2022, ഓഗസ്റ്റ് 12, വെള്ളിയാഴ്‌ച

പരാജിതൻ - സിബി പയ്യാവൂർ



"അവൻ അങ്ങനെയാ ഒരു ബന്ധങ്ങളും നിലനിർത്താൻ അറിയില്ല" വർക്കിച്ചേട്ടൻ നാരായണേട്ടനോട് ഉച്ചത്തിൽ സംസാരിക്കുന്നത് കേട്ടാണ് ഞാൻ ശ്രദ്ധിച്ചത്. രണ്ടാൾക്കും കേഴ് വി അൽപം കുറവായതിനാൽ ഉച്ചത്തിലാണ് സംസാരം. അടുത്ത സുഹൃത്തുക്കളായ അവർ വൈകുന്നേരങ്ങളിൽ പതിവുള്ള ഒരു സൗഹൃദ സംഭാഷണത്തിലാണ്.വർക്കിച്ചേട്ടൻ്റെ മകനേക്കുറിച്ചാണ് സംസാരിക്കുന്നത്. അവർ സംസാരം തുടർന്നു "ഇത്രകാലമായിട്ടും അവന് സ്വന്തം കാര്യം നോക്കാനറിയില്ല എന്തുണ്ടായാലും അത് മറ്റുള്ളവർക്കായി വീതം വെക്കും ഇങ്ങനെ പോയാൽ എവിടെ എത്തിച്ചേരൂന്ന് എനിക്കറിയില്ല. അവനവനായി ഒന്നും കരുതാതെ ഇങ്ങനെ ഇരുന്നാ അവസാനം ആരും തിരിഞ്ഞു നോക്കാൻ ഉണ്ടാവില്ല. ഞാനെത്ര തവണ പറഞ്ഞൂന്നറിയോ.. പറച്ചിലു മാത്രം മിച്ചം അവൻ പിന്നേം അങ്ങനെ തന്നെ. ഇനി അവൻ്റെ ഇഷ്ടം പോലാവട്ടെ , കൊച്ചു കുട്ടി യൊന്നും അല്ലല്ലോ വയസു പത്തു നാപ്പത്തഞ്ചായില്ലേ."  


 വർക്കിച്ചേട്ടൻ്റെ മൂത്ത മകനാണ് സൈമൺ.. ഞങ്ങൾ അടുത്ത സുഹൃത്തുക്കളാണ് സമയം കിട്ടുന്ന ചില വാരാന്ത്യങ്ങളിൽ പരസ്പര സംവാദത്തിനായി ഞങ്ങൾ കുറച്ചു സമയം കണ്ടെത്താറുണ്ട്. അവൻ മനസ്സു തുറക്കുന്ന ചുരുക്കം സുഹൃത്തുക്കളിൽ ഒരാളാണ് ഞാൻ. ആള് ശുദ്ധനാ പക്ഷേ ജീവിതത്തിൽ പലപ്പോഴും അവൻ പരാജയപ്പെട്ടു പോകുന്നതായി തോന്നിയിട്ടുണ്ട്. എത്ര സ്നേഹത്തിൽ കഴിയുന്നവരോടാണെങ്കിലും അവൻ ഒത്തിരി നാൾ ചേർന്നു പോകില്ല. എന്തെങ്കിലും ചെറിയ കാര്യത്തിന് അവരുമായി പിണങ്ങും... എന്തെങ്കിലും കാര്യമുണ്ടായിട്ടാണെങ്കിൽ വേണ്ടില്ല. ഇതു വെറുതെ കൊച്ചു കാര്യങ്ങൾ വലുതാക്കി ബന്ധങ്ങളിൽ വിള്ളലുണ്ടാക്കുന്ന ഒരു രീതി. അവൻ ബന്ധങ്ങളിൽ തികച്ചും സത്യസന്ധത പുലത്തുന്നവനായതിനാൽ കൊച്ചു കാര്യങ്ങളിൽ എളുപ്പത്തിൽ പ്രകോപിതനാവും മറ്റുള്ളവർ അത് ആ രീതിയിൽ കാണണമെന്നില്ലല്ലോ അങ്ങനെ വരുമ്പോൾ അതൊരു പ്രശ്നമായി മാറും. വിശാലമായ സൗഹൃദവലയമില്ലായിരുന്ന അവൻ്റെ ഉള്ള ബന്ധങ്ങൾ സുദൃഢമായിരുന്നു. ആഴമുള്ള ആ  ബന്ധങ്ങളിൽ പലപ്പോഴും അവനൽപം പൊസസീവ് ആയിരുന്നോ എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. ഒരു പക്ഷേ അതുകൊണ്ടാവാം അവൻ്റ മനസ് വേഗത്തിൽ മുറിവേൽക്കുന്നത്.

കുടുംബ ബന്ധങ്ങളും സുഹൃത്ബന്ധങ്ങളും നിലനിർത്താൻ അവൻ്റെയത്രയും ശ്രമിക്കുന്ന ആരേയും തന്നെ ഈ അടുത്ത കാലത്തൊന്നും കണ്ടുമുട്ടിയിട്ടില്ല. പക്ഷേ എന്തു പറയാൻ അവൻ്റെ വിധി മറ്റൊന്നാണ് എല്ലാവരേയും യോജിപ്പിച്ചു കൊണ്ടുപോകാൻ ശ്രമിക്കുന്ന അവൻ ഒടുവിൽ ഒറ്റപ്പെടും മറ്റുള്ളവർ യോജിപ്പിലാവുകയും ചെയ്യും.


ഒരിക്കലവനുമായി സംസാരിച്ചിരുന്നപ്പോൾ അവൻ പറഞ്ഞ ചില കാര്യങ്ങൾ എനിക്ക് വളരെ യുക്തിസഹമായി തോന്നി.

"ഏകാന്തത ഭയാനകമാണു ജോസഫേ, അത് അനുഭവിച്ചവർക്കേ അതിൻ്റെ ഭീകരത അറിയൂ... നാം കാണുന്നതു പോലല്ല പല മനുഷ്യരുടേയും അകം, പുറമേ വളരെ കരുത്തരായി തോന്നുമെങ്കിലും അവരായിരിക്കാം ഏറ്റവും ദുർബല ചിത്തർ.  അവരുടെ ഉള്ളിലെ ആകുലതകൾ ഒന്നു പങ്കു വെക്കുവാൻ പോലുമാവാതെ നീറി നീറി കഴിയുന്നവരാവും അവരിൽ പലരും. ഏറ്റവും അടുത്തവർ പോലും അവരെ മനസ്സിലാക്കുന്നില്ലെന്നതാണ് വളരെ സങ്കടകരം. സ്നേഹം ആർക്കും പിടിച്ചു വാങ്ങാനാവില്ലല്ലോ. അറിഞ്ഞു നൽകുമ്പോഴല്ലേ അത് യഥാർത്ഥ സ്നേഹമാവൂ. ജീവിതത്തിൻ്റെ ആ ഏകാന്തതയിൽ ചുരുക്കം സുഹൃത്തുക്കൾ അവർക്ക് ആശ്വാസമായെന്നു വരാം എങ്കിലും അതു കൂടി നഷ്ടമാകുന്ന സാഹചര്യം ഒന്നാലോചിച്ചു നോക്കൂ. തകർന്നു പോകില്ലേ അവർ പിടിച്ചു നിൽക്കാൻ ഒരു താങ്ങില്ലാതെ .. പിടിച്ചുയർത്താൻ ഒരു കൈത്താങ്ങില്ലാതെ... ആകുലതകളും ആശങ്കകളും  പങ്കുവെക്കാൻ അതു മനസ്സിലാക്കാനാവുന്ന ഒരു ഹൃദയമില്ലാതെ വരുന്ന അവസ്ഥ ആലോചിക്കാൻ കൂടിയാവില്ല." ഒരു നിമിഷത്തെ നിശബ്ദതക്കു ശേഷം അവൻ തുടർന്നു "ചില താങ്ങുകൾ കിട്ടിയാൽ അവർ ഉയിർത്തെഴുന്നേറ്റു വന്നേക്കാം. പക്ഷേ ഭൂരിഭാഗവും അതോടെ തകർന്നു പോകും.. ഒന്നുകിൽ മനസ്സു കൈവിട്ട് ഉൻമാദത്തിൻ്റെ ലോകത്തിലേക്ക് അല്ലെങ്കിൽ ജീവിതത്തേക്കുറിച്ചുള്ള എല്ലാ പ്രതീക്ഷയും നഷ്ടമായി വിഷാദത്തിൻ്റെ ഉൾവലിവുകളിലേക്ക് രണ്ടായാലും ഒടുക്കം മരണത്തിൻ്റെ നിഴൽ വീണ ഇടനാഴികളിലാവും." ഇത്രയും പറഞ്ഞിട്ട് അവനെന്നെ നോക്കി പറഞ്ഞു

"ഞാൻ വെറുതെ ജോസഫിനെ ബോറടിപ്പിക്കുന്നു ഇല്ലേ പലപ്പോഴും തന്നോടു സംസാരിച്ചിരിക്കുമ്പോൾ ഒരു പോസിറ്റിവിറ്റിയുണ്ട്  അതാ ഇത്ര തുറന്ന് സംസാരിക്കാനാവുന്നത്. വേറേ വല്ലവരോടും പറഞ്ഞാൽ വട്ടാണെന്നു പറയും,  തിരസ്കൃത രാവുന്നവരുടെ വേദന വലുതാണ് ജോസഫേ, ഒന്നു മനസ്സു തുറന്നു സംസാരിക്കാൻ ആരുമില്ലാത്തവർ ...എല്ലാവരും ഉണ്ടായിട്ടും ആരുമില്ലാത്തവരേപ്പോലെ ജീവിക്കേണ്ടി വരുന്നവർ എത്ര സ്നേഹം കൊടുത്താലും അത് തിരിച്ചരിയപ്പെടാതെ പോകുന്നവർ... അങ്ങനെ ഒരു പാടു വേദനകൾ ഉള്ളിലടക്കി മറ്റുള്ളവരെ സന്തോഷിപ്പിക്കാനായി ജീവിക്കുന്ന ഒരു പാടു പേർ നമുക്കിടയിലുണ്ട്. എത്ര കാലം ഈ വേദനകൾ ഉള്ളിലടക്കി അവർക്ക് ജീവിക്കാനാവും താൻ ആർക്കും വേണ്ടാത്തവനാണെന്നു തിരിച്ചറിയുന്ന ഒരു നിമിഷത്തിൽ എന്തായിരിക്കും അവരുടെ മാനസികാവസ്ഥ ജോസഫു ചിന്തിച്ചിട്ടുണ്ടോ. അവൻ പറഞ്ഞു നിർത്തി. 

" സൈമാ നീ ഒരു പാട് ചിന്തിക്കാതെ,  ലോകം എല്ലാവരുടേതും കൂടെയല്ലേ അപ്പോൾ സന്തോഷവും സങ്കടങ്ങളും എല്ലാം ഇടകലർന്നതാണീ ജീവിതം. ജീവിതത്തിലെ സന്തോഷകരമായ ഓരോ മിഷങ്ങളും നമുക്കാസ്വദിക്കാം സങ്കടങ്ങളെ മറക്കാനും ശ്രമിക്കാം അതല്ലേ നല്ലത്" അവൻ ഒന്നു മൂളിയതേ ഉള്ളൂ എൻ്റെ ഉത്തരത്തിൽ അവൻ അത്രത്തോളം  സംതൃപ്തനല്ലായിരുന്നു എന്ന് എനിക്ക് തോന്നി. 


ഇവനെന്താ ഇങ്ങനെയൊക്കെ പറയുന്നതെന്ന് ഞാനന്ന് ചിന്തിച്ചു പക്ഷേ കുറച്ചു നാളുകൾക്കു ശേഷം അവൻ്റെ ജീവിതത്തിലെ താളപ്പിഴകളേക്കുറിച്ചറിഞ്ഞപ്പോൾ അവൻ ഞാനുമായി മനസ്സ് പങ്കുവെക്കുകയായിരുന്നെന്ന യാഥാർത്ഥ്യം ഞാൻ തിരിച്ചറിഞ്ഞു. പുറത്തേക്ക് ശാന്തമായൊഴുകുന്ന പുഴ പോലെയായിരുന്നു അവൻ്റെ ജീവിതം. ശാന്തതക്കുള്ളിൽ മറഞ്ഞിരിക്കുന്ന ചുഴികളാണല്ലോ ഏറ്റവും അപകടകരം.  വളരെ നല്ലൊരു കുടുംബമായിരുന്നു അവൻ്റേത്.. സ്നേഹ നമ്പന്നരായ ഭാര്യയും മക്കളും മക്കൾ നല്ല സ്കൂളുകളിൽ പഠിക്കുന്നു. അവൻ്റെ ജോലിയാണെങ്കിൽ സർക്കാരുദ്യോഗത്തേക്കാൾ മെച്ചവും. ആകെയുള്ള ഒരു വിഷമം ജോലി സ്ഥലം അൽപം  അകലെയായിരുന്നു എന്നതു മാത്രം. എങ്കിലും എല്ലാ വാരാന്ത്യത്തിലും അവൻ വീട്ടിലെത്തുമായിരുന്നു. ഭാര്യ ജെസിയാണെങ്കിൽ വളരെ കാര്യപ്രാപ്തിയോടെ കുടുംബം നോക്കി നടത്തുന്ന സ്ത്രീയും. എന്തുകൊണ്ടും ഒരു മാതൃകാ കുടുംബം മറ്റുള്ളവരുടെ കണ്ണിൽ വളരെ സന്തുഷ്ടമായ ജീവിതം. ഒരു പരിധി വരെ അതു തന്നെയാണ് സത്യവും. സൈമൻ്റെ ചില നിർബന്ധബുദ്ധികൾ കാരണം അവരുടെ ജീവിതത്തിലും അസ്വസ്ഥതകൾ ഉണ്ടായിട്ടുണ്ട് എന്നത് യാഥാർത്ഥ്യം പക്ഷേ ഇതൊക്കെ ഏതു കുടുംബത്തിലാണ് ഇല്ലാത്തത്. മുന്നോട്ടു പോകും തോറും സൈമൻ്റെ ഈ സ്വഭാവ സവിശേഷത കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിച്ചു. കുടുംബാംഗങ്ങൾ പ്രതികരിക്കുമ്പോൾ സൈമനും വിട്ടുകൊടുക്കാതായപ്പോൾ പലപ്പോഴും അവരുടെ ജീവിതതാളം തെറ്റുന്നതിലേക്ക് എത്തി.

സൈമൺ പലപ്പോഴും ഉൾവലിഞ്ഞവനായി കാണപ്പെട്ടു. പഴയ പ്രസരിപ്പെല്ലാം നഷ്ടമായ അവൻ അവൻ്റേതായ ലോകത്തേക്ക് ചുരുങ്ങാൻ തുടങ്ങി. അവൻ്റെ മാറ്റം കുടുംബത്തേയും ബാധിച്ചു. അവരും ആകെ അസ്വസ്ഥരാവാൻ തുടങ്ങിയതോടെ വർക്കിച്ചേട്ടൻ വീണ്ടും സൈമനുമായി സംസാരിച്ചു.

അവനിൽ മാറ്റങ്ങളുണ്ടായെങ്കിലും അവനിന്ന് പഴയ സൈമൻ്റെ ഒരു നിഴൽ മാത്രം. 


വർക്കിച്ചേട്ടനും നാരാണേട്ടനും വർത്തമാനം കഴിഞ്ഞ് വീടുകളിലേക്കു കയറി. സമയം സന്ധ്യയാകാറായി   ഇനിയൊന്നു കുളിച്ച് ക്ലബിലേക്കു പോകണം, വർഷങ്ങളായുള്ള ശീലമാണ് ജോലി കഴിഞ്ഞെത്തി കുറച്ചു വിശ്രമത്തിനു ശേഷം ക്ലബിലെത്തി സുഹൃത്തുക്കളുമായി ഒരു മണിക്കൂർ സംവാദം. പഴയ പോലൊന്നും ആരും ക്ലബിലേക്കു വരാറില്ല എല്ലാവരും മൊബൈലുമായി അവരവരുടേതായ ലോകത്തിലേക്കു ചേക്കേറുമ്പോൾ ഇതിനൊക്കെ ആർക്കാണ് സമയം. ഇങ്ങനെ എത്രയോ നൻമകൾ നമുക്കു നഷ്ടമായിക്കൊണ്ടിരിക്കുന്നു. ലോകം ചുരുങ്ങും തോറും മനുഷ്യനും ചുരുങ്ങുന്ന പ്രതിഭാസം എല്ലായിടത്തും ഒരുപോലെ തന്നെയാവും ഇല്ലേ. മനുഷ്യർ പരസ്പരം സംസാരിക്കുന്നത് കുറച്ചതോടെയാണ് കുടുംബങ്ങളിലും സമൂഹത്തിലും പ്രശ്നങ്ങൾ കൂടിയതെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.


കുറച്ചു ദിവസങ്ങൾക്കു ശേഷം ക്ലബിലിരിക്കുമ്പോൾ നാരാണേട്ടൻ്റെ മകൻ വിജയൻ അവിടേക്കു വന്നു. അവനെന്നെ വിളിച്ച് മാറ്റി നിറുത്തിപ്പറഞ്ഞു "ജോസഫേട്ടാ നമ്മടെ സൈമൺ മരിച്ചു പോയി വണ്ടി ആക്സിഡൻ്റായിരുന്നു എന്നാ പറഞ്ഞത്. കഴിഞ്ഞാഴ്ച പതിവില്ലാതെ വണ്ടിയുമായിട്ടാ ജോലിക്കു പോയത്. ഏതോ ട്രക്കുമായി കൂട്ടിയിടിച്ചതാ... അപ്പോത്തന്നെ ആളു പോയീന്നാ പറഞ്ഞേ. ആശു പത്രീന്ന്  പോലീസുകാരാ വിളിച്ചു പറഞ്ഞത്. ശ്രദ്ധിക്കാതെ വണ്ടിയോടിച്ചതാന്നാ കേട്ടത്."

ഞാനാകെ മരവിച്ചു പോയി എന്തു പറയണമെന്നോ ചെയ്യണമെന്നോ ഒരു രൂപവും കിട്ടാത്ത ഒരവസ്ഥ. ഞാനാകെ അന്ധാളിച്ചു നിക്കണ കണ്ടപ്പോ വിജയനെന്നെ തട്ടി വിളിച്ചു   "ജോസഫേട്ടാ നമുക്ക് അവൻ്റെ വീട്ടിലേക്കു പോകണ്ടേ ...ആ പിള്ളേരൊക്കെ ഇതെങ്ങനെ സഹിക്കും എൻ്റീശ്വരാ"... "ശരി വിജയാ  നമുക്കു പോകാം" എന്നു പറഞ്ഞ് ഞാനും ഇറങ്ങി. പോകും വഴി എൻ്റെ മനസ്സ് ആകെ അസ്വസ്ഥമായിരുന്നു.  ഇവനെന്തു പറ്റി അശ്രദ്ധമായി വണ്ടിയോടിക്കാൻ. അവനോളം ശ്രദ്ധിച്ചു വണ്ടിയോടിക്കുന്നവർ ആ നാട്ടിൽ വളരെ വിരളമായിരുന്നു. ഇനി മനസ്സു കൈവിട്ടു പോയ ഒരു നിമിഷത്തിലെങ്ങാനും..... ഈശ്വരാ.... അങ്ങനെയൊന്നും ആവാതിരിക്കട്ടേ. 


വീട്ടിലെത്തിയപ്പോഴേക്കും അവിടെ ഒത്തിരി ആളുകൾ എത്തിയിട്ടുണ്ട് വർക്കിച്ചേട്ടൻ ആകെ അസ്ഥനായി മുമ്പിലെ ചാരുകസേരയിൽ ഇരിപ്പുണ്ട് , ജെസിയേയും മക്കളേയും ആശ്വസിപ്പിക്കാൻ അയൽക്കാരും ബന്ധുക്കളും പെടാപ്പാട് പെടുന്നു. ജസിയുടെ ആങ്ങളയും സൈമൻ്റെ അനിയനും കൂടെ ആശുപത്രിയിലേക്ക് പോയിരുന്നു അപകട മരണ മായിരുന്നതിനാൽ പോസ്റ്റുമോർട്ടം ഒക്കെ കഴിഞ്ഞ് നാളെയേ ബോഡി കിട്ടൂ,. ആരും ആശുപത്രിയിലേക്ക് ചെല്ലേണ്ട കാര്യമില്ലെന്നു പറഞ്ഞതിനാൽ ഞങ്ങളാരും പോയില്ല വീട്ടിൽ ചെയ്യേണ്ട കാര്യങ്ങളെല്ലാം ഞങ്ങൾ തയ്യാറാക്കി.


പിറ്റേന്ന് 11 മണി ആയപ്പോഴേക്കാണ് ബോഡി വീട്ടിലെത്തിച്ചത്. വലിയ അപകടമായിരുന്നെങ്കിലും അവൻ്റെ മുഖത്തിന് കാര്യമായ പരിക്കുകൾ ഒന്നും ഇല്ലായിരുന്നു. മുഖത്തേക്കു നോക്കുമ്പോൾ  സ്വതസിദ്ധമായ ശാന്തതയോടെ അവൻ ഉറക്കത്തിലാണെന്നേ തോന്നൂ. ബോഡി വീട്ടിലെത്തിയപ്പോൾ ജസിയുടേയും  കുഞ്ഞുങ്ങളുടേയും എല്ലാ നിയന്ത്രണങ്ങളും നഷ്ടമായിരുന്നു അപ്രതീക്ഷിതമായ മരണങ്ങൾ എത്രത്തോളം മുറിവേൽപ്പിക്കുന്നവയാണെന്നു തെളിയിക്കുന്നതായിരുന്നു ആ നിമിഷങ്ങൾ. പതിയെ പതിയെ യാഥാർത്ഥ്യം ഉൾക്കൊണ്ടോ എന്തോ ഒരു നിസ്സംഗതയിലേക്ക് അവർ മാറി. 


അവൻ്റെ മുഖത്തേക്കു നോക്കി നിന്നപ്പോൾ ജീവിതത്തിൻ്റെ നിരർത്ഥകതയേക്കുറിച്ച് ഒരു നിമിഷം ഞാൻ ചിന്തിച്ചു. എത്ര സൗമ്യനായ ഒരു ചെറുപ്പക്കാരനായിരുന്നു അവൻ സ്നേഹിക്കാൻ മാത്രമറിയാമായിരുന്ന പച്ച മനുഷ്യനായ അവനെ ആരും തന്നെ ശരിയായി മനസ്സിലാക്കിയിരുന്നില്ല എന്നതായിരുന്നു യാഥാർത്ഥ്യം. തേൻ നിറച്ച വാക്കുകളിൽ പൊതിഞ്ഞു നൽകുന്ന കപട സ്നേഹമാണ് എല്ലാവർക്കും പ്രിയം. പൊള്ളുന്ന യാഥാർത്ഥ്യങ്ങളേക്കാൾ മധുരിക്കുന്ന നുണകൾ വിശ്വസിക്കാനാണല്ലോ നമുക്കിഷ്ടം. അവൻ്റെ മനസിൻ്റെ നൻമകൾ ഈ കാലത്തിനു യോജിച്ചവയല്ലായിരുന്നിരിക്കാം. ചെറിയ ചെറിയ വിട്ടു കൊടുക്കലുകൾ എല്ലാവരും ചെയ്തിരുന്നെങ്കിൽ .ആരെങ്കിലുമൊക്കെ അവൻ്റെ ആകുലതകൾ കേൾക്കാൻ അൽപം സമയം കണ്ടെത്തിയിരുന്നെങ്കിൽ ഒരു പക്ഷേ അവൻ ഇവിടെ ഇങ്ങനെ കിടക്കില്ലായിരുന്നിരിക്കാം. പക്ഷേ വിധിയെന്ന വില്ലൻ അവനേയും വെറുതേ വിടാൻ ഉദേശിച്ചിരുന്നില്ല എന്നു തോന്നുന്നു. ഒടുക്കം ഒരു പിടി മണ്ണു വാരിയിട്ട് അവൻ്റെ കുഴിമാടത്തിൽ നിന്നും തിരിച്ചു നടക്കുമ്പോൾ ശൂന്യമായിരുന്ന എൻ്റെ മനസ്സിൽ ഇനിയും സൈമൺ മാർ ഉണ്ടാവാതിരിക്കണമേ എന്ന പ്രാർത്ഥന മാത്രമായിരുന്നു ബാക്കി....



2022, ജൂലൈ 19, ചൊവ്വാഴ്ച

മാളു -സിബി പയ്യാവൂർ




 മനസ്സിൻ്റെ ഓർമ്മച്ചെപ്പിലെ ചില്ലുജാലകങ്ങളിലൂടെ തെളിയുന്ന ഓർമ്മകൾക്ക് എന്നും സൂര്യതേജസാണ് . ഏറെ നാളുകൾക്കു ശേഷമാണ് തിരുവനന്തപുരം നഗരത്തിലേക്ക് ഞാൻ തിരിച്ചെത്തുന്നത് .നാളെ സെക്രട്ടേറിയറ്റിൽ ഒരു സുപ്രധാന യോഗത്തിൽ പങ്കെടുക്കാനുണ്ട് . തയ്യാറായി പോന്നതിനാൽ ഇന്നത്തെ സായാഹ്നം വിശ്രമത്തിനായി മാറ്റിവെച്ചു.

 മധുരമുള്ള ഒട്ടേറെ ഓർമ്മകൾ സമ്മാനിച്ചിട്ടുണ്ട് ഈ നഗരം. ഓർമ്മകളുടെ ആ ചില്ലകൾക്കിടയിലൂടെ കണ്ണോടിക്കുമ്പോൾ 

ഇലകളുടെ ഇളക്കത്തോടൊപ്പം മനസ്സിൽ തെളിയുന്ന ഒരു മുഖം മറക്കാനാവില്ല.... മാളവിക... അതാണവളുടെ പേര്.... 

 തികച്ചും അപ്രതീക്ഷിതമായാണ് ഞങ്ങൾ പരിചയപ്പെടുന്നത്.

പത്തു വർഷങ്ങൾക്കു മുമ്പ് വയനാട്ടിൽ നിന്നും തിരുവനന്തപുരത്തേക്ക് മാറ്റം കിട്ടി എത്തിയ ഞാൻ ഓഫീസിൽ എല്ലാവരുമായി പരിചയപ്പെട്ടു വരുന്നതേ ഉണ്ടായിരുന്നുള്ളൂ, അപ്പോഴാണ് പുതുതായി നിയമിതയായ ജൂനിയർ എഞ്ചിനീയർക്ക് പരിശീലനം നൽകാനുള്ള ചുമതല എന്നിലേക്കെത്തുന്നത്. ഇതുവരേയും അങ്ങനെ ഒരു ഉത്തരവാദിത്തം ഏറ്റെടുക്കാത്ത ഞാൻ തുടക്കത്തിൽ  തെല്ലൊരു വിമുഖത കാട്ടിയെങ്കിലും മേലുദ്യോഗസ്ഥൻ്റെ സ്നേഹപൂർവമായ നിർബന്ധത്തിനു വഴങ്ങി സമ്മതിച്ചു. മാളവികയായിരുന്നു ആ ജൂനിയർ എഞ്ചിനീയർ.

കോഴിക്കോട്ടെ ഒരു പ്രമുഖ നായർ തറവാട്ടിലെ ഇളമുറക്കാരി ,ഏക മകൾ.

അവളുടെ ചുറുചുറുക്കും പ്രസരിപ്പും ആരെയും ആകർഷിക്കുന്ന സംസാര രീതിയും ആദ്യ ദിനം തന്നെ ശ്രദ്ധിച്ചിരുന്നെങ്കിലും തുടക്കത്തിൽ ചെറിയൊരു അകലം നിലനിർത്തുവാൻ ഞാൻ ശ്രമിച്ചു. അവൾ പ്രസരിപ്പോടെ എല്ലാ കാര്യങ്ങളും ചെയ്തിരുന്നെങ്കിലും അവളുടെ കണ്ണുകളിലെ ചെറിയൊരു മ്ലാനത എൻ്റെ ശ്രദ്ധയിൽ പെട്ടിരുന്നു .

അവൾ ആദ്യമായാണ് ഇത്രകാലം വീടുവിട്ട് നിൽക്കുന്നത് എന്നറിഞ്ഞപ്പോൾ അവളോട് ഞാൻ കുറച്ചു കൂടി സംസാരിക്കുവാൻ തുടങ്ങി. അടുത്തടുത്ത ജില്ലക്കാരാണെന്നതും നായർ പശ്ചാത്തലവും ഞങ്ങളെ കുറച്ചു കൂടി അടുപ്പിച്ചു. നമ്മൾ മലയാളികൾ പൊതുവെ അങ്ങനെയാണല്ലോ മതേതരത്വം പ്രസംഗിക്കുമെങ്കിലും സ്വന്തം കാര്യം വരുമ്പോൾ നമുക്ക് മത ജാതി ബോധം കുറച്ചു കൂടുതലാണ്.

