2022, ജൂലൈ 19, ചൊവ്വാഴ്ച

മാളു -സിബി പയ്യാവൂർ




 മനസ്സിൻ്റെ ഓർമ്മച്ചെപ്പിലെ ചില്ലുജാലകങ്ങളിലൂടെ തെളിയുന്ന ഓർമ്മകൾക്ക് എന്നും സൂര്യതേജസാണ് . ഏറെ നാളുകൾക്കു ശേഷമാണ് തിരുവനന്തപുരം നഗരത്തിലേക്ക് ഞാൻ തിരിച്ചെത്തുന്നത് .നാളെ സെക്രട്ടേറിയറ്റിൽ ഒരു സുപ്രധാന യോഗത്തിൽ പങ്കെടുക്കാനുണ്ട് . തയ്യാറായി പോന്നതിനാൽ ഇന്നത്തെ സായാഹ്നം വിശ്രമത്തിനായി മാറ്റിവെച്ചു.

 മധുരമുള്ള ഒട്ടേറെ ഓർമ്മകൾ സമ്മാനിച്ചിട്ടുണ്ട് ഈ നഗരം. ഓർമ്മകളുടെ ആ ചില്ലകൾക്കിടയിലൂടെ കണ്ണോടിക്കുമ്പോൾ 

ഇലകളുടെ ഇളക്കത്തോടൊപ്പം മനസ്സിൽ തെളിയുന്ന ഒരു മുഖം മറക്കാനാവില്ല.... മാളവിക... അതാണവളുടെ പേര്.... 

 തികച്ചും അപ്രതീക്ഷിതമായാണ് ഞങ്ങൾ പരിചയപ്പെടുന്നത്.

പത്തു വർഷങ്ങൾക്കു മുമ്പ് വയനാട്ടിൽ നിന്നും തിരുവനന്തപുരത്തേക്ക് മാറ്റം കിട്ടി എത്തിയ ഞാൻ ഓഫീസിൽ എല്ലാവരുമായി പരിചയപ്പെട്ടു വരുന്നതേ ഉണ്ടായിരുന്നുള്ളൂ, അപ്പോഴാണ് പുതുതായി നിയമിതയായ ജൂനിയർ എഞ്ചിനീയർക്ക് പരിശീലനം നൽകാനുള്ള ചുമതല എന്നിലേക്കെത്തുന്നത്. ഇതുവരേയും അങ്ങനെ ഒരു ഉത്തരവാദിത്തം ഏറ്റെടുക്കാത്ത ഞാൻ തുടക്കത്തിൽ  തെല്ലൊരു വിമുഖത കാട്ടിയെങ്കിലും മേലുദ്യോഗസ്ഥൻ്റെ സ്നേഹപൂർവമായ നിർബന്ധത്തിനു വഴങ്ങി സമ്മതിച്ചു. മാളവികയായിരുന്നു ആ ജൂനിയർ എഞ്ചിനീയർ.

കോഴിക്കോട്ടെ ഒരു പ്രമുഖ നായർ തറവാട്ടിലെ ഇളമുറക്കാരി ,ഏക മകൾ.

അവളുടെ ചുറുചുറുക്കും പ്രസരിപ്പും ആരെയും ആകർഷിക്കുന്ന സംസാര രീതിയും ആദ്യ ദിനം തന്നെ ശ്രദ്ധിച്ചിരുന്നെങ്കിലും തുടക്കത്തിൽ ചെറിയൊരു അകലം നിലനിർത്തുവാൻ ഞാൻ ശ്രമിച്ചു. അവൾ പ്രസരിപ്പോടെ എല്ലാ കാര്യങ്ങളും ചെയ്തിരുന്നെങ്കിലും അവളുടെ കണ്ണുകളിലെ ചെറിയൊരു മ്ലാനത എൻ്റെ ശ്രദ്ധയിൽ പെട്ടിരുന്നു .

അവൾ ആദ്യമായാണ് ഇത്രകാലം വീടുവിട്ട് നിൽക്കുന്നത് എന്നറിഞ്ഞപ്പോൾ അവളോട് ഞാൻ കുറച്ചു കൂടി സംസാരിക്കുവാൻ തുടങ്ങി. അടുത്തടുത്ത ജില്ലക്കാരാണെന്നതും നായർ പശ്ചാത്തലവും ഞങ്ങളെ കുറച്ചു കൂടി അടുപ്പിച്ചു. നമ്മൾ മലയാളികൾ പൊതുവെ അങ്ങനെയാണല്ലോ മതേതരത്വം പ്രസംഗിക്കുമെങ്കിലും സ്വന്തം കാര്യം വരുമ്പോൾ നമുക്ക് മത ജാതി ബോധം കുറച്ചു കൂടുതലാണ്.

