നാളെ ക്വാറൻന്റൈൻ
അവസാനിക്കുകയാണ്,
മുറിയിൽ ഒപ്പം ഉള്ളവരെല്ലാം നല്ല ഉറക്കത്തിലായി, തുറന്നിട്ട ജനാലയിലൂടെ പുറത്തേക്ക് നോക്കി... കട്ടപിടിച്ച ഇരുട്ടിൽ ചില മിന്നാമിനുങ്ങകൾ പ്രകാശം വിതറുന്നു, തങ്ങളാണ് ലോകത്തെ പ്രകാശ പൂരിതമാക്കുന്നതെന്ന അഹങ്കാരത്തോടെ അവറ്റകൾ ഇരു ൾ പരപ്പിലൂടെ ഒഴുകി നടന്നു.... ചില മനുഷ്യരും ഇങ്ങനെയാണ്.... തങ്ങൾ ഇല്ലെങ്കിൽ ലോകമില്ല എന്ന അഹങ്കാരത്താടെ ജീവിക്കുന്നവർ, ഏതു മനുഷ്യനും വയലിലെ പൂവ് പോലെ പൂക്കുകയും... വെയിൽ തട്ടുമ്പോൾ വാടിപ്പോകുകയും ചെയ്യുന്നു.... പഠിച്ചിരുന്ന കാലത്ത് എപ്പഴോ ബൈബിൾ വായിച്ചപ്പോൾ ഉള്ളിൽ തട്ടിയ വാക്യം....
എന്നിട്ടും മനുഷ്യൻ അഹങ്കരിക്കുന്നു.. എന്നാൽ സൂഷ്മ നേത്രങ്ങളിൽ കൂടി പോലും കാണാൻ പ്രയാസമുള്ള കേവലം ഒരു വൈറസിന്റെ മുൻപിൽ ലോകം അടിയറവു പറഞ്ഞു.
തന്റെ ജീവിതവും ഇരുട്ടിലാണ്.... മിന്നാമിനുങ്ങിന്റെ വെളിച്ചം പോലുമില്ലാത്ത കുരിരുട്ട്.
ഇരുട്ടിന്റെ ആ നിഗൂഡ സൗന്ദര്യത്തോട് വല്ലാത്ത ആസക്തി തോന്നി.... ഇരുട്ടിലേക്കുള്ള തന്റെ അകലം കുറഞ്ഞു കുറഞ്ഞു വരികയാണ്.... അത് തന്നെ പൂർണ്ണമായി ഗ്രസിക്കുന്ന സമയം സമീപമാണ്. ഇനി അതിൽ നിമഗ്നനാകാൻ അധിക ദിനങ്ങൾ ഇല്ല.
നാളെ ഇവിടെ നിന്നിറങ്ങിയാൽ ഇനി എങ്ങോട്ട്?.... ഇത്രയും ദിവസങ്ങൾ കഴിഞ്ഞു പോയതറിഞ്ഞില്ല. എയർപോർട്ടിൽ നിന്ന് നേരെ ഇവിടെ എത്തിയതാണ്, സർക്കാരിന്റെ ക്വോറന്റൈൻ ക്യാമ്പ്.. നല്ല വൃത്തിയുള്ള മുറികൾ.... ഭക്ഷണം... പരിചരണം. വെളിച്ചവും വായുവും കടക്കുന്ന വാതായനങ്ങൾ ഉള്ള മുറി. റിയാദിലെ ക്യാമ്പിലെ താമസത്തേക്കാൾ എത്രയോ മടങ്ങ് നല്ലതാണ്.
റിയാദിലെ ആ ഇരുണ്ട മുറിക്കുള്ളിൽ, ആറേഴ് പേർ . .. "സാൻഡ്വിച്ച്" പോലെ മുകളിലും താഴെയുമായി അടുക്കിയിരിക്കുന്ന ബംഗ് ബെഡ്ഡുകൾ... അവനവന്റെ കട്ടിലുകളായിരുന്നു അവനവന്റെ ലോകം... ഇരിപ്പും... കിടപ്പും... ഭക്ഷണം കഴിക്കുന്നതും.... ടി.വി കാണുന്നതും... സ്വപ്നം കാണുന്നതും ഒക്കെ അവിടെത്തന്നെ. വെളിച്ചവും വായുവും കടക്കാത്ത സദാ സമയവും ഇരുൾ നിറഞ്ഞു കിടക്കുന്ന മുറി... അതിനുള്ളിൽ ദിനരാത്രങ്ങൾ തിരിച്ചറിയാറില്ല ... ഞെരക്കങ്ങളും... കൂർക്കംവലികളും കേൾക്കാം... മൂട്ടകൾ പ്രണയ പാരവശ്യത്തോടെ രക്തപാനം നടത്തുന്നത് ആരും അറിയാറില്ല... ഉച്ച്വാസവായുവും... അധോവായുവും കൂടിക്കലർന്നുണ്ടാകുന്ന ഗന്ധം... നാസാരന്ധ്രങ്ങളിൽ പറ്റിപ്പിടിച്ചിരിക്കും. ചിലർ ഉണർന്നിരിക്കുമ്പോൾ മറ്റുചിലർ ഉറങ്ങുന്നു... ഉറക്കെ സംസാരിക്കുന്നതോ ചിരിക്കുന്നതോ അനുവദനീയമല്ല... അടക്കിപ്പിടിച്ച സംസാരങ്ങൾ മാത്രം. ചെവിക്കുള്ളിൽ തിരുകിയ ഹെഡ് ഫോണിലൂടെ നാട്ടിലുള്ള ഭാര്യയുമായി സല്ലപിക്കുന്നവർ... മൊബൈൽ ഫോണിന്റെ ഡിസ്പ്ലേ ഗ്ലാസ്സിൽ ഉമ്മ വച്ച് പരസ്പരം ആത്മനിർവൃതി അടയുന്നവർ... രണ്ടും മൂന്നും ഒക്കെ വർഷങ്ങളായി ഭാര്യാസുഖം അനുഭവിക്കാൻ കഴിയാതെ.... സ്വയം തടവിലിട്ട കാമത്തെ..... നീല ചിത്രങ്ങളിലൂടെ ഭാവന കണ്ട് കരഞ്ഞും പിഴിഞ്ഞും തീർക്കുന്ന സാധുക്കൾ..
വെറും എണ്ണൂറ്റി അൻപത് റിയാലിന് പത്തും പന്ത്രണ്ടും മണിക്കൂറുകൾ ജോലി ചെയ്യുന്ന പാവങ്ങൾ... അതിൽ ബിരുദവും ബിരുദാനന്തര ബിരുദവുമൊക്കെ കൈവശം വച്ച് നിശബ്ദം തേങ്ങി.... നാട്ടിലെ അടുപ്പിൽ തീ പുകയുവാൻ... പ്രായം തികഞ്ഞു നിൽക്കുന്ന സഹോദരിമാർക്ക് ഒരു താലിച്ചരടിന്റെ സുരക്ഷിതത്വം കൊടുക്കാൻ .... പഴയ കൂര മാറ്റി രണ്ട് മുറിയും അടുക്കളയും കക്കൂസുമായി ഒരു വീട് വയ്ക്കാൻ... മക്കളെ ഇംഗ്ലീഷ് മീഡിയം സ്ക്കൂളിൽ പഠിപ്പിക്കാൻ ... അങ്ങനെ എത്രയെത്ര ആവശ്യങ്ങളും .. മോഹങ്ങളും ഉള്ളിൽ ഒതുക്കിപ്പിടിച്ച് പണിയെടുക്കുന്നവർ.
മോഹങ്ങളും മോഹഭംഗങ്ങളുമായി പ്രവാസം ചെയ്യുന്നവർ.
സൗദിയിൽ സ്വദേശിവൽക്കരണം ശക്തമാക്കി, അനേകർ തൊഴിൽ രഹിതരായി മടങ്ങുന്നു... ഇതിനിടയിലാണ് ഇടിത്തീ പോലെ കോവിഡ് ഉൽക്ക വർഷം തുടങ്ങിയത്. ലോകമെമ്പാടും കോവി ഡ് ഭീകരൻ സംഹാരതാണ്ഡവമാടുകയാണ്... അവന്റെ നിശ്വാസച്ചൂടിൽ മനുഷ്യർ ഈയ്യാംപാറ്റകളെപ്പോലെ ചിറക് കരിഞ്ഞ് വീണു കൊണ്ടിരുന്നു... ശവക്കൂനകൾക്കൊണ്ട് " കാലൻ" തുലാഭാരം നടത്തുന്നു... മൃതശരീരങ്ങൾ ആദരവ് പോലും അർഹിക്കാതെ കൂമ്പാരം കൂമ്പാരമായി കുഴിച്ചുമൂടപ്പെടുന്നു.... എത്രയോ ജനലക്ഷങ്ങളുടെ ജീവനാണ് ഓരോ ദിവസവും അവൻ കവർന്നെടുക്കുന്നത്. എത്രയെത്ര കുടുംബങ്ങളാണ് അനാഥമാവുന്നത്. ദേശ ഭാഷ വർഗ്ഗ വർണ്ണ ഭേദമില്ലാതെ ലോക സംസ്കൃതി വൈറസിന് മുൻപിൽ വീണുടഞ്ഞു.
