2021, മേയ് 3, തിങ്കളാഴ്‌ച

അപരിചിതൻ - സജി ജോസഫ്

 



ചക്രവാളത്തിൽ നിന്നും സൂര്യ ബിബം മെല്ലെ കടലിലേക്ക് ഊർന്നിറങ്ങുന്ന നേരമായിരുന്നു.... പകലിനോട് വിട പറഞ്ഞ് മറുതീരം തേടുവാനായി പാതിമനസ്സോടെ അഗാധമായ കടലിന്റെ നീലിമയിൽ ലയിച്ചു കഴിഞ്ഞു.


ബീച്ചിൽ നിന്നും ആളുകളും കൊഴിഞ്ഞു പൊയ്ക്കൊണ്ടേയിരുന്നു. അങ്ങിങ്ങായി ചിലർ മാത്രം....


കോവിഡിന്റെ രണ്ടാം തരംഗത്തിൽ ആടി ഉലയുന്ന നാടും ജനങ്ങളും.... പക്ഷേ അപ്പോഴും മനുഷ്യർ മാനസീക ഉല്ലാസം തേടി.... മനസ്സിന്റെ ഉർവ്വരതകളെ ഊഷ്മളമാക്കാൻ... മാറാല പിടിക്കുന്ന മനസ്സിന്റെ മാറാപ്പ് ഇറക്കി വയ്ക്കാൻ ജനം ഇപ്പോഴും കടൽ തീരങ്ങളിലും, പാർക്കുകളിലും, മദ്യശാലകളിലും ഒക്കെ ചുറ്റിത്തിരിയുകയാണ്.


തെങ്ങിൻ തലപ്പുകളിൽ ചേക്കേറാൻ തിരക്കു കൂട്ടുന്ന കടൽകാക്കകളുടെയും, കൊക്കുകളുടെയും കരച്ചിലും ചിറകടി ഒച്ചകളും തീരത്തിന്റെ ശാന്തതയെ ഭംഞ്ജിച്ചു കൊണ്ടിരുന്നു. ഒരു കൂട്ടം കടൽപ്പക്ഷികൾ അണി അണിയായി... എവിടെ നിന്നോ വന്നു എങ്ങോട്ടോ പോകുന്നു... അവ നിരതെറ്റാതെ കൂട്ടമായി തങ്ങളെ വഴി കാട്ടുന്നവരുടെ ആജ്‌ഞ പാലിച്ചു കൊണ്ട് അനുസരണത്തോടെ ഏതോ തുറയെ ലക്ഷ്യമാക്കി ഗമിക്കുകയാണ്... അവറ്റകൾക്ക് ഒരിക്കലും ദിശ തെറ്റാറില്ല... പതിവായി ചേക്കേറുന്ന അതേ വൃക്ഷത്തിൽ... അതേ ചില്ലയിൽ.... പ്രകൃതിയുടെ അലിഖിത നിയമവാഴ്ച പോലെ...


പതുപതുത്ത പഞ്ചാര മണലിൽ  പാദങ്ങൾ ആഴ്ന്നു പോകുന്നു... പതിവായി ഇരിക്കാറുള്ള പാറക്കെട്ടിനെ ലക്ഷ്യമാക്കി നടന്നു... തോളോട് തോളുരുമ്മി... അരക്കെട്ടിൽ കൈ ചുറ്റിപ്പിടിച്ചു... കൊഞ്ചിക്കുഴഞ്ഞു നടന്നു നീങ്ങുന്ന കമിതാക്കൾ... കുട്ടികളെ കളിക്കാൻ വിട്ട്... മണലിൽ പടഞ്ഞിരുന്ന്  ചൂടുള്ള കപ്പിലണ്ടി കൊറിച്ചും കൊണ്ട് മധുര സംഭാഷണങ്ങളിൽ സമയം കൊല്ലുന്ന ഭാര്യാ ഭർത്താക്കൻമാർ.... പാറക്കെട്ടുകളുടെ മറപിടിച്ച്... ഇരുളിന്റെ കുട ചൂടി പരസ്പരം കെട്ടിപ്പുണർന്ന് കാമക്കലി പൂണ്ട അപക്വ പ്രണയ ജോഡികൾ.... ഇതെല്ലാം കണ്ടു കൊണ്ട് വെള്ളമിറക്കി  ഒറ്റയ്കും കൂട്ടായും.... ചുറ്റിത്തിരിയുന്ന ഞരമ്പു രോഗികൾ... കപ്പിലണ്ടിയും.. ചായയും വിൽക്കുന്ന ചെറു പയ്യൻമാർ... ജീവിത സായാഹ്നത്തിലെത്തി വിശ്രമ ജീവിതം നയിക്കുന്ന ഒരു കൂട്ടം വട്ടത്തിലിരുന്നു വെടി പറയുന്ന വൃദ്ധർ.... അങ്ങിനെ എത്രയെത്ര മുഖങ്ങൾ....


നടന്ന് പാറ കെട്ടിനരികെയെത്തിയതറിഞ്ഞില്ല.... അലറി പാഞ്ഞു വന്ന തിര കരിമ്പാറക്കെട്ടിൽ തലതല്ലിച്ചിതറിയപ്പോൾ.... ചിന്നിച്ചിതറി വീണ ജലകണങ്ങൾ തന്നെയാകെ നനച്ചു കൊണ്ട് പിൻവാങ്ങി.


" തിരകൾക്കു ലക്ഷ്യമില്ല... തനിക്കും ലക്ഷ്യമില്ല... എന്തിനാണെന്നറിയാതെ മുന്നോട്ടും പിന്നോട്ടും യാന്ത്രികമായി ചലിച്ചു കൊണ്ടേയിരിക്കുന്നു..... ഒരിക്കൽ ചന്ദ്രദാസിനോടൊപ്പം ഇവിടെ ഇരിക്കുമ്പോൾ അയാൾ പറഞ്ഞതാണ്.