 പരസ്പരം മനസ്സിലാക്കിയതോടെ അധികം താമസിയാതെ ഞങ്ങൾ കൂടുതൽ അടുത്തു. എൻ്റെ അനുജത്തിയിൽ നിന്നും ഏറെ പ്രായ വ്യത്യാസമില്ലാതിരുന്ന അവൾ എനിക്കെൻ്റെ കുഞ്ഞനുജത്തിയേപ്പോലെ തന്നെയായിരുന്നു , അവളുടെ ചെറിയ കുസൃതികളും കൊച്ചു തമാശകളും ഞാൻ ഏറെ ആസ്വദിച്ചു. അവളാണെങ്കിൽ എന്നെ ഒരു വല്യേട്ടനായി കണ്ട് അവളുടെ കൊച്ചു കൊച്ചു സങ്കടങ്ങളും സന്തോഷങ്ങളും ഞാനുമായി പങ്കിട്ടിരുന്നു. ചിലപ്പോൾ ഞങ്ങൾ പരസ്പരം വഴക്കടിച്ചു, ചിലപ്പോൾ  തർക്കിച്ചു . മനസ്സു തുറന്ന് സംസാരിക്കുവാൻ പറ്റുന്ന ഒരു സൗഹൃദം ഞങ്ങൾക്കിടയിൽ രൂപപ്പെട്ടു. ജോലിത്തിരക്കുകൾക്കിടയിൽ എനിക്കു നഷ്ടപ്പെട്ട എൻ്റെ പ്രിയപ്പെട്ട അനുജത്തിയുടെ സാമീപ്യവും അവളോടൊപ്പമുണ്ടാകേണ്ടിയിരുന്ന നിമിഷങ്ങളും മാളുവിലൂടെ ഞാൻ അനുഭവിക്കുകയായിരുന്നു.  ഞങ്ങളുടെ ഈ സൗഹൃദം അവളുടെ പരിശീലനത്തിൻ്റെ വിരസതകൾ ഒരു പരിധി വരെയെങ്കിലും കുറക്കുവാൻ സഹായിച്ചു. അങ്ങനെ പരിശീലന കാലാവധി കഴിയും മുൻപുതന്നെ അവൾ മിക്ക കാര്യങ്ങളും സ്വയം പര്യാപ്തയാകുകയും ചെയ്തു. നീണ്ട അവധി ദിവസങ്ങളിൽ നാട്ടിൽ പോകാത്ത സമയങ്ങളിൽ തിരുവനന്തപുരത്തിൻ്റെ സാംസ്കാരിക കേന്ദ്രങ്ങളിൽ ഞങ്ങൾ സ്ഥിര സന്ദർശകരായി മാറി. കലാ സാംസ്കാരിക വിഷയതാൽപര്യങ്ങളിലെ സാമ്യത പലപ്പോഴും ഞങ്ങളെ വി.ജെ.ടി ഹാളിലും, നിശാഗന്ധിയിലും കൊണ്ടുചെന്നെത്തിച്ചു. തീർത്തും സുതാര്യമായ ഞങ്ങളുടെ സൗഹൃദം പല വിഷമഘട്ടങ്ങളെയും ശാന്തമായി നേരിടാൻ ഏറെ  സഹായകമായി. മുൻ വിധികളില്ലാതെ എന്തിനേക്കുറിച്ചും പരസ്പരം അഭിപ്രായം ചോദിക്കാനുണ്ടായിരുന്ന സ്വാതന്ത്ര്യം പലപ്പോഴും ശരിയായ തീരുമാനങ്ങളെടുക്കാൻ ഏറെ സഹായകരമായിരുന്നു.

പ്രിയപ്പെട്ടവരെ വിട്ടകന്നു നിൽക്കുന്നതിൻ്റെ വിഷമം ഒരു പരിധി വരെ കുറക്കാൻ ഞങ്ങളുടെ സൗഹൃദം സഹായകരമായിരുന്നു എന്നതും നിസ്തർക്കമാണ്.


രണ്ടു വർഷം കടന്നു പോയത് ഞങ്ങൾ അറിഞ്ഞതേ ഇല്ല. അടുത്ത മാസം മാളുവിൻ്റെ പരിശീലന കാലാവധി കഴിയുകയാണ്  പരിശീലനം പൂർത്തിയാക്കുന്നവർക്ക് ഒരു വർഷം ഗ്രാമീണ മേഖലയിൽ ജോലി ചെയ്യണമെന്ന നിബന്ധനയുള്ളതിനാൽ മാളുവിന് പോയേ പറ്റൂ ഇടുക്കിയിലാണ് അവൾക്ക് നിയമനം കിട്ടിയിരിക്കുന്നത് . രണ്ടു വർഷത്തോളം അടുത്തിടപഴകിയിട്ട് പെട്ടെന്ന് പിരിയണമല്ലോയെന്ന ചിന്ത ഞങ്ങളെ സങ്കടപ്പെടുത്തിയിരുന്നെങ്കിലും  യാഥാർത്ഥ്യബോധത്തോടെ അതിനെ തരണം ചെയ്യാൻ ഞങ്ങൾക്കായി . ഒരു മാസത്തിനുശേഷം മാളു ഇടുക്കിക്കു പോയി എങ്കിലും ഞങ്ങളുടെ സൗഹൃദം തുടർന്നു. അവളുടെ കൊച്ചു കൊച്ചു സന്തോഷങ്ങളും സങ്കടങ്ങളും ഞാനുമായും തിരിച്ചും പങ്കുവെക്കാൻ  ഞങ്ങൾ സമയം കണ്ടെത്തി. 

രണ്ടു വർഷങ്ങൾ കൂടി കഴിഞ്ഞപ്പോൾ എനിക്ക് വീണ്ടും വയനാട്ടിലേക്ക് മാറ്റം കിട്ടി. ഞാൻ വയനാട്ടിലെത്തി രണ്ടു മാസം കഴിഞ്ഞപ്പോഴായിരുന്നു മാളുവിൻ്റെ വിവാഹം. വളരെ മിടുക്കനായ ഒരു സോഫ്റ്റ് വെയർ എഞ്ചിനീയറായിരുന്നു വരൻ ഐ.ഐ. ടി ബിരുദധാരിയായ  തേജസ്  കോഴിക്കോട്ടെ അറിയപ്പെടുന്ന ഒരു കുടുംബത്തിൽ നിന്നായിരുന്നു. വളരെ സൗമ്യനായ ഒരു ചെറുപ്പക്കാരൻ, ഇന്നിൻ്റെ ജാഡകളില്ലാത്ത പരസ്പരം ബഹുമാനിക്കാൻ മനസ്സുള്ള ആ ചെറുപ്പക്കാരനെ മാളു ശരിക്കും അർഹിച്ചിരുന്നു. അവളുടെ നല്ല മനസ്സിന് സർവ്വേശ്വരൻ അറിഞ്ഞനുഗ്രഹിച്ച് നൽകിയതാണ് ആ ചെറുപ്പക്കാരനെ എന്നതാണ് യാഥാർത്ഥ്യം. 

 മാളുവിൻ്റെ വിവാഹത്തിനു ശേഷം വർഷം 5 കഴിഞ്ഞിരിക്കുന്നു. അവളിപ്പോൾ ഭർത്താവിനും കുഞ്ഞിനുമൊപ്പം ന്യൂയോർക്കിൽ സ്ഥിരതാമസമാണ്. വിവാഹത്തിനു ഒരു വർഷത്തിനു ശേഷം അവളുടെ ഭർത്താവിന് ന്യൂയോർക്കിലേക്ക് മാറ്റമായി അതോടെ അവളും ജോലി രാജി വെച്ച് അവിടേക്കു പോയി. രണ്ടു വർഷം മുമ്പാണ് അവർക്കൊരു പെൺകുഞ്ഞു പിറന്നത് അതിനു ശേഷം കഴിഞ്ഞ വർഷം അവർ നാട്ടിലെത്തിയപ്പോഴാണ് ഞങ്ങൾ അവസാനമായി കണ്ടത്. അവളുടെ കുഞ്ഞും അവളേപ്പോലെ തന്നെ... കുസൃതി നിറഞ്ഞ അതേ കണ്ണുകൾ അതേ മുഖം... നിഷ്കളങ്കമായ അതേ ചിരി.. ആ കുഞ്ഞിനെ കയ്യിലെടുത്തപ്പോൾ ഒരു നിമിഷം ഞാൻ വീണ്ടും മാളുവിനോടൊപ്പമുണ്ടായിരുന്ന നിമിഷങ്ങളിലേക്ക് തിരിച്ചു പോയി. ഞങ്ങൾക്കിടയിലെ സൗഹൃദം ഒരു കോട്ടവും തട്ടാതെ ഇന്നും തുടർന്നു പോകുന്നത് പരസ്പര വിശ്വാസവും  ബഹുമാനവും പുലർത്തുന്ന ബന്ധങ്ങൾ എന്നും പൂത്തുലഞ്ഞുതന്നെ നിൽക്കും എന്നതിൻ്റെ തെളിവാണ്. 

ഞാൻ ചിന്തകളിൽ നിന്നും ഉണർന്നു , സമയം സന്ധ്യയായിരിക്കുന്നു. ഓർമ്മകൾ അയവിറക്കുമ്പോൾ സമയം പോകുന്നതേ അറിയില്ല. ഇനിയൊന്ന് കുളിച്ച് കിടന്നുറങ്ങണം നാളത്തെ പ്രഭാതത്തെ കൂടുതൽ ഉൻമേഷത്തോടെ എതിരേൽക്കാൻ.

2021, ജൂൺ 15, ചൊവ്വാഴ്ച

ആത്മാക്കൾ - സജി ജോസഫ്

 



കറുപ്പ് കട്ട പിടിച്ച ഇരുട്ടിനെ വകഞ്ഞു മാറ്റിക്കൊണ്ട് അയാളുടെ കറുത്ത ജാവ മോട്ടോർ ബൈക്ക് മുന്നോട്ട് ഓടിക്കൊണ്ടിരുന്നു. മഴ കോരിച്ചൊരിഞ്ഞു കൊണ്ടിരിക്കുന്ന ആ തുലാവർഷ രാത്രിയിൽ റോഡ് തീർത്തും വിജനമാണ്. ഇരു വശവും ഇടതൂർന്ന് വളർന്നു നിൽക്കുന്ന കൂറ്റൻ മരങ്ങൾക്ക് നടുവിലൂടെ കടന്നുപോകുന്ന നാട്ടു വഴിയിൽ ബൈക്കിന്റെ ഹെഡ് ലൈറ്റിൽ നിന്നും ചിതറി വീഴുന്ന മഞ്ഞ വെളിച്ചം മാത്രം.. ആകാശത്തിന്റെ ഉറവകൾ തുറന്ന് ഭൂമിയിലേക്ക് ഹുങ്കാര ശബ്ദത്തോടെ ജലപാതം ആഞ്ഞു പതിക്കുന്നു...  ഇടിയും മിന്നലും കാറ്റും മഴയ്ക്ക് അകമ്പടി സേവിക്കുന്നതു പോലെ തോന്നി.


മഴ ഒന്നു തോർന്നു നിന്നപ്പോഴാണ് സുധാകരന്റെ വീട്ടിൽ നിന്നും ഇറങ്ങിയത്. ," ഈ രാത്രിയിൽ നീ പോകേണ്ടാ… മണി ഇപ്പോൾ തന്നെ പന്ത്രണ്ടര കഴിഞ്ഞു.. രാത്രിയിൽ ഇനിയും മഴ കനക്കും.. ഇന്ന് ഇനി ഇവിടെ കിടക്കാം.. രാവിലെ പോയാൽ പോരേ" സുധാകരനും അവന്റെ അമ്മയും ഭാര്യയും ഒക്കെ വളരെ നിർബ്ബന്ധിച്ചെങ്കിലും താൻ ഇറങ്ങുകയായിരുന്നു. വീട്ടിൽ അമ്മ തന്നെയും നോക്കിയിരുന്ന് വിഷമിക്കുന്നുണ്ടാകും... താൻ ചെന്നിട്ടേ അമ്മ ഉറങ്ങുകയുള്ളൂ.


" പോയിട്ട് നേരത്തും കാലത്തും വീട് പറ്റണം ട്ടോ... ത്‌ലാവർഷം തിമിർത്തു പെയ്യുന്ന സമയാ.. നീ സുധാകരന്റെ അടുത്ത് പോയാൽ സംസാരിച്ച് അവിടെ ഇരുന്ന് പോകും സമയോം നേരോം ഒന്നും പോണതറിയില്ല്യാ" വീട്ടിൽ നിന്നിറങ്ങാൻ നേരം അമ്മ ഓർമ്മിപ്പിച്ചിരുന്നു. മൂന്നു നാല് പറമ്പ് അകലെയുള്ള ഒരു വീട്ടിൽ മാത്രമെ ഫോൺ ഉള്ളൂ.. ഒരു പി.പി. നമ്പർ, ജോലി സ്ഥലത്ത് ആയിരിക്കുമ്പോഴും അമ്മയെ ആ നമ്പറിലാണ് വല്ലപ്പോഴും വിളിക്കാറ്. മാസത്തിൽ രണ്ടോ മൂന്നോ കത്തെഴുതും.


" ഇടയ്ക്ക് നിന്റെ ശബ്ദം ഒന്നു കേട്ടില്ലാന്ന് വെച്ചാൽ ഒരു വെഷമാ... എപ്പഴും തോക്കും വെടീം.. യുദ്ധോം ഒക്കെയല്ലേ കേക്കണെ... നിക്ക് ഒരു സമാധാനോല്ല്യ... പട്ടാളത്തിൽ ചേരേണ്ടന്ന് ഞാൻ എത്ര കണ്ട് പറഞ്ഞതാ... കേക്കണ്ടേ"... അമ്മ പതം പറയാറുണ്ട്.


ഇത്തവണ രണ്ടു വർഷം കൂടിയാണ് ലീവ് കിട്ടിയത്, കഴിഞ്ഞ വർഷം വരാൻ കഴിഞ്ഞില്ല... അതിർത്തിയിൽ സംഘർഷം ശക്തമായതിനെ തുടർന്ന് ആർക്കും ലീവ് കിട്ടിയില്ല  

നാട്ടിൽ അവധിക്ക് വരുമ്പോൾ കൂടുതൽ സമയവും സുധാകരന്റെ കൂടെയായിരിക്കും തന്റെ ബാല്യകാല ചങ്ങാതി. തൊട്ട് അയൽ വക്കമായിരുന്നു.. സുധാകരന്റെ അച്ഛൻ മരിച്ചപ്പോൾ അവർ സ്ഥലം വിറ്റ് അമ്മാവന്റെ അടുത്തേക്ക് താമസം മാറി. സുധാകരന് നേരേ ഇളയ ഒരു പെങ്ങൾ ഉണ്ടായിരുന്നു സുധാമണി.. തന്റെ ഹ്രദയത്തിൽ ആദ്യമായി അനുരാഗം മൊട്ടിട്ടത് അവളിലായിരുന്നല്ലോ .... പ്രീഡിഗ്രി പഠനം കഴിഞ്ഞ് നേഴ്സിങ്ങിന് ചേരാനായി അവൾ ജയ്പ്പൂർക്ക് പോയി .... തനിക്ക് പട്ടാളത്തിൽ സെലക്ഷനായി പഞ്ചാബിലേക്കും പോയി… തനിക്ക് അവളെയും അവൾക്ക് തന്നെയും ഇഷ്ടമായിരുന്നുവെങ്കിലും തുറന്ന് പറയാൻ ഒരിക്കലും കഴിഞ്ഞിരുന്നില്ല .... രണ്ടാം വർഷ നേഴ്സിങ് വിദ്ധ്യാർത്ഥിനി ആയിരിക്കെ അവൾ രാജസ്ഥാനിൽ വെച്ച് ക്രൂരമായി കൊല ചെയ്യപ്പെടുകയായിരുന്നു. സുഭഗമായ ആകാരവടിവും മാംസളമായ ശരീരവും  തുടുത്ത കവിളണകളും നിതംബം കവിഞ്ഞ് താഴോട്ടൊഴുകിക്കിടക്കുന്ന കാർ കൂന്തലും എല്ലാം കൂടി സുധ പൂത്തുലഞ്ഞു നിന്ന പ്രായത്തിലാണ് അവൾ രാജസ്ഥാനിലെ ജയ്പ്പൂരിലെത്തിയത്. ഒരു അവധി ദിനത്തിൽ കൂട്ടുകാരിയുമൊത്ത് പുറത്ത് സാധനങ്ങൾ വാങ്ങാൻ പോയ ഇരുവരും ഹോസ്റ്റലിൽ മടങ്ങിയെത്തിയില്ല... അഞ്ച് ദിവസങ്ങൾക്ക് ശേഷം അവിടെ നിന്നും കിലോമീറ്ററുകൾ അകലെ മരുഭൂമിയോട് ചേർന്ന വിജനമായ ഒരിടത്ത് നിന്ന് രണ്ടു പേരുടെയും ചീഞ്ഞളിഞ്ഞ ശരീരം കണ്ടു കിട്ടി. ക്രൂരമായി ബലാത്സംഘത്തിനിരയായി കൊല്ലപ്പെട്ടിരുന്നു. 


പറയാൻ മറന്ന പ്രണയമായിരുന്നെങ്കിലും ഇരുവരും അത് മനസ്സിൽ സൂക്ഷിച്ചിരുന്നു... പിന്നെയാകട്ടെ.. കുറച്ചു കൂടി കഴിയട്ടെ.. സമയമാകട്ടെ എന്നൊക്കെ കരുതി... പക്ഷേ ഒടുവിൽ അവൾ...


ശക്തമായ മഴയിൽ കുതിർന്നലിഞ്ഞ അയാളെയും വഹിച്ചു കൊണ്ട് ബൈക്ക് മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നു. വീശിയടിക്കുന്ന കാറ്റിൽ റോഡിനിരുവശവും പന്തലിച്ചു നിന്ന കൂറ്റൻ മരങ്ങളുടെ തലപ്പുകൾ തമ്മിൽ കൂട്ടി ഉരസിയുണ്ടാകുന്ന മർമ്മരം ഒരു മൂളലായി കാതിൽ തുളച്ചുകയറുന്നു. തീക്കനൽ വാരിയെറിയുന്നതു പോലെ ഇടയ്ക്കിടെ മിന്നൽ ആകാശത്ത് ചിത്രങ്ങൾ വരച്ചു.... ആ മിന്നൽ വെളിച്ചത്തിൽ താൻ ഒരു പ്രേതഭൂമിയിലൂടെ കടന്നു പൊയ്ക്കൊണ്ടിരിക്കുന്നതായി അയാൾക്ക് തോന്നി.


കൊടും വളവ് തിരിഞ്ഞ് കയറ്റം കയറി ഇറങ്ങുന്നത് പാടത്തേക്കാണ്, വയലിന് നടുവിലൂടെ പോകുന്ന റോഡിനിരുവശവും പൊന്തക്കാടുകൾ നിറഞ്ഞ് നിന്നിരുന്നു.  ഇനി കുറച്ച് ദൂരമെയുള്ളൂ, വയൽ അവസാനിക്കുന്നിടം മലയുടെ ഇങ്ങേ ചരുവിലാണ്... പിന്നീട് കുത്തനെയുള്ള കയറ്റമാണ്... കുന്നിൻ മുകളിലെ ആട്ടിൻ കുന്ന് പള്ളിയുടെ റോഡിനോടു ചേർന്ന് കിടക്കുന്ന ഭാഗത്തെ സെമിത്തേരിയും അസ്ഥിക്കുഴിയും സദാ ഇരുൾ മൂടി കിടന്നിരുന്നു. കണ്ണെത്താ ദൂരത്തോളം പള്ളിപ്പറമ്പും ആൾ താമസവും ഇല്ലാത്ത സ്ഥലവുമാണ്.


കോരി ചൊരിയുന്ന മഴയും കുറ്റാകുറ്റിരുട്ടും, മീറ്റിൽ ഇളകി സഞ്ചാരയോഗ്യമല്ലാതെ കിടക്കുന്ന റോഡിലൂടെ ബൈക്ക് ഇളകി ച്ചാടി ഓടിക്കൊണ്ടിരുന്നു. 


വീശിയടിക്കുന്ന കാറ്റിന്റെ ശക്തിയാൽ മഴപ്പാളികൾ പരൽ കണ്ണാടി ചിന്നിച്ചിതറുന്നതുപോലെ   ബൈക്കിനു ചുറ്റും വലയം തീർത്തു.


പെട്ടെന്നാണ് ഏതാണ്ട് പത്തു വാരെ അകലെയായി സെമി ത്തേരിയുടെ മതിൽക്കെട്ട് തുടങ്ങുന്നതിന് മുൻപുള്ള കലിങ്കിന്റെ ഓരം ചേർന്ന് ആരോ ഒരാൾ നനഞ്ഞൊലിച്ച് നടന്നു പോകുന്നു... ബൈക്കിന്റെ ഹെഡ് ലൈറ്റ് വെട്ടത്തിൽ കാഴ്ച അവ്യക്തമെങ്കിലും ഉടുത്തിരിക്കുന്ന കള്ളിമുണ്ട് അഴിച്ച് തല മൂടിപ്പുതച്ചായിരുന്നു നടത്തം... ബൈക്ക് അയാളോടടു ക്കുന്തോറും കാഴ്ചയ്ക്ക് കുറച്ചു കൂടി വ്യക്ത കൈവന്നു. ബൈക്കിന്റെ ശബ്ദം കേട്ടിട്ടാകാം അയാൾ ഒന്നുരണ്ടു വട്ടം തിരിഞ്ഞ് നോക്കി പിന്നെയും മുന്നോട്ട് നടന്നു. 


"പേമാരി ചൊരിയുന്ന ഈ നട്ടപ്പാതിരായ്ക്ക് ഇത് ഏത് ഭ്രാന്തനാ നനഞ്ഞു കുതിർന്നു നടന്നു പോകുന്നത് " ആത്മഗതം എന്ന പോലെ അയാൾ പിറുപിറുത്തു.


നൊടിയിടയിൽ ബൈക്ക് അയാളുടെ സമീപേ എത്തിയതും അയാൾ തിരിഞ്ഞു നിന്നതും ഒരുമിച്ചായിരുന്നു. അറിയാതെ ബ്രേക്കിൽ കാലമർന്നു ഗിയർ ഡൗൺ ചെയ്യാതെ വണ്ടി എഞ്ചിനിടിച്ചു ഓഫായി നിന്നു.


പെട്ടെന്നുണ്ടായ മിന്നലിന്റെ വെളിച്ചത്തിൽ തിരിഞ്ഞു നിന്ന ആളുടെ മുഖം അവ്യക്തമായി കണ്ടു.... ഇരുൾ പൊതിഞ്ഞ് മഴച്ചാറ്റൽ മറതീർത്ത ആവരണത്തിനുള്ളിൽ ചാക്കോയുടെ മുഖം...


"ചാക്കോയല്ലേ?.. നീ ഈ പെരുമഴയത്ത് അന്തിപ്പാതിരായ്ക്ക് ഇതെങ്ങോട്ടാ.... വെട്ടോം വെളിച്ചോ മൊന്നും ഇല്ലാതെ"..


" ഹല്ല രഘുവല്ലേയിത്... നനഞ്ഞ മുഖത്ത് നിന്ന് വെള്ളം വടിച്ചു കൊണ്ട് ചാക്കോ ബൈക്കിന്റെ ഹാൻഡിലിൽ പിടിച്ചു.. ബീഡിക്കറ പിടിച്ച പല്ലുകൾ കാണിച്ചു ചാക്കാ ചിരിച്ചു... 


" ഞാൻ സുധാകരന്റെ വീട്ടിൽ പോയി മടങ്ങും വഴിയാണ്... കുറെ താമസിച്ചു.. ഹെന്തൊരു മഴയാണിത്... നീ കയറിക്കോ"..


ചാക്കോ പെട്ടെന്ന് ഒരു കൈ ചുമലിൽ പിടിച്ചു കൊണ്ട് ബൈക്കിന്റെ പിൻസീറ്റിൽ കയറി .. വണ്ടി നീങ്ങി.


" നല്ല മഴയും കുറ്റാകുറ്റിരുട്ടുമല്ലേടാ... മീൻ കയറിയിട്ടുണ്ടോയെന്നു നോക്കാൻ ഇറങ്ങിയതാ... പക്ഷേ വെള്ളം കലക്കൽ അല്ല... ചാക്കോ പറഞ്ഞു.


" എത്ര നാളായിടാ കണ്ടിട്ട്.… നിനക്കു അവധി എത്ര നാളുണ്ട്? നീ എന്നാ കല്യാണം ഒന്നും കഴിക്കാത്തെ... എനിക്കാണേൽ പുള്ളേര് നാലായി... എന്റെ ക്ടാത്തി ഇത് അഞ്ചാമത് ഗർപ്പിണിയാ".. ചാക്കോ പറഞ്ഞു കൊണ്ടിരുന്നു.


" നിനക്ക് ഇപ്പോ എന്നാ പണി? പഴേ പണി തന്നെയാണോ?


"പിന്നല്ലാതെ... അപ്പന്റെ പണി ഞാനേറ്റെടുത്തു.. കുഴിവെട്ട്!! കൂടാതെ ഇപ്പോ ശവക്കോട്ട കാവലും... ശവം വെട്ടിക്കീറലും.. കത്തിയ്ക്കലുമൊക്കെയുണ്ട്... ചുരുക്കിപ്പറഞ്ഞാ ശവത്തിന്റെ കൂടെയാ വാസം!!!! ചാക്കോ പൊട്ടിച്ചിരിച്ചു...


എവിടെ നിന്നോ വന്ന ഒരു കാറ്റ് ഹുങ്കാര ശബ്ദത്തോടെ തങ്ങളെ തട്ടി കടന്നുപോയി.... കാറ്റിന്റെ ചിറകിലേറിവന്ന ചീഞ്ഞഴുകിയ ശവത്തിന്റെ നാറ്റം നാസാരന്ധ്രങ്ങളിൽ കുത്തി കയറിയതുപോലെ...


'' ദാ ആ ശവക്കോട്ടയുടെ മതില് തുടങ്ങണേടത്ത് നിറുത്തിക്കോ... ഞാൻ അതിലെ കുറുക്കിന് അങ്ങ് പൊക്കോളാം"... ചാക്കോ പറഞ്ഞിടത്ത് വണ്ടി നിർത്തി.… അവൻ ഇറങ്ങി...


" ന്നാ പോട്ടേ ഡാ….. പോണേന് മുൻപ് കാണാം"... വീണ്ടും വണ്ടി നീങ്ങി.


 പുറമ്പോക്കിൽ താമസിക്കുന്ന പള്ളിയിലെ കുഴി വെട്ടുകാരൻ അന്ത്രുവിന്റെ മകൻ... തന്റെയും സുധാകരന്റെയും ഒക്കെ ബാല്യകാല സുഹൃത്തും കളി കൂട്ടുകാരനും ഒക്കെയായിരുന്നു. ബാല്യകാലത്ത് തങ്ങൾ കുട്ടികൾ കൂട്ടം കൂടി കളിയ്ക്കുമ്പോൾ ചാക്കോയും അനിയൻ മത്തയും അവരുടെ പെങ്ങൾ ചിന്നയും ഒക്കെ ഒപ്പം കളിയ്ക്കാൻ വരുമായിരുന്നു. അപ്പോഴെല്ലാം വീട്ടിൽ അമ്മ വഴക്കു പറയുമായിരുന്നു " ആ വർഗ്ഗത്തോടൊപ്പം ഒന്നും കളിയ്ക്കണ്ട... താണ ജാതിയാണ്.. ശവം വലിയ്ക്കുന്ന ശുദ്ധിയില്ലാത്ത ജാതിയാണ് എന്നൊക്കെ... അന്നൊന്നും അതിന്റെ പൊരുൾ ഒന്നും മനസ്സിലായിരുന്നില്ല... ഇപ്പോ കാലമെത്ര കൂടിയാണ് ചാക്കോയെ കാണുന്നത്. 


 നനഞ്ഞ് കുതിർന്ന് വീടെത്തിയപ്പോൾ രണ്ടര കഴിഞ്ഞിരുന്നു, അമ്മ ഉറങ്ങിയിരുന്നില്ല... കണ്ടപാടെ അമ്മ വഴക്ക് പറയാൻ തുടങ്ങി..


" ങ്ങ്ഹും.. ങ്ങ്ഹും... ഇതെന്താടാ ഒരു വല്ലാത്ത നാറ്റം നിന്നെ.. ചീഞ്ഞഴുകിയ മണം.. അമ്മ മണം പിടിച്ചു കൊണ്ട് പറഞ്ഞു... " വേഗം പോയി കുളിച്ച് തുണി മാറ്"


നേരം കുറെ പുലർന്നാണ് എഴുന്നേറ്റത്, രാവിലെ പ്രാതൽ കഴിക്കാനായി അമ്മ വിളിച്ചു. തനിക്കിഷ്ടമുള്ള പച്ചക്കപ്പ തുണ്ടം പുഴുങ്ങിയതും മുളകുടച്ചതും കഴിച്ചു കൊണ്ടിരിക്കെ തലേ രാത്രിയിലെ മഴയെക്കുറിച്ചും ചാക്കോയെ കണ്ട കാര്യവുമൊക്കെ അമ്മയോട് പറഞ്ഞു കൊണ്ടിരുന്നു.


" എത്ര കാലം കൂടിയാണ് ഞാൻ ചാക്കോയെ കണ്ടത്.. അവർ പുറംമ്പോക്കിൽ നിന്നും പള്ളിപ്പറമ്പിൽ പതിച്ചു കൊടുത്ത സ്ഥലത്തേക്ക് പോയേപ്പിന്നെ അവനെ കണ്ടിട്ടേയില്ല... അവന് ഇപ്പോ നാല് മക്കളായി ത്രേ... അഞ്ചാമത്തെ ഗർഭിണിയാന്ന്... അമ്മക്കറിയ്വോ?..


" ഏത് ചാക്കോന്റെ കാര്യാ നീ പറയണെ... നിക്ക് മനസ്സിലായില്ല" അമ്മ ചോദിച്ചു.


" ന്താമ്മേയിത്... നമ്മടെ പുറംമ്പോക്കിലെ അന്ത്രു മൂപ്പന്റെ മകൻ ചാക്കോയെ... ന്റെ കൂട്ടുകാരൻ"..


" എന്ത് അന്ത്രുന്റെ മകൻ ചാക്കോയെ കണ്ടൂന്നോ"!


" ങ്ങ്ഹാ... അവൻ നനഞ്ഞ് കുളിച്ച് മീൻ നോക്കാൻ പോയിട്ട് വര്വാ വർന്നു... പിന്നെ ഞാൻ ബൈക്കിൽ കയറ്റി പള്ളിപ്പറമ്പിൽ ഇറക്കി വിട്ടു"....


" നീ എന്തു ഭ്രാന്തായീപ്പറേണെ... നിനക്ക് ആളു തെറ്റിയതാകും".. 


" പിന്നേ ചാക്കോയെ എനിക്ക് മാറിപ്പോവ്വാല്ലേ... " തനിക്ക് ദേഷ്യം വന്നു.


" ഡാ രഘു... അന്ത്രു ന്റെ മകൻ ചാക്കോ മരിച്ചിട്ട് കൊല്ലം ഒന്നര കഴിഞ്ഞു... നീ രണ്ടു കൊല്ലം മുമ്പ് വന്നിട്ട് പോയി ആറ് മാസം കഴിഞ്ഞാണ് അവൻ തൂങ്ങിച്ചത്തത്... നീ പറഞ്ഞ ആ പാടത്തിന്റെ ഇറമ്പിൽ നിൽക്കുന്ന കാട്ടുമരത്തിന്റെ കൊമ്പിൽ തൂങ്ങി നിന്നു.... ആ ശവക്കോട്ടേ ലെ തെമ്മാടിക്കുഴിലല്ലേ അവനെ ഇട്ടിരിക്കണെ.... അവന്റെ കെട്ട്യോള് നാലാമത്തെ കൊച്ചിനെ പെഴച്ച് പെറ്റതാണത്രേ... അതെച്ചൊലി വഴക്കിലാണ് അവൻ ചത്തേ... അവൻ ചത്ത് നാല് മാസം കഴിഞ്ഞപ്പോ അവള് ആ ആശാരിച്ചെക്കന്റെ കൂടെ പൊറുതി തൊടങ്ങി... ഇപ്പോ അഞ്ചാമതും ഗർഭിണിയാ"... അമ്മ ഒറ്റ ശ്വാസത്തിലാണ് പറഞ്ഞത്.