മനുഷ്യരെ മുഖം മൂടി കൊണ്ട് വിരൂപമാക്കി.... പുതിയ മാനവീകത ഉദയം കൊണ്ടു... ജീവിതചര്യകൾ മാറ്റിമറിച്ചു... ആരാധനാലയങ്ങളും വിദ്യാലയങ്ങളും അടച്ചുപൂട്ടി... വിവാഹങ്ങൾ ആർഭാടരഹിതമായി വെറും ചടങ്ങിൽ ഒതുങ്ങി... ശവസംസ്ക്കാര ചടങ്ങുകൾ മാനദണ്ഡങ്ങളിൽ ഒതുക്കി.... ഉത്സവങ്ങളും പെരുന്നാളുകളും മനുഷ്യന്റെ മനസ്സിൽ മാത്രം കൊടികയറി ഇറങ്ങി.
ആറ് വർഷങ്ങൾക്ക് മുൻപാണ് നാൽപതാം വയസ്സിൽ താനും നാട് വിട്ടത്, മനസ്സോടെ അല്ലെങ്കിലും.... ജീവസന്ധാരണം തികച്ചും വഴിമുട്ടിയപ്പോൾ... ബിരുദങ്ങളും ആദർശങ്ങളുമെല്ലാം മാറ്റി വച്ച്... കടം കയറി... മുങ്ങുന്ന അവസ്ഥയിൽ സൗദി അറേബ്യയിൽ അന്നം തേടി എത്തിയത്.
നാൽപ്പത് വയസ്സു വരെ എന്തു ചെയ്യുകയായിരുന്നുവെന്ന് പലരും ചോദിച്ചിരുന്നു. പഠനവും... പിന്നീട് ജോലി അന്വേഷണവുമായി മുപ്പത്തിയഞ്ചു വയസ്സുവരെ അലഞ്ഞു. ജോലി എന്ന സ്വപ്നം മരീചികയായി മാറിയപ്പോൾ എല്ലാവരെയും പോലെ തന്നെ ഞാനും സ്വയം തൊഴിൽ കണ്ടെത്താൻ വേണ്ടിയായിരുന്നു അടുത്ത ശ്രമം.
അച്ഛൻ മരിക്കുമ്പോൾ അവശേഷിപ്പിച്ചത് പതിനഞ്ച് സെന്റും അതിൽ ഒരു പഴയ വീടും.... അതിൽ കെട്ടു പ്രായം കഴിഞ്ഞു നിൽക്കുന്ന ചേച്ചിയും ആസ്മാരോഗിയായ അമ്മയുമായിരുന്നു... കൂടാതെ അച്ഛൻ ബാക്കി വെച്ചു പോയ കുറെ കട ബാദ്ധ്യതകളും. അച്ഛൻ പല ബിസിനസ്സുകളും ചെയ്ത് പരാജയമടഞ്ഞ് ഉണ്ടായിരുന്ന ഭൂമി വിറ്റ് കടം വീട്ടിയും.... മനസ്സമാധാനത്തിന് വേണ്ടി മദ്യപിച്ചും എല്ലാം നശിച്ചിരുന്നു.… അച്ഛനും ഒരു സാധു മനുഷ്യനായിരുന്നു. ഒരു കച്ചവടത്തിലും വിജയിക്കാൻ കഴിയാതെ പലരാലും വഞ്ചിക്കപ്പെട്ടും ജീവിതത്തിൽ പരാജയമടഞ്ഞ പാവം മനുഷ്യൻ. മക്കൾക്ക് വേണ്ടി ഒന്നും കരുതാൻ കഴിഞ്ഞില്ലല്ലോ എന്നോർത്ത് പരിതപിച്ചിരുന്നു അവസാന നാളുകളിൽ.
മുപ്പത്തിയഞ്ചാമത്തെ വയസ്സിൽ ജോലിയെന്ന സ്വപ്നം അവസാനിപ്പിച്ച് സ്വന്തമായിട്ടെന്തെങ്കിലും ചെയ്തു ജീവിക്കണമെന്ന് കരുതി പതിനഞ്ച് സെന്റിൽ നിന്ന് അഞ്ച് സെന്റ് വിൽക്കാൻ അമ്മയോട് അനുവാദം ചോദിച്ചു.
" ഇനി ഇതു കൂടിയെ ഉള്ളൂ.…. അച്ഛൻ കച്ചവടം ചെയ്ത് നശിച്ചത് നീ കണ്ടതല്ലേ....നിന്നെക്കൊണ്ടതിനൊന്നും കൊള്ളില്ല... അതിലൊക്കെ വിജയിക്കണമെങ്കിൽ വക്ര ബുദ്ധി വേണം... നിനക്ക് അതില്ല... നീയും നിന്റെ അച്ഛനെപ്പോലയാണ്.. ചിന്തിച്ച് ചെയ്യ്"..... സുമയെ ഇറക്കി വിട്ടിട്ട് ഒന്നും കൊടുത്തിട്ടില്ല.
ചെറിയ കുട്ടികൾക്ക് ട്യൂഷൻ എടുത്തും, ആട് വളർത്തിയുമൊക്കെ കിട്ടുന്നതു കൊണ്ട് അടുപ്പിൽ തീ പുകച്ചിരുന്നു സുമേച്ചി. എന്റെ ഓരോ പരാജയങ്ങളിലും സുമേച്ചി ആശ്വസിപ്പിക്കുമായിരുന്നു...
"സാരമില്ല രഘൂ...നിനക്ക് ഒരു നല്ല സമയം വരും" സുമേച്ചി പറയുമായിരുന്നു.
രണ്ടാം കെട്ടുകാരനും വികലാംഗനുമായ ആ പഴയ പട്ടാളക്കാരന്റെ ആലോചനയുമായി ദല്ലാൾ വന്നപ്പോൾ, തനിക്ക് തീരെ ഇഷ്ടമില്ലായിരുന്നു... എന്നിട്ടും പാവം സുമേച്ചി സമ്മതിച്ചു.
" ഇതിലും വലുതായി സുമേച്ചിക്ക് ആഗ്രഹിക്കാൻ ഇനി എന്തുണ്ട് രഘൂ.." സാരിത്തലപ്പുകൊണ്ട് വേദനയുടെ നീരണിഞ്ഞ കണ്ണുകൾ തുടച്ചു കൊണ്ട് സുമേച്ചി ചോദിച്ചു . അലക്കി നിറം മങ്ങി അവിടവിടെ പിഞ്ചിക്കീറി തുന്നിച്ചേർത്ത സാരിയും ബ്ലൗസ്സും ധരിച്ചു നടക്കുന്ന അവളെ കാണുമ്പോൾ കണ്ണുകൾ അറിയാതെ നിറഞ്ഞിട്ടുണ്ട്..
വികലാംഗനായ രണ്ടാം കെട്ടുകാരന്റെ വധുവായി സുമേച്ചി ഇറങ്ങിപ്പോകുമ്പോൾ.... ഒരു താലിച്ചരട് പോലും വാങ്ങി നൽകാൻ കെൽപ്പില്ലാതെ പോയ ഞാൻ നിസ്സഹായതയോടെ വിതുമ്പി..
" സാരല്ല്യ... ചേച്ചിക്ക് വിഷമം ഒന്നൂല്ല്യ... നീ എന്തെങ്കിലും ചെയ്ത് ജീവിക്കാൻ നോക്ക്"... അപ്പോഴും അവൾ തന്നെ ആശ്വസിപ്പിച്ചു.
"കരിക്ക് "കച്ചവടം... മുളക് പൊടി, തേയില... ഏജൻസി ബിസിനസ്സുകൾ... ഒടുവിൽ ചായക്കട എന്നു വേണ്ട... എന്തെല്ലാം ശ്രമങ്ങൾ... ഒന്നിലും വിജയം കണ്ടില്ലെന്ന് മാത്രമല്ല കടക്കെണിയുലുമായി... ഒടുവിൽ അമ്മ പറഞ്ഞതു തന്നെ സംഭവിച്ചു... നഷ്ടങ്ങൾ മാത്രം ബാക്കിയായി... കഴിവില്ലായ്മയും... പ്രാപ്തിക്കുറവും... ചെയ്ത പണികളിലൊക്കെയുള്ള അജ്ഞതയും... പലരും മുതലെടുത്തു. അച്ഛനെപ്പോലെ തന്നെ... തോറ്റു മടങ്ങൽ...