കടൽ പരപ്പിൽ ഇരുൾ വീണ് കഴിഞ്ഞിരുന്നു..... തന്റെ മനസ്സിലും... തിരകൾ ഒഴിയാത്ത കടൽ പോലെയല്ലേ മനസ്സും... അശാന്തിയുടെ തിരകളാൽ എന്നും അസ്വസ്ഥമായിരുന്നു. എന്താണ് മനസ്സിന്റെ ആനന്ദം? എവിടെയാണതിന്റെ ഉറവിടം? തനിക്കിതുവരെയും അതെന്താണ് എന്ന് അറിയാൻ കഴിഞ്ഞിട്ടില്ലല്ലോ... കുട്ടിയായിരുന്നപ്പോൾ... മിഠായിയും, കളിപ്പാട്ടവും, പുത്തൻ ഉടുപ്പും കിട്ടുമ്പോൾ തോന്നിയിട്ടുണ്ട്... വർഷാന്ത്യ പരീക്ഷ കഴിഞ്ഞ് സ്കൂൾ പൂട്ടിക്കഴിഞ്ഞാൽ ഉണ്ടായിട്ടുണ്ട്. കൗമാരത്തിൽ മൊട്ടിടുന്ന പ്രണയം പൂവിട്ടു കഴിഞ്ഞാൽ മനസ്സിലുണ്ടാകുന്ന വികാരം... അതാണോ സന്തോഷം?.... പരീക്ഷ പാസ്സാകുമ്പോൾ... തോന്നിയിട്ടുണ്ട്.... കോളേജിൽ അഡ്മിഷൻ കിട്ടിയപ്പോൾ... പുതിയ സൈക്കിൾ വാങ്ങിയപ്പോൾ..... പിന്നെ എപ്പോഴാണ്.... ആ വികാരം തിരിച്ചറിയാൻ കഴിയാത്ത വിധം... തനിക്ക് അന്യമായത്?.. ചന്ദ്രുവിന്റെ ജൽപ്പനങ്ങൾ തിരമാലകൾ അന്ന് ഏറ്റുവാങ്ങിയിരുന്നോ...


" സാർ കപ്പിലണ്ടി വേണോ"... കടല വിൽക്കുന്ന പയ്യന്റെ ശബ്ദം ചിന്തകളിൽ നിന്നുണർത്തി.... പേഴ്സിൽ നിന്നും പൈസാ എടുത്ത് കൊടുത്തു കൊണ്ട് ഒരു പൊതി കടല വാങ്ങി ക്കൊണ്ട് ചോദിച്ചു..." മോന്റെ പേരെന്താ"?


" ക്രിസ്റ്റി.... ക്രിസ്റ്റഫർ"..

" സ്ക്കൂളിൽ പോകുന്നില്ലേ'!

" ഉം... എഴാം ക്ലാസ്സിലാ".. 


" വീടെവിടാ"?

" ദാ... അവിടെ... ".. കുറെ ദൂരേയ്ക്ക് കൈചൂണ്ടി കൊണ്ട് അവൻ പറഞ്ഞു....


"പോട്ടെ സാർ... കുറച്ചു പൊതികൾ കൂടി ബാക്കിയുണ്ട്, അതും കൂട്ടി വിറ്റ് തീർക്കണം... രാത്രി ടൗണിലെ തീയറ്ററിൽ വിജയ് യുടെ പടം കാണാൻ പോണം"... അവൻ ഉത്സാഹത്തോടെ പറഞ്ഞു കൊണ്ട് ധൃതിയിൽ നടന്നകന്നു.... അവനും സന്തോഷിക്കാൻ കഴിയുന്നു... ചിരിക്കാൻ കഴിയുന്നു... ആനന്ദിക്കാൻ കഴിയുന്നു.... പക്ഷേ തനിക്കോ?


ഭൂതകാലത്തിന്റെ പുഴുക്കുത്തേറ്റ.. വൃണിത ഹ്രദയം... വർത്തമാന കാലത്തിലെ യാഥാർത്ഥ്യങ്ങൾ ഉൾക്കൊള്ളാൻ കഴിയാതെ... ഭാവികാലത്തിന്റെ പ്രതീക്ഷകളില്ലാത്ത..... നിർവ്വികാരമായ മനസ്സും വദനവും പേറി .... ഉറപ്പില്ലാത്ത ചുവടുവയ്പ്പുകൾ.... ഇടയ്ക്കിടെ ഇടറുകയും... പാദങ്ങൾ പൂഴിയിൽ ആഴ്ന്നു പോവുകയും ചെയ്തിട്ടും... മനസ്സിനെ ബലാൽക്കാരം ചെയ്തും... കൽപ്പിച്ചു കൂട്ടിയും... ആയാസകരമായി ജീവിച്ചു തീരുകയായിരുന്നു അയാൾ....


പടുതിരി കത്തുന്ന ഒരു വിളക്ക് പോലെ.....


പാറ കെട്ടിന്റെ മുകൾ പരപ്പിൽ അലസമായി മലർന്നു കിടന്നു... കീഴെ... തിരമാലകൾ ഒന്നിനുപിറകെ മറ്റൊന്നായി... ആർത്തലച്ച് എത്തുകയും... വാശിയോടെ കരിമ്പാറകളുടെ മേൽ പ്രഹരം തീർത്ത് പൊട്ടിച്ചിരിച്ച് മടങ്ങുകയും തിരികെയെത്തുകയും ചെയ്തു കൊണ്ടിരുന്നു.


