2020 ജൂലൈ 2, വ്യാഴാഴ്‌ച

അണഞ്ഞുപോയ കളിവിളക്കുകൾ - സിന്ധു കെ .എം




ഇത് ഈ വീട്ടിലെ തൻ്റെ അവസാന രാത്രിയാണ്. ജനലഴികളിൽ തലചേർത്തുവച്ച് ഉമ ആലോചനയിലാണ്ടു. അഞ്ച് വർഷങ്ങൾ! അഞ്ച് യുഗങ്ങൾ പോലെ തോന്നുന്നു. നാളെ സ്വന്തം വീട്ടിലേക്ക്....... വ്യത്യാസമൊന്നുമുണ്ടാവില്ല.
ജീവിതത്തിലെ കളിവിളക്കുകളെല്ലാം
അണഞ്ഞുപോയ നീണ്ട അഞ്ചു വർഷങ്ങൾ.
അത്ഭുതം തോന്നുന്നു. എങ്ങനെ താൻ ഇത്രയും കാലം ഇവിടെ പിടിച്ചു നിന്നു? എന്തിനു വേണ്ടി, ആർക്കുവേണ്ടി ? ഒന്നിനും ഉത്തരമില്ല. അവസാനം ഒന്നു മാത്രം മനസ്സിലായിരിക്കുന്നു ,അഞ്ച് വർഷം മുൻപ് നവവധുവായി  , മനസ്സ് നിറയെ സ്വപ്നങ്ങളുമായി ,ചുണ്ടിൽ നിറയെ പുഞ്ചിരിയുമായി ആകെ പൂത്തുലഞ്ഞ പോലെ ഈ വീട്ടിലേക്ക് വലതുകാൽ വച്ച് കയറി വന്ന ഉമ എന്ന ഈ ഞാൻ ശിശിരകാലത്തിലെ തരുവിനെപ്പോലെ നിർജ്ജീവയായി ,ഒരു സ്വപ്നം പോലും അവശേഷിക്കാത്ത മനസ്സുമായി ,പുഞ്ചിരിക്കാൻ മറന്ന ചുണ്ടുകളുമായി നാളെ ഈ പടിയിറങ്ങുകയാണ് .
                അകത്തളത്തിൽ  ചർച്ച പൊടിപൊടിക്കുന്നു. ദേവേട്ടൻ്റമ്മയുടെ സ്വരം ഉയർന്നു കേൾക്കാം , ഒന്ന് കാതോർത്തു. കൊണ്ടുവന്ന സ്വർണ്ണം മുഴുവൻ എന്തിന് തിരിച്ചു കൊടുക്കണം ,അഞ്ച് വർഷം അവളെ തീറ്റിപ്പോറ്റിയില്ലേ ? അപ്പോൾ അതാണ് കാര്യം, പറഞ്ഞയക്കുമ്പോൾ തിരിച്ചു തരേണ്ട സ്വത്തുവകകളുടെ കണക്കെടുപ്പാണ്. ദേവേട്ടൻ്റെ സ്വരം കേൾക്കുന്നുണ്ടോ എന്ന് കാതോർത്തു. ഇല്ല....അതെപ്പോഴും അങ്ങനെയാണല്ലോ, ശബ്ദമുയർത്തേണ്ട സന്ദർഭങ്ങളിലൊന്നും ദേവേട്ടൻ അതിന് ശ്രമിച്ചിട്ടില്ല .ഇത്രയും വർഷത്തിനിടയ്ക്ക് തന്നോടെത്ര പ്രാവശ്യം അദ്ദേഹം സംസാരിച്ചിട്ടുണ്ടാവും. ഉമ കണക്കു കൂട്ടാൻ ശ്രമിച്ചു..... ആദ്യരാത്രിയിൽ മനസ്സിൽ നിറയെ സ്വപ്നങ്ങളുമായി കാത്തിരുന്ന തന്നോട് കിടന്നോളു ക്ഷീണമുണ്ടാകുമെന്ന് പറഞ്ഞ് ഒരു തലയിണയും ഷീറ്റുമായി സോഫയിലേക്ക് പോയ ദേവേട്ടൻ, പിന്നീടങ്ങോട്ടുള്ള ജീവിതത്തിൻ്റെ ആദ്യപടിയായിരുന്നു അതെന്ന് മനസ്സിലാക്കാൻ കുറച്ച് സമയമെടുത്തു.