വിവാഹം കഴിഞ്ഞ് രണ്ടു വർഷം പൂർത്തിയാകുന്ന ദിവസം സുമേച്ചിയുടെ ജഡം ഭർത്താവിന്റെ വീടിനടുത്തുള്ള പാറ ക്കുളത്തിൽ പൊന്തിക്കിടന്നു... ആത്മഹത്യയെന്ന് വിധിയെഴുതി പട്ടാളക്കാരൻ കൈ കഴുകി.
" നീ എന്തിനാടാ ഇങ്ങനെ ജീവിച്ചിരിക്കുന്നെ.... സ്വന്തം പെങ്ങളെ തല്ലിക്കൊന്ന് കുളത്തിലെറിഞ്ഞ ആ പട്ടിയോട് ഒരു വാക്ക് എങ്കിലും ചോദിക്കാൻ നിനക്ക് ധൈര്യം ഉണ്ടായോ".... അമ്മ പൊട്ടിക്കരഞ്ഞു കൊണ്ട് ചോദിച്ചു... " എന്തിനാടാ എനിക്ക് ഇങ്ങനെ ഒരു മകൻ" എന്റെ കൈ പിടിച്ചുലച്ചു കൊണ്ട് അമ്മ അലറിക്കരഞ്ഞു. തകർന്നു പോയ അമ്മയുടെ മുഖത്ത് നോക്കാൻ ഭയപ്പെട്ടു..
ഇല്ല... എനിക്കൊന്നിനും കഴിഞ്ഞില്ല.. " കഴിവുകെട്ടവൻ... മണ്ടൻ... ആണത്തം ഇല്ലാത്തവൻ"... ജനങ്ങൾ തന്നെ ക്കുറിച്ച് അടക്കം പറഞ്ഞ് പരിഹസിച്ചു.....
തികഞ്ഞ പരാജയ ചിന്തകളും, ആത്മവിശ്വാസം ഇല്ലായ്മയും അപകർഷതാ ബോധവും മൂലം ജീവിതത്തിന്റെ ദിശാബോധം നഷ്ടപ്പെട്ട തന്നെ പതുക്ക പതുക്കെ വിഷാദരോഗം പിടിമുറുക്കി .
കടം തിരികെ കൊടുക്കുവാനുള്ളവരുടെ ഭീഷണി കൂടി കൂടി വന്നപ്പോൾ... വീണ്ടും അഞ്ച് സെന്റും കൂടി വിറ്റു.
ഇനി ശേഷിക്കുന്നത് അഞ്ച് സെന്റും... പൊളിഞ്ഞു വീഴാറായി നിൽക്കുന്ന വീടും... പിന്നെ ഗതിയില്ലാതെ അലയുന്ന പ്രേതാത്മാക്കളെ പോലെ അമ്മയും... ഞാനും..
"എന്താ മാഷേ ഉറങ്ങുന്നില്ല... മണി രണ്ടായല്ലോ"?... അടുത്ത കട്ടിലിൽ കിടക്കുന്നയാൾ ചോദിച്ചു.
"നാളെ ക്വാറന്റൈൻ കഴിയും... പോണം", ഞാൻ മറുപടി പറഞ്ഞു.
" വീട്ടിൽ നിന്ന് വണ്ടിയുമായി ആരെങ്കിലും വരുമോ", അയാൾ വീണ്ടും ചോദിച്ചു.
"ഹേയ്... വരാനാരുമില്ല... ഓട്ടോ പിടിച്ചു പോണം"
" എന്നാൽ കിടന്ന് ഉറങ്ങാൻ നോക്ക്... രാവിലെ പോകേണ്ടതല്ലേ"... അയാൾ പറഞ്ഞു,
തനിക്ക് എങ്ങിനെ ഉറങ്ങാൻ കഴിയും... നാളെ എങ്ങോട്ട് പോകും.
പുറത്തെ ഇരുട്ടിന് കനം വയ്ക്കുന്നു... കട്ടപിടിച്ചതു പോലെ.
ആറ് വർഷങ്ങൾക്ക് മുൻപ് നാടു വിടുമ്പോൾ... ബാക്കിയുണ്ടായിരുന്ന അഞ്ച് സെന്റും ബാങ്കിന് പണയപ്പെടുത്തി തുക വാങ്ങി.
"മോൻ പൊയ്ക്കോ...എവിടെയെങ്കിലും പോയി ജീവിയ്ക്ക്... ഈ നശിച്ച നാട്ടിൽ നിന്ന് എങ്ങോട്ടെങ്കിലും പൊയ്ക്കോ.... പൊയ്ക്കോ.... നി ഇങ്ങനെ ശാപമേറ്റവനെ പോലെ അലഞ്ഞുതിരിയുന്നതു കാണാൻ അമ്മയ്ക്ക് വയ്യാ".... അമ്മ പറഞ്ഞു.
" അമ്മ തനിച്ചിവിടെ"?...
"സാരമില്ല... അമ്മ നിന്നോളാം... നീ ഇങ്ങനെ ഗതി കിട്ടാതെ അലയുന്നതു കാണേണ്ടല്ലോ"
അടുത്തു താമസിക്കുന്ന അകന്ന ബന്ധത്തിൽപ്പെട്ട അമ്മാവനോട്.. അമ്മയെ ഒന്നു ശ്രദ്ധിക്കണം എന്ന് അപേക്ഷിക്കുമ്പോൾ... അയാളും പറഞ്ഞു....
" നീ ഈ നാട്ടിന്ന് പോ രഘൂ... എവിടെയെങ്കിലും പോയി തോട്ടിപ്പണിയെങ്കിലും ചെയ്യ്"....
എണ്ണൂറ്റി അൻപത് സൗദി റിയാൽ ശമ്പളത്തിൽ റിയാദിലെ ഒരു ഫാസ്റ്റ് ഫുഡ് ഭക്ഷണശാലാ ശ്രംഘലയിൽ ജോലിക്കായി വിമാനം കയറുമ്പോൾ... തനിക്ക് ഒരു സ്വപ്നങ്ങളും ഇല്ലായിരുന്നു... അല്ലെങ്കിൽത്തന്നെ കനവു കാണാനുള്ള പ്രായം ഒക്കെ കഴിഞ്ഞിരിക്കുന്നു. മനസ്സ് നീര് വറ്റി വീണ്ടു കീറിയ ഒരു ഊഷര ഭൂമിയായി മാറിക്കഴിഞ്ഞിരുന്നു....
പോയി മൂന്ന് വർഷം കഴിഞ്ഞ് ഒരു മാസത്തെ അവധിക്ക് തിരികെ വന്നു. ഒന്നുമില്ലെങ്കിലും അമ്മയ്ക്ക് കഞ്ഞിയ്ക്കും മരുന്നിനുമുള്ളത് കൊടുക്കാൻ പറ്റുന്നുണ്ടല്ലോ.... ചാരിത്യാർത്ഥ്യം തോന്നി.
തന്റെ സ്വന്തം നാട് തനിക്ക് എന്തു നൽകി?...
പരാജയങ്ങളും... പരിഹാസങ്ങളും... നിന്ദയും... ചതിയുമല്ലാതെ...
അമ്മയെ ഇടയ്ക്കിടെ വന്ന് അന്വേഷിക്കാൻ ഒരു സ്ത്രീയെയും ഏർപ്പാടാക്കി,
തിരികെ മടങ്ങുമ്പോൾ അമ്മ ഓർമ്മിപ്പിച്ചു...
"മോനെ... ഈ വീട് ഒന്ന് ശരിയാക്കി.... നിനക്ക് വേണ്ടേ ഒരു ജീവിതം... കല്യാണപ്രായമൊക്കെ കഴിഞ്ഞെങ്കിലും .. ഞാൻ ഇല്ലാതായാൽ നിനക്ക് " നാഴി" വെള്ളം തരാൻ ആരെങ്കിലും വേണ്ടേ"
നിസ്സംഗമായ ഒരു ചിരിയിൽ മറുപടി ഒതുക്കി അമ്മയോട് യാത്ര പറഞ്ഞു.
തിരിച്ചുള്ള യാത്രയിൽ മുഴുവൻ അമ്മയുടെ വാക്കുകൾ ഹ്രദയത്തിൽ തട്ടിക്കൊണ്ടിരുന്നു..... വിവാഹം!!!!