 പരസ്പരം മനസ്സിലാക്കിയതോടെ അധികം താമസിയാതെ ഞങ്ങൾ കൂടുതൽ അടുത്തു. എൻ്റെ അനുജത്തിയിൽ നിന്നും ഏറെ പ്രായ വ്യത്യാസമില്ലാതിരുന്ന അവൾ എനിക്കെൻ്റെ കുഞ്ഞനുജത്തിയേപ്പോലെ തന്നെയായിരുന്നു , അവളുടെ ചെറിയ കുസൃതികളും കൊച്ചു തമാശകളും ഞാൻ ഏറെ ആസ്വദിച്ചു. അവളാണെങ്കിൽ എന്നെ ഒരു വല്യേട്ടനായി കണ്ട് അവളുടെ കൊച്ചു കൊച്ചു സങ്കടങ്ങളും സന്തോഷങ്ങളും ഞാനുമായി പങ്കിട്ടിരുന്നു. ചിലപ്പോൾ ഞങ്ങൾ പരസ്പരം വഴക്കടിച്ചു, ചിലപ്പോൾ  തർക്കിച്ചു . മനസ്സു തുറന്ന് സംസാരിക്കുവാൻ പറ്റുന്ന ഒരു സൗഹൃദം ഞങ്ങൾക്കിടയിൽ രൂപപ്പെട്ടു. ജോലിത്തിരക്കുകൾക്കിടയിൽ എനിക്കു നഷ്ടപ്പെട്ട എൻ്റെ പ്രിയപ്പെട്ട അനുജത്തിയുടെ സാമീപ്യവും അവളോടൊപ്പമുണ്ടാകേണ്ടിയിരുന്ന നിമിഷങ്ങളും മാളുവിലൂടെ ഞാൻ അനുഭവിക്കുകയായിരുന്നു.  ഞങ്ങളുടെ ഈ സൗഹൃദം അവളുടെ പരിശീലനത്തിൻ്റെ വിരസതകൾ ഒരു പരിധി വരെയെങ്കിലും കുറക്കുവാൻ സഹായിച്ചു. അങ്ങനെ പരിശീലന കാലാവധി കഴിയും മുൻപുതന്നെ അവൾ മിക്ക കാര്യങ്ങളും സ്വയം പര്യാപ്തയാകുകയും ചെയ്തു. നീണ്ട അവധി ദിവസങ്ങളിൽ നാട്ടിൽ പോകാത്ത സമയങ്ങളിൽ തിരുവനന്തപുരത്തിൻ്റെ സാംസ്കാരിക കേന്ദ്രങ്ങളിൽ ഞങ്ങൾ സ്ഥിര സന്ദർശകരായി മാറി. കലാ സാംസ്കാരിക വിഷയതാൽപര്യങ്ങളിലെ സാമ്യത പലപ്പോഴും ഞങ്ങളെ വി.ജെ.ടി ഹാളിലും, നിശാഗന്ധിയിലും കൊണ്ടുചെന്നെത്തിച്ചു. തീർത്തും സുതാര്യമായ ഞങ്ങളുടെ സൗഹൃദം പല വിഷമഘട്ടങ്ങളെയും ശാന്തമായി നേരിടാൻ ഏറെ  സഹായകമായി. മുൻ വിധികളില്ലാതെ എന്തിനേക്കുറിച്ചും പരസ്പരം അഭിപ്രായം ചോദിക്കാനുണ്ടായിരുന്ന സ്വാതന്ത്ര്യം പലപ്പോഴും ശരിയായ തീരുമാനങ്ങളെടുക്കാൻ ഏറെ സഹായകരമായിരുന്നു.

പ്രിയപ്പെട്ടവരെ വിട്ടകന്നു നിൽക്കുന്നതിൻ്റെ വിഷമം ഒരു പരിധി വരെ കുറക്കാൻ ഞങ്ങളുടെ സൗഹൃദം സഹായകരമായിരുന്നു എന്നതും നിസ്തർക്കമാണ്.


രണ്ടു വർഷം കടന്നു പോയത് ഞങ്ങൾ അറിഞ്ഞതേ ഇല്ല. അടുത്ത മാസം മാളുവിൻ്റെ പരിശീലന കാലാവധി കഴിയുകയാണ്  പരിശീലനം പൂർത്തിയാക്കുന്നവർക്ക് ഒരു വർഷം ഗ്രാമീണ മേഖലയിൽ ജോലി ചെയ്യണമെന്ന നിബന്ധനയുള്ളതിനാൽ മാളുവിന് പോയേ പറ്റൂ ഇടുക്കിയിലാണ് അവൾക്ക് നിയമനം കിട്ടിയിരിക്കുന്നത് . രണ്ടു വർഷത്തോളം അടുത്തിടപഴകിയിട്ട് പെട്ടെന്ന് പിരിയണമല്ലോയെന്ന ചിന്ത ഞങ്ങളെ സങ്കടപ്പെടുത്തിയിരുന്നെങ്കിലും  യാഥാർത്ഥ്യബോധത്തോടെ അതിനെ തരണം ചെയ്യാൻ ഞങ്ങൾക്കായി . ഒരു മാസത്തിനുശേഷം മാളു ഇടുക്കിക്കു പോയി എങ്കിലും ഞങ്ങളുടെ സൗഹൃദം തുടർന്നു. അവളുടെ കൊച്ചു കൊച്ചു സന്തോഷങ്ങളും സങ്കടങ്ങളും ഞാനുമായും തിരിച്ചും പങ്കുവെക്കാൻ  ഞങ്ങൾ സമയം കണ്ടെത്തി. 

