിക്ക് എൻ്റെ ജീവൻ ഇത്തിരി നാളത്തേക്ക് കൂടി ആവശ്യമുണ്ടായിരുന്നു. അതു കൊണ്ട് ഇത്തരി കഞ്ഞി വച്ചു, ഉപ്പും ഒരു ഉണക്കമുളകും കൂട്ടി കഴിച്ചു. സന്ധ്യയായി ,രാത്രിയായി ,ഞാൻ വിളക്ക് തെളിച്ചില്ല, ലെറ്റ് ഇട്ടില്ല ,ഇരുട്ടിന് കൂട്ടായി തൂണിൽ ചാരി ഞാനിരുന്നു. ഇരുട്ടിന് ഇത്തിരി കട്ടി കൂടിയപ്പോൾ ഞാനെഴുനേറ്റു. ഹരിയേട്ടൻ ഷേവുചെയാൻ വാങ്ങി വച്ചിരുന്ന ബ്ലേഡു പായ്ക്കറ്റിൽ നിന്നും ഒന്നെടുത്തു. വീടുപൂട്ടി വെളിയിലിറങ്ങി. ചുരുക്കം ചില വീടുകളിൽ മാത്രം വെളിച്ചമുണ്ട്. എൻ്റെ കാലുകൾ എന്നെ കൊണ്ടത്തിച്ചത് രാജൻ്റെ വിടിന് പിന്നിലായിരുന്നു. വേലക്കാരി പാത്രം കഴുകുന്നുണ്ടായിരുന്നു.അവർ കാണാതെ പിൻവാതിലിലൂടെ ഞാൻ അകത്തു കയറി. ബെഡ്റും എവിടെയായിരുക്കുമെന്ന ആശങ്കയിൽ തെല്ലു നിന്നപ്പോൾ രാജൻ്റെ ഭാര്യയുടെ ഒച്ച കേട്ടു ." രാജേട്ടാ മോനുറങ്ങി ഞാൻ കിടത്തിയിട്ടു വരാം '' .നോക്കുമ്പോൾ കുഞ്ഞിനെയുമെടുത്ത് മുകളിൽ ബെഡ് റൂമിൽ കിടത്തി അവൾ തിരിച്ചു വന്നു. തീർത്തും പരിചയമുള്ള ഒരു വീട്ടിൽ കയറുന്നതുപോല അതെൻ്റെ അവകാശമാണെന്ന് വിചാരിച്ച് അവരുടെ ബെഡ് റൂമിൽ കയറി വാതിൽ ചാരി കട്ടിലിനടിയിൽ ഇരുന്നു. കുറച്ച് സമയങ്ങൾക്കു ശേഷം രാജനും ഭാര്യയും റൂമിലേക്ക് വന്നു. ഭാര്യയുടെ കാതിലെന്തോ പറഞ്ഞ് ചിരിക്കുന്ന രാജൻ്റെ നെഞ്ചിലേക്ക് നാണത്തോടെ ചായുന്ന അവളെ ചേർത്തു പിടിച്ചു കൊണ്ട് മകൻ്റെ അരികിലേക്കിരുന്നു. നമ്മുടെ മകൻ ഉണ്ണിക്കണ്ണനെ പോലെയുണ്ടല്ലേ എന്ന് പറഞ്ഞ് അതിയായ വാത്സല്യത്തോടെ അവൻ്റെ നെറ്റിയിൽ ഉമ്മ വച്ചു. ബെഡ്റും ലാമ്പിൻ്റെ അരണ്ട വെളിച്ചത്തിൽ മൈഥുനം കഴിഞ്ഞ് കെട്ടി പുണർന്ന് കിടക്കുന്ന അവരെ കണ്ടപ്പോൾ കൊള്ളിയാൻ പോലെ ഒരു ചിന്ത മനസ്സിലൂടെ കടന്നു പോയി. ഇവനെ രാജനെ ഇല്ലാതാക്കിയാൽ ,പെട്ടെന്ന് അവനീ ഭൂമിയിൽ നിന്നും പോയാൽ ,ഒരു നല്ല മരണമായിരിക്കും ഞാനവന് കൊടുക്കുന്നത് .പക്ഷേ ഞാനനുഭവിച്ചതു പോലെ അവനുണ്ടാകണമെങ്കിൽ..........? അതേ ഞാനവന് ഒരു ശിക്ഷ കൊടുക്കണമെങ്കിൽ അവൻ മരിക്കാൻ പാടില്ല. ഉറങ്ങിക്കിടന്നിരുന്ന അവൻ്റെ അരുമ സന്താനത്തിൻ്റെയും അവൻ്റെ ഭാര്യയുടെയും കഴുത്തിലെ ഞരമ്പുകൾ ഒട്ടും ധൃതിപ്പെടാതെ മുറിച്ചു.ഒരു നേരിയ അനക്കം പോലും അവർക്കുണ്ടായില്ല. ഞാൻ വാതിൽ തുറന്ന് വീടിന് പുറത്തിറങ്ങി ,പിശാചുക്കൾ വരെ പേടിക്കുന്ന ആ കട്ടപിടിച്ച ഇരുട്ടിൽ വെളിച്ചത്തിൻ്റെ ഒരു തിരി പോലുമില്ലാതെ സാവകാശം നടന്നു. എൻ്റെ മനസ്സിൽ ഹരിയേട്ടൻ എപ്പോഴും മൂളി നടക്കുമായിരുന്ന ആ പാട്ടിൻ്റെ ശീലുകൾ ഒഴുകി നടക്കുന്നുണ്ടായിരുന്നു.
മാനസ സഞ്ചരരേ.......... ബ്രഹ്മണി മാനസ സഞ്ചരരേ............
പിറ്റേന്നവിടെ എന്തു നടന്നുവെന്നെനിക്കറിയില്ല ,ആരും പറയാൻ വന്നില്ല ,ഞാൻ പുറത്തിറങ്ങിയതുമില്ല.ഇടയ്ക്കൊരു ദിവസം ദേവകിയമ്മ വന്നു.രാജൻ്റെ ഭാര്യയെയും മകനേയും ആരോ കൊന്നുവെന്നും തറവാട്ടിൽ വച്ച് അവരുടെ ചടങ്ങുകൾ നടത്തുന്നുവെന്നും പറഞ്ഞു. ഞാൻ ഒന്നും പറയാത്ത കൊണ്ടും അധികം താല്പര്യം കാണിക്കാത്ത കൊണ്ടും അവർ വേഗം പോയി. എനിക്കു സന്തോഷമായി ,എന്നെ വിളിച്ചില്ലെങ്കിലും ഞാനും പോകണ്ടതല്ലേ. അങ്ങനെ ആ ദിവസവും വന്നെത്തി .രാത്രിയുടെ കനത്ത ഇരുട്ടിൽ മറ്റൊരു ഇരുട്ടായി ഞാൻ നടന്നു.വീടിനടുത്തെത്തിയപ്പോൾ തെല്ലൊരു പകപ്പിൽ ഞാൻ നിന്നു പോയി. എല്ലായിടത്തും ലൈറ്റുകൾ ,പ്രകാശത്തിൽ കുളിച്ചു നില്ക്കുന്ന ആ വലിയ വീട്ടിലേക്ക് എനിക്കെങ്ങനെ എത്താൻ കഴിയും. ദൈവത്തെ കൂട്ടുവിളിക്കാനിഷ്ടമില്ലാത്തതു കൊണ്ട് എൻ്റെ സമയം ആകാൻ വേണ്ടി ഞാൻ കാത്തിരുന്നു. ഏറെ നേരങ്ങൾക്കു ശേഷം കറണ്ടു പോയ ആ ഒറ്റനിമിഷം മതിയായിരുന്നു എനിക്ക്. ഒറ്റ ഓട്ടത്തിന് ഞാൻ വീടിനുള്ളിലെത്തി പടികൾ കയറി മേലെ മാളികയിലെത്തി. എല്ലാരുമിത്തിരി നേരമെങ്കിലും ഉറങ്ങാതിരിക്കില്ലല്ലോ .അവിടെ കാത്തിരുന്ന സമയത്തും എന്താണ് ഞാൻ ചെയ്യുക എന്നതിന് എനിക്കൊരൂഹവും ഉണ്ടായിരുന്നില്ല. കുറച്ച് സമയം കഴിഞ്ഞപ്പോൾ ശേഖരൻ്റെ ഭാര്യയും മകളും അവിടേക്കെത്തി.ഒരു 16 വയസുണ്ടാവും ശേഖരൻ്റെ മകൾക്ക് .പുറകിലായി ' ദേവൻ്റെ ഭാര്യയും മകളുമുണ്ടായിരുന്നു.ശേഖരൻ്റെ മകൾ അമ്മയോട് പരാതി പറയുന്നുണ്ടായിരുന്നു ,കിടക്കാൻ എവിടെയും സ്ഥലമില്ല എന്നൊക്കെ. നിങ്ങൾ' ഈ മുറിയിൽ കിടന്നോളു ,ഇങ്ങോട്ടാരും വരില്ല ,വാതിൽ കുറ്റിയിടണ്ട കുറച് കഴിയുമ്പോൾ ഞാനും വരാംമെന്ന് പറഞ്ഞ് ശേഖരൻ്റെ ഭാര്യ താഴേക്ക് പോയി. മുറിയിൽ നിന്നുള്ള സംസാരം തീരുന്നത് വരെ എനിക്ക് കാത്തിരിക്കേണ്ടി വന്നു. ഇരുട്ടിൽ നിന്ന് മെല്ലെ പുറത്തിറങ്ങിയ ഞാൻ വാതിൽ ശബ്ദമുണ്ടാക്കാതെ തുറന്ന് അകത്തു കയറി. ഒരു കട്ടിലിൽ തൻ്റെ കുഞ്ഞിനേയും കെട്ടിപ്പിടിച്ചു റ ങ്ങുന്ന ദേവൻ്റെ ഭാര്യ. ഏഴോ എട്ടോ വയസുള്ള ഒരു മിടുക്കി കുട്ടി. വളരെ പെട്ടെന്ന് തന്നെ അവരുടെ കാര്യം കഴിച്ച് ശേഖരൻ്റെ മോളുടെ അടുത്തേക്ക് വന്നു. അവളുടെ കഴുത്തിലേക്ക് കൈ പോയതും അവൾ തിരിഞ്ഞതും ഒരുമിച്ചായിരുന്നു. അവളുടെ വായ് അടച്ചു പിടിച്ചു കൊണ്ട് കണ്ണിലേക്ക് നോക്കിയപ്പോൾ തൻ്റെ മുഖത്തിനു നേരെ താഴ്ന്നു വരുന്ന ശേഖരൻ്റെ വ്യത്തികെട്ട കണ്ണുകളാണ് കണ്ടത്. ഞാൻ ഈ പ്രപഞ്ചത്തെ ആകെ മറന്നു പോയിരുന്നു. അവളുടെ മുഖം ഞാൻ വികൃതമാക്കിക്കൊണ്ടിരുന്നു. അതിനും എത്രയോ മുമ്പ് തന്നെ അവളുടെ ജീവൻ പോയിരുന്നു. ഇനിയൊന്നു കൂടി ആവണമല്ലോ എന്ന് കരുതി വാതിൽ ചാരി ഞാൻ ഒളിച്ചു നിന്നു. ഇത്തിരി കൂടി കഴിഞ്ഞപ്പോൾ ശേഖരൻ്റെ ഭാര്യ വന്നു. എനിക്ക് സമയമുണ്ടായിരുന്നു.അവർ വാതിലു തുറക്കുന്ന സമയം ധാരാളം മതിയായിരുന്നു എനിക്ക്. ബ്ലേഡുകൊണ്ട് അവരുടെ കഴുത്തിൽ ഞാൻ മെല്ലെ തലോടി.ഒറ്റ പിടച്ചിൽ. പക്ഷേ എനിക്ക് ഒട്ടും ഓർക്കാനിഷ്ടടപെടാത്ത ഒരു കാര്യം കൂടി സംഭവിച്ചു.എൻ്റെ മുഖത്തേക്കും അവരുടെ രക്തം തെറിച്ചു വീണു. പുറത്തിറങ്ങി അവരുടെ ബാത്ത് റൂമിൽ കയറി രക്തക്കറ കഴുകി കളഞ്ഞ് ഞാൻ എൻ്റെ തകർന്നു വീണ കിളിക്കൂട്ടിലേക്ക് നടന്നു. ചുറ്റിനും കട്ട പിടിച്ച ഇരുട്ട് പേടിയോടെ എന്നെ തുറിച്ചുനോക്കി കൊണ്ടിരുന്നു.ഞാൻ പക്ഷേ ശാന്തയായി മാനസസഞ്ചരരേ....... മൂളിക്കൊണ്ട് വളരെ പതുക്കെയാണ് നടന്നത്. പിറ്റേ ദിവസം ബെല്ലടിക്കുന്ന കേട്ടാണ് ഞാൻ വാതിലു തുറന്നത്. അയ്യോ കുഞ്ഞിപ്പോഴാണോ എഴുന്നേൽക്കുന്നത് ,എന്ന് ചോദിച്ചപ്പോൾ ഞാൻ തലവേദനയെന്ന് ആംഗ്യം കാട്ടി. പൊടിപ്പും തൊങ്ങലും വച്ച് ദേവകിയമ്മ പറഞ്ഞ കഥ കേൾക്കാൻ തീരെ താല്പര്യമില്ലാത്ത മട്ടിൽ ഇരുന്നു. "ഒത്തിരി പോലീസെല്ലാം വന്നിട്ടുണ്ട് കുഞ്ഞേ ,പോലീസ് നായ അവരുടെ ബാത്ത് റൂമിൻ്റെ മുമ്പീന്ന് കുരയോട് കുരയാ. എത്രയൊക്കെ പറഞ്ഞിട്ടും നിർവ്വികാരയായി ഇരിക്കുന്ന എന്നെ നോക്കി പിറുപിറുത്തു കൊണ്ട് ദേവകിയമ്മ യാത്രയായി.
         ഞാനെല്ലാം തീരുമാനിച്ചു വച്ചിട്ടുണ്ടായിരുന്നു. ജഡ്ജിയുടെ വീട്ടിൽ പോകാനായി ഞാൻ ഇറങ്ങി.ജഡ്ജി പ്രഭാവർമ്മയാണ്. സിംഹിണി എന്ന ഇരട്ട പേരുണ്ട്  അവർക്ക്.വളരെ കർക്കശക്കാരിയായിരുന്നു അവർ. അവരെ സ്വാധീനിക്കാൻ ആർക്കും കഴിഞ്ഞിരുന്നില്ല. എല്ലാം ഹരിയേട്ടൻ പറഞ്ഞു തന്ന അറിവുകളാണ്. ഹരിയേട്ടൻ്റെ സീനിയറായിരുന്നു കോളേജിൽ .മൂന്നാല് തവണ അവരെ കണ്ടിട്ടുമുണ്ട്. ഹരിയുടെ ഷാഡോ എന്ന് ആണ് അവരെന്നെ വിളിച്ചിരുന്നത്. ജഡ്ജിക്ക് കൊടുക്കാനുള്ള പെർമിഷൻ ലെറ്ററുമായിപ്പോയ ഗൂർഖ അതിവേഗം മടങ്ങി വന്ന് എന്നോട് ഉള്ളിലേക്ക് പോകാൻ പറഞ്ഞു. മേഡം സെറ്റിയിൽ എന്നെയും കാത്തിരിക്കുന്നുണ്ടായിരുന്നു. "ഇന്ദു ഇരിക്കു എല്ലാം ഞാനറിഞ്ഞിരുന്നു ,ഹോസ്പിപിറ്റലിൽ വന്ന് തന്നെ കാണുകയും ചെയ്തിരുന്നു.ഷോക്കു കൊണ്ടാകാം തനിക്ക് സംസാരിക്കാൻ പറ്റില്ലായെന്നും ഡോക്ടർ പറഞ്ഞിരുന്നു. ഞാനിപ്പോൾ എന്താണ് തനിക്ക് ചെയ്തു തരേണ്ടത് ,ഒരു ജോലി ,അല്ലെങ്കിൽ കുറച്ച് പണം എന്താണെങ്കിലും ഇന്ദുവിന് തുറന്ന് പറയാം ,ഓ സോറി താനാ പേപ്പറിൽ എഴുതി തന്നാൽ മതി .ഹരിയേട്ടനെ കരുതി ഇവർ എന്നോട് ദയ കാണിക്കുകയാണ് ,എല്ലാമറിയുമ്പോൾ എങ്ങനെയായിരിക്കുമിവർ പ്രതികരിക്കുന്നത് എന്ന് ഞാൻ മനസ്സിലോർത്തു ,ഞാൻ മെല്ലെ അവരോട് പറഞ്ഞു. മാഡം എനിക്ക് നിങ്ങളോട് പേഴ്സണലായി സംസാരിക്കണം. വലിയൊരു അത്ഭുതം സംഭവിച്ച പോലെ ജഡ്ജ് പ്രഭാവർമ്മ ഒന്ന് പിടഞ്ഞുണർന്നു. എൻ്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി കൊണ്ടിരുന്ന അവരോട് ,ഞാൻ പറഞ്ഞു എൻ്റെ സംസാരശേഷി നഷ്ടപെട്ടിട്ടില്ലയെന്ന്. അവർ എന്നെ തന്നെ സൂക്ഷിച്ചു നോക്കിക്കൊണ്ട് ഓഫീസ് റൂമിലേയ്ക്ക് കൊണ്ടുപോയി. ഫുൾസ് റ്റോപ്പുകളിടാതെ, ഒട്ടും ഇടറാതെ ,തെല്ലും ഭയമില്ലാതെ ,അതിവേഗ മൊഴുകുന്ന ഒരു പുഴ പോലെ ഞാൻ എല്ലാം പറഞ്ഞു നിർത്തി. വളരെ നേരം ഒന്നും മിണ്ടാതെ അവർ ഇരുന്നു. അവരനുഭവിക്കുന്ന സംഘർഷം അവരുടെ മുഖത്തു നിന്നും ഞാൻ വായിച്ചെടുത്തു. ഞാൻ വീണ്ടും തുടർന്നു ,എനിക്ക് ആത്മഹത്യ ചെയ്യാമായിരുന്നു മേഡം പക്ഷേ ഇതൊന്നു മാരുമറിയാതെ പോകും .മറ്റുള്ളവരുടെ ജീവന് തെല്ലും വില കല്പിക്കാതെ ,അവരുടെ ജീവിതം കൊണ്ട് പന്താടുന്ന എല്ലാ പേക്കോലങ്ങൾക്കും ഇതൊരു മുന്നറിയിപ്പാകണം .ഒരു സ്ത്രീയെന്ന നിലയിൽ മേഡം എനിക്ക് ചെയ്തു തരണ്ട ഒരുപകാരം എത്രയും പെട്ടെന്ന് തന്നെ ഈ കേസ് കോടതിയിലെത്തണം. ആ മൂന്ന് പേരും അവിടെയുണ്ടാവണം. ചെയ്തതെല്ലാം ഞാൻ തുറന്ന് പറയാം. പക്ഷേ മാഡം എനിക്ക് തൂക്കുമരമല്ലാതെ വേറൊരു ശിക്ഷയും വിധിക്കരുത് .എൻ്റെ ഹരിയേട്ടൻ്റെയും മക്കളുടെയുമടുത്ത് എനിക്ക് എത്രയും പെട്ടെന്ന് എത്തണം. ദയവു ചെയ്ത് അതിഭയങ്കരിയായ ഒരു കൊലയാളിക്ക് കൊടുക്കാൻ പറ്റുന്ന ഏറ്റവും കൂടിയ ശിക്ഷ മരണശിക്ഷയാണ്.അത് തീർത്തും അനിവാര്യമായ ഒന്നാണ്. പ്രഭാവർമ്മയിലെ ജഡ്ജ് ഉണർന്നു പ്രവർത്തിച്ചു. ഉടൻ തന്നെ അവർ ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി സംസാരിച്ചു . പോലീസ് ജഡ്ജിയുടെ വസതിയിലെത്തി എൻ്റെ അറസ്റ്റു  രേഖപ്പെടുത്തി .പിറ്റേ ദിവസം തന്നെ എന്നെ കോടതിയിൽ ഹാജരാക്കി.ഒത്തിരി ആളുകൾ ഉണ്ടായിരുന്നു. ആറ് കൊലപാതകങ്ങൾ ചെയ്ത ആ ഭയങ്കരിയായ കൊലയാളിയെ കാണാൻ ജനങ്ങൾ തടിച്ചുകൂടിയിരുന്നു.രണ്ട് വനിതാ പോലീസിൻ്റെ അകമ്പടിയോടെ ഞാനും എല്ലാരെയും നോക്കി കൊണ്ടിരുന്നു.എൻ്റെ കണ്ണുകൾക്ക് ആനന്ദം പകരുന്ന ഒരു കാഴ്ചയുമവിടെയുണ്ടായിരുന്നു.ഗജപോക്കിരികളായ ആ മൂന്ന് നരാധമൻമാർ തീർത്തും അവശരായ പോലെ ,എല്ലാം നഷ്ടപെട്ടവരായി അവിടെ നില്ക്കുന്നുണ്ടായിരുന്നു. ജഡ്ജ് പ്രഭാവർമ്മ വന്ന് സീറ്റിലിരുന്നു. ക്ലർക്ക് എൻ്റെ പേര് വിളിച്ചപ്പോൾ ഞാൻ പ്രതിക്കൂട്ടിലേക്ക് കയറി. പെട്ടെന്ന് സീൽക്കാര ശബ്ദങ്ങൾക്കൊണ്ട് മുഖരിതമായി കോടതി. പകപ്പായിരുന്നു എല്ലാ മുഖങ്ങളിലും .അവർ മൂന്ന് പേരും തീഷ്ണമായ കണ്ണുകളോടെ എന്നെ നോക്കി നിന്നു.ഞാൻ അക്ഷോഭ്യയായി അവരേയും. വളരെ സൗമ്യമായി ജഡ്ജി പറഞ്ഞു ഇന്ദുഹരിദാസിന് പറയാനുള്ളതെല്ലാം പറയാമെന്ന്. ഒരു ദീർഘനിശ്വാസമെടുത്ത് ഉറച്ച ശബ്ദത്തോടെ ഞാൻ പറഞ്ഞ് തുടങ്ങി. ഇടയ്ക്കെപ്പോഴോ എടീ....... എന്ന അലർച്ചയോടെ രാജൻ എൻ്റെ നേരെ പാഞ്ഞടുത്തു.പോലീസ് അവനെ പിടിച്ചു മാറ്റി. അവജ്ഞ നിറഞ്ഞ നോട്ടത്തോടെ കൂടുതൽ ഉറച്ച ശബ്ദത്തോടെ ഞാൻ പറഞ്ഞു കൊണ്ടിരുന്നു. എല്ലാം പറഞ്ഞ് തീർത്ത് അവരെ മൂന്നു പേരെയും ഇമയനക്കാതെ ഞാൻ നോക്കി നിന്നു.പെട്ടെന്നാണ് ദേവൻ നിലത്തു വീണു കിടന്ന് പൊട്ടിക്കരയാൻ തുടങ്ങി... അയാൾ ഉച്ചത്തിൽ പുലമ്പികൊണ്ടിരുന്നു. ഞങ്ങളാണ് ഞങ്ങൾ കാരണമാണ് ,അവരെല്ലാം പോയത് അരുമയായ എൻ്റെ മകൾ എൻ്റെ പ്രിയ ഭാര്യ, അമ്മയെപ്പോലെ സ്നേഹിച്ച ഏട്ടത്തി എല്ലാരും കൊല്ലപെട്ടത് ഞങ്ങൾ കാരണമാണ് തൻ്റെ തലയ്ക്കടിച്ചു കൊണ്ട് ,അലറിക്കരഞ്ഞുകൊണ്ട് അയാൾ സമനില തെറ്റിയതു പോലെ പെരുമാറാൻ തുടങ്ങി. എൻ്റെ കണ്ണുകളിൽ കോപത്തിൻ്റെ അഗ്നിനാളങ്ങൾ ആളിക്കത്താൻ തുടങ്ങിയിരുന്നു.ശേഖരനും രാജനും മിണ്ടാനും ചലിക്കാനുമാവാതെ ,ദേവൻ്റെ അവസ്ഥ കണ്ട് ഭയന്നു നില്ക്കുകയായിരുന്നു.എന്നെ റിമാൻഡ് ചെയ്യാനും എൻ്റെ  കുടുംബത്തിൻ്റെ മരണം പുനരന്വേഷിക്കാനും ജഡ്ജ് ഉത്തരവിട്ടു. എൻ്റെ മൊഴിയുടെ അടിസ്ഥാനത്തിൽ കുറ്റാരോപിതരായ മൂന്നു പേരെയും കോടതിയിൽ വെച്ച് തന്നെ പോലീസ് കസ്റ്റഡിയിൽ എടുത്തു. പിന്നീടുള്ള ദിവസങ്ങൾ കേസന്വേഷണവും വിചാരണയുമൊക്കെയായി പെട്ടെന്ന് തന്നെ കടന്നുപോയി, ദേവൻ കോടതിയിൽ വെച്ച് വിളിച്ചുപറഞ്ഞ കാര്യങ്ങൾ പോലീസിൻ്റെ അന്വേഷണം വേഗത്തിൽ പൂർത്തിയാക്കുന്നതിനു സഹായകരമായി . അധികം താമസിയാതെ തന്നെ   എൻ്റെ വിധി ഞാനാഗ്രഹിച്ചതു പോലെ തന്നെ വന്നു. അപ്പോഴേക്കും പുനരന്വേഷണം പൂർത്തിയായ എൻ്റെ  കുടുംബത്തിൻ്റെ  കൊലക്കേസിൻ്റെ വിധിയും വന്നിരുന്നു ശേഖരനും രാജനും ഇരട്ട ജീവപര്യന്തം. ദേവൻ മുഴു ഭ്രാന്തനായി മാറിക്കഴിഞ്ഞിരുന്നതിനാൽ നീതിപീഠത്തിന് ശിക്ഷ നല്കാൻ ആവുമായിരുന്നില്ല  .എൻ്റെ വിധി കേട്ട് തിരിച്ചു വരുമ്പോൾ ഒരു പത്രപ്രവർത്തക എന്നോട് ചോദിച്ചതോർക്കുന്നു. ആ കുരുന്നു മക്കളെ കൊല്ലുമ്പോൾ നിങ്ങടെ കൈവിറച്ചില്ലേയെന്ന്.മറുപടി പറഞ്ഞില്ലെങ്കിലും പിന്നീട് ഞാനുമതാലോചിച്ചിട്ടുണ്ട്. എൻ്റെ മനസ്സ് മരിച്ചു പോയിരുന്നു എന്നായിരിക്കണം എനിക്ക് അതിനുള്ള ഉത്തരം.