കൗമാരത്തിന്റെ ആരംഭത്തിൽ എപ്പൊഴോ... മനസ്സിൽ മൊട്ടിട്ട മോഹം... ഉമയുടെ മുഖം നിഴൽ വിരിയുന്നതുപോലെ അകക്കണ്ണാടിയിൽ തെളിഞ്ഞു തെളിഞ്ഞു വന്നു.
തുടക്കം ഒരു മൗനരാഗമായി മൂളി.... സാന്ദ്രമായ മൗനം ഭേദിച്ച്.. ഷഡ്ജം... മദ്ധ്യമം... പഞ്ചമം അതാതു സ്ഥാനങ്ങളിൽ ചേർന്ന്... ഏക ശ്രുതി മീട്ടിയ സംഗീതമായി മാറിയ പ്രണയം...
വിഘ്നങ്ങൾ ഏറെ ഉണ്ടായിരുന്നെങ്കിലും... ഉമ തന്നോട് കൂടുതൽ കൂടുതൽ അടുത്തു... വെറും കൗമാര ചാപല്യങ്ങൾക്കപ്പുറം.. ജീവിതം പങ്കു വയ്ക്കുവാൻ കൊതിച്ചിരുന്നു. ആത്മാവിൽ ആവഹിച്ചെടുത്ത്.. അനന്തമായ ജീവിത പ്രയാണത്തിൽ സന്തത സഹചാരിയായി കൂടെ നടക്കുവാൻ അവൾ ആഗ്രഹിച്ചിരുന്നു.
കലാലയത്തിന്റെ പടികൾ ഇറങ്ങുമ്പോൾ അവൾ ചോദിച്ചു...
"എത്ര നാൾ കാത്തിരിക്കണം"...
ബിരുദ സർട്ടിഫിക്കറ്റുകളുടെ ഭാരവും പേറി ... പല വാതിലുകൾ മുട്ടിത്തളർന്ന്... ഒടുവിൽ ഗ്രാമീണ വായന ശാലയിലെ പുറച്ചട്ട മുഷിഞ്ഞ പുസ്തകങ്ങളുമായി .... കശുമാവിൻ ചില്ലകൾ ഇരുൾ വീഴ്ത്തിയ ഇടവഴികളിലൂടെ മൂകം അലയുമ്പോഴും.... അവൾ എന്നോടൊപ്പം ഉണ്ടായിരുന്നു .. ഒരു നിഴൽ പോലെ... എന്റെ നിഴലായ്... ഉമ...
"രഘുവേട്ടാ... ഇനി എനിക്ക് പിടിച്ചു നിൽക്കാനാവില്ല... ഞാൻ എന്തു ചെയ്യണം?... ഒന്നു വിളിച്ചാൽ മതി ഞാൻ കൂടെ വരാം"... അവൾ നെഞ്ചുപൊട്ടിപ്പറഞ്ഞു.
നിസ്സഹായനായിരുന്നു ഞാൻ .... എങ്ങോട്ട് അവളെ കൂട്ടിക്കൊണ്ടുപോകും.. ഉടുതുണിയ്ക്ക് മറുതുണിയില്ലാതെ... സ്വയം വിശപ്പടക്കാൻ പോലും നിവൃത്തിയില്ലാതെ.... പലിശക്കാരുടെ ആക്രോശവും ഭീഷണിയും നേരിടുന്ന ഞാൻ അവളെ.... എന്റെ നരക ജീവിതത്തിലേക്ക് വലിച്ചിഴയ്ക്കാൻ തയ്യാറായില്ല... പിന്നീടുള്ള ദിവസങ്ങൾ ഒക്കെ അവളെ കാണാതെ ഒളിച്ചു നടന്നു.... ഭീരുവിനെപ്പോലെ....
ഒടുവിൽ..... കുന്നിൻ പുറത്തെ അമ്പലത്തിൽ വെച്ച് മറ്റൊരാൾ അവളുടെ കഴുത്തിൽ താലി ചാർത്തുന്നതും.... അലങ്കരിച്ച കാറിൽ കയറി അവൾ യാത്രയാവുന്നതും..... ദൂരെ മാറി മറഞ്ഞു നിന്ന് വേദനയോടെ ഞാൻ കണ്ടു... എന്റെ നിഴൽ എനിക്ക് നഷ്ടമാകുന്നു.... എന്റെ നിഴലിന്റെ മരണം.....
തീരെ ഉറങ്ങാൻ പറ്റുന്നില്ല... നാളെ ഇവിടെ നിന്നിറങ്ങിയാൽ എങ്ങോട്ട് പോകും!!!
മുറിയുടെ വാതിൽ തുറന്ന് പുറത്തേക്കിറങ്ങി... ആ ഇരുട്ടിൽ മെല്ലെ നടന്നു...
അമ്മ മരിച്ചിട്ട് മൂന്നു മാസം കഴിഞ്ഞു... കൊറോണയുടെ വ്യാപനം തുടങ്ങിയപ്പോൾ മുതൽ വിമാന സർവ്വീസുകൾ നിർത്തിയിരുന്നു. അമ്മയെ അവസാനമായി ഒരു നോക്ക് കാണാനോ.... അന്ത്യ കർമ്മങ്ങൾ ചെയ്യാനോ പോലും... വിധി അനുവദിച്ചില്ല. അകന്ന ചില ബന്ധുക്കളും നാട്ടുകാരും ചേർന്ന് ശവദാഹം നടത്തി. സ്വന്തം മണ്ണിൽ കിടന്ന് മരിക്കാൻ പോലും അമ്മയ്ക്ക് ഭാഗ്യമുണ്ടായില്ല.
ലോൺ എടുത്ത പണം തിരിച്ചടക്കാൻ കഴിയാതെ പോയതിനാൽ... ഇത്തിരി പറമ്പും വീടും ശേഷിച്ചിരുന്നത് ബാങ്ക് ജപ്തി ചെയ്തു......
പാവം അമ്മ... ജീവിതത്തിൽ ഒരിക്കൽ പോലും ഒരു സന്തോഷവും അനുഭവിക്കാതെ... അമ്മയുടെ ഒരാഗ്രഹങ്ങളും നടത്തിക്കൊടുക്കാൻ തനിക്കായില്ല. അവസാനമായി ആ ജഡമൊന്നു കാണാൻ പോലും.... വിധി കോവിഡിന്റെ രൂപത്തിൽ തനിക്കെതിരായി....
കഴിഞ്ഞ അഞ്ചാറ് മാസമായി വിട്ട് മാറാത്ത പനി തന്നെ അലട്ടിക്കൊണ്ടിരുന്നു. സാധാരണ പനിക്കുള്ള ടാബ്ലറ്റുകൾ ഒക്കെ കഴിച്ച് ജോലിക്ക് പോയിക്കൊണ്ടിരുന്നു. ദിവസേന ക്ഷീണം കൂടി വന്നതല്ലാതെ കുറവ് ഒന്നും കണ്ടില്ല. കോവിഡ് പടരുന്നതിന് ഒരു മാസം മുൻപായിരുന്നു അത്, കൂടെ താമസിക്കുന്ന സുഹൃത്തുക്കളുടെ നിർബന്ധത്തിന് വഴങ്ങി കിംങ് ഖാലിദ് ഹോസ്പിറ്റലിലെ മലയാളിയായ ഡോക്ടറെ പോയി കണ്ടത്.
എന്തായാലും കൂടെ കൂടെ പനി വരുന്നതല്ലേ .. രക്തം ഒന്നു പരിശോധിക്കാം എന്നു പറഞ്ഞ് ഡോക്ടർ ബ്ലഡ് ടെസ്റ്റിന് എഴുതി... ലാബിൽ ബ്ലഡ് കൊടുത്തു തിരികെ പോന്നു. രണ്ടാമത്തെ ദിവസം ഹോസ്പിറ്റലിൽ പതോളജിക്കൽ സെക്ഷനിൽ നിന്ന് ഫോൺ വന്നു... ഒന്നുകൂടി ബ്ലഡ് കൊടുക്കണമെന്ന് പറഞ്ഞ്... വീണ്ടും പോയി ഒരു പ്രാവശ്യം കൂടി രക്തപരിശോധന നടത്തി.... പിറ്റേന്ന് വരാൻ പറഞ്ഞു.
ഡോക്ടറുടെ ക്യാബിനിൽ അദ്ദേഹത്തിന് അഭിമുഖമായി ഇരിക്കുമ്പോൾ.... മറിച്ചൊന്നും ചിന്തിച്ചില്ല...