കടലിൽ നിന്നു മന്ദമായി വീശിയെത്തുന്ന കടൽക്കാറ്റ് കരയെ തഴുകി കടന്നുപോയി... ആ കുളിർക്കാറ്റേറ്റപ്പോൾ ചൂടു പിടിച്ചിരുന്ന മനസ്സും ശരീരവും പെട്ടെന്നുണർന്നുവോ... ഇളം കാറ്റ് തന്റെ ശിരസ്സിൽ മെല്ലെ തലോടി... കൺപോളകൾ അറിയാതെ കൂമ്പി അടയുന്നു.... അമ്മയുടെ തലോടൽ പോലെ...


"ചന്ദ്രൂ.... ചന്ദ്രൂട്ടാ"... ആരോ വിളിച്ചതു പോലെ... അച്ഛനാണോ... 


" ചന്ദ്രുവേ.... ചന്ദ്രു.. വീണ്ടും അച്ഛന്റെ ശബ്ദം... അച്ഛൻ ആയാസപ്പെട്ട് വിളിക്കുന്നതു പോലെ.... 


ശ്വാസംമുട്ടൽ അനുഭവപ്പെടുന്ന രാത്രികളിൽ അച്ഛൻ തന്നെ വിളിക്കും.... ഫ്ലാസ്ക്കിൽ നിറച്ച് കട്ടിൽ കീഴിൽ വച്ചിരിക്കുന്ന കട്ടൻ കാപ്പി പകർന്ന് കൊടുക്കും... " മോൻ ഉറങ്ങിയായിരുന്നോ"?


" ഇല്ലച്ഛാ... വെറുതെ വായിച്ച് കിടന്നു മയങ്ങിപ്പോയി".


അച്ഛനും അമ്മയും അടുത്തടുത്ത കട്ടിലുകളിലായിരുന്നു... ചില രാത്രികളിലൊക്കെ അച്ഛൻ നിറുത്താതെ ചുമച്ചു കൊണ്ടിരുന്നു... കട്ടിലിൽ കൂനി കൂടി തലയിണയിൽ ശിരസ്സമർത്തി... വലിച്ചു വലിച്ചു ഉറങ്ങാത്ത രാത്രികൾ. അമ്മ അടുത്തിരുന്നു പുറം തടവിക്കൊടുക്കും.....


അച്ഛൻ കടന്നുപോയിട്ട് എത്രയോ വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു... 


ജീവിത പരാജയങ്ങളാൽ കുത്തി മുറിവേറ്റ മനസ്സുമായി ഉറങ്ങാൻ കഴിയാതെ കട്ടിലിൽ തിരിഞ്ഞും മറിഞ്ഞും കിടക്കുന്ന എത്രയോ രാത്രികളിൽ... അച്ഛന്റെ പതറിയ ശബ്ദത്തിലുള്ള ആ വിളി താൻ കേട്ടിട്ടുണ്ട്....


" പോട്ട്ടാ... ജീവിതം അങ്ങിനെയാ... എല്ലാവരും എല്ലാറ്റിലും ഒന്നും ജയിച്ചെന്നു വരില്ല... ചിലർ ഒക്കെ ജയിക്കും... ചിലർ തോൽക്കും... പക്ഷേ നമ്മൾ ശ്രമിക്കുക.... പരിശ്രമിച്ച് പരാജയപ്പെടുന്നതിൽ ദു:ഖിക്കരുത്.... എപ്പോഴെങ്കിലും വിജയം നിന്നെ തേടിയെത്തും...


അച്ഛന്റെ ആർജ്ജവമുള്ള വാക്കുകൾ....


താൻ ആദ്യമായി തൊഴിൽ തേടി കടൽ കടക്കുന്നേരം അച്ഛനും അമ്മയും ആശുപത്രിക്കിടക്കയിലായിരുന്നുപരാജിതനായി മടങ്ങിയെത്തുന്ന തന്നെ കാണാൻ  അച്ഛൻ കാത്തു നിന്നില്ല.


തന്നെ ഓർത്ത് അച്ഛൻ വേദനിച്ചിരുന്നുവോ...


" ഒരു പിടിപ്പില്ലാത്ത കൊച്ചനാണ്... ബുദ്ധി കുറവും ഉണ്ട്... എങ്ങിനെ ആയിത്തീരുമോ ആവോ".... ആതമഗതം പോലെ തന്നെ ക്കുറിച്ച് അച്ഛൻ പറയുന്നത് കേട്ടിട്ടുണ്ട്.... അന്നൊന്നും അത് കാര്യമാക്കിയിരുന്നില്ല. കല്ലും മുള്ളും നിറഞ്ഞ ജീവിത പാന്ഥാവുകളിൽ ഗതിയില്ലാതെ അലയുമ്പോഴൊക്കെ അച്ഛന്റെ വാക്കുകൾ മനസ്സിലേക്ക് ഓടിയെത്തി.


" എടാ മണ്ടാ.... അങ്ങിനെയല്ല... ദേ ഇങ്ങിനെ".... പശുക്കിടാവിന്റെ കഴുത്തിൽ കയറിട്ട് പിടിക്കുമ്പോൾ അച്ഛൻ പറഞ്ഞു തന്നു...


പരാജയം തനിക്കെന്നും നാണക്കേടും ഭയവുമായിരുന്നില്ലേ... അതുകൊണ്ടല്ലേ താൻ സ്ക്കൂളിൽ പോലും ഒരു മത്സരങ്ങളിലും പങ്കെടുക്കാതെ മാറി നിന്നിരുന്നത്.... അതിന് പകരം സ്വയം മനക്കോട്ട കെട്ടി... ഓട്ടത്തിൽ ഒന്നാമനാകുന്നതും... സ്കൂൾ ആനിവേഴ്സറി നാടകങ്ങളിൽ നായകനായും വില്ലനായും മിന്നുന്നതും സ്വയം സ്വപ്നം കണ്ട് ആത്മ നിർവൃതി അടഞ്ഞിരുന്നില്ലേ.... മത്സരങ്ങളെ നേരിടാനാവാതെ ഭീരുവായി താൻ മറഞ്ഞിരുന്നില്ലേ... ആത്മവിശ്വാസം തൊട്ടു തീണ്ടാത്ത മനസ്സും... പരാജയ ബോധവും... തന്നെ നിഷ്ക്രീയനാക്കിയിരുന്നു.