2020, ജൂലൈ 24, വെള്ളിയാഴ്‌ച

സ്ത്രൈണം - സജി ജോസഫ്

           
ഒരു ദരിദ്ര ജനതയുടെ പ്രതീകം പോലെ ജീർണ്ണിച്ച ആ കുടിലിന്റെ കോലായിൽ തൂങ്ങിയാടുന്ന കരി പുരണ്ട കൊച്ചു റാന്തൽ വിളക്കിന്റെ വിളറിയ വെട്ടത്തിൽ കുടിലിന്റെ ഉൾവശം കാണാം. ഒറ്റമുറിയുള്ള ആ കൂരയുടെ മോന്തായത്തിൽ നിന്നു കെട്ടിയിറക്കിയ മുഷിഞ്ഞു പഴകിയ  തുണിത്തൊട്ടിൽ മെല്ലെ ആട്ടിക്കൊണ്ട് പെറോ തറയിൽ ഇരിക്കുന്നു.... മുറിയിലെ തണുപ്പകറ്റാനായി മൂലയിൽ കൽക്കരി കത്തുന്ന നെരിപ്പോട്.... ചിമ്മിക്കത്തുന്ന വിളക്കിന്റെ അരണ്ട പ്രകാശത്തിൽ പെറോയുടെ മുഖം രക്തമയമില്ലാതെ വിളറിയിരുന്നു. തൊട്ടിലിൽ കിടക്കുന്ന നാലു മാസം മാത്രം പ്രായമുള്ള ഈ കുഞ്ഞു മാത്രമാണ് ഇനി തനിക്കുള്ളത്. ഖനിത്തൊഴിലാളിയായിരുന്ന ഭർത്താവ് അപകടത്തിൽ മരിച്ചു, തന്നെയും മകനെയും തനിച്ചാക്കി..... ഇപ്പോൾ വൃദ്ധനായ തന്റെ പിതാവും ജയിലിൽ അടയ്ക്കപ്പെട്ടിരിക്കുന്നു.

മഞ്ഞു പെയ്ത് കൊണ്ടിരുന്ന ആ രാവിലും അവൾക്ക് തണുപ്പ് അനുഭവപ്പെട്ടില്ല. ഉള്ളിലെ തീ അണയാതെ കത്തുകയാണ്... ഉരുകുന്ന മനസ്സിന്റെ ഊഷ്മാവിൽ അവൾ വിയർക്കുന്നുണ്ടായിരുന്നു.

പതിനാറാം നൂറ്റാണ്ടിന്റെ ഉത്താരാർദ്ധം.... ലൂയി പതിനാലാമൻ ഫ്രാൻസിലെ ഏകാധിപതിയായി വാഴുന്നു. "ബൂർ ബൻ" രാജാക്കൻമാരുടെ കിരാത ഭരണത്തിൽ കീഴിൽ നട്ടംതിരിയുന്ന ജനങ്ങൾ...

പ്രൗഡഗംഭീരമായ തന്റെ "വെർസൈൽസ്" കൊട്ടാരത്തിലെ സായാഹ്നങ്ങൾ... അരങ്ങിൽ ആളൊഴിയാതെ ആട്ടവും പാട്ടും... മദ്യം ഒഴുകുന്ന വിരുന്ന ശാലയിൽ പ്രഭുക്കൻമാരും നാട്ടുരാജാക്കൻമാരും കർദ്ദിനാളൻമാരും ആനന്ദ നൃത്തമാടുന്നു.... ചിത്രകാരൻമാരും കലാകാരൻമാരും രാജസദസ്സിനെ അലങ്കരിക്കുന്നു. അന്തപ്പുരങ്ങളിൽ നിന്നും ഊഴമിട്ടെത്തുന്ന കോമളാംഗികൾ അരമനയിൽ പുലരും വരെ രാസലീലകളാടുന്നു. രാവിന്റെ അന്ത്യ യാമങ്ങളിൽ കൊട്ടാരത്തിലെ പട്ടുമെത്തകളിൽ കാമനകളുടെ കൊടിയിറങ്ങുന്നു.

നഗര പ്രാന്തങ്ങൾക്കപ്പുറത്ത്.... ശിഥിലമായ ഗ്രാമങ്ങൾ.... ഗ്രാമത്തിന് മുകളിൽ  നരച്ച ആകാശം.. ഗ്രാമവാസികളുടെ മരവിച്ച മനസ്സു പോലെ നിറം മങ്ങി നിശ്ചലമായി നിന്നു.... നിലാവില്ലാത്ത രാത്രികൾ...

വിറളി പിടിച്ച സ്വേച്ഛാധിപത്യത്തിന്റെ ക്രൗര ഭാവങ്ങൾ സാധാരണക്കാരനെ വറചട്ടിയിൽ വറുത്തെടുക്കുന്നു... അടിച്ചമർത്തപ്പെട്ട ജനതയെ... ദന്തഗോപുരങ്ങളിലിരുന്ന് ഏകാധിപതി അധികാരത്തിന്റെ ചെങ്കോൽക്കൊണ്ട് ചട്ടം പഠിപ്പിക്കുന്നു.

ഇടപ്രഭുക്കളും നാട്ടുരാജാക്കൻമാരും കർദ്ദിനാളൻമാരും അടങ്ങുന്ന ഉപചാപക വൃന്ധം ഭരണചക്രം തിരിയ്ക്കുന്നു. അടിമക്കച്ചവടത്തിലൂടെ സമ്പന്നരായി ക്കൊണ്ടിരിക്കുന്ന അധികാരം കയ്യാളുന്ന മേലാളൻമാർ. ഭക്ഷണത്തിനു വേണ്ടി പരസ്പരം കൊള്ളയടിയ്ക്കുകയും കൊല്ലുകയും ചെയ്യുന്ന സമൂഹം. ഏകാധിപത്യത്തിന്റെ അടിമ നുകത്തിൻ കീഴിൽ നടുവൊടിയുന്ന സാധാരണക്കാർ.

ഉണർന്നു കരഞ്ഞ കുഞ്ഞിന്റെ നിലവിളി പെറോയെ ചിന്തകളിൽ നിന്നുണർത്തി. തൊട്ടിലിൽ നിന്നു കുഞ്ഞിനെയെടുത്ത് തോളിലിട്ടു തട്ടിക്കൊണ്ട് ഉറക്കവേ വീണ്ടും മനോവിചാരങ്ങളിൽ ആണ്ടു.

നാളെയാണ് തന്റെ പിതാവിന്റെ അവസാന വിസ്താരവും വിധി പറച്ചിലും. പിതാവിനെക്കുറിച്ചോർത്തപ്പോൾ പെറോയുടെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി.... വൃദ്ധനായ തന്റെ പിതാവിന് അവർ വിധിക്കുന്ന ശിക്ഷ എന്തായിരിയ്ക്കും... തനിക്കെന്ത് ചെയ്യാനാകും... എങ്ങിനെയാണ് തന്റെ പിതാവിനെ രക്ഷിക്കാൻ കഴിയുക... അരാണ് തന്നെ സഹായിക്കാനുള്ളത്.... നെറികെട്ട ഭരണകൂടം....

കുഞ്ഞിനെ തോളിലിട്ടു കൊണ്ട് പെറൊ വേഗം നടന്നു, ദൂരെ നിന്നു ആരവം കേൾക്കാം... ആളുകൾ തടിച്ചു കൂടിയിട്ടുണ്ട്. വിസ്താര സഭ ചേർന്നു കഴിഞ്ഞിരുന്നു. ന്യായാസനങ്ങളിൽ പ്രഭുക്കൻമാർ സന്നിഹിതായി.

ജനക്കൂട്ടത്തിനിടയിലൂടെ പെറൊ കഞ്ഞിനേയും കൊണ്ട് തിക്കിത്തിരക്കി ഒരു വിധം മുന്നിലെത്തി.

മുഖ്യന്യായാധിപൻ പെറൊയെ നോക്കി....

ആരാണിവൾ?

ഞാൻ... ഞാൻ... പെറൊ.... സൈമൺന്റെ മകളാണ്....

ങ്ങ്ഹും.... അയാളുടെ കുറുകിയ കണ്ണുകൾ പെറൊയെ ഉഴിഞ്ഞെടുത്തു.

" നിന്റെ അപ്പന്റെ വിധി പ്രഖ്യാപിക്കുവാൻ പോവുകയാണ്... തയ്യാറായിക്കോളൂ.... അയാൾ ക്രൂരമായി ചിരിച്ചു.

" കിളവന്റെ മകളെയും പങ്കിട്ടെടുക്കാമല്ലോ".... ന്യായാധിപസംഘം ആർത്തുചിരിച്ചു കൊണ്ടു പറഞ്ഞു. പ്രതികരിയ്ക്കാൻ കഴിവില്ലാത്ത നിസ്സഹായയായ ആ പാവം പെൺകുട്ടിയുടെ കണ്ണുകൾ പിതാവിനെ തിരഞ്ഞു.

പെട്ടെന്നൊരാരവം കേട്ടു,
പടയാളികളുടെ നടുവിൽ ചങ്ങലകളിൽ ബന്ധനസ്ഥനായി ഏറെക്കുറെ നഗ്നനായ ഒരു വൃദ്ധനെ കൽത്തളത്തിലേക്ക്  വലിച്ചിഴച്ചു കൊണ്ട് വന്നു.... ചാട്ടവാർ അടിയുടെ മുദ്രകൾ അയാളുടെ ശരീരത്തിൽ വടുക്കൾ പോലെ കാണപ്പെട്ടു. നിവർന്നു നിൽക്കാൻ കെൽപ്പില്ലാത്ത വൃദ്ധനെ പടയാളികൾ ന്യായാധിപ സഭയുടെ മുൻപിലേയ്ക്കിട്ടു.

" അപ്പാ"....... പെറൊയുടെ നിലവിളി കൽത്തളത്തിൽ മാറ്റൊലിക്കൊണ്ടു.... വൃദ്ധന്റെ പാതിയടഞ്ഞ കണ്ണുകൾ ദയനീയമായി മകളെ നോക്കി.

" സൈമൺ ലിയോ"
പ്രായം... എഴുപത്തിരണ്ട്
ജോലി.... ഇടപ്രഭു മാർക്കോയുടെ വീട്ടിലെ പരിചാരകൻ
കുറ്റം..... ഭക്ഷണ വസ്തുക്കൾ മോഷ്ടിച്ചു വീട്ടിൽ കൊണ്ടു പോയി....

സൈമൺ .... നിങ്ങൾ കുറ്റം സമ്മതിക്കുന്നുവോ?.... ന്യായാധിപൻ ചോദിച്ചു.

സമ്മതിക്കുന്നു!!!!!!! വൃദ്ധൻ പറഞ്ഞു

ഹ.... ഹ... ഹ.... കൽത്തളത്തിൽ വീണ്ടും പരിഹാസച്ചിരികൾ ഉയർന്നു....

" വിശന്നിട്ടായിരുന്നു... മകളും കുഞ്ഞും പട്ടിണിയിലായിരുന്നു.... ഭക്ഷണം മോഷ്ടിച്ചത്.... മാപ്പു തരണം".... വൃദ്ധൻ വിറയാർന്ന സ്വരത്തിൽ അപേക്ഷിച്ചു.

മാപ്പ് അർഹിക്കുന്നില്ല.... ശിക്ഷ സഹിച്ചേ മതിയാകൂ..... വിസ്താര സഭ എഴുന്നേറ്റ് നിന്നു.

" മോഷ്ടാവായ സൈമൺ ലിയോയെ മരണം വരെ ഭക്ഷണ പാനിയങ്ങൾ നിഷേധിച്ചു കൊണ്ട് തടവിൽ പട്ടിണിയ്ക്കിടാൻ ഈ കോടതി വിധിയ്ക്കുന്നു".…..

വിധി കേട്ട പെറൊ നിലത്തിരുന്നു

വൃദ്ധനെ പടയാളികൾ തടവറയിലേയ്ക്ക് കൊണ്ടു പോയി.

ആത്മസംയമനം വീണ്ടെടുത്ത പെറൊ പിടഞ്ഞെഴുന്നേറ്റു... കുഞ്ഞിനെ ആ വെറും തറയിൽ കിടത്തി... മുട്ടിൽ ഇഴഞ്ഞു കൊണ്ട് ന്യായാസനത്തിലിരിക്കുന്ന പ്രഭുവിന്റെ പാദപീഠത്തിലെത്തി... ആ കാൽപ്പാദങ്ങളിൽ പിടിച്ചു.... പ്രഭോ... എനിക്കൊന്നുണർത്തിയ്ക്കാനുണ്ട്... എന്റെ അപേക്ഷ നിവർത്തിച്ചു തരണം...

പറയൂ... എന്താണ് നിന്റെ അപേക്ഷ... കേൾക്കട്ടെ...

" പ്രഭോ... എന്റെ പിതാവിന് " പട്ടിണി മരണം " വിധിച്ച നിങ്ങൾ എന്റെ ഈ ആഗ്രഹം നിഷേധിക്കരുതെ....

" പിതാവിന്റെ മരണ ദിവസം വരെ അദ്ദേഹത്തിൻ്റെ തടവറയിൽ ചെന്ന് കാണാനുള്ള അവസരം തരണം!!!

ഒരു നിമിഷം.... അവർ കൂടിയാലോചിച്ചു..

ശരി... അനുവദിക്കുന്നു... നിന്റെ അപേക്ഷ പോലെയാകട്ടെ.... പക്ഷേ ഒരു കാര്യം ജയിലറയ്ക്കുള്ളിലേയ്ക്ക് കടക്കുന്നതിന് മുൻപ് നിന്നെ കർശനമായി ദേഹപരിശോധനയ്ക്കു വിധേയയാക്കും... ഒരു തുള്ളി വെള്ളമോ... ഒരു നുള്ള് ഭക്ഷണമോ നിന്റെ കയ്യിൽ ഉണ്ടാകാൻ പാടില്ല...

അവൾ സമ്മതിച്ചു.

മരവിച്ച മനസ്സുമായി പെറൊ കുഞ്ഞുമായി തന്റെ വീട്ടിലേയ്ക്ക് മടങ്ങി. നാരകീയ അന്ത്യത്തിനായി തടവറയിലേക്ക് വലിച്ചിഴയ്ക്കപ്പെട്ട പിതാവിന്റെ ജീവസറ്റ മുഖം..... ഖിന്ന ചിത്തയായി തന്റെ കുടിലിലെത്തിയ പെറൊ... വിശപ്പും ദാഹവും സഹിക്കാൻ കഴിയാതെ പിടഞ്ഞു പിടഞ്ഞുമരിക്കാൻ പോകുന്ന പിതാവിന്റെ തുടർന്നുള്ള ദിവസങ്ങളെക്കുറിച്ച് ഓർത്ത് കരഞ്ഞു തളർന്നു...

പുറത്ത് ഇരുളിന് കനം വച്ചു... മുറിയിലേക്ക് അരിച്ചു കയറുന്ന തണുപ്പ്... പഴകി നരച്ച കമ്പിളിയ്ക്കു ള്ളിൽ കുഞ്ഞിനെ ചേർത്തു വച്ച് കിടന്നു...

ആ കുടിലിനുള്ളിൽ മുഴുവൻ പരമമായ ഏതോ പ്രകാശം നിറഞ്ഞു... തേജസ്സ് വാരിച്ചുറ്റിയ ഒരു മനുഷ്യൻ പെറൊയുടെ മുൻപിൽ നിന്നു..... സ്വർഗ്ഗീയ സംഗീതത്തിന്റെ അകമ്പടിയോടെ... പെറൊയുടെ അകക്കണ്ണുകൾ തുറന്നു... ആ മുറി മുഴുവൻ വെളുത്ത പൂക്കൾ....
പെറൊ..... വാത്സല്യം തുളുമ്പുന്ന ശബ്ദത്തിൽ ആരോ വിളിയ്ക്കുന്നു...... പെറൊ.... നിന്റെ പിതാവിനെ നിനക്ക് രക്ഷിക്കാനാകും... നീ ജയിലിലേയ്ക്ക് ചെല്ലുക... നീ ചെയ്യാനുള്ളത്... അവിടെ വച്ച് നിനക്ക് മനസ്സിലാകും....

പെറൊ ഞെട്ടിയുണർന്നു.... ആരെയും കണ്ടില്ല താനും... എന്നാൽ തളർന്നിരുന്ന മനസ്സ് ഒന്ന് ഉണർന്നപോലെ...

പുലർച്ചെ തന്നെ ഉണർന്നു.... തലേ രാത്രിയിൽ പകർന്നു കിട്ടിയ ആ ധൈര്യം അവളെ മുന്നോട്ട് നയിച്ചു....

രണ്ടു നാൾ കഴിഞ്ഞു മാത്രമാണ് പെറൊയ്ക്ക് തടവറയ്ക്കുള്ളിലേയ്ക് പോകാൻ അനുമതി വന്നത്.... തടവറയ്ക്കുള്ളിലേക്ക് പോകുന്ന തന്റെ കൈവശം ഭക്ഷണമോ വെള്ളമോ ഒന്നും ഇല്ലന്ന് ഉറപ്പു വരുത്തിയാണ് അധികാരികൾ കടത്തിവിട്ടത്....

ഭൂഗർഭ ജയിലറ... ഇരുൾ നിറഞ്ഞ്... തണുത്തുറഞ്ഞ്.... മനം മടുപ്പിക്കുന്ന ഗന്ധം.... നരിച്ചീറുകൾ തലങ്ങും വിലങ്ങും പറക്കുന്നു.... പെറൊ ഭയത്തോടെ പിതാവിനെ പാർപ്പിച്ചിരിക്കുന്ന ആ ഏകാന്ത അറയിലേയ്ക്ക് നടന്നു....

വെളിച്ചം അരിച്ചിറങ്ങുന്ന വൃത്തിഹീനമായ ആ മുറിയുടെ മുൻപിൽ അവളെത്തി.... വിശപ്പും ദാഹവും കൊണ്ട് അർദ്ധ പ്രാണനായി ക്കൊണ്ടിരിക്കുന്ന തന്റെ പിതാവിനെ കണ്ട ആ മകൾ പൊട്ടിക്കരഞ്ഞു.

വൃദ്ധൻ തളർന്ന് തറയിൽക്കിടക്കുന്നു... മകളുടെ ശബ്ദം കേട്ട് മെല്ലെ തല ഉയർത്തി.. ആ മകളുടെ ഹൃദയം തപിച്ചു.... അവളിലെ അമ്മ ഉണർന്നു..... സ്ത്രീത്വം ഉണർന്നു...തന്റെ കുഞ്ഞിന്റെ മുഖം.... അപ്പന്റെ മുഖം... വീണ്ടും കുഞ്ഞിന്റെ മുഖം.... അവൻ ദാഹിച്ചു കരയുകയാണ്.... അപ്പന്റെ മുഖം.... ദാഹനീരിനായ് പിടയുകയാണ്.... ഒരു നിമിഷം...

വൃദ്ധൻ മെല്ലെ എഴുന്നേറ്റു... ഇരുമ്പഴി യുടെ അരികിൽ എത്തി.... അഴിക്കുള്ളിലേക്ക് കൈകൾ ഇട്ട് പെറോ പിതാവിനെ പിടിച്ചു.... വൃദ്ധന്റെ ചുണ്ടുകൾ വിറച്ചു.. വിശന്നു കരയുന്ന തന്റെ മകന്റെ മുഖം മനോമുഖരത്തിൽ കണ്ടു.... അവളുടെ മുലകൾ ചുരന്നു!!!! മുലപ്പാൽ ഇറ്റിറ്റ് വീഴാൻ തുടങ്ങി.... അവൾ വൃദ്ധന്റെ മുഖം ഇരുമ്പഴിയ്ക്കുള്ളിലൂടെ തന്റെ മാറോടണച്ചു.... ഭയപ്പാടോടെ ചുറ്റും നോക്കി.... ആ കണ്ണുകളിൽ പരിഭ്രമവും... ഭീതിയും നിഴലിച്ചിരുന്നു.... തന്റെ ചുരന്നു നിന്ന മുലകൾ  പുറത്തെടുത്തു... വൃദ്ധന്റെ ചുണ്ടോടടിപ്പിച്ചു.... വിശപ്പും ദാഹവും തളർത്തിയ വൃദ്ധൻ ആ മുലകൾ മാറി മാറി നുകർന്നു.... ഒരു കൊച്ചു കുഞ്ഞിനെപ്പോലെ..... ജീവന്റെ അമൃത് ... വൃദ്ധൻ ആ മകളിൽ തന്റെ അമ്മയെക്കണ്ടു..... മകൾ അപ്പനിൽ തന്റെ മകനെ കണ്ടു... ദൈവം സ്ത്രീയിൽ നിക്ഷേപിച്ച.... അവളുടെ അമൂല്ല്യമായ സ്ത്രൈണ വൈവിധ്യങ്ങൾ..... മകളുടെ.... സഹോദരിയുടെ.... ഭാര്യയുടെ.... അമ്മയുടെ.... ഒരു അമ്മയുടെ ആത്മ നിർവൃതിയിൽ പെറൊ കണ്ണുകളടച്ചു നിന്നു.

തുടർന്നു വന്ന ദിവസങ്ങളിലെല്ലാം ആ മകൾ തന്റെ പിതാവിനെ രഹസ്യമായി മുലയൂട്ടി.....

വൃദ്ധനിൽ ജീവൻ വച്ചു.... ആഴ്ചകൾ പലത് കഴിഞ്ഞു.... ജലപാനം പോലും നിഷേധിച്ച് പട്ടിണി മരണത്തിന് വിധിയ്ക്കപ്പെട്ട് തടവിലാക്കപ്പെട്ട സൈമൺ ലിയോ മരിക്കുന്നില്ല..... വൃദ്ധനിൽ പട്ടിണി പൈദാഹം അനുഭവിക്കുന്ന ഒരാളുടെ പരാക്രമങ്ങൾ കാണുന്നില്ല...... ജയിൽ അധികൃതരിൽ അത്ഭുതമുളവായി.... എന്തുകൊണ്ട്!!!!! അവർ അതീവരഹസ്യമായി വൃദ്ധനെയും മകളെയും നിരീക്ഷിക്കുവാൻ തുടങ്ങി..... ഞെട്ടലോടെ അവർ ആ ജീവന്റെ രഹസ്യം കണ്ടു.....

സൈമണും.... പെറൊയും പിടിക്കപ്പെട്ടു....

ന്യായാസനം ഞെട്ടി.... മത മേലാളന്മാർ നെറ്റി ചുളിച്ചു.... കപട സദാചാരക്കാർ കൂക്കിവിളിച്ചു.... അന്നേ വരെ കേട്ടുകേൾവി പോലുമില്ലാത്ത പ്രകൃതി വിരുദ്ധ ചെയ്തിയിൽ " വിശുദ്ധൻ" മാർ നടുങ്ങി.... യാഥാസ്തിക സമൂഹത്തിൽ കേട്ടവർ കേട്ടവർ മൂക്കത്ത് വിരൽ വച്ചു.... പ്രക്ഷോഭങ്ങൾ വരെ സംഘടിപ്പിക്കപ്പെട്ടു..... വൈദീക മേധാവിത്വം ആക്രോശിച്ചു.... രാജാവിന്റെ ഉപദേശക വൃന്ധം കൂടി അലോചിച്ചു... അനുകൂലവും പ്രതികൂലവുമായ വാഗ്വാദങ്ങൾക്കൊടുവിൽ.... പിതാവും മകളും രാജസന്നിധിയിൽ ഹാജരാക്കപ്പെട്ടു.....

അവസാനത്തെ വിധിക്കായ്..... അവർ കാതോർത്തു....

ഒടുവിൽ..... ആ മകൾക്ക് പിതാവിനോടുള്ള മാതൃതുല്യമായ സ്നേഹത്തിന് മുന്നിൽ.... ലൂയി പതിനാലാമൻ എന്ന സ്വേച്ഛാധിപതിയുടെ സ്വർണ്ണ സിംഹാസനം ശിരസ്സ് നമിച്ചു.... പ്രഭു മേധാവിത്വം നാവടക്കി.... കപട സദാചാര വാദികളായ വൈദിക മേൽക്കോയ്മ... മുറുമുറുപ്പോടെ പിൻ തിരിഞ്ഞു.....

സൈമണും പെറൊയും സ്വതന്ത്രരായി.....