കൈ ഞരമ്പിലൂടെ ഡ്രിപ്പ് കയറി കൊണ്ടിരുന്നു... വേഗത്തിൽ തുള്ളി തുള്ളിയായി ഇറ്റിറ്റ് വീഴുന്ന തുള്ളികളെ എണ്ണാൻ ഒരു വൃഥാ ശ്രമം നടത്തി ഒന്ന്... രണ്ട്... മൂന്ന്.. കഴിയുന്നില്ല...  സീലിങ്ങിൽ തൂങ്ങിക്കിടക്കുന്ന പഴകി തുരുമ്പിച്ച ഫാൻ കെട കെടാ ശബ്ദത്തോടെ കറങ്ങുന്ന ശബ്ദം മാത്രം. നാലാം നിലയിലുള്ള മൂന്നൂറ്റിപതിമൂന്നാം നമ്പർ മുറിയുടെ തുറന്നിട്ട ജാലകത്തിലൂടെ നോക്കിയാൽ ദൂരെ മോർച്ചറി കാണാം... പാതി ഉയർത്തി വച്ച കട്ടിലിൽ ചാരി ക്കിടന്നുകൊണ്ട് പുറത്തേക്ക് നോക്കിക്കിടന്നു.


ചാരിയിട്ടിരുന്ന വാതിൽ മെല്ലെ തുറന്നു കൊണ്ട് നഴ്സ് അകത്തേക്ക് കടന്നുവന്നു, നൈറ്റ് ഡ്യൂട്ടിക്ക് വന്ന സിസ്റ്റർ ആയിരിക്കും.


" എന്താ ഉറക്കമായോ.. വൈകിട്ടത്തെ മരുന്നു കഴിക്കാനുണ്ട്... ഭക്ഷണം കഴിച്ചോ"... കുശലാന്വേഷണം നടത്തിക്കൊണ്ട് സിസ്റ്റർ ഐ.വി. സ്റ്റാൻഡിലെ ബോട്ടിലിലെ നീഡിൽ ഒന്നുകൂടി ഊരിക്കുത്തി ഡ്രോപ്സിന്റെ മൂവ്മെന്റ് കുറച്ചു സ്ലോവാക്കിക്കൊണ്ട് തന്റെ മുഖത്തേക്ക് നോക്കി.


സുപരിചിതമായ മുഖം... കണ്ട് കണ്ട് എവിടെയോ മറന്ന പോലെ....


" രഘുവേട്ടനല്ലേ... കേസ് ഷീറ്റിൽ പേരും വീട്ടുപേരും ഒക്കെ കണ്ടപ്പഴെ എനിക്ക് ആളെ മനസ്സിലായിരുന്നു... രഘുവേട്ടന് ഒരു സർപ്രൈസ് ആകട്ടെ എന്നു കരുതിയാണ്... ഞാൻ ഇന്നലെ മുതലാണ് ഈ വാർഡിലേക്ക് വന്നത്.


" സുധ.... സുധാമണി.... യല്ലേ.. സുധാകരന്റെ പെങ്ങൾ!!!! നീ... നീ.. അപ്പോ രാജസ്ഥാനിൽ... വാക്കുകൾ തൊണ്ടയിൽ കുരുങ്ങി ഞെരങ്ങി...


" അതെ... സുധയാണ്.. രഘുവേട്ടന് എന്നെ മനസ്സിലാകുമോ എന്നറിയാനാണ് ഞാൻ മിണ്ടാതിരുന്നത്"..


" സുധാ... അപ്പോ നീ... രാജസ്ഥാനിൽ വച്ച്... പിന്നെ"...


" അതെയതെ… രാജസ്ഥാനിലായിരുന്നു ഞാൻ നഴ്സിങ്ങിന് പഠിച്ചത്.. കുറെ നാൾ അവിടെ ജോലി ചെയ്തു.. പിന്നെ നാട്ടിലേക്ക് പോന്നു... രഘുവേട്ടനെ കണ്ടിട്ട് എത്ര കാലമായി"... സുധ തുടർന്നു.


" അതല്ല... സുധാ..... നീ അവിടെ വച്ച്... വാക്കുകൾ മുഴുമിപ്പിക്കാൻ കഴിഞ്ഞില്ല.


" അതെ അതെ... എനിക്ക് അവിടെ വച്ച് ഒരപകടം പറ്റിയാ ർന്നു... ഭാഗ്യം കൊണ്ടാ രക്ഷപ്പെട്ടത്"


സുധയുടെ മുഖത്ത് നിന്നു കണ്ണെടുക്കാതെ നോക്കി നിൽക്കുകയാണ്... അവൾ ഒന്നുകൂടി സുന്ദരിയായിരിക്കുന്നു.. നാലു മിഴികളും പരസ്പരം കൊരുത്തുനിന്നു... അവളുടെ കൊത്തിവലിക്കുന്ന നോട്ടം... വൈരക്കല്ലുകൾ പോലെ പ്രകാശിക്കുന്ന കൃഷ്ണമണികൾ... 


" ഭക്ഷണം കഴിച്ചുല്ലോ അല്ലെ... നാളെ മുതൽ ഞാൻ കൊണ്ടുവന്നു തന്നോളാം... ദാ ഇതൂടെ കഴിച്ചിട്ട് ഉറങ്ങിക്കോളൂ.. "


ടാബ്ലറ്റ് ബോക്സിൽ നിന്നും അൺസ്ട്രിപ്പ് ചെയ്ത ഗുളികളും ഗ്ലാസ്സിൽ വെളളവും പകർന്നു തന്നുകൊണ്ട് അവൾ പറഞ്ഞു.


" നാളെ സംസാരിക്കാം... എന്റെ ഓഫാണ്... ഇപ്പോ രഘുവേട്ടൻ വിശ്രമിക്കൂ...


ചുമലിൽ തട്ടി ചിരിച്ചു കൊണ്ട് അവൾ മുറി വിട്ടു പോയി... മോർച്ചറിക്ക് അഭിമുഖമായി തുറന്നു കിടന്ന ജാലകത്തിലൂടെ ദുഷിച്ച ഗന്ധമുള്ള മരവിച്ച കാറ്റ് കയറി വന്നു...


സുധാമണിയെ വീണ്ടും കണ്ടപ്പോൾ മനസ്സ് പുളകിതമായ പോലെ... അപ്പോൾ പിന്നെ സുധാമണി മരിച്ചിട്ടില്ല... പതറിയ മനസ്സായിരുന്നുവെങ്കിലും ഭൂതകാലത്തിലെവിടെയോ കളഞ്ഞു പോയ നിശബ്ദ പ്രണയത്തിന്റെ തരളമായ ഓർമ്മകളിലേക്ക് മനസ്സ് ഊളിയിട്ടു.


വീണ്ടും വാതിൽ തുറക്കുന്ന ശബ്ദവും പദചലനവും... സുധയായിരിക്കും...


"എന്താ നേരത്തെ ഉറക്കമായോ?" മറ്റൊരു സിസ്റ്ററായിരുന്നു..

" രാത്രീലെ ഗുളികളും ഇൻജക്ഷനും ഉണ്ട് അതു കൂടി കഴിച്ചിട്ട് ഉറങ്ങിക്കോളൂ"..


ഇൻജക്ഷൻ സിറിഞ്ചിലേക്ക് ലോഡ് ചെയ്തു കൊണ്ട് സിസ്റ്റർ പറഞ്ഞു.


" ഇൻജക്ഷനും മരുന്നും തന്നല്ലോ!!


" ആര് തന്നു? 


" സുധ സിസ്റ്റർ...


" സുധ സിസ്റ്ററോ? അതാരാ?...


"സുധാമണി..  അവൾ എന്റെ നെയ്ബറായിരുന്നു... രാജസ്ഥാനിൽ നിന്നും ഇങ്ങോട്ട് വന്ന സുധ".... അവളുടെ ബ്രദർ സുധാകരൻ എന്റെ അടുത്ത കൂട്ടുകാരനാണ്... എത്രനാള് കൂടിയ ഞാനവളെ കാണുന്നെ.. അവൾ അല്ലെ ഇന്നു നൈറ്റ് ഡ്യൂട്ടീല്"...


" രഘു ഏത് സുധാമണിയെക്കുറിച്ചാ യീ പറേന്നെ.. എനിക്കൊന്നും മനസ്സിലാകുന്നില്ല".. സിസ്റ്റർ അമ്പരപ്പോടെ ചോദിച്ചു.


 " ഛെയ് .. നിങ്ങളെന്തായീ പറയുന്നേ... ഇപ്പോ ഇവിടെ നൈറ്റ് ഡ്യൂട്ടിയിലുള്ള സിസ്റ്റർ സുധ വന്ന് എനിക്ക് രാത്രിയിലുള്ള ഇൻജക്ഷനും മരുന്നും തന്നിട്ട് പോയിട്ട് ഒരു അര മണിക്കൂറായി കാണും... ദാ ആ മരുന്നിട്ട് വച്ചിരിക്കുന്ന ബോക്സ് നോക്കിയേ"...


സിസ്റ്റർ ആകാംക്ഷയോടെ മരുന്ന് ബോക്സ് പരിശോധിച്ചു..


" ശരിയാണല്ലോ... ഗുളികകളും ഇൻജക്ക്ഷനും തന്നിട്ടുണ്ടല്ലോ.. പക്ഷേ ... താങ്കൾ പറയുന്നതുപോലെ സുധാമണിയെന്നു പേരുള്ള ഒരാളും ഇവിടെ ജോലി ചെയ്യുന്നില്ല... ഞാനാണ് ഇന്ന് നൈറ്റ് ഷിഫ്റ്റിൽ ഉള്ളതു്." അന്ധാളിപ്പോടെ അവർ പകച്ചു നിന്നു .


" അപ്പോൾ പിന്നെ... സുധ...!!!


"നീ ഹോസ്പിറ്റലിൽ അഡ്മിറ്റാണെന്ന കാര്യം സുധ പറഞ്ഞാണ് ഞാനറിഞ്ഞത്.. അന്നു രാത്രി നീ വീട്ടിൽ വന്ന് പോന്നതിനു ശേഷം  ജ്വരം വന്നു കിടപ്പായെന്നും പിന്നീട് ആശുപത്രിയിലായെന്നുമാണറിഞ്ഞത്." കിടക്കയിയിൽ അരികെ യിരുന്നു കൊണ്ട് സുധാകരൻ പറഞ്ഞു..


" നാളെ പോകാമെന്നാണ് ഡോക്ടർ പറഞ്ഞത്" പക്ഷേ സുധ!!!! രാജസ്ഥാനിൽ വച്ച്...."


" നിനക്കൊരു സർപ്രൈസ് ആയിക്കോട്ടെയെന്നു കരുതി"'.. തന്റെ വാക്കുകളെ മുഴുമിപ്പിക്കാനനുവദിക്കാതെ സുധാകരൻ ഇടയ്ക്കു കയറി പറഞ്ഞു. നാളെയല്ലേ ഡിസ്ചാർജ് ഞാനും സുധയും കൂടി വരാം നാളെ അവൾക്ക് ഓഫ് ഡേയാണ്".   പെട്ടെന്ന് ഒരു നഴ്സ് മുറിയിലേക്കു കയറിവന്നു നാളത്തെ ഡിസ്ചാർജിന്റെ കാര്യം ഓർമ്മിപ്പിച്ചു.


" സിസ്റ്ററെ ഇത് സുധാകരൻ എന്റെ അടുത്ത സുഹൃത്താണ്.. ഇവന്റെ പെങ്ങളാണ് സിസ്റ്റർ സുധ.. ഇന്നലെ നൈറ്റ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്നുവെന്ന് ഞാൻ പറഞ്ഞയാൾ".. സുധാകരനെ നഴ്സിന് പരിചയപ്പെടുത്താനായി തിരിഞ്ഞു... പക്ഷേ സുധാകരൻ അവിടെ ഉണ്ടായിരുന്നില്ല. 


" എവിടെ ഇവിടാരും ഇല്ലല്ലോ... ഞാൻ റൂമിലേക്ക് കയറി വരുമ്പോൾ അകത്താരും ഉണ്ടായിരുന്നില്ലല്ലോ"... നഴ്സ് ഒരു വല്ലായ്മയോടെ പറഞ്ഞു...


" ശ്ശെ ഇവനിതെവിടെപ്പോയി... അവൻ ഇവിടെ ദാ ആ കസേരയിൽ ഇരിപ്പുണ്ടായിരുന്നല്ലോ"... നഴ്സ് മുറിയിൽ ഒന്നു ചുറ്റിത്തിരിഞ്ഞ് നോക്കിയ ശേഷം പെട്ടെന്ന് മുറിവിട്ടു പോയി.


ശക്തിയോടെ വീശിയടിച്ച കാറ്റ് ജനാല കർട്ടൻ ഇളക്കിമറിച്ചു കൊണ്ട് അകത്തേക്ക് കടന്നുവന്നു.... കാറ്റിന് ഒരു വല്ലാത്ത ഗന്ധമുണ്ടായിരുന്നു. കണ്ണു ചിമ്മി മറഞ്ഞ നേരം... സുധാകരൻ കസേരയിൽ തന്നെ ഇരിപ്പുണ്ടായിരുന്നു.


" ശ്ശെടാ നീ ഇതെവിടെ പോയിരുന്നു... "


" ങ്ങ്ഹാ... ഞാൻ ദാ.. അപ്പുറത്തെ മുറിയിൽ ഒരു പരിചയക്കാരൻ കിടപ്പുണ്ട് അത്രടം വരെ ഒന്നും പോയി".. സുധാകരൻ ഉദാസീനമായി പറഞ്ഞു.


" എന്നാ പിന്നെ ഞാൻ പോയിട്ട് നാളെ വരാം.. നീ ഡിസ്ചാർജ് വാങ്ങി റെഡിയായിട്ട് ഇരുന്നോ.. നേരെ വീട്ടിലോട്ട് പോകാം... ഞാൻ കുറച്ച് ഇരുട്ടിയിട്ടേ വരൂ". സുധാകരൻ യാത്ര പറഞ്ഞിറങ്ങി.


അൽപ്പ സമയം കഴിഞ്ഞു അപ്പുറത്തെ മുറിയിൽ നിന്നും കൂട്ട നിലവിളി കേട്ടു.. സുഖമില്ലാതെ കിടന്നിരുന്ന ചെറുപ്പക്കാരൻ മരിച്ചു.


ബിൽ സെറ്റിലു ചെയ്ത് ഉച്ച മുതൽ കാത്തിരിപ്പാണ് സുധാകരൻ വരുന്നതും നോക്കി.


" ആരെങ്കിലും വരുമോ കൂട്ടാൻ, ഇല്ലെങ്കിൽ ടാക്സി അറൈഞ്ച് ചെയ്തു തരാം".. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന നേഴ്സ് പറഞ്ഞു.


" വേണ്ട ഫ്രണ്ട് വരും.. അൽപ്പം ലേറ്റാകും എന്നു പറഞ്ഞിട്ടുണ്ട്"..


സുധാകരൻ വന്നപ്പോൾ രാത്രി ശരിക്കും ഇരുട്ടിയിരുന്നു. 


" സുധ വന്നില്ലേ.. അവൾ വരുമെന്ന് പറഞ്ഞിട്ട്"!!!


" അവൾക്കു ഒരു തലവേദന"...


മാർക്ക് റ്റു കറുത്ത അംബാസിഡർ ടാക്സി കാറായിരുന്നു സുധാകരൻ കൊണ്ടുവന്നത്... കഷണ്ടിക്കാരനായ ഉപ്പന്റെ കണ്ണുള്ള ഒരു കെളവനായിരുന്നു ഡ്രൈവർ...


വഴി നീളെ ശകതമായ കാറ്റും മഴയും ഇടിമിന്നലും ആയിരുന്നു. അന്നത്തെ ദിവസം സുധാകരന്റെ വീട്ടിൽ നിന്നും മടങ്ങിയ രാത്രിയിലെ അതേ അന്തരീക്ഷം. 

വീടെത്തിയ ഉടനെ കാറും ഡ്രൈവറും മടങ്ങി.…. സുധ കാത്തിരിപ്പുണ്ടായിരുന്നു. തേങ്ങാ ചുട്ടരച്ച ചമ്മന്തിയും, ചെമ്മീൻ മാങ്ങായിട്ടു വച്ചതും പപ്പടു വുമൊക്കെയായി എല്ലാവരും ഒരു മിച്ചിരുന്നു ചൂടു കഞ്ഞി കുടിച്ചു. വടക്കുഭാഗത്തുള്ള ചായ്പ്പിലായിരുന്നു തനിക്ക് കിടക്കാനായി ഒരുക്കിയിരുന്നത്  ...

" ഇതാ ഇത് പുതച്ചോളൂ രഘുവേട്ടാ…. പുറത്ത് നല്ല മഴയും കാറ്റുമാണ്" ഒരു കരിമ്പടം നീട്ടി കൊണ്ട് സുധ പറഞ്ഞു.


ആ വീടും പരിസരവും സദാ ഇരുൾ മൂടി കിടന്നിരുന്നു.


മൂക്കിലേക്ക് ഇരച്ചുകയറുന്ന അസഹനീയമായ നാറ്റം.. ആ വീട്ടിൽ നിറഞ്ഞു നിന്നിരുന്നു.


" രഘുവേട്ടാ."... ആരോ ശബ്ദം താഴ്ത്തി വിളിക്കുന്നതു പോലെ.. കുറച്ചു ദിവസത്തെ ആശുപത്രിവാസവും ശരീരത്തിന്റെ ക്ഷീണവും കാരണം കിടന്ന പാടെ ഉറങ്ങിപ്പോയിരുന്നു. ഇരുട്ടിൽ വജ്രം പോലെ തിളങ്ങുന്ന രണ്ടു കണ്ണുകൾ തന്നെ തുറിച്ചു നോക്കുന്നതു കണ്ടാണ് ചാടി എഴുന്നേറ്റത്...


" പേടിച്ചു പോയോ"? ഞാനല്ലേ രഘുവേട്ടാ... സുധയായിരുന്നു.


" എന്താ സുധേ.."


" വെറുതെ"..


" വേണ്ട സുധേ... ഈ അസമയത്ത്... സുധാകരൻ എങ്ങാനും കണ്ടാൽ... നാളെയാകട്ടെ നമുക്ക് സംസാരിക്കാം"..


" ങ്ങ്ഹും ശരി".. സുധ മനസ്സില്ലാ മനസ്സോടെ മുറി വിട്ടു പോയി.


വീണ്ടും ഉറക്കത്തിലേക്ക് ആണ്ടുപോയി.


" എപ്പോഴായിരുന്നു അയാൾ ഡിസ്ചാർജായി പോയത്"? 


" ഇതാ സാർ.. ഇതാണ് അയാളുടെ ഫയൽ ... രണ്ടാഴ്ചകൾക്ക് മുൻപ് കടുത്ത ജ്വരവും പനിയുമായിട്ടാണ് അയാൾ ഇവിടെ അഡ്മിറ്റാകുന്നത്... പരസ്പര വിരുദ്ധമായിട്ട് സംസാരിച്ചു കൊണ്ടിരുന്നു.. മനോനില നഷ്ടപ്പെട്ട ഒരു അവസ്ഥയിലായിരുന്നു .. സുഖമായി നാല് ദിവസം മുൻപാണ് ഡിസ്ചാർജായി പോയത്. സുധാകരൻ എന്നു പേരുള്ള സുഹൃത്ത് വന്ന് കൂട്ടിക്കൊണ്ട് പോകുമെന്നാണ് അയാൾ പറഞ്ഞത്... പോകുന്ന സമയം ആരും കണ്ടുമില്ല. കൂടാതെ ഒരു സിസ്റ്റർ സുധാമണിയെക്കുറിച്ചു അയാൾ പറയുകയുണ്ടായി... ഈ ഹോസ്പ്പിറ്റലിൽ അങ്ങിനെ ഒരു സ്റ്റാഫ് വർക്ക് ചെയ്യുന്നില്ല." 


" ശരി  .... ഇപ്പോൾ അയാൾ വിശ്രമിക്കട്ടെ... ഹി ഈസ് റ്റു വീക്ക് ആൻഡ് കൺഫ്യൂസ്ഡ്... ഇറ്റ് വിൽ ടേക്ക് ടൈം ടു റിക്കവർ.. ലെറ്റ് ഹിം റിലാക്സ്"... ഡോക്ടർ ഫിലിപ്പ് പാരാ സൈക്കോളജിസ്റ്റ് രഘുവിന്റെ ഡീറ്റെയിൽസ് എടുത്തു മടങ്ങി.


ഒരാഴ്ചയ്ക്കു ശേഷം ഡോക്ടർ ഫിലിപ്പിന്റെ കൺസൾട്ടിംങ് റൂമിൽ അദ്ദേഹത്തിനഭിമുഖമായി ഇരിക്കുമ്പോൾ രഘുവിന്റെ മുഖം തികച്ചും നിർവ്വികാരമായിരുന്നു. ചിന്നഭിന്നമായ മനസ്സിന്റെ ചാഞ്ചല്ല്യങ്ങളും ഒരു സ്വപ്നാടകനെപ്പോലെ ചരിക്കുന്ന അപരിചിത വ്യക്തിത്വവും അയാളെ മറ്റേതോ ലോകത്തിലെത്തിച്ചിരിക്കാം...


" രഘൂ... ഹൗ ഡു യു ഫീൽ നൗ?.. ഡോക്ടർ സൗമ്യമായി ചോദിച്ചു


മൗനം മുറിക്കാൻ അയാൾക്കായില്ല.


" താങ്കളെ വനാതിർത്തിയിലുള്ള സുധാകരന്റെ നാളുകളായി അടഞ്ഞുകിടക്കുന്ന ആ വീടിന്റെ മുറ്റത്തു നിന്നും ബോധമറ്റ നിലയിലാണ് ചില ദിവസങ്ങൾക്ക് മുൻപ് കണ്ടു കിട്ടുന്നത്... ഇവിടെ നിന്നും ഡിസ്ചാർജ് ആയശേഷം താങ്കൾ ആരുടെ കൂടെ എങ്ങോട്ടാണ് പോയത്?.. ഡോക്ടർ വീണ്ടും ചോദിച്ചു


" സുധാകരന്റെ കൂടെ അവന്റെ വീട്ടിലേക്കാണ് പോയത് .... അയാൾ ഒരു ടാക്സിയിലായിരുന്നു വന്നത്, വീട്ടിൽ സുധാകരന്റെ പെങ്ങൾ സുധാമണിയുമുണ്ടായിരുന്നു. അന്ന് രാത്രി ഞങ്ങൾ ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുകയും ഏറെ നേരം സംസാരിച്ചിരുന്നതിനു ശേഷമാണ് ഉറങ്ങാൻ കിടന്നത്. പിന്നെ എങ്ങിനെയാണ് ഞാൻ ഈ ഹോസ്പിറ്റലിൽ എത്തിയത്"?


" സുധാകരന്റെ സഹോദരി സുധയുമായി താങ്കൾ ഇഷ്ടത്തിലായിരുന്നോ"?


" ഞങ്ങൾക്കു രണ്ടാൾക്കും ഇഷ്ടമായിരുന്നു പക്ഷേ ഒരുമിക്കാൻ ഇതുവരെ കഴിഞ്ഞില്ല. വളരെ നാളുകൾക്കു ശേഷമാണ് ഞാനവളെ വീണ്ടും കാണുന്നത്... അവളെ എനിക്ക് വിവാഹം കഴിച്ചു തരണമെന്ന് സുധാകരനോട് ഉടനെ പറയണമെന്നു വിചാരിക്കുന്നു"..


" രഘു എത്ര ദിവസമായി ലീവിന് നാട്ടിലെത്തിയിട്ട്"?

 " ഒരു മാസം കഴിഞ്ഞു"..


" ങ്ങ്ഹും"... ഡോക്ടർ തുറുപ്പിച്ച് അയാളുടെ കണ്ണുകളിലേക്ക് നോക്കി... നിഗൂഡമായ ഏതോ അതീന്ദ്രിയ ശക്തിയുടെ ശാന്തമായ തിരയിളക്കം അളന്നറിഞ്ഞ ഡോക്ടർ തന്റെ പുഷ്ബാക്ക് ചെയറിലേക്ക് ഒന്നുകൂടി അമർന്നിരുന്നു.


" സിസ്റ്റർ .... രഘുവിനെ റൂമിലേക്ക് കൊണ്ടു പൊയ്ക്കൊള്ളൂ".... ഡോക്ടർ നഴ്സിനോട് ആവശ്യപ്പെട്ടു.


" ഒരു കാര്യം കൂടി ചെയ്യു സിസ്റ്റർ... റിസപ്ഷനിൽ കേണൽ ശിവറാം വെയിറ്റ് ചെയ്യുന്നുണ്ട് അദ്ദേഹത്തോട് വരാൻ പറയു"


" ഇരിക്കണം കേണൽ.... ഇനി പറയൂ രഘു എത്ര നാളായി മിസ്സിങ്ങ് ആണ്?


" കഴിഞ്ഞ എട്ടു മാസങ്ങളായി രഘു യൂണീറ്റിൽ നിന്നും മിസ്സിങ്ങ് ആയിട്ട്.... നാട്ടിലുള്ള അയാളുടെ അഡ്രസ്സിൽ അന്വേഷിച്ചപ്പോൾ അയാളുടെ വീട് അടഞ്ഞു കിടക്കുന്നതായാണ് അറിഞ്ഞത്." കേണൽ വിശദീകരിച്ചു.


" ഞാൻ കഴിഞ്ഞ ചില ദിവസങ്ങളായി രഘുവിനെക്കുറിച്ചുള്ള അന്വേഷണത്തിലായിരുന്നു"... ഡോക്ടർ ഫിലിപ്പ് കേണലിനെ നോക്കി പറഞ്ഞു.


" അയാൾക്ക് അടുത്ത ബന്ധുക്കൾ എന്നു പറയാൻ ആരും തന്നെയില്ല... അമ്മയും സഹോദരിയും കുറെ വർഷങ്ങൾക്ക് മുൻപ് ഒരു തോണിയപകടത്തിൽ മരണപ്പെട്ടു." ഡോക്ടർ തുടർന്നു


" അപ്പോൾ അയാൾ ലീവിന് വന്നതാണെന്നും അമ്മയോടൊപ്പമാണ് താമസിക്കുന്നതെന്നും പറയുന്ന തോ?"


" ഇല്ല കേണൽ... അയാളുടെ അമ്മ മരിച്ചിട്ട് വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു!!!!  അതുപോലെ തന്നെ അയാൾ പറയുന്ന സുധാകരൻ എന്ന സുഹൃത്തും ജീവിച്ചിരിപ്പില്ല!! ബിസ്സിനസ്സിൽ കടം കയറി നശിച്ച സുധാകരനും ഭാര്യയും രണ്ടു കുട്ടികളും കൂട്ട ആത്മഹത്യ ചെയ്യുകയായിരുന്നു. ആ വീട്ടിലേക്കാണ് രഘു പലവട്ടം പോയതും... അവിടെ നിന്നാണ് ചില ദിവസങ്ങൾക്ക് മുൻപ് അർദ്ധബോധാവസ്ഥയിൽ അയാളെ കണ്ടെടുത്തതും. സുധാകരന്റെ സഹോദരി സുധാമണിയും ജീവിച്ചിരിപ്പില്ല.... നഴ്സിങ്ങ് വിദ്ധ്യാർത്ഥിനി ആയിരിക്കെ രാജസ്ഥാനിൽ വച്ച് ക്രൂരമായി ബലാത്സഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നു."


" അപ്പോൾ ആശുപത്രിയിൽ നിന്നും രഘുവിനെ ഡിസ്ചാർജ് ചെയ്ത് കൊണ്ടുപോയത് സുധാകരനല്ലേ?" കേണൽ ആശ്ചര്യത്തോടെ ചോദിച്ചു.


" അത് അയാൾക്ക് മാത്രം കാണാനും അറിയാനും കഴിയുന്ന കാര്യം മാത്രമാണ്...."


'" മനസ്സിലായില്ല!!! കേണൽ പരിഭ്രമത്തിലായി


" എനിക്കും മനസ്സിലായിട്ടില്ല!!!!!!! സുധാകരനും, സുധാമണിയും, രഘുവിന്റെ അമ്മയും, അന്ത്രുവിന്റെ മകൻ ചാക്കോയുമൊക്കെ... അയാളൊടൊപ്പം ഇപ്പോഴും ജീവിക്കുന്നു.... ആത്മാക്കളോടൊപ്പം അയാളും......



                                              സജി ജോസഫ്

2021, മേയ് 3, തിങ്കളാഴ്‌ച

അപരിചിതൻ - സജി ജോസഫ്

 



ചക്രവാളത്തിൽ നിന്നും സൂര്യ ബിബം മെല്ലെ കടലിലേക്ക് ഊർന്നിറങ്ങുന്ന നേരമായിരുന്നു.... പകലിനോട് വിട പറഞ്ഞ് മറുതീരം തേടുവാനായി പാതിമനസ്സോടെ അഗാധമായ കടലിന്റെ നീലിമയിൽ ലയിച്ചു കഴിഞ്ഞു.


ബീച്ചിൽ നിന്നും ആളുകളും കൊഴിഞ്ഞു പൊയ്ക്കൊണ്ടേയിരുന്നു. അങ്ങിങ്ങായി ചിലർ മാത്രം....


കോവിഡിന്റെ രണ്ടാം തരംഗത്തിൽ ആടി ഉലയുന്ന നാടും ജനങ്ങളും.... പക്ഷേ അപ്പോഴും മനുഷ്യർ മാനസീക ഉല്ലാസം തേടി.... മനസ്സിന്റെ ഉർവ്വരതകളെ ഊഷ്മളമാക്കാൻ... മാറാല പിടിക്കുന്ന മനസ്സിന്റെ മാറാപ്പ് ഇറക്കി വയ്ക്കാൻ ജനം ഇപ്പോഴും കടൽ തീരങ്ങളിലും, പാർക്കുകളിലും, മദ്യശാലകളിലും ഒക്കെ ചുറ്റിത്തിരിയുകയാണ്.


