2020 ജൂൺ 3, ബുധനാഴ്‌ച

ഒരു മഴക്കൊപ്പം

മഴയോടു ചേർന്നൊരാ പുലരിയേക്കാണുവാൻ

ഒരുപാടു നാളായ് ഞാൻ കാത്തിരിപ്പൂ
കനലുകളേറുമാ ദിനരാത്രമൊക്കെയും
ഒരു പാഴ്ക്കിനാവായ് മറഞ്ഞിടുന്നു
നനവാർന്ന മണ്ണിൻ പുതുമണമാസ്വദി-
ച്ചിവിടൽപ്പനേരമിരുന്നിടട്ടേ,
തരളിതരാമൊരാ തരുലതകൾ തൻ
മൃദുമന്ദ്രണങ്ങൾ ശ്രവിച്ചിടുമ്പോൾ
മനസ്സില്ലെരിയും നെരിപ്പോടിനുള്ളിലേ-
ക്കൊരു കൊച്ചു തെന്നലിൻ സാന്ത്വനവും
ഇനിയും കുളിർക്കാത്തൊരെൻ ഹൃത്തിനുളളിലേ-
ക്കൊരു ചാറ്റൽ മഴയെന്നു വന്നു ചേരും
പൊരിവേനലന്ത്യത്തിലെത്തിയോരീമഴ-
ത്തുള്ളികൾ പുത്തൻ പ്രതീക്ഷകളായ് .....
കാത്തിരിക്കുന്നു ഞാൻ പുത്തൻ പ്രതീക്ഷകൾ
പൂവണിയുന്ന സുദിനത്തിനായ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