മാതൃത്വത്തിന്റെ നിർവ്വചിക്കപ്പെടാത്ത മറ്റൊരു മുഖം.... ഒരമ്മയുടെ.... മകളുടെ.... സഹോദരിയുടെ..... ഭാര്യയുടെ..... എല്ലാറ്റിനുമുപരി സ്ത്രീ എന്ന ശക്തിയുടെ.... ആരും കാണാത്ത വാത്സല്ല്യത്തിന്റെ മുൻപിൽ..... ലോകം തല കുനിച്ചു..

                           സജി ജോസഫ്

2020, ജൂലൈ 19, ഞായറാഴ്‌ച

നിരാസം - സജി ജോസഫ്

   

അമ്പലത്തിൽ പോയി മടങ്ങും വഴി രാധയെ കണ്ടു.
ജന്മദിനമാണ് രാവിലെ ഒന്നത്രടം വരെ പോയി തൊഴുതു മടങ്ങി.
' ജന്മദിനാശംസകൾ'..... രാധ ആശംസകൾ നേർന്നു.
പെൻഷനായതിനുശേഷം ടീച്ചറെ വല്ലപ്പോഴുമാണ് കാണുന്നത്, രാധ തുടർന്നു.

ങ്ങ്ഹാ..... മൂന്നു മാസമായി.... സ്കൂളിൽ നിന്നു പിരിഞ്ഞിട്ട്... ഇപ്പോൾ അങ്ങിനെ എങ്ങും പോവാറില്ല.

' കണ്ടാൽ പെൻഷൻ  പ്രായമായെന്നൊന്നും തോന്നില്ല ടീച്ചറെ... ഇപ്പോഴും നല്ല സുന്ദരി തന്നെ.... രാധിക ചിരിച്ചു കൊണ്ടു പറഞ്ഞു, ' ഇനിയാണെങ്കിലും കല്യാണം ആവാം'......

" ന്താ കുട്ട്യേ.... യി പറേണെ..... നല്ല പ്രായത്തിൽ കഴിയാത്തത് ഇനിയാ?

" നന്ദിനി ടീച്ചർ പരിഭവിക്കുമ്പോൾ നല്ല ചന്തമാ കാണാൻ.... ആ നുണക്കുഴികൾ വിരിയും... വലിയ കണ്ണുകൾ മിഴിയ്ക്കും".... രാധ വീണ്ടും കളിയാക്കി.

" തറവാട്ടിൽ ഇപ്പഴ് ആരാ താമസിക്കുന്നത് ടീച്ചർടെ കൂടെ"?

" രാമചന്ദ്രൻ... എളേ ആങ്ങളേടെ മകൻ"
" ടീച്ചർ ഇപ്പള് തെക്കേക്കരയ്ക്ക് പോവാറില്ലേ? അമ്മ വീട്ടില്"....
" പോയിട്ട് കൊറെയായി.... ശ്യാമളേടെ കല്യാണത്തിന് പോയതാ'.

" ഓ... അതു പറഞ്ഞപ്പളാ ഓർത്തേ, നരേന്ദ്രേട്ടന്റെ കാര്യം അറിഞ്ഞോ..നമ്മടെ കിള്ളിപ്പാടത്തെ"...? രാധ തുടർന്നു...

" ങ്ങ്ഹേ നരേന്ദ്രന് എന്തുപറ്റി? ടൗണിൽ വിമൻസ് കോളേജിന് മുൻപിൽ ബുക്ക് ഷോപ്പ് നടത്തുകയായിരുന്നല്ലോ അയാൾ"...
" അപ്പോ ടീച്ചർ കഥയൊന്നു മറിഞ്ഞില്ലല്ലേ?.... വിമൻസ് കോളേജിൽ ഫൈനൽ ഇയർ ഡിഗ്രിയ്ക്ക് പഠിച്ചു കൊണ്ടിരുന്ന ഒരു പെൺകുട്ടിയുമായി അയാൾ ഒളിച്ചോടി'....

" യ്യോ... എന്നാ രാധേ ഇപ്പറേണെ... കള്ളം... പച്ചക്കള്ളം"...

" നേരാ ടീച്ചറെ... ഒരാഴ്ചയായി... കടയൊക്കെ അടഞ്ഞുകിടക്കുവാ"..

" എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല... ഞാനും അയാളും ഒരു പ്രായല്ലേ... ഞങ്ങൾ ഒരുമിച്ച് കളിച്ച് വളർന്നതാ.. ഒന്നാം ക്ലാസ്സ് മുതൽ കോളേജ് വരെ പഠിച്ചതും ഒരുമിച്ചായിരുന്നു"....

" പക്ഷേ അയാളും ഇതുവരെ വിവാഹം കഴിച്ചിരുന്നില്ലല്ലോ.... പുള്ളിക്കാരൻ ഒരു പ്രണയ രോഗിയായിരുന്നെന്നാ എല്ലാരും പറയണത്... പണ്ടു മുതലേ ഒരു പാട് പ്രണയ ബന്ധങ്ങൾ ഉണ്ടായിരുന്നെന്നും അതിലൊന്നും വിജയിച്ചിരുന്നില്ലെന്നും... അതുകൊണ്ടാണിപ്പഴും അവിവാഹിതനായി കഴിഞ്ഞിരുന്നതെന്നുമൊക്കെ"..... രാധ പറഞ്ഞു കൊണ്ടേയിരുന്നു.
" ന്നാലും... ഇത് കൊറച്ച് അക്രമമായി പ്പോയി.... മകളുടെ പോലും പ്രായമാവാൻ പ്രായമില്ലാത്ത കുട്ടിയേയും കൊണ്ട്".... രാധ മൂക്കത്ത് വിരൽ വെച്ചു.

കേട്ടതപ്പാടെ വിശ്വസിക്കാൻ പറ്റുന്നില്ല, പക്ഷേ നരേന്ദ്രൻ....
എന്തോ മനസ്സിന് വല്ലായ്ക പോലെ തോന്നുന്നു.

" പോട്ടെ രാധേ... സംസാരിച്ചു നിന്നു നേരം കുറെയായി"....
വീട്ടിലേയ്ക്ക് നടക്കുമ്പോൾ സമ്മിശ്ര ചിന്തകളാൽ ഉള്ളം കലങ്ങുന്നതു പോലെ...

ച്ഛേയ്.... ന്നാലും നരേന്ദ്രൻ.... നാണക്കേട്.... ചെറിയ ഒരു പെൺക്കുട്ടിയേയും കൊണ്ട്...

മൂന്ന് മാസങ്ങൾക്ക് മുൻപ് വരെ നരേന്ദ്രന്റെ ബുക്ക് ഷോപ്പിൽ മിക്കവാറും പോയിരുന്നു.

വീട്ടിൽ വന്ന പാടെ സാരി മാറി അൽപ്പം കഞ്ഞി കുടിച്ച് മുറിയിൽച്ചെന്ന് കട്ടിലിൽ കിടന്നു.
" ന്താ അപ്പച്ചീ വന്നപാടെ കിടക്കുന്നേ"? സുധ ചോദിച്ചു.

"അത്രേടം നടന്നില്ലേ മോളെ.. അതിന്റെ ക്ഷീണാ".
സ്കൂളിൽ നിന്നും റിട്ടയേർഡ് ആയതിനുശേഷം പെട്ടെന്ന് മനസ്സിനും ശരീരത്തിനുമൊക്കെ പ്രായാധിക്യം ബാധിച്ചതു പോലെ, അതുവരെ അങ്ങനെയൊരു തോന്നൽ ഉണ്ടായിരുന്നില്ല, മൂന്നു മാസം കൊണ്ട് ജരാ നരകൾ തന്നെ വിഴുങ്ങിയോ.... ഏയ് അങ്ങനെയൊന്നുമില്ല.... രാധ പറഞ്ഞില്ലേ, ടീച്ചർ ഇപ്പഴും സുന്ദരിയാണെന്ന്... സ്വയം സമാധാനിച്ചു.... വയസ്സാകുന്നുവെന്ന് സ്വയം അംഗീകരിയ്ക്കാനുള്ള വിഷമം..  വയസ്സാകുവാനിഷ്ട്ടമല്ല, നര മറയ്ക്കാൻ മുടി കറുപ്പിക്കുന്നു, മുഖത്ത് മഞ്ഞൾ പുരട്ടുന്നു, മുഖത്ത് ചുളിവുകൾ വീഴുമ്പോൾ പതർച്ച... കൈ വിരലുകളിലും കാൽ വിരലുകളിലും നെയിൽ പോളീഷിടുന്നു, ഡയറ്റ് നോക്കുന്നു.... അങ്ങനെയെന്തെല്ലാം... എന്തിനു വേണ്ടി? ആരെ കാണിയ്ക്കാൻ? വാർദ്ധ്യക്യം വല്ലാതെ ഭയപ്പെടുത്തുന്നു.
താനൊരു ഭാര്യയോ അമ്മയോ ആരുമല്ല.... തനിയ്ക്കാരുണ്ട്.... സഹോദരന്റെ മകനോ!!!!

ചിന്തകൾ പെട്ടെന്ന് നരേന്ദ്രനിലേക്കെത്തി. കേട്ടത് സത്യമാണോ!!!
തന്റെ ബാല്യവും കൗമാരവും ഒക്കെ കഴിഞ്ഞത് അമ്മയുടെ തറവാട്ടിലായിരുന്നു, തൊട്ടയൽപ്പക്കത്തെ വീടായിരുന്നു നരേന്ദ്രന്റെ, ഒരേ പ്രായക്കാർ. സമപ്രായക്കാരായ ഒരു പാട് കുട്ടികൾ... വേനൽ അവധിക്കാലമൊക്കെ തിമിർത്ത് ആഘോഷിക്കുന്ന ബാല്യം....
ഒരുമിച്ചുള്ള കളിയും, പഠിപ്പും, സ്കൂളിൽ പ്പോക്കും.....

കളിവീട് കെട്ടി കളിയ്ക്കുമ്പോൾ താനും നരേന്ദ്രനും അച്ഛനും അമ്മയുമാകും.... ഇലഞ്ഞിപ്പൂമാല കോർത്ത് പരസ്പരം കഴുത്തിലണിഞ്ഞ് കല്യാണം കഴിയ്ക്കും... തനിക്കതൊക്കെ നാണമായിരുന്നു.

" നീ എന്റെ കെട്ട്യോളാണ്!!! ഞാൻ പറയണത് പോലെ കേട്ടോണം" അവൻ പറയും.

" പോ ചെറുക്കാ... ഇതു കളിയാ"... താൻ പറയും.
" ഞാൻ വെലുതാവുമ്പം നിന്നെ കല്യാണം കഴിയ്ക്കും'!!! നരേന്ദ്രൻ പറയുമായിരുന്നു.
" ഉം... ത്തിരി പുളിയ്ക്കും"!!! താൻ ശുണ്ഠി എടുക്കും.
" നീ ശുണ്ഠിയെടുക്കുമ്പം നിന്നെ കാണാൻ നല്ല ചന്തോണ്ട്"!!! നിന്റെ കവിളത്തെ കുഴി.... അവൻ പറയും.

മെല്ലിച്ചുണങ്ങിയ... നീണ്ട കൈകാലുകളുള്ള കൊച്ചു നരേന്ദ്രൻ... നല്ല ഭംഗിയുള്ള കണ്ണുകളായിരുന്നു അവന്റെ... എപ്പോഴും കൺമഷിയെഴുതിയതു പോലെ.... ഒരു നിക്കർ മാത്രമായിരുന്നു അവന്റെ വേഷം... അതാണെങ്കിൽ എപ്പഴും ഊർന്ന് താഴോട്ട് പൊയ്ക്കൊണ്ടിരിക്കും... കൈകൾക്കൊണ്ട് എപ്പോഴും വലിച്ച് കയറ്റിയിടും.

ഒരുപറ്റം കുട്ടികളുടെ നേതാവായിരുന്നു നരേന്ദ്രൻ. മൂവാണ്ടൻ മാങ്ങയും, ആഞ്ഞിലിച്ചക്കയും, കശുമാങ്ങായും ഒക്കെ പറിയ്ക്കാൻ നരേന്ദ്രനായിരുക്കും മുൻപിൽ. അന്യ പറമ്പുകളിലെല്ലാം ചുറ്റി നടന്ന് മാമ്പഴം പറിയ്ക്കാനും, കശുവണ്ടിപ്പെറുക്കാനുമൊക്കെ ഞങ്ങൾ പോയിരുന്നു, മറ്റ് ഏത് കുട്ടികൾ വികൃതി ചെയ്താലും അവസാനം അത് നരേന്ദ്രന്റെ തലയിൽത്തന്നെ വന്നു വീഴുമായിരുന്നു, പാവം നരേന്ദ്രന് എന്നും വീട്ടിൽ നിന്ന് അടിയും ശകാരവും കിട്ടിയിരുന്നു... നരേന്ദ്രന് അമ്മയും മുത്തശ്ശിയും മാത്രമെ ഉണ്ടായിരുന്നുള്ളൂ.

ഒരിക്കൽ മനയ്ക്കലെ പറമ്പിലെ കടുക്കാച്ചി മാവ് നിറയെ മാമ്പഴം ഉള്ള കാലം... നരേന്ദ്രനേയും കൂട്ടി ഞങ്ങൾ മനയ്ക്കപ്പറമ്പിലേയ്ക്ക്... ചെന്നപ്പാടെ നരേന്ദ്രൻ... മാവിൽ വലിഞ്ഞു കയറി... നെഞ്ചുരച്ച്... മുകളിലേക്ക്.... നിറയെ " നീറു" ള്ള മാവായിരുന്നത്, മുകളിലെത്തി കമ്പ് പിടിച്ചു കുലുക്കി... പട. പടാന്ന് മാമ്പഴം വീണു കൊണ്ടിരുന്നു... നരേന്ദ്രനാണെങ്കിൽ നീറ് കടി കൊണ്ടു പുളഞ്ഞു... മനയ്ക്കലെ കാര്യസ്ഥൻ കുഞ്ഞൻ നായരതാ ഓടി വരുന്നു... നീറിന്റെ കടീം... കുഞ്ഞൻ നായരുടെ ഒച്ചയും വിളിയും കേട്ട നരേന്ദ്രന്റെ ബാലൻസ് തെറ്റി താഴോട്ട്.... കൈയ്യും കാലും ഒടിഞ്ഞ് പാവം നരേന്ദ്രൻ ഏറെ നാളുകൾ വീട്ടിലിരുന്നു.

വികൃതിയായിരുന്നെങ്കിലും സ്നേഹമുള്ളവനായിരുന്നു അവൻ... പ്രത്യേകിച്ച് തന്നോട്.

മഴക്കാലമായാൽപ്പിന്നെ സ്കൂളിൽ പ്പോക്ക് ബുദ്ധിമുട്ടാകും നരേന്ദ്രന്... അവന് കുടയില്ല, അമ്മ വാഴയില മുറിച്ച് കൊടുക്കും, അത് ചൂടിയാണ് പോകുന്നത്,, സ്കൂളിൽ എത്തുമ്പഴേക്കു നനഞ്ഞിരിക്കും. തനിക്കന്ന് പൂക്കുടയും.. തകരപ്പെട്ടിയുമൊക്കെയുണ്ടായിരുന്നു.

ഒരിക്കൽ പാടവരമ്പിലൂടെ നടന്ന് സ്കൂളിലേക്ക് പോകുമ്പോൾ പെട്ടെന്ന് ശക്തിയായി മഴ പെയ്തു... നരേന്ദ്രൻ തന്റെ കുടക്കീഴിലേയ്ക്ക് ഓടിക്കയറി .. താൻ അവനെപ്പിടിച്ച് തള്ളി ... നരേന്ദ്രൻ ചെളിയിലേക്ക് വീണു .. നിക്കറും ഉടുപ്പും, പുസ്തകങ്ങളും ഒക്കെ ചെളിയിൽ കുതിർന്നു..... പക്ഷേ അവൻ ചെളിയിൽ നിന്നെഴുന്നേറ്റ് ഒരു ചമ്മിയ ചിരിയോടെ തന്നെ ദയനീയമായി ഒന്നു നോക്കി... വീട്ടിലേയ്ക് തിരിഞ്ഞു നടന്നു... അന്നു തനിക്ക് ഒത്തിരി വിഷമം തോന്നി 

ഒരു വേനൽ അവധി കഴിഞ്ഞു സ്കൂൾ തുറക്കുകകയാണ്, നാലാം ക്ലാസ്സ് വരെ വീടിന് തൊട്ടടുത്തുള്ള സ്കൂളിലായിരുന്നു... ഇനി മുതൽ ദൂരെയുള്ള സ്ക്കൂളാണ്….. ചെറു പട്ടണം, ഗ്രാമത്തിൽ നിന്നും പട്ടണത്തിലേക്കുള്ള സ്ക്കൂളിലേയ്ക്ക് അഞ്ചാറ് കിലോമീറ്റർ നടക്കണം... നരേന്ദ്രനൊക്കെ വളരെ ഉത്സാഹമായിരുന്നു... മണ്ണു റോഡും കുഗ്രാമവും വിട്ട്... ടാറിട്ട റോഡും... നിരത്തിൽ ബസ്സുകളും, കാറും ടെമ്പോ വാനും, ലോറിയുമൊക്കെയായി... പുതിയ കാഴ്ചകളൊക്കെ കണ്ടു നടക്കാൻ...

 ഞങ്ങൾ രണ്ടാളും വീണ്ടും ഒരേ സ്ക്കൂളിൽ ഒരേ ക്ലാസ്സിലായിരുന്നു... താൻ ഫസ്റ്റ് ബഞ്ചിൽ ഫസ്റ്റ്, നരേന്ദ്രൻ അപ്പുറത്തെ നിരയിൽ സെക്കന്റ് ബഞ്ചിൽ ഫസ്റ്റ്.

' കണക്ക്' ഒഴിച്ച് ബാക്കി എല്ലാ വിഷയങ്ങളും അവൻ നന്നായി പഠിച്ചിരുന്നു, കണക്ക് മാഷിന്റെ തല്ലും ശകാരവും അവന് പതിവായി കിട്ടിയുമിരുന്നു.
" നന്ദിനി... കണക്കിന് ഞാൻ അന്നും ഇന്നും മണ്ടനാണ്.. ജീവിതത്തിലെ കണക്കുകൂട്ടലുകളിലും ഞാൻ വിജയിച്ചില്ല.. വട്ടപ്പൂജ്യം, താൻ കണക്കിന് എന്നും ഒന്നാമതായിരുന്നല്ലോ.... പിന്നെന്തേ... ജീവിതത്തിന്റെ കൂട്ടിക്കിഴിക്കലിൽ പരാജയപ്പെട്ടത്"? ഒരിക്കൽ നരേന്ദ്രൻ ചോദിച്ചു .

" നന്ദിനിക്കുട്ടി...
നീ ഇന്നലെ ഇട്ടു കൊണ്ടുവന്ന പുള്ളിപ്പാവാടയും മഞ്ഞ ബ്ലൗസും നല്ല ഭംഗീണ്ടായിരുന്നു.... ഈ സ്ക്കൂളില് ഏറ്റവും ചന്തോള്ള കുട്ടി നീയാ... എനിക്ക്... നിക്ക്... നിന്നെ എന്തിഷ്ടാ ണെന്നോ.... നിനക്കോ?...മ്മക്ക് രണ്ടാൾക്കും കൂടി എവിടേലും പോവ്വാം".....

എട്ടാം ക്ലാസ്സിലെ ഓണ അവധിയും കഴിഞ്ഞ് സ്ക്കൂൾ തുറന്ന ദിവസങ്ങളായിരുന്നു.... നരേന്ദ്രൻ പുസ്തകത്തിനകത്ത് വച്ച് കത്ത് തന്നത്.... വരയിട്ട ബുക്കിന്റെ പേപ്പറിൽ കുത്തിക്കുറിച്ച് എന്തൊക്കെയൊ എഴുതിയിരുന്നു.... അതിനകത്ത് ഒരു മയിൽപ്പീലിയും വച്ചിരുന്നു.

പേടിയും ലജ്ജയും കൊണ്ട് തിക്കു മുട്ടിയ തന്റെ കുഞ്ഞു മനസ്സ്.... വീട്ടിൽ പറയണോ... സാറിനോട് പറയണോ... അന്നു രാത്രി പേടിച്ചരണ്ട് ഉറങ്ങാൻ പറ്റിയില്ല. പിറ്റേന്ന് രാവിലെ തന്നെ താൻ കത്ത് ക്ലാസ്സ് ടീച്ചറുടെ കൈയ്യിൽ കൊടുത്തു.

നരേന്ദ്രനെ ഹെഡ് മാസ്റ്ററുടെ അടുത്തേക്ക് കൊണ്ടുപോയി. പിറ്റേന്ന് നരേന്ദ്രന്റെ അമ്മ വന്നു, സ്ക്കൂളിലും, വീട്ടിലും പൊതിരെ തല്ലു കിട്ടി. കത്തിന്റെ കാര്യം മറ്റാരും അറിഞ്ഞിരുന്നില്ല, രണ്ടു മൂന്ന് ദിവസത്തേക്ക് നരേന്ദ്രൻ സ്ക്കൂളിൽ വന്നില്ല.

തന്റെ കുഞ്ഞു മനസ്സ് അന്ന് ആദ്യമായി നരേന്ദ്രനെ ഓർത്ത് വിഷമിച്ചു. തനിക്ക് അവനോട് ഇഷ്ടം തോന്നി തുടങ്ങിയോ... പ്രണയം എന്ന വികാരം എന്താണെന്ന് പോലും തിരിച്ചറിയാൻ കഴിയാതിരുന്ന പ്രായം... മനസ്സിലെവിടെയോ ഒരു ചെറു തരിപ്പ്.... താൻ ചെയ്തത് തെറ്റാണോ... കത്തിന്റെ കാര്യം പറയേണ്ടിയിരുന്നില്ലേ.... അല്ല പറയുക തന്നെ വേണമായിരുന്നു!!! താൻ ചെയ്തത് തന്നെയാണ് ശരി.... മനസ്സിലിരുന്നു ആരോ പറയുന്നത് പോലെ.

കുറെ ദിവസങ്ങളോളം നരേന്ദ്രൻ മാറി മാറി നടന്നു, തന്റെ നേരെ വരാനുള്ള മടി... പക്ഷേ അവൻ തന്റെ അടുത്തൊന്നു വന്നിരുന്നെങ്കിൽ.. ഒന്നുമിണ്ടിയിരുന്നെങ്കിൽ... എന്ന് തന്റെ കുഞ്ഞു മനസ്സ് ആഗ്രഹിച്ചിരുന്നില്ലേ....

അങ്ങനെയിരിക്കെ ഒരു സേവന വാരസമയത്താണ് നരേന്ദ്രൻ വീണ്ടും തന്റെ അടുത്ത് വന്നത്.

" നിനക്ക് എന്നോട് വഴക്കാ."..? അവൻ ചോദിച്ചു.
താൻ പരുങ്ങി നിന്നു..." ഞാൻ പേടിച്ചിട്ടാ സാറിനോട് പറഞ്ഞേ... നിനക്ക് ഒത്തിരി തല്ലു കിട്ടിയോ"?... നി അങ്ങനെയൊന്നും ചെയ്യരുത്.. നമ്മള് കുട്ട്യോളാ....

" സാരല്ല്യ"... അവൻ കൊറെ നെല്ലിക്കാ തന്നുകൊണ്ട് പറഞ്ഞു.

" ഞങ്ങള് പാവങ്ങളാ... നിങ്ങള് പണക്കാരാ... അതോണ്ട് നിന്നെ അവൾക്ക് ഇഷ്ടല്ലാന്ന് എന്റെ അമ്മ പറഞ്ഞു.... പാവങ്ങള്ക്ക് പണക്കാരോട് ഇഷ്ടം കൂടാൻ പാടില്ലാത്രേ...

" നിക്ക് അങ്ങനേ ന്നും ഇല്ല... നിന്നോട് പിണക്കോമില്ല"

പത്താം ക്ലാസ്സിൽ എത്തിയതോടെ നരേന്ദ്രൻ നിക്കറിൽ നിന്നും മുണ്ടിലേക്ക് മാറി. താൻ നീളം കൂടിയ പാവാടയും ബ്ലൗസ്സും. 

 ലീനയും, ലക്ഷ്മിയും, ദേവികയും, ഡെയ്സിയുമൊക്കെ നരേന്ദ്രന്റെ കൗമാര മനസ്സിൽ കൂടുകൂട്ടി... പ്രണയാഭ്യർത്ഥനകളും... ഹൃദയം കൈമാറലുമൊക്കെ നരേന്ദ്രന്റെ പതിവ് പരിപാടികളായി.... ഇതിനോടകം അവൻ സ്ക്കൂളിൽ ഒരു ഇരട്ടപ്പേരും സമ്പാദിച്ചു.." ലോലൻ", കുട്ടികളുടെ ഇടയിൽ പ്രണയാതുരനായി ലോലൻ വിലസി നടന്നു...

ഒരിക്കൽ താൻ അവനോട് ചോദിച്ചു, "നീ എന്തിനാ ഇങ്ങനെ എല്ലാ പെൺകുട്ടികളുടെയും പിറകെ നടക്കുന്നത്"?