തെങ്ങിൻ തലപ്പുകളിൽ ചേക്കേറാൻ തിരക്കു കൂട്ടുന്ന കടൽകാക്കകളുടെയും, കൊക്കുകളുടെയും കരച്ചിലും ചിറകടി ഒച്ചകളും തീരത്തിന്റെ ശാന്തതയെ ഭംഞ്ജിച്ചു കൊണ്ടിരുന്നു. ഒരു കൂട്ടം കടൽപ്പക്ഷികൾ അണി അണിയായി... എവിടെ നിന്നോ വന്നു എങ്ങോട്ടോ പോകുന്നു... അവ നിരതെറ്റാതെ കൂട്ടമായി തങ്ങളെ വഴി കാട്ടുന്നവരുടെ ആജ്‌ഞ പാലിച്ചു കൊണ്ട് അനുസരണത്തോടെ ഏതോ തുറയെ ലക്ഷ്യമാക്കി ഗമിക്കുകയാണ്... അവറ്റകൾക്ക് ഒരിക്കലും ദിശ തെറ്റാറില്ല... പതിവായി ചേക്കേറുന്ന അതേ വൃക്ഷത്തിൽ... അതേ ചില്ലയിൽ.... പ്രകൃതിയുടെ അലിഖിത നിയമവാഴ്ച പോലെ...


പതുപതുത്ത പഞ്ചാര മണലിൽ  പാദങ്ങൾ ആഴ്ന്നു പോകുന്നു... പതിവായി ഇരിക്കാറുള്ള പാറക്കെട്ടിനെ ലക്ഷ്യമാക്കി നടന്നു... തോളോട് തോളുരുമ്മി... അരക്കെട്ടിൽ കൈ ചുറ്റിപ്പിടിച്ചു... കൊഞ്ചിക്കുഴഞ്ഞു നടന്നു നീങ്ങുന്ന കമിതാക്കൾ... കുട്ടികളെ കളിക്കാൻ വിട്ട്... മണലിൽ പടഞ്ഞിരുന്ന്  ചൂടുള്ള കപ്പിലണ്ടി കൊറിച്ചും കൊണ്ട് മധുര സംഭാഷണങ്ങളിൽ സമയം കൊല്ലുന്ന ഭാര്യാ ഭർത്താക്കൻമാർ.... പാറക്കെട്ടുകളുടെ മറപിടിച്ച്... ഇരുളിന്റെ കുട ചൂടി പരസ്പരം കെട്ടിപ്പുണർന്ന് കാമക്കലി പൂണ്ട അപക്വ പ്രണയ ജോഡികൾ.... ഇതെല്ലാം കണ്ടു കൊണ്ട് വെള്ളമിറക്കി  ഒറ്റയ്കും കൂട്ടായും.... ചുറ്റിത്തിരിയുന്ന ഞരമ്പു രോഗികൾ... കപ്പിലണ്ടിയും.. ചായയും വിൽക്കുന്ന ചെറു പയ്യൻമാർ... ജീവിത സായാഹ്നത്തിലെത്തി വിശ്രമ ജീവിതം നയിക്കുന്ന ഒരു കൂട്ടം വട്ടത്തിലിരുന്നു വെടി പറയുന്ന വൃദ്ധർ.... അങ്ങിനെ എത്രയെത്ര മുഖങ്ങൾ....


നടന്ന് പാറ കെട്ടിനരികെയെത്തിയതറിഞ്ഞില്ല.... അലറി പാഞ്ഞു വന്ന തിര കരിമ്പാറക്കെട്ടിൽ തലതല്ലിച്ചിതറിയപ്പോൾ.... ചിന്നിച്ചിതറി വീണ ജലകണങ്ങൾ തന്നെയാകെ നനച്ചു കൊണ്ട് പിൻവാങ്ങി.


" തിരകൾക്കു ലക്ഷ്യമില്ല... തനിക്കും ലക്ഷ്യമില്ല... എന്തിനാണെന്നറിയാതെ മുന്നോട്ടും പിന്നോട്ടും യാന്ത്രികമായി ചലിച്ചു കൊണ്ടേയിരിക്കുന്നു..... ഒരിക്കൽ ചന്ദ്രദാസിനോടൊപ്പം ഇവിടെ ഇരിക്കുമ്പോൾ അയാൾ പറഞ്ഞതാണ്.


കടൽ പരപ്പിൽ ഇരുൾ വീണ് കഴിഞ്ഞിരുന്നു..... തന്റെ മനസ്സിലും... തിരകൾ ഒഴിയാത്ത കടൽ പോലെയല്ലേ മനസ്സും... അശാന്തിയുടെ തിരകളാൽ എന്നും അസ്വസ്ഥമായിരുന്നു. എന്താണ് മനസ്സിന്റെ ആനന്ദം? എവിടെയാണതിന്റെ ഉറവിടം? തനിക്കിതുവരെയും അതെന്താണ് എന്ന് അറിയാൻ കഴിഞ്ഞിട്ടില്ലല്ലോ... കുട്ടിയായിരുന്നപ്പോൾ... മിഠായിയും, കളിപ്പാട്ടവും, പുത്തൻ ഉടുപ്പും കിട്ടുമ്പോൾ തോന്നിയിട്ടുണ്ട്... വർഷാന്ത്യ പരീക്ഷ കഴിഞ്ഞ് സ്കൂൾ പൂട്ടിക്കഴിഞ്ഞാൽ ഉണ്ടായിട്ടുണ്ട്. കൗമാരത്തിൽ മൊട്ടിടുന്ന പ്രണയം പൂവിട്ടു കഴിഞ്ഞാൽ മനസ്സിലുണ്ടാകുന്ന വികാരം... അതാണോ സന്തോഷം?.... പരീക്ഷ പാസ്സാകുമ്പോൾ... തോന്നിയിട്ടുണ്ട്.... കോളേജിൽ അഡ്മിഷൻ കിട്ടിയപ്പോൾ... പുതിയ സൈക്കിൾ വാങ്ങിയപ്പോൾ..... പിന്നെ എപ്പോഴാണ്.... ആ വികാരം തിരിച്ചറിയാൻ കഴിയാത്ത വിധം... തനിക്ക് അന്യമായത്?.. ചന്ദ്രുവിന്റെ ജൽപ്പനങ്ങൾ തിരമാലകൾ അന്ന് ഏറ്റുവാങ്ങിയിരുന്നോ...


" സാർ കപ്പിലണ്ടി വേണോ"... കടല വിൽക്കുന്ന പയ്യന്റെ ശബ്ദം ചിന്തകളിൽ നിന്നുണർത്തി.... പേഴ്സിൽ നിന്നും പൈസാ എടുത്ത് കൊടുത്തു കൊണ്ട് ഒരു പൊതി കടല വാങ്ങി ക്കൊണ്ട് ചോദിച്ചു..." മോന്റെ പേരെന്താ"?


" ക്രിസ്റ്റി.... ക്രിസ്റ്റഫർ"..

" സ്ക്കൂളിൽ പോകുന്നില്ലേ'!

" ഉം... എഴാം ക്ലാസ്സിലാ".. 


" വീടെവിടാ"?

" ദാ... അവിടെ... ".. കുറെ ദൂരേയ്ക്ക് കൈചൂണ്ടി കൊണ്ട് അവൻ പറഞ്ഞു....


"പോട്ടെ സാർ... കുറച്ചു പൊതികൾ കൂടി ബാക്കിയുണ്ട്, അതും കൂട്ടി വിറ്റ് തീർക്കണം... രാത്രി ടൗണിലെ തീയറ്ററിൽ വിജയ് യുടെ പടം കാണാൻ പോണം"... അവൻ ഉത്സാഹത്തോടെ പറഞ്ഞു കൊണ്ട് ധൃതിയിൽ നടന്നകന്നു.... അവനും സന്തോഷിക്കാൻ കഴിയുന്നു... ചിരിക്കാൻ കഴിയുന്നു... ആനന്ദിക്കാൻ കഴിയുന്നു.... പക്ഷേ തനിക്കോ?


ഭൂതകാലത്തിന്റെ പുഴുക്കുത്തേറ്റ.. വൃണിത ഹ്രദയം... വർത്തമാന കാലത്തിലെ യാഥാർത്ഥ്യങ്ങൾ ഉൾക്കൊള്ളാൻ കഴിയാതെ... ഭാവികാലത്തിന്റെ പ്രതീക്ഷകളില്ലാത്ത..... നിർവ്വികാരമായ മനസ്സും വദനവും പേറി .... ഉറപ്പില്ലാത്ത ചുവടുവയ്പ്പുകൾ.... ഇടയ്ക്കിടെ ഇടറുകയും... പാദങ്ങൾ പൂഴിയിൽ ആഴ്ന്നു പോവുകയും ചെയ്തിട്ടും... മനസ്സിനെ ബലാൽക്കാരം ചെയ്തും... കൽപ്പിച്ചു കൂട്ടിയും... ആയാസകരമായി ജീവിച്ചു തീരുകയായിരുന്നു അയാൾ....


പടുതിരി കത്തുന്ന ഒരു വിളക്ക് പോലെ.....


പാറ കെട്ടിന്റെ മുകൾ പരപ്പിൽ അലസമായി മലർന്നു കിടന്നു... കീഴെ... തിരമാലകൾ ഒന്നിനുപിറകെ മറ്റൊന്നായി... ആർത്തലച്ച് എത്തുകയും... വാശിയോടെ കരിമ്പാറകളുടെ മേൽ പ്രഹരം തീർത്ത് പൊട്ടിച്ചിരിച്ച് മടങ്ങുകയും തിരികെയെത്തുകയും ചെയ്തു കൊണ്ടിരുന്നു.


കടലിൽ നിന്നു മന്ദമായി വീശിയെത്തുന്ന കടൽക്കാറ്റ് കരയെ തഴുകി കടന്നുപോയി... ആ കുളിർക്കാറ്റേറ്റപ്പോൾ ചൂടു പിടിച്ചിരുന്ന മനസ്സും ശരീരവും പെട്ടെന്നുണർന്നുവോ... ഇളം കാറ്റ് തന്റെ ശിരസ്സിൽ മെല്ലെ തലോടി... കൺപോളകൾ അറിയാതെ കൂമ്പി അടയുന്നു.... അമ്മയുടെ തലോടൽ പോലെ...


"ചന്ദ്രൂ.... ചന്ദ്രൂട്ടാ"... ആരോ വിളിച്ചതു പോലെ... അച്ഛനാണോ... 


" ചന്ദ്രുവേ.... ചന്ദ്രു.. വീണ്ടും അച്ഛന്റെ ശബ്ദം... അച്ഛൻ ആയാസപ്പെട്ട് വിളിക്കുന്നതു പോലെ.... 


ശ്വാസംമുട്ടൽ അനുഭവപ്പെടുന്ന രാത്രികളിൽ അച്ഛൻ തന്നെ വിളിക്കും.... ഫ്ലാസ്ക്കിൽ നിറച്ച് കട്ടിൽ കീഴിൽ വച്ചിരിക്കുന്ന കട്ടൻ കാപ്പി പകർന്ന് കൊടുക്കും... " മോൻ ഉറങ്ങിയായിരുന്നോ"?


" ഇല്ലച്ഛാ... വെറുതെ വായിച്ച് കിടന്നു മയങ്ങിപ്പോയി".


അച്ഛനും അമ്മയും അടുത്തടുത്ത കട്ടിലുകളിലായിരുന്നു... ചില രാത്രികളിലൊക്കെ അച്ഛൻ നിറുത്താതെ ചുമച്ചു കൊണ്ടിരുന്നു... കട്ടിലിൽ കൂനി കൂടി തലയിണയിൽ ശിരസ്സമർത്തി... വലിച്ചു വലിച്ചു ഉറങ്ങാത്ത രാത്രികൾ. അമ്മ അടുത്തിരുന്നു പുറം തടവിക്കൊടുക്കും.....


അച്ഛൻ കടന്നുപോയിട്ട് എത്രയോ വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു... 


ജീവിത പരാജയങ്ങളാൽ കുത്തി മുറിവേറ്റ മനസ്സുമായി ഉറങ്ങാൻ കഴിയാതെ കട്ടിലിൽ തിരിഞ്ഞും മറിഞ്ഞും കിടക്കുന്ന എത്രയോ രാത്രികളിൽ... അച്ഛന്റെ പതറിയ ശബ്ദത്തിലുള്ള ആ വിളി താൻ കേട്ടിട്ടുണ്ട്....


" പോട്ട്ടാ... ജീവിതം അങ്ങിനെയാ... എല്ലാവരും എല്ലാറ്റിലും ഒന്നും ജയിച്ചെന്നു വരില്ല... ചിലർ ഒക്കെ ജയിക്കും... ചിലർ തോൽക്കും... പക്ഷേ നമ്മൾ ശ്രമിക്കുക.... പരിശ്രമിച്ച് പരാജയപ്പെടുന്നതിൽ ദു:ഖിക്കരുത്.... എപ്പോഴെങ്കിലും വിജയം നിന്നെ തേടിയെത്തും...


അച്ഛന്റെ ആർജ്ജവമുള്ള വാക്കുകൾ....


താൻ ആദ്യമായി തൊഴിൽ തേടി കടൽ കടക്കുന്നേരം അച്ഛനും അമ്മയും ആശുപത്രിക്കിടക്കയിലായിരുന്നുപരാജിതനായി മടങ്ങിയെത്തുന്ന തന്നെ കാണാൻ  അച്ഛൻ കാത്തു നിന്നില്ല.


തന്നെ ഓർത്ത് അച്ഛൻ വേദനിച്ചിരുന്നുവോ...


" ഒരു പിടിപ്പില്ലാത്ത കൊച്ചനാണ്... ബുദ്ധി കുറവും ഉണ്ട്... എങ്ങിനെ ആയിത്തീരുമോ ആവോ".... ആതമഗതം പോലെ തന്നെ ക്കുറിച്ച് അച്ഛൻ പറയുന്നത് കേട്ടിട്ടുണ്ട്.... അന്നൊന്നും അത് കാര്യമാക്കിയിരുന്നില്ല. കല്ലും മുള്ളും നിറഞ്ഞ ജീവിത പാന്ഥാവുകളിൽ ഗതിയില്ലാതെ അലയുമ്പോഴൊക്കെ അച്ഛന്റെ വാക്കുകൾ മനസ്സിലേക്ക് ഓടിയെത്തി.


" എടാ മണ്ടാ.... അങ്ങിനെയല്ല... ദേ ഇങ്ങിനെ".... പശുക്കിടാവിന്റെ കഴുത്തിൽ കയറിട്ട് പിടിക്കുമ്പോൾ അച്ഛൻ പറഞ്ഞു തന്നു...


പരാജയം തനിക്കെന്നും നാണക്കേടും ഭയവുമായിരുന്നില്ലേ... അതുകൊണ്ടല്ലേ താൻ സ്ക്കൂളിൽ പോലും ഒരു മത്സരങ്ങളിലും പങ്കെടുക്കാതെ മാറി നിന്നിരുന്നത്.... അതിന് പകരം സ്വയം മനക്കോട്ട കെട്ടി... ഓട്ടത്തിൽ ഒന്നാമനാകുന്നതും... സ്കൂൾ ആനിവേഴ്സറി നാടകങ്ങളിൽ നായകനായും വില്ലനായും മിന്നുന്നതും സ്വയം സ്വപ്നം കണ്ട് ആത്മ നിർവൃതി അടഞ്ഞിരുന്നില്ലേ.... മത്സരങ്ങളെ നേരിടാനാവാതെ ഭീരുവായി താൻ മറഞ്ഞിരുന്നില്ലേ... ആത്മവിശ്വാസം തൊട്ടു തീണ്ടാത്ത മനസ്സും... പരാജയ ബോധവും... തന്നെ നിഷ്ക്രീയനാക്കിയിരുന്നു.


വിധിയേയും.. സാഹചര്യങ്ങളെയും പഴിചാരി ചന്ദ്രുവിന്റെ സ്വന്തം കഴിവു കേടുകൾ മറച്ചുവച്ച് കാലം പോക്കവെ..... സമൂഹത്തിന് മുൻപിൽ ചന്ദ്രുവിന് മറ്റൊരു മുഖമായിരുന്നു....


" പഠിപ്പും കഴിവും ഒക്കെ ഉണ്ടായിട്ടും.... ചന്ദ്രു ഇതുവരെ ഒരു കരപറ്റിയില്ലല്ലോ... പരിചയമുള്ളവരും... നാട്ടുകാരുമൊക്കെ ചന്ദ്രുവിനെ അങ്ങിനെ വിലയിരുത്തി....


" അല്ലേലും അങ്ങിനാ... പഠിപ്പും കഴിവുമൊന്നും ഉണ്ടായിട്ട് കാര്യമില്ലന്നേയ്... ഭാഗ്യം കൂടി വേണം".. ആളുകൾ കൂട്ടിച്ചേർത്തു.


'കടലാസ്' കമ്പനികളുടെയും... സാങ്കൽപ്പിക ബിസിനസ്സുകളുടെയും പകിട്ടിൽ... ഒരു ഗ്രഹണകാലത്ത് ചന്ദ്രു ദാമ്പത്യത്തിലേക്ക് കടന്നു.... കൂനി ൻമേൽ കുരുപോലെയായി ജീവിതം!!!!!


അഭ്യസ്ഥവിദ്യനായ ചന്ദ്രു ഗുമസ്ഥ പണിക്ക് പോലും പ്രാവീണ്യം നേടിയിരുന്നില്ലന്നതാണ് സത്യം... സ്വയം ഊതി വീർപ്പിച്ച സാങ്കൽപ്പിക പ്രാവീണ്യമല്ലാതെ ചന്ദ്രുവിന് ഒന്നുമില്ലായിരുന്നു.


ഒരു വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കാൻ ചന്ദ്രദാസ് ധൈര്യം കാണിച്ചത് എന്തുകൊണ്ടാണെ ന്നറിയില്ല...എവിടെ നിന്നോ ഒരു നിമിഷത്തേക്ക് കൈവന്ന ആത്മവിശ്വാസമാണോ?... അയാൾ അഭിമാനിയായിരുന്നു... മറ്റൊരു തരത്തിൽ ഒരു തരം ദുരഭിമാനം.


അക്കാലത്തൊക്കെ ചന്ദ്രദാസ് നന്നായി സംസാരിക്കുമായിരുന്നു. അയാളോട് സംസാരിക്കുന്നവർക്കൊക്കെ.. അയാൾ ഒരു ജീനിയസ് ആണെന്നു തോന്നിക്ക തക്കവിധം പക്വതയുള്ള ഒരു വാഗ്മിയായി മാറാൻ അയാൾക്ക് കഴിയുമായിരുന്നു. പക്ഷേ വാക്കുകൾ കൊണ്ട് അമ്മാനമാടാനല്ലാതെ തത്വത്തിൽ ചന്ദ്രുവിനെക്കൊണ്ട് മറ്റൊന്നും കഴിയുമായിരുന്നില്ല.


പാഴും ശൂന്യവുമായിരുന്ന ചന്ദ്രദാസിന്റെ സ്വകാര്യതയിലേക്ക് ശിവാനി എത്തിപ്പെട്ടതും നാടകീയമായിട്ടായിരുന്നു. ശിവാനി സുന്ദരിയായിരുന്നു.... സൗരയൂഥത്തിലെ കോടാനു കോടി ഭ്രമണപഥങ്ങളിലെവിടെയോ വഴി തെറ്റി സഞ്ചരിച്ച ഏതോ ഗ്രഹങ്ങളുടെ സ്വാധിന വലയത്തിൽ അവിചാരിതമായി അകപ്പെട്ട് പോയതു കൊണ്ടാവാം... ചന്ദ്രുവും ശിവാനിയും ജീവിത സഞ്ചാരപഥത്തിലെ നേർ രേഖയിൽ നേർക്ക് നേർ വന്നുപെട്ടത്.


ചന്ദ്രദാസിന്റെ" ഓർബിറ്റിൽ" ശിവാനി വഴിതെറ്റി വന്നതാണോ...അതോ അജ്ഞാത ശക്തിയുടെ കള്ള കരു നീക്കത്തിലൂടെ വിധി  ചെക്ക്' പറഞ്ഞതോ?.... അറിയില്ല.


' ഫാബ്രിക്കേറ്റ്' ചെയ്യപ്പെടാത്ത സ്വഭാവത്തിന് ഉടമയായിരുന്നു ശിവാനി, "നേരേ വാ... നേരേ 

പോ"... സുന്ദരമായിരുന്ന അവളുടെ ആകാരത്തിന് ഒട്ടും ഭൂഷണമായിരുന്നില്ല  അവളുടെ പരുക്കൻ നാവാട്ടങ്ങൾ... മുള്ളും... പൂവും പോലെ... കളങ്കമെന്യേ പുറത്ത് വരുന്ന വാക്കുകകൾക്ക് ഒട്ടും നേർമ്മയില്ലായിരുന്നു. അതുകൊണ്ട് തന്നെ ശുദ്ധഗതിക്കാരിയായിരുന്ന ശിവാനിയെ ഉൾക്കൊള്ളാൻ പലർക്കും കഴിഞ്ഞിരുന്നില്ല.... ചന്ദ്രുവിനും....


ജീവചക്രം ഉരുട്ടി മറിക്കാൻ പാടു പെടുന്നതിനിടയിൽ.... ചന്ദ്രുവിന്റെയുളളിൽ... ബാല്യ കൗമാരങ്ങളിലെന്നോ വീണ് മുള പൊട്ടിക്കിടന്ന വിഷാദത്തിന്റെ നാമ്പുകൾ.... ജീവിത ക്ലേശങ്ങൾ മഴയായ് പെയ്തിറങ്ങിയപ്പോൾ... നനവാർന്ന് വളക്കൂറുള്ള മണ്ണിൽ നിന്ന് തഴച്ചു വളരുവാൻ തുടങ്ങിയോ... അതായിരുന്നില്ലേ സത്യം....


കുടുബ ജീവിതത്തിന്റെ തുടക്കത്തിലൊന്നും ശിവാനിക്ക്

'ആളെ പിടികിട്ടിയില്ല'... പിടി കൊടുക്കാതെ വഴുതി വഴുതി മാറുന്ന' വഴുക്കലുള്ള' ചന്ദ്രുവിന് ഒരായിരം ഭാവങ്ങളായിരുന്നു. പൊതുവെ ശാന്തനായിരുന്ന അയാൾ... ശുദ്ധ ശുഭ്രമായ ആ കാശത്ത് പൊടുന്നനവേ ഉരുണ്ടു കൂടുന്ന കാർമേഘങ്ങൾ പോലെ... അയാളുടെ മനം ഇരുളുകയും തെളിയുകയും ചെയ്യുമായിരുന്നു.


ചന്ദ്രുവിന്റെ ദ്രുതഗതിയിലുള്ള ഭാവമാറ്റങ്ങൾക്ക് മുൻപിൽ ശിവാനി പകച്ചു നിന്നു... അതി സങ്കീർണ്ണമായ അയാളുടെ മാനസീക തലങ്ങളിലുണ്ടായിക്കൊണ്ടിരിക്കുന്ന 'സുനാമി' കളുടെ പൊരുൾ അറിയാതെ അവൾ കുഴങ്ങി.... പെട്ടെന്ന് പൊട്ടിത്തെറിക്കുകയും... അതുപോലെ ശാന്തനാവുകയും ചെയ്തിരുന്നു. ചന്ദ്രുവിന്റെ മാനസീക ചാഞ്ചാട്ടങ്ങൾ നിയന്ത്രണാധീതമാം വിധം വളർന്നുകൊണ്ടിരുന്നു.


അയാളുടെ മനസ്സിന്റെ ഊയ്യലാട്ടങ്ങളുടെ ഗതിവിഗതികളറിയാതെ ശിവാനി കുഴഞ്ഞു.... പുരുഷ മനസ്സിനെ വരുതിയിൽ നിർത്താനുള്ള ശിവാനിയുടെ കഴിവുകേടും, പരിജ്‌ഞാനക്കുറവും ചന്ദ്രുവിന്റെ ശിഥിലമായ മാനസീക ചാഞ്ചാട്ടങ്ങളെ കൂടുതൽ തീവ്രമാക്കുകയായിരുന്നു.


ചന്ദ്രുവിന്റെ ശിഥില മനസ്സിലെ ശൽക്കിച്ച അസ്വാസ്ഥ്യങ്ങളുടെ ബഹിർസ്ഫുരണങ്ങളേറ്റ് ശിവാനി ഇരുളിന്റെ മറവിൽ ആരും കാണാതെ കരഞ്ഞു....


താൻ ഒന്നുമല്ലെന്നുള്ള അപകർഷതാ ബോധവും നിരാശയും തികഞ്ഞ ദുരഭിമാന ചിന്തകളും ചന്ദ്രദാസിനെ കൂടുതൽ അന്തർമുഖനാക്കി മാറ്റി.


" ചന്ദ്രു.... വരുന്ന ആഴ്ച തെക്കിനിപ്പാടത്തെ അമ്മായീടെ മോൾടെ കല്യാണമാണ്...

 ചന്ദ്രു നെ വിളിച്ചിരുന്നുവെന്ന് അമ്മാവൻ പറഞ്ഞു.... നമുക്ക് പോവണ്ടേ"... ശിവാനി ചോദിച്ചു.


"ങ്ങ്ഹും... വിളിച്ചിരുന്നു.... ഞാൻ വരുന്നില്ല, നീ പൊയ്ക്കോ".. ചന്ദ്രദാസിന്റെ മറുപടി.


" ദ്‌ന്തൊ... ചന്ദ്രൂ... നമ്മടെ കല്യാണം കഴിഞ്ഞതിനു ശേഷം ആദ്യായിട്ട്.. ന്റെ ബന്ധുക്കൾടെ വീട്ടിൽ നടക്കുന്ന ചടങ്ങല്ലേ... ചന്ദ്രു വരാതെ ഞാൻ തനിച്ചെങ്ങനാ... ആളുകൾ എന്തു കരുതും".... ശിവാനി പരിഭവിച്ചു.


" എനിക്ക് വയ്യാ... നിന്റെ ആൾക്കാരുടെ മുൻപിൽ വന്ന് നോക്കുകുത്തിയെപ്പോലെ നിൽക്കാൻ .... ഞാൻ എങ്ങോട്ടുല്ല"... ചന്ദ്രു പറഞ്ഞു.


" പിന്നേ... അവിടെ വരുന്നോരെല്ലാം നീങ്ങളെപ്പറ്റി ചർച്ച ചെയ്യാനല്ലേ വരുന്നത".. ശിവാനിയും പിറുപിറുത്തു.


അതിനെച്ചൊല്ലി എത്ര ദിവസങ്ങൾ വഴക്കടിച്ചു.


ആദ്യം എതിർത്തെങ്കിലും ചന്ദ്രു പിന്നീട് മനസ്സില്ലാമനസ്സോടെ വഴങ്ങി. അല്ലെങ്കിലും അയാൾ അങ്ങിനെയായിരുന്നു... എന്തു പറഞ്ഞാലും ആദ്യം എതിർക്കും.. വഴക്ക് പിടിക്കും... പിന്നെ ശാന്തനാകും.... പരമ ശുദ്ധഗതിക്കാരൻ..... മനസ്സിന്റെ മായാ വിലാസങ്ങൾ .


ശിവാനിയുടെ സഹോദരന്റെ വിവാഹ തലേന്ന്..... ആളും ബഹളവും വെളിച്ചങ്ങളും.... ചന്ദ്രു യാന്ത്രീകമായി ചലിച്ചു കൊണ്ടിരുന്നു.... ഒരു അഭിനേതാവിനെപ്പോലെ.... ചിലരോട് കൂടുതൽ സംസാരിച്ചു... ഭാര്യാ സഹോദരന്റെ വിവാഹ ചടങ്ങല്ലേ... ചന്ദ്രുവിനും' റോൾ' ഉണ്ടായിരുന്നു.. ഒരു വിധത്തിൽ അയാൾ പിടിച്ചു നിന്നു.... ആളുകൾ കൂട്ടം കൂട്ടമായി വന്നു തുടങ്ങി... ശിവാനിയുടെ ബന്ധു മിത്രാധികൾ.... ചാർച്ചക്കാർ..… 


ചന്ദ്രുവിന്റെ ഹൃദയമിടിപ്പ് കൃമാധീതമായി... കാലുകളിൽ വിറയൽ.... കണ്ണിൽ ഇരുൾ നിറയുന്നു.... അടുത്തു നിന്ന ഒരു ബന്ധുവിനോടൊപ്പം ആശുപത്രിയിലെത്തി... രക്തസമ്മർദ്ദം ഉയർന്നിരുന്നു... അർദ്ധ ബോധാവസ്ഥയിൽ അയാൾ പുലമ്പി.......


പിറ്റേന്ന് രാവിലെ നിസ്സംഗതയോടെ അയാൾ ആശുപത്രിക്കിടക്കയിൽ എഴുന്നേറ്റിരുന്നു.... ഒരു വിധത്തിൽ വിവാഹ ചടങ്ങുകളിൽ പങ്കെടുത്ത ശേഷം അയാൾ ഒറ്റയ്ക്ക് വീട്ടിലേക്ക് മടങ്ങി....


ഷോപ്പിംങ്ങ് മാളുകളിൽ.... വിവാഹ ആഘോഷ ചടങ്ങുകളിൽ.... മറ്റു വിശേഷ വേളകളിലൊക്കെ ശിവാനിയുടെ നിർബന്ധത്തിന് വഴങ്ങി സാന്നിദ്ധ്യം അറിയിച്ചെങ്കിലും.... അയാളുടെ ഞരമ്പുകൾ വലിഞ്ഞ് മുറുകിയും, കണ്ണുകളിൽ ഇരുൾ മൂടിയും.... ആരോടും പറഞ്ഞറിയിക്കാനാവാതെ അയാൾ സ്വയം ഉൾവലിഞ്ഞു കൊണ്ടിരുന്നു.