വിധിയേയും.. സാഹചര്യങ്ങളെയും പഴിചാരി ചന്ദ്രുവിന്റെ സ്വന്തം കഴിവു കേടുകൾ മറച്ചുവച്ച് കാലം പോക്കവെ..... സമൂഹത്തിന് മുൻപിൽ ചന്ദ്രുവിന് മറ്റൊരു മുഖമായിരുന്നു....


" പഠിപ്പും കഴിവും ഒക്കെ ഉണ്ടായിട്ടും.... ചന്ദ്രു ഇതുവരെ ഒരു കരപറ്റിയില്ലല്ലോ... പരിചയമുള്ളവരും... നാട്ടുകാരുമൊക്കെ ചന്ദ്രുവിനെ അങ്ങിനെ വിലയിരുത്തി....


" അല്ലേലും അങ്ങിനാ... പഠിപ്പും കഴിവുമൊന്നും ഉണ്ടായിട്ട് കാര്യമില്ലന്നേയ്... ഭാഗ്യം കൂടി വേണം".. ആളുകൾ കൂട്ടിച്ചേർത്തു.


'കടലാസ്' കമ്പനികളുടെയും... സാങ്കൽപ്പിക ബിസിനസ്സുകളുടെയും പകിട്ടിൽ... ഒരു ഗ്രഹണകാലത്ത് ചന്ദ്രു ദാമ്പത്യത്തിലേക്ക് കടന്നു.... കൂനി ൻമേൽ കുരുപോലെയായി ജീവിതം!!!!!


അഭ്യസ്ഥവിദ്യനായ ചന്ദ്രു ഗുമസ്ഥ പണിക്ക് പോലും പ്രാവീണ്യം നേടിയിരുന്നില്ലന്നതാണ് സത്യം... സ്വയം ഊതി വീർപ്പിച്ച സാങ്കൽപ്പിക പ്രാവീണ്യമല്ലാതെ ചന്ദ്രുവിന് ഒന്നുമില്ലായിരുന്നു.


ഒരു വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കാൻ ചന്ദ്രദാസ് ധൈര്യം കാണിച്ചത് എന്തുകൊണ്ടാണെ ന്നറിയില്ല...എവിടെ നിന്നോ ഒരു നിമിഷത്തേക്ക് കൈവന്ന ആത്മവിശ്വാസമാണോ?... അയാൾ അഭിമാനിയായിരുന്നു... മറ്റൊരു തരത്തിൽ ഒരു തരം ദുരഭിമാനം.


അക്കാലത്തൊക്കെ ചന്ദ്രദാസ് നന്നായി സംസാരിക്കുമായിരുന്നു. അയാളോട് സംസാരിക്കുന്നവർക്കൊക്കെ.. അയാൾ ഒരു ജീനിയസ് ആണെന്നു തോന്നിക്ക തക്കവിധം പക്വതയുള്ള ഒരു വാഗ്മിയായി മാറാൻ അയാൾക്ക് കഴിയുമായിരുന്നു. പക്ഷേ വാക്കുകൾ കൊണ്ട് അമ്മാനമാടാനല്ലാതെ തത്വത്തിൽ ചന്ദ്രുവിനെക്കൊണ്ട് മറ്റൊന്നും കഴിയുമായിരുന്നില്ല.


പാഴും ശൂന്യവുമായിരുന്ന ചന്ദ്രദാസിന്റെ സ്വകാര്യതയിലേക്ക് ശിവാനി എത്തിപ്പെട്ടതും നാടകീയമായിട്ടായിരുന്നു. ശിവാനി സുന്ദരിയായിരുന്നു.... സൗരയൂഥത്തിലെ കോടാനു കോടി ഭ്രമണപഥങ്ങളിലെവിടെയോ വഴി തെറ്റി സഞ്ചരിച്ച ഏതോ ഗ്രഹങ്ങളുടെ സ്വാധിന വലയത്തിൽ അവിചാരിതമായി അകപ്പെട്ട് പോയതു കൊണ്ടാവാം... ചന്ദ്രുവും ശിവാനിയും ജീവിത സഞ്ചാരപഥത്തിലെ നേർ രേഖയിൽ നേർക്ക് നേർ വന്നുപെട്ടത്.


ചന്ദ്രദാസിന്റെ" ഓർബിറ്റിൽ" ശിവാനി വഴിതെറ്റി വന്നതാണോ...അതോ അജ്ഞാത ശക്തിയുടെ കള്ള കരു നീക്കത്തിലൂടെ വിധി  ചെക്ക്' പറഞ്ഞതോ?.... അറിയില്ല.


' ഫാബ്രിക്കേറ്റ്' ചെയ്യപ്പെടാത്ത സ്വഭാവത്തിന് ഉടമയായിരുന്നു ശിവാനി, "നേരേ വാ... നേരേ 

പോ"... സുന്ദരമായിരുന്ന അവളുടെ ആകാരത്തിന് ഒട്ടും ഭൂഷണമായിരുന്നില്ല  അവളുടെ പരുക്കൻ നാവാട്ടങ്ങൾ... മുള്ളും... പൂവും പോലെ... കളങ്കമെന്യേ പുറത്ത് വരുന്ന വാക്കുകകൾക്ക് ഒട്ടും നേർമ്മയില്ലായിരുന്നു. അതുകൊണ്ട് തന്നെ ശുദ്ധഗതിക്കാരിയായിരുന്ന ശിവാനിയെ ഉൾക്കൊള്ളാൻ പലർക്കും കഴിഞ്ഞിരുന്നില്ല.... ചന്ദ്രുവിനും....