തൻ്റെ മുഖത്തു നോക്കി ഒന്നു ചിരിച്ചിരുന്നുവെങ്കിൽ എന്ന് മാത്രമായിരുന്നു ആ ദിവസങ്ങളിൽ ഉണ്ടായിരുന്ന പ്രാർത്ഥന ,പക്ഷേ അതുണ്ടായില്ല.ക്രമേണ താനും ചിരിക്കാൻ മറന്നോ ? പിന്നീട് ആറുമാസത്തോളം സന്തോഷം ഭാവിച്ചു ജീവിച്ചു. ആരോടുമൊന്നും പറഞ്ഞില്ല . അല്ലെങ്കിൽ തന്നെ എന്തു പറയാൻ, ഭർത്താവ് തന്നെ നോക്കുന്നില്ലന്നോ, ചിരിക്കുന്നില്ലന്നോ, തന്നെ തൊടുന്നില്ലന്നോ?
നെടുവീർപ്പുകളിൽ തളച്ചിട്ട ജീവിതം, ഒരിക്കൽ വീട്ടിൽ മറ്റാരുമില്ലാതിരുന്ന സമയം, ബെഡ് റൂമിൽ ഏതോ ഒരു മാഗസിനിൽ കണ്ണും നട്ട് ഭർത്താവിരിക്കുന്ന സമയം വെറുതെ ചെന്ന് അരികിൽ ഇരുന്നു. മനസിൻ്റെ നിയന്ത്രണം വിട്ടു തുടങ്ങിയിരുന്നു. വായനയിൽ മുഴുകി ഇരുന്ന ഭർത്താവിൻ്റെ അടുക്കലേക്ക് കുറച്ചു കൂടി ചേർന്നിരുന്നത് മാത്രം ഓർമ്മയുണ്ട് .... ഉമയുടെ കണ്ണുകൾ നിറഞ്ഞൊഴുകിക്കൊണ്ടേയിരുന്നു - എത്ര ക്രൂരമായാണ് അദ്ദേഹം പ്രതികരിച്ചത്, നിനക്കൊന്നും പറ്റിയ സ്ഥലമിതല്ലെന്ന് പറഞ്ഞപ്പോൾ ആകെ തകർന്നു പോയി. ഇനിയിവിടെ ജീവിക്കാനാവില്ല എന്ന തോന്നലിൽ എല്ലാം എടുത്ത് ഇറങ്ങുമ്പോഴാണ് തീമഴ പോലെ അടുത്ത വാക്കുകൾ നീ പോയാൽ അവിടെ എത്തുന്നതിന് മുൻപ് തിരിച്ചു വരേണ്ടി വരും, ഞാൻ ആത്മഹത്യ ചെയ്യുമെന്ന്. എന്തു ചെയ്യണമെന്നറിയാതെ നിമിഷങ്ങളോളം അയാളുടെ മുഖത്ത് നോക്കി നിന്നു. പരിഗണനയുടേതായ ഒന്നും ആ മുഖത്ത് കണ്ടില്ല. എങ്കിലും പോകണ്ട എന്ന് തന്നെ തീരുമാനിച്ചു. അമ്മായിയമ്മയുടേയും നാത്തൂൻമാരുടെയും മച്ചിയെന്നുള്ള വിളികൾക്കും ക്രൂരമായ അവരുടെ സംസാരങ്ങൾക്കുമൊന്നും പിന്നീട് തന്നെ കരയിക്കാൻ കഴിഞ്ഞിട്ടില്ല . നിർവ്വികാരതയിൽ തന്നെത്തന്നെ മൂടി പൊതിഞ്ഞുവച്ചു.