" എല്ലാരോടും ഒന്നൂല്ല... ഇഷ്ടം തോന്നുന്നോരോട് പറയും"

പ്രീ ഡിഗ്രിയ്ക്ക് ചേർന്നതും ഒരേ കോളേജിലായിരുന്നു.... വർണ്ണങ്ങളുടെ മാസ്മരിക ലോകം.. കലാലയം...... സ്വപ്നങ്ങൾ ഏഴു നിറങ്ങളിൽ മഴവില്ലു ചാർത്തിയ കാലം... താൻ ഫസ്റ്റ് ഗ്രൂപ്പും അവൻ തേർഡ് ഗ്രൂപ്പിനും ചേർന്നു.

കോളേജിൽ വന്നതോടെ നരേന്ദ്രന് ഒരു പുതിയ ലോകം തുറന്നു കിട്ടുകയായിരുന്നു. തന്നേക്കാൾ മുതിർന്ന ചേട്ടൻമാരുമായിട്ടായിരുന്നു അവന് ചങ്ങാത്തം, ശേഖരനും, റോയിയും, സോമനും ഒക്കെ ആയിരുന്നു റോൾ മോഡലുകൾ. അവർക്കൊക്കെ അന്ന് ' നാട്ടിൻപുറ' പ്രണയങ്ങൾ ഉള്ളവരായിരുന്നു.

മുണ്ട് അഴിച്ചിട്ട്... സൈക്കിൾ തള്ളിക്കൊണ്ട്... ഒപ്പം... നീളൻ പാവാടയും... ഇറക്കമുള്ള ബ്ലൗസ്സുമിട്ട്... പുസ്തക കെട്ടുകളും ചോറ്റുപാത്രവും നെഞ്ചോട് ചേർത്ത് വെച്ച്... തെല്ലൊരകലം വിട്ട്.. നാണവും ഭയവും കലർന്ന മുഖത്തോടെ.... കുറുകി ഞെരങ്ങി അടി വച്ചു നീങ്ങുന്ന പ്രണയ ജോഡികൾ.... അന്നതൊക്കെ സാധാരണ നാട്ടിൽ പുറ കാഴ്ചകളായിരുന്നു. ഇടുങ്ങിയ ഒറ്റയടിപ്പാതവക്കത്തും... കനാൽ പ്പുറങ്ങളിലുമൊക്കെ നിന്നുകൊണ്ടുള്ള അടക്കിപ്പിടിച്ച സംസാരങ്ങളും... കുണുങ്ങലുകളും ഒക്കെ രസമുള്ള കാഴ്ചകളായിരുന്നു.

ഇവരിൽ നിന്നൊക്കയാണ് നരേന്ദ്രനും.... പ്രണയത്തിന്റെ കാണാപ്പുറങ്ങൾ മനസ്സിലാക്കിയത്.

കോളേജിലെ ഒരു സമരകാലം... പഠിപ്പ് മുടക്കമായിരുന്നു... നരേന്ദ്രനുമായി കുറെയേറെ സമയം വർത്തമാനം പറയുകയായിരുന്നു.

" നിന്റെ പുതിയ പ്രണയ ബന്ധങ്ങൾ ഒക്കെ എങ്ങിനെ പോകുന്നു"?... ഇപ്പോൾ എത്ര പേരുണ്ട്?, താൻ കളിയാക്കിക്കൊണ്ടു ചോദിച്ചു.

" ശ്രമിച്ചു കൊണ്ടിരിക്കുന്നു... ഒന്നും അങ്ങട് ശരിയാകുന്നില്ല.... വല വീശുന്നുണ്ട് കുടുങ്ങും.... പക്ഷേടി... കട്ടിമീശയും ശരീരവു മൊക്കെയുള്ളവരോടാണ് പെൺകുട്ടികൾക്കിഷ്ടം... എനിക്കാണേ മീശയുമില്ല... ശരീര പുഷ്ടിയുമില്ല... അതോണ്ട് പെൺകുട്ടികൾ അങ്ങ് വീഴുന്നില്ല".... നരേന്ദ്രൻ പരിഭവിച്ചു.

" ശരിയാണോ... നിനക്ക് അങ്ങനെയുള്ള ആണുങ്ങളെയാണോ ഇഷ്ടം"?

" ആ... എന്തോ എനിക്കറിയില്ല... ഞാൻ അങ്ങനെയൊന്നും ചിന്തിച്ചിട്ടില്ല"...  താൻ പറഞ്ഞു.

" ശേഖരേട്ടൻ പറഞ്ഞു " കോട്ടയ്ക്കലിലെ" അശ്വഗന്ധാതിലേഹ്യം വാങ്ങി കഴിച്ചാൽ ശരീരം വണ്ണം വയ്ക്കുമെന്ന്.... കരടി നെയ്യ് പുരട്ടിയാൽ മീശയും താടിയും വളരും... ലേഹ്യം വാങ്ങണം.... അന്തോണിടെ മകൻ കരടി നെയ്യ് കൊണ്ടുത്തരാം എന്നു പറഞ്ഞിട്ടുണ്ട്".

" നിനക്ക് വട്ടാ"... 

" നിന്റെ ക്ലാസ്സിലെ" ഷൈലയെ" ഞാൻ നോട്ടമിട്ടുണ്ട്... ഞാൻ ഒരു കത്തു തന്നാൽ നീ അവൾക്ക് കൊടുക്കാമോ? നരേന്ദ്രൻ ചോദിച്ചു.

" നീ നേരിട്ട് കൊടുത്താ മതി... നിക്ക് വയ്യാ"...

" ഞാൻ ഏതു പെണ്ണിനും പ്രേമ ലേ ഖനം കൊടുക്കുമ്പോൾ നിന്നെ മനസ്സിലോർക്കും.... നീ ആയിരുന്നല്ലോ എന്റെ ആദ്യ കാമുകി... അന്നു കിട്ടിയ തല്ലും ഒന്നും മറക്കാൻ പറ്റില്ലല്ലോ"...

മനസ്സിൽ മുള്ളിട്ട് വലിച്ചതു പോലെ ഒരു നീറ്റൽ അനുഭവപ്പെട്ടു!!!

" ഇപ്പോ നിനക്കെന്നെ ഇഷ്ടമല്ലെ"?... ജിഞ്ഞാസയോടെ ഞാൻ ചോദിച്ചു.

" അത്.... പിന്നെ... നീ വലിയ തറവാട്ടിലെ കുട്ടിയല്ലേ... അതോണ്ടാ"...

അവന്റെ മുഖത്ത് വിടർന്ന നിഷ്ക്കളങ്കത എന്നെ അന്ന് മുറിപ്പെടുത്തിയിരുന്നു.

സ്ക്കൂൾ തലം തൊട്ട് നരേന്ദ്രൻ കലാ മത്സരങ്ങളിലെല്ലാം പങ്കെടുത്തിരുന്നു. നാടകം, കഥാ പ്രസംഗം, കഥയെഴുത്ത്, കവിത ചൊല്ലൽ... നാട്ടിൻപുറത്തെ ഗ്രാമീണ വായനശാലയിലും , ക്ലബ്ബിലുമൊക്കെ നരേന്ദ്രൻ ആക്ടീവായിരുന്നു.

കാലചക്രത്തിന്റെ നിതാന്ത ഭ്രമണം....
ഋതുക്കൾ ചേല മാറി മാറിയുടത്ത് വന്നും പോയുമിരുന്നു...... കൗമാരം വസന്തം വിതറിയ വീഥിയിലൂടെ മെല്ലെ യൗവനം കടന്നു വന്നു... മനസ്റ്റും ശരീരവും യൗവ്വനയുക്തമായി.

ഡിഗ്രി കഴിഞ്ഞ് താൻ ബി. എഡ്ഡിനു ചേർന്നു,
 നരേന്ദ്രൻ ജോലി അന്വേഷണവും, ഇന്റെർവ്യയൂ യുമൊക്കെയായി നടന്നു... ഒപ്പം നാടകവും, കഥയും, പാട്ടും, വായനശാലയും..... നാട്ടിലെ പാരലൽ കോളേജുകളിൽ അദ്ധ്യാപക ജോലിയും, കൂടെ തന്റെ പ്രണയവും....

അദ്ധ്യാപകയായി നിയമനം കിട്ടിയത് ദൂരെ ഒരിടത്തായിരുന്നു, ദീർഘമായ വർഷങ്ങൾ... ഓണത്തിനും വിഷുവിനു മൊക്കെ വന്നും പോയുമിരുന്നു.

വിവാഹ ആലോചനകളും പെണ്ണുകാണലും തകൃതിയായി നടന്നുകൊണ്ടിരുന്നു. ഓരോ പുരുഷൻമാരുടെയും മുൻപിൽ നിൽക്കാൻ താൻ അണിഞ്ഞൊരുങ്ങുമ്പോഴെല്ലാം... അറിയാതെ..... നരേന്ദ്രൻ മനസ്സിലേക്ക് ഓടിയെത്തുമായിരുന്നു.... എന്തുകൊണ്ടോ.... മനസ്സിന്റെ ഏതോ കോണിൽ ഉണങ്ങാത്ത ഒരു മുറിവ് പോലെ.... അന്ന് സ്ക്കൂളിൽ വച്ചുണ്ടായ ആ സംഭവത്തിനു ശേഷം പിന്നീട് ഒരിക്കൽ പോലും നരേന്ദ്രൻ ആ ഇഷ്ടം തന്നോട് കാണിച്ചിട്ടില്ല..... പക്ഷേ താൻ....... തനിയെ മുളയ്ക്കുന്ന ഓർമ്മകൾ.....

സൗന്ദര്യവും, ഉദ്യോഗവും, സ്വത്തും ഒക്കെ ഉണ്ടായിരിന്നിട്ടും തന്റെ വിവാഹം നടന്നില്ല.... രാശി ചക്രത്തിന്റെ ഭ്രമണപഥങ്ങളിൽ... ഏഴും.. എട്ടും ഭാവങ്ങളിൽ... തനിക്കെതിരെ നിലയുറപ്പിച്ച "ചൊവ്വാ"... തന്നെ നോക്കി വികൃതമായി ചിരിച്ചു...

സൗന്ദര്യത്തിലും ഉദ്യോഗത്തിലും സ്വത്തിലും ഭ്രമിച്ച് തന്നെ സ്വന്തമാക്കാൻ വന്നവർ..... പക്ഷേ അറിഞ്ഞു കൊണ്ട് " അകാല മരണം" വരിയ്ക്കാൻ വയ്യാതെ ഭയന്ന് പിൻമാറിയ" വിദ്യാസമ്പന്നരായ" ചെറുപ്പക്കാർ.... തുല്യ പൊരുത്തത്തിൽ പിറന്ന ഒരു ജാതകനും തനിക്കായ് വന്നില്ല..... എന്റെ അമ്മയും.... ഗർഭപാത്രവും... ഞാനും അറിഞ്ഞിരുന്നില്ല രാശി ചക്രത്തിന്റെ ഭാവാന്തരങ്ങൾ....

വർഷങ്ങൾക്ക് ശേഷമാണ് നാട്ടിലെ സ്ക്കൂളിലേയ്ക്ക് മാറ്റം കിട്ടി വന്നത്.... നാടും ആളുകളും എത്രയോ മാറിയിരിക്കുന്നു....

 ജില്ലാ കലോത്സവം നടക്കുന്ന പട്ടണത്തിലെ ഒരു സ്ക്കൂളിൽ വച്ചായിരുന്നു ഏറെ വർഷങ്ങൾക്ക് ശേഷം നരേന്ദ്രനെ കാണുന്നത്, അമ്പരപ്പോടെ പരസ്പരം നോക്കി നിന്നു.

മെല്ലിച്ചു നീണ്ട ആ പൊടി മീശക്കാരൻ ആകെ മാറിയിരുന്നു. ഒത്ത തടിയുള്ള കഷണ്ടി കയറിയ ഒരു മധ്യവയസ്ക്കൻ....

ക്യാന്റീനിലെ മേശയ്ക്കു ഇരു വശവുമായി ഇരുന്നു കൊണ്ട് ചായ കഴിയ്ക്കുന്നതിനിടയിൽ ഒരുപാടു കാര്യങ്ങൾ സംസാരിച്ചു. അമ്മ മരിച്ചതിനു ശേഷം നരേന്ദ്രൻ ഒറ്റയ്ക്കായിരുന്നു വീട്ടിൽ... ഏകാന്തവാസം..." ബിരുദ സർട്ടിഫിക്കറ്റുകളുടെ ഭാരവും പേറി കുറെ നാൾ അലഞ്ഞു... പാരലൽ കോളേജുകളുടെ കാലം കഴിഞ്ഞതോടെ അതും തീർന്നു. പിന്നീട് ട്യൂഷനും ചില പ്രൈവറ്റ് കമ്പനികളിലെ പണിയുമൊക്കെയായി കുറെ നാൾ... കൂടെ ചില കലാ പ്രവൃത്തനങ്ങളും. ഇപ്പോൾ കുറെയേറെ വർഷങ്ങളായി വിമൻസ് കോളേജിന് മുന്നിൽ ഒരു ബുക്ക് ഷോപ്പ് നടത്തിവരുന്നു. ഇഷ്ടമുള്ള ജോലി, ഒരു പാട് വായിയ്ക്കാം... എഴുതാം... ചെറിയ വരുമാനവും, ഒറ്റത്തടിയല്ലേ.. ഇങ്ങനെ പോകുന്നു"...

" വിവാഹം"?...

"ഹേയ്... അതൊന്നും നടന്നില്ല... മനസ്സിന് ഇണങ്ങിയ ആരും വന്നില്ല"..

" തന്റെ ഒരു പ്രണയവും വിജയിച്ചില്ലേ"? ആരും വലയിൽ വീണിരുന്നില്ലേ?

" ചിലരൊക്കെ വീണിരുന്നു.. പക്ഷേ അവരൊക്കെ പിന്നീട് വല പൊട്ടിച്ചു പോയി".

" കോട്ടയ്ക്കലിലെ ലേഹ്യവും... കരടി നെയ്യുമൊക്കെ?

" ഹ.. ഹ... കാശു പോയതു മിച്ചം ... പക്ഷേ ഇപ്പഴും ഞാൻ നിരാശനല്ല... ശ്രമം തുടരുന്നുണ്ട്, പ്രണയത്തിന് പ്രായം ഇല്ലല്ലോ".... നരേന്ദ്രൻ

" നിലവിൽ ആരെങ്കിലും ഉണ്ടോ"?

ങ്ങ് ഹും... ഒരു വനിതാ പോലീസ് കാരി കിടന്ന് കറങ്ങുന്നുണ്ട്.... ചെറു ചമ്മലോടെ അയാൾ പറഞ്ഞു.

എന്റെ ഉള്ള് നിറയെ പ്രണയമാണ് നന്ദിനീ.... വറ്റാത്ത പ്രണയം!!! പക്ഷേ ആരും അത് കാണുന്നില്ല... നരേന്ദ്രൻ ഒരു വിളറിയ ചിരിയോടെ പറഞ്ഞു.

" ഇപ്പോൾ നിനക്ക് നല്ല തടിയും, മീശയും താടിയുമൊക്കെ ഉണ്ടല്ലോ... പെണ്ണുങ്ങൾ ഇഷ്ടപ്പെടില്ലേ? താൻ കളിയാക്കി ചോദിച്ചു.

കാലം കടന്നുപോയില്ലേ നന്ദിനി.. പെൺകുട്ടികളുടെ സൗന്ദര്യ സങ്കൽപ്പങ്ങളും മാറി!!

അതെന്താ?

ഇപ്പോ പെൺകുട്ടികൾക്ക് മെലിഞ്ഞ ശരീരവും സിക്സ് പായ്ക്കും സ്‌പൈക്ക് ഹെയർ സ്‌റ്റൈലും ഒക്കയാണ് ആവശ്യം... ഈ പ്രായത്തിലിനി ഞാൻ സിക്സ് പായ്ക്കും... സ്പൈക്കും ഒക്കെ വയ്ക്കണമെന്നു പറഞ്ഞാൽ വയ്യാ...
ഞങ്ങൾ രണ്ടാളും പൊട്ടിച്ചിരിച്ചു.

" നിനക്കിത് ഒരു രോഗമാണ് നരേന്ദ്രാ... എല്ലാവരെയും പ്രേമിക്കാൻ തോന്നുന്നത്" താൻ പരിഹസിച്ചു.

" കളിയാക്കണ്ട നന്ദിനീ.... പ്രണയമെന്ന വികാരത്തെ നിർവ്വചിക്കാൻ സാധ്യമല്ല.... പ്രായമെത്രയേറിയാലും.... പ്രായമാകാതെ... വൃദ്ധനെയും യൗവ്വനയുക്തമാക്കുന്ന മനസ്സിന്റെ മാന്ത്രികമായ ഇളക്കങ്ങൾ... പ്രണയം നിത്യമാണ്... അതിന് രൂപവും... ഗന്ധവും... സ്പർശവുമുണ്ട്... നരേന്ദ്രൻ വാചാലനായി... ഞാൻ പ്രണയിച്ചു കൊണ്ടേയിരിക്കും... പെണ്ണിനെ... സംഗീതത്തെ... മഴയെ... നിലാവിനെ... പ്രകൃതിയെ... ഈശ്വരനെ... അതെന്നെ ഉന്മത്തനാക്കുന്നു!!! ഊർജ്ജ് സ്വലനാക്കുന്നു!!! ചെറുപ്പമാക്കുന്നു... തിരിച്ച് ഞാനൊന്നും പ്രതീക്ഷിക്കുന്നില്ല....

തന്റെ സ്കൂളിലെ അവസാനത്തെ ദിനം വന്നെത്തുകയായിരുന്നു.... യാത്ര അയ പ്പ് കഴിഞ്ഞിറങ്ങുമ്പോൾ.... കണ്ണും... മനസ്സും നനഞ്ഞിരുന്നു... ഇനിയെന്ത്? താൻ ഒറ്റയ്ക്കായതു പോലെ... ഇനിയുള്ള ജീവിതം എങ്ങനെ ജീവിച്ചു തീർക്കും!!! വാർദ്ധ്യക്യം തന്നെ ബാധിച്ചോ...

നിലക്കണ്ണാടിക്ക് മുന്നിൽ നിന്നു കൊണ്ട് തന്റെ പ്രതിരൂപത്തെ നോക്കി... റിട്ടയേർഡ് അദ്ധ്യാപിക... നന്ദിനി നായർ... അഴിച്ചിട്ടിരുന്ന മുടി തോളിലൂടെ മുന്നിലേക്ക് എടുത്തിട്ടു.. കളർ തേച്ച് കറുപ്പിച്ച മുടികൾ, മുഖത്ത് ചുളിവുകൾ വീണിട്ടുണ്ടോ... യൗവ്വനം വിട്ടു പോകാൻ മടിച്ചു നിൽക്കുന്നതു പോലെ!!! ആരും ചൂടാതെ പോയ ഒരു പൂവായി... വാടിക്കൊഴിയുന്നു....

പെട്ടെന്ന് നരേന്ദ്രനെ ഓർത്തു, കഴിഞ്ഞ മാസത്തിലാണ് അയാളെ അവസാനമായി കണ്ടത്.

" തന്റെ വനിതാ പോലീസുകാരി എന്തായി?....

" ഓ... അവളും പോയി... ഒരു റിട്ടയേർഡ് പോലീസുകാരൻ കെട്ടി!!!
തെല്ലു ജാള്യതയോടെ നരേന്ദ്രൻ പറഞ്ഞു. " കമ്മലിട്ടവള് പോയാൽ കടുക്കനിട്ടവള് വരും"!!! ചിരിച്ചു കൊണ്ട് ആത്മവിശ്വാസത്തോടെ അയാൾ പറഞ്ഞു.

പക്ഷേ ഒരു ചെറിയ പെൺക്കുട്ടിയുമായി അയാൾ ഒളിച്ചോടി എന്നു കേട്ടപ്പോൾ .. വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനും പറ്റിയില്ല.

രാധയിൽ നിന്നു തന്നെയാണ് നരേന്ദ്രൻ മടങ്ങിവന്നിരിക്കുന്നുവെന്ന വിവരവും അറിയുന്നത്.... മൂന്നു മാസങ്ങൾ കഴിഞ്ഞിരിയ്ക്കുന്നു.

" ബുക്ക് ഷോപ്പ് തുറന്നു പ്രവൃത്തനം തുടങ്ങിയത്രേ.... നമ്മള് കേട്ടതൊന്നും നേരായിരുന്നില്ല ടീച്ചറേ"...

" പിന്നെ?!!!!!!

ആളോള് എന്തെല്ലാമാണ് പറഞ്ഞുണ്ടാക്കിയത്... സത്യം അതൊന്നു മായിരുന്നില്ല.. ആ പെൺകുട്ടിയുടെ രണ്ടു കിഡ്നികളും തകരാറിലായിരുന്നു, നരേന്ദ്രേട്ടന്റെ ഒരു കിഡ്നി അവൾക്ക് കൊടുത്തു ത്രേ... അതിന്റെ ഓപ്പറേഷന് വേണ്ടി പോയതായിരുന്നു..... ആ കുട്ടി രക്ഷപ്പെട്ടു. 

പെട്ടെന്ന് അയാളെ കാണണമെന്ന് താൻ അതിയായി ആഗ്രഹിച്ചു, തന്റെ ബാല്യ കൗമാര ഓർമ്മകളിലേക്ക് ഒരു നിമിഷം ആണ്ടു പോയി.... നരേന്ദ്രനോടൊത്ത് കളിച്ചത്.... മാമ്പഴം പറിച്ചു തന്നത്.... നീറു കടി കൊണ്ട് മനയ്ക്കലെ മാവിൽ നിന്നു വീണ് കാലൊടിഞ്ഞത്... വാഴയില ചൂടി സ്കൂളിൽ പോയത്.... കുടയില്ലാതെ നനഞ്ഞോടി വന്ന നരേന്ദ്രൻ തന്റെ കുടയിൽ കയറിയപ്പോൾ... താൻ പാട വരമ്പിൽ വച്ച് ചെളിയിൽ തള്ളിയിട്ടത്... തനിയ്ക്ക് കത്തു തന്നത്... അങ്ങനെയങ്ങനെ.... സുഖമുള്ള നോവുകൾ.... തന്നെ അവന് എന്തിഷ്ടമായിരുന്നു... നിഷ്ക്കളങ്കനായി തന്റെ ഇഷ്ടം തുറന്നു പറഞ്ഞ തന്റെ കളിക്കൂട്ടുകാരൻ... അവനിൽ ഇത്രമാത്രം നന്മ ഉണ്ടായിരുന്നോ... എന്നിട്ടും താനത് തിരിച്ചറിഞ്ഞില്ലേ... അറിയാതെ കണ്ണുകൾ നിറഞ്ഞു തൂവി....

പുതിയതായി എത്തിയ പുസ്തകങ്ങൾ ഷെൽഫിൽ അടുക്കി വയ്ക്കുകയായിരുന്നു നരേന്ദ്രൻ... താൻ ചെന്നതറിഞ്ഞില്ല... മെല്ലെ മുരടനക്കി...

ഹല്ലാ... ഇതാരാ... നന്ദിനി ടീച്ചറോ!!! നരേന്ദ്രൻ ചിരിച്ചു കൊണ്ട് കൗണ്ടറിലേക്ക് വന്നു.

" പുതു മണവാളനേയും മണവാട്ടിയേയും കാണാൻ വന്നതായിരിയ്ക്കും"...

ഇരിയ്ക്ക് നന്ദിനി...

" മധു വിധുവൊക്കെ കഴിഞ്ഞോ?

" പിന്നേ... മൈസൂറിലായിരുന്നു!!

എന്നിട്ട് പുതുപ്പെണ്ണെവിടെ?

" റെസ്റ്റിലാണ്"...

" ഞാൻ എല്ലാം അറിഞ്ഞിരിക്കണ്... ആളോള് എന്തൊക്കയാ പറഞ്ഞു കൂട്ടിയത്!!!

" എന്നെക്കുറിച്ചല്ലേ... ആളുകൾ പറഞ്ഞില്ലെങ്കിലെ അത്ഭുതമുള്ളൂ... ജീവിതത്തിലെ മോഹഭംഗങ്ങളെ മറച്ചു പിടിയ്ക്കാൻ ഇങ്ങനെയുള്ള ചില തമാശകൾ നല്ലതാ നന്ദിനി... ഇല്ലെങ്കിൽ നമ്മുടെ വിഷമങ്ങൾ ഒക്കെ മറ്റുള്ളവർ അറിയില്ലേ....

" അപ്പോ നരേന്ദ്രന് മോഹഭംഗങ്ങൾ ഉണ്ടോ"?

" ആർക്കാ ഇല്ലാത്തേ... തനിയ്ക്കില്ലേ?... 

" ങ്ങ്ഹാ..... അതൊക്കെപ്പോട്ടെ, ഞാൻ കാര്യങ്ങൾ പറയാം, അവൾ ഒരു പാവം നിർദ്ധന കുടുംബത്തിലെ കുട്ടിയായിരുന്നു, ഇവിടുത്തെ സ്ഥിരം കസ്റ്റമർ... നന്നായി വായിക്കും, അവളുടെ കാര്യങ്ങൾ ഒക്കെ അറിഞ്ഞപ്പോൾ ഞാൻ മറ്റൊന്നും ചിന്തിച്ചില്ല, അല്ലെങ്കിൽ തന്നെ എന്തു ചിന്തിയ്ക്കാൻ.... എനിക്കെന്തിനാ രണ്ടു കിഡ്നി!!! ഒന്നവൾക്ക് കൊടുത്തു. ഞാൻ കഴിഞ്ഞ മൂന്നു മാസമായി മൈസൂറുള്ള ഒരു സുഹൃത്തിൻ്റെ കൂടെ റസ്റ്റിലായിരുന്നു.... അവളും സുഖമായിരിക്കുന്നു....