ജീവചക്രം ഉരുട്ടി മറിക്കാൻ പാടു പെടുന്നതിനിടയിൽ.... ചന്ദ്രുവിന്റെയുളളിൽ... ബാല്യ കൗമാരങ്ങളിലെന്നോ വീണ് മുള പൊട്ടിക്കിടന്ന വിഷാദത്തിന്റെ നാമ്പുകൾ.... ജീവിത ക്ലേശങ്ങൾ മഴയായ് പെയ്തിറങ്ങിയപ്പോൾ... നനവാർന്ന് വളക്കൂറുള്ള മണ്ണിൽ നിന്ന് തഴച്ചു വളരുവാൻ തുടങ്ങിയോ... അതായിരുന്നില്ലേ സത്യം....


കുടുബ ജീവിതത്തിന്റെ തുടക്കത്തിലൊന്നും ശിവാനിക്ക്

'ആളെ പിടികിട്ടിയില്ല'... പിടി കൊടുക്കാതെ വഴുതി വഴുതി മാറുന്ന' വഴുക്കലുള്ള' ചന്ദ്രുവിന് ഒരായിരം ഭാവങ്ങളായിരുന്നു. പൊതുവെ ശാന്തനായിരുന്ന അയാൾ... ശുദ്ധ ശുഭ്രമായ ആ കാശത്ത് പൊടുന്നനവേ ഉരുണ്ടു കൂടുന്ന കാർമേഘങ്ങൾ പോലെ... അയാളുടെ മനം ഇരുളുകയും തെളിയുകയും ചെയ്യുമായിരുന്നു.


ചന്ദ്രുവിന്റെ ദ്രുതഗതിയിലുള്ള ഭാവമാറ്റങ്ങൾക്ക് മുൻപിൽ ശിവാനി പകച്ചു നിന്നു... അതി സങ്കീർണ്ണമായ അയാളുടെ മാനസീക തലങ്ങളിലുണ്ടായിക്കൊണ്ടിരിക്കുന്ന 'സുനാമി' കളുടെ പൊരുൾ അറിയാതെ അവൾ കുഴങ്ങി.... പെട്ടെന്ന് പൊട്ടിത്തെറിക്കുകയും... അതുപോലെ ശാന്തനാവുകയും ചെയ്തിരുന്നു. ചന്ദ്രുവിന്റെ മാനസീക ചാഞ്ചാട്ടങ്ങൾ നിയന്ത്രണാധീതമാം വിധം വളർന്നുകൊണ്ടിരുന്നു.


അയാളുടെ മനസ്സിന്റെ ഊയ്യലാട്ടങ്ങളുടെ ഗതിവിഗതികളറിയാതെ ശിവാനി കുഴഞ്ഞു.... പുരുഷ മനസ്സിനെ വരുതിയിൽ നിർത്താനുള്ള ശിവാനിയുടെ കഴിവുകേടും, പരിജ്‌ഞാനക്കുറവും ചന്ദ്രുവിന്റെ ശിഥിലമായ മാനസീക ചാഞ്ചാട്ടങ്ങളെ കൂടുതൽ തീവ്രമാക്കുകയായിരുന്നു.


ചന്ദ്രുവിന്റെ ശിഥില മനസ്സിലെ ശൽക്കിച്ച അസ്വാസ്ഥ്യങ്ങളുടെ ബഹിർസ്ഫുരണങ്ങളേറ്റ് ശിവാനി ഇരുളിന്റെ മറവിൽ ആരും കാണാതെ കരഞ്ഞു....


താൻ ഒന്നുമല്ലെന്നുള്ള അപകർഷതാ ബോധവും നിരാശയും തികഞ്ഞ ദുരഭിമാന ചിന്തകളും ചന്ദ്രദാസിനെ കൂടുതൽ അന്തർമുഖനാക്കി മാറ്റി.


" ചന്ദ്രു.... വരുന്ന ആഴ്ച തെക്കിനിപ്പാടത്തെ അമ്മായീടെ മോൾടെ കല്യാണമാണ്...

 ചന്ദ്രു നെ വിളിച്ചിരുന്നുവെന്ന് അമ്മാവൻ പറഞ്ഞു.... നമുക്ക് പോവണ്ടേ"... ശിവാനി ചോദിച്ചു.


"ങ്ങ്ഹും... വിളിച്ചിരുന്നു.... ഞാൻ വരുന്നില്ല, നീ പൊയ്ക്കോ".. ചന്ദ്രദാസിന്റെ മറുപടി.


" ദ്‌ന്തൊ... ചന്ദ്രൂ... നമ്മടെ കല്യാണം കഴിഞ്ഞതിനു ശേഷം ആദ്യായിട്ട്.. ന്റെ ബന്ധുക്കൾടെ വീട്ടിൽ നടക്കുന്ന ചടങ്ങല്ലേ... ചന്ദ്രു വരാതെ ഞാൻ തനിച്ചെങ്ങനാ... ആളുകൾ എന്തു കരുതും".... ശിവാനി പരിഭവിച്ചു.


" എനിക്ക് വയ്യാ... നിന്റെ ആൾക്കാരുടെ മുൻപിൽ വന്ന് നോക്കുകുത്തിയെപ്പോലെ നിൽക്കാൻ .... ഞാൻ എങ്ങോട്ടുല്ല"... ചന്ദ്രു പറഞ്ഞു.