ആകാര സൗകുമാര്യം കൊണ്ട് അനുഗ്രഹീതയായിരുന്ന ശിവാനിയിൽ, മിഴിയിലും മൊഴിയിലും സ്ത്രൈണ സൗന്ദര്യത്തിന്റെ ലാഞ്ജന പോലുമുള്ളതായി ചന്ദ്രുവിന് തോന്നിയിരുന്നില്ലത്രേ!!! വിഷാദ രോഗത്തിന്റെ മാറാപ്പ് പേറിയ ചന്ദ്രുവിന്റെ മനസ്സിനെ കൊഞ്ചും മൊഴികളാലോ... കടക്കണ്ണിലെ തിരയിളക്കം കൊണ്ടോ വശീകരിക്കാൻ അവൾക്കായില്ല.... വശീകരണ മന്ത്രമറിയാത്ത ഒരു അഭിസാരികയെപ്പോലെ ശിവാനി നിർവ്വികാരയായി നിന്നു. കിടപ്പറയിലും മരവിപ്പിന്റെ കമ്പളം പുതച്ചുറങ്ങി ഇരുവരും.


ചന്ദ്രുവിന്റെ കൊച്ചു കൊച്ച് ഇഷ്ടാനിഷ്ടങ്ങൾക്ക് ഒത്ത് ഉയരാൻ ശിവാനിക്കായില്ല... അവളിലേക്ക് ഇറങ്ങിച്ചെല്ലാൻ അയാൾക്കു മായില്ല.


ജീവിതം ഒരു" കടമ കഴിക്കലായി" മാറുകയായിരുന്നു ഇരുവർക്കും... പക്ഷേ ഇരുവരും പരസ്പരം അഗാധമായി സ്നേഹിച്ചിരുന്നു... തമ്മിൽ തമ്മിൽ അറിയിച്ചിരുന്നില്ലെന്നു മാത്രം.


തണുത്തുറഞ്ഞ ശവ ശരീരത്തിന്റെ നിർവ്വികാരതയായിരുന്നു അയാളുടെ ജീവിതത്തിന്. വിചാരങ്ങൾ ഉണ്ട്... എന്നാൽ വികാരങ്ങൾ ഇല്ലായിരുന്നു...... ഒന്നിനോടും താത്പര്യമില്ലാത്ത മനുഷ്യൻ.... പാടുന്ന പുഴയേയും... ആടുന്ന മയിലിനേയും .... പൂങ്കാറ്റും... കിളിപ്പാട്ടുകളും... കടലും... താഴ് വാരങ്ങളും... പൂനിലാവും.... മഴക്കാറും.... നിസ്സംഗതയോടെ അയാൾ നോക്കിക്കണ്ടു.


ലൗകീക ഇച്ഛകളെ തടവിൽ ഇട്ട് ഒളിച്ചു കളിക്കുന്ന മനസ്സ് എന്ന മായ പ്രതിഭാസത്തിന്റെ മലീമസമായ ചേഷ്ടകളാൽ ചന്ദ്രദാസ് എന്ന നിസ്സഹായനായ മനുഷ്യൻ സ്വയം ഉരുകി. ആർക്കും ഒരിക്കലും തിരിച്ചറിയാനോ മനസ്സിലാക്കുവാനോ കഴിയാത്ത തന്റെ വ്യക്തിത്വത്തെ അയാൾ സ്വയം ശപിച്ചു. താനാരാണെന്ന് തനിക്കു പോലും തിരിച്ചറിയാനാവാതെ അയാൾ കുഴങ്ങി..... അടുത്ത നിമിഷത്തിൽ താൻ എന്തു ചെയ്യാൻ പോകുന്നുവെന്ന് അയാൾക്കോ... മറ്റൊരാൾക്കോ പ്രവചിക്കുവാനാകുമായിരുന്നില്ല.


ചിലപ്പോൾ അയാൾ ഭ്രാന്തനെപ്പോലെ പൊട്ടിത്തെറിക്കും... പുലമ്പും... അക്രമാസക്തമാകും... ഒടുവിൽ പൊട്ടിക്കരയും.... പശ്ചാത്തപിക്കും.... മാപ്പ് ചോദിക്കും.... ഇനി ആവർത്തിക്കില്ലെന്നു പറയും.... 


" ഞാൻ ഒരു തികഞ്ഞ പരാജയമാണെടോ.... ഒരിക്കൽ പ്പോലും ആരോടും... ഒന്നിനോടും പൊരുതി ജയിക്കാൻ കഴിയാത്തവൻ... ഒരു പാഴ് ജന്മം... ഒരിക്കൽ അയാൾ തന്നോട് പറഞ്ഞ വാക്കുകൾ...


" എപ്പോഴെങ്കിലും ആത്മഹത്യ ചെയ്യണമെന്ന് തോന്നിയിട്ടുണ്ടോ"? ഡോക്ടർ ചോദിച്ചപ്പോൾ അയാൾ ഇല്ലെന്ന് തലയാട്ടി.


" ഭാഗ്യം"... ഡോക്ടർ പ്രതിവചിച്ചു


" എനിക്ക് ഇതിൽ നിന്നും കരകയറാൻ സാധിക്കുമോ ഡോക്ടർ..... ഞാൻ ആരാണെന്ന് സ്വയം തിരിച്ചറിയാനെങ്കിലും.... ഒന്നു ചിരിക്കാൻ.... ആനന്ദം എന്ന വികാരത്തെ ഒരു പ്രാവശ്യമെങ്കിലും അനുഭവിച്ചറിയാൻ..... ദുഃഖം എന്ന ഒരു അനുഭവമല്ലാതെ വേറൊന്നിനേയും എനിക്ക് തിരിച്ചറിയാൻ കഴിയുന്നില്ല ഡോക്ടർ.... എല്ലാവരെയും പോലെ വർത്തമാന കാലത്ത് ജീവിക്കാൻ.... ഭൂതകാലത്തിലെ ചിതലരിച്ച ഓർമ്മകളെ താലോലിക്കാതെ.... പഴമയുടെ മൺപുറ്റുകളിലെവിടെയോ മറഞ്ഞിരിക്കുന്ന നൊമ്പരങ്ങളെ ചികഞ്ഞെടുത്ത് മനസ്സിലിട്ട് താലോലിച്ച് സ്വയം വേദനിച്ചും... മുറിവേൽപ്പിച്ചും....  വൃണിതമാക്കാനുള്ള മനസ്സിന്റെ വെമ്പൽ..... ഇതിൽ നിന്നും പുറത്തുകടക്കാൻ എന്നെ സഹായിക്കാമോ ഡോക്ടർ.....  ഒരു കൊച്ചുകുഞ്ഞിനെ പോലെ അയാൾ കരഞ്ഞു. എനിക്കും ജീവിക്കണം.... ഭാര്യയോടൊത്ത്.... മക്കളോടൊത്ത്.... എന്റെ പ്രീയപ്പെട്ടവരോടൊത്ത്..... ചിരിക്കാനും, കരയാനും , ആഹ്‌ളാദിക്കാനും എനിക്ക് ആഗ്രഹമുണ്ട്..... കഴിയുന്നില്ല.... ചേതനയറ്റ മനസ്സും.... ഊർജ്ജ മില്ലാത്ത ശരീരവും... വിഷാദം തടവിലാക്കിയ എന്നിലെ ഇന്ദ്രിയ ചേതനകളെ സ്വതന്ത്രമാക്കാൻ ഞാൻ എന്തു ചെയ്യണം ഡോക്ടർ."......


ചന്ദ്രദാസ് തന്നിലെ രോഗത്തെ തിരിച്ചറിഞ്ഞിരുന്നു..... എളുപ്പത്തിൽ മനസ്സ് നഷ്ടപ്പെടുന്ന അവസ്ഥ.... അങ്ങേയറ്റത്തെ ആഹ്ലാദം ചിലപ്പോൾ ഒരു നിമിഷത്തേക്കാക്കാം.... ഘടികാരത്തിലെ നിമിഷ സൂചിക ഒരു വട്ടം കറങ്ങിയെത്തുന്നതിനു മുൻപേ..... മനസ്സിന്റെ മലക്കംമറിച്ചിൽ..... നിരാശയുടെ.... വേദനയുടെ.... വെറുപ്പിന്റെ.... അറപ്പിന്റെ .... ദു:ഖത്തിന്റെ അഗാധ ഗർത്തത്തിലേക്ക് നിപതിക്കുന്ന ചന്ദ്രദാസ്.....


ശക്തി കൂടിയ മരുന്നിന്റെ പ്രവൃത്തനം നാഡീ ഞരമ്പുകളെ മന്ദീഭവിപ്പിക്കുകയും.... ശിഥിലമായ മനസ്സിനെ നിർവ്വികാരമായ ഒരു തരം ഏകാഗ്രതയിലെത്തിക്കുകയും ചെയ്തിരുന്നു.


ശരിക്കും അയാൾ മരിച്ചു ജീവിക്കുകയായിരുന്നില്ലേ..... പൂവിന്റെ ഗന്ധവും.... ഭംഗിയുമറിയാതെ തേൻ ഊറ്റുന്ന പറവയെപ്പോലെ...... സമസ്ത വികാരങ്ങളെയും തടവിലിട്ടു കൊണ്ട്....


ശരീരത്തിനുള്ളിലെ രോഗത്തേക്കാൾ... കഠിനമായിരുന്നോ മനസ്സിനുള്ളിലെ രോഗം..... വേദനയല്ലത്..... ഭ്രാന്തമായ ഒരു വികാരമാണത്.... അളന്നറിയാൻ ആവാത്തവിധം ആഴമുള്ളതാണ്.... പറഞ്ഞ് മനസ്സിലാക്കാൻ കഴിയാത്ത വിധം സങ്കീർണ്ണമാണ്..... മരണത്തേക്കാൾ ഭയാനകമാണ്.... മരണമാണ് ആനന്ദം.... മരണമാണ് വശ്യം.... സുന്ദരം.... മരണത്തിന്റെ തണുപ്പ് പുതച്ച ശരീരത്തിൽ നിന്ന് ആത്മാവ് സ്വതന്ത്രമാവുമ്പോൾ... ഇന്ദ്രീയങ്ങളുടെ സ്വയേച്ഛ നഷ്ടപ്പെട്ടു കഴിഞ്ഞാൽ.... പിന്നെ മനസ്സെന്ന പ്രതിഭാസമെവിടെ?... മനനം ചെയ്യുന്ന മനുഷ്യ ശരീരത്തിൽ നിന്നും ബോധ ഉപബോധ മനോ സംവേദനങ്ങൾ അവസാനിച്ചു കഴിഞ്ഞാൽ പിന്നെ..... സുഷുപ്തിയാണ്.... സുഖ സുഷുപ്തി....


ചന്ദ്രദാസിന്റെ ഡയറിക്കുറിപ്പുകൾ വായിച്ചു കഴിഞ്ഞപ്പോൾ... അയാൾ ഒരു തത്വജ്ഞാനിയോ.... ബുദ്ധിജീവിയോ..... അല്ലെങ്കിൽ ഒരു മുഴുഭ്രാന്തനോ... ആരായിരുന്നിരിക്കാം അയാൾ....


അൻമ്പതാം വയസ്സിൽ ചന്ദ്രദാസ് തന്റെ ജീവിതത്തിൽ നിന്നും സ്വയം നിഷ്ക്കാസിതനായപ്പോൾ.. ഒരു ചോദ്യം മാത്രം ബാക്കി നിന്നു....


ആരായിരുന്നു അയാൾ?....


ചന്ദ്രദാസ്  മരിച്ച് രണ്ടു മാസങ്ങൾക്ക് ശേഷമായിരുന്നു അതായത് ഇന്നലെ താൻ നാട്ടിലെത്തിയതും.... ശിവാനിയെ കണ്ടതും....


" എന്റെ ചന്ദ്രു പാവമായിരുന്നു... എന്നെ വിട്ട് ചന്ദ്രു പോയി... മനസ്സിന്റെ ആന്ദോളനങ്ങൾ ഇല്ലാത്ത സുഷുപ്തിയിലേക്ക്.... പൊയ്ക്കോട്ടെ.... എന്റെ ചന്ദ്രു വിശ്രമിച്ചോട്ടെ."... ഒരു തേങ്ങലോടെ ശിവാനി മുഖം പൊത്തി....


രാവേറുന്തോറും സമുദ്രം കൂടുതൽ പ്രക്ഷുബ്ദമായി.... ആർത്തലച്ചു വന്ന തിരമാല പാറക്കെട്ടിൽ തട്ടി ഛിന്നഭിന്നമായി... ഉപ്പുവെള്ളം ഒരു കുളിർ മഴ പോലെ മുഖത്ത് പതിച്ചപ്പോൾ ഞെട്ടി ഉണർന്നു...


ചന്ദ്രദാസ് എന്ന തന്റെ പ്രീയ സ്നേഹിതൻ.... പൊള്ളുന്ന ഒരു ഓർമ്മയായ്... മനസ്സിൽ തങ്ങി നിൽക്കുന്നു.... പ്രീയപ്പെട്ടവർക്കെല്ലാം.... ഒരു അപരിചിതനെപ്പോലെ........


തികച്ചും ഒരു അപരിചിതൻ.



                                                          സജി ജോസഫ് 

2021, ജനുവരി 17, ഞായറാഴ്‌ച

വഴീ തങ്ക - സജി ജോസഫ്

  


നാളെയാണ് തന്റെ പുതിയ നിയമനത്തിന്റെ ആദ്യ പ്രവൃത്തി ദിനം... കൽക്കട്ടയിൽ നിന്നും സ്ഥലം മാറി ഡൽഹിയിലേക്ക് വരുന്ന അനന്തരാമൻ IAS ന്റെ പേഴ്സണൽ സെക്രട്ടറി. "സെൻട്രൽ ബോർഡ് ഓഫ് സോഷ്യൽ വെൽഫയർ ഫോർ വുമൺ ആൻഡ് ചിൽഡ്രൻസ്" ന്റെ ചെയർമാനായി ഡൽഹിയിലേക്കെത്തുകയാണ് അദ്ദേഹം.

കഴിഞ്ഞ പന്ത്രണ്ട് വർഷങ്ങൾ അനന്തരാമൻ IAS കൽക്കട്ടയിൽ കാഴ്ചവെച്ച ഉജ്‌ജ്വലമായ പ്രകടനങ്ങളെക്കുറിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ വരെ ചർച്ച ചെയ്തിരുന്നു. കൽക്കട്ടയിലെ ചേരികളിലെ സ്ത്രീകളുടെയും കുട്ടികളുടെയും ലൈംഗീക തൊഴിലാളികളുടെയും പുനരധിവാസം ഉൾപ്പെടെ നവീകരണ പ്രക്രീയകളിലൂടെ... രാഷ്ട്രീയ തലങ്ങളിലെ ഉന്നതൻമാരും.. ചേരികൾ കാക്കുന്ന ഗുണ്ടകളും തമ്മിലുള്ള " അവിശുദ്ധ" കൂട്ടുകെട്ടുകൾക്ക് മീതെ വിശുദ്ധ യുദ്ധം നയിച്ച് ബ്യൂറോക്രസിയുടെ തേരോടിച്ച് .... ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ചുവന്ന തെരുവായ  "സോനാഗച്ചി "യുടെ ഇരുണ്ട തെരുവുകളിലേക്ക് സധൈര്യം  കയറി ചെന്ന്... മനുഷ്യ രേതസ്സിന്റെ മനം മടുപ്പിക്കുന്ന ഗന്ധം സദാ തങ്ങി നിൽക്കുന്ന.. ആ രതി സാമ്രാജ്യത്തിന്റെ ചീഞ്ഞളിഞ്ഞ പിന്നാമ്പുറങ്ങളിൽ പുനരധിവാസത്തിന്റെ കൊടുങ്കാറ്റ് അഴിച്ചു വിട്ട... മിടുക്കനായ IAS ഓഫീസറാണ് അനന്തരാമൻ... എന്ന് ലോക മാധ്യമങ്ങൾ വാഴ്ത്തിപ്പാടുന്ന മനുഷ്യനാണ് തന്റെ ബോസ്സായി എത്തുന്നത് എന്ന് ഓർത്തപ്പോൾ തെല്ലു ഭയം തോന്നാതിരുന്നില്ല.


ഒരു മലയാളി ഓഫീസറുടെ കൂടെ ഇത് ആദ്യമായിട്ടാണ് അസിസ്റ്റ് ചെയ്യുന്നത്. 'പ്രീയനന്ദ'.. കൂടെ കൂടെ വിളിച്ചു കൊണ്ടാണിരിക്കുന്നത്... അദ്ദേഹം എപ്പോഴാണ് എത്തുന്നതെന്നറിയാൻ.. പ്രസ്സ് മീറ്റിംങ്ങിന് തീർച്ചയായും അവളെ അറിയിക്കണം. പ്രീയനന്ദ തന്റെ പ്രീയപ്പെട്ട കൂട്ടുകാരി, ഡിഗ്രിക്കും.. അതിനു ശേഷം പി.ജിക്കും.. ഡൽഹിയിലെ സെന്റ് സ്‌റ്റീഫൻസിൽ ഒരുമിച്ചായിരുന്നു, അന്ന് തുടങ്ങിയ സൗഹ്രദമായിരുന്നു... പി ജി കഴിഞ്ഞപ്പോൾ , അവൾ MSW ന് പോയി, അതിന് ശേഷം അവളുടെ പ്രവൃത്തന മേഖല ഡൽഹി കേന്ദ്രീകരിച്ചുള്ള സാമൂഹ്യ പ്രവൃത്തനങ്ങളായിരുന്നു... പ്രത്യേകിച്ചും... വേശ്യകളുടെയും അവരുടെ മക്കളുടെയും... ചൂഷണത്തിന് വിധേയരായിത്തീരുന്ന സ്ത്രീകൾ.. കുട്ടികൾ... അനാഥർ.. തെരുവിൽ അലഞ്ഞു നടക്കുന്നവർ... അവരുടെ ഇടയിലേക്ക് ഇറങ്ങി ചെന്ന്... ഇൻഡ്യ മുഴുവൻ ഓടി നടന്ന് പ്രവൃത്തിക്കുന്ന മിടുക്കിയായ ധൈര്യശാലിയായ പെൺകുട്ടിയാണവൾ... " ജ്വാല " എന്ന സംഘടനയുടെ അമരക്കാരി.. അച്ഛന്റേയും അമ്മയുടെയും ഏക മകൾ ആയിരുന്നിട്ടും.. അവളുടെ ഇഷ്ടങ്ങൾക്ക് എന്നും കൂട്ടായി... ഡൽഹി യൂണിവേഴ്സിറ്റിയിലെ പ്രൊഫസറും മാരായ അവളുടെ മാതാപിതാക്കളും അവൾക്ക് കരുത്തായി കൂടെ നിൽക്കുന്നു.


അനന്തരാമനെ കുറിച്ച് പ്രീയനന്ദയ്ക്ക് നന്നായി അറിയാമായിരുന്നു. അദ്ദേഹമാണ് തന്റെ ബോസ്സായി വരുന്നതെന്ന് അറിഞ്ഞപ്പോൾ മുതൽ അവൾക്ക് ആകാംക്ഷയായിരുന്നു... കാരണം അത്രമേൽ അവളിൽ സ്വാധീനം ചെലുത്തിയ ഒരു വ്യക്തിയാണത്രേ അദ്ദേഹം. ഇതുവരെ നേരിൽ കണ്ടിട്ടില്ലെങ്കിലും... അയാൾ എഴുതിയ പുസ്തകങ്ങളെല്ലാം തന്നെ അവൾ വായിച്ചിരുന്നു. അതിൽ ഏറ്റവും പ്രശസ്തമായ ഒരു പുസ്തകമായ ” ദി അൺ ഹീൽഡ് വൂൺഡ് " അനന്തരാമന്റെ ആത്മകഥാംശമുള്ള കൃതി... അതിന്റെ ഒരു കോപ്പി അവൾ എനിക്ക് തന്നിരുന്നു.  അത് വായിച്ചപ്പോൾ... അങ്ങിങ് ചിതറിക്കിടക്കുന്ന ശൽക്കിച്ച നൊമ്പരത്തിന്റെ നുറുങ്ങുകൾ..  ചോര കിനിയുന്ന മനസ്സിലെ മുറിവുകൾ... അപമാനഭാരത്താൽ ശിരസ്സ് കുനിഞ്ഞ് ഒറ്റപ്പെട്ട വഴിത്താരകളിൽ... അലഞ്ഞു നടന്ന പിഞ്ചു ബാല്യത്തിന്റെ കദനങ്ങൾ... ചവിട്ടിയരക്കപ്പെട്ട കലുഷിതമായ കൗമാരം... പൊള്ളിക്കുന്ന അനുഭവങ്ങടെ മൂശയിൽ സ്പുടം ചെയ്ത ക്ഷുഭിത യൗവ്വനം... അന്തരാളങ്ങളിൽ കത്തിയ ജീവിത സമരപോരട്ടങ്ങളുടെ തീയിൽ കത്തിയമർന്നിട്ടും... ശേഷിച്ച ഒരു പിടി വെണ്ണീറിൽ നിന്നും പറന്നുയർന്ന് ഉയരെ പറക്കുന്ന കരുത്തനായ ആ മനുഷ്യന്റെ ചിത്രം അക്ഷരങ്ങളിൽ കോറിയിട്ട ആ പുസ്തകം രണ്ടാവർത്തി താൻ ഇതിനോടകം വായിച്ചു തീർത്തു.


 വൈരാണിപ്പാടം.. ഒരു തനി നാടൻ ഉൾഗ്രാമം...കാർഷികവൃത്തി പ്രധാന ജീവനോപാധിയായി ഏറെക്കുറെ.. മനുഷ്യർ ഉപജീവനം കഴിക്കുന്നു. പറമ്പിലും നെൽപ്പാടങ്ങളിലും കൃഷി ചെയ്തും കൂലിപ്പണിയെടുത്തും... കൊയ്തും മെതിച്ചും.. കാളപൂട്ടിയും ജീവിക്കുന്നവർ….. കാവും ..കുളങ്ങളും.. പുഴകളും.. പള്ളിയും... പള്ളിവക സ്ക്കൂളും.. ഉത്സവങ്ങളും പെരുന്നാളുകളും ഒക്കെ ഒരു പോലെ ആഘോഷിക്കുന്ന ജനങ്ങൾ. വൈരാണിപ്പാടത്തിന്റെ ഹ്രദയ രേഖപോലെ കടന്നു പോകുന്ന മൺ വഴികൾ. ആശാൻ മുക്കിലുള്ള നായരുടെ ഓല മേഞ്ഞ ചായക്കടയും, ചട്ടൻ ആശാന്റെ പെട്ടിക്കടയും, വക്കന്റെ സൈക്കിൾ ഷാപ്പും, നാരായണന്റെ പൊത്തു പോലെയുള്ള മുറിയിൽ പ്രവൃത്തിക്കുന്ന പലചരക്കുകടയും, പാലക്കുഴ ചെല്ലപ്പനും നാരായണിയും നടത്തുന്ന ചാരായ ഷാപ്പും, മുക്കാൻ കിലോമീറ്റർ മുന്നോട്ട് നടന്നാൽ ഇലഞ്ഞിച്ചോട് കവലയായി... കള്ളുഷാപ്പും, റേഷൻ കടയും,  ചെറിയ ഒരു ട്യൂട്ടോറിയൽ കോളേജും ഒക്കെ വൈരാണിപ്പാടത്തിന്റെ വാണിജ്യ കേന്ദ്രങ്ങളായിരുന്നു.കവലയിലെ കലുങ്കിൽ സദാ സമയവും കുത്തിയിരുന്നും ബീഡി വലിച്ചും മുറുക്കിത്തുപ്പിയും സമയം കൊല്ലുന്ന കൃഷണനും, പാക്കരനും, കുഞ്ഞേപ്പും... വഴിയേ പോകുന്നവരുടെയും വരുന്നവരുടെയുമൊക്കെ കുറ്റം പറഞ്ഞും.. പെണ്ണുങ്ങളെ കമന്റെ 

ടിച്ചും ... വാടക സൈക്കിളിൽ സദാ ചുറ്റിത്തിരിയുന്ന പത്രോയും കൂട്ടരും... മദ്യപിച്ചു ലക്കുകെട്ട് തന്റെ ഉടൻ ക്കൊല്ലി സൈക്കിളും ഉന്തി അസഭ്യവർഷം നടത്തിക്കൊണ്ട് ഹീറോ ചമയുന്ന കുര്യനും ഒക്കെ വൈരാണിപ്പടത്തെ പ്രധാനപ്പെട്ട ആളുകളായിരുന്നു.


റോഡിന് തെക്കു മാറി മൂലയിലായി.. ദേ.. പുറമ്പോക്കിൽ ഒരു ഓലപ്പുര കാണുന്നില്ലേ... ചെമ്പരത്തി ചെടികൾ വേലി പോലെ കുത്തി നാട്ടി വകഞ്ഞു.. നിറയെ ചുവന്ന ചെമ്പരത്തിപ്പുകൾ പൂത്തുലഞ്ഞ് ആ കുടിലിനെ മറച്ചുപിടിക്കുന്നു.. അതാണ് ' തങ്ക 'യുടെ വീട്... " വഴീ തങ്ക ".. എന്ന നാട്ടു വേശ്യയുടെ വീട്. ദാ.. അവിടെ... ആ മുറ്റത്ത് നിൽക്കുന്നു.. നിവർത്തിയിട്ട പരമ്പിൽ കുനിഞ്ഞ് നിന്ന് എന്തോ ചിക്കി ഉണക്കുകയാണ്... പൊക്കിളിന് താഴെ വച്ച് ഉടുത്തിരിക്കുന്ന ഒറ്റ കള്ളിമുണ്ടും അര ബ്ലൗസുമാണ് വേഷം... വെളുത്ത് തടിച്ചു കൊഴുത്ത മദാലസ രൂപം... എന്തിനും പോന്ന ഭാവം... ആരേയും വെല്ലുവിളിക്കുന്ന തീഷ്ണമായ കണ്ണുകൾ.... വശീകരണ മന്ത്രം ഒളിപ്പിച്ചു വച്ചിരിക്കുന്ന കടക്കണ്ണുകൾ ഇരയെ തേടിക്കൊണ്ടേയിരിക്കുന്നു.


" നന്ദൂ.... മോനെ.... നാരായണേട്ടന്റെ കടേ പോയി... നൂറ് വെളിച്ചണ്ണേം.. പത്ത് മുളകും... ഒരു കുറ്റി ഉപ്പും.. അരക്കിലോ അരീം വാങ്ങീട്ട് വാ..."


" ഞാൻ നാരാങ്ങാ മൊട്ടായീം.. വാങ്ങിക്കും".. തങ്കയുടെ മകൻ നന്ദുവാണ്.... എട്ട് വയസ്സ് പ്രായം.


" നാരായണോ... വഴീ തങ്കേടെ മോൻ വരണ് ണ്ട്... നീ ഈ കൊടുത്തു വിടണ സാധനത്തിന്റെയൊക്കെ പൈസാ രൊക്കായിട്ടാണോ... അതോ.. രാത്രീ... രാത്രീ... പറ്റ് തീർക്കുവാണോ"... മത്തന്റെ സംശയം...


" ഹോ... അതിനിപ്പ അവള് ടൗൺ സർവ്വീസല്ലേ... ഇപ്പോ പറമ്പിലും.. പള്ളേലും ഒന്നും അവൾ കെടക്കൂല്ല.. ഹോട്ടല് മുറി വേണം... ടൗണീന്ന് ഒക്കെ പ്പെ കാറുമായി മൊതലാളിമാര് വരുവല്ലേ കൊണ്ടുപോകാൻ... ഉച്ച കഴിയുമ്പോ അവള് ഒരുങ്ങിക്കെട്ടി പോണ കാണണില്ലേ... " 


" അപ്പോ... ഇപ്പെ.. വീട്ടിൽ കച്ചോടമില്ലേ"?.... തോമാ ചോദിച്ചു.


" ഒണ്ടേ.. ചെല സ്ഥിരം പുള്ളികൾ ഒണ്ടല്ലോ... കുഞ്ഞച്ചൻമാര്... പോത്തു വെട്ടി കുഞ്ഞാപ്പു,  വടക്കൻ കേശവൻ, കണ്ടത്തിൽ തൊമ്മി... മൊതലായ പ്രമാണിമാരെയൊക്കെ ഇപ്പളും അവള് വീട്ടിൽ സൽക്കാരിക്കാരൊണ്ട്"... കുന്നൻ കമന്റ് പറഞ്ഞു...


സാധനവും വാങ്ങി സഞ്ചിയിലിട്ട്... ടയറ് വണ്ടി ഉരുട്ടി ഓടാൻ തുടങ്ങുമ്പോൾ... പിറകിൽ നിന്നും മറ്റൊരാൾ ചോദിക്കുന്നതു കേട്ടു...


" ശരിക്കും... ഈ ചെറക്കന്റെ തന്തയാരാ?"...


" എന്റെയല്ല.... എന്തായേലും"... പാപ്പൻ പറഞ്ഞു.


" ഏതോ കൊള്ളാവുന്നവന്റെ വിത്താ.. കണ്ടാ നല്ല മിടുക്കൻ ചെറ്ക്കൻ ".. ബാർബർ കുഞ്ഞാണ്ടി അഭിപ്രായപ്പെട്ടു.


"ഹ....ഹ...ഹ.... അതിപ്പോ ആരടയാന്ന് അവള്ക്ക് പോലും പിടി കാണിയേല... എത്ര പേരാ മാറി..  മാറി"...

പിറകിൽ നിന്നുള്ള പൊട്ടിച്ചിരികൾ...

പരിഹാസത്തിന്റെ കൂരമ്പുകൾ.. തൊലിയുരിക്കുന്ന... അറപ്പുളവാക്കുന്ന സംസാരങ്ങൾ..


പന്ത്രണ്ട് വയസ്സായ ഒരു ആൺക്കുട്ടിക്ക് കാര്യങ്ങൾ മനസ്സിലാക്കാനും, ഗ്രഹിക്കാനും കഴിയും... ആളെ തിരിച്ചറിയാൻ കഴിഞ്ഞ നാളു മുതൽ... അമ്മ കാണിച്ചു തന്ന പലരെയും... താൻ അച്ഛൻ എന്നു വിളിച്ചു... അന്നൊന്നും ഒന്നും അറിയില്ലായിരുന്നു... ഓരോ അച്ഛൻമാരും മാറി മാറി വരുമ്പോൾ തനിക്ക് മിഠായിയും , കളിപ്പാട്ടങ്ങളും കൊണ്ടു തന്നിരുന്നു. അവരിൽ ഓരോരുത്തരും തനിക്ക് ഒന്നോ രണ്ടോ... രാത്രികളിൽ മാത്രം വീട്ടിൽ കാണുന്ന അച്ഛൻമാരായിരുന്നു.


ചെറിയ ക്ലാസ്സിൽ പഠിക്കുന്ന സമയം... അടുത്തിരുന്ന കുട്ടിയോട് താൻ ചോദിച്ചു... " നിനക്ക് എത്ര അച്ഛൻ മാര്ണ്ട്?"


