ജനുവരിയിൽ ആദ്യമായി കൊറോണ റിപ്പോർട്ട് ചെയ്തതു മുതൽ കേരളത്തിൽ നമ്മൾ സ്വീകരിച്ച മുൻകരുതലുകളും തയ്യാറെടുപ്പുകളും മാത്രമാണ് ഒരു പരിധി വരെ കൊറോണയുടെ വ്യാപനം പിടിച്ചു നിറുത്താൻ നമ്മളെ സഹായിച്ചത്. അതിന് നമ്മുടെ ഭരണാധികാരികളും, ആരോഗ്യ പ്രവർത്തകരും, പോലീസ് ഉദ്യോഗസ്ഥർ, ജില്ലാ ഭരണാധികാരികൾ തുടങ്ങി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സന്നദ്ധ പ്രവർത്തകർ വരെ അഭിനന്ദനം അർഹിക്കുന്നു. ചില പാളിച്ചകൾ ഉണ്ടാവുന്നത് സ്വാഭാവികമാണ് അതും സമാനതകളില്ലാത്ത ഇത്തരം ഒരു അടിയന്തിര സാഹചര്യം നേരിടുമ്പോൾ. വീഴ്ചകൾ തിരുത്തി മുന്നോട്ടു പോകുമ്പോഴാണ് കീഴ് വഴക്കങ്ങൾ ഉണ്ടാവുന്നത് എന്ന് എല്ലാവരും മനസ്സിലാക്കുന്നത് നന്ന്.
എന്തിലും രാഷ്ട്രീയം കാണുക എന്നത് പൊതുവെ നമ്മൾ മലയാളികളുടെ ഒരു സ്വഭാവമാണല്ലോ ... പക്ഷേ ഇത്തരം ഒരു മഹാമാരിയെ നേരിടുമ്പോഴും ചിലരെങ്കിലും സങ്കുചിത രാഷ്ട്രീയ ലാഭത്തിനായി ഒത്തിരിപ്പേർ ചേർന്നു നടത്തുന്ന പ്രതിരോധ, നിയന്ത്രണ പ്രവർത്തനങ്ങളെ തകിടം മറിക്കാൻ ശ്രമിക്കുന്നു എന്നത് വേദനാജനകമാണ്. ഞാൻ രാഷ്ട്രീയം പറയാനല്ല ഇവിടെ വന്നത് എൻ്റെ കാഴ്ച്ചപ്പാടിലെ സത്യങ്ങൾ പറയുമ്പോൾ ആർക്കെങ്കിലും ചൊറിച്ചിലു വന്നാൽ എനിക്ക് ഒന്നും ചെയ്യാനില്ല.
ലോക്ക് ഡൗൺ ശരിയോ തെറ്റോ എന്ന വാദമുഖങ്ങൾ ഉണ്ടെങ്കിലും അത് തുടക്കത്തിൽ ചെയ്തത് ഒരു പരിധി വരെ 'രോഗ വ്യാപനം തടയുന്നതിന് ഉപകാരപ്പെട്ടു എന്നത് സത്യമാണ്. കേരളത്തേപ്പോലെ ശരിയായ രീതിയിൽ ലോക്ക് ഡൗൺ നടപ്പാക്കാത്ത സ്ഥലങ്ങളാണ് ഇന്ന് രോഗവ്യാപനം മൂലം ഏറെ കഷ്ടപ്പെടുന്നത് എന്നത് പച്ചയായ യാധാർത്ഥ്യം മാത്രം.
ആദ്യഘട്ടം വളരെ വിജയകരമായി പൂർത്തിയാക്കിയ നാം രണ്ടാം ഘട്ടത്തിലേക്കെത്തിയപ്പോഴാണ് വിവാദങ്ങളുടെ ഘോഷയാത്രയുണ്ടാകുന്നത്, അതും പ്രവാസികളുടെ ചിലവിൽ. പ്രവാസികൾ എന്നൊരു വർഗ്ഗം പിരിവിനു വേണ്ടി മാത്രം എന്നു കരുതിയിരുന്ന ഞാഞ്ഞൂലുകൾ പോലും പ്രവാസികളെ ഉദ്ധരിക്കാൻ ഇറങ്ങിപ്പുറപ്പെട്ട കാഴ്ച കണ്ട് മിക്കവാറും പ്രവാസികൾ ആനന്ദ പുളകിതരായിട്ടുണ്ടാവും.
അത്യാവശ്യമായി തിരിച്ചെത്തിക്കേണ്ട എല്ലാവരേയും തിരിച്ചെത്തിക്കണം എന്നതിൽ തർക്കമൊന്നും ഇല്ല പക്ഷേ എല്ലാവരേയും ഒറ്റയടിക്ക് അങ്ങ് എത്തിച്ചു കളയാം എന്ന് ആരെങ്കിലും കരുതുന്നുവെങ്കിൽ ഇപ്പോഴത്തേ സാഹചര്യങ്ങളേക്കുറിച്ച് ഒരു ധാരണയും ഇല്ലാത്തവരാണ് അവർ എന്ന് പറയേണ്ടി വരും. സർക്കാർ കണ്ടെത്തിയ രണ്ടു ലക്ഷം കിടക്കകളുടെ കണക്കും മറ്റും പറഞ്ഞു നടക്കുന്നവർ ഇത്രയും ആളുകൾ ഒന്നിച്ചെത്തിയാൽ നമ്മുടെ ആരോഗ്യ മേഖലക്കും മറ്റു നിയന്ത്രണ സംവിധാനങ്ങൾക്കും ഉണ്ടാകാനിടയുള്ള സമ്മർദ്ദം എത്രയാവും എന്ന് ചിന്തിച്ചിട്ടുണ്ടാവാൻ ഇടയില്ല.