" പിന്നേ... അവിടെ വരുന്നോരെല്ലാം നീങ്ങളെപ്പറ്റി ചർച്ച ചെയ്യാനല്ലേ വരുന്നത".. ശിവാനിയും പിറുപിറുത്തു.


അതിനെച്ചൊല്ലി എത്ര ദിവസങ്ങൾ വഴക്കടിച്ചു.


ആദ്യം എതിർത്തെങ്കിലും ചന്ദ്രു പിന്നീട് മനസ്സില്ലാമനസ്സോടെ വഴങ്ങി. അല്ലെങ്കിലും അയാൾ അങ്ങിനെയായിരുന്നു... എന്തു പറഞ്ഞാലും ആദ്യം എതിർക്കും.. വഴക്ക് പിടിക്കും... പിന്നെ ശാന്തനാകും.... പരമ ശുദ്ധഗതിക്കാരൻ..... മനസ്സിന്റെ മായാ വിലാസങ്ങൾ .


ശിവാനിയുടെ സഹോദരന്റെ വിവാഹ തലേന്ന്..... ആളും ബഹളവും വെളിച്ചങ്ങളും.... ചന്ദ്രു യാന്ത്രീകമായി ചലിച്ചു കൊണ്ടിരുന്നു.... ഒരു അഭിനേതാവിനെപ്പോലെ.... ചിലരോട് കൂടുതൽ സംസാരിച്ചു... ഭാര്യാ സഹോദരന്റെ വിവാഹ ചടങ്ങല്ലേ... ചന്ദ്രുവിനും' റോൾ' ഉണ്ടായിരുന്നു.. ഒരു വിധത്തിൽ അയാൾ പിടിച്ചു നിന്നു.... ആളുകൾ കൂട്ടം കൂട്ടമായി വന്നു തുടങ്ങി... ശിവാനിയുടെ ബന്ധു മിത്രാധികൾ.... ചാർച്ചക്കാർ..… 


ചന്ദ്രുവിന്റെ ഹൃദയമിടിപ്പ് കൃമാധീതമായി... കാലുകളിൽ വിറയൽ.... കണ്ണിൽ ഇരുൾ നിറയുന്നു.... അടുത്തു നിന്ന ഒരു ബന്ധുവിനോടൊപ്പം ആശുപത്രിയിലെത്തി... രക്തസമ്മർദ്ദം ഉയർന്നിരുന്നു... അർദ്ധ ബോധാവസ്ഥയിൽ അയാൾ പുലമ്പി.......


പിറ്റേന്ന് രാവിലെ നിസ്സംഗതയോടെ അയാൾ ആശുപത്രിക്കിടക്കയിൽ എഴുന്നേറ്റിരുന്നു.... ഒരു വിധത്തിൽ വിവാഹ ചടങ്ങുകളിൽ പങ്കെടുത്ത ശേഷം അയാൾ ഒറ്റയ്ക്ക് വീട്ടിലേക്ക് മടങ്ങി....


ഷോപ്പിംങ്ങ് മാളുകളിൽ.... വിവാഹ ആഘോഷ ചടങ്ങുകളിൽ.... മറ്റു വിശേഷ വേളകളിലൊക്കെ ശിവാനിയുടെ നിർബന്ധത്തിന് വഴങ്ങി സാന്നിദ്ധ്യം അറിയിച്ചെങ്കിലും.... അയാളുടെ ഞരമ്പുകൾ വലിഞ്ഞ് മുറുകിയും, കണ്ണുകളിൽ ഇരുൾ മൂടിയും.... ആരോടും പറഞ്ഞറിയിക്കാനാവാതെ അയാൾ സ്വയം ഉൾവലിഞ്ഞു കൊണ്ടിരുന്നു.


ആകാര സൗകുമാര്യം കൊണ്ട് അനുഗ്രഹീതയായിരുന്ന ശിവാനിയിൽ, മിഴിയിലും മൊഴിയിലും സ്ത്രൈണ സൗന്ദര്യത്തിന്റെ ലാഞ്ജന പോലുമുള്ളതായി ചന്ദ്രുവിന് തോന്നിയിരുന്നില്ലത്രേ!!! വിഷാദ രോഗത്തിന്റെ മാറാപ്പ് പേറിയ ചന്ദ്രുവിന്റെ മനസ്സിനെ കൊഞ്ചും മൊഴികളാലോ... കടക്കണ്ണിലെ തിരയിളക്കം കൊണ്ടോ വശീകരിക്കാൻ അവൾക്കായില്ല.... വശീകരണ മന്ത്രമറിയാത്ത ഒരു അഭിസാരികയെപ്പോലെ ശിവാനി നിർവ്വികാരയായി നിന്നു. കിടപ്പറയിലും മരവിപ്പിന്റെ കമ്പളം പുതച്ചുറങ്ങി ഇരുവരും.


ചന്ദ്രുവിന്റെ കൊച്ചു കൊച്ച് ഇഷ്ടാനിഷ്ടങ്ങൾക്ക് ഒത്ത് ഉയരാൻ ശിവാനിക്കായില്ല... അവളിലേക്ക് ഇറങ്ങിച്ചെല്ലാൻ അയാൾക്കു മായില്ല.


ജീവിതം ഒരു" കടമ കഴിക്കലായി" മാറുകയായിരുന്നു ഇരുവർക്കും... പക്ഷേ ഇരുവരും പരസ്പരം അഗാധമായി സ്നേഹിച്ചിരുന്നു... തമ്മിൽ തമ്മിൽ അറിയിച്ചിരുന്നില്ലെന്നു മാത്രം.