" ഒരച്ഛൻ "... കുട്ടി പറഞ്ഞു


" എനിക്ക് കൊറെ... അച്ഛൻ മാര് ണ്ട്‌".. താൻ ഗമയോടെ പറഞ്ഞു...


" യ്യേ.... കൊറെ അച്ഛൻ മാരെങ്ങനാ ഒണ്ടാവ്വാ?... ഒരാള്ക്ക് ഒരച്ഛനേ ഉള്ളൂ" .. അവൻ തന്നെ കളിയാക്കി.


അന്ന് വൈകുന്നേരം സ്ക്കൂൾ വിട്ട് വീട്ടിൽ വന്നപ്പോൾ അമ്മയോട് ചോദിച്ചു... " ന്താ അമ്മേ.. എല്ലാർക്കും ഒരച്ഛൻ ഉള്ളൂ... എനിക്ക് കൊറെ അച്ഛൻമാരുണ്ടല്ലോ"?... അമ്മ ഒന്നും മിണ്ടാതെ തല കുനിച്ചിരുന്നതേയുള്ളൂ.... " നീ പോയിരുന്ന് പഠിക്ക് ".. തന്റെ മുഖത്ത് നോക്കാതെ അമ്മ പറഞ്ഞു. ആ കണ്ണുകളിൽ ജലം നിറഞ്ഞിരുന്നുവോ...


എന്നും തന്റെ ബഞ്ചിൽ അടുത്തിരിക്കുന്ന കുട്ടി പിറ്റേന്ന് സ്ഥലം മാറിയിരുന്നു... തന്നോട് മിണ്ടാതെ.


" നീയെന്താ സ്ഥലം മാറിയിരിക്കണെ"? താൻ ചോദിച്ചു.


" ഇനി മുതൽ നിന്റെ അടുത്തിരിക്കരുതെന്നും... കൂട്ടുകൂടരുതെന്നും.. ന്റെ അമ്മ പറഞ്ഞിരിക്കണ്... നീ.. വഴീ തങ്കേടെ മകനാണ്... നിന്റെ അമ്മ ചീത്തയാണ്..നിന്റെ കൂട്ടുകൂടിയാൽ ഞങ്ങളും ചീത്തയാകൂന്ന് അമ്മ പറഞ്ഞു"...


ഒന്നും മനസ്സിലായിരുന്നില്ല... വഴീ തങ്കേടെ മകൻ... അമ്മ ചീത്ത.. നാട്ടുകാരെല്ലാം തന്റെ അമ്മേനെ വിളിക്കുന്നത്... വഴീ തങ്ക...


ഉച്ചതിരിയുമ്പോൾ... അമ്മ കുളിച്ച് ഒരുങ്ങി... സാരിയുടുത്ത്... കണ്ണെഴുതി.. വലിയ പൊട്ടുകുത്തി.. ക്യൂട്ടിക്യൂറ പൗഡർ ഇട്ട്... നല്ല മണമുള്ള വാസന തൈലം പൂശി തലയിൽ പൂവ് ചൂടി.. തോളിൽ തൂക്കിയ ബാഗും... ഒടിച്ചു മടക്കുന്ന കുടയും... തന്നെയും കൈക്ക് പിടിച്ച് ഓട്ടോ മാമന്റെ ഓട്ടോ റിക്ഷായിൽ പട്ടണത്തിലേക്ക് പോകുമായിരുന്നു.. അമ്മയുടെ ശരീരത്തിന് എപ്പോഴും വാസന തൈലത്തിന്റെ ഗന്ധമായിരുന്നു.


പട്ടണത്തിൽ എത്തിയാൽ, അമ്മ ഇറങ്ങിപ്പോകും... പിന്നെ പുലരുന്നത് വരെ താൻ 'ഓട്ടോ മാമന്റെ' കൂടെയായിരിക്കും.... മാമൻ തനിക്ക് പൊരിക്കടലയും... ഐസു മിഠായിയും ഒക്കെ വാങ്ങിത്തരും.. ഇടയ്ക്കിടെ അമ്മയെ കാണണമെന്ന് ശാഠ്യം പിടിക്കുമ്പോൾ... ചിലപ്പോൾ സിനിമാ കാണിച്ചു തരും.... ബീച്ചിൽ കൊണ്ടുപോകും... രാത്രി വൈകുമ്പോൾ താൻ ഓട്ടോയിൽ കിടന്ന് ഉറങ്ങിപ്പോകും. 



പുലർകാലത്ത് അമ്മ തിരികെയെത്തും... പലപ്പോഴും താനത് അറിയാറില്ല... ചിലപ്പോൾ കണ്ടിട്ടുണ്ട്... ഉറക്കച്ചടവാർന്ന വാടിയ മുഖം... വീട്ടിൽ നിന്നും പോയതു പോലെയല്ല അമ്മ തിരികെയെത്തുന്നത്... വാടി തളർന്ന്.. കൺമഷിയും... പൊട്ടും.. മാഞ്ഞ്... തലയിൽ ചൂടിയിരുന്ന പൂവ് ചതഞ്ഞരഞ്ഞ്.... 


തനിക്ക്.. എട്ടുപത്തു വയസ്സായപ്പോൾ തുടങ്ങി... അമ്മ പോകുമ്പോൾ തന്നെ തനിയെ വീട്ടിലിരുത്താൻ തുടങ്ങി ... തനിക്ക് കൂട്ടായി വൈകുന്നേരങ്ങളിൽ, "വേലത്തിപ്പാറു  എന്നും പതിച്ചിപ്പാറു" എന്നുമൊക്കെ നാട്ടുകാര് വിളിക്കുന്ന... പാറു മുത്തശ്ശിയെ അമ്മ കൊണ്ടുവന്നാക്കുമായിരുന്നു. കാൽ മുട്ടുകൾക്ക് താഴെ വെച്ചുടുത്ത ഒറ്റ കള്ളിമുണ്ടും... മാറ് മറയ്ക്കണ റൗക്കയും ആയിരുന്നു പാറു മുത്തശ്ശിയുടെ വേഷം….... മടിയിൽ എപ്പോഴും കരുതുന്ന മുറുക്കാൻ പൊതിയിൽ നിന്നും കൂടെ കൂടെ പുകയില അടർത്തി വായിലിട്ടു കൊണ്ട് ചവച്ചു കൊണ്ടിരിക്കും. തന്നെ അവർ സ്നേഹത്തോടെ  'നന്ദൂട്ടാ'.. എന്നു വിളിച്ചിരുന്നു. ഈ ലോകത്തിൽ ... പാറു മുത്തശ്ശിയും.. അമ്മയും മാത്രമെ തന്നെ സ്നേഹത്തോടെ വിളിക്കുകയും.. സംസാരിക്കുകയും ചെയ്തിട്ടുള്ളൂ... മറ്റുളളവർ എല്ലാവരും തന്നെ അറപ്പോടും.... വെറുപ്പോടും... പരിഹാസച്ചുവയോടും കൂടി മാത്രമായിരുന്നു കണ്ടിരുന്നത്.


മുതിർന്ന് വരുന്തോറും... താൻ ആരാണെന്നുള്ള സത്യം തിരിച്ചറിഞ്ഞു കൊണ്ടിരുന്നു.. 'വഴീ തങ്ക' യുടെ മകൻ... പുറമ്പോക്കിൽ താമസം.. സമൂഹത്തിന്റെ മുൻപിൽ അറയ്ക്കപ്പെട്ടവൻ... രാത്രിയുടെ മറവിൽ അമ്മയുടെ ശരീരത്തിന്റെ ചൂട് തേടി... ചെമ്പരത്തി ചെടികളുടെ കൊഴുത്ത ഇലകളുടെ മറവിൽ പതുങ്ങി നിന്നുകൊണ്ട് ഇളഭ്യ ചിരിയോടെ എത്തി നോക്കുന്ന പകൽ മാന്യൻമാർ... പകൽ വെട്ടത്തിൽ തന്നെ കാണുമ്പോൾ കാർക്കിച്ചു തുപ്പുകയും... തങ്ങളുടെ മക്കളോടൊപ്പം കളിക്കുന്നത് വിലക്കുകകയും... മിണ്ടാൻ പോലും അനുവദിക്കാതെ അയിത്തം കൽപ്പിച്ച് മാറ്റി നിർത്തുമ്പോൾ... തന്റെ ഇളം മനസ്സ് പിടഞ്ഞിരുന്നില്ലേ...


ക്ലാസ്സിൽ ഏറ്റവും നന്നായി പഠിച്ചിരുന്ന കുട്ടി താനായിരുന്നിട്ടും... ഏറ്റവും പിന്നിലത്തെ ബഞ്ചിൽ... വഷളൻമാരായ ' ചേട്ടൻ' മാർക്കൊപ്പമായിരുന്നു എന്നും തന്റെ സ്ഥാനം. 


" അനന്തു... നിന്നോട് പലവട്ടം പറഞ്ഞിട്ടുള്ളതല്ലേ... ഫ്രണ്ട് ബഞ്ചുകളിൽ ഇരിക്കരുതെന്ന്... മറ്റു കുട്ടികളുടെ രക്ഷകർത്താക്കൾ പരാതിയുമായി എത്തും... നീ പിറകിൽ ഇരുന്നാൽ മതി"... വാസു സാറിന്റെ കർശന നിർദ്ദേശമായിരുന്നു.


" സാറെ... പിറകിൽ ഇരുന്നാൽ ഒന്നും പഠിക്കാൻ പറ്റുന്നില്ല... അവർ വല്ലാതെ ശല്യം ചെയ്യുന്നു... കണക്കിന്റെ പിരിയഡിൽ ഞാൻ മുൻപിൽ തറയിൽ ഇരുന്നോളാം.. ബഞ്ചിൽ ഇരിക്കണില്ല"...


ക്ലാസ്സിൽ കൂട്ടച്ചിരി ഉയർന്നു...


" നീ പിറകിൽ ഇരുന്ന് പഠിക്കണത് പഠിച്ചാൽ മതി...  പഠിച്ചിട്ട് നീ കളക്ടർ ആകാനൊന്നും പോണില്ല".. വാസു സാർ വീണ്ടും പറഞ്ഞു.


തനിക്കാരും കൂട്ടുകാരില്ല... ഒപ്പം ഇരുന്ന് ആരും ഭക്ഷണം കഴിക്കില്ല... കളിക്കാൻ കൂടെ കൂട്ടുകയില്ല... സ്ക്കൂൾ ആനിവേഴ്സറികളിൽ പ്രോഗ്രാമിന് പങ്കെടുപ്പിക്കില്ല.. രാത്രികളിൽ... മുനിഞ്ഞു കത്തുന്ന മണ്ണെണ്ണ വിളക്കിന്റെ നേരിയ വെട്ടത്തിൽ ഇരുന്ന് വാശിയോടെ പഠിക്കുമ്പോൾ.... ലോകം പിടിച്ചടക്കണമെന്ന് തോന്നും... എല്ലാറ്റിനോടും പകരം ചോദിക്കണം .


ഒരു രാത്രികളിലും അമ്മ വീട്ടിൽ ഉണ്ടാകാറില്ല... ചാണകം മെഴുകിയ തറയിൽ വിരിച്ച തഴപ്പായയിൽ കിടന്ന് മുകളിലേക്ക് നോക്കുമ്പോൾ... മേച്ചിൽ പഴകി ദ്രവിച്ച ഓലകളുടെയും.. ചിതൽ കയറി ഒടിഞ്ഞു വീഴാറായ കവുങ്ങും വാരികൾക്കിടയിലൂടെയും ആകാശം കാണാം... അറിച്ചിറങ്ങി വരുന്ന നിലാവ് വെട്ടത്തിൽ താൻ സ്വപ്നം കാണാൻ മോഹിച്ചിരുന്നു. സ്വപ്നം കാണാൻ തനിക്ക് അവകാശമുണ്ടോ?.... വഴീ തങ്കയുടെ മകന് സ്വപ്നം കാണാൻ പറ്റുമോ?.. ആരെങ്കിലും അറിഞ്ഞാൽ അതിനും താൻ ശിക്ഷിക്കപ്പെടില്ലേ?.... ആകാശത്ത് നിന്ന് ഒരു നക്ഷത്രം... ദ്വാരം വീണ മേച്ചിൽ ഓലകൾക്കിടയിലൂടെ തന്നെ നോക്കി മന്ദമായി ചിരിക്കുന്നതു പോലെ... സൗമ്യമായ മുഖശോഭ.... ആ നക്ഷത്രം തന്നോട് എന്തോ പറയാൻ ആഗ്രഹിക്കുന്നതു പോലെ.... നക്ഷത്രം പറയാൻ തുടങ്ങീ... " നന്ദൂ .. പേടിക്കേണ്ട... സ്വപ്നം കണ്ടോളൂ... ആവോളം കണ്ടോളൂ... എന്നെപ്പോലെ ആകാൻ ആഗ്രഹിച്ചോളൂ... ഇത്രയും ഉയരത്തിലെത്താൻ.... പ്രഭ ചൊരിയാൻ... നിലാവ് പൊഴിക്കാൻ... ആർക്കും നിന്നെ തടയാനാവില്ല... നിന്റെ സ്വപ്നങ്ങളെ മറ്റാർക്കും നിന്നിൽ നിന്ന് തട്ടിയെടുക്കാനാവില്ല... നിന്നിലെ കഴിവുകളെ ആർക്കും ഇല്ലാതാക്കാനാവില്ല"....


" അങ്ങനെയല്ല... എന്നെ എല്ലാവരും വെറുക്കുന്നു.... മാറ്റി നിർത്തുന്നു... ഒഴിവാക്കുന്നു... ആട്ടിയോടിക്കുന്നു... പരിഹസിക്കുന്നു... കുത്തുവാക്കുകൾ പറയുന്നു... സ്കൂളിൽ അംഗീകരിക്കുന്നില്ല.. അഭിനന്ദിക്കുന്നില്ല... അദ്ധ്യാപകരും.. കുട്ടികളും.. ഒരു പോലെ പിൻതള്ളുന്നു.... ഞാൻ എങ്ങിനെ സ്വപ്നം കാണാൻ"... ഞാൻ നക്ഷത്രത്തോട് പരിഭവിച്ചു.


നക്ഷത്രം വീണ്ടും തന്നെ നോക്കി സൗമ്യമായി ചിരിച്ചു...." നന്ദൂ.... എല്ലാവരും അങ്ങിനെയാണ്... ലോകത്തിൽ മഹാൻമാരായി തീർന്നവരെല്ലാം തന്നെ നിന്നെ പ്പോലെ മാറ്റി നിർത്തപ്പെട്ടവരാണ്..... പലവട്ടം പരാജയപ്പെട്ടവരാണ്... പരിഹസിക്കപ്പെട്ടവരാണ്... ആട്ടിയോടിക്കപ്പെട്ടവരാണ്... പക്ഷേ... അവരെല്ലാം സ്വപ്നം കണ്ടിരുന്നു.... അതിരുകളില്ലാത്ത സ്വപ്നങ്ങൾ.... അത് സാക്ഷാത്ക്കരിക്കാനായി അവർ അദ്ധ്വാനിച്ചു.... പ്രയക്നിച്ചു... ദൃഢപ്രതിഞ്ജയെടുത്തു... അവർ എല്ലാവരും വിജയിച്ചു... ഈ എന്നെ തന്നെ നോക്കുക... കുറച്ചു കഴിയുമ്പോൾ കാർമേഘം വന്ന് എന്നെ മറയ്ക്കും... എന്റെ ചിരി മായും... പ്രകാശം മങ്ങും... പക്ഷേ ഞാൻ നിരാശപ്പെടില്ല.... ആ കാർമേഘം... പെട്ടെന്ന് തന്നെ മാറും.. വീണ്ടും ഞാൻ തെളിഞ്ഞ് നിൽക്കും... പിന്നെയും ഇരുണ്ട മേഘ പാളികൾ എന്നെ മറയ്കും.... അൽപ്പം കഴിഞ്ഞ് അതും മാറിപ്പോകും.... ഒരിക്കലും ഒരു കാർമേഘത്തിനും എന്നെ സ്ഥിരമായി മറച്ചു പിടിക്കാനാവില്ല. നീയും അങ്ങിനെയാണ്... നീ ഇപ്പോൾ കാർമേഘങ്ങൾക്കുള്ളിലാണ്... കുറെ കഴിയുമ്പോൾ നീയും പുറത്ത് വരും... ഇരട്ടി ശോഭയോടെ നീ പ്രകാശിക്കും... മറ്റുള്ളവരുടെ മേൽ നീ നിലാവ് പരത്തും... ഇരുൾ നിന്നെ വിട്ടു മാറും... "..... നക്ഷത്രം തന്നെ ധൈര്യപ്പെടുത്തിയോ...


ആ രാവിൽ.... നക്ഷത്രം പകർന്ന നിലാവ് വെട്ടത്തിൽ തന്റെ കുഞ്ഞ് മനസ്സ് പുളകിതമായി... പിന്നീട് പല സന്ദർഭങ്ങളിലും... മനസ്സ് തളരുമ്പോഴൊക്കെ... നക്ഷത്രം തന്നോട് മന്ത്രിച്ചത് ഓർക്കാറുണ്ട്.


ഇരുളിനെ മറയാക്കി അമ്മയെ തേടി വീട്ടിൽ എത്തുന്നവർ പലരും തനിക്ക് മിഠായി തന്നിരുന്നു.... അടുക്കളയിൽ അമ്മ വിരിച്ചിട്ട പായിൽ തന്നെ കിടത്തി... അമ്മ അപ്പുറത്തെ മുറിയുടെ വാതിൽ അടയ്ക്കും... അഥിതി തന്ന മിഠായി നുണഞ്ഞു കൊണ്ട് നക്ഷത്രങ്ങളെ നോക്കി കിടക്കുമ്പോൾ.. കാമത്തിന്റെ കെട്ടഴിച്ച് വിട്ട ആ രാത്രിയിലെ അമ്മയുടെ അഥിതിയുടെ... കിതപ്പും... സീൽക്കാര ശബ്ദങ്ങളും കേൾക്കാം.... ഒടുവിൽ... ചതഞ്ഞരഞ്ഞ് അമ്മ... രാത്രിയുടെ ഏതോ യാമത്തിൽ തന്റെ അരികിൽ വന്നു കിടക്കുന്നത്... താൻ അറിഞ്ഞിട്ടും... അറിഞ്ഞില്ലെന്ന ഭാവത്തിൽ കണ്ണു പൂട്ടി കിടന്നിരുന്നു... അപ്പോൾ അമ്മയുടെ ശരീരത്തിന് മനംപിരട്ടുന്ന ഗന്ധമായിരുന്നു...


പത്താം ക്ലാസ്സിൽ എത്തിയപ്പോൾ, താൻ പൂർണ്ണമായും ഒറ്റപ്പെട്ടിരുന്നു... ആരും സുഹ്രത്തുക്കളില്ലാതിരുന്ന തനിക്ക് ..ഗ്രാമീണ വായനശാലയിലെ മുഷിഞ്ഞ് പുറച്ചട്ട പൊളിഞ്ഞ പുസ്തകങ്ങൾ കൂട്ടായിരുന്നു. വായനശാല നടത്തിപ്പുകാരനായിരുന്ന... കരുണൻ മാഷിന് തന്നോട് പ്രീയമുണ്ടായിരുന്നു... പുസ്തകങ്ങൾ തരുമായിരുന്നു... ന്യൂസ് പേപ്പറുകൾ തരുമായിരുന്നു... ആ നാട്ടിൽ തന്നോട് സ്നേഹം കാണിച്ച ഏക മനുഷ്യൻ... തന്നെ എന്നും പ്രോത്സാഹിപ്പിച്ചിരുന്നു... ആത്മവിശ്വാസം പകർന്നു തന്നിരുന്നു.... പഠന കാര്യങ്ങളെക്കുറിച്ച് ചോദിക്കുകയും ഉപദേശം തരികയും ചെയ്തിരുന്നു... വഴീ തങ്കയുടെ മകനോട്... പ്രതിഫലേച്ഛയില്ലാതെ അടുപ്പം കാണിച്ച കരുണൻ മാഷ് തനിക്ക് പിതൃതുല്യനായിരുന്നു.


" അനന്തു... അമ്മയെക്കുറിച്ച് കാണുന്നതോ... കേൾക്കുന്നുതോ... അറിയുന്നുതോ... ഒന്നും നീ കാര്യാക്ക ണ്ട... കണ്ണും ചെവിയും ഇല്ലാത്തവനായി.. നീ ഇപ്പോൾ ജീവിക്കുക... നിനക്ക് മനസ്സിലാകുന്ന പ്രായവും പക്വതയുമാകുമ്പോൾ... അമ്മയെ നിനക്ക് മനസ്സിലാകും... ഇല്ലെങ്കിൽ ഞാൻ പറഞ്ഞ് തരാം... ഇപ്പോൾ നീ പഠനത്തിൽ ശ്രദ്ധിക്കുക.. ഉയർന്ന മാർക്കോടെ പത്താം ക്ലാസ്സ് ജയിക്കണം... എന്നിട്ട് കോളേജിൽ ചേരണം".... ഒരിക്കൽ കരുണൻ മാഷ് തന്നെ ചേർത്ത് നിർത്തിക്കൊണ്ട് പറഞ്ഞു.


പിന്നെ... തന്നോട് സ്നേഹം കാണിക്കുകയും.... വാക്കിലും... നോക്കിലും... തന്നെ മനസ്സിൽ ചേർത്ത് പിടിക്കുകയും... സ്ക്കൂളിലും... ക്ലാസ്സിലും... എല്ലാവരും തന്നെ പരിഹസിക്കുമ്പോഴും... ഒറ്റപ്പെടുത്തി അകറ്റി നിർത്തുമ്പോഴും... ദയാവായ്പോടുള്ള നോട്ടം കൊണ്ട് തന്നെ ആശ്വസിപ്പിക്കുകയും... ആരുമില്ലാത്ത നേരത്ത് തന്റെ ചാരെ വന്ന്.. ' സാരല്യാ'... എന്നു പറഞ്ഞ് തന്റെ കൈകളിൽ തലോടുകയും ചെയ്തിരുന്നു അവൾ.....' മിഥില പിള്ള'... അഞ്ചാം ക്ലാസ്സ് മുതൽ..

 പത്താം ക്ലാസ്സ് വരെ തന്റെ സഹപാഠിയായിരുന്നു അവൾ... ക്ലാസ്സിലെ ഏറ്റവും മിടുക്കിയായ കുട്ടി... വഴീ തങ്കയുടെ മകനായ താനും... PWD എഞ്ചിനീയറായ ഗോപാല പിള്ളയുടെ മകളായ മിഥിലാ പിള്ളയും ആയിരുന്നു... സ്ക്കൂളിലെ ടോപ്പ്.... പക്ഷേ... തന്നെയാരും ശ്രദ്ധിച്ചില്ല... അദ്ധ്യാപകർ പ്രശംസിച്ചില്ല... അംസംബ്ലിയിൽ അനുമോദിച്ചില്ല...


" അമ്മേ... എന്നെ ആരും കൂട്ടത്തിൽ കൂട്ടുന്നില്ല... കൂടെ കളിക്കാൻ അനുവദിക്കില്ല... ക്ലാസ്സിൽ മുൻ ബെഞ്ചിൽ ഇരുത്തുന്നില്ല... തന്നോട് ആരും സംസാരിക്കുക പോലുമില്ല... പഠന വിഷയങ്ങളിൽ സംശയം ചോദിച്ചാൽ പോലും അദ്ധ്യാപകർ പറഞ്ഞ് തരാറില്ല.... വഴീ തങ്കേടെ മകൻ എന്ന് പറഞ്ഞ് കൂക്കിവിളിക്കുന്നു.... അതെന്താമ്മേ?... ഒരിക്കൽ താൻ അമ്മയുടെ മടിയിൽ കിടന്നുകൊണ്ട് ചോദിച്ചു, അന്ന് തനിക്കൊന്നും ഗ്രഹിക്കാനുള്ള പ്രായമായിരുന്നില്ല. എന്നെ മടിയിൽ കിടത്തി... കക്ഷം കീറിയ ബ്ലൗസിൽ തുന്നലുകൾ ഇട്ടു കൊണ്ടിരുന്ന അമ്മയുടെ കണ്ണുകളിൽ നിന്നും അടർന്നു വീണ കണ്ണീരിന് പൊളളുന്ന ചൂടായിരുന്നു...  'സാരല്ല്യാ.... എല്ലാം മാറും'... അമ്മ മറുപടി രണ്ടു വാക്കുകളിൽ ഒതുക്കി.


പത്താം ക്ലാസ്സിലെ പരീക്ഷ അടുത്ത് വരുന്ന സമയം... തീവ്രമായ അവഗണനകളുടെ നടുവിൽ... തനിക്ക് പലപ്പോഴും കാലിടറുമെന്ന് തോന്നിയിരുന്നു... ക്ലാസ്സ് മുറിയിൽ വെച്ച് പുതുതായി വന്ന രവീന്ദ്രൻ മാഷ് S.S.L.C ബുക്കിലേക്കുള്ള വ്യക്തിവിവരങ്ങൾ ചോദിച്ച് എഴുതി ചേർക്കുകയാണ്... ഓരോരുത്തരുടെയും... വിവരങ്ങൾ പേര് വിളിച്ച് ചോദിച്ച് ഉറപ്പ് വരുത്തുന്നു... തന്റെ ഊഴമെത്തി..


" വി.റ്റി. അനന്തരാമൻ".. തന്റെ പേര് വിളിച്ചു

" അച്ഛന്റെ പേര്?... താൻ പകച്ചു.

" അച്ഛന്റെ പേരെന്താ"?.... സാറ് വീണ്ടും ചോദിച്ചു. ക്ലാസ്സിൽ കൂട്ടച്ചിരി ഉയർന്നു.

" എന്താടാ... നിന്റെ അച്ഛന് പേരില്ലേ?.. സാറ് കയർത്തു..

" അച്ഛൻ... അച്ഛൻ... ഇല്ല..." വാക്കുകൾ തൊണ്ടയിൽ കുരുങ്ങുന്നു.. ക്ലാസ്സിലെ മറ്റു കുട്ടികൾ ആർത്തു ചിരിക്കുന്നു.

" എന്താ അച്ഛൻ മരിച്ചു പോയോ?.. ന്നാലും പേരില്ലേടാ?...

" അമ്മയുടെ പേരെന്താ"?... മാഷ് വീണ്ടും...

" അമ്മ... തങ്കം".... വിക്കി വിക്കി പറഞ്ഞു


" വഴീ തങ്കാ.... വഴീ തങ്കാ.... ഏറ്റവും പിറകിലത്തെ ബഞ്ചിൽ തന്നോടൊപ്പം ഇരിക്കുന്ന വയസ്സൻ മാർ ആർത്തു വിളിച്ചു.

" അമ്മയ്ക്ക് എന്താ ജോലി"?..

ഹൂ... ഹൂ... ഹോയ്... പടക്ക കമ്പനീ തൊഴിലാളിയാ സാറേ... ഹൂയ്.. വഷളൻമാർ വീണ്ടും കൂക്കിവിളി തുടർന്നു.


തളർന്ന് താഴെ വീഴാതിരിക്കാൻ ഡസ്ക്കിൽ മുറുകെ പിടിച്ചു... ക്ലാസ്സിനുള്ളിൽ നിന്നും ആർത്ത് വിളിക്കുന്ന ശബ്ദം കേട്ട് ഹെഡ് മാസ്റ്റർ ഓടി വന്നു...  "മിണ്ടാതിരിക്കടാ " സാറ് അലറി...


തന്റെ നിറഞ്ഞൊഴുകുന്ന കണ്ണുകൾ അറിയാതെ... മിഥിലയുടെ നേർക്ക് ചെന്നു... അവളുടെ കൺകോണുകളിലും നനവ് പടർന്നിരുന്നുവോ?...


കണ്ണുനീരിൽ കുതിർന്ന മുഖത്തു കൂടി ജലം ധാര ധാരയായി ഷർട്ടിലേക്ക് വീണു.... നനഞ്ഞു കൊണ്ടിരുന്നു... കണ്ണുകൾ അരുവികളായി മാറി... ഹ്രദയാന്തർഭാഗത്തു നിന്നും ഏങ്ങലടികൾ ഉയർന്നു... കണ്ണിലെ പുകമഞ്ഞിലൂടെ... താൻ കണ്ടു... ഹെഡ് മാസ്റ്റർ .. രവീന്ദ്രൻ മാഷിനെയും കൂട്ടിക്കൊണ്ട് പുറത്തേക്ക് പോകുന്നു...


താനും പുസ്തക കെട്ടുമെടുത്ത്.. വേച്ചു വേച്ചു പുറത്തേക്കിറങ്ങി... നിറയെ വാകപ്പൂക്കൾ വീണ് കിടന്ന സ്ക്കൂൾ മുറ്റം... മുന്നോട്ട് നടന്ന് പടിക്കെട്ടുകൾ ഇറങ്ങി കിണറ്റിൻ കരയിലെത്തി... പുസ്തകക്കെട്ട് താഴെ വച്ച്... ഉടുത്തിരുന്ന മുണ്ട് അഴിച്ച് ഒന്നുകൂടി മുറുക്കിയുടുത്തു. കിണറ്റിൽ നിന്നും ഒരു തൊട്ടി വെള്ളം കോരി പരവേശം മാറെ കുടിച്ചു... തണുത്ത വെള്ളത്തിൽ മുഖത്തെ കണ്ണീര് കഴുകി കളഞ്ഞു... തളർന്ന് പോയിരുന്നു... ജനക്കൂട്ടത്തിന്റെ നടുവിൽ വച്ച് നഗ്നനാക്കപ്പെട്ടതുപോലെ.... അപമാനഭാരത്താൽ കുനിഞ്ഞ ശിരസ്സ്... സ്വന്തം അച്ഛൻ ആരാണെന്നറിയാത്ത... നാലാളുകളുടെ മുൻപിൽ സ്വന്തം അമ്മയുടെ പേരോ... തൊഴിലോ വെളിപ്പെടുത്താൻ കഴിയാതെ... ഒരു വേശ്യയുടെ മകനെന്ന് മുദ്രകുത്തി ആട്ടിപ്പായിക്കപ്പെട്ട ഒരു പിഞ്ചു ഹ്രദയത്തിന്റെ വേദന പങ്കു വയ്ക്കാൻ ആരുമില്ലായിരുന്നു... തന്നെപ്പോലെ താൻ മാത്രമെ ഭൂമിയിലുള്ളോ?... അതോ തന്നെപ്പോലെയുള്ള വേറയും കുട്ടികൾ ഉണ്ടാകുമോ?....