പുറമെ സന്തോഷവാനായിക്കാണിയ്ക്കുമെങ്കിലും.... നരേന്ദ്രന്റെ ഉള്ളിൽ ഒരു നെരിപ്പോട് ഉണ്ടെന്ന് ഞാൻ അറിഞ്ഞു...

" പുതിയ പ്രണയങ്ങൾ ഒന്നൂല്ലേ"? നരേന്ദ്രനെ ഒന്നിളക്കാൻ വേണ്ടി ചോദിച്ചു.

" ഏതെങ്കിലും ഒരുവൾ വരും...  വരാതിരിക്കില്ല.... നരേന്ദ്രൻ.

" ഒരു റിട്ടയേർഡ് ടീച്ചർ ആയാലോ?... നോക്കുന്നോ"?...

പകപ്പോടെ നരേന്ദ്രൻ തന്നെ നോക്കി. ആ മുഖം വിവർണ്ണമാകുന്നതും... കണ്ണുകളിൽ ജലം നിറയുന്നതും കണ്ടു... വിറയാർന്ന ചുണ്ടുകൾ.... നന്ദിനീ... നീ... നീ പറഞ്ഞത്...

" അതെ.... പുള്ളിപ്പാവടയും മഞ്ഞ ബ്ലൗസും ധരിച്ച ആ പതിമൂന്ന് വയസ്സുകാരിയാണ് ഞാനിപ്പോൾ.... അപക്വമായ പ്രായത്തിൽ നീ എന്നെ നിന്റെ ജീവിതത്തിലേയ്ക്ക് ക്ഷണിച്ചു... ആ വികാരത്തിന്റെ പൊരുൾ എന്താണെന്ന് ഞാനന്ന് അറിഞ്ഞിരുന്നില്ല.... അന്നു നീ എനിക്ക് തന്ന കത്തിൽ ഒരു മയിൽപ്പീലിത്തണ്ട് ഒളിപ്പിച്ച് വെച്ചിരുന്നു.... ഓർക്കുന്നുണ്ടോ?.. കത്ത് മാത്രമെ ഞാൻ സാറിന്റെ കൈയ്യിൽ കൊടുത്തിരുന്നുള്ളൂ.... മയിൽപ്പീലി ഞാൻ ഒളിപ്പിച്ചു വച്ചു... എന്റെ ഹൃദയത്തിൽ.... പിന്നീട് ഒരിക്കലും നീ എന്റെ ഇഷ്ടം തേടിയില്ല..... ആ മയിൽപ്പീലിയും.. 

ഇന്ന് നമ്മൾ രണ്ടു പേരും ജീവിതത്തിന്റെ സായന്തനങ്ങളിലേയ്ക്ക് നടന്നടുക്കുകയാണ്... കൂടണയണമെന്നുണ്ട്... പക്ഷേ കൂടെ വിടെ?.... നീ അനുവദിക്കുമെങ്കിൽ... പാപജാതകത്തെ ഭയമില്ലെങ്കിൽ... നീ വിളിച്ചാൽ... ഞാൻ വരും!!!,  ഒരുമിച്ച് ഒരു പൂക്കുടക്കീഴിൽ... ഒരു യാത്രയ്ക്കായി.....

" നന്ദിനി...... ഞാൻ കേൾക്കാൻ കൊതിച്ചിരുന്നു ഈ വാക്കുകൾ.... മനസ്സ് വിശ്രമമില്ലാതെ ഇണയെത്തേടി അലഞ്ഞപ്പോഴും... നീയായിരുന്നു എന്റെ മനസ്സിൽ നിറഞ്ഞു നിന്നിരുന്നത്.... എന്റെ കളിക്കൂട്ടുകാരി..... എന്റെ പ്രണയ നിരാസങ്ങളിൽ നിന്ന് മുക്തി നേടി സ്വപ്ന സാഫല്ല്യമടയാൻ... ഞാൻ നിന്നെ ' വിളിയ്ക്കുന്നു.....

എന്റെ ഹൃദയത്തിൽ പ്രണയത്തിന്റെ വറ്റാത്ത ഉറവയുണ്ട്....  കാമനകളുടെ സമൃദ്ധമായ നീരൊഴുക്കുണ്ട്.... യൗവ്വനയുക്തമായ അതിന്റെ തൃഷ്ണകളുണ്ട്.... ജീവിയ്ക്കാൻ ഇനിയും കാലങ്ങൾ എത്ര ബാക്കിയുണ്ട്..... 

കയ്യിലിരുന്ന ബുക്ക് മേശപ്പുറത്ത് വെച്ച് നരേന്ദ്രൻ നന്ദിനിയുടെ കരം കവർന്നു...... ഒരു നിമിഷം ആ ബുക്കിൽ എൻ്റെ കണ്ണുടക്കി......
അരവിന്ദ് പരാശരൻ്റെ "Lost in Love"....
                          
                         സജി ജോസഫ്

2020, ജൂലൈ 17, വെള്ളിയാഴ്‌ച

ഒരു യാത്രയും കുറേ ഓർമ്മകളും - സിന്ധു കെ. എം



ഇതൊരു കഥയോ വായനക്കാരേ ത്രസിപ്പിക്കുന്ന സംഭവങ്ങളുള്ള ഒരു വിവരണമോ അല്ല. എൻ്റെ ജീവിതത്തിലുണ്ടായ ചെറുതെന്ന് തോന്നുമെങ്കിലും ഇന്നത്തെ സാഹചര്യത്തിൽ വളരെ പ്രസക്തമായ ഒരു സംഭവം പത്തു മുപ്പതാണ്ടുകൾക്കിപ്പുറം ഓർത്തെടുക്കാനുള്ള ഒരു ശ്രമമാണിവിടെ. മുപ്പതാണ്ടുകൾ... വ്യക്തിപരമായും സാമൂഹികമായും നാം ഒത്തിരി മാറിയിരിക്കുന്നു ... കാലത്തിനും സന്ദർഭത്തിനും അനുസരിച്ച് മനുഷ്യനോളം മാറ്റങ്ങളുൾക്കൊള്ളാൻ കഴിയുന്ന ഒരു ജീവിവർഗ്ഗവും ഈ ഭൂമുഖത്ത്  ഉണ്ടാവില്ല എന്നത് പച്ചയായ യാഥാർത്ഥ്യം.
മാറ്റങ്ങളെക്കുറിച്ചുള്ള പ്രബന്ധമെഴുത്തല്ല എൻ്റെ ലക്ഷ്യം, എൻ്റെ അനുഭവം നിങ്ങളുമായി പങ്കിടുക എന്ന പരിമിതമായ ലക്ഷ്യം മാത്രം...
ഒരു യാത്രയിലെ എൻ്റെ അനുഭവമാണ് ഞാൻ പങ്കുവെക്കുന്നത് ,ഞാൻ മാത്രമല്ല ആ യാത്രയിൽ  മറ്റു രണ്ടു പേർ കൂടി ഉണ്ടായിരുന്നു എൻ്റെ കൂടെ.
എൻ്റെ പ്രിയപ്പെട്ട രണ്ടു കൂട്ടുകാരികൾ. അവരുടെ അറിവോ സമ്മതമോ ഇല്ലാതെ എഴുതുന്നതിനാൽ ആരായിരുന്നു അവർ എന്ന് വെളിപ്പെടുത്താൻ നിർവാഹമില്ല . കാലങ്ങളേറെ കഴിഞ്ഞതിനാൽ ചില കാര്യങ്ങളിൽ വ്യക്തതക്കുറവുണ്ടായേക്കാം പ്രത്യേകിച്ച് അന്നത്തെ യാത്രാ ചിലവുകളേക്കുറിച്ച് വ്യക്തമായ ഓർമയില്ലാത്തതിനാൽ.

പ്രീഡിഗ്രി പൊട്ടി പിന്നെയും എഴുതാനുള്ള  രജിസ്ട്രേഷൻ അവശ്യത്തിനായി ഞങ്ങൾ മൂന്നാളും കൂടി ചന്ദനക്കാംപാറ നിന്നും  ശ്രീകണ്ഠാപുരം SES കോളേജിലേക്ക് പുറപ്പെട്ടു.. ഞങ്ങൾ മൂവരും ആദ്യമായാണ് ഇത്രയും ദൂരം തനിയേ പോകുന്നത്. കോളേജ് സ്റ്റോപ്പിൽ ബസ്സിറങ്ങി കോളേജിലേക്ക് റബർ മരങ്ങൾക്കിടയിലൂടെ ചെങ്കൽ പതിച്ച വഴിയിലൂടെ ഞങ്ങൾ നടന്നു.... റബർ മരങ്ങൾക്കു ശേഷം തെരുവക്കാടുകൾ നിറഞ്ഞ കശുമാവിൻ തോട്ടം കടന്ന് കുന്നിൻ മുകളിലെ ശാന്തസുന്ദരമായ കാമ്പസിൽ ഞങ്ങൾ എത്തി. ആദ്യമായാണ് ഞങ്ങൾ കേട്ടറിവുകൾ മാത്രമുള്ള SES കോളേജ് കാണുന്നത്. പൂത്തുലഞ്ഞ വാകമരങ്ങൾ തണൽ വിരിച്ച ഗ്രാമ്യഭംഗി വിളിച്ചോതുന്ന സുന്ദരമായ ആ കാമ്പസിൽ പഠിക്കുന്നവരോട് മനസ്സിൽ ചെറിയ അസൂയ തോന്നി. കോളേജിലെത്തി പ്രിൻസിപ്പലിനെ കണ്ടപ്പോഴാണ് പരീക്ഷ സെൻ്റർ അവിടെയല്ലെന്നും മട്ടന്നൂർ കോളേജിലാണെന്നും  അവിടെ ചെന്ന് രെജിസ്റ്റർ ചെയ്യാനുള്ള അവസാന ദിവസം ഇന്നാണെന്നും അറിയുന്നത്. മട്ടന്നൂർ എന്ന് കേട്ടിട്ടുണ്ടെന്നല്ലാതെ ആ സ്ഥലം എവിടെയാണെന്നോ എങ്ങിനെ അവിടെ എത്തിപ്പെടാം എന്നോ അറിയാതെ ആകെ അങ്കലാപ്പിലായി വിഷമിച്ചു നിൽക്കുന്ന ഞങ്ങളെ കണ്ട്  അലിവു തോന്നി അവിടുത്തെ ഒരു അധ്യാപകൻ മട്ടന്നൂർ കേളേജിലേക്ക്പോകാനുള്ള വഴി ഞങ്ങൾക്കു പറഞ്ഞു തന്നു.

എല്ലാവരുടേയും കയ്യിലുണ്ടായിരുന്ന പൈസ ആകെ 35 രൂപ പോലും തികച്ചില്ലായിരുന്നു എന്നാണ് എൻ്റെ ഓർമ. ഇന്നത്തേ പോലെ മൊബൈലോ ലാൻ്റ് ഫോണോ ഒന്നും സാധാരമല്ലാതിരുന്ന അക്കാലത്ത് വീട്ടിൽ ഒന്ന് അറിയിക്കാൻ പോലും ആവാത്ത അവസ്ഥ ഒന്നാലോചിച്ചു നോക്കൂ. അവിടേക്കുള്ള വണ്ടിക്കൂലി എത്രയാകുമെന്ന് ഒരു നിശ്ചയവും ഇല്ലാതിരുന്നിട്ടും വേറേ വഴിയില്ലാതിരുന്നതിനാൽ ഞങ്ങൾ പോകാൻ തന്നെ തീരുമാനിച്ചു. പിന്നീട് ഇതേക്കുറിച്ചാലോചിക്കുമ്പോഴൊക്കെ എത്ര വന്യമായ ഒരു തീരുമാനമാണ് അന്നു ഞങ്ങൾ എടുത്തതെന്ന് എനിക്ക് തോന്നാറുണ്ട്.
മട്ടന്നൂർക്കുള്ള വണ്ടി കയറി മട്ടന്നൂർ ബസ് സ്റ്റാൻഡിൽ എത്തിയപ്പോഴേക്കും ഞങ്ങൾ ആകെ തളർന്നിരുന്നു . ഒരു നാരങ്ങാവെള്ളമെങ്കിലും കുടിക്കണമെന്ന് അതിയായ ആഗ്രഹമുണ്ടായിരുന്നുവെങ്കിലും  കയ്യിൽ അവശേഷിച്ചത് വളരെ തുഛമായ പൈസയായിരുന്നതിനാൽ വേണ്ടെന്നു വെച്ചു.
പലരോടും വഴി ചോദിച്ച് നടന്ന് ഞങ്ങൾ പഴശ്ശിരാജയുടെ പേരിലുള്ള പ്രൗഢഗംഭീരമായ ആ ' കോളേജിലെത്തി. ദൈവാനുഗ്രഹത്താൻ അവിടത്തെ കാര്യങ്ങളെല്ലാം വേഗത്തിൽ പൂർത്തിയാക്കി തിരിച്ചു നടക്കുമ്പോൾ കാര്യം നടന്ന തിലുള്ള സന്തോഷവും ഉത്സാഹവും ഞങ്ങളിൽ ഉണ്ടായി.

 തിരിച്ചു പോകാൻ എന്തു ചെയ്യുമെന്നറിയാതെ ബസ്റ്റാൻ്റിൽ ഞങ്ങൾ കുറച്ചു നേരം നിന്നു. അക്കാലത്ത്  മനുഷ്യൻ മൃഗമായി മാറിയിട്ടില്ലാതിരുന്നതിനാൽ  ഇന്നത്തേ പോലെ പീഠന വാർത്തകൾ സർവ്വസാധാരണമല്ലായിരുന്നു. അതു കൊണ്ടുതന്നെയാണ് ധൈര്യപൂർവ്വം അവിടെ നിൽക്കാൻ ഞങ്ങൾക്ക് സാധിച്ചത്. നേരിട്ടുള്ള ബസ് ഇല്ലാതിരുന്നതിനാലും അതിനുള്ള കാശ് കയ്യിൽ ഇല്ലാതിരുന്നതിനാലും പാതിവഴിയായ ചാലോടേക്കുള്ള ബസ്സിൽ ഞങ്ങൾ കയറി. ചാലോട് എന്ന സ്ഥലപ്പേര് അന്നാണ് ഞാൻ ആദ്യമായി കേൾക്കുന്നത്.
സാമാന്യം നല്ല തിരക്കായിരുന്നതിനാൽ  കണ്ടക്ടർ പണിപെട്ടാണ് എല്ലാവർക്കും ടിക്കറ്റ് നൽകിയത് ഭാഗ്യമെന്നേ പറയേണ്ടൂ കണ്ടക്ടർ ഞങ്ങളെ നോക്കിയതേ ഇല്ല. അങ്ങനെ ജീവിതത്തിൽ ആദ്യമായി കള്ളവണ്ടി കയറി ഞങ്ങൾ ചാലോട്  വന്നിറങ്ങി. ഞാനാണെങ്കിൽ സ്റ്റാൻ്റിൽ വന്നിറങ്ങുന്നതു വരേ ദൈവനാമം മനസ്സിൽ ഉരുവിടുകയായിരുന്നു.
ആ കാലഘട്ടത്തിൽ വിശപ്പ് എന്നത് ഒരു പുതിയ അനുഭവം അല്ലായിരുന്നുവെങ്കിലും ഉണങ്ങി വരണ്ടുപോയ കുരൽ ഒരിറ്റു വെള്ളത്തിനായി ആഗ്രഹിച്ചു കൊണ്ടിരുന്നു.

ഇനി ശ്രീകണ്ഠപുരത്തേക്കുള്ള വണ്ടി എപ്പോൾ വരുമെന്നും വീടെത്താൻ എന്തു മെയ്യുമെന്നും ഉള്ള ആധിയിൽ വിശപ്പും ദാഹവും അടക്കി ഞങ്ങൾ മൂന്നു പെൺകുട്ടികൾ പരസ്പരം നോക്കി പെരുവഴിയിൽ ആശ്രയമില്ലാതെ തളർന്നു നിന്നു. ഭയവും സങ്കടം സഹിക്കാതെ വിങ്ങിപ്പൊട്ടി നിൽക്കുമ്പോഴാണ് എവിടെ നിന്നോ മറ്റൊരു ബസ് കൂടി സ്റ്റാൻ്റിൽ വന്നു നിന്നത്. ഞങ്ങൾ നോക്കുമ്പോൾ  അപ്പു മാഷ് ആ വണ്ടിയിൽ നിന്നും ഇറങ്ങി വരുന്നു...ഞങ്ങളുടെ ചന്ദനക്കാംപാറ സ്കൂളിലെ മലയാളം അധ്യാപകനായ മാഷിനെ കണ്ടതേ എനിക്ക് അൽപം ആശ്വാസമായി. എൻ്റെ കുടുംബവുമായി ബന്ധമുള്ള ആളാണ് അപ്പു മാഷ്.എൻ്റെ അമ്മയ്ക്ക് അപ്പു മാഷോടും അദ്ദേഹത്തിൻ്റെ കുടുംബത്തോടും നിറഞ്ഞ സ്നേഹമായിരുന്നു, അതുപോലെ അവർക്ക് തിരിച്ചിങ്ങോട്ടും.
ഞങ്ങളെ കണ്ടപാടെ മാഷ് ഞങ്ങളുടെ അടുത്തേക്കു വന്ന്  കാര്യങ്ങൾ തിരക്കി. എല്ലാം തുറന്നു പറയാൻ ദുരഭിമാനം അനുവദിച്ചില്ലെങ്കിലും ഞങ്ങളുടെ മുഖത്തെ ക്ഷീണവും തളർന്ന കണ്ണുകളും കണ്ടിട്ടാവണം മാഷ് അടുത്തു തന്നെയുണ്ടായിരുന്ന ചെറിയ ഹോട്ടലിലേക്ക് ഭക്ഷണം കഴിക്കാൻ ഞങ്ങളെ വിളിച്ചു. ദുരഭിമാനം വീണ്ടും തലപൊക്കിയപ്പോളുണ്ടായ വേണ്ട എന്ന ദുർബലമായ ഞങ്ങളുടെ പ്രതിരോധത്തെ സ്നേഹത്തിൻ്റെ ആധികാരികത കൊണ്ട് അദ്ദേഹം മറികടന്നു. ഊണിൻ്റെ സമയം കഴിഞ്ഞെങ്കിലും ഞങ്ങൾക്ക് കഴിക്കാനുള്ളത് അവിടെ ഉണ്ടായിരുന്നു. അതിന് മുമ്പോ പിമ്പോ ഇത്രയും സ്വാദോടെ  ഊണു കഴിച്ച ഓർമ്മ എനിക്കില്ല.
കത്തിക്കാളി കൊണ്ടിരിക്കുന്ന ജoരാഗ്നിയിലേക്ക് ഓരോ ഉരുള ചോറു പോകുമ്പോൾ കണ്ണുകളും നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. അപ്പു മാഷ് അത് കാണാതിരിക്കാൻ എനിക്ക് ഏറെ പരിശ്രമിക്കേണ്ടി വന്നു.  ആ പ്രായത്തിൽ മാഷിനോട് എന്താണ് പറയേണ്ടത് എന്നു പോലും ഞങ്ങൾക്കറിയില്ലായിരുന്നു.
ഭക്ഷണത്തിനു ശേഷം താമസിയാതെ തന്നെ ഞങ്ങൾക്ക് ശ്രീകണ്ഠാപുരത്തേക്ക്  ബസ് കിട്ടി. ബസിൽ ടിക്കറ്റെടുത്തും അപ്പു മാഷ്  ഞങ്ങളോട് ദയകാട്ടി.

ഇത്ര കാലങ്ങൾക്കു ശേഷവും ഓർക്കുമ്പോൾ  എനിക്ക് ഒരു നടുക്കമാണ് ആ യാത്ര.  ആ സമയത്ത് ഒരു ദൈവദൂതനെപ്പോലെ ഞങ്ങളുടെ മാഷ്   അവിടെ വന്നില്ലായിരുന്നുവെങ്കിൽ എന്താകുമായിരുന്നു ഞങ്ങടെ അവസ്ഥ. ചിന്തിക്കാർ പോലും ആവുന്നില്ല എനിക്ക് . എത്ര പറിച്ചെറിഞ്ഞാലും ആ അനുഭവം എൻ്റെ മനസ്സിൽ നിന്ന് ഒരിക്കലും മാഞ്ഞ് പോകില്ല. ഒരുൾക്കിടിലത്തോടെയല്ലാതെ ഇന്നും എനിക്കത് ഓർമ്മിക്കാനും ആവില്ല. ഇപ്പോഴും  കാലം ഏറെ മാറിയെങ്കിലും പെൺകുട്ടികൾ എന്തു കാര്യത്തിലും സ്വയം പര്യാപ്തരായെങ്കിലും എവിടെങ്കിലും പെൺകുട്ടികൾ തനിച്ച് നിൽക്കുന്നത് കണ്ടാൽ എൻ്റെ  മനസ്സിൽ ഒരാധിയാണ്. അവരോട് പോയി കാര്യങ്ങൾ ചോദിച്ചറിയാനും ഏതെങ്കിലും വിധത്തിൽ സഹായം ആവശ്യമുള്ളവരാണെങ്കിൽ അത് ചെയ്യാനും ഒരിക്കലും ഞാൻ മടി കാണിക്കാറില്ലാത്തതിൻ്റെ കാരണം ഈ ഒരു സംഭവമാണ്. എനിക്ക് ഇങ്ങനെ ഒരു മനസ്സുണ്ടാകാൻ കാരണം  അപ്പു മാഷാണ്, അദ്ദേഹം അന്ന് ഞങ്ങളോടു കാട്ടിയ കരുതലാണ് .അതിന് എപ്പോഴും എൻ്റെ ജീവിതാന്ത്യം വരേ, അദ്ദേഹത്തോട് ഞാൻ കടപ്പെട്ടിരിക്കുന്നു. നന്ദി മാഷേ അങ്ങയുടെ കരുതലിന് , കാട്ടിത്തന്ന നല്ല മാതൃകക്ക് ,ഒരു നല്ല മനുഷ്യനാകാനുള്ള എൻ്റെ പരിശ്രമങ്ങൾക്ക് പ്രചോദനമായതിന് ..ഒരായിരം നന്ദി.

2020, ജൂലൈ 12, ഞായറാഴ്‌ച

ഗൽവാനിലെ രക്തപുഷ്പങ്ങൾ - സിബി പയ്യാവൂർ



പോരിൽ മരിച്ചവൻ ധീരനാം സൈനികൻ
നാടിന്നഭിമാനമായവനെങ്കിലും
തെല്ലൊരു നൊമ്പരമുള്ളിലുണ്ടിന്നെൻ
മരണമൊരാഘോഷമായതു കാണവേ...

എൻ നാടിനായി ഞാനർപ്പിച്ച ജീവ-
ന്നവകാശിയാകുവാൻ പോരടിപ്പൂ  ചിലർ
സാമൂഹ്യ മാധ്യമത്താളുകൾക്കുള്ളിലെൻ
രക്തസാക്ഷിത്വമാഘോഷമായ് മാറ്റിയോർ

ചിന്തിപ്പു നീയിന്നൊരു നിമിഷത്തേക്കു
ചിന്തിയ താർക്കുവേണ്ടി ച്ചുടു ചോര ഞാൻ
രാഷ്ട്രത്തിനായ് ഞാൻ സമർപ്പിച്ചതാമെൻ്റെ
ജീവൻ്റെ പേരിനായ് മൽസരിക്കുന്നിവർ

എൻ മാതൃരാജ്യമെന്നൊറ്റ വികാരമേ-
യുള്ളെൻ സിര തന്നിലോടിയ രക്തത്തിൽ
ഇല്ലാ വിഭാഗീയ ചിന്തകളൊന്നുമേ-
യില്ലിന്നവസാന തുള്ളി ചിന്തും വരേ

നഷ്ടങ്ങളില്ലിന്നു നിങ്ങളിലാർക്കുമി-
ന്നെൻ പൊന്നുമക്കള നാഥരായ് തീർന്നു പോയ്
ഏറെ ദുഖത്താലെരിയുന്നവർക്കു തെ-
ല്ലാശ്വാസമേകുവാ നില്ലിവിടാരുമേ

തെല്ലു ദിനങ്ങൾ കഴിഞ്ഞു പോയീടുകിൽ
ചൂടാറുമെൻ ജീവ ത്യാഗത്തിൻ ചർച്ചകൾ
പിന്നെ പതിയേ മറന്നിടും നിങ്ങളെൻ
ജീവത്യാഗത്തിന്നുദാത്തമാം കാരണം

ശത്രുവുമായി നീ സന്ധി ചെയ്തീടുന്നൊ-
രാ നിമിഷത്തിൽ മരിക്കുമെന്നോർമകൾ
അന്നുമെൻ മക്കളനാഥരായീത്തെരു-
വോരത്തു നിന്നു കേഴും നീതി നേടുവാൻ

എങ്കിലുമെൻ പ്രിയ സോദരർ നിങ്ങളോ-
ടുണ്ടെനിക്കിന്നൊരു കാര്യമോർപ്പിക്കുവാൻ
നിൻ രാജ്യസ്നേഹം പ്രകടമാക്കീടുവാൻ
മാധ്യമത്തേക്കാൾ മഹത്തരം ജീവിതം...