തണുത്തുറഞ്ഞ ശവ ശരീരത്തിന്റെ നിർവ്വികാരതയായിരുന്നു അയാളുടെ ജീവിതത്തിന്. വിചാരങ്ങൾ ഉണ്ട്... എന്നാൽ വികാരങ്ങൾ ഇല്ലായിരുന്നു...... ഒന്നിനോടും താത്പര്യമില്ലാത്ത മനുഷ്യൻ.... പാടുന്ന പുഴയേയും... ആടുന്ന മയിലിനേയും .... പൂങ്കാറ്റും... കിളിപ്പാട്ടുകളും... കടലും... താഴ് വാരങ്ങളും... പൂനിലാവും.... മഴക്കാറും.... നിസ്സംഗതയോടെ അയാൾ നോക്കിക്കണ്ടു.


ലൗകീക ഇച്ഛകളെ തടവിൽ ഇട്ട് ഒളിച്ചു കളിക്കുന്ന മനസ്സ് എന്ന മായ പ്രതിഭാസത്തിന്റെ മലീമസമായ ചേഷ്ടകളാൽ ചന്ദ്രദാസ് എന്ന നിസ്സഹായനായ മനുഷ്യൻ സ്വയം ഉരുകി. ആർക്കും ഒരിക്കലും തിരിച്ചറിയാനോ മനസ്സിലാക്കുവാനോ കഴിയാത്ത തന്റെ വ്യക്തിത്വത്തെ അയാൾ സ്വയം ശപിച്ചു. താനാരാണെന്ന് തനിക്കു പോലും തിരിച്ചറിയാനാവാതെ അയാൾ കുഴങ്ങി..... അടുത്ത നിമിഷത്തിൽ താൻ എന്തു ചെയ്യാൻ പോകുന്നുവെന്ന് അയാൾക്കോ... മറ്റൊരാൾക്കോ പ്രവചിക്കുവാനാകുമായിരുന്നില്ല.


ചിലപ്പോൾ അയാൾ ഭ്രാന്തനെപ്പോലെ പൊട്ടിത്തെറിക്കും... പുലമ്പും... അക്രമാസക്തമാകും... ഒടുവിൽ പൊട്ടിക്കരയും.... പശ്ചാത്തപിക്കും.... മാപ്പ് ചോദിക്കും.... ഇനി ആവർത്തിക്കില്ലെന്നു പറയും.... 


" ഞാൻ ഒരു തികഞ്ഞ പരാജയമാണെടോ.... ഒരിക്കൽ പ്പോലും ആരോടും... ഒന്നിനോടും പൊരുതി ജയിക്കാൻ കഴിയാത്തവൻ... ഒരു പാഴ് ജന്മം... ഒരിക്കൽ അയാൾ തന്നോട് പറഞ്ഞ വാക്കുകൾ...


" എപ്പോഴെങ്കിലും ആത്മഹത്യ ചെയ്യണമെന്ന് തോന്നിയിട്ടുണ്ടോ"? ഡോക്ടർ ചോദിച്ചപ്പോൾ അയാൾ ഇല്ലെന്ന് തലയാട്ടി.


" ഭാഗ്യം"... ഡോക്ടർ പ്രതിവചിച്ചു


" എനിക്ക് ഇതിൽ നിന്നും കരകയറാൻ സാധിക്കുമോ ഡോക്ടർ..... ഞാൻ ആരാണെന്ന് സ്വയം തിരിച്ചറിയാനെങ്കിലും.... ഒന്നു ചിരിക്കാൻ.... ആനന്ദം എന്ന വികാരത്തെ ഒരു പ്രാവശ്യമെങ്കിലും അനുഭവിച്ചറിയാൻ..... ദുഃഖം എന്ന ഒരു അനുഭവമല്ലാതെ വേറൊന്നിനേയും എനിക്ക് തിരിച്ചറിയാൻ കഴിയുന്നില്ല ഡോക്ടർ.... എല്ലാവരെയും പോലെ വർത്തമാന കാലത്ത് ജീവിക്കാൻ.... ഭൂതകാലത്തിലെ ചിതലരിച്ച ഓർമ്മകളെ താലോലിക്കാതെ.... പഴമയുടെ മൺപുറ്റുകളിലെവിടെയോ മറഞ്ഞിരിക്കുന്ന നൊമ്പരങ്ങളെ ചികഞ്ഞെടുത്ത് മനസ്സിലിട്ട് താലോലിച്ച് സ്വയം വേദനിച്ചും... മുറിവേൽപ്പിച്ചും....  വൃണിതമാക്കാനുള്ള മനസ്സിന്റെ വെമ്പൽ..... ഇതിൽ നിന്നും പുറത്തുകടക്കാൻ എന്നെ സഹായിക്കാമോ ഡോക്ടർ.....  ഒരു കൊച്ചുകുഞ്ഞിനെ പോലെ അയാൾ കരഞ്ഞു. എനിക്കും ജീവിക്കണം.... ഭാര്യയോടൊത്ത്.... മക്കളോടൊത്ത്.... എന്റെ പ്രീയപ്പെട്ടവരോടൊത്ത്..... ചിരിക്കാനും, കരയാനും , ആഹ്‌ളാദിക്കാനും എനിക്ക് ആഗ്രഹമുണ്ട്..... കഴിയുന്നില്ല.... ചേതനയറ്റ മനസ്സും.... ഊർജ്ജ മില്ലാത്ത ശരീരവും... വിഷാദം തടവിലാക്കിയ എന്നിലെ ഇന്ദ്രിയ ചേതനകളെ സ്വതന്ത്രമാക്കാൻ ഞാൻ എന്തു ചെയ്യണം ഡോക്ടർ."......