ഫയലിൽ നിന്ന് റിപ്പോർട്ട് എടുത്ത് കൈയ്യിൽ പിടിച്ചു കൊണ്ട്... ഒന്നുകൂടി സൂഷമമായി പരിശോധിച്ചു കൊണ്ട് എന്റെ നേരേ നോക്കി...
" രഘു നന്ദൻ.".
"യെസ് ഡോക്ടർ"...
" ഞാൻ പറയുന്നത് ആത്മസംയമനത്തോടെ കേൾക്കണം."
"എത്ര വർഷമായി റിയാദിൽ വന്നിട്ട്"?
"ആറ് വർഷം"
" വീട്ടിൽ ആരൊക്കെയുണ്ട്"?
" അമ്മ മാത്രമെയുള്ളൂ,"...
" ഭാര്യ... കുട്ടികൾ"...
" വിവാഹിതനല്ല"...
" അതെന്താ?"..
"കഴിഞ്ഞില്ല.... അത്രമാത്രം
" സഹോദരങ്ങൾ?"....
" ആരുമില്ല"....
" എവിടെയാ വർക്ക് ചെയ്യുന്നത്?"....
" ഒരു ചെറിയ ജോലിയാ... തുശ്ചമായ ശമ്പളം"... മറുപടി പറഞ്ഞു
" രഘു നന്ദൻ... നിങ്ങൾക്ക് അൽപ്പം കോംപ്ലിക്കേറ്റഡ് ആയ സ്റ്റേജാണ്... രക്തത്തിൽ ശ്വേത രക്താണുക്കളുടെ അമിതവും അസാധാരണവുമായ വർദ്ധനവാണ് കാണിക്കുന്നത്... അതൊന്നു കൂടി കൺഫേം ചെയ്യാൻ വേണ്ടിയാ രണ്ടാമതും ബ്ലഡ് ടെസ്റ്റ് നടത്തിയത്.
ഐ മീൻ .... ലുക്കീമിയ .. കൂടിയ സ്റ്റേജിൽ ആയിക്കഴിഞ്ഞു.... ഡോക്ടർ വിഷമത്തോടെ പറഞ്ഞു.
ഡോക്ടർ മിനറൽ വാട്ടറിന്റെ ബോട്ടിൽ തുറന്ന് തണുത്ത വെള്ളം ഗ്ലാസ്സിലേക്ക് പകർന്ന് എന്റെ നേരേ നീട്ടി.... " കുടിയ്ക്ക്"
വെള്ളം വാങ്ങി കുടിയ്ക്കുമ്പോൾ ഭയമോ... ദുഖമോ... നിരാശയോ... ഒരു വികാരങ്ങളും തോന്നിയില്ല. നിർവ്വികാരമായ ഒരു മരവിപ്പ് മാത്രം... മരണത്തിന്റെ തണുത്ത കരങ്ങൾ മെല്ലെ സ്പർശിക്കുന്നതു പോലെ.
" നാട്ടിൽ പൊയ്ക്കൊള്ളൂ... ഇവിടെ നിൽക്കുന്നതിൽ അർത്ഥമില്ല, തിരുവനന്തപുരം ശ്രീചിത്തിരയിലെ ഒരു ഡോക്ടർക്ക് റഫർ ചെയ്യാം... ഡോക്ടർ പറഞ്ഞു.
" ചികിത്സിച്ചാൽ ഫലം ഉണ്ടാകുമോ ഡോക്ടർ"?..... നിസ്സംഗമായി ചോദിച്ചു.
ഡോക്ടർ നിസ്സഹായമായ ഒരു വിളറിയ ചിരിയിൽ മറുപടി ഒതുക്കി.
തിരികെ റൂമിൽ എത്തിയപ്പോൾ... റൂമിലുള്ളവർ രോഗവിവരം ആരാഞ്ഞു.
" ഹേയ്.. കുഴപ്പമൊന്നുമില്ല... ബ്ലഡിൽ ചെറിയ പ്രശ്നങ്ങൾ.... മരുന്ന് തന്നിട്ടുണ്ട്"...
എന്തിന് വെറുതെ അവരെ വിഷമിപ്പിക്കണം...
ആദ്യം ഓർത്തത് അമ്മയെയാണ്.... താൻ പോയാൽ അമ്മയ്ക് ആരുണ്ട്.
അവ്യക്തമായ ചിന്താ ഭാരങ്ങളാൽ മനസ്സുലയന്നുണ്ടായിരുന്നു. ദിവസങ്ങൾ ഓരോന്നായി കടന്നുപോയി... ക്ഷീണം കൂടി വരുന്നു... തിരികെ മടങ്ങാൻ തീരുമാനമെടുത്ത ദിനങ്ങളായിരുന്നു പിന്നീട്.
" ഞാൻ നാട്ടിൽ പോവുകയാണ്"... കൂടെയുള്ളവരോട് പറഞ്ഞു.
" അതെന്താ പെട്ടെന്ന്".?... അവർ ചോദിച്ചു.
"രണ്ടു മാസം റെസ്റ്റ് എടുക്കാൻ ഡോക്ടർ പറഞ്ഞിരുന്നു"....
അടുത്ത് വന്ന ഒരു ഒഴിവ് ദിവസം 'ബത്തയിൽ' പോയി അമ്മയ്ക്ക് രണ്ടു സെറ്റുമുണ്ടും കവിണിയും.. ടൈഗർ ബാമും ഒക്കെ വാങ്ങി വച്ചു.
ഇതിനിടയിൽ കോവിഡ് സൗദി അറേബ്യയിലും പിടിമുറുക്കി... ലോകം നിശ്ചലമായി.... ഇറ്റലിയും ഫ്രാൻസും അമേരിക്കയുമൊക്കെ ശവപ്പറമ്പുകളയായി മാറി. ശവക്കൂനകൾക്ക് മുൻപിൽ പകച്ചു നിന്നു..... എല്ലായിടത്തും ലോക്ക് ഡൗൺ.... ഈ മഹാമാരിയെ എങ്ങിനെ കൈകാര്യം ചെയ്യണമെന്നറിയാതെ ഭരണാധികാരികൾ.... തളർന്നു.
എല്ലാ നഗരങ്ങൾക്കുമൊപ്പം റിയാദും അടച്ചുപൂട്ടി.... ഞങ്ങളുടെ ക്യാംമ്പിലും കോവി ഡ് ബാധിച്ചു. കൂടെ ജോലിചെയ്യുന്ന ചിലരെ രോഗം പിടികൂടി.... മലയാളികളായ മൂന്ന് സുഹൃത്തുക്കൾ മരണത്തിന് കീഴടങ്ങി.... ബിജുവും.... ഫൈസലും... ജയനും.
ബിജുവിന് രണ്ടാമത്തെ കുട്ടിയുണ്ടായിട്ട് ആറ് മാസമേ ആയിട്ടുള്ളൂ.... ഫൈസലിന്റെ കല്യാണം കഴിഞ്ഞിട്ട് ഒരു വർഷവും... ജയന് ഭാര്യയും രണ്ട് കുഞ്ഞുങ്ങളും മാതാപിതാക്കളും അടങ്ങുന്ന കുടുംബം. അവരുടെ ജഡങ്ങൾ പോലും അവസാനമായി പ്രീയപ്പെട്ടവർക്ക് കാണാൻ കഴിഞ്ഞില്ലാ. ഉറ്റവരെയും ഉടയവരെയും കാണാതെ ഈ മരുഭൂമിയിൽ ചിറക് കരിഞ്ഞ വീണ ശലഭങ്ങൾ.
താൻ നാട്ടിലേക്ക് മടങ്ങാനായി തയ്യാറാക്കുന്ന സമയത്തായിരുന്നു വിമാന സർവീസുകൾ നിർത്തി വച്ചത്... ഇതിനിടയിലാണ് അമ്മയുടെ മരണം അറിയിച്ചു കൊണ്ട് ഫോൺ കോൾ വന്നത്... കുഴഞ്ഞ് വീണ് മരണം.....
ഒരു മനുഷ്യനോട് വിധി ഇത്ര ക്രൂരമായി ഇടപെടുമോ....
അമ്മയ്ക്കായി വാങ്ങിയ മുണ്ടും കവിണിയും പെട്ടിയിലിരിപ്പുണ്ട്....
തിരികെ കട്ടിലിൽ വന്നു കിടന്നു. ഒന്നുമയങ്ങി..... നേരം വെളുത്തിരിക്കണു
" പതിനൊന്നു മണിയോടെ നിങ്ങൾക്ക് പോകാം"... ഹെൽത്ത് വർക്കർ പേപ്പർ തന്നുകൊണ്ട് പറഞ്ഞു.