2020, ജൂലൈ 6, തിങ്കളാഴ്‌ച

ദേവനഗരിയിലെ സന്ധ്യാംബരം - സിബി പയ്യാവൂർ



' മീരാ… ഇയാളേതോ  സ്വപ്നലോകത്താണെന്നു തോന്നുന്നല്ലോ' 

അപ്രതീക്ഷിതമായി ഷാജഹാൻ ഡോക്ടറുടെ ശബ്ദം കേട്ടാണ് ഞെട്ടിയുണർന്നത് 

'ഇല്ല ഡോക്ടർ തിരക്കൊഴിഞ്ഞപ്പോൾ ഓരോന്നാലോചിച്ച് ഇരുന്നുപോയതാ  സോറി' 

 ഡോക്ടർ കണ്ടുപിടിച്ച ജാള്യത മറക്കാനായി എന്തൊക്കെയോ പറഞ്ഞൊപ്പിച്ചു. സാധാരണ ഡോക്ടർ ഈ സമയത്തു നഴ്‌സിംഗ് ഡെസ്‌കിലേക്കു വരാറുള്ളതല്ല, ഇന്നെന്തുപറ്റിയോ എന്തോ എന്ന് ആലോചിക്കുമ്പോഴാണ് ഡോക്ടറുടെ അടുത്ത ചോദ്യം. 

'ഇന്നുമുതൽ നമ്മുടെ ഹോസ്പിറ്റലിൽ പുതിയൊരു പീഡിയാട്രിക് കൺസൾട്ടൻ്റ്  ജോയിൻ ചെയ്യുന്ന  കാര്യം അറിഞ്ഞിരുന്നോ ?  

'കഴിഞ്ഞ ദിവസം മാഡത്തിനെ കണ്ടപ്പോൾ പറഞ്ഞിരുന്നു ഡോക്ടർ' ഞാൻ പറഞ്ഞു. 

'ഉം ...ഉച്ചക്ക് മൂന്നു മണിക്ക് കോൺഫറൻസ് റൂമിൽ വെച്ച് ഡോക്ടറെ സീനിയർ സ്റ്റാഫിന് പരിചയപ്പെടുത്തുന്നുണ്ട് . മീര ഉണ്ടാവണം മാഡം വരുന്നുണ്ട് ' 

ഡോക്ടർ പറഞ്ഞു നിർത്തി. 

'ശരി ഡോക്ടർ...തീർച്ചയായും'.   

 'ഡോക്ടർ നേതാജി ഹോസ്പിറ്റലിൽ നിന്നുമാ, മീര ഉണ്ടായിരുന്നതല്ലേ അവിടെവിടെയോ? തെക്കേ ഇന്ത്യയിലെ ബെസ്റ്റ് പീഡിയാട്രിക് കൺസൾട്ടൻ്റ്  ആണ് കക്ഷി'

ഇത്രയും പറഞ്ഞു ഡോക്ടർ പോയി. ഡോക്ടർ എന്ത് വിചാരിച്ചിട്ടുണ്ടാവുമോ എന്തോ. കടന്നു വന്നത് അറിഞ്ഞുപോലും ഇല്ല.

  ഡോക്ടർ പോയതോടെ ഓർമ്മച്ചെപ്പുകൾ തുറന്നു ഞാൻ വീണ്ടും   സ്വപ്നസഞ്ചാരം തുടങ്ങി. പുതുതായി വരുന്ന ഡോക്ടർ നേതാജിയിൽ നിന്നും ആണുപോലും. നേതാജിയെന്ന പേരുകേട്ടതേ പത്തിരുപത്തഞ്ചു വർഷങ്ങൾക്കുപിന്നിലേക്ക് എൻ്റെ ചിന്തകൾ പോയി .....ഓരോ കാര്യങ്ങളും ഇന്നലെ നടന്നതുപോലെ മനസ്സിൽ തെളിഞ്ഞു നിൽക്കുന്നു. അതെൻ്റെ യൗവ്വനം,ചോരത്തിളപ്പിൻ്റെ  കാലം. എത്ര തിളച്ചാലും മറ്റുള്ളവരുടെ ദുഃഖങ്ങൾ കണ്ടാൽ അന്നും ഇന്നും ഞാൻ ഒരു വികാരജീവിയായി മാറും. അതെൻ്റെ  ബലഹീനതയാണെന്ന് നന്നായി അറിയാമെങ്കിലും ഇത്രകാലമായിട്ടും ഒരു മാറ്റവും വന്നിട്ടില്ലെന്നതാണ് സത്യം.....

 പഠനശേഷം ഒരു ജോലിക്കായി കാത്തിരിക്കുന്ന സമയത്താണ് കൂട്ടുകാരിയായ ഇന്ദു മധ്യകന്നഡത്തിലെ  ദേവനഗരമെന്ന പട്ടണത്തിലുള്ള പ്രശസ്തമായ ആശുപത്രിയിലെ   അവസരത്തെക്കുറിച്ച് പറഞ്ഞത്. വീട്ടിൽനിന്നും ഒത്തിരി അകലം എന്ന ഒരു ആശങ്ക ഉണ്ടായിരുന്നെങ്കിലും അപൂർവമായി ലഭിക്കുന്ന നല്ലൊരവസരം നഷ്ടപ്പെടാതിരിക്കാൻ വീട്ടുകാരെ ഒരുവിധത്തിൽ പറഞ്ഞു സമ്മതിപ്പിച്ചു.അമ്മക്കായിരുന്നു ഏറ്റവും ആധി. 

ഇന്ദു കൂടി ഉണ്ടെന്നറിഞ്ഞപ്പോൾ അവർക്ക് പാതി സമാധാനമായി.അപേക്ഷാ നടപടികളൊക്കെ വേഗത്തിൽ തീർത്ത് ഒരുമാസത്തിനുള്ളിൽ ജോയിൻ ചെയ്യാനുള്ള അറിയിപ്പു കിട്ടി.ആദ്യമായാണ് നാട്ടിൽ നിന്നും മാറി നിൽക്കുന്നത് .അതും ഇത്ര വലിയ ഒരു നഗരത്തിൽ… ഭാഷയും വശമില്ല ഉള്ളിൽ ചെറിയ ആശങ്കയുണ്ടെങ്കിലും ആകെ കൈമുതലായുള്ള എന്തും നേരിടാനുള്ള ആത്മധൈര്യത്തോടെ ഞാനും ഇന്ദുവും ഏട്ടനോടൊപ്പം ദേവനഗരത്തിലെത്തി. 

വല്ലാത്തൊരു നഗരം തന്നെ, നഗരത്തിൻ്റെ  ഒത്ത നാടുവിലൂടെയാണ് റെയിൽവേ ലൈൻ കടന്നു പോകുന്നത്. ഒട്ടും പ്ലാനിംഗ് ഇല്ലാതെ എങ്ങിനെയൊക്കെയോ നിർമിച്ച നഗരം. ഞങ്ങൾ ആശുപത്രിയിലെത്തി ജോയിൻ ചെയ്തു ഹോസ്റ്റൽ  സൗകര്യം ഉണ്ടായിരുന്നതിനാൽ വളരെയധികം ആശ്വാസമായി. അങ്ങനെ ഏട്ടൻ സമാധാനത്തോടെ വീട്ടിലേക്കും ഞങ്ങൾ ജോലിത്തിരക്കുകളിലേക്കും ....

ഞങ്ങൾ നാലുപേരാണ് ഒന്നിച്ച് ജോയിൻ ചെയ്തത്, ഒരുദിവസം ലഞ്ച് ടൈമിൽ കോഴിക്കോട്ടുകാരി അലീനയാണ് ദേവനഗരത്തിലെ മലയാളികളുടെയിടയിൽ പ്രശസ്തനായ ഒരാളെക്കുറിച്ച് പറഞ്ഞത്. എല്ലാരും അദ്ദേഹത്തെ മാമൻ എന്നാണ് വിളിക്കാറ് .കാലങ്ങൾക്കു മുൻപേ വടക്കേ മലബാറിൽ നിന്ന് കുടിയേറിയതാണ് നഗരത്തിനു നടുവിലായി വലിയൊരു വീട്ടിലാണ് മാമനും കുടുംബവും താമസം. 

കേരളത്തിൽ നിന്നും ജോലിക്കായി ആളുകളെ എത്തിക്കുന്ന ജോലിയാണ് മാമന്, ഒരുതരം റിക്രൂട്ട്‌മെൻ്റ്  ഏജൻസി എന്ന് പറയാം. നേതാജി മെഡിക്കൽ കോളേജിലേക്കും നഴ്‌സിംഗ് സ്‌കൂളിലേക്കും  അഡ്മിഷൻ സംഘടിപ്പിക്കുക, അടുത്തുള്ള ആശുപത്രികൾ, ലാബുകൾ  എന്നിവിടങ്ങളിൽ സ്റ്റാഫിനെ എത്തിക്കുക എന്നിവയൊക്കെയാണ് ജോലി. ഇതിനായി  നല്ല കാശും വാങ്ങും. ഇതുകൂടാതെ ജോലിക്കു കയറ്റിയവർ  എല്ലാ മാസവും ശമ്പളം കിട്ടുമ്പോൾ എന്തെങ്കിലുമൊക്കെ വാങ്ങി മാമനെ വീട്ടിൽ പോയി കാണണമെന്നതും നിർബന്ധമായിരുന്നു. 

ഞങ്ങൾ വന്നത് അദ്ദേഹം വഴി അല്ലെങ്കിലും മറ്റാർക്കോ പറഞ്ഞുവെച്ച ജോലി ഞാൻ പറഞ്ഞിട്ടാണ് നിങ്ങൾക്ക് കിട്ടിയതെന്നും അതിനായി ആരെയൊക്കെയോ ഫോൺ വിളിച്ച് ഒത്തിരി പൈസ ചിലവാക്കി എന്നൊക്കെയാണ് മാമൻ പറയുന്നത്. വീട്ടിൽ ചെന്നാൽ ചായയോ ഭക്ഷണമോ ഒന്നും തരാറില്ലെങ്കിലും ഞങ്ങൾ അവരുടെ വീട്ടിൽ പോകുന്നത് അവരുണ്ടാക്കുന്ന നല്ല നാടൻ ഭക്ഷണവും മീൻകറിയും മറ്റും കഴിക്കാനാണെന്നാണ് ഞങ്ങളുടെ ഡോക്ടർമാരുടെ അടുത്ത് മാമൻ പറയുന്നത് . എന്തുകൊണ്ടോ എനിക്കയാളെ തീർത്തും ഇഷ്ടമല്ലായിരുന്നു .

 ഫോൺ ബെൽ എൻ്റെ  ഓർമകളെ മുറിച്ച ദേഷ്യത്തോടെ ഞാൻ ഫോണെടുത്തു റിസപ്ഷനിൽ നിന്നായിരുന്നു പുതിയൊരു അഡ്മിഷൻ.  ഇനി കുറച്ചുനേരം അതിൻ്റെ പുറകെ പോകും ഏത് തരക്കാരാവുമോ വരുന്നത് സൂപ്പർ സ്‌പെഷ്യലിറ്റി ഹോസ്പിറ്റൽ ആയതിനാൽ വരുന്നവരൊക്കെ സമൂഹത്തിലെ ഉന്നതരാണ്. അതുകൊണ്ടുതന്നെ തലക്കനത്തിന് ഒരു കുറവും ഇല്ല. രോഗിയായി ആശുപത്രിയിൽ എത്തിയാൽ പോലും തൻപ്രമാണിത്തത്തിന് ഒരു കുറവും വരാത്ത ആളുകൾ  നമ്മുടെ നാട്ടിൽ മാത്രമേ കാണൂ. 

ഭാഗ്യത്തിന് വന്നവർ വിരളമായി വരുന്ന വളരെ നല്ലവരായിരുന്നതിനാൽ  അഡ്മിഷൻ നടപടികളെല്ലാം വേഗത്തിൽ പൂർത്തിയാക്കി ഞാൻ വീണ്ടും സ്വപ്നലോകത്തേക്ക് .....

 ദേവനഗരിയിലെ  മാമൻ്റെ  ഏക മകൻ രാജീവേട്ടൻ ഒരു പാവം മനുഷ്യനാണ്, പക്ഷേ ഭാര്യ ശ്യാമളേച്ചിയാണ് കാര്യങ്ങളെല്ലാം തീരുമാനിക്കുന്നത് അവർ നന്നായൊന്നു നോക്കിയാൽ രാജീവേട്ടനെ പിന്നെ ആ ഭാഗത്തു കാണില്ല, ഒരു വല്ലാത്ത സ്ത്രീ തന്നെയാണ് അവർ. മനുഷ്യത്വം ഇല്ലാത്ത ഒരു സ്ത്രീയാണ് അവരെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്  ഒരു താടക. പ്രശസ്തനായ  ടൈലർ ആയ രാജീവേട്ടൻ്റെ   കടയും വീടിനടുത്തു തന്നെയാണ്. 

മാമൻ്റെ   ഭാര്യയേക്കുറിച്ചാണെങ്കിൽ ഒന്നും പറയാനില്ല അവർ ഒരു സംഭവം തന്നെയാണ്, അറുപത് അറുപത്തഞ്ചു വയസായെങ്കിലും  ഇപ്പോഴും ബ്യൂട്ടി പാർലറിൽ ഒക്കെ സ്ഥിര സന്ദർശകയാണവർ . പതിവിനു വിപരീതമായി  ഈ മാമിയും മരുമോളും ശർക്കരയും ഈച്ചയും പോലാണ് എന്ന് പറയാം  അത്രയ്ക്ക് അടുപ്പമാണ് അവർ തമ്മിൽ.

രാജീവേട്ടന് രണ്ട് പെൺകുട്ടികളാണ് മൂത്തവൾ സന്ധ്യയും ഇളയവൾ ചിപ്പിയും. ചിപ്പിക്കന്ന് എട്ടോ ഒമ്പതോ വയസുണ്ടാവും ,ആ സമയത്ത് അവളെ കണ്ടാൽ ചെറുപ്പത്തിലെ ശ്രീദേവിയെപ്പോലിരുന്നു. സന്ധ്യയാണെങ്കിൽ ഒരു വാഴക്കൂമ്പുപോലെ, വെളുത്തിട്ടാണെങ്കിലും അവരുടെ ആരുടേയും സൗന്ദര്യം അവൾക്കുണ്ടായിരുന്നില്ല. 

ആദ്യമൊന്നും ശ്യാമളേച്ചി അവർക്കു രണ്ടു പെൺകുട്ടികളാണെന്ന് പറഞ്ഞിരുന്നില്ല. എന്തുകൊണ്ടോ അവർക്കാർക്കും സന്ധ്യയെ ഇഷ്ടമായിരുന്നില്ല എന്ന് തോന്നുന്നു. അവൾക്കല്പം സൗന്ദര്യം കുറഞ്ഞുപോയതുകൊണ്ടാണോ ആവോ, സൗന്ദര്യം കുറഞ്ഞെന്നുവെച്ച് സ്വന്തം കുഞ്ഞിനെ ആരെങ്കിലും അവഗണിക്കുമോ? ഇക്കാലത്തും ഇത്ര ഇടുങ്ങിയ മനസുള്ള മാതാപിതാക്കൾ ഉണ്ടോ ? എൻ്റെ ചെറിയ മനസ്സിൽ ഇത്തരം ചോദ്യങ്ങൾ ഉയർന്നുവന്നു .അമ്മയെന്ന ആ സ്ത്രീ ചിപ്പിയെ ചേർത്തുപിടിച്ച് എന്റെ മോൾ എന്റെ മോൾ എന്ന് എപ്പോഴും പറയുകയും സന്ധ്യയെ അവഗണിക്കുകയും ചെയ്തപ്പോൾ എനിക്കെന്തോ ചിപ്പിയോടു ദേഷ്യവും സന്ധ്യയോടു വാത്സല്യവും കൂടിവന്നു . ചിപ്പി വളരെ സ്മാർട്ട് ആയ പെൺകുട്ടിയാണ് ടെലിവിഷനിൽ  വരുന്ന നൃത്തപരിപാടികളൊക്കെ കണ്ട് അതുപോലെ തന്നെ നൃത്തം ചെയ്യുകയും നന്നായി പാട്ടുപാടുകയും  ചെയ്യുമായിരുന്നു അവൾ. പഠനത്തിലാണെങ്കിൽ എന്നും ഒന്നാം സ്ഥാനത്ത് .

വളരെ യാദൃശ്ചികമായാണ് ഞങ്ങൾ സന്ധ്യയെ ആദ്യം കാണുന്നത്. ഒരു ശമ്പളദിവസം മാമനുള്ള സാധനങ്ങളുമായി ഞാനും ഇന്ദുവും മറ്റു രണ്ടു പേരും അവരുടെ വീട്ടിലെത്തി. അവിടെ പാതി  മനസോടെയാണെങ്കിലും ചിപ്പിയുടെ നൃത്തപരിപാടികളും മാമിയുടെയും ശ്യാമളേച്ചിയുടെയും പൊങ്ങച്ചവും സഹിച്ചിരിക്കുമ്പോൾ നിഴലുപോലെ ഒരു പെൺകുട്ടി ഞങ്ങളുടെ മുന്നിലൂടെ കടന്നുപോയി. എല്ലാവരും പെട്ടെന്നവളെ ശ്രദ്ധിച്ചു. മുഖം നിലത്തുമുട്ടും വിധം കുനിഞ്ഞാണ് ഒരു മിന്നായം പോലെ അവൾ കടന്നുപോയത്. പെട്ടെന്ന് ഇന്ദു ആശ്ചര്യത്തോടെ അതാരാ എന്ന് ചോദിച്ചു, ഇത് കേട്ട പാടെ മാമി ഒച്ചവെച്ച് ചിപ്പിയോടു വേറൊരു ഡാൻസിൻ്റെ  കാര്യം പറഞ്ഞു. അങ്ങനെ ഇന്ദുവിൻെ ചോദ്യത്തിനുത്തരം അവിടെ അവസാനിച്ചു. 

എന്തോ എൻ്റെ മനസ്സിൽ ഈ സംഭവം ആഴത്തിൽ മുറിവേൽപ്പിച്ചു, ഇത്ര അവഗണന ലഭിക്കുവാൻ ആ കുഞ്ഞെന്തു പിഴച്ചു ,ഇനി ഇവൾ അവരുടെ മകളല്ലേ ,കുഞ്ഞുങ്ങളുണ്ടാകാതിരുന്നപ്പോൾ അവർ ദത്തെടുത്തതാണോ അവളെ ? അതിനുശേഷം ജനിച്ച അവരുടെ സ്വന്തം കുഞ്ഞാണോ ചിപ്പി ?എൻ്റെ മനസ്സിൽ വീണ്ടും ഓരോരോ ചോദ്യങ്ങൾ ഉയർന്നുകൊണ്ടേയിരുന്നു. പക്ഷേ നേരിട്ട് ചോദിക്കാൻ ആവുന്ന ചോദ്യങ്ങൾ അല്ലാതിരുന്നതിനാലും അതിനുള്ള ധൈര്യം ഇല്ലാതിരുന്നതിനാലും സംശയങ്ങൾ സംശയങ്ങളായിത്തന്നെ എൻ്റെ മനസ്സിൽ കിടന്നു.

അങ്ങനെയിരിക്കെ ഒരു ദിവസം മാമന് സ്‌ട്രോക് വരികയും ആശുപത്രിയിലാകുകയും ചെയ്തു . പെട്ടെന്ന് തന്നെ ആശുപത്രിയിലെത്തിക്കുകയും നല്ല ചികിത്സ ലഭിക്കുകയും ചെയ്തതിനാൽ  വേഗത്തിൽ അപകട നില തരണം ചെയ്തു. മാമന് ആശുപത്രികളും ഡോക്ടർമാരും ആയുണ്ടായിരുന്ന നല്ല ബന്ധം ഈ സമയത്ത് ഉപകാരപ്പെട്ടു എന്ന് പറയാം. 

ഇനിയാണ് എൻ്റെ ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത ആ വലിയ സംഭവം നടക്കുന്നത്. ഞങ്ങൾ കാണാൻ ചെന്നപ്പോഴേക്കും മാമൻ കുറച്ച് ഉഷാറായിരുന്നു. അന്ന് ഒരുപാടാളുകൾ മാമനെ കാണാൻ ആശുപത്രിയിൽ ഉണ്ടായിരുന്നു. അത്രയും ആളുകൾക്കിടയിലും ചെന്നപാടേ  എൻ്റെ ശ്രദ്ധ പതിഞ്ഞത് മാമൻ്റെ കട്ടിൽ കാൽക്കൽ ഇരുന്നിരുന്ന സന്ധ്യയിൽ ആയിരുന്നു. ചുണ്ടുകൾ നേർത്ത ഒരു വര മാത്രം, നീണ്ട വലിയ മൂക്ക്, അവളുടെ കൺപീലികൾ മാത്രം നീണ്ട് അതിസുന്ദരമായിരുന്നു. പെൺകുട്ടികളുടെ സൗന്ദര്യം എൻ്റെ ശ്രദ്ധയാകർഷിക്കാറില്ലെങ്കിലും അവളെ ശ്രദ്ധിക്കാതിരിക്കാൻ എനിക്കാവുമായിരുന്നില്ല .

 ഏകദേശം പത്തു പതിനഞ്ചോളം ആളുകൾ ഉണ്ടായിരുന്ന ആ സമയത്താണ് മാമൻ പെട്ടെന്ന് തൻ്റെ പേരക്കുട്ടികളെക്കുറിച്ച് പറയാൻ തുടങ്ങിയത്. ചിപ്പിയെക്കുറിച്ച് വാതോരാതെ പുകഴ്ത്തുകയും നല്ല വാക്കുകൾ കിട്ടാതെ വിഷമിക്കുകയും ചെയ്ത അയാൾ സന്ധ്യയെ ചൂണ്ടി പറഞ്ഞതൊക്കെ ഇത്രയും കാലങ്ങൾക്കുശേഷം ഇന്നും എൻ്റെ കാതുകളിൽ മുഴങ്ങിക്കൊണ്ടേയിരിക്കുന്നു. കണ്ണുകൾ നിറയാതെ എനിക്കിന്നും അതൊന്നും ഓർക്കാനാവില്ല .

'ഇവളുണ്ടല്ലോ വെറും വേസ്റ്റാ, ജനിച്ചു പോയില്ലേ എന്നോർത്ത് ഞങ്ങൾ ഇതിനെ തീറ്റിപ്പോറ്റുവാ പരീക്ഷകൾക്കെല്ലാം കഷ്ടിച്ച് പാസ്സാകും ......ആ ...കുറച്ചുകൂടി കഴിയുമ്പോൾ ആരുടെയെങ്കിലും തലയിൽ കെട്ടിവെക്കണം ...ആര് വരാനാ ' 

എന്ന് തുടങ്ങി എന്തൊക്കെയോ ഒരുപാടൊരുപാട് പറഞ്ഞു കൂട്ടി. കൂടിനിന്നവരെല്ലാം അതുകേട്ട് ചിരിച്ചു. അതാണല്ലോ എന്നും നമ്മുടെ പൊതു സ്വഭാവം, മറ്റുള്ളവരുടെ കുറ്റങ്ങൾ കേൾക്കുക നമുക്ക് സന്തോഷകരമാണ് .

 ഞാൻ നോക്കുമ്പോൾ സന്ധ്യ അനങ്ങാതെ കുനിഞ്ഞിരിക്കുകയാണ് അവളുടെ കണ്ണിൽ നിന്നും കവിളിലൂടെ ഒഴുകിയിറങ്ങുന്ന കണ്ണുനീർ കണങ്ങൾ എൻ്റെ മനസ്സിൽ ഒരു തീച്ചൂളയായി എരിഞ്ഞു. മാതൃത്വം എന്തെന്നറിയാത്ത ആ പ്രായത്തിലും മാതൃത്വത്തിൻ്റെ മൂർദ്ധന്യത്തിലുള്ള ഒരു അനുഭവത്തിലൂടെ ഞാൻ കടന്നുപോയി. 

അവളെ വാരിയെടുത്ത് മാറോടണക്കാൻ, അവളുടെ നിറുകയിലൊരു മുത്തം കൊടുത്ത് നിനക്ക് ഞാനുണ്ട് എന്ന് പറയാൻ എൻ്റെ മനസ്സ് വെമ്പൽ കൊണ്ടു. ഇവളെ എനിക്ക് തന്നേരെ ഞാൻ നോക്കിക്കോളാം എന്ന് അവരോടെല്ലാം ഉച്ചത്തിൽ വിളിച്ചുപറയാനുള്ള ഒരു ആവേശം എന്നിൽ ഉണരുന്നത് ഞാനറിഞ്ഞു. എൻ്റെ കണ്ണുകൾ ഞാനറിയാതെ നിറഞ്ഞൊഴുകി, എൻ്റെ ഭാവമാറ്റം ശ്രദ്ധിച്ച ഇന്ദു പെട്ടെന്നുതന്നെ എന്നെയും കൂട്ടി അവിടെനിന്നും പോന്നു.....

കുറച്ചു നാളുകൾക്കുശേഷം മാമൻ മരിച്ചു, ഞാൻ കാണാൻ പോയില്ല, പോകാൻ എൻ്റെ  മനസ്സ് അനുവദിച്ചില്ല എന്ന് പറയുന്നതാവും ശരി  കാരണം അന്നത്തെ ആ സംഭവത്തിനു ശേഷം എൻ്റെ മനസ്സിൽ  അത്രയധികം വെറുക്കപ്പെട്ടവനായി മാറിയിരുന്നു അയാൾ. 