അന്ന് ആദ്യമായി... താൻ അമ്മയെ വെറുത്തു... ശപിച്ചു... വൃത്തികെട്ട സ്ത്രീ... പിഴച്ചവൾ... തന്റെ പിഞ്ചിളം മനസ്സിൽ അമ്മയോട് അറപ്പ് തോന്നി... അവരുടെ അടുത്ത് നിന്ന് രക്ഷപ്പെടണം... ആരും തിരിച്ചറിയാത്ത ഒരു നാട്ടിലേക്ക് ഓടി പോകണം... മനസ്സിൽ ചില തീരുമാനങ്ങൾ ഉറപ്പിച്ചാണ്... പുറമ്പോക്കിലുള്ള വീട്ടിൽ ചെന്നു കയറിയത്.


അമ്മയെ ഒന്നും അറിയിച്ചില്ല... എല്ലാം മനസ്സിൽ ഒതുക്കി... രണ്ടു നാൾ കഴിഞ്ഞ്... ക്ലാസ്സിലെ കുട്ടികളുടെ ഫോട്ടോയെടുപ്പും... കാപ്പി സൽക്കാരവുമുണ്ടായിരുന്നു.. താൻ പോയില്ല... ആരും തന്നെ അന്വേഷിച്ചതുമില്ല... തന്നെത്തേടി... ആ വേശ്യാഗ്രഹത്തിലേക്ക് ആര് വരാൻ....


പിന്നീട് ഹോൾ ടിക്കറ്റ് വാങ്ങാനാണ് താൻ സ്കൂളിൽ ചെന്നത്... ഹോൾ ടിക്കറ്റ് വാങ്ങി തിരികെ നടക്കുമ്പോൾ.. പിന്നിൽ നിന്നും ഒരു വിളി കേട്ടു.


" നന്ദൂ"... തിരിഞ്ഞു നിന്നു . മിഥിലയായിരുന്നു.

ഒരിക്കലും കൂടുതലായിട്ടൊന്നും തമ്മിൽ സംസാരിച്ചിട്ടില്ലെങ്കിലും.. അവളുടെ മനസ്സിൽ തന്നോടുള്ള സ്നേഹം താൻ തിരിച്ചറിഞ്ഞിട്ടുണ്ട്... സ്നേഹത്തിന് വാക്കും ഭാഷണവും ആവശ്യമില്ലല്ലോ... ഒരു നോട്ടം... മന്ദഹാസം... കണ്ണുകളിലെ തിളക്കം.. 

സഹതാപമായിരിക്കാം... അനുകമ്പയായിരിക്കാം... അല്ലെങ്കിൽ നന്നായി പഠിക്കുന്ന കുട്ടിയോടുള്ള ബഹുമാനമായിരിക്കാം...


" നന്ദൂനോട് എന്തു പറയണോന്നറീല്ല്യ.. ന്നാലും... വിഷമിക്കരുത്... നേരിടണം... ജയിച്ചു കൊണ്ട് പകരം ചോദിക്കണം... നിക്ക് റിയാം... നന്ദുവായിരിക്കും.. ഈ വർഷത്തെ സ്കൂളിലെ ടോപ്പർ... എന്റെ പ്രാർത്ഥനയുണ്ട്... കൂടുതലൊന്നും നിക്ക് പറയാനറിയില്ല"... തുറന്നു പിടിച്ച ഓട്ടോഗ്രാഫിന്റെ നീണ്ട ഒരിതൾ നീട്ടിക്കൊണ്ടവൾ പറഞ്ഞു...


ഓട്ടോഗ്രാഫ് വാങ്ങി അവളുടെ കണ്ണുകളിലേക്ക് ഒരു നിമിഷം നോക്കി... നീണ്ട് വിടർന്ന അഴകുള്ള ആ കണ്ണുകളിൽ എവിടെയോ എരിയുന്ന അനുരാഗത്തിന്റെ തീപ്പൊരിയുണ്ടോ?...


" ഒറ്റെപ്പട്ട തുരുത്തുകളിൽ... ഞാൻ ഏകനായി നിന്നപ്പോഴെല്ലാം... ഒരു നോട്ടം കൊണ്ടെങ്കിലും.. എനിക്ക് തുണ നിന്ന പ്രീയപ്പെട്ട കൂട്ടുകാരീ... നിനക്ക് തരാൻ എന്റെ കൈയ്യിൽ ഒന്നുമില്ലെങ്കിലും... മറക്കില്ലൊരിക്കലും... സ്നേഹത്തോടെ... നന്ദു"... ഓട്ടോഗ്രാഫിൽ കുത്തിക്കുറിച്ച വാക്കുകൾ ഇപ്പോഴും ഓർമ്മയിലുണ്ട്.


പരീക്ഷ കഴിഞ്ഞ ആശ്വാസത്തോടെ... പിന്നീടുള്ള ദിവസങ്ങളിൽ വൈകുന്നേരങ്ങളിൽ വായന ശാലയും... പുസ്തകങ്ങളും... കുന്നിൻ പുറത്തെ അമ്പലവും... ചോല തണൽ വിരിച്ച ഇടവഴികളിലുമൊക്കെയായി അലഞ്ഞുതിരിഞ്ഞു.... മാർക്കുകൾ കൂട്ടിയും കിഴിച്ചും നോക്കി... ഉയർന്ന മാർക്ക് കിട്ടുമെന്ന് തനിക്ക് ഉറപ്പായിരുന്നു.


ഇപ്പോഴായിട്ട് , അമ്മ വീട്ടിൽ നിന്നും പോയാൽ രണ്ടും മൂന്നും ദിവസങ്ങൾ കഴിഞ്ഞേ മടങ്ങി വരാറുള്ളൂ... പാറു മുത്തശി സ്ഥിരമായിട്ട് വീട്ടിൽ തന്നെയുണ്ട്... ചില രാത്രികളിൽ.. മദ്യപിച്ച് ലെക്ക് കെട്ട ആളുകൾ... വാതിലിൽ മുട്ടി വിളിക്കും...


" തങ്കേ.. എടീ തങ്കേ... വാതില് തൊറക്കെടി... എനിക്കിന്ന് നെന്റെ കൂടെ കെടക്കണം... കാശ് എത്ര വേണേലും തരാടീ... എന്നെ മാത്രം നീ കെടത്തൂല്ല... അതെന്നാടി എന്റെ കാശ് കയിയ്ക്യോ?... തൊറക്കെടി... കൂത്തിച്ചീ"... ജനലിലൂടെ താൻ എത്തി നോക്കി..… ഇരുട്ടിലെ നേരിയ വെട്ടത്തിൽ... വാതിലിൽ പിടിച്ചു നിൽക്കയാണയാൾ.... കവലയിലെ കടത്തിണ്ണയിലും... കലുങ്കിന് മുകളിലും... സെമിത്തേരി പറമ്പിലുമൊക്കെ കിടന്നുറങ്ങുന്ന... ആ ഭ്രാന്തൻ... കുളിയും നനയുമില്ലാതെ... കണ്ടാൽ അറയ്ക്കുന്ന... നാറുന്ന... കിറുക്കൻ.. കൈ നിറയെ പണവുമായി അമ്മയെ പ്രാപിക്കാൻ വന്നതാണയാൾ....


രക്ഷപ്പെടണം... ഇവിടെ നിന്നും രക്ഷപ്പെടണം... മനസ്സിൽ ഉറച്ചിരുന്നു.


റിസൾട്ട് വന്ന ദിവസം... ആദ്യത്തെ ഒൻപത് റാങ്കുകളിൽ ഒരാളായിരുന്നു താൻ... സ്കൂളിലെ ടോപ്പർ... സന്തോഷം കൊണ്ട് തുള്ളിച്ചാടി... പക്ഷേ അതു പങ്കു വയ്ക്കാൻ ആരുമില്ലായിരുന്നു... അമ്മ പോയിട്ട് രണ്ടു ദിവസമായി.. തിരികെ എത്തിയിട്ടില്ല... കരുണൻ മാഷിന്റെ അരികിലെത്തി... വിവരം പറഞ്ഞു... മാഷ് തന്നെ ചേർത്ത് നിർത്തി അഭിനന്ദിച്ചു... " വലിയ ആളാകണം"... അന്ന് ടൗണിലെ ഹോട്ടലിൽ കൊണ്ടുപോയി ഭക്ഷണം വാങ്ങി തന്നു.


അമ്മ പിറ്റേന്നാണ് വന്നത്... വിവരം അറിഞ്ഞിരുന്നു... കൈ നിറയെ പലഹാരങ്ങളും... പുതിയ ഷർട്ടും ഒക്കെയായാണ് അമ്മ വന്നത്... കെട്ടിപ്പിടിച്ച് നെറുകയിൽ ഉമ്മ തന്നപ്പോഴും.. അമ്മയുടെ കണ്ണുകളിൽ നിന്നും ഉതിർന്നു വീണ ചുടുകണ്ണീർ തന്റെ മുഖം നനഞ്ഞു.


S.S.L.C ബുക്ക് വാങ്ങി മടങ്ങി വരുമ്പോൾ തന്റെ തീരുമാനങ്ങൾ ഉറപ്പിച്ചിരുന്നു.... അമ്മ അന്നും വീട്ടിൽ ഉണ്ടായിരുന്നില്ല... ഉണ്ടായിരുന്ന വസ്ത്രങ്ങൾ എടുത്ത് ഒരു പത്രക്കടലാസ്സിൽ പൊതിഞ്ഞു കെട്ടി... ബുക്കും അതിൽ ഭദ്രമായി വച്ചു... പലപ്പോഴായി അമ്മ തന്ന പൈസയിൽ ബാക്കി ഉണ്ടായിരുന്ന ചില മുഷിഞ്ഞ നോട്ടുകൾ ചുളിവ് നിവർത്തി എണ്ണി നോക്കി... പോക്കറ്റിൽ ഇട്ടു... പാപത്തിന്റെ കറ പുരണ്ട നോട്ടുകൾ!!!


റെയിൽവ്വേ സ്റ്റേഷനിൽ എത്തിയപ്പോൾ.. ആദ്യം പ്ലാറ്റ്ഫോമിൽ കിടന്ന ട്രെയിനിൽ കയറി... എങ്ങോട്ടാണെന്നറിയില്ല... ബോഗികൾ മാറി മാറി കയറി... തന്റെ ആദ്യത്തെ കള്ള വണ്ടി യാത്ര.... പിറ്റെനാൾ... ഏതോ വലിയ ഒരു സ്റ്റേഷനിൽ വണ്ടി നിന്നു... ഇറങ്ങി... ആന്ധ്രായിലെ വിജയവാഡാ ജംഗ്ഷൻ... അവിടെ ഇറങ്ങാൻ തീരുമാനിച്ചു... ലക്ഷ്യമില്ലാതെ പ്ലാറ്റ്ഫോമിലൂടെ നടന്നു... അറിയാത്ത ഭാഷ... ദേശം... ആളുകൾ... ചുവന്ന ഉടുപ്പിട്ട പോട്ടർമാർ... യാചകർ... കച്ചവടക്കാർ... ഒട്ടും ഭയം തോന്നിയില്ല.


ഇവിടെ തന്നെയാരും തിരിച്ചറിയില്ല... വഴീ തങ്കേടെ മകനെന്ന് പറഞ്ഞ് പരിഹസിക്കില്ല... മനസ്സിന് വല്ലാതെ ആശ്വാസം തോന്നി... സന്തോഷം തോന്നി... ആത്മവിശ്വാസം തോന്നി... പക്ഷേ... പെട്ടെന്ന് അമ്മയെ ഓർത്തു.. താൻ എന്തു ചോദിച്ചാലും കണ്ണുകൾ നിറയുന്ന അമ്മ... ഒരിക്കൽ പോലും തന്നെ ശകാരിക്കാത്ത അമ്മ... കൂടുതൽ സംസാരിക്കാത്ത അമ്മ... കരയുന്ന മുഖമുള്ള തന്റെ അമ്മ.... നാട്ടുകാരുടെ വഴീ തങ്ക... എന്ന തന്റെ അമ്മ... പുറമ്പോക്കിൽ താമസിക്കുന്ന വേശ്യയായ തന്റെ അമ്മ...


രണ്ടു മൂന്നു ദിവസം കൊണ്ട് കൈയിൽ ഉണ്ടായിരുന്ന കാശ് തീർന്നു... ഭക്ഷണം കഴിച്ചും... വിജയവാഡ പട്ടണത്തിലെ കാഴ്ചകൾ കണ്ടും... കടത്തിണ്ണയിൽ കിടന്നുറങ്ങിയും സമയം കളഞ്ഞു. എന്തു ചെയ്യണമെന്നൊന്നും അറിയില്ലായിരുന്നു.


വിശപ്പ് സഹിക്കാതെ വന്നപ്പോൾ.. കൈ നീട്ടി.. ഭിക്ഷയ്ക്കായി... ചിലരൊക്കെ തന്നു.. മറ്റു ചിലർ ആട്ടിയോടിച്ചു... എന്നിട്ടും സന്തോഷമായിരുന്നു. ചില ദിവസങ്ങൾക്കൊണ്ട് താൻ അമ്മയെ മറന്നു തുടങ്ങി... നാട് മറന്നു... അല്ലെങ്കിൽ തന്നെ... ഓർമ്മിക്കാൻ ആ നാട്ടിൽ തനിക്കെന്തിരിക്കുന്നു.


ഒരു കൂട്ടം ഹിജഡകളുടെ സംഘത്തിലാണ് ചെന്നുപെട്ടത്... അവർ തന്നെ പെണ്ണിനെ പോലെ വേഷം കെട്ടിച്ചു... കൂട്ടത്തിൽ കൂട്ടി... ട്രെയിനിൽ പാട്ടു പാടി ഭിക്ഷ ചോദിച്ചു. അവരുടെ കൂടെ തിന്നു കുടിച്ചു... കിടന്നുറങ്ങി... മദ്യം കുടിപ്പിച്ചു... ഉറക്കത്തിനിടയിൽ ചിലരുടെ കൈകൾ തന്റെ ഇളം ശരീരത്തിൽ പാമ്പുകളെപ്പോലെ ഇഴഞ്ഞു നടന്നു.. ഞെരിച്ചമർത്തി... ശരീരത്തിൽ തീ പടർത്തി... വലിയ കാറുകളിൽ വന്ന് ചിലർ തന്നെ വലിയ ഹോട്ടൽ മുറികളിലേക്ക് കൊണ്ടുപോയി.... ഹിജഡകൾ കാശ് വാങ്ങി.. 


ചില മാസങ്ങൾ കഴിഞ്ഞാണ്... വടക്കോട്ട് സഞ്ചരിച്ച ഹിജഡകളുടെ ഒരു സംഘത്തിൽ താനുമുണ്ടായിരുന്നു... ട്രെയിനുകൾ തോറും മാറി മാറി കയറിയിറങ്ങി... ഒടുവിലാണ് കൽക്കട്ടയിലെത്തുന്നത്.


കൽക്കട്ടയിലെ ' സോനാഗച്ചി'... അവിടെ നിന്നു തുടങ്ങുന്ന തന്റെ രണ്ടാം ജന്മം. ' സോനാഗച്ചി' എന്താണെന്നോ... അതിന്റെ വശീകരണ ശേഷി എത്രയെന്നോ... ആ മോഹവലയത്തിലേക്ക് എത്തപ്പെടുന്ന ആളുകളുടെ ആവശ്യം എന്താണന്നോ .. പൂർണ്ണമായി പതിനഞ്ചു വയസ്സുകാരന് ഉൾക്കൊളളാൻ കഴിഞ്ഞില്ല.... മെല്ലെ... മെല്ലെ.... ചിത്രം വ്യക്തമായി.... തന്റെ അമ്മയെപ്പോലെ... പണിയെടുക്കുന്ന ആയിരക്കണക്കിന് അമ്മമാർ... ചേച്ചിമാർ... അന്ന് താൻ തിരിച്ചറിഞ്ഞു.. തന്റെ അമ്മ ഒറ്റയല്ല... അതുപോലെ ഒരായിരങ്ങൾ...


കാമം പുരട്ടിയ കടക്കണ്ണുകൾ കാട്ടി... ഇരയെ ആകർഷിക്കുന്ന... അമ്മമാരെ ആ തെരുവിൽ കണ്ടു... എന്നാൽ... തന്റെ അമ്മയെ പോലെ കരയുന്ന മുഖമുള്ളവരെ താൻ തിരഞ്ഞു.. ആരെയും കണ്ടെത്തിയില്ല. തന്റെ അമ്മ  'ജോലിക്ക്' പോകുമ്പോൾ എത്ര അണിഞ്ഞൊരുങ്ങിയാലും... സുന്ദരമായ ആ മുഖത്ത് പടർന്നിരുന്നത്... ശോകമായിരുന്നില്ലേ... ചിരിക്കാൻ ശ്രമിക്കുമ്പോഴൊക്കെ.. അമ്മയ്ക്ക് കരയുന്ന ഭാവമായിരുന്നില്ലേ?.... മുഖം മനസ്സിന്റെ ദർപ്പണമെങ്കിൽ….. ആ മനസ്സ് മുഴുവൻ... വേദനകളായിരുന്നിരിക്കണം..


' സോനാഗച്ചിയിൽ' ആയിരുന്നു തന്റെ കൗമാരം പുഷ്പ്പിച്ചത്!!!! ഏഷ്യയിലെ ഏറ്റവും വലിയ 'ചുവന്ന തെരുവുകളിൽ ഒന്നാണ്... പതിനയ്യായിരത്തോളം വരുന്ന ലൈംഗീക തൊഴിലാളികളും... അവരുടെ കുടുംബങ്ങളും... കുട്ടികളും അടങ്ങുന്ന ഒരു സമൂഹം. നാൽപ്പതിനായിരത്തോളം വരുന്ന ആളുകളാണ് ഓരോ ദിവസവും അവിടെ' വന്നു പോകുന്നത്'... സോനാഗച്ചിയെ കൂടാതെ.. 'കാളിഘട്ട്.. ഉൾട്ടാടാംഗ... ബറയ്പൂർ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ലൈംഗീക തൊഴിലാളികൾ കൂട്ടമായി താമസിക്കുന്നു. സ്ത്രീകൾ മാത്രമല്ല.. ലെസ്ബിയൻ... ബൈസെക്ഷ്വൽസ്... ഹിജഡകൾ... ഒക്കെ ഈ സമൂഹത്തിന്റെ ഭാഗമായിരുന്നു. ആയിടെ... എത്രയോ തവണ താൻ വൈകൃത രതിക്ക് വിധേയനായി... ഇതിനു വേണ്ടിയായിരുന്നോ.... താൻ ഒൻമ്പതാം റാങ്കുകാരനായത്... എന്നാലും സാരമില്ല... അപമാനഭാരം താങ്ങാനാവാതെ... വീർപ്പുമുട്ടിയ ആ നശിച്ച നാട്ടിൽ നിന്നു താൻ രക്ഷപെട്ടല്ലോ... ഇവിടെ താൻ  'മുന്നയാണ്... നന്ദൂ മുന്ന'... ആരും പരിഹസിക്കില്ല... പുഴുത്ത നായയെപ്പോലെ കല്ലെറിയുന്നില്ല... വഴീ തങ്കയുടെ മകനെന്ന് വിളിക്കില്ല... ഇവിടെ സമത്വമുണ്ട്... സാഹോദര്യമുണ്ട്... സ്നേഹമുണ്ട്... ഇവിടെ എല്ലാവരും ഒരുപോലെയാണ്... ഒരേ ജോലി ചെയ്യുന്നവർ... അവരുടെ മക്കൾ...


പക്ഷേ.... ഇവിടെ 'വേശത്തരുണികൾ'... രണ്ടും മൂന്നും വിഭാഗങ്ങളായി തരം തിരിക്കപ്പെടുന്നുണ്ട്... വില കൂടിയവരും... വില കുറഞ്ഞവരും... പന്ത്രണ്ട് വയസ്സുള്ള പെൺകുട്ടികൾ തുടങ്ങി... മധ്യവയ്‌സക്കരായ സ്ത്രീകൾ വരെ... സോനാഗച്ചിയിലെ തെരുവുകളിൽ ഇരുവശങ്ങളിലുമായി അണിഞ്ഞൊരുങ്ങി നിൽക്കുന്നത് ആദ്യമൊക്കെ തെല്ല് അത്ഭുതത്തോടെ നോക്കി കണ്ടിരുന്നു. കടുത്ത നിറങ്ങളിലുള്ള സാരിയുടുത്ത്..  പിങ്കും ചുവപ്പും നിറ ങ്ങളിൽ ചായം ചുണ്ടുകളിൽ പുരട്ടി... കണ്ണെഴുതി .. പൊട്ടുതൊട്ട്... വിൽപ്പന ചരക്കുകളായി... ആവശ്യക്കാർ തേടി വരുന്നതും കാത്ത് നിൽക്കുന്ന സ്ത്രീത്വം.. തന്റെ അമ്മയും... ഇവരിൽ ഒരാൾ മാത്രം.


തിരക്ക് കുറഞ്ഞ പ്രഭാതങ്ങൾ... ഉച്ച മയങ്ങി ഉണരുമ്പോഴേക്ക്... സജ്ജീവമാകുന്ന തെരുവുകൾ... പിന്നെ ലഹരി പതഞ്ഞുയരുന്ന കണക്കെ... തിരക്ക് കൂടി കൂടി വരികയും... പാതിരാവും കഴിഞ്ഞ് പുലർച്ചയോടെ അവസാനിക്കുന്ന സോനാഗച്ചി തെരുവുകളുടെ താളം.


രാത്രികളിൽ ഉത്സവ പറമ്പായി മാറുന്ന തെരുവുകളിൽ... രതി താളമുയരുകയും.... വിദ്രുത രതി ക്രീഡകളുടെ ഭാണ്ഡം തുറന്ന്.. കാമപൂർത്തിയടഞ്ഞവർ... തെരുവ് വിട്ട് മടങ്ങുമ്പോൾ... മന്മഥ രാസലീലകളാൽ ഭോഗ വസ്ഥുവായി മാറിയ സ്ത്രീ ശരീരങ്ങൾ... നിർവ്വികാരമായ മുഖങ്ങൾ.... രാത്രിയിൽ മുടിക്കെട്ടുകളിൽ ചേർത്ത് കെട്ടിയ മുല്ലപ്പൂ മാലകൾ ചതഞ്ഞരഞ്ഞും... ഉറക്കച്ചടവാർന്ന കണ്ണുകളും.. ലിപ്സ്റ്റിക്കും.. കൺമഷിയും കൂടിക്കലർന്ന് കോലം വരച്ച കവിളിണകളും… പൊട്ട് മാഞ്ഞ നെറ്റിത്തടങ്ങളും... രേതസ്സിന്റെ മനം മടുപ്പിക്കുന്ന ഗന്ധം തളം കെട്ടി നിൽക്കുന്ന ഇരുണ്ട മുറികൾക്കുള്ളിൽ നിന്ന് വേശത്തരുണികൾ തെരുവിലേക്കിറങ്ങുന്നു പുതിയ ഒരു ദിവസം ആരംഭിക്കുന്നതിനായി.


ഇടുങ്ങിയ വൃത്തിഹീനമായ തെരുവുകളിൽ... ഓവുചാലുകളിലൂടെ ഒഴുകുന്ന മനുഷ്യ വിസർജ്യത്തിന്റെ രൂക്ഷ ഗന്ധം... പഴക്കം ചെന്ന് ജീർണ്ണിച്ച് ദ്രവിച്ച... ജനൽ വാതിലുകളിലൂടെ എത്തി നോക്കുന്ന അർദ്ധ നഗ്നരായ സ്ത്രീകൾ... പരസ്പരം പുലഭ്യം പറഞ്ഞ് കൊണ്ട്... വല്ലപ്പോഴും മാത്രം ഒഴുകിയെത്തുന്ന വെളളം പിടിക്കാനായി ടാപ്പുകളുടെ മുൻപിൽ മൽപ്പിടുത്തം നടത്തുന്ന സ്ത്രീകൾ.... കീറിപ്പറിഞ്ഞ വസ്ത്രങ്ങൾ അണിഞ്ഞ നിഷ്ക്കളങ്കരായ കുട്ടികൾ തെരുവിൽ ഓടിക്കളിക്കുന്നു.... ജീവനുള്ള മാംസം തേടി... വഴിവക്കിലൂടെ നടക്കുന്ന ഇടപാടുകാർ... അവരെ ചിരിച്ചു കാണിച്ചും... തൊട്ടും... തലോടിയും... വീടുകളിലേക്ക് ക്ഷണിക്കുന്ന വേശ്യകൾ... പ്രായവും... നിറവും... രൂപവും വർണ്ണിച്ച്... ഇടപാടുകാരുമായി വില പേശുന്ന പിമ്പുകൾ... മുറുക്കി ചുവപ്പിച്ച ആന്റിമാർ... റിക്ഷാ വലിക്കുന്ന എല്ലുന്തിയ റിക്ഷാ തൊഴിലാളികൾ... ഇതെല്ലാമായിരുന്നു താൻ കണ്ട സോനാഗച്ചി...


സ്വവർഗ്ഗരതി തേടിയെത്തുന്ന മാന്യൻമാർക്ക് അവർ തന്നെ കാഴ്ച വെച്ചു ... അറയ്ക്കുന്ന ലൈംഗീക വൈകൃതങ്ങൾക്ക് വേണ്ടി തന്റെ ഇളം ശരീരം വിറ്റു കൊണ്ടിരുന്നു.... പക്ഷേ താൻ തോൽക്കില്ലെന്ന് മനസ്സ് തന്നോട് മന്ത്രിച്ചു കൊണ്ടിരുന്നു... അന്ന്..… ആ... പഴയ  നിലാവുള്ള രാത്രിയിൽ... പുറമ്പോക്കിലെ തന്റെ ഓലക്കുടിലിൽ... പഴകി ഓലകൾ ദ്രവിച്ച മേൽക്കൂരയ്ക്ക് ഇടയിലൂടെ തന്നോട് സംസാരിച്ച നക്ഷത്രത്തിന്റെ വാക്കുകൾ തനിക്ക് ധൈര്യം പകർന്നു... ' അൽപ്പനേരത്തേക്ക് കാർമേഘം നിന്നെ മറച്ചാലും... നീ കാർമേഘത്തിന് പുറത്ത് വരും... ഏറെ പ്രഭയോടെ... ഒരു ദീപ്തനക്ഷത്രമായി പ്രകാശിക്കും...


സോനാഗച്ചിയിലെ... ഒരു രാത്രിയിൽ തന്നെ തേടി വന്ന മാന്യനായ ഒരു 'ഇട പാടു കാരനാണ് തന്റെ ജീവിതത്തിന്റെ ഗതി തിരിച്ചുവിട്ടത്. സ്വവർഗ്ഗ ഭോഗിയായിരുന്ന അയാൾ.. വിദ്യാസമ്പന്നനും... പണക്കാരനും... സാമൂഹ്യ പ്രവർത്തകനുമായിരുന്നു. പക്ഷേ... സ്ത്രീകളിൽ കണ്ടെത്താനാകാത്ത അനുഭൂതി അയാളെ വൈകൃതങ്ങളിലേക്ക് തിരിച്ചു വിടുകയായിരുന്നു. 


അദ്ദേഹത്തെ... ' പ്രതാപ് ജീ'.. എന്നു വിളിക്കട്ടെ... രണ്ടും മൂന്നും പ്രാവശ്യം അദ്ദേഹം തന്നെ മാത്രം തേടിയെത്തി... തന്റെ സംരക്ഷകരായിരുന്ന ഹിജഡകൾക്ക് അയാൾ ധാരാളം പണം കൊടുത്തു... അവർക്ക് കൊടുത്തത് കൂടാതെ അവർ അറിയാതെ എനിക്കും പണം തന്നു... പിന്നീട് കൂടെ കൂടെ അയാൾ വരാൻ തുടങ്ങി... താൻ ഒരു 'മലയാളി പയ്യ'നാണെന്നറിഞ്ഞപ്പോൾ , അയാൾ തന്നെ ക്കുറിച്ച് കൂടുതൽ ചോദിച്ചറിഞ്ഞു.... എന്റെ ജീവിതം ഞാൻ അയാളുടെ മുൻപിൽ തുറന്നു വച്ചു... ഒൻമ്പതാം റാങ്കുകാരന്റെ SSLC ബുക്ക് അയാളുടെ മുൻപിൽ തുറന്നു വച്ചു... വിയർപ്പും.... ചെളിയും പുരണ്ട് മഷി പടർന്ന ആ ബുക്കിലെ ഓരോ വിഷയങ്ങളിലും താൻ നേടിയ മാർക്കുകളിലേക്ക് നോക്കി അയാൾ അന്ധിച്ചിരുന്നു.


പിന്നീട് കുറെ ദിവസങ്ങളിൽ' പ്രതാപ് ജി' തന്നെ തേടി വന്നില്ല... ഒരു മാസത്തിനു ശേഷം അദ്ദേഹം വീണ്ടും വന്നു... അന്ന് അയാൾ തന്റെ ശരീരത്തിൽ സ്പർശിച്ചില്ല... മറിച്ച് തന്റെ മനസ്സിൽ അദ്ദേഹം തൊട്ടു...


" മുന്നാ... ഞാൻ പറയുന്ന കാര്യങ്ങൾ നീ ശ്രദ്ധിച്ചു കേൾക്കണം... ഞാൻ ഇനി രണ്ടു ദിവസം കഴിഞ്ഞ് വരുമ്പോൾ നിന്നെ പുറത്ത് കൊണ്ടുപോകും.... നിന്നെ ഞാൻ ഇവരുടെ ഇടയിൽ നിന്നും രക്ഷപ്പെടുത്തും... നീ ഇവിടെ ജീവിച്ച് നശിക്കേണ്ടവനല്ല... നിന്നെ ഞാൻ പഠിപ്പിക്കും... നിന്റെ ഈ സ്ക്കൂൾ സർട്ടിഫിക്കേറ്റ് ഞാൻ കൊണ്ടുപോകുകയാണ്... രണ്ടു നാൾ കഴിഞ്ഞ് ഞാൻ വരും... അവർക്ക് ഒരു സംശയവും തോന്നാത്ത വിധത്തിൽ നിന്നെ പുറത്ത് കൊണ്ടുപോകുന്നുവെന്ന വ്യാജേന നമ്മൾ പോകുന്നു... ഒരുങ്ങിയിരിക്കുക"..