ആദ്യം ജയന്റെ വീട്ടിൽ പോകാം, അവന്റെ പെട്ടിയും ചില്ലറ സാധനങ്ങളും, ശമ്പളത്തിലെ ബാക്കി പണവും മാനേജർ തന്നെ ഏൽപ്പിച്ചിരുന്നു.... വീട്ടിൽ ഏൽപ്പിക്കണം,
തന്റെ ഒരു ചെറിയ ബാഗു മാത്രമെയുള്ളൂ ... അതും ജയന്റെ പെട്ടിയും എടുത്ത് പുറത്തിറങ്ങി. ഓട്ടോ പിടിച്ചു ജയന്റെ വീട് ലക്ഷ്യമാക്കിയുള്ള യാത്ര... എങ്ങിനെ താൻ അവരെ അഭിമുഖീകരിക്കും.... മുറ്റം വരെ ഓട്ടോ ചെല്ലുകയില്ല... അൽപ്പം ഇടുങ്ങിയ വഴിയിലൂടെ നടന്ന് മുറ്റത്തെത്തി.
നാല് ചുവരുകളിൽ പഴയ കട്ടിളയും ജനലുകളും വച്ച് കെട്ടിപ്പൊക്കി നിർത്തിയിരിക്കുന്ന പണിതീരാത്ത ഒരു വീട്.... ഏതോ നഷ്ട സ്വപ്നത്തിന്റെ ശേഷിപ്പ് പോലെ.... അതിനരികിലായി ഒരു ഷെഡ്... അതിനുള്ളിൽ നിന്ന് രണ്ട് കുട്ടികൾ ഓടിയിറങ്ങി വന്നു, ജയന്റെ മക്കൾ.... തന്റെ കൈയ്യിലിരിക്കുന്ന പെട്ടിയിലേക്കും പിന്നെ മുഖത്തേക്കും മാറി മാറി നോക്കിക്കൊണ്ട് വിളിച്ചു പറഞ്ഞു.
"അമ്മേ ദേ... ഒരാള് വന്നിരിക്കണ്"...
പഴകി പിഞ്ചിയ നൈറ്റിയിട്ട് മുഖത്ത് രക്തമയമില്ലാതെ.... വിറക് അടുപ്പ് ഊതി കത്തിച്ചപ്പോൾ പറന്നുയർന്ന ചാരം തലയിൽ പറ്റിപ്പിടിച്ചിരിക്കുന്ന പെൺകുട്ടി പുറത്തേക്കിറങ്ങി വന്നു... സംശയത്തോടെ നോക്കി....
ജയന്റെ ഭാര്യ... വിദേശ മലയാളിയുടെ സഹധർമിണി!!!!
" ഞാൻ .. ഞാൻ.. ജയന്റെ സുഹൃത്താണ്... രഘു നന്ദൻ"... വാക്കുകൾ വിക്കി വിക്കി പുറത്തേക്ക് വന്നു.
"അച്ഛന്റെ കൂട്ടുകാരൻ... അച്ഛന്റെ കൂട്ടുകാരൻ"..... കുട്ടികൾ തുള്ളിച്ചാടി .
ആ പെൺകുട്ടിയുടെ കണ്ണുകൾ നീർച്ചാലുകളായി മാറുന്നത് ഞാൻ കണ്ടു.... അന്തരംഗത്തിൽ നിന്ന് തള്ളിക്കയറിവന്ന തേങ്ങൽ ഒരു ചീന്തലായി ബഹിർഗമിച്ചു. തോളിൽ ക്കിടന്ന തോർത്തു കൊണ്ട് അവൾ കരച്ചിൽ കടിച്ചമർത്തി അകത്തേക്ക് പോയി ഒരു പ്ലാസ്റ്റിക് കസേര കൊണ്ട് വന്ന് പുറത്തിട്ടു കൊണ്ട് പറഞ്ഞു... അകത്തിരിക്കാൻ സൗകര്യമില്ല.
" സാരമില്ല... ഇവിടെയിരിക്കാം, ഞാൻ ജയന്റെ കൂടെ ജോലി ചെയ്തിരുന്നു. വന്നിട്ട് കുറച്ച് ദിവസമായി, ക്വാറന്റൈനിലായിരുന്നു, ഇന്ന് കഴിഞ്ഞിറങ്ങിയതേയുള്ളൂ... നേരെ ഇങ്ങോട്ട് പോന്നു"....
" ജയൻ ചേട്ടൻ പറഞ്ഞിട്ടുണ്ട്... ചേട്ടനെപ്പറ്റി...
അവസാനമായി ഒരു നോക്കു കാണാൻ പോലും ഞങ്ങൾക്കായില്ലല്ലോ... ഞാൻ ഈ കുഞ്ഞുങ്ങളെയും കൊണ്ട് എന്തു ചെയ്യും.... അവളുടെ കരച്ചിലിന്റെ ശബ്ദം ഉയർന്നു....
ഞാൻ അവളെ എന്തു പറഞ്ഞ് ആശ്വസിപ്പിക്കും!!!
" വീടിന്റെ പണി ഒന്നുമ്മേലും ആയില്ലല്ലോ" ആത്മഗദം പോലെ ഞാൻ പറഞ്ഞു.
"ഇല്ല... ഒന്നര വർഷം കൊണ്ട് ഇത്രയെ ചെയ്യാൻ പറ്റിയുള്ളൂ... അതിനിടയിൽ ഇളയ സഹോദരിയുടെ കല്യാണം കഴിഞ്ഞു .. പൈസാ ഒന്നും ഉണ്ടായിരുന്നില്ല."... അവൾ പറഞ്ഞു.
കുറഞ്ഞ ശമ്പളക്കാരനായ ഒരു ശരാശരി പ്രവാസിയുടെ ആത്മ രോദനങ്ങൾ ആരറിയാൻ....
അവൾ വീണ്ടും അകത്തേക്ക് പോയി.
കുട്ടികളെ അടുത്തേക്ക് വിളിച്ചു... പേരുകൾ ചോദിച്ചു.. ബാഗിൽ കരുതിയിരുന്ന ഒരു പായ്ക്കറ്റ് ചോക്കലേറ്റും ബിസ്ക്കറ്റുകളും എടുത്ത് കൊടുത്തു കൊണ്ട് പറഞ്ഞു... " അച്ഛൻ തന്നു വിട്ടതാ"
കൈയിൽ ഒരു ഗ്ലാസ്സ് കട്ടൻ കാപ്പിയുമായി അവൾ തിരികെ വന്നു.. പുക ചുവയ്ക്കുന്ന ചൂടുള്ള കട്ടൻ കാപ്പി കുടിച്ചു കൊണ്ട് ഞാൻ പറഞ്ഞു....
ഇത് ജയന്റെ പെട്ടിയാ.... അതിനകത്ത് അവൻ വാങ്ങി വെച്ച എന്തൊക്കയോ സാധനങ്ങൾ ഉണ്ട്... ശമ്പളത്തിന്റെ ബാക്കിയായി കിട്ടാനുണ്ടായിരുന്ന അൽപ്പം പൈസായും ഉണ്ട്... കവർ കൈയ്യിൽ കൊടുത്തു...
അവൾ ആ പെട്ടിയും കവറും വാങ്ങി. തന്റെ പ്രിയപ്പെട്ടവന്റെ അവസാന സമ്മാനം.... അവന്റെ വിയർപ്പ്... എന്റെ മുൻപിൽ കരച്ചിലടക്കാൻ പാടുപെടുന്ന ആ സാധു പെൺകുട്ടിയെ... ആശ്വസിപ്പിക്കാൻ എനിക്കറിയില്ലായിരുന്നു.
കുട്ടികൾ പെട്ടിയിൽ പിടുത്തമിട്ടു... "തുറക്കമ്മേ... അച്ഛൻ എന്തൊക്കയാ കൊടുത്തുവിട്ടിരിക്കുന്നതെന്ന് കാണട്ടെ".....
അവിടെ കൂടുതൽ സമയം നിൽക്കാനാവുമായിരുന്നില്ല.
യാത്ര പറഞ്ഞ് ഇറങ്ങാൻ ഒരുങ്ങി
" ഒന്നും കഴിക്കാൻ തന്നില്ലല്ലോ"... അവൾ പരുങ്ങി...
" ഒന്നും വേണ്ട ഞാൻ കഴിച്ചതാ"...
തിരിഞ്ഞു നടക്കാൻ തുടങ്ങുമ്പോൾ അവൾ വിളിച്ചു..
"ചേട്ടാ.. ജയേട്ടനെ എവിടെ അടക്കിയത്?.. ചേട്ടൻ കണ്ടായിരുന്നാ?...