ഞാൻ പിന്നെ സന്ധ്യയെക്കുറിച്ച് ഒന്നും അറിഞ്ഞിട്ടില്ല, ആരോടും അന്വേഷിച്ചും ഇല്ല. എൻ്റെ ധൈര്യമില്ലായ്മ എന്ന് പറഞ്ഞാൽ മതി. അവൾ മരിച്ചോ അതോ എങ്ങിനെയെങ്കിലും ജീവിക്കുന്നോ എന്നുപോലും എനിക്കറിയില്ല. പക്ഷെ എനിക്കവളെ മറക്കുവാനാകുമായിരുന്നില്ല, എൻ്റെ  മനസ്സിൽ ഞാനവളെ താലോലിച്ചു വളർത്തി,അവൾക്കു എല്ലാ സംരക്ഷണവും സ്‌നേഹവും വേണ്ടുവോളം നൽകി. അവളെന്തൊക്കെയായി കാണാൻ ഞാനാഗ്രഹിച്ചോ അതെല്ലാമായി അവൾ മാറുന്നത് ഞാൻ സ്വപ്നം കണ്ടു,ഡോക്ടർ ,കളക്ടർ,ടീച്ചർ അങ്ങനെ  എന്തെല്ലാമോ ആയി അവൾ വളർന്നു .....

 'അല്ല മീരാ നീയെന്താ സ്വപ്നം കണ്ടിരിക്കുവാണോ ,മീറ്റിങ്ങിനു പോകുന്നില്ലേ' 

പീഡിയാട്രിക്‌സിലെ ഹെഡ് നേഴ്‌സ് സമീറ പുറകിലൂടെ വന്നു പിടിച്ചുകുലുക്കിയപ്പോഴാണ് സുബോധമുണ്ടായത്.

'അയ്യോ സമയമായോ' എന്നുചോദിച്ച് വാച്ചിലേക്ക് നോക്കിയപ്പോൾ  മണി രണ്ടര.

പിന്നൊരു യുദ്ധമായിരുന്നു അവിടെ , പൂർത്തിയാക്കേണ്ട റിപ്പോർട്ടുകൾ പൂർത്തിയാക്കി,അടുത്ത ഷിഫ്റ്റിൽ ചെയ്യേണ്ട അത്യാവശ്യ കാര്യങ്ങൾ ലോഗ് ബുക്കിൽ കുറിച്ച് ഞാൻ സമീറയോടൊപ്പം ഇറങ്ങി. ഭാഗ്യത്തിന് അഞ്ചുമിനിട്ടുമുമ്പേ കോൺഫറൻസ് റൂമിൽ എത്തി. സമയത്തെത്തിയില്ലെങ്കിൽ ആ പി .ആർ .ഓ  യുടെ വായിലിരിക്കുന്നതു മുഴുവൻ കേൾക്കേണ്ടിവരും, അങ്ങേർ എത്തിയിട്ടില്ലെന്ന ആശ്വാസത്തിൽ ഞങ്ങൾ ഉള്ളിലേക്കു കടന്നിരുന്നു. 

എല്ലാ ഡിപ്പാർട്ടുമെൻ്റ്  തലവൻമാരും ഹെഡ് നേഴ്‌സുമാരും  എത്തിയിട്ടുണ്ട് . കൃത്യം മൂന്നുമണിയോടെ ഞങ്ങളുടെ എം ഡി യുടെ ഭാര്യയും ഡോക്ടറുമായ മാഡത്തിനും പി .ആർ .ഓ ക്കുമൊപ്പം പുതിയ ഡോക്ടർ എത്തി.

'ഇതൊരു കൊച്ചാണല്ലോ സമീറാ, ഇതാണോ സൗത്ത് ഇന്ത്യയിലെ ഏറ്റവും പ്രശസ്ത ഡോക്ടർ'  

ഞാൻ സമീറയുടെ ചെവിയിൽ ആരും കേൾക്കാതെ മന്ത്രിച്ചു. 

ഒരു  പത്തുമുപ്പത്തെട്ടു വയസ് കാണും, നീണ്ടുമെലിഞ്ഞ പ്രകൃതം  , തോളൊപ്പമുള്ള മുടി ഡോക്ടർക്കു നന്നായിണങ്ങുന്നു. വെളുത്ത മുഖത്തെ കറുത്ത കട്ടി കണ്ണടയും വൃത്തിയായി ഉടുത്തിരിക്കുന്ന കോട്ടൺ സാരിയും അവരുടെ കുലീനത വെളിപ്പെടുത്തുന്നതായിരുന്നു . ആമുഖമായി പി.ആർ.ഓ യുടെ ചെറിയൊരു പ്രഭാഷണം സാധാരണഗതിയിൽ ഉറങ്ങേണ്ടവർക്കു ഏറ്റവും സൗകര്യപ്രദമാണ് ഈ സമയം , മാഡം ഉണ്ടായിരുന്നതിനാൽ ചെറിയ വാക്കുകളിൽ ഒതുക്കി. പൊതുവെ മിതഭാഷിയും മാന്യയുമായ  മാഡം ചുരുങ്ങിയ വാക്കുകളിൽ ഡോക്ടറെ പരിചയപ്പെടുത്തിയിട്ട് സംസാരിക്കാൻ ഡോക്ടറെ ക്ഷണിച്ചു .

 പതിഞ്ഞതെങ്കിലും സ്ഫുടമായ ശബ്ദത്തിൽ ഡോക്ടർ സംസാരിച്ചുതുടങ്ങി. ഇംഗ്ലീഷിൽ ആണ് സംസാരമെങ്കിലും നിറുത്തി നിറുത്തി എല്ലാവർക്കും വ്യക്തമായി മനസ്സിലാകുംവിധമാണ് പറയുന്നത്. 

പേര് സംഗീത രാജ്‌കുമാർ, മധ്യ കന്നഡത്തിലെ  ദേവനഗരത്തിനു സമീപം നെടുവള്ളിയാണ് സ്വദേശം. 

ദേവനഗരമെന്നുകേട്ടപ്പോൾ എൻ്റെ മനസ്സിലേക്ക് പിന്നെയും നൂറുനൂറോർമ്മകൾ ഓടിയെത്താൻ തുടങ്ങി. ഓർമ്മകളെ തൽക്കാലത്തേക്ക് മാറ്റി നിർത്തി ഞാൻ ഡോക്ടർ പറയുന്നതിലേക്കു വീണ്ടും തിരിച്ചെത്തി. 

നേതാജി മെഡിക്കൽ കോളേജിൽ നിന്നും എം ബി ബി എസ്  ഉം എംഡി  യും ചെയ്തതിനു ശേഷം ലണ്ടനിലെ എഡിൻബർഗ് യൂണിവേഴ്‌സിറ്റിയിൽ നിന്നും ചൈൽഡ് സൈക്കോളജിയിൽ ഡോക്ടറേറ്റും നേടിയിട്ടുണ്ട്  കക്ഷി. 
ആളൊരു പുലിതന്നെയെന്നുമനസ്സിലാക്കാൻ ഇതുതന്നെ ധാരാളം. സൗത്ത് ഇന്ത്യയിലെ പ്രശസ്തമായ നാല് ആശുപത്രികളിൽ കൺസൾട്ടൻ്റ്  ആയി ജോലി ചെയ്യുന്നു. ഇവിടെ മാസത്തിൽ രണ്ടുദിവസം മാത്രമേ ഉണ്ടാകൂ. ഭർത്താവ്  ഡോക്ടർ രാജ്‌കുമാർ കാർഡിയാക് സർജൻ ആണ് ,രണ്ടു മക്കൾ പഠിക്കുന്നു.

ചുരുങ്ങിയ വാക്കുകളിൽ പരിചയപ്പെടുത്തിയ ശേഷം ഡോക്ടർ എല്ലാവരെയും നേരിൽ കണ്ടു . അടുത്തു വന്നപ്പോൾ  അവരറിയാതെ ഞാൻ ഡോക്ടറെ ശ്രദ്ധിച്ചു ആർദ്രമായ കണ്ണുകൾ, ചുണ്ടുകളിൽ എപ്പോഴും ഒരു ചെറുപുഞ്ചിരി,ചെറുപ്പമെങ്കിലും വളരെ പക്വമായ പെരുമാറ്റം, ആരും ഇഷ്ട്ടപ്പെട്ടു പോകുന്ന പ്രകൃതം. ഡോക്ടർ ദേവനഗരത്തിൽനിന്നാണെന്നു പറഞ്ഞതുകൊണ്ട് ഡോക്ടർക്ക് കൈ കൊടുക്കുമ്പോൾ എനിക്കെന്തോ ഒരു പ്രത്യേക അടുപ്പം തോന്നി, ഞാൻ ഡോക്ടർക്ക് എന്നെ പരിചയപ്പെടുത്തി.

 കൂടുതലൊന്നും സംസാരിക്കാനില്ലാത്തതിനാലും അതിനായി സമയമില്ലാത്തതിനാലും പെട്ടെന്ന് തന്നെ ഡോക്ടർ പോയി. നല്ല ഡോക്ടർമാർ എപ്പോഴും അങ്ങനെയാണല്ലോ രോഗികളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരമുണ്ടാക്കുന്നതിലാണ് അവരുടെ സന്തോഷം .

രണ്ടുമൂന്നു മാസങ്ങൾക്കുശേഷം ഒരുദിവസം അത്യാവശ്യമായി മാഡം എന്നെ കാണണമെന്നുപറഞ്ഞു, എന്ത് തലവേദനയാണ് വരാൻ പോകുന്നതെന്ന ആശങ്കയോടെ മാഡത്തിന്റെ ഓഫിസിൽ എത്തിയ എന്നോട് സമീറ എന്തോ അത്യാവശ്യത്തിന്  ഒരു ദിവസം ലീവ് ആയതിനാൽ അടുത്ത ആഴ്ച സംഗീത ഡോക്ടറുടെ കൺസൾട്ടിങ്ങ് റൂമിൽ ഒരുദിവസത്തെ ഡ്യൂട്ടി ചെയ്യണം എന്ന് പറഞ്ഞു . 

എനിക്കുണ്ടായ സന്തോഷം പറഞ്ഞറിയിക്കാനാവില്ല ഒരിക്കലും സാധ്യമല്ലെന്നുകരുതിയ ഒരു കാര്യമാണ് വന്നുചേർന്നിരിക്കുന്നത് . ഇത്രയും പ്രശസ്തയായ ഡോക്ടറോടൊപ്പം ഒരു ദിവസം മുഴുവൻ ചിലവഴിക്കാൻ അവസരം കിട്ടുക എന്നുവെച്ചാൽ എന്നെ സംബന്ധിച്ചിടത്തോളം മറ്റെന്തിനേക്കാളും പ്രധാനമാണ് . ഇക്കാര്യത്തിൽ എനിക്ക് പലപ്പോഴും സമീറയോട് അസൂയ തോന്നിയിട്ടുണ്ടെന്നതും സത്യം . 

അതിലുമുപരിയായി ഡോക്ടർ ദേവനഗരത്തിൽ നിന്നായത് ഇരട്ടിമധുരം. സമയം കിട്ടിയാൽ ഡോക്ടറോട് കൂടുതൽ സംസാരിക്കാമല്ലോ പുതിയ ദേവനഗരത്തെക്കുറിച്ചും എൻ്റെ പഴയ കാലത്തെക്കുറിച്ചും .പിന്നെ ഡോക്ടറെങ്ങാനും എൻ്റെ സന്ധ്യയെ അറിയുമെങ്കിലോ ഒരേ നാട്ടിൽ നിന്നുള്ളവരല്ലേ അവർ.

കാത്തിരിപ്പിനൊടുവിൽ ആ സുദിനം വന്നുചേർന്നു. പക്ഷേ എല്ലാ പ്രതീക്ഷകളെയും തകിടംമറിച്ചുകൊണ്ട്  അന്നത്തെ ദിവസം രാവിലെമുതൽ വല്ലാത്ത തിരക്കായിരുന്നു. ഒരു ചായകുടിക്കാൻ പോലും സമയം കിട്ടിയില്ലെന്നതാണ് സത്യം. എങ്കിലും എന്നെ ആശ്ചര്യപ്പെടുത്തിയത് ഇത്രയധികം തിരക്കുണ്ടായിട്ടും യാതൊരു ഭാവമാറ്റവും ഇല്ലാതെ എല്ലാവരോടും വളരെ സൗമ്യമായി പെരുമാറുന്ന ഡോക്ടർ സംഗീതയാണ്. 

പല ഡോക്ടർമാരോടുമൊപ്പം ജോലിചെയ്തിട്ടുണ്ടെങ്കിലും ഇത്തരമൊരനുഭവം ആദ്യം . ഓരോ കുഞ്ഞുങ്ങളുടെ അടുത്തും അവരിലൊരാളായി ഡോക്ടറെന്ന ഭാവം ലവലേശമില്ലാതെ പെരുമാറുന്ന ഈ കൊച്ചു ഡോക്ടർ ഒരു പുതിയ അനുഭവം തന്നെ . എത്ര സങ്കീർണ്ണനമായ പ്രശ്‌നങ്ങളുമായി എത്തുന്നവരും ഡോക്ടറുടെ അടുത്തുനിന്നും മടങ്ങുന്നത് പ്രതീക്ഷയുടെ ഇത്തിരി വെളിച്ചവുമായാണ് . ഓരോരുത്തരും മടങ്ങുമ്പോൾ ഈ പ്രതീക്ഷയുടെ കിരണങ്ങൾ അവരുടെ മുഖങ്ങളിൽ തെളിയുന്നത് എനിക്ക് അനുഭവിക്കാനാകുമായിരുന്നു. 

നാലുമണി വരെയാണ് ഡോക്ടറുടെ സമയം,മൂന്നുമണിയായപ്പോഴാണ് തിരക്കിന് അല്പമെങ്കിലും ശമനമുണ്ടായത് ,ഉച്ചഭക്ഷണം പോലും കഴിച്ചിട്ടില്ല ,തിരക്കൽപം കുറഞ്ഞപ്പോൾ ഡോക്ടർ പറഞ്ഞു
'മീര പോയി ഭക്ഷണം കഴിച്ചോളൂ ….

പക്ഷെ ഡോക്ടർ ഭക്ഷണം കഴിക്കാതെയിരിക്കുമ്പോൾ പോകാൻ എൻ്റെ മനസ്സനുവദിച്ചില്ല . 

'വേണ്ട ഡോക്ടർ എനിക്കിതൊക്കെ ശീലമാണ് 'ഞാൻ പറഞ്ഞു . 

ഡോക്ടറുടെ മുഖത്തു ഒരു ചെറു പുഞ്ചിരി വിരിയുന്നത് ഞാൻ കണ്ടു. ഡോക്ടറോട് എന്തൊക്കെയോ ചോദിക്കണമെന്നുണ്ടെങ്കിലും ഒന്നും ചോദിക്കാനാവാത്ത ഒരനുഭവം .എൻ്റെ പരുങ്ങൽ കണ്ടിട്ടാണോ എന്തോ പെട്ടെന്ന് ഡോക്ടർ ചോദിച്ചു 

'മീര എവിടെയാ മുൻപ് ജോലിചെയ്തിരുന്നത് ,അന്നുപറഞ്ഞിരുന്നു പക്ഷേ ഒരുപാടുപേരെ  ഒന്നിച്ചു പരിചയപ്പെട്ടതല്ലേ ഓർമയില്ല'

കിട്ടിയ അവസരം മുതലെടുത്തുകൊണ്ട്  ഞാൻ പറഞ്ഞു 

'ഞാൻ ദേവനഗരത്തിൽ ഉണ്ടായിരുന്നു ഡോക്ടർ നാലുവർഷം'

'ആ അത് മീരയായിരുന്നു ഇല്ലേ അന്ന് പറഞ്ഞത് എനിക്കിപ്പോൾ ഓർമ്മവരുന്നു, ഞാനും വിചാരിച്ചു ഇത്രയും തിരക്കിൽ ഇത്ര സൗമ്യതയോടെ ജോലിചെയ്യണമെങ്കിൽ നല്ല സ്ഥാപനങ്ങളിൽ പരിശീലനം കിട്ടിയ ആളാവും എന്ന്.

'നല്ല വാക്കുകൾക്ക് നന്ദി ഡോക്ടർ'  

സംസാരം തുടരാനാഗ്രഹിച്ചുകൊണ്ട് ഞാൻ ഡോക്ടറോട് വീണ്ടും ചോദിച്ചു  

'ഡോക്ടർ നെടുവള്ളിയിൽ ആണെന്നല്ലേ പറഞ്ഞത് ഞാൻ ഒരിക്കൽ അവിടെ വന്നിട്ടുണ്ട്'

'ഓ ..അതുശരി ,അവിടെ ആരാ ഉള്ളത്'  ഡോക്ടർ മുഖമുയർത്തി ചോദിച്ചു.
'ഞങ്ങൾ ദേവനഗരത്തിലുണ്ടായിരുന്നപ്പോൾ ഞങ്ങളെ സഹായിച്ച ഒരു മാമാമന്റെ കുടുംബം അങ്ങോട്ട് താമസം മാറിയിരുന്നു ഞങ്ങൾ തിരിച്ചുപോരുമ്പോൾ യാത്രപറയാനായി അവിടെ പോയിരുന്നു'

'ഓ അതുശരി എന്നുപറഞ്ഞ് മുഖമുയർത്തി എന്നെ നോക്കി' 

സാധാരണഗതിയിൽ സംസാരം ഇവിടെ തീരേണ്ടതാണ് പക്ഷെ എൻ്റെ സന്ധ്യയെക്കുറിച്ച് എന്തെങ്കിലും അറിയാനുള്ള ഏക സാധ്യത ഡോക്ടറാണെന്ന് ബോധ്യമുണ്ടായിരുന്നതിനാൽ ഞാൻ തുടർന്നു .

'ഡോക്ടർ ആ മാമൻ്റെ മകൻ രാജീവേട്ടന് രണ്ടു പെൺകുട്ടികളായിരുന്നു സന്ധ്യയും ചിപ്പിയും ചിപ്പിയാണെങ്കിൽ വളരെ മിടുക്കി സന്ധ്യ ഒരു പാവം കുട്ടി ആരും അവളെ ശ്രദ്ധിച്ചിരുന്നില്ല അവൾക്കുണ്ടായ ചില അനുഭവങ്ങൾ മറക്കാനാവില്ലെനിക്ക്, ഇന്നും എന്നെ വേട്ടയാടുന്ന വേദനയാണ് സന്ധ്യ. അവൾ എവിടെയാണെന്നോ എന്തായിത്തീർന്നെന്നോ എനിക്കറിയില്ല '

ഇതുപറയുമ്പോൾ എൻ്റെ കണ്ണുകൾ ഈറനണിയുന്നതും തൊണ്ടയിടറുന്നതും  ഡോക്ടർ ശ്രദ്ധിച്ചിരുന്നു എന്നു തോന്നുന്നു . എന്നെ കൂടുതൽ വിഷമിപ്പിക്കണ്ട എന്ന് കരുതിയാവും മുഖമുയർത്തി എന്നെ നോക്കിയിട്ട്  ഒന്ന് മൂളിയത്തല്ലാതെ ഡോക്ടർ ഒന്നും പറഞ്ഞില്ല. 

ആ സമയത്തുതന്നെ അടുത്ത രോഗി വന്നതിനാൽ ആ സംസാരം അവിടെ തീർന്നു .പിന്നെ നാലരവരെ നല്ല തിരക്കായിരുന്നു . ഡോക്ടറുടെ സമയം നാലുമണി ആണെങ്കിലും എല്ലാ രോഗികളെയും നോക്കിത്തീർത്താണ് ഡോക്ടർ പോകാനിറങ്ങിയത്. എൻ്റെയടുത്തുവന്ന്  നന്ദിപറഞ്ഞപ്പോൾ എന്തോ ഒരാവേശത്തിൽ ഞാൻ ഡോക്ടറോട് ചോദിച്ചു  

'ഡോക്ടർ നെടുവള്ളിയിലല്ലേ ,രാജീവേട്ടൻ്റെ കുടുംബത്തെ അറിയുമോ,ഒരു ആകാംഷകൊണ്ട് ചോദിച്ചതാ ഡോക്ടർ സോറി '

എന്റടുത്തുവന്ന്  തോളിൽ തട്ടിയിട്ട് ഡോക്ടർ പറഞ്ഞു

'എനിക്ക് മനസ്സിലായി മീരാ മീരേടെ നമ്പർ എനിക്ക് താ അടുത്ത തവണ വരുമ്പോൾ ഞാൻ വിളിക്കാം , അന്വേഷിച്ചിട്ടു പറയാം കേട്ടോ' 

അന്വേഷിച്ചു പറയാം എന്ന ആ ഒരു വാക്കുകേട്ടപ്പോൾ  എനിക്കുണ്ടായ സന്തോഷം പറഞ്ഞറിയിക്കാനാവില്ല , മുൻപൊരിക്കലും ഉണ്ടാകാത്ത ഒരു പ്രതീക്ഷ. 

യാത്രപറഞ്ഞ് എൻ്റെ കൈ പിടിച്ചമർത്തി ഡോക്ടർ പോയി .

പിന്നീടങ്ങോട്ടുള്ള ഓരോ ദിവസങ്ങളും എനിക്ക് ഓരോ ശിവരാത്രികളായിരുന്നു. ദിവസങ്ങൾക്ക് മാസങ്ങളുടെ ദൈർഘ്യം ഉള്ളതുപോലെ ഒരാളുടെ വരവിനായി ഇത്രകാലം കാത്തിരുന്ന ഒരനുഭവം എൻ്റെ ജീവിതത്തിൽ ഒരിക്കലും ഉണ്ടായിട്ടില്ല, രാജേട്ടനുമായുള്ള പ്രണയകാലത്തുപോലും...... 

അക്കാലത്ത് രാജേട്ടൻ്റെ കത്തുകൾക്കായി കാത്തിരിക്കുമ്പോൾ ആ കാത്തിരിപ്പിന് ഒരു സുഖമുണ്ടായിരുന്നു... പ്രണയാർദ്രമായ വാക്കുകൾക്കായി കൊച്ചു കൊച്ചു വിശേഷങ്ങൾക്കായി…. 

പക്ഷേ ഈ കാത്തിരിപ്പിൽ സന്ധ്യയെക്കുറിച്ചറിയാനുള്ള ആകാംഷയാൽ ഓരോ ദിവസവും അവളെക്കുറിച്ചുള്ള സ്വപ്നങ്ങളായി എൻ്റെ പ്രധാന കൂട്ടുകാർ, എൻ്റെ സ്വപ്നങ്ങളിൽ അവൾ മേയറും കളക്ടറും ഡോക്ടറും ഒക്കെയായി മാറി , അവളെ കാണാൻ പോയ ഞാൻ അവളുടെ ഉയർച്ച കണ്ടു സന്തോഷിച്ച് ഒരു വാക്കുപോലും മിണ്ടാതെ തിരിച്ചു പോരുന്നതൊക്കെയായിരുന്നു എൻ്റെ ദിവാസ്വപ്നങ്ങൾ. 

ഒരു ഞായറാഴ്ച എന്തോ അത്യാവശ്യ കാര്യത്തിന് രാജേട്ടൻ ഓഫീസിൽ പോയ സമയം ഒരു വേനൽ മഴയുടെ സൗന്ദര്യമാസ്വദിച്ചുകൊണ്ട് ഞാനും ചിന്നുവും  ഉമ്മറത്തിരിക്കുമ്പോഴാണ് ഫോണടിക്കുന്നത്  മോൾ ഫോണെടുത്തിട്ട് പരിചയമില്ലാത്ത നമ്പറായിരുന്നതിനാൽ എനിക്കുതന്നു .

മറുതലക്കൽ പതിഞ്ഞതെങ്കിലും സ്ഫുടമായ ആ ശബ്ദം..

'മീര അല്ലേ ,ഞാൻ ഡോക്ടർ സംഗീത അടുത്ത ചൊവ്വാഴ്ച മീര വൈകിട്ട് ഫ്രീയാണെങ്കിൽ ഞാൻ പോകുന്ന വഴി സ്‌റ്റേഷൻ കഫേയിൽ വെച്ച് നമുക്ക് കാണാം ,ഹോസ്പിറ്റലിൽ വെച്ച് വേണ്ട ,അന്ന് മീര പറഞ്ഞ ആളെക്കുറിച്ചു ചില വിവരങ്ങൾ കിട്ടിയിട്ടുണ്ട് കാണുമ്പോൾ പറയാം'.  

'തീർച്ചയായും ഡോക്ടർ ഞാനന്ന് മോർണിംഗ് ആണ് നാലുമണിക്ക് ഫ്രീയാകും ഞാൻ സ്‌റ്റേഷൻ കഫേയിൽ കാത്തുനിക്കാം'

'എന്നാൽ ശരി ചൊവ്വാഴ്ച കാണാം' അത് പറഞ്ഞ് ഡോക്ടർ ഫോൺ വെച്ചു. 

എനിക്കൊന്ന് തുള്ളിചാടണമെന്നു തോന്നി ചൊവ്വാഴ്ച വരെ കാത്തിരിക്കണമല്ലോ എന്നോർത്തപ്പോൾ ആവേശം തണുത്തു. 

കാലങ്ങളായി ഞാൻ കാത്തിരുന്ന എൻ്റെ സന്ധ്യയെക്കുറിച്ച് ഡോക്ടർ അറിഞ്ഞിരിക്കുന്നു , എന്താണോ ഡോക്ടർ പറയാൻ പോകുന്നത് എന്നോർത്തപ്പോൾ മനസ്സിലാകെ ഒരു അങ്കലാപ്പ് .സന്ധ്യക്ക് എന്തുപറ്റിയോ എന്തോ ,നല്ല വാർത്ത ആകണേ  എന്ന പ്രാർത്ഥനയായി പിന്നീടങ്ങോട്ട് . 