പ്രതാപ് ജി യുടെ സ്വാധീനം ഉപയോഗിച്ച് അദ്ദേഹം തന്നെ സോനാഗച്ചിയിൽ നിന്നും പുറത്തെത്തിച്ചു... തന്റെ മൂന്നാം ജന്മം...


ഉധംപൂരിലുള്ള , പ്രതാപ്ജിയുടെ ചുമതലയിൽ നടത്തപ്പെടുന്ന ' നയാ സിന്തകി'.. എന്ന ചാരിറ്റബിൾ ഹോമിൽ തന്നെ താമസിപ്പിച്ചു... പിന്നീട് കോളേജിൽ അഡ്മിഷൻ തന്നു... ഹയർ സെക്രണ്ടറിയും... ഡിഗ്രിയും... ബിരുദാനന്തര ബിരുദവും എടുപ്പിച്ചു... എല്ലായിടത്തും ഉജ്‌ജ്വല വിജയങ്ങൾ.... സമാനതകളില്ലാത്ത നേട്ടങ്ങൾ.. ചില 'പടുവിളകൾ' അങ്ങിനെയാണത്രേ... ഫലത്തിന് ഒടുക്കത്തെ മധുരമായിരിക്കും.

 

പഠനത്തോടൊപ്പം പ്രതാപ് ജീ യുടെ സ്ഥാപനങ്ങളിൽ ജോലിയും.. ശമ്പളവും തന്നു.

 

നക്ഷത്രം പറഞ്ഞതുപോലെ സംഭവിക്കുന്നു... കാർമേഘങ്ങൾ അപ്രത്യക്ഷമായി... തെളിഞ്ഞ ആകാശം... പക്ഷേ... ആകാശത്തിൽ ഒരു കറുത്ത' ഗർത്ത' മായി തന്റെ അമ്മയെപ്പറ്റി ഇടയ്ക്കിടെ ഓർക്കാറുണ്ടായിരുന്നു. എന്നാൽ പഠന സമയത്ത് ഒരിക്കൽ പോലും താൻ പിന്നിലേക്ക് തിരിഞ്ഞു നോക്കിയില്ല... അമ്മയെപ്പറ്റി ചിന്തിച്ചില്ല... തന്റെ നശിച്ച ബാല്യകാലത്തെ ഓർത്ത് നെടു വീർപ്പിട്ടില്ല... വൈരാണിപ്പാടം എന്ന നാടിനെപ്പറ്റി ഓർത്തില്ല... ലക്ഷ്യം മാത്രമായിരുന്നു തനിക്ക് മുൻപിൽ.. വാശിയോടെ പഠിക്കുമ്പോൾ.. ഇടയ്ക്കിടെ മിഥില പിള്ളയെ ഓർത്തു.. അവളുടെ വാക്കുകൾ ഓർത്തു... " തോൽക്കരുത്... പതറരുത്... ജയിച്ച് കാണിക്കണം.. ജീവിത വിജയം നേടി പ്രതികാരം ചെയ്യണം"... 


പ്രതാപ് ജി യുടെ നിർദ്ദേശമായിരുന്നു സിവിൽ സർവ്വീസ് എഴുതാൻ…. ഒന്നിലും താൻ പരാജയപ്പെട്ടില്ല. ബംഗാൾ കെയ്ഡറിൽ നിന്നും റാങ്കോടെ സിവിൽ സർവ്വീസ് പാസ്സായി.. ഐ.എ. സ് പദവിയുടെ നിറവിൽ നിൽക്കുമ്പോൾ... തനിക്ക് നഷ്ടപ്പെടാനൊന്നുമില്ലായിരുന്നു... നേട്ടങ്ങൾ മാത്രം... വഴീ തങ്ക എന്ന അഭിസാരികയുടെ മകൻ കൊയ്തെടുത്ത വിജയങ്ങൾ...


സോനാഗച്ചിയിൽ സബ് കളക്ടറായും.. പിന്നെ കളക്ടറായും ചുമതലയേറ്റെടുക്കുമ്പോൾ... മനസ്സിൽ നേരത്തെ കുറിച്ച് വച്ച ചില പദ്ധതികളുടെ നടത്തിപ്പിനായിരുന്നു ആദ്യം ഊന്നൽ കൊടുത്തത്... സോനാഗച്ചിയെ പുനരുദ്ധരിക്കുക... ലൈംഗീക തൊഴിലാളികളുടെ കുട്ടികളെ പുനരധിവസിപ്പിക്കുക... തൊഴിൽ വിട്ട് പോരാൻ ആഗ്രഹിക്കുന്നവരെ സഹായിക്കാനുള്ള പദ്ധതികൾക്ക് മുൻതൂക്കം കൊടുക്കുക... സോനഗച്ചിയുടെ തെരുവുകളെയും.. അവരുടെ അടിസ്ഥാന സൗകര്യങ്ങളുടയും കാര്യത്തിൽ ശ്രദ്ധ പതിപ്പിക്കുക... അവരെ ചൂഷണങ്ങളിൽ നിന്ന് മുക്തരാക്കുക.. അവരുടെ ആരോഗ്യ സംരക്ഷണം ഉറപ്പ് വരത്തുക...


ഇരുപത്തിനാലു മണിക്കൂറും... ഉണർന്നിരിക്കുന്ന ഏഷ്യയിലെ ചുവന്ന തെരുവാണത്... ലൈംഗീകതയെ പണത്തിന് വിൽക്കാൻ ഇൻഡ്യയുടെ നിയമം അനുവദിക്കുന്നില്ലെങ്കിലും,  മുപ്പത് ലക്ഷത്തോളം ലൈംഗീക തൊഴിലാളികൾ ഒളിഞ്ഞും തെളിഞ്ഞും ശരീരം വിൽക്കുന്നു.. അനേകം ചൂഷണങ്ങൾക്ക് വിധേയരായി... ബംഗ്ലാദേശിൽ നിന്നും, നേപ്പാളിൽ നിന്നും, ഇൻഡ്യയുടെ വിവിധയിടങ്ങളിൽ നിന്നും സോനാഗച്ചിയിലേക്ക് പെൺകുട്ടികൾ എത്തിച്ചേരുന്നു. ദാരിദ്യര്യവും... ചതിയും... തട്ടിക്കൊണ്ട് പോകലുമെല്ലാം സോനാഗച്ചിയെ സ്ത്രീ സമ്പുഷ്ടമാക്കാൻ മാഫിയകൾ ഉപയോഗിക്കുന്നു. ദിവസവും കോടിക്കണക്കിന് രൂപയാണ് ലൈംഗീക തൊഴിൽ മേഖലയിൽ ക്രയവിക്രയം ചെയ്യപ്പെടുന്നത്.


മണിക്കൂറിന് പതിനായിരങ്ങൾ ഈടാക്കുന്ന .. വി. ഐ.പി കൾക്ക് വേണ്ടിയുള്ള ' കാറ്റഗറി എ' വേശ്യാലയങ്ങൾ മുതൽ.. മണിക്കൂറിന് ആയിരവും ആയിരത്തിയഞ്ഞൂറും ഈടാക്കുന്ന  

'കാറ്റഗറി ബി.' യും... അതിൽ താണ നിലവാരത്തിലുള്ള 'കാറ്റഗറി സി' യും ഒക്കെ ഒരേ കൂരയ്ക്ക് കീഴെ പ്രവർത്തിക്കുന്നു. തെരുവുകൾ ഭരിക്കുന്ന ഗുണ്ടകൾ... മാസാമാസം... ശരീരം വിറ്റ് കിട്ടുന്ന തുകയുടെ പങ്ക് കൃത്യമായി പറ്റുന്ന ബംഗാൾ രാഷ്ട്രീയക്കാരും.. ഉദ്യോഗസ്ഥരും.. സോനാഗച്ചിയെ അതേ പോലെ തന്നെ നിലനിർത്തുന്നു. അവിടെ നടക്കുന്ന അനീതികൾക്കെതിരെ ആരും ശബ്ദം ഉയർത്താറില്ല. രാഷ്ട്രീയ സ്വാധീനമുള്ള ഗുണ്ടകളാൽ വലയം ചെയ്യപ്പെട്ടട്ടുള്ള സോനാഗച്ചിയിലെ സ്വാതന്ത്ര്യ  രാഹിത്യത്തിന്റെ ഇരുളുകളിലേക്ക് കടന്ന് ചെന്ന് സ്ത്രീകൾക്ക് വേണ്ടി വാദിക്കാനും ആരും ധൈര്യപ്പെടാറില്ല.


ഒരു വേശ്യയുടെ മകനായതുകൊണ്ടോ... ഐ.എ.എസ്. എന്ന മൂന്നക്ഷരത്തിന്റെ പിൻബലം കൊണ്ടോ... സമൂഹത്തിൽ ഒരു ലൈംഗീക തൊഴിലാളിയുടെ മക്കൾ നേരിടേണ്ടി വരുന്ന ക്രൂരമായ അവഗണനകളുടെ അനുഭവം കൊണ്ടോ... അതിലുപരി പണത്തിന് വേണ്ടി സ്ത്രീ ശരീരം വിൽപ്പനയ്ക്കു വയ്ക്കേണ്ടിവരുന്ന പ്രവണതക്ക് നേരെയുള്ള രോക്ഷം കൊണ്ടോ... അറിയില്ല... തന്റെ യുവരക്തം തിളച്ചത്... അവരിൽ ഓരോരുത്തരിലും താൻ തന്റെ അമ്മയെ കണ്ടു..  ആ തൊഴിലിൽ എത്തിച്ചേരാൻ ഓരോരുത്തർക്കും ഉണ്ടായ സാഹചര്യവും പലതാകാം.. അറിയില്ല.... 


തന്റെ അമ്മ എങ്ങിനെയാണ് ഇങ്ങനെയായത്.... ആരായിരുന്നു തന്റെ അമ്മ?... അമ്മയ്ക്കു ആരുമില്ലായിരുന്നോ?... അമ്മയുടെ പശ്ചാത്തലം എന്തായിരുന്നിരിക്കണം?


ഐ.എ.എസ്. കിട്ടിയതിനുശേഷം... താൻ ആദ്യമായി അമ്മയെ അന്വേഷിക്കണമെന്ന് തോന്നി... കാണാൻ ആഗ്രഹിച്ചു... ഒന്നുരണ്ടു കത്തുകൾ അയച്ചു ഒന്നിനും മറുപടി വന്നില്ല.... അമ്മയ്ക്ക് എന്തെങ്കിലും സംഭവിച്ചിരിക്കുമോ?... താൻ ഓടി പോയതിനു ശേഷം അമ്മയുടെ സ്ഥിതി എന്തായിരുന്നിരിക്കും.


അങ്ങിനെയാണ്... കരുണൻ മാഷിന് കത്തെഴുതുന്നത്... വൈരാണിപ്പാടത്തെ തന്റെ ഏക അഭ്യുദയ കാംക്ഷി... വായനശാല നടത്തിപ്പുകാരൻ... നീണ്ട വർഷങ്ങൾക്ക് ശേഷമാണ് കരുണൻ മാഷിന് കത്തെഴുതുന്നത്... ഇതുവരെയും താൻ എവിടെയാണെന്ന് ആർക്കും അറിയില്ല.... ദീർഘ വർഷത്തെ അജ്‌ഞാതവാസം.... ഒളിഞ്ഞിരുന്നു താൻ രചിച്ച വിജയഗാഥകൾ....


കരുണൻ മാഷിന്റെ മറുപടി വന്നു. താൻ ജീവിച്ചിരിക്കുന്നുവെന്നും, തന്റെ അമ്പരിപ്പിക്കുന്ന വിജയങ്ങളും... വിശ്വസിക്കാൻ പറ്റുന്നില്ലെന്നും... ഹ്രദയത്തിന്റെ ഭാഷയിലുള്ള അദ്ദേഹത്തിന്റെ വാക്കുകൾ.


അമ്മയെ പറ്റി.. എഴുതിയ വാക്കുകൾ കണ്ണുനീരോടെയാണ് വായിച്ച് തീർത്തത്... തന്റെ തിരോധാനം അമ്മയെ തളർത്തി.. തന്നെത്തേടി ഒരു പാടിടങ്ങളിൽ അമ്മ അലഞ്ഞു.. പോലീസിൽ പരാതിപ്പെട്ടു..... ഒരു തെരുവ് വേശ്യയുടെ പരാതിക്ക് എന്ത് വില... ഒരു വർഷത്തോളം അമ്മ തന്നെ തേടി നടന്നത്രേ... ഒടുവിൽ  ഒരു നാൾ വീട്ടിൽ നിന്നും പോയ അമ്മ പിന്നെ വൈരാണിപ്പാടത്ത് തിരികെയെത്തിയില്ല... പിന്നെ ആരും അമ്മയെ അവിടെങ്ങും കണ്ടിട്ടില്ല.

കരുണൻ മാഷ് വീണ്ടും അമ്മയെക്കുറിച്ച് എഴുതിയിരുന്നു..

" നന്ദൂ... ഞാൻ പണ്ടൊരിക്കൽ നിന്നോട് പറഞ്ഞിരുന്നില്ലേ... നിനക്ക് മനസ്സിലാക്കാനുള്ള പ്രായവും പക്വതയുമാകുമ്പോൾ നീ നിന്റെ അമ്മയെ കുറിച്ചറിയണമെന്ന്... കേട്ടോളൂ.... വഴീ തങ്ക എന്നു ആളുകൾ വിളിക്കുന്ന വേശ്യാവൃത്തി ചെയ്തിരുന്ന നിന്റെ അമ്മയെക്കുറിച്ച്... എന്റെ അമ്മയുടെ നാടായ തെക്കൻ തിരുവിതാംകൂറിലെ ഒരു സ്ഥലത്ത് തന്നെയായിരുന്നു തങ്കവും ജനിച്ചു വളർന്നത്. ജന്മിത്വമുള്ള ഒരു തറവാട്ടിലായിരുന്നു തങ്കം ജനിച്ചു വളർന്നത്... അവളുടെ ചെറുപ്രായത്തിൽ... ഒരു തോണി അപകടത്തിൽപ്പെട്ട് അവളുടെ അച്ഛനും അമ്മയും നഷ്ടപ്പെട്ടു.. പിന്നീട് അവളുടെ അമ്മയുടെ വീട്ടുകാരാണ് അവളെ വളർത്തിയത്..

 തങ്കം ബാല്യത്തിലെ സുന്ദരിയായിരുന്നു... പന്ത്രണ്ട് വയസ്സിൽ അവൾ സ്വന്തം അമ്മാവനാൽ നശിപ്പിക്കപ്പെട്ടു ക്കൊണ്ടിരുന്നു.... പിന്നീട് അമ്മാവന്റെ മക്കളും..... ബന്ധുക്കളും... ചാർച്ചക്കാരുമെല്ലാം ആ സാധു പെൺക്കുട്ടിയെ പിച്ചിച്ചീന്തിക്കൊണ്ടിരുന്നു. വഴങ്ങിക്കൊടുക്കാനല്ലാതെ എതിർക്കാൻ അവൾക്ക് ശക്തിയില്ലായിരുന്നു. പതിനെട്ടാമത്തെ വയസ്സിൽ അവൾ ഗർഭിണിയായി.. അവിഹിത ഗർഭത്തിന്റെ പേരും പറഞ്ഞ് അവർ അവളെ വീട്ടിൽ നിന്നും ഇറക്കി വിട്ടു... അവളുടെ സ്വത്തുക്കൾ എല്ലാം അവർ അപഹരിച്ചെടുക്കയുണ്ടായി... നിരാലംബയും ഗർഭിണിയും യൗവ്വനയുക്തയും സുന്ദരിയുമായിരുന്ന അവളെ സമൂഹം വെറുതെവിട്ടില്ല... റെസ്ക്യൂ ഹോമിൽ കിടന്നാണ് അവൾ നിന്നെ പ്രസവിക്കുന്നത്... നിന്നെയുമായി തെരുവിലേക്കിറങ്ങിയ അവളുടെ മേനി ക്കൊഴുപ്പിന് ജനം വില പേശിയെടുത്തു... കൂട്ടിക്കൊടുപ്പുകാർ... അവളുടെ ചുറ്റും വട്ടമിട്ടു പറന്നു... അങ്ങിനെ എവിടെയൊക്കയൊ നിന്നെയുമായി ചുറ്റിത്തിരിഞ്ഞാണ് വൈരാണിപ്പാടത്ത് എത്തുന്നത്... പുറമ്പോക്കിൽ ഏതോ ഒരു 'രാഷ്ട്രീയ മാന്യൻ' അനുവദിച്ചു കൊടുത്തതായിരുന്നു ആ കുടിൽ..

അങ്ങിനെയാണ് നിന്റെ അമ്മ വഴീ തങ്കയാകുന്നത്.. മോനെ നീ അവളെ ശപിക്കരുത്... സ്നേഹിച്ചില്ലെങ്കിലും മനസ്സുകൊണ്ട് അവളെ വെറുക്കരുത്".... കരുണൻ മാഷിന്റെ എഴുത്ത് വായിച്ച് അവസാനിപ്പിക്കുമ്പോൾ കണ്ണുനീർ വീണ് ആ കത്തിൽ മുഴുവൻ മഷിപടർന്നിരുന്നു


തന്റെ അമ്മ... ഒരു തെരുവ് വേശ്യയായ കഥ കേട്ട തന്റെ ഉള്ളം നൊന്തു പിടഞ്ഞിരുന്നു... ബാല്യത്തിലെ പിച്ചിച്ചീന്തപ്പെട്ട ആ ശരീരത്തിൽ...  ആരുടെയോ വിഷവിത്ത് വീണ് മുള പൊട്ടിയതല്ലേ താൻ?... അറിയാതെ തനിക്ക് പിതൃത്വമേകിയ അയാൾ ആരായിരിക്കും?.. അമ്മ അത് അറിഞ്ഞിരുന്നോ?... ഒരു പടുമുളയായ തന്നെ അമ്മ എത്രമാത്രം സ്നേഹിച്ചിരുന്നു. പക്ഷേ താൻ?... ഒരിക്കലും അമ്മയെ സ്നേഹിച്ചിരുന്നില്ല... അറപ്പായിരുന്നില്ലേ?..


അന്നുമുതൽ താൻ അമ്മയെ തേടിക്കൊണ്ടിരുന്നു... തന്റെ കഴിവ് ഉപയോഗിച്ച് കേരളത്തിലുടനീളം അന്വേഷിപിച്ചു... വ്യഭിചാര കേന്ദ്രങ്ങളിലും... റിഹാബിലിറ്റേഷൻ സെന്റെറുകളിലും ഒക്കെ അന്വേഷിച്ചു, എങ്ങും കണ്ടെത്താനായില്ല. താൻ നഷ്ടപ്പെട്ട വ്യഥയിൽ ജീവൻ ഒടുക്കിയിരിക്കാം... നഷ്ടബോധത്തിന്റെ നെരിപ്പോടിൽ താൻ വീണെരിഞ്ഞിരുന്നു.


പന്ത്രണ്ട് വർഷങ്ങൾ... കളക്ടർ പദവിയിൽ കൽക്കട്ടയിൽ... ഒരു പാട് മാറ്റങ്ങൾ വരുത്താനായി.. ശക്തമായ എതിർപ്പുകൾ നേരിട്ടു... എൻകൗണ്ടറുകൾ ഉണ്ടായി... രാഷ്ട്രീയക്കാരുടെ സമ്മർദ്ദങ്ങൾ അതിജീവിച്ച്... ചുവന്ന തെരുവുകളിൽ മാറ്റത്തിന്റെ കൊടുങ്കാറ്റ് അഴിച്ചു വിട്ടു... അന്താരാഷ്ട്ര മാധ്യമങ്ങളിൽ പോലും തന്റെ അഭിമുഖങ്ങൾ തുടർക്കഥയായി... തന്റെ ജീവിതത്തിന്റെ പച്ചയായ അനുഭവങ്ങൾ... സെൻസർ ചെയ്യാതെ താൻ തുറന്നു പറഞ്ഞു. 


പക്ഷേ.... അമ്മ ഒരു തീരാ നൊമ്പരമായി ബാക്കി നിന്നു.


അനന്തരാമന്റെ നോവൽ പൂർണ്ണമാകാനുണ്ട്... ഇനിയും ഒരു ക്ലൈമാക്സിനുള്ള ഇടം ബാക്കി നിർത്തിയിരിക്കുന്നു.


ഇന്ന് അദ്ദേഹം ഡൽഹി ഓഫീസിൽ ജോയിൻ ചെയ്യുകയാണ്... പേഴ്സണൽ സെക്രട്ടറി എന്ന നിലയിൽ അദ്ദേഹത്തിന്റെ ഇവിടുത്തെ പ്രവൃത്തനങ്ങളുടെ പൂർണ്ണ ഉത്തരവാദിത്വവും തനിക്കാണ്... പതിവിലും നേരത്തെ തന്നെ ഓഫീസിലെത്തി... പ്രീയ നന്ദയും എത്താമെന്ന് പറഞ്ഞിട്ടുണ്ട്.


കടുംനീല സ്യൂട്ടിൽ... വെളുത്ത് മെലിഞ്ഞ് ഉയരമുള്ള... ഗാംഭീര്യമുള്ള മുഖത്ത് കറുത്ത ഫ്രെയിമിട്ട കണ്ണട ധരിച്ച് ചുണ്ടിൽ വിടർന്ന ചിരിയോടെ അദ്ദേഹം കടന്നുവന്നു ക്യാബിനുള്ളിൽ ഇരുന്നു... ഡോറിനു മുകളിൽ നേരത്തെ തന്നെ നെയിം ബോർഡ് വച്ചിരുന്നു. അനന്തരാമൻ IAS... Chairman of the Central Board of Social Welfare.


 വളരെ സൗഹ്രദം നിറഞ്ഞ അദ്ദേഹത്തിന്റെ പെരുമാറ്റം , കുറച്ചു ദിവസങ്ങൾക്കൊണ്ടു തന്നെ സഹ പ്രവൃത്തകരുടെ സ്നേഹാദരങ്ങൾ പിടിച്ചുപറ്റി. പ്രീയനന്ദ ഇതിനോടകം അദ്ദേഹവുമായി വളരെ അടുപ്പം സ്ഥാപിച്ചിരുന്നു. അപ്പോയിന്റ്മെന്റ് എടുക്കാതെ അദ്ദേഹത്തിന്റെ അടുത്ത് വരുവാനുള്ളത്ര സ്വാതന്ത്ര്യം അവൾ നേടി... അവളുടെ സംഘടനായ ' ജ്വാല'യുടെ പ്രവർത്തനങ്ങൾക്ക് അദ്ദേഹം മുഴുവൻ സപ്പോർട്ടും വാഗ്ദാനം ചെയ്തിരുന്നു.


മൂന്ന് മാസങ്ങൾ കഴിഞ്ഞു... ഡൽഹിയിലിരുന്നു കൊണ്ട് എല്ലാ സംസ്ഥാനങ്ങളിലെയും സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളെ അദ്ദേഹം ഏകോപിപ്പിച്ചു. സ്ത്രീകളുടെയും.. കുട്ടികളുടെയും.. അശരണരുടെയും... ലൈംഗീക തൊഴിലാളികളുടെയും.. അവരുടെ മക്കളുടെയും.. ട്രാൻസ് ജെൻഡറുകളുടെയും തുടങ്ങി എല്ലാ മേഖലകളും അദ്ദേഹം പരിശോധിച്ചു നടപടികൾ ശക്തിപ്പെടുത്തി. സെക്സ് വർക്കേഴ്സിന്റെ കുട്ടികളുടെ പുനരധിവാസ പദ്ധതികളിൽ പ്രത്യേകം ശ്രദ്ധിച്ചു.


പൂനയിൽ വച്ച് നടത്തപ്പെടുന്ന ' ജ്വാല' യുടെ ചില മീറ്റിംഗുകൾക്കായി.. മൂന്ന് ദിവസത്തെ ടൂർ പ്രോഗ്രാം കൃമീകരിച്ച് അദ്ദേഹം പൂനയിലേക്ക് തിരിച്ചു. കൂടെ ഞാനും, പ്രീയനന്ദയും ഉണ്ടായിരുന്നു.


ബുധ്വാർ പേട്ടിലുള്ള റിഹാബിലിറ്റേഷൻ സെന്ററിന്റെ കോമ്പൗണ്ടിലായിരുന്നു സമ്മേളനങ്ങൾ.. വേശ്യാവൃത്തി ഉപേക്ഷിച്ച്... പുനരധിവസിക്കപ്പെട്ട വളരെയധികം ആലംബഹീനരായ സ്ത്രീകളെ ' ജ്വാല' സംരക്ഷിച്ചിരുന്നു. രണ്ടാമത്തെ പകൽ മീറ്റിംങ്ങ് നടക്കുകയാണ്.. ഇൻഡ്യയുടെ വിവിധ സ്ഥലങ്ങളിൽ നിന്നുമുള്ള ഡെലിഗേറ്റ്സുകൾ എത്തിയിട്ടുണ്ട്... രാവിലത്തെ സെഷൻ അവസാനിച്ചു ലഞ്ചിന് പിരിഞ്ഞപ്പോഴാണ് പ്രീയ നന്ദാ പറയുന്നത് അവിടുത്തെ ഒരു അന്തേവാസി സ്ത്രീ മരിച്ചു... അൽപ്പം മുൻപ്... കുറച്ചു ദിവസങ്ങളായി കിടപ്പിലായിരുന്നത്രേ.


അനന്തരാമൻ സാറും, ഞാനും, നന്ദയും, മറ്റൊരാളും കൂടി മരിച്ച സ്ത്രീയെ കാണാൻ അടുത്തുള്ള താമസ സ്ഥലത്തേക്ക് പോയി.... സ്ഥാപനത്തിന്റെ ചാർജുള്ള മഹാരാഷ്ട്രക്കാരിയായ മറ്റൊരു സ്ത്രീയും ഉണ്ടായിരുന്നു.


മൃതദേഹം കിടത്തിയിരിക്കുന്ന ഹാളിലെത്തി... വെള്ള വിരിച്ച കട്ടിലിൽ... വെളുത്ത തുണി പുതച്ച്.. കുലീനത തോന്നിക്കുന്ന ഐശ്വര്യമുള്ള മുഖം... കൈയ്യിൽ കരുതിയിരുന്ന റോസാ പുഷ്പങ്ങൾ അർപ്പിച്ചു. അനന്തരാമൻ സാർ ഒന്നുകൂടി കട്ടിലിനോട് അടുത്ത് നിന്നു... കുനിഞ്ഞ് ആ മുഖത്തേക്ക് ഉറ്റുനോക്കുന്നു... മെല്ലെ അദ്ദേഹത്തിന്റെ കരം ചലിച്ചു... എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് കട്ടിലിനോട് ചേർന്ന് മുട്ടുകുത്തി... ആ ചുണ്ടുകൾ വിറയാർന്ന ശബ്ദത്തിൽ ചലിച്ചു... " അമ്മേ.... ആ കണ്ണുകൾ നിറഞ്ഞൊഴുകുകയാണ്... അദ്ദേഹം ചുറ്റും നിന്നവരെ നോക്കി... " എന്റെ അമ്മ... എന്റെ അമ്മ... കൈകൾ ഉയർത്തി... അമ്മയുടെ മുഖം തലോടി... മുഖം ഉയർത്തി അമ്മയെ ചുംബിച്ചു... ഒരു കൊച്ചു കുഞ്ഞിനെപ്പോലെ അദ്ദേഹം വാവിട്ടു കരയുന്നു... എനിക്കും..നന്ദയ്ക്കു മൊഴികെ ആർക്കും ഒന്നും മനസ്സിലായില്ല.


ആ നിശ്ചലമായ ശരീരത്തിൽ മുഖം ചേർത്ത് വച്ച് അദ്ദേഹം ആ ഇരുപ്പ് വളരെ നേരം ഇരുന്നു...


നന്ദ മെല്ലെ മുന്നോട്ട് ചെന്ന് അദ്ദേഹത്തിന്റെ തോളിൽ മെല്ലെ തട്ടി ആശ്വസിപ്പിച്ചു... അദ്ദേഹത്തെ പതുക്കെ എഴുന്നേൽപ്പിച്ചു... " നന്ദാ... എന്റെ അമ്മ... ഞാൻ തേടി നടന്ന എന്റെ അമ്മ... ഞാൻ ഉപേക്ഷിച്ച് കളഞ്ഞ എന്റെ അമ്മ... കണ്ടോ... ഇതാണ് വഴീ തങ്ക...


" മരിച്ചു കിടക്കുന്ന എന്റെ അമ്മയുടെ മുഖത്തിന്റെ ശോഭ കണ്ടോ?... കവിളിലെ ആ വിടർന്ന നുണക്കുഴികൾ കണ്ടോ.. ജീവിച്ചിരുന്നപ്പോഴുള്ള സൗന്ദര്യത്തിന്റെ ഇരട്ടിയാണിപ്പോൾ അമ്മയുടെ സൗന്ദര്യം...


ഒടുവിൽ... സ്വന്തം മകന്റെ കൈ കൊണ്ട് ശേഷക്രീയകൾ സ്വീകരിച്ച ആശ്വാസത്തോടെ ആ അമ്മ... വൈരാണിപ്പാടത്തുകാർ വിളിച്ചിരുന്ന വഴി തങ്കയെ അഗ്നിക്ക് സമർപ്പിച്ചു.... പഞ്ചഭൂതങ്ങളിൽ ലയിച്ചു...


അഞ്ചു വർഷമായിരുന്നു ഇവർ ഇവിടെ എത്തിയിട്ട്…... മകനെ നഷ്ടപ്പെട്ടതടക്കം.. ജീവിതത്തിന്റെ നാരകീയത മുഴുവനും അവർ പറഞ്ഞിരുന്നു. " എന്തായാലും.. സാർ വന്നല്ലോ... അമ്മയുടെ ആത്മാവ് ആശ്വസിക്കുന്നുണ്ട്... സാറിനെ ഓർത്ത് അഭിമാനം കൊള്ളുന്നുണ്ട്... സ്ഥാപനത്തിന്റെ ചുമതലക്കാരിയുടെ വാക്കുകൾ.... അദ്ദേഹത്തെ തെല്ല് ആശ്വസിപ്പിച്ചിരിക്കണം.


മടക്ക യാത്രയിൽ... " ദി അൺ ഹീൽഡ് വൂൺഡ് എന്ന നോവലിന്റെ ക്ലൈമാക്സ് എഴുതി ചേർക്കപ്പെട്ടു.



                               സജി ജോസഫ്