വിയർത്തു പോയി ഞാൻ...
" അത്...ശവസംസ്ക്കാരത്തിന് പോയിരുന്നു... എല്ലാം ഭംഗിയായി നടന്നു"... ഒരു വിധത്തിൽ പറഞ്ഞൊപ്പിച്ചു.
അവൾ അങ്ങനെയെങ്കിലും സമാധാനിച്ചോട്ടെ...
ഏതോ പൊതു ശ്മശാനത്തിൽ... അറിയാത്ത ആരൊക്കയോ ചേർന്ന്... അനേകം ശവശരീരങ്ങളിൽ ഒന്നായി.... മൺ മറയപ്പെട്ട ജയന്റെ മുഖം മനസ്സിൽ തെളിഞ്ഞു വന്നു...
കുട്ടികൾ രണ്ടു പേരും ഓടി വന്നു കൈയ്യിൽപ്പിടിച്ചു...
"മാമാ... ഞങ്ങടെ അച്ഛൻ ഇനി എന്നാ വരുന്നേ?.... ഞങ്ങൾക്ക് കാണാൻ കൊതിയാണെന്ന് പറേണം"...
" അച്ഛൻ... അച്ഛൻ... വരും മക്കളെ... താമസിയാതെ വരും"... മുഖത്ത് നോക്കാതെ പറഞ്ഞൊപ്പിച്ചു ഒരു വിധത്തിൽ അവിടെ നിന്ന് പുറത്ത് കടന്നു.
ശരീരത്തിന് വല്ലാതെ ക്ഷീണം അനുഭവപ്പെട്ടു തുടങ്ങി, ഇനി എത്ര ദിവസം ബാക്കിയുണ്ട്...
വീണ്ടും ഓട്ടോ വിളിച്ചു.... അമ്മയുടെ ചിതയൊരുക്കിയ സ്ഥലം കാണണം... ഭസ്മം ജലത്തിൽ നിമഞ്ജനം ചെയ്യണം....
അമ്മാവന്റെ വീടിന്റെ കുത്തനെയുള്ള പടികൾ കയറി മുറ്റത്തെത്തിയപ്പോൾ നന്നേ കിതച്ചിരുന്നു. തല ചുറ്റുന്നത് പോലെ... ചെന്നപാടെ തിണ്ണയിൽ ഇരുന്നു.
പുറത്തേക്കിറങ്ങി വന്ന അമ്മാവന്റെ ഭാര്യ അതിലും വേഗത്തിൽ അകത്തേക്ക് പോയി... അമ്മാവനുമായി തിരികെ വന്ന് വാതിലിനപ്പുറം നിന്നു...
" നീ എപ്പളാ വന്നത്?... നേരേ ഇങ്ങോട്ടാണോ പോന്നത്?... ചതിച്ചല്ലോ നീയ്യ്"....അമ്മാവൻ
" അമ്മാവാ... ഞാൻ വന്നിട്ട് കുറെ ദിവസമായി.. ക്വാറന്റൈനിലായിരുന്നു... ഇന്ന് കഴിഞ്ഞു... കുഴപ്പം ഒന്നുമില്ല പേടിക്കേണ്ട"... ഞാൻ പറഞ്ഞു.
" നിന്റെ പണി പോയാ .. ഇനി എന്താ പ്ലാൻ..... ഇവിടെയെങ്ങാൻ കൂടാനാണോ"... അമ്മാവന്റെ ചോദ്യത്തിൽ വെറുപ്പും ദേക്ഷ്യവും കലർന്നിരുന്നു.
" അമ്മയുടെ ചിത വെച്ചതെവിടയാ... ഞാൻ ഒന്നു കണ്ടോട്ടേ... ബാക്കി ക്രിയകളും ചെയ്യണം"... താഴ്മയോടെ ഞാൻ പറഞ്ഞു.
" അതൊന്നും ഇപ്പം പറ്റത്തില്ല.. രോഗം പടർന്ന് പിടിക്വാ... അപ്പഴാ ചിത"...
" രഘൂ... ഒന്നും തോന്നരുത്... ഇവിടെ നിൽക്കാൻ പറ്റില്ല .. ആളുകൾ അറിഞ്ഞാൽ പ്രശ്നമാകും... വേഗം പൊയ്ക്കോ... ബാക്കി കാര്യങ്ങൾ ഒക്കെ പിന്നീടാവാം"... അമ്മാവന്റെ ശബ്ദം ഉയർന്നു.....
" എനിക്ക് കോവി ഡ് ഒന്നും ഇല്ല... എന്റെ കൈയ്യിൽ ഹെൽത്തിന്റെ പേപ്പർ ഉണ്ട്".....
" ഞങ്ങൾക്ക് അതൊന്നും കേൾക്കണ്ട ... മരണം വിളിച്ച് അകത്തു കയറ്റാൻ പറ്റില്ല... വേഗം സ്ഥലം വിട്ടോ"... അമ്മാവന്റെ അന്ത്യശാസനം.
തൊണ്ട വരളുന്നുണ്ടായിരുന്നു.
" ഒരു ഗ്ലാസ്സ് ചൂടുവെള്ളം തരാമോ"....
" ചൂട് വെള്ളോമില്ല... പച്ച വെള്ളോ മില്ല.... ഒന്നു പോയിത്തരുവോ"..
തളർന്ന മനസ്സോടെ കുത്തു കല്ലുകൾ ഇറങ്ങി .... ജപ്തി കഴിഞ്ഞ തന്റെ വീട്ടിലേക്കു നടന്നു.. വഴിയിൽ ആരും തന്നെയില്ല .. വീടുകളുടെ വാതിലുകൾ എല്ലാം അടഞ്ഞുകിടക്കുന്നു.. ഒച്ചയും... അനക്കവും.. ആരവങ്ങളുമില്ല.... തുള്ളി ഒഴിഞ്ഞ കളം പോലെ നിരത്തുകൾ.
താൻ ജനിച്ച് വളർന്ന ആ വീടിന്റെ മുറ്റത്ത് മൗനമായി നിന്നു.. അച്ഛനും അമ്മയും സുമേച്ചിയും ഞാനും ജീവിച്ച വീട്.... മുൻ വശത്തെ വാതിൽ താഴിട്ട് .. ബാങ്ക് സീൽ വച്ചിരിക്കുന്നു ... വാതിലിൽ ജപ്തി നോട്ടീസ് പതിപ്പിച്ചിരുന്നു .
മനസ്സിൽ ഓർമ്മകളുടെ പെരുമഴ പെയ്തു.... തിണ്ണയിൽ അൽപ്പനേരം ഇരുന്നു...
" ഞാൻ പോയാൽ നിനക്ക് ആര് "നാഴി" വെള്ളം തരും".... അമ്മയുടെ അവസാന വാക്കുകൾ..
എനിക്ക് എല്ലാം നഷ്ടപ്പെട്ടു.... എന്റെ അസ്ഥിത്വം പോലും ഇല്ലാതാകാൻ ഇനി എത്ര ദിവസം ബാക്കി.... ജീവിതത്തിൽ ഒന്നുമാവാൻ കഴിയാതെ പോയവൻ.... തോറ്റുപോയി.... എല്ലാവരോടും... എല്ലാറ്റിനോടും ..
വീട്ടുപടിക്കൽ ആളുകൾ കൂട്ടം കൂടുന്നുണ്ട്, അവർ ചീത്തവിളികളുമായി തന്റെ നേരെ വരികയാണ്...
" ഇവിടെ നിൽക്കാൻ പറ്റില്ല... നീ ഇവിടെ നിന്നു പോണം... ഞങ്ങൾക്കിവിടെ ജീവിക്കണം... രോഗം പരത്താൻ ഓരോ തെണ്ടികള് നേരേ ഇങ്ങോട്ട് പോരും... നിനക്ക് ഒക്കെ അവിടെ കിടന്നാൽ പോരേ"...
ആളുകൾ കൂകി വിളിക്കുന്നു.
" ഞാൻ കോവി ഡ് ബാധിതനല്ല... സർക്കാരിന്റെ ക്വാറന്റൈൻ കഴിഞ്ഞാണ് ഞാൻ വരുന്നത്"...
" അതൊന്നും ഇവിടെ പറയേണ്ട... നീ ഇപ്പോൾ ഇവിടെ നിന്ന് പോണം... സ്ത്രീകളും പുരുഷൻമാരും ഒരുപോലെ ആർത്തു....