മോളോടുപറഞ്ഞപ്പോൾ അവൾക്കും സന്തോഷമായി, എൻ്റെ മനസാക്ഷി സൂക്ഷിപ്പുകാരിയാണ് അവൾ ചില സമയങ്ങളിൽ ചെറിയ ചെറിയ ചില മുതലെടുപ്പുകൾ നടത്തുമെന്നതൊഴികെ അവളാണ് എൻ്റെ ഏറ്റവും അടുത്ത കൂട്ടുകാരി  എന്തിനും എൻ്റെ പാർട്ണർ ഇൻ ക്രൈം .....

ചൊവ്വാഴ്ചവരെയുള്ള കാത്തിരിപ്പാണ് ഇനി അസഹ്യം , ഡോക്ടർ ഫോണിൽ പറഞ്ഞിരുന്നെങ്കിൽ  , അയ്യോ അങ്ങനെ ചിന്തിക്കുന്നത് തന്നെ തെറ്റ് ഇത്രയും തിരക്കുള്ള ഡോക്ടർ ഞാൻ പറഞ്ഞ കാര്യം ഓർത്തുവെച്ച് അന്വേഷിച്ച സന്മനസിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല . ഡോക്ടറോട് എനിക്കുണ്ടായിരുന്ന ബഹുമാനം വീണ്ടും കൂടി.

കാത്തിരിപ്പിനൊടുവിൽ ചൊവ്വാഴ്ചയായി, ജോലിക്കുപോകാൻ സ്വതവേ മടിയുള്ള ഞാൻ ഏറെ ഉത്സാഹത്തോടെയാണ് അന്ന് പോയത് .അവിടെ എത്തിയിട്ടും ജോലിയിൽ കാര്യമായി ശ്രദ്ധിക്കാൻ ആവുന്നുണ്ടായിരുന്നില്ല മനസ്സുമുഴുവൻ ഡോക്ടറെ കാണുന്നതിനെക്കുറിച്ചായിരുന്നു. 

തിരക്കില്ലാതിരുന്നതിനാൽ എല്ലാം ഭംഗിയായിത്തന്നെ പോയി .കാര്യമൊന്നും ഇല്ലെങ്കിലും ഡോക്ടറുടെ കൺസൾട്ടിങ്ങ് റൂമിനുമുന്നിലൂടെ ഒന്നുരണ്ടുവട്ടം വെറുതെ പോയിവന്നു .അവിടെമാത്രം തിരക്കിന് ഒരുകുറവും ഇല്ല.അന്നത്തെ ദിവസം എപ്പോൾ നാലുമണിയാകും എന്ന ചിന്തയല്ലാതെ മറ്റൊന്നും എന്റെ മനസ്സിൽ ഇല്ലായിരുന്നു. 

കൃത്യം നാലുമണിക്ക് തന്നെ ഞാൻ ഡോക്ടർ കാണാമെന്നു പറഞ്ഞിരുന്ന സ്‌റ്റേഷൻ കഫേയുടെ മുന്നിലെത്തി ,ഡോക്ടർ പോകുന്ന വഴിക്കാണ് ഈ കോഫി ഷോപ്പ് . ഭാഗ്യത്തിന് ഡോക്ടർ എത്തിയിട്ടില്ലായിരുന്നു, അല്പനേരത്തെ കാത്തിരിപ്പിന് ശേഷം ഡോക്ടറുടെ വണ്ടി എത്തി ,ഡ്രൈവർ ഡോർ തുറന്നപ്പോൾ വെള്ളയിൽ നീല പൂക്കളുള്ള ഒരു കോട്ടൺ സാരിയുടുത്ത് ഒരു ചെറുപുഞ്ചിരിയോടെ ഡോക്ടർ എൻ്റെയടുത്തേക്കു വന്നു . 
' മീര വന്നിട്ട് ഒത്തിരി നേരായോ ? പേഷ്യൻ്റ്‌സ് കഴിഞ്ഞപ്പോൾ അൽപ്പം താമസിച്ചു ' ഇതുപറഞ്ഞ്  ഡോക്ടർ അകത്തേക്ക് കയറി.

' ഇല്ല ഡോക്ടർ ഞാൻ എത്തിയതേ ഉള്ളൂ'

 ചില്ലുജാലകത്തിനടുത്ത് പുറത്തെ കാഴ്ചകൾ ആസ്വദിക്കാവുന്ന രീതിയിലുള്ള ഒരു ടേബിളിൽ പരസ്പരം അഭിമുഖമായി ഞങ്ങൾ ഇരുന്നു .ആദ്യമായാണ് ഞാൻ ഇങ്ങിനെയൊരിടത്തു വരുന്നത് ഡോക്ടർ ഒരു കപ്പുച്ചിനോ ഓർഡർ ചെയ്തിട്ട് എൻ്റെ നേരെ നോക്കി കാപ്പി കുടിക്കാറില്ലാത്ത ഞാൻ മെനുവിൽ കണ്ട ഏതോ ഒരു കോഫി  ഓർഡർ ചെയ്തു .ഡോക്ടറുടെ മുൻപിൽ എന്ത് പറഞ്ഞു തുടങ്ങണം എന്ന ചിന്തയിൽ ആകെ സങ്കോചപ്പെട്ടിരിക്കുന്ന എന്നെ നോക്കി ഡോക്ടർ പറഞ്ഞു 

'മീര ഹോസ്പിറ്റലിൽ നിന്നും ഇറങ്ങിയാൽ നമുക്ക് ഔദ്യോഗിക സ്ഥാനങ്ങളുടെ ഭാരം ആവശ്യമില്ല അതാണ് ഇവിടെവെച്ചു കാണാം എന്ന് ഞാൻ പറഞ്ഞത്' മീരയുടെ വിശേഷങ്ങൾ പറയൂ ...വീട്ടിൽ ആരൊക്കെയുï് ,എവിടെയാണ് താമസം'

' ഇവിടെ അടുത്താണ് ഡോക്ടർ' ഞാൻ താമസസ്ഥലം പറഞ്ഞു . എനിക്ക് ഒരു മോളാണ് ഡോക്ടർ,മോളിപ്പോൾ +2  വിൽ പഠിക്കുന്നു ഭർത്താവ് സ്വന്തമായി ഒരു സ്ഥാപനം നടത്തുന്നു .

'വെരി ഗുഡ്  മീരാ ,എന്താ മോളുടെ പ്ലാൻ'

'അവൾ നന്നായി പഠിക്കും ഡോക്ടർ ,ഒരു ഡോക്ടർ ആകണം എന്നാണ് അവളുടെ സ്വപ്നം അതിനായി ഉള്ള കഠിന പരിശ്രമത്തിലാണ് ഇപ്പോൾ'

'അതെയോ വളരെ സന്തോഷം മീരാ, എഎൻ്റെ  ആശംസകൾ അവളെ അറിയിക്കണം കേട്ടോ' ഡോക്ടർ പറഞ്ഞു നിർത്തി . 

ഡോക്ടറോടും എന്തെങ്കിലും ചോദിക്കണമല്ലോ എന്ന് കരുതി ഞാൻ ചോദിച്ചു

'ഡോക്ടറുടെ കുട്ടികൾ'

'എനിക്ക് രണ്ടു  കുട്ടികൾ  മോൾ അഞ്ചിലും മോൻ രണ്ടിലും പഠിക്കുന്നു'

 അപ്പോഴേക്കും കോഫിയുമായി വെയ്റ്റർ എത്തി, കോഫി രുചിച്ചുകൊണ്ട്  ഡോക്ടർ തുടർന്നു ,

'അന്ന് മീര എൻ്റെയടുത്ത് സന്ധ്യയെക്കുറിച്ച് പറഞ്ഞിരുന്നില്ലേ  എന്താ അവളോട് ഇത്ര അടുപ്പം'
'അതെൻ്റെ ഒരു കുറ്റബോധത്തിൽ നിന്നും ഉണ്ടായതാണ് ഡോക്ടർ ,ഒരിക്കൽ അവളുടെ മുത്തച്ഛൻ ആശുപത്രിയിലായിരുന്നപ്പോൾ ഞങ്ങൾ കാണാൻ പോയിരുന്നു അന്നവിടെവെച്ച് അയാൾ ആ കുഞ്ഞിനെക്കുറിച്ച് അവിടെയുണ്ടായിരുന്നവരോട് വളരെ മോശമായി സംസാരിച്ചു ,അതും അവളുടെ മുന്നിൽ വെച്ച്. ഇതെന്നിൽ വളരെയേറെ മനോവിഷമം ഉണ്ടാക്കിയെങ്കിലും അതിനെതിരെ പ്രതികരിക്കാൻ എനിക്കായില്ല. അന്യനാട്ടിൽ ഒറ്റക്കായിരുന്ന എനിക്ക് പ്രതികരിക്കാൻ ധൈര്യമില്ലായിരുന്നു എന്നതാണ് സത്യം. പക്ഷെ അന്നുമുതൽ ആ കുഞ്ഞിന്റെ കണ്ണീരൊഴുക്കുന്ന മുഖം എൻ്റെ മനസ്സിൽ ഒരു തീരാവേദനയാണ് ഡോക്ടർ'

 ഡോക്ടർ അൽപ്പനേരം തലകുനിച്ചിരുന്നതിനുശേഷം പറഞ്ഞു,

"മീരയുടെ നല്ല മനസ്സ് എനിക്ക് മനസ്സിലാകുന്നു ചില സാഹചര്യങ്ങളിൽ നമുക്ക് പ്രതികരിക്കാനാവില്ല അതൊരു തെറ്റല്ലാത്തതിനാൽ അതിനെയോർത്ത് വിഷമിക്കുന്നതിൽ അർത്ഥമില്ല" ഡോക്ടർ തുടർന്നു 

"സന്ധ്യയുടെ മുത്തച്ഛൻ്റെ മരണത്തിനുശേഷം ആ കുടുംബത്തിൽ വളരെയേറെ മാറ്റങ്ങൾ സംഭവിച്ചു . വരുമാനത്തിൽ കാര്യമായ കുറവു വന്നതോടെ ജീവിതം പഴയപോലെ മുന്നോട്ടു കൊണ്ടുപോകാൻ സന്ധ്യയുടെ അച്ഛൻ്റെ കടയിൽ നിന്നുള്ള വരുമാനം തികയാതെ വന്നു. അങ്ങനെയാണ് അവരുടെ അവിടുത്തെ സമ്പാദ്യങ്ങളും സ്ഥാപനങ്ങളും ഒക്കെ വിറ്റ് അവർ നെടുവള്ളിയിലേക്കു മാറിയത്. അവിടെ തുന്നൽ കടയും അത്യാവശ്യം കൃഷികളും ഒക്കെ ചെയ്ത് ആ കുടുംബം കഴിഞ്ഞു "

ഞാനാണെങ്കിൽ ആകാംഷയുടെ മുൾമുനയിൽ ശ്വാസം പോലും വിടാതെ ഡോക്ടറുടെ വാക്കുകൾക്ക് കാതോർത്തു  .അല്പനേരത്തെ മൗനത്തിനു ശേഷം ഡോക്ടർ തുടർന്നു.

"സന്ധ്യയുടെ മുത്തച്ഛന്റെ മരണവും വീടുമാറ്റവും എല്ലാം കൂടി മുത്തശ്ശിയേയും ആകെ തളർത്തി. അവരുടെ പഴയകാല ജീവിതനിലവാരം നിലനിർത്താനാവാതെ വന്നതോടെ അവരും ഒരു രോഗിയായി മാറി . സന്ധ്യയുടെ കാര്യമാണ് വീണ്ടും കഷ്ടത്തിലായത്" 

 'ഈ മാറ്റങ്ങൾക്കിടയിൽ ആരും അവളെ തീർത്തും ശ്രദ്ധിക്കാതെയായി. അങ്ങനെ ക്രമേണ അവൾ ഡിപ്രഷനിലേക്ക് വഴുതിവീണു .ആരോടും മിണ്ടാതെ ഭക്ഷണം പോലും കഴിക്കാതെ എല്ലാത്തിനെയും പേടിച്ച് അവൾ ഇരുളിലേക്കൊതുങ്ങി'

'അവസാനം അവളോട് അല്പമെങ്കിലും സ്‌നേഹമുണ്ടായിരുന്ന അവളുടെ അച്ഛൻ്റെ കടുംപിടുത്തം അവളെ ഒരു സൈക്കോളജിസ്റ്റിൻ്റെ മുൻപിൽ കൊണ്ടെത്തിച്ചു . 

കുഞ്ഞുങ്ങളുടെ മനസ്സിനെ അടുത്തറിഞ്ഞിരുന്ന അയാൾ അവളെ സ്വന്തം കുഞ്ഞിനെയെന്നവിധം ശുശ്രൂഷിച്ചു .അവളുടെ അച്ഛനെയും അമ്മയെയും കാര്യങ്ങൾ പറഞ്ഞുമനസ്സിലാക്കി പതിയെ പതിയെ അവളെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു'

 'അവളിപ്പോൾ എവിടെയാണ് ഡോക്ടർ അവളിപ്പോൾ എന്തുചെയ്യുന്നു ' 

തീർത്തും ക്ഷമ നശിച്ച ഞാൻ പെട്ടെന്ന് ഇടയ്ക്കു കയറി ചോദിച്ചു. 

'ഉം….. പറയാം മീരാ ,നമുക്കിവിടുന്നു പുറത്തേക്കിറങ്ങാം' ഡോക്ടർ വെയിറ്ററെ വിളിച്ച് ബില്ല് കൊടുത്തു . 

സ്‌റ്റേഷൻ കാഫെയോടു ചേർന്ന് ഒരു ചെറിയ പൂന്തോട്ടമുണ്ട് സന്ദർശകരിലെ കുട്ടികളെയും പ്രകൃതിസ്‌നേഹികളെയും ആകർഷിക്കാനുള്ള ഒരു മാർഗം. പൂന്തോട്ടത്തിൽ പലയിടങ്ങളിലായി ടേബിളുകൾ അറേഞ്ച് ചെയ്തിട്ടുണ്ട് . അതുപോലെതന്നെ ഇരുന്നു കാറ്റുകൊള്ളാനുള്ള ബെഞ്ചുകളും ഉണ്ട് ,വൈകുന്നേരങ്ങളിൽ പലരും അവിടെയിരുന്നു ഭക്ഷണം കഴിക്കാറുണ്ട് . ഇന്നു പക്ഷേ ആരും തന്നെ ഇല്ല, സമയമായി വരുന്നേ ഉള്ളു എന്ന് തോന്നുന്നു . ഞങ്ങൾ മെല്ലെ ആ പൂന്തോട്ടത്തിനു നടുവിലൂടെയുള്ള നടപ്പാതയിലേക്കിറങ്ങി കരിങ്കല്ല് പാകി മനോഹരമായ നടപ്പാത . 

'സന്ധ്യയിപ്പോൾ എവിടെയുണ്ട്  ഡോക്ടർ' ഞാൻ വീണ്ടും അക്ഷമയായി. 

പെട്ടെന്ന് എൻ്റെ നേരെ തിരിഞ്ഞ് ഡോക്ടർ പറഞ്ഞു 

'സന്ധ്യയിപ്പോൾ ഇല്ല മീരാ... അവൾ മരിച്ചുപോയി'

 ഒരു നിമിഷത്തേക്ക് ഞാൻ തരിച്ചുനിന്നുപോയി .

'ഡോക്ടർ'....

എൻ്റെ കണ്ഠമിടറി, എൻ്റെ ഭാവമാറ്റം ശ്രിദ്ധിക്കാതെ ഡോക്ടർ തുടർന്നു …

'അവളുടെ പുനർജന്മത്തിലെ പേരാണ് സംഗീത രാജ്‌കുമാർ' …...
നിറഞ്ഞ മിഴികളോടെ  അവിശ്വസനീയതയോടെ  ഞാൻ ഡോക്ടറെ നോക്കി, ഒരു ചെറു  പുഞ്ചിരിയോടെ ഡോക്ടർ സത്യമെന്ന്  തലകുലുക്കി. അതോടെ എല്ലാ നിയന്ത്രണങ്ങളും നഷ്ട്ടപ്പെട്ട ഞാൻ പരിസരം പോലും മറന്ന് ഡോക്ടറെ മുറുകെ കെട്ടിപ്പിടിച്ചു. എൻ്റെ കണ്ണുകൾ തോരാതെ പെയ്തുകൊണ്ടേയിരുന്നു 

ഡോക്ടർ എൻ്റെ പുറത്ത് പതിയെ തലോടുന്നതുമാത്രം ഞാനറിഞ്ഞു. 

പരിസരബോധം വീണ്ടുകിട്ടിയപ്പോൾ പതിയെ കൈകളയച്ച് ഞാൻ ഡോക്ടറുടെ കണ്ണുകളിലേക്കു തന്നെ നോക്കിനിന്നു. ഡോക്ടറുടെ മുഖത്തെ ചെറുചിരി അപ്പോഴും മായാതെ അവിടെത്തന്നെ ഉണ്ടായിരുന്നു .

കൺകോണുകളിൽ അടരാൻ വെമ്പുന്ന രണ്ടശ്രുകണങ്ങൾ ഒളിഞ്ഞിരുന്നത് ഞാൻ വ്യക്തമായി കണ്ടു. 

 പിന്നീടങ്ങോട്ടുള്ള കുറച്ചു നിമിഷങ്ങൾ ഞങ്ങൾ പഴയ മീരയും സന്ധ്യയും ആയി മാറി, ഞാനെന്തെല്ലാം സന്ധ്യക്ക് നൽകണം എന്നാഗ്രഹിച്ചിരുന്നോ അതെല്ലാം ഏറ്റുവാങ്ങാൻ തയ്യാറായ സന്ധ്യയായിരുന്നു ആ പൂന്തോട്ടത്തിലെ ബെഞ്ചിൽ എന്നോടൊട്ടിയിരുന്നത്. സന്ധ്യയുടെ കയ്യിൽ ഞാൻ മുറുകെ പിടിച്ചിരുന്നു എൻ്റെ  ചുമലിലേക്ക് തലചായ്ച് സന്ധ്യ എൻ്റെ മകളായി മാറിയിരുന്നു. 

എന്നോടുചേർന്നിരുന്നുകൊണ്ട് സന്ധ്യ ബാക്കി സംഭവങ്ങൾ വിവരിച്ചു. 

സന്ധ്യയെ ചികിൽസിച്ച ഡോക്ടറാണ് അവളുടെ പേരുമാറ്റാൻ  നിർദേശിച്ചത് .അവളുടെ പൂർണമായ റിക്കവറിക്ക് അത് അത്യാവശ്യമായിരുന്നു. അവളുടെ ഉപബോധമനസ്സിലെ പഴയ സന്ധ്യയെ പൂർണമായും ഒഴിവാക്കുന്നതിനായിരുന്നു അങ്ങിനെ ചെയ്തത്.തങ്ങളുടെ അവഗണനയാണ് മകളെ ഈ അവസ്ഥയിലെത്തിച്ചതെന്ന തിരിച്ചറിവ് സന്ധ്യയുടെ അമ്മയിലും കാര്യമായ മാറ്റങ്ങൾ ഉണ്ടാക്കി .

രണ്ടു വർഷത്തോളമെടുത്തു അവൾ പൂർണമായും സാധാരണ നിലയിലേക്ക് മടങ്ങിവരാൻ ,അപ്പോഴേക്കും ചിപ്പി സന്ധ്യയുടെ അടുത്ത കൂട്ടുകാരിയായി മാറിയിരുന്നു. രണ്ടു വർഷങ്ങൾക്കുശേഷം സന്ധ്യയെ ഡോക്ടറുടെ ഉപദേശപ്രകാരം വേറൊരു സ്‌കൂളിലേക്ക് മാറ്റി. ചിപ്പിയും വാശിപിടിച്ച് അവിടെത്തന്നെ ചേർന്നു . 

പുതിയ സ്‌കൂളിൽ എത്തിയപ്പോഴേക്കും സന്ധ്യ ആളാകെ മാറിയിരുന്നു . ഒരു ശരാശരി വിദ്യാർത്ഥിയിൽ നിന്നും സ്‌കൂളിലെ ഏറ്റവും മിടുക്കിയായ വിദ്യാർത്ഥിയായി അവൾ മാറി. പഠനമികവിന്റെ പുതിയ പടവുകൾ കയറി 

കാലങ്ങൾക്കുശേഷം സംഗീതയെന്ന സന്ധ്യ ഒരു ഡോക്ടർ ആയി മാറി. പീഡിയാട്രിക്‌സിൽ എംഡി  എന്നത് അവളുടെ സ്വപ്നമായിരുന്നു. പഠനമികവുകൊണ്ടു  സ്‌കോളർഷിപ്പുകൾ നിരന്തരം അവളെത്തേടിയെത്തി. ഡോക്ടറായതുകൊണ്ടു മാത്രം അവൾ തൃപ്തയല്ലായിരുന്നു.കുട്ടികളുടെ മനഃശാസ്ത്രം അറിയുന്ന ഒരു ഡോക്ടർ എന്ന അവളുടെ ലക്ഷ്യം അവളെ കൊണ്ടെത്തിച്ചത് ലണ്ടനിലെ എഡിൻബർഗ് യൂണിവേഴ്‌സിറ്റിയിലാണ് . അവിടെനിന്നും കുട്ടികളുടെ മനഃശാസ്ത്രത്തിൽ ഡോക്ടറേറ്റെടുത്ത് തിരിച്ചെത്തിയ സന്ധ്യയെ കാത്ത് ആശുപത്രികൾ ക്യൂ നിന്നു .

 തൻ്റെ മുൻപിൽ വരുന്ന ഒരു കുഞ്ഞുപോലും രോഗം മാറാതെ തിരിച്ചുപോകരുതെന്നു അവൾക്കു നിർബന്ധമായിരുന്നു കാരണം കുഞ്ഞുങ്ങളുടെ മനസ്സറിഞ്ഞ് ഒരമ്മയുടെ സ്‌നേഹം നൽകിയായിരുന്നു അവളുടെ  ചികിത്സകൾ .

 എത്രനേരം അങ്ങിനെ ഓരോരോ കഥകൾ പറഞ്ഞ് ഞങ്ങളിരുന്നു എന്നറിയില്ല നേരം ഇരുട്ടിത്തുടങ്ങിയപ്പോൾ വീട്ടിൽ പോകണ്ടേ എന്ന ചോദ്യവുമായി ഡോക്ടർ  എഴുന്നേറ്റു .

 'ഓ ചോദിയ്ക്കാൻ മറന്നു ,ചിപ്പിയിപ്പോൾ എന്ത് ചെയ്യുന്നു ഡോക്ടർ'

'അവൾ അവൾക്കേറ്റവും ഇഷ്ട്ടപ്പെട്ട ജോലിതന്നെ തിരഞ്ഞെടുത്തു.  നല്ലൊരു നർത്തകിയാണ് അവൾ . ഇപ്പോൾ ഭർത്താവിനൊപ്പം കാലിഫോർണിയയിൽ ഒരു നൃത്തവിദ്യാലയം നടത്തുന്നു'

 ഞങ്ങൾ മെല്ലെ ഡോക്ടറുടെ കാറിനടുത്തേക്ക് നടന്നു ...വീട്ടിലേക്കു വരുമോ എന്ന് ചോദിക്കണമെന്ന അതിയായ ആഗ്രഹമുണ്ടായിരുന്നെങ്കിലും ഡോക്ടർ എന്തുമറുപടി പറയും എന്ന ഉൾഭയം എന്നെ ആ ഉദ്യമത്തിൽനിന്നും പിന്തിരിപ്പിച്ചു. 

'ഇനിയൊരിക്കൽ ഈ അമ്മയുടെ മകളായി ജനിക്കാൻ ഭാഗ്യം ലഭിച്ച മോളെക്കാണാൻ ഞാൻ മീരയുടെ വീട്ടിൽ വരുന്നുണ്ട്'എന്നു ഡോക്ടർ പെട്ടെന്ന് പറഞ്ഞപ്പോൾ ഞാൻ ആനന്ദത്തിൻ്റെ  പൂർണതയിലായി . 

ഒരു ഗാഢാലിംഗനത്താൽ യാത്രപറഞ്ഞ് ഡോക്ടർ വണ്ടിയിലേക്ക് കയറുമ്പോൾ എൻ്റെ കണ്ണുകൾ വീണ്ടും ഈറനണിയുന്നത് ഞാനറിഞ്ഞു പക്ഷെ ഒരു സുഖമുള്ള നനവായിരുന്നു അത്. കണ്ണിൽ നിന്നും മറയുന്നതുവരെ ആ വണ്ടിയിലേക്ക് നോക്കി ഞാൻ അവിടെത്തന്നെ നിന്നു.
                                    
ആ സായംസന്ധ്യയിൽ അവിടെനിന്നും ബസ് സ്‌റ്റോപ്പിലേക്ക് തിരിഞ്ഞുനടക്കുമ്പോൾ നിറകണ്ണുകളോടെ എൻ്റെ മനസ്സിൽ നിറഞ്ഞുനിന്നിരുന്ന പഴയ സന്ധ്യയുടെ ചിത്രം മെല്ലെ മാഞ്ഞുതുടങ്ങിയിരുന്നു, ആ സ്ഥാനത്ത് ഒരു ചെറു പുഞ്ചിരിയുമായി  സംഗീതയെന്ന പുതിയ സന്ധ്യ ഉദിച്ചുയരുന്നത്  ഒരുൾപുളകത്തോടെ ഞാനറിഞ്ഞു.....

********************
സമർപ്പണം: സന്ധ്യയെ പരിചയപ്പെടുത്തിയ പ്രിയ സുഹൃത്തിന്