             മച്ചിപെണ്ണിനെ ഇനി ഇവിടെ വെച്ചുപൊറുപ്പിക്കാനാവില്ല എന്ന ഭർത്താവിൻ്റെ അമ്മയുടെ തീരുമാനത്തെ എല്ലാരും പിൻതാങ്ങി. നാളെ സ്വന്തം വീട്ടിലേക്ക് തിരികെ പോകയാണ് .അച്ഛനും അമ്മയും കൂട്ടിക്കൊണ്ടുപോകാൻ വരും. ദേവേട്ടൻ്റെ തല ഒന്നുകൂടി കുനിഞ്ഞിരിക്കുന്നു. അദ്ദേഹത്തോട് യാത്ര ചോദിക്കണോ ...... വേണ്ട ഒന്നും സംസാരിക്കാതെ തുടങ്ങിയ ദാമ്പത്യം ഒന്നും മിണ്ടാതെ തന്നെ അവസാനിക്കട്ടെ. ഉറക്കം  വരുന്നില്ല എങ്കിലും കിടക്കാം. നാളെ വെളുപ്പിന് എണീറ്റ് എല്ലാർക്കും ഭക്ഷണമുണ്ടാക്കി വയ്ക്കണ്ടതാണ്.......
ഉമ അതിരാവിലെ തന്നെ എഴുന്നേറ്റു കുളിച്ചു വന്ന് എല്ലാ പണികളും തീർത്തു വച്ചു. ഇനി ഈ അടുക്കളയിൽ താനുണ്ടാവില്ല, അതിൽ തെല്ലും വിഷമമവുമില്ല. എല്ലാം കഴിഞ്ഞ ശേഷം പോകാനുള്ള ഒരുക്കങ്ങൾക്കായി ഉമ റൂമിലേക്ക് നടന്നു. ബാഗെല്ലാം ഇന്നലെ തന്നെ റെഡിയാക്കി വച്ചിരുന്നു.പുറത്തു നിന്ന് ഒരു വണ്ടിയുടെ ശബ്ദം കേട്ടു, അച്ഛനുമമ്മയും വന്നതാവും. തിടുക്കത്തിൽ ഉമ ബാഗുമെടുത്ത് നടന്നു. തൻ്റെ കാലുകൾക്ക് ബലമേറുന്നതും മനസ്സിന് ഒരു ശക്തി കൈവരുന്നതും ഉമ അറിയുന്നുണ്ടായിരുന്നു. ഇതു വരെയുള്ള പ്രാർത്ഥനയാണത്, ഇവിടെ നിന്നിറങ്ങി പോകുമ്പോൾ ധൈര്യത്തോടെ പോകണമെന്നത്. മുൻവശത്തു നിന്ന് ഭർത്താവിൻ്റെ അമ്മയുടെ സ്വരമുയരുന്നു. കൂടെ തൻ്റെ അമ്മയുടെ സ്വരവും.  എന്തിനാണ് എൻ്റെ മകളെ ഇങ്ങനെ ശിക്ഷിക്കുന്നത്, അവൾ എന്തു തെറ്റ് ചെയ്തു. പെട്ടെന്നാണ് ദേവേട്ടൻറമ്മ വലിയ ഒച്ചയിൽ അലറിയത്, അവൾ പ്രസവിക്കില്ല ,എൻ്റെ മകന് ശേഷം ഈ തറവാട് അന്യം നിന്നുപോകണോ ? എനിക്ക് പേരക്കുട്ടികളെ വേണ , അതിനിവൾക്ക് കഴിയില്ല. അമ്മ വിങ്ങിപ്പൊട്ടി കരഞ്ഞു പോയി.... ഉമ എല്ലാവരെയും ഒന്നു നോക്കി, പരിഹാസചിരിയുമായി ഭർത്താവിൻ്റെ സഹോദരിമാർ, കുനിഞ്ഞ ശിരസ്സുമായിരിക്കുന്ന ഭർത്താവ്, ഉമയുടെ കണ്ണിൽ കനലെരിഞ്ഞു. ഭർത്താവിൻ്റെ അമ്മയുടെ മുന്നിൽ വന്ന് അവൾ പൊട്ടിത്തെറിച്ചു. ദിവ്യ ഗർഭം ധരിക്കാൻ ഞാൻ മഹാഭാരതത്തിലെ കുന്തിയല്ല, നിങ്ങളുടെ മകൻ എൻ്റെ ശരീരത്തിൽ ഇന്നുവരേ തൊട്ടിട്ടില്ല , എന്നെ നോക്കിയൊന്ന് ചിരിച്ചിട്ടില്ല ,എന്നോടൊരു വാക്കു പോലും ഇതുവരെ സംസാരിച്ചിട്ടില്ല, ഒരിക്കൽ ഈ വീടുവിട്ട് പോകാനിറങ്ങിയ എന്നെ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞ് നിങ്ങടെ മകൻ പിടിച്ചു നിർത്തി. എപ്പോഴെങ്കിലും ഒരു മാറ്റം ഉണ്ടാവുമെന്ന് ഞാൻ കരുതി. ഇത്ര നാൾ വെറുതെ എൻ്റെ ജീവിതം ഞാൻ തന്നെ എരിതീയിലാക്കി. നിങ്ങളെല്ലാം എന്നെ മച്ചിയെന്ന് വിളിച്ചാക്ഷേപിക്കുമ്പോളെങ്കിലും നിങ്ങളുടെ മകൻ എല്ലാം തുറന്ന് പറയുമെന്ന് ഞാൻ കരുതി. ചോദിക്കൂ നിങ്ങളുടെ മകനോട്.... ഇങ്ങനെയെല്ലാം എന്നോട് പെരുമാറാൻ ഞാനെന്ത് തെറ്റാണ് ചെയ്തത് എന്ന്. ഉമയുടെ ശബ്ദമവസാനിച്ചപ്പോൾ പൂർണ്ണ നിശബ്ദതയിൽ ആണ്ട് പോയി ആ സദസ്സ്. എല്ലാവരും സ്തംഭിച്ചു പോയി, ഉമയുടെ അമ്മ അവളെ വന്ന് നെഞ്ചിൽ ചേർത്തു പിടിക്കുന്നതു വരെ ഉമയും അനങ്ങിയില്ല. ഉമയെ തൻ്റെ ഹൃദയത്തോട് ചേർത്തു പിടിച്ച് അമ്മ ജീപ്പിനരികിലേക്ക് കൊണ്ടുപോയി. ആ യാത്രയിൽ ഉമ കരഞ്ഞില്ല.. അവളോർക്കുകയായിരുന്നു, ഇങ്ങനെയൊക്കെ എവിടെയും സംഭവിക്കില്ലേ? ഭർത്താവ് തൊട്ടരികിൽ ഉണ്ടായിട്ടും അദ്ദേഹത്തിൻ്റെ ഒരു പുഞ്ചിരി കാണാതെ, പ്രണയം തുളുമ്പുന്ന ഒരു നോട്ടമില്ലാതെ, ഒരു ചെറു തലോടൽ പോലുമില്ലാതെ ജീവിക്കുന്ന എത്രയോ ഭാര്യമാർ കാണുമീ ലോകത്ത്, ആരോടും പറയാനാകാതെ.... ഉള്ളിലെ മോഹങ്ങളൊക്കെ ആരും കാണാതെ ഒളിച്ചു വച്ച് ജീവിക്കുന്ന എത്രയോ ജീവിതങ്ങൾ.................
        *********************

8 അഭിപ്രായങ്ങൾ:

  1. വളരെ ഹൃദ്യമായ അവതരണം , വളരെ നന്നായിരിക്കുന്നു . കൂടുതൽ പ്രതീക്ഷിക്കുന്നു

    മറുപടിഇല്ലാതാക്കൂ
  2. മാത്തുക്കുട്ടി2020 ജൂലൈ 2, 9:49 AM-ന്

    നല്ല വിഷയം..ആശംസകൾ

    മറുപടിഇല്ലാതാക്കൂ
  3. ജീവിത ഗന്ധിയായ കഥാപാത്രങ്ങളും കഥാ സന്ദർഭങ്ങളും തനിമ പരമാവധി ചോർന്നുപോകാതെയുള്ള ആഖ്യായനം... അഭിനന്ദനങ്ങൾ.....

    മറുപടിഇല്ലാതാക്കൂ