ബാഗ് എടുത്ത് തോളിലിട്ടു... കവലയിലേക്ക് നടന്നു... ഒരു പേപ്പട്ടിയെ ഓടിക്കുന്നത് പോലെ ചിലർ പിൻ തുടരുന്നുണ്ട്... വിശപ്പും ദാഹവും സഹിക്കാൻ പറ്റുന്നില്ല... സൂര്യൻ ഉച്ചിയിൽ കത്തി നിൽക്കുന്നു.
കവലയിൽ എത്തി... അടുത്തു കണ്ട ചായക്കടയിൽ കയറി ബഞ്ചിൽ ഇരുന്നു... തളർന്ന് വീഴുമെന്ന് തോന്നി .
" ഒരു ചായ തരാമോ" വാക്കുകൾക്ക് വിറയലുണ്ടായിരുന്നു.
ചായയുമായി അടുത്തു വന്നയാൾ അപ്പോഴാണ് തന്നെ ശ്രദ്ധിച്ചത് .
" നീ രഘുവല്ലേ ... സൗദി അറേബ്യയിൽ പോയ"....
" അതേ ഞാൻ രഘുവാണ്....
അയാൾ ചായയുമായി തിരികെ പോയി... അടുത്ത ബഞ്ചിൽ ഇരുന്നവർ ഇറങ്ങിയോടി ...
" വേഗം ഇറങ്ങടാ.... ചതിച്ചല്ലോ ദൈവമേ... ഇനി ഈ കടയിൽ ആരും കയറില്ല "...അയാൾ ദേഷ്യം കൊണ്ട് വിറയ്ക്കുന്നുണ്ടായിരുന്നു.
ചായക്കടയ്ക്ക് മുൻപിൽ ആളുകൾ കൂടി...
പുറത്തേക്കിറങ്ങി... ഇറങ്ങുന്ന മാത്രയിൽ ചായക്കടക്കാരൻ കൈയിലിരുന്ന ചൂടു വെള്ളം തന്റെ ദേഹത്തേക്ക് നീട്ടി ഒഴിച്ചു കൊണ്ട് പ്രാകുന്നത് കേട്ടു ..
തലയിൽ വീണ ചൂടു വെള്ളം കൈലേസ് കൊണ്ട് തുടച്ചു... കിഴക്കോട്ട് നടന്നു.... പിറകിൽ നിന്ന് ജനക്കൂട്ടം കൂകി വിളിക്കുന്നു....
ഇതിന് തക്ക എന്തു പാതകമാണ് താൻ ചെയ്തത്....
ഈ നാടിനെയാണാ താൻ നെഞ്ചിലേറ്റിയത്.... ഇതാണോ ദൈവത്തിന്റെ സ്വന്തം നാട്.... ഇവിടമാണോ സാക്ഷര കേരളം....
എവിടെ ഒന്നു തല ചായ്ക്കും... ഒന്ന് കിടന്ന് മരിക്കാൻ ഒരിടം.... രക്താർബുദം കാർന്നു തിന്നുന്ന തന്റെ ശരീരം എവിടെ ഒന്നു വിശ്രമിക്കും....
റിയാദിൽ നിന്നും പോരുന്നതിന് മുൻപ് ഡോക്ടറെ ഒരു പ്രാവശ്യം വിളിച്ചിരുന്നു.
" ഡോക്ടർ.... ഒന്ന് അവസാനിക്കാൻ ഇനി എത്ര നാൾ വേണ്ടി വരും"...തുറന്നു പറയൂ... പ്ലീസ്.
" രഘുനന്ദൻ..... കൂടിയാൽ ഒരു മാസം!!! അതിനപ്പുറം പോകില്ല"...
അത്രമേൽ നിങ്ങളുടെ സ്ഥിതി മോശമാണ്"
ഡോക്ടർ അതു പറയുമ്പോൾ അയാളുടെ ശബ്ദം പതറിയിരുന്നു.
റോഡിൽ നിന്ന് പാടത്തേക്കിറങ്ങി... തോട്ടിൽ നിന്ന് കൈക്കുമ്പിളിൽ വെള്ളം കോരി ആർത്തിയോടെ കുടിച്ചു... മുഖം കഴുകി... പാട വരമ്പിലൂടെ മെല്ലെ നടന്നു.... ഇതിലെ പോയാൽ അപ്പുറത്തെ ജംഗ്ഷനിലെത്താം... ഇനി ആരെയും കാണാൻ വയ്യാ...
അകലെ നിന്ന് ഒരു സ്ത്രീയും രണ്ടു കുട്ടികളും നടന്നു വരുന്നുണ്ടായിരുന്നു...
ദൈവമെ അറിയുന്നവർ ആരും ആയിരിക്കരുതേ... ഇനിയും ഓടാൻ വയ്യാ....
അവർ അടുത്തടുത്ത് വന്നു... ഒരു ഞെട്ടലോടെ തിരിച്ചറിഞ്ഞു... ഉമ...
" രഘുവേട്ടൻ.... അമ്പരപ്പോടെ അവൾ വിളിച്ചു...പിന്നെ ആ മുഖം മ്ലാനമായി....
" എപ്പളാ വന്നത്... എന്തേ ഇതിലേ പോണത്?... അകത്ത് അലതല്ലുന്ന സംഭ്രമം അടക്കിക്കൊണ്ട് അവൾ ചോദിച്ചു...
" കൊറേ ദിവസായി വന്നിട്ട്... ഇന്നാ ഇങ്ങോട്ട് വന്നത്... അമ്മാവന്റെ വീട്ടിൽ ഒന്നു കയറി... ഇന്നുതന്നെ തിരികെ പോണു"... ഇവിടെ ഇനി എനിക്കാരാ".... എത്ര നാളായി കണ്ടിട്ട്.... നിനക്ക് സുഖമാണോ?"...
ങ്ങും... സുഖം... വിതുമ്പി വന്ന കരച്ചിൽ പുറത്തേക്ക് വരാതെ അവൾ അടക്കി...
" രഘുവേട്ടനോ"....
" സുഖമാണ്... രണ്ടു പേരും നിന്റെ മക്കളാ?...
" അതേ"....
കുട്ടികൾക്ക് കൊടുക്കാൻ.... മിഠായി ഒന്നും...
പേഴ്സിൽ ശേഷിച്ചിരുന്ന നോട്ടുകളിൽ ചിലത് എടുത്ത് കുട്ടികളുടെ കൈയ്യിൽ വച്ച് കൊടുത്തു.... " മക്കൾ മിഠായി വാങ്ങിച്ചോ".....
" രഘുവേട്ടൻ ഇപ്പഴും ഒറ്റയ്ക്കാണല്ലേ.".. അവൾ ചോദിച്ചു.
" ഒറ്റയ്ക്കല്ലല്ലോ ..... ചുറ്റും എത്രയോ ആളുകൾ ഉണ്ട്".... അന്തർഗദം പോലെ വാക്കുകൾ പുറത്ത് വന്നു.
" ഇനി എന്നാ തിരികെ പോണത്" ഉമ ചോദിച്ചു...
" തിരികെ... തിരികെ... ഉടനെ മടങ്ങും"....
"പോട്ടെ"... തിടുക്കത്തിൽ ഉമയോട് വിട ചൊല്ലി.....
ഉള്ളിൽ എരിയുന്ന കനൽ മുഖത്ത് കാണുന്നതിന് മുൻപ് അവളെ മറികടന്ന് മുന്നോട്ട് നീങ്ങി.... അൽപ്പം മുന്നോട്ട് പോയി തിരിഞ്ഞു നോക്കി... ഉമ തന്നെ നോക്കി നിൽക്കുകയാണ്....
" ആരാണമ്മേ അത്" ... കുട്ടികൾ ചോദിക്കുന്നതു കേട്ടു...
" അത് ഒരു മാമൻ"... അവൾ മറുപടിയും കൊടുത്തു..
പിന്നെ തിരിഞ്ഞു വേഗത്തിൽ നടന്നു.... ഒരിക്കലും മടങ്ങി വരാതെയുള്ള ഒരു യാത്ര....
ഇന്നലെ മുളച്ചു വന്ന ഒരു വൈറസ് ഇമ പൂട്ടിത്തുറക്കുന്ന വേഗത്തിൽ ലോകം നശിപ്പിച്ചെങ്കിൽ.... തന്നെ നശിപ്പിച്ച വൈറസ് ഏതാണ്....
വിധിയോ... ദൈവമോ... ചെകുത്താനോ...
സജി ജോസഫ്

ഹൃദയഭേദകമായ ഒരു കഥ. കരഞ്ഞു പോയി സജീ
മറുപടിഇല്ലാതാക്കൂഒറ്റയാണെന്ന യാഥാർഥ്യം അതിഭീകരമാണ്
മറുപടിഇല്ലാതാക്കൂനല്ലെഴുത്ത്