അതിനോടൊപ്പം തന്നെ നാട്ടിലേക്കെത്തിപ്പെട്ടാൽ പിന്നെ തിണ്ണമിടുക്കു കാട്ടണം എന്നു കരുതുന്ന ചെറിയ ഒരു വിഭാഗം പ്രവാസികൾക്കൂടിയാവുമ്പോൾ പറയാനും ഇല്ല. ( കേരളത്തിനു പുറത്തുള്ള എല്ലാവരേയും ഉദ്ദേശിച്ചാണ് പ്രവാസികൾ എന്ന് പറയുന്നത്) ഇപ്പോൾ തന്നെ നമ്മൾ കാണുന്നുണ്ടല്ലോ നിരീക്ഷണ സംവിധാനങ്ങളെ പറ്റിച്ചു കൊണ്ട് കറങ്ങി നടക്കുന്ന പലരേയു. രണ്ടു ലക്ഷത്തിൽ 1% പേരെങ്കിലും ഇങ്ങനെ ചെയ്താൽ അതു തന്നെ 2000 പേർ ആകും. ഈ 2000 പേർ ഏതെങ്കിലും രീതിയിൽ രോഗ വാഹകരാണെങ്കിൽ എത്ര പേരിലേക്ക് രോഗം പരത്താം എന്ന് സാധാരണ ബുദ്ധിയിൽ ചിന്തിച്ചാൽ തന്നെ വിഷയത്തിൻ്റെ ഗൗരവം മനസ്സിലാക്കാവുന്നതേ ഉള്ളു. ഇതുവരെ മൊത്തം രോഗികൾ 2000 ആയിട്ടില്ല എന്നതു കൂടി കൂട്ടി വായിക്കുമ്പോൾ കുറച്ചു കൂടി വ്യക്തത വരും . പ്രവാസികളെ മൊത്തത്തിൽ ഉദ്ധരിക്കാൻ നടക്കുന്ന നേതാക്കളോ ചില പ്രവാസി സംഘടനകളോ പോലും ഒരാൾ രോഗിയാണെന്നു കണ്ടാൽ പിന്നെ ആ ഭാഗത്തേക്ക് തിരിഞ്ഞു നോക്കില്ല എന്നുകൂടി ഓർക്കുക. ( ചില നല്ല മാതൃകകൾ കണ്ടില്ലെന്നു നടിക്കുന്നില്ല).
ജൂണിൽ ഗൾഫിൽ നിന്നു മാത്രം 360 വിമാനങ്ങൾ അപ്പോൾ അതിൽ ഏകദേശം 72000 പേർ നാട്ടിലെത്തും അതിനു പുറമേയാണ് ചാർട്ടർ ചെയ്ത വിമാനങ്ങളിൽ വരുന്നവരും ഇന്ത്യയുടെ മറ്റു ഭാഗങ്ങളിൽ നിന്നും വരുന്നവരും. നിലവിൽ ഇപ്പോൾ 2 ലക്ഷത്തോളം പേർ നിരീക്ഷണത്തിൽ ഉണ്ട് എന്നതും മറക്കാൻ പാടില്ല. അതിനാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ ഒരു ഭരണ സംവിധാനത്തിനു ചെയ്യാനാവുന്നതിനും അപ്പുറം കേരളം ചെയ്യുന്നുണ്ട് എന്നത് നഗ്നമായ യാഥാർത്ഥ്യം .
ഇതെല്ലാം കണ്ടില്ലെന്നു നടിച്ച് നടക്കുന്ന ദോഷൈക ദൃക്കുകൾ ഇനിയും കുരച്ചുകൊണ്ടേയിരിക്കും .അവരേ നമുക്ക് അവഗണിക്കാം. ഇനി ചെയ്യേണ്ടത് ഓരോരുത്തരും രോഗം വരാനുള്ള സാഹചര്യങ്ങളിൽ നിന്നും മാറി നിൽക്കുക എന്നതാണ്. അതോടൊപ്പം നമ്മുടെ അയൽവക്കക്കാർ ആരും നിയന്ത്രണങ്ങൾ ലംഘിക്കുന്നില്ലെന്ന് ഉറപ്പു വരുത്തേണ്ട ഉത്തരവാദിത്തം കൂടി സ്വയം ഏറ്റെടുക്കുക. അതാണ് നമുക്ക് നമ്മുടെ നാടിനോട് ചെയ്യാൻ പറ്റുന്ന ഏറ്റവും വലിയ കടമ,അതാണ് രാജ്യസ്നേഹം...
നാം ചെയ്യേണ്ട കടമ നാം ഇപ്പോൾ ചെയ്തില്ലെങ്കിൽ വരും ആഴ്ചകളിൽ തന്നെ കേരളം മറ്റൊരു മഹാരാഷ്ട്രയോ തമിഴ്നാടോ ആകും എന്നത് സുനിശ്ചിതം. ഇനിയും ഇതു മനസ്സിലാക്കാതെ അവകാശങ്ങളേക്കുറിച്ചു മാത്രം പ്രസംഗിച്ച് കടമ മറക്കുന്നവരേപ്പോലെയായാൽ ബാക്കി ഒന്നും ഉണ്ടാവില്ലെന്ന തിരിച്ചറിവുകൂടി ഉണ്ടായാൽ നല്ലത്. കൊറോണക്കെന്ത് അവകാശബോധം.... സ്വയം സുരക്ഷിതനാവുക എന്നത് മാത്രമാണ് പ്രതിവിധി...
മനസ്സിലാക്കിയാൽ നല്ലത്

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