ചന്ദ്രദാസ് തന്നിലെ രോഗത്തെ തിരിച്ചറിഞ്ഞിരുന്നു..... എളുപ്പത്തിൽ മനസ്സ് നഷ്ടപ്പെടുന്ന അവസ്ഥ.... അങ്ങേയറ്റത്തെ ആഹ്ലാദം ചിലപ്പോൾ ഒരു നിമിഷത്തേക്കാക്കാം.... ഘടികാരത്തിലെ നിമിഷ സൂചിക ഒരു വട്ടം കറങ്ങിയെത്തുന്നതിനു മുൻപേ..... മനസ്സിന്റെ മലക്കംമറിച്ചിൽ..... നിരാശയുടെ.... വേദനയുടെ.... വെറുപ്പിന്റെ.... അറപ്പിന്റെ .... ദു:ഖത്തിന്റെ അഗാധ ഗർത്തത്തിലേക്ക് നിപതിക്കുന്ന ചന്ദ്രദാസ്.....


ശക്തി കൂടിയ മരുന്നിന്റെ പ്രവൃത്തനം നാഡീ ഞരമ്പുകളെ മന്ദീഭവിപ്പിക്കുകയും.... ശിഥിലമായ മനസ്സിനെ നിർവ്വികാരമായ ഒരു തരം ഏകാഗ്രതയിലെത്തിക്കുകയും ചെയ്തിരുന്നു.


ശരിക്കും അയാൾ മരിച്ചു ജീവിക്കുകയായിരുന്നില്ലേ..... പൂവിന്റെ ഗന്ധവും.... ഭംഗിയുമറിയാതെ തേൻ ഊറ്റുന്ന പറവയെപ്പോലെ...... സമസ്ത വികാരങ്ങളെയും തടവിലിട്ടു കൊണ്ട്....


ശരീരത്തിനുള്ളിലെ രോഗത്തേക്കാൾ... കഠിനമായിരുന്നോ മനസ്സിനുള്ളിലെ രോഗം..... വേദനയല്ലത്..... ഭ്രാന്തമായ ഒരു വികാരമാണത്.... അളന്നറിയാൻ ആവാത്തവിധം ആഴമുള്ളതാണ്.... പറഞ്ഞ് മനസ്സിലാക്കാൻ കഴിയാത്ത വിധം സങ്കീർണ്ണമാണ്..... മരണത്തേക്കാൾ ഭയാനകമാണ്.... മരണമാണ് ആനന്ദം.... മരണമാണ് വശ്യം.... സുന്ദരം.... മരണത്തിന്റെ തണുപ്പ് പുതച്ച ശരീരത്തിൽ നിന്ന് ആത്മാവ് സ്വതന്ത്രമാവുമ്പോൾ... ഇന്ദ്രീയങ്ങളുടെ സ്വയേച്ഛ നഷ്ടപ്പെട്ടു കഴിഞ്ഞാൽ.... പിന്നെ മനസ്സെന്ന പ്രതിഭാസമെവിടെ?... മനനം ചെയ്യുന്ന മനുഷ്യ ശരീരത്തിൽ നിന്നും ബോധ ഉപബോധ മനോ സംവേദനങ്ങൾ അവസാനിച്ചു കഴിഞ്ഞാൽ പിന്നെ..... സുഷുപ്തിയാണ്.... സുഖ സുഷുപ്തി....


ചന്ദ്രദാസിന്റെ ഡയറിക്കുറിപ്പുകൾ വായിച്ചു കഴിഞ്ഞപ്പോൾ... അയാൾ ഒരു തത്വജ്ഞാനിയോ.... ബുദ്ധിജീവിയോ..... അല്ലെങ്കിൽ ഒരു മുഴുഭ്രാന്തനോ... ആരായിരുന്നിരിക്കാം അയാൾ....


അൻമ്പതാം വയസ്സിൽ ചന്ദ്രദാസ് തന്റെ ജീവിതത്തിൽ നിന്നും സ്വയം നിഷ്ക്കാസിതനായപ്പോൾ.. ഒരു ചോദ്യം മാത്രം ബാക്കി നിന്നു....


ആരായിരുന്നു അയാൾ?....


ചന്ദ്രദാസ്  മരിച്ച് രണ്ടു മാസങ്ങൾക്ക് ശേഷമായിരുന്നു അതായത് ഇന്നലെ താൻ നാട്ടിലെത്തിയതും.... ശിവാനിയെ കണ്ടതും....


" എന്റെ ചന്ദ്രു പാവമായിരുന്നു... എന്നെ വിട്ട് ചന്ദ്രു പോയി... മനസ്സിന്റെ ആന്ദോളനങ്ങൾ ഇല്ലാത്ത സുഷുപ്തിയിലേക്ക്.... പൊയ്ക്കോട്ടെ.... എന്റെ ചന്ദ്രു വിശ്രമിച്ചോട്ടെ."... ഒരു തേങ്ങലോടെ ശിവാനി മുഖം പൊത്തി....


രാവേറുന്തോറും സമുദ്രം കൂടുതൽ പ്രക്ഷുബ്ദമായി.... ആർത്തലച്ചു വന്ന തിരമാല പാറക്കെട്ടിൽ തട്ടി ഛിന്നഭിന്നമായി... ഉപ്പുവെള്ളം ഒരു കുളിർ മഴ പോലെ മുഖത്ത് പതിച്ചപ്പോൾ ഞെട്ടി ഉണർന്നു...


ചന്ദ്രദാസ് എന്ന തന്റെ പ്രീയ സ്നേഹിതൻ.... പൊള്ളുന്ന ഒരു ഓർമ്മയായ്... മനസ്സിൽ തങ്ങി നിൽക്കുന്നു.... പ്രീയപ്പെട്ടവർക്കെല്ലാം.... ഒരു അപരിചിതനെപ്പോലെ........


തികച്ചും ഒരു അപരിചിതൻ.



                                                          സജി ജോസഫ്