രണ്ടു വർഷങ്ങൾ കൂടി കഴിഞ്ഞപ്പോൾ എനിക്ക് വീണ്ടും വയനാട്ടിലേക്ക് മാറ്റം കിട്ടി. ഞാൻ വയനാട്ടിലെത്തി രണ്ടു മാസം കഴിഞ്ഞപ്പോഴായിരുന്നു മാളുവിൻ്റെ വിവാഹം. വളരെ മിടുക്കനായ ഒരു സോഫ്റ്റ് വെയർ എഞ്ചിനീയറായിരുന്നു വരൻ ഐ.ഐ. ടി ബിരുദധാരിയായ  തേജസ്  കോഴിക്കോട്ടെ അറിയപ്പെടുന്ന ഒരു കുടുംബത്തിൽ നിന്നായിരുന്നു. വളരെ സൗമ്യനായ ഒരു ചെറുപ്പക്കാരൻ, ഇന്നിൻ്റെ ജാഡകളില്ലാത്ത പരസ്പരം ബഹുമാനിക്കാൻ മനസ്സുള്ള ആ ചെറുപ്പക്കാരനെ മാളു ശരിക്കും അർഹിച്ചിരുന്നു. അവളുടെ നല്ല മനസ്സിന് സർവ്വേശ്വരൻ അറിഞ്ഞനുഗ്രഹിച്ച് നൽകിയതാണ് ആ ചെറുപ്പക്കാരനെ എന്നതാണ് യാഥാർത്ഥ്യം. 

 മാളുവിൻ്റെ വിവാഹത്തിനു ശേഷം വർഷം 5 കഴിഞ്ഞിരിക്കുന്നു. അവളിപ്പോൾ ഭർത്താവിനും കുഞ്ഞിനുമൊപ്പം ന്യൂയോർക്കിൽ സ്ഥിരതാമസമാണ്. വിവാഹത്തിനു ഒരു വർഷത്തിനു ശേഷം അവളുടെ ഭർത്താവിന് ന്യൂയോർക്കിലേക്ക് മാറ്റമായി അതോടെ അവളും ജോലി രാജി വെച്ച് അവിടേക്കു പോയി. രണ്ടു വർഷം മുമ്പാണ് അവർക്കൊരു പെൺകുഞ്ഞു പിറന്നത് അതിനു ശേഷം കഴിഞ്ഞ വർഷം അവർ നാട്ടിലെത്തിയപ്പോഴാണ് ഞങ്ങൾ അവസാനമായി കണ്ടത്. അവളുടെ കുഞ്ഞും അവളേപ്പോലെ തന്നെ... കുസൃതി നിറഞ്ഞ അതേ കണ്ണുകൾ അതേ മുഖം... നിഷ്കളങ്കമായ അതേ ചിരി.. ആ കുഞ്ഞിനെ കയ്യിലെടുത്തപ്പോൾ ഒരു നിമിഷം ഞാൻ വീണ്ടും മാളുവിനോടൊപ്പമുണ്ടായിരുന്ന നിമിഷങ്ങളിലേക്ക് തിരിച്ചു പോയി. ഞങ്ങൾക്കിടയിലെ സൗഹൃദം ഒരു കോട്ടവും തട്ടാതെ ഇന്നും തുടർന്നു പോകുന്നത് പരസ്പര വിശ്വാസവും  ബഹുമാനവും പുലർത്തുന്ന ബന്ധങ്ങൾ എന്നും പൂത്തുലഞ്ഞുതന്നെ നിൽക്കും എന്നതിൻ്റെ തെളിവാണ്. 

ഞാൻ ചിന്തകളിൽ നിന്നും ഉണർന്നു , സമയം സന്ധ്യയായിരിക്കുന്നു. ഓർമ്മകൾ അയവിറക്കുമ്പോൾ സമയം പോകുന്നതേ അറിയില്ല. ഇനിയൊന്ന് കുളിച്ച് കിടന്നുറങ്ങണം നാളത്തെ പ്രഭാതത്തെ കൂടുതൽ ഉൻമേഷത്തോടെ എതിരേൽക്കാൻ.

1 അഭിപ്രായം: